എന്റെ ആത്മകഥയുടെ ഉടമ

എം.ടി. വാസുദേവൻ നായരുടെ ‘നാലുകെട്ട്’, ‘കാലം’, ‘മഞ്ഞ്’ എന്നീ നോവലുകളുടെ ആത്മനിഷ്ഠ വായനാനുഭവം.

പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കരുതെന്നാണ്.
എങ്കിലും അമ്മാളുഅമ്മയുടെ സിരകൾ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന എന്റെ ഈ ശരീരം വീണ്ടും വീണ്ടും യാത്രയാകുന്നു; അവിടേക്കുതന്നെ. നേർത്തുനേർത്ത ഈ ചിലന്തിവലയുടെ ഓരോ കണ്ണിയും എത്ര നിസ്സാരം എന്നു തോന്നും. പൊട്ടിച്ചുപൊട്ടിച്ചു മുന്നേറുമ്പോഴോ വല പിന്നെയും വലുതായിക്കൊണ്ടിരിക്കുന്നതായി ഞാൻ അറിയുന്നുമില്ല.

മഴ മടിച്ചുനിന്ന കർക്കടകരാത്രിയിലാണ് എന്റെ അമ്മൂമ്മ അമ്മാളുഅമ്മയുടെ മുത്തശ്ശിയെ മുത്തച്ഛൻ ഒരു വട്ടിയിൽ കട്ടെടുത്ത് നിറഞ്ഞുകിടക്കുന്ന പാടവും തോടും ചവുട്ടിക്കുതിച്ച് ഇവിടേക്ക് കൊണ്ടുവന്നത്, രണ്ടുപേരുടെയും തിളയ്ക്കുന്ന ചെറുപ്പത്തിൽ.

ചേറിൽ കാലുപൂണ്ട് ഒരു മാത്ര നിന്നപ്പോൾ വട്ടിയിൽനിന്ന് ദുർബലമായൊരു മഴച്ചാറൽപോലെ വാക്കുകൾ ആ ചെറുപ്പക്കാരെൻറ രോമം നിറഞ്ഞ കറുത്ത ശരീരത്തിൽ വീണു ചിതറി, ഇനി ഞാൻ ചൊമക്കണോ?

വട്ടിയുടെ ദ്വാരത്തിലൂടെ ആ പെങ്കൊച്ച് അവളുടെ പുരുഷന്റെ മണം കണ്ടുകിടന്നു.

ഇഷ്​ടപ്പെട്ട പെണ്ണിനെ വട്ടിയിൽ കട്ടുകൊണ്ടുവന്ന് മുത്തച്ഛൻ ഒരു വീടുണ്ടാക്കി. വട്ടീക്കാര് പിന്നെ പട്ടീക്കാരായി. തലമുറകൾക്കിപ്പുറം അവർക്ക് പുനർജന്മങ്ങളുണ്ടായിക്കൊണ്ടിരുന്നു. മുത്തശ്ശിയുടെ കാമുകിത്വം അമ്മാളുഅമ്മയുടെ കോശങ്ങളിലേക്ക് കോടാനുകോടിയായി പകർന്നുകിട്ടിയിരിക്കണം. അവരുടെ ഓരോ മക്കൾക്കും വെവ്വേറെ അച്ഛന്മാരുണ്ടായി. നാലോ, അഞ്ചോ.. അവരുടെ പേരോ എണ്ണമോ ചോദിച്ചാൽ അമ്മൂമ്മ ഒരു വിഡ്ഢിച്ചിരി ചിരിക്കും. ദാരിദ്ര്യത്തിനും സ്വാതന്ത്ര്യത്തിനും ഇടയിൽ മറന്നുവച്ചുപോയ എന്തോ ഒന്ന് തിരയും പോലെ, ഒരു മൗഢ്യത്തിലകപ്പെട്ട്.

അമ്മാളുഅമ്മയുടെ മകൾക്ക് പക്ഷേ ഒരു പുരുഷനേ ഉണ്ടായുള്ളൂ. പട്ടാമ്പിയിൽ നിന്ന് ഇവിടെ പാചകക്കാരനായി വന്ന ആ ഇളയതിനെ, എന്റെ അച്ഛനെ, അമ്മൂമ്മക്ക് പുച്ഛമായിരുന്നു. ഒരു പെൺകിടാവിനും മോഹം തോന്നുന്ന പുരുഷനായിരുന്നില്ല അയാൾ എന്ന് അമ്മ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെയോ?

പട്ടിണി.

പോറ്റാൻ കഴിവുള്ള പുരുഷന്മാരെയായിരുന്നു അന്നത്തെ പെണ്ണിനുവേണ്ടിയിരുന്നത്. നായർസ്​ത്രീകൾക്ക് അതുകൊണ്ട് നിരവധി പുരുഷന്മാരുണ്ടാകും. വഴിപോക്കരെപ്പോലെ അവർ ശരീരസത്രത്തിൽ കയറിയിറങ്ങിപ്പോകും. കാമം ഉപ്പിലിട്ടുവച്ച ഉപ്പുമാങ്ങഭരണികളെപ്പോലെ വിശപ്പിന് തൊട്ടുകൂട്ടാൻ അവർ കിടന്നുകൊടുക്കും.

‘‘ഈയൊരാളെ മാത്രം വച്ച് നീയെങ്ങനെ ജീവിതകാലം കഴിക്കും, ഇറങ്ങിപ്പോകാൻ പറ അയാളോട്’’ എന്ന് അമ്മൂമ്മ അമ്മയെ നിരന്തരം ശകാരിച്ചുകൊണ്ടിരുന്നു. പൂണൂലിട്ട ആളായതുകൊണ്ട് ഉഷ്ണം ശമിച്ചാൽ അച്ഛൻ അമ്മയെ ഉപേക്ഷിച്ചുപോയ്ക്കൊള്ളുമെന്ന് അമ്മൂമ്മ സമാധാനിച്ചിരിക്കണം.

ഒരു കല്യാണസദ്യക്കിടെ, പായസം വെന്തുകൊണ്ടിരുന്ന അടുപ്പിന്റെ ഒരു കല്ല് ഇളകിമാറി ചുട്ടുപഴുത്ത ഉരുളി ചരിഞ്ഞപ്പോൾ വലതുകാൽ അടുപ്പിൻകല്ലിനുപകരം വച്ച് ഉരുളി താങ്ങിനിർത്തിയ കഥയുണ്ട് അച്ഛനെപ്പറ്റി. ആളിക്കത്തുന്ന വിറകടുപ്പിൽ വച്ചപോലെ അച്ഛന്റെ ശരീരം സദാ വെന്തുകൊണ്ടിരുന്നു, അനവധി മാറാ വേദനകളാൽ. അഗ്നിനാളങ്ങൾ മൽസരിക്കുകയായിരുന്നു ആ ശരീരം ഭക്ഷിക്കാൻ. സഹനം പിന്നെ ആ മനുഷ്യനിൽ പകയായി മാറി.

വിശപ്പ് തിന്നുതീർത്തുകൊണ്ടിരുന്ന ശരീരം മാത്രമായിരുന്നു അമ്മ. അതുകൊണ്ട് കാണുമ്പോഴൊക്കെ അവർ തമ്മിൽ വയറിനെച്ചൊല്ലി കലഹിച്ചുകൊണ്ടിരുന്നു.

കാടുപിടിച്ചു കിടന്ന അമ്പതു സെൻറ് സ്​ഥലം അച്ഛൻ വാങ്ങി. സ്വയം വെട്ടിവെടുപ്പാക്കി, രണ്ട് കുളങ്ങൾ കുത്തി, തെങ്ങിൻ തൈകൾ നട്ടു. അമ്മയെയും അമ്മൂമ്മയെയും ചെറിയമ്മമാരെയും കൊണ്ടുവന്ന് താമസിപ്പിച്ചു. പട്ടിണി കിടന്ന് ചുരുങ്ങിപ്പോയ ഒരു കുടലിൽ നിന്നാണ് ഞങ്ങൾ അഞ്ചുപേരും പിറന്നുവീണത്.

പിന്നീടെപ്പോഴോ അപ്പുണ്ണിയുടെയും സേതുവിന്റെയും ജന്മങ്ങളിലേക്ക് ഇവിടെ എന്റെ ഗ്രാമത്തിൽ നിന്ന്, ആദിമധ്യാന്തപ്പൊരുത്തമില്ലാത്ത ചില തുടർച്ചകളുണ്ടാകുന്നു, അത് തിരിച്ചറിയുന്നത് വർഷങ്ങൾക്കുശേഷം ഇവരെ കണ്ടുമുട്ടുമ്പോഴാണെങ്കിലും. ഓരോ ജന്മത്തിന്റെയും കാര്യകാരണങ്ങൾ എത്ര വിദഗ്ധമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

ബ്രാഹ്മണ്യം ശൂദ്രത്വം കൽപ്പിച്ചുകൊടുത്ത ജന്മമാണ് ഇളയതിന്റേത്. പൂണൂലുണ്ടെങ്കിലും എന്നും ദരിദ്രനായിരിക്കുക എന്നതാണ് അയാളുടെ വിധി. ദേഹണ്ഡം കഴിഞ്ഞ് വന്നുകിടന്നുറങ്ങുമ്പോൾ അച്ഛന്റെ തോർത്തുമുണ്ടിനുവേണ്ടി പിടിവലികൂടും ചേട്ടനും ചേച്ചിയും. അതിന് സാമ്പാറിന്റെയും പപ്പടത്തിന്റെയും ലഡുവിന്റെയും കൂടിക്കുഴഞ്ഞ ഒരുതരം മണമുണ്ടാകും. അകത്ത് അമ്മയുടെ പ്രാകലിൽ ആ മണം മൂക്കിലെത്തും മുൻപ് അലിഞ്ഞുപോകും.

അമ്മയ്ക്കുമില്ല തറവാടും തറവാടിത്തവും. അമ്മൂമ്മ സവർണഗൃഹങ്ങളിൽ മുറ്റമടിക്കാൻ പോകും. മരിച്ച വീടുകളിൽ തളിക്കാൻ പോകും. ആടുവെട്ട് ഗുരുതിക്കും കോഴിവെട്ട് ഗുരുതിക്കും പോയി ബാക്കി വരുന്ന ഇറച്ചിയും കള്ളുമൊക്കെ തിന്നും. അടുത്ത നേരത്തെ ഭക്ഷണത്തെക്കുറിച്ചു മാത്രം ആലോചിച്ചു കഴിയുന്ന വീട്.

കീറപ്പായ ചുരുട്ടിവച്ച് അമ്മയും അമ്മൂമ്മയും ചാണകം മെഴുകിയ നിലത്തേക്കിറങ്ങിക്കിടക്കും, രാത്രി മുഴുവൻ; തണുപ്പിൽ വയറി​ന്റെ ആന്തൽ മാറ്റാൻ. ഉച്ചക്ക് കഞ്ഞിയില്ലാത്ത ദിവസങ്ങളിൽ സ്​കൂളിൽ നിന്നെത്തിയാൽ അമ്മ, എന്നെ അച്ഛന്റെ ഇല്ലത്തേക്ക് പറഞ്ഞയക്കും. തൊട്ടടുത്ത ഇല്ലത്തേക്കുള്ള ആ നടത്തം നടന്നുതീർക്കാനാവാതെ ഞാൻ പലപ്പോഴും കിതച്ചുപോയിട്ടുണ്ട്. ഒരു നായർസന്താനത്തിന് സ്വന്തം അച്ഛനിലേക്കും അച്ഛന്റെ വീട്ടിലേക്കും ഒരിക്കലും സഞ്ചരിച്ചുതീരാനാകാത്ത അത്ര ദൂരമുണ്ടായിരിക്കും. അത് സ്വന്തം അച്ഛൻ തന്നെയോ എന്ന്, ഏതു നിമിഷവും അയാളുടെ പകയും വെറുപ്പും നിറഞ്ഞ കണ്ണുകൾ അവനെ ഓർമിപ്പിച്ചുകൊണ്ടിരിക്കും.

അവിശ്വാസം നിറഞ്ഞ ഒരു ബന്ധത്തിന്റെ അവിഹിതത്വത്തോടെ ഞാൻ ഇല്ലത്തെ ഇരുട്ടിൽ മറഞ്ഞുനിൽക്കും. മനുഷ്യർ തമ്മിൽ പരസ്​പരം തൊടാൻ അവിടെ അവകാശമില്ല. ചോറും കൂട്ടാനും ഒഴിച്ച ഒരു സ്​റ്റീൽ കിണ്ണം മുന്നിലേക്ക് നിരങ്ങിവരും. നിശ്ശബ്ദം ഓരോ വറ്റും വിഴുങ്ങി പാത്രം കഴുകി കമിഴ്ത്തിവച്ച് ഇറങ്ങി നടക്കും. വീട്ടിൽ, ശർക്കരച്ചായയുടെ ചുറ്റുമിരുന്ന് ആവികൊള്ളുന്ന ശരീരങ്ങളോട് യാത്ര പറഞ്ഞ്, കാരണമില്ലാത്ത ലജ്ജയോടെ സ്​കൂളിലെത്തുമ്പോഴേക്കും ഒരുതരം ആത്മനിന്ദയായി മാറിയിരിക്കും, ഉള്ളിൽ.

പേടിയായിരുന്നു.
മാനത്ത് പൂർണചന്ദ്രനെ കണ്ടാൽ,
രാത്രി ദേഹത്ത് അമ്മയുടെ കെട്ടിപ്പിടുത്തം ഒന്ന് മുറുകിയാൽ,
ചൂടുവെള്ളത്തിൽ കുളിക്കുമ്പോൾ, ചോറുണ്ണാനിരുന്നാൽ,
ചോക്കിന്റെ മണത്തെ.

പേടി...
രാത്രി ചാണകം മെഴുകിയ നിലത്തുനിന്ന് ചെവിട്ടിപ്പാമ്പുകൾ കീറപ്പായയിലേക്ക് ഇഴഞ്ഞുവരും. കുട്ടികളുടെ ചെവികൾ മണത്തുപിടിച്ച് അവ കയറിപ്പോകും. തൊടുന്ന മാത്രയിൽ ഇരുളിൽ തിളങ്ങുന്ന വിഷം വിസർജിക്കും. ഉറങ്ങിപ്പോകാതിരിക്കാൻ കാൽപ്പാദം പായക്കുപുറത്തേക്കിട്ട് കിടക്കും. അപ്പോൾ പഴുതാരകൾ കാൽവിരലുകളിലൂടെ ഇഴഞ്ഞുകയറാൻ തുടങ്ങും.

ഞാൻ ജനിക്കുമ്പോഴേക്കും അച്ഛൻ വൃദ്ധനായിക്കഴിഞ്ഞിരുന്നു. മുതിർന്നവർ മാത്രമുള്ള വീട്. എന്റെ സമപ്രായക്കാർ ഇവരായിരുന്നു: പുതുതായി നട്ട തെങ്ങിൻ തൈയിന് വെള്ളമൊഴിക്കാൻ അച്ഛൻ വാങ്ങിത്തന്ന മൺകുടം. കുളത്തിൽ നിന്ന് വെള്ളം കോരുമ്പോൾ സ്​നേഹത്തോടെ കുടത്തിലേക്ക് വന്നുനിറയുന്ന തവളപ്പൊട്ടുകൾ. മഴച്ചാറ്റൽ കഴിഞ്ഞ് മണ്ണെണ്ണവിളക്കിലേക്ക് പാറി വരുന്ന ഈയാൻ... എന്റെ കളിക്കൂട്ടുകാരുടെ ആയുസ്സ് ചില നിമിഷങ്ങൾ മാത്രം. ആ നിമിഷങ്ങൾ തരുന്ന പുതുപുതുജന്മങ്ങളിലൂടെ ഞാനും.

അച്ഛന് എന്താണ് അസുഖമെന്ന് ആരും പറഞ്ഞുതന്നിരുന്നില്ല. സോഡാക്കാരത്തിന്റെ കടലാസുപൊതി തലയണക്കടിയിൽ എപ്പോഴുമുണ്ടാകും. കണ്ണ് തുറിപ്പിച്ചുപിടിച്ച്, അത് ചൂടുവെള്ളത്തിൽ കലക്കി കുടിച്ചുകൊണ്ടിരിക്കും. പാത്രം കൈയിൽ തന്ന് വിയർക്കുന്ന കൃഷ്ണമണികൾ കൊണ്ട് എന്നെ നോക്കും. അരസൈക്കിൾ വാടകക്ക് എടുത്ത് ചവിട്ടാൻ 25 പൈസ ചോദിച്ചപ്പോൾ അച്ഛൻ ‘ഇല്ല’ എന്നുപറഞ്ഞതിന്റെ സങ്കടം അപ്പോഴേക്കും എന്നിൽ സ്​നേഹത്തി​ന്റെ വേദനയായി മാറിയിരിക്കും.

എന്റെ സ്​നേഹം അച്ഛനെ ചുറ്റിപ്പടരാൻ തുടങ്ങിയപ്പോഴേക്കും അച്ഛന്റെ മൂത്രമൊഴിക്കുന്നിടത്തെ വലിയ വ്രണം ചോര തുപ്പിത്തുടങ്ങിയിരുന്നു. ഒടുവിൽ ആ അവയവം മുറിച്ചുകളഞ്ഞിട്ടാണ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്നത്. മൂത്രമൊഴിക്കാൻ പിന്നെ അവിടെ ഒരു ദ്വാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദിവസങ്ങൾ കഴിയുമ്പോൾ ആ ദ്വാരം മാംസം വന്ന് മൂടും. കത്തിച്ചാരമായി തുടങ്ങിയിരുന്ന ശരീരത്തിൽ അവശേഷിച്ച വേദനയുടെ കെടാനാളങ്ങൾ അച്ഛന്റെ വെറുപ്പിനെയും പകയെയും ഇരട്ടിപ്പിക്കും.

ഒരു സ്​നേഹത്തിനും അണയ്ക്കാനാകാത്ത അത്ര വലിയ വേദനകളുണ്ടെന്ന് അന്നാണ് മനസ്സിലായത്. കഠിനമായ വേദനയിൽ നിന്ന് കത്തുമ്പോൾ അച്ഛൻ ഒരനാഥനെപ്പോലെ ഭ്രഷ്​ടനും ഏകാകിയുമായിരുന്നു.

പട്ടിണി കിടന്നപ്പോൾ അച്ഛന് ഭക്ഷണമുണ്ടാക്കിക്കൊടുക്കാൻ, രോഗം വന്നപ്പോൾ ചികിൽസിക്കാൻ ഞങ്ങളുടെ കൈയിൽ ആവശ്യത്തിന് പണമുണ്ടായിരുന്നില്ലല്ലോ എന്ന സങ്കടം ഞങ്ങൾ ഓരോ മക്കളുടെയും ഉള്ളിൽ കനത്തുകിടന്നു.

അമ്മ മാത്രം കൂട്ടിനുള്ള ഒരു കുട്ടി അങ്ങനെ വളരാൻ തുടങ്ങുകയാണ്. വളർന്നുവളർന്ന് എട്ടാം ക്ലാസിൽ പഠിക്കുന്ന ചേട്ടന്റെ അത്രക്കു വലിയ ആളാകണം. അപ്പോൾ ആർക്കു മുന്നിലും പേടിയില്ലാതെ നിൽക്കാം. മുഖമുയർത്തിപ്പിടിച്ച് പറയാം, ഞാനാണ്...

അത്ഭുതം.
വ്യക്തിയും സ്​ഥലവും കാലവും പ്രകൃതിയും പ്രതിഭിന്നമായിരുന്നു, എന്നിട്ടും അജ്ഞാതമായ ഒരിടത്തിരുന്ന് ഈ എഴുത്തുകാരൻ എങ്ങനെയാണ് ഇവക്കെല്ലാം അജ്ഞേയമായൊരു പാരസ്​പര്യം സൃഷ്​ടിച്ചെടുത്തത്? ശ്വസിക്കുന്ന വായു മുതൽ ചവിട്ടുന്ന മണൽത്തരികൾ വരെ എന്നെ ഇങ്ങനെ ഓർമപ്പെടുത്തിക്കൊണ്ടിരുന്നതായി വർഷങ്ങൾക്കുശേഷം ‘നാലുകെട്ട്’ വായിക്കാനെടുത്തപ്പോൾ ഞാനറിഞ്ഞു:
‘‘ഇത് നീയല്ല’’
പിന്നെ ആരാണ്?
ഉത്തരമില്ല.

പൊഴിഞ്ഞുതുടങ്ങിയിരുന്ന പൂർവജന്മങ്ങളുടെ ഉറകളിലേക്ക് രക്തം പ്രവഹിച്ചുതുടങ്ങിയിരുന്നു.
‘‘അത് നീയായിരുന്നില്ല’’.
ഉറക്കം പോലും കെടുത്തിയ അന്വേഷണമായിരുന്നു പിന്നെ.
‘‘ആരാണ് ഞാനറിയാതെ എന്നിൽ ഒളിഞ്ഞിരിക്കുന്നത്’’?

ബോധത്തിന്റെ ഭിന്നസ്​ഥിതികളിലോരോന്നിലും ആരുടെ ജന്മം എന്റെ കോശങ്ങളെ വിഭജിപ്പിക്കുന്നു?

‘നാലുകെട്ടി’ന്റെ വായന കഴിഞ്ഞു.

എന്റെ അപരസ്വത്വത്തെ തിരിച്ചറിഞ്ഞ നിമിഷം, സങ്കടമായിരുന്നു. ഓരോ തിരിച്ചറിവും ഓരോ പൊക്കിൾക്കൊടികളെ മുറിച്ചുമാറ്റിക്കൊണ്ടിരുന്നു, എത്രയോ രാത്രികൾ, പുതിയ ജന്മത്തിന്റെ രക്തമിറ്റുന്ന എത്രയോ രാത്രികൾ...

സകല കാലത്തെയും ജീവപ്രകൃതിയുടെ ജനിതകം അടക്കം ചെയ്ത ക്രോമസോം ആ എഴുത്തുകാരന്റെ രക്തത്തിലുണ്ടായിരുന്നു. അതാകാം എനിക്കും അപ്പുണ്ണിക്കും ഒരേ ഛായ നൽകിയതെന്ന് സമാധാനിച്ചു.

‘നാലുകെട്ട്’ വായിക്കുന്നതിന് മുമ്പും പിമ്പും രണ്ട് കാലങ്ങൾ അങ്ങനെ എന്റെ ജീവിതത്തിലുണ്ടായി. ഒന്ന്, ‘നാലുകെട്ട്’ വായിക്കുന്നതിനുവേണ്ടി, അതിനുവേണ്ടിയാണെന്നറിയാതെ അതീതമായ ഏതോ കാരണങ്ങളാൽ ജീവൻ നിശ്ചയിക്കപ്പെട്ട കാലം. പിന്നെ ആ വായന നൽകിയ അപരത്വത്തെ കുടഞ്ഞുകളയാൻ ശ്രമിച്ച് വീണ്ടും വീണ്ടും പരാജിതനായി ഒരുതരം അപകർഷതയോടെ കഴിഞ്ഞ കാലം. പിന്നീടുവന്ന ജീവിതകാലങ്ങൾക്ക് ഈയൊരു തറക്കല്ലായിരുന്നു. എല്ലാം മുമ്പേ തീരുമാനിക്കപ്പെട്ടിരിക്കാം, അനിശ്ചിതത്വങ്ങളൊന്നുമില്ലാത്ത നിശ്ചയങ്ങളായിരിക്കാം, എല്ലാം...

മുറ്റത്തെ ഒതുക്കുകല്ലിന്റെ മുമ്പിലെത്തിയപ്പോൾ ആ ചെറുപ്പക്കാരൻ നിന്നു.
പിറകെ നടന്ന സ്​ത്രീയോടു പറഞ്ഞു: ‘‘അമ്മ കയറിക്കോളൂ’’
അവർ സംശയിച്ചു നിൽക്കുന്നതുകണ്ട് അയാൾ പറഞ്ഞു: ‘‘ധൈര്യമായി കയറാം’’.
തലയിൽ നാലഞ്ചു വെള്ളിവരകൾ വീണ ആ മെലിഞ്ഞ സ്​ത്രീ കോലായിലേക്കു കയറി. അപ്പോഴും പ്രായം ചെന്ന ആ മനുഷ്യൻ മുറ്റത്ത് സംശയിച്ചുനിൽക്കുകയായിരുന്നു.
ചെറുപ്പക്കാരൻ പറഞ്ഞു: ‘‘വരൂ’’.
അയാൾ അമ്മയുടെ പിറകെ പ്രവേശിക്കാനർഹതയില്ലാത്ത ഒരിടത്തേക്ക് കയറുന്ന വൈഷമ്യത്തോടെ ഒതുക്കുകയറി.
അകത്തുകടന്നപ്പോൾ സ്​ത്രീ പറഞ്ഞു: ‘‘എന്തൊരിരുട്ടാ ഇതിനകത്ത്, അപ്പുണ്യേ’’.
‘‘പകലും ഇതിനകത്ത് ഇരുട്ടാണ്. ഇവിടെ കാരണോന്മാരുടെ േപ്രതങ്ങളുണ്ടാകും പകലും?’’
അമ്മ സംഭ്രമത്തോടെ അയാളുടെ മുഖത്തുനോക്കി.
‘‘അമ്മ പേടിയ്ക്കണ്ടാ. ഈ നാലുകെട്ടു പൊളിക്കാൻ ഏർപ്പാടു ചെയ്യണം. ഇവിടെ കാറ്റും വെളിച്ചവും കടക്കുന്ന ഒരു ചെറിയ വീടുമതി’’.
‘‘പൊളിക്കേ? ഭഗോതിരിക്കണ സ്​ഥം ല്ല്യേ’’
അയാൾ ഉറക്കെ ചിരിച്ചു. ആ ചിരിയുടെ ശബ്ദം പൊട്ടിയ ഭിത്തികളിൽ, തുരുമ്പിച്ച തൂണുകളിൽ, ഇരുണ്ട മൂലകളിൽ തട്ടി തിരിച്ചുവന്നു.
പ്രായം ചെന്ന ആ മനുഷ്യൻ അപ്പോഴും സംഭ്രമത്തോടെ മുഖം കുനിച്ചുനിൽക്കുകയായിരുന്നു.

ഴിക്കാൻ ഭക്ഷണം.
ആട്ടിയോടിക്കപ്പെടാത്ത ഒരിടം.
പകയോടെ, വിലയ്ക്കു വാങ്ങി എന്നഹങ്കരിച്ചു. ബന്ധനങ്ങളെ അറുത്തുമുറിച്ചു എന്ന ബലത്തോടെ അകത്തുചെന്നപ്പോൾ തലമുറകൾ ഇരുണ്ട മാളങ്ങളിലൂടെ ഇഴഞ്ഞുപോകുന്നു.

കാറ്റില്ല.

ഇലയനങ്ങുന്നില്ല.

ആത്മാക്കൾ വിഹരിക്കുന്ന ശൂന്യത.

രക്ഷപ്പെടണമെന്നുതോന്നി, തനിച്ചായപ്പോൾ, മറ്റൊരു ജന്മത്തിലേക്ക്. എഴുത്തുകാരൻ പിന്നീട് തുടരാൻ മടിച്ചതും ഒരുവേള ഒഴിവാക്കാൻ പോലും ആഗ്രഹിച്ചതുമായ ആ അവസാന അധ്യായത്തിൽ നിന്നുതന്നെ എന്റെ മറ്റൊരു ജന്മം തുടങ്ങുന്നു.

‘കാല’ത്തിലേക്ക്...

ദാരിദ്ര്യം ഒരു പാപം തന്നെയാണ്.
അല്ലെങ്കിൽ അതിൽനിന്ന് ചിലർ മാത്രമെങ്ങനെ രക്ഷപ്പെടുന്നു?

അനുഭവിച്ചതാണ്.

ഉണക്ക മുള്ളൻ വറുത്തതുണ്ടാകണേ എന്ന് പ്രാർഥിച്ച് പ്രാർഥിച്ച് സ്​കൂളിൽ നിന്ന് വീട്ടിലെത്തുമ്പോൾ മുളകും പുളിയും കൂട്ടിത്തിരുമ്പിയ കഞ്ഞിവെള്ളം.

വളർന്നപ്പോൾ അറിയുന്നു;
സ്​നേഹവും ഒരു പാപമാണ്.

സ്​നേഹിക്കുന്നവരെ അതിന്റെ വേദന മരണം വരെ വേട്ടയാടിക്കൊണ്ടിരിക്കും. പല്ലും നഖവും കൊണ്ട് സ്​നേഹം സദാ ആക്രമിച്ചുകൊണ്ടിരിക്കും. ചോരയൊലിപ്പിച്ച് വേദനയിൽ പുളയുമ്പോഴും കപടമായി പറയാം, അത് സുഖമുള്ളൊരു വേദനയാണ്.

പലതരം സ്​നേഹങ്ങളുടെ അനേകം പ്രപഞ്ചങ്ങൾ കാത്തുകിടന്നിരുന്നു. അവിടേക്കെല്ലാമുള്ള പ്രവേശം അനായാസവും.

പ്രീഡിഗ്രി ജയിച്ചപ്പോൾ ചേച്ചി വാങ്ങിതന്ന സൈക്കിൾ പതിനൊന്നുമണിക്കുമുമ്പേ വെപ്രാളം തുടങ്ങും, പോസ്​റ്റോഫീസിലേക്ക്. പോസ്​റ്റുമാന്റെ കൈയിലെ പലതരം കത്തുകൾക്കിടയിൽ ഒരു കത്തുമാത്രം എനിക്കുവേണ്ടി വീർപ്പുമുട്ടിക്കൊണ്ടിരിക്കും. അത് പൊട്ടിക്കാതെ ദിവസങ്ങളോളം കാത്തുവെക്കും. പിന്നെ അകത്തെ അക്ഷരങ്ങളെല്ലാം അപ്രത്യക്ഷമായിക്കഴിയുമ്പോൾ, ശൂന്യമായ കവർ തലയണക്കടിയിൽ സൂക്ഷിച്ചുവെക്കും.

ഹൃദയമിടിപ്പോടെ കാണാൻ കാത്തുനിന്നവൾ.
പാദസരങ്ങൾ കൊണ്ട് സംസാരിച്ചിരുന്നവൾ.
ഏറ്റവും പ്രിയപ്പെട്ട ആ വാക്കുമാത്രം ഒരിക്കലും പറയാതെ, കാതങ്ങൾക്കകലെയെന്നോണം തൊട്ടുതൊട്ട് നടന്നുപോയവൾ.

ഇരുട്ടിൽ കഞ്ഞുണ്ണി വെളിച്ചെണ്ണയുടെ ഗന്ധം പൊട്ടിച്ചിതറുംമുമ്പുള്ള നിമിഷത്തിൽ അവൾ പറഞ്ഞു; ‘‘എന്നെ വിളിച്ചോളൂ, ഞാൻ ഇറങ്ങിവരാം’’.

കൈകൾ രണ്ടും കൺപീലികൾക്കുള്ളിലാക്കി അവൾ പിന്നെയും പറഞ്ഞു; ‘‘ഞാൻ എന്നും കൂടെയുണ്ടാകും’’.

പേടിയായിരുന്നു.
ഒരു പെണ്ണിന്റെ ഉപ്പുരസമറിഞ്ഞ ആ ആദ്യ നിമിഷങ്ങളിൽ. ശരീരമാകെ വിറച്ചുകൊണ്ടിരുന്നു, പതിനായിരം കൈകളുടെ ആവേഗമുള്ള അവളുടെ ആലിംഗനത്തിനിടയിലും.

ലതും പറയാൻ ആഗ്രഹിച്ചു.
നാവിൻ തുമ്പിലേക്കു തിരക്കിക്കയറിയ വാക്കുകൾ ജീവൻ കൊള്ളാതെ വെറുങ്ങലിച്ചുവീണു.

‘‘നിനക്ക് എന്നോടു വെറുപ്പുണ്ടോ?’’

അപ്പോൾ സുമിത്ര ചിരിച്ചു. വർഷങ്ങൾക്കപ്പുറത്തു കേട്ട ഒരു ചിരിയുടെ മാറ്റൊലി മനസ്സിൽ ഒരു നിമിഷം ഒഴുകിനടന്നു.

‘‘എനിക്ക്, എനിക്ക് നിന്നെ ഇഷ്​ടമായിരുന്നു’’
സുമിത്ര വീണ്ടും വികൃതമായി ചിരിച്ചു.

വളർന്നുപോകുമ്പോൾ, എന്റെ ചവിട്ടേറ്റ് ഞെരിഞ്ഞമർന്നവയെപ്പറ്റിയൊന്നും ആലോചനയുണ്ടാവില്ല. കിട്ടാത്തതും നിഷേധിക്കപ്പെട്ടതും ആട്ടിയിറക്കപ്പെട്ടതുമായ ലോകങ്ങളിലെല്ലാം ഞാനുമുണ്ടായിരുന്നു. ഒറ്റയാനെപ്പോലെ, ചോര പുരണ്ട മസ്​തകവുമായി...

സ്​നേഹം പാപം തന്നെയാണ്.

കുഞ്ഞേട്ടനും ചേച്ചിയും മാത്രമല്ല, ജീവിതത്തിലെ പ്രിയപ്പെട്ട പലരും ആവോളം കുടിച്ചുവറ്റിച്ചു ആ പാനപാത്രം. എന്നിട്ടും ഓരോരുത്തർക്കും വേണ്ടി കാലം വീണ്ടും വീണ്ടും അത് നിറച്ചുവെച്ചു, ഒരുതരം പകയോടെ. ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും യാത്ര പറഞ്ഞുപോകുന്ന സ്​നേഹത്തിന്റെ സ്​മാരകശിലകളെ ഓർത്തുകൊണ്ടിരിക്കാനാണ് വിധിയെങ്കിൽ, സ്​നേഹം പാപമല്ലാതെ മറ്റെന്താണ്?

ജീവിതത്തിലെ സകല സ്​നേഹങ്ങളും പെരുകിപ്പെരുകി സമനില തെറ്റിപ്പോയ മനുഷ്യനായിരുന്നു കുഞ്ഞേട്ടൻ. സ്​നേഹം സമർഥമായി ഒളിപ്പിച്ചുവച്ച കെണികളിൽ നിന്ന് രക്ഷപ്പെടാൻ ജോലിയുപേക്ഷിച്ച്, മുപ്പതുവർഷങ്ങൾക്കുശേഷം അദ്ദേഹം നാട്ടിലെത്തി. അമ്മയെ പെറ്റുവീണ കുട്ടിയെപ്പോലെ പരിചരിച്ചു. ജീവിതത്തിൽ ഒരു സ്​ത്രീയും ഒരിക്കലും അഭിനിവേശത്തോടെ പങ്കുവെച്ചിട്ടില്ലാത്ത സ്വന്തം ശരീരത്തെ കുഞ്ഞേട്ടൻ ഉപേക്ഷിച്ചുകളഞ്ഞു. പല്ലുതേക്കാതെയും കുളിക്കാതെയും എത്രയോ ദിവസങ്ങൾ. വീടിന്റെ പടിഞ്ഞാറേ ജനൽ തുറന്നിട്ടാൽ ഇഴഞ്ഞുകയറുന്ന തന്റെ പെണ്ണിന്റെ മണം കേട്ട് രാത്രി മുഴുവൻ ഒരുതരം ഉന്മാദത്തോടെ കിടക്കും. പിറക്കാൻ പോകുന്ന കുഞ്ഞിന് പേരുപോലും നിശ്ചയിച്ചിരുന്നു ഇരുവരും; എന്നിട്ട്...

എത്രയോ ജന്മങ്ങളുടെ സ്​നേഹം, പാതിയിൽ കുറഞ്ഞ ഒരു പുരുഷായുസ്സിൽ, ആ ശരീരത്തിൽ നിന്ന് വാർന്നുപോയി. ഒന്നും തിരിച്ചുകിട്ടിയില്ല. ഏഴുവർഷം മുമ്പ് ആശുപത്രി വെൻറിലേറ്ററിൽ കിടക്കുമ്പോൾ, നേർത്ത മിടിപ്പുമാത്രം ശേഷിച്ച ആ ശരീരം സ്​നേഹത്തിന്റെ ഒരു ചിതയാണെന്ന് എനിക്കു തോന്നി. കുഞ്ഞേട്ടന്റെ ഏറ്റവുമടുത്ത കൂട്ടുകാരൻ രാത്രി മുഴുവൻ ഐ.സി.യുവിൽ ലളിതാസഹസ്രനാമം ചൊല്ലിക്കൊണ്ടിരുന്നു. പക്ഷേ ജീവിച്ചിരിക്കാൻ കുഞ്ഞേട്ടന് ഈ പ്രപഞ്ചത്തിൽ കാരണങ്ങളൊന്നും ശേഷിക്കുന്നുണ്ടായിരുന്നില്ല.

വാഹനാപകടക്കേസിന്റെ എഫ്.ഐ.ആറിൽ ആരോ പറഞ്ഞുകൊടുത്ത ഒരു വാചകം പൊലീസുകാരൻ എഴുതിച്ചേർത്തിരുന്നു: ‘‘അവസാനകാലം വീട്ടുകാർക്കും നാട്ടുകാർക്കും വേണ്ടപ്പെട്ടവനായി ജീവിച്ചു...’’.

എന്നിട്ടും...

എന്റെയും നിങ്ങളുടെയും ജീവിതത്തിൽ നിന്ന് ഒരു നിമിഷം പകർത്തി എഴുതാൻ അനുവദിക്കൂ:

‘‘സുമിത്രേ…’’
അവളുടെ പിറുപിറുക്കുന്ന ചുണ്ടുകൾ ഒരു നിമിഷം നിശ്ചലമായി. വീണ്ടും അസ്​പഷ്​ടമായി ചലിച്ചുകൊണ്ടിരുന്നു.
‘‘നീയിവിടെ തനിച്ചാണോ?’’
‘‘ഭഗവാനുണ്ട്’’
‘‘അതല്ല ചോദിച്ചത്. നിനക്കിവിടെ സഹായത്തിന്’’
‘‘ഭഗവാനുണ്ട്’’
പരിഹസിക്കുകയാണോ? മൊളി പൊന്തിയ മെലിഞ്ഞ കൈത്തണ്ടയിലും കഴുത്തിനു ചുവട്ടിൽ എഴുന്നുനിൽക്കുന്ന എല്ലുകളുടെ മുഴുപ്പിലും കണ്ണോടിച്ചുകൊണ്ടു ചോദിച്ചു.
‘‘നിനക്ക് സുഖമില്ലായിരുന്നെന്നു പറഞ്ഞു’’
‘‘വെറുതെ’’
‘‘സുമി​​​ത്രേ’’

ചവിട്ടടികളിൽ അമർന്നുപോയ തുമ്പപ്പൂവിന്റെ നിറമുള്ള മുഖത്ത് കണ്ണുകൾ ഒരു നിമിഷം പിടഞ്ഞു.

തിരിച്ചറിവിന്റെ മഹത്തായ മറ്റൊരു നിമിഷം.

ഇവിടെ ഞാൻ നഗ്നനാക്കപ്പെട്ട്, സ്വന്തം കാൽപ്പാദങ്ങളിലേക്കു നോക്കി നിൽക്കുന്നു, വെറുപ്പോടെ. അടക്കിപ്പിടിച്ച ഏങ്ങലുകൾ കേൾക്കാം. കരുണക്കുവേണ്ടിയുള്ള യാചനകൾ കേൾക്കാം, ശബ്ദം തന്നെ നിലച്ചുപോയ നോട്ടങ്ങൾ...

സ്​നേഹത്തിന്റെ ഒരു വലിയ നദി അകത്തുണ്ടെന്നാലും അതെന്തിനിങ്ങനെ തടഞ്ഞുനിർത്തിയിരിക്കുന്നു എന്ന നിന്ദയിൽ ഞാൻ സദാ ആകുലനായിരിക്കുന്നു. ആ പ്രവാഹത്തിൽ ഒലിച്ചുപോകാൻ ഒരു നിമിഷമെങ്കിലും ആഗ്രഹിച്ചിരുന്നിരിക്കില്ലേ പിന്നീട് ജീവിതത്തിലേക്ക് കയറിവന്ന അവളെങ്കിലും? പക്ഷേ വലിയ മൗഢ്യങ്ങളിലേക്കുതന്നെ വീണ്ടും തിരിച്ചെത്തുന്നു, നിസ്സഹായനായി...

എഴുതാത്ത മറുപടിയിലെ വാക്കുകൾ ഉരുവിട്ടുകൊണ്ട് നടന്ന സേതുവിനെ ഞാൻ ഈ നിമിഷം വെറുക്കുന്നു. ആ എഴുത്തുകാരനെയും. ഒരു പെണ്ണിന്റെ മുന്നിലും കുറ്റബോധത്തോടെ എനിക്കു നിൽക്കേണ്ടിവരില്ല, ഒരു പെണ്ണിന്റെ കാൽപ്പാദവും എന്നെ ഇരുട്ടിൽ വേട്ടയാടുകയില്ല. പക്ഷേ...

രക്ഷപ്പെടുകതന്നെ വേണം, ചോര വാർന്നു വീണ പുഴയിൽ ഓർമകൾ നഷ്​ടപ്പെട്ട് നിൽക്കാൻ എന്നെക്കിട്ടില്ല.

ഒരിക്കൽ കൂടി ഞാൻ സേതുവിനെ വെറുക്കുന്നു, ആ എഴുത്തുകാരനെയും.

‘മഞ്ഞി’ലൂടെ...

ദാരിദ്ര്യം സംയമം ശീലിപ്പിച്ച ശരീരം ആദ്യമായി ആളിക്കത്താൻ തുടങ്ങിയ നിമിഷം ഇപ്പോഴും ഓർക്കുന്നു. ഭക്ഷണത്തിനു വേണ്ടിയല്ല, മറ്റെന്തൊക്കെയോ വിശപ്പുകൾക്കുവേണ്ടി.

നീലപ്പൂക്കളുള്ള ജാക്കറ്റിലെ പ്രസ് ബട്ടനുകൾ പൊട്ടുന്നു. കൈഞെരമ്പുകളെ പരിഹസിക്കുന്ന മാംസപ്പൂക്കളുടെ ഉണർച്ചയിൽ, മിനുത്ത ഇടവഴികളിൽ, ഉപ്പുവറ്റിക്കിടക്കുന്ന കുറ്റിക്കാടുകളിൽ എവിടെയും ജീവവായുപ്രവാഹം. സകലയിടത്തും കതിരുകൾ മുളക്കുന്നു, മറ്റൊരു സ്​പർശം അവയെ പിഴുതുമാറ്റുന്നു. വീണ്ടും... വേദന... നേടിയതിന്റെയും നഷ്​ടപ്പെട്ടതിന്റെയും. രാവിലെ കിടക്കവിരിയിൽ നിറം മങ്ങിയ ചെമ്പകപ്പൂവുകൾ ഉണങ്ങിപ്പിടിച്ചു കിടന്നു.

സ്വപ്നമായിരുന്നു.

ഒളിവേഴ്ചകളിൽ മാത്രമാണ് കാമം സാക്ഷാൽക്കരിക്കപ്പെട്ടിരുന്നത്; അതും അന്തർജനങ്ങൾക്ക്. മറ്റുള്ളവർക്ക് അത് ഒരു നേരത്തെ ചോറിനുള്ള കൂലി. അതുകൊണ്ട് സിമൻറിട്ട നിലത്ത് പടർന്നുകിടക്കുന്ന കാച്ചിയ വെളിച്ചെണ്ണപ്പാടുകളിൽ ഞങ്ങളുടെ കാമം കട്ടപിടിച്ചുകിടന്നു. ചുട്ടുപഴുത്തുകിടന്ന യുവത്വത്തിന്റെ പടിവാതിൽക്കൽ ‘മഞ്ഞ്’ ഉണ്ടാക്കിയ വിസ്​ഫോടനം എത്രയോ കാലങ്ങൾക്കുശേഷമുള്ള അപൂർവമായൊരു രതിമൂർച്ഛക്കു തുല്യമായിരുന്നു. സ്വപ്നത്തിലെ സംഭോഗത്തിന് വീറും മധുരവും ഏറും. കടിച്ചുപൊട്ടിച്ച ചുണ്ടുകളിൽ തന്നെ ചുംബനവും നൽകാം. കാമനകൾ അസ്​പർശ്യമായി ഒളിപ്പിച്ചുവക്കേണ്ടിവരുന്ന ശരീരം സ്വപ്നത്തിലല്ലാതെ എങ്ങനെ അവയെ സാക്ഷാൽക്കരിക്കും?

എന്തിന് ഈ എഴുത്തുകാരൻ?

അപ്പുണ്ണി, സേതു, സുധീർകുമാർ മിശ്ര.

ആത്മനിന്ദയും കുറ്റബോധവും ഭീരുത്വവും ഒളിച്ചോട്ടവും നിറഞ്ഞ ഇരുട്ടിൽ ഒളിച്ചിരിക്കുന്ന ഈ കൂമന്മാരിലേക്കു തന്നെ എന്തിന് തിരിച്ചെത്തുന്നു?

എന്റെ യൗവനം, കൗമാരത്തെ സദാ പരിഹസിച്ചുകൊണ്ടിരുന്നു. പരിഹാസം ശാസനയായിത്തുടങ്ങി. അതുവരെ ഒപ്പമുണ്ടായിരുന്ന ഒരേയൊരു എഴുത്തുകാരനെ ഉപേക്ഷിച്ചു. ആ രണ്ടക്ഷരങ്ങൾ അച്ചടിച്ച പുറംചട്ടകൾ കീറിക്കളഞ്ഞു. പിന്നെ ബൈൻഡു ചെയ്തുവച്ചു. തിരിച്ചറിയാനാവാത്ത വിധം ആ പുസ്​തകങ്ങളിൽ നിന്ന് ഞാൻ രക്ഷപ്പെട്ടിരിക്കുന്നു.

ഡിഗ്രി കഴിഞ്ഞ സമയം. തൃശൂർ പബ്ളിക് ലൈബ്രറിയിൽ നിന്ന് ആരോ എഴുതിയ ഭഗവത് ഗീതാവ്യാഖ്യാനം എടുത്തു. എത്രയോ രാപകലുകൾ. എഴുതപ്പെട്ട മറ്റൊന്നിനും ജീവിതത്തെ ഇത്ര വലിയ പാഠങ്ങൾ പഠിപ്പിക്കാനുള്ള കഴിവുണ്ടെന്ന് തോന്നിയില്ല. വെറും രണ്ട് ദശാബ്ദങ്ങൾ പ്രായമുള്ള, മൂപ്പെത്താത്ത ഒരു കായയാണ് ഞാനെന്ന ധാരണയാണ് ആദ്യം തകർന്നത്. പിന്നെ ഏതു നിമിഷവും വലിയൊരനിശ്ചിതത്വത്തിൽ, നിഷ്പ്രയോജനമായി ഈ ആയുസ്സ് ഒടുങ്ങിപ്പോകാം എന്ന അറിവും.

അത്ഭുതകരമായ പലതും പകരം കിട്ടി. കോളേജിൽ പഠിച്ച ജീവശാസ്​ത്രത്തിന് സങ്കൽപ്പിക്കാൻ പോലുമാകാത്ത, ജീവപ്രകൃതിയുടെ ജനനത്തിനു മുമ്പും പിമ്പുമുള്ള തുടർച്ചകളെ, അനുസ്യൂതമായ ജീവധാരകളെ ആ വായന വെളിച്ചത്തുകൊണ്ടുവന്നു. ഹിമാലയത്തിന്റെ നെറുകയിലെ ഒരു മഞ്ഞിൻ തുള്ളിയും ഇവിടെ വീട്ടുമുറ്റത്ത് വാടിക്കൊഴിഞ്ഞുകിടക്കുന്ന ഒരു പ്ലാവിലയും തമ്മിലുള്ള പാരസ്​പര്യം. ദിവസേന കുളിച്ചുവന്ന് പ്രാർഥിച്ചിരുന്ന ഗുരുവായൂരപ്പന്റെ ചിത്രം കട്ടിലിനടിയിലേക്ക് വലിച്ചെറിഞ്ഞു. അഗോചര പ്രപഞ്ചത്തിൽ പോലും ദൈവം എന്ന ഒന്നില്ല എന്ന്, ഗീതയിലെ കൃഷ്ണന്റെ സർവതും അടക്കിപ്പിടിച്ച ഗൂഢസ്​മിതത്തിൽ നിന്നാണ് അറിഞ്ഞത്.

ബുദ്ധിയെ സംബന്ധിച്ച ഒരു വിമോചനമായിരുന്നു അത്. എന്റെ എഴുത്തുകാരൻ ശരീരത്തിനും ആത്മാവിനും അകത്ത് സൃഷ്​ടിച്ചുവച്ച ഇരുട്ടിലേക്കും തണുപ്പിലേക്കും ഭയമില്ലാതെ, പാപബോധമില്ലാതെ ഇറങ്ങിച്ചെല്ലാമെന്നായി. വെറുപ്പിന്റെയും പകയുടെയും ആർത്തികളെയും ഹിംസ്രതകളെയും ശരീരത്തിനകത്ത് പൂട്ടിവെക്കാമെന്നായി. ഭക്ഷണത്തിന്റെ ഗന്ധത്തെ സഹിക്കാമെന്നായി.

ജീവിതത്തിൽ സകലതിനും കോടാനുകോടി കണങ്ങളിലൂടെ തുടർച്ചകളുണ്ടായി. മുത്തശ്ശിയെ കട്ടെടുത്ത് വട്ടിയിൽ ചുമന്നുകൊണ്ടുവന്ന മുത്തച്ഛന്റെ ചുമലിന്റെ ബലം എന്റെ കൈകളിലേക്ക് ഇരച്ചെത്തിയ നിമിഷമുണ്ടായി, വർഷങ്ങൾക്കുശേഷം. കീമോതെറാപ്പിക്കുവേണ്ടി ആശുപത്രിയിൽ കൊണ്ടുപോകാൻ അമ്മയുടെ ശേഷിച്ച ശരീരത്തെ കോരിയെടുത്തപ്പോൾ കൈകൾ തലമുറകൾക്കുമുമ്പുള്ള ആ ബലമറിഞ്ഞു.

അതത്ര നിസ്സാരമായിരുന്നില്ല.

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ ചുരുക്കം ചില വിദ്യാർഥികൾക്കു കിട്ടുന്ന ഭാഗ്യം ഞങ്ങൾക്കുണ്ടായി. നാലുവർഷം തുടർച്ചയായി സച്ചിദാനന്ദന്റെ ഇംഗ്ലീഷ് ക്ലാസ്​. നോവലിന്റെയും നാടകത്തിന്റെയും ടെക്സ്റ്റുകൾക്കിടയിൽ ‘ആത്മഗീത’യും ‘അഞ്ചുസൂര്യനും’ തിരുകിവച്ച് കവിയുടെ മുഖത്തുനോക്കി രഹസ്യമായി വായിക്കും. സച്ചിദാനന്ദനിൽ നിന്ന് വായന തുടങ്ങിയാൽ വൈലോപ്പിള്ളിയിലേക്കും കുമാരനാശാനിലേക്കും നെരൂദയിലേക്കും പാസിലേക്കും എളുപ്പം എത്താം. സച്ചിദാനന്ദന്റെ സാന്നിധ്യം അങ്ങനെ വായനയുടെ പുതിയ പക്ഷങ്ങളിലേക്കുള്ള വഴി തുറന്നു.

ഏതുകാലത്തും വായനക്ക് ഒരു രാഷ്ട്രീയമുണ്ടാകും. ആ കാലം, എൺപതുകളുടെ അവസാനം, പക്ഷേ ഒരു രാഷ്ട്രീയശൂന്യതയുടേതായിരുന്നു. തീവ്രവിപ്ലവത്തി​ന്റെ കരിഞ്ഞ ഇലകൾ വായനയെ മൂകമാക്കിയിരുന്നുവെന്ന് തോന്നി. ചൊല്ലിത്തീർന്ന കവിതകളുടെ ആവർത്തനമായിരുന്നു എവിടെയും.

വിലാസിനി പരിഭാഷപ്പെടുത്തിയ ‘പെഡ്രോ പരാമോ’, പി.ജി വിവർത്തനം ചെയ്ത ‘കാട്ടുകടന്നൽ’, ടോൾസ്​റ്റോയിയുടെ ‘റിസറക്ഷൻ’, ആൻറൺ ചെക്കോവ്, മാർകേസ്​...

അറിവും തിരിച്ചറിവും തമ്മിലും അനുഭവവും യാഥാർഥ്യവും തമ്മിലും ചില സംഘർഷങ്ങൾ ഉടലെടുത്തുതുടങ്ങി. എന്റെ എഴുത്തുകാരനെ അവിശ്വസിക്കാതെ വയ്യെന്നായി. അദ്ദേഹം എനിക്ക് നൽകിയതെന്താണ്? ബന്ധിക്കപ്പെട്ട മനസ്സുകൊണ്ട് ജീവിതത്തിലെ ഇത്തിരിവട്ടങ്ങളെ എത്തിപ്പിടിക്കാനുള്ള പാഴ്ക്രിയ. ജയിച്ചാലും തോറ്റാലും ഫലം പരമമായ നിഷ്ഫലത. എത്രയോ അടരുകളെ എന്തിനീ എഴുത്തുകാരൻ നിഗൂഢമായി വെക്കുന്നു? വായനയുടെ പുതുലോകസഞ്ചാരം ഇത്തരം സന്ദിഗ്ധതകളാൽ ഊഷരമായി.

മനുഷ്യനായതുകൊണ്ട് പ്രകൃതിയെക്കുറിച്ചും ആണായതുകൊണ്ട് പെണ്ണിനെക്കുറിച്ചും സവർണനാക്കപ്പെട്ടതുകൊണ്ട് അവർണനാക്കപ്പെട്ടവരെക്കുറിച്ചും മധ്യവർഗിയാക്കപ്പെട്ടതുകൊണ്ട് കീഴാളരാക്കപ്പെട്ടവരെക്കുറിച്ചുമുള്ള ജ്ഞാനങ്ങളിലേക്ക് എനിക്കുള്ള ദൂരം ഏറെയായിരുന്നു. അതിന് എന്റെ ഈ എഴുത്തുകാരന്റെ ഊർജം മാത്രം മതിയാകില്ല എന്ന് ബോധ്യപ്പെട്ടപ്പോഴാകണം, സാഹിത്യവായന സ്വകാര്യ വ്യക്തിവ്യാപാരമെന്ന നിലയിൽ നിന്ന് രാഷ്ട്രീയ ഭൂമികകളിലേക്ക് മാറ്റപ്പെട്ടത്. പിന്നീട്, പത്രപ്രവർത്തകനാകാൻവേണ്ട ബുദ്ധിപരവും ആദർശാത്മകവുമായ പ്രേരണക്ക് നിമിത്തമായത് ഈ തിരിച്ചറിവുകളാണെന്നു പറയാം.

പഴയ ആത്മനിന്ദയും കുറ്റബോധവും ലജ്ജയും അതേപടി സ്വത്വത്തിലേക്ക് മടങ്ങിവരുന്നതായി അറിഞ്ഞു, അത് പക്ഷേ സക്രിയമായൊരു ജ്ഞാനത്തിന്റെ രൂപത്തിലായിരുന്നുവെന്നുമാത്രം. ഒരു പെണ്ണിനോടൊത്ത് ജീവിക്കാൻ തുടങ്ങിയപ്പോൾ ആണധികാരത്തിന്റെ ദംഷ്ട്രകൾ പുറത്തുവരാതിരിക്കാൻ ശ്രമിച്ചു; അവ പിഴുതുമാറ്റാനായില്ലെങ്കിലും. രണ്ടു പെൺമക്കളുടെ അച്ഛനായപ്പോൾ ബോധാബോധങ്ങളിലെല്ലാം മുളച്ചുപൊന്തിത്തുടങ്ങിയ സ്വാർഥത്തെ ഹിംസിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഒരു പൂച്ചക്കുട്ടിയെ നെഞ്ചോടുചേർത്ത് ഉഴിയുമ്പോഴും ഉണ്ണാനുള്ള ചോറിനിടയിൽ നിന്ന് വഴിയറിയാതെ അന്തിച്ചുനിൽക്കുന്ന ഒരുറുമ്പിനെ എടുത്തുമാറ്റുമ്പോഴും എന്റെ അസ്​തിത്വത്തിലേക്കുള്ള അകലം കുറഞ്ഞുവരികയാണെന്ന് ബോധ്യപ്പെടുത്തിയ വായനകൾ.

അനുഭവങ്ങൾ മനസ്സിനെ എളുപ്പം മെരുക്കുന്നു. ബുദ്ധിയോ, യുക്തി കൂടി വേണം അതിന്റെ സംയമത്തിന്. വികാരങ്ങളെ സംയമിപ്പിക്കുന്നതുപോലെ ഭാവുകത്വത്തെ തീരുമാനിക്കുന്ന ഇച്ഛകൾക്കും കടിഞ്ഞാണിടാൻ കഴിയും. അവയെ തിരുത്താനും കഴിയും. പാരമ്പര്യത്തെ അതിലംഘിക്കാനുള്ള ബലം അത് വായനക്ക് നൽകും.

പഴയ പട്ടിണിക്കാരൻ മാത്രമായ വ്യക്തി പുതിയൊരു ക്രമത്തിലേക്ക് എടുത്തെറിയപ്പെടുന്നു. അർണോൾഡ് ടോയിൻബി പറഞ്ഞ യുക്തി രാഹിത്യത്തിന്റെയും വ്യാകുലതകളുടെയും പുതുയുഗത്തിലേക്ക്. വ്യക്തി ഇല്ലാതാകുന്നു, പകരം പല പ്രമേയങ്ങൾ. വായിച്ചുകഴിഞ്ഞവയെ മാത്രമല്ല അനുഭവിച്ചുകഴിഞ്ഞവയെക്കൂടി നിഷേധിക്കാം എന്ന ബലം കൈവരുന്നു. ഞാനെന്ന യാഥാർഥ്യം, എന്നെ സംബന്ധിച്ചു മാത്രമുള്ള യാഥാർഥ്യമായിരുന്നു. എന്റെ ലോകവും അതെ. ഇപ്പോൾ അറിയുന്നു, ഒരു ഭാവനാപ്രപഞ്ചം സൃഷ്​ടിച്ച് ചുറ്റുമുള്ള കപടലോകത്തെ ഞാൻ യാഥാർഥ്യവത്കരിക്കുകയായിരുന്നു (ബോദ്രിയാറിന് നന്ദി).

പലവിധ പരിമിതത്വങ്ങളെ ഭേദിക്കേണ്ടതുണ്ടായിരുന്നു. പലവിധ ചോദ്യങ്ങളെ നേരിടേണ്ടതുണ്ടായിരുന്നു. ഇത് എന്റേതല്ല എന്ന് നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ഭാഷയും പ്രമേയവും. സാഹിത്യവായന യുക്തിബോധത്തെ എങ്ങനെ മിനുക്കിയെടുക്കും എന്ന വിചാരം. ഘടനാപരമായ വിസ്​ഫോടനങ്ങൾ. ഉത്തരാധുനികതയിൽ വായനക്കാരാണ് എഴുത്തുകാരേക്കാളും വലിയ പരിണാമത്തിന് വിധേയനാകുന്നത്. ഇത് ബോധ്യപ്പെടുത്താൻ സ്വന്തം ഭാഷ അശക്തമായിരുന്നു. പരിഭാഷകളിലല്ലാതെ യഥാർഥ ഭാഷയിൽ മലയാളത്തിൽ ഒന്നും എഴുതപ്പെടുകയുണ്ടായില്ല. എഴുത്തുകാരൻ വായനക്കാരനുമുന്നിൽ പരാജയപ്പെട്ടുപോയ സന്ദർഭമായിരുന്നു മലയാളത്തിൽ ഉത്തരാധുനികതയുടേത്. ഒരുപക്ഷേ ആ പ്രയോഗം തന്നെ അസാധുവാക്കപ്പെടുകയും ഒരുവേള പരിഹാസ്യമാക്കപ്പെടുകയും ചെയ്തു ഇവിടെ. പക്ഷേ വായനക്കാർക്കുവേണ്ടി മറ്റിടങ്ങളിൽ മറ്റു ഭാഷകളിൽ ആഖ്യാനങ്ങളുണ്ടായി. ഭഗവത്ഗീതയിലെപ്പോലെ എത്രയോ കാലങ്ങളിലെ പ്രതി– സന്ധികൾ അടക്കം ചെയ്ത ബഹിരാകാശ യാത്രകളായിരുന്നു അവ. ആത്മീയം, ഭൗതികം എന്ന സംജ്ഞകൾക്കുമപ്പുറം ജൈവികം എന്നു പറയുന്നതായിരിക്കും ആ വായനാനുഭവങ്ങൾ. പതിനാറോ പതിനേഴോ വയസ്സുണ്ടായിരുന്ന ഒരു പഴയ കയ്പമംഗലത്തുകാരൻ ഇതാ വളർന്ന് വായനയുടെ പരിപാകതയിലെത്തി എന്ന് തെറ്റിധരിപ്പിക്കാനെങ്കിലും കഴിഞ്ഞു എന്നതാണ് ഉത്തരാധുനികത എനിക്കുതന്ന നേട്ടം.

തിരിച്ചറിവുകൾ;
സോപ്പുകുമിളകളിലെ
പ്രതിബിംബങ്ങൾ

എഴുത്തുകാരന്റേത് പ്രഖ്യാപിക്കപ്പെട്ട മരണമായിരുന്നു. മുമ്പേ അത് സംഭവിച്ചുകഴിഞ്ഞിരുന്നു. ഒരു സാഹിത്യകൃതി ഞാനും നിങ്ങളും പല മട്ടിൽ വായിക്കുന്നു. ഓരോ വായനക്കാരന്റെയും ഏതേതിടങ്ങളെ അത് സ്​പർശിക്കുന്നു? ഏത് രസഗ്രന്ഥികളെ അത് ഉദ്ദീപിപ്പിക്കുന്നു? ആ കൃതി അങ്ങനെ ഓരോ വായനക്കാരന്റേതും മാത്രമാകുന്നു. കാലത്തെയും ജീവിതത്തെയും അതിശയിപ്പിക്കാത്ത സാഹിത്യം എഴുതപ്പെടാത്ത ഇക്കാലത്ത് വായനക്കാരനെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ ഒരു പ്രമേയം ഇതായിരിക്കും: ഒരു വായനക്കാരന് സ്വന്തമായി ഒരു കൃതിയും ഒരു എഴുത്തുകാരനും ഉണ്ടാവുന്നതെങ്ങനെ? ഏതോ ഒരിടത്തിരുന്ന് ഏതോ ഒരു കാലത്ത് ഏതോ ഒരു എഴുത്തുകാരൻ എഴുതിവച്ചത് പിന്നീടെപ്പോഴോ കാലദേശങ്ങൾ കടന്ന് എങ്ങനെ ഒരുവായനക്കാരനെ മാത്രം തേടി എത്തുന്നു?

ഇരുപതു വർഷത്തിനിടയിൽ വായിച്ച പുസ്തകങ്ങളിലൂടെ, ഈ ഒരു ഉത്തരത്തിനുവേണ്ടി വീണ്ടും സഞ്ചരിച്ചു. അവയിൽ നിന്ന് എന്നെക്കുറിച്ച്, ഞാനിടപെടുന്ന പ്രപഞ്ചത്തെയും പ്രകൃതിയെയും കുറിച്ച്, സഹജീവികളെക്കുറിച്ച്, കാലത്തെക്കുറിച്ച്, സർവതിനെയും കുറിച്ച് കിട്ടിയ തിരിച്ചറിവുകൾ വലിയ സോപ്പുകുമിളകളിലെ പ്രതിബിംബങ്ങൾ മാത്രമായിരുന്നു. വായിച്ച നല്ല പുസ്തകങ്ങളുടെയെല്ലാം ഉള്ളടക്കം ഒന്നുതന്നെയായിരുന്നു. മനുഷ്യനെ പ്രതിയുള്ള പല മട്ടിലുള്ള അന്വേഷണങ്ങൾ. ഉപനിഷത്കാരൻ മുതൽ ഇറ്റാലോ കാൽവിനോ വരെയുള്ളവർ ഉന്നയിക്കുന്ന സങ്കീർണമായ അസ്തിത്വ സമസ്യകൾക്ക് ഈയൊരു പാരസ്​പര്യമുണ്ട്. ഒരു കാലം നൽകിയ ഉത്തരങ്ങളിൽ നിന്ന് മറ്റൊരു കാലം ചോദ്യങ്ങൾ കണ്ടെത്തുന്നു. സമസ്യകൾക്ക്, അന്വേഷണങ്ങൾക്ക് അങ്ങനെ തുടർച്ചകളുണ്ടാകുന്നു. സംസ്​കാരത്തിലെ ഏതു പ്രസ്​ഥാനവും പ്രവണതയും അങ്ങനെ തൊട്ടുമുമ്പത്തെ പരാജയങ്ങളുടെ സൃഷ്​ടികളാകുന്നു. (‘‘നാം ചരിത്രം എന്ന് ഇത്രയും കാലം ധരിച്ചിരുന്നത് എല്ലാ കാലത്തും ഒരു പകർപ്പുമാത്രമായിരുന്നിരിക്കണമെന്ന് ബോദ്രിയാർ അഭിപ്രായപ്പെടുന്നു. ഇന്ന്, ഭാവിയില്ലാത്ത ഒരു ഭാവിയെയാണ് നാം നേരിടേണ്ടത്. എല്ലാം അനന്തമായ ആവർത്തനങ്ങൾക്കു വിധിക്കപ്പെട്ടിരിക്കുന്നതിനാൽ, നമുക്കു പ്രതീക്ഷിക്കാവുന്ന ഒരു നിർണായക സംഭവവും ഉണ്ടാകുവാൻ പോകുന്നില്ല. നമുക്കു പ്രതീക്ഷ നൽകുന്ന ചരിത്രം ഇനിയും സംഭവിക്കാൻ പോകുന്നില്ല. നമ്മെ മരിവിപ്പിക്കുന്ന വർത്തമാനത്തി​െൻറ ഹിമരൂപത്തിൽ കാലം ഉന്മൂലനം ചെയ്യപ്പെട്ടിരിക്കുന്നു’’.)

പ്രപഞ്ചജീവിതത്തെക്കുറിച്ച ദാർശനികവും രാഷ്ട്രീയവുമായ ആഖ്യാനങ്ങൾ എന്നും ഉന്നയിച്ച മൗലികപ്രശ്നങ്ങൾ ഇതുതന്നെയായിരുന്നു. കാലവും ദേശവും കയറിവന്ന് അവയെ സമകാലികമാക്കുന്നതൊഴിച്ചാൽ എന്താണ് വ്യത്യാസം? സാഹിത്യത്തിൽ ഇതുവരെയുണ്ടായിട്ടുള്ള സകല പ്രസ്​ഥാനങ്ങളും പരിണാമഘട്ടങ്ങളും രചനകളെ ഇങ്ങനെ സമകാലികമാക്കി എന്നതൊഴിച്ചാൽ, അവയുടെയെല്ലാം കേന്ദ്രപ്രമേയം ഒന്നുതന്നെയായിരുന്നു.

ഒരു പ്രപഞ്ചം പോയിട്ട് ഒരു മണൽത്തരിയെ വരെ ഉൾക്കൊള്ളാനാകാത്ത അത്ര ചെറിയ ഇടങ്ങളാണ് എന്നിലെ വായനക്കാരനിൽ അവശേഷിക്കുന്നത്. പക്ഷേ വായനയുടെ അന്തിമഫലം അതിനേക്കാളുമെത്രയോ ചെറിയ ഇടമേ ആവശ്യപ്പെടുന്നുള്ളൂ. അങ്ങനെ എന്നിലെ വായനക്കാരൻ സഞ്ചരിച്ച ദൂരങ്ങൾ തിരിച്ചൊഴുകാൻ തുടങ്ങുകയാണ്. ഓരോ ഘട്ടത്തിലും ചോദിക്കട്ടെ, പുതുതായി എന്തു നേടി?

വായനക്കാരൻ അന്വേഷിച്ചുചെല്ലുന്ന പുസ്​തകങ്ങളുണ്ട്. ചില പുസ്​തകങ്ങൾ വായനക്കാരനെയും അന്വേഷിച്ചെത്തും. പക്ഷേ ജീവിതം തന്നെ ചില പുസ്​തകങ്ങളെ കണ്ടെത്തുന്നു. അതുപോലെ ചില പുസ്​തകങ്ങൾ ജീവിതത്തെ തെരഞ്ഞെത്തുന്നു. ഏതൊരു സത്യത്തേക്കാളും വലിയ സത്യങ്ങളായി ഈ കൽപിതകഥകൾ മാറുകയാണ്, അവ ഇത്തരത്തിൽ ജീവിതത്തെ തെരഞ്ഞെത്തുമ്പോൾ. ജീവിതകാലത്തിൽ ഒരാൾക്ക് ഒരു കൃതിയേ വായിക്കാനാകൂ എന്നും വരുന്നു അപ്പോൾ. തന്നെ ലോകത്തിലും ലോകത്തെ തന്നിലും പ്രതിഫലിപ്പിക്കുന്ന ഒരേയൊരു കൃതി.

പ്രപഞ്ചത്തിലെ ഏറ്റവും നിഷ്ഫലമായൊരായുസ്സാകാം മനുഷ്യേൻറത്. ഏതാനും മാത്രകൾ കൊണ്ട് ജീവ​ന്റെ സകല പൂർണതകളും ആവിഷ്കരിക്കുന്ന ഒരു പൂമ്പാറ്റയുടെ ലളിതസുന്ദരമായ ജന്മം പോലും മനുഷ്യന്റേതിനേക്കാൾ എത്രയോ ഉയരെയാണ്. ബുദ്ധിയുടെയും യുക്തിയുടെയും ഭാവനയുടെയും ഏറ്റവും കൂടിയ അനുപാതം. പക്ഷേ എവിടെയും ബന്ധനങ്ങൾ. സഹജപ്രേരണകളുടെ കടിഞ്ഞാൺ. പുറപ്പെട്ടിടത്തുതന്നെ തിരിച്ചെത്തുമ്പോൾ ബോധ്യമാകുന്ന ഈ പരമാർത്ഥം ഓരോ ജീവിതവും സ്വയം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ജീവിതത്തിനകത്തുതന്നെ മറ്റൊരു പ്രതിജീവിതത്തിനുള്ള അന്വേഷണം അടക്കം ചെയ്തിരിക്കും. പട്ടിണിയിൽ നിന്ന് മോചിതനാകുന്ന മനുഷ്യൻ കൂടുതൽ സ്വത്വസംബന്ധിയായ ശാരീരിക /സാമൂഹിക കുതിപ്പിനൊരുങ്ങുന്നു എന്നത് കേവലം കാലഹരണപ്പെട്ട തത്വമല്ല. വ്യക്തിയുടെ തത്വശാസ്​ത്ര / രാഷ്ട്രീയ പ്രമേയങ്ങളുടെ നിലപാടുകളെ നിർണയിക്കുന്നത് ഈയൊരു കുതിപ്പാണ്. പാരമ്പര്യത്തിന്റെ ജനിതകം ആകസ്​മികമായ ഒരു മ്യൂട്ടേഷന് വിധേയമാകാനുള്ള സാധ്യതക്കെതിരെ ഈ ഊർജം ഓരോ വ്യക്തിയിലും കലാപത്തിനൊരുമ്പെടുന്നു. അഥവാ, പാരമ്പര്യത്തിൽ നിന്ന് ആധുനികതയിലേക്കും തുടർന്നുമുള്ള എന്നിലെ വായനക്കാരന്റെ സംക്രമണം ബീജരൂപത്തിൽ അടക്കം ചെയ്ത ജനിതങ്ങളായിരുന്നു ഈ മൂന്ന് പുസ്​തകങ്ങൾ.

‘നാലുകെട്ട്’, പട്ടിണി എന്ന ഏറ്റവും ക്രൂരമായ യാഥാർഥ്യത്തെക്കുറിച്ചുള്ള വെളിപാടായിരുന്നു. ഭക്ഷണത്തിന്റെ മാത്രമല്ല, ശരീരത്തിന് വേണ്ടുന്ന സകലതിന്റെയും പട്ടിണി. അർഹമായ ഇടങ്ങളിൽ നിന്നുപോലും ആട്ടിയോടിക്കപ്പെടുന്നു. ഒടുവിൽ എല്ലാം വെട്ടിപ്പിടിച്ചുവെന്ന് അഹങ്കരിച്ച നിമിഷത്തിൽ വെറും ശൂന്യത. ജീവിതം വ്യാഖ്യാനിക്കാൻ ഒരു പുസ്​തകത്തിന്റെ ആവശ്യമില്ല. പക്ഷേ ജീവിതത്തെ തിരിച്ചറിയാൻ ഈ ഒരു പുസ്​തകം വേണ്ടിവന്നു.

സ്​നേഹം വികാരമായി സിരകളിൽ പടരുന്ന കാലത്ത് ‘കാലം’ വായിച്ചാൽ ഇങ്ങനെ തോന്നും: വെറുപ്പിനും നിന്ദക്കും പ്രതികാരത്തിനും മേലെയല്ല, എത്രയോ കീഴെയാണ് സ്​നേഹത്തിന്റെ സ്​ഥാനം. വലിയ വലിയ വഞ്ചനകളുടെ ഇതിഹാസങ്ങൾ, അതും സ്​നേഹത്തിന്റെ പേരിൽ, ഓരോ ജീവിതവും രേഖപ്പെടുത്തിവച്ചിരിക്കുന്നു. അഹംബോധത്തിനേറ്റ വലിയ മുറിവായിരുന്നു ‘കാലം’. അതിപ്പോഴും ഉണങ്ങാതെ കിടക്കുന്നു.

പിന്നെ കാമം; ഈ പട്ടിണിക്കാരന്റെ.

‘മഞ്ഞി’ന്റെ വേഴ്ച വൃത്തിയായി അനുഭവിപ്പിച്ചു, കാമത്തിന്റെ ഒരിക്കലും സാക്ഷാൽക്കരിക്കാനാകാത്ത തൃപ്തികളെ.

ജീവിതം ഇവിടെ തുടങ്ങുന്നു; അവസാനിക്കുന്നു. അത് വലിയൊരു ആവർത്തനമായതുകൊണ്ട് ഏതു കാലത്തെയും എഴുത്തുകാരന്റെ പ്രമേയം ഇതായിരിക്കും.

ഒരുനാൾ അപ്രത്യക്ഷമായ തന്റെ ഭാര്യയെ തേടി നടക്കുന്ന പൗലൊ കൊയ്ലൊയുടെ ‘സഹീറി’ലെ നായകൻ അനന്തപ്രയാണങ്ങൾക്കുശേഷം– ഫ്രാൻസ്​, സ്​പെയിൻ, ​​ക്രൊയേഷ്യ, മധ്യേഷ്യ: സമകാലിക ജീവിതത്തിന്റെ സങ്കീർണപ്രദേശങ്ങളിലൂടെ– ആകാശത്തേക്കുനോക്കി ചില ചോദ്യങ്ങൾ ചോദിക്കുന്നു. അയാൾ കൊച്ചുകുട്ടിയായിരുന്നപ്പോൾ അമ്മയോടു ചോദിച്ച അതേ ചോദ്യങ്ങൾ.
എന്തുകൊണ്ടാണ് നമ്മൾ ചിലരെ സ്​നേഹിക്കുകയും ചിലരെ വെറുക്കുകയും ചെയ്യുന്നത്?
മരിച്ചു കഴിഞ്ഞാൽ നമ്മളെങ്ങോട്ടു പോകുന്നു?
അവസാനം മരണമാണെങ്കിൽ നമ്മൾ ജനിച്ചതെന്തിന്?
ദൈവമെന്നാലെന്താണ്?

ഒരിക്കലും ഉത്തരമില്ലാത്ത ആ ചോദ്യങ്ങൾക്ക്, കാറ്റിന്റെ നിലയ്ക്കാത്ത ശബ്ദത്തിൽ പുൽമേടുകൾ മാത്രം പ്രതികരിച്ചുകൊണ്ടിരുന്നു.

ജീവിതം എന്നും ഇങ്ങനെ തന്നെയായിരുന്നു. പൗലൊ കൊയ്ലൊ എഴുതുന്നു:

‘‘അൽപം മുമ്പ് നമ്മെ കടന്നുപോയ പ്രൗഢയായ ആ വനിത കാലത്തെ തടഞ്ഞുനിർത്താൻ ശ്രമിച്ച് സദാ സമയവും ശരീരഭാരം പരിശോധിച്ച് സമയം ചെലവഴിക്കുന്നു. താൻ പ്രണയിക്കപ്പെടുന്നതിനുകാരണം അതാണെന്ന് അവർ വിചാരിക്കുന്നു. റോഡിന്റെ മറുവശത്ത് രണ്ടു കുട്ടികളുമായി നിൽക്കുന്ന ഭാര്യഭർത്താക്കന്മാരെ നോക്കൂ. കുട്ടികളോടൊപ്പം പുറത്തിറങ്ങുമ്പോൾ അവർ അതിയായി സന്തോഷിക്കുന്നു. അതേസമയം, ഉപബോധ മനസ്സ്, അവരെ നിരന്തരം ഭീതിയിലാഴ്ത്തുന്നു. ജോലി നഷ്​ടപ്പെടാം, രോഗം പിടിപെടാം, ഹെൽത്ത് ഇൻഷൂറൻസ് തുക യഥാസമയം കിട്ടിയില്ലെന്നു വരാം. കുട്ടികളിലൊരാളെ വാഹനമിടിച്ച് വീഴ്ത്താം. ഇവയിൽ നിന്നെല്ലാം ശ്രദ്ധ വ്യതിചലിപ്പിക്കാൻ, ദുരന്തങ്ങളിൽ നിന്നുരക്ഷപ്പെടാനുള്ള മാർഗം കണ്ടെത്താൻ ഈ ലോകത്തിൽ നിന്നു സ്വയം രക്ഷിക്കാൻ തങ്ങളാലാവും മട്ടിൽ അവർ ശ്രമിക്കുന്നു’’...*

ഈയൊരിടത്ത് ഞാൻ എന്റെ രക്തം കണ്ടെത്തുന്നു. അറിഞ്ഞതും അനുഭവിച്ചതുമെല്ലാം ഇവിടെയുണ്ട്. എന്റെ ജീവിതത്തെ അതിന്റെ സകല അപൂർണതകളോടും വൈകല്യങ്ങളോടും വൈരുധ്യങ്ങളോടും കൂടി അദ്ദേഹം എഴുതുന്നു; സ്വയം അവിശ്വസിക്കാനും നിഷേധിക്കാനുമുള്ള ഊർജത്തോടെ.

വേണമെങ്കിൽ എനിക്ക് ഈ എഴുത്തുകാരനെ അവഗണിക്കാം, നിരസിക്കാം, നിഷേധിക്കാം, തള്ളിക്കളയാം. പക്ഷേ എന്നിൽ അയാൾ ഒരിക്കലും ഇല്ലാതാകുന്നില്ല.


* പൗലോ കൊയ്ലോയുടെ ‘സഹീറി’ന്റെ മലയാള വിവർത്തനത്തിൽനിന്ന്.

(എം.ടി. വാസുദേവൻ നായരുടെ ‘നാലുകെട്ട്’ എന്ന നോവൽ പ്രസിദ്ധീകരിച്ച് അരനൂറ്റാണ്ട് തികഞ്ഞ 2008-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനം)

Comments