എം.ടി. വാസുദേവൻ നായർ / Photo: P. Musthafa

സ്വർഗ്ഗവാതിൽ തുറന്ന നേരം: എം.ടിയുടെ കഥപറച്ചിൽ, ആഖ്യാനം, സിനിമ

പുറത്തുള്ള ലോകത്തിന്റെ വൈരുദ്ധ്യങ്ങളും വൈപരീത്യങ്ങളുമാണ് മുമ്പേ നടന്ന എഴുത്തുകാർ ആവിഷ്കരിച്ചതെങ്കിൽ, എംടിയിൽ ഒരു 'ആന്തരികലോകം' തുറക്കുന്നതു കാണാം. തന്നോട് തന്നെ സംഭാഷണം നടത്തുന്ന കഥാപാത്രങ്ങൾ. തന്നെത്തന്നെ വിചാരണ ചെയ്യുന്ന സന്ദർഭങ്ങൾ. ഫ്യൂഡൽ കാലം പണിത ജാതിയുടെയും ഗോത്രത്തിന്റെയും മൂല്യവ്യവസ്ഥയിൽ നിന്ന് 'വ്യക്തി'യുടെ സ്വാതന്ത്ര്യത്തിലേക്കും മുതലാളിത്ത മൂല്യങ്ങളിലേക്കും പറിച്ചു നടപ്പെട്ട മനുഷ്യരുടെ വേപഥുകൾ - എം.ടിയുടെ കഥ പറച്ചിലിനെക്കുറിച്ചും കഥാ പശ്ചാത്തലത്തെക്കുറിച്ചും സിനിമകളെക്കുറിച്ചും പി.പി. ഷാനവാസ് എഴുതുന്നു.

‘അനന്തമായ ആവിഷ്കാര രൂപങ്ങളിൽ കഥപറച്ചിൽ (Story telling) എല്ലാകാലത്തും എല്ലായിടത്തുമുണ്ടായിരുന്നു. അത് മനുഷ്യചരിത്രം ആരംഭിച്ച കാലം മുതൽ അവരോടൊപ്പമുണ്ടായിരുന്നു. കഥാഖ്യാനമില്ലാത്ത ഒരു ജനത ഒരിടത്തുമുണ്ടായിട്ടില്ല. എല്ലാ വർഗ്ഗങ്ങളിലും എല്ലാ സമൂഹങ്ങളിലും അവരുടേതായ കഥാഖ്യാനങ്ങളുണ്ടായിരുന്നു. വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ സാംസ്കാരിക പശ്ചാത്തലമുള്ള മനുഷ്യർക്കിടയിൽ അവ ആസ്വദിക്കപ്പെടുകയും പങ്കുവെയ്ക്കപ്പെടുകയും ചെയ്തു. സാഹിത്യത്തിന്റെ നല്ലതും ചീത്തയുമായ വിഭജനങ്ങളെ കഥാഖ്യാനം കണക്കിലെടുക്കുന്നില്ല. കഥ സാർവ്വലൗകികമാണ്. ചരിത്രത്തിന് കുറുകെ സഞ്ചരിക്കുന്നതാണ്. അതവിടെ എപ്പോഴും ഉണ്ടായിരുന്നു. ജീവിതം പോലെ തന്നെ.’
റോളാങ് ബാർത്

റോളാങ് ബാർതെ
റോളാങ് ബാർതെ

‘1960-കളിലെ ഉത്തരാധുനിക സാഹിത്യ പ്രസ്ഥാനം മുതൽ അക്കാദമിക ലോകത്ത് നിന്നും വിപുലമായ സാംസ്കാരിക മേഖലകളിലേക്ക് കടന്നുവന്നപ്പോൾ തൊട്ട്, ആഖ്യാനപരമായ ചിന്ത (Narrative Thinking) മറ്റു രംഗങ്ങളിലും വ്യാപിക്കുകയുണ്ടായി. ചരിത്രകാരരും അഭിഭാഷകരും സാമ്പത്തികവിദഗ്ധരും മനഃശാസ്ത്രജ്ഞരും യാഥാർത്ഥ്യത്തെ രൂപപ്പെടുത്താനുള്ള കഥാഖ്യാനത്തിന്റെ ശക്തിയെ ഇങ്ങനെ വീണ്ടും കണ്ടെത്തുകയായിരുന്നു.

നിയമ പ്രശ്നങ്ങളും ഭൂമിശാസ്ത്രവും രോഗവും യുദ്ധപരിതസ്ഥിതിയും മനസ്സിലാക്കാൻ കഥാഖ്യാനത്തിന് കഴിയും എന്ന നിലയിൽ, കഥാഖ്യാനം അങ്ങിനെ ഒരു പുനരുത്ഥാന (Revival) യുക്തി കൈക്കൊണ്ടു. കഥാഖ്യാനം വ്യാപകമായിത്തീരുകയും ചെയ്തു. വസ്തുതകളെയും യുക്തിപരമായ വാദഗതികളെയും കഥപറച്ചിൽ പകരം വെയ്ക്കുന്ന സ്ഥിതിയുണ്ടായെന്ന് വിമർശകർ ഭയപ്പെട്ടു. പ്രേരണാപരമായ കഥകൾ (Persuasive Stories), വ്യാജമായ ഓർമ്മകളിൽ നിന്നും അതിന്റെ പ്രചാരണ സ്വഭാവത്തിൽ നിന്നും മെനഞ്ഞെടുക്കുവാൻ കഴിയുന്നു എന്ന നില. മനുഷ്യർ അവരുടെ തന്നെ കഥകൾ കൊണ്ട് സ്വയം വഞ്ചിക്കുന്ന സ്ഥിതി.’

ലിൻ സ്മിത്ത്, നോട് ദ സെയിം സ്റ്റോറി എഗൈൻ

‘ജന്മിമാരും കാണക്കാരും വെറുംപാട്ടക്കാരും അടങ്ങുന്ന ത്രിതലഘടനയായിരുന്നു മലബാറിലെ പരമ്പരാഗത കാർഷിക വ്യവസ്ഥയ്ക്കുണ്ടായിരുന്നത്. ഭൂരിഭാഗം ഭൂമിയും നമ്പൂതിരിമാരുടെ നിയന്ത്രണത്തിലായിരുന്നു. ജന്മം വകയായോ ദേവസ്വം വകയായോ ഉള്ള ഭൂമി. ചുരുങ്ങിയ ഏതാനും നായർ തടവാടുകളുടെ നിയന്ത്രണത്തിലും ഭൂമി നിലനിന്നു. നമ്പൂതിരിമാർ കൃഷി നേരിട്ട് നടത്തിയിരുന്നില്ല. അവർ അവരുടെ കുടിയാന്മാരിൽ നിന്ന് കിട്ടുന്ന പാട്ടം കൊണ്ടു ജീവിച്ചു.

കുടിയാന്മാരിൽ ഭൂരിഭാഗവും നായർ വിഭാഗമായിരുന്നു. അവർക്ക് നമ്പൂതിരിമാർ ഭൂമി പാട്ടത്തിന് കൊടുക്കുകയായിരുന്നു. ഇത്തരം നായന്മാരിൽ മിക്കവരും അവരുടെ ഭൂമിയിൽ കൃഷി നടത്തിയില്ല. അവർ നായന്മാരിൽ താഴ്ന്ന സാമ്പത്തിക സ്ഥിതിയുള്ളവർക്ക് അതു പാട്ടത്തിനു കൊടുത്തു. അതുപോലെ തീയ്യ, മാപ്പിള വിഭാഗങ്ങൾക്കും. അവരിൽനിന്ന് ഉയർന്ന തോതിൽ പാട്ടം ഈടാക്കുകയും ചെയ്തു.’

കെ.എൻ. പണിക്കർ
കെ.എൻ. പണിക്കർ

‘ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ, നായർ സമൂഹത്തിന്, തങ്ങൾ കീഴടക്കപ്പെട്ടിരുന്ന മൂല്യവ്യവസ്ഥ, തങ്ങളുടെ ഭൗതിക നിലവാരവുമായി ചേർന്നു പോകാത്ത നില നേരിട്ടു. ഇത്, ഉയർന്ന ജാതിക്കാരായ നമ്പൂതിരിമാരുമായി ബന്ധപ്പെട്ടുകൊണ്ടുള്ള തങ്ങളുടെ സാമൂഹ്യനിലവാരത്തെ സംബന്ധിച്ച അവരുടെ വീക്ഷണത്തിലും മാറ്റം വരുത്തി. കീഴടങ്ങിക്കഴിയുകയും സേവകരായിരിക്കുകയും ചെയ്യുന്ന നില മാറി, സ്വാതന്ത്ര്യവും പ്രാമുഖ്യവും വേണമെന്ന കാഴ്ചപ്പാട് വളർന്നുവന്നു. നമ്പൂതിരി മൂല്യങ്ങളുടെ സ്വാധീനം നിർണായകമല്ലാതായിത്തീർന്നു. വ്യക്തിസ്വാതന്ത്ര്യത്തിൽ അധിഷ്ഠിതമായ സമാന്തര ആശയങ്ങൾ ഉയർന്നുവന്നു. ബ്രിട്ടീഷുകാർ ശക്തിപ്പെടുത്തിയ പണാധിഷ്ഠിത സമ്പദ്ഘടന, ഭരണാവശ്യങ്ങൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഒരു മധ്യ വർഗത്തിന്റെ സൃഷ്ടിയെ ലക്ഷ്യം വെച്ചിരുന്നു. ഇത് നമ്പൂതിരി മേധാവിത്വത്തിലുള്ള പ്രത്യയശാസ്ത്രത്തെയും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും നിരാകരിക്കുന്നതിലേക്കു നയിച്ചു.

ഭൂമിയുടെ നിയന്ത്രണങ്ങളും അതിലെ ഉൽപ്പന്നങ്ങളുടെ അവകാശവും ലഭ്യമാകുകയും, സർക്കാർ ജോലികളിൽ നിന്നുള്ള വരുമാനം കിട്ടുകയും ചെയ്തതാണ്, പ്രത്യയശാസ്ത്രപരമായ ഇത്തരം ഒരു സമരത്തിലേക്കും, സാമൂഹ്യ സ്ഥാപനങ്ങളെ പുനർക്രമീകരിക്കുന്നതിനായുള്ള പ്രയത്നങ്ങളിലേക്കും നായർ വിഭാഗത്തെ നയിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അവരുടെ ലോകം മാറിമറിഞ്ഞു. തറവാട്ടിലും നാട്ടമ്പലത്തിലും നമ്പൂതിരി ഇല്ലത്തിലും ചുരുങ്ങിക്കിടന്ന അവരുടെ ജീവിതം മാറി. സർക്കാർ ഓഫീസുകളിലെയും നിയമ സംവിധാനത്തിലെയും മത്സരങ്ങളിലേക്ക് അവർ നീങ്ങി. നാലുകെട്ടിന്റെ ഇരുട്ടറകളിൽ നിന്ന് കോഴിക്കോടും മദ്രാസും പോലുള്ള നഗരകേന്ദ്രങ്ങളുടെ ആവേശകരമായ അന്തരീക്ഷത്തിലേക്കുള്ള മാറ്റം. ആധുനിക ആശയങ്ങളും ജീവിതത്തിന്റെ ആധുനിക ശൈലികളും അവർ സ്വാംശീകരിച്ചു. നാലുകെട്ടുകൾ പൊളിച്ചുമാറ്റി പുതിയ വീട് നിർമ്മിക്കുക എന്നുള്ളത് അങ്ങനെ അവരെ സംബന്ധിച്ചിടത്തോളം തികച്ചും യുക്തിപരമായിരുന്നു എന്നർത്ഥം.’

കെ എൻ പണിക്കർ, മാര്യേജ് റിഫോം: ഐഡിയോളജി ആൻഡ് സോഷ്യൽ ബേസ്

ഞങ്ങളുടെ പൊന്നാനിക്കാരൻ

തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിന്റെ പ്രിയ കഥാകാരൻ മൺമറിയുമ്പോൾ, അദ്ദേഹത്തിന് പ്രണാമം നേർന്നുകൊണ്ടുള്ള ഒരു ചരമക്കുറിപ്പിന് ഇത്തരത്തിലുള്ള ഉദ്ധരണികൾ യോജിച്ചതാണോ? ദുഃസൂചനകൾ എന്നു തോന്നിയേക്കാവുന്ന ഇത്തരം നിരീക്ഷണങ്ങൾ കൊണ്ട്, വിട ചൊല്ലിയ ഒരെഴുത്തുകാരനെ കീറിമുറിക്കുന്നത് ശരിയാണോ?

‘കാലവും’ ‘മഞ്ഞും’ ‘നാലുകെട്ടും’ ‘അസുരവിത്തും’ ‘രണ്ടാമൂഴവും’ കൊണ്ട്, സ്വാതന്ത്ര്യാനന്തര മലയാള സാഹിത്യത്തെ ദീപ്തമാക്കിയ എഴുത്തുകാരൻ. തകഴിക്കും കേശവദേവിനും ഉറൂബിനും പൊറ്റെക്കാടിനും കാരൂരിനും ബഷീറിനും ശേഷം, മലയാളത്തിന്റെ ഭാഷാ സാഹിത്യത്തെ ജീവിപ്പിച്ചു നിർത്തിയ, ഞങ്ങളുടെ പ്രിയപ്പെട്ട പൊന്നാനിക്കാരൻ.

മലയാള ഗദ്യസാഹിത്യത്തിന്റെ ക്ലാസിക്കൽ രചനകൾക്കും, ‘മുകുന്ദൻ-സക്കറിയ -കുഞ്ഞബ്ദുള്ള-വിജയൻ- കാക്കനാടൻ’ ആധുനികർക്കും തമ്മിൽ, ഇടനിലയായി നിന്ന എഴുത്തിന്റെ വിസ്മയം. മാറുന്ന ‘കാല’ത്തെ തൂലികയിൽ കൊണ്ടുവന്ന, ഇരുട്ടിന്റെ ഇടനാഴികളിൽ കുറുകിനിന്ന ജീവിതങ്ങളകപ്പെട്ട ‘നാലുകെട്ടുകളെ’ പൊളിച്ചു കളയാൻ വ്യഗ്രപ്പെട്ട മനുഷ്യസ്നേഹി. ഗ്രാമപ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ, മാറിവരുന്ന കാലത്തിന്റെ കണക്കുപുസ്തകങ്ങളിൽ, ഒരു ഇക്കോളജിസ്റ്റിന്റെ പാടവത്തോടെ അടയാളപ്പെടുത്തിയ എംടി കൃതികൾ. മലയാളത്തിന്റെ ഫ്യൂഡൽ ഗ്രാമപഥങ്ങളെയും കഥാഖനിയെയും പുനരാഖ്യാനം ചെയ്ത, കേരളീയ ദൃശ്യഭാഷയിൽ ചെറുതല്ലാത്ത സ്വാധീനം ചെലുത്തിയ ചലച്ചിത്രകാരൻ. മലയാളിയുടെ വൈകാരിക തലങ്ങളെ 'മാനിപുലേറ്റ്' ചെയ്യാൻ' ഇത്ര മിടുക്കനായ ഒരു എഴുത്തുകാരനോ ചലച്ചിത്രകാരനോ നമുക്കുണ്ടായിട്ടില്ല.

എല്ലാത്തിനുമുപരി സാഹിത്യത്തെ ജേണലിസവുമായി ബന്ധിപ്പിക്കുന്ന നിലയിൽ, തന്റെ എഴുത്തുലോകത്തെ, ‘ഉന്നതകല’ എന്നോ ‘ജനപ്രിയ കല’ എന്നോ വേർതിരിക്കാനാവാതെ ഇടകലർത്തിയ കലാകാരൻ. മലയാളം കൊണ്ടാടിയ ‘പൈങ്കിളികൾക്കും’, അഭിരമിച്ചുവശായ "ജേണലിസം ഫീച്ചറെഴുത്തിനും" സാഹിത്യരചനകളുമായി മധ്യസ്ഥത പണിത ആ കലാകാരൻ, നമ്മുടെ ജനപ്രിയമായ ആസ്വാദനത്തെയും അഭിരുചിയെയും ഭാവുകത്വത്തെയും തെല്ലൊന്നുമല്ല സ്വാധീനിച്ചത്. ഗദ്യവും പദ്യവും ദൃശ്യഭാഷയും ഇടകലർന്ന എം.ടിയുടെ ഭാഷാവ്യവഹാരം കഥാഖ്യാനത്തിനും നോവലെഴുത്തിനും ലിറിസിസത്തിനും ചലച്ചിത്ര ഭാഷയ്ക്കും വഴങ്ങുന്നതായിരുന്നു.

എം.ടി. വാസുദേവൻ നായർ / Photo: P. Musthafa
എം.ടി. വാസുദേവൻ നായർ / Photo: P. Musthafa

മലയാളത്തിന്റെ ഫ്യൂഡൽ ഭൂതകാലങ്ങളെ 'രാഷ്ട്രീയ ശരികൾ' മാറ്റിമറിച്ചപ്പോൾ, പാലക്കാടൻ നെൽവയലുകളിലെ കാറ്റിനെയും, പൊന്നാനിയുടെ ജീവിത സമരങ്ങളുടെ സങ്കീർണതകളെയും, വള്ളുവനാടിന്റെ സാംസ്കാരിക അപരത്വത്തിന്റെ സവിശേഷതയെയും എം.ടി പുനഃസൃഷ്ടിക്കുകയും, രാഷ്ട്രീയമല്ലാത്ത ചില അർത്ഥങ്ങളിലേക്കും, രാഷ്ട്രീയ വ്യഗ്രതയുടെ പേരിൽ കയ്യൊഴിഞ്ഞു പോയേക്കാമായിരുന്ന ചില ‘നാട്ടുനന്മകളിലേക്കും’ നമ്മെ ഉണർത്തുകയും ചെയ്തു. ആ നിലയിൽ എംടിയുടെ എഴുത്തിന് പുനരുത്ഥാനത്തിന്റെ വെറ്റിലച്ചുവയുണ്ടായിരുന്നു. നാട്ടു ചാരായത്തിന്റെ ഗന്ധമുണ്ടായിരുന്നു.

മാതൃദായകക്രമത്തിൽ നിന്ന് തന്റെ വർഗ്ഗം ചേരി മാറുന്നതിന്റെ ദൃശ്യങ്ങളാണ്, അതിന്റെ വാസ്തുവും പ്രകൃതിയും, കുഴമറിയുന്ന മൂല്യവ്യവസ്ഥയുമാണ്, തന്റെ കൃതികളിൽ എംടി വാസുദേവൻ നായർ പിടിച്ചെടുത്തത്. അതിൽ പുരുഷന്മാർ തന്റെ മാത്രം സ്വാർത്ഥം തേടിയ ‘സേതു’മാരായിരുന്നു. സ്ത്രീകൾ പോരാട്ടത്തിനിറങ്ങിയ ‘ഇന്ദുലേഖ’ മാരും. സ്ത്രീ ഭാവങ്ങളോടുള്ള ഈ കൂറായിരുന്നു വിമലയെപ്പോലുള്ള ഒരു കഥാപാത്രത്തെ സമ്മാനിച്ചത്. തന്റെ മാതൃദായക പാരമ്പര്യ ഭൂതത്തിന്റെ ആർക്കി ടൈപ്പൽ ഇമേജുകളെ, ആധുനിക ജീവിതവുമായി നേർക്കുനിർത്തുന്നതിലൂടെ, ഭൂതകാലം ഇവിടെ പതിത മനസ്സിന് ഊർജ്ജമായിത്തീരുന്ന ഒരു രാസമാറ്റം സംഭവിച്ചു. യഥാർത്ഥത്തിൽ ഇത് വിജയൻ മുതൽ പുനത്തിൽ വരെയുള്ള, ‘ആധുനികർ’ എന്നടയാളപ്പെട്ട മലയാളത്തിലെ പിൽക്കാല എഴുത്തുകാരെല്ലാം പങ്കുവെച്ച ഹൃദയഭൂമിയായിരുന്നു. കാരൂരും ബഷീറും തകഴിയും കേശവദേവും പൊറ്റെക്കാടും മുറുക്കിക്കെട്ടിവെച്ച പലതും, എംടി മുതലുള്ള എഴുത്തുകാരിൽ അഴിഞ്ഞു പോകുന്നതു കാണാം. എൺപതുകൾ മുതൽ സജീവമായ പുനരുത്ഥാന പ്രസ്ഥാനങ്ങളുമായി അങ്ങിനെയാണ് ‘ആധുനികരുടെ’ ഈ കാലം പങ്കുപറ്റുന്നത്.

വി.കെ.എൻ., ഒ.വി. വിജയൻ, സക്കറിയ
വി.കെ.എൻ., ഒ.വി. വിജയൻ, സക്കറിയ

ജേണലിസവുമായി ബന്ധപ്പെട്ട് എഴുത്തുകാർ രംഗത്ത് വരുന്ന കാലം. വികെഎന്നും സക്കറിയയും വിജയനുമെല്ലാം ഇപ്രകാരം പുതുതായി ഉയർന്നുവന്ന ജേണലിസ്റ്റ് ഭാവുകതയോട് ചേർന്ന് നിന്ന് ‘സാഹിത്യ സ്ഥാപനം’ നിർമ്മിച്ച എഴുത്തുകാരാണ്. പദ്യത്തിൽ നിന്ന് മുക്തമാകാത്ത ഭാഷയുടെ പേറ്റുനോവ് കഴിഞ്ഞു കണ്ട ഗദ്യകാരരായിരുന്നു. ഈ നിലയിലാണ് എംടി നിർമ്മിച്ച ഭാവുകത്വത്തിന് അവധൂതസ്ഥാനമുള്ളത്.

പുറത്തുള്ള ലോകത്തിന്റെ വൈരുദ്ധ്യങ്ങളും വൈപരീത്യങ്ങളുമാണ് മുമ്പേ നടന്ന എഴുത്തുകാർ ആവിഷ്കരിച്ചതെങ്കിൽ, എംടിയിൽ ഒരു ‘ആന്തരികലോകം’ തുറക്കുന്നതു കാണാം. തന്നോട് തന്നെ സംഭാഷണം നടത്തുന്ന കഥാപാത്രങ്ങൾ. തന്നെത്തന്നെ വിചാരണ ചെയ്യുന്ന സന്ദർഭങ്ങൾ. ഫ്യൂഡൽ കാലം പണിത ജാതിയുടെയും ഗോത്രത്തിന്റെയും മൂല്യവ്യവസ്ഥയിൽ നിന്ന് ‘വ്യക്തി’യുടെ സ്വാതന്ത്ര്യത്തിലേക്കും മുതലാളിത്ത മൂല്യങ്ങളിലേക്കും പറിച്ചു നടപ്പെട്ട മനുഷ്യരുടെ വേപഥുകൾ. ആത്മഭാഷണങ്ങളിൽ അകപ്പെട്ട ഈ കഥാപാത്രങ്ങളുടെ ആവിഷ്കാരങ്ങൾ, മാർക്സിസത്തിൽ നിന്ന് മനഃശാസ്ത്രത്തിലേക്കുള്ള മലയാളത്തിന്റെ പാലം പണിയലായിരുന്നു. ആർ നന്ദകുമാർ നിരീക്ഷിക്കും പോലെ ‘ഭൂപരിഷ്കരണം സാമ്പത്തിക പ്രസക്തി നഷ്ടപ്പെടുത്തിയ ഒരു വർഗ്ഗം’ കടന്നുപോയ മൂല്യസംഘർഷങ്ങളായിരുന്നു ഈ ആത്മഗതങ്ങളും സ്വയം വിചാരണയും. അത് ബഹുതല സ്വാഭാവിയായിരുന്നു. ബഹുരൂപിയായിരുന്നു. പുനരുത്ഥാനത്തിന്റെ ഹിംസാസ്വഭാവം ഗർഭം ധരിച്ച ഗൃഹാതുരതയിൽ ഊട്ടിത്തേച്ചതായിരുന്നു. അതേസമയം, മുതലാളിത്ത ക്രമത്തിൽ നഷ്ടപ്പെട്ടുപോയേക്കാവുന്ന പാരസ്പര്യങ്ങളെക്കുറിച്ച് അത് യഥാർത്ഥത്തിൽ വിലപിക്കുകയും ചെയ്തു.

ഗദ്യത്തിന് സ്വാഭാവികമായുള്ള ‘ഉപരിപ്ലവത’യിൽ, അത് പലപ്പോഴും സെന്റിമെന്റാലിറ്റിയും വൈകാരിക ലോലതകളുമായിത്തീർന്നിട്ടുണ്ട്. അപ്രകാരം മലയാളിയുടെ ഭാവുകത്വത്തിന്റെ ഗഹനതയെയും ആഴങ്ങളെയും ഒരു ആഴമില്ലായ്മയിലേക്ക് വലിച്ചുകൊണ്ടു പോയി. നിളാനദിയെ പോലെ, ആഴത്തേക്കാൾ പരപ്പിനെയും പരന്നൊഴുക്കിനെയുമായിരുന്നു എം.ടി പ്രതിനിധീകരിച്ചത്.

ജോൺ എബ്രഹാം
ജോൺ എബ്രഹാം

സിനിമകളിൽ ‘നിർമ്മാല്യം’ തൊട്ടുള്ള സംവിധാന സംരംഭങ്ങൾ വിജയം തന്നെയായിരുന്നു. കലയെയും കൊമേഴ്സിനേയും ഭാവഭേദം കൂടാതെ പരിചരിക്കാൻ കഴിഞ്ഞ തിരക്കഥാകൃത്തും ചലച്ചിത്രകാരനുമായിരുന്നു. പിൽക്കാല തിരക്കഥാകൃത്തുക്കളെയും സംവിധായകരെയും ഈ ആഖ്യാന സുഭഗതയും ഗൃഹാതുരതയും ഭാഷണപരതയും സെന്റിമെന്റാലിറ്റിയും വലിയ നിലയിൽ തുണയ്ക്കുകയുണ്ടായി. പത്മരാജൻ തൊട്ട് ലോഹിതദാസും ടിഎ റസാക്കും വരെയുള്ള ചലച്ചിത്രകാരർക്ക് കൊമേഴ്സുമായി കോംപ്രമൈസ് ചെയ്യാൻ എംടി ഉദ്ഘാടനം ചെയ്ത ഭാവുകത്വം തുണച്ചു. ജോൺ എബ്രഹാം പോലും തന്റെ സിനിമയുടെ വീക്ഷണകോണുകൾ (അമ്മ അറിയാൻ) നിശ്ചയിച്ചപ്പോൾ ഈ ഭാവുകത്വത്തിലേക്ക് വഴുതിവീണു (അമ്മ ദൈവങ്ങളും തറവാട് വീടിന്റെ ഗൃഹാതുരതകളും വേട്ടയാടുന്ന പ്രോട്ടഗോണസ്റ്റിനെ ഓർക്കാം).

അപ്പോൾ, എംടിയുടെ സിനിമകൾ എത്രത്തോളം സിനിമാറ്റിക് ആയിരുന്നു എന്ന ചോദ്യം വരുന്നു. ഗൃഹാതുരമായിരുന്നു അതിന്റെ പ്രമേയങ്ങൾ എന്ന നിലയിൽ, അത് ഫ്യൂച്ചറിസ്റ്റിക് ആയിരുന്നില്ല. സിനിമ ‘അനശ്വരതയെയല്ല’, പുതുതായി ഉയിർക്കൊള്ളുന്ന നിമിഷങ്ങളെ പുണരുന്ന ഒന്നാണ് എന്ന അർത്ഥത്തിൽ. ഗൃഹാതുരതയും ഭൂതകാല പ്രകൃതിയും അതിലെ നാടൻ മനുഷ്യരും... മലയാള സിനിമാ വ്യവസായം പിൽക്കാലത്ത് ആഘോഷിച്ച ഒന്നിനും അപവാദമായി എംടി സിനിമകളിൽ ഒന്നുമില്ലായിരുന്നു. അപരത്വത്തെ ആഘോഷിക്കുന്ന ആക്ഷൻ സിനിമകൾ. നായകൻ-വില്ലൻ ദ്വന്ദത്തിൽ പുലർന്ന ഹോളിവുഡ് ശൈലികളുടെ അനുകരണങ്ങളും അനുരണനങ്ങളും തന്നെയായിരുന്നു അവയെല്ലാം. സാഹിതീയമായ ഭാഷയെ സിനിമയിൽ പകർന്നാട്ടം നടത്തിയ എംടിയൻ ഭാവുകത്വത്തെ, മരണാസന്നമായിട്ടും മലയാള സിനിമയ്ക്ക് കുടിയൊഴിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും മലയാളത്തിന്റേതായ ഒരു ദൃശ്യപരമ്പരയെയും സമയബോധത്തെയും ഈ സിനിമകൾ സവിശേഷമാക്കി. ഇന്ത്യൻ സിനിമകളിലെ പാട്ടു രംഗങ്ങളെപ്പോലെ, മലയാളം, ലോക സിനിമയിൽ, ഒരു ‘സർറിയലിസം’ രചിക്കുകയും ചെയ്തു. എംടിയുടെ ഇക്കാര്യത്തിലുള്ള സംഭാവനകളെ (ഋണ ഭാവനകളെ) കുറച്ചു കാണാൻ കഴിയില്ല.

ഒരു വടക്കൻ വീരഗാഥയിൽ മമ്മൂട്ടി
ഒരു വടക്കൻ വീരഗാഥയിൽ മമ്മൂട്ടി

സാഹിതീയ ഭാവനകൾ സിനിമയിലെത്തുമ്പോൾ സംഭവിക്കുന്ന രാസമാറ്റവും ഇവിടെ ഓർക്കാം. ഭാവുകത്വത്തെ ഒരു അതിഭാവുകതയായി അറിയുവാൻ ഇതെല്ലാം ഇടയാക്കി. സെന്റിമെന്റാലിറ്റി അഭിരുചി നിർമ്മാണത്തിന് വഴിവെക്കുന്നതിലേക്കും നയിച്ചു. അപരൻ ഇല്ലാതെയാവുന്ന സാഹിതീയ ആഖ്യാനം, സിനിമയിൽ അപരത്വത്തിന്റെ അഫർമേഷനായി മാറുന്നത് ഇങ്ങനെയാണ്. സാഹിത്യവും സിനിമയും ഭാഷയിൽ രണ്ടു വ്യവഹാരങ്ങളാണ് അടയാളപ്പെടുത്തുന്നതെന്നും ഇതു കാണിക്കുന്നു. ‘നാലുകെട്ടിൽ’ അപ്പുണ്ണി തങ്ങളുടെ തറവാടിന്റെ ക്ഷയത്തിന് കാരണക്കാരനായി, സെയ്താലി എന്ന മുസ്ലിം പ്രതിനിധാനത്തെപ്പറ്റിയുള്ള കഥകൾ കേട്ടാണ് വളരുന്നത്. എങ്കിലും നോവലിനൊടുവിൽ സൈതാലി അപ്പുണ്ണിക്ക് തുണയായിത്തീരുന്ന ഒരു യാഥാർത്ഥ്യത്തിലേക്ക് കടക്കുന്നു. അയാൾ കേട്ട കഥകൾ അവാസ്തവമാണെന്നു തെളിയുന്നു. എന്നാൽ ‘നിർമ്മാല്യ’ത്തിലെത്തുമ്പോൾ, സിനിമയിലെത്തുമ്പോൾ, ഇവിടെ വെളിച്ചപ്പാടിന്റെ ഭാര്യയെ വ്യഭിചരിച്ചിറങ്ങുന്ന, പച്ച ബെൽറ്റിന്റെ പോക്കറ്റിൽ നിന്ന് കാശെടുത്തുകൊടുക്കുന്ന, മുസ്ലിം പ്രതിനിധാനത്തിലേക്ക് ക്യാമറ തിരിയുമ്പോൾ, എംടിയുടെ സാഹിത്യവും സിനിമയും രണ്ട് അർത്ഥങ്ങളാണ് ഉല്പാദിപ്പിക്കുന്നത് എന്നു കാണാം. ‘വടക്കൻ പാട്ടും’ ‘വൈശാലി’യും ‘പെരുന്തച്ചനും’ നിർമ്മിക്കുന്ന ഇമേജറികളുടെ ലോകം, അതിന്റെ അതിഭാവുകപരമായ അവതരണത്തിലൂടെ ഒരു നാടകീയതയെ പ്രദാനം ചെയ്യുമ്പോൾ, സിനിമയുടെ ഭാഷ അവിടെ മരിച്ചു പോവുകയാണ് ചെയ്യുന്നത് എന്നു കാണാം.

അങ്ങിനെ എംടി ഒരു ഇരുതലമൂർച്ചയുള്ള വാളാണ് മലയാളത്തിന് സമ്മാനിച്ചത് എന്നു പറയാം. "ചത്തും കൊന്നും അടക്കിക്കൊൾക" എന്നുപദേശിച്ച്, മാനവനും വിക്കീരനും ചേരമാൻ പെരുമാൾ മക്കത്ത് പോകുമ്പോൾ കൊടുത്ത വാളുപോലെ. അതുകൊണ്ട് അവർ വെട്ടിപ്പിടിച്ച സാമൂതിരിനാട്. എംടി കൈമാറിയ വാളിന് അങ്ങിനെ ഇരുതല മൂർച്ചയുണ്ട്. മരണം ആഘോഷിക്കുന്ന മലയാള മാധ്യമ മന:സ്ഥിതി സ്തുതികൾക്കൊപ്പം ഈ അപശ്രുതിയും സ്വീകരിക്കുമെന്ന വിശ്വാസത്തോടെ...

Comments