വി. സഹദേവൻ.

തൊണ്ണൂറിനുശേഷം പിറന്ന
എഴുത്തുകാരൻ

91-ാം വയസ്സിൽ ആദ്യപുസ്തകവുമായി എഴുത്തിലേക്കു കടന്നുവന്ന്, 96-ാം വയസ്സിലും അടുത്ത പുസ്തകത്തെക്കുറിച്ച് ചിന്തിക്കുന്ന വി. സഹദേവന്റെ എഴുത്തുജീവിതം എഴുതുന്നു, രാ​ജേഷ് എസ്. വള്ളിക്കോട്.

ഭൂരിഭാഗം മനുഷ്യർക്കും 90 വയസ്സ് കടക്കാൻ സാധിക്കാറില്ല. അത്രയും കാലം ജീവിച്ചാൽത്തന്നെ അത് ശാരീരികവും മാനസികവുമായ വിശ്രമത്തിന്റെ കാലമായാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. എന്നാൽ, ഈ പ്രായത്തിലും തന്റെ സർഗാത്മകതയും വിസ്മയകരമായ ഓർമ്മശക്തിയും കൊണ്ട് എഴുത്തുലോകത്തെ അത്ഭുതപ്പെടുത്തുകയാണ് 96-കാരനായ വി. സഹദേവൻ.

90 കഴിഞ്ഞ ശേഷമാണ് അദ്ദേഹം എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നത്. അതിന് അടിത്തറയായത് ഒൻപത് പതിറ്റാണ്ടുകാലം മനസ്സിൽ ശേഖരിച്ചുവെച്ച, മറവിയിലാകാത്ത ജീവിതാനുഭവങ്ങളായിരുന്നു. അനുഭവങ്ങളെ ഓർമ്മകളാക്കി ദീർഘകാലം സൂക്ഷിക്കുകയും പിന്നീട് അവയെ അക്ഷരങ്ങളാക്കി മാറ്റുകയും ചെയ്തതാണ് ആ എഴുത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

വാർധക്യത്തിന്റെ പരിമിതികളെ അക്ഷരങ്ങൾകൊണ്ട് അതിജീവിക്കുകയാണ് ഈ മനുഷ്യൻ. 91-ാം വയസ്സിൽ അദ്ദേഹം ‘ഹരിതസ്മരണ’ എന്ന ആദ്യഗ്രന്ഥം രചിച്ചു. തുടർന്ന് 96-ാം വയസ്സിൽ ‘വനദേവതയ്ക്ക് വിനയപൂർവം’ എന്ന രണ്ടാമത്തെ പുസ്തകവും പ്രസിദ്ധീകരിച്ചു. കോന്നി കല്ലേലിയിലെ കുടുംബവീടിന്റെ ഉമ്മറത്തിരുന്ന് അദ്ദേഹം സംസാരിക്കുമ്പോൾ, വാക്കുകളിലെ വ്യക്തതയും ചിന്തയിലെ തെളിമയും നമ്മെ അത്ഭുതപ്പെടുത്തുന്നു. വനജീവിതവും അവിടത്തെ മനുഷ്യരും അവരുടെ ജീവിതരീതികളും ഇന്നലെ കണ്ടതുപോലെ അദ്ദേഹത്തിന്റെ ഓർമ്മയിൽ തെളിയുന്നു. അദ്ദേഹം പറയുന്ന ഓരോ ഓർമ്മയും വെറും ഭൂതകാലമല്ല; വീണ്ടും ജീവൻ പ്രാപിക്കുന്ന ഒരു വനചരിത്രമാണ്

മനസ്സിനുള്ളിലെ
വനപാതകൾ

ജീവിതത്തിൽ ഒരിക്കൽപോലും അദ്ദേഹം ഡയറിയെഴുതുകയോ കുറിപ്പുകൾ സൂക്ഷിക്കുകയോ ചെയ്തിരുന്നില്ല. പുസ്തകരചന ആരംഭിച്ചപ്പോഴും പഴയ രേഖകളുടെ ശേഖരം അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നില്ല. ഓർമ്മകളെ മാത്രം ആശ്രയിച്ചാണ് രണ്ടു പുസ്തകങ്ങളിലെയും അനുഭവങ്ങളും അറിവുകളും അദ്ദേഹം അക്ഷരരൂപത്തിലാക്കിയത്.

1956-ൽ വനംവകുപ്പിൽ ജോലിയിൽ പ്രവേശിച്ച കാലത്തെക്കുറിച്ച് പറയുമ്പോൾ അന്നത്തെ വനപാതകളെയും സഹപ്രവർത്തകരെയും അദ്ദേഹം കൃത്യമായി ഓർത്തെടുക്കുന്നു. അച്ചൻകോവിൽ കാടുകളിലെ ആലപ്പാടിമെത്ത്, പള്ളിമുണ്ടാൻ, ചിറ്റാർമൂഴി, മുക്കടമൂഴി തുടങ്ങിയ സ്ഥലങ്ങളുടെ പേരുകൾ ഇന്നും ഓർമ്മയിൽ ഒളിമങ്ങാതെ നിൽക്കുന്നു. തന്നോടൊപ്പം ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെയും ആനക്കാരുടെയും പേരുകളും കൃത്യമായി ഓർത്തുപറയുന്നു. ഓരോ സംഭവവും അതിലേക്കു നയിച്ച സാഹചര്യങ്ങളും ഇന്നലെ നടന്നതുപോലെ വിശദമായി വിവരിക്കുന്നു.

പതിറ്റാണ്ടുകൾക്കു മുമ്പ് നടന്ന സംഭവങ്ങൾ അദ്ദേഹത്തിന്റെ മനസ്സിൽ വെറും വിവരങ്ങളായല്ല നിലനിൽക്കുന്നത്. മനുഷ്യരും സ്ഥലങ്ങളും ശബ്ദങ്ങളും അനുഭവങ്ങളുമായി അവ വീണ്ടും ജീവൻ പ്രാപിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കാടോർമ്മകൾ വായിക്കുമ്പോഴും കേൾക്കുമ്പോഴും ഒരു പഴയ ചലച്ചിത്രത്തിലെ ദൃശ്യങ്ങൾ മുന്നിലൂടെ കടന്നുപോകുന്നതുപോലുള്ള അനുഭവം നമുക്കുണ്ടാകുന്നു.

90 കഴിഞ്ഞ ശേഷമാണ് വി. സഹദേവൻ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നത്. അതിന് അടിത്തറയായത് ഒൻപത് പതിറ്റാണ്ടുകാലം മനസ്സിൽ ശേഖരിച്ചുവെച്ച, മറവിയിലാകാത്ത ജീവിതാനുഭവങ്ങളായിരുന്നു.
90 കഴിഞ്ഞ ശേഷമാണ് വി. സഹദേവൻ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നത്. അതിന് അടിത്തറയായത് ഒൻപത് പതിറ്റാണ്ടുകാലം മനസ്സിൽ ശേഖരിച്ചുവെച്ച, മറവിയിലാകാത്ത ജീവിതാനുഭവങ്ങളായിരുന്നു.

ഓർമ്മയിലെ ഭൂമിശാസ്ത്രം,
80 വർഷങ്ങൾക്കു മുൻപ്:

ക്ലാസ് മുറിയിൽനിന്ന് നേടിയ അറിവുകളെ പിൽക്കാലത്ത് പ്രകൃതിയിൽ കണ്ട കാര്യങ്ങളുമായി ബന്ധിപ്പിച്ച് അവതരിപ്പിക്കാൻ അദ്ദേഹത്തിന് സവിശേഷമായ കഴിവുണ്ട്. അച്ചൻകോവിലാറിന്റെ പോഷകനദിയായ ചിറ്റാറിലെ തണുത്ത വെള്ളവും അച്ചൻകോവിലാറിലെ താരതമ്യേന ചൂടുള്ള വെള്ളവും ചിറ്റാർമൂഴിയിൽ സംഗമിക്കുന്ന അനുഭവം അദ്ദേഹം വിവരിക്കുന്നു.

"വ്യത്യസ്ത താപനിലയിലുള്ള രണ്ടു ജലധാരകൾ കൂടിച്ചേരുന്ന ആ കാഴ്ച കുട്ടിക്കാലത്തെ ഒരു ഭൂമിശാസ്ത്രപാഠമാണ് ഓർമ്മയിൽ എത്തിക്കുന്നത്. അമേരിക്കയുടെ കിഴക്കുഭാഗത്ത് ഗൾഫ് സ്ട്രീം എന്ന ഉഷ്ണജലപ്രവാഹവും ലാബ്രഡോർ എന്ന ശൈത്യജലപ്രവാഹവും സംഗമിക്കുന്നതിനെക്കുറിച്ച് എൻ്റെ വർഗീസ് സാർ പഠിപ്പിച്ച പാഠമായിരുന്നു അത്. "

രണ്ടു പ്രതിഭാസങ്ങളും ഒന്നാണെന്നല്ല അദ്ദേഹം പറയുന്നത്. വ്യത്യസ്ത താപനിലകളുള്ള ജലപ്രവാഹങ്ങളുടെ കൂടിച്ചേരലിൽ അദ്ദേഹം ഒരു സാദൃശ്യം കണ്ടെത്തുകയാണ്. ഇങ്ങനെ ബാല്യത്തിൽ കേട്ട ഒരു പാഠം പതിറ്റാണ്ടുകൾക്കുശേഷം ഉൾവനത്തിലെ ഒരു നദീസംഗമത്തിൽ തിരിച്ചറിഞ്ഞ ഈ അനുഭവം അദ്ദേഹത്തിന്റെ ഓർമ്മശക്തിയുടെയും നിരീക്ഷണപാടവത്തിന്റെയും അനേകം ഉദാഹരണങ്ങളിലൊന്നു മാത്രം

കാഴ്ചകളിൽ വിരിഞ്ഞ കവിത

കാട്ടിലൂടെയും നാട്ടിലൂടെയും യാത്ര ചെയ്യുമ്പോൾ കാണുന്ന പ്രകൃതിദൃശ്യങ്ങളെ കുട്ടിക്കാലത്ത് പഠിച്ച കവിതകളുമായി ബന്ധിപ്പിച്ചാണ് അദ്ദേഹം നമുക്കു മുൻപിൽ അവതരിപ്പിക്കുന്നത്. വേനൽക്കാലത്ത് കാട്ടുതീയിൽ കരിഞ്ഞ മലഞ്ചരിവുകളിൽ മഴയ്ക്കുശേഷം പച്ചപ്പു മുളയ്ക്കുകയും അതിൽ മഞ്ഞുതുള്ളികൾ തിളങ്ങുകയും ചെയ്യുന്ന കാഴ്ച അദ്ദേഹത്തിന്റെ മനസ്സിൽ ഉള്ളൂരിന്റെ ‘ഉമാകേരളം’ എന്ന കൃതിയിലെ കാവ്യചിത്രങ്ങളെ ഉണർത്തുന്നു.

മനുഷ്യൻ പാറ പൊട്ടിച്ച് ഇല്ലാതാക്കിയ, വലിയ കുഴികളായി മാറ്റിയ കൊല്ലത്തെ കല്ലുവാതുക്കൽ പാറ കാണുമ്പോൾ അദ്ദേഹത്തിന്റെ ഓർമ്മയിലെത്തുന്നത് കുമാരനാശാന്റെ ‘വീണപൂവി’ലെ വിഖ്യാതമായ വരികളാണ്. ഒരിക്കൽ ഉയർന്ന സ്ഥാനത്ത് ശോഭിച്ചിരുന്ന പൂവ് പിന്നീട് നിലത്തുവീണു കിടക്കുന്നതിനെക്കുറിച്ചുള്ള ആശാന്റെ കാവ്യദർശനത്തെ മനുഷ്യന്റെ ഇടപെടലിലൂടെ തകർന്ന പ്രകൃതിയുടെ അവസ്ഥയുമായി ചേർത്ത് വിവരിക്കുന്നു. അത് കേൾവിക്കാരിലും വായനക്കാരിലും പറയുന്ന കാര്യത്തെ പൂർണാർഥത്തിൽ ഉൾക്കൊള്ളാൻ സഹായിക്കുന്നു . അദ്ദേഹത്തിന് പതിറ്റാണ്ടുകൾക്ക് മുൻപ്, പാഠപുസ്തകത്തിൽനിന്ന് പഠിച്ച കവിതകൾ പരീക്ഷയ്ക്കുവേണ്ടി മനഃപാഠമാക്കിയ വരികളായിരുന്നില്ല. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ പ്രകൃതിയെ മനസ്സിലാക്കാനും അതിന്റെ സൗന്ദര്യവും നാശവും തിരിച്ചറിയാനുമുള്ള ദർശനവുമായിരുന്നു.

കാട്ടിലൂടെയും നാട്ടിലൂടെയും യാത്ര ചെയ്യുമ്പോൾ കാണുന്ന പ്രകൃതിദൃശ്യങ്ങളെ കുട്ടിക്കാലത്ത് പഠിച്ച കവിതകളുമായി ബന്ധിപ്പിച്ചാണ് വി. സഹദേവൻ  നമുക്കു മുൻപിൽ അവതരിപ്പിക്കുന്നത്.
കാട്ടിലൂടെയും നാട്ടിലൂടെയും യാത്ര ചെയ്യുമ്പോൾ കാണുന്ന പ്രകൃതിദൃശ്യങ്ങളെ കുട്ടിക്കാലത്ത് പഠിച്ച കവിതകളുമായി ബന്ധിപ്പിച്ചാണ് വി. സഹദേവൻ നമുക്കു മുൻപിൽ അവതരിപ്പിക്കുന്നത്.

തെളിമ നൽകിയ വായന

ചിട്ടയായ ജീവിതക്രമവും പതിവായ വായനയും തന്നെ സഹായിച്ചിട്ടുണ്ടെന്നാണ് സഹദേവന്റെ വിശ്വാസം. ദിവസവും പുലർച്ചെ എഴുന്നേറ്റ് കുളിച്ചശേഷം ഭാഗവതപാരായണം നടത്തുന്നത് പതിറ്റാണ്ടുകളായുള്ള ശീലമാണ്. കണ്ണിലെ ശസ്ത്രക്രിയയെ തുടർന്ന് വായനയ്ക്ക് ചില നിയന്ത്രണങ്ങൾ ഇടയ്ക്ക് വന്നിട്ടുണ്ടെങ്കിലും ആ പതിവ് പൂർണമായി ഉപേക്ഷിച്ചിട്ടില്ല. കർക്കടകമാസത്തിൽ രാമായണ പാരായണവും നടത്തുന്നു. നിരന്തര വായന വാക്കുകൾക്ക് ഒഴുക്കും ഭാഷയ്ക്ക് തെളിമയും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കരുതുന്നു.

ശ്ലോകങ്ങളും പര്യായപദങ്ങളും കാവ്യശകലങ്ങളും ഇന്നും അദ്ദേഹത്തിന്റെ ഓർമ്മയിൽ നിലനിൽക്കുന്നു. അദ്ദേഹത്തിൻ്റെ പുസ്തകങ്ങളിലെ ഭാഷയിൽ കാണുന്ന സ്വാഭാവികമായ ഒഴുക്കിനു പിന്നിൽ ദീർഘകാലത്തെ വായനയുടെ തെളിച്ചം നമുക്ക് കാണാം.

ആനമാടങ്ങളും
വനജീവിതവും

കേരള വനംവകുപ്പിൽ 30 വർഷമാണ് അദ്ദേഹം ജോലിചെയ്തത്. ഫോറസ്റ്റ് റേഞ്ച് ഓഫീസറായിട്ടാണ് വിരമിച്ചത്. ഔദ്യോഗികജീവിതമേതാണ്ട് പൂർണമായി കാടിന്റെ കഠിനമായ സാഹചര്യങ്ങളിലൂടെയായിരുന്നു. ഉൾവനങ്ങളിലെ ഈറ്റയില മേഞ്ഞ കുടിലുകളിലും വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള ഇടങ്ങളിലുമെല്ലാം താമസിച്ചാണ് പല ഘട്ടങ്ങളിലും ജോലി ചെയ്തത്.

അദ്ദേഹത്തിന്റെ മുത്തശ്ശൻ വെളുമ്പൻ കൊച്ചുകുഞ്ഞ് കല്ലേലി മേഖലയിൽ ടാങ്കിയാ വ്യവസ്ഥയിൽ സ്ഥലം ഏറ്റെടുത്ത് കൃഷി ചെയ്തിരുന്ന കാലത്തെ ഓർമ്മകളും അദ്ദേഹം പങ്ക് വെച്ചു. പുതിയ തേക്കുതൈകൾ നട്ടുപിടിപ്പിക്കുന്നതിനൊപ്പം കർഷകർക്ക് നിശ്ചിതകാലം അവിടെ ഭക്ഷ്യവിളകൾ കൃഷിചെയ്യാൻ അവസരം നൽകുന്ന സമ്പ്രദായമായിരുന്നു അത്.

കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ആക്രമണങ്ങളിൽനിന്ന് കൃഷിയെ സംരക്ഷിക്കാൻ മരങ്ങളുടെ ഉയർന്ന കൊമ്പുകളിൽ അന്ന് ‘ആനമാടങ്ങൾ’ നിർമ്മിച്ചിരുന്നതായി അദ്ദേഹം ഓർക്കുന്നു. രാത്രിയിൽ അവിടെയിരുന്ന് പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും ആനകളെ അകറ്റിയിരുന്ന സംഭവങ്ങൾ കുടുംബത്തിന്റെ കാടോർമ്മകളുടെ ഭാഗമായിരുന്നു.പിന്നീട് ഔദ്യോഗിക ജീവിതത്തിൻ്റെ ഭാഗമായി ലഭിച്ച കാട് അനുഭവങ്ങളും ചേർന്നപ്പോൾ ഉള്ളിൽ കാട് പൂത്തുലയുന്ന മനുഷ്യനായി അദ്ദേഹം. ആ അനുഭവങ്ങളെയും വിജ്ഞാനത്തെയും ആഴത്തിൽ അടയാളപ്പെടുത്തുവാനുള്ള ശ്രമങ്ങളാണ് അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ.

എഴുത്തിൻ്റെ വഴിയിൽ

ദീർഘകാലം വനപാലകനായി ജീവിച്ച സഹദേവൻ എഴുത്തുലോകത്തേക്കു കടന്നുവന്നത് 2021-ൽ 'ഹരിതസ്മരണ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചുകൊണ്ടാണ്. കൃഷിയിലും വനപരിപാലനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും സജീവമായിരുന്ന അദ്ദേഹം, ശാരീരികമായ പരിമിതികൾ കാരണം കൃഷിയിടത്തിൽനിന്ന് മാറിനിൽക്കേണ്ടി വന്നപ്പോഴാണ് അനുഭവങ്ങൾ എഴുതിത്തുടങ്ങിയത്.

അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ ഫയൽ എഴുത്തുകളിലെ കൃത്യത കണ്ടിരുന്ന മുൻ കോന്നി ഡി.എഫ്.ഒ യും പിന്നീട് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായ ടി. കെ. രാഘവൻ നായർ, "പഴയ അനുഭവങ്ങളൊക്കെ ഒന്ന് എഴുതിക്കൂടേ" എന്ന് പലതവണ അദ്ദേഹത്തെ നിർബന്ധിക്കുമായിരുന്നു. വനത്തെയും വനപരിപാലനത്തെയും സംബന്ധിച്ച് അദ്ദേഹം നിരന്തരമായി വീടിനുള്ളിൽ സംസാരിക്കാറുണ്ടായിരുന്നു. അച്ഛനിൽനിന്ന് ഇത്തരം കൃത്യമായ വിശദീകരണങ്ങളും വിവരണങ്ങളും കേട്ട മകളും ഒപ്പം കൂടിയതോടെയാണ് അനുഭവങ്ങൾ പുസ്തകരൂപത്തിലേക്ക് മാറുന്നത്. കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ മകൾ വിധുവിന്റെ സ്നേഹപൂർവ്വമായ നിരന്തര നിർബന്ധമാണ് അതിന് വഴിയൊരുക്കിയത്. വനംവകുപ്പിലെ മുൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററായ ജി. മുകുന്ദൻ ഐ.എഫ്.എസിന്റെ പ്രോത്സാഹനവും എഴുത്തിന് കരുത്തായി. അങ്ങനെയാണ് ഔദ്യോഗികജീവിതത്തിലെ അനുഭവങ്ങളും കാടുമായി ബന്ധപ്പെട്ട അറിവുകളും ഓർമ്മയിൽനിന്ന് വിശദമായി അദ്ദേഹം പുസ്തകരൂപത്തിൽ രേഖപ്പെടുത്തിയത്.

ദീർഘകാലം വനപാലകനായി ജീവിച്ച സഹദേവൻ എഴുത്തുലോകത്തേക്കു കടന്നുവന്നത് 2021-ൽ 'ഹരിതസ്മരണ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചുകൊണ്ടാണ്.
ദീർഘകാലം വനപാലകനായി ജീവിച്ച സഹദേവൻ എഴുത്തുലോകത്തേക്കു കടന്നുവന്നത് 2021-ൽ 'ഹരിതസ്മരണ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചുകൊണ്ടാണ്.

തൊണ്ണൂറ്റാറിലും തുടരുന്ന എഴുത്ത്

രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ സംതൃപ്തിയിൽ എഴുത്ത് അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറല്ല. മൂന്നാമത്തെ പുസ്തകത്തിന്റെ ആശയങ്ങൾ ഇപ്പോഴും മനസ്സിൽ ക്രമപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സ്വാഭാവിക വനങ്ങളുടെയും ജൈവവ്യൂഹങ്ങളുടെയും പ്രാധാന്യവും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയും വരുംതലമുറയെ ഓർമിപ്പിക്കുന്ന ഒരു കൃതിയാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

"മനുഷ്യന്റെ ഇടപെടലുകൾ വനത്തിന്റെ സ്വാഭാവിക ഘടനയെ എങ്ങനെ ബാധിക്കുന്നു, പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിൽ വനങ്ങൾക്ക് എന്തു പങ്കുണ്ട്, തനതു സസ്യജാലങ്ങളും ജന്തുജാലങ്ങളും സംരക്ഷിക്കേണ്ടത് എന്തുകൊണ്ടാണ് തുടങ്ങിയ വിഷയങ്ങൾ പുതിയ പുസ്തകത്തിൽ എൻ്റെ അനുഭവങ്ങൾ ഉദാഹരിച്ചുകൊണ്ട് എഴുതും"- പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി എഴുത്തുകാരൻ ഉറപ്പു നൽകുന്നു

തന്റെ ജീവിതരീതിയെ ജപ്പാനിലെ ‘ഷിൻറിൻ യോക്കു’- വനാന്തരീക്ഷത്തിൽ സമയം ചെലവഴിച്ച് മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകുന്ന രീതി-അഥവാ ഫോറസ്റ്റ് ബാത്തിങ് എന്ന പ്രകൃതിയോട് അടുത്തുനിൽക്കുന്ന ജീവിതാനുഭവവുമായി അദ്ദേഹം ചേർത്ത് വിശദീകരിക്കുന്നു. കാടിന്റെ കാഴ്ചകളും ശബ്ദങ്ങളും ഗന്ധങ്ങളും അനുഭവിച്ചുള്ള ദീർഘജീവിതം അദ്ദേഹത്തിന്റെ ചിന്തയെയും എഴുത്തിനെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്.

പ്രായം അദ്ദേഹത്തിന്റെ ചലനങ്ങളെ മന്ദഗതിയിലാക്കിയിട്ടുണ്ടാകാം. എന്നാൽ ഓർമ്മകളിലെ വനവഴികൾ ഇന്നും മാഞ്ഞിട്ടില്ല. 91-ാം വയസ്സിൽ ആദ്യപുസ്തകവുമായി എഴുത്തിലേക്കു കടന്നുവന്ന്, 96-ാം വയസ്സിലും അടുത്ത പുസ്തകത്തെക്കുറിച്ച് ചിന്തിക്കുന്ന വി. സഹദേവന്റെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നു; മനസ്സിന് പ്രായം ഒരിക്കലും അവസാനവാക്കല്ല.

Comments