ആനന്ദ്, മലയാള സാഹിത്യത്തിന്റെ ഇന്ത്യൻ തലസ്ഥാനമാണ്. ഇന്ത്യയെന്ന സംസ്‌കാരത്തിന്റെ തെക്കും വടക്കും കിഴക്കും പടിഞ്ഞാറും, അക്ഷരങ്ങളിൽനിന്നക്ഷരങ്ങളിലേക്ക് ചേർന്നു പടരുന്ന നാഡീബന്ധങ്ങൾ കൂടിച്ചേരുന്ന തലച്ചോർസ്ഥാനം.
ഇക്കഴിഞ്ഞ കെ.എൽ.എഫിൽ (Kerala Literature Festival 2020), ബുക്ക് സെല്ലിങ് സെക്ഷനിൽ ആനന്ദിന്റെ പുസ്തകങ്ങൾ എവിടെയാണ് വച്ചിരിക്കുന്നതെന്ന ചോദ്യത്തിന് ആനന്ദ് നീലകണ്ഠൻ ആണോ എന്നു മറുചോദ്യം ചോദിച്ച ചെറുപ്പക്കാരനായ സെയിൽസ്മാനോട് കലഹിച്ചത്, നിശ്ചയമായും ഞാനായിരുന്നില്ല. സുനിലോ ജോസഫോ രാധയോ, ഒറ്റയ്‌ക്കൊറ്റയ്ക്കോ ആൾക്കൂട്ടമായോ ആയിരുന്നു. അതേ വേദിയിൽത്തന്നെ തൊട്ടരികിൽ സാക്ഷാൽ ആനന്ദിനെക്കണ്ട് അന്തം വിട്ട് നിന്നു പോയതും ഞാൻ മാത്രമായിരുന്നില്ല, മുൻപറഞ്ഞവരും കൂടിയായിരുന്നു.
ആൾക്കൂട്ടങ്ങളിലാണ് നാം നമ്മെ തിരിച്ചറിയുന്നത് എന്ന സത്യം, ഒറ്റയ്ക്കിരിക്കാൻ നിർബന്ധിതരായ ഈ കാലത്ത് ഒട്ടൊരത്ഭുതത്തോടെ നാം മനസ്സിലാക്കുന്നുണ്ട്. എന്നിലെ നന്മകളെ മാത്രം ആൾക്കൂട്ടം കാണുകയും, എന്നിൽ ഞാനായിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആൾക്കൂട്ടത്തിൽ ഒറ്റപ്പെടൽ എന്നു കരുതിയാൽ തെറ്റില്ലെന്നു തോന്നുന്നു.
ഏതാണ്ട് ഇരുപതു വർഷം മുൻപായിരിക്കണം ആദ്യമായി ഞാൻ ആൾക്കൂട്ടം വായിക്കുന്നത്. ശരീരം പ്രായപൂർത്തി അടയാളങ്ങൾ ക്ഷാരഗന്ധങ്ങളാൽ പരസ്യപ്പെടുത്താൻ തുടങ്ങിയ കാലം. വേദനകൾ ഓർത്തുവയ്ക്കാൻ തുടങ്ങിയ കാലം മുതൽ കൂട്ടിനുള്ള ടോൺസ്ലൈറ്റിസ് പോലെ, ഉപ്പു വെള്ളം കുലുക്കുത്തിയിട്ടും പോകാതെ കൂട്ടിനുള്ള അന്തർമുഖത്വം കാര്യങ്ങൾ പിന്നെയും വഷളാക്കി. മനസ്സും ശരീരവും കലഹങ്ങൾ പതിവാക്കി. അക്കാലത്താണ് ആൾക്കൂട്ടത്തിൽ ഞാൻ ചെന്നു ചേരുന്നത്. അന്തർമുഖത്തോടൊപ്പം നിസ്സംഗതയും കൂടിച്ചേർന്നതോടെ തുടർന്നുള്ള യുദ്ധങ്ങളിൽ മനസ്സു തന്നെ വിജയിച്ചുകൊണ്ടിരുന്നു.
ആൾക്കൂട്ടങ്ങളിലാണ് നാം നമ്മെ തിരിച്ചറിയുന്നത് എന്ന സത്യം, ഒറ്റയ്ക്കിരിക്കാൻ നിർബന്ധിതരായ ഈ കാലത്ത് ഒട്ടൊരത്ഭുതത്തോടെ നാം മനസ്സിലാക്കുന്നുണ്ട്. എന്നിലെ നന്മകളെ മാത്രം ആൾക്കൂട്ടം കാണുകയും, എന്നിൽ ഞാനായിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആൾക്കൂട്ടത്തിൽ ഒറ്റപ്പെടൽ എന്നു കരുതിയാൽ തെറ്റില്ലെന്നു തോന്നുന്നു.
മഹാനഗരത്തിന്റെ തിരക്കുകളിലൂടെ പലവട്ടം കടന്നു പോയി. ഒരിക്കലും വഴിതെറ്റിയോടി ബാധ്യതയാകില്ലാ എന്നുറപ്പുള്ള, ആനന്ദിന്റെ ടാക്‌സിയിൽ. എല്ലാ തിരക്കുകളും സംഗീതം പോലെ ആസ്വദിക്കാൻ എന്നെ പഠിപ്പിച്ച പ്രിയസുഹൃത്ത് സുനിലും അവന്റെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്ന ആ യാത്രയിലാണ്, നിറയാത്ത വയറുകളും ഒട്ടിയ കവിളുകളും ചായം തേച്ച ചുണ്ടുകളും തുടങ്ങി ഒരു ഡസനോളം ആൾക്കൂട്ട അടയാളങ്ങൾ ഞാൻ വായിച്ചെടുത്തത്.
""ആൾക്കൂട്ടം'' എന്റെ ജീവിതത്തെ കീഴ്‌മേൽ മറിച്ചു എന്നൊന്നും അവകാശപ്പെടുന്നില്ല. എന്നാൽ, കുറച്ചേറെ കുഴമറിച്ചിലുകൾക്കൊരു ശമനമുണ്ടാക്കാൻ അതിനു കഴിഞ്ഞു. മറ്റൊരുപിടി ആവലാതികളിലേക്കതെന്നെ മെല്ലെ ഉന്തിയിടുകയും ചെയ്തു.
ഈയിടെ നമ്മെ വിട്ടു പോയ ഇർഫാൻ ഖാനോടൊപ്പമാണ് പിന്നീട് മഹാനഗരത്തിലെത്തുന്നത്. ഡബ്ബാവാലകളുടെ പരക്കം പാച്ചിലുകൾക്കിടയിലും ഞാൻ സുനിലിനെയും സുനിൽ എന്നെയും തിരിച്ചറിഞ്ഞു. പ്രശ്ങ്ങൾക്ക് പരിഹാരം അതിലും വലിയ പ്രശ്ങ്ങളാണെന്ന മഹാസത്യം നമ്മെ ഭരിക്കുന്നവർ തിരിച്ചറിഞ്ഞതിൽപ്പിന്നെ, ഒരു മനഃസ്സാക്ഷിക്കുത്തുമില്ലാതെ എല്ലാ വർഷവും ആഗസ്റ്റ് പതിനഞ്ചിന് സ്വതന്ത്ര പതാക ചെങ്കോട്ടയിൽ ഉയരുന്നുണ്ടെന്ന് അവൻ എന്നോടും ഞാൻ അവനോടും പറഞ്ഞു. അവൻ ആൾക്കൂട്ടങ്ങളിലേക്കും ഞാൻ ഐസൊലേഷനിലേക്കും പിൻവലിഞ്ഞു പിരിഞ്ഞു.
ആനന്ദിന്റെ ആൾക്കൂട്ടം, മഹാമാരികളിൽ ഇല്ലാതാകുന്ന ആൾക്കൂട്ടമാണ്. നടന്നലഞ്ഞ്, വിശന്നു വലഞ്ഞ്, ചതഞ്ഞരഞ്ഞില്ലാതാകുന്ന ആൾക്കൂട്ടം.
മഹാമാരികളുടെ ലക്ഷ്യം ഉന്മൂലനം തന്നെയാണ്. ചരിത്രത്തിൽ നിന്നെന്തെങ്കിലും പഠിക്കാനുണ്ടെങ്കിൽ അത്, ഈ പാഠം മാത്രമാണ്. ഉന്മൂലനസിദ്ധാന്തങ്ങളെല്ലാം തന്നെ മഹാമാരികളുമാണ്.
പരിഷ്‌കൃത സമൂഹത്തിലെ പരാദങ്ങൾ തുടച്ചു മാറ്റപ്പെടുന്നതിൽ ആനന്ദം കൊള്ളുന്നവരുണ്ടാകാം, നെടുവീർപ്പോടെ സമാധാനിക്കുന്നവരുണ്ടാകാം. തങ്ങളുടെ വിമോചന സ്വപ്നങ്ങളുടെ ബാക്ക് പാക്കുകളിൽ അത്രയും ഘനം കുറഞ്ഞു എന്നോർത്തു നിശ്ശബ്ദരായവരുണ്ടാവാം.
അവരോട്; കൂടുതൽ സ്വാതന്ത്യത്തിലേക്കും, കൂടുതൽ സമത്വത്തിലേക്കും, കൂടുതൽ പുരോഗമനത്തിലേക്കും തുറക്കുന്ന വാതിലുകളാണ് മഹാമാരികൾ എന്നമട്ടിൽ ലഡ്ഡു പൊട്ടിക്കാൻ തയ്യാറെടുക്കും മുൻപേ ഓർക്കുക. കൂടുതൽ അടിച്ചമർത്തലുകളും കൂടുതൽക്കൂടുതൽ ചൂഷണങ്ങളും, കുമിഞ്ഞു കൂടിയ പ്രതിലോമതകളും നിങ്ങൾക്കായ് മൾട്ടിനാഷണൽ കെണികളൊരുക്കി, നാളെകളിൽ കാത്തിരിക്കുന്നുണ്ട്.
ആഴ്ചകളും മാസങ്ങളും വലകെട്ടിയ തനിച്ചിരിക്കലിൽ, സ്വത്വമുറഞ്ഞ് കട്ടപിടിച്ച് കണ്ണുകളിൽ പാടകെട്ടാതിരിക്കാൻ, വായിക്കുക, ആനന്ദിനെയും ആൾക്കൂട്ടത്തെയും. അര നൂറ്റാണ്ടിനിപ്പുറവും 'ആൾക്കൂട്ടങ്ങൾ' യാഥാർഥ്യമായിത്തുടരുന്നു എന്നത് തന്നെയാണ് ആനന്ദിന്റെ പ്രസക്തി, ആൾക്കൂട്ടത്തിന്റെ പ്രസക്തി.