ജീവനിൽ കൊതിയുള്ളവരുടെ
പ്രിയപ്പെട്ട കദാരെ

ഏതു തരത്തിലുള്ള അധികാരപ്രയോഗങ്ങളുമാകട്ടെ; കമ്യൂണിസ്റ്റ് സർവാധിപത്യമോ കൊളോണിയൽ സർവ്വാധിപത്യമോ നിയോ - കൊളോണിയൽ സർവ്വാധിപത്യമോ ആകട്ടെ, ഇസ്മായിൽ കദാരെ അവയെ നേരിടുന്നത് നാടുവിട്ടോ പലായനം ചെയ്‌തോ അല്ല, മറിച്ച് സർവാധിപത്യം പ്രവർത്തിക്കുന്ന നാട്ടിൽ ജീവിച്ചുകൊണ്ടാണ്. അടിച്ചമർത്തലുകളെ നേരിടേണ്ടത് അടിച്ചമർത്തലുകൾ അതിന്റ ഏറ്റവും ഭീകരമായി നടപ്പാക്കപ്പെടുന്ന ഇടത്ത് ജീവിച്ചുകൊണ്ടാണ്- കുഞ്ഞുണ്ണി സജീവ് എഴുതുന്നു.

‘എനിക്കു മുൻപിൽ മൂന്ന് ഓപ്ഷനുകളാണുള്ളത്: സ്വന്തം വിശ്വാസങ്ങളോട് ചേർന്നുനിൽക്കുക; മരണമാകും അതിന്റെ ഫലം.
നിശ്ശബ്ദനായിരിക്കുക എന്നത് രണ്ടാമത്തെ ഓപ്ഷൻ; അതിന്റ ഫലവും മറ്റൊരു മരണമാണ്.
മൂന്നാമത്തേത് 'എഴുതുക' എന്നതാണ്. വാക്കുകൾ കൊണ്ടുള്ള കൈക്കൂലി നൽകി സ്വന്തം ജീവൻ നിലനിർത്തുക.
ഞാൻ മൂന്നാമത്തെ ഓപ്ഷൻ തെരെഞ്ഞടുത്തു’.
ജൂലൈ രണ്ടിന് അന്തരിച്ച അൽബേനിയൻ എഴുത്തുകാരൻ ഇസ്മായിൽ കദാരെയുടെ വാക്കുകൾ ഓർക്കുകയാണിവിടെ.

എഴുത്തും അധികാരവും തമ്മിലുള്ള ബന്ധത്തെ ഇത്ര ആത്മാർഥതയോടെ തുറന്നുസമ്മതിച്ച മറ്റൊരു എഴുത്തുകാരനുണ്ടാകില്ല. സ്വന്തം രാഷ്ട്രീയനിലപാടിന്റ മൂർച്ചയിൽ മരണം വരിക്കുന്ന എഴുത്തുകാർക്കിടയിൽ ജീവനിൽ കൊതിയുള്ള ഒരെഴുത്തുകാരൻ. ചരിത്രവും, മിത്തുകളും, കെട്ടുകഥകളും ഇഷ്ടപ്പെടുന്ന ഒരു മനുഷ്യൻ എങ്ങനെയാണ് രാഷ്ട്രീയ എതിർപ്പുകളുടെ പേരിൽ മരണം വരിക്കുവാൻ തയ്യാറാകുക. മരണം തന്നെ നിശ്ശബ്ദതയാണയാൾക്ക്. ജീവിതമെന്നാൽ പലവിധ ശബ്ദങ്ങളുടെ ഉയർച്ചതാഴ്ച്ചകളും. വിലയേറിയ ഒരു സമ്മാനമാണ് ജീവിതം. രാഷ്ട്രീയത്തിൽ ഹോമിക്കുവാൻ സാധിക്കാത്തത്ര വിലപ്പെട്ടസമ്മാനം.

എഴുത്തിനെ ഭരണകൂട ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെ തുറന്നുസമ്മതിച്ച കദാരെ പിന്നീട് കമൂണിസ്റ്റ് സർവ്വാധിപത്യത്തെ സംശയത്തോടെയാണ് നോക്കിക്കണ്ടത്.
എഴുത്തിനെ ഭരണകൂട ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെ തുറന്നുസമ്മതിച്ച കദാരെ പിന്നീട് കമൂണിസ്റ്റ് സർവ്വാധിപത്യത്തെ സംശയത്തോടെയാണ് നോക്കിക്കണ്ടത്.

നോവലായും, കവിതയായും, നാടകമായും എല്ലാം അവതരിപ്പിക്കപ്പെടുമ്പോൾ സാഹിത്യരചന സ്വാഭാവികമായി അയാളിലൂടെ സ്വാതന്ത്ര്യത്തെ തേടുകയാണ്. എഴുത്തുകാരന് ജീവിതത്തിൽ നേടിയെടുക്കുവാൻ കഴിയാതെ പോയ സ്വാതന്ത്ര്യത്തെ സാഹിത്യത്തിൽ തേടുന്നു. സർവാധിപത്യത്തിനും സെൻസർഷിപ്പിനും മുൻപാകെ സ്വന്തം മരണത്തിനും ജിവിതത്തിനുമിടയിൽ കയറ് വലിച്ചുകെട്ടി താളം തേടുന്ന ട്രപ്പീസ് കളിക്കാരനായി അയാൾ എഴുത്ത് തുടർന്നു. ആ എഴുത്താണ് 2024 ജൂലൈ ഒന്നാം തീയതി അൽബേനിയൻ തലസ്ഥാനമായ ടിരാനയിൽ നിലച്ചത്.

അധികാരത്തിന്റ അവതരണങ്ങളിൽ പലപ്പോഴും ജോർജ് ഓർവെലിനോടും, ഫ്രാൻസ് കാഫ്കയോടും, മിലൻ കുന്ദേരയോടും കദാരെയെ താരതമ്യം ചെയ്യാറുണ്ട്.

അമ്പതാണ്ട് നീണ്ട അദ്ദേഹത്തിന്റെ എഴുത്തിൽ നോവലുകളും, കവിതകളും, ലേഖനങ്ങളും, തിരക്കഥകളും, നാടകങ്ങളും ഉൾപ്പെടുന്നു. ഒറ്റപ്പെട്ടുകിടക്കുന്ന ബാൽക്കൻ ഭൂപ്രദേശത്തെ ലോകത്തിനുമുൻപിൽ അവതരിപ്പിക്കുമ്പോൾ ഭരണകൂടം അയാളുടെ എഴുത്തിനെ നിയന്ത്രിച്ചു. പുസ്തകങ്ങൾ നിരോധിച്ചു. നിയന്ത്രണങ്ങളിലൂടെ വളർന്നതാണ് ഇസ്മായിൽ കദാരെയുടെ എഴുത്ത്.

കസാന്റസാക്കിസിന് ക്രെറ്റ് പോലെ, ജെയിംസ് ജോയ്സിന് ഡബ്ലിൻ പോലെ, കദാരെയ്ക്ക് ജിരോകാസ്റ്റർ എന്ന അൽബേനിയൻ നഗരം പ്രധാനമാണ്. 'ദ സീജ്' (The Siege) പോലുള്ള പല നോവലുകളിലും കഥാപരിസരമായി അദ്ദേഹത്തിന്റ ജന്മസ്ഥലം കൂടിയായ ജിരോകാസ്റ്റർ കടന്നുവരുന്നു.

അധികാരത്തിന്റ അവതരണങ്ങളിൽ പലപ്പോഴും ജോർജ് ഓർവെലിനോടും, ഫ്രാൻസ് കാഫ്കയോടും, മിലൻ കുന്ദേരയോടും കദാരെയെ താരതമ്യം ചെയ്യാറുണ്ട്. സാഹിത്യത്തെ സർവ തിന്മകൾക്കും എതിരെ പ്രയോഗിക്കേണ്ട ആയുധമെന്ന നിലയ്ക്കാണ് കദാരെ മനസിലാക്കുന്നത്.
'ഞാനോരോ തവണയും എഴുതുമ്പോൾ സ്വേച്ഛാധിപത്യത്തിനുമേൽ എന്റെ കഠാര ആഴ്ന്നിറങ്ങുന്നു'- കദാരെയുടെ വാക്കുകൾ.

'ദ സീജ്' ((The Siege) പോലുള്ള പല നോവലുകളിലും കഥാപരിസരമായി അദ്ദേഹത്തിന്റ ജന്മസ്ഥലം കൂടിയായ ജിരോകാസ്റ്റർ കടന്നുവരുന്നു.
'ദ സീജ്' ((The Siege) പോലുള്ള പല നോവലുകളിലും കഥാപരിസരമായി അദ്ദേഹത്തിന്റ ജന്മസ്ഥലം കൂടിയായ ജിരോകാസ്റ്റർ കടന്നുവരുന്നു.

സാഹിത്യത്തിലുള്ള വിശ്വാസവും മനുഷ്യരുടെ ക്രിയാത്മകമായ കഴിവുകളും ചേരുമ്പോൾ ഭരണകൂടഭീകരതയിൽ നിന്ന് മനുഷ്യർ മനുഷ്യകുലത്തെ തന്നെ മുഴുവനായും രക്ഷപ്പടുത്തുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചു.

'ദി ജനറൽ ഓഫ് ദി ഡെഡ് ആർമി' എന്ന നോവൽ അൽബേനിയൻ ഭാഷയിൽ നിന്ന് ഫ്രഞ്ചിലേക്ക് പരിഭാഷ ചെയ്ത നാൾ മുതൽക്കേയാണ് കദാരെയുടെ എഴുത്ത് ആഗോളശ്രദ്ധ നേടുന്നത്. കവിതകളിൽ തുടങ്ങിയ സാഹിത്യജിവിതം പതിയെ നോവലുകളിലേക്ക് തിരിഞ്ഞു. സാഹിത്യ ജീവിതത്തിന്റെ ആദ്യ 30 കൊല്ലത്തോളം അൽബേനിയൻ കമ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴിലായിരുന്നു അയാളുടെ ജീവിതം.

യെൺവർ ഹോക്സാ എന്ന ഭരണാധികാരിയുടെ സർവാധിപത്യം അൽബേനിയൻ ജനത അനുഭവിക്കുന്ന നാളുകളായിരുന്നു അത്. ഹോക്സയും കദാരെയുടെ പ്രിയ നഗരമായ ജിരോകാസ്റ്ററിലാണ് ജനിച്ചത്. അൽബേനിയയെ ലോകത്തിന്റ ശ്രദ്ധയിൽ കൊണ്ടുവന്ന ഏകാധിപതിയും എഴുത്തുകാരനും വരുന്നത് ഒരേ നഗരത്തിൽ നിന്ന്- ജിരോകാസ്റ്ററിൽനിന്ന്.

കദാരെയുടെ 'ക്രോണിക്കൾ ഇൻ സ്റ്റോൺ'(Chronicle In Stone) എന്ന നോവലിൽ ഇതേ നഗരം പല യൂറോപ്യൻ ശക്തികളാലും അധിനിവേശം നേരിടുന്നത് കാണാം. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള, ഇസ്ലാമും ക്രിസ്തുമതവും തമ്മിലുള്ള നിരന്തര യുദ്ധങ്ങൾ അദ്ദേഹത്തിന്റെ 'ത്രീ എലിജസ് ഓഫ് കൊസോവ' (Three Elegies For Kosovo) എന്ന നോവലിൽ കാണാം.

യൗവനം മുതൽക്കേ കമ്യൂണിസ്റ്റ് അനുഭാവം പുലർത്തിയിരുന്ന കദാരെ അൽബേനിയൻ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റ ഭാഗമായും പ്രവർത്തിച്ചു. പതിനഞ്ചു വർഷത്തോളം കമ്യൂണിസ്റ്റ് പാർട്ടിയുടെ പാർലമെന്റിൽ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി അദ്ദേഹം. സ്റ്റാലിനിസ്റ്റ് സ്വഭാവമുള്ള ഭരണകൂടത്തിന്റെ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ ഭാഗമായി. സോവിയറ്റ് യൂണിയനിൽ നിന്ന് അൽബേനിയ വേർപെട്ട് മറ്റൊരു കമ്യൂണിസ്റ്റ് രാജ്യമായി മാറുമ്പോൾ അതിന് പൂർണ പിന്തുണ നൽകി കദാരെ 'ദി ഗ്രേറ്റ് വിന്റർ' എന്ന നോവൽ എഴുതി.

എഴുത്തിനെ ഭരണകൂട ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെ തുറന്നുസമ്മതിച്ച കദാരെ പിന്നീട് കമൂണിസ്റ്റ് സർവ്വാധിപത്യത്തെ സംശയത്തോടെയാണ് നോക്കിക്കണ്ടത്. ഒരു ക്ലാസിക്ക് സ്റ്റാലിനിസ്റ്റ് ഭരണത്തിനുകീഴിൽ എഴുത്താണ് അയാൾക്ക് ഏറ്റവും വലിയ ആയുധം. അധികാരത്തിൽ മത്തു പിടിച്ച് പിരമിഡുകൾ നിർമിക്കുന്ന ഭ്രാന്തൻ ഫറോവയെ അദ്ദേഹത്തിന്റ 'ദി പിരമിഡ്' എന്ന നോവലിൽ കണ്ടെത്താം. ഒരു രാജ്യത്തിന്റ മുഴുവൻ സമ്പാദ്യവും ആൾബലവും അംബരചുംബികളായ പിരമിഡുകൾ നിർമിക്കുന്നതിൽ ചെലവഴിക്കുന്ന ഫറോവ തലമുറകളായി ജനങ്ങളെ ചൂഷണം ചെയ്യുന്നത് തുടരുന്നു.

'ദി പാലസ് ഓഫ് ഡ്രീംസ്' മറ്റൊരു ശ്രദ്ധേയ രചന. ഹോക്സയുടെ അൽബേനിയൻ കമ്യൂണിസ്റ്റ് രാജ്യത്തോട് സാദൃശ്യം തോന്നുന്ന രാജ്യത്ത് ജനങ്ങൾ കാണുന്ന സ്വപനങ്ങളെ രാഷ്ട്രീയ വേർതിരിവിന്റെ പേരിൽ വിചാരണ ചെയ്യുന്ന, ജനങ്ങൾ കാണുന്ന സ്വപനങ്ങളെ റെക്കോർഡ് ചെയ്തു സൂക്ഷിക്കുന്ന ഭരണകൂടത്തെ നമുക്ക് കാണാം.

അധികാരത്തിൽ മത്തു പിടിച്ച് പിരമിഡുകൾ നിർമിക്കുന്ന ഭ്രാന്തൻ ഫറോവയെ 'ദി പിരമിഡ്' എന്ന നോവലിൽ കണ്ടെത്താം.
അധികാരത്തിൽ മത്തു പിടിച്ച് പിരമിഡുകൾ നിർമിക്കുന്ന ഭ്രാന്തൻ ഫറോവയെ 'ദി പിരമിഡ്' എന്ന നോവലിൽ കണ്ടെത്താം.

ചെറിയ രാഷ്ട്രീയ വേർതിരിവിന്റെ പേരിൽ പോലും നാടുകടത്തലും, കഴുവേറ്റലും നടക്കുന്ന രാജ്യത്ത് ഏറെ നാൾ കദാരെ രൂപകകഥകൾ എഴുതി ജീവൻ നിലനിർത്തി. രാഷ്ട്രീയ വിയോജിപ്പുകളെ തുറന്ന രാഷ്ട്രീയ പ്രസ്താവനകളായി മാറ്റാതെ അദ്ദേഹം തന്റെ കഥകളെ കൂടുതൽ അന്തരാർത്ഥങ്ങളിലൂടെയും, വിരോധാഭാസത്തിലൂടെയും അവതരിപ്പിച്ചു. അധികാരത്തിനു മുൻപിൽ എളുപ്പം പിടികൊടുക്കാത്ത എഴുത്ത്. വായനക്കാർക്കും എഴുത്തുകാർക്കും മാത്രം അറിയാവുന്ന ഭാഷയായി സാഹിത്യത്തെ മാറ്റിയെടുത്തു.

മുസോളിനിയുടെ സെൻസർഷിപ്പിനെ മറികടക്കുവാൻ മാർക്‌സിസ്റ്റ് ഉദ്ധരണികളും വാക്യങ്ങളും എഴുത്തിൽ പുതിയ വാക്കുകളിലൂടെ ഒളിച്ചുകടത്തിയ അന്റോണിയോ ഗ്രാംഷിയെ പോലെ ഇസ്മായിൽ കദാരെ, സാഹിത്യം എന്ന സ്വാതന്ത്ര്യത്തെ വായനക്കാരിലേക്ക് ഒളിച്ചുകടത്തി. മാർക്‌സിസം യുവത്വത്തിനുള്ളിൽ തെളിയിച്ച് നൽകുന്ന ആദർശവാദത്തെ കൂടെ കൂട്ടുമ്പോഴും കദാരെ അതിന്റെ രാഷ്ട്രീയ പ്രയോഗത്തിൽ ഉണ്ടാകുന്ന അടിച്ചമർത്തലുകളും വയലൻസും മനുഷ്യജീവിതത്തിലുണ്ടാക്കുന്ന ദാരുണമായ അവസ്ഥയെക്കുറിച്ച് ഭയപ്പെട്ടു.

അന്റോണിയോ ഗ്രാംഷി
അന്റോണിയോ ഗ്രാംഷി

കദാരെയുടെ ജീവിതത്തിൽ കറതീർന്ന കമ്യൂണിസ്റ്റുകളും ലിബറൽ സോഷ്യലിസ്റ്റുകളും ബൂർഷ്വാസികളും പരസ്പരം ഇടകലർന്നു ജീവിച്ചു. അവർ പരസ്പരം പ്രണയിച്ചു, വിവാഹം കഴിച്ചു. അവിടെ നല്ല മനുഷ്യരും മോശം മനുഷ്യരും തമ്മിലുള്ള വേർതിരിച്ച അവസ്ഥയില്ല. എന്നാൽ 'രാഷ്ട്രീയ വിയോജിപ്പ്' (political dissent) എല്ലാ അവസ്ഥകളിലും തുടർച്ചയായി നിലനിന്നു.

അൽബേനിയയുടെ കമ്യൂണിസ്റ്റ് ചരിത്രം പറയുമ്പോഴും, അൽബേനിയൻ ചരിത്രത്തിൽ പണ്ടെങ്ങോ നടന്നുകഴിഞ്ഞ മധ്യകാല യുദ്ധങ്ങളുടെ ശേഷിപ്പുകൾ അദ്ദേഹം കണ്ടെത്തുന്നുണ്ട്. മനുഷ്യന്റെ വിശ്വാസങ്ങളിലും, കൊടികളിലും മാറ്റം വരുമ്പോൾ രാഷ്ട്രീയ വിയോജിപ്പുകൾ മാത്രമാണ് ചരിത്രത്തുടനീളം നിരന്തരമായി തുടർന്നുപോരുന്നത്. ചരിത്രത്തെ മനുഷ്യൻ മറക്കുമ്പോഴും ഇന്ന് നടക്കുന്ന പല വിയോജിപ്പുകളും, അതേതുടർന്നുള്ള യുദ്ധങ്ങളും പുതിയതാണെന്ന് അവർ തെറ്റായി ധരിക്കുന്നു, വിശ്വസിക്കുന്നു. ഒന്നും പുതുതായില്ല എല്ലാം പഴയതിന്റെ ആവർത്തനം.

രാഷ്ട്രീയ അധികാരം ഭരണാധികാരികളുടെ കൈകളിൽ ഭദ്രമായി നിലനിൽക്കുവാൻ ഊർജസ്വലരായ യുവാക്കൾ വീണ്ടും വീണ്ടും ആത്മത്യാഗം ചെയ്യുന്നു. അധികാരത്തിന് പ്രാചീനമെന്നോ, മധ്യകാലഘട്ടമെന്നോ, ആധുനിക കാലഘട്ടമെന്നോ വേർതിരിവുകളില്ല. 'ദ സീജ്' എന്ന നോവലിൽ അൽബേനിയ ആക്രമിക്കാനെത്തുന്ന ഓട്ടോമൻ സാമ്രാജ്യത്തിന്റ ജനറൽ റ്റൂർസൻ പാഷ ആധുനിക അൽബേനിയൻ കമ്യൂണിസ്റ്റ് സ്വേച്ഛാധിപതി യെൻവർ ഹോക്സയുമായി സാദൃശ്യം പുലർത്തുന്നുണ്ട്.

മധ്യകാലത്തിലെ ഒരെഴുത്തുകാരൻ ചെയ്യുന്ന കർത്തവ്യം തന്നെയാണ് ആധുനിക കാലത്തും ഇസ്മായിൽ കദാരെ ചെയ്യുന്നത്. ഇന്നത്തെ കാലത്തെ അധികാരത്തെ കുറിച്ചെഴുതുക, യുദ്ധങ്ങളെ കുറിച്ചെഴുതുക അങ്ങനെ, അങ്ങനെ.
മധ്യകാലത്തിലെ ഒരെഴുത്തുകാരൻ ചെയ്യുന്ന കർത്തവ്യം തന്നെയാണ് ആധുനിക കാലത്തും ഇസ്മായിൽ കദാരെ ചെയ്യുന്നത്. ഇന്നത്തെ കാലത്തെ അധികാരത്തെ കുറിച്ചെഴുതുക, യുദ്ധങ്ങളെ കുറിച്ചെഴുതുക അങ്ങനെ, അങ്ങനെ.

മധ്യകാലത്തിലെ ഒരെഴുത്തുകാരൻ ചെയ്യുന്ന കർത്തവ്യം തന്നെയാണ് ആധുനിക കാലത്തും ഇസ്മായിൽ കദാരെ ചെയ്യുന്നത്. ഇന്നത്തെ കാലത്തെ അധികാരത്തെ കുറിച്ചെഴുതുക, യുദ്ധങ്ങളെ കുറിച്ചെഴുതുക അങ്ങനെ, അങ്ങനെ. സ്വേച്ഛാധിപതികൾ എല്ലാ കാലത്തും ഒരു പോലെയാണ് പെരുമാറുക. ചരിത്രപരമായ ദൗത്യങ്ങൾ നടപ്പാക്കുവാൻ എറങ്ങി തിരിക്കുന്നിടത്ത് അവർ യഥാർത്ഥത്തിൽ എന്തിനു വേണ്ടിയാണ് യുദ്ധം ചെയ്യുന്നത് എന്ന ചോദ്യം സ്വയം ചോദിക്കാൻ മുതിരുന്നില്ല. പക്ഷെ ഇസ്മായിൽ കദാരെയുടെ കഥാപാത്രങ്ങൾ പലപ്പോഴും അത്തരമൊരു ചോദ്യം ചോദിക്കുവാൻ മുതിരുന്നു. മനുഷ്യകുലത്തിന്റ മുഴുവൻ രക്തവും ഊറ്റികുടിക്കുന്ന ഒരു മെഷീനായി സാമ്രാജ്യങ്ങൾ മാറുമ്പോൾ അതിനു മുൻപിൽ സംശയങ്ങൾ ഉയർത്തുന്ന വ്യക്തികൾ കദാരെയുടെ കഥകളിൽ പ്രധാനമാണ്.

പല തവണ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നിഷേധിക്കപ്പെട്ട എഴുത്തുകാരൻ കൂടിയാണ് ഇസ്മായിൽ കദാരെ. പാശ്ചാത്യ സാഹിത്യകാരന്മാരും, വിമർശകരും കരുതും പോലെ കദാരെ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളെ പൂർണമായും തള്ളുന്നില്ല എന്നതായിരുന്നു ഒരു പ്രധാന പ്രശ്‌നം.

ഓട്ടോമൻ ജനറൽ കഥയിൽ ആത്മഹത്യ ചെയ്യുന്നത് അത്തരമൊരു സംശയത്തെ തുടർന്നാണ്. മരണം - അവിടെ നിയമങ്ങൾക്കും, സംശയങ്ങൾക്കും, സാമ്രാജ്യത്തിനും അതീതമായ ഒരു സ്വാതന്ത്രമായ ഇടം പാഷയ്ക്ക് നൽകുന്നു. സാമ്രാജ്യത്തിന്റെ കാവൽനായ്ക്കളായി പെരുമാറുന്ന ഉദ്യോഗസ്ഥരെയും, നേതാക്കളെയും കദാരെയുടെ നോവലുകളിൽ കാണാം. ഭരണകൂടത്തിനുവേണ്ടി നിരന്തരം മരണത്തെ നേരിടുന്ന അവർ എന്തിനാണ് ജീവിതമെന്ന സമ്മാനത്തെ ഇത്രയധികം കഠിനമായ, വിഷമകരമായ ഒരു അവസ്ഥയാക്കി മാറ്റുന്നത്?. ഇസ്മായിൽ കദാരെയുടെ ചോദ്യം.

'ദി ആക്‌സിഡന്റ്' (The Accident) എന്ന നോവൽ കമ്യൂണിസ്റ്റ് ഭരണത്തിനുശേഷം പാശ്ചാത്യ മൂല്യങ്ങൾ അൽബേനിയൻ സമൂഹത്തിലുണ്ടാക്കിയ സ്വാധീനങ്ങളെ കുറിച്ച് പരാമർശിക്കുന്നു. അധികാരം മനുഷ്യരുടെ മനസുകളെ കീഴടക്കുന്നതിൽ ഒളിഞ്ഞിരിക്കുമ്പോൾ മനുഷ്യരാകെ തന്നെ അവരവരുടെ സാമ്രാജ്യത്തിനുവേണ്ടി പോരാടുന്നു.

യെൺവർ ഹോക്സാ.  അൽബേനിയയെ ലോകത്തിന്റ ശ്രദ്ധയിൽ കൊണ്ടുവന്ന ഏകാധിപതി യെൺവർ ഹോക്സോയും എഴുത്തുകാൻ ഇസ്മായിൽ കദാരെയും വരുന്നത് ഒരേ നഗരത്തിൽ നിന്ന്-  ജിരോകാസ്റ്ററിൽനിന്ന്.
യെൺവർ ഹോക്സാ. അൽബേനിയയെ ലോകത്തിന്റ ശ്രദ്ധയിൽ കൊണ്ടുവന്ന ഏകാധിപതി യെൺവർ ഹോക്സോയും എഴുത്തുകാൻ ഇസ്മായിൽ കദാരെയും വരുന്നത് ഒരേ നഗരത്തിൽ നിന്ന്- ജിരോകാസ്റ്ററിൽനിന്ന്.

ആശയങ്ങളുടെ പേരിൽ മനുഷ്യരെ പരസ്പരം ഭിന്നിപ്പിക്കുകയും വഴക്കടിപ്പിക്കുകയും ചെയ്യുന്ന രീതികളെ അധികാരികൾ പിന്നിടും തുടർന്ന് പോരുന്നു. ദേശീയത, സംസ്‌ക്കാരം, സ്വാതന്ത്ര്യം എന്നീ ആശയങ്ങളുടെ നിർവചനം തന്നെ ഭരണകൂടവും അധികാരികളും നടത്തുമ്പോൾ അവയെ സ്വയം നിർവചിക്കുവാനുള്ള മനുഷ്യന്റെ അവകാശം എവിടെയാണ്?. പാശ്ചാത്യ അധിനിവേശം ചോദ്യങ്ങൾ ഏതും നേരിടാതെ ലോകമാകെ നടക്കുമ്പോൾ മനുഷ്യർക്കിടയിൽ സംഭവിക്കുന്ന മൂല്യത്തകർച്ചയും ഇസ്മായിൽ കദാരെയെ എഴുതാൻ പ്രേരിപ്പിച്ചിരുന്നു.

മറ്റു പല സാമ്രാജ്യത്വ വിരുദ്ധ എഴുത്തുകാരും അടിച്ചമർത്തലിന്റെ കാലഘട്ടത്തിനുശേഷം വെളിച്ചം കണ്ടെത്തുമ്പോൾ ഇസ്മായിൽ കദാരെ സമരവും സർവ്വാധിപത്യവും ചാക്രികമായാണ് മനസിലാക്കുന്നത്.

ഏതു തരത്തിലുള്ള അധികാരപ്രയോഗങ്ങളുമാകട്ടെ; കമ്യൂണിസ്റ്റ് സർവാധിപത്യമോ കൊളോണിയൽ സർവ്വാധിപത്യമോ നിയോ - കൊളോണിയൽ സർവ്വാധിപത്യമോ ആകട്ടെ, കദാരെ അവയെ നേരിടുന്നത് നാടുവിട്ടോ പലായനം ചെയ്‌തോ അല്ല, മറിച്ച് സർവാധിപത്യം പ്രവർത്തിക്കുന്ന നാട്ടിൽ ജീവിച്ചുകൊണ്ടാണ്. അവിടെയാണ് അയാൾ സ്വന്തം ശബ്ദം തേടുന്നതും, നിശ്ശബ്ദത ഇല്ലാതാക്കുന്നതും. അടിച്ചമർത്തലുകളെ നേരിടേണ്ടത് അടിച്ചമർത്തലുകൾ അതിന്റ ഏറ്റവും ഭീകരമായി നടപ്പാക്കപ്പെടുന്ന ഇടത്ത് ജീവിച്ചുകൊണ്ടാണ്. അധികാരത്തിനെതിരെയുള്ള ഈ സമരം നിരന്തരം തുടരുന്ന ഒന്നും. അതിന് അന്ത്യമില്ല.

മറ്റു പല സാമ്രാജ്യത്വവിരുദ്ധ എഴുത്തുകാരും അടിച്ചമർത്തലിന്റെ കാലഘട്ടത്തിനുശേഷം വെളിച്ചം കണ്ടെത്തുമ്പോൾ ഇസ്മായിൽ കദാരെ സമരവും സർവ്വാധിപത്യവും ചാക്രികമായാണ് മനസിലാക്കുന്നത്. ചരിത്രത്തിൽ ആവർത്തിക്കപ്പെടുന്ന അടിച്ചമർത്തലുകളും, രാഷ്ട്രീയ വിയോജിപ്പുകളും കാലങ്ങൾ കടന്നും അദ്ദേഹത്തിന് മുൻപിൽ തുടർന്നുകൊണ്ടേയിരിക്കുന്നു. വിപ്ലവത്തിന്റെ മുൻനിരകളിലോ, അധികാരപ്രയോഗത്തിന്റ അതിരുകളിലോ മനുഷ്യന് രക്ഷയോ മോക്ഷമോ ഇല്ല. ട്രാജിക്കലായ മനുഷ്യാവസ്ഥ രാഷ്ട്രീയത്തിലും അയാൾ കണ്ടെത്തുന്നു. ഏതെങ്കിലും ഒരു വശത്ത് ചേർന്ന് പോരാടുവാൻ അയാൾ വിസമ്മതിക്കുന്നു. എഴുത്തുകാരൻ എന്ന നിലയിൽ അയാൾ മനുഷ്യാവസ്ഥ എന്ന ഒരു ബിന്ദുവിലേക്ക് എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.

പല തവണ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നിഷേധിക്കപ്പെട്ട എഴുത്തുകാരൻ കൂടിയാണ് ഇസ്മായിൽ കദാരെ. പാശ്ചാത്യ സാഹിത്യകാരന്മാരും, വിമർശകരും കരുതും പോലെ കദാരെ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളെ പൂർണമായും തള്ളുന്നില്ല എന്നതായിരുന്നു ഒരു പ്രധാന പ്രശ്‌നം. മറ്റൊരു പ്രശ്‌നം, അയാൾ യൂറോപ്യൻ സാഹിത്യത്തിന്റെ സ്വഭാവത്തെ ബാൽക്കൻ പ്രദേശത്തേക്ക് കഥകളെ ചുരുക്കുക വഴി കൂടുതൽ സങ്കീർണമാക്കി എന്നതാണ്.

മുഖ്യധാരാ യൂറോപ്യൻ സാഹിത്യത്തിൽനിന്ന് വേറിട്ടുനിൽക്കുന്ന ഗ്രാമീണവും ഗോത്രപരവുമായ ബാൽക്കൻ നാടോടിക്കഥകളും, മിത്തുകളും കദാരെയുടെ കഥകളെ 'യൂറോപ്യൻ' എന്ന് വിളിക്കുവാൻ കഴിയാത്ത വിധം പ്രാന്തവൽക്കരിച്ചിരുന്നു. പാശ്ചാത്യ ലിബറൽ സ്വാതന്ത്ര്യം സോവിയറ്റ് കാലത്തെ കമ്യൂണിസത്തെക്കാൾ ഭീകരമായ അവസ്ഥകൾ ലോകത്ത് നിർമിച്ചെടുത്തു എന്ന നഗ്‌ന സത്യം ഉറക്കെ പറഞ്ഞതിലും ഇസ്മായിൽ കദാരെ വിമർശനം നേരിട്ടിട്ടുണ്ട്.

എളുപ്പം പരിഭാഷപ്പെടുത്തുവാൻ സാധ്യമാകാത്ത, പാശ്ചാത്യ തീർപ്പുകളോട് യോജിക്കാത്ത എഴുത്തുകാരന് യൂറോപ്യൻ സാഹിത്യഭീമന്മാരെ സംബന്ധിച്ച് എന്നും അരികുകളിലാണ് സ്ഥാനം. പഴയതും പുതിയതുമായ സാമ്രാജ്യങ്ങളുടെ രൂപകകഥകൾ, ചരിത്രത്തെയും ചരിത്രത്തിന്റ അർത്ഥത്തെയും കുറിച്ചുള്ള അന്വേഷണങ്ങൾ, മനുഷ്യമനസിന്റെ ദൃഢനിശ്ചയത്തിന്റെയും സ്ഥിരോത്സാഹത്തിന്റയും കഥകൾ എല്ലാം കദാരെ യൂറോപ്പിന്റെ അതിരുകളിലായി നിന്നുകൊണ്ട് പറഞ്ഞു.

ഇസ്മായിൽ കദാരെയുടെ മരണവാർത്ത അറിയുമ്പോൾ 'ദി മോൺസ്റ്റർ' എന്ന നോവലിന്റെ വായന ഏതാണ്ട് കഴിഞ്ഞിരുന്നു. ഒരു നഗരം മുഴുവനായും ആൾക്കൂട്ട കൊലപാതകങ്ങളിലേക്കും, ഭ്രാന്തമായ കലാപങ്ങളിലെക്കും തകർന്നടിയുന്നതാണ് കഥാപരിസരം. സമൂഹത്തിലെ ശത്രുക്കളെ ആൾക്കൂട്ട കൊലകളിലൂടെ ഇല്ലാതാക്കുന്ന ഭരണകൂടം, വർഗീയമായി ചിന്തിക്കുന്ന ആൾക്കൂട്ടങ്ങൾ എന്നിവ കഥയിൽ നിറഞ്ഞുനിൽക്കുമ്പോൾ ഗുസ്താവ് ലെ ബോണിന്റെ 'The crowd : A study of the popular mind' എന്ന പഠനവും നോവലിന്റെ രചനയിൽ കദാരെക്ക് സഹായമായിരുന്നതായി കാണാം.

ആൾക്കൂട്ടവും, അതിന്റ ജീർണിച്ച വർഗീയ മനസും കഴിഞ്ഞമാസം തന്നെ ഇന്ത്യയിൽ ഏതാണ്ട് ആറോളം ആൾക്കൂട്ട കൊലപാതകങ്ങൾ നടത്തിക്കഴിഞ്ഞിരിക്കുന്നു. കദാരെയുടെ എഴുത്തുലോകം സ്വാധീനം നേടിയെടുത്ത 'നെഗറ്റീവ് ലാൻഡ്സ്‌കേപ്പ്' ആവുകയാണ് നമ്മുടെ സമൂഹവും.

ഒരു നഗരം മുഴുവനായും ആൾക്കൂട്ട കൊലപാതകങ്ങളിലേക്കും, ഭ്രാന്തമായ കലാപങ്ങളിലെക്കും തകർന്നടിയുന്നതാണ് 'ദി മോൺസ്റ്റർ'  കഥാപരിസരം. / Photo: A still from the video of the lynching of a Muslim cow trader in Hapur, 2018
ഒരു നഗരം മുഴുവനായും ആൾക്കൂട്ട കൊലപാതകങ്ങളിലേക്കും, ഭ്രാന്തമായ കലാപങ്ങളിലെക്കും തകർന്നടിയുന്നതാണ് 'ദി മോൺസ്റ്റർ' കഥാപരിസരം. / Photo: A still from the video of the lynching of a Muslim cow trader in Hapur, 2018

അവിടെ രണ്ടു യാഥാർഥ്യങ്ങളാണുള്ളത്.
ഒന്ന്; നേരനുഭവങ്ങളിലുള്ള യാഥാർഥ്യവും മറ്റൊന്ന് ഭാവനാലോകത്തുള്ള യഥാർഥ്യവും. ഹിന്ദു രാഷ്ട്രമെന്ന ഭാവനാലോകത്തിനുവേണ്ടി രക്തവും, അധ്വാനവും കൊടുക്കുന്ന ഭാവനാലോകത്തെ ജീവികൾ നേരനുഭവങ്ങളുള്ള യാഥാർഥ്യത്തെ മറച്ചുപിടിക്കുമ്പോൾ ചരിത്രം വീണ്ടും യുദ്ധങ്ങളിലേക്കും, അടിച്ചമർത്തലുകളിലേക്കും കടക്കുകയാണ്.

പക്ഷെ ആ നേരവും ഇസ്മായിൽ കദാരെ എന്ന അസാമാന്യ എഴുത്തുകാരൻ സാഹിത്യനേട്ടങ്ങളുടെ ചരിത്രം നമ്മെ ഓർമിപ്പിക്കും ‘‘എഴുത്തുകാരെ സംബന്ധിച്ച് വ്യക്തി സ്വാതന്ത്ര്യം ഒരു പ്രധാന ഘടകമേയല്ല. വ്യക്തിസ്വാതന്ത്ര്യം ഒരിക്കലും മികച്ച സാഹിത്യസൃഷ്ടികൾ ഉറപ്പാക്കുകയില്ല. അങ്ങനയാണെങ്കിൽ ജനാധിപത്യ രാജ്യങ്ങളാകും ഏറ്റവും മികച്ച സാഹിത്യ രചനകൾ ലോകത്തിന് സംഭാവന ചെയ്യുക. ലോകത്തിലെ ഏറ്റവും മികച്ച എഴുത്തുകാർ ജീവിച്ചിരുന്നത് സർവ്വാധിപത്യത്തിന്റെ മൂക്കിനുകീഴെയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച സാഹിത്യ രചനകൾക്ക് എന്നും സ്വാതന്ത്ര്യവുമായി ഒരു ട്രാജിക് ബന്ധമാകും ഉണ്ടാകുക, മനുഷ്യാവസ്ഥ പോലെ''.

നിയന്ത്രണങ്ങൾ മറികടക്കാനാഗ്രഹിക്കുന്നവർക്കും ജീവനിൽ കൊതിയുള്ളവർക്കും ഇസ്മായിൽ കദാരെ എന്നും പ്രിയപ്പെട്ടവനാകും.

Comments