ലോകത്തിലെ പ്രധാന ആത്മകഥകളിലൊന്നായ സെൻ്റ് അഗസ്റ്റിൻ്റെ Confessions രചിക്കപ്പെട്ടത് 1624 കൊല്ലം മുമ്പാണ്, ഏകദേശം AD 400 ൽ. കാലമിത്ര കഴിഞ്ഞിട്ടും ഇന്നും അത് ഏറെ പ്രാധാന്യത്തോടെ വായിക്കപ്പെടുന്നു, ആധുനിക മനുഷ്യൻ്റെ ഇന്നലെകളിലേക്ക് പല തലത്തിൽ വെളിച്ചം പകരുന്ന ഒന്ന് എന്ന നിലയിൽ. വായനയുടെ ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവിനെ അടയാളപ്പെടുത്തിയ കൃതി എന്ന നിലയിലും പലരും ഇതിനെ നോക്കിക്കാണാറുണ്ട്.
മിലാനിലെ ബിഷപ്പ് സെൻ്റ് അബ്രോസ് പുസ്തകം വായിച്ചു കൊണ്ടിരിക്കുന്ന ഒരു സന്ദർഭം ഈ ആത്മകഥയിൽ സെൻ്റ് അഗസ്റ്റിൻ വിവരിക്കുന്നുണ്ട്. മനുഷ്യൻ നിശ്ശബ്ദവായനയ്ക്ക് തുടക്കം കുറിച്ചത് അടയാളപ്പെടുത്തുകയായിരുന്നു നാലാം നൂറ്റാണ്ടിലെ ആത്മകഥാകാരൻ. സന്ദർഭമിങ്ങനെയാണ്:
സെൻ്റ് അഗസ്റ്റിൻ ഒരിക്കൽ മിലാനിലെ ബിഷപ് അബ്രോസിൻ്റെ മുറിയിൽ ചെന്നപ്പോൾ ബിഷപ്പിൻ്റെ കയ്യിൽ ഒരു പുസ്തകമുണ്ടായിരുന്നു. എന്നാലവിടെ നിന്ന് വായനയുടേതായ ശബ്ദമൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല! ബിഷപ്പിൻ്റെ കണ്ണും ചുണ്ടും പുസ്തകത്താളുകളിലൂടെ സഞ്ചരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം അപ്പോൾ ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു! പുസ്തകം അങ്ങനെയും വായിക്കാമെന്ന തിരിച്ചറിവിൻ്റെ നിമിഷമായിരുന്നു അത്.
നല്ല ആത്മകഥകൾ അങ്ങനെയാണ്. വ്യക്തിയുടെ ജീവിതത്തോടൊപ്പം അവർ കടന്നുപോയ കാലത്തിൻ്റെ കഥകൾ കൂടി പറഞ്ഞുവെക്കുന്നവ. ആത്മകഥകളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായ Confessions- നെപ്പറ്റി ഞാനിപ്പോൾ ഓർത്തത് ഡോ. എം. ലീലാവതിയുടെ ആത്മകഥയായ ‘ധ്വനിപ്രയാണം’ വായനയ്ക്കക്കെടുത്തപ്പോഴാണ്. ഇതിൽ ഗ്രന്ഥകാരി ദീർഘമായ തൻ്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ അടയാളപ്പെടുത്തുന്നതോടൊപ്പം അവയൊക്കെ നടന്ന കേരളിയ പരിസരത്തിൻ്റെ സാസ്കാരിക ചരിത്രം കൂടി രേഖപ്പെടുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ആത്മകഥ എന്ന എഴുത്തുരൂപത്തിൻ്റെ ധാർമിക ഉത്തരവാദിത്തം നിർവഹിക്കുന്ന ഒന്നാണ് ലീലാവതി ടീച്ചറുടെ ‘ധ്വനിപ്രയാണം’ എന്ന് ആദ്യമേ വ്യക്തമാക്കാം.
ആരാണ് എം.ലീലാവതി? എങ്ങനെയാണ് അവരുടെ വേറിട്ട വ്യക്തിത്വം വികാസം കൊണ്ടത്? അവരിൽ സ്വാധീനം ചെലുത്തിയ വ്യക്തികൾ, സംഭവങ്ങൾ, ആശയങ്ങൾ എന്നിവ എന്തെല്ലാം? അവർ നേരിട്ട സാമൂഹികാനുഭവങ്ങൾ എന്തൊക്കെ? ഇതിനൊക്കെയുള്ള ഉത്തരം ഈ രചനയിലുണ്ട്. അസാധാരണമായ ഒരു ബൗദ്ധിക ജീവിതമാണ് ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിൽ അവർ നയിച്ചത്. 1929- ൽ ജനിച്ച ഒരാൾ കടന്നുപോകാൻ നിർബന്ധിതമായ സാമൂഹിക ചുറ്റുപാടുകൾ അവരുടെ ജീവിതത്തിൽ നടത്തിയ ഇടപെടലുകൾ ഒന്നുപോലും വിട്ടുപോകാതെ ഒപ്പിയെടുത്ത് വിവരിക്കുന്നതിൽ ഗ്രന്ഥകാരി വിജയം നേടിയിട്ടുണ്ട്. അത് വായനക്കാരെ വേറിട്ട ചരിത്രബോധ്യങ്ങളിലേക്ക് നയിക്കുകയും ചെയ്യും. മരുമക്കത്തായ സമ്പ്രദായം നിലനിന്ന കേരളത്തിലെ ജീവിതാനുഭവങ്ങളെ ആഴത്തിലറിയാൻ ഇതുവഴി പുതിയ തലമുറയിലെ വായനക്കാർക്ക് അവസരമൊരുക്കുന്നു.
ചില ഉദാഹരണങ്ങൾ കാണാം:
‘‘എന്തോ ആവശ്യത്തിന് - റേഷൻ വാങ്ങാനാണെന്ന് തോന്നുന്നു - അമ്മ അച്ഛനോട് പത്തുറുപ്പിക ചോദിച്ചു. കയ്യിലില്ലെന്ന് അച്ഛൻ കൈയൊഴിഞ്ഞു. അമ്മ വായ്പ ചോദിക്കാൻ കിഴക്കേ മണ്ടനാട്ടേക്ക് പോയി. ആ നേരത്ത് മരുമകൻ അച്ഛനെ കാണാനെത്തി - പത്താം ക്ലാസിൻ്റെ കടമ്പ കടക്കാനാവാതെ ഉഴന്നു നടക്കുകയായിരുന്ന രണ്ടാം മരുമകൻ. ‘ഉടനെ 200 രൂപ കിട്ടണം. ഇല്ലെങ്കിൽ റെയ്ലിൽ തലവെക്കും’.
കുട്ടിയായിരുന്ന ശ്രീധരൻ അത് കേട്ടു നിന്നിരുന്നു. അച്ഛൻ പണമില്ലെന്നു തന്നെയാണ് മറുപടി കൊടുത്തതെങ്കിലും അകത്ത് പോയി പെട്ടി തുറക്കുന്നതും പണമെടുക്കുന്നതും അവൻ കണ്ടിരുന്നു. അച്ഛൻ പടിക്കലേക്കുള്ള നീണ്ട വഴി നടന്ന് മരുമകനൊപ്പം പോയി. ശ്രീധരൻ പിന്നാലെ പോയത് അവർ ശ്രദ്ധിച്ചില്ലായിരിക്കാം. അടുക്കളയിലായിരുന്നതിനാൽ ഞാൻ ഒന്നുമറിഞ്ഞില്ല. പടിക്കൽ വെച്ച് അച്ഛൻ മരുമകന് ഒരു പൊതി കൊടുക്കുന്നത് ശ്രീധരൻ കണ്ടു. അമ്മ തിരുച്ചുവന്നപ്പോൾ ശ്രീധരൻ ഇക്കാര്യം പറഞ്ഞു. അമ്മയ്ക്കു കലികയറി. അമ്മ അവിടെ കണ്ട ‘ആയുധം’ ഒരു ചെറിയ ആവണപ്പലകയായിരുന്നു. അതു കൊണ്ട് സ്വന്തം തലയ്ക്കടിക്കാനാഞ്ഞപ്പോഴേക്ക് ഞാനൊരു തട്ടു കൊടുത്തതിനാൽ പലക കട്ടിളപ്പടിയിലടിച്ച് നിലത്തു വീണു. അത് പൊളിഞ്ഞു. ഇരുമ്പുവാറുകൊണ്ട് കൂട്ടിക്കെട്ടിയ ആ പലക കറുത്ത മുഖവുമായി, അച്ഛനമ്മമാരുടെ മാനസിക ബന്ധത്തിൻ്റെ പ്രതീകമായി എൻ്റെ സൂക്ഷിപ്പിലിരിപ്പുണ്ട്’’.
അച്ഛനും അമ്മയും തമ്മിലുണ്ടായ പ്രശ്നങ്ങളുടെ അടിസ്ഥാനകാരണം അക്കാലത്ത് നിലനിന്നിരുന്ന മരുമക്കത്തായ വ്യവസ്ഥയാണെന്ന് ലീലാവതി ടീച്ചർ ഇത്തരം നിരവധി ഉദാഹരങ്ങൾ നിരത്തി കാണിച്ചു തരികയാണ്. അച്ഛൻ മരുമക്കത്തായത്തിൻ്റെ തടവറയിലും അമ്മ അതിൻ്റെ ഇരയുമായിരുന്നു. കൂട്ടത്തിൽ ടീച്ചറുൾപ്പടെയുള്ള മക്കളും. അത്തരമൊരു ജീവിതത്തിൻ്റെ ദുരിത പൂർണ്ണമായ വലിയൊരു ചിത്രം ടീച്ചർ വായനക്കാർക്കുമുമ്പിൽ വാക്കുകളാൽ വരച്ചിടുന്നു. അതു മൂലമുണ്ടായ ക്ലേശങ്ങൾ ടീച്ചറുടെ ജീവിതത്തെ വല്ലാതെ ബാധിച്ചിരുന്നു. അതിനെ ചങ്കൂറ്റത്തോടെ നേരിട്ടു കൊണ്ടാണ് ലീലാവതി എന്ന കേരളീയസ്ത്രീ നമ്മളിന്നറിയുന്ന എം. ലീലാവതിയായി മാറിയത്.
മലയാള സാഹിത്യവിമർശനസരണിയിലെ ആദ്യത്തെ സ്ത്രീശബ്ദമാണ് ലീലാവതി ടീച്ചറുടേത്. ആഴത്തിലുള്ള പാണ്ഡിത്യവും സൗന്ദര്യത്മകമായ വിശകലന പാടവവും ടീച്ചറെ നിരൂപക എന്ന നിലയിൽ വർഷങ്ങൾക്കു മുമ്പുതന്നെ വലിയ ഉയരങ്ങളിലെത്തിച്ചു. അവഗണിക്കാനാവാത്ത ഒരു ശബ്ദമായി അവർ നിലകൊണ്ടു. തടസ്സങ്ങളും അവഗണനയുമൊക്കെ കുട്ടിനുണ്ടായിരുന്നു. എന്നാൽ അതിനെയൊക്കെ സൗമ്യമായി നേരിട്ടു കൊണ്ട് മുന്നേറി. അത്തരമൊരു സാഹിത്യയാത്രയുടെ വിപുലമായ വിവരണങ്ങളും ഈ ആത്മകഥയിലുണ്ട്. കൂട്ടത്തിൽ അധ്യാപിക എന്ന നിലയിലെ വെല്ലുവിളികളും. ആധുനിക മലയാള സാഹിത്യത്തിൻ്റെ വേറിട്ട ഒരു കാഴ്ച കൂടിയാണ് ടീച്ചർ സ്വന്തം അനുഭവങ്ങളിലൂടെ വായനക്കാരിലേക്കെത്തുന്നത്.
ഇതൊക്കെ ആയിത്തീരാനുള്ള വിപുലവും ക്ലേശകരവുമായ തയ്യാറെടുപ്പുകളെപ്പറ്റി മനസ്സിലാക്കുന്നതോടൊപ്പം നമ്മൾ വലിയൊരു കാലത്തെ അടുത്തറിയുക കൂടിയാണ്. ഇതിലൂടെയൊക്കെ നേടിയ അറിവുകളാണ് നമ്മുടെ സാഹിത്യത്തിലും ഭാഷയിലും വിപുലമായ സംഭാവനകൾ നൽകാൻ ലീലാവതി ടീച്ചറെ പ്രാപ്തയാക്കിയത്. അതൊരു ബൗദ്ധിക പോരാട്ടം തന്നെയായിരുന്നു.
ആത്മകഥയെഴുതുന്നതിൽ ടീച്ചർ വിമുഖയായിരുന്നു. സത്യസന്ധമായി എഴുതിയാൽ പലരേയും വേദനിപ്പിക്കേണ്ടവരുമല്ലോ എന്ന ധർമസങ്കടമാണ് അങ്ങനെ ചിന്തിക്കാൻ ലീലാവതി ടീച്ചറെ പ്രേരിപ്പിച്ചത്. മരണാനന്തരം പ്രസിദ്ധീകരിക്കട്ടെ എന്ന നിലയിൽ ‘സ്മൃതിപ്രയാണം’ എന്നൊരു ഭാഗം ടീച്ചർ കുറച്ചുകാലം മുമ്പ് എഴുതിസൂക്ഷിച്ചിരുന്നു. അത് സ്വന്തം അമ്മയുടെ സാഹസജീവിതത്തെപ്പറ്റിയുള്ള ഓർമകളാണ്. ടീച്ചറുടെ അമ്മ അസാധാരണമായ ജീവിതം നയിച്ച ഒരസാധാരണ സ്ത്രിയായിരുന്നു. അമ്മയുടെ ജീവിതകഥ പറയുമ്പോൾ അച്ഛൻ പ്രതിക്കൂട്ടിലാകും. അത് ടീച്ചർക്ക് ഇഷ്ടമുള്ള കാര്യമല്ലെങ്കിലും ഒഴിവാക്കാനാവില്ല. അച്ഛൻ മരുമക്കത്തായ വ്യവസ്ഥയുടെ സൃഷ്ടിയാണ് എന്ന് ടീച്ചർക്കറിയാം. ഇതൊക്കെ കൊണ്ടാണ് പ്രസിദ്ധീകരണം തൻ്റെ ജീവിതകാലത്ത് വേണ്ടെന്ന് ടീച്ചർ ആദ്യം ശഠിച്ചത്. എന്നാൽ ചില സ്നേഹനിർബന്ധങ്ങൾക്ക് വഴങ്ങി ടീച്ചർ തൻ്റെ സാഹിത്യജീവിതവും എഴുതുകയായിരുന്നു. അതിനോടൊപ്പം അമ്മയെക്കുറിച്ചുള്ള സ്മൃതിപ്രയാണം കൂടി ചേർത്താണ് ‘ധ്വനിപ്രയാണം’ എന്ന ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
ഇത് ടീച്ചർ ഇങ്ങനെ വിശദീകരിക്കുന്നു:
‘‘സാഹിത്യ സ്മരണകളാണ് മുഖ്യമായ ഉദ്ദിഷ്ടമെങ്കിലും ആ സാഹസസഞ്ചാരത്തിൽ ഗാർഹിക ജീവിതത്തിൻ്റെ പശ്ചാത്തലം എപ്പോഴും നിർണായകമായിരുന്നതുകൊണ്ട് അതിനെ സ്പർശിക്കാതെ ഒരടിപോലും മുന്നോട്ടു വെക്കാൻ കഴിയുന്നില്ല’’.
രണ്ടു കാലത്ത് എഴുതിയവ കൂട്ടിച്ചേർത്തതിനാൽ ചില സന്ദർഭവിവരണങ്ങൾ ആവർത്തിക്കപ്പെട്ടിട്ടുണ്ട്. അതൊരു ന്യൂനതയായി ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ജിവിതത്തെ ആഴത്തിൽ മുറിവേല്പിച്ച സംഭവങ്ങളെപ്പറ്റിയുള്ള പരിഭവങ്ങളും ഏറെ സംയമനത്തോടെ ടീച്ചർ എഴുതിയിട്ടുണ്ട്. എഴുത്ത് പണി എന്നന്നേക്കുമായി നിർത്താൻ തീരുമാനിച്ച സന്ദർഭങ്ങൾ പോലും ആ ജീവിതത്തിലുണ്ടായിട്ടുണ്ട്. സ്ത്രീ എന്ന നിലയിൽ സ്വകാര്യ ജീവിതത്തിലും എഴുത്തു ജീവിതത്തിലും നേരിടേണ്ടി വന്ന പ്രതിസന്ധികൾ മറ കൂടാതെ, അതേസമയം പകയോ, വിരോധമോ കാണിക്കാതെ ടീച്ചർ പകർത്തിയിരിക്കുന്നു. ടീച്ചറുടെ വിമർശന സമീപനങ്ങളെപ്പറ്റി വിശദീകരിക്കാനും ശ്രമിച്ചിട്ടുണ്ട്. ഒരു സാഹിത്യവിമർശകയുടെ വർത്തമാനകാല ദൗത്യത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാട് അവർക്കുണ്ട്. ഭാഷയിലും വിമർശനകലയിലും അവർ നൽകിയ സംഭാവനകളുടെ ഒരു ഏകദേശ രൂപം വായനക്കാർക്ക് ഇതിൽ നിന്നും വായിച്ചെടുക്കാനും കഴിയും. ഇത് നിലപാടുകളുടെ സ്വയംഭാഷണം കൂടിയാണ്. പ്രത്യേകമായ ഒരു ചിന്താപദ്ധതിയിലും കുരുങ്ങിപ്പോകാതിരിക്കാൻ അവർ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. നിരന്തരം നവീകരിക്കപ്പെടാനും കാലത്തോട് ചേർന്നുനിൽക്കാനും ശ്രമിച്ചിട്ടുമുണ്ട്.
മലയാള സാഹിത്യ വിമർശനത്തിലെ സൗമ്യമുഖമായി നിറഞ്ഞുനിൽക്കുന്ന എം. ലീലാവതിയെ സമഗ്രതയോടെ അടുത്തറിയാൻ ഈ ആത്മകഥ വഴിയൊരുക്കുന്നു. ജീവിതത്തെ അതിൻ്റെ സമഗ്രതയിൽ തന്നെ അടയാളപ്പെടുത്താൻ ഈ പ്രായത്തിലും ടീച്ചർക്ക് സാധിച്ചിരിക്കുന്നു. തനിക്ക് നേരിടേണ്ടിവന്ന ജീവിത സമസ്യകളെ സത്യസന്ധമായി പ്രകാശിപ്പിച്ചിരിക്കുകയാണ് ഗ്രന്ഥകാരി.
ഈ പുസ്തകം വായിച്ചുകഴിയുമ്പോൾ എനിക്കോർമ വരുന്നത് പ്രശസ്ത ചിന്തകനായ ബർട്രാന്റ് റസ്സലിൻ്റെ ആത്മകഥയിലെ പ്രശസ്തമായ ചില വാചകങ്ങളാണ്:
“ലളിതവും എന്നാൽ അതിശക്തവുമായ മൂന്ന് ചോദനകൾ എൻ്റെ ജീവിതത്തെ രൂപപ്പെടുത്തി: സ്‌നേഹത്തിനായുള്ള വാഞ്‌ഛ, അറിവിനായുള്ള അന്വേഷണം, മനുഷ്യരാശിയുടെ കഷ്ടപ്പാടുകളോടുള്ള താങ്ങാനാവാത്ത ദയ’’.
ലീലാവതി ടീച്ചർ ഇത് ഇത്തരത്തിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ആ ജീവിതത്തെ നയിച്ചതും ഈ മൂന്നു ചോദനകൾ തന്നെയാണെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ‘ധ്വനിപ്രയാണം’ അത്തരമൊരു ജീവിതത്തിൻ്റെ സാക്ഷ്യപത്രമാണ്.