പാമ്പ് സ്വന്തം തൊലി ഊരിയെറിയുമ്പോൾ നല്ല വേദനയാണത്രേ.
അത്രത്തോളം വേദന സഹിച്ചാണ് ഞാൻ എക്‌സിക്യൂട്ടീവ് എഡിറ്റർ എന്നതിൽ നിന്ന് പ്രസാധകയിൽ എത്തിനിൽക്കുന്നത്. അഞ്ചുമാസങ്ങൾക്കുശേഷം ആലോചിക്കുമ്പോൾ സുഖമുള്ള ഒരു അനുഭവമാണെങ്കിലും അതിനുമുൻപ് സ്വയം വീർത്ത് പൊട്ടി മരിച്ച് എഴുന്നേറ്റതാണ്. അക്ഷരങ്ങളില്ലാതെ ജീവിക്കാനാവില്ല എന്ന തിരിച്ചറിവുകൂടിയാണ് ഞാനെന്ന പ്രസാധക. ഇനി എന്തൊക്കെ സംഭവിച്ചാലും ഇത്രയും കാലം കടന്നുപോയ അരക്ഷിതാവസ്ഥയ്ക്കൊപ്പം എത്താൻ ഇനിയൊന്നിനുമാവില്ല എന്ന സത്യവും, ഒരു ദിവസമെങ്കിൽ ഒരു ദിവസം അഭിമാനത്തോടെ ജീവിച്ചുമരിക്കണമെന്ന നീതിയും ഞാൻ എന്നോടുതന്നെ കാണിച്ചതാണ് സത്യത്തിൽ മാക്‌ബെത് പബ്ലിക്കേഷൻസ്.
വലിയ തുക നൽകി മേളകളിൽ സ്റ്റാൾ എടുക്കുന്ന പ്രസാധകരിലേക്കെത്താതെ വൻകിട പ്രസാധകർ നൽകുന്ന വമ്പൻ ഓഫറുകളിൽ വായനശാലകൾ വീണുപോകുന്നതും നല്ല പുസ്തകവും പുതിയ കാലവും നിരസിക്കപ്പെടുന്നതിന് കാരണമാകുന്നു
ജനിച്ച വീട്ടിലോ പരിസരപ്രദേശങ്ങളിലോ ബന്ധുമിത്രാദികളിലോ ഒറ്റ എഴുത്തുകാരോ കലാകാരരോ ഇല്ലെന്ന് വേദനയോടെ, നിരാശയോടെ ഓർക്കട്ടെ. ഒരിക്കൽ ഒരു വലിയ സദസ്സിൽ ഒരു മുതിർന്ന എഴുത്തുകാരൻ, അദ്ദേഹത്തിന്റെ ചങ്ങാതിയുടെ മകനായ പുതിയ എഴുത്തുകാരനെക്കുറിച്ച് വാതോരാതെ സംസാരിച്ചു. കുടുംബമഹിമയും പൈതൃകസമ്പത്തായി ഈശ്വരാനുഗ്രഹം കിട്ടിയതും സ്വഭാവമഹിമ വന്നതും ഒക്കെയായിരുന്നു പ്രശംസയുടെ അടിസ്ഥാനം.
അങ്ങനെ ഒരു പാരമ്പര്യം ഇല്ലാതിരുന്നതുകൊണ്ടാവും, അതുകേട്ട് വേദനിച്ചത്. അതുകൊണ്ടുതന്നെ ഞാനെങ്ങനെയെന്ന് അടയാളപ്പെടുത്തുമ്പോൾ എന്റെ തലമുറയുടെ ഒരു പ്രാന്തപ്രദേശത്തെ ഞാൻ അറിയിക്കുകയാണ്. അതിന് ഒരു ലക്ഷ്യം കൂടിയുണ്ട്. കുടുംബമഹിമ ഒന്നുമില്ലെങ്കിലും ഏതൊരു വ്യക്തിക്കും പരിശ്രമങ്ങളിലൂടെ ഉയരങ്ങളിലേയ്ക്ക് എത്താനാകും എന്ന ഒരു പ്രചോദനം.
ജീവിതത്തിനൊപ്പം ഒരു കലാരൂപം ഉണ്ടെങ്കിൽ അത് കുറെ പഴയകാല ഗാനങ്ങളായിരിക്കും. കസിൻസ് അവരുടെ ക്ലാസിൽ നിന്ന് പുറത്താക്കപ്പെട്ടതിന് കാരണമായ കുറച്ച് പാരഡി ഗാനങ്ങളും ഒരു മേശവലിപ്പ് മുഴുവൻ ഉപ്പ അടുക്കി വെച്ച, ക്രമം തെറ്റിയാൽ അടി കിട്ടുന്ന, പാട്ട് കേസറ്റുകളുമാണ് ഓർമയിൽ വരുന്നത്. ഉപ്പ രാവിലെ തൊട്ട് ടേപ്പ് റിക്കോർഡർ പാടിച്ചുതുടങ്ങും. ‘കുയില് പുടിച്ച് കൂട്ടിലടച്ച്' എന്നുതുടങ്ങുന്ന കുറേ തമിഴ്- മലയാളം മെലഡികൾ.

ആസ്വാദനം എന്ന രീതിയിൽ ഒരു കലാരൂപം ഇങ്ങനെ മാത്രമേ വീട്ടിലുണ്ടായിട്ടുള്ളൂ. വായനയുടെ ഓർമകൾ ചികഞ്ഞുപോയാൽ ചിലപ്പോൾ ഉമ്മ രാത്രിയിൽ മണ്ണെണ്ണ വിളക്ക് കത്തിച്ചുവെച്ച് വായിച്ചിരുന്ന മനോരമയും മംഗളവും തുടങ്ങി ഞങ്ങളുടെ ബാലരമയും പൂമ്പാറ്റയും വരെ എന്നതിൽ ഒതുങ്ങും. ഉമ്മ വായിച്ചുകഴിഞ്ഞാൽ മനോരമയും മംഗളവും എടുത്ത് ഒളിപ്പിച്ചുവയ്ക്കും. കട്ടെടുത്ത് വായിക്കാൻ ശ്രമിച്ചാൽ പിടിച്ചുവാങ്ങി അടി തന്ന് ഓടിക്കും. ‘അതിലെല്ലാം ഈ പ്രേമവും മറ്റുമൊക്കെ ആണ്, നിങ്ങൾ കുട്ടികൾ ഇതൊന്നും വായിക്കാൻ പാടില്ല' എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ആ ഭാവനകളൊക്കെയും ഇന്നെന്റെ ജീവിതമാണ്.
എഴുത്തും വായനയും എങ്ങനെ എന്റെ ജീവിതമായി എന്ന് ഉള്ളിൽ തേട്ടി വരുമ്പോൾ, നിറയെ കഥ പറഞ്ഞുതന്നിരുന്ന ഉമ്മമ്മയെയാണ് ഓർക്കാൻ സാധിക്കുക. കിളി വന്നു കഥ പറയുന്നതൊക്കെ കേട്ടപ്പോൾ അന്നൊന്നും മനസ്സിലായില്ല. അത് കിളിപ്പാട്ട് പ്രസ്ഥാനം ആയിരുന്നുവെന്ന് ഇക്കാലത്താണ് തിരിച്ചറിഞ്ഞത് എന്നുമാത്രം. ചിന്തകളിൽ ആദ്യം ഭാവന സൃഷ്ടിച്ചത് കോന്തലതലയ്ക്കൽ കിസ്സാകെട്ട് ഒളിപ്പിച്ചുവെച്ച ഉമ്മമ്മ തന്നെയാണ്. പിന്നെ സർക്കാർ സ്‌കൂളിന്റെ ഇരുട്ടടഞ്ഞ ലൈബ്രറി റൂമിലെ ചില്ലലമാരയിൽ ലൈബ്രറി കാർഡ് വെച്ച് വാങ്ങിയ മാധവിക്കുട്ടിയും ബഷീറും ഒക്കെയാണ്. മറ്റൊരു സാഹിത്യ പാരമ്പര്യവും ഈ പ്രസാധകയ്ക്ക് അവകാശപ്പെടാനില്ല.
സ്ത്രീകൾ ഈ മേഖലയിൽ വളരെ കുറവാണ്. അഥവാ, സ്ത്രീകളാണ് തുടങ്ങുന്നത് എങ്കിലും അവരുടെ ഭർത്താക്കന്മാർ കൂടി സ്ഥാപനത്തിൽ ഇൻവോൾവ് ചെയ്യുന്ന കാഴ്ച കൂടിയുണ്ട്. അത് എങ്ങനെ സംഭവിക്കുന്നു എന്നറിഞ്ഞുകൂടാ.
പഠിച്ചതൊക്കെ വാണിജ്യം ആണ്. കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദവും ബി.എഡും എടുത്തവൾ ജീവിതത്തിൽ ഒരു കച്ചവടക്കാരി ആയില്ല എന്നത് എഡിറ്ററായി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ മുതൽ ഭർത്താവിന്റെ പരാതിയാണ്. അധ്യാപികയിൽ നിന്ന്, എഴുത്തുകാരിയിൽ നിന്ന്, എഡിറ്ററിൽ നിന്ന്, പ്രസാധകയിലേക്കെത്തുമ്പോൾ അദ്ദേഹം ഇപ്പോൾ ആശ്വസിക്കുന്നുണ്ടാവും.
എഡിറ്റർ ആയപ്പോഴും ഒരു പെണ്ണായതിനാൽ എവിടെ നിന്നും മാറിനിന്നില്ല, പല ദേശങ്ങളിലും സ്ഥാപനത്തിന്റെ ചെയർമാനും സഹപ്രവർത്തകർക്കും ഒപ്പം യാത്രചെയ്തിരുന്നു. ഒരിക്കൽ പോലും ഒരു സ്ത്രീയെന്ന പേരിലോ കുടുംബിനിയെന്ന പേരിലോ ഭാര്യയെന്ന പേരിലോ മാറിനില്ക്കാൻ എന്റെ ഉള്ളിലെ ലിംഗസമത്വബോധം അനുവദിച്ചിട്ടില്ല. സത്യത്തിൽ സ്ത്രീയെന്ന രീതിയിൽ ഒരുപാട് പ്രശ്‌നങ്ങൾ തരണം ചെയ്യേണ്ടിവന്നപ്പോഴും പാഷനോടൊപ്പം ജീവിക്കാൻ സാധിക്കുന്ന ആനന്ദം നുകരുകയായിരുന്നു എന്റെ നിമിഷങ്ങൾ. സ്ത്രീയുടെ പരിമിതികൾ ഏറെയുള്ള ലോകത്താണ് നമ്മളൊക്കെ ഇപ്പോഴും ജീവിക്കുന്നത്. അതിന്റെ എല്ലാ വിധത്തിലുമുള്ള നെഗറ്റീവും പൊസറ്റീവും മാറിയും മറിഞ്ഞും വന്നു.
മറ്റു മേഖലയെക്കാൾ വെല്ലുവിളി ഏറെയാണ് പ്രസാധനത്തിൽ. ഒന്നാമത് പ്രസാധനം എന്നത് ഒരു പ്രോഫിറ്റ് മോട്ടോ ബിസിനസ് അല്ല, പ്രയോറിറ്റി ലിസ്റ്റിൽ വരാത്ത ഒന്നാണ് പുസ്തകം എന്നുള്ളതുകൊണ്ട്. കോവിഡിനുശേഷമുണ്ടായ ഒരു ഭീകരതയും നിലനിൽക്കുന്നു എന്ന് പറയാതെവയ്യ.
മറ്റൊന്ന്, സ്ത്രീകൾ ഈ മേഖലയിൽ വളരെ കുറവാണ്. അഥവാ, സ്ത്രീകളാണ് തുടങ്ങുന്നത് എങ്കിലും അവരുടെ ഭർത്താക്കന്മാർ കൂടി സ്ഥാപനത്തിൽ ഇൻവോൾവ് ചെയ്യുന്ന കാഴ്ച കൂടിയുണ്ട്. അത് എങ്ങനെ സംഭവിക്കുന്നു എന്നറിഞ്ഞുകൂടാ. സ്ത്രീ ആയതുകൊണ്ട് വലിയ വെല്ലുവിളിയാണ് ഈ മേഖല നൽകുന്നത് എന്ന നിഗമനത്തിൽ വേണമെങ്കിൽ നമുക്കെത്താം. എന്നാൽ, ഇനിയൊരു കാലത്തും എന്റെ ഭർത്താവ് ഇതിന്റെ ഏഴയലത്ത് വരില്ല എന്ന ആത്മവിശ്വാസം എന്നിലുണ്ടായിരുന്നു. സ്വതന്ത്രമായി ഇടപെടാൻ സാധിക്കാത്തതൊക്കെയും പാഴ്നിമിഷങ്ങളാണ്. ഏത് മേഖലയാണെങ്കിലും സഹായിയായി പങ്കാളി തന്നെ മാറിയാലും അതൊരു സ്വയംപര്യാപ്തതയിൽ സ്ത്രീകളെ എത്തിക്കുന്നില്ല. എന്തുകൊണ്ട് സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ ഈ മേഖലയിലും തനിച്ചുനില്ക്കാൻ സാധിക്കുന്നില്ല? ഇത്തരത്തിൽ ഒരുപാട് ചോദ്യങ്ങൾ വേട്ടയാടിക്കൊണ്ടുതന്നെയാണ് ഞാൻ ഈ മേഖലയിലേക്ക് കാലെടുത്തുവെയ്ക്കുന്നത്.
കോവിഡ് ആദ്യഘട്ടത്തിൽ ഒന്നു ശമിച്ചശേഷമാണ് മാക്‌ബെത് പബ്ലിക്കേഷൻസ് തുടങ്ങുന്നത്. നാലുമാസം കൊണ്ട് അറബിയും ഇംഗ്ലീഷുമടക്കം 40 പുസ്തകത്തിൽ എത്തിനിൽക്കുമ്പോൾ അഭിമാനമാണ്. സമീപിച്ച ഒരു എഴുത്തുകാരനും പുസ്തകം തരാതെയിരുന്നില്ല എന്നത്, ഈ സാഹിത്യ- സാംസ്‌കാരിക മേഖലയിലെ ജനറേഷൻ ചെയ്ഞ്ചിനെ പോലും മുതിർന്ന എഴുത്തുകാർ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടാണ് എന്ന വിശ്വാസമുണ്ട്. എഡിറ്റർ ആയിരിക്കുന്നതും പ്രസാധക ആയിരിക്കുന്നതും വലിയ അന്തരമുള്ള ഒന്നാണ്. എഡിറ്റർ ആയിരിക്കെ അക്ഷരങ്ങളെ തലോടി പുസ്തകമായി തുന്നിക്കെട്ടി മാർക്കറ്റിൽ എത്തിക്കുന്നതുവരെയേയുള്ളൂ ചുമതലകൾ. എന്നാൽ മാർക്കറ്റിൽ പുസ്തകത്തിന് ലഭിക്കുന്ന വായുവും വളവും വരെ പ്രസാധകരുടെ പൂർണ ഉത്തരവാദിത്തമാണ്. എഴുത്തുകാരിയായപ്പോൾ, ഒരു പുസ്തകം ഉണ്ടായപ്പോൾ അതെന്റെ കുഞ്ഞെന്ന് ആർത്തുവിളിച്ചിരുന്ന ഞാൻ, പ്രസാധനം ചെയ്ത ഓരോ പുസ്തകവും മക്കളെ പോലെ നെഞ്ചോട് അടുക്കിപ്പിടിക്കാൻ കാണിക്കുന്ന വലിയ വ്യത്യസ്തത ഓരോ പ്രസാധകനിലും ഉണ്ട്. ഏത് ആൾക്കൂട്ടത്തിൽ നിന്നും നമ്മുടെ കുഞ്ഞിനെ തിരിച്ചറിയുന്നപോലെ, നമ്മുടെ പുസ്തകങ്ങൾ അവഗണിക്കപ്പെടുമ്പോൾ നെഞ്ച് പൊട്ടുന്നതുപോലെ... കാരണം പ്രസാധനമൊരു കച്ചവടമല്ല എന്നതുതന്നെയാണ്, സാമൂഹികവിപ്ലവം തന്നെയാണ്.
പാഷൻ ആയിട്ട് തന്നെയാണ് പ്രസാധകരംഗത്ത് വരുന്നത്. എന്നാൽ അത്തരത്തിൽ നമുക്ക് ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ സാധിക്കില്ല.
പുസ്തകങ്ങൾ ആദ്യമായി വിൽപ്പനയ്ക്കുവെക്കുന്നത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലായിരുന്നു. പ്രവാസി മലയാളികൾ സാഹിത്യത്തെ ഉൾക്കൊള്ളുന്ന രീതി അത്രയ്ക്ക് ആഴമേറിയതാണ്. വലിയ പ്രോത്സാഹനം തന്നെയാണ് ഷാർജ എന്ന സാംസ്‌കാരികപ്രദേശം മാക്‌ബെത് പബ്ലിക്കേഷൻസിനു നൽകിയത്. കേരളത്തിലെ രണ്ടു മുതിർന്ന എഴുത്തുകാരെ (സുഭാഷ് ചന്ദ്രൻ, ഇന്ദു മേനോൻ) മാക്‌ബെത്തിന്റെ അതിഥികളായി കൊണ്ടുപോകാൻ പറ്റി എന്നത് വലിയ ഉത്തരവാദിത്തബോധം കൂടി ഉണ്ടാക്കുന്ന ഒന്നാണ്. കാരണം തുടക്കക്കാരിയിൽനിന്ന് ഇനിയുള്ള കാലത്ത് ഇതിൽ കൂടുതൽ വായനക്കാർ പ്രതീക്ഷിക്കും. പ്രവാസികളും പ്രവാസി മാധ്യമങ്ങളും മുതിർന്ന പ്രസാധകരും അവരുടെ കുടുംബത്തിലേയ്ക്ക് ഒരാൾ കൂടി എന്ന പോലെ സ്വീകരിച്ചു എന്നത് പറയാതിരിക്കാനാവില്ല. എങ്കിലും ചിലർ അവരുടെ രാത്രിയുടെ ലഹരി നിമിഷങ്ങളിൽ അപഹസിക്കുകയും ചെയ്തു എന്നത് ഈ പ്രസാധക പെണ്ണായതുകൊണ്ടാണ്. മദ്യലഹരിയിൽ വീമ്പടിക്കുന്നവന് അത്രയ്ക്ക് പരിഗണനയേ സമൂഹവും നൽകേണ്ടതുള്ളൂ. നമ്മൾ ചെയ്യുന്ന ജോലിയിലെ പോരായ്മ ചൂണ്ടിക്കാണിക്കുന്നത്, തിരുത്താനുള്ള അവസരമാണ് എന്നും നാളെകളിൽ ഇവിടെനിന്ന് തുടച്ചുനീക്കാനുള്ള ശ്രമങ്ങൾ ചില പ്രസാധകരിൽ നിന്നുണ്ടാകുന്നത് എന്നെ അറിയുന്നവർ ആയതുകൊണ്ടുതന്നെയാണ് എന്നും ഞാനെന്ന സ്ത്രീയെ ഭയക്കുന്നതുകൊണ്ടാണ് എന്നും വ്യക്തതയുണ്ട്. അതുകൊണ്ടുതന്നെ, സാധിക്കുംവിധത്തിൽ ഈ മേഖലയിൽ കഴിവുള്ള സ്ത്രീകളെ കൊണ്ടുവരാൻ സാധിക്കണം എന്നത് വലിയ ആഗ്രഹമാണ്. മാക്‌ബെത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ മുഴുവൻ സ്ത്രീകളാണ്. മികച്ച കലാകാരിയായ അമ്പിളി വിജയനാണ് ചിത്രങ്ങൾ ഒട്ടുമിക്കതും വരയ്ക്കുന്നത്. ഡി.ടി.പി.യിൽ പുഷ്പ എന്ന സീനിയർ ഡി.ടി.പി. മാനേജരും ഷബാന എന്ന ഓപ്പറേറ്ററുമാണ്. പ്രൂഫ് റീഡിങ് അടക്കം സ്ത്രീകൾ ചെയ്യുന്നു. പുസ്തകത്തിന്റെ പ്രിന്റഡ് കോപ്പി പ്രസിൽ നിന്ന് സ്ഥാപനത്തിലേയ്ക്ക് വന്നാൽ അത് സെക്കൻഡ് നിലയിലെ ഞങ്ങളുടെ ഷോറൂമിലെത്തിക്കുന്നതുവരെ ഞങ്ങൾ സ്ത്രീകളാണ്. ഔട്ട്‌സോഴ്‌സിങ് ആയി പുരുഷന്മാരുടെ സഹായമുണ്ട്. കൂടാതെ മാർക്കറ്റിങ്ങിൽ എനിക്കൊപ്പം രാജീവ് എന്ന സ്റ്റാഫിനെയാണ് വെച്ചിരിക്കുന്നത്. കൂടുതൽ സ്ത്രീകൾക്ക് ഈ മേഖല പരിചിതമാക്കാൻ ആഗ്രഹിക്കുന്നു.
പാഷൻ ആയിട്ട് തന്നെയാണ് പ്രസാധകരംഗത്ത് വരുന്നത്. എന്നാൽ അത്തരത്തിൽ നമുക്ക് ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ സാധിക്കില്ല. ഇതുവരെ പുസ്തകം ചോദിച്ച ആരും തരാതെ ഇരുന്നിട്ടില്ല. മാക്‌ബെത്തിന്റെ പുസ്തകത്തിന്റെ കെട്ടിലും മട്ടിലും സംതൃപ്തരായി പുസ്തകം തന്നവരാണവർ. ഒരാൾ പോലും ഇപ്പോൾ പറ്റില്ല എന്നുപോലും പറഞ്ഞിട്ടില്ല. അതിന് മറ്റൊരു കാരണം, ഞാൻ എഡിറ്ററായി ജോലി ചെയ്തിരുന്ന കാലത്തെ എന്റെ വിശ്വാസ്യത കൂടിയാണ്. ഈ രംഗത്ത് പിടിച്ചുനിൽക്കണമെങ്കിൽ വെല്ലുവിളി ഏറെയാണ്. ഇന്ന് ഒരു പുസ്തകത്തിന്റെ പ്രൊഡക്ഷൻ കോസ്റ്റ് വളരെ ഉയർന്നതാണ് എന്നാൽ ഒരു പുസ്തകത്തിന് ഇടാൻ സാധിക്കുന്ന മാക്‌സിമം വില, അതൊരു ധാർമികതയുമാണ്. അതിനെ മറികടക്കാനാവില്ല.

ബിസിനസ് പഠിച്ചിട്ടും ബിസിനസുകാരിയാവാത്ത ഭയം ചിലരിൽ തീർന്നു എന്ന് പറയേണ്ടിവരുന്നത്, ഈ മേഖലയെക്കുറിച്ച് അറിയാത്തവരിൽ, നമ്മൾ ഈ മേഖലയിൽ നിൽക്കുമ്പോഴുണ്ടാകുന്ന പുച്ഛമാണ്. നീണ്ടകാലം എഡിറ്ററായി ജോലിചെയ്തപ്പോൾ ആ സ്ഥാപനം നൽകാതിരുന്നത് സാമ്പത്തികഭദ്രതയാണ്. ആ അരക്ഷിതാവസ്ഥ നമ്മുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് ഉണ്ടാവരുത് എന്നതാണ് ആദ്യത്തെ ലക്ഷ്യം. അഞ്ചുപേരാണ് മാക്‌ബെത്തിന്റെ പില്ലർ ആയിട്ടുള്ളത്. അവരെയൊന്നും തൊഴിലാളികൾ എന്ന് പറയാൻ പോലും പാടില്ല. ഒരു പുസ്തകം ജന്മമെടുക്കുന്നതിൽ പങ്കാളികളാകുന്നവർ നിരവധിയാണ്. മാക്‌ബെത്തിന്റെ പുസ്തകങ്ങളുടെ കെട്ടിലും മട്ടിലും കുറവുണ്ടെങ്കിൽ, അത് പറയുമ്പോൾ മനസ്സിലാക്കാം. എന്നാൽ നാളെകളിൽ ഈ രംഗത്ത് ഉണ്ടാവാതിരിക്കാനുള്ള ചില ശ്രമങ്ങൾ പൊറുക്കാനാവാത്തതാണ്. സ്ത്രീ ആയതുകൊണ്ട് ശാരീരികരാഷ്ട്രീയം പറയുന്നത് ആക്ഷേപവുമാണ് എന്ന് സമൂഹം മനസ്സിലാക്കേണ്ടതുണ്ട്.
മേളകൾ വായനക്കാരെയും പ്രസാധകരെയും അടുപ്പിക്കുന്നു എങ്കിലും വൻകിട പ്രസാധകർക്കൊപ്പം പിടിച്ചുനില്ക്കാൻ വലിയ ബുദ്ധിമുട്ടാണ്.
ഇപ്പോൾ കേരളത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ മേളകൾ നടക്കുകയാണ്. ജില്ലയിൽനിന്ന് ജില്ലയിലേയ്ക്ക് ഞങ്ങളുടെ എഴുത്തുകാരുടെ പുസ്തകങ്ങളുമായി സഞ്ചരിക്കുമ്പോൾ ഏറെ അഭിമാനമാണ്. പലരും ഇപ്പോൾ പുസ്തകമെടുത്തുകൊടുപ്പ് ആണ് ജോലി എന്ന് പുച്ഛിക്കുമ്പോൾ അതും ഒരു പ്രചോദനമായി കാണുന്നു. കാരണം, ഒരു പുസ്തകത്തിന്റെ പിറവി മാത്രമല്ല, അത് വായനക്കാരിലേക്കെത്തിക്കുന്ന ഓരോ നിമിഷവും പൊടിയേറ്റിട്ടാണെന്നും ചൂടെടുത്ത് വിയർത്തിട്ടാണെന്നും ഓരോ പ്രസാധകരും അറിയേണ്ടതുണ്ട്. ഓരോ വായനശാലയെയും നമ്മുടെ പുസ്തകങ്ങൾ പരിചയപ്പെടുത്തുമ്പോഴുണ്ടാകുന്ന ആഹ്ലാദം അറിയേണ്ടതുണ്ട്. രാവിലെ മുതൽ വൈകീട്ടുവരെ ഇരിപ്പുറപ്പിക്കാനാവാതെ കാലുകളിൽ നീരുവന്ന് പുസ്തകം വിൽക്കുന്ന എന്റെ സഹപ്രവർത്തകരെ ഞാൻ അനുഭവിച്ചറിയേണ്ടതുണ്ട്.
ഇത്തരത്തിലുള്ള മേളകൾ വായനക്കാരെയും പ്രസാധകരെയും അടുപ്പിക്കുന്നു എങ്കിലും വൻകിട പ്രസാധകർക്കൊപ്പം പിടിച്ചുനില്ക്കാൻ വലിയ ബുദ്ധിമുട്ടാണ്. സത്യത്തിൽ പുതിയ ആളുകൾ ഈമേഖലയിലേക്ക് വരുന്നത് പോസിറ്റീവ് ആയി കാണുകയും സാംസകാരികമേഖല ജനറേഷൻ ചേഞ്ചിനെ സ്വാഗതം ചെയ്യുകയുമൊക്കെ ചെയ്യുമ്പോഴും വലിയ തുക നൽകി മേളകളിൽ സ്റ്റാൾ എടുക്കുന്ന പ്രസാധകരിലേക്കെത്താതെ വൻകിട പ്രസാധകർ നൽകുന്ന വമ്പൻ ഓഫറുകളിൽ വായനശാലകൾ വീണുപോകുന്നതും നല്ല പുസ്തകവും പുതിയ കാലവും നിരസിക്കപ്പെടുന്നതിന് കാരണമാകുന്നു. മേളകളുടെ സംഘാടകർ പുതിയ പ്രസാധകരെ പ്രോത്സാഹിപ്പിക്കുന്നുവെങ്കിലും പോരായ്മകൾ ഏറെയാണ്. പ്രത്യേകിച്ചും സ്ത്രീയാവുമ്പോൾ അത്, പതിന്മടങ് കൂടും എന്ന് പറയാതെ വയ്യ... സമൂഹം നൽകുന്ന പ്രോത്സാഹനം തന്നെയാണ് മാക്ബെത് പബ്ലിക്കേഷൻസിന്റെ ഓരോ ചുവടും. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.