കലയുടെ അടിവയറ്റിൽ കത്തി കയറ്റുന്ന കാലം

ഇന്ത്യയിൽ ഇന്ന് എഴുത്ത് നിലനിൽക്കുന്നുണ്ടെങ്കിൽ അതിന്റെ ആധാരം സമൃദ്ധമായ ഒരു സാഹിത്യപാരമ്പര്യമോ സ്വതന്ത്ര ജനാധിപത്യത്തിന്റെ സംരക്ഷണമോ അല്ല. വെറും രണ്ട് കോടതിവിധികൾ മാത്രമാണ്. ആദ്യത്തേത് പെരുമാൾ മുരുകൻ കേസിൽ മദ്രാസ് ഹൈക്കോടതിയുടെ വിധി. രണ്ടാമത്തേത് ‘മീശ’ നോവൽ കേസിൽ സുപ്രീം കോടതിയുടെ വിധി. ഈ പിടിവള്ളികൾ ഇല്ലായിരുന്നെങ്കിൽ ഇന്ത്യയിലെ എഴുത്ത് മുഴുവൻ എന്തായിത്തീരുമായിരുന്നു?

ഴുത്ത് എന്ന് നാം പൊതുവേ വ്യവഹരിക്കുന്ന സാഹിത്യമെഴുത്ത് എത്ര ദുർബലമായ അടിസ്ഥാനങ്ങളിലാണ് വർത്തിക്കുന്നത് എന്ന് നമ്മെ വീണ്ടും ഓർമിപ്പിക്കുകയാണ് സൽമാൻ റുഷ്ദിയുടെ അനുഭവം. എഴുത്തുകാർക്കുചുറ്റും മാരകായുധങ്ങൾ ഭ്രമണം ചെയ്തുകൊണ്ടിരിക്കുകയാണ്, കത്തിയുടേയും തോക്കിന്റേയും ഭീഷണികളുടേയും രൂപത്തിൽ. അതിന്റെ ഉടമസ്ഥർ മതമേധാവികളാകാം, ഭരണകൂടമാകാം, രാഷ്ട്രീയപാർട്ടികളാകാം.
സാമ്പത്തികാധികാരവും സാമൂഹ്യാധികാരവും പണ്ടേ പിടിച്ചുവെച്ചിട്ടുള്ളവർക്ക് സാംസ്കാരികാധികാരത്തിന്റെ കുത്തകയും ഏറ്റെടുക്കണം എന്ന നിർബന്ധം കലശലായിരിക്കുന്നു. വാക്കുകളുടേയും ഭാഷയുടേയും അധികാരം കൂടി അവർ ഏറ്റെടുക്കാൻ ഒരുമ്പെട്ട് ഇറങ്ങിയിരിക്കുകയാണ്.

റുഷ്ദി ലോകത്തിൽ മഹായുദ്ധങ്ങൾ സൃഷ്ടിച്ച ഒരാളല്ല. അയാൾ ആരെയും കുടിയിറക്കിയിട്ടില്ല. മലകൾ ഇടിച്ചുനിരത്തുകയോ കാടുകൾ കത്തിച്ചുകളയുകയോ ചെയ്തിട്ടില്ല. ഒരു ജനതക്കുമേലും ഉപരോധം പ്രഖ്യാപിച്ചിട്ടില്ല. ചെറുതോ വലുതോ ആയ കുറ്റകൃത്യങ്ങൾ ചെയ്തിട്ടില്ല. എന്നിട്ടും മനുഷ്യരാശി എന്ന് നാം വിശേഷിപ്പിക്കുന്ന ഒരു വലിയ കാണിക്കൂട്ടത്തിന് മുന്നിൽവെച്ച്, അയാൾ കുത്തേറ്റുവീണു. ഒരു അധികാരം അയാളെ വിധിച്ചു. ഒരു മനുഷ്യക്കൂമ്പാരം മാത്രമായി അയാൾ കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യം പ്രത്യക്ഷമായി നമുക്കുമുന്നിൽ വിടർന്നു. എന്തിന്? തന്റെ കൈയ്യിലെ പരിമിതമായ വാക്കുകൾ ചേർത്തുവെച്ച് അർത്ഥത്തിന്റെ ഒരു കുഞ്ഞു ലോകം പടുത്തുയർത്താൻ ശ്രമിച്ചതിന്.

മനുഷ്യർ നിലനിൽക്കുന്നത് പരസ്പരവിശ്വാസത്തിലാണ്. തന്റെ അഭിപ്രായങ്ങൾ അവർ പ്രകടിപ്പിക്കുന്നത് നാളെ തെരുവിൽ വെച്ച് കുത്തേൽക്കാനല്ല. എഴുത്തുകാർ കിടന്നുറങ്ങുന്നത് നാളെ തങ്ങൾ മരണത്തോളം അപമാനിക്കപ്പെടും എന്ന് പേടിച്ചല്ല. മുഴുവനാക്കാത്ത കവിതയുടെ, കഥയുടെ ബാക്കിയിലാണവർ ഉറങ്ങുന്നത്. അത്രയും സ്വാതന്ത്ര്യം ഏത് മനുഷ്യരെപ്പോലെയും അവരും അർഹിക്കുന്നുണ്ട്. ജനാധിപത്യം മതത്തിനും രാഷ്ട്രീയത്തിനുമെന്ന പോലെ എഴുത്തിനും അതിന്റേതായ ഒരു മുറി ഒരുക്കിയിട്ടുണ്ട്. അതിന്റെ ചുവരുകൾ ആണ് തകർക്കപ്പെടുന്നത്. അതിന്റെ ഏറ്റവും ചുരുങ്ങിയ സുരക്ഷിതത്വമാണ് തകർക്കപ്പെടുന്നത്. രാജഭരണകാലത്തെന്ന പോലെ രാജാവിന് സ്തുതി പാടാത്ത ഒരെഴുത്തും സാധ്യമല്ല എന്ന മുനമ്പിലാണ് റുഷ്ദിക്ക് നേരെയുള്ള ആക്രമണം എഴുത്തുകാരെ കൊണ്ട് നിർത്തിയിട്ടുള്ളത്. വധശിക്ഷയുടെ വിധിയുമായി ഒരു ദൂതൻ എഴുത്തുകാർക്ക് പിന്നിൽ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.

പഴയ ഡൽഹി ജുമാ മസ്ജിദിന് സമീപമുള്ള ഒരു ബുക്ക് സ്റ്റാളിൽ സൽമാൻ റുഷ്ദിയുടെ 'ദ സാത്താനിക് വേഴ്സസ്' എന്ന പുസ്തകം വിൽക്കുന്ന പുസ്തകക്കച്ചവടക്കാരനായ ഖാലിദ് ഭായ്. / Photo : Mayank Austen Soofi, Fb Page

ആരുടെ ദൈവമാണ് കൊലയുടെ ദൈവം എന്ന് ചോദിച്ചാൽ ഒരു മതവും ഉത്തരം തരില്ല. അവരെല്ലാവരും കരുണാമയൻമാരായ തങ്ങളുടെ ദൈവത്തെ പ്രകീർത്തിക്കും. ഏത് ഭരണമാണ് കൊലയുടെ ഭരണം എന്ന് ചോദിച്ചാൽ ഒരു ഭരണാധിപനും സമ്മതിച്ചു തരില്ല. ജനങ്ങളെ സ്നേഹിച്ചു മതിയാവാതെയാണ് തങ്ങൾ ഭരണത്തിൽ തുടരുന്നത് എന്നവർ പ്രഖ്യാപിക്കും. അങ്ങനെ മതത്തിന്റെ ,രാഷ്ട്രീയത്തിന്റെ ഒന്നാം നമ്പർ ലോകങ്ങൾ എല്ലാം മിന്നുന്ന പളപളപ്പിലാണ്. അവർ ഏറ്റവും നല്ല വാചകങ്ങൾ പ്രയോഗിക്കുന്നു. ഏറ്റവും നന്നായി ഉപചാരങ്ങൾ കാണിക്കുന്നു. പളപളപ്പുള്ള ഒരു പുറംതൊലി എല്ലായിടത്തും ഒട്ടിച്ചുവെയ്ക്കുന്നു. എന്നാൽ ഈ ഒന്നാം നമ്പർ ലോകത്തിന് കീഴിലെ രണ്ടാം നമ്പർ ലോകത്താകട്ടെ വലിച്ചൂരിയ കത്തികളും ചോരയുണങ്ങാത്ത വെടിയുണ്ടകളും നിറഞ്ഞു കവിയുന്നു. മതത്തിന്റെ ശക്തി കരുണയിലും മൈത്രിയിലും സാഹോദര്യത്തിലും അല്ല. അക്രമാസക്തമായ ഉൾമതത്തിലാണ്. ഭരണകൂടം മുന്നോട്ട് പോകുന്നത് ഉൾഭരണകൂട പ്രവർത്തനങ്ങളിലൂടെയാണ്.

കഴിഞ്ഞ ദശകങ്ങളിൽ നാം എഴുത്തുകാരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് വളരെയേറെ ചർച്ച ചെയ്യുകയുണ്ടായി. സ്വാതന്ത്ര്യത്തിന്റെ മൂർത്തപ്രയോഗമാണ് എഴുത്ത് എന്ന് സ്വയമേവ പ്രഖ്യാപിച്ചു. സ്വതന്ത്രരല്ലാത്തവർക്ക് എഴുത്ത് സുസാധ്യമല്ല എന്ന നിഗമനത്തിലെത്തി. എല്ലാവരും കൈയ്യടിച്ച് പിരിഞ്ഞ ശേഷം നാം കാണുന്നതെന്താണ്? കുഴഞ്ഞുവീഴുന്ന മനുഷ്യക്കൂമ്പാരം മാത്രമായി എഴുത്തുകാർ മാറുന്നു. ആൾക്കൂട്ടം എഴുത്തുകാരെ കല്ലെറിയുന്നു, തെറി പറയുന്നു, അപമാനിക്കുന്നു.

എന്തിന്? ഭാഷ എന്നുപറയുന്ന, മനുഷ്യജീവിതം സുസാധ്യമാക്കുന്ന മാധ്യമത്തെ നിരന്തരം ശാക്തീകരിച്ചതിനോ? എന്താണ് ലോകത്തിന്റെ സത്യം എന്ന് തുടർച്ചയായി കാണിക്കാൻ ശ്രമിച്ചതിനോ? മനുഷ്യജീവിതത്തിന് കൂടുതൽ കൂടുതൽ അന്തസ്സ് ഉണ്ടാക്കിത്തന്നതിനോ? ഓർക്കുമ്പോൾ പേടിയാകുന്നു. എല്ലുകളിലേയ്ക്ക് മരവിപ്പ് പടരുന്നു. ലോകാവസാനത്തിന്റെ തുടക്കം പോലെ ഭീതിയുടെ ഒരു അല കൈയ്യിൽ വന്ന് തൊടുന്നു. നമ്മുടെ അവസ്ഥ കൂടി റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണം കൂടുതൽ വ്യക്തമായി കാണിച്ചുതരുന്നു.

ഇന്ത്യയിൽ ഇന്ന് എഴുത്ത് നിലനിൽക്കുന്നുണ്ടെങ്കിൽ അതിന്റെ ആധാരം സമൃദ്ധമായ ഒരു സാഹിത്യപാരമ്പര്യമോ സ്വതന്ത്ര ജനാധിപത്യത്തിന്റെ സംരക്ഷണമോ അല്ല. വെറും രണ്ട് കോടതിവിധികൾ മാത്രമാണ്. ആദ്യത്തേത് പെരുമാൾ മുരുകൻ കേസിൽ മദ്രാസ് ഹൈക്കോടതിയുടെ വിധി. രണ്ടാമത്തേത് "മീശ' നോവൽ കേസിൽ സുപ്രീം കോടതിയുടെ വിധി. ഈ പിടിവള്ളികൾ ഇല്ലായിരുന്നെങ്കിൽ ഇന്ത്യയിലെ എഴുത്ത് മുഴുവൻ എന്തായിത്തീരുമായിരുന്നു? ഇന്ന് നാം ചർച്ച ചെയ്യുന്ന സാഹിത്യ പ്രസ്ഥാനങ്ങളുടെ നിലപാടുകളും മനുഷ്യ കേന്ദ്രിതത്വവുമെല്ലാം ചവറ്റുകുട്ടയിൽ കൊണ്ടിടേണ്ടിവന്നേനേ. ആൾക്കൂട്ടത്തിനുമുന്നിൽ കുനിഞ്ഞുനിന്ന് ജയ ജയ പാടുന്ന അശ്ലീലമായി അത് മാറിയേനെ. നമ്മുടെ വിവേകങ്ങൾ ചീഞ്ഞളിഞ്ഞ് മുനിസിപ്പൽ ലോറിയിൽ ഏതോ മാലിന്യ സംസ്കരണ സ്ഥലത്തേയ്ക്ക് യാത്രയായേനെ. എഴുത്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ മുഖം ചുളിക്കുന്നവർ തിരിച്ചറിയാതെ പോകുന്നത് ഇതാണ്.

സൽമാൻ റുഷ്ദി. / Photo : Literaturfest Munchen, Fb Page

എന്നാൽ സൽമാൻ റുഷ്ദിയെ ഇക്കഴിഞ്ഞ ദിവസം ആരും കാത്തില്ല. . നാം അവകാശപ്പെടുന്ന ലോകത്തിന്റെ ജനാധിപത്യ പാരമ്പര്യമോ മാനവികതയുടെ കെട്ടു പോകാത്ത സങ്കല്പനങ്ങളോ അയാൾ എന്ന ഏകാന്തതയ്ക്ക് ചുറ്റും അണിനിരന്നില്ല. അയാൾ ഏകനായിരുന്നു. പുരോഗതിയുടേയും സാങ്കേതികനേട്ടങ്ങളുടേയും വായ്ത്താരികൾ അയാൾക്ക് ചുറ്റും അപ്പോഴും ഒച്ചവെയ്ക്കുന്നുണ്ടായിരുന്നു. ഒരിത്തിരി മനുഷ്യപ്പറ്റ് ഉള്ള ഇടം മാത്രം മതിയായിരുന്നു, അയാളുടെ സുരക്ഷ ഉറപ്പുവരുത്താൻ. അത് ലോകം കൊടുത്തില്ല.

ഇരുട്ടിലാണ് ലോകം അഭിരമിക്കുന്നത് എന്ന് നാം അറിഞ്ഞില്ലെങ്കിൽ, ഇനി കാര്യമില്ല. ടാഗോറിന്റെ കവിതയിൽ പറയും പോലെ സ്വന്തം ഇച്ഛ കത്തിച്ചുണ്ടാക്കിയ വെളിച്ചത്തിൽ ചലിക്കാൻ വിധിക്കപ്പെട്ടവരാണ് എഴുത്തുകാർ. അത് വീണ്ടും വീണ്ടും അനുഷ്ഠിക്കുക എന്നത് മാത്രമാണ് പോംവഴി. അത് ചെയ്തേ തീരൂ. കാരണം സാഹിത്യത്തിന് നില നിന്നേ പറ്റൂ. മറ്റൊന്നിനും അല്ല. സാഹിത്യത്തെ നിർധാരണം ചെയ്താൽ നമുക്ക് ലഭിക്കുക അഭിപ്രായസ്വാതന്ത്ര്യം എന്ന പരികല്പനയിലാണ്. അതില്ലാതെ പൗരർക്ക് നിലനിൽപ്പില്ല. അതിനാൽ വെടിയുണ്ടകൾക്കും കഠാരകൾക്കുമിടയിലാണെങ്കിൽ പോലും നാം എഴുതാൻ ബാധ്യസ്ഥരാണ്.

ഇതെഴുതുമ്പോൾ റുഷ്ദി സുഖം പ്രാപിച്ച് വരുന്നതായുള്ള വാർത്തകൾ കാണുന്നു. നമ്മുടെ പ്രത്യാശകൾ ആ വലിയ എഴുത്തുകാരന് ആശ്വാസം നൽകട്ടെ.

Comments