ഭൂഗോളം കവിഞ്ഞും പരക്ക​ട്ടെ, ബഷീർ

ബഷീർ എഴുത്തിലൂടെ ആവിഷ്കരിച്ച സ്നേഹവും സാഹോദര്യവും വലിയ വെല്ലുവിളികൾ നേരിടുന്ന ഇന്ത്യൻ സാഹചര്യത്തിൽ, ബഷീർ സ്മരണ നീണാൾ വാഴട്ടെ. വൈക്കം മുഹമ്മദ് ബഷീർ വിട പറഞ്ഞിട്ട് ഇന്ന് മൂന്നു പതിറ്റാണ്ട് തികയുന്നു.

വൈക്കം മുഹമ്മദ് ബഷീർ എപ്പോഴാണ് മനസ്സിൽ കുടിയേറിയതെന്ന് ചിലപ്പോഴൊക്കെ ആലോചിക്കാറുണ്ട്. സ്കൂൾ പാഠപുസ്തകത്തിലെ ഭൂമിയുടെ അവകാശികളിലൂടെ, പാത്തുമ്മയുടെ ആടിലൂടെ ആയിരിക്കും എന്നോർത്തെടുക്കുന്നു. എന്നാലും കാറ്റുപോലെ ഒരദൃശ്യ സാന്നിധ്യമായി ബഷീർ ജീവിതത്തിലെപ്പോഴും കൂടെയുണ്ടായിരുന്നു എന്നൊരു തോന്നൽ. സർവ്വ ചരാചരങ്ങളെയും സ്നേഹിക്കാൻ പഠിപ്പിച്ച 'ഭൂമിയുടെ അവകാശികളി'ലെ ബഷീർ.

'പാത്തുമ്മയുടെ ആട്' കുട്ടികൾക്കെല്ലാം ഇഷ്ടമാകുന്ന വിധത്തിലാണല്ലോ അദ്ദേഹം എഴുതിയത്. ദരിദ്രമായ ഒരു വീടിൻ്റെ ചിത്രീകരണം എത്ര ഹൃദ്യവും നർമരസപ്രധാനവുമായിട്ടാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സ്വന്തം ജീവിതത്തെ അൽപം പോലും മറയില്ലാതെ തുറന്നുവയ്ക്കുകയാണ് 'ആടി'ലൂടെ ബഷീർ. അതിൻ്റെ ജീവനും ഓജസ്സും നോവലിൽ കാണാനുണ്ട്. ‘‘പാത്തുമ്മയുടെ ആട് ചുമ്മാ ഒരു കഥയല്ല. അതിലെ കഥാപാത്രങ്ങളെല്ലാം ഈശ്വരാനുഗ്രഹത്താല്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഇത് എന്റെ വീട്ടിലെ സത്യമായ കഥയാണെന്നോര്‍ക്കണം’’.
ആ സത്യകഥയെ നേരിയ പുഞ്ചിരിയോടെ തലോടി എത്രയോ തവണയാണ് മലയാളി വായിച്ചത്.

'ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് ' എന്ന നോവൽ വായിച്ച് ഒറ്റയ്ക്കിരുന്ന് എത്ര നേരമാണ് ചിരിച്ചത്. 'വെളിച്ചത്തിനെന്തൊരു വെളിച്ചം' എന്നു വായിച്ചപ്പോൾ അന്ധാളിച്ചൽപ്പസമയം ഇരുന്നുപോയി. മുസ്‍ലിം സമുദായത്തിലെ അനാചാരങ്ങളെ നിസാർ അഹമ്മദ് ചോദ്യം ചെയ്യുമ്പോൾ, എല്ലാ സമുദായത്തിലും ഇങ്ങനെയുള്ള അനാചാരങ്ങൾ നിലനിൽക്കുന്നുണ്ടല്ലോ എന്നാലോചിച്ചു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ അന്ധാകാരം നീങ്ങി വെളിച്ചം പരക്കൂ എന്ന് ബഷീർ പറഞ്ഞില്ല. 'ന്താ, ബാപ്പ എന്നെ എയ്ത്ത് പഠിപ്പിക്കാഞ്ഞേ' എന്ന് സൈനബ ബാപ്പയോട് ചോദിച്ചു.

ആ പൂവ് നീ എന്തു ചെയ്തു? 
ഏതു പൂവ്?
രക്തനക്ഷത്രംപോലെ കടുംചെമപ്പായ ആ പൂവ്? 
ഓ അതോ...? 
അതെ, അതെന്തു ചെയ്തു? 
തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്? 
ചവിട്ടി അരച്ചുകളഞ്ഞോ എന്നറിയുവാന്‍? 
കളഞ്ഞെങ്കിലെന്ത്? 
ഓ...ഒന്നുമില്ല... അതെന്റെ ഹൃദയമായിരുന്നു.

അനുരാഗത്തിൽ കൽപ്പനകൾക്ക് ചിറകുമുളയ്ക്കുന്നതും ആകാശവിതാനം തൊടുന്നതും ബഷീർ കൃതികളിൽ കാണാനാകും. ഹൃദയം പറിച്ചുകൊടുത്താലും ചെമ്പരത്തിപ്പൂവാണെന്ന് പറയുന്ന നാടൻ പ്രയോഗത്തെ അഭൗമമായ തലത്തിലേയ്ക്കുയർത്തി, കാമുകി - കാമുകന്മാർക്ക് സമ്മാനിക്കുകയാണ് 'പ്രേമലേഖന'ത്തിലെ മേൽപ്പറഞ്ഞ 'കവിത'യിലൂടെ ബഷീർ. കേശവൻ നായരും സാറാമ്മയും പ്രേമിക്കുകയും വിവാഹം കഴിയ്ക്കുകയും ചെയ്യുമ്പോൾ കടുത്ത വർഗ്ഗീയവാദിയല്ലാത്ത ഏതൊരാളും മംഗളം നേരും. ഉൽകൃഷ്ടമായ ആശയങ്ങളെ അത്രമേൽ സരസവും ലളിതവുമായാണ് ബഷീർ അവതരിപ്പിക്കുന്നത്.

മണ്ടൻ മുത്തപ്പയ്ക്ക് സൈനബയെ വിവാഹം കഴിയ്ക്കണമെങ്കിൽ അവളുടെ ബാപ്പ ഒറ്റ ക്കണ്ണൻ പോക്കറെ, മുച്ചീട്ടുകളിയിൽ മുത്തപ്പാ തോൽപ്പിക്കേണ്ടതുണ്ടായിരുന്നു. അത് അസാദ്ധ്യമാണെന്ന് സൈനബയ്ക്ക് അറിയാമായിരുന്നതിനാലാണ് ചീട്ടിൻ്റെ മൂലയ്ക്ക് സൂചിപ്പഴുതുകളിട്ട് മണ്ടൻ മുത്തപ്പയെ സുഹ്റ സഹായിക്കുന്നത്. ബാപ്പയെ തോൽപ്പിച്ചു കൊണ്ടാണ് സുഹ്റ മുത്തപ്പയെ വിവാഹം കഴിയ്ക്കുന്നത്. പ്രണയത്തിനു മുന്നിൽ യാഥാസ്ഥിതികത്വത്തിൻ്റെ വാളുമായി സ്വന്തം പിതാവ് നിന്നാലും പരാജയപ്പെടേണ്ടിവരുമെന്ന് 'മുച്ചീട്ടുകളിക്കാരൻ്റെ മകളി'ൽ ബഷീർ പ്രഖ്യാപിക്കുന്നു. പ്രണയബന്ധങ്ങളിലെ മാത്രമല്ല, മനുഷ്യബന്ധങ്ങളുടെ അകക്കാമ്പായി ജനാധിപത്യ, മതേതര മൂല്യ സങ്കൽപ്പങ്ങളാണ് ഉണ്ടാവേണ്ടതെന്ന് ബഷീർ കൃതികൾ നർമ്മത്തിൽ പൊതിഞ്ഞ് പറയുന്നു.

പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവും ആയിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത്‌ എങ്ങനെ വിനിയോഗിക്കുന്നു?
ഞാനാണെങ്കിൽ  - എന്റെ ജീവിതത്തിലെ നിമിഷങ്ങൾ ‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തിൽ ‍കഴിക്കുകയാണ്. സാറാമ്മയോ?ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയാൽ ‍എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട്,
സാറാമ്മയുടെ കേശവൻ നായർ.

സാറാമ്മയ്ക്കെന്നല്ല, ഭൂമിയിലെ ഒരു സാറാമ്മയ്ക്കും നിരസിയ്ക്കാനാവാത്ത വിധം തികവാർന്ന ഒരു പ്രണയലേഖനമാണ് കേശവൻ നായർ തയ്യാറാക്കി സാറാമ്മയുടെ കാൽക്കൽ സമർപ്പിച്ചത്. ഇക്കാലത്തും ‘ട്രൂ ലൗവ്വി’ൽ വിശ്വസിക്കുന്ന കാമുകന്മാർക്ക് പൊടി തട്ടി ഉപയോഗിക്കാവുന്ന ഉരുപ്പടിയാണ് കേശവൻ നായരുടെ പ്രേമലേഖനം. സംഘപരിവാറിൻ്റെ വർഗ്ഗീയ ഫാക്ടറികളിൽ ഉൽപ്പാദിപ്പിച്ച 'ലൗ ജിഹാദ്' പോലുള്ള വിഷോൽപ്പന്നങ്ങൾ, അരമനകൾ പോലും വിൽക്കുന്ന കാലത്ത്, ജാതി- മതാതീതമായ പ്രണയവും ദാമ്പത്യവും ഉദ്ഘോഷിച്ച പ്രേമലേഖനത്തിന് വളരെയേറെ പ്രസക്തിയുണ്ട്.

ആനവാരി രാമൻ നായർ, മണ്ടൻ മുത്താപ്പാ, പൊൻകുരിശ് തോമ, സുഹ്റ, മജീദ്, പാത്തുമ്മ, ഐഷുക്കുട്ടി, കേശവൻ നായർ, സാറാമ്മ, ഒറ്റക്കണ്ണൻ പോക്കറ്, ജമീല ബീവി തുടങ്ങിയ വൈവിധ്യം നിറഞ്ഞ എത്രയെത്ര കഥാപാത്രങ്ങളെയാണ് ബഷീർ ജീവിതത്തിൽ നിന്നും കണ്ടെടുത്തത്.
"ബാല്യകാലസഖി ജീവിതത്തിൽനിന്ന് വലിച്ചുചീന്തിയ ഒരേടാണ്, വക്കിൽ രക്തം പൊടിഞ്ഞിരിയ്ക്കുന്നു’’ എന്ന് ബാല്യകാലസഖിയുടെ അവതാരികയിൽ വിഖ്യാത നിരൂപകൻ എം.പി. പോൾ എഴുതി. അത്രമേൽ ജീവിതത്തോട് ചേർന്നുനിൽക്കുന്ന കഥകളും കഥാപാത്രങ്ങളുമാണ് ബഷീറിൻ്റെ തൂലികയിൽനിന്ന് പിറന്നുവീണത്.

സമൂഹത്തിലെ അടിസ്ഥാന വർഗ്ഗത്തിൽ പെടുന്ന മനുഷ്യരെ കേന്ദ്രകഥാപാത്രങ്ങളാക്കി സാഹിത്യസൃഷ്ടികൾ രൂപപ്പെട്ടു തുടങ്ങിയത് നവോത്ഥാന പ്രസ്ഥാനത്തിൻ്റെ ഭാഗമായാണ്. കുമാരനാശാനിൽ തുടങ്ങി, തകഴി, പൊറ്റക്കാട്, കേശവദേവ്, ഉറൂബ്, ലളിതാംബിക അന്തർജ്ജനം, കാരൂർ തുടങ്ങിയവരുടെ രചനകളിൽ ഈ പ്രവണത തെളിഞ്ഞുകാണാം. രാജാക്കന്മാരുടെയും പടനായകന്മാരുടെയും വീരസാഹസിക കഥകൾക്കുപകരം സാധാരണ മനുഷ്യരുടെ ദാരിദ്ര്യവും പട്ടിണിയും മറ്റ് സാമൂഹ്യ പ്രശ്നങ്ങളും കേന്ദ്ര പ്രമേയമായിത്തീർന്നു. ബഷീർ അവിടെയും നിന്നില്ല. കള്ളനും പോക്കറ്റടിക്കാരനും വേശ്യയും കോങ്കണ്ണനുമൊക്കെ അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളായി. ആനയുണ്ടായിരുന്നെന്ന ഉപ്പൂപ്പമാരുടെ തറവാടിത്തഘോഷത്തെ കുഴിയാനക്കഥയാക്കി നിലയ്ക്കുനിർത്തി. സമൂഹത്തിൻ്റെ എല്ലാ പുറംപൂച്ചുകളെയും തുറന്നുകാട്ടി മനുഷ്യസ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പുതിയ ഗാഥകൾ രചിച്ചു.

"ഞാനും നീയും ചേർന്ന്, നിങ്ങളും നമ്മളും ചേർന്ന് രണ്ടാവുകയല്ല വേണ്ടത്, നമ്മളെന്ന സുന്ദരമായ ഒന്നാവുകയാണ് വേണ്ടത്’’, ‘‘ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി ബല്യ ഒന്ന്’’ എന്നൊക്കെ ബഷീറിന് എഴുതുവാൻ സാധിക്കുന്നത്, അദ്ദേഹം വിശ്വസാഹോദര്യത്തിൽ വിശ്വസിച്ച സാഹിത്യകാരനായിരുന്നു എന്നതിനാലാണ്.

''ഭാരതത്തിൻ്റെ ഓരോ പട്ടണങ്ങളിലും അലഞ്ഞുനടന്ന് എത്രയെത്ര കൊല്ലം എത്രയെത്ര ജാതിയായി ഞാൻ താമസിച്ചു. ആരുടെയൊക്കെ ആഹാരമാണ് ഞാൻ. എൻ്റെ രക്തവും എൻ്റെ മാംസവും എൻ്റെ അസ്ഥിയും ഭാരതത്തിൻ്റേതാണ്. കന്യാകുമാരി മുതൽ കാശ്മീർ വരെയും കറാച്ചി മുതൽ കൽക്കട്ടവരെയും അങ്ങനെ ഭാരതത്തിൻ്റെ മിക്ക ഭാഗത്തും എനിയ്ക്ക് സുഹൃത്തുക്കളുണ്ട്. പെണ്ണും ആണുമായ ഓരോ സുഹൃത്തിനെയും ഇന്നു ഞാൻ സ്മരിക്കുന്നു. സ്മരണ. ഓരോരുത്തരെയും തഴുകിക്കൊണ്ട് എൻ്റെ സ്നേഹം അങ്ങനെ പരക്കട്ടെ. ഭാരതം കവിഞ്ഞും...ഭൂഗോളം കവിഞ്ഞും...സുഗന്ധത്തിൽ മുഴുകിയ നറുംനിലാവു പോലെ സ്നേഹം’’.

ബഷീർ എഴുത്തിലൂടെ ആവിഷ്കരിച്ച സ്നേഹവും സാഹോദര്യവും വലിയ വെല്ലുവിളികൾ നേരിടുന്ന ഇന്ത്യൻ സാഹചര്യത്തിൽ, ബഷീർ സ്മരണ നീണാൾ വാഴട്ടെ.

Comments