കവിതയിലെ ചെരിഞ്ഞ ഗ്ലോബ്

പ്രവാസിയിൽ സംഭവിക്കാവുന്ന ഉഭയജീവിതാവസ്ഥയിന്മേൽ ഒരുതരം പരിഭാഷ പുരട്ടുന്ന പ്രത്യേക ഭാഷാസവിശേഷത ആർജ്ജിച്ച കവിതയാണ് കുഴൂർ വിത്സന്റേത്. താൻ ഇടപെടുന്ന ദ്വിരാഷ്ട്ര സാമൂഹ്യ സാഹചര്യവുമായി ഇത്രമേൽ സംഘർഷത്തിൽ ജീവിതത്തിന്റെ അടയാളം ഇക്കാലയളവിൽ പല കവികളും നന്നായി എഴുതിക്കാട്ടിയിട്ടുണ്ട്- കുഴൂർ വിത്സന്റെ കവിതകളുടെ പഠനം.

Can you describe history,
I’d like to know?
Isn’t it a fiction that pretends to be fact
Like, A journal of the Plague Year.
- Tom Paulin / Liberty Tree.

ഭൂമിക്ക് ചെറുചെരിവുണ്ട് എന്നതുകൊണ്ടായിരിക്കണം എല്ലാ ഗ്ലോബും ചെരിഞ്ഞിരിക്കുന്നത്. വലിയ മിനാരങ്ങൾക്കൊക്കെ ഒരു ചെറിയ ചെരിവുണ്ട് എന്ന് പറയാറുണ്ട്. പാരീസിയിലെ ചെരിഞ്ഞ ഗോപുരം ലോകാത്ഭുതമായത് ഈ പ്രത്യേകത നിമിത്തമാണ്. കാലം ചെല്ലുന്തോറും ആ ചെരിവിൽ മാറ്റമുണ്ടാവുന്നുണ്ട് എന്നും കേൾക്കുന്നു.

ചെരിവിനെക്കുറിച്ച് പറഞ്ഞുകൊണ്ട് കവിതയെക്കുറിച്ചുള്ളൊരു പഠനം ആരംഭിക്കാൻ കാരണമുണ്ട്. ഏതൊരു കലാരൂപവും കാലത്തിന്റെ ഭാവാത്മകവും സാങ്കേതികവുമായ ചെരിവു കൂടി അടയാളപ്പെടുത്തുന്നു. അതാതുകാലത്തെ പ്രാതിഭാസിക ജ്ഞാനവുമായി ഏത് കലയും ബന്ധപ്പെട്ടു കിടക്കുന്നു.

കുഴൂർ വിത്സന്റെ കവിതകളെ ഞാൻ ആദ്യം ശ്രദ്ധിക്കുന്നത്, കേരളത്തിലെ പ്രവാസ കവിതളെക്കുറിച്ചുള്ള എന്റെ പഠനകാലത്താണ്. അന്ന് അദ്ദേഹം യു എ ഇയിൽ മാധ്യമപ്രവർത്തകനായിരുന്നു. തന്റെ ചില കവിതകൾ എന്നെ വല്ലാതെയാകർഷിക്കാൻ കാരണം, ഒരുപ്രവാസിയുടെ ഉഭയമാനസികാവസ്ഥയെ അവയിൽ തിരിച്ചറിഞ്ഞപ്പോഴാണ്.

നമ്മുടെ പ്രവാസ കവികളിൽ അധികവും ഗൾഫ് രാജ്യത്താണ്. അതുകൊണ്ട് ഗൾഫ് മേഖല ലാക്കാക്കിയാണ് നമ്മുടെ പ്രവാസി കവിത മുഖ്യമായും പഠിക്കപ്പെട്ടിട്ടുള്ളത്. 90-കൾക്ക് മുമ്പേയുള്ള കവികളുടെ കവിതയും ശേഷമുള്ള കവിതയും ഏറെ വ്യത്യാസമുണ്ട്. ലോക സാമ്പത്തിക - സാമൂഹിക മേഖലയിൽ ഉണ്ടായ മാറ്റത്തെക്കൂടി അടിസ്ഥാനമാക്കിയാണ്, ഇത്തരം കവിതകളിലെ സവിശേഷത തിരിച്ചറിയേണ്ടിവരിക. ധന മൂലധനവ്യവസ്ഥ (Finance Capital) ശക്തമാവുന്നത് 90- കളോടെ, ആഗോള നവ മുതലാളിത്ത വ്യവസ്ഥക്ക് ആക്കം കൂടിയതിൽ പിന്നെയാണ്.

പിൽക്കാല ആധുനിക മലയാള കവിതയിൽ കെ.ജി.എസ്സിന്റെ കൊച്ചിയിലെ വൃക്ഷങ്ങൾ അഴിച്ചുവിട്ട ഭാവുകത്വം ഈ മാറ്റത്തെ പ്രതിനിധീകരിക്കുന്നുണ്ട്. അധികാരത്തിന്റെ ചിഹ്നങ്ങളായിരുന്ന രാജാത്തെരുവുകളെയും രാജാപ്പാർട്ടുകളെയും കല്പനികവത്കരിക്കയുകയും പിന്നെപ്പിന്നെ അവയുടെ ചരിത്രവും മിത്തുമടക്കം വിപണിയുടെ ഭാഗമായി ക്രയവിക്രയം ചെയ്യപ്പെടുകയും ചെയ്തു. അവയുടെ സാംസ്‌കാരിക പ്രതിഫലനങ്ങൾ നമ്മുടെ കവിതയിലും പ്രതിഫലിച്ചു കണ്ടു. ഇക്കാലയളവിൽ, പ്രവാസികളുടെ കാര്യത്തിലും മനുഷ്യബന്ധങ്ങളിലും തൊഴിൽബന്ധങ്ങളിലും വൻ മാറ്റങ്ങൾക്ക് കളമൊരുങ്ങി. ഈ ഘട്ടത്തിൽ കേരളത്തിൽനിന്നുള്ള നിരവധി എഴുത്തുകാർ ഗൾഫ് ഉപേക്ഷിച്ചു തുടങ്ങുകയുണ്ടായിട്ടുണ്ട്. ചിലരാവട്ടെ,അവിടെ ബാക്കിയാവുകയും ചെയ്തു.

ആർ. പാർത്ഥസാരഥി കോളനിക്കാല പ്രവാസകാല ജീവിതത്തിന്റെ കഠിനതകളെക്കുറിച്ച് തന്റെ കവിതകളിൽ വിസ്തരിക്കുന്നുണ്ട്. ബ്രിട്ടീഷ് കോളനിവൽക്കരണത്തോടെ എപ്രകാരമാണ് ദേശീയവും പ്രാദേശീയവുമായ സാംസ്‌കാരിക ജീവിതത്തിൽ മാറ്റം സംഭവിക്കുന്നത് എന്ന തത്വം ഉദ്വേഗജനകമായി കുറിക്കുന്നു, അദ്ദേഹം. അധിനിവേശകശക്തിയുടെ കീഴിൽ തദ്ദേശീയർ അനുഭവിച്ച സാംസ്‌കാരിക പരിണാമം മുഖ്യമായും തമിഴ് സംസ്കാരത്തെയും ആർട്ടിസ്റ്റ് എന്ന നിലക്ക് തന്റെയും ജീവിതസ്വത്വത്തെ എത്രമേൽ ദുഷ്കരമാക്കി എന്ന് ആ കവിതകൾ ആവർത്തിച്ചു പറയുന്നുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിനു കീഴിൽ ഇവിടുത്തെ കവികൾ പിന്നിടേണ്ടിവന്ന കൊടിയ ഉഭയജീവിതത്വം ഒരു പക്ഷെ കുടിയേറ്റക്കാരായ പിൽക്കാല കവികൾക്ക് അജ്ഞാതമാണ്. രാഷ്ട്രീയ കാരണങ്ങളാൽ നാടുകടത്തപ്പെട്ട കവികൾക്കാണ് പ്രവാസജീവിതത്തിന്റെ ദുഷ്കരമുഖം അത്തരത്തിൽ താണ്ടേണ്ടി വന്നിട്ടുണ്ടാവുക.

മലയാള ആധുനികാനന്തര കവിത ബഹുല ലാവണ്യവും രാജ്യാന്തരാ ബന്ധങ്ങളുടെ രാഷ്ട്രീയവും പ്രായോഗികമായി പ്രകാശിപ്പിക്കാനുള്ള യോഗ്യത നേടുന്നത് പ്രവാസ കവികളിലൂടെയാണ്.

പാർത്ഥസാരഥിയുടെ, Rough Passage എന്ന സമാഹാരത്തിലെ കവിതകളിലും തന്റെ ആത്മകഥാപരമായ മറ്റെഴുത്തുകളിലും ഈ കാലഘട്ടത്തിന്റെ ഉഭയ സാംസ്‌കാരിക ഇന്ത്യയെതന്നെ വായിച്ചെടുക്കാൻ പറ്റും.

പ്രവാസിയിൽ സംഭവിക്കാവുന്ന ഉഭയജീവിതാവസ്ഥയിന്മേൽ ഒരുതരം പരിഭാഷ പുരട്ടുന്ന പ്രത്യേക ഭാഷാസവിശേഷത ആർജ്ജിച്ച കവിതയാണ് കുഴൂർ വിത്സന്റേത്. താൻ ഇടപെടുന്ന ദ്വിരാഷ്ട്ര സാമൂഹ്യ സാഹചര്യവുമായി ഇത്രമേൽ സംഘർഷത്തിൽ ജീവിതത്തിന്റെ അടയാളം ഇക്കാലയളവിൽ പല കവികളും നന്നായി എഴുതിക്കാട്ടിയിട്ടുണ്ട്. മുസഫർ അഹമ്മദ് പൊതിക്കെട്ടുകൾ എന്ന കവിതയിൽ ചെയ്യുമ്പോലെ , ഇന്ത്യ -പാകിസ്ഥാൻ സംഘർഷ ബന്ധത്തിന്റെ ക്രോസ് ബോർഡറിലിരുന്ന് രാജ്യാന്തര രാഷ്ട്രീയ ബന്ധങ്ങളെ പ്രശ്നവൽക്കരിക്കുന്ന കവിതകളും നമുക്കുണ്ടായി. ദേശീയത, രാജ്യസ്നേഹം എന്നീ സംപ്രത്യയങ്ങളെ പ്രവാസിയുടെ അനുഭവബോധത്തിലിരുന്ന് പ്രശ്നവൽക്കരിക്കുന്ന കാവ്യാനുഭവമാക്കി മാറ്റിയ മറ്റു വിശേഷപ്പെട്ട കവിതകളും ഉണ്ടായി. സർജുവും ടി.പി. അനിൽകുമാറും ബിന്ദു സന്തോഷും കമറുദ്ദീനും രാംമോഹനുമൊക്കെ ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ട കവികളാണ്.

വി. മുസഫർ അഹമ്മദ്
വി. മുസഫർ അഹമ്മദ്

ഇങ്ങനെയൊക്കെ കവിതയെ നിരൂപണം ചെയ്യേണ്ടിവരുന്നത് എത് കലാസൃഷ്ടിയും നേരിട്ട് സാമൂഹ്യബന്ധങ്ങളാൽ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു എന്നയർത്ഥത്തിലല്ല. പ്രതിനിധാനപരമായി അങ്ങനെയൊരു സാധ്യത കലാസൃഷ്ടികൾക്കുണ്ട് എന്ന് പറയാനാണ്. കലാസൃഷ്ടിയുടെ സ്വയം പ്രവർത്തനക്ഷമതയെ (Autonomy) ഇത്തരം വിമർശനങ്ങൾ ബാധിക്കുമോ എന്നകാര്യത്തിൽ തർക്കമുള്ള കാലമാണിത്.

മലയാള ആധുനികാനന്തര കവിത ബഹുല ലാവണ്യവും രാജ്യാന്തരാ ബന്ധങ്ങളുടെ രാഷ്ട്രീയവും പ്രായോഗികമായി പ്രകാശിപ്പിക്കാനുള്ള യോഗ്യത നേടുന്നത് പ്രവാസ കവികളിലൂടെയാണ് എന്നൊരു എളിയ നിരീക്ഷണം എന്റെ വിമർശനനോട്ടപ്പാടിൽ മുമ്പേ രേഖപ്പെടുത്തിയിട്ടുണ്ട്. ദേശീയതയും രാജ്യസ്നേഹവും മനുഷ്യരുടെ യഥാർത്ഥമായ വസ്തുസ്വത്വത്തെയല്ല, രൂപകാത്മകമായ യഥാർഥ്യത്തെയാണ് അഭിമുഖീകരിക്കുന്നതെന്ന് ഈ കവിതകളിൽ ആഴത്തിൽ തിരിച്ചറിയുന്നുണ്ട്. കാവ്യഭാഷയുടെ പരിഭാഷാപ്രക്രിയ ഇവയെ കൂടുതൽ തുറന്നുകാട്ടുന്നു. ജീവിതാവസ്ഥയുടെ ഇത്തരം പരിഭാഷാപ്രക്രിയയിൽ സത്വരമായ ഒരു റോൾ വിത്സന്റെ ചില കവിതകളിലുണ്ട്. ഒറിജിനലും പകർപ്പും തമ്മിലുള്ള പരസ്പര ബന്ധത്തെ ഈ കവിതകളിൽ ചിലതെങ്കിലും പ്രശ്നവൽക്കരിക്കുന്നു.

‘ഈന്തപ്പനകൾ
തുറിച്ചുനോക്കുന്ന തെങ്ങുകളോട് കാര്യം തിരക്കിയപ്പോൾ,
വിവർത്തനത്തിന് ശേഷമുള്ള തെങ്ങുകളാണ് ഞങ്ങൾ’
എന്നാണ് ഉത്തരം.

അജ്മാൻ കടപ്പുറത്ത് എന്ന ലഘു കവിത ഇങ്ങനെയാണ്:

‘വീണ്ടുമൊരു കടൽത്തിരം
കാൽവിരലുകൾ നനയിച്ചു കുട്ടിക്കാലം
മായ്ക്കുന്നില്ലവൾ.
കടലമ്മ കള്ളിയെന്നെഴുതിയിട്ടും
കാത്തിരുന്നു മുഷിഞ്ഞപ്പോൾ
മൊഴിഞ്ഞു ഉള്ളിലെ മുതിർന്നയാൾ
മലയാളമറിയാത്ത പെണ്ണാണ്
വിവർത്തനം ചെയ്യണം’

ഏകശിലാത്മകമോ കേന്ദ്രീകൃതമോ ആയ ഒന്നിനോടും ആത്മയ്ക്യം പ്രാപിക്കാതെ പലവഴികളിൽ സഞ്ചരിക്കുന്ന അനുഭവം കുഴൂർ വിത്സന്റെ കവിതകളുണ്ടാക്കുന്നു.
ഏകശിലാത്മകമോ കേന്ദ്രീകൃതമോ ആയ ഒന്നിനോടും ആത്മയ്ക്യം പ്രാപിക്കാതെ പലവഴികളിൽ സഞ്ചരിക്കുന്ന അനുഭവം കുഴൂർ വിത്സന്റെ കവിതകളുണ്ടാക്കുന്നു.

ദേശത്തുനിന്ന് കൊണ്ടുവന്ന ഏതോർമ്മയും അനുഭവങ്ങളും പ്രവാസ സാഹചര്യത്തിൽ പരിഭാഷക്ക് വിധേയമാക്കാതെ വയ്യ. ‘കമറുൾ നാട്ടിൽപ്പോകുന്നു’ എന്ന കവിതയിൽ വസ്തുവഹകളുടെ വ്യവഹാര പ്രക്രിയയിൽ ഇതേ പരിഭാഷാവികാരം നിഴലിക്കുന്നത് കാണാം.

‘ഭൂമിയിലെ ആ ചെടിയോടും
വൈകുന്നേരം വീശുന്ന കാറ്റിനോടും
വരാമെന്നുപറഞ്ഞ കൂട്ടുകാരനോടും
എല്ലാവരോടും എല്ലാവർക്കും
ഞങ്ങളുടെ കത്തുകളുമായി
കമറുൾ നാട്ടിലേക്ക് പോകുന്നു.

ഭൂമിയിൽ ഇപ്പോൾ
സമയമെന്തായിരിക്കും
എന്ന് വിചാരിച്ച്
ഞങ്ങൾ കൈവീശുന്നു’

കത്ത് ഒരർത്ഥത്തിൽ ഒരു പരിഭാഷ കൂടിയാണ്. മൂലവികാരത്തെ (ഭാഷ) ചോർന്നുപോകാതെയോ കൂട്ടിച്ചേർക്കാതെയോ പരിഭാഷയിൽ വായിച്ചെടുക്കാൻ കഴിയില്ല. ഒരുകാലത്ത് കത്തിലൂടെ മാത്രമുള്ള ബന്ധമായിരുന്നു, പ്രവാസിയും ഉറ്റവരും ഉടയവരും തമ്മിലുണ്ടായിരുന്നത്, എന്നോർമ്മിക്കുക.

മരങ്ങളും കിളികളും മൃഗങ്ങളും തിങ്ങിനിറഞ്ഞ ഹരിതാഭമായൊരു ദേശം കേരളത്തിൽനിന്ന് കുടിയേറുന്ന ഏതൊരു മനുഷ്യന്റെ ഉള്ളിലും ശക്തമാണ്. സ്വദേശത്തിന്റെ സ്വഭാവത്തെ മറുനാടിന്റെ അഭാവം കൊണ്ട് മറച്ചുപിടിക്കാനുള്ള ഗൾഫ് പ്രവാസിയുടെ ശ്രമം ഒരു shadow comparison പോലെ തോന്നുമെങ്കിലും കവിതയുടെ ഓർഗാനിസത്തിനകത്ത് അവയുണ്ടാക്കുന്ന രാസമാറ്റം ചെറുതല്ല. കവിത വാക്കുകളുടെ ഒരു മോണ്ടാഷ് കൂടിയാണിവിടെ.

കത്ത് ഒരർത്ഥത്തിൽ ഒരു പരിഭാഷ കൂടിയാണ്. മൂലവികാരത്തെ (ഭാഷ) ചോർന്നുപോകാതെയോ കൂട്ടിച്ചേർക്കാതെയോ പരിഭാഷയിൽ വായിച്ചെടുക്കാൻ കഴിയില്ല.
കത്ത് ഒരർത്ഥത്തിൽ ഒരു പരിഭാഷ കൂടിയാണ്. മൂലവികാരത്തെ (ഭാഷ) ചോർന്നുപോകാതെയോ കൂട്ടിച്ചേർക്കാതെയോ പരിഭാഷയിൽ വായിച്ചെടുക്കാൻ കഴിയില്ല.

ഓർമകൾ ജീവിതബോധത്തിന്റെ കണ്ണാടിയായി ഭവിക്കുന്നത് പ്രവാസ ജീവിതത്തിൽ സാധാരണമാണ്. ഇത്തരം ഘട്ടങ്ങളിൽ നാർസിസിസ്സം (ആത്മരധാനരതി) കലയിൽ സുപ്രധാനമാധ്യമമായിത്തീരാറുണ്ട്. മുകളിൽ പറഞ്ഞതിന്റെ തുടർച്ചയായി ഈ കവിതകളിൽ അങ്ങനെയും ചിലത് വായിച്ചെടുക്കാം.

‘‘ഭൂലോക സുന്ദരി ജറെയുടെ ഒരു സാധാരണ ദിവസത്തെ ഡയറിക്കുറിപ്പി’ൽ,
‘എത്ര നോക്കിയാലും
മതിവരാത്ത
കണ്ണാടി തന്നെയാവും
എന്നുമെന്റെ കൂട്ട്’
എന്ന് പറയുന്നുണ്ട്’’.

അത് നൽകുന്ന ആനന്ദം അയാൾക്ക് ഏറെ ആശ്വാസപ്രദമാണ്. ചെന്നുപെട്ടിടത്തെ സംസ്കാരവുമായി ഉപബോധപരമായ അഭിമുഖീകരണത്തിന് (cultural encounter) ഇടയാക്കുന്ന പോസിറ്റീവായ ഘടകം പ്രവാസിയുടെ ഈ വികാരവിനിമയത്തിലുണ്ട്.

ആത്മമരം എന്നതിന് വിപുലീകൃതമായ അർഥങ്ങൾ ഇത്തരുണത്തിൽ സിദ്ധിക്കുന്നു.

‘അപ്പാ
നാനാ ജാതി മരങ്ങളുണ്ടെന്ന്
നീ പറയുമായിരുന്നു
‘മനുഷ്യരെ തൂക്കുന്ന കുരിശുകൾ
ഏത് മരം കൊണ്ടാണപ്പാ?
മരം വെറും മരമല്ല’.
(ആത്മമരം)

മനുഷ്യനെ പല പ്രകാരത്തിലും തൂക്കുന്ന /തൂക്കാൻ വിധിക്കുന്ന ഒരു കഴുമരം / ത്രാസ് തന്നെയീമരങ്ങൾ.

ഹോമിഭാബായെപ്പോലുള്ളവർ ത്രിശങ്കു അല്ലെങ്കിൽ തൂക്കിയിടപ്പെട്ടത് (hung or suspended) എന്ന് പേരിട്ട് കുടിയേറ്റക്കാരായ പ്രവാസിയുടെ സന്നിഗ്ദ്ധ മാനസികാവസ്ഥയെ അടയാളപ്പെടുത്തുന്നുണ്ട്. ഒരു പരിധിവരെ അയാളും കോളനിവൽക്കരിക്കപ്പെട്ടവരുടെ മാനസികാവസ്ഥയിലൂടെ സഞ്ചരിക്കുന്നയാൾത്തന്നെ എന്നുവേണം കരുതാൻ.

അമേരിക്കൻ അധീനതയിലുള്ള പാപ്പുവ ന്യൂ ഗിനിയ തടവറയിൽനിന്ന് ബെഹറൂസ് ബൂചാനി എഴുതിയ ആത്മകഥാപരമായ ആഖ്യാനങ്ങളിൽ, മുകളിൽനിന്ന് തൂങ്ങിയാടുന്ന (suspended ) തന്നെപ്പോലുള്ളവരുടെ സ്വത്വനിലയെക്കുറിച്ച് പറയുന്നുണ്ട്.
അമേരിക്കൻ അധീനതയിലുള്ള പാപ്പുവ ന്യൂ ഗിനിയ തടവറയിൽനിന്ന് ബെഹറൂസ് ബൂചാനി എഴുതിയ ആത്മകഥാപരമായ ആഖ്യാനങ്ങളിൽ, മുകളിൽനിന്ന് തൂങ്ങിയാടുന്ന (suspended ) തന്നെപ്പോലുള്ളവരുടെ സ്വത്വനിലയെക്കുറിച്ച് പറയുന്നുണ്ട്.

എഴുത്തുകാരനും കുർദിഷ് -ഇറാനിയൻ മാധ്യമപ്രവർത്തകനുമായ ബെഹറൂസ് ബൂചാനി അമേരിക്കൻ അധീനതയിലുള്ള പാപ്പുവ ന്യൂ ഗിനിയ തടവറയിൽനിന്ന് എഴുതിയ ആത്മകഥാപരമായ ആഖ്യാനങ്ങളിൽ, മുകളിൽനിന്ന് തൂങ്ങിയാടുന്ന (suspended ) തന്നെപ്പോലുള്ളവരുടെ സ്വത്വനിലയെക്കുറിച്ച് പറയുന്നുണ്ട്. അത്രയും അപകടകരവും സങ്കീർണ്ണവുമായിരുന്നു, ആ തടവ്. എവിടെയും കര തൊടാനനുവദിക്കാതെ കടലിലൂടെയുള്ള രോഹിങ്ക്യകളുടെ കപ്പലോട്ടങ്ങളുടെ സമകാലിക കഥകളിലും അപകടകരമായ ഈ തൂങ്ങിയാടലുണ്ട്. രാഷ്ട്രീയ -വംശീയ കാരണങ്ങളാൽ നാടുകടത്തപ്പെട്ട (Exile) ഒരാളുടെയും തൊഴിൽ കുടിയേറ്റക്കാരായ (immigrant) ഒരാളുടെയും പ്രവാസത്തിൽ സംഭവിക്കാവുന്ന സ്വത്വവിപര്യയവ്യതിയാനം ശ്രദ്ധിക്കേണ്ടതുണ്ട്. തന്നിലടിച്ചേൽപ്പിക്കുന്ന പുതിയ തൊഴിൽമുറകൊണ്ടു മാത്രമല്ല മുമ്പേ സൂചിപ്പിച്ചപോലെ, കണ്ണാടിയിലെന്നപോലെ ഉള്ളിൽ പ്രതിബിംബിക്കുന്ന സ്വദേശീയമായ ബിംബ-പ്രതീകാവലികളിലൂടെയും കവിതയിൽ അത് സംഭവിച്ചേക്കും.

രണ്ട് മരങ്ങൾ എന്ന ഒരു കവിതയിലൂടെ സഞ്ചരിച്ചുനോക്കാം.

‘കൊമ്പെത്താത്തവർക്ക് വരെ
താഴ്ന്ന് താഴ്ന്ന് കൊടുക്കും
പിന്നെയും പിന്നെയും ഒടിക്കാൻ..’
(കറിവേപ്പ് )

നാട്ടിലാവുമ്പോൾ ആ മരത്തോട് സഹവാസം കൊണ്ടുള്ള വിനയമായിരുന്നു മനസ്സിൽ തൂങ്ങിപ്പിടിച്ചിരുന്നതെങ്കിൽ പ്രവാസിയിലെത്തുമ്പോൾ ഇറക്കുമതി ചെയ്യപ്പെട്ട കറിവേപ്പിന്റെ മാനസികവ്യാപാരം ഒരു തൊഴിൽ കുടിയേറ്റക്കാരിൽ നിന്ന് ഏറെ ഭിന്നമല്ല എന്ന കാഴ്ചയോട് സമീകരിക്കുന്നു. എന്നാൽ,ഗൾഫിൽ നിറസാന്നിധ്യമുള്ള ആര്യവേപ്പിന്റെ കഥ മറ്റൊന്നാണ്.

‘തക്കം കിട്ടുമ്പോഴൊക്കെ
അതിന്റെ നിഴലിൽ പതുങ്ങും
ആരും കണ്ടില്ലെങ്കിൽ
ഒരുമ്മ കൊടുക്കും
അപ്പോഴൊക്കെ
ആ ഇളം പച്ചച്ച
തൊണ്ണ കാട്ടിയുള്ള
ചിരി കാണണം

…………

വന്നോളൂ
നിന്നോളൂ
പൊയ്ക്കോള
എന്നല്ല ആര്യവേപ്പേ
നിന്റെയീ
നിന്ന നിൽപ്പിലുള്ള
ഭാഷ’.
(ആര്യവേപ്പ്)

പലതും പ്രവാസിക്ക് അമർത്തേണ്ടി (ഒളിവ്) വരാറുണ്ട്. തന്റെ ഭാഷയടക്കം ഒരുതരം ഒളിവുമൊഴിപോലെയാണയാൾക്ക്.

വരച്ചുതീരാത്ത ഇന്ത്യ

ഫ്രോയിഡിന്റെ Creative writers and day dreaming എന്നൊരു പഠനമുണ്ട്. എഴുത്തുകാരുടെയും വായനക്കാരുടെയും ഭാവുകത്വതലം ഒന്നിക്കുന്ന, ഏതെങ്കിലും വഴിയിൽ സമീകരിക്കുന്ന ആശയത്തെക്കുറിച്ച് അതിൽ പ്രതിപാദിക്കുന്നുണ്ട്. സഹൃദയപക്ഷ വിമർശന (Reader Response) സിദ്ധാന്തക്കാർ ഇത് പ്രയോജനപ്പെടുത്തുകയുമുണ്ടായിട്ടുണ്ട്. എഴുത്തുകാരും സഹൃദയരും ഒന്നിക്കുന്ന ഒരു രാജപാത (Royal Road) ദിവാസ്വപ്നത്തിലുണ്ട് എന്നാണ് ഫ്രോയിഡിന്റെ ദീർഘവീക്ഷണം.

ദിവാസ്വപ്നത്തിന്റെ ഒരു സംഗമബിന്ദുവിൽ കവികർതൃത്വത്തിന്റെയും ബഹുല സ്വത്വവായനയുടെയും യോജിപ്പ് സംജാതമാകുന്നു, എന്ന് ഫ്രോയിഡ്. ഈ പ്രകരണത്തിൽ, ഇതേ പ്രത്യേകത കൊണ്ട് സമകാലീന കവിതയിലെ വേറിട്ട വഴികൾ വിത്സന്റെ കവിതയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നുനോക്കാം.
ഭൂപടം എന്ന കവിത സ്കൂൾ ക്ലാസുകളിൽനിന്നുള്ള ഓർമയിൽനിന്ന് സംഭവിച്ച ഒന്നാണെങ്കിലും തന്റെ കാവ്യഭാവനയിലേക്ക് തുറക്കുന്ന ഒരു ജനൽപ്പാളിയാണെന്ന് പറയാം. പ്രവാസഭാവനയിലേക്കും തന്റെ യാത്രാ ദർശനത്തിലേക്കും സ്നേഹസങ്കല്പത്തിലേക്കുമൊക്കെ ഈ കവിത കാറ്റും വെളിച്ചവും നൽകുന്നുണ്ട്. അബോധവും സോഷ്യൽ സൈക്കും കൂടിക്കുഴയുന്ന ഒരത്ഭുത പ്രതിഭാസം ദിവാസ്വപ്നത്തിൽ അന്തർലീനമാണ്. ഇന്ത്യ, ഒറ്റവരിപ്പാതയിൽ നടന്നു തീർക്കുക എളുപ്പമല്ലെന്ന വിചാരമാണ് ഈ കവിതയുടെ കാതൽ. ചെറുക്ലാസിൽത്തന്നെ, കുഴൂർ എന്ന (പ്ര)ദേശം ഇന്ത്യയുടെ ഭൂപടത്തിൽ അന്വേഷിക്കാൻ മുതിരുന്ന കുട്ടി ഈ കവിതയിലുണ്ട്. അല്ലെങ്കിൽ, പിൽക്കാലത്ത് അങ്ങനെയൊരു കുട്ടിയെ കവി വിഭാവനം ചെയ്‌തതുമാവാം. ആത്മകഥ ഏതെങ്കിലും മട്ടിൽ കലാസൃഷ്ടികളിൽ കുഴമറിയുന്നുണ്ടെങ്കിൽ അത് ഒരു കുറ്റമല്ല. കാവ്യകർതൃത്വത്തിന്റെ കൂടി ഭാഗമാണ്, ഇക്കാലത്ത്. അവ ഭാവനയിലൂടെ വളഞ്ഞു പുളഞ്ഞു സഞ്ചരിച്ച് പുതിയൊരു കാവ്യഭൂപടം തീർക്കുകയാണ് പതിവ്. നടപ്പുനേരുകളുടെ മേൽ ഭാവനകൊണ്ട് അവ പ്രതിനിധാനപരമായ ചായംപുരട്ടുന്നു.

‘5 മിനുട്ട് കൊണ്ട് വരച്ചുതീർന്ന്
3 മാർക്ക് വാങ്ങേണ്ടിയിരുന്ന ആ കലാപരിപാടി
പലപ്പോഴും അവനെ വഴി തെറ്റിച്ചു’
(ഭൂപടം)

ദേശത്തുനിന്ന് കൊണ്ടുവന്ന ഏതോർമ്മയും അനുഭവങ്ങളും പ്രവാസ സാഹചര്യത്തിൽ പരിഭാഷക്ക് വിധേയമാക്കാതെ വയ്യ. ‘കമറുൾ നാട്ടിൽപ്പോകുന്നു’ എന്ന കവിതയിൽ വസ്തുവഹകളുടെ വ്യവഹാര പ്രക്രിയയിൽ ഇതേ പരിഭാഷാവികാരം നിഴലിക്കുന്നത് കാണാം.

ഇന്ത്യയിലെ വൻനഗരങ്ങൾ പോയിട്ട് സ്വന്തം നാട്ടിൻപുറത്തെ കുണ്ടും കുഴിയും തോടും പലചരക്കുകടകളും അടയാളപ്പെടുത്താൻ തുനിഞ്ഞ്, സമയം തികയാതെ വാണിംഗ് ബെൽ കേൾക്കുന്ന കുട്ടി ഇന്ത്യ വരച്ചുതീരാതെ, ഇന്ത്യയുടെ വടക്കെയറ്റമായ കാശ്മീർ പോലും അടയാളപ്പെടുത്താതെ വര അവസാനിക്കുന്ന ഈയമൂർത്തകല ബഹുല ഭൂമിശാസ്ത്രവും സംസ്കാരവുമുള്ള ഒരു ജനഭൂപടത്തെ കലയിൽ വിഭാവനം ചെയ്യുന്നുണ്ട്.

ക്ലാസിൽ, ലബോറട്ടറികളിൽ, കളിക്കളങ്ങളിൽ എന്നുവേണ്ട സ്ഥലങ്ങളിലെല്ലാം പാഠങ്ങളിൽ / കളികളിൽ കണ്ണുനട്ടുകൊണ്ടിരിക്കെ ദിവാസ്വപ്നത്തിലേക്ക് വഴുതിപ്പോകുന്ന ചില ബാല്യ കൗമാരങ്ങളുണ്ട്. കാഴ്ചയുടെ ദൂരങ്ങളും ആരൂഢവും മറ്റുള്ളവരിൽനിന്നും അവരുടേത് ഭിന്നമായിരിക്കും. ദൂരവും അപരിചിതത്വവും അലോസരപ്പെടുത്തുന്നതിനേക്കാൾ വർധിച്ച തോതിൽ പരിചിതത്വവും അടുപ്പവും ആ കുട്ടികളെ കുഴയ്ക്കും.

നൻപകൽ നേരത്തു മയക്കം എന്ന സിനിമയിൽ നായകന് യാത്രക്കിടയിൽ സംഭവിച്ചപോലെ പ്രവചനാതീതമായ മയക്കം പിടിപെടും. ദിവാസ്വപ്നാ(ടന)ത്തിന്റെ ഈ മായാജാലത്തിൽനിന്നും ഊരിപ്പോരാൻ സമയമെടുക്കും.

വിത്സന്റെ മറ്റു കവിതകൾക്കെന്നപോലെ യാത്രാകവിതകളായി അടയാളപ്പെടുത്തിയവയ്ക്കും ഈ ആശയം കൂടുതൽ ഇണങ്ങും. ടൂർ എന്ന കവിതയുടെ ബീജം മറ്റൊന്നല്ല.

നൻപകൽ നേരത്ത് മയക്കം സിനിമയിൽ നിന്നും
നൻപകൽ നേരത്ത് മയക്കം സിനിമയിൽ നിന്നും

പരിചിതമായത് അപരിചിതമായും അടുപ്പത്തിലുള്ളത് ദൂരെയുളളതായും മാറുന്ന ഒരുതരം വിചിത്രഭാവന കവിതയിലൂടെ ഒരു സ്വപ്നാടനക്കാരനെ സൃഷ്ടിക്കുന്നുണ്ട്. ഏതൊരു യാത്രയുടെയും കലാസൃഷ്ടിയുടെയും ലക്ഷ്യം ആത്യന്തികമായി ആനന്ദമാണല്ലോ. അത് എന്താണെന്നത് ആലങ്കാരികർ മുൻകൂട്ടി പറഞ്ഞു വെച്ചതാവണമെന്നില്ല. മറിച്ച്, ആനന്ദത്തെ നിർണ്ണയിക്കുന്നത് പരിചിതമായതിനോടും അല്ലാത്തവയോടും യാത്രക്കാർക്കുള്ള മനോനില പോലിരിക്കും.

അരികിലുള്ളതുപോലും അപരിചിതമാകുന്ന ഒരാൾ എവിടെയും ആനന്ദത്തോടെ യാത്രയാകും. കവിതയ്ക്ക് സവിശേഷ വിഷയങ്ങളോ ഡിക്ഷനോ വേണമെന്നില്ല എന്നുപറയും പോലെതന്നെയാണ് ഈ (കാവ്യ )യാത്രകളും.

കള്ളൻ ചേട്ടനും പരുന്ത് രാഘവനും…ഒക്കെ ഒരുപക്ഷേ ദൂരദേശയാത്രകളിൽ കണ്ടുമുട്ടുന്ന ക്ലാസ്സിക് മനുഷ്യരേയല്ല. ക്ലാസിക്‌ എന്നോ അല്ലാത്തത് എന്നോ ഉള്ള തരം തിരിവ്‌ പ്രൌഢാഖ്യാനങ്ങളെക്കുറിച്ചുള്ള മാറിയ കാഴ്ചപ്പാടിൽ ഒലിച്ചുപോയി. കോളനി നാളുകളിലെ ഭൂപടങ്ങളുടെ അതിരുകൾ പലതവണ മാറ്റിവരച്ചു.

‘ഇന്ത്യൻ പരുന്ത് ലോകം
ചുറ്റി തിരിച്ചുവന്ന് അവാർഡ് വാങ്ങുന്ന വേളയിൽ
ചായക്കടയിലെ പത്രം വായനക്കാർ പരുന്ത് രാഘവനോട് ചോദിച്ചു,
ഈ ഇന്ത്യൻ പരുന്തുകൾ ദേശീയതയെ അംഗീകരിക്കുന്നുണ്ടോ
നാരായണ ഗുരു പരുന്തുകളെപ്പറ്റി പറഞ്ഞത്
ഒന്ന് കൂടി ഇരുത്തിവായിക്കാനായിരുന്നു
പരുന്ത് രാഘവന്റെ മറുപടി’.
(പരുന്ത് രാഘവൻ എന്ന കവിതയിൽ നിന്ന്)

ഒരത്ഭുത കുമിളപോലെ പൊടുന്നനെ പൊട്ടിപ്പോവുന്നവയല്ല ഇവയൊന്നും.

നിരന്തരം സഫലസീമകളോടും മനുഷ്യരോടും ജന്തുജാലങ്ങളോടും സംവദിക്കുന്ന ഒരു ഒരു ഡയലോജിക് അംശം രാഘവന്റെ യാത്രാകഥനത്തിലുണ്ട്. മുംബയിലും ദുബായിലും താൻസാനിയയിലും അയർലണ്ടിലുമൊക്കെ സഞ്ചരിക്കുന്ന പരുന്ത് രാഘവൻ കുഴൂർ ദേശത്തുനിന്ന് അപ്പൂപ്പൻതാടി പോലെ പൊട്ടിപ്പിരിഞ്ഞുപോയ ഒരാളാണോ കർതൃത്വമാണോ എന്നറിയില്ല.

ഒരു സാങ്കേതിക വിധാനത്തിലും തളച്ചിടനാവാതെ ഭാഷയുടെ സാന്ദർഭികമായ പെരുമാറ്റം പോലെ ഊർന്നുവീഴുന്ന യാത്രാക്കഥകൾ. തിന്താരു എന്ന് പേരില്ലാത്ത ഒരു ഡ്രൈവറെ തനിക്ക് ഇനിയൊരിക്കലും സഹിക്കാനാകില്ല, എന്നിടത്തോളമെത്തുന്നു, ആ മനോഭാവം.
ഒരു സാങ്കേതിക വിധാനത്തിലും തളച്ചിടനാവാതെ ഭാഷയുടെ സാന്ദർഭികമായ പെരുമാറ്റം പോലെ ഊർന്നുവീഴുന്ന യാത്രാക്കഥകൾ. തിന്താരു എന്ന് പേരില്ലാത്ത ഒരു ഡ്രൈവറെ തനിക്ക് ഇനിയൊരിക്കലും സഹിക്കാനാകില്ല, എന്നിടത്തോളമെത്തുന്നു, ആ മനോഭാവം.

തമിഴ് ലോറി ഡ്രൈവർ ഭൈരവന്റെ കഥ ഇതുപോലുള്ള വേറൊന്നാണ്. ഇതിലെ (കു)സുപ്രസിദ്ധമായ തേക്കെണ്ണയെക്കുറിച്ചുള്ള ആഖ്യാനം മറ്റൊരു കഥ. കഥാസമ്മിശ്രമാണ് ഇവയൊക്കെ. കഥയിൽനിന്നാണ് ഏതു കവിതയും ഉത്ഭവിക്കുന്നത്. കഥയില്ലാതെ ജീവിതമില്ല.

തിന്താരു എന്ന കവിത സമ്പൂർണ്ണ ഗദ്യമാണ്. കേന്ദ്രഭരണപ്രദേശമായ കാരയ്ക്കലേക്കുള്ള യാത്രയിൽ താനും ഡ്രൈവറും തമ്മിലുള്ള സംഘർഷഭരിതമായ ശീലവൈവിധ്യങ്ങളിലൂടെ ഒരു നാടോടിക്കഥ പോലെ ഈ കവിത പറഞ്ഞുപോവുന്നു. അപരിചിതത്വത്തെ ഭയക്കുന്നതുകൊണ്ടാണ് പലരും യാത്രയെ പേടിക്കുന്നത്. അപരിചിതർ ഉണ്ടാക്കുന്ന ഭയം പലപ്പോഴും ചെറുതല്ല. ഇന്നത്തെ കുത്തക ആമസോൺ, ഒ ടി ടി മുതലാളിത്തത്തിന്റെ കാലത്ത് പ്രത്യേകിച്ചും. സ്ഥലസീമ അനുഭവവേദ്യമേയല്ല.

‘പിന്നെ ഇടുങ്ങിയ വഴികളിൽ
പച്ച കുത്താനിരിക്കുന്നവരെ നോക്കി.
ഒന്ന് പച്ച കുത്തിയാലെങ്ങനെയിരിക്കും
എന്നാലോചിച്ചു.
പച്ചകുത്താൻ മാത്രം എന്തൊരഴകാണുള്ളതെന്ന്
ഓർത്തെടുക്കാൻ നോക്കി.

ഇഷ്ടമുള്ള ആൾ
ഇഷ്ടമുള്ള പേര്
ഇഷ്ടമുള്ള ഇടം
ഇഷ്ടമുള്ള അക്കം
ഇഷ്ടമുള്ള അക്ഷരം
ഇഷ്ടമുള്ള ഓർമ്മ
എനിക്ക് നല്ല ഇഷ്ടക്കേട് തോന്നി. ചുമലിൽ അമ്മയുടെ പേര് പച്ചക്കുത്തിയാലോ ഒന്നാലോചിച്ചു.’

പാട്ട് മെല്ലെ ഇഷ്ടമായിത്തുടങ്ങുകയും അതിനനുസരിച്ചു നൃത്തമാവുകയും ജീവിതത്തെ വല്ലാതെ സ്നേഹിക്കുകയും ചെയ്യുന്ന ഈ കവിതയ്ക്ക് സത്യത്തിൽ വല്ല അർത്ഥവുമുണ്ടോ? പരിചിതമായതിനെ അപരിചിതവൽക്കരിക്കുന്ന ഒരു സ്വപ്നാടനക്കാരന്റെ മനോഭാവം ഈ യാത്രകൾ പുലർത്തുന്നു.

കാരയ്ക്കൽ യാത്ര കഴിയുന്നതോടെ സംജാതമാകുന്ന ഒരു കാർണിവലുണ്ട്. അതാണ് സത്യത്തിൽ കവിത. ഒരു സാങ്കേതിക വിധാനത്തിലും തളച്ചിടനാവാതെ ഭാഷയുടെ സാന്ദർഭികമായ പെരുമാറ്റം പോലെ ഊർന്നുവീഴുന്ന യാത്രാക്കഥകൾ. തിന്താരു എന്ന് പേരില്ലാത്ത ഒരു ഡ്രൈവറെ തനിക്ക് ഇനിയൊരിക്കലും സഹിക്കാനാകില്ല, എന്നിടത്തോളമെത്തുന്നു, ആ മനോഭാവം.

ചെറിയ ദൂരങ്ങളിൽ ചെറിയ വാഹനങ്ങളിൽ ശ്രേണീകൃതമായ കാലത്തെ മറികടന്ന് അടയാളപ്പെടുത്തുന്ന നിരവധി ‘അനുഭവാചാര’ങ്ങൾ കൊണ്ടാണ് ഈ കവിതകളുടെ നിർമിതി. ഭാഷയുടെ ഒരുതരം ‘പെർഫോമൻസ്’ എന്നുതന്നെ പറയാം.

ഞങ്ങൾ രണ്ടുപേർ, കിളിപോയി എന്നീ കവിതകളിലൊക്കെ ഇത്തരം പെർഫോമൻസ് കാണാം. അനുഭവവും കവിതയും തമ്മിലുള്ള നേർബന്ധം ഒഴിവാക്കാൻവേണ്ടിയാണ് ഭാഷയുടെ പെർഫോമൻസ് എപ്പോഴും കവിതയ്ക്ക് കൂട്ടാവുന്നത്.

‘കളമശ്ശേരിയും കഴിഞ്ഞ്
കണ്ടയ്നർ റോഡിന്റെ സിഗ്നലിൽ
ഒരാൾ നിൽക്കുന്നു
നിറുത്തിയപാടേ ചാടിക്കയറുന്നു
ഇടത്തെ സീറ്റിൽ
അധികാരത്തോടെ ഇരിക്കുന്നു.

അത്രയ്ക്ക് ഇമ്പമില്ലാത്തതും
ഭംഗിയില്ലാത്തതുമായ എന്റെ പാട്ടിനെ
പുച്ഛത്തോടെ നോക്കുന്നു

(കണ്ടാൽ ഒരു മാന്യൻ
എന്നാൽ ഒരു മൈരൻ
ഞാൻ ബ്രാക്കറ്റിൽ പറഞ്ഞു).

എനിക്കത്ര പിടിച്ചില്ലെങ്കിലും
ഞാനയാളോട് പേര് ചോദിച്ചു
ജീവിതമെന്ന് അയാൾ പറഞ്ഞു.
ആഹാ,
ജീവിതത്തെ ആദ്യമായി കാണുന്നതാകയാൽ
ഇനിഷ്യൽ കൂടി ചോദിച്ചു.

ഒട്ടും ശ്രദ്ധിക്കാതെ
ജീവിതം ഒരു പാട്ടുവച്ചു
എനിക്കിഷ്ടമായില്ല
ജീവിതം മറ്റൊരു പാട്ടുവച്ചു
എനിക്ക് ഒട്ടുമിഷ്ടമായില്ല
ജീവിതം വേറെ പാട്ടുവച്ചു
എനിക്ക് ഒട്ടും ഒട്ടും ഇഷ്ടമായില്ല…’

പിന്നെപ്പിന്നെ,

‘മാരാപ്പറമ്പ്, മൂലമ്പിള്ളി
ഹൈകോർട്ട് ജംങ്ഷൻ
മറയിൻ ഡ്രൈവ്…മാഡ്രിഡിലേക്കുള്ള വഴിയിൽ
മാറിമാറി വെക്കുന്ന പാട്ടുകൾ’

പാട്ട് മെല്ലെ ഇഷ്ടമായിത്തുടങ്ങുകയും അതിനനുസരിച്ചു നൃത്തമാവുകയും ജീവിതത്തെ വല്ലാതെ സ്നേഹിക്കുകയും ചെയ്യുന്ന ഈ കവിതയ്ക്ക് സത്യത്തിൽ വല്ല അർത്ഥവുമുണ്ടോ? നേരത്തെപ്പറഞ്ഞ പരിചിതമായതിനെ അപരിചിതവൽക്കരിക്കുന്ന (De-femiliarize) ഒരു സ്വപ്നാടനക്കാരന്റെ മനോഭാവം ഈ യാത്രകൾ പുലർത്തുന്നു. സ്വാതന്ത്ര്യം കൊടിയടയാളമാകുന്ന യാത്രയെക്കുറിച്ചുള്ള ഭാവനാവൽക്കരണമായിരിക്കാം ഇത്.

ആമിർ ഖാന്റെ pk എന്ന  സിനിമയിൽ നിന്ന്.
ആമിർ ഖാന്റെ pk എന്ന സിനിമയിൽ നിന്ന്.

‘ജീവിതം പി. കെ’ എന്ന് കേൾക്കുമ്പോൾ ആമിർ ഖാന്റെ pk എന്ന സിനിമ ഓർമ വന്നാൽ കുഴപ്പംപറയാനില്ല, അല്ലേ?
‘ജീവിതം പി.കെ’ ഒരു കോഡ് ആണ്. സമകാലിക ഇന്ത്യയുടെ അനുഭവങ്ങൾക്ക് സാക്ഷിയായി ഹൃദയം നുറുങ്ങിയ ജഗ്ഗു എന്ന റിപ്പോർട്ടറുടെ ചിന്തയെ പ്രകോപിപ്പിക്കുന്ന ചോദ്യങ്ങൾ അതീവരസകരമായി രാജ്‌കുമാർ ഹിരാനിയുടെ ഈ ചിത്രം അവതരിപ്പിച്ച മാതിരി, ‘ജീവിതം പി.കെ’ അനുവാചകരോട് പെരുമാറുന്നുണ്ടോ?

ചിതറിത്തെറിക്കുന്ന ബാബേൽ

പ്രത്യയശാസ്‌ത്രപരമായ അർഥങ്ങൾ കവിതയ്ക്ക് ആവശ്യമുണ്ടോ? വ്യാഖ്യാനക്ഷമമായ ഒരു വസ്തുവാണോ കവിത. പ്രതീകാത്മകമോ രൂപകാത്മകമോ ആയ ഭാഷാതർക്കങ്ങൾക്കൊണ്ട് കവിതയെ വ്യാഖ്യനിക്കുന്നതിലെന്തുകാര്യമാണ്. ആഘോഷിക്കപ്പെടുന്നതും പുറന്തള്ളപ്പെടുന്നതുമായ ജീവിതങ്ങൾ ഇന്നത്തെ കവിതകളിൽ പെരുമാറുന്നതെങ്ങനെ?

വൈരുദ്ധ്യാത്മകമായ അർത്ഥങ്ങളുടെ ചേരുവയാണ് ജീവിതം എന്ന് പറഞ്ഞുപിടിപ്പിക്കുന്ന സിദ്ധാന്തങ്ങൾ കൊണ്ട് സമകാലീന കവിതകളെ വിമർശനാത്മകമായി നേരിടാൻ പറ്റുമോ എന്നൊക്കെയുള്ള ആശയ കാലുഷ്യങ്ങൾ നിലനിൽക്കുന്ന കാലമാണിത്.

‘‘ചരിത്രപരമായി ഇന്നേവരെ അസന്നിഹിതമായിരുന്ന സാമൂഹിക വിഭാഗങ്ങൾ കവിതയുടെ ആഖ്യാനത്തിലേക്ക് കടന്നുവരുന്നത് വലിയൊരു ദിശമാറ്റമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സൗന്ദര്യത്തിന്റെ വാർപ്പ് മാതൃകകൾക്ക് വഴങ്ങാത്ത പ്രദേശങ്ങൾ, വസ്തുക്കൾ, വിനിമയങ്ങൾ, ഭാഷ, അനുഭവലോകങ്ങൾ എന്നിവയെ ഒഴിവാക്കി പുതിയ കാവ്യഭാവുകത്വ ത്തിലേക്ക് പ്രവേശിക്കാനാവില്ല എന്ന സ്ഥിതി സംജാതമായി. ‘മനുഷ്യനി’ലേക്ക്മാത്രം പണിത വഴികളിൽ നിന്ന് എതിർനടത്തത്തിലേക്ക് പരിണമിക്കുകയായിരുന്നു കവിത’’.
(വീട് മാറുന്ന മലയാള കവിത /ഒ.കെ. സന്തോഷ്‌.)

ഈയൊരു വിമർശനവിചാരം കൊണ്ടുവേണം ഒരുപക്ഷേ, പുതിയ കലാസൃഷ്ടികളെ വിമർശനയോഗ്യമാക്കേണ്ടത്. കവിതയിലെ മനുഷ്യഭൂപടം / ഡെമോഗ്രാഫ് മാറുകയാണ്. ചരിത്രപരത (Historicity) പലകാലത്തും പലതാണെങ്കിലും അവയെ ഏറ്റവും പരിഷ്കരിച്ച നിലയിലാണ് നല്ല സൃഷ്ടികൾ കലയിലേക്ക് സ്വീകരിക്കുക.

തോറ്റവരുടെ കുർബാന എന്ന രണ്ട് ഭാഗമുള്ള ഈ കവിത നോക്കുക:

‘ഒരു ദിവസം നീ കോഴിക്കോട് വണ്ടിയിറങ്ങണം
കോഴിക്കോടിന്റെത്തന്നെ വയസ്സുള്ള
മൊയ്തു വാണിമേൽ എന്ന പത്രക്കാരനെ
നിന്നെ ഞാൻ പരിചയപ്പെടുത്താം
നമുക്ക് അദ്ദേഹത്തിന്റെ കൂടെ
കോഴിക്കോട് മുഴുവൻ കറങ്ങണം
നിന്റെ കാലുകൾ ഇളക്കിമറിച്ച
മലാപ്പറമ്പിലും പുതിയറയിലും കല്ലായിയിലും
നമ്മളങ്ങനെ വാണിമേൽ കഥകൾകേട്ട്
ചായയും കുടിച്ചിരിക്കും...’

‘മെസ്സിത്തെരുവിൽ ഏകാകിയായി തലതാഴ്ത്തി നടക്കുകയും പത്രമോഫീസുകളിലെ പച്ചപ്പേനകൾ പൊടുന്നനെ തീർക്കുന്ന ചെമപ്പൻ അടിവരകളെക്കുറിച്ച്’ സൂചന നൽകിയും ഏറ്റവും പരിചിതവും സാധാരണവും ബദലും സമകാലികവുമായ സംഭവങ്ങൾക്കൊണ്ട് വന്മരങ്ങളാവുന്ന പ്രൌഢാഖ്യാനങ്ങളെ മാറ്റിനിർത്തുന്ന ഈ ടെക്‌നിക് സന്നിഹിത -അസന്നിഹിതത്വങ്ങളുടെ പരസ്പരം വച്ചുമാറ്റമാണെന്ന് വായിച്ചെടുക്കാവുന്നതാണ്.ചരിത്രത്തോടുള്ള ഒരു സമരതന്ത്രം ഈയാഖ്യാനങ്ങളിൽ കാണാം.

വൈരുദ്ധ്യാത്മകമായ അർത്ഥങ്ങളുടെ ചേരുവയാണ് ജീവിതം എന്ന് പറഞ്ഞുപിടിപ്പിക്കുന്ന സിദ്ധാന്തങ്ങൾ കൊണ്ട് സമകാലീന കവിതകളെ വിമർശനാത്മകമായി നേരിടാൻ പറ്റുമോ എന്നൊക്കെയുള്ള ആശയ കാലുഷ്യങ്ങൾ നിലനിൽക്കുന്ന കാലമാണിത്.

‘പണ്ടാണ്.
ടിപ്പു
ഗാമ
കൊച്ചി വാണ വർമ്മമാർ
കള്ളൻ ചതിയൻ പൊളിവചനം
ജ്ഞാനപ്പഴവുമായി വന്ന പാമ്പ്
തുടങ്ങിയ വളവുകൾക്കും മുമ്പ്
അച്ചടി ഇംഗ്ലീഷ് അലോപ്പതി
തുടങ്ങിയ രോഗങ്ങൾക്കും മുമ്പ്
തൃക്കാക്കര മുതൽ
കൊച്ചിത്തുറമുഖം വരെയുള്ള വഴി
ഒരു പഴഞ്ചൊല്ല് പോലെ
നാട്ടുവെളിച്ചം നിറഞ്ഞതായിരുന്നു’- കൊച്ചിയിലെ വൃക്ഷങ്ങളിലെ ഈ ഭാഗത്തോട് മേലുദ്ധരിച്ച കാവ്യശകലം താരതമ്യപ്പെടുത്തിനോക്കിയാൽ, വ്യക്തി -സ്ഥല സഹവാസങ്ങളെ ചരിത്രത്തിൽനിന്നും വേറിട്ടുകാണാതെ ചേർന്നുനിൽക്കുന്ന കാലത്തെക്കൂടി ഒപ്പം അടയാളപ്പെടുത്തുന്നത് വിത്സന്റെ കവിതയിലെ പൊതുസ്വഭാവമായി കരുതാം.

ഏറ്റവും പരിചിതവും സമകാലീനവുമായത് ചരിത്രമാണെന്നും ആ ചരിത്രത്തിൽനിന്നും രക്ഷപ്പെട്ടുപോവുക എളുപ്പമല്ലെന്നും ഗ്രീൻ ബ്ലാറ്റിന്റെ പുതുചരിത്രവഴികളെ ഓർമ്മിപ്പിക്കുമിത്. എന്നുപറഞ്ഞാൽ ചരിത്രത്തെ നാം മാറ്റിനിർത്തുന്തോറും ചരിത്രം നമ്മിൽ ഇടപ്പെട്ടുകൊണ്ടിരിക്കും എന്നർത്ഥം. ആത്മകഥ ചരിത്രവുമായി സദാ ഇടപെട്ടു സംസ്കരിച്ചുകൊണ്ടാണ്, കലയിൽ സമകാലീനതയെ നിരന്തരമായി പരിഷകരിച്ചുകൊണ്ടിരിക്കുന്നത്.

രണ്ടാം കുർബാനയിൽ, എഴുത്തിന്റെ മോഹിപ്പിക്കുന്നതും അതിവിദൂരസ്ഥവുമായ മറ്റൊരാനുഭവം കൊണ്ട് തോറ്റവർക്ക് സ്വപ്നത്തിന്റെ ഒരു പാലം പണിയുന്നു.

‘നിങ്ങൾ വായിച്ചിട്ടുണ്ടോ എന്നറിയില്ല
chengat hasainar ഹസന്റെ ഒരു കവിതയുണ്ട്
സമീറ മാക്മൽബഫിനെ ഞാൻ പ്രേമിക്കും
എന്നാണ് തലക്കെട്ട്
അവന്റെ ഉമ്മയും സമീറയും
അരീക്കോടങ്ങാടിയിലൂടെ
നടക്കുന്നതാണ് സംഭവം’.

ഒരുപക്ഷേ ഒരു ദിവാസ്വപ്നം പോലെയോ സൈക്കഡലിക് സ്വപ്നം പോലെയോ ഒക്കെത്തോന്നാവുന്ന സ്ഥല -കലാ- വ്യക്തി -വൈകാരിക ബന്ധങ്ങളുടെ കൂടിക്കുഴയൽ ഡയസ്പോറ കലയുടെത്തന്നെ സ്വഭാവമാണ്.

മേൽക്കോയ്മകളെ ചിതറിത്തെറിപ്പിച്ച ബാബേൽ ഗോപുരത്തിന്റെ നിഴൽ വിത്സന്റെ പ്രണയകവിതകളിലെ സ്വതന്ത്രമായ ലിംഗബന്ധങ്ങളെ കൂടുതൽ ഊർജസ്വലതയോടെ തുറന്നുകാട്ടുന്നു.

‘ലോകത്തെ
ഏറ്റവും
പുരാതനമായ ഭാഷയിൽ
അത്രയും മധുരിക്കുന്ന ശബ്ദത്തിൽ
നിന്നെക്കുറിച്ചു പാടണമെന്ന്
വിചാരിക്കുന്നു
എല്ലാ ഭാഷകളും മറന്നുപോകുന്നു
ഉള്ളിലെ ബാബേൽ ഗോപുരം തകർന്നടിയുന്നു
എന്ന് മാത്രവുമല്ല
ഊമയുമാകുന്നു.’

ഒരുപക്ഷേ ഈ കവിത പ്രണയത്തിന്റെ ബീജഗണിതമായി കരുതാമെങ്കിൽ പരിഭാഷയും ബാബേലും തമ്മിലുള്ള കഥാബന്ധം അയവിറക്കേണ്ടി വരും. ബാബേലിന്റെ തകർച്ച ഭാഷകൾ എല്ലാം ചിതറിത്തെറിച്ചു നിശ്ശബ്ദമാവുന്ന ഒരു ചരിത്രബിന്ദുവെ ഒരു നിമിഷം ഓർമിപ്പിച്ചേക്കും. എല്ലാവരെയും ഒരേ പണിയിൽ സംശയിപ്പിക്കാതെ പല തൊഴിലുകളിലേക്കും അവയുൽപ്പാദിപ്പിക്കുന്ന ഭാഷയുടെ പലതരം തൊഴിൽബന്ധങ്ങളിലേക്കും ചരിത്രത്തെ നയിക്കുന്നു.

തൂപ്പുകാരി എന്ന കവിതയിലെ സ്ത്രീ കാട്ടിലെ വന്യത / കവിതകളിലേക്ക് പോകാൻ പ്രതിജ്ഞയെടുത്തവളെങ്കിലും അതിനു പറ്റാത്തവളാണ്. ഇലകളുടെ ഭാഷ പഠിപ്പിക്കുന്ന ആ സ്കൂളിൽ, അത് ഒരു പോരായ്മയായി ഒരിക്കലും അവൾ കാണുന്നില്ല.

‘ആരുമില്ലാത്ത
കരിയിലകളുടെ സങ്കടം
എന്നെ
തൂപ്പുകാരിയാക്കിയെന്ന്
പറഞ്ഞാൽ മതിയല്ലോ’
എന്നവൾ അനുതപിക്കുന്നുണ്ടെങ്കിൽ

എല്ലാവരും കാളിദാസനോ മിൽട്ടണോ ഷേക്സ്പിയറോ ആയിട്ട് ചരിത്രത്തിനെന്തുനേട്ടം എന്നത് പ്രസക്തമായ ഒരു ചോദ്യമല്ലേ. രമണനായി ഇക്കാലത്ത് എത്രപേർക്ക് ചരിത്രത്തിൽ തോൽക്കാൻ പറ്റും. ആയതിനാൽ പ്രണയസംരക്ഷണത്തിന് പുതിയ നയങ്ങൾ തീർക്കേണ്ടിവരുന്നു, എന്ന് രമണം എന്ന കവിത വായനക്കാരോട് പറയുന്നുണ്ട്.

പ്രണയംപോലും നിരന്തരം ചരിത്രവൽക്കരിച്ചുകൊണ്ടുമാത്രമേ മുന്നോട്ടുപോകൂ എന്നൊരു നിലപാട് കവിതയിലും ഇക്കാലത്ത് പുലർന്നുകാണുന്നുണ്ട്.
പ്രണയംപോലും നിരന്തരം ചരിത്രവൽക്കരിച്ചുകൊണ്ടുമാത്രമേ മുന്നോട്ടുപോകൂ എന്നൊരു നിലപാട് കവിതയിലും ഇക്കാലത്ത് പുലർന്നുകാണുന്നുണ്ട്.

ചെമ്പകമരവുമായുള്ള ഉടമ്പടി ഇതാണ്:
‘നിനക്കുപകരം ഞാനിവിടെ പൂത്തുനിൽക്കുമെന്നും
എനിക്കുപകരം നീ കുന്നിറങ്ങുമെന്നും…’

ഉടമ്പടിയെന്നത് ഒരു വാണിജ്യ വാക്കാണ് എന്നും അത് പ്രണയത്തിലായാലും കച്ചവടത്തിലായാലും അവയുടെ സ്വഭാവമനുസരിച്ച് എടുത്ത് പെരുമാറേണ്ടതാണെന്നുമുള്ള നയചാതുരി പാലിക്കപ്പെടുന്നിടത്താണ്, കാവ്യഭാഷയുടെ സമകാലികമായ അർത്ഥങ്ങളെ നിറവേറ്റുക. കവിയും ചന്ദനമരവും ധർമങ്ങൾ വച്ചുമാറുമ്പോൾ സംഭവിക്കുന്നത്, നാം വായിച്ചും കേട്ടും വലുതായ രമണൻ കഥ വീണ്ടും മാറുകയാണ്.

പഴകിയ വീഞ്ഞും കലവറക്കാരനും തമ്മിലുള്ള ആത്മഭാഷണം ഇതിന്റെത്തന്നെ മറ്റൊരു ഭാഷ്യമാണ്. കാമുകിയും ദൈവവും അഭേദമാവുന്ന പ്രണയം പലപ്പോഴും സൂഫികളിലുണ്ട്. പ്രണയത്തിന്റെ പ്രതീകമായി വീഞ്ഞുഭരണിക്കുചുറ്റും കാവലാളായി കലവറക്കാരനുണ്ട്. പാകമായ ഒന്നിന് വീണ്ടും കാലതാമസം വരുമ്പോൾ ചരിത്രത്തിന് ക്ഷമകെടും. കലവറ സൂക്ഷിപ്പുകാരന്റെ കൊയ്മാധികാരം പുതിയ തടവുകൾ ഉണ്ടാക്കും. അതിനോട് പൊരുതി പുതിയ സമരഭാഷ്യങ്ങൾ രൂപപ്പെടും. ‘ഓൾഡ് ഈസ് ഗോൾഡ്’ എന്ന പഴമൊഴിയുടെ പിറകിൽ ഒളിച്ചുനിൽക്കുന്ന ആശയങ്ങളുടെ മുഖമൂടി നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. കൊട്ടിയടക്കപ്പെട്ടത്, ഐതിഹ്യമോ മിത്തോ ഒക്കെയായി മാറുന്നത് ഒരുപക്ഷേ ഇങ്ങനെയായിരിക്കാം.ഇവയോടുള്ള കലാപമാണ്, ഒരുപക്ഷേ പുതുചരിത്ര വാദത്തിലും മറ്റും നാം കാണുന്നത്. പ്രണയംപോലും നിരന്തരം ചരിത്രവൽക്കരിച്ചുകൊണ്ടുമാത്രമേ മുന്നോട്ടുപോകൂ എന്നൊരു നിലപാട് കവിതയിലും ഇക്കാലത്ത് പുലർന്നുകാണുന്നുണ്ട്.

‘ചോര പൊടിയുന്നുണ്ട് നെഞ്ചില്
ഇപ്പത്തന്നെ തൊടണം
എന്റെ പേര് കൊത്തിവച്ചിരിക്കുന്ന ചുണ്ടിൽ
ഇല്ലെങ്കിലീ തണുത്ത നിലത്ത്
പൊട്ടിപ്പരന്നൊഴുകും
കാലങ്ങൾ കാലങ്ങളായ് കാത്തുവച്ച നിഗൂഢലഹരികൾ.’
(പഴയ വീഞ്ഞും കലവറക്കാരനും തമ്മിലുള്ള ആത്മാഭാഷണം )

‘ആലിപ്പഴം മിനിക്കുട്ടി’യിൽ ആ പ്രണയത്തിന്റെ സമകാലികമായ മറ്റൊരു സംപ്രേഷണമുഖമുണ്ട്. സാക്ഷരതയും പ്രണയവും തമ്മിലുള്ള ബന്ധമാണ് ജനപ്രിയ പ്രസിദ്ധീകരണങ്ങളുടെ ചരിത്രത്തിൽ നമുക്ക് വായിച്ചെടുക്കാനുള്ള കാര്യം. പൈങ്കിളി വായിച്ചും ജനപ്രിയ സിനിമകണ്ടും പ്രണയത്തിന് ഒരതിഭാവുകത്വം നൽകിപ്പോന്ന ഒരുകാലത്തിന്റെ മാധ്യമീകൃതമായ പരിണാമം മിനിക്കുട്ടിയുടെ കഥയിലുണ്ട്. മാധ്യമീകരണങ്ങൾ മാറുന്നതനുസരിച്ച് ഏതൊരു മനുഷ്യഭാവനയുടെയും ഭാഷയിൽ മാറ്റമുണ്ടാവും.ക്ലിയോപാട്രയുടെ കഥയെക്കാൾ ടൈറ്റാനിക് പ്രണയം നമ്മെ വശീകരിക്കുന്നത് മറ്റൊന്നുംകൊണ്ടല്ല.

2027 ഫെബ്രുവരി 28 എന്ന കവിത പ്രണയത്തേക്കുറിച്ചുള്ള ഒരു ഭാവി ഭാവന (Futuristic Imagination) ആണ്. പ്രണയം ചരിത്രത്തിന്റെ ഒരു യുദ്ധതുറമുഖം തുറക്കുന്ന ഈ കവിത ഒരുപക്ഷേ മലയാളത്തിൽ ഞാൻ വായിച്ചിട്ടുള്ള അഗാധാർത്ഥങ്ങളുള്ള ഒരു കൊച്ചുകവിതയാണ്. ദാർവിഷിന്റെയും ബഷീറിന്റെയും നഗരാഖ്യാനങ്ങളെയും സന്നിഗ്ദ്ധ ജീവിതസന്ദർഭങ്ങളെയും ഈ കവിത ഒരുപോലെ ഓർമ്മിപ്പിക്കും.

‘കഴിഞ്ഞ ജന്മത്തിൽ
പരസ്പരം യുദ്ധം ചെയ്തിരുന്ന
രണ്ട് ജനതയാണ്
ഈ ജന്മത്തിൽ പ്രണയിതാക്കളെന്ന്
എഴുതിയിരുന്ന
ഒരു ടീഷർട്ട്
അപ്പോളതിലൂടെ നടന്നുപോയി.

അന്ന് ആറു തവണ നിറയൊഴിച്ച ശേഷവും
അരിശം തീരാതെ
ബാക്കിവച്ച വെറുപ്പിന്റെയും
പകയുടെയും ഒരുണ്ടയാണ്
നിന്റെ നോട്ടമെന്ന്
ഞാനന്നു തിരിച്ചറിഞ്ഞു.’
(2027 ഫെബ്രവരി 28)

2027 ഫെബ്രുവരി 28 എന്ന കവിത പ്രണയത്തേക്കുറിച്ചുള്ള ഒരു ഭാവി ഭാവന (Futuristic Imagination) ആണ്. പ്രണയം ചരിത്രത്തിന്റെ ഒരു യുദ്ധതുറമുഖം തുറക്കുന്ന ഈ കവിത ഒരുപക്ഷേ മലയാളത്തിൽ ഞാൻ വായിച്ചിട്ടുള്ള അഗാധാർത്ഥങ്ങളുള്ള ഒരു കൊച്ചുകവിതയാണ്.

പ്രണയത്തിന് നിരവധി കോളനികളുണ്ട് -കാലങ്ങളിലൂടെ പല ഭാഷാതുറമുഖങ്ങളിലൂടെയും നങ്കൂരമിട്ടുപോന്നത്. അവരുടെയൊക്കെ സമകാലിക സമസ്യകൾ വിജയലക്ഷ്മിയുടെയും ലതീഷ് മോഹന്റെയും ബിജു റോക്കിയുടെയും ക്രിസ്പിൻ ജോസഫിന്റെയും മറ്റും കാവ്യാഖ്യാനങ്ങളിൽ ചിലപ്പോഴെങ്കിലും ഞാൻ കേട്ടിട്ടുണ്ട്. പ്രണയവും ക്രൈമും തമ്മിലുള്ള ബന്ധം ചരിത്രത്തിന്റെ നിഗൂഢതകളുമായി നിരന്തരം ബന്ധപ്പെട്ടിരിക്കുന്നു. പഴയപോലെ ഏകകർതൃകമല്ല പ്രണയത്തിന്റെപോലും ഗതി. ആധുനിക കവിതയിലെ ഏകഭാഷ്യതയുടെ ഉറപ്പ് സമകാലീന കവിതയിലില്ല.

കൊണ്ടാടപ്പെട്ട കവിതയുടെ പ്രത്യയശാസ്ത്രഭംഗികളോടും ലാവണ്യതയോടും ഒട്ടിനില്ക്കാൻ ഈ കവിതകൾക്ക് താല്പര്യമില്ല. സ്വയം അലങ്കരിച്ചുനിർത്തിയിരിക്കുന്ന നവോത്ഥാന (Self fashioned Renaissance) ഭാവുകത്വത്തോട് ആത്മസംഘർഷത്തിലാണ്, പലപ്പോഴും ഈ കവിതകൾ. ആയതിനാൽ, ഏകശിലാത്മകമോ കേന്ദ്രീകൃതമോ ആയ ഒന്നിനോടും ആത്മയ്ക്യം പ്രാപിക്കാതെ പലവഴികളിൽ സഞ്ചരിക്കുന്ന അനുഭവം ഈ കവിതകളുണ്ടാക്കുന്നു.

സഹായക ഗ്രന്ഥങ്ങൾ

H. Aram Veeser, Cobfessions of The Critic, Routledge, New York, 1996.
Elizabeth Freund, The Return Of The Reader, Reader Response Criticism, Methuen, New York, 1987.
R. Parthasarathi, Rough Passage (Poetry in English ), Oxford Unuversity Press,New Delhi, 1977.
ഒ.കെ. സന്തോഷ്‌, തിരസ്കൃതരുടെ രചനാഭൂപടം, പാപ്പാത്തി, തിരുവനന്തപുരം, 2018.
ഡോ.ഉമർ തറമേൽ, ഡയസ്പോറ -പ്രവാസികളുടെ കാവ്യസമാഹാരം, ഗ്രേസ് ബുക്സ്, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി, 2023.


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments