ബ്രോണ്ടി സഹോദരിമാരും ഗിരീഷ് പുത്തഞ്ചേരിയും

പ്രണയം, ചതി, വഞ്ചന. പ്രതികാരം, ഏകാന്തത ഇതൊക്കെയുള്ള സങ്കീർണ്ണമായ മനുഷ്യ മനസ്സിെന്റെ ഉറ ഊരലാണ് വുതറിംഗ് ഹൈറ്റ്സ്. മിൽട്ടൺ, ലോർഡ് ബൈറൺ. വില്യം ബ്ലേക്ക്, മേരി ഷേല്ലി എന്നിവരുടെ വായനാ സ്വാധീനം എമിലിയുടെ എഴുത്തിൽ ഉണ്ടായിരുന്നുവെന്ന് നിരൂപകർ.വായനക്കാരന്റെ ദയയോ, കരുണയോ അർഹിക്കാത്ത കഥാപാത്രങ്ങളെയാണ് എമിലി നിർമ്മിച്ചെടുത്തത്. ബ്രോണ്ടി ഹൗസ് കാണാൻ പോയതിൻറെ അനുഭവം രാധിക പദ്​മാവതി എഴുതുന്നു.

ഇംഗ്ലണ്ടിലെ പടിഞ്ഞാറൻ യോക്ഷെയർ, മലഞ്ചെരുവുകളും ഹെയർപിൻ വളവുകളും ഉള്ള അതിമനോഹരമായ ഒരു സ്ഥലമാണ്. ആ കുന്നിൻ മുകളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു വലിയ വീടുണ്ട്, ലോകത്തെ മുഴുവൻ തന്റെ അടുത്തേക്ക് ക്ഷണിക്കുന്ന ഒരു വീട്. നൂറു കണക്കിന് ടൂറിസ്റ്റുകൾ ആണ് ഓരോ ദിവസവും ഈ വീട് കാണാൻ എത്തുന്നത്.

1820 -ലെ അതികഠിനമായ തണുപ്പ് കാലത്തെ ഒരു ദിവസം, വലിയൊരു കുതിരവണ്ടി നിറയെ വീട്ടു സാധനങ്ങളുമായി ഒരു കുടുംബം ആ കുന്ന് കയറി. ഭാര്യയും ആറ് മക്കളുമുള്ള ആ കുടുംബത്തിന്റെ നാഥൻ പാട്രിക് ബ്രോണ്ടി എന്ന അയർലാന്റുകാരനായിരുന്നു. ഹാവർത്തിലെ കുന്നിന്റെ ഒത്ത മുകളിലുള്ള പള്ളിയിലെ പുതിയ ക്യൂറേറ്റർ ആണ് അയാൾ. സാക്ഷാൽ ബ്രോണ്ടി സഹോദരിമാരുടെ അച്ഛൻ.

പുതിയ വീട്ടിലെ താമസത്തിന്റെ തുടക്കത്തിൽ തന്നെ ക്ഷണിക്കപ്പെടാത്ത മറ്റൊരു അതിഥി കൂടി അവിടെ താമസത്തിന് എത്തിയിരുന്നു. മരണം എന്നായിരുന്നു അയാളുടെ പേര്. ആ അതിഥിയുടെ ആദ്യത്തെ ക്ഷണം കിട്ടിയത് പാട്രിക്കിന്റെ ഭാര്യ മരിയ ബ്രാൻ വെല്ലനായിരുന്നു. 1821 ൽ ക്ഷയരോഗമാണ് മരിയയുടെ മരണത്തിന് കാരണം. അന്നവർക്ക് വെറും മുപ്പത്തി എട്ട് വയസ്സ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. മരിക്കുന്ന സമയത്ത് അവരുടെ ഏറ്റവും ഇളയ കുട്ടി ആൻ തീരെ കുഞ്ഞായിരുന്നു. അമ്മയുടെ മരണശേഷം ചേച്ചി എമിലിക്കൊപ്പം ആയിരുന്നു ആൻ സദാസമയവും.

ബ്രോണ്ടി ഹൗസ്
ബ്രോണ്ടി ഹൗസ്

മരിയയുടെ മരണ ശേഷം ആ കുടുംബത്തിന്റെ ഭരണച്ചുമതല അവരുടെ സഹോദരി എലിസബത്ത് ഏറ്റെടുത്തു. അവർ പെൺകുട്ടികളെ അടുക്കള ജോലിക്കൊപ്പം തുന്നലും എംബ്രോയിഡറിയും ഗാർഡനിംഗും സംഗീതവും പഠിപ്പിച്ചു. വികോടറിയൻ കാലത്ത് ഇംഗ്ലണ്ടിലെ സ്ത്രീകൾ ഇതെല്ലാം അറിഞ്ഞിരിക്കണമെന്ന ഒരു അലിഖിത നിയമം ഉണ്ടായിരുന്നു. ഭാര്യയുടെ മരണ ശേഷം പാട്രിക് മൂത്ത കുട്ടികളെ ബോർഡിംഗ് സ്കൂളിലാക്കി. മരിയ, എലിസബത്ത് എന്ന മൂത്ത രണ്ട് പെൺകുട്ടികളും ബോർഡിംഗിൽ തങ്ങൾ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച്, കർക്കശക്കാരനായ അച്ഛനോട് പറയാൻ പേടിച്ചു. അധികം വൈകാതെ ഷാർലറ്റ്, എമിലി എന്നിവരെ കൂടി ബോർഡിംഗിലാക്കി പാട്രിക്ക്.

തണുപ്പത്ത് നേർത്ത വസ്ത്രങ്ങൾ മാത്രം ധരിച്ച് ആവശ്യത്തിന് ഭക്ഷണം കിട്ടാതെ അധികൃതരുടെ ക്രൂരപീഡനങ്ങൾക്കിടയാകുന്ന സഹോദരിമാരെ കണ്ട് ഷാർലറ്റും എമിലിയും ഭയന്നു. അവർ ആ വിവരം അച്ഛനെ അറിയിച്ചു. അധികം വൈകാതെ തന്റെ മക്കളെ അയാൾ ഹാവർത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നു. പക്ഷേ വീട്ടിലെത്തി ഒരു മാസത്തിനകം മൂത്ത പെൺകുട്ടികൾ മരിക്കുകയാണ് ഉണ്ടായത്.

അതോടുകൂടി തന്റെ മറ്റ് പെൺമക്കൾ പുറത്ത് പോയി പഠിക്കണ്ട എന്ന് ആ അച്ഛൻ തീരുമാനിച്ചു. അങ്ങനെ ഷാർലറ്റും എമിലിയും ആനും വീട്ടിലിരുന്ന് മാസ്റ്റർമാരുടെ മേൽനോട്ടത്തിൽ ഫ്രഞ്ച് സാഹിത്യവും ജർമ്മനും സംഗീതവും പഠിച്ചു. എമിലി അസാമന്യമായി പിയാനോ വായിച്ചിരുന്നു.

എമിലിയുടെ പിയാനോ
എമിലിയുടെ പിയാനോ

അക്കാലത്ത് തന്നെ പരസ്പരം പറയാതെയും കാണിക്കാതെയും ആ മൂന്നു പെൺകുട്ടികളും രഹസ്യമായി എഴുതി തുടങ്ങി. എമിലിയുടെ കവിതകൾ അവൾ അറിയാതെ വായിക്കാനിടയായ ഷാർലറ്റ് അത്ഭുതപെട്ടു പോയി. അത് പ്രസിദ്ധീകരിക്കണം എന്ന ഷാർലറ്റിന്റെ ആവശ്യത്തെ എമിലി ആദ്യം കാര്യമായി എടുത്തില്ല.

അവളുടെ കവിതകളിൽ ആവർത്തിച്ച് വരുന്ന തീം പ്രകൃതി തന്നെയായിരുന്നു. പ്രകൃതിയുടെ മനോഹാരിത മാത്രമല്ല, ഇരുണ്ട മുഖത്തെക്കൂടി ഉൾക്കൊണ്ടുകൊണ്ടുള്ള എഴുത്തായിരുന്നു എമിലിയുടേത്. കാലം, ഏകാന്തത പാപബോധം മനുഷ്യന്റെയും പ്രകൃതിയുടെയും ആത്മാവ് മുതലായവ കവിതയെഴുത്തിന് എമിലിക്ക് പ്രിയപ്പെട്ട വിഷയങ്ങൾ ആയിരുന്നു.

പക്ഷേ ക്രിസ്തീയ ദൈവീക രീതികളിൽ വളർത്തപ്പെട്ട വിക്ടോറിയൻ കാലഘട്ടത്തിലെ ആ പെൺകുട്ടി നരകം, സ്വർഗം തുടങ്ങിയ ആശയങ്ങളിൽ ഒന്നും വിശ്വസിച്ചിരുന്നില്ല എന്ന് മാത്രമല്ല മരണശേഷമുള്ള ശിക്ഷാവിധി എന്ന മതത്തിന്റെ കണ്ടെത്തലിനെ പാടേ നിരാകരിക്കുകയും ചെയ്തിരുന്നു. തന്റെ
ഒരു കവിതയിൽ, നാശമെന്ന അടിസ്ഥാന സങ്കൽപ്പത്തിലാണ് പ്രകൃതി നിലകൊള്ളുന്നത് എന്ന് എമിലി എഴുതി. അതിസുന്ദരമായ സ്വർഗ്ഗത്തേക്കാൾ നല്ലത് ഭൂമിയിൽ ഉറങ്ങുന്നതാണെന്നും.

സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ വേണ്ടിയാണ് അവർ മൂന്നുപേരും തങ്ങളുടെ കവിതകൾ ഒരൊറ്റ സമാഹാരത്തിലൂടെ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. ഇവിടെയും ചില വ്യത്യാസങ്ങളുണ്ട്, സ്ത്രീകൾ എഴുതിയ കവിതകൾ എന്ന മുൻവിധിയോടെ സമൂഹവും വായനക്കാരും അതിനെ നോക്കിക്കാണും എന്ന ഭയം കൊണ്ട് തന്നെ അവർ മൂന്നുപേരും പുരുഷന്മാരുടെ കള്ള പേരിലാണ് ആ കവിതകൾ പ്രസിദ്ധീകരിച്ചിരുന്നത്. നിരൂപകർ നല്ല വാക്കുകൾ പറഞ്ഞിരുന്നെങ്കിലും വെറും രണ്ട് കോപ്പികൾ മാത്രമാണ് വിറ്റു പോയത്.

ബ്രോണ്ടി സഹോദരിമാരുടെ ചിത്രത്തിനു മുൻപിൽ രാധിക പദ്​മാവതി
ബ്രോണ്ടി സഹോദരിമാരുടെ ചിത്രത്തിനു മുൻപിൽ രാധിക പദ്​മാവതി

എന്നിട്ടും വൈകുന്നേരങ്ങളിൽ മെഴുകുതിരി വെളിച്ചത്തിന്റെ ചുറ്റുമിരുന്ന് ആ മൂന്ന് സ്ത്രീകളും എഴുതിക്കൊണ്ടേയിരുന്നു തങ്ങൾ എഴുതുന്ന നോവലിലെ കഥാപാത്രങ്ങളെക്കുറിച്ച് അവർ പരസ്പരം സംസാരിച്ചു. ഇടയ്ക്ക് എപ്പോഴോ പഠിക്കാനും പഠിപ്പിക്കാനും ഒക്കെയായി എമിലിയും ഷാർലറ്റും വീട് വിട്ട് ബ്രസൽസിലേക്ക് പോയി. വീട് വിട്ടുനിൽക്കുക എന്നത് എമിലിക്ക് അത്ര എളുപ്പമായിരുന്നില്ല. ബ്രസൽസിലെ സ്കൂളിൽ ഗവർണസ് ആയിരിക്കെത്തന്നെ അവിടുത്തെ രീതികളെ അവൾ ചോദ്യം ചെയ്തിരുന്നു. സ്വതന്ത്രയും ആരോടും തന്റെ അഭിപ്രായങ്ങൾ പറയാൻ മടിയില്ലാത്തവളുമായിരുന്നു എമിലി. പ്രകൃതിയോട് ചേർന്നുള്ള ഒരു ജീവിതം അതാണ് അവൾ തെരഞ്ഞെടുത്തത്. കുന്നിൻ പുറങ്ങളിലൂടെ വെറുതെ നടക്കാനാണ് അവൾ ഏറെ ഇഷ്ടപ്പെട്ടിരുന്നത്. ബ്രസൽസിലെ ജോലി രാജി വെച്ച് എമിലി വീട്ടിലേക്ക് തിരിച്ചുവന്നു നാലുവർഷം, അവൾ വീട്ട് ഭരണവും വായനയും എഴുത്തും ആയി ജീവിതം തുടർന്നു.

1847 ജനുവരി മുതൽ മെയ് വരെയുള്ള കാലത്തിലാണ് എമിലി വുതറിംഗ് ഹൈറ്റ്സ് എഴുതി തീർത്തത്. മൂന്നു സഹോദരിമാരും തങ്ങളുടെ രചനകൾ ചേർത്ത് ഒരൊറ്റ പുസ്തകം, എന്ന ആശയത്തെ പക്ഷേ പ്രസാധകർ അനുകൂലിച്ചില്ല, ഷാർലറ്റ് ആദ്യം പിൻവാങ്ങി, എമിലി വുതറിംഗ് ഹൈറ്റ്സിനെ കുറച്ചു കൂടി മനോഹരമാക്കുകയും ചെയ്തു.

ദി പ്രൊഫസർ എന്ന ഷാർലറ്റിന്റെ ആദ്യ നോവൽ പ്രസിദ്ധീകരണ യോഗ്യമല്ലെന്ന് പറഞ്ഞ് തഴയപ്പെടുകയായിരുന്നു. എന്നാൽ അവരുടെ രണ്ടാമത്തെ നോവലായ ജെയ്ൻ എയർ ആഘോഷിക്കപ്പെട്ട പുസ്തകമാണ്. അതേസമയം എമിലിയുടെ വുതറിംഗ് ഹൈറ്റ്സും ആനിന്റെ ആഗ്നസ് ഗ്രേയും ഒരുപാട് സ്നേഹത്തോടെ വായനക്കാർ കൂടെ കൂട്ടി. ആനിന്റെ തന്നെ വൈൽഡ് ഹാൾ 1848 ജൂണിൽ പ്രസിദ്ധികരിക്കപെട്ടു. നല്ല പ്രതികരണങ്ങളാണ് പുസ്തകത്തിന് ലഭിച്ചത്. എന്നാൽ എന്നെപ്പോലുള്ള ഒരു ശരാശരി വായനക്കാരിക്ക് എമിലി ബ്രോണ്ടിയുടെ മാത്രം വീടാണ് ബ്രോണ്ടി ഹൗസ്. അത്, വുതറിംഗ് ഹൈറ്റ്സ് പിറവി എടുത്ത വീടാണ്. അത്, കാതറിന്റെയും ഹീത് ക്ലീഫിന്റെയും ബോധഅബോധ മനസ്സിന്റെ പറച്ചിലുകളും ചെയ്തികളും ഏറ്റെടുത്ത വീടാണ്.

ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത്, ഒരു ദിവസം ഗിരീഷ് പുത്തഞ്ചേരിയോട് ബുദ്ധിശൂന്യമായ ഒരു തർക്കത്തിൽ ഏർപ്പെട്ടു, ഗീരിഷ്, ഏട്ടന്റെ അടുത്ത സുഹൃത്തും വീട്ടിലെ ഒരു അംഗത്തെ പോലെയുമായിരുന്ന കാലം. പുസ്തകങ്ങളെ കുറിച്ച് മാത്രമാണ് ഗിരീഷ് എന്നോട് സംസാരിക്കാറുണ്ടായിരുന്നത്. ആയിടയ്ക്ക് കോളേജിലെ ഒരു സുഹൃത്ത് വുതറിംഗ് ഹൈറ്റ്സ് വായിക്കാൻ തന്നതും ആ പുസ്തകം തന്ന അതീന്ദ്രിയമായ വായനാനുഭവത്തെക്കുറിച്ചും ഞാൻ ഗിരീഷിനോട് പറഞ്ഞു. പുസ്തകത്തെക്കുറിച്ച് അല്ല എമിലി ബ്രോണ്ടിയെക്കുറിച്ചാണ് ഗിരീഷ് വാചാലനായത്.

ഗിരീഷ് പുത്തഞ്ചേരി
ഗിരീഷ് പുത്തഞ്ചേരി

ഞാനാകട്ടെ എഴുത്തുകാരിയുടെ പേര് മേരി ഡിൻ ആണെന്ന് പറഞ്ഞ് ഗിരീഷിനെ തിരുത്താൻ ശ്രമിച്ചു. താൻ എത്ര ലക്ഷം രൂപയ്ക്ക് വേണെങ്കിലും ബെറ്റ് വയ്ക്കാൻ തയ്യാർ ആണെന്ന് ഗിരീഷ്. ആയിടയ്ക്ക് ബ്രോണ്ടി ഹൗസ് സന്ദർശി ച്ച ശേഷം എം.ടി. എഴുതിയ ഒരു ലേഖനം വായിച്ച ശേഷമാണ് താൻ വുതറിംഗ് ഹൈറ്റ്സ് വായിച്ചതെന്നും കവി. തർക്കത്തിന് ഒടുവിൽ എന്നെങ്കിലും ഒരിക്കൽ താൻ ബ്രോണ്ടി ഹൗസ് വിസിറ്റ് ചെയ്യുമെന്ന് ഗിരിഷ് പറഞ്ഞു കൊണ്ടിരുന്നു.

2023 ജനുവരി ഏഴിന് ആണ് ഞാൻ ബ്രോണ്ടി ഹൗസ് കാണാൻ പോയത്. യാത്ര യിൽ ഞാൻ ഗിരിഷ് പുത്തഞ്ചേരിയെക്കുറിച്ചും ഏട്ടനുമായി അയാൾ നടത്തിയിരുന്ന സാഹിത്യ ചർച്ചകളെക്കുറിച്ചുമാണ് ഓർത്തുകൊണ്ടിരുന്നത്. "പ്രിയ ഗിരീഷ്, നിങ്ങൾ ബ്രോണ്ടി ഹൗസ് കണ്ടിരുന്നോ എന്നെനിക്ക് അറിയില്ല. എന്നാൽ ഇന്ന് ഞാൻ നിങ്ങൾക്ക് കൂടി വേണ്ടിയാണ് ആ വീട് കാണാൻ പോകുന്നത്.'

ഒരിക്കൽ പാട്രിക് ബ്രോണ്ടി തന്റെ മകന് കളിക്കാൻ കുറച്ച് പട്ടാളക്കാരുടെ രൂപത്തിലുളള കളിപ്പാട്ടങ്ങൾ വാങ്ങി. അയാൾ എന്നും മകന്റെ വളർച്ചയെ പറ്റി മാത്രം സ്വപ്നം കണ്ടിരുന്ന ഒരച്ഛനായിരുന്നു. പ്രതിഭാശാലിയായിട്ടും, മദ്യത്തിനും മയക്ക് മരുന്നിനും മുൻപിൽ തോറ്റ് പോയവനായിരുന്നു പക്ഷേ ആ മകൻ. എന്നാൽ പാട്രിക്കിന്റെ മൂന്ന് പെൺകുട്ടികൾ മോറിലെ മനോഹരങ്ങളായ പുൽ മേട്ടിൽ നടക്കാൻ പോകുമ്പോൾ പട്ടാളക്കാരെയും കൂടെകൂട്ടി. പെൺകുട്ടികൾ പട്ടാളക്കാരെ "യങ്ങ് മെൻ' എന്നാണ് വിളിച്ചിരുന്നത്. അവർ പട്ടാളക്കാരോട് കഥകൾ പറഞ്ഞു, കവിതകൾ ചൊല്ലി. അവരുടെ ഭാവന ലോകം വളർന്നതും അവർ മൂന്ന് പേർക്കും എഴുത്തിന്റേതായ ഒരു രഹസ്യ ലോകം ഉണ്ടായതും പക്ഷേ ആ അച്ഛൻ അറിഞ്ഞിരുന്നില്ല.

എല്ലിസ് ബെൽ എന്ന കള്ളപ്പേരിൽ ആണ് എമിലി കവിതകൾ എഴുതി പ്രസിദ്ധീകരിച്ചത്. അതുകൊണ്ട് തന്നെ 1847 ൽ വുതറിംഗ് ഹൈറ്റ്സ് പ്രസിദ്ധീകരിച്ചത് ആ പേരിലാണോ എന്ന കാര്യത്തിൽ, നിരൂപകർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ട്. വുതറിംഗ് ഹൈറ്റ്സ് ഇറങ്ങിയ നേരത്ത് ലണ്ടൻ സാഹിത്യ സദസ്സുകളിൽ ആരാണ് ഇത് എഴുതിയത് എന്ന ചോദ്യം നിറഞ്ഞ് നിന്നു.

തന്റെ പ്രശസ്തിയുടെ ഊർജ്ജത്തിൽ ഒരു വർഷം മാത്രം ജീവിക്കാനെ എമിലിക്ക് കഴിഞ്ഞുള്ളു. ഏക സഹോദരന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്ന സമയത്ത് തന്നെ എമിലി ക്ഷയ രോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. അധികം വൈകാതെ 1848 ഡിസംബർ പത്തൊമ്പതിന് അവൾ തന്റെ ശരീരം ഉപേക്ഷിച്ച് പോയി. അന്ന് മുതൽ ഇന്നു വരെ എമിലി ജീവിക്കുന്നത് വുതറിംഗ് ഹൈറ്റ്സ് എന്ന തന്റെ ഒരേ ഒരു നോവലിലൂടെയാണ്.

വുതറിംഗ് ഹൈറ്റ്സിന്റെ രണ്ടാം പതിപ്പ് കാണാൻ അവൾക്ക് കഴിഞ്ഞില്ല. മരിക്കുമ്പോൾ വെറും മുപ്പത് വയസ്സായിയിരുന്നു എമിലി ബ്രോണ്ടിയ്ക്ക്.ആർക്കും അത്ര എളുപ്പത്തിൽ കയറി ചെല്ലാവുന്ന ഒരു ഇടമല്ല എമിലിയുടെ വുതറിംഗ് ഹൈറ്റ്സ്.

പ്രണയം, ചതി, വഞ്ചന, പ്രതികാരം, ഏകാന്തത ഇതൊക്കെയുള്ള സങ്കീർണ്ണമായ മനുഷ്യ മനസ്സിന്റെ ഉറയൂരലാണ് വുതറിംഗ് ഹൈറ്റ്സ്. മിൽട്ടൺ, ലോർഡ് ബൈറൺ. വില്യം ബ്ലേക്ക്, മേരി ഷേല്ലി എന്നിവരുടെ വായനാ സ്വാധീനം എമിലിയുടെ എഴുത്തിൽ ഉണ്ടായിരുന്നുവെന്ന് നിരൂപകർ. പരമ്പരാഗത രീതിയിൽ വളരെ എളുപ്പം തന്നെ വായനക്കാരുടെ ദയയോ, കരുണയോ അർഹിക്കാത്ത കഥാപാത്രങ്ങളെയാണ് എമിലി നിർമ്മിച്ചെടുത്തത്.

ബാല്യകാലത്ത് ഹീത് ക്ലിഫ് അനുഭവി ച്ച അപമാനങ്ങൾക്ക് (ഏറെയും വംശീയ ആക്ഷേപങ്ങൾ ആയിരുന്നു) മറുപടിയെന്നോണം രണ്ടാംവരവിൽ അയാൾ നടത്തുന്ന ക്രൂര പ്രവർത്തികളെ ലഘൂകരിക്കുന്നത് ഒരു പക്ഷേ കാതറിനോട് അയാൾക്കുള്ള ആഴത്തിലുള്ള പ്രണയം തന്നെയായിരിക്കും. കാതറിൻ ആകട്ടെ ഒരേ സമയം ഹീത് ക്ലിഫിനെ തീവ്രമായി ആഗഹിക്കുകയും മനസ്സിന്റെ മറുവശം കൊണ്ട് പ്രായോഗികമാകുകയും ചെയ്യുണ്ട്.

തന്നെ അപമാനിച്ചവരോട് പ്രതികാരം ചെയ്യാനുളള ഹീത് ക്ലിഫിന്റെ മടങ്ങി വരവ് എന്ന് ഒറ്റവായനയിൽ അഭിപ്രായപെട്ട നിരൂപകർ ഉണ്ട്. ഹീത് ക്ലിഫ് അനുഭവിച്ച വർണ്ണ വിവേചനം മാത്രമല്ല വുതറിംഗ് ഹൈറ്റ്സ്. പ്രകൃതിയുടെ ഇരുണ്ട മുഖം, ഹീത് ക്ലിഫിന്റെ ദേവാസുര ഭാവം, മരണത്തോടുള്ള ആകർഷണം, അതിന് ശക്തികൾ തുടങ്ങി വലിയ കാൻവാസിൽ പറഞ്ഞു തീർത്ത ഒരു നോവൽ ആണ് വുതറിംഗ് ഹൈറ്റ്സ്.

ഭൂതവും വർത്തമാനവും, ധർമ്മവും അധാർമ്മികതയും വിശ്വാസവും അന്ധവിശ്വാസവുമെല്ലാം കൃത്യമായ അതിർ വരമ്പുകളിലൂടെയാണ് വുതറിംഗ് ഹൈറ്റിസിൽ അടയാളപ്പെടുത്തിയത്. ലോക്ക് വുഡ് എന്ന വാടക്കാരൻ കാതറിന്റെ പ്രേതത്തെ കാണുന്നു എന്ന് കൃത്യമായി പറയുന്നതിന് പകരം അത് അയാളുടെ ഒരു സ്വപ്നമായി വ്യഖ്യാനിക്കാൻ കഴിയും എന്നത് തന്നെ ഗോത്തിക് എഴുത്ത് രീതിയുടെ വലിയ ഉദാഹരണം.

ഒരു വടക്കൻ വീരഗാഥയിലെ ചന്തു ഉൾപ്പടെ ഹീത് ക്ലിഫിന്റെ ഛായ ഉളള എത്രയോ, കഥാപാത്രങ്ങളെ മലയാള സിനിമയിൽ കണ്ടു എന്ന് ഞാൻ ബ്രോണ്ടി ഹൗസിന്റെ മുൻവശത്തുള്ള സെമിത്തേരിയിൽ ഇരിക്കുന്ന നേരത്ത് വെറുതെ ഓർത്തു പോയി.

നൂറ്റാണ്ടുകൾ പഴക്കമുള്ള ആ എഴുത്ത് വീട് ഇന്നും പ്രൗഡിയോടെ നിൽക്കുന്നു എമിലിയുടെ മരണം കഴിഞ്ഞ് അധികം വൈകാതെ ആനും മരണപ്പെട്ടു. പിന്നീട് ആ വലിയ വീട്ടിൽ ഷാർലറ്റും അച്ഛനും മാത്രമായി. വൈകുന്നേരങ്ങളിൽ ഒറ്റക്ക് വിഷാദത്തോടെ നടക്കാൻ പോകുന്ന ഷാർലറ്റിനെ വീട്ടു ജോലിക്കാരി ഓർത്തെടുത്തതും ചരിത്രത്തിന്റെ ഭാഗമായി.

ആദ്യം പ്രസാധകർ നിരസിച്ച ഷാർലറ്റിന്റെ ദി പ്രൊഫസർ എന്ന നോവൽ ജയ്ൻ എയറിന്റെ എഴുത്തുകാരിയുടെ രചന എന്ന നിലക്ക് അംഗീകരിക്കപ്പെടുകയുണ്ടായി. ഷാർലറ്റ്, നിക്കോളസ് എന്ന തന്റെ സുഹൃത്തിനെ വിവാഹം കഴിച്ച് അധികം വൈകാതെ 1855 ൽ മരണപ്പെടുകയും ചെയ്തു.

കാലമെത്തുന്നതിന്റെ മുൻപ് മരിച്ച് പോയ തന്റെ മൂന്ന് പെൺകുട്ടികളുടെയും സാഹിത്യ സൃഷ്ടികൾ ലോകം മുഴുവൻ ഏറ്റുവാങ്ങുന്നത് കാണാനുള്ള അവസരം പാട്രിക്കിന് ഉണ്ടായി.

നൂറ്റാണ്ടുകൾക്ക് മുൻപ് മൂന്ന് പ്രതിഭാശാലികൾ മെഴുകുതിരി വെളിച്ചത്തിൽ എഴുതിയിരുന്ന മേശ, പെൻ, റൈറ്റിംഗ് ബോർഡ് എന്നിവയും അവർ നിത്യ ജീവിതത്തിൽ ഉപയോഗിച്ചിരുന്ന പല വസ്തുക്കളും വൃത്തിയായി സൂക്ഷിച്ച് വെച്ചിട്ടുണ്ട് ബ്രോണ്ടി പാർസനേജ് മ്യൂസിയത്തിൽ.

എമിലി ബ്രോണ്ടിയുടെ വിരലുകൾ തൊട്ട പിയാനോ, ഷാർലറ്റിന്റെ വസ്ത്രങ്ങൾ, മൂന്ന് സഹാദരിമാരും വായിച്ച് തീർത്ത പുസ്കങ്ങൾ, ലോകത്തെ മുഴുവൻ ഒളിപ്പിച്ച് അവർ എഴുതിക്കൂട്ടിയ നോട്ടുപുസ്തകങ്ങൾ അങ്ങനെ അവരുടെ ജീവിതത്തെ തൊട്ടറിഞ്ഞ നൂറ് കണക്കിന് സാധനങ്ങൾ.

എമിലി ബ്രോണ്ടിയുടെ കാൽപ്പാദങ്ങൾ പതിഞ്ഞ വീടിന്റെ ഓരോ മുറിയിലും കയറിയിറങ്ങിയപ്പോൾ ഞാൻ എന്നോട് തന്നെ പറഞ്ഞു, നീ ഒരു ഭാഗ്യവതിയാണെന്ന് .

പ്രിയപ്പെട്ട ഗിരീഷ് , ബ്രോണ്ടിഹൗസിലേക്കുള്ള എന്റെ ഒന്നാമത്തെ യാത്ര മാത്രമാണിത്. ഞാൻ ഇനിയും വലിയ കുന്ന് കയറി ആ വീട്ടിലേക്ക് പോകും എന്റെ കാഴ്ചകളിലൂടെ നിങ്ങളും.


Summary: പ്രണയം, ചതി, വഞ്ചന. പ്രതികാരം, ഏകാന്തത ഇതൊക്കെയുള്ള സങ്കീർണ്ണമായ മനുഷ്യ മനസ്സിെന്റെ ഉറ ഊരലാണ് വുതറിംഗ് ഹൈറ്റ്സ്. മിൽട്ടൺ, ലോർഡ് ബൈറൺ. വില്യം ബ്ലേക്ക്, മേരി ഷേല്ലി എന്നിവരുടെ വായനാ സ്വാധീനം എമിലിയുടെ എഴുത്തിൽ ഉണ്ടായിരുന്നുവെന്ന് നിരൂപകർ.വായനക്കാരന്റെ ദയയോ, കരുണയോ അർഹിക്കാത്ത കഥാപാത്രങ്ങളെയാണ് എമിലി നിർമ്മിച്ചെടുത്തത്. ബ്രോണ്ടി ഹൗസ് കാണാൻ പോയതിൻറെ അനുഭവം രാധിക പദ്​മാവതി എഴുതുന്നു.


രാധിക പദ്​മാവതി

എഴുത്തുകാരി, അഭിഭാഷക. ഇപ്പോൾ യു.കെയിലെ ഷെഫീൽഡിൽ താമസം.

Comments