‘കേശവന്റെ വിലാപങ്ങൾ’:
ബോംബ് ഒളിപ്പിച്ചുവച്ച
മുകുന്ദന്റെ മാസ്റ്റര്‍പീസ്
ഭാഗം മൂന്ന്
ഇപ്പോൾ നമ്മൾ കേശവന്റെ വിലാപങ്ങളിലാണ്.
അന്തർമുഖനും മിതഭാഷിയുമായ കേശവൻ ഒരു കോളേജിലെ മീറ്റിംഗിൽ നടത്തുന്ന പ്രഭാഷണമാണ് 27-ാം അദ്ധ്യായം:
‘‘പ്രിയ അധ്യാപകരേ, വിദ്യാർത്ഥികളേ,
പ്രസംഗവേദികളിൽ നിന്ന് എന്നും ഒഴിഞ്ഞു മാറി നിന്നവനാണ് ഞാൻ എന്നു നിങ്ങൾക്കറിയാം… വേദികളിൽ വാക്കുകൾക്ക് അവയുടെ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതുകൊണ്ടു മാത്രമല്ല ഞാൻ അങ്ങനെ ചെയ്തത്. എനിക്ക് ആരോടും ഒന്നും പറയുവാനില്ല എന്നതുകൊണ്ടുകൂടിയാണ്. .....രാഷ്ട്രീയവും പാരിസ്ഥിതികവും സാംസ്‌കാരികവുമായ വിപത്തുകൾ എനിക്കു ചുറ്റും വളരുന്നത് ഒരു നടുക്കത്തോടെ ഞാൻ തിരിച്ചറിയുന്നു. എന്നിട്ടും നിങ്ങളുടെ മുമ്പിൽ മൗനിയായി നിൽക്കുവാനാണോ ഞാൻ ആഗ്രഹിക്കുന്നത്? അതെ. പക്ഷെ, എന്റെ ഈ മൗനത്തെ പ്രതികരണശേഷിയില്ലായ്മയുടെയോ അരാഷ്ട്രീയതയുടെയോ ഒരു ചിഹ്നമായി നിങ്ങൾ മനസ്സിലാക്കരുത് എന്ന് ഞാൻ ഹൃദയംകൊണ്ട് അപേക്ഷിക്കുന്നു.....''
തന്റെ ചുറ്റും സമൂഹത്തിൽ വളരുന്ന രാഷ്ട്രീയവും പാരിസ്ഥിതികവും സാംസ്‌കാരികവുമായ വിപത്തുകൾ കേശവൻ ശ്രദ്ധിക്കുന്നതായോ അവ അദ്ദേഹത്തെ അലട്ടുന്നതായോ നോവലിൽ ഒരിടത്തും സൂചനയില്ല. എന്നാൽ കേശവൻ എന്ന എഴുത്തുകാരന്റെ മനസ്സിലെ ഏറ്റവും വലിയ നടുക്കവും ഏറ്റവും വലിയ ചിന്താവിഷയവും ഇതാണ് എന്ന് കേശവൻ തന്റെ പ്രഭാഷണത്തിലൂടെ വായനക്കാരെ അറിയിക്കുന്നു.
കേശവൻ എപ്പോഴും പാലിക്കുന്ന മൗനം പിന്നെ എന്തിന് എന്ന ചോദ്യം ഇവിടെ വരുന്നുണ്ട്. ഒരു എഴുത്താൾ അങ്ങനെയായിരിക്കണം എന്നാണ് മുകുന്ദൻ പരോക്ഷമായി പ്രഖ്യാപിക്കുന്നത്. കേശവൻ പ്രസംഗത്തിൽ, തുടർന്നു പറയുന്നതുപോലെ, എഴുത്തുകാരനിലല്ല അയാളുടെ രചനകളിലാണ് മറ്റുള്ളവർ പ്രസക്തി കാണേണ്ടത്.
ഇത് കുറെ പഴയ ഒരു സങ്കല്പമാണ് എന്നു തോന്നുന്നു. ഏതാനും പതിറ്റാണ്ടുകൾക്കുമുമ്പ്, അത്യന്താധുനികതയുടെ കാലത്ത്, ചില എഴുത്തുകാർ സ്വീകരിച്ചിരുന്നതും ഘോഷിച്ചിരുന്നതുമായ കാര്യമാണ്. അന്നും അവരുടെ മുമ്പിൽ മുകുന്ദനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അരാഷ്ട്രീയനായ എഴുത്തുകാരൻ എന്ന വിമർശനവും കേട്ടിരുന്നു. ഇപ്പോഴിതാ മുകുന്ദൻ പഴയകാര്യം ആവർത്തിക്കുന്നു. ഇതു പക്ഷേ ഇവിടെ വലിയൊരു വിരോധാഭാസമാണ്. മുകുന്ദന്റെ വായനക്കാർ ഒരിക്കലും പ്രതീക്ഷിക്കാത്തതുപോലെ, മുകുന്ദൻ അടിമുടി രാഷ്ട്രീയമുള്ള ഒരു നോവൽ എഴുതിയിരിക്കുന്നു.
വായനക്കാർക്കു കിട്ടുന്ന ധ്വന്യർത്ഥം, ആദിശങ്കരന്റെയെന്നല്ല കേരള നാട്ടിലെ ഏതു മഹാന്മാരുടെയും മുന്നിൽ ഇ.എം.എസിനുള്ള യോഗ്യതക്കൂടുതലിന്റെ പേരിലാണ് കേശവൻ ഇ.എം.എസിനെ എഴുതാൻ തെരഞ്ഞെടുത്തത് എന്നാകുന്നു.
ഈ നോവലിൽ തന്റെ കഥാനായകനെ - എഴുത്തുകാരനെ - ബുദ്ധിജീവിയെ - മുകുന്ദൻ മേൽപറഞ്ഞ വിധത്തിൽ ആദർശവൽക്കരിക്കുന്നുണ്ട്. ഈ പ്രസംഗത്തിലുടനീളം ഊന്നൽകൊടുക്കുന്നത് ഇക്കാര്യത്തിനാണ്. നോവലിന്റെ മറ്റു പല ഇടങ്ങളിലും ഇതു തുടരുന്നുണ്ട്.
ഇതിന് ഒരു ജാഡയുടെ സ്വഭാവമുണ്ടോ?
കേശവന്റെ പ്രസംഗം തുടരുന്നു: ''നിങ്ങൾ പ്രസക്തി കാണേണ്ടത് എന്നിലല്ല, എന്റെ രചനകളിൽ മാത്രമാണ്. ഞാൻ കേശവൻ എന്തു ചെയ്യുന്നു എന്നതും എന്ത് ആലോചിക്കുന്നു എന്നതും എന്തു സ്വപ്നം കാണുന്നു എന്നതും നിങ്ങളുടെ ആരുടെയും പ്രശ്‌നമല്ല. ആദിശങ്കരനെക്കുറിച്ചാണോ അഥവാ ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാടിനെക്കുറിച്ചാണോ ഞാൻ നോവൽ എഴുതേണ്ടത് എന്നത് ഒരു ക്വസ്റ്റ്യൻ ഓഫ് ചോയ്‌സാണ്. ആദിശങ്കരനെക്കുറിച്ച് ഞാൻ എഴുതാതിരിക്കുകയും ശങ്കരൻ നമ്പൂതിരിപ്പാടിനെക്കുറിച്ച് എഴുതുകയും ചെയ്യുമ്പോൾ എന്റെ നിലപാട് വ്യക്തമാകുന്നു...’’
ഇവിടെ വായനക്കാർക്കു കിട്ടുന്ന ധ്വന്യർത്ഥം, ആദിശങ്കരന്റെയെന്നല്ല കേരള നാട്ടിലെ ഏതു മഹാന്മാരുടെയും മുന്നിൽ ഇ.എം.എസിനുള്ള യോഗ്യതക്കൂടുതലിന്റെ പേരിലാണ് കേശവൻ ഇ.എം.എസിനെ എഴുതാൻ തെരഞ്ഞെടുത്തത് എന്നാകുന്നു. നമ്മുടെ പൊതുസമൂഹത്തിലെ മിക്കവാറും എല്ലാ ബുദ്ധിജീവികളും എഴുത്തിലും പ്രഭാഷണത്തിലും ഇ.എം.എസിന്റെ പേരു പറഞ്ഞ് ആണയിടുന്നത് ഇതേ അർത്ഥത്തിലാണ്. എന്നാൽ ഇവിടെ, കേശവൻ തന്റെ പ്രസംഗത്തിൽ ഇതു പറയുന്നത് എതിരർത്ഥത്തിലാണ് എന്നുള്ള രഹസ്യത്തിന്റെ നാടകീയത അദ്ദേഹം നിലനിർത്തുന്നു. മുകുന്ദന്റെ എഴുത്തുജീവിതത്തിലും പിന്തുടർന്നുവന്ന ഈ കൗശലം ഇവിടെ ഉപേക്ഷിക്കുന്നു അദ്ദേഹം.
മുകുന്ദൻ നടത്തുന്ന ആദർശപരമായ ഈ ചേരിമാറ്റവും, തന്റെ രാഷ്ട്രീയജീവിതത്തിന്റെ അനാവരണം നടത്തലും വളരെ കൗശലപൂർവ്വമാണ് ചെയ്തിട്ടുള്ളത്. മുകുന്ദന്റെ വായനക്കാർ ഈ കളംമാറ്റം പ്രതീക്ഷിക്കുന്നില്ല. അതീവ ജാഗ്രതയില്ലാത്ത വായനക്കാർ തിരിച്ചറിയുകയുമില്ല. കലാശാലയിലെ ഈ പ്രസംഗത്തിൽ അതിനു വലിയൊരു പ്രാധാന്യവുമുണ്ട്.
കേരളത്തിൽ ഇ.എം.എസിനുള്ള നിസ്സംശയമായ സ്വീകാര്യതയെ അടിയോടെ മറിച്ചിടുക എന്ന വിട്ടുവീഴ്ചയില്ലാത്ത, ഒരു യജ്ഞത്തിന്റെ മാനങ്ങളുള്ള വൻ പ്രയത്‌നത്തിലാണല്ലോ കേശവൻ അപ്പോൾ ഏർപ്പെട്ടിരുന്നത് - 'അപ്പുക്കുട്ടന്റെ വിലാപങ്ങൾ' എന്ന രചനയിലൂടെ. എന്നാൽ ഇതൊന്നും കേശവൻ സ്വമേധയാ ചെയ്യുന്നതല്ല, 'കേശവന്റെ വിലാപങ്ങ'ളുടെ നോവലിസ്റ്റ് ബോധപൂർവ്വം ചെയ്യിക്കുന്നതും പറയിക്കുന്നതുമാണെന്നുള്ള കാര്യം വായനക്കാർ മറന്നുകൂടാ. ഇവിടുത്തെ പ്രസംഗത്തിൽ കേശവൻ സ്വയം അനാവരണം ചെയ്യുകയാണ്. പക്ഷെ അതും ശ്രോതാക്കൾ തിരിച്ചറിയണമെന്ന നിർബന്ധമൊന്നും അയാൾക്കില്ല. കേശവന്റെ വാക്കുകളുടെ അർത്ഥം പൂരിപ്പിക്കപ്പെടുന്നത് നോവലിന്റെ അവസാനം അജ്ഞാതരായ ആളുകളുടെ വെട്ടേറ്റ് അയാൾ വീഴുമ്പോൾ മാത്രമാണ്. കേശവൻ എഴുതിയ നോവലിൽ നിന്നിറങ്ങി വന്നവരാണ് ആ അജ്ഞാതർ.
ഒന്നാം സ്വാതന്ത്ര്യവും രണ്ടാം സ്വാതന്ത്ര്യവും ചെയ്തു കൂട്ടിയ തിന്മകളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിപ്രതിനിധികളാണ് ശരവണനും രണ്ടു കുടിയന്മാരും അനന്തകൃഷ്ണനും ഒക്കെത്തന്നെ.
കേശവൻ പ്രസംഗത്തിൽ പറയുന്നതുപോലെ, എലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാടിനെക്കുറിച്ച് എഴുതാൻ തിരഞ്ഞെടുത്തതിന്റെ പൊരുളും അപ്പോൾ മാത്രമാണ് വെളിച്ചത്താകുന്നത്. കലാശാലയിലെ ശ്രോതാക്കളിൽ ആരെങ്കിലും കേശവന്റെ ആ പ്രസംഗവും അധികം വൈകാതെ അയാൾ വരിക്കുന്ന മരണവും കൂട്ടിവായിച്ച് നിഗൂഢവും മഹിമയുള്ളതുമായ അതിന്റെ പൂർണ്ണാർത്ഥം മനസിലാക്കുന്നവർ ആയിട്ടുണ്ടോ എന്നറിയില്ല. കാലത്തിന്റെ പങ്കാളിത്തത്തോടെ പൂർത്തീകരിക്കുന്ന ഇത്തരം സാഹിത്യരൂപമുഹൂർത്തങ്ങളെ പിന്തുടർന്ന് ഉൾക്കൊള്ളാനും വിലയിടാനും കഴിയുന്ന അനുവാചകർ ഏതൊരു സമൂഹത്തിലും അപൂർവ്വമായിരിക്കും.
കഥ നടക്കുന്ന കേരളഭൂമിയിലെ ശ്രോതാക്കളിൽ അത്തരത്തിൽപ്പെട്ട ഏതാനും പേരെയെങ്കിലും - കലാശാലയിൽ കൂടിയ ആളുകളിൽ പോലും - പ്രതീക്ഷിക്കുക തന്നെ സാഹസമാണ്. എങ്കിലും ഒരാളെങ്കിലും എന്ന ഒരു സാദ്ധ്യതയുണ്ട്. ഈ പ്രതികൂലതകൾക്കെല്ലാം മധ്യത്തിലും എഴുത്തുകാരൻ, കേശവൻ എന്ന മുകുന്ദൻ വിട്ടുവീഴ്ച്ചക്കോ, വെളിപ്പെടുത്തൽ അഥവാ വിശദീകരണം എന്ന ഉദാരവൽക്കരണത്തിനോ തയ്യാറാകുന്നില്ല. കലാശാലയിലെ പ്രസംഗത്തിൽ എഴുത്തുകാരന്റെ അഭിമാനപ്രശ്‌നമായി കേശവൻ ഉയർത്തിപ്പിടിക്കുന്ന കലാകാരസ്വത്വത്തിന്റെ രഹസ്യാത്മകതയെക്കുറിച്ചാണ്, സ്വകാര്യതയെക്കുറിച്ചാണ് ഞാൻ ഈ പറയുന്നത്.
വാസ്തവത്തിൽ കേശവൻ ഇവിടെ നടത്തുന്നത് ഒരു വിടവാങ്ങൽ പ്രസംഗമാണ് എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല:
''... ഞാൻ മരിച്ചുകഴിഞ്ഞാൽ എന്റെ പേരിൽ ഒരു പുരസ്‌കാരവും ഏർപ്പെടുത്തരുത്. അക്കാദമി ഹാളിൽ ആരും ഒരിക്കലും എന്റെ എണ്ണഛായ ചിത്രം അനാച്ഛാദനം ചെയ്യരുത്...''
ഇങ്ങനെയൊക്കെയാണ് കേശവൻ പ്രസംഗം അവസാനിപ്പിക്കുന്നത്. മാത്രമല്ല, അപ്പുക്കുട്ടന്റെ വിലാപങ്ങൾ എന്ന നോവലിന്റെ പകർപ്പവകാശം തൊഴിൽരഹിതനായ അരവിന്ദന്റെ പേരിൽ പിന്നീട് എഴുതി വയ്ക്കുകയും ചെയ്യുന്നുണ്ട്.
എന്തിനാണിതൊക്കെയെന്ന് വൈകാതെ വെളിപ്പെടും.
കേശവന്റെ നോവലിൽ ഇ.എം.എസ്സിനെക്കുറിച്ച് എഴുതേണ്ടതെല്ലാം അയാൾ എഴുതിക്കഴിഞ്ഞു. പുസ്തകം ഇറങ്ങിയാൽപിന്നെ തനിക്ക് അധികനാൾ ആയുസ്സില്ലെന്ന് കേശവനറിയാം. അതിലയാൾക്ക് പരിഭവവും ഇല്ല. അടുത്തൊരു അദ്ധ്യായത്തിൽ കേശവൻ തന്റെ നോവലിലെ ശരവണനെകൊണ്ട് കലുങ്കിൽ വച്ച് ഒരു പ്രസംഗം നടത്തിക്കുന്നുണ്ട്. (174). ഒരു വലിയ സദസ് മുമ്പിലുണ്ടെന്ന് സങ്കല്പിച്ചാണ് പ്രസംഗം. എന്നാൽ മറ്റു രണ്ടു കുടിയന്മാർ മാത്രമാണ് ശ്രോതാക്കൾ:
''ബഹുമാനപ്പെട്ട സഹോദരീ സഹോദരന്മാരേ,
ഒരു കാലം കോളേജുകളിലും മൈതാനങ്ങളിലും പ്രസംഗിച്ചുനടന്ന എനിക്ക് ഇപ്പോൾ പത്തുവാചകങ്ങൾ നേരെ പറയുവാൻ പോലും കഴിയുന്നില്ല. ഞാൻ ഭാഷ മറന്നുപോയിരിക്കുന്നു. ഞാൻ മലയാളം എം.എ. പാസായവനാണെന്നും നിങ്ങളെ അറിയിക്കട്ടെ. വേണമെങ്കിൽ എനിക്ക് ഒരു ലക്ചറുടെ ഉദ്യോഗം കരസ്ഥമാക്കാമായിരുന്നു. എനിക്കു നിങ്ങളോടു പറയുവാനുള്ളത് ഇന്നത്തെ രാഷ്ട്രീയ പരിസ്ഥിതിയെ പറ്റിയാണ്.
.... അവസാനം നമുക്കു സ്വാതന്ത്ര്യം കിട്ടി. പക്ഷേ എന്തിനു വേണ്ടിയുള്ള സ്വാതന്ത്ര്യം? ചർക്ക തിരിച്ച കൈകൊണ്ട് മെഴ്‌സിഡസ് ഓടിക്കാനുള്ള സ്വാതന്ത്ര്യമോ?
... രണ്ടാം സ്വാതന്ത്ര്യം കൊണ്ടുവന്ന കമ്യൂണിസ്റ്റുകാർ കൃഷിക്കാരന്റെ വിശപ്പു മാറ്റാൻ വേണ്ടി കൃഷിക്കാരനെത്തന്നെ ഇല്ലാതാക്കി.
ചൂഷണം അവസാനിപ്പിക്കുവാൻ വേണ്ടി ചൂഷിതരെ ചൂഷകരാക്കുക എന്ന തന്ത്രമാണ് അവർ പ്രയോഗിച്ചത്.
ഒന്നാം സ്വാതന്ത്ര്യം കൊണ്ടുവന്ന കോൺഗ്രസുകാരും രണ്ടാം സ്വാതന്ത്ര്യം കൊണ്ടുവന്ന കമ്യൂണിസ്റ്റുകാരും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്.......
ഹിറ്റ്‌ലർ കൊന്നതിലേറെ മനുഷ്യരെ സ്റ്റാലിൻ കൊന്നൊടുക്കി. അവരും ഒരേ നാണയത്തിന്റെ രണ്ടു ഭാഗങ്ങളാണ്.''
ചരിത്രപരമായി കൃത്യമായുള്ളതും വിപുലവുമായ ഒരു രാഷ്ട്രീയ അവലോകനമായിരുന്നു ശരവണൻ നടത്തിയത്.
*ട്രോട്‌സ്‌കിയുടെ ആത്മാവിനോട് ചേർന്നുനിന്ന്' സകല കമ്മ്യൂണിസ്റ്റ് സഖാക്കളെയും ശരവണൻ എന്ന ആ മുൻ നക്‌സലൈറ്റ് ശപിക്കുന്നു. മറ്റു രണ്ടു കുടിയന്മാർ കൈയ്യടിച്ചു. അവരോടായി ശരവണൻ ആഹ്വാനം ചെയ്യുന്നു: ''....ഇനി നമ്മൾ ഒന്നാണ്. കുടിയന്മാരേ വരൂ, നമുക്ക് നമ്മുടെ സ്വാതന്ത്ര്യങ്ങൾ ആഘോഷിക്കാം''.
പ്രസംഗം അവസാനിപ്പിച്ചതിനെ തുടർന്ന് ഒരു ആഘോഷമായി മൂന്നു കുടിയന്മാരും ചേർന്ന്, 'സിനിമാതാരങ്ങളുടെ നടുവിൽ ഞെരുങ്ങിയിരുന്നു ചിരിക്കുന്ന' ഇ.എം.എസ്സിന്റെ ചുവരിലെ പോസ്റ്റർ ചിത്രത്തിൽ പരസ്യമായി മൂത്രമൊഴിക്കാൻ തുടങ്ങുന്നു. ഇതു കണ്ടുകൊണ്ടുവന്ന അപ്പുക്കുട്ടൻ അല്പപ്രാണനായ ശരവണനെ കഴുത്തുഞെരിച്ചു കൊന്നു.
‘‘ജയിലിലായ അപ്പുക്കുട്ടനെ രാത്രിയിൽ ആകാശത്തുനിന്ന് ഇറങ്ങിവന്ന ഇ.എം.എസ്സിന്റെ, 'നരച്ച രോമങ്ങളുള്ള കറുത്ത കൈകൾ' വെളുക്കും വരെ തഴുകിക്കൊണ്ടിരുന്നു...’’
'അപ്പുക്കുട്ടന്റെ വിലാപങ്ങൾ' എന്ന നോവൽ അവസാനിക്കുന്ന തിങ്ങനെയാണ്. ആ നോവലിന്റെ ടൈറ്റിൽ പേജും നോവലിസ്റ്റായ കേശവന്റെ ബയോഡേറ്റയും 'കേശവന്റെ വിലാപങ്ങ'ളുടെ 185-ാം പേജിൽ ചേർത്തിട്ടുണ്ട്.
ശരവണന്റെയും കൂട്ടുകാരുടെയും മൂത്രമൊഴിക്കൽ തീർത്തും പ്രതീകാത്മകമാണ്.
ഇടതുപക്ഷവും വലതുപക്ഷവും, കോൺഗ്രസും കമ്യൂണിസ്റ്റും ചെയ്ത ജനവഞ്ചനയും കൊള്ളയും കൊലപാതകങ്ങളും എണ്ണിപ്പറയുന്നതാണ് ശരവണന്റെ പ്രസംഗം. ഒന്നാം സ്വാതന്ത്ര്യവും രണ്ടാം സ്വാതന്ത്ര്യവും ചെയ്തു കൂട്ടിയ തിന്മകളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിപ്രതിനിധികളാണ് ശരവണനും രണ്ടു കുടിയന്മാരും അനന്തകൃഷ്ണനും ഒക്കെത്തന്നെ.
ശരവണന്റെ പ്രസംഗത്തിന്റെ വൈകാരികമൂർച്ചയും സത്യസന്ധതയും വസ്തുതാപരമായ സമഗ്രതയും എല്ലാം മുകുന്ദൻ പ്രത്യേകം ആസൂത്രണം ചെയ്തതാണെന്നു മനസ്സിലാക്കണം. എന്നുവച്ചാൽ മുകുന്ദന്റെ രാഷ്ട്രീയ നിലപാടുകളുടെ ആത്മസാക്ഷ്യമാണിത്.
എഴുത്തുകാരൻ എന്ന നിലയിൽ കേശവനും സമ്പൂർണ്ണ സാമൂഹ്യജീവിയാണ്. എന്നാൽ തന്റെ സത്തയെല്ലാം അയാൾ സമൂഹത്തിൽ നിന്നു മറച്ചുവച്ച് ജീവിക്കുന്നു.
രാഷ്ട്രീയക്കാരുടെ ചതിയുടെ, പാപകർമങ്ങളുടെ ആയുഷ്‌കാല സാക്ഷിയും ഇരയുമായ ശരവണനു ചെയ്യാൻ കഴിയുന്ന പരമാവധി പ്രതികാരവും പ്രതിഷേധവും അവഹേളനവും ചേർന്നതാണ് ഇ.എം.എസിന്റെ ചിത്രത്തിനുമേലുള്ള മൂത്രമൊഴിക്കൽ. ആഘോഷമായിട്ടാണ് അതു ചെയ്യാൻ തുടങ്ങുന്നതും. വാക്കുകൾ കൊണ്ടു ചെയ്യാൻ കഴിയുന്ന ഏറ്റവും ശക്തമായ പ്രതികാരം, നിസഹായവും സഹതാപാർഹവുമായ ആക്രമണം മൂത്രമൊഴിക്കലിനുമുൻപേ ചെയ്യുന്നു - 'ട്രോട്‌സ്‌കിയുടെ ഗതികിട്ടാത്ത ആത്മാവിനോടൊന്നിച്ചുനിന്ന് എല്ലാ സഖാക്കളെയും ശപിക്കുന്നു’.
'മനുഷ്യരെ കൊന്നൊടുക്കിയിട്ടും രക്തദാഹം തീരാതെ മിണ്ടാപ്രാണികളെ ജീവനോടെ ചുട്ടുകരിക്കുന്ന നിങ്ങളെ ഞാൻ ശപിക്കുന്നു' എന്നും ശരവണൻ കൂട്ടിച്ചേർക്കുന്നു. അതിന്റെ ധ്വനി വായനക്കാർക്കു തിരിയും. അടുത്തത് ശരവണന്റെ പ്രതികാര പ്രവൃത്തിയാണ്. മൂത്രമൊഴിക്കൽ ഇവിടെ ഏറ്റവും സഭ്യവും അക്രമരഹിതവുമായ പ്രതികാരകർമമായി മാറുന്നു. അതു കണ്ടെത്തിയതിന് മുകുന്ദനോട് സന്തോഷം തോന്നുന്നു.
അതിന് മറ്റൊരു കാരണം കൂടിയുണ്ട്. അവിടെ ഞാൻ ഒ.വി. വിജയനെയും 'ധർമ്മപുരാണ'വും ഓർത്തുപോയി. ‘ധർമ്മപുരാണ’ത്തിലെ സമാനമായ വ്യവഹാരങ്ങൾക്കുള്ളതിനേക്കാൾ ശുദ്ധിയും സഭ്യതയും മാത്രമല്ല ആഘാതശേഷിയും ഈ മൂത്രമൊഴിക്കലിനുണ്ട്. ഗാന്ധിയൻ സത്യാഗ്രഹത്തിന്റെ, അതായത് അക്രമരഹിത പ്രതിഷേധത്തിന്റെ നാട്ടിൻപുറപ്പതിപ്പായി ഇതിനെ കാണാം. സത്യാഗ്രഹത്തോളം തന്നെ ആത്മാർത്ഥതയും സത്യസന്ധതയും പ്രതീകാത്മകമൂല്യവും ഈ മൂത്രമൊഴിക്കലിനുണ്ട്. മൂത്രമൊഴിച്ചു തുടങ്ങും മുമ്പേ മുകുന്ദൻ അപ്പുക്കുട്ടനെക്കൊണ്ട് ശരവണനെ പിടിപ്പിച്ചതും അതിന്റെ കാരണവും വായനക്കാരുടെ ശ്രദ്ധയിൽ വരുമെന്ന് കരുതുന്നു.
സിനിമാക്കാരുടെ കൂടെയാണിരിക്കുന്നതെങ്കിലും, പോസ്റ്ററിലെ, ഇ എമ്മിന്റെ മേൽ മൂത്രം വീഴാതെ മുകുന്ദൻ കാത്തുസൂക്ഷിച്ചിട്ടുണ്ട്. മുകുന്ദന്റെ രാഷ്ട്രീയ ചിന്തകളുടെയും മതങ്ങളുടെയും ആദർശബോധത്തിന്റെയും ആത്മാംശം മുഴുവനായും ശരവണന്റെ പ്രസംഗത്തിലും പ്രതികാരകർമ്മത്തിലും ഉൾക്കൊണ്ടിട്ടുണ്ട് എന്നു വായനക്കാർ തിരിച്ചറിയും എന്നു മുകുന്ദൻ പ്രതീക്ഷിക്കുന്നു. കലാകാരധർമ്മത്തിന്റെ ആദർശാത്മകപാരമ്യം കേശവന്റെ എഴുത്തിലും - അയാളുടെ നോവലിൽ- അതിലൂടെ ഏറ്റുവാങ്ങുന്ന മരണത്തിലും അടങ്ങിയിരിക്കുന്നു എന്നുകൂടി മുകുന്ദൻ ധ്വനിപ്പിക്കുന്നതായി ഞാൻ മനസ്സിലാക്കുന്നു. കേശവൻ കലാശാലയിൽനടത്തിയ പ്രഭാഷണത്തിനും ശരവണന്റെ കലുങ്കിലെ പ്രസംഗത്തിനും വളരെയധികം സമാനതകളുണ്ട്.
ശരവണൻ എന്ന രാഷ്ട്രീയ പ്രവർത്തകന്റെ ആത്യന്തികമായ ഉത്‌ഘോഷവും പ്രവൃത്തിയും ആണ് കലുങ്കിലെ പ്രസംഗം. അതേസമയം മുകുന്ദനായ കേശവൻ എന്ന കലാകാരന്റെ ആത്മാർപ്പണം തന്നെയായ നോവൽസൃഷ്ടി -'അപ്പുക്കുട്ടന്റെ വിലാപങ്ങൾ'- പൂർത്തീകരിച്ചതിന്റെ ചാരിതാർത്ഥ്യമാണ് കോളേജിൽ നടത്തുന്ന പ്രഭാഷണത്തിൽ പ്രതിധ്വനിക്കുന്നത്.
ശരവണൻ സമ്പൂർണ്ണമായും രാഷ്ട്രീയ ജീവിയാണ്. ആദർശവാദിയാണ്. പൂർണ്ണമായും സാമൂഹ്യജീവി എന്നുതന്നെ അതിന്റെയർത്ഥം. ഏറ്റവും സാമൂഹ്യമായ ഇടങ്ങളിലൊന്നായ കലുങ്കാണ് അയാളുടെ പ്രവർത്തനകേന്ദ്രം - ജീവിത വ്യവഹാരങ്ങളുടെ തലസ്ഥാനം. ശരവണൻ തന്റെ ജീവിതം അവിടെ തുറന്നു വച്ചിരിക്കുന്നു.
എഴുത്തുകാരൻ എന്ന നിലയിൽ കേശവനും സമ്പൂർണ്ണ സാമൂഹ്യജീവിയാണ്. എന്നാൽ തന്റെ സത്തയെല്ലാം അയാൾ സമൂഹത്തിൽ നിന്നു മറച്ചുവച്ച് ജീവിക്കുന്നു. സ്വയം വരിച്ച ഒരു ഏകാന്തജീവിതമാണ് കേശവന്റേത്. അയാളുടെ ഭാര്യക്കു പോലും അയാളെയറിയില്ല. അതിൽ കൂടുതൽ അറിയാവുന്നത് രാവുണ്ണിക്കാണ്. '70 കളിലെ ആദർശരാഷ്ട്രീയത്തിലെ ബുദ്ധിജീവി സങ്കല്പമാണിത്. മുകുന്ദന് അതിൽ നിന്ന് മോചനമില്ല. അക്കാലത്തെ പല എഴുത്തുകാരും പിന്നീട് ഉത്തരാധുനിക ഭാവുകത്വം സ്വീകരിച്ചു. മുകുന്ദനും ചില ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചു എന്നു തോന്നുന്നില്ല.
'ആദിത്യനും രാധയും...', 'ഒരു ദളിത് യുവതിയുടെ കദനകഥ' തുടങ്ങിയ രചനകൾ ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്.
മറുവശത്ത്, ശരവണൻ നടത്തുന്നത് ആത്മാഹുതി തന്നെയാണെന്ന് സൂക്ഷ്മവായനയിലും മനനത്തിലും മനസിലാകും. അപ്പുക്കുട്ടൻ വന്ന് കൊലപ്പെടുത്തിയില്ലെങ്കിലും അയാൾ തന്റെ മഹത്തായ പ്രതികാര പ്രവൃത്തിയോടെ തീർന്നുപോകുമായിരുന്നു, ഒട്ടും ശേഷിക്കുമായിരുന്നില്ല. അത്തരം സാക്ഷാത്കാരങ്ങൾ നമ്മുടെ സാഹിത്യകൃതികളിലും സിനിമയിലും ഒരു കാലത്ത് നടപ്പുരീതിയായിരുന്നു എന്ന് ഓർക്കുക. അത് ഇപ്പോഴുമുണ്ടു താനും. കന്നട സിനിമയായ 'ചൊമഭുഡി'യും എം.ടിയുടെ നിർമാല്യവും ഒക്കെ ഇവിടെ ഓർമിക്കാം. ശരവണന്റെ തീവ്രവാദ രാഷ്ട്രീയത്തിനൊടുവിലത്തെ ഏറ്റം വിധ്വംസകമായ, ഭീകരസ്വഭാവമുള്ള ആക്ഷൻ - ഓപ്പറേഷൻ - ആണത്. അയാളുടെ പ്രസംഗം അവസാനിക്കുന്നത് ആ ഊഷ്മനിലയിലാണ്.
സമൂഹത്തിൽ നിലവിലുള്ള രാഷ്ട്രീയമായ ഭീകരദൈന്യാവസ്ഥയിൽ ഈ രൂപത്തിലുള്ള ഒരു ഓപ്പറേഷൻ തിരഞ്ഞെടുത്തതിലെ സർഗ്ഗാത്മകവൈഭവം - ബ്ലാക്ക് ഹ്യൂമർ - തിരിച്ചറിയാൻ, ഏറ്റുവാങ്ങാൻ മയ്യഴിപ്പുഴയിൽ മുങ്ങാങ്കുഴിയിട്ടു സർഗ്ഗാത്മക ജീവിതം സാധിച്ചെടുക്കുന്ന, പൂർത്തീകരിക്കുന്ന, യുവതലമുറക്കാർ കൂടി ഉൾപ്പെടുന്ന മുകുന്ദന്റെ വായനാസമൂഹത്തിന് കെൽപ്പുണ്ടെന്നു ഞാൻ കരുതുന്നില്ല.
ശരവണൻ തന്റെ ആക്ഷൻ നടത്തിയെടുക്കാൻ തിരഞ്ഞെടുക്കുന്ന അതേ ആളിനെ, രാഷ്ട്രീയ സ്വരൂപത്തെ - ഏലംകുളം മനയിലെ ശങ്കരൻ നമ്പൂതിരിപ്പാടിനെ - തന്നെയാണ് കേശവനും തിരഞ്ഞെടുക്കുന്നത്. ഒരു പരസ്പരധാരണയോടെയുമല്ല അത്. പ്രാധാന്യമുള്ള കാര്യമാണിത്. രണ്ട് ആദർശവാദികളുടെ ദർശനയാത്രാന്ത്യത്തിലെ ഭൗതികമായ മുഖാമുഖക്കാഴ്ച്ച. കേശവനും ശരവണനും ബോധപൂർവ്വമല്ല ഇ.എം.എസ്. എന്ന കൊളോസസിനു മുന്നിൽ ഒരുമിച്ച് എത്തിച്ചേരുന്നത്. പക്ഷേ മറ്റൊരാൾ ഏറ്റവും ബോധപൂർവ്വം അവരെ അവിടെ എത്തിച്ചതാണ്. ആ മറ്റൊരാൾ മുകുന്ദനാണ്. എന്നാൽ അതിൽ കൃത്രിമത്വം ആരോപിക്കാൻ പറ്റില്ല.
കാരണം, കേശവനും ശരവണനും അവരുടെ ഭിന്നമായ മേഖലകളിലൂടെയാണ് സഞ്ചരിച്ചത്. കേശവൻ സാംസ്‌കാരിക മണ്ഡലത്തിലൂടെയും ശരവണൻ രാഷ്ട്രീയത്തിന്റെ ഭൂമികയിലൂടെയും. ഇ.എം.എസ്. എന്ന ഭീമാകാരസ്ഥാപനത്തിന്റെ പൂമുഖത്താണ് അവർ രണ്ടുപേരും എത്തിച്ചേരുന്നത്. ഇതുവഴി രണ്ടു മണ്ഡലങ്ങളുടെയും അപചയത്തിന്റെ കാരണഭൂതൻ ഇ.എം.എസ്. എന്നാണ് മുകുന്ദൻ സ്ഥാപിക്കുന്നത്. ഇതാകട്ടെ, ഇ എമ്മിന്റെ മറ്റു വിമർശകർ ആരും തന്നെ സമഗ്രതയിൽ എടുത്തുകാട്ടുകയോ സ്ഥാപിക്കുകയോ ചെയ്തിട്ടില്ലെന്നു തോന്നുന്നു.
ശരവണന്റെ സ്ഥിരം ശത്രുക്കളായവരും, തെറിപറഞ്ഞു തുരത്തി ഇത്രയുംകാലം കലുങ്കിൽ നിന്ന് അകറ്റിനിർത്തപ്പെവരുമായ രണ്ടു കുടിയന്മാരുമായി അയാൾ ഐക്യപ്പെട്ടു. താനും അവരും കള്ളുകുടിയിൽ മാത്രമല്ല രാഷ്ട്രീയമായ ഇരവൽക്കരണത്തിന്റെ കാര്യത്തിലും ഒരേ വർഗ്ഗമാണെന്ന് അയാൾ കാണുകയാണ്. ഇതു വളരെ ശരിയായ ഒരു സംഗതിയാണ്.
മറ്റൊരു ആംഗിളിൽ, 'കരുതിക്കൂട്ടി, സംഘം ചേർന്ന്' എന്ന വകുപ്പിൽ പെടുന്ന കുറ്റം ആണു ശരവണൻ ചെയ്യുവാൻ മുതിർന്നത്. ഇതും വളരെ ശരിയാണ്. അപ്പുക്കുട്ടനോ അവന്റെ അഡ്വക്കേറ്റോ കോടതിയിൽ അങ്ങനെ വാദിച്ചാൽ നമ്മുടെ നിയമങ്ങളും സാമൂഹ്യ- രാഷ്ട്രീയ മാന്യതകളും അതു ശരിവയ്ക്കും. ശരവണൻ വലിയൊരു വിധ്വംസകപ്രവർത്തനം നടത്താൻ ഭാവിക്കുകയായിരുന്നു. അതൊഴിവാക്കിയ അപ്പുക്കുട്ടനു ലാൽസലാം.
ശരവണൻ കൊല്ലപ്പെട്ടപ്പോൾ 'നാടു ശുദ്ധായി' എന്ന പ്രതികരണമാണല്ലോ പൊതുസമൂഹത്തിൽനിന്നുണ്ടായത്.
മറ്റൊരു കാര്യം: നോവലിലെ അനന്തകൃഷ്ണനും മുഖ്യകഥാപാത്രങ്ങൾക്കും നേർക്കെന്നപോലെ, കേരളത്തിലെ എക്‌സ് നക്‌സലൈറ്റുകൾ എന്ന സാമൂഹ്യഘടകം സ്വീകരിച്ചിരിക്കുന്ന പൊരുത്തപ്പെടൽ മാർഗത്തിന്, 'എല്ലാവർക്കും നമസ്‌കാരം, വഴക്കില്ലല്ലോ ആർക്കും' എന്ന കാപട്യത്തിനു നേരെ കൂടിയാണ് ശരവണന്റെ ഓപ്പറേഷൻ ഉടുമുണ്ടുയർത്തിയത്.
ഒളിച്ചുവച്ചും അതിവിനയപ്പെട്ടും ചെറുതാക്കിപ്പറഞ്ഞുമുള്ള മുകുന്ദന്റെ എഴുത്തുരീതിയെക്കുറിച്ച് തുടക്കത്തിൽ തന്നെ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ. മുകുന്ദൻ ഇതിൽ കൂടുതൽ അതു തെളിയിക്കേണ്ടതില്ല.
*(റഷ്യൻ വിപ്ലവകാലത്ത് പാർട്ടിയിലെ പ്രമുഖ നേതാവായിരുന്നു ട്രോട്‌സ്‌കി. ആശയപരമായ വിയോജിപ്പിന്റെ പേരിൽ സ്റ്റാലിനുമായി പിണക്കത്തിലായി. അധികാരം ഭരിച്ചിരുന്ന സ്റ്റാലിനെ ഭയന്ന് ഒളിവിൽ പോയി. ദൂരദേശത്ത് താമസമാക്കി. എങ്കിലും സ്റ്റാലിന്റെ കിങ്കരൻ അവിടെയെത്തി കൈക്കോടാലി കൊണ്ട് ട്രോട്‌സ്‌കിയെ വെട്ടിക്കൊന്നു. ഇങ്ങനെയാണ് പറയപ്പെടുന്ന ചരിത്രം).
(തുടരും)