മറ്റൊരെഴുത്തുകാരനും മലയാളിയോട് ഭാഷയെ ഇത്ര കുറുക്കിയെടുത്തു സംസാരിച്ചിട്ടില്ല. വഴുതിപ്പോയൊരു വാക്കോ വെറുതെ വീണൊരു ശബ്ദമോ ഇല്ലാതെ എം.ടി. എഴുതി. കുഴിമിന്നികെട്ടിയ കഴുത്തിൽ ഒരു തിരുവാതിരനിലാവ് മുഴുവൻ പരന്നുകിടന്നു എന്നെഴുതിയപോലെ ഭാഷയുടെ സാന്ദ്രഗംഭീരമായ ശില്പങ്ങളിൽ മലയാളിയുടെ ജീവിതലോകം ഇരുളും നിലാവുമായി പടർന്നുകിടന്നു. മലയാളിയുടെ സാമൂഹ്യജീവിതം ആധുനികതയുടെ രാഷ്ട്രീയ, സാമൂഹ്യ ലോകത്തിലേക്ക് എത്തിനോക്കുകയും നടന്നുകയറുകയും ചെയ്യുമ്പോഴാണ് എം.ടി എഴുതിത്തുടങ്ങിയത്. പഴയ കാലത്തിന്റെ ചുവരുകളും എടുപ്പുകളും ഇടിഞ്ഞുവീഴുന്നതിന്റെ ശബ്ദമതിലുണ്ടായിരുന്നു. ഒരു കാലം ഞരക്കത്തോടെ മറയുന്നതിന്റെ കാഴ്ചയതിലുണ്ടായിരുന്നു. തകരുന്ന കെട്ടുകൾക്കുള്ളിൽനിന്നും പുറത്തുകടക്കുന്ന മനുഷ്യൻ പുതിയ ലോകത്തിന്റെ വെയിലിലേക്ക് നടക്കുമ്പോഴുള്ള കിതപ്പുകളും ഉത്സാഹവും അതിലുണ്ടായിരുന്നു. ബന്ധങ്ങളുടെ സാമൂഹ്യഘടനകളിലുണ്ടായ മാറ്റം വൈകാരികതയുടെ മനോലോകങ്ങളെ കീഴ്മേൽ മറിക്കുന്നതിന്റെ സംത്രാസങ്ങളും അതിലുണ്ടായിരുന്നു. മലയാളിയുടെ ആധുനികതയിലേക്കുള്ള നടപ്പാതകളിൽ എം.ടി. സാക്ഷിയും അതിന്റെ എഴുത്തുകാരനുമായി മാറി. മലയാളമെന്നൊരു ഭാഷ അതിന്റെ മണിപ്രവാളഭാരങ്ങളഴിച്ചുവെച്ച് ഒരു പുഴയുടെ തെളിമയിലെഴുതുന്നത് അതിന്റെ ലളിതസുന്ദരപൂർണ്ണതയിൽ എം.ടിയിലായിരുന്നു. അകലങ്ങളിലുള്ള മഹാഭൂഖണ്ഡങ്ങളേക്കാൾ തന്റെ ജീവിതത്തിന്റെ അകംപുറങ്ങൾ തൊട്ട മലയാളസമൂഹത്തിന്റെ ദേശവും ഭാഷയും അതിന്റെ ഋതുഭേദങ്ങളും എം.ടിയിൽ നിറഞ്ഞു. മലയാളമെന്ന ദേശം അതിന്റെ ഭാഷയും ലോകവും കൊണ്ടുമാത്രമല്ല അതിന്റെ മാത്രമായ ഭാവനകൊണ്ടുമുണ്ടാക്കിയ എഴുത്തുകാരനായിരുന്നു എം.ടി. "വ്യത്യസ്തമായ ഭൂഭാഗങ്ങൾ തേടി ഞാനലയാറുണ്ട്. പലപ്പോഴും. പക്ഷെ, വീണ്ടും വീണ്ടും ഞാനിവിടെയ്ക്ക് തിരിച്ചുവരുന്നു. ഇതൊരു പരിമിതിയാവാം. പക്ഷെ അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ അറിയുന്ന എന്റെ നിളാനദിയാണെനിക്കിഷ്ടം."
തന്റെ ദേശവും അതിന്റെ ലോകവും അതിലെ കഥകളുമായിരുന്നു എം.ടി. എഴുതിയത്. ഒരെഴുത്തുകാരനെ സംബന്ധിച്ച് അത് പല സാധ്യതകളിലേക്കും നയിക്കാം. അത് തന്റെ ചെറിയ ജാലകങ്ങളിലൂടെ കാണുന്ന ലോകത്തിന്റെ മാത്രം കഥ പറച്ചിലുകളായി മാറാം. വീട്ടുതൊടിയുടെ ചെറിയ വൃക്ഷച്ഛായകളിൽ മയങ്ങലാകാം. അതൊരു ചുരുക്കമാണ്. അല്ലെങ്കിൽ തന്റെ ചുറ്റുമുള്ള ലോകത്തിന്റെ കാഴ്ചകളിലൂടെ, കഥകളിലൂടെ വലിയൊരു ലോകത്തെ തൊടാം. പാടവരമ്പിലൂടെ നടന്നൊരു വനത്തിലെത്താം. ഇടവഴികളിലൂടെ നടന്നൊരു മഹാരഥ്യയിലെത്താം. മനുഷ്യരുടെ സ്വപനങ്ങളുടെയും സങ്കടങ്ങളുടെയും ജീവിതത്തിന്റെ അർത്ഥനിരർത്ഥകതകളെയും ശബ്ദമൗനങ്ങളേയും സാർവ്വലൗകികമായ ആഴത്തിലറിയാം. എം.ടി തന്റെ എഴുത്തിലൂടെ കണ്ടെത്തിയത് ഈ രണ്ടാമത്തെ സാധ്യതയെയായിരുന്നു. കൂടല്ലൂരിലെ ഇടവഴികളിലും പാടവരമ്പുകളിലും നിന്നു നടന്ന എം. ടി. ഭൂമിയുടെ ഏതു കാലത്തെ മനുഷ്യന്റെയും ജീവിതത്തിന്റെ എഴുത്തുകാരൻ കൂടിയാകുന്നത് അങ്ങനെയാണ്. ഏതോ പുരാതനസ്മൃതികളിൽ നിന്നും കടന്നുവന്ന കഥാപാത്രങ്ങൾക്ക് എന്റെതന്നെ ഛായയാണല്ലോ എന്ന് ഏതുകാലത്തെ വായനക്കാരേയും തോന്നിപ്പിക്കുന്ന ആ കാലാതിവർത്തിയായ നൈരന്തര്യം വാക്കുകളുടെ അരികിൽ തൊടുമ്പോഴാണ് എഴുത്തുകാരൻ പാഠത്തെ തന്നിൽ നിന്നും വേർപ്പെടുത്തി കാലത്തിന്റെ മഹാകാശങ്ങളിലേക്ക് പറത്തുന്നത്. എഴുത്തുകാരന്റെ വരണ്ട നിർമ്മമത തന്നിൽ നിന്നും വേർപ്പെടുത്തി പറത്തിവിട്ട എഴുത്തിന്റ ബാക്കിയാണ്. മൗനം കടകോലിട്ട് തിരിച്ചു ഉരുട്ടിയെടുത്ത വാക്കുകൾക്ക് ശേഷം എഴുത്തുകാരൻ വീണ്ടും മൗനത്തിലേക്ക് പോകുന്നപോലെ തന്റെ എഴുത്തിനപ്പുറം എം.ടി. മൗനംകൊണ്ട് സംസാരിച്ചത് അങ്ങനെയാണ്.

എം.ടി. എഴുതിത്തുടങ്ങുമ്പോൾ കേരളമുണ്ടാകുന്നതേയുള്ളു. മലയാളദേശമുണ്ടായിരുന്നു. കേരളമുണ്ടാവുമ്പോൾ മലയാളദേശത്തിന്റെ രാഷ്ട്രീയവും സമൂഹവും അതിന്റെ ഏറ്റവും ആഴത്തിലുള്ള മാറ്റങ്ങളിലൂടെ കടന്നുപോവുകയായിരുന്നു. ആധുനികതയുടെ ഇരമ്പവും ഇളക്കവും അന്നുവരെയുള്ള സമൂഹത്തിനെ മാറ്റാൻ തുടങ്ങി. ജന്മിത്വത്തിൽ നിന്നും അതിന്റെ മൂല്യബോധങ്ങളിൽ നിന്നും കുതറുകയും പ്രതിഷേധിക്കുകയും ചെയ്യുന്നൊരു സമൂഹമുണ്ടാകാൻ തുടങ്ങി. പഴയതൊക്കെയും അവസാനത്തിന്റെ നാമം ജപിച്ചു. എം.ടി. ജീവിച്ചുതുടങ്ങിയ കാലം ഒരവസാനത്തിന്റെ കാലമായിരുന്നു. അതൊരു ആരംഭത്തിന്റെ കാലം കൂടിയായിരുന്നു. തുടക്കത്തിൽ നിൽക്കണോ ഒടുക്കത്തിൽ നിൽക്കണോ എന്നൊരു ചോദ്യം വേണമെങ്കിൽ ഉണ്ടാകാം. ഒരെഴുത്തുകാരനോടും കാലം അതുതന്നെ ചോദിക്കും. ഒച്ചയും ബഹളവുമില്ലാതെ കടന്നുപോകുന്ന കാലത്തിലെപ്പോലെയല്ല അടിമുടി പുഴക്കിയെറിയുന്ന വലിയ കാറ്റുകൾ നിൽക്കുന്നോ പോരുന്നോ എന്ന് ചോദിക്കുന്ന കാലങ്ങൾ. സ്വാതന്ത്ര്യസമരത്തിന്റെ അവസാനകാലവും കേരളമുണ്ടാകുന്നതിന് നാല് പതിറ്റാണ്ട് മുമ്പ് തുടങ്ങി കേരളമുണ്ടാകുന്ന കാലവും ഒന്നിനുപിറകെ ഒന്നായി വീശുന്ന അത്തരം പ്രചണ്ഡവാതങ്ങളുടെ കാലമായിരുന്നു. എം.ടി ആ കാലത്തിന്റെ സാക്ഷിയായിരുന്നു, എഴുത്തുകാരനുമായിരുന്നു.
ഭൂവുടമ ബന്ധങ്ങളും അതിന്റെ മൂല്യവിചാരങ്ങളും ഒഴിഞ്ഞ പത്തായം പോലെ കിടന്നു. ജന്മിത്വകാലത്തെ ഭരദേവതമാർ ആളൊഴിഞ്ഞ തറവാടുകളിൽ മച്ചിൽ നിന്നിറങ്ങി പരതാൻ തുടങ്ങി. പുറത്ത് പുതിയൊരു കാലം പുതിയ ഭാഷയിൽ സംസാരിക്കാൻ തുടങ്ങിയിരുന്നു. അകലങ്ങളിൽ നിന്നും മുദ്രാവാക്യങ്ങൾ അടുത്തുവന്നു. ലോകം വലുതായി. പുഴയ്ക്കപ്പുറം പുതിയ ലോകമുണ്ടായി. അതിനുമപ്പുറം അനുഭവങ്ങളുടെയും പുതിയ ജീവിതത്തിന്റെയും ഭൂഖണ്ഡങ്ങളിലേക്ക് മനുഷ്യർ കയറിപ്പോകാൻ തുടങ്ങി. നനഞ്ഞ വരമ്പുകളിൽ ചെളിപറ്റിയ കാലുകൾ അമർത്തിത്തുടച്ച് ബോംബെയിലേക്കും മദ്രാസിലേക്കും തങ്ങളെയറിയാത്ത അജ്ഞാതജീവിതത്തിന്റെ മഹാനഗരങ്ങളിലേക്കും ആളുകൾ കയറിപ്പോയി. അങ്ങനെ പോയ മനുഷ്യർ ചങ്ങമ്പുഴയേയും രമണനെയും കൂടെക്കൊണ്ടുപോയിരുന്നു. തകരുന്ന ജീർണ്ണഗൃഹങ്ങളുടെ തെക്കേപ്പറമ്പിൽനിന്നും സാക്ഷികളെപ്പോലെ എഴുതാൻ തുടങ്ങിയവരിൽ എം.ടിയുണ്ടായിരുന്നു. അത് ഏറ്റവും സുന്ദരമായി എഴുതിയവരുടെ മുന്നിലും എം.ടിയുണ്ടായിരുന്നു. ജന്മിത്വം പോലെ അതിന്റെ സംസ്കൃതജഡില ഭാഷയും തകർന്നുതുടങ്ങി. മലയാളമെന്ന ഭാഷ അതിന്റെ ഇതകളിലും ഇറവരമ്പുകളിലും അതിലളിതമായി പൂത്തുപരന്നു. എം.ടിയുടെ ഭാഷ ആ കാലത്തിന്റെ മാറ്റത്തിന്റെ ഭാഷ കൂടിയായി. മലയാളി ഉള്ളിടത്തോളം ഈ ദേശത്തിന്റെ ജീവിതത്തിന്റെയും ഭാവനയുടെയും ഭാഷ എം.ടിയിൽ വായിച്ചുകൊണ്ടിരിക്കും.
തകരുന്ന ഒരു സാമൂഹ്യവ്യവസ്ഥയിൽ നിന്നും ഇറങ്ങിനടന്ന സവർണ്ണ പുരുഷൻ കൂടിയായിരുന്നു എം.ടി. അതൊരു ചരിത്രാവസ്ഥയാണ്. ആത്മനിന്ദക്കോ പരനിന്ദക്കോ അവകാശമില്ലാത്ത ചരിത്രാവസ്ഥകളിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ ഒറ്റപ്പെടലും സന്ദിഗ്ധതയും എം.ടിയുടെ എഴുത്തുകളിൽ നിറഞ്ഞുനിന്നു. അത് പലതരം പ്രകാശനങ്ങളിലൂടെ കടന്നുപോയി. അതിനെ നേർരേഖയിൽ കാണുകയെന്നാൽ അതൊരു തകർന്ന ജന്മിത്വകാലത്തിന്റെ അവശേഷിപ്പുകളിൽ നിന്നുള്ള ഒറ്റയായ ആകുലവിലാപങ്ങളാണ്. എന്നാൽ അതൊരിക്കലും അങ്ങനെയല്ല എന്നിടത്താണ് എം.ടി മാത്രമല്ല കാലത്തെ എഴുതുന്ന എഴുത്തിന്റെ തച്ചന്മാർ ഉളി തേക്കാൻ തുടങ്ങുന്നത്.

ആധുനികതയുടെ പുതിയ കാലത്തേക്ക് കടന്ന മനുഷ്യന്റെ കടുത്ത അസ്തിത്വപ്രശ്നങ്ങൾ എഴുത്തുകളിൽ നിറയാൻ തുടങ്ങുകയായിരുന്നു. എന്നാലത് കേവലമായ ആത്മസംഘർഷങ്ങളുടെ തലത്തിൽ മാത്രമല്ല. തകരുന്ന ഭൂവുടമ ബന്ധങ്ങളും അതിന്റെ പൊളിഞ്ഞ ഇടകളിലൂടെ അതിവേഗം തിക്കിത്തിരക്കിവരുന്ന ആധുനിക വിദ്യാഭ്യാസത്തിന്റെയും കച്ചവടത്തിന്റെയും പുതിയ സാമൂഹ്യാധികാരങ്ങളുടെയും കഥകൾ കേരളത്തിന്റെ തെക്ക് തകഴി എഴുതിയത് അങ്ങനെയാണ്. കണ്ണെത്താപ്പാടങ്ങളുടെ വരമ്പുകളിലൂടെ ഒരു പുതിയ സമൂഹം ഓടിവരികയും പഴയ മടകൾ പൊട്ടിത്തകരുകയും ചെയ്യുന്നത് ഇതാ ഇങ്ങനെയാണ് എന്ന് പറയുകകൂടിയായിരുന്നു അവർ.
എം.ടിയുടെ കഥകൾ തകർന്ന മനുഷ്യരുടെ കഥകളാണ്. തകർന്ന വ്യവസ്ഥിതിയെ നോക്കി വരണ്ട ചിരി ചിരിക്കുന്ന മനുഷ്യരതിലുണ്ട്. തകർച്ചയുടെ ആനന്ദവും എന്തുചെയ്യണമെന്നറിയാത്ത പതർച്ചയും കാലത്തിന്റെ മഹാഗതികളിൽ പ്രതിരോധമില്ലാതെ ഒഴുകാൻ വിട്ടുകൊടുക്കുന്നവരും നടക്കുന്നതെന്തന്നറിയാത്ത മനുഷ്യരും അതിലുണ്ട്. “അമ്മ പേടിക്കണ്ട, ഈ നാലുകെട്ട് പൊളിക്കാൻ ഏർപ്പാട് ചെയ്യണം. ഇവിടെ കാറ്റും വെളിച്ചവും കടക്കുന്ന ഒരു ചെറിയ വീടു മതി.”
“പൊളിക്കേ? ഭഗോതിരിക്കണ സ്ഥലല്ലേ?”
അയാൾ ഉറക്കെ ചിരിച്ചു. ആ ചിരിയുടെ ശബ്ദം പൊട്ടിയ ഭിത്തികളിൽ, തുരുമ്പിച്ച തൂണുകളിൽ, ഇരുണ്ട മൂലകളിൽ, തട്ടി തിരിച്ചുവന്നു.
പ്രായം ചെന്ന ആ മനുഷ്യൻ അപ്പോഴും സംഭ്രമത്തോടെ മുഖം കുനിച്ചു നിൽക്കുകയായിരുന്നു.”
നിങ്ങൾക്ക് അതിൽനിന്നും ആരെയെടുക്കണം എന്നത് നിങ്ങളുടെകൂടി തീർപ്പാണ്. അതൊരു കാലത്തിന്റെ കണക്കാണ്. പിഴയ്ക്കുകയോ പിഴയ്ക്കാതിരിക്കുകയോ ആകാം. എല്ലാ പകിടകളിയിലും അവസാനം തോൽവി മാത്രമാണെന്ന് തിരിച്ചറിയുന്നൊരു മനുഷ്യൻ അതിലെല്ലാമുണ്ട്. അയാൾ നിങ്ങളാകാം എന്നതിനുള്ള സാധ്യതകളിൽ ആ കഥകൾ നിങ്ങളിൽ നിന്നും തുടങ്ങുന്നു.

തകർന്നൊരു കാലത്തിൽ നിന്നും എങ്ങോട്ടാണ് പോകുന്നതെന്ന് പിന്നീട് അവർക്കറിയില്ല. തകരണം എന്നതിൽ സംശയമൊന്നുമില്ലാത്ത ആഖ്യാതാക്കളാണ് എം.ടിയുടെ കഥകളെ മുന്നോട്ടു കൊണ്ടുപോകുന്നത്. ആ തകർച്ചകളിൽ നിന്നും അവർ മോചിതരാകുന്നുമില്ല. ആധുനിക സമൂഹത്തോടുള്ള അവരുടെ കൊടുക്കൽ വാങ്ങലുകളിലെ ബാക്കി കടുത്ത അന്യതാബോധവും ഒറ്റപ്പെടലുമാണ്. സ്നേഹശൂന്യമായ ആകാശത്താണവർ പറക്കുന്നത്. താഴെ വിജനമായ വരണ്ട ഭൂമി. ചുറ്റും ഉൾച്ചൂടിന്റെ കടലാകാശം. പറന്നുകൊണ്ടേയിരിക്കുക എന്ന ദുരിതപർവ്വം.
പരാജിതരും വിഷാദഭരിതരുമായ മനുഷ്യരാണ് എം.ടിയുടെ കഥകളിലെല്ലാം. അതിലവർക്ക് കുറ്റബോധവുമില്ല. വഞ്ചനയുടെ ചില ലോകങ്ങളെ തങ്ങളും സ്വന്തമാക്കുന്നു എന്നതിലവർ അബോധമായ ആനന്ദവും അനുഭവിക്കുന്നുണ്ട്. അവസാനത്തെ കളിയിൽ തോറ്റുപോകുമെന്നുറപ്പുള്ള കളിയാണവരെല്ലാം കളിക്കുന്നത്. വിജയിക്കുന്ന ഒരാൾപോലും അതിലില്ല. വിജയിച്ചുകൊണ്ടിരിക്കുമ്പോഴും പരാജയത്തിന്റെ മുറിവുകളിൽനിന്നും രക്തം വാർന്ന് മരിക്കുന്ന വരാനിരിക്കുന്ന കാലമവർക്ക് കാണാം. ഏത് വിജയത്തിനും സംതൃപ്തരാക്കാൻ കഴിയാത്തവണ്ണം ഭൂതകാലത്തിന്റെ തകർച്ചയും വർത്തമാനത്തിന്റെ നിരർത്ഥകതയും ഭാവിയുടെ ഇരുട്ടും അവരെ ചൂഴ്ന്നുനിൽക്കുന്നു.
“അവിടെയെങ്ങോ, കാമത്തിന്റെ തീപ്പൊരികൾ കെടാതെ കാത്ത് ഒരു കറുത്ത സുന്ദരി അലയുന്നുണ്ട്.
അവിടെയെങ്ങോ, വ്രണം പൊട്ടിയ ശിരസ്സുമായി ഒരു ശത്രുവും അലയുന്നുണ്ട്.
അതു രണ്ടുമുള്ളപ്പോൾ ഒഴിഞ്ഞുകിടക്കുന്ന രണ്ടാമത്തെ പീഠത്തിന് താനർഹനല്ല.”
തന്നെക്കാത്തിരിക്കുന്നൊരു ശത്രുവിനെക്കുറിച്ചുള്ള നിരന്തരമായ ഭയം കൂടിയാണത്. മറ്റൊരു ഭൂഖണ്ഡത്തിൽ ഷെർലക് എന്നൊരു പൂച്ചയുടെ നഖങ്ങൾപ്പോലും തന്നെത്തേടി ക്രൗര്യത്തോടെ പുറത്തുവരുന്നത് ഇങ്ങേയറ്റത്തെ കാലത്തും അയാൾ കാണുന്നുണ്ട്. ശത്രു! ചിരഞ്ജീവിയായ ശത്രു!
കാലം തകർത്ത ഭൂതകാലത്തെക്കുറിച്ച് ഗൃഹാതുരതയൊന്നും എം.ടിയുടെ കഥകളിലില്ല. ഒരു വരണ്ട ചിരി മാത്രമാണുള്ളത്. അല്ലെങ്കിൽ പിറകിലേക്ക് നോക്കുമ്പോൾ കാണുന്ന കാലത്തിലെ വിഷാദം നിറഞ്ഞ ഓർമ്മകൾ. അവിടെനിന്നും ഓടിയെത്തിയ കാലത്തിൽ തിരിച്ചറിയാവുന്ന ഒന്നുമില്ലാത്ത ചുറ്റുപാടുകളിൽ ഒറ്റയാകുന്ന മനുഷ്യന്റെ അപാരമായ ഏകാന്തദുഖത്തിന്റെ സാന്ദ്രതയാണ് എം.ടിയുടെ കഥാപാത്രങ്ങൾ അനുഭവിക്കുന്നത്. അത് ഒറ്റയായ മനുഷ്യന്റെ സങ്കടങ്ങളാണ്, സങ്കടങ്ങൾക്കപ്പുറം അവസ്ഥയാണ്. ലോകവുമായി എത്ര ശ്രമിച്ചിട്ടും ചേർത്തുവെക്കാനാകാത്ത തന്നെക്കുറിച്ചോർക്കുന്ന ഒരു മനുഷ്യനാണ് അതിലുള്ളത്.

ആഖ്യാതാവ് മാത്രമല്ല അയാൾക്ക് ചുറ്റുമുള്ള മനുഷ്യരും തോറ്റവരാണ്. അല്ലെങ്കിൽ തോൽവിയിലേക്ക് നടക്കുന്നവരാണ്. മരുമക്കത്തായ തറവാടുകളിലും ആധുനികതയുടെ പുതിയ നഗരലോകത്തിലുമെല്ലാം എം.ടിയുടെ കഥകയിലെ സ്ത്രീകൾ പരാജയവും കഷ്ടജീവിതത്തിന്റെ ചവർപ്പും കുടിച്ചിറക്കുന്നു. അവർക്ക് തോൽവിയുടെ ദുഖങ്ങളില്ല, മടുപ്പിന്റെ പുരാവൃത്തങ്ങൾ മാത്രമേയുള്ളു. ഒരു നായകനും അവർക്ക് നന്മകൾ നേരുന്നില്ല. വഞ്ചനയുടെയോ സ്വാർത്ഥതയുടെയോ നീളൻ കൈകൾകൊണ്ടല്ലാതെ അവരെയാരും ചേർത്തുപിടിക്കുന്നില്ല. ഒരു ബന്ധത്തെക്കുറിച്ചോർത്തും അവർ വേവലാതിപ്പെടുന്നില്ല, തോറ്റുപോയ മനുഷ്യർപ്പോലും അവരെ തോൽപ്പിച്ചുകൊണ്ടാണ് പകരം വീട്ടുന്നത്. എവിടെയാണ്, ആരോടാണ് ജയിക്കുന്നതെന്ന് അവർ നിരന്തരം ചോദിക്കുന്നുമുണ്ട്.
തനിക്കു ചുറ്റുമുള്ള സമൂഹത്തിലെ പതിതരായ മനുഷ്യർ എം.ടിയുടെ നായകന്മാരുടെ വേവലാതിയല്ല. അവർ അയാളുടെ ഏകാന്തദുഖങ്ങളുടെ വിചാരങ്ങളുടെ അരികുകളിൽ ചിലപ്പോഴൊക്കെ വന്നുപോകുന്നവരാണ്. അയാൾക്കവരോട് പ്രത്യേകിച്ച് മമതയോ എതിർപ്പോ ഒന്നുമില്ല. തന്നെപ്പോലെ തോറ്റ മനുഷ്യരെന്ന ചാർച്ച മിന്നലായിക്കാണാം. ഇതൊരു പോരായ്മയാണ് എന്ന് പറയാം, പറയാതെയുമിരിക്കാം. പറയുന്ന കഥകൾ മാത്രമല്ല കഥ എന്നാകേണ്ടത് വായിക്കുന്ന കാലത്തിന്റെ ഭാഷ്യം കൂടിയാണ്. അത് കാലത്തിന്റെ ചുമതലയാണ്.
ദൃശ്യാഖ്യാനത്തിന്റെ ലാവണ്യബോധത്തെ കീഴ്മേൽ മറിക്കാൻ ശ്രമിച്ചതായിരുന്നില്ല എം.ടിയുടെ ചലച്ചിത്രപരീക്ഷണങ്ങൾ. എന്നാലത് ഒരു സാമൂഹ്യവ്യവസ്ഥയുടെ ബോധത്തിന്റെ മുകളിൽ വലിയ വിച്ഛേദങ്ങളുണ്ടാക്കി. നിർമ്മാല്യത്തിൽ ദേവിയുടെ മുഖത്തു തുപ്പുന്ന വെളിച്ചപ്പാടിന് അയാളുടെ വിശ്വാസത്തിന്റെ എല്ലാ സൂക്ഷ്മലോകവും അന്യമായിരുന്നു. അതയാളുടെ വ്യക്തിപരമായ തകർച്ച മാത്രമായിരുന്നില്ല, ഒരു വിശ്വാസലോകത്തിന്റെ തകർച്ച കൂടിയായിരുന്നു. അത് അന്നുവരെയുള്ള സാമൂഹ്യലോകത്തിന്റെ വിശ്വാസാധികാരത്തിന്റെ മാറ്റമായിരുന്നു. കഥകളിയോഗം പൂട്ടിക്കെട്ടി കച്ചവടം തുടങ്ങുന്ന ഭൂപ്രഭുവിലേക്കുള്ള മാറ്റത്തിൽ ഭഗവതിയും വെളിച്ചപ്പാടും പരസ്പരം കണക്കുതീർത്ത് പിരിയുകയാണ്. അവർ രണ്ടുപേരും ഇനി വരുന്ന കാലത്തിൽ കാണാതിരിക്കുംവണ്ണം കാലം മാറുകയാണ്.
വാക്കുകളും അതിന്റെ ശബ്ദങ്ങളും കൊണ്ടായിരുന്നു എം.ടി തന്നെ പ്രകാശിപ്പിച്ചത്. അതുകൊണ്ടുതന്നെ ചലച്ചിത്രത്തിന്റെ ദൃശ്യഭാഷ അതിലെല്ലാം കുറവായിരുന്നു. എം.ടിയുടെ തിരക്കഥകൾ വായിക്കുക മാത്രമല്ല നമ്മുടെ ഉള്ളിൽ ദൃശ്യങ്ങളായി അതിവേഗം പരിവർത്തിപ്പിക്കപ്പെടാവുന്ന തരത്തിൽ ഒരു സംവിധായകനെ നിഷ്പ്രഭനോ അദൃശ്യനോ ആക്കിമാറ്റുന്നത് അതുകൊണ്ടാണ്. ചലച്ചിത്രത്തിന്റെ ആവിഷ്ക്കാരത്തിൽ അതൊരു കുറവാണ്, സാഹിത്യകാരനായ എം.ടി ചലച്ചിത്രകാരനായ എം.ടിയെ കവച്ചുവെക്കുന്നതുകൊണ്ടാണത്. പരാതിയില്ലാതെ എം.ടിയുടെ ചലച്ചിത്രങ്ങൾ നമ്മൾ മറ്റെല്ലാ എംടിയെയും എന്നപോലെ കണ്ടുവായിച്ചു. അങ്ങനെയൊരു സാധ്യതയുണ്ടാക്കുക എന്നത് ചെറിയ കാര്യമല്ല. ഒരാൾ നടക്കുന്നിടത്തെല്ലാം അയാളെ കാണുക എന്നത് ചെറിയ കാര്യമല്ല.
സാമൂഹ്യജീവിതത്തിൽ എഴുത്തിലെന്നപോലെ തന്റെ ശബ്ദങ്ങളുടെ തെരഞ്ഞടുപ്പിൽ എം.ടി അതീവശ്രദ്ധാലുവായിരുന്നു. പിശുക്കോളമെത്തുന്ന നിശ്ശബ്ദതകൊണ്ട് തന്റെ സർഗജീവിതത്തിന്റെ അർത്ഥങ്ങൾക്ക് അദ്ദേഹം ആഴംകൂട്ടി. എഴുത്തുകാരൻ ഒരു വിവിധോദ്ദേശ്യ സഹകരണ സംഘമാകുന്ന കാലത്ത് അധികാരത്തിനും അതിന്റെ പരിസരമലിനീകരണത്തിനുമപ്പുറത്ത് നിൽക്കാൻ അതീവശ്രദ്ധയും നിഷ്ക്കർഷയും പുലർത്തി. എന്നാൽ താനെവിടെയാണ് നിൽക്കുന്നതെന്ന് കൃത്യമായി പറയുകയെന്ന കലാകാരന്റെ ചിന്താസ്ഥൈര്യം എം.ടി നിലനിർത്തി. മുത്തങ്ങ വെടിവെപ്പിനെതിരെയും ആണവനിലയത്തിനെതിരെയും ചാലിയാർ മലിനീകരണത്തിനെതിരെയും ഏറ്റവുമൊടുവിൽ കേരളത്തിന്റെ സാംസ്ക്കാരിക, രാഷ്ട്രീയ സമൂഹത്തെ വിഴുങ്ങുന്ന ദുരധികാരത്തിനെതിരെയുമൊക്കെ എം.ടി ഭാഷയുടെ കലാപസാധ്യതകളെ കുറുക്കിയെടുത്തു. അതൊരു ചെറിയ കാര്യമല്ല. അതൊരു വലിയ കാര്യമായിരുന്നുവെന്ന് സാംസ്ക്കാരിക, രാഷ്ട്രീയ ക്ഷുദ്രതയുടെ നടപ്പുകാലം നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

എങ്ങനെയാണ് താൻ ഓർമ്മിക്കപ്പെടുക എന്നതിനെക്കുറിച്ചുള്ള യശോസന്ദേഹങ്ങൾ എം.ടിക്കുണ്ടായിരുന്നില്ല. മരണം സ്വാഭാവികമായ ആനന്ദം പോലെ എം.ടിയുടെ കഥകളിലും ഓർമ്മക്കുറിപ്പുകളിലുമെല്ലാം കാണാം. ദുഖത്തിനപ്പുറം മരണം ജീവിതത്തോടുള്ള കണക്കുതീർക്കുന്ന മനുഷ്യന്റെ വരണ്ട ചിരിയായി മാറുന്നത് കാണാം. മരണവും കാലവുമായി ഏറ്റവും പ്രത്യാശാഭരിതമായ പോരാട്ടം നടത്തിയാണ് സാന്റിയാഗോ എന്ന കിഴവൻ കടലിൽ നിന്നും കയറിവന്നത്. സാന്റിയാഗോയെ എഴുതിയിട്ട ഹെമിങ്ങ്വേ ആയിരുന്നു എം.ടിയുടെ ഏറ്റവും പ്രിയപ്പട്ട എഴുത്തുകാരൻ. മിനുമിനുപ്പില്ലാത്ത അരമുള്ള വാക്കുകളിൽ ഹെമിങ്‌വേ എഴുതി. പ്രത്യാശയുടെ എഴുത്തിനപ്പുറം ഹെമിങ്‌വേ തലയിലേക്ക് വെടിവെച്ച് ആത്മഹത്യ ചെയ്തു. നടൻ സത്യന്റെ മരണത്തെക്കുറിച്ച് എഴുതുമ്പോൾ എം.ടി ഹെമിങ്‌വേയെയും സാന്റിയാഗോവിനെയും മരണത്തെക്കുറിച്ചുള്ള ഹെമിങ്‌വേയുടെ വരികളെയും ഓർക്കുന്നു, “എല്ലാ കഥകളും നീണ്ടുപോകുമ്പോൾ മരണത്തിൽ അവസാനിക്കുന്നു. അത് മാറ്റി നിർത്തി കഥ പറയുന്ന ആളാകട്ടെ നല്ല കാഥികനുമല്ല.”
ഇനിയൊരു മടക്കമില്ലാത്ത യാത്രയിലേക്ക് നടന്നു പോകുന്ന ഒറ്റയായ മനുഷ്യരുടെ മൗനംകൊണ്ട് നിറച്ചുവെച്ചതാണ് എം.ടിയുടെ കഥകൾ. ഇനിയൊരു മടക്കമില്ലാത്ത സ്വാഭാവികവും അനിവാര്യവുമായ അവസാനത്തിലേക്ക് എം.ടിയും. "നടുവിൽ കടന്നുപോയവരുടെയെല്ലാം കാല്പ്പാടുകളിൽ കരിഞ്ഞപുല്ലുകൾ നിർമ്മിച്ച ഒറ്റയടിപ്പാത നീണ്ടുകിടക്കുന്നു". മലയാളത്തിന്റെ ദേശത്തിന്റെയും ഭാഷയുടെയും മഹാനായ എഴുത്തുകാരാ, വിട !