കവിതയെപ്പറ്റി ചരിത്രപരമായി നടത്താനിടയുള്ള ഏതൊരാഖ്യാനത്തിൻ്റേയും തുടക്കം ഏതാണ്ട് ഇങ്ങനെയായിരിക്കും. കവിത മൂവായിരം വർഷമെങ്കിലും പഴക്കമുള്ള സമകാലീന സാഹിത്യരൂപമാണ്.
രണ്ടു കാര്യങ്ങൾ ഈ പ്രസ്താവനയിൽ പ്രാഥമികമായി അടങ്ങിയിരിക്കുന്നു.
ഒന്ന്, കവിത എന്ന സാഹിത്യരൂപത്തിന് വലിയ പഴക്കമുണ്ട്. അതായത്, ക്ലാസ്സിക് കലകൾ എന്ന് നാം വിളിക്കുന്ന കലാരൂപങ്ങളിൽ പലതിനേക്കാളും പഴക്കമുള്ള ഒന്നാണ് കവിത.
രണ്ട്, അത് ഒരു സമകാലീന സാഹിത്യരൂപമാണ്. അതായത് പ്രത്യക്ഷത്തിൽ അത് പുത്തനായ സാഹിത്യരൂപമാണ്. ക്ലാസ്സിക് കലകളെപ്പോലെ അതിന് കാലബന്ധിയായ കനത്ത അതിർത്തികൾ ഇല്ല. അതുകൊണ്ടാണ് കവിതയെപ്പറ്റിയുള്ള ആലോചനയിൽ എക്കാലവും സജീവമായി നിൽക്കുന്ന, ഓരോ കാലത്തും പരിഹരിക്കപ്പെടേണ്ട ഒന്നായി പാരമ്പര്യവും ആധുനികതയും എന്ന ദ്വന്ദം ഉള്ളത്.
സവർണ്ണത പുൽകാനുള്ള അത്യാഗ്രഹം മലയാളി അബോധത്തിൽ കെടാതെ നിൽക്കുന്നതിനാൽ അതിനെ ഒന്നുകൂടി പുഷ്ടിപ്പെടുത്തുന്ന ഒരു സ്ഥലമായി സാമൂഹ്യമാധ്യമങ്ങൾ മാറിക്കൂടാ.
മുന്നൂറു രാമായണങ്ങൾ - അഞ്ച് ഉദാഹരണങ്ങളും തർജ്ജമയെക്കുറിച്ചുള്ള മൂന്നു വിചാരങ്ങളും എന്ന തൻ്റെ പ്രസിദ്ധമായ പ്രബന്ധത്തിൽ എ.കെ. രാമാനുജൻ, ഒരു ഉദാഹരണത്തിലൂടെ പാരമ്പര്യത്തിൻ്റേയും ആധുനികതയുടെയും സഹവർത്തിത്വം, പെട്ടെന്നുള്ള ആലോചനയിൽ രണ്ടായി കാണപ്പെടുന്നതിൻ്റെ സഹവർത്തിത്വം, വ്യക്തമാക്കിത്തരുന്നുണ്ട്. യു.ആർ. അനന്തമൂർത്തിയും സച്ചിദാനന്ദനും ഈ ഉദാഹരണം പല ലേഖനങ്ങളിലും എടുത്തുപയോഗിച്ചിട്ടുണ്ട്. ഒരാളുടെ കൈവശമുള്ള കഠാരയെപ്പറ്റിയുള്ള യഥാസ്ഥിതിക കഥനമാണത്. ആ കഠാര അയാളുടെ മുതുമുതുമുത്തച്ഛൻ ഉപയോഗിച്ചിരുന്നതാണ്. അത്ര പഴക്കമുള്ള ഒന്ന്. പുരാവസ്തു. എന്നാൽ മുതുമുതുമുത്തച്ഛൻ ഉപയോഗിച്ചിരുന്ന അതേ കഠാര തന്നെയാണോ അത് എന്ന് ചോദിച്ചാൽ അയാൾ പറയും, പലവട്ടം അതിൻ്റെ പിടി മാറ്റിയിട്ടുണ്ടെന്ന്. ചിലപ്പോഴൊക്കെ അതിൻ്റെ അലകും മാറ്റിയിട്ടുണ്ട്. പക്ഷെ, കഠാര ആ പഴയത് തന്നെ.
കവിത എന്ന സാഹിത്യരൂപത്തെ കഠാരയായി സങ്കല്പിച്ചാൽ അതിൻ്റെ പിടിയും അലകും എത്രവട്ടം മാറി എന്നതിന് ഒരു കണക്കും ഇല്ല. പക്ഷെ, കവിത എന്ന ചരിത്രപരമായ ഒരു അനന്തത എന്ന് കവിതാ വിശ്വാസികൾ കരുതുന്ന ഒന്ന് ആ കഠാരയിൽ അടങ്ങിയിട്ടുണ്ട്. കാലപ്പഴക്കം എന്നത് അതിൻ്റെ ഭൗതികതയിൽ തപ്പിയാൽ കിട്ടില്ല. അതേ സമയം അതിൻ്റെ സങ്കല്പനത്തിൽ അത് അടങ്ങിയിട്ടുമുണ്ട്. കവിതയ്ക്ക് ഓരോ കാലത്തുമുണ്ടാകുന്ന നിർവ്വചനങ്ങൾ ഈ പിടിമാറ്റലും അലകുമാറ്റലുമാണ് സംഭവിക്കുന്നത്. എന്നാൽ അത് കഥയോ നോവലോ അല്ല. ഭാഷയുടെ മാത്രമല്ല, അതിനുള്ളിലെ കാലസങ്കല്പത്തിൻ്റെ പെരുമാറ്റരീതിയും മറ്റും നോവലിലേയോ കഥയിലേയോ പോലല്ല. എത്ര വൃത്തത്തിലായാലും അത് സംഗീതത്തിലെ രാഗവ്യവസ്ഥകളിൽ ഒന്നാകാതെ മാറിനിന്നപോലെ എത്ര ഗദ്യത്തിലായാലും അത് കഥാഗദ്യമോ കഥേതരഗദ്യമോ അല്ല. കവിത എന്ന സങ്കല്പന വ്യവസ്ഥ അവിടെ തൊട്ടുകാണിക്കാനാകാത്ത ഒന്നായി നില്പുണ്ട്. മറ്റൊരുദാഹരണം കൊണ്ട് അത് വ്യക്തമാക്കാൻ കഴിയുമോ എന്ന് നോക്കാം.
‘അംബേദ്ക്കറുടെ ജാതിനിർമ്മാർജ്ജനം ചർച്ച ചെയ്യേണ്ട കാലത്താണോ സനാതനധർമ്മം ചർച്ച ചെയ്യുന്നത്’ എന്ന ചോദ്യം സംസ്കാര രാഷ്ട്രീയത്തിൽ പ്രസക്തമായിരിക്കുന്നത് എങ്ങനെ എന്ന പോലെയാണ് കവിതയെ പറ്റിയുള്ള ചർച്ചയിലും ചോദ്യങ്ങൾ ഉയരേണ്ടത്. ഹിംസാത്മകത സംവാദമല്ല. നിഷ്ക്രിയത അഹിംസയുമല്ല.
ഒരു നെൽവയലിൽനിന്ന് കളകൾക്കുപകരം നെൽച്ചെടികൾ പിഴുതെടുക്കുന്ന ഒരാളെ ഉദാഹരിച്ചാൽ നാമെങ്ങനെയാണ് അത് വിശദീകരിക്കുക. കള പറിക്കാനുള്ള നിയുക്തതയുമായാണ് അയാൾ അവിടെയെത്തിയതെങ്കിൽ, നെൽച്ചെടിയും കളയും തമ്മിലുള്ള വ്യത്യാസം അറിയാത്ത ഒരു വിഡ്ഢിയാണ് അയാൾ എന്ന് പറയാം. എന്നാൽ കൃഷി പ്രകൃതിവിരുദ്ധമാണ് എന്ന കാഴ്ചപ്പാടാണ് അയാളെ നയിക്കുന്നതെങ്കിൽ അയാൾ ചെയ്യുന്നത് ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. ഒരു ആശയത്തിൻ്റെ ഭൗതികപ്രവർത്തനം നിർവ്വഹിക്കുന്ന ഉപാധിയായി അയാൾ മാറുകയാണ്. എന്നുപറഞ്ഞാൽ ചെയ്യുന്ന പ്രവർത്തനത്തിന് പിന്നിലെ ദർശനം പ്രധാനപ്പെട്ടതാണ്.
അതായത് പാരമ്പര്യവും ആധുനികതയും സ്ഥിതിചെയ്യുന്നത് കവിത എന്ന ഒരു വിശ്വാസവ്യവസ്ഥയ്ക്കുള്ളിലാണ്. അലകും കത്തിയും ഉള്ളടങ്ങിയിരിക്കുന്നത് കഠാര എന്ന വിശ്വാസവ്യസ്ഥയ്ക്കുള്ളിലാണ് എന്ന പോലെ. കവിത എന്നത് ഒരു ദർശനമാണ് എന്ന വിശ്വാസവ്യവസ്ഥ അതു കൊണ്ട് തന്നെ പ്രധാനപ്പെട്ടതാണ്. കഠാരയുടെ പിടി ആനക്കൊമ്പുകൊണ്ടോ മരം കൊണ്ടോ ആകാം. പക്ഷെ, അത് തോക്കിൻ്റെ പിടിയെപ്പോലാകരുത്. അലക് ഇരുമ്പോ സ്റ്റെയിൻലെസ് സ്റ്റീലോ ആകാം. പക്ഷെ, അത് തോക്കിൻ പാത്തി പോലാകരുത്.
കവിത എന്ന ചരിത്രശരീരത്തിന്മേൽ ഇപ്പോൾ നിലനിൽക്കുന്ന പിടികിട്ടായ്മ ഇതാണ്. അതിൽ ഇടപെടുന്നവർ ചിലപ്പോൾ അത് ചരിത്രശരീരം ആണെന്ന് മറന്നു പോകുന്നു. അത് ഏതോ സനാതനത്വമാണെന്ന് വിചാരിക്കുന്നു. നേരെ മറിച്ച് മറ്റ് ചിലർ കത്തിക്ക് തോക്കിൻ്റെ പിടിയിടുന്ന മട്ടിൽ, കവിതയെ ഒരു മാധ്യമം മാത്രമായി കണ്ട് പ്രയോഗിക്കുന്നു. ഇത് രണ്ടും വീണ്ടും പിടികിട്ടായ്മ ഉണ്ടാക്കുന്നു. കവിതയിൽ സംവാദങ്ങൾ ഉണ്ടാകാത്തതും വിവാദങ്ങൾ ധാരാളമുണ്ടാകുന്നതും എന്ത് കൊണ്ട് എന്നതിൻ്റെ കാരണത്തിലേയ്ക്ക് ഇങ്ങനെ നോക്കുകയാണെങ്കിൽ അല്പം വെളിച്ചം കിട്ടും.
ഫ്യൂഡലിസ്റ്റ് കാലം കവിതയെ കളിപ്പാട്ടമാക്കുന്നതിലും വളരെ ഗുരുതരമായാണ് പുതിയ കമ്പോളകാലം കവിതയെ ഇല്ലായ്മ ചെയ്യുന്നത്.
യുക്തികൊണ്ട് മാത്രമല്ല, ലോകം ജീവിക്കുന്നത് എന്നത് പുതിയ അറിവല്ല. അല്ലെങ്കിൽ യുക്തി എന്നതും ഒരു വിശ്വാസ സംഹിതയായാണ് സാമൂഹിക ജീവിതത്തിൽ പ്രവർത്തിക്കുന്നത്. കവിതയുടെ സാങ്കല്പിക ശരീരം എന്നത് ഈ വിശ്വാസസംഹിതയാണ്. ഓരോ കവിതയും ഓരോ വിശ്വാസ സംഹിത ഉണ്ടാക്കുന്നുണ്ട്. ഇതിനെ കവിതയുടെ ദർശനം എന്ന് വിളിക്കാം. യഥാർത്ഥത്തിൽ ഓരോ കവിതയുമായി വിളക്കിയെടുത്ത ഈ വിശ്വാസസംഹിതയിലുണ്ടാകുന്ന പുതുക്കമാണ് കവിതയെ ഒരു സാഹിത്യ, സാംസ്കാരിക രൂപം എന്ന നിലയിൽ അടിമുടി പുതുക്കുന്നത്. അതിനെ ആസ്വാദന സാമഗ്രി എന്ന നിലയിൽ നിന്നും ജൈവികമായ പ്രവർത്തന സാമഗ്രി ആയി മാറ്റുന്നത്. അല്ലാതെ മുടി പുതിയ രീതിയിൽ വെട്ടിയാൽ പുത്തനായി എന്ന് പറയുന്ന കമ്പോള ഫാഷൻ രീതികൾ അതിവേഗം കെട്ടുപോകും. ഫ്യൂഡലിസ്റ്റ് കാലം കവിതയെ കളിപ്പാട്ടമാക്കുന്നതിലും വളരെ ഗുരുതരമായാണ് പുതിയ കമ്പോളകാലം കവിതയെ ഇല്ലായ്മ ചെയ്യുന്നത്. വ്യവസ്ഥയ്ക്കെതിരെ ഒരു നോട്ടം പോലും അനുവദിക്കാത്ത വിധത്തിൽ അത് കവിതയുടെ വാസ്തുവിദ്യയെ കൊട്ടിയടച്ചിരിക്കുന്നു. ഭാവനയെ അത് പൂർണ്ണമായും വിനോദവ്യവസായമായി മാറ്റിയിരിക്കുന്നു. ഇതിന് ബദൽ നിൽക്കേണ്ട കവിതാബോധമാകട്ടെ പ്രതിബോധത്തിൻ്റേത് എന്ന് തോന്നിക്കുന്ന ചില ഫോർമുലകൾക്കപ്പുറത്ത് പോകാതെ തളം കെട്ടി നില്ക്കുന്നു.
‘അംബേദ്ക്കറുടെ ജാതിനിർമ്മാർജ്ജനം ചർച്ച ചെയ്യേണ്ട കാലത്താണോ സനാതനധർമ്മം ചർച്ചചെയ്യുന്നത്’ എന്ന ചോദ്യം സംസ്കാര രാഷ്ട്രീയത്തിൽ പ്രസക്തമായിരിക്കുന്നത് എങ്ങനെ എന്ന പോലെയാണ് കവിതയെ പറ്റിയുള്ള ചർച്ചയിലും ചോദ്യങ്ങൾ ഉയരേണ്ടത്. ഹിംസാത്മകത സംവാദമല്ല. നിഷ്ക്രിയത അഹിംസയുമല്ല. ഏത് ചർച്ചയും സാമൂഹ്യജനാധിപത്യത്തെ ശാക്തീകരിക്കുന്ന ഒന്നാണ് എന്ന ബോധം പ്രധാനപ്പെട്ടതാണ്. ടി.വി ചർച്ചകളും സോഷ്യൽ മീഡിയ ചർച്ചകളും വാക്കുപയോഗിച്ചുള്ള ഹിംസയുടെ ഭീകരനിലമാകുമ്പോൾ അവിടെ കൂട്ടിയിട്ട ആയുധങ്ങൾ വാരിയെടുത്ത് നടത്തേണ്ട ഒന്നല്ല കവിതാ ചർച്ച. മലയാളി ഹിംസയുടെ പ്രധാനപ്പെട്ട ആയുധങ്ങളിൽ ഒന്ന് പരിഹാസമാണ്. ആ പരിഹാസത്തിൻ്റെ നിലയാകട്ടെ മുകളിൽ നിന്നും താഴേയ്ക്കൊഴുകുന്നതും. സവർണ്ണത പുൽകാനുള്ള അത്യാഗ്രഹം മലയാളി അബോധത്തിൽ കെടാതെ നിൽക്കുന്നതിനാൽ അതിനെ ഒന്നുകൂടി പുഷ്ടിപ്പെടുത്തുന്ന ഒരു സ്ഥലമായി സാമൂഹ്യമാധ്യമങ്ങൾ മാറിക്കൂടാ.