ഗോഡ്‌സേയും മലയാളഭാവനയും

എൻ.വി. കൃഷ്ണവാര്യരുടെ 'ഗാന്ധിയും ഗോഡ്സേയും' എന്ന പ്രശസ്ത കവിതയുടെ രാഷ്ട്രീയ വായന നടത്തുകയാണ് കവി പി.എൻ ഗോപീകൃഷ്ണൻ. ഗാന്ധി ഗോഡ്സേയാൽ കൊല്ലപ്പെട്ട് 20 വർഷത്തിനു ശേഷമെഴുതിയ കവിതയാണത്. മലയാള സാഹിത്യത്തിലും ഭാവനയിലും ഗോഡ്സെ എന്ന വ്യക്തിയും ആശയവും പ്രതീകവും എങ്ങനെയാണ് പ്രതിഫലിച്ചത് എന്നതിന്റെ സൂക്ഷമമായ രാഷ്ട്രീയ വായനയാണ് ഗോപീകൃഷ്ണൻ നടത്തുന്നത്. സമകാലീന ഇന്ത്യ ഇത്തരം അന്വേഷണങ്ങൾ തന്നെയാണ് ആവശ്യപ്പെടുന്നതും.

ഷിഷ് നന്ദി 1990കളിൽ എഴുതിയ ഒരു ലേഖനത്തിൽ നാലുതരം ഗാന്ധിമാരെക്കുറിച്ച് പറയുന്നുണ്ട്. അതിൽ ഒന്നാമത്തെ ഗാന്ധി, ഇന്ത്യൻ ഭരണകൂടവും ഇന്ത്യൻ ദേശീയതയും ഉയർത്തിപ്പിടിക്കുന്ന ഗാന്ധിയാണ്. നന്ദി പറയുന്നത്, ആ ഗാന്ധി സ്വരൂപത്തെ സാക്ഷാൽ ഗാന്ധിയ്ക്ക് പോലും ഉൾക്കൊള്ളാൻ സാധ്യമല്ല എന്നാണ്. പക്ഷെ ധാരാളം പേർ വിചാരിയ്ക്കുന്നത് സഹനീയവും കൂടെ കൊണ്ടുനടക്കാൻ പറ്റുന്ന തരത്തിലും ഉള്ള ഒരു ഗാന്ധി, ഇതാണെന്നാണ്. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിലുടനീളം പാഞ്ഞുകിടക്കുന്ന അരാജകത്വത്തിന്റെ ചരട് ഈ ഗാന്ധിയ്ക്കില്ല എന്ന് മാത്രമല്ല, സ്വകാര്യവും പൊതുവുമായ ഇടങ്ങൾ, മതവും മതേതരവും, ഭൂതവും വർത്തമാനവും തുടങ്ങിയ സങ്കല്പനങ്ങൾക്കിടയിലെ വളരെ വ്യക്തമായ വിഭജനരേഖകരോടുള്ള നിഷേധം പിൽക്കാലത്തെ ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം വലിയ തലവേദനയായിരുന്നു. അതിനാൽ അവർ ഗാന്ധിയെ ജീവിതത്തേക്കാൾ വലിപ്പമുള്ള ഒരു ചിത്രമാക്കി.

ആഷിഷ് നന്ദി
ആഷിഷ് നന്ദി

രണ്ടാമത്തെ ഗാന്ധി, നന്ദി പറയുന്നു, ഗാന്ധിയൻമാരുടെ ഗാന്ധിയാണ്. ഇക്കാലത്ത് വമ്പിച്ച തോതിൽ രക്തക്കുറവ് അനുഭവിക്കുന്നരോഗി. എല്ലാ വീട്ടിലും തൂക്കിയിടാവുന്ന ഒരു അപ്പൂപ്പൻ ചിത്രം. ഇന്ത്യൻ പൊതുജീവിതഗാഥയിലെ ഒരു നിത്യസാന്നിധ്യം. നാരങ്ങാവെള്ളം കുടിയ്ക്കുകയും ഖാദി ധരിക്കുകയും ചെയ്യുന്ന ഗാന്ധി ആണത്. ഇന്ത്യയിൽ തെറ്റി ജനിച്ച ഒരു വിക്ടോറിയൻ സദാചാരവാദി എന്നതിനപ്പുറം ബോറടിപ്പിക്കുന്ന ഒരു ബിംബം. അണ്ണാ ഹസാരേയും ബാബാ ആംതേയും മറ്റും ഇത്തരം ഗാന്ധിയെ പിൻപറ്റുന്നവരാണ്.

മൂന്നാമത്തെ ഗാന്ധിയാകട്ടെ, അലസവേഷം ധരിച്ചവരുടേയും കിറുക്കരുടേയും പ്രവചനാതീതരുടേയും ഗാന്ധിയാണ്. ഈ ഗാന്ധിയാകട്ടെ, കൊക്കക്കോളയെ സ്‌കോച്ച് വിസ്‌കിയേക്കാൾ എതിർക്കുന്ന ആളാണ്. പ്രാദേശികമായി നിർമ്മിക്കപ്പെടുന്ന കൊക്കക്കോളാ സമാന ദ്രാവകങ്ങളെ, ഇറക്കുമതി ചെയ്ത കൊക്കക്കോളയേക്കാൾ മാരകമായി കാണുന്ന ആളും. അങ്ങേയറ്റം യന്ത്രവല്ക്കരിക്കപ്പെട്ട ഉടനടിത്തീറ്റപ്പണ്ടങ്ങൾ എന്നത് സമൂഹഘടനയെ ബാധിക്കുന്നതാണെന്നും ഇന്ത്യൻ സമ്പദ്ഘടനയ്ക്കുള്ളിൽ ഇങ്ങനെ വ്യാപകമായ ഉപഭോഗത്തിന് വേണ്ടി നിർമ്മിക്കപ്പെടുന്ന ഉപരിപ്ലവാനന്ദ വസ്തുക്കൾ ഇന്ത്യയുടെ ആഴത്തിൽ വേരുള്ള, ദീർഘകാലം നിലനിൽക്കുന്ന ഘടനയെ തകർത്തു കളയുന്നതാണെന്നും പരിഗണിച്ചാണ് അദ്ദേഹം അവയെ എതിർക്കുന്നത്. ഹിന്ദ് സ്വരാജിന്റെ കർത്താവായ ഈ ഗാന്ധി നമ്മുടെ പൊതുജീവിത സങ്കൽപത്തിൽ നിന്നും തെറ്റി നിൽക്കുന്ന ഒരു വിമതനാണ്. മേധാ പട്ക്കറും വന്ദനാശിവയും മറ്റും ഈ ഗാന്ധിയെ പിൻപറ്റുന്നവർ ആണ്.

നാലാമത്തെ ഗാന്ധി വായിക്കപ്പെടുന്ന ഗാന്ധിയല്ല. കേട്ടറിവുള്ള ഒരു ഗാന്ധിയാണത്. മിക്കവാറും ഈ കേട്ടറിവ് അശ്വ മുഖത്തു നിന്നോ ഗാന്ധിയെ നേരിട്ട് പരിചയപ്പെട്ടവരിൽ നിന്നോ ആവണം എന്നില്ല. തലമുറകൾ പറഞ്ഞു പറഞ്ഞെത്തിയ ഗാന്ധിയാണത്. മാർട്ടിൻ ലൂതറിനെപ്പോലുള്ള ചിലർ ഗാന്ധിയെ സൂക്ഷ്മമായി പഠിക്കുകയും വിമർശനാത്മകമായി വിലയിരുത്തുകയും ചെയ്തതിന് ശേഷമാണ്, ഗാന്ധിയ്ക്ക് തന്നിലൂടെ ഒരു തുടർച്ച സൃഷ്ടിച്ചതെങ്കിൽ മറ്റു പലരും അങ്ങനെയായിരുന്നില്ല. ഗാന്ധി എന്ത് ചെയ്തു എന്ന് അറിയാതെയാണ് അവർ ഗാന്ധിയുടെ തുടർച്ചയായത്. ഏ .കെ. ഗോപാലൻ മാർക്‌സിനോട് സ്വീകരിച്ച സമീപനം തന്നെയാണ് ഇക്കാര്യത്തിൽ ഇവർ ഗാന്ധിയോട് സ്വീകരിക്കുന്നതും. അദ്ദേഹം ഒരിക്കൽ അഭിപ്രായപ്പെട്ടതായി പറയപ്പെടുന്നത് അദ്ദേഹം മാർക്‌സിനെ വായിച്ചിട്ടില്ല എന്നാണ്. വായിച്ചാൽ മനസ്സിലാകും എന്ന ഉറപ്പില്ലാത്തത് കൊണ്ടാണ് അത് ചെയ്യാത്തത് എന്നും. അതേ സമയം അദ്ദേഹം മാർക്‌സിസ്റ്റായി തുടരുകയും ചെയ്തു.

മഹാത്മാ ഗാന്ധി
മഹാത്മാ ഗാന്ധി

ആഷിഷ് നന്ദിയുടെ വാദങ്ങൾ കുറച്ചു വിശദമായി തന്നെ ഉദ്ധരിച്ചത്, നാം പ്രതിപാദിക്കാൻ പോകുന്ന വിഷയത്തിലേയ്ക്ക് വെളിച്ചം വീശാൻ അതിന് ആകും എന്ന നിഗമനത്തിലാണ്. മലയാള സാഹിത്യത്തിലും ഭാവനയിലും ഗോഡ്‌സേ പ്രതിഫലിച്ചതെങ്ങനെ എന്ന അന്വേഷണമാണ് ഈ ലേഖനത്തിൽ നാം നടത്തുന്നത്. ആ അന്വേഷണത്തിന്റെ അവിഭാജ്യ ഘടകമാണ് മലയാള സാഹിത്യത്തിലും ഭാവനയിലും ഏത് ഗാന്ധിയാണ് പ്രതിഫലിച്ചത് എന്ന അന്വേഷണം.

ഗോഡ്‌സേ ആഞ്ഞുമുഴങ്ങിയ ഒരു പ്രധാന സ്ഥലി എൻ.വി.കൃഷ്ണവാര്യരുടെ കവിതയായിരുന്നു. "ഗാന്ധിയും ഗോഡ്‌സേയും ' എന്ന പേരിൽ അറിയപ്പെടുന്ന ഈ കവിതയുടെ യഥാർത്ഥനാമധേയം "മോഹൻ ദാസ് ഗാന്ധിയും നാഥുറാം ഗോഡ്‌സേയും' എന്നായിരുന്നു. കെ.കെ.ഹിരണ്യൻ 2015 മെയ് 10ന് മാതൃഭൂമി ഓൺലൈനിൽ എഴുതി പ്രസിദ്ധീകരിച്ച "ഇപ്പോൾ വായിക്കൂ ആ കവിത ' എന്ന ലേഖനം ഈ കവിതയെപ്പറ്റി വിലപ്പെട്ട വിവരങ്ങൾ തരുന്നു. 1968 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് 5 ഭാഗങ്ങൾ ഉള്ള ഈ കവിത പ്രസിദ്ധീകരിച്ചത്. അഞ്ചു ഭാഗങ്ങൾ അഞ്ചു ലക്കങ്ങളിൽ ആയാണ് പ്രസിദ്ധീകരിച്ചത്. ഗാന്ധി വധം കഴിഞ്ഞ് 20 വർഷങ്ങൾക്ക് ശേഷമാണ് ഈ കവിത പ്രസിദ്ധീകരിക്കപ്പെടുന്നത്. മാത്രമല്ല, കപൂർ കമ്മീഷൻ ഗാന്ധി വധത്തിനു ഗൂഢാലോചനകളെ അന്വേഷിക്കുന്ന കാലം കൂടിയാണിത്.

നാഥൂറാം വിനായക് ഗോഡ്സേ
നാഥൂറാം വിനായക് ഗോഡ്സേ

ഈ കവിതയിൽ പ്രതിഫലിക്കപ്പെടുന്ന ഗോഡ്‌സേ ഏത് ഗോഡ്‌സേയാണ് എന്ന് പരിശോധിക്കാം. ആദ്യഖണ്ഡത്തിൽ ഗോഡ്‌സേ "വ്യാപാരി മാന്യൻ ' ആണ്. കള്ളപ്പണത്തിന്റേയും കരിഞ്ചന്തയുടേയും തലവൻ. അയാളുടെ ജീവിത ശൈലിയാകട്ടെ അതിന് പറ്റിയ തരത്തിലും. രാവിലെ നിയമവിരുദ്ധമായ പ്രവൃത്തികളിലൂടെ ലാഭമുണ്ടാക്കുക , വൈകീട്ട് "മദ്യവും ചീട്ടും മൈത്രിയുമേകും ക്ലബ്ബിൽ ' ആഹ്ലാദിക്കുക. അതേസമയം ഗാന്ധിയുടെ ചിത്രമാകട്ടെ ഇതിന് നേരെ എതിർ ദിശയിലും. സ്വതന്ത്ര ഇന്ത്യയിലെ ദരിദ്ര നാരായണനാണ് ഇവിടെ ഗാന്ധി. റേഷൻ ഷാപ്പിൽ അരിയ്ക്ക് ക്യൂ നിൽക്കുന്ന മനുഷ്യൻ. സക്കറിയ തീവണ്ടിക്കൊള്ള എന്ന കഥയിൽ പറയും പോലെ, വിപ്ലവവും ആസൂത്രണവും ഒരേ സമയം ഉപേക്ഷിച്ചവരിൽ ഒരാൾ. ഊതിയാൽ പറക്കുന്ന നിഴൽ. ഗാന്ധിയെ കാണുമ്പോൾ ഗോഡ്‌സേ കരുതുന്നത് "ഹാ കഷ്ടം , ഈ യേഴയെ - / ക്കരുതിയോ, കൈത്തോക്കിൽ വിലപ്പെട്ടോ- / രുണ്ടകൾ നിറച്ചു ഞാൻ ' എന്നാണ്.

രണ്ടാം ഖണ്ഡത്തിൽ പട്ടിണി മാർഗ്ഗത്തിൽ കുറേക്കൂടി സഞ്ചരിച്ച ഗാന്ധിയും അധികാരമാർഗ്ഗത്തിൽ കുറേക്കൂടി സഞ്ചരിച്ച ഗോഡ്‌സേയും ആണ് ഉള്ളത്. നടപ്പാതയിൽ മരണത്തിലേയ്ക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന നിലയിലാണ് ഗാന്ധി. എന്നാൽ ഗോഡ്‌സേ ആകട്ടെ വെളുത്ത ജുബ്ബയും വെളുത്ത തൊപ്പിയുമിട്ട് "ചത്ത ഹിന്ദുവിന്നാർഷ - / സംസ്‌കാരമേകാൻ വേണ്ടി / യൊത്തത് തരൂ - / കെന്ന് കൈപ്പാട്ട നീട്ടി ഗോഡ്‌സേ ' .അയാൾ പൊതുജനമദ്ധ്യത്തിൽ ഈ നാടകമാടുന്നത് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനും ജയിക്കാനുമാണ് . എന്തിന് ഈ കവിതയുടെ ആഖ്യാതാവു പോലും അയാളുടെ "ജന സേവനവ്രത' നാടകത്തിൽ വീണുപോകുന്നുണ്ട്. സ്വന്തം കീശയിൽ നിന്നും അരി വാങ്ങാൻ കരുതിയ ആകെയുള്ള കാൽ രൂപ ഗോഡ്‌സേ വെച്ചു നീട്ടിയ കൈപ്പാട്ടയിൽ ഇട്ട് അയാൾ ഉച്ചപ്പട്ടിണി വരിയ്ക്കുന്നുണ്ട്.

എൻ.വി.കൃഷ്ണവാര്യർ
എൻ.വി.കൃഷ്ണവാര്യർ

മൂന്നാം ഖണ്ഡത്തിൽ ഗോഡ്‌സേ മന്ത്രിയാണ്. കമ്പനിത്തലവന്മാരാലും കമ്മീഷനേജന്റുമാരാലും കോൺട്രാക്ടർമാരാലും പരിലാളിതൻ. വലിയ കാറിൽ വന്നിറങ്ങി ഗസ്റ്റ് ഹൗസുകളിൽ "മദ്യവും ഖാദ്യങ്ങളും' നുകർന്ന് കഴിയുന്നവൻ. മുഗ്ദ്ധഹാസ്യയായെത്തുന്ന സാമൂഹ്യ പ്രവർത്തകക്കൊപ്പം ' രാത്രിതൻ കറുമണി - / ക്കൂറുകൾ കൊണ്ട് ' ഭാരിച്ച ഭരണചക്രം തിരിയ്ക്കുന്നവൻ. അതേ ഗസ്റ്റ് ഹൗസിൽ ഗേറ്റ് വാച്ച്മാനായി നിൽക്കുകയാണ് ഗാന്ധി. പുലർകാല വെട്ടത്തിൽ തനിയ്ക്ക് ഗേറ്റ് തുറന്ന് തരുന്ന ഗാന്ധിയെ, ഗോഡ്‌സേ പെട്ടെന്ന് തിരിച്ചറിയുന്നില്ല. പക്ഷെ ബോധത്തിന്റെ ഒരു മിന്നലാട്ടത്തിൽ അയാൾ ഗാന്ധിയെ, തന്റെ നിത്യശത്രുവെ തിരിച്ചറിഞ്ഞ് ചീറുന്നു. " പണി വേണമോ തനി - / ക്കെങ്കിൽ വായ്മൂടിക്കൊൾക '

നാലാമത്തെ ഖണ്ഡത്തിൽ ഈ നാടകം അതിന്റെ മൂർദ്ധന്യത്തിൽ എത്തുകയാണ്. താൻ തന്നെ കൊന്ന ഗാന്ധിയുടെ ശവകുടീരത്തിൽ, അതേ ജനുവരി 30 ന് , റീത്ത് സമർപ്പിക്കുകയാണ് മന്ത്രിയായ ഗോഡ്‌സേ.

ഔദ്യോഗികമായ ദു:ഖാചരണച്ചടങ്ങുകൾ അരങ്ങ് തകർക്കുന്നുണ്ട്. ഈ ഖണ്ഡം ഗോഡ്‌സേ തന്നെയാണ് ആഖ്യാനം ചെയ്യുന്നത്. തിരിച്ചു കാറിൽ പോകുമ്പോൾ പാടത്ത് കന്നിനെ പൂട്ടുന്ന കൃഷിക്കാരന്റെ ഗാനത്തിലും പണിയില്ലാതെ, പൂട്ടിയ മില്ലിന്റെ ഗേറ്റിൽ തടിച്ചു കൂടിയ ജനത്തിന്റെ ആക്രോശത്തിലും, ക്യൂവിൽ അരിക്കായി കാത്തു നിൽക്കുന്ന നാരിമാരുടെ മന്ത്രണത്തിലും അയാൾ ഗാന്ധിയുടെ അവസാന വാക്കുകളായ "ഹാ, രാം' എന്നത് കേൾക്കുന്നു. ഗാന്ധിയുടെ തുടർജീവിതം അങ്ങനെ കാണുന്ന ഗോഡ്‌സേ തന്റെ സന്തത സഹചാരിയായ കൈത്തോക്കെടുത്ത് അതിലെ തോട്ടകൾ പരിശോധിച്ച് ആശ്വാസം കൊള്ളുന്നു.

അഞ്ചാമത്തെ ഖണ്ഡം ഗാന്ധിവധത്തിന്റെ പുനർചിത്രണം ആണ്. ഇവിടെ ഗാന്ധി തന്നെയാണ് ആഖ്യാതാവ്. പ്രാർത്ഥനയ്ക്കായി പോകുന്ന കാൽതൊടാനെന്നവണ്ണം കുനിഞ്ഞ് കൈത്തോക്കെടുത്ത് "കാരീയത്തീയ്യുടെ പൂക്കൾ ' ഗാന്ധിയുടെ മാറിൽ വർഷിക്കുകയാണ് ഗോഡ്‌സേ. ഹാ, രാം എന്ന ആക്രന്ദനത്തോടെ ഗാന്ധി മറിഞ്ഞു വീഴുന്നു. ഗാന്ധി എന്താണോ രാജ്യത്തിന് വേണ്ടി നേടിയെടുത്തത് അതെല്ലാം ഗോഡ്‌സേ പിൽക്കാലത്ത് തട്ടിയെടുക്കുന്നു ."നുണയെ വിവേകമായ്, ദുരയെത്തപസ്യയായ് - / പ്പുണരും നരപിശാചങ്ങളെ ' പടയ്ക്കുന്നു. എന്നാൽ അവസാന വരികളിൽ ആത്യന്തിക വിജയം ' ക്രോധത്തെ ജയിച്ചൊരെന്നാത്മാവിൻ സനാതന ക്രോധ'ത്തിനാണ് എന്ന് ആശ്വസിക്കുന്ന ഗാന്ധിയുടെ ചിത്രണമാണ് എൻ .വി .ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

സ്വാതന്ത്ര്യവുമായുള്ള മധുവിധു എങ്ങനെ അവസാനിച്ചു എന്നതിന് ഏറ്റവും ഉദാഹരിയ്ക്കാവുന്ന കവിതകളിൽ ഒന്നാണിത്. മലയാള കവിതാ ചരിത്രത്തിൽ ഗാന്ധിക്കവിതകളുടെ ഒരു ധാര, ഇന്ത്യൻ രാഷ്ട്രീയത്തിൽ ഗാന്ധിയുടെ പ്രവേശനത്തിന് ശേഷം നിലനിന്നിരുന്നു. ഗോഡ്‌സേ തന്റെ പ്രസ്താവനയിൽ പറയും പോലെ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്ര അരങ്ങിൽ സത്യത്തേയും അഹിംസയേയും പ്രതിഷ്ഠിച്ചത് ഇന്ത്യൻ ജനതയെ നിസ്സഹായതയുടേയും ക്രിയാ രാഹിത്യത്തിന്റേയും പടുകുഴിയിലേയ്ക്ക് തള്ളിയിട്ടു എന്ന് ഈ കവിതകൾ വിശ്വസിച്ചിരുന്നില്ല. മറിച്ച് സത്യവും അഹിംസയുമാണ് സംസ്‌കാരത്തിന്റ കാതൽ എന്ന് വിശ്വസിച്ചിരുന്നു താനും. ഒരു പക്ഷെ ഗാന്ധി എന്നാൽ സത്യത്തിന്റേയും അഹിംസയുടേയും പര്യായമായിട്ടാണ് മലയാള കവിത വിവരിച്ചു തന്നിരുന്നത്.

"ക്രിസ്തുദേവന്റെ പരിത്യാഗ ശീലവും സാക്ഷാൽഗാന്ധിയെപ്പറ്റിയുള്ള ഏറ്റവും പ്രസിദ്ധപ്പെട്ട കവിത 1924 ൽ വൈക്കം സത്യാഗ്രഹ കാലത്ത് നേരിട്ട് കണ്ട ശേഷം വള്ളത്തോൾ എഴുതിയ "എന്റെ ഗുരുനാഥൻ ' ആണ്. അതിൽ ഗാന്ധിയെ നിർവചിക്കുന്നത് ഇങ്ങനെ

കൃഷ്ണനാം ഭഗവാന്റെ ധർമ്മരക്ഷോപായവും
ബുദ്ധന്റെയഹിംസയും ശങ്കരാചാര്യരുടെ
ബുദ്ധിശക്തിയും രന്തിദേവന്റെ ദയാവായ്പും
ശ്രീഹരിശ്ചന്ദ്രനുള്ള സത്യവും മുഹമ്മദിൻ
സ്ഥൈര്യവുമൊരാളിൽച്ചേർ-
ന്നൊത്തുകാണണമെങ്കിൽ '

ഏതാണ്ട് ഇമ്മട്ടിൽ തന്നെയാണ് ഗാന്ധി മലയാള കവിതയിൽ ഉടനീളം പ്രത്യക്ഷപ്പെട്ടത്. അതായത് ആഷിഷ് നന്ദി ചൂണ്ടിക്കാണിച്ച ആദ്യ രണ്ട് ഗാന്ധി മാരെയാണ് മലയാളം പൊതുവേ സ്വീകരിച്ചത്. ഭരണകൂടം സ്‌പോൺസർ ചെയ്ത ഗാന്ധിയും വാർപ്പുഗാന്ധിയർ മുന്നോട്ട് വെയ്ക്കുന്ന ഗാന്ധിയും.

എൻ.വി.കൃഷ്ണവാര്യരെ പോലെ പണ്ഡിതനും തന്റെ കാലത്തെ മറ്റേത് മനുഷ്യരേക്കാളും ലോകോത്സുകനുമായിരുന്ന കവി ഗാന്ധിയെ എഴുതിയപ്പോൾ സംഭവിച്ചതെന്തെന്ന് നമുക്ക് കുറച്ചു കൂടി അടുത്ത് നിന്ന് നോക്കാം.

എന്റെ ഗുരുനാഥൻ മട്ടിലുള്ള കവിതകളിൽ നിന്ന് ഗാന്ധിയും ഗോഡ്‌സേയും പോലുള്ള കവിതകളെ വ്യത്യസ്തമാക്കുന്ന ഒന്ന് കാലത്തിൽ വന്ന മാറ്റമാണ്. ഒന്ന് സ്വാതന്ത്ര്യത്തിന് മുമ്പുള്ള രാഷ്ട്രീയ കാലാവസ്ഥയിലും മറ്റത് സ്വാതന്ത്ര്യത്തിന് ശേഷമുള്ള കുറേക്കൂടി ഹതാശമായ പരിതോവസ്ഥയിലും ആണ് എഴുതപ്പെടുന്നത്. സ്വാതന്ത്ര്യാനന്തര കാലം ഇന്ത്യയ്ക്ക് സമ്മാനിച്ചത് സുവർണ്ണകാലം ആയിരുന്നില്ല. തീരാത്ത ദാരിദ്ര്യത്തിന്റേയും തൊഴിലില്ലായ്മയുടേയും കാലമായിരുന്നു. അഴിമതി ഒരു തരത്തിൽ ദേശസാത്ക്കരിക്കപ്പെടുന്നുണ്ട്. സ്വാതന്ത്ര്യ സമരം ജനതയിൽ നിറച്ച നൈതികതയും മൂല്യവ്യവസ്ഥയും സ്വാതന്ത്ര്യാനന്തര ഭരണകൂടങ്ങളും രാഷ്ട്രീയ വ്യവസ്ഥയും അവരിൽ നിന്ന് ചോർത്തിയെടുത്തു. ഇതാണ് ഗാന്ധിയും ഗോഡ്‌സേയും പോലുള്ള ഒരു കവിത പിറവിയെടുക്കുന്ന ആസന്ന കാലാവസ്ഥ. സ്വാതന്ത്ര്യപൂർവ്വകാലത്തെ ചരിത്രത്തെ തലകുത്തി ചിത്രീകരിച്ചാണ് എൻ.വി ഈ ചരിത്രത്തെ നിർധാരണം ചെയ്യുന്നത്. ഗാന്ധി എന്തിനെയൊക്കെ നൈതികമായി പ്രതിനിധീകരിച്ചുവോ , അതിൽ നിന്നൊക്കെ തോറ്റു മടങ്ങുന്ന ആളാണ് കവിതയിൽ ഭൂരിഭാഗവും. അതേസമയം ഗാന്ധി എന്തിനെയൊക്കെ ചെറുക്കാൻ ശ്രമിച്ചോ അതിനെയൊക്കെ പ്രതിനിധീകരിക്കുന്ന ആളാണ് ഗോഡ്‌സേ.

അതിനാൽ ഈ വിഖ്യാത കവിതയിലെ ഗോഡ്‌സേ ചരിത്രത്തിലെ ഗോഡ്‌സേ അല്ല. ഇന്ത്യൻ ചരിത്രത്തിൽ ജനാധിപത്യത്തിനും മതേതരത്വത്തിനും തുല്യാവകാശങ്ങൾക്കുമെതിരെ നിരന്തരം തീയുണ്ടകൾ വിതറിയ, ദേശീയതയേയും ഭാഷയേയും സംസ്‌ക്കാരത്തേയും മതബോധത്തേയും അങ്ങേയറ്റം ഫാസിസ്റ്റ് വല്ക്കരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട പ്രതിനിധാനമല്ല ഇവിടെ ഗോഡ്‌സേ. ഇന്ത്യൻ ജനാധിപത്യത്തെയും സമ്പദ് വ്യവസ്ഥയേയും രാഷ്ട്രീയ പരിസരത്തേയും തന്റേതായ നിലയ്ക്ക് ഉപയോഗിക്കാൻ ത്രാണിയുള്ള കൗശലക്കാരൻ മാത്രമാണ് കവിതയിൽ ഗോഡ്‌സേ. ഇടയ്ക്കിടയ്ക്ക് ഗാന്ധി വധം എന്ന ചരിത്ര സന്ദർഭത്തെ ഓർമ്മിപ്പിക്കുന്ന വരികളും കൈത്തോക്കിന്റെ ആവർത്തിച്ചു വരുന്ന ബിംബവും ഹാ, റാം എന്ന ഗാന്ധിയുടെ അവസാന വാക്കുകൾ എന്ന് ഇന്ത്യൻ ഓർമ്മയിൽ ആലേഖനം ചെയ്യപ്പെട്ട വാക്കുകളുടെ പലവിതാനങ്ങളിലുള്ള പ്രയോഗങ്ങളും സർവ്വോപരി ഗോഡ്‌സേ എന്ന നാമധേയം ഉണ്ടാക്കുന്ന അനുരണനങ്ങളും ഇല്ലെങ്കിൽ ഇക്കവിതയിലെ ഗോഡ്‌സേ നമുക്ക് ഏറെ പരിചിതനായ, അയൽവാസി കൂടിയായ, അഴിമതിയിലും നിയമവിരുദ്ധമായ സാമൂഹ്യോൽക്കർഷതയിലും വിശ്വസിക്കുന്ന കൗശല രാഷ്ട്രീയക്കാരൻ മാത്രമായേനെ. ഗാന്ധിയെ യഥാർത്ഥത്തിൽ കൊന്നത് ഗാന്ധിയൻ മൂല്യങ്ങളെ തരിമ്പും വിലവെയ്ക്കാത്ത, പിൽക്കാല ഭരണാധികാരികൾ ആണെന്നും അവരെയാണ് ഗോഡ്‌സേ എന്ന് വിളിക്കേണ്ടത് എന്നുമാണ് കവി ഉദ്ദേശിച്ചിരുന്നത് എന്നത് കവിതയിൽ വ്യക്തമാണ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി തിരുത്തിയെഴുതാൻ പുറപ്പെട്ട ഫാസിസ്റ്റ് നിഷ്‌ക്കാരുണ്യത്തിന്റെ പേരല്ല അത്.

ചരിത്രത്തിലെ ഗോഡ്‌സേയോട് ഏതെങ്കിലും തരത്തിൽ നീതി പുലർത്തുന്നത് "ചത്ത ഹിന്ദുവിന്നാർഷ / സംസ്‌ക്കാരമേകാൻ വേണ്ടി / യൊത്തതു തരൂ കെന്ന് / കൈപ്പാട്ട നീട്ടി ഗോഡ്‌സേ ' എന്നീ വരികളാണ്. അതേ സമയം സെൻട്രിസ്റ്റ് കക്ഷികളിൽ പിൽക്കാലത്ത് വോട്ടു രാഷ്ട്രീയത്തിന്റെ എളുപ്പവഴികളായി സ്ഥാനം നേടിയ മൃദു ഹിന്ദുത്വത്തിന്റെ പ്രതിഫലനത്തോടാണ് അത് കൂടുതൽ നീതി പുലർത്തുന്നത്. സംസ്‌ക്കാരത്തിന്റെ മണ്ഡലത്തിൽ ദൈനംദിന പ്രവർത്തനങ്ങളുടേതായ അനുഷ്ഠാനങ്ങൾ ഏറ്റവുമധികം ഇന്ത്യയിൽ ആവർത്തിക്കപ്പെടുന്നത് മതത്തിന്റേതായിരിക്കേ, അത് ഒരാവരണമായി വോട്ട് ബാങ്ക് രാഷ്ട്രീയം ഉപയോഗിക്കാൻ തുടങ്ങിയ കാലത്തെ അധികാര മോഹി ബിംബം മാത്രമാണ് കവിതയിലെ ഗോഡ്‌സേ. ഗാന്ധി തന്റെ രാഷ്ട്രീയത്തിൽ ഉപയോഗിച്ചിരുന്ന മതത്തിന്റേയും വസ്ത്രത്തിന്റേയും ധാർമ്മിക വ്യവഹാരങ്ങൾ പിൽക്കാലത്ത് അധികാര രാഷ്ട്രീയം എങ്ങനെ ഉള്ള ചോർത്തിക്കളഞ്ഞ് ഉപയോഗിച്ചു എന്ന ധാരണയാണ് ചരിത്രം അസംസ്‌കൃത പദാർത്ഥമായി ഉപയോഗിക്കുന്ന ഈ വരികൾ പോലും നൽകുന്നത്.

കേരളത്തിൽ വേരോടിയ ഗാന്ധി ബോധത്തെയാണ് ഒരു പക്ഷേ, എൻ.വി.യുടെ ഈ കവിത പരിശോധിയ്ക്കുന്നതെന്ന് പറയാം. ആ ഗാന്ധി ബോധത്തിന്റെ അഗാധത ഈ കവിത എഴുതുന്ന കാലത്ത്, ആഷിഷ് നന്ദി ചൂണ്ടിക്കാണിച്ച ഒന്നും രണ്ടും ഗാന്ധി വരെ മാത്രമേ എത്തിയിരുന്നുള്ളു. ഒന്നാമത്തെ ഗാന്ധി ഇന്ത്യയിലുടനീളം എന്ന പോലെ കേരളത്തിലും തലമുറ തലമുറയായി പടർന്നിരുന്നു. ഓരോ ഒക്ടോബർ 2 നും സേവനവാരവും മറ്റുമായി ആദ്യത്തെ ഗാന്ധി വിദ്യാർത്ഥികളുടെ അബോധത്തിൽ പടർന്നിരുന്നത് നമുക്കെല്ലാം അനുഭവവേദ്യമായിരുന്നു. എന്റെ തലമുറയിൽപ്പെട്ട എല്ലാവരുടേയും ഓർമ്മ ചൂഴ്ന്ന് നോക്കിയാൽ ആ സ്മൃതി ഭൂപടം ഇപ്പോഴും കിട്ടും. നാട്ടിലെ വിശിഷ്യരായ സ്വാതന്ത്ര്യ സമര നേതാക്കൾ ആ വേളയിൽ പ്രസംഗിക്കാനെത്തുന്നതും മറ്റും. ഭക്തിയുടേതായ ഒരു വ്യവഹാര മണ്ഡലമായിരുന്നു ശുചീകരണ പ്രവർത്തനങ്ങളും പ്രസംഗ പരിപാടികളും ചേർന്ന് ഉണ്ടാക്കിയിരുന്നത്. അല്ലാതെ രാഷ്ട്രീയ ഗാന്ധി എന്ന, സ്വാതന്ത്ര്യ സമര കാലത്തെ ഇന്ത്യ ഉത്പാദിപ്പിച്ച ഏറ്റവും ഉജ്ജ്വലമായ ഒരു രൂപകത്തിന്റെ അപഗ്രഥനം അല്ല നടന്നിരുന്നത്. ജനുവരി 30 ൽ നിന്നും പുറകോട്ടല്ല, കേരളത്തിൽ ഗാന്ധി മിക്കവാറും വായിക്കപ്പെട്ടത്. ഒക്ടോബർ 2 ൽ നിന്നും മുന്നോട്ടാണ്. ഒരു പഴയ പുസ്തകത്തിന്റെ പുനർവായന പോലെ. അർത്ഥങ്ങൾ കല്ലിച്ച് ഉറച്ചു പോയ ഒരു വായന. അതാകട്ടെ പാതിയിൽ നിലക്കുകയും ചെയ്യും. അവസാനം ഒരു മതഭ്രാന്തനാൽ, ശ്രദ്ധിക്കണം ഫാസിസ്റ്റിനാൽ അല്ല , കൊല്ലപ്പെട്ട ഗാന്ധി എന്ന് ശ്ലോകത്തിൽ പറഞ്ഞവസാനിപ്പിക്കുകയും ചെയ്യും.

എൻ.വി.യുടെ പ്രശസ്തമായ കവിത ഈ ഔദ്യോഗിക ഗാന്ധിയെയാണ് വിമർശന വിധേയമാക്കുന്നത് എന്ന് ഒറ്റനോട്ടത്തിൽ കാണാം കഴിയും. ഭരണകൂടം മുന്നോട്ട് വയ്ക്കുന്ന ഗാന്ധിയല്ല ഗാന്ധി എന്ന് പറയാനാണ് ഈ കവിത എഴുതപ്പെടുന്നത് തന്നെ. ഗാന്ധിയുടെ യഥാർത്ഥ ഒളിവിടങ്ങൾ എവിടെയാണ് എന്ന് 1960 കളുടെ പശ്ചാത്തലത്തിൽ അന്വേഷിക്കുകയാണ് എൻ.വി. ചെയ്യുന്നത്. വിശപ്പ് എന്ന എൻ.വി യുടെ നിരന്തരം ആവർത്തിക്കപ്പെടുന്ന പ്രമേയത്തിലേയ്ക്ക് ഗാന്ധിയെ കൂട്ടിക്കൊണ്ടുവരികയാണ് എൻ.വി. ചെയ്യുന്നത്. കരിഞ്ചന്തയും അഴിമതിയും അതുപോലുള്ള മറ്റ് ചതികളും ചേർന്ന് നിയന്ത്രിക്കപ്പെടുന്ന സമ്പദ് വ്യവസ്ഥയിൽ ഗാന്ധി എന്തായിപ്പോകുന്നു എന്ന അന്വേഷണത്തെ തന്റേതായ രീതിയിൽ അന്വേഷിക്കുകയാണ് എൻ. വി. അതുകൊണ്ട് ഗാന്ധി ഈ കവിതയിൽ അവഹേളനങ്ങളിൽ നിന്ന് അവഹേളനങ്ങളിലേയ്ക്ക് ദിവസവും എടുത്തെറിയപ്പെടുന്ന ദരിദ്രൻ ആണ്. അതേസമയം ആ അവഹേളനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്ന ഉപകരണം ആകട്ടെ ഭരണകൂടം മുന്നോട്ട് വെയ്ക്കുന്ന ഔദ്യോഗികമായ ഗാന്ധി ബിംബവും. ഗാന്ധിയാൽ കൊല്ലപ്പെടുന്ന ഗാന്ധിയാണ് എൻ.വി.യുടെ പ്രമേയം. അതിനാൽ കവിതയിലെ ഗോഡ്‌സേ, സവർക്കർ തൊടുത്ത ഹിന്ദുത്വഫാസിസത്തിന്റെ ദൃഢതയാർന്ന പ്രത്യയമല്ല. മറിച്ച് അധികാരം ദുർവിനിയോഗം ചെയ്യാൻ വേണ്ടി ഭരണകൂടം സൃഷ്ടിച്ച ഗാന്ധി ബിംബം തന്നെയാണ്. ഗോഡ്‌സേ എന്ന പേര് മാത്രമേ എൻ.വിയ്ക്ക് വേണ്ടതുണ്ടായിരുന്നുള്ളു. അയാളുടെ ചരിത്ര പശ്ചാത്തലം വേണ്ടതില്ലായിരുന്നു. ഗാന്ധി വധിക്കപ്പെട്ടത് ഹിന്ദുമത രാഷ്ട്ര സ്ഥാപനത്തിന്റെ വൈറസുകളെ തുടച്ചു നീക്കാനുള്ള ആദ്യത്തെ വലിയ പോരാട്ടത്തിൽ ആയിരുന്നു എന്നത് ഈ കവിതയുടെ വലിയ മറവികളിൽ ഒന്നാണ്.

പക്ഷേ, ഈ മറവി എങ്ങനെ സംഭവിക്കപ്പെട്ടു എന്നാലോചിയ്ക്കുന്നത്, ഇന്ന് കേരളത്തിൽ പിടിമുറുക്കിക്കൊണ്ടിരിയ്ക്കുന്ന ഹിന്ദുത്വ ഫാസിസത്തിന്റെ വളർച്ചയെ മനസ്സിലാക്കാൻ സഹായകരം ആണ്. അതുകൊണ്ടാണ് കേരളം എക്കാലത്തും ഓർമ്മിക്കുന്ന ഒരു കവിതയെത്തന്നെ ആസ്പദിക്കാൻ തയ്യാറാകുന്നത്. നവോത്ഥാനത്തിന് ശേഷം കേരളത്തെ ബാധിച്ച രണ്ട് വലിയ പ്രത്യയശാസ്ത്ര ബോധങ്ങൾ, ഗാന്ധിസവും മാർക്‌സിസവും, അവയുടെ പ്രയോഗ മണ്ഡലങ്ങൾ ഇവിടെയായിരിക്കേ തന്നെ, ഹിന്ദുത്വ ഫാസിസത്തോട് ഉദാസീനത വെച്ചു പുലർത്തിയിരുന്നു. ഗാന്ധിയൻ - മാർക്‌സിയൻ സംവാദങ്ങളിൽ എല്ലാം സാഹചര്യങ്ങൾക്കനുസരിച്ച് പലതരം ബിംബ രൂപീകരണങ്ങൾ ഉണ്ടായിട്ടുണ്ട്. നെഹ്‌റുവും ഇ.എം.എസും നായകനും പ്രതിനായകനും ആയിട്ടുണ്ട്. സുഭാഷ് ചന്ദ്രബോസും ഗാന്ധിയും നായകനും പ്രതിനായകനും ആയിട്ടുണ്ട്. ജിന്നയും ഖിലാഫത്ത് പ്രസ്ഥാനവും ഒക്കെ പ്രകാശത്തിന്റേയും ഇരുട്ടിന്റേയും പ്രതലങ്ങളിൽ വെച്ച് ചർച്ചയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. അതേ സമയം സവർക്കർ കേരളത്തിലെ രാഷ്ട്രീയ വ്യവഹാരങ്ങളിൽ അജ്ഞാതമായി തുടർന്നു. ആർ.എസ്.എസ് പോലുള്ള ഒരു മിലിട്ടന്റ് ഹിന്ദു സംഘടന കേരളത്തിന്റെ മുഖ്യധാരയ്ക്ക് ഒരിക്കലും കഠിനമായി എതിർക്കപ്പെടേണ്ട ഒരു രാഷ്ട്രീയ ശരീരമായി തോന്നിയിട്ടില്ല .അതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം കേരളചരിത്രത്തിന്റെ മുഖ്യ സംവാദങ്ങളിൽ നിന്ന് എക്കാലത്തും ഹിന്ദുത്വ ഫാസിസത്തെക്കുറിച്ചുള്ള ചിന്ത എങ്ങനെയോ ഒഴിച്ചു നിർത്തപ്പെട്ടു എന്നതാണ്. അങ്ങനെ യഥാർത്ഥ എതിരാളിയെ മാറ്റി നിർത്തിക്കൊണ്ടുള്ള ഒരു സെക്യുലർ ചരിത്ര നിർമ്മാണത്തിലാണ് കേരളം ഏറെക്കാലം ഏർപ്പെട്ടുകൊണ്ടിരുന്നത്. ഹിന്ദുത്വഫാസിത്തിനെതിരെ ഒരു മുദ്രാവാക്യം പോലും തലമുറതലമുറയായി ഓർമ്മിക്കാൻ പാകത്തിൽ നാം ഉണ്ടാക്കിയിട്ടില്ല എന്നോർക്കണം .

അതിനാൽ, എൻ.വി.യുടെ കവിത ഗാന്ധിയെ വീണ്ടെടുക്കാൻ നമ്മോട് ആവശ്യപ്പെടുമ്പോഴും ആ ഗാന്ധി സാമ്പത്തിക- രാഷ്ട്രീയ മണ്ഡലങ്ങളിൽ ബദലുകൾ നിർദ്ദേശിച്ച ഒരു ഗാന്ധിയായിരിക്കേത്തന്നെ, ഇന്ത്യൻ മതേതരത്വത്തിന് തന്റേതായ നിലയിൽ സ്‌നേഹനിർഭരമായ ഒരു ചരിത്രം സംഭാവന ചെയ്യുകയും അതിന്റെ പേരിൽ ഫാസിസത്തിന്റെ വെടിയുണ്ട ഏറ്റുവാങ്ങുകയും ചെയ്ത ഒരാളല്ല. സ്വാതന്ത്ര്യാനന്തരഗാന്ധി എങ്ങനെ ഫാസിസത്തിന്റെ വധശിക്ഷാവിധിയ്ക്ക് പാത്രമായി എന്നറിയണമെങ്കിൽ ഇന്ത്യാ വിഭജനത്തിനെ തുടർന്നുള്ള രാഷ്ട്രീയ സാഹചര്യം ഫാസിസത്തിന്റേയും വർഗ്ഗീയതയുടേയും വളർച്ചക്ക് എങ്ങനെയൊക്കെ ഉപയോഗിക്കാൻ ശ്രമിച്ചു എന്നതിന്റെ സൂക്ഷ്മവും വിശദവുമായ അന്വേഷണം ആവശ്യമാണ്. മലയാളത്തിലെ സ്വാതന്ത്ര്യാനന്തര സാഹിത്യത്തിൽ അത്തരമൊരു അന്വേഷണം ആഴത്തിൽ നടന്നു എന്നതിന് കാണിക്കാനുള്ള തെളിവുകൾ വിരളമാണ്. ബാബ്‌റി മസ്ജിദിന്റെ തകർച്ചയ്ക്ക് ശേഷം മാത്രമാണ് "ഇതാണെന്റെ പേര് ' (സക്കറിയ) പോലുള്ള, ഗോഡ്‌സേയുടെ മാരക ഫാസിസ്റ്റ് മുഖം കണ്ടെത്തുന്ന രചനകൾ ഉണ്ടാകുന്നത്.

ഏട്ടിലെ പുലി കാട്ടിലെ പുലിയല്ലെങ്കിൽ അതിന് മൂന്നു കാലേ ഉള്ളെങ്കിലെന്ത്? എന്ന് ബോർഹേസ് ചോദിയ്ക്കുന്നുണ്ട്. കവിതയിലെ ഗോഡ്‌സേ ചരിത്രത്തിലെ ഗോഡ്‌സേ തന്നെയാകേണ്ടതുണ്ടോ എന്ന ചോദ്യം സൗന്ദര്യശാസ്ത്രത്തിൽ പ്രസക്തമാണ്. ചരിത്രകഥാപാത്രങ്ങൾ കവിതാ ബിംബങ്ങൾ ആകുമ്പോൾ അവ തമ്മിലുള്ള ബന്ധം നേരനുപാതത്തിൽ തുടരണോ എന്നും. ഇതിനെല്ലാമുള്ള ഉത്തരം ഇല്ല എന്നു തന്നെയാണ് . അതേ സമയം ചരിത്രത്തെ ആസ്പദമാക്കുന്ന കൃതികൾ "ചരിത്രവല്ക്കരിക്കുക , വീണ്ടും ചരിത്രവല്ക്കരിക്കുക ' എന്ന കൃത്യത്തിൽ നിന്ന് എത്രമാത്രം നാടുകടത്തപ്പെട്ടിരിക്കുന്നു എന്ന പരിശോധന അത്രമേൽ അനിവാര്യമാകുന്ന ചരിത്ര സന്ദർഭത്തിൽ അതിന് മുതിരാതിരിക്കുക എന്നത് സൗന്ദര്യശാസ്ത്ര പ്രശ്‌നം കൂടിയാണ്. പ്രത്യേകിച്ചും 1930കൾ മുതൽ തന്നെ ഫാസിസത്തെക്കുറിച്ചും അതിന്റെ ലോകസാഹചര്യങ്ങളെക്കുറിച്ചുമുള്ള ചർച്ച മലയാളത്തിൽ സജീവമായിരുന്നു, എന്നിരിക്കേ നവോത്ഥാന കാലം മുതൽ ജാതിവിരുദ്ധതയുടേയും മതമൈത്രിയുടേതുമായ രാഷ്ട്രീയ സംവാദങ്ങൾ കേരള സമൂഹത്തിൽ തുടർച്ചയായി നടന്നു പോന്നിട്ടുണ്ട്.

മനുഷ്യാവകാശത്തെക്കുറിച്ചുള്ള അവബോധവും ഏറ്റക്കുറച്ചിലുകളോടെ ആണെങ്കിൽ പോലും ശക്തിപ്പെടുന്ന ഒരു അന്തരീക്ഷവും കേരളത്തിലുണ്ടായിട്ടുണ്ട്. ഇതെല്ലാം ചേർന്നുണ്ടാക്കിയ മതേതരത്വത്തിന്റെ കേരള മാതൃക, തങ്ങളുടെ പ്രബുദ്ധതയായി തന്നെ മലയാളികൾ മുന്നോട്ട് വെയ്ക്കുകയും ചെയ്തിരുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ പോലും മതേതരത്വത്തിന്റേയും ആധുനിക ലോകവീക്ഷണങ്ങളായ മനുഷ്യാവകാശത്തിന്റേയും ജനാധിപത്യത്തിന്റേയും തായ്വേരുകളെ അറുത്തു കളയുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഹിന്ദു ഫാസിസ്റ്റ് ശക്തികളെ കുറിച്ച് വളരെ ദുർബലമായ ധാരണയാണ് കേരള സംസ്‌ക്കാരത്തിന്നകത്ത് ഒരു പരിധി വരെ പ്രവർത്തിച്ചു കൊണ്ടിരുന്നത് . "അനുഗ്രഹീതമായ ഈ ഉദാസീനതയുടെ ' തണലിൽ ആണ് അത് വളർന്ന് കൊണ്ടിരിക്കുന്നത്.

വളരെ പ്രകടമായ ചില ഉദാഹരണങ്ങൾ ഈ വഴിയ്ക്ക് ചൂണ്ടിക്കാണിക്കാൻ തുനിയട്ടെ വി.ടിയും അക്കിത്തവും സുഗതകുമാരിയും ആർ.എസ്.എസിന്റെ വേദികളിൽ പ്രത്യക്ഷപ്പെടുകയോ ആർ.എസ്.എസിന് അനുകൂലമായ പ്രസ്താവനകളിൽ പങ്കാളികളാകുകയോ ചെയ്തിട്ടുണ്ട്. ഇവരുടെ പശ്ചാത്തലം പരിശോധിക്കുകയാണെങ്കിൽ രസാവഹമായ ചിലത് കണ്ടെത്തുവാൻ കഴിയും. വി.ടിയുടെ പശ്ചാത്തലം നവോത്ഥാന കാലം ആണ്. അക്കിത്തത്തിന്റേതാകട്ടെ നവോത്ഥാന കാലവും കമ്യൂണിസ്റ്റ് മുന്നേറ്റ കാലവും. സുഗതകുമാരിയാകട്ടെ ഗാന്ധിയൻ പശ്ചാത്തലത്തിൽ നിന്ന് വരുന്നു. പരിസ്ഥിതി പ്രസ്ഥാനം പോലുള്ള ബദൽ രാഷ്ട്രീയത്തിന് തന്റേതായ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.

കെ.ജി. എസ്
കെ.ജി. എസ്

ഇവയെല്ലാം തന്നെ ഒരർത്ഥത്തിൽ ഫാസിസ്റ്റ് വിരുദ്ധത ഉയർത്തിപ്പിടിച്ച പ്രസ്ഥാനങ്ങൾ ആണ്. പിന്നെ എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന് പരിശോധിച്ചാൽ നമ്മൾ എത്തിച്ചേരുക ഇന്ത്യൻ ഫാസിസത്തോട് മലയാളി സമൂഹം പൊതുവേ പുലർത്തി വന്നിരുന്ന "അനുഗ്രഹീതമായ ഉദാസീനത ' യിൽ ആണെന്ന് കാണാൻ കഴിയും. ഈ ഉദാസീനത , ബാബ്‌റി മസ്ജിദിന്റെ തകർച്ചയോടെയും തുടർന്ന് ഗുജറാത്ത് കലാപത്തിന്റെ മറ നീക്കലോടെയും മാത്രമാണ് മലയാളിയുടെ പൊതുബോധത്തിൽ ചോദ്യം ചെയ്യപ്പെടാൻ തുടങ്ങിയത്.

അതിനാൽ കേരളത്തിന്റെ ചിന്താശേഷി വീണ്ടെടുക്കാനും മലയാളത്തിന്റെ സംവാദ സ്വഭാവത്തെ ആധുനികമായ മാനങ്ങളിലേയ്ക്ക് വികസിപ്പിക്കാനും സംസ്‌ക്കാരത്തെ ഫാസിസത്തിന്റെ പിടിയിൽ നിന്ന് വിമുക്തമാക്കിയേ പറ്റൂ. അതിനാവശ്യമായ ഒന്ന്, എൻ.വി.കൃഷ്ണവാര്യരുടെ ഗാന്ധിയും ഗോഡ്‌സേയും എന്ന കവിതയിൽ നിന്ന് കെ.ജി.എസിന്റെ ഗൂർഖ എന്ന കവിതയിലെ "ആൾപ്പറ്റത്തിൽ ഗോഡ്‌സേ പോലെ ' എന്ന വരിയിലേയ്ക്കുള്ള ദൂരം തിരിച്ചറിയൽ ആണ്.

"ആൾപ്പറ്റത്തിൽ ഗോഡ്‌സേ പോലെ
അടുത്ത് വന്ന് ഫണമുയർത്തും വരെ
അറിയില്ല ചില സ്വപ്നങ്ങളുടെ വരവ്.
ഉടൻ പിടിക്കാം .
കൊല്ലാം.
എന്തു ഫലം,
എല്ലാം കഴിഞ്ഞിട്ട് ? ' ( ഗൂർഖ ,1993 ; കെ.ജി.എസ് )

ഈ വരികൾ സൂക്ഷിച്ചു നോക്കിയാൽ ആ ദൂരം കാണാം. എൻ. വി.യുടെ കവിത ഒരു ചരിത്ര സന്ദർഭത്തെ ആസ്പദിക്കുന്നതാണ്. ഗൂർഖയാകട്ടെ ഒരു കാലത്തെ ചരിത്ര വല്ക്കരിക്കുന്നതും. സാധാരണ നിശ്ശബ്ദമായ ഒന്നിന്റെ പൊടുന്നനെയുള്ള പ്രത്യക്ഷപ്പെടലിനെ ഭാഷയിൽ പ്രതിഫലിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു രീതിയുണ്ട്. നിശ്ശബ്ദതയെ പ്രതിഫലിപ്പിക്കാൻ പ്രകൃതിദത്തമായ ഒരു ബിംബം സ്വീകരിക്കുക. പ്രത്യക്ഷപ്പെടലിനെ പ്രതിഫലിപ്പിക്കാൻ യഥാതഥ ബിംബത്തെ ആശ്രയിക്കുക. "പൂച്ചക്കാലു വെച്ച് ആൾക്കൂട്ടത്തിലൂടെ നടന്ന് വന്ന് ഗോഡ്‌സേ കൈത്തോക്കെടുത്ത് നിവർന്നു നിന്നു' എന്ന തരത്തിൽ പ്രകൃതിബിംബത്തിന് പിന്നാലെ ചരിത്രബിംബം കെ.ജി.എസിന്റെ കവിതയിൽ ഈ ശീലത്തെ അട്ടിമറിക്കുന്നുണ്ട്. ചരിത്ര ബിംബത്തിന് പിന്നാലെ പ്രകൃതിബിബം എന്ന മട്ടിൽ. ഒരു തരത്തിലും ഗോഡ്‌സേയുടെയും ഗാന്ധിയുടേയും ജീവിതത്തെ ആസ്പദിക്കുന്നതല്ല ഗൂർഖ എന്ന കവിത. എങ്കിലും ചരിത്രവല്ക്കരിക്കപ്പെട്ട ഒരു ഭാവന ആ കവിതയെ ഒരു ഗോഡ്‌സേ സന്ദർഭത്തിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ആപൽക്കരമായ ഒരു നിശ്ശബ്ദതയെ പ്രതിനിധീകരിക്കാനാണ് ഇവിടെ ഗോഡ്‌സേ ബിംബം ഉപയോഗിക്കുന്നത്. അതോടെ നിശ്ശബ്ദത എന്നത് വെറുപ്പിന്റേയും ഉദ്വേഗത്തിന്റേയും ഇരുണ്ട മൂർത്തീഭാവം ആകുന്നു. എല്ലാം കഴിഞ്ഞിട്ട് മാത്രം പിടിക്കപ്പെടുന്ന വെറുപ്പിന്റെ എക്കാലത്തേയും വലിയ വിജയങ്ങളിൽ ഒന്നാകുന്നു. എൻ. വി യുടെ കവിതയിൽ ഗാന്ധിയെ വെടിവെയ്ക്കുന്ന രംഗം ഇങ്ങനെ :

"പ്രാർത്ഥനക്കായന്നു ഞാൻ പോകവേ, മതിഭ്രമം
മൂർത്തിയാർന്ന പോലെന്റെ മുന്നിൽ നീയെത്തീ വീണ്ടും
കാൽ തൊടാനല്ല , കൈത്തോക്കെടുക്കാൻ
കുനിഞ്ഞു നീ
കാരീയത്തീയുടെ പൂവെന്മാറിൽ ചൊരിഞ്ഞു നീ'

ഇതിൽ ഗോഡ്‌സേ ഫാസിസ്റ്റ് അല്ല. മതിഭ്രമം ബാധിച്ച ആളാണ്. ഇന്നും നമ്മുടെ സെക്യുലർ പൊതുബോധത്തിന് ഗോഡ്‌സേ ഫാസിസ്റ്റല്ല, മത ഭ്രാന്തനാണ്. എന്നാൽ കെ.ജി.എസിന്റെ കവിതയിൽ ഗോഡ്‌സേയുടെ പ്രത്യക്ഷം യഥാതഥ ബിംബമല്ല. ആദിമമായ പേടിയെ കാണിക്കുന്ന ഒരു പ്രകൃതിദത്ത ബിംബം ആണ്. ഫണം വിടർത്തിയ വിഷപ്പാമ്പ്. അയാൾക്ക് മതിഭ്രമം അല്ല ഉള്ളത്. ഫാസിസത്തിന്റെ ക്രൂരമായ നിശ്ചയദാർഢ്യം ആണ്. ഭാവനയെ ചരിത്രവല്ക്കരിക്കുന്ന ഒന്നായി കെ.ജി.എസ് ഗോഡ്‌സേയെ മാറ്റുമ്പോൾ ചരിത്രത്തെ ഭാവനയാക്കുകയാണ് എൻ.വി.

ചരിത്രത്തെ ഭാവനയാക്കുന്നതും ഭാവനയെ ചരിത്രവല്ക്കരിക്കുന്നതും തമ്മിലുള്ള അന്തരങ്ങളിൽ ആണ് മലയാളിയുടെ സാംസ്‌ക്കാരിക രാഷ്ട്രീയം കുടുങ്ങിക്കിടക്കുന്നത്. അതിനാൽ മലയാളിയുടെ കൊട്ടിഘോഷിക്കപ്പെടുന്ന മതേതര ചരിത്രത്തിന് ഇന്ത്യൻ ഫാസിസത്തെ മനസ്സിലാക്കാൻ ഇനിയും കൂടുതൽ സഞ്ചരിക്കേണ്ടതുണ്ട് എന്ന വിനീതമായ തിരിച്ചറിവിൽ നാം കുറേക്കൂടി ജാഗരൂകർ ആകേണ്ടിയിരിക്കുന്നു. മാത്രമല്ല, സെക്യുലറിസത്തിന്റെ അടിയന്തിര ജാഗ്രതകളിൽ ഒന്നായി ' ഹിന്ദുത്വ പഠന "ത്തേയും ' ഹിന്ദുത്വ വിമർശന' ത്തേയും വികസിപ്പിക്കേണ്ടിയിരിക്കുന്നു.

പി.എൻ ഗോപീകൃഷ്ണന്റെ മറ്റുലേഖനങ്ങൾ വായിക്കാം


Summary: എൻ.വി. കൃഷ്ണവാര്യരുടെ 'ഗാന്ധിയും ഗോഡ്സേയും' എന്ന പ്രശസ്ത കവിതയുടെ രാഷ്ട്രീയ വായന നടത്തുകയാണ് കവി പി.എൻ ഗോപീകൃഷ്ണൻ. ഗാന്ധി ഗോഡ്സേയാൽ കൊല്ലപ്പെട്ട് 20 വർഷത്തിനു ശേഷമെഴുതിയ കവിതയാണത്. മലയാള സാഹിത്യത്തിലും ഭാവനയിലും ഗോഡ്സെ എന്ന വ്യക്തിയും ആശയവും പ്രതീകവും എങ്ങനെയാണ് പ്രതിഫലിച്ചത് എന്നതിന്റെ സൂക്ഷമമായ രാഷ്ട്രീയ വായനയാണ് ഗോപീകൃഷ്ണൻ നടത്തുന്നത്. സമകാലീന ഇന്ത്യ ഇത്തരം അന്വേഷണങ്ങൾ തന്നെയാണ് ആവശ്യപ്പെടുന്നതും.


പി.എൻ. ഗോപീകൃഷ്ണൻ

കവി, സാംസ്കാരിക പ്രവർത്തകൻ. മടിയരുടെ മാനിഫെസ്‌റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, ബിരിയാണിയും മറ്റു കവിതകളും, കവിത മാംസഭോജിയാണ്​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ.

Comments