ജീവിതത്തിൻ്റെ തുറന്നുപറച്ചിലുകളിൽ പറയുന്ന വ്യക്തിക്ക് നിർണായക സ്ഥാനമുണ്ട്. ആ സ്ഥാനനിർണയത്തിൽ സ്വത്വം തന്നെയാണ് ഏറ്റവും പ്രധാനം. സാഹിത്യത്തിൽ അത്തരം സ്വത്വ പ്രതിനിധാനങ്ങൾ വലിയ തോതിൽ സവർണ ചിന്തയാൽ മുറുക്കപ്പെട്ടതാണ്. അതുണ്ടാക്കിയ സാഹിത്യ കൽപ്പനകളെയും അതിൻ്റെ നിയമാവലികളെയും പുതിയ കാലത്ത് ഭേദിക്കാൻ കഴിഞ്ഞതിൽ നവ സാമൂഹ്യ മാധ്യമങ്ങൾക്ക് ഉള്ള പങ്ക് ചെറുതല്ല. വ്യവസ്ഥാപിതമായ സാഹിത്യ വ്യവഹാരങ്ങളെ പാരമ്പര്യ ചട്ടക്കൂട്ടിൽ നിന്ന് പുറത്തേക്കെടുത്തുവെക്കാൻ നവസാമൂഹ്യ മാധ്യമങ്ങൾക്ക് കഴിഞ്ഞു. അതിലൊന്ന്, കീഴ്ത്തട്ട് ജീവിതത്തിൽ നിന്നുള്ള തുറന്നുപറച്ചിലാണ്. ഇതൊരു ജ്ഞാനവിളംബരം കൂടിയാണ്. ഈയൊരു സ്ഥലരാശിയിൽ നിന്നാണ് സിന്ധു മാങ്ങണിയൻ എന്ന ആദിവാസി യുവതി തൻ്റെ ജീവിതം എഴുതിയത്.
ഉന്നതമായ രാഷ്ട്രീയബോധവും സാമൂഹ്യ പുരോഗതിയും നിലനിൽക്കുന്ന അവസ്ഥയിൽ തന്നെ ചിതറി ജീവിച്ച്, പൊരുതി ജയിക്കാൻ നിർബന്ധിക്കപ്പെടുന്നവരാണ് അടിത്തട്ടിലെ മനുഷ്യർ. അവിടെ ‘മനുഷ്യർ’ എന്നതിന് അപരിഷ്കൃതർ, അസ്പൃശ്യർ എന്ന അർത്ഥം കൂടിയുണ്ട്. അതേസമയം അധികാരത്തെയും അറിവിനെയും നിയന്ത്രിച്ച വർണ്ണബോധത്തിൻ്റെ ഇടപെടൽ അടിത്തട്ട് ജീവിതത്തിൽ കാണാം. ആദിവാസി വിഭാഗങ്ങളെ ചൂഷണം ചെയ്യാൻ ജന്മിത്തം പ്രയോഗിച്ചതും മേൽത്തട്ട് അധികാരം തന്നെയാണ്. അത്തരം ജീവിതാവിഷ്ക്കാരങ്ങളുടെ ധാരാളിത്തം മലയാള ഭാഷയിൽ നിരവധിയാണ്. അവിടെയാണ് കീഴാള ജീവിതത്തിന്റെ ആവിഷ്കാരങ്ങൾ പുതിയ സൗന്ദര്യ ബോധത്തെ നിർമ്മിച്ചു തരുന്നത്. അത് വെറും ആത്മാവിഷ്കാരം മാത്രമല്ല. മറിച്ച്, രാഷ്ട്രീയസ്വത്വത്തെ കൂടി അഭിസംബോധന ചെയ്യുന്നുണ്ട്. അങ്ങനെയാണ് സിന്ധു മാങ്ങണിയൻ ജന്മിത്തം, ഭൂമി, കൃഷി, അടിമത്വം, ജാതി തുടങ്ങിയ യാഥാർഥ്യങ്ങളെ മുപ്പതാമത്തെ വയസ്സിൽ ഓർത്തെടുക്കുന്നത്.
സിന്ധു എഴുത്തിലേക്ക് വരുന്നതിന് സാമൂഹ്യ മാധ്യമങ്ങൾ ഒരു വഴിയായിരുന്നു. അവിടെ ഏതൊരു എഴുത്തിനെയും തനിക്ക് മുകളിലുള്ള ഒരാളുടെ അംഗീകാരത്തിനോ അറിവ് പരിശോധനയ്ക്കോ വിധേയമാകാതെ അവതരിപ്പിക്കാം. ഈ സാധ്യതയിൽ ഒലിച്ചു പോയത് എഴുത്തിൽ നേരത്തെ നിലനിന്ന സവർണ്ണ സൗന്ദര്യസങ്കല്പവും കപട മൂല്യബോധവുമാണ്. അതുണ്ടാക്കിയ കുഴപ്പത്തെ മുഖ്യധാരയിൽ ഇടം കിട്ടാതെ പോയ എഴുത്തുകാർക്ക് അനുഗ്രഹമായി. തനിക്ക് പറയാനുള്ളത് പറയാൻ കഴിയുന്നു എന്നതാണ് നവ സാമൂഹ്യ മാധ്യമങ്ങൾ സൃഷ്ടിച്ച സർഗ്ഗാത്മക എഴുത്തിലെ വിപ്ലവാത്മകമായ ഇടപെടൽ. ഇതിൽ പരിമിതിയോ പ്രശ്നങ്ങളോ ഇല്ല എന്നല്ല പറഞ്ഞത്. അത് നിലനിൽക്കെ സാമൂഹ്യ മാധ്യമം ഒരു വിഭാഗത്തിന് നൽകിയ ഇടം ചെറുതല്ല.
ഇത്തരം വിചാരപ്പെടലിൽ ഇടം കിട്ടിയതും തുറന്നു പറഞ്ഞതും സ്ത്രീകൾ തന്നെയാണ്. തനിക്ക് പറയാനുള്ളത് പറയുന്നതോടുകൂടി തൻ്റെ അനുഭവങ്ങളെ പുറംലോകത്തേക്ക് എടുത്തു വയ്ക്കാൻ സ്ത്രീകൾക്ക് കഴിയുന്നു. അത്തരം തുറന്നെഴുത്തുകളുടെ നേരത്തെയുള്ള പരിമിതി കീഴാള ജീവിതാവിഷ്ക്കാരങ്ങളോടുള്ള തിരസ്ക്കരണ മനോഭാവമാണ്.
ഇന്ന് ഏറ്റവും വലിയ തുറന്നെഴുത്തിന്റെ ഇടമായി സാമൂഹ്യമാധ്യമങ്ങൾ മാറി. അങ്ങനെ അടിത്തട്ട് ജീവിതത്തിൻ്റെ വിചാരപ്പെടൽ മുഖ്യധാരയിൽ വായിക്കപ്പെടാൻ തുടങ്ങി. അത്തരം വായനയിൽ വലിയ സ്ഥാനമാണ് സിന്ധു മാങ്ങണിയൻ എന്ന എഴുത്തുകാരിക്കുള്ളത്. അവരുടെ ആത്മകഥയായ ഇടതുനെഞ്ചിലെ ഉച്ചാലുമാസങ്ങൾ എന്ന പുസ്തകത്തിൽ മേൽപ്പറഞ്ഞ അനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്.
എന്തുകൊണ്ട് ജാതിമനുഷ്യർ തിരസ്കരിക്കപ്പെട്ടു പോകുന്നു, അവിടെ വ്യക്തിയെന്ന അർത്ഥത്തിൽ ഒരാൾക്ക് അതിജീവിക്കേണ്ട സാമൂഹിക പ്രതിസന്ധികൾ എന്തൊക്കെ എന്ന് കൃത്യമായി വിവരിക്കുന്നുണ്ട് സിന്ധു.
ആത്മകഥയുടെ പൂർവ്വകാല രചനാചരിത്രം ജീവിതത്തിൻ്റെ അവസാനകാലത്ത് എഴുതുക എന്നതാണ്. എഴുപതോ എൺപതോ വർഷം അനുഭവിച്ച ജീവിതത്തെ അത്രയും കാലം മനസ്സിൽ കെട്ടി വെച്ച് അവസാന കാലം തുറന്നുവിടുക. ഈ രീതി മാറി. തൻ്റെ മുപ്പതാമത്തെ വയസ്സിൽ എത്തുമ്പോഴാണ് സിന്ധു മാങ്ങണിയൻ ആത്മകഥ എഴുതുന്നത്. അനേകം സ്ത്രീജീവിതങ്ങളുടെ അനുഭവങ്ങളും തുറന്നു പറച്ചിലുകളും നാം വായിച്ചിട്ടുണ്ട്. അവിടെയൊക്കെ ജീവിച്ച കാലം നിർണായക ഇടത്തെ രേഖപ്പെടുത്തിയിട്ടുണ്ട്.
1993-ൽ പിറന്ന ഒരു സ്ത്രീ 2022-ൽ ആത്മകഥ എഴുതുമ്പോൾ അതിൽ എന്താണ് തിളച്ചുമറിയുന്നത് എന്ന് ആശ്ചര്യത്തോടെ അന്വേഷിക്കുന്നവർ ഏറെയുണ്ടാവും. എന്നാൽ, ഇടതുനെഞ്ചിലെ ഉച്ചാലു മാസങ്ങൾ വായിക്കുമ്പോൾ അതൊരു സ്ത്രീയുടെ ജീവിതത്തെ മാത്രമല്ല അടയാളപ്പെടുത്തുന്നത്; മറിച്ച്, ആദിവാസി ജീവിതത്തിൻ്റെ സ്വത്വപരമായ സാംസ്കാരിക അന്വേഷണമായി ഈ പുസ്തകം മാറുന്നു. അവിടെ ജീവിതം എന്നത് കീഴാള സാംസ്കാരിക തനിമയെയും അതിൻ്റെ അതിജീവന പരിസരങ്ങളെയുമാണ് അടയാളപ്പെടുത്തുന്നത്.
ജീവിതം പലപ്പോഴും അതിൻ്റെ സന്തോഷത്തെയും ദുഃഖത്തെയും രേഖപ്പെടുത്തുന്നത് അനുഭവത്തെ ഉപയോഗിച്ചിട്ടായിരിക്കും. അവിടെ വ്യക്തിയുടെ മതം, ജാതി, സ്ഥലം എന്നിവക്ക് ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് ജാതി ഉണ്ടാക്കിയ സാമൂഹ്യവിഭജനം മനുഷ്യരുടെ സമത്വാധിഷ്ഠിതമായ ജീവിതത്തിലേക്കുള്ള സാംസ്കാരിക അന്വേഷണങ്ങളെ തടസ്സപ്പെടുത്തുന്നത്. അവിടെ സ്വത്വപരമായ അന്വേഷണങ്ങൾക്കുതന്നെയാണ് പ്രസക്തി. അതുകൊണ്ടാണ് ആദിവാസി ജീവിതത്തിൻ്റെ സാമൂഹികവും, സാംസ്കാരികവും, ആചാരപരവുമായ ആഴങ്ങളിലേക്ക് സിന്ധുവിന്റെ ആത്മകഥ വളരുന്നത്. വിദ്യാഭ്യാസം അതിനെ നിർണയിക്കുന്ന പ്രധാന ഘടകമാണ്. ഇവിടെ ജാതി നടത്തുന്ന ഇടപെടൽ കീഴാളമനുഷ്യരുടെ സാമൂഹിക സുരക്ഷിതത്വത്തിന്റെ ഭാഗമാണ്. എന്തുകൊണ്ട് ജാതിമനുഷ്യർ തിരസ്കരിക്കപ്പെട്ടു പോകുന്നു, അവിടെ വ്യക്തിയെന്ന അർത്ഥത്തിൽ ഒരാൾക്ക് അതിജീവിക്കേണ്ട സാമൂഹിക പ്രതിസന്ധികൾ എന്തൊക്കെ എന്ന് കൃത്യമായി വിവരിക്കുന്നുണ്ട് സിന്ധു. തന്റെ വ്യക്തിപരമായ ജീവിതം തന്നെയാണ് പുസ്തകത്തിലെ ഈർപ്പത്തെ വായനക്കാരിലേക്ക് എത്തിക്കുന്നത്. ആദ്യ ഭാഗങ്ങളിൽ ആദിവാസി ഊരുകളിലെ ജീവിതത്തിന്റെ വ്യത്യസ്തമായ അടരുകളെ ഒരു പഠനഗ്രന്ഥം എന്നപോലെ പകർത്തിവെക്കാൻ സിന്ധുവിന് കഴിഞ്ഞിട്ടുണ്ട്. അത് സ്വന്തം ജീവിതരീതിയുടെ വികാസവും പരിണാമവും അതിൻ്റെ തനിമയിൽ അനുഭവിച്ചതുകൊണ്ട് സംഭവിക്കുന്നതാണ്. അതിനെ പുരാതന സംസ്കൃതി എന്നു പറഞ്ഞു മാറ്റിനിർത്താനോ നോക്കിക്കാണാനോ ഈ പുസ്തകം ഒരിടത്തും തയ്യാറല്ല.
‘പണിയർ’ എന്ന വാക്കിൻ്റെ അർത്ഥം പണി ചെയ്തു ജീവിക്കുന്നവർ എന്നാണ്. എന്നാൽ ആ വാക്കിൻ്റെ വേര് ആണ്ടിറങ്ങിപ്പോകുന്നത് നിരന്തരം തിരസ്കൃതരായ മനുഷ്യരുടെ പിറവിയിലാണ്. ഇതിനെക്കുറിച്ച് 1963 ല്‍ കെ. പാനൂർ എഴുതിയ കേരളത്തിലെ ആഫ്രിക്ക എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. അതാകട്ടെ, സിന്ധു ജനിക്കുന്നതിന് 30 വർഷം മുമ്പ് എഴുതിയ പുസ്തകമാണ്.
കെ പാനൂർ എഴുതുന്നു: ‘‘എല്ലാ ഗിരിവർഗ്ഗക്കാരും നിർഭാഗ്യവാന്മാരാണ്. എന്നാൽ നിർഭാഗ്യവാന്മാരുടെ കൂട്ടത്തിലെ നിർഭാഗ്യവാന്മാരാണ് പണിയർ. കേരളത്തിൻ്റെ അറിയപ്പെടുന്ന ചരിത്രകാലം മുതൽ അവർ അടിമകളായിരുന്നു. ഇന്നും അവർ മലയോര പ്രദേശങ്ങളിലും ഭൂവുടമകളുടെ അടിമകളാണ്. അവർ നിസ്സഹായതയിലും നിത്യ ദാരിദ്ര്യത്തിലും നരകിക്കുകയാണ്."
താൻ ജീവിച്ച ജീവിതത്തെ പച്ചയായി ആവിഷ്കരിക്കുമ്പോൾ അത് ഒരു വ്യക്തിയുടെ ആത്മകഥയായി മാത്രം പരിമിതപ്പെടുന്നില്ല. മറിച്ച്, തൻ്റെ സ്വത്വപരിസരത്തെ മുഴുവൻ മനുഷ്യരുടെയും ജീവിതാവസ്ഥയായി വികസിക്കുകയാണ്.
2023-ൽ പുറത്തിറങ്ങിയ സിന്ധുവിൻ്റെ ആത്മകഥ തുടങ്ങുന്നത് ഇങ്ങനെയാണ്: ‘‘അടിമകൾക്ക് അന്നൊക്കെ ദിവസം മുഴുവൻ പണിയെടുത്താൽ ഒരു സേറ് അരിയോ നെല്ലോ കൊടുക്കും. ആ നെല്ല് വീട്ടിൽ കൊണ്ടുവന്ന് കുത്തി അരിയെടുത്ത് കഞ്ഞിയാക്കിയാണ് കുടിക്കുക. അത് എല്ലാവർക്കും കിട്ടണം എന്നൊന്നുമില്ല. മക്കൾക്ക് വറ്റ് കൊടുത്ത്, അമ്മമാർ പലപ്പോഴും കഞ്ഞിവെള്ളം കുടിച്ചാണ് കഴിയുക. വയറു നിറയുകയൊന്നുമില്ല. എങ്കിൽ പോലും ജീവിതം അങ്ങനെ മുന്നോട്ടു കൊണ്ടുപോകും. പന വെട്ടിയാൽ അതിൻ്റെ ഉള്ളിലെ കാമ്പ് മുഴുവനും പൊടിയായിരിക്കും. അത് ഇടിച്ചു വെള്ളത്തിൽ കലക്കി പനക്കി കുറുക്കി പനപ്പുട്ട് ഉണ്ടാക്കി കഴിക്കും. പിന്നെ വിളഞ്ഞുവരുന്ന നെല്ല് കട്ടുകൊണ്ടുവരും. ഉള്ളിലെ അരി വിളഞ്ഞിട്ടുണ്ടാകില്ല. അതിടിച്ചു തുണിയിൽ പിഴിഞ്ഞ് അരിച്ചെടുത്ത് കുറുക്കി ഏതെങ്കിലും പാത്രത്തിന്റെ മുകളിൽ വച്ച് ചുട്ടെടുത്ത് അങ്ങനെയും കഴിക്കും. ദാരിദ്ര്യത്തിന്റെ സമയത്താണ് ഇങ്ങനെയൊക്കെ ചെയ്യുക’’.
ഇങ്ങനെ താൻ ജീവിച്ച ജീവിതത്തെ പച്ചയായി ആവിഷ്കരിക്കുമ്പോൾ അത് ഒരു വ്യക്തിയുടെ ആത്മകഥയായി മാത്രം പരിമിതപ്പെടുന്നില്ല. മറിച്ച്, തൻ്റെ സ്വത്വപരിസരത്തെ മുഴുവൻ മനുഷ്യരുടെയും ജീവിതാവസ്ഥയായി വികസിക്കുകയാണ്. ആ വികാസത്തിൽ ഒരു ജനതയുടെ സാംസ്കാരികവും സാമൂഹ്യവുമായ അതിജീവനത്തിന്റെ രാഷ്ട്രീയത്തെ കൃത്യമായി വായിച്ചെടുക്കാൻ കഴിയുന്നുണ്ട്. അതിൽ ഹോസ്റ്റലിൽ പഠിക്കാൻ പോയ സമയത്തുള്ള അനുഭവം ജാതിയുമായി ബന്ധപ്പെട്ടതാണ്. ഈ ജാതിവാഴ്ചയിൽ നിന്നു കൊണ്ടാണ് ജന്മിത്തം ആദിവാസികൾക്കു മുകളിൽ അടിമത്തം അടിച്ചേൽപ്പിക്കുന്നത്. ഈയൊരു ചിന്താഗതിയിലും നമ്മുടെ നാടിൻ്റെ യഥാർത്ഥ അവകാശികൾ പണിയരെ പോലുള്ള ആദിവാസികളാണെന്ന് കെ പാനൂർ പറയുന്നുണ്ട്: ‘‘അറിയപ്പെടുന്ന ചരിത്രകാലം മുതൽ പണിയർ അടിമകളാണെന്ന് പറഞ്ഞു കഴിഞ്ഞു. ഒരു വർഗ്ഗം ഒന്നാകെ എങ്ങനെ അടിമകളായി.? നമ്മുടെ നാടിൻ്റെ യഥാർത്ഥ അവകാശികൾ പണിയരും പണിയരെ പോലുള്ള ആദിവാസികളുമാണെന്ന് പറഞ്ഞാൽ അതൊരു ചരിത്രസത്യം മാത്രമാണ്’’.
ഭൂമിയുടെ അധികാരവുമായി ബന്ധപ്പെട്ട് ആദിവാസികൾ ഇപ്പോഴും ചൂഷണത്തിലാണ്. പുതുകാലത്ത് ഭരണകൂടം നേരിട്ട് അതിനു നേതൃത്വം നൽകുകയാണ്. കൂട്ടമായി ജീവിക്കുന്ന ആദിവാസികളെ സംബന്ധിച്ച് ഭൂമിക്ക് മുകളിലെ അധിനിവേശം അവരുടെ ജീവിതത്തിലേക്കുള്ള അധിനിവേശം തന്നെയാണ്.
ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത് എന്ന പുസ്തകത്തിൽ കെ. സഹദേവൻ ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്: ‘‘ഭൂമിയുമായുള്ള ആദിവാസി - ഗോത്ര ജനതയുടെ ബന്ധത്തെ മനസ്സിലാക്കാൻ ആധുനിക സമൂഹത്തിന് ഇന്നും സാധിച്ചിട്ടില്ല എന്നത് ആദിവാസികൾ ഇന്ന് അനുഭവിക്കുന്ന കഷ്ടതകളുടെ മുഖ്യ കാരണങ്ങളിൽ ഒന്നാണ്. ഭൂമിയെ അതിരുകെട്ടി സ്വകാര്യവൽക്കരിക്കുക എന്ന കൊളോണിയൽ നീതിയെ തിരിച്ചറിയാൻ ആദിവാസികൾക്ക് കഴിഞ്ഞിട്ടില്ല. വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള വിടവിനെ പ്രതിഫലിപ്പിക്കുന്നതാണ് ഈ മനസിലാകായ്മ. ലോകത്തൊരിടത്തും ആദിവാസി സമൂഹം ഭൂമിയെ അതിരുകെട്ടി സ്വകാര്യസ്വത്തായി അനുഭവിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. തങ്ങളുടെ ജീവിതവും നിലനിൽപ്പും ഭൂമിയുമായി ബന്ധപ്പെട്ടതാണെന്നുള്ള പൊതുബോധത്തിന്റെ അടിസ്ഥാനത്തിൽ സാധ്യമായ രീതിയിൽ പങ്കുവെച്ചുകൊണ്ടുള്ള ജീവിതശൈലിയായിരുന്നു അവരുടേത്’’.
ഭൂമിയും കൃഷിയും കാടും എങ്ങനെയാണ് ആദിവാസി ജീവിതത്തിന്റെ ഭാഗമാകുന്നത് എന്ന് കൃത്യമായി സിന്ധു തന്റെ ജീവിതം നാൾവഴികളെ ബന്ധിപ്പിച്ചുകൊണ്ട് ആവിഷ്കരിക്കുന്നുണ്ട്. സിന്ധുവിന്റെ കവിതയിലെ നാലുവരി ഇങ്ങനെയാണ്:
‘‘എന്നോ മരിച്ചുപോയ
ഒരു ചിരിയുടെ അടയാളവും പേറി
ഒരു കാടിപ്പൊഴും ജീവിച്ചിരിപ്പുണ്ട്’’.
ഈ കാടിൻ്റെ സമൃദ്ധിയിൽ നിന്നുകൊണ്ടാണ് ഉച്ചാലു മാസത്തിൽ പിറന്ന ജീവിതത്തിൻ്റെ സഞ്ചാരപഥങ്ങളെ നിവർത്തിപ്പിടിക്കുന്നത്. സമ്മർദ്ദങ്ങളെ, അതിജീവനങ്ങളെ, വഴിതേടലുകളെ, നിഷേധങ്ങളെ, സമരസപ്പെടലുകളെയെല്ലാം തുറന്നു വയ്ക്കുമ്പോൾ തന്നെ തന്റെ ജീവിതപരിസരത്തെയും ദാരിദ്ര്യത്തെയും തുറന്നെഴുതുന്നുണ്ട്. അവിടെ ആദിവാസി വർഗ്ഗത്തിന് നിരന്തരം എന്തു സംഭവിക്കുന്നു എന്നത് വലിയ ചോദ്യമായി അവശേഷിക്കുന്നു. അത് ഭൗതികമായി കേരളീയ സമൂഹം നേടിയ സാമൂഹിക വളർച്ചയുടെ തോത് വെച്ച് അളക്കേണ്ടതുണ്ട്. കാരണം, അട്ടപ്പാടിയിലെ മധുവും വിശ്വനാഥനും ഒക്കെ സമീപകാല ആൾക്കൂട്ടം മർദ്ദനത്തിന്റെയും പീഡനത്തിന്റെയും ഇരകളാണ്. ഈ ഒരു പരിതസ്ഥിതിയിൽനിന്ന് ഒരു സ്ത്രീ തന്റെ ജീവിതം അവതരിപ്പിക്കുമ്പോൾ അവിടെ അവരുടെ ശക്തി വിദ്യാഭ്യാസം തന്നെയാണ്.
ഒന്നിൽ കൂടുതൽ കുടുംബങ്ങൾ തിങ്ങിപ്പാർക്കുകയും പുല്ലുമേഞ്ഞ പച്ചക്കട്ട കൊണ്ട് കെട്ടിപ്പൊക്കിയതുമായ വീട്. മുളചീന്തിയെടുത്ത് മുടിമെടയുന്ന പോലെ ഉണ്ടാക്കിയെടുത്ത വാതിൽ. അതിനെ കപ്പൊല എന്നാണ് പറയുക എന്ന് സിന്ധു എഴുതുന്നുണ്ട്. മാത്രമല്ല പ്രകൃതിയുമായുള്ള അഭേദ്യമായ ആത്മബന്ധങ്ങളുടെ ആനന്ദം അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. നായാട്ടിന് പോകുമ്പോൾ ഉടമസ്ഥൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നായകൾക്ക് മനസ്സിലാകുമെന്ന് എഴുതുമ്പോൾ പ്രകൃതിയുമായുള്ള ഇഴകിച്ചേരൽ ആദിവാസി ജീവിതത്തിൻ്റെ ഭാഗമാണ് എന്ന് നാം അറിയുകയാണ്.
ഈ പുസ്തകത്തിൻ്റെ മറ്റൊരു വായന ആദിവാസി പെൺകുട്ടി എന്ന രീതിയിൽ സിന്ധു നേടിയ അറിവും അറിവിൽ നിന്ന് പരുവപ്പെട്ട സാമൂഹ്യ ബോധ്യങ്ങളുമാണ്. ഒരുപക്ഷേ പ്രണയത്തിലും വിവാഹത്തിലും രതിയിലും ഉണ്ടായ പൊരുത്തപ്പെടലിലും വിയോജിപ്പിലും ഈ ഒരു അറിവിന്റെ ആഴം ബോധ്യമാകുന്നുണ്ട്. സ്വന്തം ജീവിതത്തെ സ്വയം മൂല്യം ചെയ്യുമ്പോൾ തനിക്ക് പുറത്തുള്ളതൊന്നും തന്നെ തളർത്തുന്നില്ല എന്ന തിരിച്ചറിവിലേക്ക് സിന്ധു എത്തുന്നുണ്ട്. അത് വിജയിച്ച പ്രണയമായാലും പരാജയപ്പെട്ട പ്രണയമായാലും. മാത്രമല്ല, പരാജയപ്പെട്ട ഒരിടത്തും ശത്രുതയെ ആയുധമായോ ശക്തിയായോ ഉപയോഗിക്കാൻ അവർ തയ്യാറാവുന്നില്ല. ഏറ്റവും ഒടുവിൽ തന്റെ ഭർത്താവായിരുന്ന വ്യക്തിയെ കുറിച്ച് പറയുന്നത് ഇതിൻ്റെ തെളിവാണ്:
‘‘ആദിവാസിയായ ഒരു കലാകാരനെ തകർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മനുഷ്യരെ ഊരുവിലക്കി കുറ്റവാളികൾ ആക്കുന്ന സമൂഹം നല്ലതാണെന്ന് തോന്നൽ എനിക്കില്ല. ആൾക്കുട്ടം ശിക്ഷ വിധിക്കുന്ന സംസ്കാരത്തോട് എനിക്ക് താല്പര്യമില്ല. അവനവന് സ്പേസ് ഇല്ലാത്തിടത്തു നിന്നും ഇറങ്ങിപ്പോകണം എന്നാണ് ഒരു സ്ത്രീ എന്ന രീതിയിൽ ജീവിതം എന്നെ പഠിപ്പിച്ചത്. ഞാൻ ഇപ്പോൾ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയാണ്. ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളോടുള്ള സമൂഹത്തിൻ്റെ കാഴ്ചപ്പാട് മാറേണ്ടതുണ്ട്. ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയെ മുട്ടിയാൽ കിട്ടും എന്ന് രീതിയിൽ നോക്കിക്കാണരുത്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ഒരാളെ വിലയിരുത്താൻ ശ്രമിക്കരുത്. ഒരു കുട്ടിക്കൊപ്പം ജീവിക്കുന്ന സ്ത്രീക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഏറെ പ്രയാസം ഉണ്ടാകും. അവർക്ക് പലതരത്തിലുള്ള ജീവിത സാഹചര്യങ്ങളും നേരിടേണ്ടതായി വരും. ജീവിതത്തെപ്പറ്റി അവർക്ക് അവരുടേതായ കാഴ്ചപ്പാട് ഉണ്ടാവും അവരെ അവരുടെ ജീവിതം ജീവിക്കാൻ അനുവദിക്കുക’’
ഇങ്ങനെ ഒരു ആദിവാസി യുവതി എന്നതിനപ്പുറത്തേക്ക് തന്റെ മുന്നിലെ പരിഷ്കൃത സാമൂഹ്യ വഴിയിലൂടെയാണ് തൻ്റെ തുടർയാത്ര എന്ന പൂർണബോധ്യം ഈ പുസ്തകം പറയുന്നുണ്ട്. ഒരുപക്ഷേ ആദിവാസി ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന നവസാംസ്കാരിക ധാരണകൾ ഉയർത്തി വിടുന്ന രാഷ്ട്രീയത്തിന്റെ ഉള്ളടക്കത്തെ ഈ പുസ്തകം തുറന്നുവയ്ക്കുന്നുണ്ട്. കേരളീയ സമൂഹം ആദിവാസി ജീവിതത്തെ കാഴ്ചക്കായി ഒരുക്കിവെച്ച അനുഭവം ‘പുരോഗമന കേരള’ത്തിനുമുന്നിൽ ഉണ്ടായിരിക്കെ സിന്ധുവിനെ പോലെയുള്ള എഴുത്തുകാരികൾ മുന്നോട്ടുവയ്ക്കുന്ന ജ്ഞാന ലോകത്തെ കേരളത്തിന് ഇതുവരെ ബോധ്യപ്പെട്ടില്ലെങ്കിൽ "ഇടതു നെഞ്ചിലെ
ഉച്ചാലുമാസങ്ങൾ ‘പരിഷ്കൃത’ മനുഷ്യർ ഒന്നു വായിക്കട്ടെ. അതും ഒരുതരം സാംസ്കാരിക ഇടപെടൽ തന്നെയാണ്.