മലയാളത്തിൽ എഴുത്തുകാർ ഒരുമിച്ചിരുന്ന് അനൗപചാരികമായി സംവദിക്കാനുള്ള സാംസ്കാരിക പ്രവണത രൂപപ്പെട്ടത് അറുപതുകളിലെ കോഴിക്കോട്ടായിരിക്കണം. വീടുകളുടെ കോലായകളിലിരുന്ന് എഴുത്തും ജീവിതവും സ്വതന്ത്രമായി ചർച്ച ചെയ്ത ആ കൂടിച്ചേരലുകൾ പിന്നീട് ‘കോലായ ചർച്ചകൾ’ എന്ന പേരിൽ സാഹിത്യചരിത്രത്തിൽ സ്ഥാനം പിടിച്ചു.
ഉറൂബ്, അക്കിത്തം, എൻ. പി. മുഹമ്മദ്, എൻ.എൻ. കക്കാട്, ജി. അരവിന്ദൻ തുടങ്ങി കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലുമുള്ള എഴുത്തുകാർ ഈ ചർച്ചകളുടെ സജീവ സാന്നിധ്യമായിരുന്നു. 1971-ൽ ‘കോലായ’ എന്ന പുസ്തകമായി ഇവ പ്രസിദ്ധീകരിക്കപ്പെട്ടു. കോലായകളിൽ തുടങ്ങിയ ചർച്ചകൾ പിന്നീട് അളകാപുരി ഹോട്ടലിലേക്കു മാറി; ഞായറാഴ്ചകളിൽ ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വൈകുന്നേരം ആറുവരെ അവ നീണ്ടുനിന്നിരുന്നു.
അത്തരം ചരിത്രപരമായ സാഹിത്യസംവാദത്തിന്റെ ആത്മാവാണ്, പതിറ്റാണ്ടുകൾക്കിപ്പുറം, മയ്യഴിപ്പുഴയുടെ തീരത്ത് വീണ്ടും ജീവൻ വെച്ചത്. പുതുച്ചേരി സംസ്ഥാന സർക്കാർ ഇതാദ്യമായാണ് മലയാളത്തിലെ പ്രമുഖ എഴുത്തുകാരെ ഒരുമിച്ചുകൂട്ടി ഒരു സാഹിത്യ സായാഹ്നത്തിന് ആതിഥ്യം വഹിക്കുന്നത്.
എം. മുകുന്ദന്റെ കൃതികളിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന സ്ഥലമാണ് മൂപ്പൻ സായിപ്പിന്റെ വീട്. മൂന്നു നൂറ്റാണ്ടുകൾക്കുമുമ്പ് ഫ്രഞ്ച് ഭരണകാലത്ത് ഗവർണർ താമസിച്ചിരുന്ന മാഹിയിലെ വീടിന്റെ മുറ്റത്തായിരുന്നു സാഹിത്യസന്ധ്യ.
‘അറബിയുടെ അമ്മ’ എന്ന നോവൽ വായനാക്കൂട്ടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ സന്ധ്യ തികച്ചും അനൗപചാരികമായിരുന്നു. മാഹിയിലെത്തിയ എഴുത്തുകാർക്ക് ഇത് എക്കാലവും മനസ്സിൽ സൂക്ഷിക്കാവുന്ന അപൂർവ ഓർമയായി മാറി.

വൈകുന്നേരം നാലുമണിക്ക് ആരംഭിച്ച സാഹിത്യസന്ധ്യ രാത്രി എട്ടു മണിയോടെ സമാപിച്ചു. സന്ധ്യ മയങ്ങുമ്പോൾ മയ്യഴിപ്പുഴ അറബിക്കടലിൽ ചേരുന്ന അഴിമുഖത്ത് സൂര്യൻ മന്ദഗതിയിൽ മറയുന്ന ദൃശ്യം സാക്ഷ്യമാക്കി, മൂപ്പൻ സായിപ്പിന്റെ ബംഗ്ലാവിലെ ഹിൽടോപ്പിൽ വെച്ച് സക്കറിയ 2003-ൽ എഴുതിയ ‘ആത്മകഥ’ എന്ന കഥ വായിച്ചു.
സാമൂഹിക- രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ തൊട്ടുണർത്തുന്ന ശക്തമായ കഥയാണ് ‘ആത്മകഥ’. കഥാപാത്രം ചൈനയിൽ എലിപിടുത്തക്കാരനായി ജനിക്കുന്നതിൽ തുടങ്ങി ശ്രീരാമനും യേശുവും മാർക്സും ഹിറ്റ്ലറും ഗാന്ധിജിയും നെഹ്‌റുവും ഇന്ദിരയും സഞ്ജയ് ഗാന്ധിയുമെല്ലാം കഥാപാത്രങ്ങളായ കഥയാണിത്. ഭാഷ അതീവ ലളിതം. ചെറുവാക്യങ്ങളിലൂടെയും ആക്ഷേപഹാസ്യത്തിലൂടെയും വലിയ ആശയങ്ങൾ കൈമാറാനുള്ള അപൂർവ കഴിവാണ് സക്കറിയയുടെ ഈ കഥയിലുള്ളത്.
മാഹിയിലെ സാഹിത്യസന്ധ്യയിൽ എം. മുകുന്ദൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ബെന്യാമിൻ, എസ്. ഹരീഷ്, ഷീല ടോമി, ലിജീഷ് കുമാർ, കെ. വി. സജയ്, വി. കെ. സുരേഷ്, ശ്രീകാന്ത് കോട്ടക്കൽ, ജിൻഷ ഗംഗ, താഹ മാടായി, ബിജു പുതുപ്പണം, ഷിബു മുഹമ്മദ്, ടി. അജീഷ്, സോമൻ പന്തക്കൽ തുടങ്ങിയവരോടൊപ്പം മാഹി എം എൽ എ രമേശ് പറമ്പത്തും മാഹി റീജിനൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാറും പങ്കെടുത്തു.
സ്ഥലവും കാലവും മറികടന്ന സന്ധ്യയിൽ, മയ്യഴിപ്പുഴയുടെ തീരത്ത്, സക്കറിയയുടെ കഥപറച്ചിൽ മയ്യഴിയിലെ സാഹിത്യ സന്ധ്യയുടെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായിരുന്നു.

