സർ ആർതർ കോനൻ ഡോയൽ

ഹോംസിനെ അനുകരിച്ച്
ആർതർ കോനൻ ഡോയൽ തെളിയിച്ച ഒരു കുറ്റകൃത്യത്തിന്റെ കഥ

ഷെർലക് ഹോംസിൻ്റെ സ്രഷ്ടാവെന്ന നിലയിലുള്ള എഴുത്തുജീവിതത്തിനിടയിൽ യഥാർത്ഥ ജീവിതത്തിലെ കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട ഒന്നുരണ്ട് അധ്യായങ്ങൾ കൂടി സർ ആർതർ കോനൻ ഡോയലിനുണ്ട്. അതിലൊന്ന് വളരെയധികം അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംഭവമായിരുന്നു. അതാണ്, ജീവചരിത്രരചനകളിലൂടെ പ്രശസ്തയായ ശ്രബാനി ബസു തന്റെ ഏറ്റവും പുതിയ പുസ്തകത്തിന് പ്രമേയമാക്കുന്നത്- ജിനീഷ് കുഞ്ഞിലിക്കാട്ടിൽ എഴുതുന്നു.

യുക്തിപൂർണമായ അനുമാനങ്ങളും ശാസ്ത്രീയ രീതികളുമൊക്കെയാണ് താൻ ഏറ്റെടുത്ത കേസുകളിലെ നിഗൂഢതകൾ പരിഹരിക്കുന്നതിന് ഷെർലക് ഹോംസ് ഏറെയും സ്വീകരിച്ചിരുന്നത്. സൂക്ഷ്മമായ സൂചനകളിൽനിന്ന് കൃത്യമായ വിവരങ്ങൾ കണ്ടെത്തുകയെന്നത് ഹോംസിൻ്റെ അന്വേഷണ വൈദഗ്ധ്യത്തിൻ്റെ മുഖമുദ്രയാണ്. ഷെർലക് ഹോംസിൻ്റെ സ്രഷ്ടാവെന്ന നിലയിലുള്ള എഴുത്തുജീവിതത്തിനിടയിൽ യഥാർത്ഥ ജീവിതത്തിലെ കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട ഒന്നു രണ്ട് അധ്യായങ്ങൾ കൂടി സർ ആർതർ കോനൻ ഡോയലിനുണ്ട്. അതിലൊന്ന് വളരെയധികം അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംഭവമായിരുന്നു.

ചരിത്രത്തിൽ മറന്നുപോയ വ്യക്തികളുടെ ജീവിതത്തെ വെളിച്ചത്തുകൊണ്ടുവരുന്ന വിശദമായ ജീവചരിത്രരചനകളിലൂടെ പ്രശസ്തയാണ് ശ്രബാനി ബസു. അവരുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കൃതിയാണ്, The Mystery of the Parsee Lawyer: Arthur Conan Doyle, George Edalji and the Case of the Foreigner in the English Village. ഇംഗ്ലണ്ടിലെ ഗ്രേറ്റ് വൈർലിയിലെ ഒരു പാഴ്‌സി അഭിഭാഷകനായ ജോർജ്ജ് എഡൽജിയുടെ ജീവിതത്തിലെ സങ്കീർണ്ണമായ വിശദാംശങ്ങളിലേക്കാണ് ഈ പുസ്തകം കടന്നുചെല്ലുന്നത്. ഹീനമായ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ട ഇന്ത്യൻ യുവ അഭിഭാഷകനായ ജോർജ്ജ് എഡൽജിയുടെ യഥാർത്ഥ ജീവിതത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ബസു അന്വേഷണം ആരംഭിച്ചത്. എന്നാൽ, സാക്ഷാൽ കോനൻ ഡോയൽ ഈ കേസ് വ്യക്തിപരമായി അന്വേഷിച്ചിരുന്നു എന്നറിഞ്ഞപ്പോൾ അവരുടെ താൽപ്പര്യം വർധിക്കുകയാണുണ്ടായത്. ഒരു രചയിതാവ് സ്വന്തം സാങ്കൽപ്പിക കുറ്റാന്വേഷകൻ്റെ ഷൂസിലേക്ക് കാലെടുത്തുവച്ച ഒരു അപൂർവ സന്ദർഭമായി അവരതിനെ അടയാളപ്പെടുത്തി.

ശ്രബാനി ബസു

1876 ജനുവരി 22-ന് ആണ് ജോർജ്ജ് ഏണസ്റ്റ് തോംസൺ എഡൽജി എന്ന ജോർജ്ജ് എഡൽജി ജനിച്ചത്. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ബ്രിട്ടനിലുണ്ടായിരുന്ന നിയമപരമായ അനീതിയും വംശീയ മുൻവിധിയുമൊക്കെ ഇടകലർന്ന ആഖ്യാനത്തിലെ ഒരു പ്രതീകമായിരുന്നു ഈ ജോർജ്ജ് എഡൽജി. അദ്ദേഹത്തിൻ്റെ പിതാവ്, ഷാപൂർജി എഡൽജി, ഒരു ബോംബെ പാഴ്സി കുടുംബത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ആളായിരുന്നു. ഗ്രേറ്റ് വൈർലിയിലെ സെൻ്റ് മാർക്‌സിൻ്റെ വികാരിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് നിരവധി ഇടവകകളിൽ അദ്ദേഹം മേൽനോട്ടക്കാരനായി സേവനമനുഷ്ഠിച്ചിരുന്നു. ജോർജിൻ്റെ അമ്മ, ഷാർലറ്റ് എഡൽജിയും വൈദികരുടെ പരമ്പരയിൽ നിന്നുതന്നെയായിരുന്നു. ഒരു ഇംഗ്ലീഷ് ഗ്രാമത്തിലെ ഇന്ത്യൻ പാഴ്‌സി വംശജനായ വികാരിയുടെ മൂത്ത മകനെന്ന നിലയിൽ, അദ്ദേഹത്തിൻ്റെ പാരമ്പര്യവും അക്കാലത്തെ സാമൂഹിക മനോഭാവങ്ങളും ജോർജ്ജ് എഡൽജിയുടെ ജീവിതത്തെ പാകപ്പെടുത്തിയെടുത്തു. സാംസ്കാരികവും മതപരവുമായ പശ്ചാത്തലങ്ങൾ ഗ്രേറ്റ് വൈർലിയിൽ എഡൽജി കുടുംബം അഭിമുഖീകരിച്ച വെല്ലുവിളികൾക്ക് വേദിയൊരുക്കിയെന്ന് പറയാം. ജോർജിൻ്റെ അക്കാദമിക് യാത്ര വേറിട്ടതായിരുന്നു. റുഗെലി ഗ്രാമർ സ്കൂളിൽ വിദ്യാഭ്യാസം നേടിയ ശേഷം അദ്ദേഹം ബർമിംഗ്ഹാമിലെ മേസൺ കോളേജിൽ നിയമപഠനം നടത്തി. പ്രൊഫഷണൽ പരീക്ഷകളിലെ അസാധാരണമായ പ്രകടനത്തിലും ബർമിംഗ്ഹാം സോളിസിറ്റേഴ്‌സ് സ്ഥാപനത്തിൽ എഴുതിയ ലേഖനങ്ങളിലും പഠനത്തോടുള്ള അദ്ദേഹത്തിൻ്റെ അർപ്പണബോധം പ്രകടമായിരുന്നു. 1899-ൽ, തൻ്റെ കുടുംബത്തിൻ്റെ പിന്തുണയോടെ, ജോർജ്ജ് സ്വന്തം ലോ പ്രാക്ടീസ് സ്ഥാപിച്ചു.

വൈർലി ഗ്രാമത്തിലെ അവരുടെ സാമൂഹ്യ ഇടപാടുകൾ പക്ഷേ എഡൽജി കുടുംബത്തിന് ശത്രുത ക്ഷണിച്ചുവരുത്തി. അവരുടെ പാഴ്‌സി പാരമ്പര്യവും ഒരു ഇംഗ്ലീഷ് ഗ്രാമത്തിൽ വികാരിയായി സേവനമനുഷ്ഠിച്ച ആദ്യ ഇന്ത്യക്കാരിൽ ഒരാളെന്ന നിലയിലുള്ള ചെറുതല്ലാത്ത പ്രശസ്തിയും ഷാപൂർജിയുടെ കുടുംബത്തിനുനേരെയുള്ള ശത്രുതയ്ക്കു ആക്കം കൂട്ടി. കുടുംബത്തിലെയും പുറത്തുള്ള മറ്റുള്ളവർക്കും നിരവധി ഊമക്കത്തുകൾ കിട്ടിക്കൊണ്ടിരുന്നു. അവ പലതും ഭീഷണികൾ നിറഞ്ഞതായിരുന്നു.

1903-ൽ കന്നുകാലികളെ ആക്രമിച്ച് അംഗഭംഗം ചെയ്യുക എന്ന വിചിത്രമായ ഒരു കുറ്റകൃത്യപരമ്പരയും അജ്ഞാതർ ആരംഭിച്ചു. വൈർലി ഗ്രാമത്തെ ആകമാനം ഭയപ്പെടുത്തിയ ഒരു സംഭവമായിരുന്നു അത്. പല പേരുകളിൽ നിരവധി കത്തുകൾ പോലീസ് സ്റ്റേഷനിലുൾപ്പെടെ ഗ്രാമത്തിലെ മറ്റു പലർക്കും കിട്ടിക്കൊണ്ടിരുന്നു. അതിലെല്ലാം ഈ കുറ്റകൃത്യങ്ങൾക്കുപിന്നിൽ ജോർജ്ജ് എഡൽജി ആണെന്ന സൂചനകൾ പ്രത്യക്ഷമായും പരോക്ഷമായും ഉണ്ടായിരുന്നു. ഊമക്കത്തയക്കുന്നതും എഡൽജിയാണെന്ന സംസാരങ്ങളുണ്ടായി.

ഈ സംഭവപരമ്പരകളോടെയാണ് നിഗൂഢമായ എഡൽജിയുടെ കേസ് ആരംഭിക്കുന്നതുതന്നെ. നീണ്ട അന്വേഷണങ്ങൾക്കും കോടതി വ്യവഹാരങ്ങൾക്കും ശേഷം തെറ്റ് ചെയ്യാത്ത ജോർജ്ജ് എഡൽജിക്ക് ഏഴു വർഷത്തെ തടവുശിക്ഷ ലഭിച്ചു. അതാകട്ടെ അദ്ദേഹത്തിൻ്റെ ജീവിതത്തിലും തൊഴിലിലും ഒരു നീണ്ട നിഴൽ വീഴ്ത്തുകയും ചെയ്തു. തികച്ചും നാടകീയമെന്ന് തോന്നാവുന്ന ഈ സംഭവങ്ങളുടെ വിശദമായ ചിത്രീകരണത്തിലൂടെ, എഡൽജി കുടുംബത്തിൻ്റെ പ്രക്ഷുബ്ധമായ അനുഭവങ്ങൾ വായനക്കാർക്ക് പരിചയപ്പെടുത്തുകയാണ് ബസു ഈ പുസ്തകത്തിലൂടെ.

എഡൽജിയുടെ വിചാരണയെക്കുറിച്ചുള്ള പത്രവാർത്തകൾ വംശീയ പക്ഷപാതിത്വം നിറഞ്ഞതായിരുന്നു. കുറ്റാരോപണങ്ങളുടെ മേൽ അവർ അദ്ദേഹത്തിൻ്റെ ‘കിഴക്കൻ’ ബന്ധങ്ങളെ ചേർത്തുവച്ച് അതിനൊരു വംശീയ ചുവ ഉണ്ടാക്കിയെടുത്തു. ചില പോലീസ് അന്വേഷണ ഉദ്യോഗസ്ഥർ അതിന് യാതൊരു മടിയും കൂടാതെ കൂട്ടുനിന്നു. നിയമം പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകനും വികാരിയുടെ മകനും ആയിരുന്നിട്ടും, അദ്ദേഹത്തിൻ്റെ വംശപരമ്പരയുടെയും തൊലിയുടെ നിറത്തിൻ്റെയും അടിസ്ഥാനത്തിൽ മാത്രം ജോർജ്ജ് എഡാൽജി ഒരു കുറ്റവാളിയായി കണക്കാക്കപ്പെട്ടു എന്നുള്ളതാണ് സങ്കടകരമായ വസ്തുത. പക്ഷേ എഡൽജി നേരിട്ട നീതിനിഷേധം ശ്രദ്ധിക്കപ്പെടാതെ പോയില്ല. തിരക്കുകളിൽ നിന്ന് തീർത്തും മോചിതനായിരുന്ന അയാൾ ജയിലിൽ വായിക്കാനായി ധാരാളം സമയം കണ്ടെത്തി. ജയിൽ ലൈബ്രറിയിൽ ഉണ്ടായിരുന്ന എല്ലാ ഷെർലോക്ക് ഹോംസ് പുസ്തകങ്ങളും എഡൽജി വായിച്ചു തീർത്തു. ഹോംസിനോടും ഹോംസിന്റെ കുറ്റാന്വേഷണ രീതികളോടും തോന്നിയ ആരാധന പതിയെ അതിന്റെ സ്രഷ്ടാവായ ആർതർ കോനൻ ഡോയലിലേക്കും തിരിഞ്ഞു. എന്തുകൊണ്ട് തന്റെ ഈ കേസിൽ അദ്ദേഹത്തിന്റെ സഹായം തേടികൂടാ എന്നു ചിന്തിച്ച എഡൽജി, ഡോയലിന്റെ സഹായം അപേക്ഷിച്ച് ഒരു കത്തെഴുതി. അപ്പോഴേക്കും ജയിലിൽ മൂന്നുവർഷം അദ്ദേഹം പൂർത്തിയാക്കിയിരുന്നു. നല്ല നടപ്പിന് ജയിലിൽ നിന്ന് പുറത്തിറങ്ങിയ എഡൽജി മുൻകൂട്ടി തീരുമാനിച്ച പ്രകാരം ഒരു ഹോട്ടലിൽ ഡോയലുമായി സന്ധിച്ചു. നേരത്തെ തന്നെ ഹോട്ടലിൽ എത്തിച്ചേർന്ന ഡോയലിന് രൂപത്തിലും ഭാവത്തിലും ഇന്ത്യൻ സവിശേഷതകളുള്ള എഡൽജിയെ കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. മാത്രമല്ല എഡൽജിയുടെ കേസിനെ കുറിച്ച് മാധ്യമങ്ങളിൽ കൂടി ഡോയൽ മുന്നേ മനസ്സിലാക്കി വച്ചിരുന്നു. ദൂരെ നിന്ന് തന്നെ അന്വേഷിച്ചു വരുന്ന എഡൽജിയെ ഹോംസിനെപോലെ സൂക്ഷ്മമായി നിരീക്ഷിക്കുകയിരുന്നു അന്നേരം ഡോയൽ. പ്രാഥമിക നിരീക്ഷണ ഫലങ്ങൾ എഡൽജിക്ക് അനുകൂലമായിരുന്നു. എഡൽജിയുടെ പക്കൽനിന്നും മറ്റു വിവരങ്ങൾ മനസ്സിലാക്കിയ ശേഷം ഡോയൽ ഈ കേസ് ഏറ്റെടുത്തു.

കേസിലെ പൊരുത്തക്കേടുകളെയെല്ലാം തുറന്നു കാണിച്ച് തന്റെ നിരീക്ഷണങ്ങളെല്ലാം വിശദമായി പത്രത്തിൽ എഴുതുകയാണ് ഡോയൽ ആദ്യം ചെയ്തത്. ലഭ്യമായ എല്ലാ വിവരങ്ങളും അവലോകനം ചെയ്യുകയും കേസുമായി ബന്ധപ്പെട്ട വ്യക്തികളുമായി ആശയവിനിമയം നടത്തുകയും ചെയ്ത് സമഗ്രമായ ഒരു അന്വേഷണത്തിൽ ഡോയൽ ഏർപ്പെട്ടു. സൂക്ഷ്മമായ ഈ സമീപനം അദ്ദേഹത്തിൻ്റെ സൃഷ്ടിയായ ഷെർലക് ഹോംസിൻ്റെ അന്വേഷണ സാങ്കേതികതകളെ ഓർമ്മിപ്പിക്കുന്നതായിരുന്നു. വിപുലമായ തെളിവുകളും സാക്ഷ്യപത്രങ്ങളും ഡോയൽ ഇതിലേക്കായി ശേഖരിച്ചു. എഡൽജിയുടെ നിരപരാധിത്വത്തെ സാമാന്യവൽക്കരിക്കാൻ കഴിയുന്ന ഒരു വിശാലമായ ചിത്രം അദ്ദേഹം തയാറാക്കിയെടുത്തു. മാത്രമല്ല എഡൽജിയുടെ വൈർലി ഗ്രാമത്തിലേക്ക് ഒരു സന്ദർശനം നടത്തി കേസിനാവശ്യമായ മറ്റു വിലപ്പെട്ട തെളിവുകളും ഡോയൽ കണ്ടെത്തുകയും ചെയ്തു. ഈ സന്ദർശനത്തിലൂടെയാണ് അദ്ദേഹത്തിന് എഡൽജിയുടെ നിരപരാധിത്വത്തെക്കുറിച്ചുള്ള പൂർണബോധ്യം വരുന്നത് തന്നെ. കേസിൻ്റെ പുനർമൂല്യനിർണയം ആരംഭിക്കാൻ ലക്ഷ്യമിട്ട് തൻ്റെ രചനകളിലൂടെ പൊതു അവബോധം വളർത്താൻ അദ്ദേഹം ഗൗരവത്തോടെ ഇറങ്ങിത്തിരിക്കുകയും ചെയ്തു.

കേസിനെ കുറിച്ച് വിശദമായി പഠിച്ച ഡോയൽ, കേസിലെ ദുർബലമായ വാദങ്ങളെയും വസ്തുതകളെയും കുറിച്ച് ഡെയ്‌ലി ടെലിഗ്രാഫിന് സമഗ്രമായ റിപ്പോർട്ട് എഴുതി. വാർത്തയുടെ വ്യാപകമായ പ്രചാരണത്തിനുവേണ്ടി ആ ലേഖനത്തെ പകർപ്പവകാശത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. വംശീയ മുൻവിധിയും കഴിവുകേടും കാണിച്ചുകൊണ്ടാണ് പോലീസ് ഈ കേസ് കൈകാര്യം ചെയ്യുന്നതെന്ന് ഡോയൽ തുറന്നെഴുതി. യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താനല്ല, മറിച്ച് അയാളുടെ കുറ്റബോധം ഊട്ടിയുറപ്പിക്കാൻ വേണ്ടിയാണെന്ന് പോലീസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വാദിച്ചു.

കോനൻ ഡോയലിൻ്റെ ഈ പ്രയത്‌നങ്ങൾ പൊതു മണ്ഡലത്തിലേക്ക് വളരെ വേഗം വ്യാപിച്ചു. പ്രശസ്തനായ എഴുത്തുകാരൻ എന്ന നിലയിലുള്ള തൻ്റെ സ്വാധീനം അദ്ദേഹം നന്നായി ഇവിടെ ഉപയോഗപ്പെടുത്തി. ഡോയൽ ഈ കേസ് ഏറ്റെടുത്തപ്പോൾ തൊട്ട് കാറ്റ് മാറി വീശാൻ ആരംഭിച്ചിരുന്നു. വംശീയ വിവേചനത്തിൽ നിന്ന് മുക്തമായതും, ന്യായമായ വിചാരണയ്ക്കുമുള്ള ജോർജ്ജിൻ്റെ അവകാശത്തെ ഡോയലിന്റെ പൊതുസമൂഹത്തിലുള്ള സ്വാധീനം കൊണ്ട് മാധ്യമങ്ങൾ അനുകൂലമായി ഇടപെടാൻ തുടങ്ങിയിരുന്നു. വൈകാതെ എഡൽജി ജയിൽ മോചിതനാകുകയും ചെയ്തു.

കേസിനെ കുറിച്ച് വിശദമായി പഠിച്ച ഡോയൽ, കേസിലെ ദുർബലമായ വാദങ്ങളെയും വസ്തുതകളെയും കുറിച്ച് ഡെയ്‌ലി ടെലിഗ്രാഫിന് സമഗ്രമായ റിപ്പോർട്ട് എഴുതി. വാർത്തയുടെ വ്യാപകമായ പ്രചാരണത്തിനുവേണ്ടി ആ ലേഖനത്തെ പകർപ്പവകാശത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

ഡോയലിന്റെ ഈ ലേഖനങ്ങൾ പൊതുജനശ്രദ്ധ പിടിച്ചുപറ്റുക മാത്രമല്ല പിന്നീട് സർക്കാർ നടപടിക്ക് പ്രേരിപ്പിക്കുകയും ചെയ്തു. എഡൽജിയെ ലോ സൊസൈറ്റിയിലേക്ക് എത്തിക്കുന്നതിലേക്കുവരെ എത്തി കാര്യങ്ങൾ. അധികം വൈകാതെ തന്റെ അഭിഭാഷക ജീവിതം പുനരാരംഭിക്കാൻ എഡൽജിക്ക് സാധിച്ചു. കേസിലെ ഡോയലിൻ്റെ ഈ ഇടപെടൽ എഡൽജിയുടെ വ്യക്തിപരമായ വിജയത്തിനപ്പുറം കാര്യമായ സ്വാധീനം ചെലുത്തി. ഇത് ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ പിഴവുകൾ തുറന്നുകാട്ടുകയും 1907-ൽ ക്രിമിനൽ അപ്പീൽ കോടതി സ്ഥാപിക്കുന്നതിന് കാരണമാകുകയും ചെയ്തു. ബ്രിട്ടീഷ് നിയമചരിത്രത്തിലെ ഒരു സുപ്രധാന സംഭവവികാസത്തെ അടയാളപ്പെടുത്തി, സമാനമായ നീതിനിഷേധങ്ങൾ പരിഹരിക്കുന്നതിനും തിരുത്തുന്നതിനുമായി ഈ സ്ഥാപനം രൂപകൽപ്പന ചെയ്യപ്പെട്ടു. നിയമപരമായ സമ്പ്രദായങ്ങൾ രൂപപ്പെടുത്തുന്നതിലും നീതിക്കുവേണ്ടി വാദിക്കുന്നതിലും അർപ്പണബോധമുള്ള വ്യക്തികളുടെ സ്വാധീനത്തെ അടിവരയിടുന്ന ഒന്നാണ് ഈ കേസിൽ കോനൻ ഡോയൽ വഹിച്ച പങ്ക്.

1906-ൽ ജോർജിനെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നതിൽ ഡോയലിന്റെ ഈ പങ്ക് നിർണായകമായിരുന്നു. 1907 വരെ അദ്ദേഹത്തിനെതിരെയുള്ള എല്ലാ കുറ്റങ്ങളിൽ നിന്ന് പൂർണമായി കുറ്റവിമുക്തനായിരുന്നില്ല. എങ്കിലും ഈ ഭാഗിക വിജയം ജോർജിൻ്റെ പ്രൊഫഷണൽ ജീവിതം മാറ്റിമറിച്ചു. അഭിഭാഷകനായി പ്രാക്ടീസ് പുനരാരംഭിക്കുന്നതിനായി അദ്ദേഹം ലണ്ടനിലേക്ക് പോയി. പിന്നീട് 1953- ൽ മരിക്കുന്നതു വരെ അവിടെയായിരുന്നു. എന്നാൽ എഡൽജിയെ മോചിപ്പിച്ചിട്ടും, കേസ് തെറ്റായി കൈകാര്യം ചെയ്തതിനെ ഉദ്യോഗസ്ഥർ അംഗീകരിക്കാൻ തയാറാകാത്തതും അത് സംബന്ധിച്ചുണ്ടായ നഷ്ടത്തിന് എഡൽജിക്ക് നഷ്ടപരിഹാരം ലഭിക്കാത്തതും ഡോയലിനെ പ്രകോപ്പിച്ചു. തുടർന്നുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ അവയെല്ലാം നേടിയെടുക്കുന്നതിനായിരുന്നു. പക്ഷേ അതിൽ അദ്ദേഹത്തിന് വിജയിക്കാനായില്ല.

ജോർജ്ജ് എഡൽജി

യുടെ ഈ സംഭവകഥ വിക്ടോറിയൻ ബ്രിട്ടനിലെ നീതി, വംശം, സാമൂഹിക സ്വീകാര്യത എന്നിവയുടെ സങ്കീർണ്ണതകളെ ഓർമിപ്പിക്കുന്നതാണ്. ഇത് എഡൽജിയുടെ വ്യക്തിപരമായ ദുരവസ്ഥയെ ഉയർത്തിക്കാട്ടുക മാത്രമല്ല, ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ബ്രിട്ടനിൽ നിലനിന്നിരുന്ന വിശാലമായ സാമൂഹിക അസ്വാസ്ഥ്യത്തെ അടിവരയിടുന്ന ഒന്നായിരുന്നു. വംശീയതയുടെയും നീതിനിഷേധത്തിൻ്റെയും ആഴത്തിൽ വേരൂന്നിയ ഒരു സംഭവമായിരുന്നു ഈ കേസ്. വംശീയ മുൻവിധി നീതിയുടെ ഗതിയെയും അതിൻ്റെ വ്യവഹാരങ്ങളിൽ കുടുങ്ങിയ വ്യക്തികളുടെ ജീവിതത്തെയും എങ്ങനെ വളച്ചൊടിക്കുമെന്നതിൻ്റെ ഒരു ഓർമ്മപ്പെടുത്തലാണ് ജോർജ്ജ് എഡൽജിയുടെ പ്രമാദമായ ഈ സംഭവം. എഡൽജി കേസിനെക്കുറിച്ച് പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങളും നിർണായക പങ്ക് വഹിച്ചു. തുടക്കത്തിൽ, ജോർജിൻ്റെ വിചാരണയുടെ വാർത്തകൾ വംശീയ പക്ഷപാതത്താൽ മലിനമായിരുന്നു. എഡൽജിയുടെ ശാരീരിക രൂപത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും അദ്ദേഹത്തിൻ്റെ കഴിവുകളെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ അനുമാനങ്ങളും ഇവയെ ഉയർത്തിക്കാട്ടുന്നവയായിരുന്നു. ഡോയൽ ഈ കേസ് ഏറ്റെടുത്തില്ലായിരുന്നെങ്കിൽ എഡൽജിയുടെ വിധി ഒരുപക്ഷേ മറ്റൊന്നായേനെ.

വംശീയ വിവേചനങ്ങൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും നീതി യഥാർത്ഥത്തിൽ വംശമോ ഉത്ഭവമോ പരിഗണിക്കപ്പെടേണ്ടതല്ലാത്ത പ്രാധാന്യത്തെക്കുറിച്ചും ഈ കേസ് ഇന്നും ഒരു ഓർമപ്പെടുത്തലാണ്. നീതിയുടെ അനന്തര ഫലങ്ങൾ രൂപപ്പെടുത്തുന്നതിൽ പൊതുജനാഭിപ്രായത്തിൻ്റെ ശക്തി ഡോയൽ കൃത്യമായി ഇവിടെ ഉപയോഗിച്ചു. വിശദമായ റിപ്പോർട്ടുകൾ സമർപ്പിക്കുകയും നിയമ അധികാരികളുമായി ഇടപഴകുകയും പരിഹാരവും പരിഷ്‌കരണവും തേടുകയും ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിൽ സജീവമായി ഡോയൽ ഏർപ്പെട്ടു. അതുകൊണ്ടു തന്നെ ഹോംസിൻ്റെ സാങ്കൽപ്പിക വിവരണങ്ങൾക്കപ്പുറമാണ് ഡോയലിൻ്റെ യഥാർത്ഥ ജീവിതത്തിലെ വാദങ്ങൾ. അദ്ദേഹത്തിൻ്റെ പ്രയത്‌നങ്ങൾ സമ്മിശ്രഫലങ്ങളോടെയാണെങ്കിലും, പൊതുജനങ്ങളുടെ ഇടയിലും ഗവൺമെന്റിലും കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ കാരണമായി. ജുഡീഷ്യൽ സംവിധാനത്തിലെ നിർണായകമായ നിരവധി പിഴവുകൾ, പ്രത്യേകിച്ച് തെളിവുകൾ കൈകാര്യം ചെയ്യുന്നതിലും വിചാരണയുടെ നടത്തിപ്പിലും ഉള്ള പാളിച്ചകൾ അത് തുറന്നുകാട്ടി.

എഡൽജി കേസിന് സമാനമായി, കൊലപാതകക്കുറ്റത്തിന് തെറ്റായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഓസ്കാർ സ്ലേറ്ററുടെ കേസും ഡോയൽ ഏറ്റെടുത്തിരുന്നു. എന്നാൽ എഡൽജിയുടെ കേസിൽ ചെയ്തതുപോലെ നേരിട്ട് അദ്ദേഹം ഇതിൽ ഇറങ്ങിയില്ല. ഡോയൽ സ്ലേറ്ററെ ജയിയിലിൽ നിന്നും മോചിതനാക്കുക മാത്രമല്ല ആറായിരം പൗണ്ട് നഷ്ടപരിഹാരം വാങ്ങിച്ചു കൊടുക്കുകയും ചെയ്തു. മോചിതനായ സമയത്ത് ഈ കേസിന് തനിക്ക് ചെലവായ തുക തിരികെ തരാൻ ഡോയൽ സ്ലേറ്ററോട് ആവശ്യപ്പെട്ടു. സ്ലേറ്റർ ആ ആവശ്യം ഭംഗിയായി നിരസിച്ചു തന്റെ നന്ദികേട് കാണിച്ചു.

ജൂലിയൻ ബാൺസിൻ്റെ ‘ആർതർ ആൻഡ് ജോർജ്ജ്’ എന്ന നോവൽ എഡൽജിയുടെ യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് എഴുതിയാണ് എന്നു പറയപ്പെടുന്നു. സർ ആർതർ കോനൻ ഡോയലിൻ്റെ അനുസ്മരണ ചടങ്ങിൽ ജോർജ്ജ് എഡൽജി പങ്കെടുക്കുന്നതോടെയാണ് ആ നോവൽ അവസാനിക്കുന്നത്.

എഡൽജിയുടെ പുസ്തകത്തിനായുള്ള ഗവേഷണത്തിന് ബസു അഞ്ച് വർഷത്തോളമെടുത്തു. ഈ സമയത്ത് അവർ പോലീസ് രേഖകളും ഹോം ഓഫീസ് ഫയലുകളും ഉൾപ്പെടെ വിവിധ ആർക്കൈവുകളിൽ നിന്നും സൂക്ഷ്മമായി വിവരങ്ങൾ ശേഖരിച്ചു. Photo / shrabanibasu.co.uk

എഡൽജിയുടെ പുസ്തകത്തിനായുള്ള ഗവേഷണത്തിന് ബസു ഏതാണ്ട് അഞ്ച് വർഷത്തോളമെടുത്തു. ഈ സമയത്ത് അവർ പോലീസ് രേഖകളും ഹോം ഓഫീസ് ഫയലുകളും ഉൾപ്പെടെ വിവിധ ആർക്കൈവുകളിൽ നിന്നും സൂക്ഷ്മമായി വിവരങ്ങൾ ശേഖരിച്ചു. ലണ്ടനിൽ ലേലം ചെയ്യപ്പെട്ട സ്റ്റാഫോർഡ്ഷയർ പോലീസ് മേധാവിക്ക് കോനൻ ഡോയൽ അയച്ച കത്തുകൾ ബസു തപ്പിയെടുത്തു. ഇത് കേസിൻ്റെ നിർണായക വിവരങ്ങൾക്ക് വഴി തെളിയിച്ചു. ഈ കത്തുകളും രേഖകളുമാണ് ബസുവിന്റെ പുസ്തകത്തിലെ ആഖ്യാനത്തിൻ്റെ നട്ടെല്ലായത്. ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ശ്രബാനി ബസു തന്റെ ചരിത്ര ഗവേഷണത്തിലേക്കും എഴുത്തിലേക്കും യാത്ര ആരംഭിച്ചത്. 1983-ൽ ബോംബെയിലെ ടൈംസ് ഓഫ് ഇന്ത്യയിൽ ട്രെയിനി ജേർണലിസ്റ്റായി ഉദ്യോഗം ആരംഭിച്ചു. 1987 മുതൽ, ബസു ആനന്ദ ബസാർ പത്രിക ഗ്രൂപ്പിൻ്റെ ലണ്ടൻ ലേഖികയായി സേവനമനുഷ്ഠിച്ചു. ചരിത്രപരമായ വസ്തുതകളെ ഒരു ഡിറ്റക്ടീവ് ഫിക്ഷൻ്റെ സസ്പെൻസുമായി സമന്വയിപ്പിക്കുന്ന ഒരു ആഖ്യാനതന്ത്രമാണ് ബസു ഈ പുസ്തകത്തിൽ പരീക്ഷിച്ചിരിക്കുന്നത്.

ബ്രിട്ടനിലെ അക്കാലത്തെ സാമൂഹികവും സാംസ്കാരികവുമായ ചലനാത്മകതയെക്കുറിച്ച്, പ്രത്യേകിച്ച് ഒരു ഇംഗ്ലീഷ് ഗ്രാമത്തിലെ ഏക ഇന്ത്യൻ കുടുംബമെന്ന നിലയിൽ എഡൽജി കുടുംബം നേരിട്ട വെല്ലുവിളികളുടെ വിവരങ്ങൾ ഈ പുസ്തകത്തിൽ കാണാം. അത്തരം പക്ഷപാതങ്ങളുടെ വ്യക്തിപരവും സാമുദായികവുമായ ആഘാതങ്ങളിലേക്കുള്ള ഒരു ജാലകം വായനക്കാർക്ക് നൽകിക്കൊണ്ട് അവർ സഹിച്ച വംശീയ മുൻവിധികളും സാമൂഹിക പ്രതികരണങ്ങളും ബസു നമുക്കുമുന്നിൽ വിവരിക്കുന്നു.

(The Mystery of the Parsee Lawyer: Arthur Conan Doyle, George Edalji and the Case of the Foreigner in the English Village / Author: Shrabani Basu / Pages: 320 / Publisher: Bloomsbury Publishing / price:RS. 499) 

Comments