അക്കാദമിയുടെ പുസ്തക മുദ്ര: രാഷ്ട്രീയവും പൊതു ബുദ്ധിജീവിയും

ഇപ്പോള്‍ മലയാള സാഹിത്യകൃതികള്‍ക്കുമേല്‍ സാഹിത്യ അക്കാദമി 'പിണറായി എംബ്ലം' കുത്തിയതിനെ ന്യായീകരിക്കാന്‍ അക്കാദമിയുടെ ഭരണകര്‍ത്താക്കള്‍ കലയിലെ 'ശുദ്ധിവാദ'വുമായാണ് വരുന്നത്. തങ്ങളെത്തിയ പുരോഹിതപദവി ആവശ്യപ്പെടുന്ന പാദസേവ മറച്ചുപിടിക്കാനാണ് ഈ 'ശുദ്ധിവാദം' എന്ന് ആ പാര്‍ട്ടിയുടെ ബേബിമാര്‍ക്കുവരെ ഇപ്പോള്‍ മനസിലായിട്ടുണ്ടാവും.

കെ.എ. ജയശീലന്‍ മലയാളത്തിലെ അസാധാരണനായ കവിയായതുകൊണ്ടും ആ കവിതകളുടെ മുഴുവന്‍ ഒരു സമാഹാരം ആഗ്രഹിക്കുന്നതുകൊണ്ടുമാകാം സാഹിത്യ അക്കാദമി ഇറക്കിയ പുസ്തകം ആദ്യം ശ്രദ്ധയില്‍ പെടുന്നത്. പിന്നിടാണ് അത് 'രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ കരുത്തോടെ' എന്ന മുഖമുദ്രയോടെ പ്രസിദ്ധീകരിക്കപ്പെട്ട മുപ്പതോളം പുസ്തകങ്ങളില്‍ ഒന്നാണെന്ന് അറിയുന്നത്. അക്കാദമിയുടെ ആ 'മുദ്ര' പക്ഷെ 'പാര്‍ട്ടി'യോടും നേതാവിനോടുമുള്ള അളിഞ്ഞ വിധേയത്വത്തെക്കാള്‍ ഏക പാര്‍ട്ടി ഭരണത്തിലേക്ക് പാര്‍ലിമെന്ററി ജനാധിപത്യത്തെ സമീകരിക്കുന്ന 'മോദി രാഷ്ട്രീയ'ത്തിന്റെ കേരള പതിപ്പായിരുന്നു.

ഇതിനെതിരെ സമൂഹമാധ്യമത്തില്‍ ചര്‍ച്ച ചെയ്ത എന്റെ ഫേസ്ബുക് പോസ്റ്റിനു താഴെ 'ഇതില്‍ എന്താണ്, ആര്‍ക്കാണ് കുഴപ്പം' എന്ന മട്ടിലായിരുന്നു അക്കാദമി സെക്രട്ടറി സി.പി. അബുബക്കര്‍ പ്രതികരിച്ചത്. ഒരു ടിപ്പിക്കല്‍ കമ്യൂണിസ്റ്റ് മനോഘടനയില്‍ സാഹിത്യവും രാഷ്ട്രീയവും ചര്‍ച്ച ചെയ്യാറുള്ള കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തില്‍ സ്വാഭാവികമായും സ്വീകാര്യമാവുന്ന ഒന്നാണ് അബൂബക്കര്‍ പറഞ്ഞത്. കാരണം, കേരളത്തിന്റെ വായനാസമൂഹം അത്തരമൊരു Cultural apparatus- ന്റെ ഭാഗമാവുന്നു എന്നതുകൊണ്ട്. എന്നാല്‍, പുസ്തക മുദ്ര വിവാദമായതോടെ കവിയും അക്കാദമിയുടെ പ്രസിഡന്റുമായ സച്ചിദാനന്ദന്‍ ഈ മുഴുവന്‍ പ്രക്രിയയെയും 'സാങ്കേതികമായ പിഴവോ', 'തിരുത്താവുന്ന തെറ്റോ ' ആക്കി പ്രശ്‌നത്തെ തൊഴുത്തില്‍ നിന്ന്​ മാറ്റി കെട്ടി. സച്ചിദാനന്ദന് ആ രാഷ്ട്രീയം തന്നെ മറച്ചുവെയ്ക്കണമായിരുന്നു. അഥവാ, സച്ചിദാനന്ദന്‍ നമ്മുടെ ബൗദ്ധിക ജീവിതത്തിന്റെ ഒരു ടെസ്റ്റ് കേസ് ആണ്: അവസരവാദ രാഷ്ട്രീയത്തിന്റെ അവസരവാദ സാഹിത്യമാണ് സച്ചിദാനന്ദന്‍ തന്റെ വിശദീകരണം കൊണ്ട് വെളിപ്പെടുത്തിയത്. ഞാന്‍ എഴുതിയത് ഇങ്ങനെ: ‘‘കെ. എ. ജയശീലന്റെ മുഴുവന്‍ കവിതകളുടെയും സമാഹാരത്തിനു തുടര്‍ച്ചയായി ഇനി ഞാന്‍ പ്രതീക്ഷിക്കുന്നത്, കവിയും കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനുമായ കെ. സച്ചിദാനന്ദന്‍ ഇതേ 'പിണറായീ സര്‍ക്കാര്‍ പരസ്യ വാചകമെഴുതിയ ടീ- ഷര്‍ട്ടോടെ' കേരളത്തിന്റെ സാംസ്‌കാരിക സദസ്സുകളില്‍ പ്രത്യക്ഷപ്പെടുന്നതാണ്.’’

ഇത് തമാശയല്ല, അവസരവാദ സാഹിത്യത്തിന്റെ അവതരണം തന്നെയാണ്. അപകടം പിടിച്ചത്.

നമുക്കറിയാം, അക്കാദമികള്‍ എങ്ങനെ ഭരണകൂടത്തിന്റെ ഒത്താശയിലും പ്രീണനങ്ങളിലും പങ്കുചേരുമെന്ന്. എങ്കിലും ഈ മോദി കാലത്ത് നാഴികയ്ക്ക് നാല്പതുവട്ടം 'നെഹ്റുവിന്റെ ജനാധിപത്യം' ഓര്‍മ്മിക്കാറുള്ള സച്ചിയ്ക്ക് ഇങ്ങനെയൊരു പുസ്തക പ്രസാധനത്തില്‍, അതും രാഷ്ട്രീയബന്ധുത്വമില്ലാത്ത വലിയൊരു കവിയുടെ പുസ്തകത്തിന്റെ പ്രസാധനത്തില്‍, 'ഒരു പന്തികേടും ' തോന്നിയില്ലല്ലോ എന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു, എന്തൊരു തോല്‍വിയാണത്!

അക്കാദമികളുടെ സ്വതന്ത്ര നിലനില്‍പ്പ് നെഹ്റു ആഗ്രഹിക്കുകയെങ്കിലും ചെയ്തിരുന്നുവെന്നും ഈ പുസ്തകത്തിന്റെ സമയത്തെങ്കിലും സച്ചിക്ക് തോന്നണമായിരുന്നു - അശോകനെ വിടൂ, അബുബക്കറെ വിടൂ, സച്ചിയ്ക്ക്...

വലിയ വലിയ നിരാശകള്‍ താങ്കള്‍ തന്നുകൊണ്ടേയിരിക്കുന്നു..

കെ. സച്ചിദാനന്ദൻ / ഫോട്ടോ: മുഹമ്മദ്. എ.
കെ. സച്ചിദാനന്ദൻ / ഫോട്ടോ: മുഹമ്മദ്. എ.

ഇങ്ങനെയായിരുന്നു ഞാന്‍ അവസാനിപ്പിച്ചത്.

വാസ്തവത്തില്‍, ഇന്ത്യയില്‍, ആര്‍.എസ്.എസിന്റെ ഭരണനിര്‍വഹണത്തിലെ ഏക പാര്‍ട്ടി- ഏക നേതാവ് എന്ന രാഷ്ട്രീയസങ്കല്‍പ്പത്തെ തന്റെയും മനമറിഞ്ഞുകൊണ്ട് എന്ന് വരുത്തിയ ഏക ആര്‍. എസ്. എസ് ഇതര മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ തന്നെ രാഷ്ട്രീയ ലക്ഷ്യമായി പിണറായി വിജയനും പാര്‍ട്ടിയും ആ രാഷ്ട്രീയത്തെ സ്വീകരിയ്ക്കുകയായിരുന്നു. അതിലെ മുസ്​ലിം വിരുദ്ധത, അതിന്റെ ബ്രാഹ്മണിക്ക് പെരുമാറ്റം എല്ലാം ഇവിടെയും അനുകരിക്കപ്പെട്ടു. കേരളത്തിലെ പ്രമുഖമായ ഹിന്ദു പാര്‍ട്ടി എന്ന നിലയ്ക്ക് സി പി ഐ (എം ) അണികള്‍ക്ക് ഇതില്‍ തകരാറ് ഒന്നും തോന്നിയില്ല. ഇപ്പോള്‍ പിണറായി വിജയന്റെ പടം സര്‍ക്കാര്‍ ധനസഹായം ചെയ്യുന്ന സിനിമകള്‍ക്കും വേണമെന്നായി.

'പിണറായി സര്‍ക്കാര്‍ എന്റെ പദവിയുടെ ഐശ്വര്യം' എന്ന് എഴുതി വെയ്ക്കുന്ന അക്കാദമി സെക്രട്ടറി സി.പി. അബൂബക്കറെ ആര്‍ക്കും മനസിലാവും. അത് പൗലോ ഫ്രെയര്‍ പറഞ്ഞ പോലെ മര്‍ദ്ദിതന്റെ ബോധക്ഷയജീവിതമാണ്. എന്നാല്‍, പിണറായി സര്‍ക്കാര്‍ മലയാളി എഴുത്തുകാരുടെ ഏല്ലാം ഐശ്വര്യം എന്ന് ചാപ്പ കുത്താന്‍ ഇയാളുടെ അവകാശം എന്തായിരുന്നു? തനിക്കുള്ള അധികാരം, തനിക്ക് ഉണ്ട് എന്ന് അയാള്‍ കരുതുന്ന ഭരണകൂട പിന്തുണ - മറ്റൊന്നുമല്ല.
എങ്കില്‍, ഇത് മനസിലായില്ല എന്നോ മനസിലാക്കാന്‍ വൈകി എന്നോ ആണ് അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ ഇപ്പോള്‍ പറയുന്നത്. ഇതും സമ്മതിച്ചുകൊടുക്കാന്‍ പ്രയാസമാണ്. 'സച്ചിദാനന്ദനെ വിശ്വാസത്തിലെടുക്കണം' എന്നു പറയാന്‍ ഇതിനകം മലയാള കവികള്‍ തന്നെ വന്നിട്ടുണ്ടാവും. എന്നാല്‍, ക്രൂരമായ രാഷ്ട്രീയ കൊലപാതങ്ങളുടെയും ജനാധിപത്യ ശത്രുതയുടെയും പാരമ്പര്യമുള്ള ഒരു പാര്‍ട്ടിയും ഏകാധിപത്യ പ്രവണതയുള്ള അതിന്റെ വലുതും ചെറുതും നേതാക്കളുടെയും സെമി ഓട്ടോണമസ് ഐശ്വര്യമാണ് തന്റെ പ്രസിഡന്റ് പദം എന്ന് സച്ചിദാനന്ദന് അറിയില്ല എന്നുവരുത്തുന്നത്, അദ്ദേഹമോ സഹകവികളോ ആവട്ടെ, സമ്മതിക്കാന്‍ പാടാണ്. എന്തെന്നാല്‍, കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തിലെ എക പാര്‍ട്ടി - ഏക നേതാവ് എന്ന ജനാധിപത്യ വിരുദ്ധ ആശയത്തെ സച്ചിദാനന്ദനെ പോലുള്ള ബുദ്ധിജീവികള്‍ എന്നേ സ്വീകരിച്ചതാണ്. അതിനൊരു കാലം പറയണമെങ്കില്‍ ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനു പിറകെ എന്ന് പറയാം. അഥവാ, മോദിക്കും മുമ്പ്.

സി.പി. അബൂബക്കർ
സി.പി. അബൂബക്കർ

എന്റെ ഈ അഭിപ്രായത്തെ സച്ചിദാനന്ദനെതിരെയുള്ള വ്യക്തിപരമായ ആക്രമണമായി വരുത്താനും ശ്രമമുണ്ടാകും. പക്ഷെ, കേരളത്തിന്റെ ബൗദ്ധിക ജീവിതത്തെ, അതിന്റെ പബ്ലിക്​ സ്​പെയ്​സിനെ, അതിലെ public utterances- നെ അസത്യവല്‍ക്കരിക്കുന്നതില്‍ സച്ചിദാനന്ദന്റെ പങ്ക്, (മറ്റു പലരെയും പോലെ) വളരെ വലുതാണ്. കാരണം, ഈ കവിയുടെ സാംസ്‌കാരിക സ്വത്ത് കവിത്വത്തെക്കാള്‍ അദ്ദേഹം അവസരാനുസൃതമായി കൂടെ കൂട്ടിയ 'ഇടതുപക്ഷ നൈതികത'യാണ് എന്നതുകൊണ്ട്.

രാജാവുമായുള്ള പുരോഹിതന്മാരുടെ ബന്ധം പോലെ ഒന്ന് ഭരണകൂടവുമായി എഴുത്തുകാര്‍ക്ക് ഉണ്ടാവുന്നതിനെപ്പറ്റി സാര്‍ത്രെ, 'എന്താണ് സാഹിത്യം?' എന്ന് അന്വേഷിക്കുമ്പോള്‍ പറയുന്നുണ്ട്. ഇപ്പോള്‍ മലയാള സാഹിത്യ കൃതികള്‍ക്കുമേല്‍ സാഹിത്യ അക്കാദമി 'പിണറായി എംബ്ലം' കുത്തിയതിനെ ന്യായീകരിക്കാന്‍ അക്കാദമിയുടെ ഭരണകര്‍ത്താക്കള്‍ കലയിലെ 'ശുദ്ധിവാദ'വുമായാണ് വരുന്നത്. തങ്ങളെത്തിയ പുരോഹിതപദവി ആവശ്യപ്പെടുന്ന പാദസേവ മറച്ചുപിടിക്കാനാണ് ഈ 'ശുദ്ധിവാദം' എന്ന് ആ പാര്‍ട്ടിയുടെ ബേബിമാര്‍ക്കുവരെ ഇപ്പോള്‍ മനസിലായിട്ടുണ്ടാവും.

എന്തായാലും ഈ 'പുസ്തക വിവാദം' കേരളത്തിലെ ബുദ്ധിജീവികള്‍ക്ക് ഒരു പാഠമാണ്, തങ്ങളുടെ ബൗദ്ധിക ജീവിതത്തെ സന്ദര്‍ശിക്കാന്‍.


Summary: Pinarayi Government's second-term emblem on Akademy books. Karunakaran writes.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments