പലസ്തീൻ തടവുകാരെ വിചാരണ കൂടാതെ വധിക്കാനുള്ള നിയമം ഇസ്രായേൽ ഭരണകൂടം പാസാക്കിയ ദിവസമാണ്, യാദൃച്ഛികമെങ്കിലും ഞാൻ സൂസൻ അബുൽഹവയുടെ “സനേഹശൂന്യലോകത്തിനെതിരെ” (Against the Loveless world, 2020) എന്ന നോവൽ വായിച്ചുതീർത്തത്. പലസ്തീൻ അഭയാർത്ഥിയായ നെഹ൪ യാക്കൂദിന്റെ കഥയാണ് ഈ നോവൽ. പ്രണയവും ഭൗമരാഷ്ടീയവും ചരിത്രവും ഇഴചേർന്ന ഈ കഥ തികച്ചും കാൽപനികമായിത്തന്നെ അവസാനിക്കുന്നത് ഇസ്രായേൽ രാഷ്ടീയത്തടവുകാരിയാക്കി 16 വർഷം ഒൻപതടിയിൽ ഒതുങ്ങുന്ന തടവുമുറിയിൽ മാനസീകപീഡനങ്ങൾക്ക് വിധേയയാക്കി പാർപ്പിച്ച നെഹറിന്റെ മോചനത്തിലാണ്.
യാഥാർത്ഥ്യവും കാൽപനികതയും തമ്മിലുള്ള സാമ്യവും അന്തരവും ഉൾക്കിടിലത്തോടെ മാത്രമെ ഓർക്കാൻ കഴിയൂ എന്നത് ഈ സത്യാനന്തരയുഗത്തിന്റെ മറ്റൊരു സിനിക്കൽ യുക്തിയാണ്. ഒരു വശത്ത്, ജയിൽ വിമോചിതയായ നോവലിലെ കഥാപാത്രത്തെ ഞാൻ കാണുന്നു. മറുവശത്ത്, നെഹറിനേപ്പോലെയുള്ള ഒട്ടനവധി പലസ്തീൻ തടവുകാരെ വിചാരണ പ്രഹസനമാക്കി നിർദ്ദയം കൊന്നൊടുക്കാനുള്ള നിയമം പാസാക്കിയതിനുശേഷം ഇസ്രായേൽ പാർലമെന്റിൽ ഷാംപെയ്ൻ കുപ്പികളുമായി നിഷ്ഠൂരരായ നിയമനിർമ്മാതാക്കൾ വിജയമാഘോഷിക്കുന്നു.
നോവലും ചരിത്രവും
സൂസൻ അബുൽഹവയുടെ “ജെനിനിലെ പകലുകൾ”, “സ്നേഹശൂന്യലോകത്തിനെതിരെ”, എന്നീ നോവലുകളെ മുൻനിർത്തി അറബ് രാജ്യങ്ങളുടെ ചരിത്രം, ഇസ്രായേലിനുശേഷമുള്ള പശ്ചിമേഷ്യൻ ചരിത്രം, സ്ത്രീപക്ഷത്തുനിന്നുകൊണ്ട് പുനർവായനയ്ക്ക് വിധേയമാക്കാൻ കഴിയും. എന്നാൽ ഇതിനുള്ള രീതിശാസ്ത്രം പരിമിതമാണ്. ആധുനികമോ ആധുനികപൂർവ്വമോ ആധുനികാനന്തരമോ പാശ്ചാത്യമോ പൗരസ്ത്യമോ ആയ ഒരു ചരിത്രവും രാഷ്ടീയമായി സ്ത്രീപക്ഷമാവണമെന്നില്ല. ആൺകോയ്മയുടെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തലിന് വിധേയമാക്കപ്പെടേണ്ടത് ഈയൊരു പശ്ചാത്തലംകൂടി മനസ്സിൽവച്ചുകൊണ്ടാവണം. ഇവിടെ സ്ത്രീപക്ഷമെന്നാൽ കേവലം ലിംഗപരമായ ഒരു അധികാരത്തിന്റെയോ ചൂഷണത്തിന്റെയോ അവസ്ഥയല്ല വിവക്ഷിക്കുന്നത്. ‘ഫെമിനിസ്റ്റ്’ എന്ന് കേട്ടാൽ നടുങ്ങുന്ന, ഒഴിഞ്ഞുമാറുന്ന, സാങ്കൽപ്പികയുദ്ധത്തിന് സജ്ജരാവുന്ന, ആൺപെൺഭേദമന്യേയുളള സ്നേഹരഹിതർക്ക് വേണ്ടിയാണ് ഈ ചരിത്രപുനർവായന സാധ്യമാക്കേണ്ടത്.
ബ്ലാക്ക് ഫെമിനിസം, അറബ് ഫെമിനിസം, ദലിത് ഫെമിനിസം എന്നീ പ്രസ്ഥാനങ്ങൾ ഒരുപോലെ പങ്കുവെയ്ക്കുന്ന ഒരു നിലപാടാണ് ഹിംസകളുടെയും കെടുനീതികളുടെയും പരസ്പരച്ഛേദം (Intersectionality of oppression and violence) എന്ന പരികല്പന. യഥാർത്ഥത്തിൽ ഈ രാഷ്ട്രീയ-സൈദ്ധാന്തിക നിലപാട് ഫെമിനിസത്തിന്റെ ഒരു അടിക്കുറിപ്പല്ല. മറിച്ച്, ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറ തന്നെയാണ്. ഈജിപ്തിൽനിന്നും ഹുദാ ഷെറാവിയും ലേബനിൽനിന്നും നാസിറ സൈനദിനും അൾജീരിയൻ, പലസ്റ്റേനിയൻ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും ഒക്കെ ഉയർന്നുവന്നത് 1920-കളിലെ കൊളോണിയൽവിരുദ്ധ സമരങ്ങളുടെകൂടി പാശ്ചാത്തലത്തിലാണ് എന്നത് ഒട്ടും യാദൃച്ഛികമല്ല. ഇന്റർസെക്ഷണൽ ഫെമിനിസ്റ്റ് പോരാട്ടങ്ങളിലാണ്, ആഗോള അടിച്ചമർത്തലുകളും ലോകനീതിയുടെ ഏറ്റവും സുപ്രധാനമായ പ്രതീക്ഷകളും ഒരുപോലെ കണ്ണിചേരുന്നത്. അബുൽഹവയുടെ നോവലുകളിലെ ചരിത്രത്തെ അത്തരമൊരു വിചാരമാതൃകയിൽ പരിശോധിക്കുക എന്നത് പ്രധാനമാണ്.

തുടക്കത്തിൽതന്നെ പറയട്ടെ, അബുൽഹവയുടെ അറബ് ചരിത്രകഥനം 1990-കളിലെ പശ്ചിമേഷ്യൻ പ്രതിസന്ധികളെക്കുറിച്ച് പറയുമ്പോൾപോലും അമേരിക്കയുടെ ക്രൂഡ് ഓയിൽ ആർത്തിയെക്കുറിച്ചോ അതിലൂടെ നിർമ്മിതമായ ആഗോളസമ്പദ് വ്യവസ്ഥയുടെ സങ്കീർണ്ണതകളെക്കുറിച്ചോ പരാമർശിച്ച് കാണുന്നില്ല എന്നത് വിചിത്രമായി തോന്നാം. പക്ഷേ ആ മുഖംതിരിക്കലിൽതന്നെ സവിശേഷമായ ഒരു ചരിത്രമുണ്ട്. ലോകം എണ്ണപ്പാടങ്ങളിൽ കണ്ണുനട്ട് തുടങ്ങുന്നതിനും എത്രയോ മുൻപ് സാമ്രാജ്യത്വദുർമോഹങ്ങൾക്ക് തടയിട്ട രാജ്യമാണ് പലസ്തീൻ. ബാൽഫോർ (Arthur Balfour) എന്ന ബ്രിട്ടീഷുകാരന്റെ വികലമായ സയണിസ്റ്റ് പ്രീണനത്തിൽ 1917-ലും, പിന്നീട് ബ്രിട്ടീഷ് മൻഡേറ്റ് നടപ്പിലാക്കിയ വില്ല്യം വെല്ലസ്ലി പീൽ (William Wellesley Peel) എന്ന ബ്രിട്ടീഷ് പാർലമെൻ്റ് അംഗത്തിന്റെ വികലമായ പരിഷ്കരണത്താൽ 1936-ലും തുടർന്ന് അമേരിക്കൻ പ്രസിഡൻഡായിരുന്ന ഹാരി ട്രൂമാന്റെ കുത്സിതബുദ്ധിയിൽ 1947-ലും യൂറോപ്യൻ കൊളോണിയൽ അധികാരഭ്രമവും അഹന്തയും ഉരുക്കിയെടുത്ത സാമ്രാജ്യത്വ ധാർഷ്ട്യത്തിന്റെ ഫലമാണ് ഒരു നൂറ്റാണ്ടോളമായി പലസ്തീൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന അചിന്ത്യമായ ദുരന്തങ്ങൾ.
അബൂൽഹവയുടെ രചനകളിൽ, മൂന്നു തലമുറകളിൽനിന്നും ഓരോ ഘട്ടത്തിലായി പല മനുഷ്യരാണ് തിരിച്ചുവരവിനായി വെമ്പിജീവിക്കുന്നതും അതിനുകഴിയാതെ പരാജിതരാകുന്നതും.
സമകാലിക ചരിത്രം അതുകൊണ്ടുതന്നെ അബുൽ ഹവുടെ കഥകളിലെ അനുബന്ധങ്ങൾ മാത്രമാണ്. ഈ ചരിത്രത്തിന്റെ കഥ പറയുന്നതിനായി അബുൽഹവ തിരയുന്നത് സാമ്രാജ്യത്വ യുദ്ധമോഹത്തിന് കീഴ്പ്പെടേണ്ടിവന്ന ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ, വിശേഷിച്ചും സ്ത്രീകളുടെയും, കുടുംബങ്ങളുടെയും കുഞ്ഞുങ്ങളുടെയും ദുരന്തകഥകളാണ്. ആദ്യത്തെ ആർത്തവത്തോടൊപ്പം ഇസ്രായേലിന്റെ വെടിയേറ്റ് ചോരപൊടിക്കുന്ന 13 വയസ്സുകാരി അമലിന്റെയും സദ്ദാം ഹുസൈന്റെ കുവൈറ്റ് ആക്രമണത്തിനിടയിൽ ക്രൂരമായി ബലാൽക്കാരം ചെയ്യപ്പെടുന്ന നെഹറിന്റെയും ബോധധാരകളിലൂടെയാണ്.
ബൗദ്ധികമായ പ്രതിനിധാനത്തെക്കുറിച്ച് എഡ്വേർഡ് സൈദ് പറയുന്നത്, അത് അധികാരത്തോട് സത്യം വിളിച്ചുപറയുക എന്ന കർമ്മമാണ് നിർവഹിക്കുന്നത് എന്നാണ്. വെറുമൊരു ശുഭാപ്തിവിശ്വാസമായിട്ടല്ല, മറിച്ച് ബദലുകൾ ശ്രദ്ധാപൂർവ്വം അളന്നുനോക്കി, ഏറ്റവും അർത്ഥവത്തായ മാറ്റംകൊണ്ടുവരാൻ കഴിയുന്നിടത്ത് ബുദ്ധിപരമായ ഇടപെടലോടെ പ്രതിനിധീകരിക്കുക എന്ന കർമ്മമായിട്ടാണ് സൈദ് തന്റെ എഴുത്തിനെ കണ്ടിരുന്നത്. താനുൾപ്പെട്ട പലസ്തീൻ ജനത സയണിസത്തിന്റെ ഇരകൾ എന്നല്ല, നിരന്തരമായ പ്രതിരോധത്തിന്റെ പ്രതിനിധികൾ എന്ന നിലയ്ക്ക് സയണിസം എന്ന അതിഭീകര കൊളോണിയൽ സ്വാർത്ഥതയ്ക്കു എതിരായും ബദലായുമുള്ള ഏക മാതൃകയാണ് എന്ന് സൈദ് നിരീക്ഷിക്കുന്നുണ്ട്.

2025-ൽ പുറത്തിറങ്ങിയവയിൽ ശ്രദ്ധേയമായ പലസ്തീൻ ചരിത്രത്തെക്കുറിച്ചുള്ള Palastine 36 എന്ന സിനിമ സംവിധാനം ചെയ്ത അന്നെമേരി ജാസിർ (Annemarie Jacir), തന്റെ സിനിമ പലസ്തീൻ ചരിത്രത്തെ കാൽപനികവൽക്കരിക്കുന്നുണ്ടോ എന്ന ചോദ്യത്തെ ഒരു അഭിമുഖത്തിൽ നേരിടുന്നത് ഈ ഉദാഹരണം ഉയർത്തിക്കൊണ്ടാണ്. സാമ്രാജ്യത്വത്തിന്റെ എതിർചേരിയിലെ പോരാട്ടത്തിൽ ഇന്ന് പലസ്തീൻ ഏറ്റവും വലിയ വിപ്ലവമാതൃകയാണ്. കാൽപനികതയില്ലാതെ എന്തുവിപ്ലവം എന്നവർ ചോദിക്കുന്നു.
2002-ൽ രണ്ടാം ഇൻതിഫാദയുടെ (intifada) കാലത്ത് പലസ്തീൻ അനുകൂല നിലപാട് എടുത്തതിന് പ്രിൻസ്റ്റൺ സർവകലാശാലയിലെ റിസർച്ച് സയൻ്റിസ്റ്റ് പദവിയിൽനിന്ന് പുറത്താക്കപ്പെട്ട, അഞ്ചുവയസ്സുള്ള മകളുടെ അമ്മയും വിവാഹമോചിതയുമായിരുന്ന തന്റെ പ്രതിസന്ധികാലത്തെക്കുറിച്ച് അബുൽഹവ എഴുതിയിട്ടുണ്ട്.
ഖനാഫാനിയുടെയും അബുൽഹവയുടെയും അറബ് കഥാപാത്രങ്ങൾ ഒരുപോലെ ആവർത്തിക്കുന്ന ചോദ്യമാണ്, ‘ജൂതർക്ക് ഇവിടെ കഴിയാൻ ഞങ്ങൾ എന്തിനു പുറത്താവണം’ എന്നത്.
2001 സെപ്തംബർ 11-നുശേഷം ന്യൂയോർക്ക് പോസ്റ്റിൽ എഴുതിയ “ദൈവം നമ്മിലെല്ലാം തന്റെ അനന്തമായ കൃപ ചൊരിയട്ടെ” (May God Touch All of Us with His Infinite Grace) എന്ന കുറിപ്പിൽ, അന്തമില്ലാത്ത സാമ്രാജ്യത്വത്വരയുടെ ഇരകളായി സമാനമായ യുദ്ധക്കെടുത്തിയിൽ കൊല്ലപ്പെടുന്ന അനവധി അറബ് ജീവിതങ്ങളിലേക്കുംകൂടി ശ്രദ്ധക്ഷണിച്ചതിനാണ് സൂസൻ അബുൽഹവ അമേരിക്കയിൽ എഴുത്തിന്റെ പേരിൽ ആദ്യം ഒറ്റപ്പെടുന്നത്. ജറുസലേമിൽ അനാഥാലയ വാസത്തിൽനിന്നും വർഷങ്ങളോളം താണ്ടിയ അഭയാർഥിജീവിതത്തിൽനിന്നും അടർത്തിയെടുത്ത സത്യങ്ങൾ വിളിച്ചുപറഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തിൽ താൻ എങ്ങനെ ഒറ്റപ്പെടാമെന്ന് അന്ന് മനസ്സിലാക്കിയതായി അബുൽഹവ നിരീക്ഷിക്കുന്നുണ്ട്.
ഈ ഒറ്റപ്പെടലിൽനിന്നാണ് പലസ്തീനിലേക്ക്, ഇസ്രായേലിന്റെ ബുൾഡോസറുകൾ ഇടിച്ചുനിരത്തുന്ന ജെനിൻ അഭയാർഥിക്യാമ്പിലേക്ക് അതിസാഹസികമായി എഴുത്തുകാരി തിരിച്ചെത്തുന്നത്. ആ ദൃഢമായ ഉൾക്കരുത്തിൽനിന്നുമാണ് അബൂൽഹവയുടെ ആദ്യ നോവലും പലസ്തീൻ ചരിത്രം അധികരിച്ച് എഴുതപ്പെട്ട ആദ്യ ഇംഗ്ലീഷ് നോവലുമായ ജെനിനിലെ പകലുകൾ (Mornings in Jenin, Bloomsbury, 2010) പിറക്കുന്നത്. 2006-ൽ The Scar of David എന്ന പേരിൽ ഇതേ നോവൽ Middle East Books പ്രസിദ്ധീകരിച്ചിരുന്നു.

ഖനാഫാനിയിൽനിന്ന്
അബുൽഹവയിലേക്ക്
എത്തുമ്പോൾ
സയണിസ്റ്റുകൾ ദാരുണമായി കൊലപ്പെടുത്തിയ ആധുനിക പലസ്തീൻ സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ ശബ്ദമായ ഹസ്സൻ ഖനാഫാനിയുടെ “ഹൈഫയിലേക്കുള്ള മടക്കം” (Return to Haifa, 1969) എന്ന പ്രസിദ്ധമായ കഥയെ അധികരിച്ച് എഴുതപ്പട്ട കൃതിയാണ് ജെനിനിലെ പകലുകൾ. അതുകൊണ്ടുതന്നെ ഖനാഫാനിയുടെ കഥയുമായുള്ള സാമ്യവും വൈജാത്യവും പരാമർശിച്ചുകൊണ്ടല്ലാതെ ഈ നോവലിനെക്കുറിച്ച് പറയുക അസാധ്യമാണ്.
രണ്ടും പലസ്തീനിലേക്കുള്ള അപ്രാപ്യമായ മടക്കത്തെക്കുറിച്ചുള്ള കഥകളാണ്. കുടിയേറ്റത്തിനായി ലോകത്തുള്ള സകല ജൂതർക്കും തുറന്നുകൊടുക്കപ്പെട്ടിട്ടുള്ള രാജ്യമാണ് ഇസ്രായേൽ. ന്യൂയോർക്കിൽ സയണിസ്റ്റ് കുടിയേറ്റക്കാരുടെ റിയൽ എസ്റ്റേറ്റ് സംരഭങ്ങളായ നഫേഷ് ബി നഫേഷിൽ നടക്കുന്ന ഭൂമിക്കൊള്ളയും വാഗ്ദാനങ്ങളും സയണിസത്തിനെതിരായി ജൂതർ തന്നെ വെളിപ്പെടുത്തുന്ന ഇന്നത്തെ കാലത്തും സ്വന്തം ഭൂമിയിലേക്ക് തിരിച്ചുചെല്ലാൻ അവകാശമില്ലാത്ത ജനതയാണ് പലസ്തീനികൾ. 2000 വർഷം മുൻപുള്ള വാഗ്ദത്തഭൂമിയിലേക്കല്ല; സ്വന്തം പേര് കൊത്തിവച്ച ചുമരുകളുള്ള വീടുകളും, സ്വയം നട്ടുനനച്ചു വളർത്തിയ മരത്തോപ്പുകളുമുള്ള ഭൂമിയിലേക്കാണ് അവർ മടങ്ങാൻ കഴിയാത്തവരാകുന്നത്. പകരം പതിനായിരങ്ങൾ തിങ്ങിപ്പാർക്കുന്ന അഭയാർത്ഥിക്യാമ്പുകളിൽ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് നിരന്തരമായ നരകജീവിതത്തിലേക്ക്, മരണത്തിലേക്ക് തുരത്തിയോടിക്കപ്പെടുകയാണ് അവർ.
സയണിസം എന്ന ഗൂഢരാഷ്ട്രീയപദ്ധതി ഇസ്രായേലികളായ ജൂതർക്കടക്കം മനുഷ്യത്വത്തിനുതന്നെ എത്രമാത്രം വിപൽക്കരമായ വെറുപ്പിന്റെ പടുകുഴിയാണെന്ന് അസന്ദിഗ്ദമായി പറഞ്ഞുവയ്ക്കുകയാണ് അബുൽഹവ ചെയ്യുന്നത്.
ഇത്രയും പ്രകടമായി, പ്രത്യക്ഷമായി അനീതിക്ക് നിലനിൽക്കാൻ കഴിയുന്നതെങ്ങനെയാകും എന്ന് ഖനാഫാനിയുടെ കഥാപാത്രം ആവർത്തിച്ച് ചോദിക്കുന്നുണ്ട്. ഈ അനീതിയെ ആഴത്തിൽ തത്വശാസ്ത്രപരമായിത്തന്നെ വിമർശിക്കാൻ ശ്രമിക്കുന്ന തികഞ്ഞ ബുദ്ധിജീവിയായ സൈദ് എന്ന കഥാപാത്രമാണ് ഖനാഫാനിയുടെ കഥയിൽ ഹൈഫയിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്നത്.
അബൂൽഹവയിലാവട്ടെ, മൂന്നു തലമുറകളിൽനിന്നും ഓരോ ഘട്ടത്തിലായി പല മനുഷ്യരാണ് തിരിച്ചുവരവിനായി വെമ്പിജീവിക്കുന്നതും അതിനുകഴിയാതെ പരാജിതരാകുന്നതും. അബൂൽഹവയുടെ നായിക അമലിന്റെ മുത്തച്ഛൻ യാഹ്യ 1952-ൽ എയ്ൻ ഹൂദ് എന്ന പലസ്തീനിയൻ ഗ്രാമത്തിന്റെ ആദ്യത്തെ രക്തസാക്ഷിയാകുന്നത്, താൻ നനച്ചുവളർത്തിയ മരങ്ങളിൽനിന്ന് ഒലിവ് പറിച്ചതിന്റെ പേരിൽ വെടിയേറ്റുകൊണ്ടാണ്. ജെനിനിലെ അഭയാർത്ഥിക്യാമ്പിൽനിന്നു നോക്കിയാൽ എയ്ൻ ഹൂദിലെ തന്റെ വളപ്പിൽ സൂര്യൻ തെളിയുന്നത് ദൂരെനിന്നും യഹ്യയ്ക്ക് കാണാം. പക്ഷെ 1948-ലെ നഖ്ബയെ തുടർന്ന് എഴുന്നൂറോളം പലസ്തീനികളെ ആ ഗ്രാമത്തിൽനിന്ന് പുറത്താക്കി അവിടെ കുടിയേറിയിരിക്കുന്നത് ഫ്രഞ്ച് കലാകാരൻമാരായ ജൂതരാണ്. (Wikipedia- ക്ക് മറ്റനേകം പലസ്തീൻ ഗ്രാമങ്ങളെപ്പോലെ എയ്ൻ ഹൂദ് ഇസ്രായേൽ ഗ്രാമമാണ് – ഒരു ഫ്രഞ്ച് ആർട്ടിസ്റ്റ് ജൂതഗ്രാമം!).
നഖ്ബയിലൂടെ നഷ്ടപ്പെട്ടത് പലസ്തീൻ എന്ന ഒരു രാജ്യം മാത്രമോ ഒരു ജനതയുടെ തലമുറകൾ നീണ്ട സംസ്കാരചരിത്രങ്ങളോ ഭൂമിയോ സ്വാതന്ത്ര്യമോ മാത്രമല്ല എന്നും ഈ നഷ്ടം പലസ്തീനികളുടേതു മാത്രംപോലുമല്ല എന്നും നിസ്സംശയം പറഞ്ഞുവയ്ക്കുന്ന കഥയാണ് ഖനാഫാനിയുടേത്. കൈകുഞ്ഞായിരിക്കുമ്പോൾ നഖ്ബയുടെ ഭീകരതയ്ക്കിടയിൽ നഷ്ടപ്പെട്ടുപോയ മകനെത്തെരഞ്ഞ് തിരിച്ചുവരുന്ന ദമ്പതികൾ ഇസ്രായേലിയായി വളർന്ന് സയണിസ്റ്റ് പോരാളിയായി മാറിയ അവനെ തിരിച്ചറിഞ്ഞ് നിസ്സഹായതയോടെ മടങ്ങുന്നതാണ് കഥാതന്തു. സങ്കീർണ്ണമായ മനുഷ്യാവസ്ഥകളിലൂടെ, അതികുടിലമായ ഒരു രാഷ്ട്രീയപദ്ധതിയായി സയണിസ്റ്റ് കൊളോണിയൽ കൈയ്യേറ്റം രൂപാന്തരപ്പെടുന്നത് ദൃശ്യമാക്കുകയാണ് ഖനാഫാനി. ഒരു തലമുറയിൽ ഒതുങ്ങുന്ന ഈ ഞെട്ടലിനെ മൂന്നു തലമുറകളിക്കോയി വ്യാപിപ്പിച്ച് വിപുലീകരിക്കുക മാത്രല്ല അബുൽഹവ തന്റെ കൃതിയിൽ ചെയ്യുന്നത്. സയണിസം എന്ന ഗൂഢരാഷ്ട്രീയപദ്ധതി ഇസ്രായേലികളായ ജൂതർക്കടക്കം മനുഷ്യത്വത്തിനുതന്നെ എത്രമാത്രം വിപൽക്കരമായ വെറുപ്പിന്റെ പടുകുഴിയാണെന്ന് അസന്ദിഗ്ദമായി പറഞ്ഞുവയ്ക്കുകയാണ് അവർ ചെയ്യുന്നത്.

ജൂതരായി വളരുന്ന അറബ് എന്ന സങ്കൽപനത്തിലൂടെ സെമിറ്റിക് മതങ്ങളുടെ പരസ്പരബന്ധങ്ങൾ അവയുടെതന്നെ മൈതോളജി ഉപയോഗിച്ച് തുറന്നുവെയ്ക്കുന്നതിനോടൊപ്പം യൂറോപ്പിലെപ്പോലെ കാലാകാലമായി മർദ്ദിതരും പീഢിതരുമായിരുന്നില്ല അറബ് ഭൂമിയിലെ ജൂതർ എന്ന ചരിത്രസത്യം കൂടി ഈ മെറ്റഫറിലൂടെ വെളിപ്പെടുത്തുന്നു, അബുൽഹവ.
ഖനാഫാനിയുടെയും അബുൽഹവയുടെയും അറബ് കഥാപാത്രങ്ങൾ ഒരുപോലെ ആവർത്തിക്കുന്ന ചോദ്യമാണ്, ‘ജൂതർക്ക് ഇവിടെ കഴിയാൻ ഞങ്ങൾ എന്തിനു പുറത്താവണം’ എന്നത്. യൂറോപ്പിലെ പീഡനങ്ങളിൽനിന്ന് പലായനം ചെയ്ത് കപ്പലുകളിൽ വന്നിറങ്ങുന്ന ജൂതരെ അനുതാപപൂർവ്വം സ്വീകരിച്ച് സ്വന്തം വീടുകളിൽ താമസിപ്പിക്കുന്നത് അക്കാലത്ത് സർവ്വസാധാരണമായിരുന്നു എന്ന് നിഷ്കാസിതരായ അറബ് കുടുംബങ്ങളുടെ മുൻ തലമുറകൾ ഓർത്തെടുക്കുന്നുണ്ട്. ജൂതരാജ്യം എന്നത് കൊളോണിയൽ അധിനിവേശമോഹങ്ങളും ക്രിസ്ത്യൻ ജൂതവിദ്വേഷത്തിൽ നിന്നുണ്ടായ യൂറോപ്യൻ കുറ്റബോധവും അതിന്റെ പരിണിതിയായ ഹോളോകോസ്റ്റ് ഭീകരതയും എല്ലാംചേർന്ന് പഴുപ്പിച്ചെടുത്ത ഒരു മതമൗലിക വ്രണം മാത്രമാണ് എന്ന പരമാർത്ഥമാണ് ഈ കഥകളുടെ കേന്ദ്രപ്രമേയവും ആത്യന്തികമായ ഉൾക്കാഴ്ചയുമാകുന്നത്. പലസ്തീനികളായ ജൂതരും അറബ് ക്രിസ്ത്യാനികളും മുസ്ലീംകളും നാസിപീഢനത്തിന്റെ മുറിവുകൾപേറി പലസ്തീനിലേക്ക് കുടിയേറുന്ന ആദ്യകാല ജൂതരുമടക്കം ഇന്നും സാമാന്യ ചരിത്രബോധമുള്ള ആരുടെയും മനസ്സാക്ഷി ഏറ്റുപറയുന്ന ചരിത്രസത്യമാണിത്.
കേരളത്തിൽപോലും പല ഇസ്രായേൽ അനുകൂലികളും, പ്രത്യേകിച്ച് ഹിന്ദുത്വഭീകരതയുടെ ചുവടുപറ്റി ഇസ്രായേൽ ആരാധന ശീലമാക്കിയവരും വിവരശൂന്യമായി അവരെ പിൻതാങ്ങുന്ന അനേകം ഇസ്രായേൽഭക്തരും പറയുന്ന സ്തുതിഗാഥകളിലൊന്നാണ് വരണ്ട മരുഭൂമിയെ ഇസ്രായേൽ മരുപ്പച്ചയാക്കി എന്നത്.
സംഘടിതമായ കൊളോണിയൽ / സാമ്രാജ്യത്വ കുടിയേറ്റത്തിനെതിരെയുള്ള ഒരു നൂറ്റാണ്ടിലേറെയായി തുടരുന്ന അവ്യവസ്ഥിതമായ (chaotic) ജനകീയമായ ചെറുത്തുനിൽപ്പാണ് പലസ്തീനിൻ്റേത്. അബുൽഹവയുടെ നായിക നെഹർ നൃത്തത്തേക്കുറിച്ചും ജീവിതത്തെക്കുറിച്ചുംതന്നെ നിലനിർത്തുന്ന കാഴ്ചപ്പാടും ഇതുതന്നെ. ബാബിലോണിന്റെയും ലെവൻ്റിലെയും ഖലീജ്ജിലെയും വടക്കൻ ആഫ്രിക്കയിലെയും നൃത്തരൂപങ്ങളെക്കുറിച്ച് നെഹർ പറയുന്നു:
“നിയന്ത്രണത്തിന്റെ വിപരീതമാണ് അറബ് നൃത്തം. ശരീരത്തിന്മേലുള്ള അധികാരം സ്വയം ഉപേക്ഷിച്ച്, എല്ലാ അസ്ഥികൾക്കും, ലിഗമെന്റുകൾക്കും, നാഡികൾക്കും, പേശിനാരുകൾക്കും - എല്ലാ ചർമ്മത്തിനും, കോശക്കൊഴുപ്പിനും - എല്ലാ അവയവങ്ങൾക്കും - സ്വാതന്ത്ര്യം നൽകുന്നതാണ് അറബ് നൃത്തം.”
അറബ് സംഗീതത്തിന് “belly dance’’ എന്ന് വിളിച്ച്, വികലമായി ലൈംഗികവത്കരിച്ചതിന്റെ പശ്ചാത്തലംതന്നെ കോളനിവൽക്കരണമാണ് എന്നും നെഹർ മനസ്സിലാക്കുന്നുണ്ട്. നെഹറിന്റെ അനവധി ആഴമേറിയ അറിവുകളുടെയും ചുട്ടുപൊള്ളുന്ന ജീവിതാനുഭവങ്ങളുടെയും ചരിത്രമാണ് “സ്നേഹശൂന്യ ലോകത്തിനെതിരെ” എന്ന കഥ.

Naqba- യെ തുടർന്ന് 1948-ൽ ഹൈഫ വിട്ടുപോകേണ്ടിവന്ന റഷീദയെ 1967-ൽ പതിനായിരക്കണക്കിന് മറ്റു പലസ്തീനികൾക്കൊപ്പം ഇസ്രയേൽ വീണ്ടും തുരത്തുമ്പോളാണ് റഷീദയ്ക്ക് നെഹർ എന്ന മകൾ ജനിക്കുന്നത്. ജോർദ്ദാൻ നദിക്ക് കുറുകെ പാലായനം ചെയ്യുന്നവരുടെ ഭാരം കൊണ്ട് അല്ലെംബി (Allenby ) പാലം തകർന്നുവീണ നിമിഷം, കുടുംബം രക്ഷപ്പെടുകയെങ്കിൽ കുഞ്ഞിന് നദിയുടെ പേരിടും എന്ന് റഷീദ തീരുമാനിച്ചത് കൊണ്ടാണ് നെഹർ (നദി) എന്ന തന്റെ പേര് യാക്കൂദ് (റൂബി) എന്ന ഇറാഖി പേരിലുമധികം അവൾക്ക് പ്രിയപ്പെട്ടതാവുന്നത്. കുവൈറ്റിലെ സ്കൂളിൽ വച്ച് രണ്ടു തവണ നെഹർ പുറത്താക്കപ്പെടുന്നതും അവളുടെ ധിക്കാരപരമായ ചെറുത്തുനിൽപ്പുകൾ മൂലമാണ്. ഒന്ന് പലസ്തീനു വേണ്ടിയും മറ്റൊന്ന് കപട ദൈവശാസ്ത്രത്തിനെതിരായ ചെറുത്തുനിൽപ്പുകളുടെ പേരിലും.
ജെറുസലേം, ഹൈഫ, യാഫ, ജെനിൻ, ബെത്‌ലെഹാം, ഗസ, നാസറെത്ത്, മജ്ദൽ തുടങ്ങിയ പലസ്തീൻ പട്ടണങ്ങളിൽനിന്നും തുരത്തിയോടിക്കപ്പെട്ട അഭയാർത്ഥികൾ തിങ്ങിനിറഞ്ഞ കുവൈത്തിനെ 1990-ൽ സദ്ദാം ഹുസൈൻ ആക്രമിക്കുന്നതോടെയാണ് നെഹർ വീണ്ടും അഭയാർത്ഥിയാകുന്നത്. എന്നാൽ തികഞ്ഞ രാഷ്ട്രീയാവധാനതയോടെ അവൾ നിരീക്ഷിക്കുന്നതുപോലെ, സദ്ദാമല്ല, മറിച്ച് സദ്ദാമിനുശേഷമുണ്ടായ പ്രതിസന്ധിയാണ് എല്ലാ തകർച്ചയുടെയും കാരണമായത്. അതിന്റെ ഉത്തരവാദികളായ അമേരിക്കൻ സാമ്രാജ്യത്തെ വെറുത്തുകൊണ്ടാണ് നെഹർ തന്റെ പ്രതിരോധ ജീവിതം തുടങ്ങുന്നതും വിവാഹമോചനത്തിനായി പലസ്തീനിലേക്ക് തിരിക്കുന്നതും.
തങ്ങളുടെ സ്വന്തം മണ്ണിലെ ഒലീവ് മരങ്ങളിൽനിന്ന് വിളവെടുപ്പ് നടത്തിയതിനുമാത്രം 78 വർഷമായി പലസ്തീനികൾക്ക് നേരിടേണ്ടിവന്ന ഇസ്രായേലി കുടിയേറ്റ അക്രമങ്ങളെക്കുറിച്ച് അബുൽഹവ എഴുതുന്നുണ്ട്.
‘റഷീദ അച്ഛന്റെ പ്രിയപ്പെട്ടവൾ’ (റഷീദ ഹബീബ്തി ബാബ) എന്ന് ഉയരത്തിൽ ഒരു കൊമ്പിൽ തന്റെ അമ്മ 1947-ൽ കൊത്തിവെയ്ച്ച ഒരു ഒലിവ് മരം 2002-ൽ രണ്ടാം ഇൻതിഫാദായുടെ കാലത്ത് ഹൈഫയിൽ ഒരു ഇസ്രായേലി കുടിയേറ്റക്കാരിയുടെ പറമ്പിൽവച്ച് നെഹർ തെരഞ്ഞ് കണ്ടുപിടിക്കുന്നതിന്റെ വിപ്ലവപ്രസക്തി നിലനിൽക്കുന്നത്, ‘മരുഭൂമി പുഷ്പിച്ച’ ഇസ്രായേൽ എന്ന നുണക്കഥയുടെ പശ്ചാത്തലത്തിലാണ്. കേരളത്തിൽപോലും പല ഇസ്രായേൽ അനുകൂലികളും, പ്രത്യേകിച്ച് ഹിന്ദുത്വഭീകരതയുടെ ചുവടുപറ്റി ഇസ്രായേൽ ആരാധന ശീലമാക്കിയവരും വിവരശൂന്യമായി അവരെ പിൻതാങ്ങുന്ന അനേകം ഇസ്രായേൽഭക്തരും പറയുന്ന സ്തുതിഗാഥകളിലൊന്നാണ് വരണ്ട മരുഭൂമിയെ ഇസ്രായേൽ മരുപ്പച്ചയാക്കി എന്നത്. നെഹർ ഈ മിഥ്യയെ തകർക്കുന്നത് പലസ്തീനിൽ ബിലാലിനോടൊപ്പം ചേർന്ന് ഇസ്രായേലി കുടിയേറ്റക്കാർ കത്തിച്ചും വെള്ളംനിഷേധിച്ചും നശിപ്പിച്ചുകളയുന്ന ഒലിവ് മരങ്ങളെ വളരെ വിദഗ്ധമായി കുടിയേറ്റക്കാരുടെതന്നെ കുടിവെള്ളത്തിന്റെ പൈപ്പുകൾ ചോർത്തിയെടുത്ത് നനച്ച് വളർത്തിക്കൊണ്ടാണ്. ആ പൈപ്പുകളിലൂടെ വിഷംകലർത്തി എന്ന, തെളിയിക്കാൻ കഴിയാത്ത കുറ്റാരോപണത്തിന്റെ പേരിലാണ് ബിലാലിന്റെ ഗ്രാമം അക്രമിക്കപ്പെടുന്നതും നാമവശേഷമാക്കപ്പെടുന്നതും നെഹർ ജയിലിൽ അടയ്ക്കപ്പെടുന്നതുമൊക്കെ.

തങ്ങളുടെ സ്വന്തം മണ്ണിലെ ഒലീവ് മരങ്ങളിൽനിന്ന് വിളവെടുപ്പ് നടത്തിയതിനുമാത്രം 78 വർഷമായി പലസ്തീനികൾക്ക് നേരിടേണ്ടിവന്ന ഇസ്രായേലി കുടിയേറ്റ അക്രമങ്ങളെക്കുറിച്ച് അബുൽഹവ എഴുതുന്നുണ്ട്. നിത്യേനെയെന്നോണം കുട്ടികൾ വെടിയേറ്റു വീഴുന്നു, വിളവുകൾ കൊള്ളയടിക്കപ്പെടുന്നു, പുരുഷന്മാർ അറസ്റ്റ് ചെയ്യപ്പെടുന്നു. 1940-കൾ മുതൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന അതേ അക്രമത്തിന്റെയും ശിക്ഷാഭീതിയില്ലാത്ത അധിനിവേശത്തിന്റെയും തുടർച്ചയാണിത്. എന്നിട്ടും, ഇസ്രയേൽ അനുകൂലികൾ 2023 ഒക്ടോബർ ഏഴിനാണ് എല്ലാറ്റിന്റെയും തുടക്കമെന്ന് നിർലജ്ജം മുറവിളികൂട്ടുന്നതും നമ്മൾ കണ്ടു.
അബുൽഹവയുടെ എഴുത്തിന്റെ ഏറ്റവും സുന്ദരമായ വശം, മനുഷ്യർക്കിടയിലുള്ള സങ്കോചമില്ലാത്ത ലൈംഗിക പ്രണയത്തിൽ (unabashed sexual love) അവർക്കുള്ള വിശ്വാസമാണ്. പ്രണയം- അതിന്റെ ഏറ്റവും തീവ്രവും ചിലപ്പോൾ ബാലിശമെന്ന് തോന്നാവുന്നതുമായ രൂപങ്ങളിൽ പോലും- ഈ സ്നേഹരഹിതമായ ലോകത്തിനെതിരെ പോരാടാനുള്ള അടിത്തറയായി മാറുന്നു. 'അറബ് ജനതയുടെ പ്രത്യുത്പാദനശേഷി’യെക്കുറിച്ചുള്ള വികലമായ പൊതുധാരണകൾക്കുപോലും അതിസുന്ദരമായി ഈ കൃതി മറുപടി നൽകുന്നുണ്ട്. പലസ്തീനികൾ അതിജീവിക്കുന്നത് വന്യമായി പ്രണയിച്ചും വംശവർദ്ധനവ് നടത്തിക്കൊണ്ടുമാണ്. ഇൻതിഫാദയെ തുടർന്നുള്ള കർഫ്യു കഴിഞ്ഞാലുടൻ എല്ലാ സ്ത്രീകളും ഗർഭിണികളാകുന്നതും, എല്ലാ വീടുകളിലും കുട്ടികൾ 'പോപ്‌കോൺ'പോലെ പൊട്ടിമുളയ്ക്കുന്നതുമായതായി നോവലിൽ പരാമർശിക്കുമ്പോൾ നമ്മുടെയൊക്കെ റീലുകളിൽ തെളിയുന്ന ഗാസയിലെ കുരുന്നുകളുടെ മുഖവും മരിച്ചുപോയ കുഞ്ഞുങ്ങളുടെ പേരുകളുടെ നീണ്ടനിരയും അറിയാതെ ഓർത്തുപോകും. ഇസ്രായേൽ എന്ന് ലോകംവിളിക്കുന്ന പ്രദേശത്ത് ഒരു തരത്തിലുമുള്ള പൗരാവകാശങ്ങളും ഇല്ലാതെ, ഭൂമിയോ രാജ്യമോ ഇല്ലാതെ കഴിയുന്ന മനുഷ്യർ ഇപ്പോഴും ആ പ്രദേശത്തെ ബഹുഭൂരിപക്ഷമാണ് എന്നുകൂടി ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്.
ലിബറൽ ഫെമിനിസ്റ്റ് വ്യവഹാരങ്ങളെ മറികടക്കുന്ന ചില അനുപമ മുഹൂർത്തങ്ങളുണ്ട് അബുൽഹവയുടെ കഥകളിൽ. പരിമിതമായ സാഹചര്യങ്ങളിൽ സാഹസികമായി പോരാടുന്ന തന്റെ കാമുകന്റെ നിസ്സഹായമായ പ്രതിരോധപ്രസ്ഥാനത്തിന്, നായിക തന്റെ അഗാധമായ ജ്ഞാനത്തിലൂടെ ജീവശ്വാസം നൽകുന്ന രംഗങ്ങൾ രാഷ്ട്രീയമായി ശ്രദ്ധേയമാണ്.
കുവൈറ്റിൽവച്ച് ഉംബറാക്ക് എന്ന ശക്തയായ ഒരു ഇറാക്കിസ്ത്രീയിലൂടെ സ്വയംതിരിച്ചറിയുന്ന, ലൈംഗികതൃഷ്ണകൾ മറച്ചുവയ്ക്കാത്ത സ്വാതന്ത്ര്യവാദിനിയായ നെഹർ പലസ്തീനിൽവെച്ച് ആദ്യ ഭർത്താവിന്റെ സഹോദരനുമായി പ്രണയത്തിലാകുന്നു. തന്റെ അവസാനശ്വാസംവരെ ഇസ്രായേലിനോട് പല്ലും നഖവും ഉപയോഗിച്ച് പോരാടുന്ന, എന്നാൽ പ്രത്യക്ഷത്തിൽ സൗമ്യനും നിർമ്മമനുമായ ആ വിപ്ലവകാരിയുമായുള്ള പ്രണയത്തിലൂടെയാണ് നെഹർ പലസ്തീൻ സ്വാതന്ത്ര്യപ്രസ്ഥാനത്തിലേക്ക് കണ്ണിചേരുന്നത്.
അരുന്ധതി റോയിയുടെതുൾപ്പടെയുള്ള കാൽപനികലോകങ്ങൾ എത്ര കരുത്തുറ്റവയാണെങ്കിലും, ചുട്ടുപൊള്ളുന്ന യാഥാർത്ഥ്യങ്ങളെ അവർ ഫാൻ്റസൈസ് ചെയ്യുന്ന രീതി താൻ വിവേചനപൂർവ്വം ഒഴിവാക്കുന്നതെന്തിന് എന്ന് മീന കന്ദസാമി ‘ജിപ്‌സി ഗോഡസ്സിൽ’ കാൽപനികതയെ സൂക്ഷ്മമായി വിമർശിച്ചുകൊണ്ട് പറയുന്നുണ്ട്. പ്രണയം തരുന്ന ആത്മസുഖം ഒരു പുകമറപോലെ കഥയുടെ തീക്ഷ്ണമായ സാമൂഹ്യപ്രസക്തിയെ മറച്ചേക്കാം എന്ന ആകുലത കന്ദസാമി എടുത്തുപറയുന്നത് ജാതിയുടെയും വർഗ്ഗത്തിന്റെയും രാഷ്ട്രീയമാനങ്ങൾ തരിമ്പും കാൽപനികമല്ലെന്ന് സ്ഥാപിക്കുന്നതിനാണ്. പക്ഷെ അബൂൽഹവയുടെ കൃതികൾ പ്രണയത്തിന്റെ, സ്നേഹബന്ധങ്ങളുടെ കാൽപനികതയെത്തന്നെ രാഷ്ട്രീയമാക്കുകയാണ്.
അവർ ചോദിക്കുന്നത്, ഇത്രയും കയ്പ്പേറിയ കാലഘട്ടത്തിൽ എത്രയും തീവ്രമായി പ്രണയിക്കുകയല്ലാതെ മറ്റെന്താണ് ഒരാൾക്ക് ചെയ്യാനാവുക എന്നാണ്. സ്നേഹശൂന്യമായ ലോകത്തെ നെഹറും ബിലാലും ചെറുക്കുന്നത് പരസ്പരം പുസ്തകങ്ങൾ വായിച്ചു കേൾപ്പിച്ചുകൊണ്ടാണ്. ജെയിംസ് ബാൾഡ്‌വിനും ഖനാഫാനിയും മറ്റുപലരും ആ വായനയിൽ കൂട്ടിനുണ്ട്. എത്ര ആത്മീയവും അഗാധവുമായ പ്രണയരീതിയാണത്! മരണത്തിന്റെ ശ്വാസംമുട്ടിക്കുന്ന വേദനയ്ക്കും, അടിച്ചമർത്തലുകൾക്കും, നഷ്ടങ്ങൾക്കും, നിത്യേനയുള്ള അപമാനനങ്ങൾക്കുമിടയിൽ, അവർ പരസ്പരം ചേർന്നിരുന്ന് പുസ്തകങ്ങൾ വായിക്കുന്നു. കാൽപ്പനിക ഫാൻറസിയും ജീവിതയാഥാർത്ഥ്യവും ഒന്നാകുന്ന വിസ്മയം പ്രണയത്തിൽ വിശ്വാസപൂവ്വം അർപ്പിക്കുന്നു, നോവലിലെ ആവർത്തിച്ചുള്ള ഈ രംഗങ്ങൾ.

അബുൽഹവയുടെ
ലാവണ്യരാഷ്ട്രീയം
ലിബറൽ ഫെമിനിസ്റ്റ് വ്യവഹാരങ്ങളെ മറികടക്കുന്ന ചില അനുപമ മുഹൂർത്തങ്ങളുണ്ട് അബുൽഹവയുടെ കഥകളിൽ. പരിമിതമായ സാഹചര്യങ്ങളിൽ സാഹസികമായി പോരാടുന്ന തന്റെ കാമുകന്റെ നിസ്സഹായമായ പ്രതിരോധപ്രസ്ഥാനത്തിന്, നായിക തന്റെ അഗാധമായ ജ്ഞാനത്തിലൂടെ ജീവശ്വാസം നൽകുന്ന രംഗങ്ങൾ രാഷ്ട്രീയമായി ശ്രദ്ധേയമാണ്. അവൾ അവന് പകർന്നുനൽകുന്നത് അസ്വസ്ഥമായ കടുത്ത അവ്യവസ്ഥകളെയും അരാജകത്വത്തെ തന്നെയും എങ്ങിനെ ഉൾച്ചേർക്കാം എന്ന അറിവാണ്. താൻ ഏറ്റെടുക്കുന്ന കഠിനമായ അപകടങ്ങളിൽനിന്ന് അവളെ അകറ്റിനിർത്താൻ ശ്രമിക്കുമ്പോഴും അയാൾ അവളുടെ ഇടപെടലുകളെ അഗാധമായ വിനയത്തോടെ, നന്ദിയോടെ അംഗീകരിക്കുന്നുമുണ്ട്. സ്ത്രീ ശരീരത്തിന്റെ നിയന്ത്രണത്തെക്കുറിച്ചുള്ള പതിവു ചർച്ചകൾക്കപ്പുറം, തകർന്നുപോയ അവശിഷ്ടങ്ങൾക്കിടയിലെ അഗാധമായ പ്രണയത്തെക്കുറിച്ച്, അതിന്റെ രാഷ്ട്രീയമായ ഉൾവഴികളെക്കുറിച്ച്, ചിന്തിക്കാൻ നെഹറിന്റെയും ബിലാലിന്റെയും പ്രണയം നമുക്കു നൽകുന്ന നിലപാടുതറകൾ യാഥാസ്ഥിതിക ഫെമിനിസത്തിന്റെതല്ല, മറിച്ച് വിവിധ റാഡിക്കൽ ഫെമിനിസ്റ്റ് ചിന്താധാരകളിൽനിന്നുമുള്ളതാണ്; ബെൽ ഹൂക്സ്, ആദ്രേ ലോർദ് തുടങ്ങിയവരിൽനിന്നും നവാൽ എൽ സാദാവി (Nawal El Saadawi Egypt), ഗദാ എൽ സാമ്മാൻ (Ghada El Samman Syria) തുടങ്ങിയ അറബ് എഴുത്തുകാരികളുടെ ധീരമായ എഴുത്തുകളിൽനിന്നുമുള്ള ഇറോട്ടിക് ഊർജ്ജമാണ്.
വെറുപ്പ് വെറുപ്പിനെ ജനിപ്പിക്കുന്നുവെന്നും അക്രമം കൂടുതൽ അക്രമത്തിലേക്ക് നയിക്കുന്നു എന്നുമുള്ള പഴയ ചൊല്ല് ശരിയാണെന്നുതോന്നും, നാസിസത്തിൽനിന്ന് ഇസ്രായേലികളിലേക്കും, ഹിറ്റ്‌ലറിൽനിന്ന് നെതന്യാഹുവിലേക്കും, എസ്.എസിൽനിന്ന് (SS) ഐ.ഡി.എഫിലേക്കും (IDF) എത്തുമ്പോൾ. ശ്രദ്ധിക്കാൻ തയ്യാറുള്ള ആർക്കും കാണാൻകഴിയുന്ന ഒരു നേർരേഖയാണ് ഈ ചരിത്രത്തുടർച്ച. ട്രംപിനെപ്പോലെ ഇസായേലിന്റെ സഹായികളായ സാമ്രാജ്യത്വ അശ്ലീലലിംഗങ്ങൾക്കുമുണ്ട്, റൂസ്‌വെൽറ്റ്, ട്രൂമാൻ, ചർച്ചിൽ തുടങ്ങിയവരിൽനിന്നുള്ള ഒരു തുടർച്ച.
അബൂൽഹവയുടെ കഥകൾ പലസ്തീനെ പ്രതിനിധീകരിക്കുകയല്ല ചെയ്യുന്നത്, മറിച്ച് ഓർമ്മകളെയും നഷ്ടങ്ങളെയും മോഹങ്ങളെയും ധാർമ്മികമായ സാക്ഷ്യപ്പെടുത്തലുകളായി തുന്നിച്ചേർത്ത് ഒരു നഷ്ടരാഷ്ട്രത്തെ വീണ്ടെടുക്കുകയാണ് ചെയ്യുന്നത്.
ഇത് വളരെ വ്യക്തവും, നിരന്തരം ചരിത്രത്തിൽ ‘ദുരന്തവും പ്രഹസനവുമായി’ ആവർത്തിക്കപ്പെടുന്നതുമാണ്. എന്തുകൊണ്ടാണ് മനുഷ്യർ ആഗോളതലത്തിലുള്ള ഈ രക്തച്ചൊരിച്ചിലിനെ വിശാലമായ ചരിത്ര കാഴ്ചപ്പാടിലൂടെ കാണാൻ വിസമ്മതിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇസ്രായേലികളാൽ ബോംബുചെയ്യപ്പെട്ട ബെത്‌ലഹേമിലേ ഈസാപള്ളിയിൽ യുദ്ധം അനാഥരാക്കിയ ആയിരക്കണക്കിനു കുഞ്ഞുങ്ങളോടൊപ്പം അഭയാർത്ഥിയായി എത്തിച്ചേരുന്ന പന്ത്രണ്ടുവയസ്സുള്ള അമൽ എന്ന പെൺകുട്ടി പള്ളിയിൽ നിന്നുയരുന്ന പുക ആത്മാക്കളാണോയെന്ന് സംശയിക്കുന്ന ഒരു സന്ദർഭം എഴുതിവയ്ക്കുന്നുണ്ട്, അബുൽഹവ. രക്തചൊരിച്ചിലുകളുടെ നീണ്ട മനുഷ്യചരിത്രത്തിന് കത്തിയമരുന്ന ജെറുസലേം പള്ളി ഒരു കുരുന്നു മനസ്സിൽ സാക്ഷ്യം വഹിക്കുന്ന രംഗം.
ഈയിടയ്ക്ക് അബുൽഹവ ശ്രദ്ധാകേന്ദ്രമായി മാറിയ മറ്റൊരു സന്ദർഭം കൂടി അനുസ്മരിക്കേണ്ടതുണ്ട്, ഈ ഘട്ടത്തിൽ. ന്യൂയോർക്ക് മേയറായ സൊഹ്റാൻ മംദാനിയോട് ഒരു തുറന്ന പ്രസ്താവന സോഷ്യൽ മീഡിയയിലൂടെ അബുൽഹവ നടത്തേണ്ടിവന്നത് വലിയ വാർത്തയായിരുന്നു. വിചിത്രമായ ഒരു സാഹചര്യമായിരുന്നു ഇത്. വലിയ പ്രതീക്ഷയോടെ സമീപകാലത്ത് ഉയർന്നുവന്ന ഒരു രാഷ്ട്രീയ പ്രതിഭാസമാണ് മംദാനി. തെരഞ്ഞെടുപ്പിനു മുൻപും ശേഷവും തികഞ്ഞ ആദർശധീരതയോടെ പലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ച് നിലനിന്നുപോരുന്ന മംദാനിയുടെ ജീവിതപങ്കാളി രാമാ ദുവാജി അബുൽഹവയുടെ ഒരു കൃതിയ്ക്ക് ഇല്ലസ്ട്രേഷൻ നിർവഹിച്ചിരുന്നു എന്നതിന്റെ പേരിൽ സയണിസ്റ്റ്കൾ മംദാനിക്കെതിരെ ജൂതവിരുദ്ധതയുടെ പഴകിയ ആയുധം പ്രയോഗിക്കുകയുണ്ടായി. അവധാനതയോടെയുള്ള പതിവു പ്രതികരണങ്ങൾക്കുപകരം അബുൽഹവയെ തള്ളിപ്പറഞ്ഞ്, അവരുടെ എഴുത്ത് പലപ്പോഴും “അപലപനീയ”മാണ് എന്ന് പ്രസ്താവിക്കുകയാണ് മംദാനി ചെയ്തത്. മംദാനിയുടെ രാഷ്ട്രീയത്തെ പ്രതീക്ഷയോടെ കണ്ടിരുന്ന വലിയൊരു അനുയായിവൃന്ദത്തേയും ആഗോള സയണിസ്റ്റ് വിരുദ്ധരെയും നടുക്കിയ പ്രതികരണമായിരുന്നു അത്.

മംദാനിയുടെ നിലപാടിനെ അതിസൂക്ഷ്മമായി വിമർശിച്ച്, ദൃഢനിശ്ചയത്തോടെയും അതിലുപരി ആത്മാവിൽ തട്ടുന്ന നീതിബോധത്തോടെയും അബൂൽഹവ കൊടുത്ത മറുപടി അവരുടെ മാത്രമല്ല, പലസ്തീൻ ജീവിതത്തിന്റെ തന്നെ ചരിത്രത്തെക്കുറിച്ചുള്ള നേർക്കാഴ്ചയാണ്. അതിരുകളില്ലാത്ത നിസ്സഹായതയിൽനിന്നും ദീർഘകാലത്തെ അപമാനങ്ങളുടെ ആത്മചരിത്രത്തിൽനിന്നുമാണ് അബുൽഹവ സംസാരിച്ചത്. തങ്ങളെക്കുറിച്ച് ഒരു വാക്കുരിയാടാൻ അനുവാദം ലഭിക്കുന്നതിനുമുമ്പ്, സ്വയം തരംതാഴ്ത്തി ഏറ്റുപറയാൻ നിർബന്ധിതരാകുന്നവരുടെ സങ്കടങ്ങളുടെ സഞ്ചയമാണ് അവരുടെ മറുപടി. ആ മനഃസ്താപങ്ങളുടെ ആഴമളക്കുക സാധ്യമല്ല. പലസ്തീനിലെ കൊല്ലപ്പെട്ട ഏതെങ്കിലും കുട്ടിയെക്കുറിച്ച് സംസാരിക്കുംമുമ്പ് ഹമാസിനെ തള്ളിപ്പറയാനും, ഇസ്രായേൽ തന്റെ കുടുംബത്തെ മുഴുവൻ ബോംബിട്ട് കൊന്നു എന്ന സത്യം പറയുന്നതിനുമുമ്പ്, തനിക്ക് യഹൂദരോട് വെറുപ്പില്ലെന്ന് നൂറുവട്ടം സമ്മതിക്കാനും ഓരോ പലസ്തീനിയെയും നിർബന്ധിതയാക്കുന്ന സാഹചര്യത്തെക്കുറിച്ചാണ് അബുൽഹവ ഓർമ്മപ്പെടുത്തിയത്. പലസ്തീനിലെ അദയാർത്ഥി ക്യാമ്പുകളിലെ പെൺകുട്ടികൾ സ്വന്തം അനുഭവങ്ങൾ എഴുതിവച്ച ഒരു പുസ്തകത്തിനു വേണ്ടിയായിരുന്നു മംദാനിയുടെ ജീവിതപങ്കാളി രാമാ ദുവാജിയുമായി താൻ സഹകരിച്ചത് എന്ന് ഓർമ്മിപ്പിച്ചും, മംദാനിയുടെ വിജയം നൽകിയ പ്രതീക്ഷകൾ ഊന്നിപ്പറഞ്ഞും അബൂൽഹവ കൃത്യമായി മംദാനിയെ വിരൽചൂണ്ടി പറഞ്ഞത്, രാഷ്ട്രീയമായി ഏറ്റവും ശക്തമായ വാക്കുകളായിരുന്നു:
“നിങ്ങളെയും നിങ്ങളുടെ കഴിവുറ്റ സുന്ദരിയായ ഭാര്യയെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും വേട്ടയാടാൻ നോക്കുന്ന ശക്തികൾക്ക് നിങ്ങൾ നിസ്സാരമായി വഴങ്ങിക്കൊടുത്തിരിക്കുന്നു. എന്നാൽ നിങ്ങൾ ഒന്നറിയണം- നിങ്ങൾ ചെയ്യുന്ന ഓരോ മാപ്പപേക്ഷയ്ക്കും നിങ്ങൾ ചെയ്യുന്ന ഓരോ വിട്ടുവീഴ്ചയ്ക്കും പകരമായി അവർ കൂടുതൽ കൂടുതൽ ക്രൂരമായി നിങ്ങളെ കടന്നാക്രമിക്കും. നിങ്ങൾ ജാഗ്രത പാലിച്ചില്ലെങ്കിൽ, നിങ്ങൾ തിരിച്ചറിയുന്നതിനുംമുന്പുതന്നെ അവർ നിങ്ങളുടെ ആത്മാവിനെ ഊറ്റിയെടുത്തിരിക്കും’’.
78 വർഷമായി കൊളോണിയൽ അധികാരത്തെ, അതിക്രമങ്ങളെ, സമാനതകലില്ലാത്ത ഹിംസയെ, നിരന്തരം ചെറുത്തുനിന്നുകൊണ്ടിരിക്കുന്ന ജനതയുടെ നൈതികമായ മുന്നറിയിപ്പു കൂടിയായിരുന്നു ഇത്. അബൂൽഹവയുടെ ജീവിതവും സാഹിത്യവും സൗന്ദര്യബോധത്തെയും രാഷ്ട്രീയത്തെയും വേർതിരിച്ചുകാണാൻ വിസമ്മതിക്കുന്നു; കുടിയൊഴിപ്പിക്കലിന്റെ ചരിത്രരേഖയായും (archive) അതിജീവനത്തിന്റെ ഭാഷയായും അനുഭവങ്ങളെ പരിവർത്തിപ്പിക്കുന്നു. അവരുടെ കഥകൾ പലസ്തീനെ പ്രതിനിധീകരിക്കുകയല്ല ചെയ്യുന്നത്, മറിച്ച് ഓർമ്മകളെയും നഷ്ടങ്ങളെയും മോഹങ്ങളെയും ധാർമ്മികമായ സാക്ഷ്യപ്പെടുത്തലുകളായി തുന്നിച്ചേർത്തുകൊണ്ട് ഒരു നഷ്ടരാഷ്ട്രത്തെ വീണ്ടെടുക്കുകയാണ് ചെയ്യുന്നത്. അക്രമം എങ്ങനെയൊക്കെയാണ് ശരീരങ്ങളിലും പ്രകൃതിയിലും തലമുറകളിലും മുദ്രപതിപ്പിക്കുന്നത് എന്ന് ആ കഥകൾ വെളിപ്പെടുത്തുന്നു. അവശേഷിക്കുന്നത് ദുരിതങ്ങളുടെ, നിസ്സഹായതകളുടെ ദീനചിത്രമല്ല, മറിച്ച് അന്തസ്സിനുവേണ്ടിയും സ്വന്തം മണ്ണിലേക്കുള്ള തിരിച്ചുപോക്കിനുവേണ്ടിയുമുള്ള വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിശ്ചയദാർഢ്യം കൂടിയാണ്. മായ്ച്ചുകളയലുകളെ പ്രതിരോധിക്കുന്ന സാഹിത്യമാണ് അബുൽഹവയുടേത്. അബുൽഹവയുടെ രചനകളിൽ കഥപറയുക എന്നത് ചരിത്രത്തിലൂടെയുള്ള അതിജീവനമായും, നിതാന്തമായ പ്രത്യാശയുടെ ശാന്തവും സൌമ്യവും ശക്തവുമായ ലാവണ്യരാഷ്ട്രീയമായും രൂപാന്തരപ്പെടുന്നു.
