2018-ൽ 'ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേണിനിടെ' ഇസ്രയേൽ അതിർത്തിയിൽ ഫലസ്തീൻ യുവാക്കൾ നടത്തിയ ദബ്‌കെ നൃത്തം. / Photo: Ibrahim Abu Naja via twittter.

ലോകം പലസ്തീനികളെ വിളിച്ചു, രാജ്യമില്ലാത്തവർ...

പലസ്​തീനിൽ നിന്നുള്ള കോവിഡ് കാല വാർത്ത ഗാസയിലെ മനുഷ്യർക്ക് എക്​സ്​പയറി ഡേറ്റ് കഴിഞ്ഞ കോവിഡ് വാക്‌സിൻ നൽകാൻ ഇസ്രാ​യേൽ ‘കരുണ' കാണിച്ചതാണ്. സത്യത്തിൽ ലോകം മുഴുവൻ ഇതേ നിലയിലാണ് പലസ്​തീനികളോട് പെരുമാറുന്നത് എന്നതാണ് വാസ്​തവം- പലസ്​തീൻ സാഹിത്യം, കല, സംഗീതം, സിനിമ എന്നീ മേഖലകളിലൂടെ ലോകത്തെ ഏറ്റവും അനുതാപാർഹമായ ആ ജീവിതം രേഖപ്പെടുത്തപ്പെടുന്നു.

‘പാസ്‌പോർട്ട് ഭദ്രമായി സൂക്ഷിച്ചിട്ടില്ലേ' ‘അത് പോക്കറ്റിലുണ്ട് ഉപ്പാ' ‘ഒരിക്കൽ കൂടി നോക്കൂ' ‘പോക്കറ്റിൽ ഭദ്രമാണ്. നൂറുവട്ടം ഉറപ്പ്' ‘തമാശ പറയല്ലേ... പിരിമുറക്കം കൂട്ടി എന്നെ കൊല്ലല്ലേ....' ‘ഇതാ പാസ്‌പോർട്ട്. വിമാനത്താവളത്തിലേക്കുള്ള സൈന്യത്തിന്റെ പെർമിറ്റും ഇതോടൊപ്പമുണ്ട്. ഗാസയിൽ സഞ്ചരിക്കാനുള്ള പെർമിറ്റിതാ. ഇറെറ്റ്‌സ് ചെക്ക് പോയന്റിലൂടെ ഇസ്രായിലേക്ക് കടക്കാനുള്ള കാർഡും പോക്കറ്റിലുണ്ട്.' ‘വിമാനം കാത്തിരിക്കാനുള്ള എട്ടു മണിക്കൂറിന്റെ പെർമിറ്റ് എവിടെ?' ‘അതുമുണ്ട്. ഇറെറ്റ്‌സ് ചെക്ക് പോയിന്റിലേക്കുള്ള കാർഡിന് സമാനമാണത്. ബേജാറാവേണ്ട ഉപ്പാ. എല്ലാം ഞാൻ എടുത്തുവെച്ചിട്ടുണ്ട്'.(ഗാസ പറഞ്ഞു തീരാത്ത കഥകൾ/റംസി ബാറൂദ് / വിവ: പി.കെ. നിയാസ്)

ണ്ടാം ‘ഇൻതിഫാദ'യുടെ ചരിത്രകാരനാണ് റംസി ബാറൂദ്.
എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമാണ്. അദ്ദേഹത്തിന്റെ ആത്മകഥയാണ് ‘മൈ ഫാദർ വാസ് എ ഫ്രീഡം ഫൈറ്റർ: ഗാസാസ് അൺ ടോൾഡ് സ്റ്റോറി'. ഈ പുസ്തകത്തിന്റെ മലയാളം പരിഭാഷയിൽ നിന്നുള്ളതാണ് മുകളിൽ ഉദ്ധരിച്ച ഭാഗം. ഗാസയിലെ അഭയാർഥി ക്യാമ്പിൽ കഴിയുന്ന പിതാവ് അമേരിക്കയിലേക്ക് യാത്ര പുറപ്പെടുന്ന ഗ്രന്ഥകാരനോട് സംസാരിക്കുന്ന ഭാഗമാണത്. ഈ വരികളിലൂടെ കടന്നു പോയാൽ മാത്രം മതി എങ്ങിനെയാണ് ഒരു പലസ്തീനി ഗാസയിലോ വെസ്റ്റ് ബാങ്കിലോ കഴിയുന്നത് എന്ന് മനസ്സിലാക്കാൻ. കുറച്ചു കിലോമീറ്ററുകൾ കടന്നു പോകാൻ എത്ര പെർമിറ്റുകൾ വേണമെന്ന് ഈ കുറഞ്ഞ വാക്കുകൾ വ്യക്തമാക്കുന്നു. അതുപോലെ, പ്രതിദിനം അവർ എത്ര ചെക്ക് പോയിന്റുകളിൽ തടയപ്പെടുമെന്നും ഇതിൽ നിന്ന്​ എളുപ്പം മനസ്സിലാക്കാം. പലസ്തീ​ൻ സാഹിത്യത്തെക്കുറിച്ചാലോചിക്കുമ്പോൾ ആ ജനതയുടെ എഴുത്തിൽ ആത്മകഥകൾ എന്തു മാത്രം പ്രധാനപ്പെട്ടതാണെന്ന് റംസിയും പിതാവും തമ്മിലുള്ള സംഭാഷണശകലത്തിൽ നിന്ന്​ മനസ്സിലാക്കാം. അതുകൊണ്ടുതന്നെ ആത്മകഥകളും ഓർമക്കുറിപ്പുകളും പലസ്തീൻ സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശാഖയാണ്.

1948-ൽ പലസ്​തീൻ മണ്ണിൽ ഇസ്രായിൽ സ്ഥാപിക്കപ്പെട്ടപ്പോൾ ഇസ്രായിൽ പ്രഥമ പ്രധാനമന്ത്രി ഡേവിഡ് ബെൻഗൂറിയൻ പറഞ്ഞു: ഒരൊറ്റ അഭയാർഥിയും തിരിച്ചുവരില്ല. വയസ്സൻമാർ മരിക്കും, ചെറുപ്പക്കാർ മറന്നേക്കും, എന്നാൽ വയസ്സൻമാരും ചെറുപ്പക്കാരും തങ്ങളുടെ ഓർമകളെ മരണത്തിനും മറവിക്കും വിട്ടുകൊടുത്തില്ല. അതവരുടെ സാഹിത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായി മാറുകയും ചെയ്തു. പലസ്തീൻ എഴുത്തുകാരൻ യൂസഫ് കാൻഫർ പറഞ്ഞു: കലയും സാഹിത്യവും പലസ്തീനിലെ മനുഷ്യരുടെ ജീവന് രക്ഷയാകുമോ? ഇല്ല, പക്ഷെ ആത്മാവിന് രക്ഷയായി മാറും.

ഇന്ന് പലസ്തീൻ സാഹിത്യത്തെ സമീപിക്കുന്ന ഒരാൾക്ക് ലഭിക്കുന്ന വേദനാജനകമെങ്കിലും യാഥാർഥ്യബോധത്തോടെയുള്ള പ്രതികരണമാണ് കാൻഫർ ഈ പ്രസ്​താവനയിലൂടെ പങ്കുവെക്കുന്നത്.
യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ നാടിനുപുറത്തായിപ്പോകുന്നവർ തിരികെ വരാനുള്ള അനുമതിക്കായി സകല വഴിക്കും ശ്രമിക്കും. പലസ്തീനിലുള്ള ബന്ധുക്കൾ വഴിയും റെഡ്ക്രോസ് വഴിയും എല്ലാം. എന്റെ സഹോദരൻ മജീദിനെപ്പോലെ ചിലർ അപകടകരമായി ഒളിച്ചുകടക്കാനും ധൈര്യപ്പെട്ടെന്നു വരും. നൂറുകണക്കിന് വൃദ്ധജനങ്ങളെയാണ് ഇസ്രായേൽ മടങ്ങാൻ അനുവദിക്കുന്നത്, നൂറുകണക്കിന് ചെറുപ്പക്കാരെ തടയുകയും ചെയ്യുന്നു.

ലോകം ഞങ്ങൾക്കൊരു പേരു തന്നു, അവർ ഞങ്ങളെ വിളിച്ചു നാസിഹീൻ, നാടില്ലാത്തവർ. നാടുമാറ്റപ്പെടുന്നത് മരണം പോലെയാണ്.​(പലസ്​തീൻ കവി മുരീദ് ബർഗൂതിയുടെ ആത്മകഥയായ ‘റാമല്ല ഞാൻ കണ്ടു'വിൽ നിന്ന്/വിവർത്തനം: അനിത തമ്പി).

വിഖ്യാത ചിന്തകനും പലസ്​തീൻ പ്രവാസിയുമായിരുന്ന എഡ്വേഡ് സൈദിന്റെ ആത്മകഥ ‘ഔട്ട് ഓഫ് പ്ലെയിസി'ൽ അദ്ദേഹം എഴുതുന്നു: ഓരോ കുടുംബവും തങ്ങളുടെ മാതാപിതാക്കളെയും മക്കളെയും കണ്ടെത്തുന്നു. പിന്നീട് കഥകൾ പങ്കുവെക്കുന്നു. അതിലൂടെ കഥാപാത്ര-സ്വഭാവ രൂപീകരണം നടത്തുന്നു, സ്വന്തം ഭാഷയുണ്ടാക്കുന്നു.

പലസ്​തീനി എഴുത്തുകാരികളുടെ ആത്മകഥകളും ഓർമക്കുറിപ്പുകളും ഈ ശാഖയിൽ മുൻനിരയിലുണ്ട്. അതിൽ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ രണ്ട് പുസ്തകകങ്ങൾ സാക്ഷാൽകരിച്ചത്​ ഗദ കാർമിയാണ്. ഇൻ സെർച്ച് ഓഫ് ഫാത്തിമ, റിട്ടേൺ എന്നിവയാണ് ആ പുസ്തകങ്ങൾ. ഇസ്രായേൽ സ്ഥാപിക്കപ്പെട്ടതിനു തൊട്ടുപിന്നാലെ 1948-ൽ പലസ്​തീൻ വിട്ടുപോകേണ്ടിവന്ന കുടുംബത്തിലെ അംഗമാണ് ഗദ കാർമി.

തങ്ങൾക്ക് വൈകാതെ മടങ്ങിവരാൻ കഴിയുമെന്ന പ്രതീക്ഷയിൽ വീട്​ ഫാത്തിമ എന്ന തങ്ങളുടെ വേലക്കാരിയെ ഏൽപ്പിച്ചാണ് കുടുംബം ലണ്ടനിലേക്ക് പോകുന്നത്. എന്നാൽ ഒരിക്കലും ഗദയുടെ കുടുംബത്തിന് മടങ്ങിവരാൻ കഴിഞ്ഞില്ല. ഇതിനിടെ യുവതിയായിക്കഴിഞ്ഞ ഗദ ഒരു ബ്രിട്ടീഷുകാരനെ വിവാഹം ചെയ്യുന്നു. അവർക്കിടയിൽ സാംസ്​കാരിക സംഘർഷം മുറുകുന്നു. 1967-ൽ അറബ്- ഇസ്രായേൽ യുദ്ധത്തിൽ ഇസ്രായേൽ വിജയിക്കുകയും ഗദയും ഭർത്താവും തമ്മിലുള്ള സാംസ്​കാരിക അകലം വർധിക്കുകയും ചെയ്തു. ഈയടുത്ത്​ ആ സന്ദർഭത്തെക്കുറിച്ച് അവർ ഇങ്ങനെ എഴുതി: ഇസ്രായേൽ യുദ്ധത്തിൽ വിജയിച്ചപ്പോൾ ഇംഗ്ലീഷുകാരായ സഹപ്രവർത്തകരും ഇംഗ്ലീഷുകാരനായ ഭർത്താവും അദ്ദേഹത്തിന്റെ കുടുംബവും പൂർണമായും ഇസ്രായേലിന്റെ ഭാഗത്തായി. ഞങ്ങൾ തമ്മിലുള്ള സാംസ്കാരിക സംഘർഷം പൂർത്തിയായി. ഞങ്ങൾ പിരിഞ്ഞു.

ഈ സംഭവങ്ങൾക്കെല്ലാം ശേഷം ടൂറിസ്റ്റ്​ വിസയിൽ തന്റെ നാട്ടിലേക്ക് യാത്ര ചെയ്യുന്ന അനുഭവമാണ് ഗദ കാർമി ഇൻ സെർച്ച് ഓഫ് ഫാത്തിമയിൽ പങ്കുവെക്കുന്നത്. ജനിച്ചുവളർന്ന വീട് (ഫാത്തിമയെ നോക്കാനേൽപ്പിച്ച വീട്) ഒരു ഇസ്രായേൽ കുടുംബം സ്വന്തമാക്കിയതും അവിടെയൊന്ന് കയറാൻ പോലും പറ്റാതെ മടങ്ങേണ്ടി വരുന്നതും ഗദ പുസ്തകത്തിൽ വിവരിക്കുന്നു.

പലസ്​തീൻ ആത്മ (അനുഭവ) കഥകളുടെ കൂട്ടത്തിൽ തീർത്തും വേറിട്ടുനിൽക്കുന്നതാണ് സുആദ് അമിരിയുടെ ‘ജീവനല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ല: മുറാദുമൊത്ത് 18 മണിക്കൂർ യാത്ര’ (Nothing to lose But your life: An 18 hour Journey with Murad). പലസ്​തീനിൽ നിന്ന് രേഖകളില്ലാതെ ഇസ്രായേൽ പ്രദേശങ്ങളിൽ വന്ന് ജോലിചെയ്ത്​ കൂലി വാങ്ങി മടങ്ങുന്ന പലസ്​തീൻ യുവാവ് മുറാദിനൊപ്പമുള്ള എഴുത്തുകാരി സുആദിന്റെ യാത്രയുടെ, ചോരയുറച്ചു പോകുന്ന യാത്രയുടെ അനുഭവമാണ് ഈ പുസ്​തകം പങ്കുവെക്കുന്നത്. ഇസ്രായേൽ സേനയുടെ വെടിയുണ്ടകൾക്കിടയിലൂടെ നിത്യജീവിതത്തിനുള്ള വക കണ്ടെത്താൻ മുറാദ് നിത്യമെന്നോണം നടത്തുന്ന യാത്ര എത്രയോ വർഷങ്ങളായി ഉപരോധിക്കപ്പെട്ട പലസ്​തീനിൽ കഴിയുന്ന സാധാരണ മനുഷ്യരുടെ ജീവിതം എവ്വിധത്തിലുള്ളതാണെന്ന് തുറന്നുകാണിക്കുന്നതാണ്. പലസ്​തീൻ മേഖലയിൽ തൊഴിലില്ലാതാകുന്നതിനാലാണ് ഇവർക്ക് ഇസ്രായിലിലേക്ക് പോകേണ്ടിവരുന്നത്. രേഖകളില്ലാതെ വരുന്നവരെക്കൊണ്ട്​ കുറഞ്ഞ കൂലിക്ക് പണിയെടുപ്പിക്കുന്ന ഇസ്രായേലി മാഫിയകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഈ പുസ്തകം വ്യകതമാക്കുന്നു.

ഇത്തരത്തിൽ പലസ്​തീൻ സാഹിത്യത്തിൽ ഇന്ന് ഏറ്റവും പ്രധാനമായി നിൽക്കുന്ന ശാഖയായി ആത്മകഥകൾ/അനുഭവകഥകൾ നിലനിൽക്കുന്നു. പലസ്​തീനിൽ നിന്ന്​ പുറത്തുപോകാൻ ശ്രമിക്കുന്നവരുടെ ജീവിതം, ജന്മനാട്​ സന്ദർശിക്കാൻ പ്രവാസികളായ പലസ്​തീനികളുടെ ശ്രമം, അവിടെത്തന്നെ കഴിയുമ്പോൾ അവർ എന്തൊക്കെ അനുഭവിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിശദീകരണങ്ങൾ, ഇസ്രായേൽ ആക്രമണങ്ങളാൽ നിത്യമെന്നോണം ചോരച്ചാലുകൾ നീന്തേണ്ടിവരുന്ന മനുഷ്യരുടെ സത്യവാങ്മൂലങ്ങൾ തുടങ്ങിയവ അവരുടെ ആത്മകഥനങ്ങളിൽ നിറഞ്ഞു. റബ്ബർ ബുള്ളറ്റുകൾ പോലും, മനുഷ്യരെ പ്രത്യേകിച്ച് കുട്ടികളെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേൽ ഉപയോഗിച്ചത്.

തിരിച്ചറിയൽ കാർഡുകളും ആയുധങ്ങളും ഉപയോഗിച്ച് ഇസ്രായേൽ പലസ്​തീനികളെ വിഭജിക്കുന്നു, പിന്നീട് ഇല്ലാതാക്കുന്നു.

‘റബ്ബർ ബുള്ളറ്റുകൾ പോലും മാരകമായ പരിക്കുകളാണുണ്ടാക്കിയിരുന്നത്. ഇസ്രായേലി സൈന്യം ഉപയോഗിച്ചിരുന്ന റബ്ബർ ബുള്ളറ്റുകൾ മൊത്തം 1.5 സെന്റിമീറ്റർ വലുപ്പത്തിൽ ലോഹക്കൂട്ടുകൾ കൊണ്ട് നിർമിച്ചതാണ്. ഇവ തലയോട്ടിയിൽ തുളച്ചുകയറിയാണ് ചില കുട്ടികൾ മരിച്ചത്. ഇവ പതിച്ച് മുഖം വികൃതമായവരും കണ്ണു നഷ്ടപ്പെട്ടവരുമുണ്ട്. (ഗാസ പറഞ്ഞുതീരാത്ത കഥകൾ, പേജ്- 188). റബ്ബർ ബുള്ളറ്റുകൾ മുതൽ രാസായുധങ്ങൾ വരെ ഇസ്രായേൽ പലസ്തീനി ജനതയ്ക്കുമേൽ പ്രയോഗിച്ചു. ഈ അനുഭവങ്ങൾ ഒരിക്കലുമുണങ്ങാത്ത മുറിവുകളായി പലസ്​തീൻ ബോധത്തിൽ വളർന്നുകൊണ്ടേയിരിക്കുന്നു. ഈ മുറിവുകളിൽ തുന്നിച്ചേർക്കുന്ന ഓർമകളാണ് ഓരോ പലസ്​തീനിയുടെ ആത്മകഥയും.

ഇസ്രയേലിന്റെ റബ്ബർ ബുള്ളറ്റ് ആക്രമണത്തിൽ വലതുകണ്ണിന് കാഴ്ച നഷ്ടപ്പെട്ട ഫലസതീൻ വിദ്യാർഥി ഇസ എൽ-ദിൻ നെദാൽ / Photo: twitter

തിരിച്ചറിയൽ കാർഡുകളും ആയുധങ്ങളും ഉപയോഗിച്ച് ഇസ്രായേൽ പലസ്തീനികളെ വിഭജിക്കുന്നു, പിന്നീട് ഇല്ലാതാക്കുന്നു. ജിദ്ദയിൽ ജോലി ചെയ്​തിരുന്ന കാലത്ത് എനിക്ക് ജാദ് അലി എന്നൊരു പലസ്​തീനി സുഹൃത്തുണ്ടായിരുന്നു. ഒരിക്കൽ ഞാൻ അദ്ദേഹത്തെ അഭിമുഖം നടത്തി. ജാദ് പറഞ്ഞു: ഗാസയിലുള്ളവരുടെ തിരിച്ചറിയൽ കാർഡ് ചുവപ്പും വെസ്റ്റ് ബാങ്കിലുള്ളവരുടേത് വെള്ളയുമാണ്. കാറുകളുടെ നമ്പർ പ്ലേറ്റും ഇങ്ങനെ തന്നെ. വെസ്റ്റ്​ ബാങ്കിലെ വെള്ള ഐ.ഡി. കാർഡുള്ളവർക്ക് ഗാസയിൽ പോകാൻ കഴിയില്ല. തിരിച്ചും അങ്ങനെത്തന്നെ. ഞാനൊരു പലസ്​തീനിയാണ്. ജിദ്ദയിൽ നിന്ന്​ അവധിക്ക് പോകുന്നതും പലസ്​തീനിലേക്കു തന്നെയാണ്. പക്ഷെ ഇതുവരെയും ഞാൻ ഗാസ കണ്ടിട്ടില്ല. ഇതാണ് പലസ്​തീകൾക്കുമേൽ ഇസ്രായേൽ അടിച്ചേൽപ്പിച്ചിരിക്കുന്ന അപ്പാർത്തിഡ്.

പലസ്​തീനികളുടെ തലയിലാണ് ഇസ്രായിൽ സൈനികർ വെടിവെക്കുക. ഒരിക്കലും രക്ഷപ്പെടരുതെന്ന ഉദ്ദേശ്യത്തോടെ. എന്റെ സുഹൃത്ത് ഒമറിനെ അടുത്ത ദിവസം അവർ കൊന്നു. വെസ്റ്റ് ബാങ്കിലെ ഹോട്ടലിൽ നിന്ന്​ ഭക്ഷണം കഴിച്ചിറങ്ങിയ ഒമറിനെ ഒരു പ്രകോപനവുമില്ലാതെ ഇസ്രായേൽ സൈനികർ കയ്യിനും കാലിനും വെടിവെച്ചിട്ടു. ആശുപത്രിയിൽ കൊണ്ടുപോകാൻ ആരെയും അനുവദിച്ചില്ല. മണിക്കൂറുകൾ രക്തം വാർന്ന് അവൻ തെരുവിൽ കിടന്നു. പിന്നീട് അവെന്റ തലയിലേക്ക് വെടിയുണ്ട പായിച്ച് മരണം ഉറപ്പാക്കി.

പലസ്​തീനികൾ അവരുടെ കവയിത്രിയായി കാണുന്നത് ഫദ്​വ തുഖാനെയാണ്. ദർവിശ് കവിയച്ഛനെങ്കിൽ ഫദ്​വ കവിയമ്മയാണെന്ന് നിരീക്ഷിക്കുന്ന നിരവധി പലസ്​തീൻ- അറബ് നിരൂപകരുണ്ട്.

ഇത്തരത്തിലുള്ള ജീവിതാനുഭവങ്ങളും ആത്മകഥകളുമാണ് ഓരോ പലസ്​തീനിയും ലോകവുമായി പങ്കുവെക്കുന്നത്. 2002-ൽ ഗാസ ചീന്തിലെ ഓഫീസിൽ പൂർണമായും ഇസ്രായേൽ ഉപരോധത്തിലായിരിക്കുമ്പോൾ പലസ്​തീനിൻ നേതാവ് യാസർ അറഫാത്ത് പറഞ്ഞു: ദുരന്താത്മകമായ നാശം ശക്തിപ്പെട്ടു കൊണ്ടിരിക്കുമ്പോൾ ഞാനും കൂടുതൽ ശക്തനാവുകയാണെന്ന കാര്യം ഇസ്രായേൽ മറക്കരുത്.

Yasser Arafat / Photo: Mary Harrsch via flickr

ഇതു പറയുമ്പോഴേക്കും ദീർഘകാല പോരാട്ടങ്ങളിലൂടെ അറഫാത്ത് തളർന്നു കഴിഞ്ഞിരുന്നു. 2004ൽ അദ്ദേഹം മരിക്കുകയും ചെയ്​തു. അറഫാത്ത് ഇന്ന് പലസ്​തീനികൾക്കിടയിൽ പല നിലയിലും വിമർശിക്കപ്പെടുന്നുണ്ട്. എന്നാൽ അദ്ദേഹം ഒരിക്കൽ പറഞ്ഞ ഈ വാക്കുകൾ -സുഹൃത്തുക്കളെ തെരഞ്ഞെടുക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം. ശത്രുക്കൾ നിങ്ങളെ സുഹൃത്തുക്കളാക്കിയേക്കും- ഓരോ പലസ്​തീനി ആത്മകഥയിലും ഒരു നിലയിലല്ലെങ്കിൽ മറ്റൊരു നിലയിൽ നമ്മൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. അവയിലെമ്പാടും സൗഹൃദം നടിച്ചുള്ള ചതിയുടേയും കൊലകളുടേയും നിരവധി നേർക്കഥകൾ കൂടി നാം വായിക്കുന്നു.

മഹ്​മൂദ്​ ദർവിശ് മുതൽ നജ്​വാൻ ദർവിശ് വരെ

പ്രിയപ്പെട്ട ശത്രു നിന്നെ ഞാൻ കൊന്നത് സകാരണമാണ്. നീ എന്റെ ടാങ്കുകളെ ശല്യപ്പെടുത്തുന്നു.(ദുരൂഹമായ സംഭവം പോലെ/ മഹ്​മൂദ്​ ദർവിശ്​)

പലസ്​തീനികൾ തങ്ങളുടെ ദേശീയ കവിയായി ആദരിക്കുന്ന മഹ്​മൂദ് ദർവിശിന്റെ (1941- 2008) കവിതയിലെ മേലുദ്ധരിച്ച വരികൾ കവിതയിലൂടെ ആവിഷ്‌ക്കരിക്കപ്പെടുന്ന ദേശാനുഭവത്തിന്റെ സമാനതകളില്ലാത്ത സങ്കീർണതയെ പങ്കുവെക്കുന്നു.

മഹ്‌മൂദ് ദർവീശ് / Photo: @FranceCulture

‘പേടമാനിന്റെ ഇരട്ടക്കുട്ടികൾ' എന്ന കവിതയിൽഎനിക്ക് ദേശീയ പക്ഷിയില്ല ദേശീയ വൃക്ഷമില്ല പൂവില്ല ഭ്രഷ്ട് കൽപിച്ച നിന്റെ തോട്ടത്തിൽ. കവിതയും ഞാനുമാണ് നിന്റെ ഇപ്പോഴത്തെ ദേശ മാതാവ്
എന്നും ദർവിശ് പറയുന്നു.

കുറുക്കനാണ് ദർവിശ് കവിതകളിൽ ഏറ്റവുമധികം പ്രത്യക്ഷപ്പെ ജീവി. വിഖ്യാതമായ ജന്തു കഥകളിലെല്ലാം കുറുക്കൻ ഏതെല്ലാം രൂപത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നുവോ അതിലും കൂടിയ അളവിൽ നിരവധി കുറുക്കൻമാർ ഈ കവിയുടെ പ്രപഞ്ചത്തിൽ ഓരിയിടുന്നു, കൗശലങ്ങൾ കാട്ടി കവിതകൾ തിന്നു തീർക്കുന്നു. ചിലപ്പോൾ സംഘം ചേർന്ന് ചെന്നായകളായി രൂപം മാറി കവിതയെ കടിച്ചു കീറുന്നു.

മാതൃരാജ്യം എന്ന യാഥാർഥ്യത്തിന്റെ വിവിധ വശങ്ങൾ പരിശോധിക്കാൻ കവിതയിൽ നിരവധി പുനഃസന്ദർശനങ്ങൾ ദർവിശ്​ നടത്തുന്നുണ്ട്. വിശുദ്ധ ഗ്രന്ഥങ്ങളിലെ ചില സന്ദർഭങ്ങളിൽ അദ്ദേഹം പലപ്പോഴായി എത്തുന്നു.

‘നമുക്ക് ഒരു സമ്മാനം നഷ്ടമാകുന്നു' എന്ന കവിതയിൽ ഇന്നലെകൾ നാളെകളാണെന്ന് പറയുന്നു. വർത്തമാന കാലത്തെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നു. കാരണം വർത്തമാനത്തിൽ ജീവിക്കാൻ ഒരു വീടും നാടും ഭാഷയും അനിവാര്യമാണല്ലോ. അപരിചതൻ കണ്ണാടിയിൽ മറ്റൊരു അപരിചിതനെ കാണുന്നതും അവർ തമ്മിലുള്ള സംസാരത്തിൽ നിലനിൽപ്പ് എന്ന പ്രശ്‌നത്തിന് സാംസ്കാരികമായ പരിഹാരങ്ങളൊന്നുമില്ലെന്ന് പറയുന്നതും ഇതേ കവിതയിൽ തന്നെയാണ്.

മാതൃരാജ്യം എന്ന യാഥാർഥ്യത്തിന്റെ വിവിധ വശങ്ങൾ പരിശോധിക്കാൻ കവിതയിൽ നിരവധി പുനഃസന്ദർശനങ്ങൾ ദർവിശ്​ നടത്തുന്നുണ്ട്. വിശുദ്ധ ഗ്രന്ഥങ്ങളിലെ ചില സന്ദർഭങ്ങളിൽ അദ്ദേഹം പലപ്പോഴായി എത്തുന്നു. പ്രത്യേകിച്ച് ബൈബിൾ, ഖുർആൻ സന്ദർഭങ്ങളിൽ. ഒപ്പം, ലോക ചരിത്രത്തിലെ നിരവധി അവസ്ഥകളിലും ചരിത്രം രേഖപ്പെടുത്തിയ മനുഷ്യരിലും അദ്ദേഹം പുനഃസന്ദർശനങ്ങൾ നടത്തുന്നു. ആയിരത്തൊന്ന് രാവുകളും ലൈലാ മജ്‌നുവും കലീല വ ദിംനയും ഇടക്കിടെ അദ്ദേഹത്തിന്റെ രാജ്യവിചാരങ്ങൾക്ക് കൂട്ടിരിക്കുന്നത് കാണാം.

മേഘങ്ങളിലും പൂവുകളിലും നിഴലുകളിലും പ്രണയത്തിലും മുളപൊട്ടുന്ന രാജ്യങ്ങളുടെ അതിർത്തികളില്ലാത്ത വിസ്തൃതിയിൽ അദ്ദേഹത്തിന്റെ കവിതകൾ നീരാടുന്നു. ആ പ്രക്രിയയാണ് അദ്ദേഹത്തെ വിമോചിപ്പിക്കുന്നത്. അതാണ് അദ്ദേഹത്തിന്റെ കവിതകളെ പലസ്​തീനിന്റെ ഭരണഘടനായി പരിവർത്തിപ്പിക്കുന്നത്. ഒരു രാജ്യം നഷ്ടപ്പെട്ടയാൾ നിരവധി രാജ്യങ്ങൾ അങ്ങനെ നിർമിക്കുന്നു. നിലവിലുള്ള ദേശ രാഷ്ട്ര സങ്കൽപങ്ങളെ വെല്ലുവിളിക്കുന്നു. സ്വന്തം രാജ്യത്തിന് ഭ്രഷ്ടരാജ്യം എന്നുപേരിട്ട്​ ഒരാൾക്ക് സമ്മാനമായി നൽകുന്നു. ഞങ്ങളെ ഞാനായും ഞാനിനെ ഞങ്ങളായും പിരിച്ചെഴുതി ആ രാജ്യത്തെ ഭരണാധികാരിയായും ഈ കവി മാറുന്നു.

വീട്, താക്കോലുകൾ, എപ്പോഴും യാത്രക്ക് ഒരുങ്ങി നിൽക്കുന്നവരുടെ ചെറു സ്യൂട്ട്​കേസുകൾ എന്നീ ബിംബങ്ങൾ പാലസ്​തീൻ സ്ത്രീ കവിതയുടെ മനോനിലയാണ്.

മറ്റുള്ളവരുടെ ചുമരുകളിൽ വലിഞ്ഞു കയറി അവരുടെ നാളേകളാകാമെന്ന് ‘പക്ഷികളുടെ ഉപജീവനം' എന്ന കവിതയിൽ ദർവിശ് എഴുതിയിട്ടുണ്ട്. കാലം തെറ്റി പെയ്യുന്ന മഴ പോലെ, മഞ്ഞു പോലെ രാജ്യം തെറ്റി പെയ്ത മനുഷ്യനാണ് താനെന്ന് ഒരു കവിതയിൽ അദ്ദേഹം പറയുന്നു. ‘എന്തു ബാക്കിയാകും' എന്ന കവിത അവസാനിക്കുന്നത് സ്ഥലത്തെക്കുറിച്ചുള്ള ഓർമകൾ വിസ്മരിക്കപ്പെടേണ്ടതിന്റെ ആവശ്യം മാത്രം ബാക്കിയാകുമെന്ന് പറഞ്ഞു കെണ്ടാണ്. ദർവിശ് തന്റെ ജീവിതത്തിന്റെ അവസാന ദശകങ്ങളിൽ എഴുതിയ കവിതകൾ മുൻ കാല കവിതകളേക്കാൾ കൂടുതലായി മാതൃരാജ്യം, ദേശ- രാഷ്ട്രം എന്ന പ്രശ്‌നത്തെ കേന്ദ്രീകരിച്ചു. തന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രമേയം ഇതു തന്നെയാണെന്ന് അദ്ദേഹം ഇതുവഴി വായനക്കാരെ നിരന്തരമായി ഓർമിപ്പിച്ചു. ഭ്രഷ്ടന്റെ കവിതകൾക്ക് ‘ചിത്രശലഭങ്ങളുടെ ചുമട്' എന്നാണ് അദ്ദേഹം പേരിട്ടത്​. അത്തരമൊരുപമ ലോക സാഹിത്യത്തിൽ തന്നെ തീർത്തും അപൂർവ്വമായ ഒന്നാണ്.

ദർവിശ്​ ഒരിക്കൽ പറഞ്ഞു: ‘എന്റെ അമ്മ' എന്ന കവിത ഞാനെഴുതിയത് ഇസ്രായേൽ ജയിലിൽ വെച്ചായിരുന്നു. സത്യത്തിൽ ആ കവിത അമ്മയെ കാണാൻ കഴിയാത്തതിലുള്ള ദുഃഖത്തിൽ നിന്ന്​ പിറന്നതാണ്. കവിതയിലെ അമ്മ സ്വന്തം അമ്മ തന്നെയാണെന്നർഥം. ജയിൽ മോചിതനായി പുറത്തു വന്നപ്പോൾ തെരുവിൽ ആ കവിത ആളുകൾ ആവേശത്തോടെ ചൊല്ലുന്നത് കേട്ടു. സംഗീതം പകർന്നുകിട്ടിയ രൂപത്തിലാണ് ജനങ്ങൾ ആ കവിത ചൊല്ലിയിരുന്നത്. അപ്പോൾ എന്റെ രചന എഴുത്തുകാരൻ കൽപിക്കാത്ത അർഥങ്ങളുമായി പറന്നുയരുന്നത് ഞാൻ കണ്ടു. കവിതയുടെ അർഥം പാടെ മാറിപ്പോയിരിക്കുന്നു. അതിലെ അമ്മയെ ജനങ്ങൾ പലസ്​തീനായാണ് സങ്കൽപ്പിച്ചത്.

ഫദ്​വ തുഖാൻ / Photo: Wikimedia Commons

മഹ്​മൂദ് ദർവിശ് പലസ്​തീനികൾക്ക് എന്തായിരുന്നുവെന്ന് വിശദമാക്കാൻ ഇതിൽ പരം മറ്റൊരു ഉദാഹരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പലസ്​തീനികൾ അവരുടെ കവയിത്രിയായി കാണുന്നത് ഫദ്​വ തുഖാനെയാണ്. ദർവിശ് കവിയച്ഛനെങ്കിൽ ഫദ്​വ കവിയമ്മയാണെന്ന് നിരീക്ഷിക്കുന്ന നിരവധി പലസ്​തീൻ- അറബ് നിരൂപകരുണ്ട്.

‘യോദ്ധാവിന് ഒരു ഗീതം' എന്ന കവിതയിൽ ഫദ്​വ രക്തസാക്ഷി എന്ന സങ്കൽപ്പത്തെ ഇങ്ങനെ അവതരിപ്പിക്കുന്നു: കാറ്റു പറഞ്ഞു, അവൻ വരും. മരിച്ചാലും അവേന്റത് പിറവിയാണ്. കൈകളിൽ സൂര്യനുമായി കണ്ണുകളിൽ തർപ്പണവുമായി ഭൂമിയുടെ മുറിവുകളിൽ നിന്ന് കെടുതിയുടെ അനന്തദൂരങ്ങളിൽ നിന്ന് ചുടലച്ചാരത്തിൽ നിന്ന് അവൻ വരും. കാരണം മരണം അവന് ജനനമാണ്. അതിനാലവൻ തീർച്ചയായും വരും.

സമകാലിക പലസ്​തീൻ കവിതയിൽ സജീവമായി സാന്നിധ്യമായി നിരവധി എഴുത്തുകാരികളുണ്ട്. അവരിൽ ഏറെക്കുറെ എല്ലാവരും പ്രവാസികളാണ്. ബെയ്റൂത്തിലേയോ ജോർദാനിലേയോ അഭയാർഥി ക്യാമ്പുകളിൽ പിറക്കുകയും പിന്നീട് യൂറോപ്പിലും അമേരിക്കയിലും എത്തിയവരുമാണ് മിക്കവരും. അൽ മറൈ ജസീർ, സുഹൈർ ഹമ്മാദ്, ലൈല അൽ ഉസൈഹ്, സുമയ്യ അൽ സുസി, റവിയ മോറ, മായ് സായിഗ്, സൽമ ഖദ്ര ജയ്യൂസി, നിദ ഖൗരി, ലിസ സുഹൈർ മജാജ്, ഗദൽ ഫഷായ്, ദീമ കെ. സഹാബി, ദോറിസ് സാഫി, നയോമി ശിഹാബ് നൈ, നദിയ ഹാസ്ബൂൺ റൈമർ, നദിയ ഹന്ദൽ, സിഹാം ദാവൂദ് തുടങ്ങി നിരവധി കവയിത്രികൾ. പ്രവാസത്തിന്റെ അനുഭവങ്ങളിൽ നിന്നു കൂടിയാണ് ഇവർ സ്വയം ആവിഷ്‌ക്കരിക്കുന്നത്. ഇതിനെ അടിവരയിടുന്നതാണ് ‘വല' എന്ന കവിതയിൽ റവിയ്യ മോറ എഴുതിയ വരികൾ.എവിടേയും സ്വന്തം വീട് കണ്ടെത്തിയില്ലെങ്കിലും സ്വന്തം ശബ്ദത്തിൽ ജീവിക്കാൻ പഠിച്ചു.

സ്വന്തം ദേശം നഷ്ടപ്പെട്ടവർ സ്വന്തം ശബ്ദം എങ്ങനെ കണ്ടെത്തുന്നു എന്നതിലേക്കുള്ള സൂക്ഷ്മമായ വെളിച്ചം വീശലമായി മാറുന്നു ഈ വരികൾ.
നിദ കൗരി ‘അവസാനത്തെ വെടിയുണ്ട'യിൽ ഇങ്ങനെ എഴുതി:ചവർക്കുന്ന മുന്തിരി പുലരിയുടെ വേലിയിൽ തൂക്കുക, വിടവാങ്ങുക. ഐന്റ ആത്മാവിൽ കുട്ടിക്കാലത്തെ വേദന. പക്ഷെ, സൂര്യൻ എന്നെ വളഞ്ഞു പിടിച്ചു. അതിന്റെ തണലിൽ എന്റെ നിഴൽ മറച്ചു, കഥ തീർന്നു.

ലിസ സുഹൈർ മജാജ്​ ‘പ്രതിവാദം' എന്ന കവിതയിലെഴുതുന്നു:കുഞ്ഞിന്റെ തലയോട്ടിക്ക് ബലമേകുന്നത് കാലമാണ്. ഒരു ചെറുപാത്രം ഒറ്റയടിക്ക് തകർക്കാം. ഒറ്റ നിമിഷത്തിൽ വർഷങ്ങളൊന്നാകെ അപ്രത്യക്ഷമാകുന്നു. സ്ഫോടനങ്ങൾക്കിടയിൽ മനുഷ്യ ശബ്ദങ്ങളും കരച്ചിലും കേൾക്കില്ല. നിങ്ങളുടെ ആകാശത്തിന് തീ പിടിച്ചു, നിങ്ങളുടെ പേരും വെട്ടിക്കളഞ്ഞു. നിങ്ങളുടെ കുട്ടികൾ വലിയ വില കൊടുത്ത് ജീവിക്കുന്നു. നിങ്ങൾ കാണാത്ത മുഖങ്ങളും കണ്ണുകളും പരിഗണിക്കുക. പൂർണ്ണനാശം: ഈ വാക്കുകളിൽ ഭൂമിയുടെ വിടവ് പൂർണമായും പിളരുന്നു.

ഇത്തരത്തിൽ നിരവധി പാലസ്​തീൻ ജീവിത സന്ദർഭങ്ങൾ പെൺ ശബ്ദങ്ങളിൽ ആവിഷ്‌ക്കരിക്കപ്പെടുന്നു. സമകാലിക അറബ് സാഹിത്യത്തിൽ ഏറെ ശ്രദ്ധ നേടിയ കവയിത്രി സൽമ ഖദ്ര ജയ്യൂസി ഏറ്റവും പുതിയ കവിതയായ ഖാർത്തൂമിൽ എഴുതുന്നു: ഞാനൈന്റ വീട് ചക്രവാളത്തിലേക്ക് നിവർത്തിപ്പിടിക്കുന്നു. കൈച്ചൂണ്ടിപ്പലക കാറ്റിലുയർത്തിപ്പിടിക്കുന്നു. താക്കോലുകൾ നഷ്ടപ്പെട്ട ആയിരക്കണക്കിന് വാതിലുകൾക്ക് മുന്നിൽ ഞാൻ കാത്തു നിൽക്കുന്നു.

വീട്, താക്കോലുകൾ, എപ്പോഴും യാത്രക്ക് ഒരുങ്ങി നിൽക്കുന്നവരുടെ ചെറു സ്യൂട്ട്​കേസുകൾ എന്നീ ബിംബങ്ങൾ പാലസ്​തീൻ സ്ത്രീ കവിതയുടെ മനോനിലയാണ്. ഓർമകളെ അവർ പുനർനിർമ്മിക്കുന്നു, തങ്ങൾക്ക് പൂർണമായും നഷ്ടപ്പെട്ട ദേശത്തേയും ഇത്തരത്തിൽ അവർ വീണ്ടെടുക്കുന്നു. കവിതയിലാണ് ഒരു പക്ഷെ യഥാർഥ പാലസ്​തീൻ ഇന്നും സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. ഓർമ്മകളുടേയും അനുഭവങ്ങളുടേയും സഞ്ചിതമായ അനുഭവമാണ്/ആർക്കൈവാണ് ഈ കവിതകൾ.

നജ്​വാൻ ദർവിശ് / Photo: Wikimedia Commons

ഏറ്റവും സമകാലികമായ പാലസ്​തീൻ കവിതയിലെ ശ്രദ്ധേയ സാന്നിധ്യം മറ്റൊരു ദർവിശാണ്, നജ്​വാൻ ദർവിശ്. ജറുസലേമിൽ തന്നെ മാധ്യമ പ്രവർത്തകനായി ജീവിക്കുന്ന നജ്​വാൻ ഇന്ന് പാലസ്​തീൻ കവിതയെ ദേശത്തും വിദേശത്തും ഒരേ പോലെ പ്രതിനിധീകരിക്കുന്നു. അദ്ദേഹത്തിന്റെ വളരെ പ്രശസ്തമായ ‘പ്രതീക്ഷ'യിൽ നാം ഇങ്ങനെ വായിക്കുന്നു: പ്രതീക്ഷയിലെ ഒഴിഞ്ഞു കിടന്ന ഇരിപ്പിടത്തിൽ ഒരിക്കൽ ഞാനിരിക്കാൻ പുറപ്പെട്ടു. അപ്പോൾ അതിൻ മേലതാ കഴുതപ്പലിയെപ്പോലെ ഒരു വാക്കിരിക്കുന്നു ‘റിസർവ്ഡ്'(ഞാനിരുന്നില്ല, മറ്റാരും; വിവ: പി.പി.രാമചന്ദ്രൻ)

നജ്​വാന്റെ ഏറ്റവും പുതിയ കവിത ‘ഞാൻ ദേശത്തെ എഴുതുന്നു' ഇങ്ങനെയാണ്: എനിക്കു ദേശത്തെ എഴുതണം, അതിന്​ വാക്കുകൾ വേണം ദേശം തന്നെയായ വാക്കുകൾ. പക്ഷെ ഞാൻ റോമക്കാർ കൊത്തിയ, അറബികൾ മറന്ന ഒരു ശിൽപ്പം. കോളനിവൽക്കരിച്ചവർ മുറിച്ചെടുത്ത ഐന്റ കൈ മോഷ്ടിച്ചു, തുടർന്ന് മ്യൂസിയത്തിൽ പ്രതിഷ്ഠിച്ചു. സാരമില്ല, എനിക്ക് ദേശത്തെ എഴുതണമല്ലോ. എന്റെ വാക്കുകൾ എല്ലായിടത്തുമുണ്ട്, നിശ്ശബ്ദതയാണ് എന്റെ കഥ.

എഴുതാതിരിക്കുന്ന ഇടവേളകളെക്കുറിച്ച് നജ്​വാന്റെ വാക്കുകൾ ഇങ്ങനെ: എഴുതാത്ത സമയങ്ങളിൽ നിശ്ശബ്​ദനായ ഒരു ചെന്നായ കപ്പൽ ചാലുകളിൽ നീന്തുന്നു.

നജ്​വാന്റെ കവിതകൾ സ്വന്തം ജനതയുടെ സംഘദുഃഖത്തെ പ്രതിനിധീകരിക്കുന്നുവെന്ന് നിരൂപകനും വിവർത്തകനുമായ അതഫ് അൽ ഷായർ നിരീക്ഷിച്ചിട്ടുണ്ട്. ഈ കവി 2019ൽ കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ വന്നിരുന്നു. അന്ന് അദ്ദേഹത്തെ കാണാനും ദീർഘമായി സംസാരിക്കാനുമുള്ള അവസരം എനിക്ക് ലഭിച്ചു. സംസാരത്തിനിടെ അദ്ദേഹം പറഞ്ഞു: ‘‘നിങ്ങൾ വിചാരിക്കുന്നതുപോലെ പലസ്​തീൻ എന്നൊരു രാജ്യം ഇന്ന് നിലനിൽക്കുന്നില്ല, ഒരു പിടി മണ്ണു പോലും പലസ്​തീനിക്ക് സ്വന്തമായി ഇല്ല. അതു കൊണ്ട് സ്വന്തം നിലയിൽ പലസ്​തീനിക്ക് ഒരു പിടി വറ്റുമില്ല. പലസ്​തീൻ എന്നത് മാധ്യമങ്ങൾ മാത്രം പറയുന്ന ഒരു പേരു മാത്രം, പലസ്​തീൻ അതോറിറ്റി ഗാസ ചീന്തിൽ ഇസ്രായേലിന്റെ പൂർണ നിയന്ത്രണത്തിലുള്ള വെറുമൊരു ഓഫീസ്. അറബികൾക്ക് അവരുടെ അറേബ്യ പ്രതിദിനം എങ്ങനെ നഷ്ടപ്പെടുന്നുവെന്നതിന് ഇതിലും വലിയ ഉദാഹരണം ആവശ്യമില്ല.’’
ഈ വാക്കുകളിലൂടെയാണ് പലസ്​തീൻ എന്ന രാജ്യം കേവലമായ ഒരു പ്രയോഗം മാത്രമായി പരിമിതപ്പെട്ടിരിക്കുന്നുവെന്ന് ബോധ്യപ്പെട്ടത്​.
അദ്ദേഹത്തിന്റെ പുതിയ ഇംഗ്ലീഷ് പരിഭാഷാ പുസ്തകത്തിലെ ‘ആലിംഗനം' എന്ന ശീർഷക കവിത ചെറുതാണ്, പക്ഷെ അദ്ദേഹം കഴിഞ്ഞ കുറച്ചുകാലമായി ആവിഷ്‌ക്കരിക്കുന്ന കാവ്യലോകം ഏറ്റവും എളുപ്പം മനസ്സിലാക്കാൻ ഈ കവിത സഹായിക്കും.

‘എന്റെ കൈകൾ സങ്കീർണം, നനഞ്ഞത്, മുറിഞ്ഞു പൊട്ടിയത്. എങ്കിലും ആ കൈകൾ പർവ്വതങ്ങൾ, താഴ്​വാരങ്ങൾ, സമതലങ്ങൾ എന്നിവയെ പുൽകാൻ കൊതിക്കുന്നു. ഞാൻ സ്നേഹിക്കുന്ന ഇക്കടൽ എന്റെ വീണ്ടും വീണ്ടും മുക്കുന്നു, പ്രണയിനിയുടെ ശവം മുകൾ പരപ്പിൽ പൊന്തിക്കിടന്ന് ഒഴുകി നടക്കാൻ അരങ്ങൊരുക്കുന്നു. സങ്കീർണം, നനഞ്ഞത്. എന്റെ ജഡവും കൈ നിവർത്തി പുണരാൻ തന്നെ ശ്രമിക്കുന്നു എന്നെ മുക്കിക്കൊന്ന അതേ കടലിനെ.’

ശുകൈർ പറഞ്ഞു, അമ്മക്ക് കുഞ്ഞിന്റെ
മൂക്ക് തുടച്ചു കൊടുക്കാനാകുന്നില്ല

ആണവായുധപ്രയോഗം എല്ലാം തകർത്തുവെങ്കിലും ആ ഗർഭിണി ജീവനോടെ രക്ഷപ്പെട്ടു. അവൾ സുന്ദരനായ ഒരാൺകുഞ്ഞിന് ജന്മവും നൽകി. ജനന സമയത്ത് ആണവ പ്രസരണത്തിന്റെ ഒരു ചെറു കണിക കുഞ്ഞിന്റെ മൂക്കിൽ കൊണ്ടു. മൂക്ക് ഭീതിദമാം വിധം വലുതായിക്കൊണ്ടിരുന്നു. കുഞ്ഞിന്റെ മൂക്ക് വെള്ളവും സോപ്പുമുപയോഗിച്ച് കഴുകാൻ അവൾക്ക് 3000 അടി നടക്കേണ്ടി വന്നു, പ്രാതൽ കൊടുക്കാൻ അത്രയും ദൂരം തിരിച്ചും. (ജീവിതം- മഹ്​മൂദ് ശുകൈർ).
ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന പലസ്​തീൻ ഫിക്ഷൻ എഴുത്തുകാരനാണ് മഹ്മൂദ് ശുകൈർ. അദ്ദേഹത്തിന്റെ ഒരു മിനിക്കഥയുടെ വിവർത്തനമാണ് മുകളിൽ ചേർത്തത്. 2016ൽ ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവ മേളയിൽ ഈ കഥ അദ്ദേഹം വായിക്കുന്നത് കേൾക്കാനും അദ്ദേഹത്തെ വിശദമായി പരിചയപ്പെടാനും എനിക്കവസരം ലഭിച്ചു. കഥാ സാഹിത്യത്തിൽ തന്റെ ജനതയുടെ പ്രശ്നത്തെ ഇത്രയും കുറച്ചു വാക്കുകളിൽ ആവിഷ്‌ക്കരിച്ച് അൽഭുതങ്ങൾ സൃഷ്ടിക്കുന്ന എഴുത്തുകാരനാണ് ശുകൈർ. ശുകൈറിന്റെ കഥ/ നോവൽ സാഹിത്യം പലസ്തീ​നിന്റെ എല്ലാ സങ്കീർണതകളും ഉൾക്കൊള്ളുന്നു. പക്ഷെ, ഭാഷയും അവതരണവും ലളിതവുമാണ്.

മഹ്​മൂദ് ശുകൈർ

മഹ്​മൂദ് ദർവിശിന്​ കവിതയിലുള്ള സ്ഥാനം പോലെ പലസ്​തീനികൾ കഥ/ നോവൽ സാഹിത്യത്തിൽ ആദ്യ നിരയിൽ സ്ഥാനം കൊടുത്തിട്ടുള്ള എഴുത്തുകാരൻ ഗാസൻ കാനഫാനിയാണ്. അദ്ദേഹത്തിന്റെ ‘വേദനിക്കുന്ന ഓറഞ്ചുകളുടെ നാട്' എന്ന കഥയുടെ ആരംഭ ഭാഗം വായിക്കാം:

ജാവയിൽ നിന്ന് അക്കയിലേക്ക് പോകുമ്പോൾ എനിക്ക് വിഷമമൊന്നും തോന്നിയില്ല. അവധി ദിനത്തിൽ ഒരു നഗരത്തിൽ നിന്ന്​ മറ്റൊരു നഗരത്തിലേക്ക് പോകാറുള്ളതുപോലെയാണ് തോന്നിയത്. ദിവസങ്ങളോളം വേദനാജനകമായി ഒന്നും സംഭവിച്ചില്ല. സ്കൂളിൽ പോകേണ്ടാത്തതിനാൽ സത്യത്തിൽ ഞാൻ ആഹ്‌ളാദിക്കുകയായിരുന്നു. എന്നാൽ അതുവരെയുള്ള രസങ്ങൾ പൊടുന്നനെ കെട്ടടങ്ങി. അക്ക ഇസ്രായിൽ ആക്രമിച്ചതോടെ കാര്യങ്ങൾ മാറി. ആ രാത്രി എന്നിലും നിന്നിലും കഠിനമായി ആഴ്ന്നിറങ്ങി. സ്ത്രീകൾ അതിദീർഘമായി പ്രാർഥിച്ചുകൊണ്ടിരുന്നു, പുരുഷൻമാർ ദീർഘനിശ്വാസം വിടുകയും തളംകെട്ടിയ നിശ്ശബ്ദതയിലേക്ക് പിൻവാങ്ങുകയും ചെയ്തു. എനിക്കും നിനക്കും നമ്മുടെ പ്രായത്തിലുള്ള കുട്ടികൾക്കും എന്താണ് സംഭവക്കുന്നതെന്ന് മനസ്സിലായില്ല...​​​​​​​

അതേ രാത്രി നമ്മൾ കഥകളുടെ ചരടുകൾ കൂട്ടിക്കെട്ടാൻ തുടങ്ങി. പേടിപ്പിക്കലും ശപിക്കലും അവസാനിപ്പിച്ച് ഇസ്രായേലി പട്ടാളക്കാർ പോയ ഉടൻ നമ്മൾ താമസിച്ചിരുന്ന വീടിനു മുന്നിൽ ഒരു വലിയ വാൻ വന്നു നിന്നു. കമ്പിളികളും കിടക്കകളും തലയിണകളും അതിലേക്ക് വലിച്ചെറിഞ്ഞു. ഞാൻ പഴയ ആ വീടിന്റെ ചുമരിൽ ചാരി നിൽക്കുകയായിരുന്നു. നിന്റെ ഉമ്മയെ വാനിലേക്ക് കയറ്റുന്നത് ഞാൻ കണ്ടു. അതിന്റെ പിന്നാലെ നിന്റെ അമ്മായി, കുട്ടികൾ ഓരോരുത്തരേയായി വാനിലേക്ക് കയറി. നിന്നെ വാനിൽ ഫർണിച്ചറുകൾ കൂട്ടിയിട്ടതിന് മുകളിലേക്ക് നിന്റെ ഉപ്പ ഉയർത്തിയെത്തിച്ചു. എന്റെ തലക്കുമുകളിലൂടെ ഉയർത്തി വാനിലുള്ളിൽ വെച്ച ഒരു വലിയ ഇരുമ്പ് പെട്ടി മറക്കാൻ കഴിയില്ല. വാനിലുള്ളിൽ നിന്റെ സഹോദരൻ റിയാദ് നിശ്ശബ്ദനായി ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ശരിക്കും ഇരിക്കാൻ തുടങ്ങുന്നതിനു മുമ്പ്, വാൻ അക്ക ലക്ഷ്യമാക്കി നീങ്ങി.

അന്തരീക്ഷം കാർമേഘാവൃതമായിരുന്നു. എന്റെ ശരീരത്തിലേക്ക് പനി ഇഴഞ്ഞ് വരുന്നുണ്ടായിരുന്നു. റിയാദ് പെട്ടിക്ക് മുകളിൽ കാലുകൾ പിണച്ച് അതി ശാന്തനായി ഇരുന്നു, ഇടക്കിടെ ആകാശം കാണാൻ ശ്രമിച്ചു. ഞാനും നിശ്ശബ്ദനായിരുന്നു, പിണച്ച കാലുകൾക്കുള്ളിൽ താടി പൂഴ്ത്തിയാണ് ഞാൻ ഇരുന്നിരുന്നത്.... വഴിയരികിൽ നിറയെ ഓറഞ്ച് തോട്ടങ്ങൾ കാണാമായിരുന്നു. ഭയവും ആകാംക്ഷയും എല്ലാവരേയും ഗ്രസിച്ചിരുന്നു. ചളി പൂണ്ട റോഡിൽ വഴുക്കിയാണ് വാൻ സഞ്ചരിച്ചിരുന്നത്, ഇടക്കിടെ വെടിയൊച്ചകൾ കേട്ടു. നമ്മെ യാത്ര അയക്കും പോലെ.

റഅ്‌സ് അക്കുറ ദൂരെ നിന്ന് കാണാൻ തുടങ്ങിയതും വാഹനം ഒരിടത്ത് നിർത്തി. സ്ത്രീകൾ തങ്ങളുടെ കയ്യിലുള്ള സാധനങ്ങളുമായി പുറത്തിറങ്ങി, കുറച്ചപ്പുറത്ത് ഓറഞ്ച് വിൽക്കുന്ന കർഷകനെ വളഞ്ഞു, സ്ത്രീകൾ ഓറഞ്ചെടുത്തു, അവരോട് ആ കർഷകൻ അനുതാപം കാണിച്ചു. ആ നിമിഷത്തിൽ എനിക്ക് മനസ്സിലായി ഓറഞ്ചുകൾ അമൂല്യമാണെന്ന്. വലുപ്പമുള്ള മനോഹരമായ ആ ഓറഞ്ചുകൾ ഹൃദയത്തോടാണ് സംവദിച്ചിരുന്നതെന്ന് തോന്നി. സ്ത്രീകൾ ഓറഞ്ചുകളുമായി വാഹനത്തിൽ തിരിച്ചെത്തി. നിന്റെ ഉപ്പ ഡ്രൈവറുടെ സീറ്റിനരികിലേക്ക് മാറി ഇരുന്നു, കൈകൾ വിടർത്തി, ഒരു ഓറഞ്ച് ആരിൽ നിന്നോ വാങ്ങി, അൽപനേരം അത് നോക്കിയിരുന്നു, പിന്നെ പൊട്ടിക്കരയാൻ തുടങ്ങി.

റഅ്‌സ് അക്കുറയിൽ നമ്മൾ സഞ്ചരിച്ചിരുന്ന വാനും നിരവധി വാഹനങ്ങൾക്കിടയിൽ നിർത്തി. അവിടെയുണ്ടായിരുന്ന പൊലീസുകാരുടെ പക്കൽ പുരുഷൻമാർ തങ്ങളുടെ കൈവശമുണ്ടായിരുന്ന തോക്കുകൾ നൽകാൻ തുടങ്ങി. അതിനാണ് പൊലീസുകാർ അവിടെ നിന്നിരുന്നത്. നമ്മുടെ ഈഴമായപ്പോഴേക്കും പൊലീസുകാരുടെ മുമ്പിലുണ്ടായിരുന്ന മേശ നിറയെ കൈത്തോക്കുകളും ഓട്ടോമാറ്റിക്ക് തോക്കുകളും കൊണ്ട് നിറഞ്ഞു. അവിടെ നിന്നും നോക്കുമ്പോൾ കണ്ടു, ലബനോനിലേക്ക് പോകാനായി കാത്തു നിൽക്കുന്ന വാഹനങ്ങളുടെ നീണ്ട നിര. ഓറഞ്ചുകളുടെ നാടുപേക്ഷിച്ച് നാം മറ്റൊരു രാജ്യത്തേക്ക് പോവുകയായിരുന്നു. ഞാൻ വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി. നിന്റെ ഉമ്മ നിശ്ശബ്ദയായി ഓറഞ്ചുകൾ നോക്കിയിരുന്നു. നിന്റെ ഉപ്പയുടെ കണ്ണിൽ ഇസ്രായേലിന് വേണ്ടി ഉപേക്ഷിച്ചു പോന്ന എല്ലാ ഓറഞ്ച് മരങ്ങളുടേയും പ്രകാശം കത്തി നിന്നിരുന്നു... അടുക്കിലും ചിട്ടയിലും അദ്ദേഹം നട്ട ഓരോ ഓറഞ്ച് ചെടിയും ആ മുഖത്ത് തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു. ആ പരിശോധനയിടത്തിൽ മുഖ്യ പൊലീസുകാരനെ അഭിമുഖീകരിക്കുമ്പോൾ പോലും കണ്ണുകൾ നിറഞ്ഞൊഴുകുന്നത് തടയുന്നതിൽ നിന്റെ ഉപ്പ പൂർണമായും പരാജയപ്പെട്ടു. നമ്മൾ സൈദയിൽ എത്തിയപ്പോൾ, നട്ടുച്ച, അവിടെവെച്ച് നാം അഭയാർഥികളായി.

ഗാസൻ കാനഫാനി

കാനഫാനി അവതരിപ്പിച്ച ഇതേ പ്രമേയം ഇന്നും പാലസ്​തീൻ കഥ/ നോവൽ സാഹിത്യത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. കാരണം പാലസ്​തീനികളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് ആറുപതിറ്റാണ്ടിലധികമായി ഒരു മാറ്റവുമില്ല, പരിഹാരമില്ലാതെ കൂടുതൽ കൂടുതൽ സങ്കീർണമാവുകയുമാണ്. 1972 ജൂലൈ എട്ടിന് കാനഫാനിയെ മൊസാദ് ബെയ്റൂത്തിൽ കാർബാംബ് സ്ഫോടനത്തിൽ കൊല​പ്പെടുത്തി. പോപ്പുലർ ഫ്രണ്ട് ഫോർ ലിബറേഷൻ പാലസ്​തീനിന്റെ പ്രമുഖ പ്രവർത്തകനായിരുന്നു. അദ്ദേഹത്തിന്റെ സൂര്യനിലെ മനുഷ്യർ, പാലസ്​തീൻ കുട്ടികൾ എന്നീ കൃതികൾ ആധുനിക അറബ് സാഹിത്യത്തിലെ ക്ലാസിക്കുകളായി ഇന്നും അതിജീവിക്കുന്നു. പാലസ്​തീൻ/ ഇറാഖ് നോവലിസ്റ്റായിരുന്ന ജബ്ര ഇബ്രാഹിം ജബ്രയുടെ രചനകളും പ്രധാനപ്പെട്ടതാണ്.

പ്രവാസിയുടെ പകലുകളും രാവുകളും അമൂർത്തമായി എങ്ങിനെ ചിത്രീകരിക്കാമെന്നാണ് ബുല്ലാത്ത 60 വർഷത്തോളം നീണ്ട ചിത്രകലാ ജീവിതത്തിൽ അന്വേഷിച്ചത്

ഇബ്രാഹിം നസറുസ്സലയുടെ ‘ഗാസക്കല്ല്യാണങ്ങൾ', എഴുത്തുകാരികളായ സൂസൻ അബുൽഹവയുടെ ‘ജെനിനിലെ പ്രഭാതങ്ങൾ', അവരുടെ തന്നെ ‘സ്നേഹരഹിത ലോകത്തിനെതിരെ', സൽമ ദബ്ബാഗിന്റെ ‘അതിന് പുറത്ത്’ തുടങ്ങി നിരവധി പേരുടെ ഫിക്ഷൻ രചനകൾ പാലസ്​തീൻ സാഹിത്യത്തെ സമ്പന്നമാക്കുന്നു. 2021ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനത്തിലെ ലോങ് ലിസ്റ്റിൽ ഇടം പിടിച്ച ‘മൈനർ ഡിറ്റേയിൽസ്' എന്ന നോവൽ പാലസ്​തീൻ എഴുത്തുകാരി അദാനിയ ശിബ്​ലി രചിച്ചതാണ്. ഇന്നും ലോക സാഹിത്യത്തിൽ പാലസ്​തീൻ രചനകൾ ശ്രദ്ധ നേടുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ നോവൽ. 1949ൽ ഒരു ബദു പെൺകുട്ടി ഇസ്രായേലി സൈനികരാൽ ലൈംഗികാക്രമണത്തിനിരയാകുകയും പിന്നീട് വധിക്കപ്പെടുകയും ചെയ്യുന്നതാണ് നോവലിലെ പ്രമേയം. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നീതി എന്നൊന്നുണ്ടോ എന്ന ശക്തമായ ചോദ്യമുയർത്തുന്ന, വായനക്കാരെ ഞെട്ടിക്കുന്ന നോവലാണിത്. ബെർലിനിൽ പ്രവാസിയാണ് അദാനിയ ശിബ്ലി.

നാജി അൽ അലിയുടെ കാർട്ടൂൺ ലോകം

പലസ്​തീൻ കാർട്ടൂണിസ്റ്റ് നാജി അൽ അലിയുടെ കാർട്ടൂണുകൾ (അദ്ദേഹം 1987 ആഗസ്റ്റ് 29 ന് ലണ്ടനിൽ കൊല്ലപ്പെട്ടു, കുറ്റവാളികൾ പിടിക്കപ്പെടാത്ത ഈ സംഭവത്തിൽ സമീപകാലത്ത് ലണ്ടൻ പൊലീസ് പുനരന്വേഷണം ആരംഭിച്ചിട്ടുണ്ട്) അതിശകതമായ വിമർശനം ഉയർത്തുന്നതിൽ വിജയിച്ചു. അറബ് ലോകത്ത് കാർട്ടൂണിസ്റ്റ് കാഹിലിനെപ്പോലെ ശ്രദ്ധ ലഭിച്ചിരുന്നു നാജി അൽ അലിക്കും. ഹണ്ടാല എന്ന കുട്ടിയാണ് ഇദ്ദേഹത്തിന്റെ കാർട്ടൂൺ കഥാപാത്രം. ആ കുട്ടിയുടെ മൊഴിയിലൂടെ രൂക്ഷ വിമർശനം ഉയർത്തുന്ന രീതിയാണ് നാജി കാർട്ടൂണുകളിൽ അവലംബിച്ചിരുന്നത്. കുഞ്ഞിന്റെ മൃതദേഹം കൈകളിലേന്തി സിനിമാ ശാലയിൽ നിന്നിറങ്ങുന്ന പിതാവിനേയും പിറകിലെ സ്ക്രീനിൽ ‘ദ എൻഡ്'എന്നെഴുതിക്കാണിക്കുകയും ഹണ്ടാല ഏറ്റവും മുന്നിൽ നടക്കുകയും ചെയ്യുന്ന കാർട്ടൂൺ ഇന്നും മനുഷ്യ മനസ്സുകളിൽ നിന്നും പ്രത്യേകിച്ചും പാലസ്​തീനികൾക്കിടയിൽ നിന്ന്​ മാഞ്ഞു പോകാത്ത ഒന്നാണ്​.

നാജി അൽ അലിയുടെ കാർട്ടൂൺ

എല്ലാം ശുഭമെന്നു പറയുന്ന ഇസ്രായേലിന്റെയും അതിനെ പിന്തുണക്കുന്ന ലോക രാഷ്ട്രങ്ങളേയും നാജി ആ കാർട്ടൂണിൽ ലോകത്തിനു വെളിവാക്കി. ഇത്തരത്തിലുള്ള നിരവധി കാർട്ടൂണുകൾ അദ്ദേഹത്തിേന്റതായുണ്ട്. പലസ്​തീനിലെ ഒരു കുട്ടി: നാജി അലിയുടെ കാർട്ടൂണുകൾ എന്ന പുസ്തകം അദ്ദേഹത്തിന്റെ സർഗ രചനകളെ പരിചയപ്പെടാൻ സഹായിക്കും. അറബ് രാജ്യങ്ങളെ വിമർശിക്കുന്നതിലും നാജിക്ക്​ഒട്ടും മടിയുണ്ടായിരുന്നില്ല. യുനൈറ്റഡ് അറബ് ഫുട്ബാൾ ടീം എന്ന കാർട്ടൂൺ ഇത് വ്യക്തമാക്കുന്നു. അമേരിക്കൻ പതാക കൊണ്ടുണ്ടാക്കിയ ജഴ്‌സിയണിഞ്ഞാണ് അറബ് ഫുട്ബാൾ ടീം നിൽക്കുന്നത്. അവർ ഗോളടിക്കുന്നത് ഇസ്രായേലിനുവേണ്ടിയും.

നാജിൽ അലിയുടെ യുനൈറ്റഡ് അറബ് ഫുട്ബാൾ ടീം എന്ന കാർട്ടൂൺ

1983ൽ പലസ്​തീൻ രാജ്യം എന്ന ആവശ്യം യു.എന്നിൽ അമേരിക്ക വീറ്റോ ചെയ്ത സന്ദർഭത്തിലാണ് നാജിയുടെ ഈ കാർട്ടൂൺ ലെബനോനിൽ നിന്ന്​ പ്രസിദ്ധീകരിക്കുന്ന അസ്സാഫിർ ദിനപത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഹണ്ടാല ഒരു പലസ്​തീനി അഭയാർഥി ബാലനാണ്. അതോടൊപ്പം അറബ് ലോകത്തിന്റെ മുഴുവൻ പ്രതിനിധിയും.

നാജിൽ അൽ അലി

നിരവധി പലസ്​തീൻ പുസ്തകങ്ങളുടെ കർത്താവായ ജോ സാക്കോ നാജിയെക്കുറിച്ച് എഴുതി: പലസ്​തീനികളും മറ്റ് അറബികളും തങ്ങളുടെ ഉജ്ജ്വലരായ കവികളോട് കാണിക്കുന്ന സ്നേഹവും ആദരവും അതേ അളവിവിൽ ലഭിച്ച കാർട്ടൂണിസ്റ്റും ഗ്രാഫിക്ക് ആർട്ടിസ്റ്റുമാണ് നാജി അലി.
ഈ വാക്കുകൾ നാജി അലി എന്ന കാർട്ടൂണിസ്റ്റിന്റെ പ്രാധാന്യം വ്യകതമാക്കുന്നു.

കമാൽ ബുല്ലാത്തയുടെ ചിത്രങ്ങൾ

ആധുനിക പലസ്​തീൻ ചിത്രകലയിലെ അവിസ്മരണീയമായ പേരാണ് കമാൽ ബുല്ലാത്ത. അദ്ദേഹം അറബ് ക്രിസ്ത്യനാണ്. അരനൂറ്റാണ്ടോളം ബെർലിനിൽ പ്രവാസിയായിരുന്നു. വിഖ്യാത പലസ്​തീൻ ചിത്രകാരനും കലാചരിത്രകാരനും പരിഭാഷകനുമായിരുന്നു അദ്ദേഹം. ബുല്ലാത്തയുടെ അമൂർത്ത ജാമ്യതീയ ചിത്രങ്ങൾ ഞാൻ ആദ്യം കാണുന്നത് 2006ൽ ജിദ്ദയിലെ റോഷാൻ ഗാലറിയിൽ നിന്നാണ്. ആ ഗാലറി ജിദ്ദയിലെ പലസ്​തീൻ തെരുവിലാണ് പ്രവർത്തിച്ചിരുന്നതെന്നത് മറ്റൊരു ആകസ്മികത. ആ സംഘ പ്രദർശനത്തിൽ ബുല്ലാത്തയുടെ ആറു അമൂർത്ത രചനകളാണ് പ്രദർശിപ്പിച്ചിരുന്നത്.
മികച്ച അമൂർത്ത ചിത്രത്തിനു പിന്നിൽ മൂർത്ത ചിത്രങ്ങളേക്കാൾ കടുത്ത ശ്രദ്ധയും ഭാവനയും പ്രതിഭയും അനിവാര്യമാണെന്ന് മനസ്സിലാക്കിത്തുടങ്ങുന്നത് ആ പ്രദർശനം കണ്ടതിനു ശേഷമാണ്. 2019ൽ ദോഹയിൽ മതാഫ് അറബ് മോഡേൺ ആർട്ട് ഗ്യാലറിയിലും ബുല്ലാത്തയുടെ പത്തു ചിത്രങ്ങൾ കാണാൻ അവസരം കിട്ടിയിരുന്നു. ജിദ്ദയിൽ കണ്ടതിനേക്കാളേറെ ആ ചിത്രങ്ങൾ അതിശക്തമായി ബോധത്തിലും അതിനു പിറകിലുള്ള അബോധത്തിന്റെ പാളികളിലും വീണിരുന്നു. പിന്നീട് ഇന്റർനെറ്റിന്റെ പല ജനാലകളിലായി അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ കണ്ടു. അമൂർത്ത ജാമ്യതീയതയിൽ നിറങ്ങൾ ലയിച്ചു കിടക്കുന്നത് കാണുമ്പോൾ കലയുടെ സൗന്ദര്യത്തിന്റെ ശകതി തിരിച്ചറിഞ്ഞു. ഉദിച്ച സൂര്യൻ അസ്തമിക്കാതിരിക്കുന്നതും അണഞ്ഞ ചന്ദ്രൻ ഓർമകളിൽ മാത്രം ഉദിക്കുന്നതുമായ അനുഭവമാണ് ആ ചിത്രങ്ങൾ നൽകിയത്.

പ്രവാസിയുടെ പകലുകളും രാവുകളും അമൂർത്തമായി എങ്ങിനെ ചിത്രീകരിക്കാമെന്നാണ് ബുല്ലാത്ത 60 വർഷത്തോളം നീണ്ട ചിത്രകലാ ജീവിതത്തിൽ അന്വേഷിച്ചത്. കുട്ടിക്കാലത്ത് പിതാവിന്റെ സമ്മർദത്തിന് വഴങ്ങി ഐക്കൺ ചിത്രങ്ങളുടെ പകർപ്പ് പരിശീലിക്കുന്ന കാലം മുതൽ പ്രവാസത്തിന്റെ നിരവധി മുഹൂർത്തങ്ങൾ അദ്ദേഹത്തെ പിന്തുടരാൻ തുടങ്ങിയിരുന്നു. കാരണം നിരവധി പ്രവാസികളുടെ കാലടികൾ പതിഞ്ഞ നഗരത്തിലാണ് അദ്ദേഹം ജീവിതം തുടങ്ങിയത്. ജറുസലേമിൽ 600 വർഷം പഴക്കമുള്ള കുടുംബത്തിലെ അംഗമായിരുന്നു ഈ ചിത്രകാരൻ. അതിനാൽ എല്ലായ്​പ്പോഴും അദ്ദേഹത്തെ പ്രചോദിപ്പിച്ചത് സ്വന്തം നാട്ടിൽ നിന്നുള്ള മുദ്രകളായിരുന്നു. ഒപ്പം അറബ് കാലിഗ്രഫിയുടെ സൗന്ദര്യവും.

കമാൽ ബുല്ലാത്ത

1967ൽ 25-ാമത്തെ വയസ്സിൽ ബെയ്‌റൂത്തിൽ ഒരു ചിത്രപ്രദർശനത്തിനു പോയതോടെയാണ് അദ്ദേഹത്തിന് സ്വന്തം നാട് നഷ്ടമാകുന്നത്. പ്രദർശനം കഴിഞ്ഞ് തിരിച്ചു വരാൻ തുടങ്ങുമ്പോൾ ഇസ്രായേൽ പലസ്​തീനിൽ തങ്ങളുടെ അധിനിവേശം പൂർത്തിയാക്കിക്കഴിഞ്ഞിരുന്നു. കുപ്രസിദ്ധമായ ‘അറബ് യുദ്ധ'ത്തിലൂടെ. പലസ്​തീനികൾ നക്ബ (മഹാദുരന്തം) എന്നു പേരിട്ട ആ സംഭവത്തിനു ശേഷം ജറുസലേമിലേക്ക് മടങ്ങാൻ പല വിധത്തിൽ ശ്രമിച്ചെങ്കിലും ഈ ചിത്രകാരന് അതിനു സാധിച്ചില്ല. (1984ൽ ‘സ്ട്രെയിഞ്ചർ അറ്റ് ഹോം' എന്ന സിനിമയിൽ പ്രത്യക്ഷപ്പെടാനായി മാത്രം ഒരാഴ്​ച ജറുസലേമിൽ കഴിയാൻ അദ്ദേഹത്തിന് അനുമതി കിട്ടിയതു മാത്രമാണ് ഇതിനൊരപവാദം) മൊറോക്കോ, ഫ്രാൻസ്, അമേരിക്ക അങ്ങനെ നിരവധി രാജ്യങ്ങളിൽ അദ്ദേഹത്തിന് പ്രവാസ ജീവിതം നയിക്കേണ്ടി വന്നു. ജീവിതത്തിലെ അവസാന 12 വർഷം ബെർലിനിൽ. ഇക്കാലയളവിൽ പല സ്ഥാപനങ്ങളിൽ നിന്നായി ലഭിച്ച ഫെല്ലോഷിപ്പുകൾ ഉപയോഗിച്ച് വരക്കുകയും എഴുതുകയും ചെയ്തു.

അറബ് പാരമ്പര്യത്തിൽ ഊന്നി നിൽക്കുകയും അതോടൊപ്പം എല്ലായ്‌പ്പോഴും പുതുമക്കായി ദാഹിക്കുകയും ചെയ്യുന്ന സർഗ ഭാവനയായിരുന്നു ഈ കലാകാരന്റെ ആർക്കും തകർക്കാൻ കഴിയാത്ത കൈ മുതൽ. പ്രവാസത്തിന്റെ കൈപ്പുറ്റ നിരവധി സന്ദർഭങ്ങളെ അദ്ദേഹം അതിജീവിച്ചത് ഈ മൂലധനം ഉപയോഗിച്ചു കൊണ്ടു തന്നെയായിരുന്നു.

ഹമാസ് പലസ്​തീൻ സംഗീതജ്ഞരെയും സംഗീത പരിപാടികളേയും അടിച്ചമർത്താൻ ശ്രമിക്കുന്നതായി മാധ്യമങ്ങൾ ഇടക്ക് റിപ്പോർട്ട് ചെയ്തിരുന്നു. അമൽ മുർകു ഉൾപ്പെടെയുള്ള ഗായികമാരുടെ സാന്നിധ്യം പലസ്​തീൻ സംഗീതത്തിൽ ഇന്നുണ്ട്.

1998ൽ ജോർദാൻ തലസ്ഥാനമായ അമ്മാനിൽ നടത്തിയ ‘ഭൂമിയുടെ പൊക്കിൾ' എന്ന ബുല്ലാത്തയുടെ പ്രദർശനത്തിന്റെ ബ്രോഷറിൽ മൊറോക്കൻ കലാ നിരൂപകൻ അബ്ദുൽ കബീർ ഖാത്തിബി ഇങ്ങനെ എഴുതി: ജാമ്യതീയ രൂപങ്ങളോടുള്ള ബുല്ലാത്തയുടെ കടുത്ത അഭിനിവേശത്തിനു പുറകിൽ അദ്ദേഹത്തിന്റെ ‘ഐക്കൺ' ചിത്രകലാ പഠനത്തിന്റെ സ്വാധീനമുണ്ട്. അതിലാണ് അദ്ദേഹത്തിന്റെ പ്രാഥമിക കലാ പരിശീലനം. മിഡിലീസ്റ്റിലെ ബൈസൈന്റൻ, അറബ്- ഇസ്​ലാമിക് സംസ്കാരങ്ങളുടെ കലാ തുടർച്ചയാണത്​. എന്നാൽ ബുല്ലാത്ത ഈ രണ്ട് കലാ സംസ്കാരങ്ങളുടെ മാത്രം സാധ്യത പ്രയോജനപ്പെടുത്തുകയല്ല ചെയ്തത്​, ഒരു കലാകാരൻ, സൗന്ദര്യ ശാസ്ത്രത്തെക്കുറിച്ചു ബോധമുള്ളയാൾ എന്ന നിലയിൽ ഈ പ്രഭവ കേന്ദ്രങ്ങളിൽ നിന്ന്​ തന്റെതായ കലയെ ഉൽപ്പാദിപ്പിക്കുകയായിരുന്നു. തന്റെ കലയെക്കുറിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കേട്ട അഭിപ്രായങ്ങളിൽ ബുല്ലാത്ത ഏറ്റവും എളുപ്പത്തിൽ അംഗീകരിച്ച അഭിപ്രായ പ്രകടനം അബ്ദുൽ കബീർ ഖാത്തിബിയുടേതായിരിക്കും. സ്പാനിഷ് നിരൂപകൻ ജോസ് മിഗ്വേൽ പുവർറ്റ മിലേഷ്, ബ്രിട്ടീഷ് നിരൂപകൻ ജീൻ ഫിഷർ എന്നിവരും ബുല്ലാത്തയുടെ കലാ ലോകത്തെക്കുറിച്ചെഴുതിയിട്ടുണ്ട്.

പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും കലയായിരുന്നു ബുല്ലാത്തയുടേത്, അദ്ദേഹം ഈ യാത്രയിലെല്ലാം അഹിംസയുടെ പതാക കൂടി ഒപ്പം കൊണ്ടു നടന്നുവെന്ന ജീൻ ഫിഷറുടെ നിരീക്ഷണം ബുല്ലാത്ത എന്തുമാത്രം സമാധാനം ആഗ്രഹിച്ചുവെന്നതിന്റെ പ്രബലമായ ഉദാഹരണമാണ്.
കലാ ചരിത്രകാരൻ എന്ന നിലയിലുള്ള ബുല്ലാത്തയുടെ സംഭാവനകളും അങ്ങേയറ്റം പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച്​, 2008ൽ പുറത്തു വന്ന ‘പലസ്​തീൻ കല: 1850 മുതൽ ഇക്കാലം വരെ' എന്ന പുസ്തകം.

അറബ് കലാ ചരിത്രത്തിലെ തന്നെ മുൻനിര പുസ്തകങ്ങളിലൊന്നായാണ് ഈ രചന പരിഗണിക്കപ്പെടുന്നത്. പലസ്​തീൻ കലയെ ഇത്രയും സമഗ്രതയിൽ ദർശിക്കുന്ന മറ്റ് പുസ്തകങ്ങൾ ഇല്ലെന്നു തന്നെ പറയാം. അത്രയും സൂക്ഷ്മമായാണ് സ്വന്തം നാട്ടിലെ കലാ ചരിത്രത്തെ ബുല്ലാത്ത പരിചരിക്കുന്നതും അവതരിപ്പിക്കുന്നതും. ഈ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘വ്യാകരണം എഴുത്തുകാരന് എങ്ങനെയാണോ അതു പോലെയാണ് ഒരു ചിത്രകാരന് ജാമ്യതീയത. വ്യാകരണത്തിനും ജാമ്യതീയക്കും ഇടയിലാണ് ഞാൻ ജീവിക്കുന്നത്. കാരണം ഞാൻ ചിത്രകാരനും ഒപ്പം എഴുത്തുകാരനുമാണ്. എഴുത്തിൽ ഞാൻ വീട്ടിലേക്കുള്ള വഴി തേടുന്നു. ചിത്രങ്ങളിൽ ഞാനെന്റെ വീടു നിർമാണം പൂർത്തിയാക്കാൻ പെടാപാട് പെടുന്നു'. അറബ് കവിതകളുടെ പരിഭാഷകൻ എന്ന നിലയിലും അദ്ദേഹം പ്രശസ്തനാണ്. ബുല്ലാത്ത 2019 ആഗസ്​റ്റ്​ ആറിന് അന്തരിച്ചു.

എന്റെ രാജ്യമേ, എന്റെ രാജ്യമേ...

സംഗീത- ഗാന പലസ്​തീൻ പാരമ്പര്യവും സാംസ്ക്കാരികമായി ബലപ്പെട്ടതാണ്. നാടോടി ഗാനങ്ങൾ മുതൽ അറബ് പോപ്പ് സംഗീതം വരെയുണ്ട്. പലസ്​തീനികൾ അവരുടെ അനൗദ്യോഗിക ദേശീയ ഗാനമായി കരുതുന്നത്​ ബലദീ, ബലദീ (എന്റെ രാജ്യമേ, എന്റെ രാജ്യമേ) എന്ന ഗാനമാണ്.പലസ്​തീൻ, പിതാക്കൻമാരുടെ രാജ്യമേ നിന്നോട്, ഞാൻ മടങ്ങി വരും, സംശയിക്കേണ്ട. പൊരുതലും വിപ്ലവവും മരിക്കില്ല ദേശക്കൊടുങ്കാറ്റുകളും...

ഹമാസ് പലസ്​തീൻ സംഗീതജ്ഞരെയും സംഗീത പരിപാടികളേയും അടിച്ചമർത്താൻ ശ്രമിക്കുന്നതായി മാധ്യമങ്ങൾ ഇടക്ക് റിപ്പോർട്ട് ചെയ്തിരുന്നു. അമൽ മുർകു ഉൾപ്പെടെയുള്ള ഗായികമാരുടെ സാന്നിധ്യം പലസ്​തീൻ സംഗീതത്തിൽ ഇന്നുണ്ട്. ഗായിക കമിലിയ്യ ജുബ്രാനെ പലസ്​തീൻ തനത് സംഗീതത്തിന്റെ സ്​ത്രൈണദേവി രൂപം എന്നാണ് നിരൂപകർ വിശേഷിപ്പിച്ചിട്ടുള്ളത്.

കമിലിയ്യ ജുബ്രാൻ, മുഹ്സിൻ സുഹ്ബി

നൂറി അന്തബുരിയുടെ ആൽബങ്ങൾ അടുത്ത കാലത്ത് വളരെയധികം ജനശ്രദ്ധയാകർഷിച്ചതാണ്. 2009ൽ മരിച്ച മുഹ്സിൻ സുഹ്ബി എന്ന പ്രശസ്ത ഗായകൻ പലസ്​തീൻ സംഗീതത്തിൽ പാരമ്പര്യവും പൗരാണികതയും ആധുനികതയും കൂട്ടിക്കലർത്തി പാടുന്നതിൽ ശ്രദ്ധേയനായിരുന്നു. റിം കലാനി, റിം ബന്ന എന്നീ പ്രവാസി ഗായികമാർക്കും വലിയ ആരാധാക വൃന്ദമുള്ളവരാണ്. പലസ്​തീനിയല്ലെങ്കിലും പലസ്​തീൻ സംഗീതത്തിൽ വലിയ സംഭാവന അർപ്പിച്ചത് ലെബനീസ് ഗായകനും സംഗീതനുമായ മാർസൽ ഖലീഫാണ്. മഹ്​മൂദ്​ ദർവിശിന്റെ നിരവധി ഗാനങ്ങൾക്ക് സംഗീതം പകർന്ന്​ മാർസൽ ചരിത്രം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ മകൻ റാമി ഖലീഫ് ഇന്ന് അറബ് ലോകത്തും വിദേശത്തും ഏറെ ശ്രദ്ധിക്കപ്പെടുന്ന ഗായകനാണ്.

പൊട്ടിപ്പോയ ക്യാമറകൾ

പലസ്​തീൻ സിനിമകളും ലോക ശ്രദ്ധയാകർഷിച്ചിട്ടുണ്ട്​. 5 ബ്രോക്കൺ ക്യാമറാസ് (സംവിധാനം: ഇമാദ് ബർനാറ്റ്) ജെനിൻ, ജെനിൻ (സംവിധാനം: മുഹമ്മദ് ബക്ക്രിൻ), ബോൺ ഇൻ ഗാസ (സംവിധാനം: ഹെർനൻ സിൻ) തുടങ്ങിയ പലസ്​തീൻ സിനിമകൾ ലോകശ്രദ്ധ നേടിയവയും അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ഇടം പിടിച്ചവയുമാണ്. 5 ബ്രോക്കൺ ക്യാമറാസ് കേരളത്തിൽ പലയിടത്തും പ്രദർശിപ്പിച്ചിട്ടുമുണ്ട്. 1

987ൽ പുറത്തിറങ്ങിയ ‘വെഡ്ഡിംഗ് ഇൻ ഗലീലി' (സംവിധാനം: മിഷേൽ ഖലീഫി)യാണ് പലസ്​തീൻ സിനിമയിൽ ശ്രദ്ധേയമായ ആദ്യ ചുവടുവെപ്പെന്ന് സിനിമാ നിരൂപകർ വിലയിരുത്തുന്നു. കർഫ്യു നില നിൽക്കുമ്പോൾ മകെന്റ വിവാഹം നടത്തുന്ന ഗ്രാമമുഖ്യെന്റ (മേയർ) കഥയാണിത്. ഇസ്രാ​യേൽ സൈനികരേയും മേജറേയും വിവാഹത്തിനു ക്ഷണിക്കേണ്ടി വരുന്നു. ഈ സംഘർഷമാണ് സിനിമയിലെ വിവാഹ മുഹൂർത്തം. ഈ സിനിമയോടെയാണ് യഥാർഥത്തിൽ പലസ്​തീൻ സിനിമ ലോക ശ്രദ്ധ നേടുന്നത്.

വെഡ്ഡിംഗ് ഇൻ ഗലീലിയിൽ നിന്ന്

1996ൽ ഏലിയ സുലൈമാൻ സംവിധാനം ചെയ്ത ‘കാണാതാകലിന്റെ ഒരു കഥ' (ക്രോണിക്കിൾ ഓഫ് എ ഡിസപ്പിയറൻസ്) പലസ്​തീൻ സിനിമാ ചരിത്രത്തിൽ നാഴികക്കല്ലായ മാറി. ഏലിയ സുലൈമാൻ എന്ന പേര്​ അന്താരാഷ്ട്ര സിനിമാ വേദികളിൽ ചിര പ്രതിഷ്ഠ നേടുന്നത് ഈ ചിത്രത്തോടെയാണ്. പിന്നീടുള്ള വർഷങ്ങളിൽ ഏലിയ സുലൈമാൻ പുതിയ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. വിദേശത്ത് അംഗീകാരമുണ്ടെങ്കിലും പലസ്​തീനികൾ വലിയ തോതിൽ വിമർശിക്കുന്ന സംവിധായകൻ കൂടിയാണ് അദ്ദേഹം. കോമഡിയായി ഏലിയ സുലൈമാൻ അവതരിപ്പിക്കുന്ന പല കാര്യങ്ങളും പലസ്​തീൻ ചരിത്രത്തോട് നീതി പുലർത്തുന്നില്ലെന്ന വിമർശനമാണ് ഉയർന്നിട്ടുള്ളത്. 2018ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ‘ഇറ്റ് മസ്റ്റ് ബി ഹെവൻ' എന്ന ചിത്രം ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു. ഈ ചിത്രത്തിൽ അഭിനയിക്കുന്നത് സംവിധായകൻ തന്നെയാണ്.

ഇന്ന് ലോക ശ്രദ്ധയാകർഷിക്കുന്ന നിരവധി ഹ്രസ്വചിത്രങ്ങളും പലസ്​തീനിൽ നിന്നുമുണ്ടാകുന്നുണ്ട്. 2013ൽ പുറത്തിറങ്ങിയ ഒമർ (സംവിധാനം: ഹാനി അബു അസദ്) കാൻ ചലച്ചിത്രമേളയിൽ പ്രത്യേക ജൂറി സമ്മാനം നേടിയ സിനിമയാണ്.
2020ൽ ഫറാ നബുൽസി സംവിധാനം ചെയ്ത പ്രസൻറ്​ (അൽ ഹദിയ) എന്ന സിനിമ ലോക ശ്രദ്ധ നേടുകയുണ്ടായി. നെറ്റ് ഫ്ലിക്​സിലായിരുന്നു ഇതിന്റെ പ്രദർശനം. ഇസ്രായേൽ അധിനിവേശത്തിലുള്ള വെസ്റ്റ്​ ബാങ്കിൽ കഴിയുന്ന യൂസുഫ്- നൂർ ദമ്പതികൾ തങ്ങളുടെ വിവാഹ വാർഷികം ആഘോഷിക്കാൻ തീരുമാനിക്കുന്നതും യൂസുഫ് മകളുമൊത്ത് വിവാഹ സമ്മാനം വാങ്ങാൻ പോകുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

ബെത്​ലഹേമിലെ ജനത്തിരക്കാർന്ന ഇസ്രായേലി ചെക്ക് പോയിൻറ്​ കടന്നു വേണം യൂസുഫിന് അങ്ങാടിയിലേക്കു പോകാൻ. എല്ലാ ദിവസവും ജോലിക്കു പോകുമ്പോൾ യൂസുഫ്​ ചെക്ക് പോയിൻറ്​ കടക്കുന്നതിന്റെ ക്ലേശം അനുഭവിക്കുന്നതാണ്. വിവാഹ വാർഷിക സമ്മാനം വാങ്ങാൻ ജീവനു തുല്യം സ്നേഹിക്കുന്ന മകൾ ബാലികയായ യാസ്​മിനൊപ്പമാണ് അയാൾ പോകുന്നത്. കുറേ നാളുകളായി വിട്ടുമാറാത്ത പുറം വേദന യൂസുഫിനെ ശല്യം ചെയ്യുന്നുണ്ട്. വീട്ടിലെ കേടുവന്ന ഫ്രിഡ്​ജിനു പകരം ഭാര്യക്ക് വിവാഹ സമ്മാനമായി പുതിയൊരു ഫ്രിഡ്​ജ്​ വാങ്ങിക്കൊടുക്കാനാണ് അയാൾ തീരുമാനിക്കുന്നത്. മകൾക്കും ചില സാധനങ്ങൾ ആവശ്യമുണ്ട്.

രണ്ടു പേരെയും ഷോപ്പിംഗ് മാളിലേക്ക് പോകും വഴി ചെക്ക് പോയിന്റിൽ തടയുന്നു. വാപ്പയേയും മകളേയും രണ്ട് വ്യത്യസ്ത മുറികളിലിട്ട് മാനസികമായി പീഡിപ്പിക്കുന്നു. പിന്നീട് പോയ്ക്കൊള്ളാൻ പറയുന്നു. ഫ്രിഡ്​ജും മറ്റു സാധനങ്ങളും വാങ്ങി മടങ്ങുമ്പോൾ ചെക്ക് പോയിന്റിൽ വീണ്ടും പരിശോധന. പക്ഷെ അത് ആദ്യത്തേതു പോലെയായിരുന്നില്ല. കാറിൽ ഫ്രിഡ്ജ്​ കൊണ്ടു പോകാൻ പറ്റില്ലെന്നു പറഞ്ഞാണ് ഇസ്രായേൽ സുരക്ഷാ സൈനികർ പീഡനം ആരംഭിക്കുന്നത്. ഒടുവിൽ താനത് ഒരു ട്രോളിയിൽ തള്ളിക്കൊണ്ടു പോകാമെന്ന് പറഞ്ഞെങ്കിലും അനുമതി കിട്ടുന്നില്ല. ഒടുവിൽ യൂസഫും സുരക്ഷാ സൈനികരും തമ്മിലുള്ള സംഘർഷം മുറുകുമ്പോൾ മകൾ യാസ്​മിൻ ട്രോളിയിൽ ഫ്രിഡ്​ജ്​ കഷ്ടപ്പെട്ട് തള്ളിക്കൊണ്ടു പോകുന്നിടത്ത് സിനിമ അവസാനിക്കുന്നു. ഇസ്രായിൽ ഭീകരതയിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ അനുഭവിക്കുന്നത് കുട്ടികളാണ്. ഈ ഹ്രസ്വ സിനിമ ഇക്കാര്യത്തിന് അടിവരയിടുകയാണ്. ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ് നേടിയ ചിത്രം കൂടിയാണിത്.

പലസ്​തീൻ ജനത അനുനിമിഷമെന്നോണം കൂടുതൽ കൂടുതൽ ഒറ്റപ്പെടുകയും അതേ അളവിൽ നിസ്സഹായരാവുകയുമാണ്.

കോവിഡ് അടച്ചിരിപ്പിന്റെ തുടക്ക നാളുകളിൽ നെറ്റ്​ഫ്ലിക്​സിലൂടെ ഈ ചിത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിന്‌ പ്രേക്ഷകർ കണ്ടു. ആറു പതിറ്റാണ്ടിലധികമായി ഒരു മാറ്റവുമില്ലാതെ തുടരുന്ന, ദിനേനയെന്നോണം കൂടുതൽ കൂടുതൽ സങ്കീർണമായി വരുന്ന പലസ്​തീൻ ജീവിതത്തെ ഈ ചെറുചിത്രം അതിശകതമായി പ്രതിനിധീകരിക്കുന്നു. 2021 മെയ് പത്തിന് ഇസ്രായേൽ പലസ്​തീൻ പ്രദേശങ്ങളിൽ വീണ്ടും യുദ്ധം തുടങ്ങി. നിരവധി പേർ കൊല്ലപ്പെട്ടു. പതിവു പോലെ കുറച്ചു ദിവസം കഴിഞ്ഞ് മെയ് 21ന് ‘അന്താരാഷ്ട്ര സമ്മർദങ്ങളെ' തുടർന്ന് ഇസ്രാ​യേൽ വെടി നിർത്തൽ പ്രഖ്യാപിച്ചു. യുദ്ധം നടത്തുന്നതും വെടി നിർത്തൽ പ്രഖ്യാപിക്കുന്നതും ഇസ്രായേൽ തന്നെ!. പലസ്​തീനികളെ ഭീകരവാദികളാക്കുന്ന കേരളത്തിലടക്കമുള്ള ലിബറലുകൾക്കും വലതു പക്ഷക്കാർക്കും അന്തരാഷ്ട്ര സമൂഹത്തിനും ഈ യാഥാർഥ്യം എന്നുൾക്കൊള്ളാൻ കഴിയുമെന്നതിന് ഒരു നിശ്ചയവുമില്ല. അറബ് സമൂഹത്തിൽ നിന്നും ഇതിനാവശ്യമായ ഒരു ചുവടുവെപ്പും ഉണ്ടാകുന്നുമില്ല. പലസ്​തീൻ ജനത അനുനിമിഷമെന്നോണം കൂടുതൽ കൂടുതൽ ഒറ്റപ്പെടുകയും അതേ അളവിൽ നിസ്സഹായരാവുകയുമാണ്.

ദി പ്രസൻറ് എന്ന ചിത്രത്തിൽ നിന്ന്

പലസ്​തീനിൽ നിന്നുള്ള കോവിഡ് കാല വാർത്ത ഗസ്സയിലെ മനുഷ്യർക്ക് എക്​സ്​പയറി ഡേറ്റ് കഴിഞ്ഞ കോവിഡ് വാക്‌സിൻ നൽകാൻ ഇസ്രാ​യേൽ ‘കരുണ' കാണിച്ചതാണ്. സത്യത്തിൽ ലോകം മുഴുവൻ ഇതേ നിലയിലാണ് (എക്സ്​പയറി ഡേറ്റ് കഴിഞ്ഞുള്ള കരുണ) പലസ്​തീനികളോട് പെരുമാറുന്നത് എന്നതാണ് വാസ്​തവം.

ആ ചോദ്യം നെഞ്ചിൽ കത്തുന്നു

2016ൽ ഷാർജയിൽ മഹ്മൂദ് ശുകൈറുമായി സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു: യുദ്ധമുണ്ടാകുമ്പോഴാണ് പലസ്​തീൻ സാഹിത്യം ലോകം ശ്രദ്ധിക്കുന്നത്, സമാധാന കാലത്ത് ഞങ്ങളെ ആരും വായിക്കുന്നില്ല. പിന്നീടത് അദ്ദേഹം തിരുത്തി, സമാധാന കാലം, അങ്ങനെയൊന്ന് ഉണ്ടോ? ഉണ്ടാകുമോ?- ആർക്കറിയാം?
ആ ചോദ്യം ഇപ്പോഴും നെഞ്ചിൽ കത്തുന്നു. ▮

(ലേഖനത്തിൽ വിവർത്തകന്റെ പേര്​ പരാമർശിക്കാത്ത വിവർത്തനങ്ങളെല്ലാം ലേഖകൻേറതാണ്. പലസ്​തീൻ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷകൾ ഉപയോഗപ്പെടുത്തിയാണ് ഈ ലേഖനം എഴുതിയിട്ടുള്ളത്. പ്രതിനിധാന സ്വഭാവത്തിലൂന്നി പലസ്​തീൻ സാഹിത്യം, കല, സംഗീതം, സിനിമ എന്നീ മേഖലകളെ പരിചയപ്പെടുത്താനാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത്.)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി. മുസഫർ അഹമ്മദ്​

കവി, വിവർത്തകൻ, യാത്രികൻ, ‘കേരളീയം’ മാസികയുടെ എഡിറ്റർ. ​​​​​​​മരുഭൂമിയുടെ ആത്മകഥ, മരുമരങ്ങൾ, മരിച്ചവരുടെ നോട്ടുപുസ്​തകം, കുടിയേറ്റക്കാരന്റെ വീട്​ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments