മഹ്മൂദ് ദർവീശിന്റെ തെരഞ്ഞെടുത്ത കവിതകളുടെ പരിഭാഷ വിശദവായനയ്ക്ക് കൈയ്യിലെടുക്കുമ്പോൾ കേൾക്കുന്ന വാർത്ത, യു എസ്- ഇസ്രായേൽ സഖ്യം ഇറാനിൽ ബോംബിട്ട് 180 കുഞ്ഞുങ്ങളെ കൊന്നു എന്നതാണ്, തൊട്ടുപുറകേ ഇറാന്റെ പ്രത്യാക്രമണവും. പലസ്തീൻ ജനതയുടെ ജീവിതസമരവുമായി ചേർത്തു മാത്രമേ ഇറാന്റെ മേൽ ഇപ്പോൾ നടക്കുന്ന ഈ ആക്രമണത്തെ കാണാനാവൂ. പലസ്തീൻ ജനത മാത്രമല്ല, അവരുടെ അതിജീവനത്തെ പിന്തുണയ്ക്കുന്നവരും ആക്രമിക്കപ്പെടുന്നു എന്ന നിലയിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞു. യുദ്ധം, അതിൽ പങ്കെടുക്കാത്ത ഏഷ്യൻ രാജ്യങ്ങളുടെയും ഗൾഫ് രാജ്യങ്ങളുടെയും നിത്യജീവിതത്തെ ബാധിച്ചുകഴിഞ്ഞു. അതിന്റെ സാമ്പത്തികപ്രത്യാഘാതങ്ങൾ ദീർഘനാളുകളിലേക്ക് നാം അനുഭവിച്ചു തന്നെ തീരേണ്ടിയിരിക്കുന്നു. യുദ്ധം വാസ്തവത്തിൽ രണ്ട് രാജ്യങ്ങൾ തമ്മിലല്ല, സാമ്പത്തികാരണങ്ങളാൽ മാത്രവുമല്ല, മറിച്ച് രണ്ട് ആശയലോകങ്ങൾ - രണ്ട് ജീവിതരീതികൾ, രണ്ട് ലോകവീക്ഷണങ്ങൾ - തമ്മിലാണ് എന്നതാണ് പ്രധാനം.
‘ഗലീലിയിൽ കുരുവികൾ മരിച്ചുവീഴുന്നു’ എന്നാണ് വി. എ. കബീർ വിവർത്തനം ചെയ്ത് മാധ്യമം ബുക്സ് 2023- ൽ പ്രസിദ്ധീകരിച്ച പരിഭാഷാ സമാഹാരത്തിന്റെ ശീർഷകം. ഇത് ദർവീശിന്റെ 1970-ൽ പ്രസിദ്ധീകരിച്ച കവിതാസമാഹാരത്തിന്റെ പേരാണ്. 1962-67 കാലഘട്ടത്തിൽ ദർവീശിന്റെ കാമുകിയായിരുന്ന ഇസ്രയേൽകാരി നർത്തകിയും കോറിയോഗ്രാഫറുമായ തമാർ ബെൻ-ആമി പരാമർശിക്കപ്പെടുന്ന കവിതകൾ ഉൾപ്പെടുന്ന പുസ്തകം.
റീത്ത എന്ന പേരിലാണ് കാമുകി കവിതകളിൽ പ്രത്യക്ഷപ്പെടുന്നത്. ‘റീത്തയും റൈഫിളും’ എന്ന പ്രസിദ്ധ കവിത ഇക്കാലത്ത് എഴുതിയതാണ്. കൊടുമ്പിരിക്കൊണ്ട ആ പ്രേമം അതിന്റെ രാഷ്ട്രീയമായ അസാധ്യതയാൽ അവസാനിച്ചു പോകുകയാണുണ്ടായത്. ദീർഘനാൾ രോഗബാധിതയായിക്കിടന്ന റീത്ത 2026 ഫെബ്രുവരി 23 ന് ബെർലിനിൽ വച്ച് മരിച്ചു. പ്രണയം പരാജയപ്പെട്ടുവെങ്കിലും യുദ്ധം തുടരുന്നുവെങ്കിലും അനശ്വരമായ കവിതകളുണ്ടായി. ആ കവിത കല്പിക്കപ്പെട്ട് അരനൂറ്റാണ്ടു കഴിഞ്ഞിട്ടും ഗലീലിയിൽ സകലവും മരിച്ചുവീണുകൊണ്ടിരിക്കുകയാണ്. ബ്രഹ്റ്റ് ക്രൂരമായി പറഞ്ഞതു പോലെ, അനശ്വരകല സൃഷ്ടിച്ചുവെന്നതിന്റെ പേരിൽ, ആ പ്രേമത്തകർച്ചയ്ക്ക്, തുടരുന്ന പീഢാനുഭവങ്ങൾക്ക്, നന്ദി പറയാൻ കഴിയുന്നതെങ്ങനെ?

മഹ്മൂദ് ദർവീശ് മലയാളകവിതാലോകത്തിന് ഒട്ടും അപരിചിതനല്ല. മലയാളത്തിൽ ദർവീശിന്റെ പല പരിഭാഷകൾ വന്നിട്ടുണ്ട്. എൺപതുകളിൽ തിരുവനന്തപുരത്ത് വിദ്യാർത്ഥികളായിരുന്ന വി. വിനയകുമാർ, വാൾട്ടർ, പി.കെ. രാജശേഖരൻ, അൻവർ അലി തുടങ്ങിയവർ ചേർന്ന് അല്പനാൾ പ്രസിദ്ധീകരിച്ചിരുന്ന പക്ഷിക്കൂട്ടം എന്ന മാസികയിൽ ജയനാരായണൻ ചെയ്ത പരിഭാഷയാണ് ഈ കവിയിലേക്ക് എന്നെ ആദ്യം കൊണ്ടുപോകുന്നത്. വിനയകുമാർ ആ പരിഭാഷയുടെ അച്ചടിച്ച പേജുകൾ കണ്ടെത്തി ഇപ്പോൾ എനിക്കയച്ചു തന്നു. ഞാൻ ശ്രദ്ധിച്ച മറ്റ് രണ്ട് മലയാള ദർവീശ് പുസ്തകങ്ങൾ കെ. എം. അജീർകുട്ടി പരിഭാഷപ്പെടുത്തി ചിന്ത പ്രസിദ്ധീകരിച്ച ‘മഹ്മൂദ് ദർവീശിന്റെ കവിതകൾ’ എന്ന താരതമ്യേന ചെറിയ പുസ്തകവും വി. രവികുമാറും ബിനി തോമസും പരിഭാഷപ്പെടുത്തി ഐറിസ് ബുക്സ് പ്രസിദ്ധീകരിച്ച ‘ഒരു പുഴ ദാഹിച്ചു മരിക്കുന്നു’ എന്ന 110 കവിതകളുള്ള വലിയ പുസ്തകവുമാണ്. സച്ചിദാനന്ദന്റെ ദർവീശ് പരിഭാഷകൾ അദ്ദേഹത്തിന്റെ പരിഭാഷാ സമാഹാരങ്ങളിലുണ്ട്. പലരും ചെയ്ത് ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഒറ്റയൊറ്റ കവിതകളുടെ പരിഭാഷകൾ വേറെ.
ദർവീശിന്റെ ലോകപ്രശസ്തി കൊണ്ടും പലസ്തീൻ രാജ്യത്തിന്റെ ഭാഗധേയത്തിൽ കേരളത്തിനുള്ള പ്രത്യേക ശ്രദ്ധ കൊണ്ടും കൂടിയാവാം മലയാളകവിതയ്ക്ക് ദർവീശ് ഇത്ര പ്രിയങ്കരനായത്. അത്രമേൽ ഗാഢമായും തീവ്രമായും പലായനത്തിന്റെയും പ്രവാസത്തിന്റെയും പലസ്തീൻ അനുഭവങ്ങൾ ദർവീശിൽ കവിതയായി മാറി. പലസ്തീന്റെ മണ്ണും വെള്ളവും ആകാശവും മനുഷ്യരുടെ ഓർമ്മയും മുറിവുകളും സ്വപ്നങ്ങളും ദർവീശിന്റെ കവിതയും ഒന്നുതന്നെയായി. അനുഭവത്തിനും കവിതയ്ക്കുമിടയിൽ ഭാഷ അദൃശ്യമായി.
നാം അറിഞ്ഞിട്ടില്ലാത്ത അനുഭവങ്ങളെ സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോന്നിട്ടില്ലാത്ത, അവയെ വഹിക്കാൻ ആ ഭാഷകൾക്കൊപ്പം പരിചയം നേടിയിട്ടില്ലാത്ത, നമ്മുടെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുക എന്ന പ്രക്രിയയുടെ വെല്ലുവിളി ചെറുതല്ല.
രണ്ട് ഭാഷകളുടെ രാഷ്ട്രീയവും സാംസ്ക്കാരികവുമായ അനുഭവവ്യത്യാസങ്ങളാണ് അവ തമ്മിലുള്ള പരിഭാഷയിലെ വലിയ കടമ്പ. കവിതയുടെ കാര്യത്തിൽ പ്രത്യേകിച്ചും. നാം അറിഞ്ഞിട്ടില്ലാത്ത അനുഭവങ്ങളെ സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോന്നിട്ടില്ലാത്ത, അവയെ വഹിക്കാൻ ആ ഭാഷകൾക്കൊപ്പം പരിചയം നേടിയിട്ടില്ലാത്ത, നമ്മുടെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുക എന്ന പ്രക്രിയയുടെ വെല്ലുവിളി ചെറുതല്ല. മനുഷ്യാനുഭവങ്ങൾക്ക് – അത് പ്രണയമാവട്ടെ, യുദ്ധമാവട്ടെ- അതിന്റെ ഏറ്റവും അടിസ്ഥാനപരമായ തലങ്ങളിൽ സാംസ്ക്കാരികമായ വ്യത്യാസങ്ങളുണ്ടോ, അവ പൂർണമായി, പരസ്പരം വിനിമയം ചെയ്യാനാകുമോ എന്ന അടിസ്ഥാനപ്രശ്നം. വിവർത്തനം എല്ലായ്പ്പോഴും ഈ അസാധ്യതയെയാണ് നേരിടുന്നത്. ആ പരിശ്രമത്തിൽ പലപ്പോഴും പരിഭാഷ കൃത്രിമമായിപ്പോകാം, അല്ലെങ്കിൽ അത് ഫലത്തിൽ ലക്ഷ്യഭാഷയിലേക്ക് പൊരുത്തപ്പെടുത്തിയെടുക്കുന്ന ഒരു മാറ്റിയെഴുത്തായി മാറിയെന്നും വരാം.

ലോകജനതയുടെ ജീവിതാവസ്ഥകളെപ്പറ്റിയുള്ള ശബ്ദ- ദൃശ്യ വാർത്തകൾ തൽസമയം ലഭ്യമാകുന്ന ഇക്കാലത്ത് അത്തരം അനുഭവങ്ങളെപ്പറ്റിയുള്ള അറിവ് വളരെ വർദ്ധിച്ചിട്ടുണ്ടെങ്കിലും അവ ‘നമ്മുടേതായി’ ഭാഷയിൽ പിറന്ന് വളരണമെങ്കിൽ സ്വാനുഭവത്തിന്റെ വൈകാരികബന്ധം കൂടി വേണ്ടതുണ്ട്. മൂലഭാഷയുടെ ക്ലേശാനുഭവങ്ങളെ ലക്ഷ്യഭാഷയുടെ ജീവിതത്തിലെ സമാന അനുഭവമായി പരിഭാഷപ്പെടുത്തുക എന്നതാണ് വലിയ അനുഭവവ്യത്യാസങ്ങളെ മെരുക്കാൻ പരിഭാഷകർ അവലംബിക്കുന്ന വഴികളിലൊന്ന്.
പെരുമഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കടലാക്രമണവും അതോട് ബന്ധപ്പെട്ട അപകടങ്ങളും രോഗങ്ങളും ദാരിദ്ര്യവുമാണ് നമ്മുടെ പ്രദേശത്തിന്റെ വലിയ ക്ലേശാനുഭവങ്ങൾ എന്നു പറയാം. അതോടൊപ്പം, ജാതിവേർതിരിവും അതിന്റെ ഫലമായുള്ള സാമൂഹ്യവേർതിരിവുകളും. വൈദേശികാധിപത്യത്തോടുള്ള യുദ്ധങ്ങളും കലാപങ്ങളും ഉൾനാട്ടു പോരുകളും മറ്റും ഉണ്ടായിരുന്നെങ്കിലും ഒരു ദേശമെന്ന നിലയിൽ സാമൂഹ്യജീവിതത്തെ മുഴുവൻ നിർണ്ണയിക്കുന്ന നീണ്ടുനിൽക്കുന്ന രാഷ്ട്രീയദുരന്തങ്ങൾ - ഒറ്റപ്പെട്ട ഹ്രസ്വകാല സംഭവങ്ങൾ എന്ന നിലയിലല്ലാതെ - മലയാളികൾക്കുണ്ടായിട്ടില്ല എന്ന് പറയണം. ഈ പശ്ചാത്തലത്തിലാണ്, കഠിനവും തീവ്രവുമായ രാഷ്ട്രീയദുരന്തങ്ങളിലൂടെയും വംശീയഹിംസകളിലൂടെയും അനേകകാലം കടന്നുപോന്ന ഭാഷാസമൂഹങ്ങളിൽ നിന്ന് മലയാളത്തിലേക്കുള്ള പരിഭാഷകളെ നാം കാണേണ്ടത്.
പല പരിഭാഷകരുടേതായി ഒന്നിൽക്കൂടുതൽ പരിഭാഷകളുള്ള കവിതകൾ വായിക്കുമ്പോൾ പരിഭാഷകരുടെ ഭാഷാരീതിയിലും ആശയങ്ങളെ സ്വാംശീകരിക്കുന്നതിലുമുള്ള വ്യത്യാസങ്ങൾ അറിയാനാവും.
അതേസമയം, പോൾ റികോ പറയുന്നതുപോലെ വിവർത്തനം എന്നത് ഒരു ഭാഷയുടെ ആതിഥേയത്വത്തെ സൂചിപ്പിക്കുന്നു. ആ അർത്ഥത്തിൽ മലയാളി സംസ്ക്കാരത്തിന്റെ നിരുപാധികമായ ആതിഥേയത്വം നമ്മുടെ വിവർത്തന ചരിത്രത്തിലുണ്ട്; മറ്റേതു ഭാഷയെക്കാളും വിവർത്തനങ്ങൾക്ക് പ്രാധാന്യമുള്ള, ആസക്തിയുള്ള ഭാഷയാണ് മലയാളം. അത് മലയാളിയുടെ ലോകാഭിനിവേശം കൊണ്ടായിരിക്കാം. ലോകവുമായുള്ള കടൽബന്ധം - നിരന്തരമായ വാണിജ്യ- ബീജ ബന്ധങ്ങൾ - കേരളത്തെ, മലയാളത്തെ, വളരെയധികം വൈജാത്യങ്ങളെയും വിപരീതങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ജനതയാക്കി, ഭാഷയാക്കി വളർത്തിയിട്ടുമുണ്ട്. മലയാളഭാഷയെത്തന്നെ, അനേക ഭാഷകളും അനുഭവങ്ങളും ആത്മീയതകളും ആർത്തികളും ദർശനങ്ങളും ഇഴചേരുന്ന സങ്കലനസ്ഥലമായി സങ്കൽപ്പിക്കാമെങ്കിൽ, ആ കെട്ടുപിണച്ചിലിൽ ഭാഷയിലെ അനുഭവവിടവുകൾ മറ്റു ഭാഷകൾ പൂരിപ്പിക്കുന്നതായും കൂടി കരുതാം.
പ്രസിദ്ധ പലസ്തീൻ കവിയായ മുരീദ് ബർഗൂതിയുടെ ‘റാമല്ല ഞാൻ കണ്ടു’ എന്ന കൃതി അതിന്റെ ഭാഷയിൽ ആകൃഷ്ടയായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുമ്പോൾ ഞാൻ ഈ വലിയ പ്രയാസം അനുഭവിച്ചിട്ടുണ്ട്. നാടുകടത്തലിന്റെ ഏറ്റവും കൃത്യവും സൂക്ഷ്മവും ആയ ആവിഷ്ക്കാരങ്ങളിൽ ഒന്നാണ് ആത്മകഥാപരമായ ഈ കൃതി. അറിയപ്പെടുന്ന അറബി- ഇംഗ്ലീഷ് എഴുത്തുകാരി അഹ്‌ദാഫ് സുവയ്ഫിന്റെ ഒന്നാന്തരം ഇംഗ്ലീഷ് പരിഭാഷയിൽ നിന്നാണ് ഞാൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. എന്നാൽ മൂലകൃതി അറബിയിലായിരുന്നതുകൊണ്ട് എനിക്ക് എന്റെ പരിഭാഷയുടെ ആധികാരികതയിൽ വേണ്ടത്ര ഉറപ്പു തോന്നിയില്ല.
ഒന്നാമതായി, കവിയുടെ ഗദ്യമാണ്, അതു കവിത തന്നെയാണ്, അതിന്റെ ഭാഷാസൂക്ഷ്മതകൾ ഇംഗ്ലീഷിലെത്തുമ്പോൾ ഒരളവ് ചോർന്നുപോകാതെ വയ്യ. കൂടാതെ, രാഷ്ട്രീയ, സാഹിത്യ, സാംസ്കാരിക സൂചനകൾ നിബിഢമായി ചേർന്നിരിക്കുന്ന ആഖ്യാനമാണ്. അതെപ്പറ്റിയെല്ലാം കഴിയുന്നിടത്തോളം പരിശോധിച്ച് ഉചിതമായ വാക്കുകൾ തെരഞ്ഞെടുക്കേണ്ടതുണ്ട്. മലയാളത്തിന് പരിചിതമല്ലാത്ത പരാമർശങ്ങളിൽ അടിക്കുറിപ്പുകൾ കൊടുക്കേണ്ടതുമുണ്ട്. അറബിഭാഷ അറിയാത്ത, അറബിസംസ്ക്കാരം (അതു തന്നെ എത്ര വിവിധമാണ്) പരിചയിക്കാത്ത ഞാൻ എങ്ങനെയാണ് ഈ കൃതിയെ അതർഹിക്കുന്ന ശ്രദ്ധയോടെയും ഉത്തരവാദിത്തത്തോടെയും പരിഭാഷപ്പെടുത്തുക, ആരുണ്ട് ഇക്കാര്യത്തിൽ എനിക്കാശ്രയിക്കാൻ കഴിയുന്ന അറിവും സാഹിത്യതാത്പര്യവും ക്ഷമയും സന്മനസ്സും തികഞ്ഞ ഒരാൾ എന്ന എന്റെ അന്വേഷണം എത്തിനിന്നത് വി.എ. കബീറിലാണ്. മാധ്യമത്തിൽ അന്നുണ്ടായിരുന്ന എൻ. പി. സജീഷാണ് അദ്ദേഹവുമായി ബന്ധപ്പെടുത്തിയത്, എഴുത്തുകാരൻ മാത്രമല്ല, പത്രപ്രവർത്തകനും അറബി ഭാഷാസാഹിത്യപണ്ഡിതനും കൂടിയായ വി.എ. കബീറിന്റെ സഹായമാണ് എന്റെ പരിഭാഷയെ പരമാവധി ആധികാരികമാക്കിയത്. പുസ്തകത്തിന്റെ അറബിമൂലകൃതിയുമായി ഓരോ അദ്ധ്യായവും ഒത്തുനോക്കി അദ്ദേഹം നിർദ്ദേശങ്ങൾ തന്നു. കൂടാതെ തനിക്ക് കൃത്യമായറിയാത്ത കാര്യങ്ങളിൽ പുസ്തകങ്ങൾ പരിശോധിച്ചും അറബിനാടുകളിലുള്ള സുഹൃത്തുക്കളായ എഴുത്തുകാരുമായി ബന്ധപ്പെട്ടും അദ്ദേഹം കൃത്യത വരുത്തി. ഒരിക്കലും തീരാത്ത കടപ്പാടാണ് അക്കാര്യത്തിൽ എനിക്ക് അദ്ദേഹത്തോടുള്ളത്. എന്റെ പരിഭാഷയ്ക്ക് അദ്ദേഹം സഹായം തന്നു എന്നതു മാത്രമല്ല എനിക്ക് അദ്ദേഹത്തോടുള്ള ആദരവിനു കാരണം. അറിവിനോടും എഴുതപ്പെട്ട വാക്കിനോടും അദ്ദേഹത്തിനുള്ള ആഴമുള്ള ശ്രദ്ധയും ജാഗ്രതയും അർപ്പണവുമാണ് അധികമായ ആ കാരണം. അങ്ങനെയുള്ള വി.എ. കബീർ പരിഭാഷ ചെയ്ത മഹ്‌മൂദ് ദർവീശിന്റെ കവിതകളുടെ പുസ്തകമാണ് ഇത് എന്നതാണ് ഈ പുസ്തകത്തിലേക്ക് എന്റെ ശ്രദ്ധ കൊണ്ടുപോയത്.

ദർവീശിന്റെ,1876 പേജ് വരുന്ന ‘അൽഅമാലുൽ കാമില’ (സമ്പൂർണ്ണ കൃതികൾ എന്നർത്ഥം) എന്ന പുസ്തകത്തിൽനിന്ന് തെരഞ്ഞെടുത്ത അൻപത് കവിതകളാണ് വി.എ. കബീർ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. അതിലൊരു കവിതയാണ്, ആ കവിതയുൾപ്പെടുന്ന സമാഹാരത്തിന്റെ പേരുമാണ്, ‘ഗലീലിയിൽ കുരുവികൾ മരിച്ചുവീഴുന്നു’ എന്നത്. വായിച്ചുപോകെ ഇഷ്ടപ്പെട്ട കവിതകൾ പരിഭാഷപ്പെടുത്തി എന്നാണ് അദ്ദേഹം പറയുന്നത്. കൂടുതൽ കവിതകൾ ഇനി പരിഭാഷപ്പെടുത്തിയേക്കാം എന്നും. ഇംഗ്ലീഷിന്റെ സഹായം കൂടാതെ അറബിയിൽനിന്ന് നേരിട്ട് പരിഭാഷപ്പെടുത്തുകയാണ് ചെയ്തത്. വി.എ. കബീർ കവിയല്ല, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പരിഭാഷയിൽ ഒരു കവിയുടെ കയ്യൊപ്പ് പ്രതീക്ഷിക്കേണ്ടതുമില്ല.
ദർവീശിന്റെ കവിതകളിൽ പൊതുവേ കാണുന്ന ഭ്രമാത്മകത, പക്ഷികൾ ചിതറിപ്പറക്കുന്നതുപോലെയുള്ള പലതരം ബിംബങ്ങൾ, വന്നുപോകുന്ന ഓർമ്മകൾ, സൂചനകൾ ഒക്കെ ഓർത്തുകൊണ്ട് പരിഭാഷയുടെ അനുഭവത്തെപ്പറ്റി ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: “ചില സന്ദർഭങ്ങൾ എളുപ്പമായിരുന്നില്ല. മറ്റ് കവികൾ, കവിതകൾ, മരിച്ചുപോയ കമ്യൂണിസ്റ്റ് കവികൾ, അവരുടെ കുടുംബങ്ങൾ, മറ്റനേകം സൗഹൃദങ്ങൾ ഒക്കെ പരാമർശിക്കുമ്പോൾ അത് മനസ്സിലാക്കാൻ പ്രയാസപ്പെട്ടു. അദ്ദേഹത്തിന്റെ ബന്ധങ്ങൾ അങ്ങനെ പടർന്നുകിടക്കുകയാണ്. അവ കവിതയിൽ വന്നും പോയും കൊണ്ടിരിക്കും. പിന്നെ ദുരൂഹതയുള്ള ഭാഗങ്ങൾ അനവധിയുണ്ട്. വ്യക്തമായി മനസ്സിലാക്കി പകർത്താൻ കഴിയാത്ത അത്തരം ഭാഗങ്ങളിൽ അതിന്റെ കാവ്യഭംഗി, അനുഭൂതിയായി മാറുകയാണ്. നിറമുള്ള മേഘങ്ങൾ കാണുമ്പോലെ അർത്ഥത്തിന് അതീതമായി ഉണ്ടാകുന്ന ഒരു ആകർഷണം . ആ ആകർഷണത്തെ പിന്തുടർന്ന് അത്തരം ഭാഗങ്ങൾ പരിഭാഷ ചെയ്തു.”
ഏറ്റവും ലളിതവും സത്യവുമായ, എല്ലാ പരിഭാഷകരും എപ്പോഴെങ്കിലും നേരിട്ടുപോരുന്ന, ഒരു പരിഭാഷാ അനുഭവമാണ് വി. എ. കബീർ പറഞ്ഞത്.
പലായനത്തിന്റെയും പ്രവാസത്തിന്റെയും പലസ്തീൻ അനുഭവങ്ങൾ ദർവീശിൽ കവിതയായി മാറി. പലസ്തീന്റെ മണ്ണും വെള്ളവും ആകാശവും മനുഷ്യരുടെ ഓർമ്മയും മുറിവുകളും സ്വപ്നങ്ങളും ദർവീശിന്റെ കവിതയും ഒന്നുതന്നെയായി. അനുഭവത്തിനും കവിതയ്ക്കുമിടയിൽ ഭാഷ അദൃശ്യമായി.
പുസ്തകത്തിൽ എടുത്തുപറയേണ്ടതായി എനിക്ക് തോന്നുന്നത് നാല് കാര്യങ്ങളാണ്.
ഒന്ന്, ഇംഗ്ലീഷിനെ ആശ്രയിക്കാതെ അറബിയിൽ നിന്ന് നേരിട്ടു മലയാളത്തിലേക്ക്, രണ്ട് ഭാഷയും നന്നായറിയുന്ന ഒരാൾ ചെയ്ത പരിഭാഷയ്ക്കുണ്ടാവുന്ന, മൂലകൃതിയോട് ഏറ്റവുമടുത്തു നിൽക്കുന്നു എന്ന ആധികാരികത.
രണ്ട്, പരിഭാഷയിലെ മലയാളത്തനിമയുള്ള പ്രയോഗങ്ങൾ - ആളും കോളുമില്ലാത്ത, കാണാപ്പാതാളം, പട്ടുപുലരി, തോറ്റുക തുടങ്ങി സാമാന്യമായ അർത്ഥത്തിനപ്പുറം പോകുന്ന പ്രയോഗങ്ങളുടെ ഭംഗിയും ഔചിത്യവും.
മൂന്ന്, നല്ല ആമുഖവും പിൻകുറിയും.“ജീവിച്ചിടുന്നു മൃതിയാൽ” എന്ന ആമുഖക്കുറിപ്പ് ദർവീശിനെപ്പറ്റി വെറും നാലു താളുകളിൽ ഒരു സംക്ഷിപ്തചിത്രം തരുന്നു. അതുപോലെ, പലസ്തീൻ കവിതയിലെ മൃത്യുരാസകം എന്ന പിൻകുറിപ്പ് മരണത്തെ ആഘോഷിക്കുന്ന സൂഫിസംസ്ക്കാരത്തെയും പലസ്തീൻ കവിതകളിൽ പൊതുവായി കാണുന്ന മൃത്യുവാഞ്ച്ഛയെയും അത് ജീവിതത്തിന്റെ പ്രതിരോധമായിത്തീരുന്നതിനെപ്പറ്റിയും ഉള്ള ഹ്രസ്വാന്വേഷണമാണ്. പലസ്തീൻ വിലാപകാവ്യങ്ങൾ സാധാരണ വിലാപകാവ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. അവ കണ്ണീരിന്റെയും നഷ്ടത്തിന്റെയും പ്രലപനങ്ങളല്ല, മറിച്ച് ഭാവിയുടെ വാഹകങ്ങളാണ്. പലസ്തീനിൽ, അതുകൊണ്ടുതന്നെ പലസ്തീൻ കവിതയിലും, മൃത്യു ജീവിതത്തിലേക്ക് പാലം പണിയുകയാണ്, പണിഞ്ഞുകൊണ്ടേയിരിക്കുകയാണ്.
നാലാമതായി, ഈ പുസ്തകത്തിൽ എടുത്തുപറയേണ്ടത്, ‘കവിത ഭീകരപ്രവർത്തനമാകുമ്പോൾ’ എന്ന ശീർഷകത്തിൽ സമീഹുൽ ഖാസിം എന്ന പ്രമുഖ പലസ്തീൻ കവി ദർവീശിനെഴുതുന്ന കത്താണ്, ബ്രിട്ടനിൽ ഒരു കവിതവായനയ്ക്കായി പുറപ്പെടുമ്പോൾ, ദർവീശാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് തന്നെ പിടിച്ച് ലോക്കപ്പിലാക്കുന്നതിനെപ്പറ്റിയുള്ള ആ കത്ത് വ്യക്തിപരമായ രാഷ്ട്രീയാനുഭവമെന്ന നിലയിലും രണ്ട് കവികൾക്കിടയിലെ വാക്കുകളെന്ന നിലയിലും വായിക്കേണ്ടതുതന്നെ.

പല പരിഭാഷകരുടേതായി ഒന്നിൽക്കൂടുതൽ പരിഭാഷകളുള്ള കവിതകൾ വായിക്കുമ്പോൾ പരിഭാഷകരുടെ ഭാഷാരീതിയിലും ആശയങ്ങളെ സ്വാംശീകരിക്കുന്നതിലുമുള്ള വ്യത്യാസങ്ങൾ അറിയാനാവും.
ഓരോ പരിഭാഷയിലുമുണ്ട്, രണ്ട് ഭാഷകൾ, രണ്ട് സംസ്കാരങ്ങൾ, എഴുത്തുകാരായ രണ്ട് മനുഷ്യർ, അവരുടെ അകം പുറം ലോകങ്ങളും ബലങ്ങളും ബലഹീനതകളും.
ഈ കുറിപ്പ് അവസാനിപ്പിക്കുമ്പോൾ ‘റീത്തയും റൈഫിളും’ എന്ന ദർവീശിന്റെ പ്രസിദ്ധമായ ആദ്യകാലകവിത ഞാൻ പരിഭാഷപ്പെടുത്തിയത് ഇതോടൊപ്പം ചേർക്കുകയാണ്. ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷകൾ തമ്മിൽ പല വരികൾക്കും അർത്ഥവ്യത്യാസങ്ങളുണ്ട്. അറബിമൂലത്തിൽ നിന്ന് പരിഭാഷാടൂളുകൾ ഉപയോഗിച്ച് ഒത്തുനോക്കാൻ ശ്രമിച്ചു എങ്കിലും ഒടുവിൽ വി.എ. കബീറിനോടുതന്നെ ചോദിച്ച് അത്തരം ഭാഗങ്ങളിൽ സംശയനിവൃത്തി വരുത്തി. ഒറ്റ അർത്ഥത്തിലേക്ക് തറയ്ക്കാൻ കഴിയാതെയുള്ള വരികൾ അറബിമൂലത്തിലും ഉണ്ടത്രെ. ഇംഗ്ലീഷ് പരിഭാഷകർ ഔചിത്യം നോക്കി അർത്ഥം ഭാവന ചെയ്തിട്ടുണ്ടാവണം.
കവിതയുടെ ശീർഷകം ‘റീത്തയും തോക്കും’ എന്നാണ് മലയാളത്തിൽ കൂടുതൽ നന്നാവുക എന്ന് പരിഭാഷാകുശലനായ എന്റെ സുഹൃത്ത് അഭിപ്രായപ്പെട്ടു. എങ്കിലും റൈഫിൾ എന്ന വാക്കിന്റെ ശബ്ദസാധ്യതയും ആ വാക്ക് മനസ്സിലുണ്ടാക്കുന്ന ദൃശ്യസാധ്യതയും കവിയുടെ കാമുകിയും എതിർവംശക്കാരിയുമായ റീത്തയോട് ചേർത്ത് റൈഫിൾ എന്ന വാക്ക് ഉച്ചരിക്കുമ്പോൾ സമാനശബ്ദസുഖത്തിനുപരി സംഭവിക്കുന്ന കാവ്യപരമായ തൃപ്തിയും കണക്കിലെടുത്ത് റൈഫിൾ ഞാൻ നിലനിർത്തി. അറബിയിൽ അത് ബുൻദുഖിയ്യ ആണ്. ചുമലിൽവച്ച് നിറയൊഴിക്കുന്ന തരം തോക്ക്, സായുധപോരാട്ടങ്ങളുടെ സൂചന തരുന്ന വാക്ക്. അല്ലെങ്കിലും തോക്കല്ലല്ലൊ റൈഫിൾ.
▮
റീത്തയും
റൈഫിളും
റീത്തയ്ക്കും
എന്റെ കണ്ണുകൾക്കുമിടയിൽ
ഒരു റൈഫിളുണ്ട്
റീത്തയെ അറിയുന്നവർ ആരുമാകട്ടെ
അവരെല്ലാം
തേൻനിറമുള്ള ആ കണ്ണുകളുടെ
ഐശ്വര്യത്തിനു മുന്നിൽ
കുമ്പിട്ട് പ്രാർത്ഥിച്ചുപോകും.
ഞാൻ റീത്തയെ ഉമ്മവച്ചിട്ടുണ്ട്
അവൾ ചെറുപ്പമായിരുന്നപ്പോൾ
എനിക്കോർമ്മയുണ്ട്
അവളെന്നെ കെട്ടിപ്പുണർന്നത്
അതിമനോഹരമായ ആ മുടിപ്പിന്നൽ
എന്റെ കരങ്ങളാൽ മറച്ചത്
ഒരു കുരുവി അതിന്റെ അരുവിയെന്നപോലെ
ഞാൻ റീത്തയെ ഓർമ്മിക്കുന്നു.
ഹാ, റീത്താ...
നമുക്കിടയിൽ
ഒരായിരം കുരുവികൾ ബിംബങ്ങൾ
എണ്ണമറ്റ രഹസ്യസമാഗമങ്ങൾ
അവയിലേക്കൊരു റൈഫിൾ നിറയൊഴിക്കുന്നു.
റീത്തയുടെ പേര്
എന്റെ നാവിൽ രുചിയുടെ ഉൽസവമായിരുന്നു.
റീത്തയുടെ ശരീരം
എന്റെ രക്തത്തിൽ വിവാഹമേളമായിരുന്നു.
രണ്ടു വർഷങ്ങൾ ഞാനവളിൽ മുഴുകിയലഞ്ഞു...
രണ്ടു വർഷങ്ങൾ അവളെന്റെ കൈകളിൽക്കിടന്നുറങ്ങി.
മനോഹരങ്ങളായ ചഷകങ്ങൾക്കപ്പുറമിപ്പുറം
ഞങ്ങൾ വാഗ്ദാനങ്ങൾ കൈമാറി
അധരവീഞ്ഞിൽ ഞങ്ങൾ ഉരുകി
പുനർജ്ജനിച്ചു.
ഹാ, റീത്താ ...
ഈ റൈഫിളിന് മുൻപ്
നിന്റെ കണ്ണുകളിൽ നിന്നെന്റെ
കണ്ണുകൾ തിരിക്കാൻ മാത്രം
നമുക്ക് ഒന്നുരണ്ട് ഉച്ചമയക്കങ്ങളും
ചില തേൻനിറമേഘങ്ങളും അല്ലാതെ
മറ്റെന്തുണ്ടായിരുന്നു…
പണ്ടുപണ്ടൊരിക്കൽ ...
ഹാ, സന്ധ്യയുടെ ആ നിശ്ശബ്ദത
രാവിലെ എന്റെ ചന്ദ്രൻ
തേൻനിറമുള്ള ആ കണ്ണുകൾ വിട്ട്
ദൂരദിക്കിലേക്ക് പലായനം ചെയ്തു
നഗരം എല്ലാ ഗായകരെയും
തുടച്ചുനീക്കിക്കളഞ്ഞു
റീത്തയേയും.
റീത്തയ്ക്കും
എന്റെ കണ്ണുകൾക്കുമിടയിൽ -
ഒരു റൈഫിൾ.
