“മനുഷ്യരാശിയുടെ മുഴുവൻ വ്യഥകളെയും കാണുന്ന ഒരു നവാഗത കവിയുടെ ഉത്കണ്ഠകളാണ് പ്രശോഭിന്റെ ഈ കവിതാ സമാഹാരത്തിൽ ഞാൻ കാണുന്നത്. യാത്ര തുടരുക. കണ്ടെത്തലുകളിൽ എന്നെങ്കിലുമൊരിക്കൽ എത്തിച്ചേരുമെന്ന ആത്മവിശ്വാസത്തോടെ,” ‘ഒരു മുദ്ര’ എന്ന എന്റെ കവിതാസമാഹാരത്തിന്റെ അവതാരികയിൽ എം.ടി എഴുതിയ വാക്കുകളാണിത്. എന്റെ ജീവിതത്തിലെ ഒരു അസുലഭ മുഹൂർത്തം. ഏറ്റവും വലിയ വായനക്കാരൻ കൂടിയായ എം.ടി കുറച്ചു കവിതകളുടെ പേരിൽ എന്നെ അംഗീകരിക്കുകയും ആശീർവദിക്കുകയും ചെയ്തിരിക്കുന്നു. മഞ്ഞും കാലവും അസുരവിത്തും രണ്ടാമൂഴവും നിന്റെ ഓർമ്മയ്ക്കും വടക്കൻ വീരഗാഥയുമെല്ലാം ഒഴുകി വന്ന വിരലുകൾക്കിടയിലൂടെ വിനിർഗമിച്ച വാക്കുകൾ.
പലപ്പോഴും എം.ടി സാറിന്റെ മുന്നിലെത്തുമ്പോഴെല്ലാം അദ്ദേഹം തന്ന സ്നേഹവും പരിഗണനയും പകർന്നു നൽകിയ ആഹ്ലാദവും ആത്മവിശ്വാസവും ചെറുതല്ല. എം.ടി അന്തരിച്ചുവെന്ന് കേട്ടപ്പോൾ അത്തരത്തിലുള്ള ഒരുപാട് നിമിഷങ്ങൾ എന്റെ മുന്നിൽ ഒരു സിനിമപോലെ കടന്നു പോകുന്നു. ഇക്കാലത്തിനിടയിൽ ഞാൻ ഒരുപാട് അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം അധികമൊന്നും എന്നോട് സംസാരിച്ചിട്ടില്ല. വല്ലപ്പോഴും ഒരു വാക്ക്. അതുമല്ലെങ്കിൽ ഒരു മൂളൽ. പിന്നെ കൈകൾ ഒരുമിച്ചു കീഴ്ത്താടിയോടു ചേർത്തുവച്ച് അപാരതയിലേക്ക് നോക്കി മൗനമായിരിക്കും. അവസാനം കൈ തന്ന് പിരിയും. അങ്ങനെ എത്രയെത്ര തവണ.

ഒരു ദിവസം ഞാൻ ചെല്ലുമ്പോൾ അദ്ദേഹം എവിടെയോ പോകാനുള്ള ഒരുക്കത്തിലാണ്. ഞാൻ മടങ്ങാൻ തുടങ്ങിയതും ടൗണിലേക്കാണെങ്കിൽ കൂടെ പോന്നോളൂ എന്നു പറഞ്ഞു. ആദ്യമായും അവസാനമായും ഞാൻ എം.ടിയോടൊപ്പം കാറിൽ സഞ്ചരിച്ചത് അന്നാണ്. ഒരു കാലത്ത് കണ്ണാന്തളിപ്പൂക്കൾ നിറഞ്ഞുനിന്നിരുന്ന വഴിയിലൂടെ റോഡിലേക്കിറങ്ങി. സുഭാഷ് ചന്ദ്രൻ എഴുതിയതുപോലെ എം.ടി മാത്രമേ കാറിൽ ഉള്ളൂവെന്നും ഞാനില്ലെന്നും തോന്നി.
പഴശ്ശിരാജ സിനിമയുടെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന കാലത്ത് എം.ടിയും ഹരിഹരനും തമ്മിലുള്ള സംഭാഷണങ്ങൾ കേട്ടുനിന്നത് കൗതുകകരമായിരുന്നു. പതിവിനു വിപരീതമായി വളരെ ഉച്ചത്തിലായിരുന്നു സംസാരിച്ചിരുന്നത്. പിന്നാലെ തർക്കങ്ങൽ... യോജിപ്പുകൾ... വിയോജിപ്പുകൾ... ആ ശബ്ദം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു. ഇത്തരത്തിലുള്ള അനവധി മുഹൂർത്തങ്ങളാണ് മനസിലൂടെ കടന്നുപോകുന്നത്. ചെറിയ ഒരു കാര്യം മാത്രം പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം.
അന്ന് സിതാരയിൽ മറ്റാരും ഉണ്ടായിരുന്നില്ല. കോലായിലെ ഇരുത്തിയിലിരുന്ന് എം.ടി ബീഡി വലിക്കുന്നു. സമീപത്തെ മരമേശയിൽ അലസമായി കിടക്കുന്ന കുറേ പുസ്തകങ്ങൾ. എം.ടിയുടെ ഭാര്യ സരസ്വതിച്ചേച്ചിയുടെ അനിയൻ ഉണ്ണിയേട്ടന്റെ മകൻ വിഘ്നേഷ് അന്ന് തീരെ ചെറിയ കുട്ടിയാണ്. അവൻ കൈയെത്തിച്ച് പുസ്തകങ്ങളെല്ലാം എടുക്കാനുള്ള ശ്രമമാണ്. പെട്ടെന്ന് എം.ടി പറഞ്ഞു,
“അകത്തു പോ”
“ഉം… അച്ഛാച്ചൻ പോ,” എടുത്തടിച്ച പോലെ കുട്ടിയുടെ പ്രതികരണം.
ചുണ്ടുകൾ ഒരു ഭാഗത്തേക്ക് വക്രിച്ച് എം.ടി ഒന്നു ചിരിച്ചു.
ഇപ്പോഴത്തെ കുട്ടികൾ… എന്ന് ആത്മഗതം പോലെ പറഞ്ഞു.
മാതൃഭൂമിയിൽ ജോലിക്ക് ചേരാൻ വന്ന എം.ടിയെ അഭിമുഖം നടത്തിയ കെ.പി കേശവമേനോൻ അദ്ദേഹത്തിന്റെ മുഷിഞ്ഞ വേഷം കണ്ട് പറഞ്ഞ കാര്യം എം.ടി തന്നെ എവിടെയോ എഴുതിയത് ഓർമ്മയിൽ വന്നു. “ഇപ്പോഴത്തെ ചെറുപ്പക്കാർ…” ഇങ്ങനെ എനിക്കു മാത്രം സ്വന്തമായ എത്രയെത്ര എം.ടി ഓർമ്മകൾ. ഇനിയില്ല അത്തരം നിമിഷങ്ങൾ എന്നോർക്കുമ്പോൾ ആ മഹാപ്രതിഭയുടെ ഓർമ്മകൾക്കു മുന്നിൽ ഞാൻ മൗനിയായിപ്പോകുന്നു. അങ്ങാകട്ടെ വാചാലവും.