വായനക്കാർ ഒരു ന്യൂനപക്ഷമാണ്. അവർക്കിടയിലെ അതീവ ന്യൂനപക്ഷമായ ഒരു വിഭാഗമുണ്ട്. നിങ്ങളിൽ പലർക്കും അതറിയില്ല. ഉടനെ നാമാവശേഷമാകാൻ പോകുന്ന ഒരു ഗോത്രസമൂഹം അവരുടെ ഐഡന്റിറ്റി നിലനിർത്താനായി പാലിക്കുന്ന ശാഠ്യങ്ങൾ പോലെ, ചില ശീലങ്ങൾ അവരെ നിങ്ങളുടെ നോട്ടങ്ങളിൽനിന്ന് അകലെയാക്കുന്നു. എല്ലാവരും ന്യൂനപക്ഷത്തെ തിരിച്ചറിയുമെങ്കിലും അതീവ ന്യൂനപക്ഷത്തെ കാണാതെ പോകുന്നു. ഇങ്ങനെ ഏറ്റവും ഒറ്റപ്പെട്ടവരായ, ഏതാണ്ട് അദൃശ്യരായ ഈ വിഭാഗം വായനക്കാർ ചില പ്രത്യേക തരം എഴുത്തുകാരുടെ സീക്രഡ് സൊസൈറ്റി ഉണ്ടാക്കുന്നു. ഇത് കൃത്യമായും ആധുനികതയുടെ ഫലമായിരുന്നു. (മലയാളത്തിൽ) മേതിൽ, പട്ടത്തുവിള കരുണാകരൻ, വി.പി. ശിവകുമാർ, വിക്ടർ ലീനസ്, സി. അയ്യപ്പൻ എന്നിങ്ങനെയുള്ള ഏതാനും എഴുത്തുകാരുടെ കൂട്ടമായിരുന്നു അത്. രഹസ്യസ്വഭാവത്താൽ ഈ സംഘം തങ്ങളുടെ ശീലങ്ങൾ പരസ്യമാക്കിയിരുന്നില്ല. ഈ ഗോത്രത്തിലെ മിക്കവാറും അംഗങ്ങൾ ആനന്ദിനെ താൽപര്യത്തോടെ വായിച്ചിരുന്നു, ഒരിക്കൽ. അവർ തുടങ്ങിയത് മിക്കവാറും ആനന്ദിലായിരുന്നു. ആ എഴുത്തുകാരനായിരുന്നു ഒരു പുതിയ എഴുത്ത് സാധ്യമാണെന്ന ഉറപ്പ് പ്രസരിപ്പിച്ചത്.
മൂലമറ്റത്തിനടുത്ത് അറക്കുളത്തെ ഒരു കുടുസ്സുമുറിയിലിരുന്ന് ‘അഭയാർഥികൾ’ വായിക്കുമ്പോൾ എനിക്ക് പതിനെട്ടു വയസ്സായിരുന്നു. കൂട്ടുവായനക്കാരെ കിട്ടാത്തതിനാൽ ആനന്ദ് വലിയ ഒരു ഏകാന്തത ഉണ്ടാക്കി. എഴുത്തു വിചാരിച്ചുള്ള നടത്തങ്ങൾ അങ്ങനെയാണുണ്ടായത്; ഒരു വേദന ഉള്ളിൽ വച്ച് ഒരു ഭാഷ തിരഞ്ഞ്.

ആ നോവലിൽ ഒരിടത്ത് കവിത പോലെ ഒരു വിവരണം ഉണ്ടായിരുന്നു. (എന്റെ ഓർമയിൽനിന്ന് പറയുകയാണ്, ആ നോവലിൽത്തന്നെയാകണം). എന്നെയത് വല്ലാതെ സ്വാധീനിച്ചു. പ്രീഡിഗ്രി രണ്ടാം വർഷം. ഞാൻ നോട്ട് ബുക്കുകളിൽ മധ്യഭാഗത്ത് രണ്ടു താളുകളിലായി ആ വരികൾ പകർത്തിയെഴുതിയിരുന്നു, ഇടയ്ക്കിടെ വായിക്കാൻ, മറന്നുപോകാതിരിക്കാൻ. എന്നിട്ടും മറ്റെല്ലാ പ്രിയപ്പെട്ട കാര്യങ്ങളും പോലെ ആ വരികളിലേറെയും വിസ്മൃതമായിത്തീർന്നു.
‘അഭയാർഥികളി’ലെ മറ്റെല്ലാ സന്ദർഭങ്ങളും മറന്നുപോയെങ്കിലും ഈ വരികളുടെ അലകൾ എന്റെ ഉള്ളിലുണ്ടായിരുന്നു. പക്ഷേ എനിക്ക് അത് ഓർത്തെടുക്കാനായില്ല. കുറച്ചു വർഷം മുൻപ് ഒരു സ്നേഹിതൻ, എന്നോട് ആനന്ദ് യാന്ത്രിക ഹ്യൂമനിസത്തിന്റെ ഏറ്റവും നൈരാശ്യം നിറഞ്ഞ വക്താവായി വിരമിക്കും എന്നു പറയുകയായിരുന്നു. ആനന്ദിന്റെ ചരിത്ര, മത വീക്ഷണത്തെ തള്ളി ഞാൻ എഴുതിയ ഒരു ലേഖനം എടുത്തുകൊണ്ടുവന്ന്, ഇതു താങ്കൾ എഴുതിയതു തന്നെയല്ലേ എന്ന് അയാൾ ചോദിച്ചു.
ഞാൻ പറഞ്ഞു, ഒരു സീക്രഡ് സൊസൈറ്റി നിലനിൽക്കുന്നത് ലോയൽറ്റിയുടെ അടിസ്ഥാനത്തിലാണ്. ഞാനതു ലംഘിച്ചിരുന്നു. അങ്ങനെ ഉണ്ടായ ലേഖനമാണിത്. പിന്നീടു ഞാൻ അയാളോട് ‘അഭയാർഥികൾ’ വായിച്ച കാലത്തെ ഒരു അനുഭവം പറഞ്ഞു: ഒരു വൈകുന്നേരം കൂട്ടുകാർക്കൊപ്പം നീന്താൻ പോയ ഞാൻ കാഞ്ഞാർ പുഴയിൽ ഒലിച്ചുപോയി. തൊട്ടുതാഴെയുള്ള കടവിൽ തുണി അലക്കുകയായിരുന്ന പെണ്ണുങ്ങളാണ് എന്നെ പിടിച്ചുകയറ്റിയത്. ഞാൻ നഗ്നനായിരുന്നതിനാൽ അവർ എന്നെ ഒരു തോർത്ത് ഉടുപ്പിച്ചാണ് എന്റെ കൂട്ടുകാർക്ക് കൈമാറിയത്.
ഞാൻ അയാളോടു ചോദിച്ചു, ആ വരികൾ എങ്ങനെയായിരുന്നു, ഞാൻ അതിലെ അവസാന വരികൾ മാത്രമേ ഓർക്കുന്നുള്ളു. ആ വരികൾ പറയൂ, ഞാൻ ശ്രമിച്ചുനോക്കാം, അയാൾ പ്രോൽസാഹിപ്പിച്ചു. ഞാൻ പറഞ്ഞു: ‘...ഒടുവിൽ ഞാനും എന്റെ കാലടികളുടെ ശബ്ദവും തനിച്ചു പാതയിൽ അവശേഷിച്ചപ്പോൾ ഇനി ഒരിക്കലും അയാളെ കാണുകയില്ലെന്ന് ഓർത്തു ഞാൻ കരഞ്ഞു’.
2008 ൽ ആനന്ദിന്റെ ‘കഥകൾ, ആത്മകഥകൾ’ എന്ന കഥാസമാഹാരം ഇറങ്ങി. അതിലൊരു കഥയിൽ ആനന്ദ് 1973- ൽ എഴുതിയ ഒരു കവിത എടുത്തുകൊടുത്തിരുന്നു.
‘‘എന്റെ മുഖത്തുനിന്ന് അയാൾ കണ്ണെടുത്തതേയില്ല. ഇടയ്ക്കിടെ വഴിയിൽ തുറിച്ചുനിൽക്കുന്ന പാറകൾ നോക്കുവാനല്ലാതെ,
പൊട്ടാൻ പോകുന്ന കുമിള പോലെ നിറഞ്ഞിരുന്നു പരിചയമില്ലാത്തതെങ്കിലും അയാളുടെ മുഖം. തീർച്ചയായും അയാൾക്ക് എന്നോടെന്തോ പറയാനുണ്ടായിരുന്നു.
എന്നെക്കണ്ടപ്പോൾ അയാൾ വേഗം കുറച്ചിരുന്നു. പിന്നീട് എന്നെക്കടന്നുപോയപ്പോഴും തിരിഞ്ഞ് എന്നെത്തന്നെ നോക്കി.
അൽപദൂരം ചെന്നശേഷം തിരിഞ്ഞുനിന്ന് ഒരു കൈ വായുവിലുയർത്തി എന്നെ വിളിക്കാനെന്നപോലെ. പിന്നെ പെട്ടെന്ന് കൈ താഴെയിട്ട് ഒന്നും പറയാതെ തിരിഞ്ഞുനോക്കാതെ നടന്നുപോയി.
അയാളുടെ കാലടികളുടെ ശബ്ദം വഴിയിൽ ഒന്നൊന്നായി മരിച്ചുവീഴുന്നതു ഞാൻ കേട്ടു.
ഒടുവിൽ ഞാനും എന്റെ കാലടികളുടെ ശബ്ദവും തനിച്ച് പാതയിൽ അവശേഷിച്ചപ്പോൾ, ഇനി ഒരിക്കലും അയാളെ കാണുകയില്ലെന്ന് ഓർത്തപ്പോൾ എന്റെ തൊണ്ട കനത്തു’’.

ഈ വരികളുടെ അവസാനം ‘തൊണ്ട കനത്തു’ എന്നതിനു പകരം ‘ഞാൻ കരഞ്ഞു’ എന്നാണ് എന്റെ ഉള്ളിലുണ്ടായിരുന്നത്. ഞാൻ കരഞ്ഞു എന്നത് ഇത്രയും ഉള്ളിലിരുന്നത്, ആ കരച്ചിൽ എവിടെനിന്നു വന്നു, എന്തുകൊണ്ടാണ് അത് എന്റെ എഴുത്തിൽ ഒരു മൂലധനം ആയതെന്നു ഞാൻ അമ്പരന്നു.
1973- ൽ ആനന്ദ് എഴുതിയ ഈ വരികൾക്ക് പ്രചോദനമായ സംഭവം വിവരിച്ച് ‘കഥകൾ, ആത്മകഥകൾ’ എന്ന പുസ്തകത്തിൽ ഒരു കഥയുണ്ട്.
മധ്യഭാരതത്തിലെ ഒരു ഗ്രാമത്തിലെ മൺപാതയിൽ കണ്ടുമുട്ടിയ ഒരു മനുഷ്യനെപ്പറ്റിയായിരുന്നു 1973- ലെ ആ കഥ. എന്നാൽ, അതിശയകരമായ കാര്യം, 30 വർഷത്തിനുശേഷം ജുലൈന സരായി എന്ന ഗ്രാമത്തിൽ വച്ച് അതേ മനുഷ്യനെ എഴുത്തുകാരൻ വീണ്ടും കണ്ടുമുട്ടി എന്നതാണ്. ഒരു വീടിനു മുന്നിൽ പുറത്തേക്കു നോക്കി നിശ്‌ചലനായി ഇരിക്കുന്ന ഒരാൾ. ഓർമ നഷ്ടമായി, സംസാരശേഷിയും ചലനശേഷിയും നഷ്ടമായ നിലയിലായിരുന്നുഅയാൾ. എന്നിട്ടും അവർ പരസ്പരം തിരിച്ചറിഞ്ഞു.
ആനന്ദിന്റെ രചനകളെ ആസ്വദിച്ചും എതിർത്തുമാണ് ഞങ്ങളുടെ തലമുറയിലെ ചിലരെങ്കിലും സാഹിത്യത്തിൽ ഉറച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു. സാഹിത്യഭാവനയുടെ തലത്തിലേക്ക് സംസ്കാരത്തെയും ചരിത്രത്തെയും കൊണ്ടുവരുമ്പോൾ സംഭവിക്കാവുന്ന അസംബന്ധങ്ങൾ അദ്ദേഹം ആവർത്തിച്ചുകൊണ്ടിരുന്നു.
ഉദാഹരണത്തിന്, ബലി എന്നതിന്റെ ഉദ്ഭവം സെമിറ്റിക് മതപാരമ്പര്യത്തിലാണെന്ന് ആനന്ദ് പണ്ട് എഴുതിയിരുന്നു. ഈയടുത്ത കാലത്തും അദ്ദേഹം ഇതേ ആശയം ആവർത്തിക്കുന്നതു കണ്ടു. നരവംശശാസ്ത്രത്തിൽ സാമാന്യധാരണയുള്ള ഒരാൾ ഇങ്ങനെയുള്ള വിഡ്ഢിത്തങ്ങൾ പറയുമോ എന്ന് ഒരു ചെറുപ്പക്കാരൻ എന്നോടു ചോദിച്ചു. ഞാൻ ഒന്നും പറഞ്ഞില്ല.
മനുഷ്യന്റെ ആശയവിനിമയത്തിനുള്ള ശേഷി നഷ്ടമാക്കുന്ന അഫേസിയ എന്ന രോഗാവസ്ഥയെപ്പറ്റി ആനന്ദ് ഒരു കഥയിൽ എഴുതിയിട്ടുണ്ട്. രണ്ടു മനുഷ്യർക്കിടയിൽ അനിവാര്യമായി സംഭവിക്കേണ്ട ആശയവിനിമയ നഷ്ടം, ഒരിക്കലും സംസാരിക്കാതെ, കൈമാറാതെ പോകുന്ന കാര്യങ്ങൾ– അതിന്റെ ഒരു ദൃഷ്ടാന്തമായിട്ടാണ് അഫേസിയ എന്ന അവസ്ഥ ആനന്ദ് പരാമർശിക്കുന്നത്. ഇതൊരു മാനസികാവസ്ഥയാകുന്നതിനെതിരെ എന്നും ജാഗ്രത നൽകിയിരുന്നു ആനന്ദ്. എന്നാൽ സെമിറ്റിക് മതങ്ങൾ, ബഹുസ്വരത എന്നിവ സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകളിലെ അടിസ്ഥാനപരമായ യാന്ത്രികത, ഒരു ‘ബ്ലൈൻഡ് സ്പോട്ട് ‘ ആനന്ദിനെ എക്കാലവും പിന്തുടർന്നു. അത് അദ്ദേഹം വല്ലാതെ ആസ്വദിക്കുന്നതായും തോന്നി. ഒടുവിൽ വന്ന ‘താക്കോൽ’ എന്ന കഥയിലും ഈ ബ്ലൈൻഡ് സ്പോട്ട്‌ഉണ്ട്. എങ്കിലും ഒരു എഴുത്തുകാരൻ എന്ന നിലയിൽ ആധുനികതയുടെ ദൗത്യം അദ്ദേഹം നിറവേറ്റിയെന്നാണ് എനിക്കു തോന്നുന്നത്. മനുഷ്യർക്കിടയിലെ വിനിമയനഷ്ടം എന്നത് തന്നെ നിരന്തരം പിന്തുടരുന്നു എന്നെഴുതിയ ആനന്ദ്, സാധാരണക്കാരായ മനുഷ്യരുടെ ദൈന്യഭാരങ്ങളും വിഫലമരണങ്ങളുമാണു തന്നെ കഥകളിലേക്കു കൊണ്ടുപോയതെന്നും സാക്ഷ്യപ്പെടുന്നു.

ആനന്ദ് എഴുതുന്നു:
‘‘ഒരു എഴുത്തുകാരനാണെങ്കിൽ, ഓരോ ദിവസവും ഒരു നൂറു ശരങ്ങൾ അവനിൽ വന്നുതറച്ചുകൊണ്ടിരിക്കുന്നു. ഏതിന്റെയൊക്കെ വേദനകളെയാണ് അവൻ സ്വാംശീകരിക്കേണ്ടത്, ഏതിനെപ്പറ്റിയാണു നിങ്ങളോടു സംവദിക്കേണ്ടത്, ഇതൊക്കെ അവനുപോലും തീർപ്പു കൽപ്പിക്കാൻ വിഷമമായ കാര്യങ്ങളാണ്. തൽക്കാലം ഇത്രയും പറഞ്ഞാൽ മതിയാകും- സമൂഹത്തിന്റെയും കാലഘട്ടത്തിന്റെയും നിയമങ്ങളെ അതിവർത്തിച്ച് ജീവിതത്തെ മാത്രം ലക്ഷ്യമായി പരിഗണിച്ച് ജീവിച്ച കുറെ മനുഷ്യരാണ് മുന്നിലുള്ളത്, എന്റെ സമ്പത്ത്. ആശയങ്ങൾക്കും സിദ്ധാന്തങ്ങങ്ങൾക്കുമുപരി സ്വന്തം സുഖങ്ങളെയും താൽപര്യങ്ങളെയും സ്വാർഥത്തെയും മാത്രം മാനിച്ചിരുന്നു ചിലർ. ദുരന്തങ്ങളിൽ അവർ ഓരോരുത്തരും ചെന്നു ചാടിയിരുന്നു. ഒരുപാടു വേദനകളും യാതനകളും അവർ അതുമൂലം സഹിച്ചു. സുഖമായല്ല ആരും മരിക്കുന്നത്. ഈ മനുഷ്യരാകട്ടെ മരിക്കുന്നത് കണ്ണുകൾ തുറന്നുവച്ചുകൂടിയാണ്, മണ്ണിന്നടിയിലെ സമ്മർദ്ദം ഉണ്ടാക്കുന്ന യാതന അവർക്കു ജീവിച്ചിരിക്കെത്തന്നെ അറിയേണ്ടിവന്നിട്ടുണ്ട്. എന്നിട്ടും അവരുടെ ആവേശങ്ങളുടെ ജനാലകൾ തുറന്നുതന്നെയിരുന്നു, നിങ്ങൾ സമ്മതിക്കുകയാണെങ്കിൽ, ഇപ്പോഴും ഇരിക്കുന്നു. അതുകൊണ്ട് അവർ നമ്മളുടെ വിധിപറയൽ ആവശ്യപ്പെടുന്നില്ല. അവരുടെ ശവകുടീരങ്ങൾക്കുമീതേ നാം ചവിട്ടരുത്. അവരുടെ ശവകുടീരങ്ങൾക്കുമീതെ വേദനിക്കും’’.
ഈ വാക്യങ്ങളിൽ ആനന്ദിന്റെ കലാസങ്കൽപമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. ആനന്ദിന്റെ 1973- ലെ കവിത (എനിക്ക് ഒരു വയസ്സുള്ളപ്പോൾ എഴുതപ്പെട്ടത്, പതിനെട്ടാം വയസ്സിൽ ഞാൻ വായിച്ചത്) എന്റെ കൂടെ മുപ്പതിലേറെ വർഷം സഞ്ചരിച്ചതും ഈ കലാസങ്കൽപത്തിന്റെ ബലത്തിലാണ്. അഫേസിയ ബാധിതമായ ഭാവനയുടെ ഉടമയാകാതിരിക്കാനുള്ള ശ്രമങ്ങൾക്ക് ആ കവിത എക്കാലത്തും തുണ നൽകുകയും ചെയ്തു.