സച്ചിദാനന്ദന് ഒരു വിയോജനക്കുറിപ്പ്

പ്രിയപ്പെട്ട സച്ചി മാഷിന്,

മാതൃഭൂമിയിൽ ടി.എൻ. ജോയിയെക്കുറിച്ച് എഴുതിയ അങ്ങയുടെ കവിത വായിച്ചു. അങ്ങെഴുതിയ ഒട്ടുമിക്ക കവിതകളും വായിച്ചിട്ടുള്ള ആളാണ് ഞാൻ. അഞ്ചു സൂര്യനും കായിക്കരയിലെ മണ്ണും എഴുത്തച്ഛനും ഇവനെക്കൂടിയും ഒടുവിൽ ഞാനൊറ്റയാകുന്നുവും.. അങ്ങനെ അങ്ങനെ ധ്യാനവും ധ്വനിയും അനുഭൂതിയും കൊണ്ട് എന്നെ പോലൊരാളുടെ കൗമാരത്തിൽ നടുക്കമുണ്ടാക്കിയിട്ടുള്ള ഒരാളാണ് അങ്ങ്. കൊടുങ്ങല്ലൂർക്കാരനായത് കൊണ്ട് അങ്ങയെ വളരെ താത്പര്യത്തോടെ വായിച്ചിട്ടുമുണ്ട്. ഇപ്പോൾ താങ്കൾ ടി. എൻ. ജോയിയെക്കുറിച്ച് എഴുതുന്നു. ശരിയാണ്. സുഹൃത്തും സഖാവുമായി ഒരു തലമുറയുടെ ഇങ്ങേയറ്റത്ത് നിൽക്കുന്ന ഈയുള്ളവനേക്കാൾ എന്ത് കൊണ്ടും ജോയി താങ്കൾക്ക് സുപരിചിതനാണ്. സുഹൃത്താണ്. എന്റെ ഭാഷകൾ നിന്റേതായെന്നും എന്റെ വീടെല്ലാം നിന്റേതായെന്നും കൊടികൾ കൈമാറിയെന്നുമെല്ലാം അങ്ങെഴുതിയത് അക്ഷരാർത്ഥത്തിൽ ശരിതന്നെയാണ്. ആ പഴയ കാലത്തെയും നിങ്ങളുടെ സൗഹൃദത്തെയും അതിൽ നിന്ന് ഉരുവം കൊണ്ട പലതിനെയും എല്ലാവരെയും പോലെ ഞാനും ബഹുമാനിക്കുന്നു. അങ്ങേയ്ക്ക് തെറ്റുപറ്റിയോ എന്ന് എനിക്കറിയില്ല. ഇല്ലെന്ന് വിശ്വസിക്കാനാണ് ഇഷ്ടവും.

ഇനി പറയാനുള്ളതിലേക്ക് വരാം. വാസ്തവത്തിൽ ഈ പുതിയ കവിതയിലൂടെ അങ്ങുന്നയിക്കുന്ന പ്രധാനപ്പെട്ടൊരു കാര്യം വസ്തുതാപരമായി തെറ്റാണ്. അവസാനകാലത്ത് ടി. എൻ. ജോയിയെ അറിയാൻ സാധിച്ച കുറച്ചു കാലിപ്പിള്ളേരുടെ കൂട്ടത്തിൽ ഈ ഞാനുമുണ്ട്. ഇവിടെ ജോയിയുടെ ജഡത്തിന് വേണ്ടിയുള്ള കലഹമല്ല നടന്നത്. മറിച്ച്, ജോയിയുടെ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കാൻ ഞങ്ങളിൽ ചിലർ ശ്രമിച്ചു എന്ന് മാത്രം. ആ രാഷ്ട്രീയം എന്താണെന്ന് താങ്കൾക്കറിയാം. എങ്കിലും ഞാൻ ഒന്നുകൂടി പറയട്ടെ. ഒറ്റപ്പെടുന്ന മുസൽമാന് നേരെ നീണ്ടു വരുന്ന തൃശൂലത്തെ ജോയി നേരത്തെ കണ്ടിരുന്നു. അഞ്ച്‌ നേരം നിസ്കരിക്കാനോ ഇസ്​ലാമിന്റെ ആചാരാനുഷ്ഠാനങ്ങൾ സ്വായത്തമാക്കി സ്വർഗ്ഗത്തിലേക്ക് ടിക്കറ്റ് എടുക്കാനോ ജോയി മതം മാറിയിട്ടില്ല. ജോയിയുടെ മതംമാറ്റം താങ്കൾക്കും എനിക്കും അറിയാവുന്നതുപോലെ വളരെ വിലമതിക്കേണ്ടതായ ഒരു ഐക്യപ്പെടലായിരുന്നു. അതിന്റെ ധ്വനിയും സാന്ദ്രതയും ആഴവും ഒന്നിനും തരാനാവുകയുമില്ല.

ടി.എൻ ജോയ്
ടി.എൻ ജോയ്

ഇനി ജോയി മരിച്ച ദിവസത്തിലേക്ക് വരാം. സ്വാഭാവികമായി ചേരമാൻ ജുമാ മസ്ജിദിൽ അടക്കപ്പെടണമെന്ന ജോയിയുടെ അവസാനത്തെ ആഗ്രഹത്തിന് വേണ്ടി സുഹൃത്തുക്കൾ ശബ്ദം ഉയർത്തിയിരുന്നു. അങ്ങനെ സംഭവിക്കേണ്ടതായ രാഷ്ട്രീയ ആവശ്യത്തിലേക്കായി ഞങ്ങൾ സുഹൃത്തുക്കൾ ശബ്ദമുയർത്തിയിരുന്നു. ഞങ്ങളുടെ ഒച്ചകൾക്കിടയിൽ മറ്റു ചില രാഷ്ട്രീയ താല്പര്യങ്ങൾ ഉള്ളവരുടെ ഓരികളും വേറിട്ട് കേട്ടിരുന്നു. പക്ഷേ, ജോയിയുടെ ആഗ്രഹത്തിന്റെ കാലികമായ ആവശ്യത്തിനും സത്യസന്ധതക്കും ഏറെ പ്രാധാന്യമുണ്ടായിരുന്നുവെന്ന് ഇന്ന് കൊടുങ്ങല്ലൂരിൽ ജീവിക്കുന്ന സ്വാർത്ഥമതികളല്ലാത്തവർക്ക് മനസ്സിലാകും. പ്രത്യേകിച്ച് ഈ ദിവസങ്ങളിൽ ജോയിയുടെ ആ തീരുമാനത്തിന് പ്രസക്തി ഏറുക തന്നെയാണ്. അന്നത്തെ ദിവസം വളരെ ആസൂത്രിതമായും ബലമായും ജോയിയുടെ ജഡത്തെ കൊണ്ടുപോയി കത്തിച്ചു കളഞ്ഞവർ മരിച്ചിട്ടില്ലാത്ത ജോയിയെ കൊന്നുകളയുകയാണുണ്ടായത്. അതിന് കൂട്ടുനിന്നവർ മുസൽമാന്റെ പള്ളിപ്പറമ്പിൽ ഹിന്ദുവിന്റെ ശരീരം അടക്കണ്ട എന്ന പുതുകാല വ്യാഖ്യാനത്തെ മനസ്സുകൊണ്ട് ന്യായീകരിക്കുന്നവരാണ്. അവരിൽ പഴയതും പുതിയതുമായ വിപ്ലവകാരികളുമുണ്ട്.

സർ, ജോയി പിന്നിലാവുമായിരുന്നില്ല. മുന്നിൽ തന്നെ ആവുമായിരുന്നു. തെരുവിൽ പിശാചിനെ ചിരിയാൽ തോൽപ്പിക്കാൻ അയാൾക്ക് മരണത്തിനു ശേഷവും സാധിക്കുമായിരുന്നു. ജോയിയുടെ ജഡത്തിനായി ഹിന്ദുവും മുസ്ലിമും തമ്മിൽത്തല്ലായി എന്ന് അങ്ങ് എഴുതുമ്പോൾ ഇവിടെ നടന്ന അന്തർനാടകങ്ങളെ ആ കവിത ന്യായീകരിക്കുന്നുണ്ട്. ക്ഷമിക്കണം.


പി.എസ് റഫീഖ്

കഥാകൃത്ത്​, തിരക്കഥാകൃത്ത്​, ചലച്ചിത്ര ഗാനരചയിതാവ്​, നടൻ​. സദ്ദാമിന്റെ ബാർബർ, കടുവ എന്നീ കഥാ സമാഹാരങ്ങൾ. നായകൻ, ആമേൻ, ഉട്ടോപ്യയിലെ രാജാവ്, തൊട്ടപ്പൻ എന്നീ സിനിമകളുടെ തിരക്കഥ രചിച്ചു. അങ്കമാലി ഡയറീസ്, ഗോൾഡ് കോയിൻസ്, ആമേൻ, ഉട്ടോപ്യയിലെ രാജാവ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്.

Comments