എഴുത്തിലെ ഇടതുപക്ഷം വിധേയത്വമാകുമ്പോൾ

വലതുപക്ഷത്തെ സൈബർ ആക്രമണം പോലെ തന്നെ ഇടതുപക്ഷത്തെ ആക്രമണവും തെറ്റാണ് എന്നു പറയാൻ ഇടതുപക്ഷത്തെ എഴുത്തുകാർക്ക് കഴിയേണ്ടതുണ്ട്. എന്തുകൊണ്ടോ പലപ്പോഴും അതിന് കഴിയാതെ പോകുന്നു. ഇവിടെയാണ് എഴുത്തുകാരുടെ സേഫ് സോൺ വാസത്തെക്കാൾ അപകടമാണ് വിധേയത്വ മനസ് എന്ന് ബോധ്യപ്പെടുന്നത്.

ല കലയ്ക്ക് വേണ്ടിയല്ല, സമൂഹത്തിന് വേണ്ടിയാണ് എന്നത് പുരോഗമന ചിന്തയുടെ ഭാഗമാണ്. എഴുത്തിലെ രാഷ്ട്രീയം വിശകലനം ചെയ്യുമ്പോഴാണ് ഈ വാദം ചർച്ചയിൽ ഇടം പിടിക്കാറ്. അത്തരം ചർച്ചകളിൽ നിന്നൊക്കെ കേരളം മാറി തുടങ്ങിയിട്ട് കാലം ഏറെയായി. എഴുത്തിലെ രാഷ്ട്രീയം സർഗാത്മകതയിൽ ഇടം പിടിക്കുമ്പോഴും പ്രത്യക്ഷത്തിൽ ഇത്തരം വിഷയങ്ങൾ ചർച്ചയിലേക്ക് വരാറില്ല. എന്നാൽ ഈ അവസ്ഥയിലും എഴുത്തുകാരന്റെ രാഷ്ട്രീയം ചർച്ചയാകുന്നത് എന്തുകൊണ്ടാണ്?

എഴുത്തിലെ രാഷ്ട്രീയത്തെക്കാൾ എഴുത്തുകാരന്റെ രാഷ്ട്രീയം പ്രസക്തമാകുന്നത് എഴുത്തിലെ ഗൗരവം കൊണ്ടല്ല. മറിച്ച് ജനാംഗീകാരമുള്ള എഴുത്തുകാരനെ തങ്ങളുടെ രാഷ്ട്രീയത്തോടെ ചേർത്തു പിടിക്കുമ്പോൾ പാർട്ടികൾക്ക് ഉണ്ടാകുന്ന മതിപ്പ് ചെറുതല്ല. ഈ മതിപ്പിനെ എക്കാലത്തും ഏറെ ഗൗരവത്തോടെ കാണുന്നത് ഇടതുപക്ഷം തന്നെയാണ്. അതിന്റെ പ്രസ്ഥാനവൽക്കരണമാണ് പുരോഗമന കലാ സാഹിത്യ സംഘം. അത് നടത്തിയ സാഹിത്യ- സാംസ്‌കാരിക ഇടപെടലുകൾ സമൂഹത്തിൽ സൃഷ്ടിച്ചത് ആഴത്തിലുള്ള ഇളക്കങ്ങളാണ്. പല രീതിയിലും സമൂഹം പിറകോട്ട് നടക്കുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ള സർഗാത്മ ഇടപെടലാണ് പു.ക.സ നിർവ്വഹിക്കാറുള്ളത്. അവിടെ ഒക്കെ ഇടതുപക്ഷ നിലപാടിനൊപ്പമാണ് അതിലെ എഴുത്തുകാരും കലാകാരന്മാരും നിലനിൽക്കാറുള്ളത്. അതിനപ്പുറത്തേക്ക് മറ്റൊരു ബദൽ രാഷ്ട്രീയത്തെയോ, നിലപാടുകളെ തിരുത്താനോ പലപ്പോഴും അത്തരം എഴുത്തുകാർക്ക് കഴിയാറില്ല.

ഈയൊരു ചിന്തയിലേക്ക് ഇപ്പോൾ എത്തിച്ചേരാൻ കാരണമായത് കവി റഫീക്ക് അഹമ്മദിനുനേരെയുള്ള സൈബർ അക്രമണമാണ്. ആദ്യമായല്ല സൈബറിടങ്ങളിൽ എഴുത്തുകാർ വിചാരണ ചെയ്യപ്പെടുന്നത്. എന്നാൽ അത് പലപ്പോഴും സംഭവിക്കുന്നത് തങ്ങളുടെ രചനയെ മുൻനിർത്തിയല്ല. മറിച്ച് എഴുത്തുകാർ പ്രത്യക്ഷത്തിലുള്ള രാഷ്ട്രീയ വിധേയത്വങ്ങൾ പ്രഖ്യാപിക്കുമ്പോഴാണ്. ഈ വിധേയത്വം എന്നത് കൈകാര്യം ചെയ്യുന്ന വിഷയത്തെക്കാൾ എഴുത്തുകാരന്റെ രാഷ്ട്രീയത്തെ ഉന്നം വെച്ചാണ് ഉണ്ടാകുന്നത്. ഇത് ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയത് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ബെന്യാമനായിരുന്നു. എതിർ ഭാഗത്ത് പച്ചക്ക് പറഞ്ഞത് കോൺഗ്രസ് പ്രവർത്തകരും. അന്ന് കോൺഗ്രസ് രാഷ്ട്രീയത്തിന്റെ സംസ്‌കാരം അങ്ങനെയാണ് എന്ന് പറഞ്ഞത് ഇടതുപക്ഷത്തെ സാംസ്‌കാരിക പ്രവർത്തകരും എഴുത്തുകാരും ബെന്യാമിനോട് ഐക്യപ്പെട്ടു. എന്നാൽ ഇപ്പോൾ കവി റഫീക്ക് അഹമ്മദിനെതിരെയുണ്ടായ സൈബർ അക്രമണം ഏതെങ്കിലും തരത്തിലുള്ള അധികാര രാഷ്ട്രീയ വിധേയത്വത്തിന്റെ പേരിൽ ഉണ്ടായതല്ല. മറിച്ച് പല ഇടതുപക്ഷ എഴുത്തുകാരും ബുദ്ധിജീവികളും കേരളത്തിൽ നടക്കുന്ന കെ-റെയിൽ സംവാദങ്ങളിൽ മൗനം പൂണ്ടിരിക്കുമ്പോഴാണ് റഫീക്ക് അഹമ്മദ് കവിതയിലൂടെ തന്റെ നിലപാട് തുറന്ന് പറഞ്ഞത്. സൈലന്റ വാലി കാലത്ത് കവിത ചൊല്ലിയവർ വിധേയത്വത്താൽ ഒളിഞ്ഞിരിക്കുമ്പോഴാണ് ഈ കവിത പിറക്കുന്നത് എന്നുകൂടി ഓർക്കണം. അതിനു ശേഷം പല രീതിയിൽ കവിയോട് ഐക്യപ്പെട്ട് പല കവികളും സൈബറിടത്തിൽ കെ-റെയിലിനോട് തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചു. അങ്ങനെ മൗനത്തിന് ചെറിയ പരിക്ക് പറ്റി. പലരും കെ-റെയിലിന്റെ അപകടത്തെ കുറിച്ച് ഒച്ചവെക്കാൻ തുടങ്ങി.

ഈ അവസരത്തിലാണ് കഥാകൃത്ത് ഉണ്ണി ആർ. ചോദിച്ചത്; "ഇടതുപക്ഷ സ്ഥാനാർത്ഥികൾക്കായി നാടുനീളെ പ്രചാരണം നടത്തിയ എന്റെ സഹ എഴുത്തുകാരെ, നിങ്ങൾക്ക് റഫീക്ക് അഹമ്മദ് എന്ന കവിയെ അറിയില്ല എന്നുണ്ടോ.'

ഇത് അത്ര വലിയ ചോദ്യമൊന്നുമല്ല. കാരണം, ഇതിലും വലിയ വിഷയങ്ങളിൽ കേരളത്തിലെ ചില പ്രത്യേക ജനവിഭാഗങ്ങൾ പല രീതിയിൽ അക്രമണങ്ങൾക്ക് വിധേയരായപ്പോഴും ഇത്തരം മൗനം ഉണ്ടായിട്ടുണ്ട്. അതായത് തങ്ങളുടെ എഴുത്തിന് അപ്പുറം ജനങ്ങളെ നേരിട്ട് ബാധിച്ച എത്ര വിഷയങ്ങളോട് നമ്മുടെ എഴുത്തുകാർ പ്രതികരിച്ചിട്ടുണ്ട്. ഇനി കെ- റെയിലിന്റെ കാര്യത്തിൽ വിഷയത്തെ പഠിക്കാതെ രാഷ്ട്രീയ വിധേയത്വത്തിന്റെ പേരിൽ മാത്രം പദ്ധതിക്ക് അനുകൂലമായി നിൽക്കുന്നവരെയും കാണാം. ഈ വിഭാഗത്തിൽ എഴുത്തുകാരുമുണ്ട്. അത്തരം വിധേയത്വപ്പെട്ട എഴുത്തുകാരെ കുറിച്ചാണ് ഉണ്ണി ആർ. പറഞ്ഞതെങ്കിൽ അതിന് അദ്ദേഹത്തിന്റെ പരാമർശത്തിന് മറുപടി കൊടുത്ത ബെന്യാമിൻ, ഉണ്ണി ആറിനെ സേഫ് സോണിലെ എഴുത്തുകാരൻ എന്നു തന്നെ പ്രഖ്യാപിക്കുന്നുണ്ട്. അതിന് അദ്ദേഹം ഉയർത്തുന്ന ന്യായം, വലതുപക്ഷത്തെ സൈബർ ആക്രമണത്തോട്​ മൗനം പാലിക്കുകയും ഇടതുപക്ഷത്തെ ആക്രമണം വലിയ അപരാധമാണ്​ എന്നുമുള്ള നിലപാടിൽ നിന്നാണ്. എല്ലാതരം സൈബർ അക്രമണങ്ങളെയും തള്ളിപ്പറയുന്ന ബെന്യാമിൻ, എഴുത്തുകാരന് രാഷ്ട്രീയം നാട്ടെല്ലിന്റെ ഭാഗമാണ് എന്ന രീതിയിലാണ് കാണുന്നത്. അതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടും. അങ്ങനെ നിലപാട് എടുക്കാൻ കഴിയാത്തവരെ സേഫ് സോണിലെ എഴുത്തുകാരായി തുറന്നു പ്രഖ്യാപിക്കുന്നുണ്ട് ബെന്യാമിൻ.

എന്താണ് ഈ സേഫ് സോൺ?

ഉണ്ണി ആറിന് ബെന്യാമിൻ നൽകിയ പ്രതികരണത്തിൽ ആവർത്തിക്കപ്പെടുന്ന വാക്കാണ് എഴുത്തുകാരുടെ സേഫ് സോൺ. സത്യത്തിൽ എന്താണ് സേഫ് സോൺ. ദൈനംദിന ജീവിതത്തിലെ സാമൂഹിക വിഷയങ്ങളോട് പ്രതികരിക്കാത്തവർ, അതാത് കാലത്തെ രാഷ്ട്രീയ വിഷയങ്ങളിൽ തന്റെ നിലപാട് പ്രഖാപിക്കാത്തവർ, തിരഞ്ഞെടുപ്പ് കാലത്ത് തന്റെ രാഷ്ട്രീയം എന്താണ് എന്ന് തുറന്ന് പ്രഖ്യാപിക്കാത്തവർ. ഇത്തരക്കാർ അനുഭവിക്കുന്ന മൗനം തന്നെയാണോ സേഫ് സോൺ. ആയിരിക്കാം. കാരണം, ഇങ്ങനെയുള്ളവരുടെ നിലപാടുകൾ ഒരിക്കലും പൊതു വിചാരണക്ക് വിധേയമാകുന്നില്ല. എന്നാൽ അവർ എഴുത്തിലൂടെ നിലപാട് വിളിച്ചു പറയുന്നു. മലയാളത്തിൽ അങ്ങനെ നിരന്തരം പറയുന്നവരെ ബെന്യാമിൻ തന്നെ തന്റെ കുറിപ്പിൽ പരാമർശിക്കുന്നുണ്ട്- സച്ചിദാനന്ദനും കെ.ആർ. മീരയും, കെ.പി. രാമനുണ്ണിയും തുടങ്ങിയവർ. ഇവർ തീവ്രഹിന്ദുത്വ നിലപാടുകളെ തുറന്നു വിമർശിക്കുന്നവരാണ്. അങ്ങനെയല്ലാത്ത ഒട്ടനവധി എഴുത്തുകാർ നമുക്കുണ്ട്.

അവർക്ക് രാഷ്ട്രീയ നിലപാട് ഉണ്ടോ എന്നു പോലും തോന്നും വിധമാണ് അവരുടെ ഇടപെടൽ. എന്നാൽ ഇടതുപക്ഷത്തെ വിമർശിക്കുമ്പോൾ എഴുത്തുകാർക്ക് ഏറ് കിട്ടാറുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് കൽപ്പറ്റ നാരായണൻ മാഷ്‌ക്ക് തന്റെ നിലപാട് തുറന്നു പറഞ്ഞതിന് വാക്കിന്റെ ഏറ് കിട്ടിയിട്ടുണ്ട്. അതിന് മുമ്പ് സക്കറിയയുടെ പ്രസംഗത്തിനും വിയോജിപ്പിന്റെ ഏറ് കിട്ടി. അതിന് ഇടതുപക്ഷത്തെ തലോടി അതേ സക്കറിയ ലേഖനം എഴുതി. അതിനു മുമ്പ് പ്രിയപ്പെട്ട എഴുത്തുകാരന് പുരസ്‌ക്കാരം കിട്ടി. ആ ലേഖനം വായിച്ചവർ അതിലെ വിധേയത്വത്തെ വിമർശിച്ചിട്ടുണ്ട്. അങ്ങനെ എഴുത്തിലെ രാഷ്ട്രീയത്തെക്കാൾ എഴുത്തുകാരന്റെ രാഷ്ട്രീയം ശ്രദ്ധിക്കപ്പെടുന്നത് ഇങ്ങനെയാണ്. അപ്പോഴും വലതുപക്ഷത്തെ സൈബർ ആക്രമണം പോലെ തന്നെ ഇടതുപക്ഷത്തെ ആക്രമണവും തെറ്റാണ് എന്നു പറയാൻ ഇടതുപക്ഷത്തെ എഴുത്തുകാർക്ക് കഴിയേണ്ടതുണ്ട്. എന്തുകൊണ്ടോ പലപ്പോഴും അതിന് കഴിയാതെ പോകുന്നു. ഇവിടെയാണ് എഴുത്തുകാരുടെ സേഫ് സോൺ വാസത്തെക്കാൾ അപകടമാണ് വിധേയത്വ മനസ് എന്ന് ബോധ്യപ്പെടുന്നത്.

‘‘ദുര മൂത്തു നമ്മൾക്ക് പുഴ കറുത്തു.
ചതി മൂത്തു നമ്മൾക്ക് മലവെളുത്തു.
തിരമുത്തുമിട്ടോരു കരിമണൽ തീരത്ത്
വരയിട്ടു നമ്മൾ പൊതിഞ്ഞെടുത്തു.
പകയുണ്ട് ഭൂമിക്ക്, പുഴകൾക്കു, മലകൾക്കു,
പുക തിന്ന പകലിനും ദ്വേഷമുണ്ട്’’

എന്ന്​ നാടുനീളെ പാടിയ ഇഷ്ട കവി മുരുകൻ കാട്ടാക്കടക്ക് എന്തുകൊണ്ടാണ് കെ -റെയിലിന്റെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് ഒരു ആശങ്കയുമില്ലാത്തത്?. നിലപാട് തുറന്നു പറയുമ്പോൾ പലതും നഷ്ടമാകും എന്ന ചിന്ത കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നുപറഞ്ഞാൽ ഇക്കാലത്ത് അതൊരു തെറ്റല്ല. അതിനെ മറികടന്നതു കൊണ്ടാണ് റഫീക്ക് അഹമ്മദിന് കെ-റെയിലിനെതിരെ കവിത എഴുതാൻ കഴിഞ്ഞത്. ഒരു ഇടതുപക്ഷക്കാരനായിട്ടുപോലും കെ- റെയിലിന്റെ അപകടത്തെ തിരിച്ചറിയുമ്പോൾ അവിടെ ഇടതുപക്ഷം എന്ന ചിന്ത പോലും അദ്ദേഹത്തിന് ഒന്നിനും തടസ്സമായില്ല. മറിച്ച് കെ- ഭാവി കേരളത്തിൽ ഉണ്ടാക്കുന്ന പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ തുറന്നുകാട്ടേണ്ടത് എഴുത്തുകാരൻ എന്ന നിലയിൽ തന്റെ സാമൂഹിക ഉത്തരവാദിത്വമായി കവി തിരിച്ചറിയുന്നു. ഈ തിരിച്ചറിവ് കവിയിൽ നിന്നു ണ്ടാകുമ്പോൾ അത് ഇടതുപക്ഷത്തിന് ഏൽപ്പിക്കുന്ന പരിക്ക് ചെറുതല്ല.

ഇത് തിരിച്ചറിഞ്ഞവരാണ് കവിക്ക് നേരെ അക്ഷരങ്ങൾ കൊണ്ട് ഏറ് നടത്തിയത്. അത്തരം ആക്രമണങ്ങളെ എതിർക്കുമ്പോഴും കെ-റെയിലിനോടുള്ള നിലപാട് വ്യക്തമാക്കാൻ ഇടതുപക്ഷത്തെ പല എഴുത്തുകാർക്കും കഴിയാതെ പോകുന്നുണ്ട്. ഇത് പലപ്പോഴും സംഭവിക്കുന്നത് എഴുത്തുകാരന്റെ രാഷ്ട്രീയ വിധേയത്വം കൊണ്ടാണ് എന്നു പറയാതെ വയ്യ. അല്ലെങ്കിൽ കെ- റെയിൽ കേരളത്തിന്റെ വികസനത്തിന് ആവശ്യമാണെന്ന് പറയാൻ എന്തിന് മടിക്കുന്നു. എന്നു മാത്രമല്ല അതിന്റെ ഗുണങ്ങളെ കുറിച്ച് പറയാൻ തയ്യാറാവണം. സേഫ് സോണിൽ ഇരിക്കുമ്പോൾ ഇതൊന്നും ആവശ്യമായ കാര്യമല്ല. ഏതാനും ആഴ്ചകൾക്ക് മുമ്പ് ജനകീയ പ്രവർത്തകരെ ഗുണ്ടാലിസ്റ്റിൽ പെടുത്തി പൊലീസ് ഭീഷണിപ്പെടുത്തിയപ്പോഴും ബിന്ദു അമ്മിണി ടീച്ചറെ ഹിന്ദുത്വ വാദികൾ മർദ്ദിച്ചപ്പോഴും സേഫ് സോണിലെ എഴുത്തുകാർ മൗനത്തിലായിരുന്നു. ചില എഴുത്തുകാർ അപ്പോഴും തങ്ങളുടെ നിലപാട് തുറന്നു പറയാൻ ധൈര്യം കാണിച്ചിട്ടുണ്ട്.

അങ്ങനെ നോക്കുമ്പോൾ സേഫ് സോണിലെ എഴുത്തുകാർ ആർക്കുവേണ്ടി എഴുതുന്നു എന്ന് വായനക്കാർ ചോദിക്കുമോ? അതല്ല, എഴുത്തുകാർ എന്തായാലും ശരി എഴുത്താണ് പ്രധാനം എന്ന വാദം ശരിയാണോ? എന്തായാലും ശരി, കവി റഫീക്ക് അഹമ്മദ് തന്റെ എഴുത്തിലെ രാഷ്ട്രീയം തുറന്നു പറഞ്ഞത് നിലപാടുള്ളതുകൊണ്ടാണ് എന്നതിൽ തർക്കമില്ല. സേഫ് സോണും വിധേയത്വവും ഉപേക്ഷിക്കാൻ കഴിയാത്ത എഴുത്തുകാർക്ക് സമൂഹത്തിലെ കൊടുങ്കാറ്റുപോലും ഇളം തലോടലുകളാണ്.

Comments