"യാ... അള്ളാ..'’

ശബ്ദമുയർത്തിയാൽ ഇൻകം ടാക്സ് റെയ്ഡോ, യു.എ.പി.എയോ, ജീവപര്യന്തമോ, രാജ്യദ്രോഹിപ്പട്ടമോ, വെടിയുണ്ടയോ ജസ്റ്റിസ് ലോയയോ ഒക്കെ ലഭിക്കാവുന്ന ഒരിടത്തിരുന്ന് ഇപ്പോഴൊരു "കവണ" എഴുതപ്പെട്ടിരിക്കുന്നു. അതിൽ എഴുത്തുകാരുടെ, കലാകാരന്മാരുടെ, പൗരന്റെ, മനുഷ്യന്റെ അന്തസ്സുയർത്തിപ്പിടിക്കുന്ന പ്രഖ്യാപനമുണ്ട്

ട്രൂ കോപ്പി വെബ്സിസീൻ ആദ്യ ഇഷ്യുവിൽ സന്തോഷ് ഏച്ചിക്കാനത്തിന്റെ
കവണ വായിച്ചു.

അദ്ദേഹത്തിന്റെ ഒട്ടുമിക്ക മുൻകാല കഥകളിലേതു പോലെത്തന്നെ ഈ കഥയിലും ഒച്ചയിൽ പറയുന്ന രാഷ്ട്രീയമുണ്ട്. കഥയെ രാഷ്ട്രീയം പറയാൻ ഉപയോഗിക്കണോ? അതും ഇത്ര ഉറക്കെ വേണോ? കഥയിൽ രാഷ്ട്രീയം പാടില്ലെന്നുണ്ടോ? ഇല്ലെങ്കിൽ കഥക്കെന്തെങ്കിലും കുഴപ്പമുണ്ടാകുമോ? എന്നൊക്കെ കാലങ്ങളായി ഇവിടെ ചർച്ച നടക്കുന്നുണ്ട്.

ചർച്ചകൾക്കിടയിലും നല്ല രാഷ്ട്രീയ ബോധ്യമുള്ള കഥകളും രാഷ്ട്രീയമുണ്ടെങ്കിലും അത് ആന്തരതാളമായി മാത്രം മിടിക്കുന്ന കഥകളും ധാരാളമായി ഇവിടെ ഉണ്ടായിട്ടുണ്ട്, ഉണ്ടാകുന്നുമുണ്ട്.

എം. സുകുമാരനോ, എം.പി. നാരായണപിള്ളയോ, പട്ടത്തുവിളയോ, വി.കെ.എന്നോ, ഒ.വി. വിജയനോ, സക്കറിയയോ, പഴയ ആളുകളിൽ ബഷീറോ തകഴിയോ ദേവോ ഒക്കെ രാഷ്ട്രീയം പറഞ്ഞവരാണ്. പറച്ചിലിന്റെ ഒച്ചയിൽ സ്വാഭാവികമായും ഓരോരുത്തർക്കു ചേർന്ന വ്യത്യാസങ്ങളുണ്ടായിരുന്നു എന്നു മാത്രം.

എന്തെങ്കിലും പറയുന്നതിനു മുമ്പ് ഞാനിത് പറയേണ്ടതുണ്ടോ എന്ന് ഓരോ വ്യക്തിയും ചിന്തിക്കുന്ന കാലമാണിത്. സൂക്ഷ്മമായ സ്വയം എഡിറ്റിങ്ങിന് ഓരോരുത്തരും വിധേയരാകുന്നു. എന്തെങ്കിലും ഇയാളൊന്ന് മൊഴിഞ്ഞിരുന്നെങ്കിൽ എന്ന് നാം ആലോചിച്ചു പോകുന്ന തരത്തിൽ ഒരുപാടാളുകൾ പർവ്വത മൗനവുമായി ഇരിക്കുന്നു. സോഷ്യൽ മീഡിയ വന്നതോടെ മറ്റുള്ളവർക്ക് വായിച്ചെടുക്കാവുന്ന തരത്തിൽ ഓരോരുത്തരുടെയും രാഷ്ട്രീയം അനാവൃതമാണ്. ഫേക്ക് ഐഡികളുടേ തൊഴികെ.

എം.ടി. നിർമാല്യം ഇന്നെഴുതിയാൽ എന്ത് സംഭവിക്കും എന്ന ബോംബ് ഭീഷണി സാംസ്​കാരികലോകത്ത് മുഴങ്ങാൻ തുടങ്ങിയിട്ടും കുറേക്കാലമായി. അതിനെ ശരിവയ്ക്കുന്ന കോലാഹലങ്ങളും അടുത്തിടെ ഉണ്ടായി. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് എഴുത്തുകാർ എന്തും കൃത്യമായി എഡിറ്റ് ചെയ്തിട്ടേ പുറത്ത് വിടാറുള്ളൂ.

ഏച്ചിക്കാനത്തിന്റെ കവണ വായിക്കാനിരുന്നപ്പോൾ തീർച്ചയായും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. അത് ചുല്യാറ്റിനെക്കുറിച്ചായിരുന്നു താനും. എല്ലായിടത്തും ഉപയോഗിച്ച് കഥ, ഫീച്ചർ എഴുത്തുകാർ ആ പേര് മായ്ച്ചു കളഞ്ഞിട്ടുണ്ട്. ഇന്ത്യൻ മുതലാളിത്തത്തിന്റെയോ, ഇപ്പോൾ കോർപ്പറേറ്റുകളുടെയോ മുമ്പിലിട്ട എഡിറ്ററുടെ കസേരയിൽ നേരെയിരുന്ന് ചരിത്രത്തെ സത്യം കൊണ്ട് എഡിറ്റു ചെയ്യാനുള്ള നീലപ്പെൻസിലുമായി ചുല്യാറ്റുണ്ട്. അയാളവിടെ ഇരിക്കട്ടെ. മലയാള കഥ ചുല്യാറ്റിനെ മറികടന്നിട്ടുണ്ട്. ബോധ്യം തികഞ്ഞ കഥകൾ അതിനു ശേഷവുമുണ്ടായിട്ടുണ്ട്. ഉണ്ടാകുന്നുണ്ട്.

പക്ഷേ ഈ കഥ ഇങ്ങനെയാണ് വേണ്ടതെന്നും ഇപ്പോൾ വരേണ്ടതാണെന്നും തോന്നുന്നു. ഇതെഴുതുന്ന ആളുടെ ഓർമയിലും പൂജിച്ച ഇഷ്ടികയുമായി അയോധ്യയിലേക്ക് വണ്ടി കയറിയവരുണ്ട്. ഇന്ത്യൻ സൈക്കിയിലുള്ള മൃദു ഹിന്ദുത്വം തീവ്രമാകുന്നതും ഇപ്പോൾ അധികാരത്തിലിരിക്കുന്നതു വരെയുള്ള കാലവും രാഷ്ട്രീയവും തെളിഞ്ഞ കാഴ്ചയായി നിലനില്ക്കുന്നു. ശബ്ദമുയർത്തിയാൽ ഇൻകം ടാക്സ് റെയ്ഡോ, യു.എ.പി.എ യോ, ജീവപര്യന്തമോ, രാജ്യദ്രോഹിപ്പട്ടമോ, വെടിയുണ്ടയോ ജസ്റ്റിസ് ലോയയോ ഒക്കെ ലഭിക്കാവുന്ന ഒരിടത്തിരുന്ന് ഇപ്പോഴൊരു "കവണ" എഴുതപ്പെട്ടിരിക്കുന്നു. അതിൽ എഴുത്തുകാരുടെ, കലാകാരന്മാരുടെ, പൗരന്റെ, മനുഷ്യന്റെ അന്തസ്സുയർത്തിപ്പിടിക്കുന്ന പ്രഖ്യാപനമുണ്ട്.

ചുല്യാറ്റ് ഇവിടെയുണ്ട് എന്നാണത്.

പ്രിയ ഏച്ചിക്കാനം... താങ്കളുടെ കവണയും അതിലെ കല്ലുകളും ക്യത്യമാണ്. മണ്ണിൽ വിയർപ്പുകുഴക്കുന്നവരുടെ സമരം ഡൽഹിയിൽ നടക്കുന്നുണ്ട്. നമ്മുടെ മാധ്യമങ്ങളൊന്നും അതത്ര കാര്യമാക്കിയിട്ടില്ല. ഗാന്ധി വധത്തിനു ശേഷം വിറകൊള്ളുന്ന ഇന്ത്യയുടെ മതേതര ആത്മാവിന് ആഴത്തിൽ മുറിവേറ്റത് ഇന്ത്യൻ ഫാസിസ്റ്റുകൾ ബാബരി മസ്ജിദ് തകർത്തപ്പോഴാണ്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രം വഴിതിരിഞ്ഞ ഇടമതാണ്. വർഷങ്ങൾക്കുശേഷം പരമോന്നത നീതിപീഠം അത് ബാബരി മസ്ജിദല്ല രാമന്റെ അമ്പലമാണ് എന്ന് വിധിച്ചപ്പോൾ ഇന്ത്യയിലെ മിക്കവാറും ന്യൂസ് റൂമുകൾ പെട്ടെന്ന് പൂജാമുറിയോ അമ്പലമോ ആയി മാറി മുഴുവൻ ശബ്ദവുമെടുത്ത് ജയ് ശ്രീരാം വിളിച്ചു.

പ്രിയ ഏച്ചിക്കാനം, ചുല്യാറ്റ് വിദൂര നക്ഷത്രം പോലെ ഒരു പ്രതീക്ഷയാണ്. ചരിത്ര സന്ധികളിലെല്ലാം പനി വരുന്ന ചുല്യാറ്റിന് ഒരു കാപ്പിയിട്ട് കൊടുത്തുകൊണ്ട് നിങ്ങളയാൾക്ക് ഉറക്കം വരാതെ നോക്കുന്നു. കവണയിലെ കല്ലിന്റെ മൂളക്കം ദൂരെ നിന്നേ കേൾക്കാം.പി.എസ് റഫീഖ്

കഥാകൃത്ത്​, തിരക്കഥാകൃത്ത്​, ചലച്ചിത്ര ഗാനരചയിതാവ്​, നടൻ​. സദ്ദാമിന്റെ ബാർബർ, കടുവ എന്നീ കഥാ സമാഹാരങ്ങൾ. നായകൻ, ആമേൻ, ഉട്ടോപ്യയിലെ രാജാവ്, തൊട്ടപ്പൻ എന്നീ സിനിമകളുടെ തിരക്കഥ രചിച്ചു. അങ്കമാലി ഡയറീസ്, ഗോൾഡ് കോയിൻസ്, ആമേൻ, ഉട്ടോപ്യയിലെ രാജാവ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്.

Comments