ഹരി പ്രഭാകരൻ

പുസ്തകങ്ങൾ ബാക്കിവെച്ച കടം വേട്ടയാടുന്ന
​സമാന്തര പ്രസിദ്ധീകരണക്കാരുടെ ജീവിതം

മനസ്സിൽ പരാതികളില്ല, പരിഭവങ്ങളില്ല. ഇതു ഞാൻ തിരഞ്ഞെടുത്ത എന്റെ ജീവിതമാണ്. ഇതിന്റെ എല്ലാ ഇല്ലായ്മകളോടെയും ഞാൻ പ്രസാധനത്തെ ഇഷ്ടപ്പെടുന്നു.

ർഷങ്ങൾക്കുമുൻപാണ്, എറണാകുളത്ത് ‘കൃതി' പുസ്തകോത്സവം നടക്കുന്ന സമയം. മറ്റെവിടെയൊക്കെയോ ഈ സമയത്തുതന്നെ പുസ്തക മേളകൾ നടക്കുന്നുണ്ട്. എല്ലായിടത്തും പോകണം. പുസ്തകങ്ങൾ വിറ്റുപോകണമെങ്കിൽ ഈ ഓട്ടപ്പാച്ചിലല്ലാതെ നിവൃത്തിയില്ല. പുസ്തകോത്സവം തുടങ്ങുന്ന അന്നുരാവിലെയാണ് സ്റ്റാളിലെത്തിയത്. പവലിയന്റെ പിന്നിൽ ഏറ്റവും പുറകിലെ നിരയിൽ ഒരു സ്റ്റാൾ. പവലിയന്റെ തുടക്കത്തിലും മുൻനിരയിലുമൊക്കെ പ്രസാധക ഭീമന്മാരുടെ സ്റ്റാളുകളാണ്. ഒന്നാം നിര മുഴുവനായും പതിവുപോലെ കോട്ടയം പ്രസാധനശാല കൈയടക്കിയിട്ടുണ്ട്. ശക്തി തെളിയിച്ച്​ ‘ഒന്നാം കിടക്കാർ' അടുത്തടുത്തായുണ്ട്. ഇവരെയൊക്കെ താണ്ടിവേണം വായനക്കാർ സമാന്തര പ്രസാധകരുടെ ‘ചേരി'യിലെത്താൻ.

ഏതാണ്ട് ഇതേയവസ്ഥ തന്നെയാണ്, സർക്കാരിന്റെ നികുതിപ്പണം കൊണ്ട് ഗ്രന്ഥശാലകൾക്ക്​ പുസ്തകം വാങ്ങാൻ, ജില്ലാ ലൈബ്രറി കൗൺസിലുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന ലൈബ്രറി മേളകളിലും സമാന്തര പ്രസാധകർക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്. സമാന്തര പ്രസാധകരുടെ സ്റ്റാൾ കണ്ടുപിടിച്ചുവരുമ്പോഴേക്കും മിക്കവാറും പുസ്തക വാങ്ങലുകളൊക്കെക്കഴിഞ്ഞ്, വായനക്കാരുടെയും ഗ്രന്ഥശാലാ പ്രവർത്തരുടെയും പോക്കറ്റ് കാലിയായിട്ടുണ്ടാവും. സംഘാടകർ ഈടാക്കുന്നത് അതിഭീമമായ വാടകയാണ്. ഒരു ദിവസത്തെ സ്റ്റാൾ വാടക പോലും പ്രതിദിന വില്പനയിലൂടെ നേടാനാവില്ല എന്നതാണു സത്യം.

പ്രസാധന മേഖലയെ പോഷിപ്പിക്കുന്നതിനാണ് ഇത്തരം മേളകളെന്നാണ് സർക്കാരിന്റെ പൊതുനയം. ഈ നയത്തിൽ തെറ്റുപറയാനൊന്നുമില്ല. നടപ്പാക്കുന്നതിലാണ്​ പ്രശ്‌നം. കാര്യങ്ങൾ നടത്തിയെടുക്കാൻ കൈവശം കോപ്പുള്ളവരാണ് ഇവിടെ കാര്യക്കാർ. ഇഷ്ടപ്പെട്ട സ്റ്റാളുകൾ, എവിടെ എത്രവേണമെങ്കിലും അയാൾക്കു ലഭിക്കും. മാനദണ്ഡങ്ങളുടെ നൂലാമാലകളൊന്നുമില്ല. ചെറുകിട പ്രസാധകർ തന്റെ സ്റ്റാൾ അനുവദിച്ചതിലെ അപാകതയുമായി നടത്തിപ്പുകാരുടെ ഓഫീസിൽ ചെന്നാൽ അതിനു വകുപ്പായി, ന്യായമായി.... ഇല്ലാത്ത ഗുലുമാലുകളില്ല.

എഴുത്തുകാരി/എഴുത്തുകാരൻ എന്ന മേൽവിലാസത്തിനുവേണ്ടി കൊടുങ്ങല്ലൂരമ്മയ്ക്ക് തേങ്ങയടിച്ചു പുറപ്പെടുന്ന നമ്മുടെ പ്രതിഭകളുടെ കയ്യിൽ ആവശ്യത്തിനു പണമുണ്ട്. അവർക്കതു നിർലോഭം ചെലവഴിക്കാനും മടിയില്ല.

‘കൃതി' തുടങ്ങി. തുടങ്ങിയ ദിവസങ്ങളിലൊക്കെ സന്ദർശകരുടെ നല്ല ഒഴുക്കായിരുന്നു. പക്ഷെ പലരും അവസാന നിരയിലേക്കെത്തിപ്പെടുന്നില്ല. പലരും അതിനുമുമ്പേ സന്ദർശനം നിർത്തി മടങ്ങും. കോർപറേറ്റ് ഭീമന്മാർ നല്കുന്ന ഇളവുകളോ സൗജന്യങ്ങളോ ഇത്തരം മേളകളിൽ ചെറുകിടക്കാർക്കു നൽകാനാവില്ല, അതു താങ്ങാനാവില്ല. ഒരു പുസ്തകമടിക്കാൻ പ്രസിലും ഡി.ടി.പി സെന്ററിലും ബയന്റിംഗ് സെന്ററിലും പറ്റുപുസ്​തകവും കടവുമായി പോകുന്ന ചെറുകിടക്കാർക്ക് എന്ത് ഇളവുകൊടുക്കാൻ! മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ‘ഫുൾ പ്രൈസി'ൽ ഒരു ജീവിതം ഇവിടെ സമാന്തര പ്രസാധകർ ജീവിച്ചിട്ടില്ല.

മറുവശത്ത്, ഒരു പ്രസാധകനെന്ന മേൽവിലാസത്തിൽ എന്തും ചെയ്യുന്ന അവസ്ഥയിൽ ആർക്കുമിവിടെ കഴിഞ്ഞുകൂടാം, പുസ്തകങ്ങൾ പടച്ചുവിടാം. എഴുത്തുകാരി/എഴുത്തുകാരൻ എന്ന മേൽവിലാസത്തിനുവേണ്ടി കൊടുങ്ങല്ലൂരമ്മയ്ക്ക് തേങ്ങയടിച്ചു പുറപ്പെടുന്ന നമ്മുടെ പ്രതിഭകളുടെ കയ്യിൽ ആവശ്യത്തിനു പണമുണ്ട്. അവർക്കതു നിർലോഭം ചെലവഴിക്കാനും മടിയില്ല.

കോർപറേറ്റ് ഭീമന്മാർ നല്കുന്ന ഇളവുകളോ സൗജന്യങ്ങളോ ഇത്തരം മേളകളിൽ ചെറുകിടക്കാർക്കു നൽകാനാവില്ല, അതു താങ്ങാനാവില്ല. / Photo : Ravisankar Nair
കോർപറേറ്റ് ഭീമന്മാർ നല്കുന്ന ഇളവുകളോ സൗജന്യങ്ങളോ ഇത്തരം മേളകളിൽ ചെറുകിടക്കാർക്കു നൽകാനാവില്ല, അതു താങ്ങാനാവില്ല. / Photo : Ravisankar Nair

‘മാഡം, ഇത്രയും പേജുകൾമാത്രം വച്ച് നമുക്കൊരു പുസ്തകം ഇറക്കാനാവില്ല. ഇത് ഒരു പുസ്തകത്തിന് ഉണ്ടാവില്ല. അച്ചടിച്ചുവരുമ്പോൾ ഇതൊരു മുപ്പതുപേജുപോലും കാണില്ല.'
എഴുത്തുകാരി: ‘ശൊ... ഇനിയെന്തുചെയ്യും? റിസർച്ചും തിരക്കുമൊക്കെ കാരണം എനിക്കിതേ പറ്റിയുള്ളൂ... പറഞ്ഞുകൊടുത്താൽ എഴുതിത്തരാൻ പറ്റിയ ആരെങ്കിലുമുണ്ടാവുമോ?'
ദാ, ഈ ഘട്ടം മുതൽ രണ്ടുപേർക്കും ഗുണകരമായ രീതിയിൽ കാര്യങ്ങൾ നടക്കുകയാണ്. ഈ കച്ചവടത്തിൽ ഗുണമില്ലാതെ പോകുന്നത് പ്രസാധനം എന്ന പ്രവർത്തിക്കു മാത്രം.
മലയാളത്തിലെ പ്രസാധന മേഖലയെ ഫലത്തിൽ പലതായി തിരിക്കാം. മൂലധനം കൊണ്ടും വിറ്റുവരവു കൊണ്ടും വില്പനശാലകളുടെ എണ്ണം കൊണ്ടും പ്രഥമസ്ഥാനത്തു നിൽക്കുന്ന, കയ്യിൽ പണമുള്ള പ്രസാധകരും, ഇവരോളമെത്താൻ, ആർത്തി മാത്രം കൈമുതലാക്കി, പുസ്തകത്തെ ഒരു ഉല്പന്നമായി മാത്രം കണ്ട് എഴുത്തുകാരി/എഴുത്തുകാൻ ആകാൻ ആഗ്രഹിക്കുന്ന ‘മുഖപുസ്തക കുത്തിക്കുറിപ്പുകാരെ' ചൂഷണം ചെയ്തുകിട്ടുന്ന മൂലധനം കൊണ്ട് പ്രസാധനരംഗത്തു വിലസുന്ന മറ്റൊരു കൂട്ടരും. ഇവർക്കിരുവർക്കുമിടയിൽപ്പെട്ട് നട്ടംതിരിയുന്നവരാണ് കേരളത്തിലെ സമാന്തര പ്രസാധകരിൽ ഭൂരിഭാഗവും. അവർ പുസ്തക പ്രസാധനത്തെ ഒരു രാഷ്ട്രീയ പ്രവർത്തനമായി കാണുന്നു. പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളിൽ തങ്ങളുടെ ജീവിതദർശനം മുന്നോട്ടുവയ്ക്കുന്നു. മുൻപു സൂചിപ്പിച്ച ഒന്നാംനിരക്കാരും പുസ്തകക്കച്ചവടക്കാരായ രണ്ടാംനിര ചെറുകിട പ്രസാധകരും വർഷത്തിൽ നൂറു പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിൽ, സമാന്തരക്കാരുടെ ലക്ഷ്യം മുപ്പതാണ്. അതിൽ ഇരുപതെണ്ണമെങ്കിലും ഇറങ്ങും. പക്ഷെ രസകരമായ ഒരു കാര്യം, മലയാളത്തിലെ മികച്ച പുസ്തകങ്ങൾ ഓരോ വർഷവും പുറത്തിറങ്ങുന്നത് ഈ ദരിദ്ര സമാന്തരക്കാരിൽനിന്നാണെന്നുള്ളതാണ്.

ഒരർഥത്തിൽ ഒരു എഡിറ്ററുടെ ജോലി കൂടി പ്രസാധകരിലുണ്ട്... മികച്ച ഇലസ്​ട്രേറ്റർമാർ, വിവർത്തകർ, ആർട്ടിസ്റ്റുകൾ, പേജ് ഡിസൈനിങ്ങിൽ വിദഗ്ധരായവർ ഇവരെയൊക്കെ പ്രസാധകർ തിരിച്ചറിയണം, കണ്ടെത്തണം.

പുസ്തക പ്രസാധനം എന്ന കല

പുസ്തക പ്രസാധനം തന്നെ ഒരു കലയായി മാറിയ ലോകത്തിലാണ്​ നാം ജീവിക്കുന്നത്. പുറംചട്ട രൂപകല്പന, പേജുകളുടെ വിന്യാസം, ലിപികളുടെ തെരഞ്ഞെടുപ്പ്, അവയുടെ വലിപ്പ വിന്യാസം, സ്വതന്ത്ര ലിപിയുടെ സാധ്യതകൾ, താളുകളിൽ ചിത്രങ്ങളുപയോഗിക്കുന്ന രീതി- ഒക്കെ പുസ്തകത്തിന്റെ സൗന്ദര്യത്തെ വ്യാഖ്യാനിക്കുന്ന ഘടകങ്ങളാണ്. ഒരർഥത്തിൽ ഒരു എഡിറ്ററുടെ ജോലി കൂടി പ്രസാധകരിലുണ്ട്... മികച്ച ഇലസ്​ട്രേറ്റർമാർ, വിവർത്തകർ, ആർട്ടിസ്റ്റുകൾ, പേജ് ഡിസൈനിങ്ങിൽ വിദഗ്ധരായവർ ഇവരെയൊക്കെ പ്രസാധകർ തിരിച്ചറിയണം, കണ്ടെത്തണം. ഇങ്ങനെ ഒരുപാടു ഘടകങ്ങൾ കൂടുമ്പോഴാണ് മികച്ചൊരു പുസ്തകം രൂപപ്പെടുന്നത്, വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റുന്നത്. പുസ്തകത്തിന്റെ രൂപകൽപനയിലും കവർ ഡിസൈനിങ്ങിലും പുതിയ കാലത്തെ ശ്രദ്ധേയമായ പരീക്ഷണങ്ങൾ നടത്തിയവരാണ് സൈനുൽ ആബിദ്, ഷാനവാസ് എം.എ, വിനയ്​ലാൽ, കൃഷ്ണരാജ് എന്നിവർ. ഒരു പ്രസാധകനെന്ന നിലയിൽ ഈ പേരുകൾ പരാമർശിക്കാതെ മുന്നോട്ടുപോകുന്നത് അനീതിയാണെന്നെന്നു തോന്നുന്നു. പുസ്തകങ്ങളുടെ കവറിൽ ആബിദ് പരീക്ഷണങ്ങൾ നടത്തിയപ്പോൾ പുസ്തക കവറുകളും ഫോട്ടോഗ്രാഫുകളും ഇലസ്​ട്രേഷനുകളും ഉപയോഗിച്ചുകൊണ്ടുള്ള ഷാനവാസിന്റെ പേജ് ഡിസൈനുകൾ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. വിനയലാലിന്റെ ടൈപ്പോഗ്രഫിയിലുള്ള പരീക്ഷണങ്ങൾ ശ്രദ്ധേയമായി. കൃഷ്ണരാജിന്റെ ‘ഐഡന്റിറ്റിയുള്ള' കവറുകൾ വ്യാപകമായി സ്വീകരിക്കപ്പെട്ടു.

നാമമാത്രമായ വിറ്റുവരവായിട്ടുപോലും പ്രസാധനവുമായി വർഷങ്ങളായലയുന്ന സമാന്തര പ്രസാധകരെ എനിക്കറിയാം. ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഷെൽവി. ആര്യഭവനിലെ ഒരു കൊച്ചുമുറിയിലിരുന്ന്​ പ്രസിദ്ധീകരണ കലയുടെ ചാതുര്യം മാത്രം കൈമുതലാക്കി അയാൾ കേരളത്തിന്റെ വായനാഅതിരുകൾ മാറ്റിയെഴുതി. ഷെൽവിയുടെ ജീവിതത്തിലുടനീളം പുസ്തകങ്ങളുണ്ടായിരുന്നു. ഷെൽവിയുടെ മരണത്തിനുപിന്നിലും പുസ്തകങ്ങളായിരുന്നു. പുസ്തകങ്ങൾ ബാക്കിവെച്ച കടം ഏതു സമാന്തര പ്രസിദ്ധീകരണക്കാരെയുംപോലെ ഷെൽവിയെയും വേട്ടയാടിയിരുന്നു.

ഷെൽവി മരിച്ചെങ്കിൽ, മരിച്ചിട്ടും മരിക്കാതെ ജീവിക്കുന്നവരാണ് ഇന്നിവിടെ പല ചെറുകിട പ്രസാധകരും. കേരളത്തിലെ പല സമാന്തര പ്രസിദ്ധീകരണക്കാരും സത്യസന്ധമായി പറഞ്ഞാൽ കടുത്ത പ്രതിസന്ധിയിലാണ്. വീട്ടിലവശേഷിക്കുന്ന സ്വർണത്തിന്റെ തരി പോലും പലപ്പോഴും ഏതെങ്കിലും സ്വർണപ്പലിശക്കാരുടെ സ്വകാര്യശേഖരത്തിലായിരിക്കും. ഇതെല്ലാം പണം കിട്ടുന്ന കാലത്ത് തിരിച്ചെടുക്കാമെന്ന് മനോവേദനയോടെ വിശ്വസിക്കുന്ന നുണകളാണ്.

മനസ്സിൽ പരാതികളില്ല, പരിഭവങ്ങളില്ല. ഇതു ഞാൻ തിരഞ്ഞെടുത്ത എന്റെ ജീവിതമാണ്. ഇതിന്റെ എല്ലാ ഇല്ലായ്മകളോടെയും ഞാൻ പ്രസാധനത്തെ ഇഷ്ടപ്പെടുന്നു. വിഷജലം കുടിച്ച വിസ്മൃതിയെ വകഞ്ഞുമാറ്റി പുതിയ മികച്ചൊരു പുസ്തകം എപ്പോഴാണ് പിറന്നുവീഴുക! അതുമാത്രമേ ഞാൻ നേടിയുള്ളൂ. ജീവിതത്തിന്റെ ഉപ്പും ശേഷിപ്പുമായി.▮​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഹരി പ്രഭാകരൻ

23 വർഷമായി ഫേബിയൻ എന്ന പുസ്തക പ്രസാധന സംരംഭം നടത്തുന്നു.

Comments