എം. മുകുന്ദന്‍

‘കേശവന്റെ വിലാപങ്ങൾ’;
കൂട്ടമറവിക്ക് വിധേയമാക്കപ്പെട്ട മാസ്റ്റർപീസ്

എം. മുകുന്ദന്റെ ‘കേശവന്റെ വിലാപങ്ങൾ’ എന്ന നോവൽ 2024-ൽ 25 വർഷം പൂർത്തിയാക്കുകയാണ്. സ്‌ഫോടനാത്മകമായ പ്രമേയം കൈകാര്യം ചെയ്യുന്ന ഈ നോവൽ എന്തുകൊണ്ട് കൂട്ടമറവിക്ക് വിധേയമാക്കപ്പെട്ടു എന്ന പരിശോധനയിലൂടെ, നോവലിനെക്കുറിച്ച് വ്യത്യസ്തമായ വിമർശനവായന നടത്തുകയാണ് ജോണി ജെ. പ്ലാത്തോട്ടം.

മുഖവുര

ലയാളത്തിൽ ഇറങ്ങിയിട്ടുള്ള നോവലുകളിൽ ഒന്നാം നിരയിൽ സ്ഥാനമുള്ളതും എം. മുകുന്ദന്റെ ഏറ്റവും മേൻമയുള്ളതുമായ രചനയാണ് 'കേശവന്റെ വിലാപങ്ങൾ' എന്നു ഞാൻ ഉറപ്പായും വിശ്വസിക്കുന്നു. ഈ സാഹിത്യസൃഷ്ടിക്ക് അർഹിക്കുന്ന സ്വീകാര്യതയോ പരിശോധനയോ ഇക്കാലംവരെ ഉണ്ടാകാതെപോയി.

അതേസമയം, തീർത്തും അപകടകരമായ സംരംഭമായിരുന്നിട്ടും നോവലിസ്റ്റിന് ശരിയെന്നു തോന്നിയ സ്‌ഫോടനാത്മകമായ ഒരു പ്രമേയം സ്ഥാപിച്ചുകൊണ്ടെഴുതിയ ഒന്നാണിത്. ഈ കൃതിയുടെ ആന്തരസത്യം തിരിച്ചറിഞ്ഞവരിൽ ചിലർ പോലും ഇതിനെ നേർവിരുദ്ധമായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. അല്ലെങ്കിൽ അങ്ങനെയൊക്കെ സംഭവിച്ചപ്പോൾ മൗനം പാലിച്ചു.

അധികാരസ്ഥാനങ്ങളും ആൾസ്വാധീനവും ഉള്ളവരായതുകൊണ്ടുതന്നെ തെറ്റായ പ്രചരണം നടത്തിയവരോട് സമൂഹം എതിർവാ പറഞ്ഞില്ല. മാത്രമല്ല, എല്ലാ വിഭാഗവും ചേർന്ന് ഈ പുസ്തകത്തെ കൂട്ടമറവിക്കു വിധേയമാക്കി. ഉപേക്ഷിച്ചുകളഞ്ഞു. ഒരു സമൂഹം കൂട്ടായി അതുചെയ്തു, സത്യത്തിന്റെ കുഴിച്ചുമൂടൽ.
ഒരുപാട് യോഗ്യതാ ബിരുദങ്ങളും പാരമ്പര്യവുമുള്ള നമ്മുടെ സമൂഹം എന്തുകൊണ്ടതു ചെയ്തു എന്നതു കണ്ടെത്തേണ്ടതാണ്. നമ്മുടെ മൂല്യബോധത്തെ സംബന്ധിച്ച ഗുരുതരമായ ഒരു പ്രശ്‌നമുണ്ടതിൽ.

നോവലിന്റെ പ്രമേയം ഗുരുതരമാം വിധം സാമൂഹ്യബന്ധമുള്ളതും രചനാസങ്കേതം അപൂർവ്വസുന്ദരവും.

കേരളജനതയെ സംബന്ധിച്ച ഒരു ദുരന്ത ദുശങ്കയാണ് മുകുന്ദൻ നോവലിലുടെ അവതരിപ്പിക്കുന്നത്. ഏറെ ലോകമാതൃകകളുടെ, പ്രബുദ്ധതകളുടെ ഉടമസ്ഥരായ നമ്മുടെ സമൂഹം ആ ദുരന്തശങ്ക ഏറ്റെടുക്കുന്നില്ല. സംശയകരമാണ്, ദുരൂഹമാണ് ഇക്കാര്യം.

ചെറിയ രീതിയിലാണെങ്കിൽ പോലും ഞാൻ നടത്തിയ അന്വേഷണത്തിൽ മനസിലായത്, നമ്മുടെ നല്ല വായനക്കാരിൽ, നിരൂപകരിൽ അധികം പേരും നോവൽ വായിച്ചത് ജാഗ്രതയില്ലാതെയും മുൻവിധികൾ വച്ചുകൊണ്ടുമാണ് എന്നാകുന്നു. അവർ 'കേശവന്റെ വിലാപങ്ങളെ' അതിന്റെ സാഹിത്യ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞിട്ടില്ല. നോവലിനെ നന്നായി അറിഞ്ഞ ഒരു ചെറു ന്യൂനപക്ഷമുണ്ട്. അവർ തന്നെ അതിനെ കൈവിട്ടു എന്നു മനസിലാക്കാൻ കഴിഞ്ഞു. ഇവിടെയാണ് ദുരൂഹത ഏറുന്നത്.

നോവലിന്റെ പ്രമേയം ഗുരുതരമാം വിധം സാമൂഹ്യബന്ധമുള്ളതും രചനാസങ്കേതം അപൂർവ്വസുന്ദരവും. നമ്മുടെ വായനാസമൂഹം സ്ഥാപിച്ചെടുത്തിട്ടുള്ളതും തുടരുന്നതുമായ, ഭാവുകത്വപരമായ ഏറ്റവും പുതിയ ശരികൾ തന്നെയാണ് ഈ ഗ്രന്ഥത്തിൽ സാക്ഷാത്കരിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടു തന്നെയാണ് ഈ നോവലിന്റെ തിരസ്‌കാരവും വിസ്മരിക്കലും ഗുരുതര പ്രാധാന്യമർഹിക്കുന്നത്.

മരണശിഷ ഏറ്റുവാങ്ങാൻ തയ്യാറായിക്കൊണ്ടാണ് താൻ ഈ നോവലെഴുതുന്നത് എന്നും ആദർശമുള്ള ഒരു കലാകാരൻ തന്റെ സത്യം - തിരിച്ചറിവ് - സ്ഥാപിച്ചെടുക്കാൻ അങ്ങനെ ചെയ്യാൻ തയ്യാറാകേണ്ടതാണെന്നും മുകുന്ദൻ ഈ നോവലിലൂടെ നിശ്ശബ്ദ പ്രഖ്യാപനം നടത്തുന്നു. എന്നാൽ പുസ്തകം പ്രസിദ്ധീകൃതമായതോടെ എഴുത്തുകാരൻ തന്റെ നിലപാടിൽ നിന്ന് പിൻമാറുന്നു.

‘കേശവന്റെ വിലാപങ്ങൾ’ എന്ന നോവലിന്റെ പേരിൽ പ്രതികാരം ചെയ്യുമെന്നു കരുതപ്പെട്ടവർ എം. മുകുന്ദനെ സിംഹാസനത്തിലേറ്റുകയാണുണ്ടായത്.

അതേസമയം, ഈ രചനയുടെ പേരിൽ പ്രതികാരം ചെയ്യുമെന്നു കരുതപ്പെട്ടവർ മുകുന്ദനെ സിംഹാസനത്തിലേറ്റുകയാണുണ്ടായത്. ഇതിനോടു സമാനമായ അനുഭവങ്ങളാണ് മുൻകാലത്തും കേരളത്തിൽ പലപ്പോഴും ഉണ്ടായിട്ടുള്ളത്. അത്തരം വൈരൂദ്ധ്യാനുഭവങ്ങൾ മനസിലും തലച്ചോറിലും ഏറ്റുവാങ്ങിയ സമൂഹം ചിലപ്പോഴൊക്കെ വ്യാഖ്യാനാതീതമായ രീതിയിൽ പെറുമാറുന്നതും കാണാം. സ്വഭാവികം. നമ്മുടെ സുബോധത്തിന്റെ സമനില തെറ്റിയിട്ടുണ്ട്.

നമ്മുടെ സമൂഹം നേരിടുന്ന ഒരു ജനിതക വിപത്തിനെകുറിച്ച് സാഹിത്യ കൃതിയിലൂടെ അറിയിപ്പു തന്നത്, ഒരുപാടു വായനക്കാരുള്ള മുതിർന്ന എഴുത്തുകാരനായ മുകുന്ദനാണ്. പതിനഞ്ചാം വയസിൽ കൊലപാതകം നടത്തുന്ന അപ്പുക്കുട്ടൻ എന്നെ ബാലന്റെ ജീവിതദുരന്തം മൂർത്ത മാതൃകയായി നില്ക്കുന്നു ഈ നോവലിൽ. ഇ.എം.എസിനെ ബാഹ്യമായും ആന്തരികമായും അനുകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്തിട്ടുള്ള ആളാണ് അപ്പുക്കുട്ടൻ എന്ന ഈ ബാലൻ!

രണ്ടു ദശാബ്ദത്തിനുമുൻപ് പ്രസിദ്ധീകരിച്ച (1999) ഒരു പുസ്തകത്തെ മുൻനിർത്തി ഇപ്പോൾ ഒരു നിരൂപണം എഴുതാനുള്ള കാരണത്തെക്കുറിച്ച് ഇത്രയും.

സമൂഹത്തിൽ വൻ ദുരൂഹതകൾ അരങ്ങേറിയിട്ടും, ‘കേശവന്റെ വിലാപങ്ങളി​’ലേതിനു സമാനമായ രാഷ്ട്രീയദുരന്തങ്ങൾ സംഭവിച്ചിട്ടും, നാടാകെ ചർച്ച നടന്നിട്ടും, വായനക്കാരോ ബുദ്ധിജീവിയോ എം. മുകുന്ദന്റെ രചനയെക്കുറിച്ച് ഒരു വാക്ക് എഴുതുകയോ പറയുകയോ ചെയ്തില്ല.

വിഗ്രഹഭഞ്ജകനായ
മുകുന്ദൻ

പശ്ചാത്തലം

മലയാളിസമൂഹം ഗാഢമായ ഒരു ഹിപ്‌നോട്ടിക് സജഷന്റെ പിടിയിലാണോ?

‘കേശവന്റെ വിലാപങ്ങൾ’ എന്ന എം. മുകുന്ദൻനോവൽ സമൂഹത്തിന്റെ അബോധത്തിൽനിന്നുപോലും തുടച്ചുമാറ്റപ്പെട്ടതായി കാണാം. സമൂഹത്തിൽ വൻ ദുരൂഹതകൾ അരങ്ങേറിയിട്ടും, ഈ നോവലിലേതിനോടു സമാനതയുള്ള രാഷ്ട്രീയദുരന്തങ്ങൾ സംഭവിച്ചിട്ടും, നാടാകെ ചർച്ച നടന്നിട്ടും, വായനക്കാരോ ബുദ്ധിജീവിയോ മുകുന്ദന്റെ രചനയെക്കുറിച്ച് ഒരു വാക്ക് എഴുതുകയോ പറയുകയോ ചെയ്തില്ല. അതേസമയം കോതയുടെ പാട്ടു പോലെ പുതിയതു പലതും എഴുതിക്കൂട്ടുകയും ചെയ്തു. ഇത് സ്വാഭാവികമായ മറവിയോ ഉപേക്ഷയോ മാത്രമാണോ?

'കേശവന്റെ വിലാപങ്ങൾ'
വായിക്കുമ്പോൾ

ഒരു വിചിത്രജന്മമായിട്ടാണ് ഈ നോവൽപുസ്തകം പുറത്തുവന്നത്. ജനിക്കുംമുമ്പെ വിവാദം. ജാതകം നോക്കിയ ആചാര്യർ ശൈശവത്തിലേ തന്നെ ഇതിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഏറെ വിചിത്രമായത്, ജനകന്റെ മൗനാനുവാദത്തോടെയാണ് കൊല നടന്നത് എന്ന കാര്യമാണ്.

ഇ.എം.എസ്, ‘കേശവന്റെ വിലാപങ്ങൾ’ എന്ന നോവലിലെ നായകനല്ല, പ്രതിനായകനാണ്. ഈ തിരിച്ചറിവ് ഏത് മലയാളി വായനക്കാരെയും നടുക്കുന്നതാണ്.

ഇ.എം.എസ് ഈ നോവലിലെ നായകനല്ല, പ്രതിനായകനാണ്. ഈ തിരിച്ചറിവ് ഏത് മലയാളി വായനക്കാരെയും നടുക്കുന്നതാണ്. നോവലിന്റെ അവസാനത്തോടടുക്കുമ്പോൾ മാത്രമാണ് വായനക്കാർക്ക് ഈ രഹസ്യം മനസ്സിലാകുന്നത്. നോവലിസ്റ്റായ മുകുന്ദനെ സംബന്ധിച്ച്, ഓർത്താൽ സിരകളിൽ ചോരയുറയിക്കുന്ന ഈ വിദ്ധ്വംസനം - ഇ.എം.എസിനെ ആക്രമിക്കുക എന്ന അതിസാഹസം - തന്റെ നോവലിലെ കഥാനായകനായ കേശവനെ അദ്ദേഹം ഭാരമേൽപ്പിക്കുകയാണ്.
ഒരു തരത്തിൽ പറഞ്ഞാൽ, ഏറ്റവും ലളിതമായ വായന മാത്രം ആവശ്യപ്പെടുന്ന നേവലാണ് കേശവന്റെ വിലാപങ്ങൾ. എന്നാൽ ഈ നേർവായന മാത്രം ഉണ്ടായതായി അറിവില്ല.

കഥയിലേയ്ക്ക്

വടക്കെ മലബാറുകാരനായ കേശവനാണ് നായകകഥാപാത്രം. കേശവൻ ഗവൺമെന്റ് ഓഫീസിൽ ഗുമസ്തനും മാർക്‌സിസ്റ്റ് സഹയാത്രികനുമാണ്. സാഹിത്യകാരൻ കൂടിയായ കേശവൻ ഇതുവരെ നാലു നോവലുകൾ എഴുതിയിട്ടുണ്ട്. പുതിയൊരു നോവൽ എഴുതുവാൻ ഇപ്പോഴയാൾ ഓഫീസിൽനിന്ന് അവധി എടുത്തിരിക്കുകയാണ്.

വളരെ സാധുവായ മനുഷ്യൻ, മിതഭാഷി, കൂട്ടുകാരോട് സംസാരിക്കുമ്പോൾപോലും സഭാകമ്പം. മുഖം കറുപ്പിച്ചും ഒളിച്ചിരുന്നും ഒക്കെയാണ് കേശവൻ എന്ന ഈ പാവത്താൻ തന്റെ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നത്. മാർക്‌സിസ്റ്റു പാർട്ടിയുടെ ആസ്ഥാന സാഹിത്യനിരൂപകനും ബുദ്ധിജീവിയുമായ രാവുണ്ണിയുടെ അംഗീകാരം നേടിയിട്ടുള്ള എഴുത്തുകാരൻ കൂടിയാണ് കേശവൻ.

ഒരു തരത്തിൽ പറഞ്ഞാൽ, ഏറ്റവും ലളിതമായ വായന മാത്രം ആവശ്യപ്പെടുന്ന നേവലാണ് കേശവന്റെ വിലാപങ്ങൾ. എന്നാൽ ഈ നേർവായന മാത്രം ഉണ്ടായതായി അറിവില്ല Photo : DC Books / facebook

എന്നാൽ, കേശവന്റെ പുതിയ നോവൽ ഇ.എം.എസ്സിനെക്കുറിച്ചാണെന്നറിഞ്ഞപ്പോൾ രാവുണ്ണി പറഞ്ഞു: 'എന്നും ജീവിതത്തിനു പുറംതിരിഞ്ഞുനിന്ന നിന്നെപ്പോലുള്ള എഴുത്തുകാർക്ക് ഇ.എംഎസ്സിനെ മനസ്സിലാകില്ല. ഇ.എം.എസ്സ് ഒരു മാസ്‌സൈക്കിയുടെ ഭാഗമാ' (പേജ് 17).

'ന്താ, സൽമാൻ റുഷ്ദിക്ക് നൽകിയതുപോലെ നിങ്ങൾ എനിക്കും ഫത്വ നൽകുമോ? ന്റെ തലയ്ക്കു വില പറയ്യോ?' എന്ന്, എഴുത്തിന്റെ കാര്യത്തിലൊഴിച്ച് വെറും സാധുവായ കേശവൻ കൈയ്യോടെ ചോദിച്ചു.

'സൂക്ഷിക്കണം അത്രയേ എനിക്കു പറയാനുള്ളൂ' എന്ന ഭാരമുള്ള ഏതാനും വാക്കുകളിലായിരുന്നു രാവുണ്ണിയുടെ മറുപടി.

കേശവന്റെ വിലാപങ്ങൾ എന്ന പുസ്തകം മുന്നോട്ട് പോകുന്നത്, ഇടയ്ക്കിടക്ക് കേശവൻ എഴുതുന്ന നോവലിന്റെ കാര്യം പറയുകയും തിരികെ കേശവന്റെ വിലാപങ്ങളിലേക്ക് വരികയും വീണ്ടും അപ്പുക്കുട്ടന്റെ വിലാപങ്ങളിലേക്ക് പോകുകയും ചെയ്തുകൊണ്ടാണ് - നോവലിനുള്ളിൽ നോവൽ എന്ന രചനാസങ്കേതം.

നോവലിന്റെ തുടക്കത്തിൽ തന്നെ (പേജ് 17) അപ്രധാനമെന്നോ പകുതി തമാശയെന്നോ തോന്നിക്കുംവിധം കൊടുത്തിരിക്കുന്ന ഈ ലഘുസംഭാഷണം ഈ രചനയുടെ താക്കോൽവാക്യങ്ങളാണെന്ന് പുസ്തകം വായിച്ചുതീരുമ്പോൾ വായനക്കാർ കണ്ടെത്തും. മുകുന്ദന്റെ രചനാരീതിയുടെ ഒരു പൊതുസ്വഭാവമാണ് ഈ ഒളിച്ചുവച്ചുപറയൽ. വഴിയിൽ കിടന്നു കിട്ടുന്നതുപോലെയായിരിക്കും രചനയിലെ ഏറ്റവും വിലപ്പെട്ട അറിവ് വായനക്കാർക്ക് ലഭിക്കുന്നത്.

ഇവിടെ ഒട്ടും പ്രകോപനമില്ലാതെ, കേശവന്റെ പതുങ്ങിയസ്വഭാവത്തിന് വിരുദ്ധമായി, ഫത്വയെക്കുറിച്ചു പറയിക്കുന്നത് ഇക്കാര്യത്തിലുള്ള മുകുന്ദന്റെ നിശ്ചയദാർഢ്യത്തെയാണു കാണിക്കുന്നത്.
അതായത്, ഇ.എം.എസിനെക്കുറിച്ച് നോവലെഴുതിയതിന് പാർട്ടി ക്യാപിറ്റൽ പണിഷ്മെന്റ് വിധിച്ച് കേശവന്റെ തലയെടുത്ത് അതു നടപ്പിലാക്കുകയായിരുന്നു എന്ന് ഏത് സാധാരണ വായനക്കാർക്കും മനസിലാകണം എന്ന് മുകുന്ദന് നിർബന്ധമുണ്ടായിരുന്നു.

ഇ.എം.എസ്സിനെക്കുറിച്ച് കേശവൻ എഴുതുന്ന നോവലിന്റെ പേര് 'അപ്പുക്കുട്ടന്റെ വിലാപങ്ങൾ' എന്നാണ്. കേശവന്റെ വിലാപങ്ങൾ എന്ന പുസ്തകം മുന്നോട്ട് പോകുന്നത്, ഇടയ്ക്കിടക്ക് കേശവൻ എഴുതുന്ന നോവലിന്റെ കാര്യം പറയുകയും തിരികെ കേശവന്റെ വിലാപങ്ങളിലേക്ക് വരികയും വീണ്ടും അപ്പുക്കുട്ടന്റെ വിലാപങ്ങളിലേക്ക് പോകുകയും ചെയ്തുകൊണ്ടാണ് - നോവലിനുള്ളിൽ നോവൽ എന്ന രചനാസങ്കേതം.

ഇ.എം.എസിനെക്കുറിച്ച് നോവലെഴുതിയതിന് പാർട്ടി ക്യാപിറ്റൽ പണിഷ്‌മെന്റ് വിധിച്ച് കേശവന്റെ തലയെടുത്ത് അതു നടപ്പിലാക്കുകയായിരുന്നു എന്ന് ഏത് സാധാരണ വായനക്കാർക്കും മനസിലാകണം എന്ന് മുകുന്ദന് നിർബന്ധമുണ്ടായിരുന്നു.

തൊട്ടിലിൽ കിടക്കുമ്പോൾതന്നെ, ഭിത്തിയിൽ ഫ്രെയിം ചെയ്തുവച്ച ഇ.എം.എസ്സിന്റെ കലണ്ടർചിത്രം കണ്ടില്ലെങ്കിൽ നിർത്താതെ കരയുകയും ചിത്രം കണ്ടാൽ ശാന്തനാകുകയും ചെയ്യുന്ന ബാലനാണ് കേശവൻ എഴുതുന്ന അപ്പുക്കുട്ടന്റെ വിലാപങ്ങളിലെ നായകൻ.

''അച്ഛൻ അവനെ അപ്പുവെന്ന് വിളിച്ചു. അമ്മ കൂട്ടനെന്നു വിളിച്ചു. നാട്ടുകാർ അപ്പുക്കുട്ടനെന്നും. അങ്ങനെ നാട്ടുകാരാണ് അവന് പൂർണ്ണത നൽകിയത്...'' ഇത്രയും എഴുതിയത്, കേശവൻ രാവുണ്ണിയെയും കൂട്ടരെയും വായിച്ചുകേൾപ്പിച്ചു.

നോവലിന്റെ തുടക്കം കൊള്ളാമെന്ന് രാവുണ്ണിയും കൂട്ടുകാരും സമ്മതിച്ചു. എന്നാൽ കേശവൻ അത്ര തൃപ്തനായിരുന്നില്ല, എന്നു മാത്രമല്ല മുകളിൽ പറഞ്ഞ 'ഇത്രയും' എഴുതിയതുതന്നെ വലിയൊരു ആത്മയുദ്ധത്തിന്റെ ഫലമായിട്ടാണ്. നോവലിന്റെ ആദ്യ അദ്ധ്യായത്തിലെ ആദ്യ വാക്യങ്ങളായി ഇത്രയുമെഴുതിയശേഷം കേശവൻ എന്തു ചെയ്യുകയാണ് എന്നു നോക്കാം.

നോവൽരചന തുടങ്ങിയതോടെ കേശവന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. രാത്രി കിടക്കയിൽ ഭാര്യ സുജാതയോട് അയാൾ ശാരീരികബന്ധം പാതിക്കുവച്ചുനിർത്തി, ആലോചനയിലാകും.

‘‘അത്രയും എഴുതിയ ശേഷം കസേരയിൽ നിവർന്നിരുന്ന് വെള്ളക്കടലാസിൽ ചുവന്ന മഷികൊണ്ടെഴുതിയ ആ വരികളിൽ അയാൾ നോക്കിയിരുന്നു. കേശവന്റെത് തെളിഞ്ഞ കൈയ്യക്ഷരമാണെങ്കിലും അയാൾ എഴുതിത്തുടങ്ങുമ്പോൾ വരികൾ വളഞ്ഞു പോകും... കേശവൻ അടുത്ത വാക്യമെഴുതുവാനായി പേന കൈയ്യിലെടുത്തു. നിറയെ മഷി നിറച്ച ഒരു ഫൗണ്ടൻ പെന്നാണത്. അയാൾക്കു ബോൾപോയ്ന്റു പേനകൾ ഒട്ടും ഇഷ്ടമല്ല. തട്ടിയും തടഞ്ഞുമുള്ള എഴുത്തിലാണ് അയാൾക്കു താല്പര്യം...
കേശവന് ഒന്നു തുപ്പുവാൻ തോന്നി. കൈയിലെ പേന മേശയിന്മേൽ വച്ച് ജാലകത്തിനരികിൽ ചെന്നുനിന്ന് അയാൾ പുറത്തേക്കു നീട്ടിത്തുപ്പി. ആ ഒച്ചകേട്ട് മുറ്റത്തു നിന്നിരുന്ന തള്ളക്കോഴി ധൃതിയിൽ അതിന്റെ കുഞ്ഞുങ്ങളെ ചിറകുകൾക്കു ചുവട്ടിൽ ഒതുക്കി...’’ (9)

ഇവിടെ കേശവനും മുകുന്ദനും ഒരുപോലെ ഉഴപ്പുകയാണ്. ഉഴപ്പു തുടരുന്നു.

''എടീ നീയെന്തു ചെയ്യാ...''
''അരി വാർക്കാ''
''ഒന്നിങ്ങട്ട് വാ''
''ന്തിനാ...''
''പുറം ചൊറിയാൻ''

എഴുതാനിരിക്കുമ്പോൾ കേശവന് അങ്ങനെ പലതും തോന്നും എന്ന് സുജാതക്കറിയാം. ഇടയ്ക്കിടെ തുപ്പണം. പുറം ചൊറിയണം. മൂത്രമൊഴിക്കണം...

കേശവൻ സുജാതയുടെ ചീപ്പ് എടുത്ത് ബനിയനുള്ളിലൂടെ കടത്തി പുറംചൊറിയുന്നു.
'കോഴിയും മക്കളും ജനലിനു താഴെയുണ്ട്. കൂട്ടിന് പൂവാലനും എത്തിയിട്ടുണ്ട്…’
'അയാൾ പേനയുടെ കേപ്പൂരി നിബ്ബിൽ ഒന്നു നോക്കി. അയാളുടെ നോട്ടം കണ്ടാൽ അതിന് എന്തോ തകരാറുണ്ടെന്നു തോന്നും...'

കേശവൻ അടുത്ത മുക്കിൽ പോയി മുറുക്കുന്നു. കടയിലും വഴിക്കും കണ്ടവരോട് വിരസതയോടെ കുശലം പറയുന്നു.

എം. മുകുന്ദന്റെ പതിവുരീതിക്കപ്പുറം ‘​കേശവന്റെ വിലാപ’ത്തിൽ, കാടുകയറിയുള്ള വിവരണങ്ങൾക്കും മാന്ദ്യത്തിനും സവിശേഷമായ മറ്റൊരു കാരണമുണ്ട്.

ഇങ്ങനെ പോകുന്നു. നീണ്ട 5 പേജുകൾക്കു ശേഷമാണ് വീണ്ടും നോവൽഭാഗമായി കഷ്ടിച്ച് രണ്ടു പാരഗ്രാഫ് എഴുതുന്നത്. അതിങ്ങനെയാണ്: ''കൈകാലുകൾ ചലിപ്പിച്ചുകൊണ്ട് തൊട്ടിയിൽക്കിടക്കുന്ന അപ്പുക്കുട്ടന്റെ നോട്ടം ചുവരിൽ ഫ്രെയിം ചെയ്തു വച്ച ഇ.എം.എസിന്റെ ചിത്രത്തിൽ പതിഞ്ഞു. അദ്ദേഹം വെളുത്ത ഷർട്ടിടുകയും കണ്ണട വയ്ക്കുകയും ചെയ്തിരുന്നു. കറുത്ത തലമുടി ഭംഗിയായി ചീകി വച്ചിരുന്നു. ശിരസിനു മുകളിലും ഇരുവശങ്ങളിലും കടുംചുവപ്പു പശ്ചാത്തലമാണ്. ചിത്രത്തിന്റെ കീഴ്ഭാഗം ഷർട്ടിന്റെ വെണ്മ പൂർണ്ണമായും കൈവശമാക്കിയിരുന്നു. ഇ.എം.എസിന്റെ ചുമലുകൾക്ക് അസാധാരണമായ വിസ്തീർണ്ണമുണ്ടായിരുന്നു. ഏതോ ഒരു നാടൻ കലാകാരൻ എഴുതിയ ചിത്രമാണത്...
തൊട്ടിലിൽ കിടക്കുന്ന അപ്പുക്കുട്ടനെ ആകർഷിച്ചത് ആ ചിത്രത്തിലെ ചുവപ്പുനിറമായിരുന്നു. അങ്ങനെ ആ ചുവപ്പുനിറം കണ്ട് തൊട്ടിലിൽ കിടന്നു കളിച്ച് അപ്പുക്കുട്ടൻ വളർന്നു’’.
'അത്രയും എഴുതിയ ശേഷം കേപ്പിടാതെ പേന താഴെ വച്ച് കേശവൻ തിരികെ കട്ടിലിൽ ചെന്നു കിടന്നു. കിടന്നപാടെ അയാൾ ഉറങ്ങിപ്പോകുകയും ചെയ്തു’. (15)

എന്താണ് കേശവന്റെ സൂക്കേട് എന്ന് വായനക്കാർ ചോദിച്ചുപോകും.

മുകുന്ദൻ തന്റെ മിക്ക രചനകളിലും ഇങ്ങനെ കുറേ ഭാഗങ്ങൾ എഴുതാറുണ്ട്. കഥാപാത്രസ്വഭാവം ചിത്രീകരിക്കാനാണെന്നു കരുതാൻ വയ്യ. കാരണം കഥാപാത്രത്തിന്റെ വ്യക്തിത്വത്തിൽ ഒരു സ്ഥാനവുമില്ലാത്ത പൈങ്കിളി എന്നു പറയേണ്ടുന്ന കാര്യങ്ങളാണ് എഴുതിപ്പോകുന്നത്. ഇവിടെ ഉദ്ധരിച്ച ഭാഗത്തുതന്നെ 'പൈങ്കിളി'യെക്കുറിച്ച് മുകുന്ദൻ പരാമർശിക്കുന്നുമുണ്ട്. എന്നാൽ മുകുന്ദന്റെ പതിവു രീതിക്ക് അപ്പുറം ഈ പുസ്തകത്തിൽ, കാടുകയറിയുള്ള വിവരണങ്ങൾക്കും മാന്ദ്യത്തിനും സവിശേഷമായ മറ്റൊരു കാരണമുണ്ട്.

'കേശവന്റെ വിലാപങ്ങൾ' എഴുതിത്തുടങ്ങിയപ്പോൾ മുകുന്ദൻ നേരിട്ട സന്ദിഗ്ധതയുടെ ഒരേറ്റുപറച്ചിൽ നോവലിലുണ്ടെന്ന് വായനക്കാർക്ക് കുറെ കഴിയുമ്പോൾ മനസ്സിലാകും.

നോവൽരചന തുടങ്ങിയതോടെ കേശവന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. രാത്രി കിടക്കയിൽ ഭാര്യ സുജാതയോട് അയാൾ ശാരീരികബന്ധം പാതിക്കുവച്ചുനിർത്തി, ആലോചനയിലാകും. ദാമ്പത്യബന്ധത്തിലെ അസ്വാരസ്യം പുറത്തറിയാനും ഊമക്കത്തുകൾ വരാൻപോലും കാരണമാകുംവിധം ആഴമാർന്നതുമായിരുന്നു കേശവന്റെ പ്രശ്‌നങ്ങൾ. അതിന്റെ കാരണത്തെക്കുറിച്ച് മുകുന്ദൻ ചില സൂചനകൾ മാത്രമേ വായനക്കാർക്ക് നൽകുന്നുള്ളൂ. എടുത്ത അവധി തീർന്നിട്ടും നോവലെഴുത്ത് ഒട്ടും മുന്നോട്ടു നീങ്ങിയതുമില്ല.

എഴുത്തുകാരനെന്ന നിലയിലുള്ള തന്റെ ജീവിതത്തെത്തന്നെ അയാൾ വെറുത്തു തുടങ്ങി. 'ഒരു വെറും മനുഷ്യനായിരിക്കാൻ' കേശവൻ കൊതിച്ചു. കേശവന്റെയുള്ളിൽ നടക്കുന്നതൊക്കെയും ദുരൂഹമായ കാര്യങ്ങളാണ്. 'കേശവന്റെ വിലാപങ്ങൾ' എഴുതിത്തുടങ്ങിയപ്പോൾ മുകുന്ദൻ നേരിട്ട സന്ദിഗ്ധതയുടെ ഒരേറ്റുപറച്ചിലാണിതെന്നു വായനക്കാർക്ക് കുറെ കഴിയുമ്പോൾ മനസ്സിലാകുകയും ചെയ്യും.

ഇ.എം.എസിനെ ആക്രമിക്കുക എന്ന അതിസാഹസം - തന്റെ നോവലിലെ കഥാനായകനായ കേശവനെ അദ്ദേഹം ഭാരമേൽപ്പിക്കുകയാണ്.

രാവുണ്ണിയും പാർട്ടിയുടെ ആൾക്കാരും കരുതുന്നതുപോലെ ഇ.എം.എസ്സിനെ പുകഴ്ത്തിക്കൊണ്ട് എഴുതാനല്ല കേശവന്റെ തീരുമാനം. പക്ഷേ ഇത് പുറത്തേക്ക് പറയാൻ മാത്രമല്ല, ഓർമ്മിക്കാൻ തന്നെ കേശവന് ഭയമാണ്. കേശവന്റെ വ്യക്തിത്വം ഉലയാനും അയാൾ സ്വയം ശപിച്ചു നടക്കുവാനും നോവൽ കുറേനാൾ മുടങ്ങിപ്പോകാനും കാരണം ഇതുതന്നെയാണ്. യഥാർത്ഥത്തിൽ വെറും ശുദ്ധനായ കേശവൻ തന്റെ ഉള്ളിലെ ആദർശത്തിലും എഴുത്തിലും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല.

‘തിങ്കളാഴ്ച അവധി തീർന്നു. ഇന്ന് ഉത്സാഹത്തോടെയാണ് അയാൾ ഉണർന്നത്. ഒന്നും എഴുതിയില്ല. ഒന്നും ചെയ്തില്ല. അങ്ങനെ അവധി തീർന്നു. എന്നിട്ടും ആഫീസിലേക്കു പുറപ്പെടുമ്പോൾ അയാൾക്കു സന്തോഷം തോന്നി’ (26)

ഇസ്തിരിയിട്ട മുണ്ടും ഷർട്ടും കുടയും ലഞ്ച് ബോക്‌സുമായി ആഫീസിലേക്കു പോകുമ്പോൾ കോലായിൽ നിൽക്കുന്ന ഭാര്യയെ നോക്കി അയാൾ പറഞ്ഞു, ‘ഒരു സാഹിത്യകാരൻ ആകേണ്ട ആളല്ല ഞാൻ. ഞാൻ ഒരു വെറും സർക്കാർ ബാബുവാണ്’.

കേശവന്റെ മനസ്സും വ്യക്തിത്വവും അന്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. കടുത്ത ഡിപ്രഷനും വിഷാദരോഗത്തിനും വരെ അയാൾ വിധേയനായിക്കഴിഞ്ഞു. ഓഫീസിൽ കൂട്ടുകാർ ആദരവോടെ അയാളെ സ്വീകരിച്ചു. ഇനിയും എടുക്കാവുന്ന അവധിയുണ്ടല്ലോ. അതുകൂടി കഴിഞ്ഞേ കേശവൻ ചെല്ലുകയുള്ളു എന്നാണവർ കരുതിയത്.

നോവലിന്റെ പേരു ചോദിച്ചപ്പോൾ 'എഴുതാത്ത നോവൽ' എന്നാണ് കേശവൻ പറഞ്ഞത്. അതവർ നേരെന്നു വിശ്വസിച്ചു. അവർ ആ പേര് ഇഷ്ടപ്പെടുകയും ചെയ്തു. ക്രമേണ കേശവനും ആ പേര് ഇഷ്ടമായി.
'അതിനുശേഷം രണ്ടു കൊല്ലങ്ങൾ കഴിഞ്ഞു. അപ്പുക്കുട്ടന്റെ വിലാപങ്ങൾ എഴുതാത്ത നോവലായി കിടന്നു...'
'കേശവന് എഴുതാൻ കഴിയാതെയായി. എഴുത്തുനിന്നു. രണ്ടുകൊല്ലമാണ് നോവൽ മുടങ്ങിക്കിടന്നത്. മറ്റൊരു നോവൽ എഴുതിത്തുടങ്ങുന്നതിനെക്കുറിച്ച് അയാൾ ആലോചിച്ചു കഴിഞ്ഞു’. (28)

ഇടതുപക്ഷം അധികാരത്തിൽ വന്നതിനു ശേഷമാണ് പണ്ട് പട്ടയടിച്ചിരുന്ന രാവുണ്ണി ബ്രാണ്ടി കഴിക്കുവാൻ തുടങ്ങിയത്. പട്ടയും ബ്രാണ്ടിയും ഇല്ലെങ്കിൽ അയാൾ അക്കാദമി പ്രസിഡന്റോ കോർപറേഷൻ ചെയർമാനോ എങ്കിലും ആകുമായിരുന്നു….

ആയിടയ്ക്ക് രാവുണ്ണിസംഘത്തിന്റെ ഒരു സന്ദർശനത്തിനിടയിൽ, ‘ഇ.എം.എസ് നിന്റെ കൈയിലൊതുങ്ങില്ലാന്ന് ഞാനന്നേ പറഞ്ഞതാ. വെറുതെ രണ്ടു കൊല്ലം കളഞ്ഞു’ എന്ന് രാവുണ്ണി.

പക്ഷേ കേശവൻ മറുപടി പറഞ്ഞില്ല.

സ്‌നേഹബുദ്ധ്യാ ഉള്ള ഉപദേശത്തിനും അപ്പുറം ഇ എമ്മിനെ എഴുത്തിൽനിന്ന് ഒഴിവാക്കാനുള്ള ഒരു നിർദ്ദേശവും താക്കീതും കൂടിയാണ് രാവുണ്ണിയുടെ വാക്കുകൾ. കേശവന് അത് മനസിലാകാത്തതുമല്ല.

''.... നീ ചൈനേലൊന്നുപോയി വാ. ഞാനതു ശരിയാക്കിത്തരാം. അതു നിന്നെ ഇൻസ്പയർ ചെയ്യും'', രാവുണ്ണി.

ഇപ്പോൾ കേശവൻ കൃത്യമായി മറുപടി പറഞ്ഞു. ''ഈയെമ്മസിനെപ്പറ്റി എഴുതാൻ ചൈനേലു പോണോ'' (പേജ് 29).
''നീ ഒരു മരമണ്ടനാ. മറ്റുള്ളോര് എത്ര പറഞ്ഞാലും ചെല കാര്യങ്ങള് നിന്റെ തലേല് കേറൂല്ല’’.
''ഞാനെങ്ങും പോണില്ല. എന്നെ കാണേണ്ടവര് ഇങ്ങോട്ടു വരട്ടെ’’.
കേശവൻ പറഞ്ഞത് രാവുണ്ണിക്ക് ഒട്ടും ഇഷ്ടമായില്ല. രാവുണ്ണിയുടെ മുഖം കറുത്തു.
'രാവുണ്ണി പലതവണ റഷ്യയിലും ചൈനയിലും പോയിട്ടുണ്ട്. അയാൾക്ക് റഷ്യയും ചൈനയും ജന്മനാടായ കൊയിലാണ്ടി പോലെയാണ്’.

''ഞാനെറങ്ങാ
ചില്ലറ വല്ലതും ഉണ്ടെങ്കില് ഇങ്ങെടുക്ക്'', രാവുണ്ണി പറഞ്ഞു.

മറുപടിക്കു കാത്തു നിൽക്കാതെ രാവുണ്ണി കേശവന്റെ കീശയിൽ കൈയിട്ട് കൈയ്യിൽ തടഞ്ഞത് എടുത്ത് സ്ഥലംവിട്ടു. അയാളുടെ സഞ്ചി ആടുന്നുണ്ടായിരുന്നു. സഞ്ചി ഒഴിഞ്ഞാൽ കാണുന്നവരുടെ കീശയിൽ കൈയിടാൻ അയാൾ മടിക്കാറില്ല. പണം ഒരിക്കലും മടിക്കുത്തിലും കീശയിലും കിടക്കാൻ പാടില്ലയെന്നും അത് കൈ മാറി സഞ്ചരിക്കാനുള്ളതാണെന്നും അയാൾ ന്യായം കണ്ടെത്തുകയും ചെയ്യും. അയാളുടെ കയ്യിലെ പൈസയുടെ ചായ്‌വ് ഇടത്തോട്ടോ വലത്തോട്ടോ അല്ല. ബ്രാണ്ടിക്കടയിലേക്കാണ്.

'രാവുണ്ണി പലതവണ റഷ്യയിലും ചൈനയിലും പോയിട്ടുണ്ട്. അയാൾക്ക് റഷ്യയും ചൈനയും ജന്മനാടായ കൊയിലാണ്ടി പോലെയാണ്’

ഇടതുപക്ഷം അധികാരത്തിൽ വന്നതിനു ശേഷമാണ് പണ്ട് പട്ടയടിച്ചിരുന്ന രാവുണ്ണി ബ്രാണ്ടി കഴിക്കുവാൻ തുടങ്ങിയത്. പട്ടയും ബ്രാണ്ടിയും ഇല്ലെങ്കിൽ അയാൾ അക്കാദമി പ്രസിഡന്റോ കോർപറേഷൻ ചെയർമാനോ എങ്കിലും ആകുമായിരുന്നു…. രാവുണ്ണിയെക്കുറിച്ചുള്ള വിവരണം ഇങ്ങനെ പോകുന്നു.

ഇങ്ങനെയെല്ലാമുള്ള ആൾ പാർട്ടിയിൽ അതായത് ഇ എമ്മിന്റെ മുമ്പിൽ വലിയസ്ഥാനമുള്ള ആളായിട്ടാണ് മുകുന്ദൻ അവതരിപ്പിച്ചിരിക്കുന്നത്. ഇത്, പാർട്ടി സാധാരണം എന്നു തന്നെ അർത്ഥം.

‘‘... അന്നുരാത്രി മകനുറങ്ങിയപ്പോൾ, ന്താ, ഇത് കേശവേട്ടാ? ഷ്ടംല്ലെങ്കില് പിന്നെന്തിനാ...’’

അയാൾ കട്ടിലിൽനിന്ന് ഊരിയിറങ്ങി മുണ്ടെടുത്ത് ചുറ്റി എഴുത്തുമുറിയിലേക്ക് നടന്നു. അവിടെ വെളിച്ചം തെളിഞ്ഞു. രണ്ടു കൊല്ലങ്ങൾക്കു മുമ്പ് അയാൾ എഴുതിയുപേക്ഷിച്ച ആ കടലാസുകൾ അയാൾ വീണ്ടും കൈയിലെടുത്തു. അയാൾ പേനയെടുത്ത് എഴുതാൻ തുടങ്ങി:
‘ഇപ്പോൾ അപ്പുക്കുട്ടൻ കരയുമ്പോൾ അവന്റെ അമ്മ അവന് ഗ്രൈപ്പുവാട്ടർ കൊടുക്കാറില്ല. അവൾചുമരിൽനിന്ന് ഈയെമ്മസിന്റെ ഫോട്ടോ എടുത്ത് തൊട്ടിലിൽ വച്ചുകൊടുക്കും’.
അവനുമാത്രം മനസ്സിലാകുന്ന ഭാഷയിൽ ഈയെമ്മസുമായി സംസാരിച്ചും അദ്ദേഹവുമായി കളിച്ചും ചിരിച്ചും അപ്പുക്കുട്ടൻ വളർന്നു.
അന്നു പുലരുംവരെ കേശവന്റെ എഴുത്തുമുറിയിൽ വെളിച്ചമുണ്ടായിരുന്നു (29).

വായനക്കാർക്ക് ഒരു കാര്യം മനസ്സിലാകും. കേശവന്റെ ആകുലതകളും ആശങ്കകളും വിട്ടകന്നു. അയാൾ മരണഭയത്തെ ജയിച്ചുകഴിഞ്ഞു. കേശവന്റെ മനസ്സിൽ ഉദ്ദേശിച്ചിരുന്നതു തുറന്നെഴുതുകയാണ്.

ഭൗതികസുഖങ്ങളുടെ കൊട്ടാരമുപേക്ഷിച്ച് ഇറങ്ങിപ്പോരുന്നതുപോലെയാണ് കേശവൻ സഹശയനത്തിൽനിന്ന് സ്വയം വേർപെടുത്തി എഴുത്തു മുറിയിലേക്ക് പോകുന്നത്. എഴുത്തുമുറി അടുത്തുതന്നെയാണെങ്കിലും കേശവൻ വളരെ ദൂരെ ഇരുട്ടുമൂടിക്കിടന്നിരുന്ന ഒരു മേഖലയിൽ ചെന്നെത്തിയതുപോലെയാണ്.

‘അവിടെ വെളിച്ചം തെളിഞ്ഞു’.

ഭാര്യയുടെ കിടക്കയിൽ നിന്ന് കേശവൻ വിട്ടുപോരുന്നത് ഇങ്ങനെയാണ്: 'അയാൾ അനങ്ങാതെ കിടന്നു. തന്റെ ശരീരത്തിന്റെ താഴെ അവളുടെ കാലുകളിലെ ഞെട്ടലുകൾ അയാൾ ശ്രദ്ധിച്ചില്ല. സുജാത വീണ്ടും എന്തോ പറഞ്ഞു. അവളെ ശ്രദ്ധിക്കാതെ അയാൾ കട്ടിലിൽ നിന്ന് ഊരിയിറങ്ങി. മുണ്ടെടുത്തു ചുറ്റി എഴുത്തു മുറിയിലേക്കു നടന്നു’.
ജീവിതത്തിലെ ഒരു ഘട്ടത്തെയാണ് അയാൾ ഉപേക്ഷിച്ചുപോകുന്നത്.
അയാളുടെ ധർമ്മവും കർമ്മവും മാറുകയാണ്.

പേനയെടുത്തപ്പോൾ ഇപ്രാവശ്യം അയാൾക്ക് സംശയങ്ങളില്ല. പേനയുടെ നിബ്ബിലേക്കു നോക്കിയതില്ല. എഴുതാൻ തുടങ്ങി:
'അന്നു പുലരുംവരെ കേശവന്റെ എഴുത്തുമുറിയിൽ വെളിച്ചമുണ്ടായിരുന്നു' (29) എന്നു പറഞ്ഞ് നോവലിസ്റ്റ് വലിഞ്ഞുനിൽക്കുകയാണ്.

വായനക്കാർക്ക് ഒരു കാര്യം മനസ്സിലാകും. കേശവന്റെ ആകുലതകളും ആശങ്കകളും വിട്ടകന്നു. അയാൾ മരണഭയത്തെ ജയിച്ചുകഴിഞ്ഞു. കേശവന്റെ മനസ്സിൽ ഉദ്ദേശിച്ചിരുന്നതു തുറന്നെഴുതുകയാണ്.

പേനയെടുത്തപ്പോൾ ഇപ്രാവശ്യം അയാൾക്ക് സംശയങ്ങളില്ല. പേനയുടെ നിബ്ബിലേക്കു നോക്കിയതുമില്ല.

കേശവൻ എഴുതുന്ന നോവൽ തുടരുന്നു: 'അപ്പുവിന്റെ അച്ഛൻ അനന്തകൃഷ്ണൻ പ്രസ്ഥാനത്തെ വഞ്ചിച്ചുപോന്ന പഴയ നക്‌സലൈറ്റാണ്’.
കലുങ്കിലിരിക്കുന്ന രണ്ടു കുടിയന്മാരുടെ നാടകീയമായ ഡയലോഗിലൂടെ അനന്തകൃഷ്ണന്റെ പൂർവ്വകാലം അനാവരണം ചെയ്യുന്നു.
'അയാൾ പ്രസ്ഥാനം വിട്ടത് ജീവിക്കാനുള്ള കൊതികൊണ്ടായിരുന്നില്ല; മറ്റുള്ളവരെ കൊല്ലാനുള്ള കഴിവില്ലാത്തതു കൊണ്ടായിരുന്നു' (പേജ് 43).
അനന്തകൃഷ്ണനിപ്പോൾ തന്റെ പൂർവ്വകാലത്തോട് പുച്ഛമാണ്. ഇന്ന് മഠപ്പുരമുത്തപ്പന്റെയും പളനിസുബ്രഹ്മണ്യന്റെയും ഭക്തനാണ് അയാൾ. കമ്യൂണിസ്റ്റു തിളവെള്ളത്തിൽ വീണ ഒരു പാവം പൂച്ചയാണ് അനന്തകൃഷ്ണൻ.

ഏഴു പേജുവരുന്ന നാലാമദ്ധ്യായം ബാർബർ ഷോപ്പിൽ കൊണ്ടുപോയി അപ്പുക്കുട്ടന്റെ മുടി വെട്ടിക്കുന്ന സംഭവവിവരണം മാത്രമാണ്. നാലാമദ്ധ്യായം ഇങ്ങനെ തുടങ്ങുന്നു: ‘കുട്ടന്റെ തലോടി കാടുപോലെ വളർന്നു. ഒന്ന് അമ്പട്ടന്റടുത്ത് കൊണ്ടോയി നല്ലോണം വെട്ടിക്കണം’.

പോക്കിന്റെയും ബാർബർ ഷോപ്പിലെ കാത്തിരിപ്പിന്റെയും വെറും സാധാരണ വിവരണം മാത്രമാണ് അവസാനം വരെ. നോവലിന് ആവശ്യമായ ഒരു ചെറിയ സംഭവം നടക്കുന്നത് അദ്ധ്യായത്തിന്റെ അവസാനത്തിലാണ്.

'കുഞ്ഞിക്കാലുകൾ മടക്കിവച്ച് കസേരയിൽ മൂടിപ്പുതച്ചിരിക്കുന്ന അപ്പുക്കുട്ടൻ പെട്ടെന്ന് ഒരു ചാട്ടം. കുഞ്ഞാമന്റെ കൈയിൽ നിന്ന് കത്രിക തെറിച്ച് താഴെ വീണു, ‘ഈയെമ്മെച്ച്…’

‘അപ്പുക്കുട്ടൻ കുഞ്ഞിക്കൈ കൊണ്ട് കണ്ണാടിയിൽ ചൂണ്ടിക്കാട്ടി. ചുമരിൽ ഈയെമ്മെസിന്റെ ഒരു ചെറിയ ഫോട്ടോ ഫ്രെയിം ചെയ്ത് തൂക്കിയിരുന്നു. (36)’.

(തുടരും)


ജോണി ജെ. പ്ലാത്തോട്ടം

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കുറ്റവാളികള്‍ സൂക്ഷിക്കുക ദൈവം ചോദിക്കും, വ്യാധി, ചരിത്രനിര്‍മിതിയുടെ നസ്രാണിവഴികള്‍, ദൈവത്തിന്റെ അജണ്ടയില്‍ പ്രണയമില്ല, നിരീശ്വരകൃപയാല്‍ എന്നിവ പ്രധാന പുസ്തകങ്ങള്‍.

Comments