എന്നായിരുന്നു,
ഐക്യകേരളത്തിലെ
ആദ്യ സാഹിത്യസമ്മേളനം?

ഐക്യകേരളം രൂപപ്പെട്ടതിനുശേഷം, ഇ.എം.എസിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറിയശേഷം, 1957 ഒക്ടോബർ മൂന്നു മുതൽ ഏഴുവരെ അഞ്ച് ദിവസങ്ങളിലായി നടന്ന സാഹിത്യസമ്മേളനം കേരളം എന്ന പുതിയ രാഷ്ട്രീയഭൂമികയിലെ ജനങ്ങളെ ഒരുമിപ്പിച്ച ഒരു സാംസ്കാരിക ദൗത്യം കൂടിയായിരുന്നു. ആ സമ്മേളനത്തെക്കുറിച്ച് എഴുതുന്നു, രതീഷ് സി.

ർക്കാറിന്റെയും സംഘടനകളുടെയും പ്രസിദ്ധീകരണശാലകളുടെയും നേതൃത്വത്തിൽ നടക്കുന്ന സാഹിത്യസമ്മേളനങ്ങളെക്കുറിച്ച് വായനക്കാർക്കും ബുദ്ധിജീവികൾക്കും എന്നപോലെ പൊതുജനങ്ങൾക്കും നല്ല ധാരണയുണ്ട്. പുസ്തക കച്ചവടവും അറിവുല്പാദനവും ലക്ഷ്യം വെച്ച് കേരളത്തിന്റെ പല ഭാഗങ്ങളിലായി വർഷാവർഷം നടക്കുന്ന ഇത്തരം സാഹിത്യസമ്മേളനങ്ങൾ മത്സരാധിഷ്ഠിതവുമാണ്. കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിലുള്ള സാഹിത്യോത്സവം ഈയിടെയാണ് അവസാനിച്ചത്.

ഐക്യകേരളം രൂപപ്പെട്ടതിനുശേഷം, ഇ.എം.എസിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറിയശേഷം നടന്ന ആദ്യ സാഹിത്യ സമ്മേളനം- ആദ്യമായി സംഘടിപ്പിക്കപ്പെട്ട അഖിലേന്ത്യ പുസ്തക, ചിത്ര പ്രദർശനം- ഉദ്ദേശ്യലക്ഷ്യങ്ങളാലും കാര്യപരിപാടികളാലും വിഷയസംബന്ധിയായും വളരെ വ്യത്യസ്തമായ ഒന്നായിരുന്നു.

ഐക്യകേരളത്തിനുമുമ്പ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ വ്യത്യസ്ത നാട്ടുരാജ്യങ്ങളായാണ് കേരളത്തിന്റെ ഭൂമിശാസ്ത്രം നിലനിന്നിരുന്നത്. 1949 ആവുമ്പോഴേക്കും തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപപ്പെടുന്നുണ്ട്. എന്നാൽ 1956-ലാണ് ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാർ എന്ന ഭൂപ്രദേശവും കൂടിചേർന്ന് ഐക്യ കേരളം രൂപപ്പെടുന്നത്.

കേരള സംസ്ഥാനം രൂപപ്പെട്ടതിനുശേഷം നടക്കുന്ന ആദ്യത്തെ ബൃഹത് സാഹിത്യസമ്മേളനം എന്നതിനൊപ്പം, കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ജനങ്ങളെ, വിശിഷ്യാ സാഹിത്യകാരരെ, എഴുത്തുകാരെ, പ്രഭാഷകരെ, പ്രസാധകരെ, രാഷ്ട്രീയവ്യക്തിത്വങ്ങളെ ഒന്നാകെ സംയോജിപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ സാഹിത്യ പരിപാടി എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ട്.

ഇത്തരമൊരു സമ്മേളനത്തിന് ചുക്കാൻ പിടിച്ചത് ഏഷ്യയിലെ തന്നെ എഴുത്തുകാരുടെ ആദ്യത്തെ സഹകരണസംഘമായ സാഹിത്യപ്രവർത്തക സഹകരണസംഘമാണ്. സംഘം സെക്രട്ടറിയും പ്രമുഖ കഥാകാരനുമായ കാരൂർ നീലകണ്ഠപിള്ള സാഹിത്യ സമ്മേളനത്തിന് നേതൃത്വം നൽകി. 1957-ലെ ഈ സാഹിത്യ- സാംസ്കാരിക കൂടിച്ചേരൽ കേവലം സാഹിത്യ സമ്മേളനം എന്നതിലുപരി കേരളത്തിന്റെ സാഹിത്യ- സാംസ്കാരിക മുഖങ്ങളെ യോജിപ്പിക്കുന്ന ഐക്യ കേരളത്തിലെ ആദ്യത്തെ സംഭവം കൂടിയാണ്.

ഐക്യകേരളത്തിലെ ആദ്യത്തെ സാഹിത്യ സമ്മേളനത്തിന്റെ സ്വാഗതസംഘം സെക്രട്ടറി കാരൂർ നീലകണ്ഠപിള്ളയായിരുന്നു.
ഐക്യകേരളത്തിലെ ആദ്യത്തെ സാഹിത്യ സമ്മേളനത്തിന്റെ സ്വാഗതസംഘം സെക്രട്ടറി കാരൂർ നീലകണ്ഠപിള്ളയായിരുന്നു.

കേരളത്തെ ഒന്നിപ്പിച്ച സമ്മേളനം

‘കേരളസംസ്ഥാനം രൂപമെടുത്തശേഷം നടക്കുന്ന ഒന്നാമത്തെതായ ഈ ദേശീയോത്സവത്തിൽ താങ്കൾ കൂടി പങ്കെടുത്ത് പരിപാടികൾ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു’ എന്ന വാക്യത്തോടെയാണ് ഐക്യകേരളത്തിലെ ആദ്യത്തെ സാഹിത്യ സമ്മേളനത്തിലേക്ക് സ്വാഗതസംഘം സെക്രട്ടറി കാരൂർ നീലകണ്ഠപിള്ള, കോട്ടയം തിരുനക്കര മൈതാനത്ത് തയ്യാറാക്കിയിട്ടുള്ള ‘കണ്ടത്തിൽ വർഗീസ് മാപ്പിള നഗര'ത്തിലേക്ക് കേരള ജനതയെ ക്ഷണിക്കുന്നത്. 1957 ഒക്ടോബർ മൂന്നാം തീയതി മുതൽ ഏഴാം തീയതി വരെയുള്ള അഞ്ച് ദിവസങ്ങളിലായാണ് കാര്യപരിപാടികൾ നടന്നത്. കേരളത്തിൽ ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറി അഞ്ചാം മാസത്തിൽ, ഇന്നത്തെപ്പോലെ ആധുനികമായ രീതിയിലുള്ള ആശയവിനിമയ സംവിധാനങ്ങളോ, വിപുലമായ ഗതാഗത സൗകര്യങ്ങളോ ഇല്ലാത്ത അക്കാലത്ത് നടന്ന ഒരു സാഹിത്യസമ്മേളനം ചരിത്രപരമായ പ്രാധാന്യമർഹിക്കുന്നഒന്നായിരുന്നു. കേവലം സാഹിത്യസമ്മേളനം എന്നതിലുപരി ഭാഷാടിസ്ഥാനത്തിൽ രൂപപ്പെട്ട കേരള സംസ്ഥാനത്തെ സാംസ്കാരികമായും സാമൂഹികമായും ഒന്നിപ്പിക്കുന്നതിനും, കേരളം എന്ന രാഷ്ട്രീയ ഭൂമിശാസ്ത്രത്തിനകത്തേക്ക് സാംസ്കാരിക പ്രവർത്തകരെയും ബുദ്ധിജീവികളെയും വിദ്യാർത്ഥികളെയും ബഹുജനങ്ങളെയും കൂട്ടിയോജിപ്പിക്കുന്നതിനും, ജനങ്ങളിൽ കേരളം എന്ന ബോധം ബൗദ്ധികമായും ഭൗതികമായും ജനിപ്പിക്കുന്നതിനും ഈ സമ്മേളനം കാരണമായി.

ഐക്യകേരളത്തിലെ ആദ്യത്തെ സാഹിത്യസമ്മേളനം സാമൂഹിക- സാംസ്കാരിക ‘ഐക്യ കേരളത്തിനായു'ള്ള വലിയൊരു ചുവടുവെപ്പായിരുന്നു. രാഷ്ട്രീയമായി ഏകീകരിക്കപ്പെട്ട ഒരു ഭൂപ്രദേശത്തെ സാംസ്കാരികമായി ഏകീകരിക്കാനുള്ള ക്രിയാത്മകമായ ശ്രമത്തിന്റെ ഭാഗമായികൂടി ഈ സമ്മേളനത്തെ വിലയിരുത്തേണ്ടതുണ്ട്.

മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ മൂന്ന് നാട്ടുരാജ്യങ്ങളായി, വ്യത്യസ്ത ഭൂമിശാസ്ത്ര അതിരുകളുണ്ടായിരുന്ന പ്രദേശത്തെ ജനങ്ങളെ, അവരുടെ പ്രാദേശിക സ്വത്വബോധത്തിൽ നിന്ന് കരകയറ്റി, കേരളം എന്ന ഒരൊറ്റ സാമൂഹിക-സാംസ്കാരിക- രാഷ്ട്രീയ ഭൂമിശാസ്ത്രത്തെ ഉണ്ടാക്കിയെടുക്കൽ അത്യാവശ്യമായിരുന്നു. തിരുവിതാംകൂറിലും മലബാറിലും കൊച്ചിയിലും താമസിക്കുന്നവർ ഒരേ ഭൂമിശാസ്ത്ര അതിരുകൾക്കകത്താണ് എന്ന ബോധം ജനങ്ങളിലുണ്ടാകുമ്പോഴാണ് പ്രാഥമികമായി കേരളം രൂപപ്പെടുക.

ചിന്തകനും എഴുത്തുകാരനുമായ ബെനഡിക്ട് ആൻഡേഴ്സൺ മുന്നോട്ടുവയ്ക്കുന്ന ‘ഇമാജിൻഡ് കമ്മ്യൂണിറ്റി' എന്ന ആശയം ഇവിടെ പ്രസക്തമാണ്. തിരുവനന്തപുരത്തുള്ളവർ കാസർകോടുള്ളവരെ ‘നമ്മുടെ' ഒരാളായി, ഒരു പ്രത്യേക രാഷ്ട്രീയഭൂമിശാസ്ത്രത്തിനകത്ത് പരിഗണിക്കാൻ തുടങ്ങുമ്പോഴാണ് യഥാർത്ഥത്തിൽ കേരളം എന്ന ഭൂമിശാസ്ത്രഅതിർത്തി യാഥാർത്ഥ്യമാവുന്നത്. ഇത്തരത്തിൽ കേരളം എന്ന ബോധം നിർമ്മിച്ചെടുക്കണമെങ്കിൽ ആ രാഷ്ട്രീയ ഭൂമിശാസ്ത്രത്തിനകത്തെ ജനങ്ങളെ പലപ്പോഴായി പലയിടങ്ങളിലായി ഒരുമിപ്പിക്കേണ്ടതുണ്ട്. രാഷ്ട്രീയം, കല തുടങ്ങിയവ പ്രവർത്തികളാൽ ഇത്തരം കൂടിച്ചേരലുകൾക്കും ബോധനിർമ്മിതിക്കും സഹായകമാണ്. ചുരുക്കത്തിൽ മലയാളഭാഷ മാനദണ്ഡപ്പെടുത്തി രൂപപ്പെട്ട കേരളത്തിലെ പൊതുമണ്ഡലത്തെ രൂപപ്പെടുത്താനും വിവിധ ജാതി, മത, വർഗ്ഗങ്ങളെ ഒന്നിപ്പിക്കാനും ഭാഷകൊണ്ട് സാധ്യമാകും എന്ന ഊന്നലാണ് സാഹിത്യസമ്മേളനങ്ങൾ. ഭാഷയിൽ ഒന്നിക്കുക എന്ന അപ്രഖ്യാപിത മുദ്രാവാക്യം 1957-ലെ സാഹിത്യ സമ്മേളനത്തിൽ കാണാം.

ചിന്തകനും എഴുത്തുകാരനുമായ ബെനഡിക്ട് ആൻഡേഴ്സൺ മുന്നോട്ടുവയ്ക്കുന്ന ‘ഇമാജിൻഡ് കമ്മ്യൂണിറ്റി' എന്ന ആശയം ഇവിടെ പ്രസക്തമാണ്. തിരുവനന്തപുരത്തുള്ളവർ കാസർകോടുള്ളവരെ ‘നമ്മുടെ' ഒരാളായി, ഒരു പ്രത്യേക രാഷ്ട്രീയഭൂമിശാസ്ത്രത്തിനകത്ത് പരിഗണിക്കാൻ തുടങ്ങുമ്പോഴാണ് യഥാർത്ഥത്തിൽ കേരളം എന്ന ഭൂമിശാസ്ത്രഅതിർത്തി യാഥാർത്ഥ്യമാവുന്നത്.
ചിന്തകനും എഴുത്തുകാരനുമായ ബെനഡിക്ട് ആൻഡേഴ്സൺ മുന്നോട്ടുവയ്ക്കുന്ന ‘ഇമാജിൻഡ് കമ്മ്യൂണിറ്റി' എന്ന ആശയം ഇവിടെ പ്രസക്തമാണ്. തിരുവനന്തപുരത്തുള്ളവർ കാസർകോടുള്ളവരെ ‘നമ്മുടെ' ഒരാളായി, ഒരു പ്രത്യേക രാഷ്ട്രീയഭൂമിശാസ്ത്രത്തിനകത്ത് പരിഗണിക്കാൻ തുടങ്ങുമ്പോഴാണ് യഥാർത്ഥത്തിൽ കേരളം എന്ന ഭൂമിശാസ്ത്രഅതിർത്തി യാഥാർത്ഥ്യമാവുന്നത്.

SPCS എന്ന സംഘാടകൻ

1957-ൽ കേരള സാഹിത്യപരിഷത്തിന്റെ 26-ാമത് സമ്മേളനം കോട്ടയത്ത് സംഘടിപ്പിച്ചത് സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ (SPCS) നേതൃത്വത്തിലായിരുന്നു. സംഘത്തിന്റെ ആദ്യ സെക്രട്ടറിയായിരുന്ന കാരൂർ നീലകണ്ഠപിള്ള സമ്മേളന സ്വാഗതസംഘം സെക്രട്ടറിയായിരുന്നു. പുസ്തക പ്രസാധനത്തിലെ മുതലാളിത്ത വ്യവസ്ഥിതിക്കെതിരെ പ്രതികരിച്ച് ഒരുപറ്റം സാഹിത്യകാരരുടെ കൂട്ടായ്മ 1945-ൽ സ്ഥാപിച്ച സഹകരണ സംഘമാണിത്. മലയാള ഭാഷാസാഹിത്യത്തിന്റെ വളർച്ചയെ നിർണയിക്കുന്നതിൽ സംഘം മുഖ്യ പങ്ക് വഹിച്ചു. സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങളിലൂടെയും ജന്മിത്വ വിരുദ്ധ സമരങ്ങളിലൂടെയും നേടിയെടുത്ത കേരള നവോത്ഥാനാശയങ്ങളെ സംരക്ഷിക്കുന്നതിനും മുന്നോട്ടു കൊണ്ടുപോകുന്നതിനും ഒരു ഗ്രന്ഥശാലാ സംഘം എന്ന നിലയ്ക്കുള്ള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പ്രവർത്തനങ്ങൾ ഒട്ടും ചെറുതല്ല. മലയാള സാഹിത്യത്തെ ഇന്ത്യയ്ക്കും ലോകത്തിനും പരിചയപ്പെടുത്തുന്നതിനും ഇന്ത്യയിലെയും ലോകത്തെയും സാഹിത്യത്തെയും മലയാളികൾക്കു പരിചയപ്പെടുത്തുന്നത്തിനുമുള്ള ഇന്റർമീഡിയറി ഫോഴ്സ് ആയി SPCS ചരിത്രത്തിൽ പ്രവർത്തിച്ചു. സ്വകാര്യപ്രസാധകർ കയ്യടക്കി വെച്ചിരുന്ന പുസ്തക നിർമ്മാണ, വിതരണ വ്യവസ്ഥയെ ജനാധിപത്യവൽക്കരിച്ച് സാംസ്കാരിക മൂല്യമുള്ള ഒരു ഉൽപ്പന്നം എന്ന രീതിയിൽ എഴുത്തുകാരുടെ അധ്വാനഫലമായ പുസ്തകം കേവലം സ്വകാര്യ മുതലാളിമാർക്കുമുമ്പിൽ അടിയറവ് വെക്കേണ്ടുന്ന അവസ്ഥ ഇല്ലാതാക്കികൊണ്ട്, ചൂഷകശക്തികളോട് വിധേയപ്പെടാതെ, ന്യായമായി ലഭിക്കേണ്ട പ്രതിഫലം നേടിയെടുക്കുന്നതിന് എസ്.പി.സി.എസ്. നിലകൊണ്ടു.

ഭാഷാടിസ്ഥാനത്തിൽ രൂപപ്പെട്ട ഒരു സംസ്ഥാനത്തെ ജനങ്ങളെ സാംസ്കാരികമായി പ്രബുദ്ധരാക്കാനുള്ള ധാർമിക ഉത്തരവാദിത്വവും എസ്.പി.സി.എസ്. നിർവഹിച്ചുപോന്നു. അക്കാലത്ത് മലയാളത്തിലെ പ്രധാന എഴുത്തുകാരുടെയെല്ലാം ആദ്യകാല കൃതികൾ പ്രസിദ്ധീകരിച്ചത് എസ്.പി.സി.എസ് ആയിരുന്നു. സംഘം പുറത്തിറക്കിയ ആദ്യകാല ഗ്രന്ഥങ്ങൾ പിൽക്കാലത്ത് സ്വകാര്യപ്രസാധകരിലേക്ക് വഴിമാറി എന്നതും ചരിത്രത്തിന്റെ ഭാഗമാണ്.

ചുരുക്കത്തിൽ ഐക്യകേരളത്തിനുശേഷം നടക്കുന്ന ഒരു സാഹിത്യ സമ്മേളനത്തിന് നേതൃത്വം നൽകാൻ തികഞ്ഞ യോഗ്യതയുള്ള ഒരു സാംസ്കാരിക സ്ഥാപനം അന്ന് എസ്.പി.സി.എസ്. തന്നെയായിരുന്നു.

ഐക്യകേരളത്തിലെ ആദ്യ സാഹിത്യ സമ്മേളനത്തിന് നേതൃത്വം നൽകാൻ തികഞ്ഞ യോഗ്യതയുള്ള  സാംസ്കാരിക സ്ഥാപനം അന്ന് എസ്.പി.സി.എസ്. തന്നെയായിരുന്നു.
ഐക്യകേരളത്തിലെ ആദ്യ സാഹിത്യ സമ്മേളനത്തിന് നേതൃത്വം നൽകാൻ തികഞ്ഞ യോഗ്യതയുള്ള സാംസ്കാരിക സ്ഥാപനം അന്ന് എസ്.പി.സി.എസ്. തന്നെയായിരുന്നു.

അഞ്ചു ദിവസം,
വൈവിധ്യമാർന്ന പരിപാടികൾ

1957 ഒക്ടോബർ 3-ന് വ്യാഴാഴ്ചയായിരുന്നു ഉദ്ഘാടന സമ്മേളനം. ഉദ്ഘാടകൻ പ്രശസ്ത എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷകനും പാർലമെന്റേറിയനുമായ പ്രൊഫ. ഹുമയൂൺ കബീർ. അധ്യക്ഷൻ മഹാകവി വള്ളത്തോൾ നാരായണമേനോൻ. അഞ്ചുദിവസങ്ങളായി നടന്ന സമ്മേളനത്തെ ശാസ്ത്രസാഹിത്യ സമ്മേളനം, മലയാളസാഹിത്യ സമ്മേളനം, ഗ്രന്ഥശാല സമ്മേളനം, ഭാരതീയസാഹിത്യ സമ്മേളനം, കുട്ടികളുടെ സമ്മേളനം, ചരിത്രസാഹിത്യ സമ്മേളനം, പത്രപ്രവർത്തന സമ്മേളനം, കവിസമ്മേളനം, പ്രസിദ്ധീകരണ സമ്മേളനം, സമാപന സമ്മേളനം എന്നിങ്ങനെ തരംതിരിച്ചിരുന്നു. കൂടാതെ ഐക്യ കേരളം കണ്ട ആദ്യത്തെ ബൃഹത്തായ അഖിലേന്ത്യാ പുസ്തക പ്രദർശനവുമുണ്ടായിരുന്നു. കേരളചരിത്ര ചിത്ര- പെയിന്റിംഗ്, പത്ര- മാസികാ പ്രദർശനവും ഉണ്ടായിരുന്നു. പ്രദർശനോത്ഘാടനം നിർവഹിച്ചത് മുഖ്യമന്ത്രി ഇ.എം.എസ് ആയിരുന്നു. കാര്യപരിപാടികൾ ഗവർണർ ഡോ. ബി രാമകൃഷ്ണ റാവു ഉദ്ഘാടനം ചെയ്തു.

ശാസ്ത്രസാഹിത്യ സമ്മേളനം സെഷൻ ഉദ്ഘാടനം ചെയ്തത് ആദ്യ വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയാണ്.

മലയാളസാഹിത്യ സമ്മേളനത്തിന്റെ ഒന്നാം സെഷൻ എൻ. ഗോപാലപിള്ള ഉദ്ഘാടനം ചെയ്തു. കുട്ടികൃഷ്ണമാരാർ അധ്യക്ഷപ്രസംഗം നടത്തി. പി. എ. വാര്യർ, ചെമ്മനം ചാക്കോ, ഡോ. എൻ. സി. നായർ, എം. കെ. സാനു, പ്രൊഫ. കെ. സി. പീറ്റർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രസംഗിച്ചു.

മലയാളഭാഷ മാനദണ്ഡപ്പെടുത്തി രൂപപ്പെട്ട കേരളത്തിലെ പൊതുമണ്ഡലത്തെ രൂപപ്പെടുത്താനും വിവിധ ജാതി, മത, വർഗ്ഗങ്ങളെ ഒന്നിപ്പിക്കാനും ഭാഷകൊണ്ട് സാധ്യമാകും എന്ന ഊന്നലാണ് സാഹിത്യസമ്മേളനങ്ങൾ. ഭാഷയിൽ ഒന്നിക്കുക എന്ന അപ്രഖ്യാപിത മുദ്രാവാക്യം 1957-ലെ സാഹിത്യ സമ്മേളനത്തിൽ കാണാം.

കുറ്റിപ്പുഴ കൃഷ്ണപിള്ളയാണ് ഗ്രന്ഥശാലാസമ്മേളനം ഉദ്ഘാടനം ചെയ്തത്. ‘മലബാർ പ്രദേശത്തെ ഗ്രന്ഥശാലാ വികസനം' എന്ന വിഷയത്തിൽ പി. ടി. ഭാസ്കരപണിക്കരും ‘ഗ്രന്ഥശാലാ പ്രസ്ഥാനം കേരളത്തിൽ' എന്ന വിഷയത്തിൽ പി. എൻ. പണിക്കരും പ്രസംഗിച്ചു.

ഭാരതീയ സാഹിത്യസമ്മേളനത്തിന്റെ ഒന്നാം സെഷൻ ഉദ്ഘാടനം ചെയ്തത് മള്ളൂർ ഗോവിന്ദപിള്ളയാണ്. ആധുനിക കർണാടക നാടകം, ആധുനിക തമിഴ്‍ നാടകം, ആധുനിക ഒറിയ നാടകം, ആധുനിക ഉറുദു നാടകം, സംസ്കൃത നാടകങ്ങൾ, ആധുനിക കാശ്മീരി നാടകം എന്നീ വിഷയങ്ങളിൽ ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള വിദഗ്ധർ സംസാരിച്ചു.
രണ്ടാം സെഷനിൽ ആധുനിക ഗുജറാത്തി നാടകം, ആധുനിക ബംഗാളി നാടകം, ആധുനിക ഹിന്ദി നാടകം, ആധുനിക മലയാള നാടകം, ആധുനിക ആസാമീസ് നാടകം എന്നിവയെ കുറിച്ചുള്ള പ്രസംഗങ്ങളും നടന്നു.

കുട്ടികളുടെ സമ്മേളനം ഉദ്ഘാടനം ചെയ്തത് അമ്പാടി കാർത്യായനിയമ്മ. മാസ്റ്റർ ശ്രീകുമാർ ചങ്ങമ്പുഴ അധ്യക്ഷനായി.

ചരിത്രസാഹിത്യ സമ്മേളനം വിദഗ്ദ്ധരാലും വിഷയങ്ങളാലും സമൃദ്ധമായിരുന്നു. ചിന്തകനും എഴുത്തുകാരനുമായ ശൂരനാട് കുഞ്ഞൻപിള്ളയായിരുന്നു ഉദ്ഘാടകൻ. പി. വി. കൃഷ്ണൻ നായർ ‘സാഹിത്യചരിത്രം’ എന്ന വിഷയത്തിലും സുകുമാർ അഴീക്കോട് ‘ചരിത്രസാഹിത്യം’ എന്ന വിഷയത്തിലും പി. കെ. പരമേശ്വരൻ നായർ ‘ജീവചരിത്രസാഹിത്യം’ എന്ന വിഷയത്തിലും പി. എ. സൈയ്ദ് മുഹമ്മദ് ‘കേരള ചരിത്ര നിർമ്മാണം’ എന്ന വിഷയത്തിലും പ്രസംഗിച്ചു. മലയാള സാഹിത്യസമ്മേളനം സെക്ഷൻ രണ്ടിൽ തകഴി ശിവശങ്കരപ്പിള്ള സ്വാഗതം പറഞ്ഞു, പി. കേശവദേവായിരുന്നു അധ്യക്ഷൻ. കൈനിക്കര കുമാരപിള്ള ഉദ്ഘാടനം ചെയ്തു.

1957 ഒക്ടോബർ മൂന്നാം തീയതി മുതൽ ഏഴാം തീയതി വരെ കോട്ടയത്തു നടന്ന സാഹിത്യോത്സവത്തിന്റെ അറിയിപ്പ് പ്രസിദ്ധീകരിച്ച എൻ.ബി.എസ് ബുള്ളറ്റിൻ.
1957 ഒക്ടോബർ മൂന്നാം തീയതി മുതൽ ഏഴാം തീയതി വരെ കോട്ടയത്തു നടന്ന സാഹിത്യോത്സവത്തിന്റെ അറിയിപ്പ് പ്രസിദ്ധീകരിച്ച എൻ.ബി.എസ് ബുള്ളറ്റിൻ.

പത്രപ്രവർത്തന സമ്മേളനം ഉദ്ഘാടനം ചെയ്തത് പോത്തൻ ജോസഫ്, അധ്യക്ഷൻ കെ. പി. കേശവമേനോൻ.

കവിസമ്മേളനത്തിൽ ബാലാമണിയമ്മയായിരുന്നു അധ്യക്ഷ. വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ഉദ്ഘാടനകനായി. പി. ഭാസ്കരൻ, ഒളപ്പമണ്ണ, ഒ. എൻ. വി. കുറുപ്പ്, അക്കിത്തം, ഇടശ്ശേരി ഗോവിന്ദൻ നായർ, പാലാ ഗോപാലൻ നായർ, വയലാർ രാമവർമ്മ, സി.ജെ. മണ്ണുമ്മൂട്, എം. പി. അപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

ഒക്ടോബർ ഏഴിന് തിങ്കളാഴ്ചയായിരുന്നു മലയാളസാഹിത്യ സമ്മേളനത്തിന്റെ മൂന്നാം സെഷൻ. സ്വാഗതം പൊൻകുന്നം വർക്കി, അധ്യക്ഷൻ എസ്. കെ. പൊറ്റക്കാട്, ഉദ്ഘാടനം കെ. ദാമോദരൻ. തുടർന്ന് പ്രസിദ്ധീകരണസമ്മേളനവും സമാപനസമ്മേളനവും.

സമാപനസമ്മേളനത്തിൽ ജി. ശങ്കരക്കുറുപ്പ് അധ്യക്ഷനായി. സാഹിത്യ പരിഷത്ത് സെക്രട്ടറി പി. കുഞ്ഞികൃഷ്ണമേനോനും സ്വാഗതസംഘം സെക്രട്ടറി കാരൂർ നീലകണ്ഠപ്പിള്ളയും സമ്മേളനത്തിന് നന്ദി പറഞ്ഞു.

അമേരിക്ക, കാനഡ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, ചൈന, റഷ്യ, ഇംഗ്ലണ്ട് തുടങ്ങി ഇത്രയധികം വിദേശരാജ്യങ്ങൾ ഇന്ത്യയിലെ ഒരു പുസ്തകപ്രദർശനത്തിൽ സഹകരിക്കുന്നത് ആദ്യമായിട്ടാണ് എന്ന് NBS ബുള്ളറ്റിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

ഇ.എം.എസും
കേരള ചരിത്രപ്രദർശനവും

‘‘തിരുനക്കര മൈതാനത്ത് 500 അടി നീളത്തിൽ തയ്യാറാക്കിയിട്ടുള്ള വിശാലമായ കൊട്ടക, കലാപ്രേമികൾക്ക് ഏതാനും ദിവസങ്ങൾ കാണുവാനും പഠിക്കുവാനുമുള്ള പ്രദർശന വസ്തുക്കൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ രീതിയിലുള്ള ഒരു പ്രദർശനം തെക്കേയിന്ത്യയിൽ ആദ്യമായിട്ടാണ് നടക്കുന്നത്. ഈ പ്രദർശനത്തിൽ പുസ്തകങ്ങളോടൊപ്പം ചിത്രങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു. ഇതിനുമുമ്പ് ഒരു അഖിലേന്ത്യ പുസ്തകപ്രദർശനം മാത്രമേ ഇന്ത്യയിൽ നടന്നിട്ടുള്ളൂ അത് സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ 1956 നവംബറിൽ ഡൽഹിയിൽ വച്ചായിരുന്നു’’- 1957 ഒക്ടോബറിലെ NBS ബുള്ളറ്റിനിൽ സാഹിത്യ സമ്മേളനത്തിൽ നടന്ന അഖിലേന്ത്യ പുസ്തക- ചിത്ര പ്രദർശനത്തെ വിലയിരുത്തുന്നത് ഇപ്രകാരമാണ്.

സമ്മേളനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഈയൊരു പ്രദർശനം തന്നെയായിരുന്നു. പിൽക്കാലത്ത് അതുപോലൊരു പുസ്തക -ചിത്രപ്രദർശനം കേരളത്തിലുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. 1957 ഒക്ടോബർ മൂന്നിന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി ഇ.എം.എസാണ്, കേരളത്തിന്റെ ചരിത്ര പാരമ്പര്യത്തെ ജനങ്ങൾക്കായി തുറന്നുകൊടുത്തത്. വിവിധയിടങ്ങളിൽനിന്ന് വരുന്ന ജനങ്ങൾക്കും സാഹിത്യകാരർക്കും വിദ്യാർത്ഥികൾക്കും കേരളം എന്ന പുതിയ രാഷ്ട്രീയ ഭൂമികയുടെ ഭൂതകാല ചരിത്രം മനസ്സിലാക്കാനും, പൂർവ്വകാല സാമൂഹിക- സാംസ്കാരിക മൂലധനത്തെ തിരിച്ചറിയാനുമുള്ള അവസരം കൂടിയായിരുന്നു ഈ പ്രദർശനം. ചരിത്രവസ്തുക്കളും പുരാരേഖകളും ചിത്രങ്ങളും പുസ്തകങ്ങളും പത്ര- മാസികകളും അടങ്ങുന്ന പ്രദർശനം കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ ഭൗതികമായി അവതരിപ്പിച്ചു. 3000 മലയാള പുസ്തകങ്ങൾ പ്രദർശനത്തിലുണ്ടായിരുന്നു.

1772-ൽ റോമിൽ അച്ചടിച്ച, പൂർണ്ണമായും മലയാളഭാഷയിലുള്ള സംക്ഷേപവേദാർത്ഥം, ബെഞ്ചമിൻ ബെയ്‍ലിയുടെയും ഹെർമൻ ഗുണ്ടർട്ടിന്റെയും നിഘണ്ടുക്കൾ, 1811- ൽ ബോംബെയിലെ കുറിയർ പ്രസ്സിൽ അച്ചടിച്ച കുറിയർ ബൈബിൾ, കോട്ടയം സി. എം. എസ് പ്രസ്സിൽ ബെഞ്ചമിൻ ബെയ്ലി അച്ചടിച്ച പുതിയ നിയമം തുടങ്ങിയവ ഇവയിൽ പെടുന്നു. മലയാള അക്ഷരങ്ങൾ ആദ്യമായി അച്ചടിച്ച, ലാറ്റിൻ പുസ്തകമായ, ഇന്ന് ലോകത്ത് രണ്ടോ മൂന്നോ പ്രതികൾ മാത്രം അവശേഷിക്കുന്ന ഹോർത്തൂസ് മലബാറിക്കൂസിന്റെ ഏതാനും ചില പേജുകൾ പ്രദർശിപ്പിച്ചിരുന്നു എന്നത് ചരിത്രമാണ്. കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന വാൻ റീഡിന്റെ കാലത്താണ് ചില മലയാളികളുടെ സഹായത്തോടെ കേരളത്തിലെ ഔഷധസസ്യങ്ങളെ കുറിച്ചും മറ്റും പ്രതിപാദിക്കുന്ന ഈ പുസ്തകം പുറത്തിറക്കുന്നത്. ആംസ്റ്റര്‍ഡാമില്‍ അച്ചടിച്ച ഈ പുസ്തകത്തിന്റെ ഒരു കോപ്പി പോളണ്ടിലെ നാഷണൽ ലൈബ്രറിയിലാണുള്ളത്. അത്രയും മൂല്യവത്തായ ഒരു പുസ്തകത്തിന്റെ ഏതാനും പേജുകൾ സമ്മേളനത്തിൽ പ്രദർശിപ്പിച്ചിരുന്നു എന്നത് ഏറെ കൗതുകമുണർത്തുന്ന ഒന്നാണ്.

മലയാള അക്ഷരങ്ങൾ ആദ്യമായി അച്ചടിച്ച, ലാറ്റിൻ പുസ്തകമായ, ഇന്ന് ലോകത്ത് രണ്ടോ മൂന്നോ പ്രതികൾ മാത്രം അവശേഷിക്കുന്ന ഹോർത്തൂസ് മലബാറിക്കൂസിന്റെ ഏതാനും ചില പേജുകൾ 1957-ലെ പുസ്തക -ചിത്രപ്രദർശനത്തിലുണ്ടായിരുന്നു എന്നത് ചരിത്രമാണ്.
മലയാള അക്ഷരങ്ങൾ ആദ്യമായി അച്ചടിച്ച, ലാറ്റിൻ പുസ്തകമായ, ഇന്ന് ലോകത്ത് രണ്ടോ മൂന്നോ പ്രതികൾ മാത്രം അവശേഷിക്കുന്ന ഹോർത്തൂസ് മലബാറിക്കൂസിന്റെ ഏതാനും ചില പേജുകൾ 1957-ലെ പുസ്തക -ചിത്രപ്രദർശനത്തിലുണ്ടായിരുന്നു എന്നത് ചരിത്രമാണ്.

അമ്പതോളം വിദേശരാജ്യങ്ങളിൽ നിന്നുള്ള പുസ്തകങ്ങൾ പ്രദർശനത്തിലുണ്ടായിരുന്നു. അമേരിക്ക, കാനഡ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, ചൈന, റഷ്യ, ഇംഗ്ലണ്ട് തുടങ്ങി ഇത്രയധികം വിദേശരാജ്യങ്ങൾ ഇന്ത്യയിലെ ഒരു പുസ്തകപ്രദർശനത്തിൽ സഹകരിക്കുന്നത് ആദ്യമായിട്ടാണ് എന്ന് NBS ബുള്ളറ്റിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

ഫോട്ടോഗ്രാഫർ ജേക്കബ് ഫിലിപ്പ് തയ്യാറാക്കിയ ഫോട്ടോപ്രദർശനം കേരളത്തെ ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്നതായിരുന്നു. ഫോട്ടോഗ്രാഫുകളിലൂടെ കേരളത്തിന്റെ സാമൂഹിക ഭൂമിശാസ്ത്രം അടയാളപ്പെടുത്താനും, ‘ഈ കേരളത്തിലെ ഒരാളാണ് ഞാൻ’ എന്ന ബോധം കാഴ്ചക്കാരിലുണ്ടാക്കാനും ഐക്യ കേരളം എന്ന പുതിയ യാഥാർത്ഥ്യത്തെ ജനങ്ങളിലെത്തിക്കാനും ഫോട്ടോ പ്രദർശനത്തിലൂടെ സാധിച്ചു. കേരളത്തിൽ ഒരു മ്യൂസിയം കൾച്ചർ ഉണ്ടായിവരുന്നതിനു മുമ്പത്‍യിരുന്നു ഈ പ്രദർശനം എന്നത് ശ്രദ്ധേയമാണ്. കേരളത്തെ സംബന്ധിച്ച് തിരുവനന്തപുരം നേപ്പിയർ മ്യൂസിയവും തൃശ്ശൂരിലെ സ്റ്റേറ്റ് മ്യൂസിയവുമാണ് 1957-ൽ മ്യൂസിയം എന്ന നിലയ്ക്ക് ചൂണ്ടിക്കാണിക്കാനുള്ളത്. അത്തരം മ്യൂസിയങ്ങൾക്കകത്ത് കാണാത്ത ഒട്ടനവധി ചരിത്ര- സാംസ്കാരിക വസ്തുക്കൾ സമ്മേളനത്തിൽ പ്രദർശിപ്പിച്ചിരുന്നു.

ഐക്യകേരളം
കലാരൂപങ്ങളിലൂടെ

കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള കലാരൂപങ്ങളെ, കലാപാരമ്പര്യത്തെ അടയാളപ്പെടുത്താനുള്ള വേദി എന്ന നിലയ്ക്കുകൂടി സാഹിത്യസമ്മേളനത്തെ അടയാളപ്പെടുത്തേണ്ടതുണ്ട്. മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും വ്യത്യസ്തമായി നിലനിന്നിരുന്ന കലാരൂപങ്ങളെ ഐക്യകേരളത്തിനു ശേഷമുള്ള ഒരു സാഹിത്യ സമ്മേളനത്തിൽ കേരളത്തിന്റെ കലാരൂപങ്ങൾ എന്ന നിലയ്ക്ക് അവതരിപ്പിക്കുന്നു എന്നതായിരുന്നു ഇതിന്റെ പ്രാധാന്യം. മലബാറിലുള്ള ഒരാൾക്ക് തിരുവിതാംകൂറിലെ കലാരൂപങ്ങളെ പരിചയപ്പെടാനും തിരുവിതാംകൂറിലുള്ള ഒരാൾക്ക് മലബാറിലെ ഒരു കലാരൂപത്തെ കാണാനും അത്തരം കലാരൂപങ്ങൾ പറഞ്ഞുവയ്ക്കുന്ന സാമൂഹിക- രാഷ്ട്രീയ ആശയങ്ങളോട് സംവദിക്കാനുള്ള ഒരു ഭൗതികമണ്ഡലം സാധ്യമാക്കി എന്നതുകൂടി ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്.

ഉദാഹരണത്തിന്, മലബാറിലെ തൊഴിലാളികൾക്കിടയിൽ അവതരിപ്പിക്കപ്പെട്ട കെ. ടി. മുഹമ്മദിന്റെ ‘വെളിച്ചം വിളക്ക് അന്വേഷിക്കുന്നു’ എന്ന നാടകം കേരളത്തിലെ നാനാ വിഭാഗം ജനങ്ങൾക്കുമുമ്പിലും അവതരിപ്പിക്കപ്പെടുന്നു എന്നത് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയമാണ്. ഓരോ കലാരൂപവും അതാത് സ്ഥലത്തെ സാമൂഹിക- രാഷ്ട്രീയ-സാംസ്കാരിക രൂപങ്ങളെ അടിസ്ഥാനപ്പെടുത്തി നിർമ്മിക്കപ്പെട്ടതായിരിക്കും. അവ ഒരു പൊതുമണ്ഡലത്തിൽ അവതരിപ്പിക്കപ്പെടുമ്പോൾ വ്യത്യസ്ത ഭൂമിശാസ്ത്രത്തിൽനിന്നു വരുന്നവർക്ക് ഓരോ ദിക്കിലും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന അറിവ് ലഭിക്കുന്നു.

നാടകം മാത്രമല്ല, നാരായണപ്പണിക്കരുടെ പുള്ളോൻ പാട്ട്, കാട്ടിപ്പറമ്പിൽ ഗോപാലൻമാരാരുടെ തായമ്പക, തിരുവിഴ രാഘവപ്പണിക്കരുടെ നാദസ്വരക്കച്ചേരി, തിരുവാതിരക്കളി, ചങ്ങനാശ്ശേരി സിസ്റ്റേഴ്സിന്റെ സംഗീതക്കച്ചേരി, മദ്രാസിലെ ഭാരതി ബാലെ ട്രൂപ്പിന്റെ നൃത്തം, കുട്ടിനങ്ങിയാരമ്മയുടെ നങ്ങ്യാർകൂത്ത്, അപ്പുപ്പണിക്കരുടെ പഞ്ചവാദ്യം, തിരുവല്ല പൊന്നമ്മ സിസ്റ്റേഴ്സിന്റെ ഓട്ടൻതുള്ളൽ, എം.പി. മന്മഥന്റെ കഥാപ്രസംഗം, പുതുപ്പള്ളി സെന്റ് തോമസ് കലാസമിതിയുടെ മാർഗംകളി, ജോബി മാസ്റ്ററുടെ നാടൻ പാട്ടുകൾ, ടി. എൻ. ഗോപിനാഥന്റെ നാടകം, എം. ജെ. ആന്റണിയുടെ ദ്രാവിഡഗാനങ്ങൾ, തവനൂർ ദേശസേവിനി കലാസമിതിയുടെ കോൽക്കളി, കഥകളി, കൂടിയാട്ടം തുടങ്ങി ഒട്ടനവധി കലാരൂപങ്ങൾ സാഹിത്യസമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു.

ചുരുക്കത്തിൽ ഐക്യകേരളത്തിലെ ആദ്യത്തെ സാഹിത്യസമ്മേളനം സാമൂഹിക- സാംസ്കാരിക ‘ഐക്യ കേരളത്തിനായു'ള്ള വലിയൊരു ചുവടുവെപ്പായിരുന്നു. രാഷ്ട്രീയമായി ഏകീകരിക്കപ്പെട്ട ഒരു ഭൂപ്രദേശത്തെ സാംസ്കാരികമായി ഏകീകരിക്കാനുള്ള ക്രിയാത്മകമായ ശ്രമത്തിന്റെ ഭാഗമായികൂടി ഈ സമ്മേളനത്തെ വിലയിരുത്തേണ്ടതുണ്ട്.

1957 ഒക്ടോബർ മൂന്നിന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി ഇ.എം.എസാണ്, കേരളത്തിന്റെ ചരിത്ര പാരമ്പര്യത്തെ ജനങ്ങൾക്കായി തുറന്നുകൊടുത്തത്.
1957 ഒക്ടോബർ മൂന്നിന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി ഇ.എം.എസാണ്, കേരളത്തിന്റെ ചരിത്ര പാരമ്പര്യത്തെ ജനങ്ങൾക്കായി തുറന്നുകൊടുത്തത്.

സഹായകഗ്രന്ഥങ്ങള്‍:

1.സാഹിത്യപരിഷത്ത് മാഗസിന്‍, ജനുവരി 1958.ഋ
2.Benedict Anderson, Imagined Communities, ReFlections on the Origin and Spread of Nationalism, Verso, London, 2016 (1983).
3.എന്‍.ബി.എസ്. ബുള്ളറ്റിന്‍, വാല്യം v, No. 4, ഒക്ടോബര്‍ 1957, കോട്ടയം.

Comments