ഡി. വിനയചന്ദ്രൻ; എല്ലായിടത്തുമുണ്ടെന്ന പ്രതീതി, സ്ഥാനപ്പെടാതെ പോയ കവി

കവിതകളുടെ ചർച്ചകളിൽ അധികം കടന്നുവരാത്ത ഡി. വിനയചന്ദ്രൻ എന്ന കവിയിലേക്കും ആ കവിതകളിലേക്കും മറ്റൊരു കവി നടത്തുന്ന യാത്രയാണിത്. എസ്. കണ്ണൻ എഴുതുന്നു.

ജീവിച്ചിരുന്ന കാലത്തും മരിച്ചതിനുശേഷവും ഡി. വിനയചന്ദ്രന്റെ കവിതകൾ നാം ചർച്ചയിൽ പെടുത്താറില്ല. നിരന്തരം ശ്രേണി മാറ്റുന്ന, ശബ്ദം മാറ്റുന്ന, കാവ്യസ്​ഥലികൾ മാറ്റുന്ന, പൊതുസമൂഹവുമായി ഒരു ബന്ധവുമില്ലെന്ന് നടിക്കുന്ന, വ്യക്തി കവിതയെന്ന് ഉറക്കെ വിളിച്ച് പറയുന്ന ഒരു കവിതയെ എങ്ങനെ പഠനങ്ങളുടെ പരിമിതമായ ദിശാബോധങ്ങളിലേയ്ക്ക് കൊണ്ടുവരാൻ കഴിയും എന്ന അങ്കലാപ്പ് ഒരു വശത്ത്. ഇപ്പോഴും ഭാഷാപരമായി ഏതുകാലത്തിന്റേതാണ് ഡി. വിനയചന്ദ്രൻ്റെ ഭാഷയെന്ന് നിർണ്ണയിക്കുന്നതിലെ ആശയക്കുഴപ്പം നമ്മെ പിടികൂടുന്നത് മറുഭാഗത്ത് മാത്രമല്ല ഏതെല്ലാം ഭാഷണരീതിയാണ് വരികൾക്കുള്ളത് എന്ന കാര്യത്തിലും നമുക്കാശയക്കുഴപ്പമുണ്ട്.

ഡി. വിനയചന്ദ്രൻ
ഡി. വിനയചന്ദ്രൻ

പി. കുഞ്ഞിരാമൻ നായർക്കാണ് ഇതിനുമുമ്പ് ഈ ഗതിയുണ്ടായത്. അദ്ദേഹം മരിച്ച് വളരെ കാലത്തിന് ശേഷമാണ് ഇന്നീ നിലയിലുള്ള ഒരു വായനയും പീഠവും പിയ്ക്ക് ലഭിച്ചത്.

ഡി. വിനയചന്ദ്രൻ 1940 മെയ് 16 ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിൽ ജനിച്ചു. ഫിസിക്സിൽ ബിരുദവും മലയാളസാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദവും നേടി. ദീർഘകാലം എം.ജി. യൂണിവേഴിസിറ്റിയിലെ സ്​കൂൾ ഓഫ് ലെറ്റേഴ്സിൽ അദ്ധ്യാപകനായിരുന്നു. അവിവാഹിതനായിരുന്ന അദ്ദേഹം 2013 ഫെബ്രുവരി 11ന് ശ്വാസകോശ രോഗത്തെത്തുടർന്ന് മരിച്ചു. 16 കൃതികളോളം അദ്ദേഹത്തിന്റേതായുണ്ട്.

ലോക സാഹിത്യവുമായുള്ള നിരന്തര ബന്ധവും ഭാവുകത്വ ശാഠ്യങ്ങളില്ലാത്ത സംവേദനവും ഡി. വിനയചന്ദ്രന്റെ എഴുത്തിനെ നിരന്തരം പുതുക്കി.

എനിയ്ക്ക് അദ്ദേഹവുമായി പത്ത് പന്ത്രണ്ട് വർഷത്തെ പരിചയമുണ്ട്. അതിൽനിന്ന് മനസ്സിലായത് അദ്ദേഹം വളരെ ചെറുപ്പം മുതൽ കവിതകളെഴുതുമായിരുന്നെങ്കിലും പട്ടാമ്പി കോളേജിലെ പഠനകാലത്താണ് അദ്ദേഹത്തിന്റെ കവിതയ്ക്ക് ഒരു ദിശാബോധം ലഭിച്ചത് എന്നുമാണ്. ഭാഗവതത്തിന്റെയും രാമായണത്തിന്റെയും വായന എഴുത്തച്ഛനിലൂടെ ലഭിച്ചതാണ് തന്റെ ഭാഷയുടെ അടിത്തറ എന്ന് എല്ലായ്പ്പോഴും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ ലോക സാഹിത്യവുമായുള്ള നിരന്തര ബന്ധവും ഭാവുകത്വ ശാഠ്യങ്ങളില്ലാത്ത സംവേദനവും അദ്ദേഹത്തിന്റെ എഴുത്തിനെ നിരന്തരം പുതുക്കുവാനിടയാക്കി. യാത്ര, കായികവിനോദങ്ങളെ നിരീക്ഷിക്കൽ, സിനിമ, അനുഷ്ഠാന കലകളുമായുള്ള ബന്ധം. പെന്തക്കോസ്​തു വിശ്വാസവുമായുള്ള ബന്ധം, സൂഫി പഠനങ്ങൾ എല്ലാം അദ്ദേഹത്തിന്റെ സംവേദനത്തെ വിപുലമാക്കി.

പി. കുഞ്ഞിരാമൻ നായർ
പി. കുഞ്ഞിരാമൻ നായർ

അദ്ദേഹത്തിന്റെ മുൻഗാമികളെ കണ്ടെത്തുക ദുഷ്കരമാണ്. ആദ്യകാല കവിതകളിൽ മൗനവും വിഷാദവും കാൽപ്പനികമായ സമീപനങ്ങളും സ്വന്തം ശൈലിയുണ്ടാക്കിയെടുത്തു. പി. കുഞ്ഞിരാമൻ നായരുടേയും (രാത്രിപഠനങ്ങൾ) ആർ. രാമചന്ദ്രന്റെയും (ആഴം, വെളിച്ചം, അനാഥർ) സ്വാധീനം ആദ്യകാല കവിതകളിലുണ്ട്. ഇതിൽ ആഴം എന്ന കവിതയിലേതുപോലുള്ള ഗഹനതയും മൗനവും പിൽക്കാല കവിതകളില്ല എന്ന് വിഷമിക്കുന്ന വായനക്കാരെ എനിയ്ക്കറിയാം.

ആഴം

എൻ ചുറ്റും നിഴലിട്ടു–
നിൽക്കുന്നു നിശ്ശബ്ദത.
എന്തിനെന്നറിയാത്ത
നിത്യമാ മഹാധത
ഉറങ്ങിക്കഴിഞ്ഞോരു
ചോദ്യം പോൽ

എന്നതാണ് ആ കവിതയിലെ ആദ്യത്തെ വരികൾ

എന്തൊരു ഗഹനമാംഭീതി
ഈ തടാകങ്ങൾ
എന്ന വരികളൊക്കെ ഈ കവിതയിലുണ്ട്

ഏകതാരയിലുതിർന്നു തുടങ്ങിയ വിനയചന്ദ്രൻ കവിത ഒരു കാവടിയാട്ടത്തിലേയ്ക്ക് മാറാൻ അധികകാലം വേണ്ടിവന്നില്ല. മെലഡികളിൽ നിന്നും ഡിസ്​ക്കോപാട്ടുകളിൽ നിന്നും അർദ്ധശാസ്​ത്രീയസംഗീതത്തിൽ നിന്നുമൊക്കെ സിംഫണിയിലേയ്ക്ക് ഇന്ത്യൻ സിനിമാഗാനത്തെമാറ്റിയ എ.ആർ. റഹ്മാനെപ്പോലുള്ള ഒരു ഘടന വിനയചന്ദ്ര കവിതയിലുണ്ട്. ഒരേ കവിതയിൽതന്നെ ഗഹനമൗനങ്ങളും ചാറ്റ്പാട്ടുകളും ആശയസംവാദനങ്ങളും ഭാഷാപൂജയും കൊണ്ടുവന്ന ആ രീതിയെ പക്ഷെ നിരൂപകർ കണ്ടത് ധ്യാനമില്ലാതെ ഒന്നിലും നിൽക്കാനാകാതെ വാചോടാപം ചെയ്തു പോകുന്ന ഒരു ശൈലി എന്നാണ്. ആറ്റൂരിന്റെയും കെ.ജി.എസിന്റെയുമൊക്കെ നേതൃത്വത്തിൽ പരമാവധി അബ്സ്​ട്രാക്ട് ആക്കുക എന്ന കാഴ്ചപ്പാടിന് വലിയ പ്രാധാന്യമുണ്ടായി വന്ന കാലഘട്ടത്തിലാണ് ഈ കാവടിയാട്ടം എന്ന് ഓർക്കണം. ഇതിന് മറുപടിയായി വിനയചന്ദ്രൻ പ്രസംഗത്തിൽ പറഞ്ഞ ഒരു കാര്യം ഞാൻ ഓർക്കുന്നു:

വളരെ ചെറുപ്പം മുതൽ കവിതകളെഴുതുമായിരുന്നെങ്കിലും പട്ടാമ്പി കോളേജിലെ പഠനകാലത്താണ് അദ്ദേഹത്തിന്റെ കവിതയ്ക്ക് ഒരു ദിശാബോധം ലഭിച്ചത്. ഭാഗവതത്തിന്റെയും രാമായണത്തിന്റെയും വായന എഴുത്തച്ഛനിലൂടെ ലഭിച്ചതാണ് തന്റെ ഭാഷയുടെ അടിത്തറ എന്ന് എല്ലായ്പ്പോഴും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

‘‘ചിലർക്ക് ഒരു ശംഖിനുള്ളിലെ പ്രപഞ്ചം മതി, എനിയ്ക്ക് കടലുപോലെ ശ്വസിക്കണം’’ .
ഇത് അദ്ദേഹം മിനിമമലിസ്റ്റുകളെ ആക്ഷേപിച്ചു എന്ന നിലയിൽ പ്രചരിക്കപ്പെട്ടു. യഥാർത്ഥത്തിൽ കടലിന്റെ സംഗ്രഹമായ ശംഖിലെ പ്രപഞ്ചത്തെ ആവിഷ്കരിക്കാൻ കഴിയുന്നവർ എന്ന ആദരവതിലുണ്ടായിരുന്നു. പക്ഷേ അതാരും പരിഗണിച്ചില്ല.

എല്ലാ നിരൂപകരും അവരുടെ പഠനങ്ങൾക്കിണങ്ങുന്ന രീതിയിലുള്ള ഒരു കവിത വിനയചന്ദ്രനിൽ നിന്ന് സ്വീകരിച്ച് ഓരോരോ മുദ്രകൾ അദ്ദേഹത്തിന് നൽകി. ചരിത്രം എന്ന കവിതയിലെ വളരെ പ്രശസ്​തമായ വരികളായ ‘‘ആദ്യമാരും ശ്രദ്ധിച്ചില്ല’’ എന്നു തുടങ്ങുന്ന കവിതകൊണ്ട് അദ്ദേഹത്തെ വിപ്ലവ കവിയാക്കാനും തിരണ്ടുകല്യാണത്തോറ്റം വായിച്ച് അരാജക കവിയാക്കാനും, പുതുക്കുറൾ സീരീസിലെ കവിത വായിച്ച് അസംബന്ധ കവിയാക്കാനും, ഗണപതിക്കവിത വായിച്ച് ഭക്തകവിയാക്കാനുമൊക്കെ അവർക്കു സാധിച്ചു. അതിനാൽ എല്ലായിടത്തുമുണ്ടെന്ന് പ്രതീതി നിലനിൽക്കെത്തന്നെ സ്​ഥാനപ്പെടാതെപോയ ഒരു കവിയായി വിനയചന്ദ്രൻ മാറുകയായിരുന്നു.

ആദ്യകാല കവിതകളിൽ മൗനവും വിഷാദവും കാൽപ്പനികമായ സമീപനങ്ങളും സ്വന്തം ശൈലിയുണ്ടാക്കിയെടുത്തു. പി. കുഞ്ഞിരാമൻ നായരുടേയും (രാത്രിപഠനങ്ങൾ) ആർ. രാമചന്ദ്രന്റെയും (ആഴം, വെളിച്ചം, അനാഥർ) സ്വാധീനം ആദ്യകാല കവിതകളിലുണ്ട്.
ആദ്യകാല കവിതകളിൽ മൗനവും വിഷാദവും കാൽപ്പനികമായ സമീപനങ്ങളും സ്വന്തം ശൈലിയുണ്ടാക്കിയെടുത്തു. പി. കുഞ്ഞിരാമൻ നായരുടേയും (രാത്രിപഠനങ്ങൾ) ആർ. രാമചന്ദ്രന്റെയും (ആഴം, വെളിച്ചം, അനാഥർ) സ്വാധീനം ആദ്യകാല കവിതകളിലുണ്ട്.

70- കളിലാണ് യാത്രപ്പാട്ട് വിനയചന്ദ്രൻ എഴുതുന്നത്. വീടുവിട്ട് നഗരങ്ങളിലേക്കു പോകുന്ന- അതായത് സമൂഹത്തിലേയ്ക്ക് ബന്ധങ്ങളറുത്തിറങ്ങുന്ന- അക്കാലത്തെ യുവാവിനെ ആ കവിതയിൽ വ്യക്തമായി കാണാം. എങ്കിലും ഭാവിയുടെ സ്വപ്നത്തേക്കാൾ വിട്ടുപോകാനാകാത്ത കേരളഗ്രാമമാണ് ആ കവിതയിൽ മുന്തി നിൽക്കുന്നത്. ജന്മാന്തരബന്ധങ്ങൾ, ഇണക്കങ്ങൾ, ശീലങ്ങൾ, മിത്രങ്ങൾ, അയൽക്കൂട്ടങ്ങൾ പുലരിക്കണികൾ രാവൊലികൾ, രുചികൾ, കൂക്കുകൾ, ഉത്സവങ്ങളെല്ലാം കൊണ്ട് പണിത ഒരു ചേക്കാണ് ആ കവിതയിലെ പ്രതിപാദ്യം. പിൽക്കാലത്ത് വിനയചന്ദ്രകവിതയുടെ ആധാരശിലയായി നിൽക്കുന്ന നാടൻപാട്ട് ഇതിൽ പ്രകടമാണ്. നാട്ടിലെ ഇരുട്ടിലാണ് എല്ലാ ഔഷധവും എന്ന് ഈ കവിത പറയുന്നുണ്ട്.

‘‘നാടിന്റെ നന്മപോലെ വാവലും തൂങ്ങിനിന്നു’’ എന്ന വരികൾ നിപ്പ കാലഘട്ടത്തിൽ പൊതുസമൂഹം അംഗീകരിക്കുകയില്ലെങ്കിലും മരണത്തിന്റെ സാന്നിദ്ധ്യത്തിലാണ് നൃത്തവും സംഗീതവും ജനിക്കുന്നത് എന്ന് കണ്ടെത്തിയ കാവ്യദേവതയ്ക്ക് ഒരായിരം ഔഷധസന്ദേശങ്ങൾ ഈ കവിത നൽകുന്നുണ്ട്.

മെലഡികളിൽ നിന്നും ഡിസ്​ക്കോപാട്ടുകളിൽ നിന്നും അർദ്ധശാസ്​ത്രീയസംഗീതത്തിൽ നിന്നുമൊക്കെ സിംഫണിയിലേയ്ക്ക് ഇന്ത്യൻ സിനിമാഗാനത്തെമാറ്റിയ എ.ആർ. റഹ്മാനെപ്പോലുള്ള ഒരു ഘടന വിനയചന്ദ്ര കവിതയിലുണ്ട്.

‘‘ഇരുവശങ്ങളുമെരുക്കുകൾ പൂത്ത
വരമ്പിലൂടല്ലൊ നടന്നുപോന്നുണ്ണി.

ഇടനെഞ്ചുപൊട്ടിയിടയ്ക്കിടെ നിന്നു
തിരിഞ്ഞുനോക്കുന്ന പുഴയുടെ വര–
മ്പടിപറ്റിയല്ലൊ നടന്നുപോന്നുണ്ണി.

ഒരൊറ്റ മേഘത്തിൻ കുളിരുമില്ലാതെ
മരിച്ചുനീലിച്ച വലിയ മാനത്തിൻ
വിളുമ്പിലൂടല്ലൊ നടന്നു പോന്നുണ്ണി.

അറുകൊലകളും മറുതയും വാഴും
കടവുകളെല്ലാം കടന്നു പോന്നുണ്ണീ.

പടിപടിയെത്ര പടി കടന്നുപോയ്
പരമ്പരകൾ തൻ വരമ്പിലൂടുണ്ണി.

വലിയ മുത്തപ്പൻ കുലദൈവങ്ങളും
വഴിനടന്നൊരീ വരമ്പിലൂടുണ്ണി’’
എന്നാണ് ആ കവിതയിലെ വരികൾ.

എല്ലായിടത്തുമുണ്ടെന്ന് പ്രതീതി നിലനിൽക്കെത്തന്നെ സ്​ഥാനപ്പെടാതെപോയ ഒരു കവിയായി വിനയചന്ദ്രൻ മാറുകയായിരുന്നു.
എല്ലായിടത്തുമുണ്ടെന്ന് പ്രതീതി നിലനിൽക്കെത്തന്നെ സ്​ഥാനപ്പെടാതെപോയ ഒരു കവിയായി വിനയചന്ദ്രൻ മാറുകയായിരുന്നു.

അജ്ഞേയതയുടെ മുന്നിൽനിന്ന് അതിനെ തോറ്റി ഉണർത്താനായിരുന്നു വിനയചന്ദ്രന്റെ നിയോഗം. സ്​തുതിച്ചും കരഞ്ഞും നിർവേദത്തിന്റെ ഭസ്​മം പൂശിയും രതിയുടെ ദീപമേന്തിയും കൂട്ടുകൂടി ലഹരിയിലാണ്ടും തികഞ്ഞ കവിയുടെ ജീവിതമണയാൻ ഇറങ്ങിത്തിരിച്ചത് യാത്രാപ്പാട്ടോടെയായിരുന്നു.

മഗ്ദലനെക്കുറിച്ചുള്ള ഒരു കവിതയിൽ, കവിയെ യേശുവിനോടൊപ്പം നിർത്തി മഗ്ദലനയോട് പറയുന്നുണ്ട്, ‘നീ പ്രേമശുശ്രൂഷ, ഞാനോ വചനശുശ്രൂഷയും’ എന്ന്. കസാന്ദ്സാക്കിസ്​ ഒക്കെ വായിച്ച വിനയചന്ദ്രന്റെ ആത്മീയത നിൽക്കുന്നത് അവിടെയാണ്. നിലംപറ്റിവീണതിനെക്കുറിച്ചാണ് അദ്ദേഹത്തിന്റെ കവിതകൾ. അതേസമയം സ്വയം ശമിക്കുന്നതിനെപ്പറ്റിയാണ് ആ കവിതകൾ പറയുന്നത്. കൂന്തചേച്ചിയിലും കുഞ്ഞനുണ്ണിയിലും റോസ്​ലിൻഡയിലുമൊക്കെ ആ ശമവിദ്യയുണ്ട്. അതിനാലാണ് അത്ര ഹതാശമായ ഇടങ്ങൾ വിനയചന്ദ്രനോടൊപ്പം നമുക്ക് സന്ദർശിക്കാനാകുന്നത്.

ഒരിക്കൽ ഉത്ക്കണ്ഠാരോഗം കൊണ്ട് ഉദ്വിഗ്നനായി നടക്കുന്ന കാലത്താണ് വിനയചന്ദ്രനെ വായിച്ചുതുടങ്ങിയത്. ദുഃഖത്തെ നേരിടുകയും ആ ദുഃഖത്തെ നീരിലും പൂവിലും സൂര്യനിലും കീർത്തനങ്ങളിലും വ്രതങ്ങളിലുമൊക്കെ ശമിപ്പിച്ച് ഔഷധമാക്കുന്ന ചൊല്ലരങ്ങാണ് ഡി. വിനചന്ദ്രൻ. കുഞ്ഞനുണ്ണിയും, കൂന്തച്ചേച്ചിയുമൊക്കെ രാഷ്ട്രീയമായി വായിക്കുന്നതു കണ്ടിട്ടുണ്ട്. പല രീതിയിൽ വായിക്കപ്പെടാനുള്ള അർഹത മികച്ച കവിതകൾക്കുണ്ടെങ്കിലും, മതബാഹ്യമായ ഒരു ജൈവനൃത്തത്തിലാണ് വിനയചന്ദ്രകവിതകൾ നിൽക്കുന്നത്.

എ. അയ്യപ്പൻ, സെബാസ്റ്റ്യൻ, എസ് ജോസഫ്, അൻവർ അലി, എസ്. കണ്ണൻ തുടങ്ങിയവർക്കൊപ്പം ഡി. വിനയചന്ദ്രൻ
എ. അയ്യപ്പൻ, സെബാസ്റ്റ്യൻ, എസ് ജോസഫ്, അൻവർ അലി, എസ്. കണ്ണൻ തുടങ്ങിയവർക്കൊപ്പം ഡി. വിനയചന്ദ്രൻ

കാട് എന്നത് വിനയചന്ദ്രനെ നിരന്തരം ബാധിച്ചിരുന്നൊരു സ്വത്വമാണ്. കേരളത്തിലെ കാടുകളിൽ, ഹിമവാനിൽ, മരുഭൂമികളിൽ, കടലിൽ ഒക്കെ നിരന്തരം സന്ദർശനം നടത്തുന്ന വിനയചന്ദ്രന്, കവിതയ്ക്ക് അതീതാനുഭവങ്ങൾ നേടിത്തരാനാകും എന്ന വിശ്വാസമുണ്ടായിരുന്നു. ആലപ്പുഴയിൽ കടൽ കാണാനെത്തിയപ്പോൾ പൊടുന്നനെവന്ന മഴക്കാറിൽ കടൽ കാണാതെ മടങ്ങാനുള്ള സന്ദേശമുണ്ടെന്ന് എന്നോട് പറയുകയും എന്നെയും കൂട്ടി വേഗം അവിടെ നിന്ന് മടങ്ങുകയും ചെയ്തത് ഞാനോർക്കുന്നു. അവിവാഹിതനായ അദ്ദേഹം ചുറ്റുപാടിനോട് അത്രമാത്രം പങ്കിട്ട് ജീവിക്കാനാകുമെന്ന് കരുതിയെന്നുവേണം ഇതിൽനിന്നൊക്കെ മനസ്സിലാക്കാൻ.
കാട് എന്ന കവിതയിൽ
‘ആ ആ എന്നു തുടങ്ങിയാൽപ്പിന്നെയുമാദ്യം തുടങ്ങും മരങ്ങൾ പടർപ്പുകൾ’ എന്ന പ്രയോഗത്തിൽ തന്നെ ഭാഷയ്ക്ക് വസ്​തുവിൽനിന്നുള്ള ജൈവവളർച്ചയുമായാണ് ബന്ധം എന്ന നിലപാടാണുള്ളത്. ആ എന്ന അക്ഷരത്തിന്റെ ചിത്രമായാണ് ആ വരിയുൾപ്പെടുന്ന ആ ഖണ്ഡം സങ്കൽപ്പിച്ചിരിക്കുന്നത്.

അ ആ എന്നു തുടങ്ങിയാൽപ്പിന്നെയു-
മാദ്യം തുടങ്ങും മരങ്ങൾ പടർപ്പുകൾ
കോടാനുകോടിയാവർത്തിച്ചുപോകിലും
കോടിക്കവസാനമില്ലാത്ത കല്ലുകൾ
കേറിവരുന്തോറുമൂറ്റം പ്രണയത്തി-
നേറി വരുന്നോരു കുന്നും മുടികളും
ചുറ്റിയിറങ്ങിക്കറങ്ങിത്തളരിലും
തെറ്റിനിൽക്കുന്ന താഴ് വാരങ്ങൾ
മേടുകൾ.

കാട് എന്നത് വിനയചന്ദ്രനെ നിരന്തരം ബാധിച്ചിരുന്നൊരു സ്വത്വമാണ്. കേരളത്തിലെ കാടുകളിൽ, ഹിമവാനിൽ, മരുഭൂമികളിൽ, കടലിൽ ഒക്കെ നിരന്തരം സന്ദർശനം നടത്തുന്ന വിനയചന്ദ്രന്, കവിതയ്ക്ക് അതീതാനുഭവങ്ങൾ നേടിത്തരാനാകും എന്ന വിശ്വാസമുണ്ടായിരുന്നു.

‘സമ്പൂർണ്ണമാകാത്ത രതിപ്രകാണ്ഡങ്ങൾ’ എന്ന ആ കവിതയിലെ തന്നെ ഒരു പ്രയോഗമാണ് അദ്ദേഹത്തിന്റെ ജീവിതദർശനത്തിന്റെ അടിസ്​ഥാനം.

‘വസുതുവിവേക വിശ്വാസങ്ങളല്ലിവർ’ എന്ന വരി കാടും കവിയും പ്രപഞ്ചവും പൂർണ്ണ വിലയത്തിലെത്തിയത് നമുക്കു കാണാൻ കഴിയും. എന്നാൽ ഒരാശയവാദിയ്ക്ക് ഇതിനെ പെട്ടെന്ന് ഉപനിഷദ് ആശയങ്ങളിലേക്ക് കൊണ്ടുപോയി കെട്ടാനാകുമെങ്കിലും, റെഡ് ഇന്ത്യൻ സാഹിത്യവും ആദിവാസിചര്യകളും ആഫ്രിക്കൻ ഗോത്ര സാംസ്​കാരവുമൊക്കെ നിരീക്ഷിക്കുന്നവർക്ക് അസ്​തിത്വവുമായി ബന്ധപ്പെട്ട പ്രാചീന ജീവനവൃത്തിയുടെ തുടർച്ചയായേ കണക്കാക്കാൻ സാധിക്കൂ. ആ നിലയ്ക്ക് ഈ കവിതയുടെ പ്രപഞ്ചാനുഭൂതിയെന്ത് എന്ന് അന്വേഷിക്കുന്നവർക്ക് ഈ തിരഞ്ഞെടുക്കപ്പെട്ട ശബ്ദജാലം ഒരു തെറാപ്പിയായി മാറുന്നതനുഭവിക്കാൻ കഴിയും. അതിൽ നമ്മുടെ മതസംസ്​ക്കാരത്തിന്റെ ആർക്കിടൈപ്പുകളേക്കാൾ വസ്​തുവിൽ നിന്നുദ്ഭൂതമാകുന്ന ജൈവപടർച്ചയായി ഭാഷ സംഭവിക്കുന്നതിന്റെ അനുഭവമായിരിക്കും ലഭിക്കുക എന്നു ഞാൻ കരുതുന്നു.

‘‘പേടിയ്ക്കു തീയിട്ടു തീക്കുണ്ഡമായ് ശിവ-
ഭേരിയുൾക്കണ്ണിൽ പ്രളയസമുദ്രമായ്’’

The Third Bank of the River പുസ്തകത്തിൻ്റെ കവർ
The Third Bank of the River പുസ്തകത്തിൻ്റെ കവർ

എന്നതിൽ അദ്ദേഹത്തിന്റെയുൺമയാകെ അലറി നിൽക്കുന്നതു നമുക്കു കാണാം. ആൻഡാലൂഷ്യൻ ജിപ്സികളിൽ നിന്ന് ഇതേ വീര്യമുൾക്കൊണ്ട് കവിതയുടെ അജ്ഞേയവഴികളിൽ ഒരു തരത്തിലുള്ള വർഗ്ഗീകരണത്തിനും വഴങ്ങാതെ കാവ്യ ചരിത്രത്തിലെ ചന്ദ്രബിംബവും ചെന്നായയുമായി അടയാളപ്പെട്ട ലോർകയേയും അദ്ദേഹത്തിന്റെ ‘ഇരുട്ടിന്റെ സൗന്ദര്യം’ എന്ന് പേരിട്ട് വിളിക്കുന്ന ദ്വിവന്തയേയും പ്രഥമാനുഭവം ചോരാതെ മലയാള ശബ്ദാനുഭൂതിയിലുറപ്പിക്കാൻ കഴിഞ്ഞ വിവർത്തകനും കൂടിയാണ് ഡി. വിനയചന്ദ്രൻ. യൂറോപ്പിലെ മുഴുവൻ ജിപ്സികളുടേയും പേരുകൾ ഇന്ത്യയിലാണെന്ന് ഗൂഗിൾ പറഞ്ഞുതന്നതോടെ കവികളുടെ അനുഭൂതിരഹസ്യങ്ങൾ ഭാഷാദേശങ്ങൾക്കപ്പുറം കൈമാറുന്നതിലെ ആനന്ദത്തിലാണ് ഞാനിന്ന് ജീവിക്കുന്നത്. ഒരു സെൻകഥയ്ക്കും പറഞ്ഞുതരാനാകാത്ത ലാവണ്യവും വിധ്വംസകതയും വന്യതയും നിറച്ച് രചിക്കപ്പെട്ടിട്ടുള്ള ജ്വാഗിമോറോ റോസയുടെ The Third Bank of the River വായിക്കുമ്പോൾ ‘പക്ഷികൾ മരിക്കാൻ പോകുന്ന സ്​ഥലമേതാണ്’ എന്നുമാത്രമല്ല, അച്ഛന്മാർ മരിക്കാൻ പോകുന്ന സ്​ഥലമേതാണ് എന്നും കൂടി തെളിഞ്ഞുവരും. വിനയചന്ദ്രൻ തിരഞ്ഞെടുത്ത വിവർത്തനകൃതികൾ മതനിരപേക്ഷമായ ആത്മീയധാരകളെക്കുറിച്ചുള്ള വന്യകൃതികളാണ്.

ആധുനികാനന്തര കാലത്തിന്റെ സ്വഭാവത്തിലേയ്ക്ക് കാവ്യലോകം മാറുമ്പോൾ കവിതയിൽ കാതലായുണ്ടായ മാറ്റം, അർത്ഥം, ആശയം എന്നതിൽ നിന്ന് മാറി ക്രിയയിലേക്ക് കടന്നു എന്നതാണ്. അതായത് ഏതെങ്കിലും തത്വം പറയുകയോ, ആശ്ചര്യം കൊള്ളുന്നതുവഴി അർത്ഥം ധ്വനിപ്പിക്കുകയോ, ഒരു സന്ദർഭത്തെ വരികൾ കൊണ്ട് പരിലാളിക്കുകയോ, ചെയ്യുന്നതിനുപകരം ഒരു ചലനലോകത്തെ രേഖപ്പെടുത്തുക എന്ന നിലക്കുള്ള മാറ്റമാണ്. ക്യാമറ ഒരു ജീവിതസന്ദർഭത്തെ രേഖപ്പെടുത്തുന്നതു പോലെയാണിത്.

കവിത മനസ്സിലാകാത്തവനോട്’ എന്ന വിനയചന്ദ്രകവിത ഒരു ലോകകവിതയാണ്. വിവർത്തനം ചെയ്താൽ ലോകത്തെവിടെയും കവിത മനസ്ലിലാകാത്തവരോട് പറയാനുള്ളതിന്റെ ഒരു കൈപ്പുസ്​തകമാകാൻ കഴിവുള്ള ഒരു കവിതയാണിത്. ഇതിൽ നിർദ്ദേശിച്ചിരിക്കുന്നത് മുഴുവൻ പ്രവർത്തനങ്ങളാണ്. അനങ്ങുന്ന ഒരാൾക്ക് മാത്രമേ ദിശാബോധമുണ്ടാകുകയുള്ളൂ എന്നും നടന്നുതുടങ്ങിയാലേ ലക്ഷ്യത്തിലെത്തുവെന്നും എത്തിച്ചേർന്നാൽ മാത്രമേ തൊടാൻ സാധിക്കൂ എന്നും ഈ കവിത പറയുന്നു. അതാകട്ടെ പ്രപഞ്ചശുശ്രൂഷയായി മാറുന്നതുമാണ്. സൗഖ്യം വന്നവനേ സ്വന്തം സങ്കടങ്ങളുടെ ആഴം കാണാനാകൂ അല്ലാത്തവൻ അതിന്റെ ഇരയായിക്കഴിയുമെന്നതിനാൽ സൗഖ്യം വരാനായി ഇറങ്ങിത്തിരിക്കൂ എന്ന ആഹ്വാനമാണ്. കവിയാകാനുള്ള ആഹ്വാനവും എന്ന് ഇത് വായിക്കുമ്പോഴറിയാം.

കവിത മനസ്സിലാകാത്തവരോട്

നിങ്ങൾ തനിയെ തീ കത്തിക്കുക
നിങ്ങളറിയാത്ത വഴിപോക്കന്
ഒരു കപ്പ് കാപ്പി കൊടുക്കുക.
ഇളവെയിൽ കൊള്ളുന്ന പൂച്ചയെനോക്കി
വെറുതെയിരിക്കുക.
പരുന്ത് വട്ടം ചുറ്റുന്നത് നോക്കുക
ഒരു ചെടി നട്ടുനനച്ചുവളർത്തി
ആദ്യത്തെ പൂവിരിയുന്നത് കാണുവാൻ
അയൽക്കാരിയേയും വിളിക്കുക.
വസന്തത്തിൽ മല കയറുക.
വെളുത്തപക്ഷത്തിൽ മുക്കുവരോടൊത്ത്
കടലിൽ പോകുക.
മുത്തശ്ശിയുടെ പ്രസാദത്തിന്റെയും
കാമുകിയുടെ ഗന്ധത്തിന്റെയും
സന്ദർഭം എഴുതി സ്വാരസ്യം വ്യക്തമാക്കാതിരിക്കുക.
കൂട്ടുകാരെൻ്റ മരണം കഴികെ
പെരുമഴയിലൊറ്റയ്ക്ക് നടന്നുപോകുക.
ആശുപത്രിയിൽ പാണന്റെ ശ്വാസം വീണ്ടുകിട്ടുവാൻ
ഏഴുരാവും ഏഴുപകലും നോറ്റിരിക്കുക.
ചിട്ടിയും കോഴിത്തീറ്റയും കളഞ്ഞ്
അമ്മയുടെ മടിയിൽ കിടന്ന് ആദിത്യനേയും
ഗരുഡനേയും ധ്യാനിക്കുക.
വാക്കിന്റെ മുന്നിൽ ബ്രഹ്മാവിനെപ്പോലെ വിനയവാനാകുക.
ആണ്ടിലൊരിക്കൽ മൂകനായി ഊരുചുറ്റുക.
കല്ലിൽ കൊത്തിയെടുത്ത സൂര്യരഥം കാണുക.
കറുത്ത പക്ഷിയുടെ ഭൈരവി കേൾക്കുക.
കുട്ടിക്കാലത്തെ ഇടവഴികൾ ഓർക്കുക.
സൂര്യകിരണം പിടിച്ചുവരുന്ന ഈ
കുഞ്ഞുങ്ങളുടെ മുമ്പിൽ
മുട്ടുകുത്തുക.
അവധിയെടുത്ത് സ്വപ്നം കാണുക.
കണ്ണാടി നിരൂപകനെ ഏൽപ്പിച്ച്
നദിയിൽ നക്ഷത്രം നിറയുന്നത് നോക്കുക.

ഗദ്യത്തിൽ സംഗീതമെവിടെ എന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് ഈ കവിത. അർത്ഥവും ഭാഷയും ദൃശ്യവും ചലനവും ചേർന്നുള്ള ലയമാണ് ഇതിൽ സംഗീതമുണ്ടാക്കുന്നത്. മറ്റൊരു ജീവിതം സാധ്യമാണ് എന്നാണീ കവിത പറയുന്നത്. 90- കളിലേയ്ക്ക് എത്തിച്ചേർന്ന ഡി. വിനയചന്ദ്രനിൽ വലിയ മാറ്റം ഉണ്ടാകുന്നുണ്ട്.

മാധവിക്കുട്ടിയോടൊപ്പം ഡി.വിനയചന്ദ്രൻ Photo / ഡി. വിനയചന്ദ്രൻ സ്മാരക ഫൗണ്ടേഷൻ facebook page
മാധവിക്കുട്ടിയോടൊപ്പം ഡി.വിനയചന്ദ്രൻ Photo / ഡി. വിനയചന്ദ്രൻ സ്മാരക ഫൗണ്ടേഷൻ facebook page

‘പെങ്ങൾ’ എന്ന കവിത ദക്ഷിണേന്ത്യ ലോകത്തിന് വാഗ്ദാനം ചെയ്ത ഒരു കവിതയായാണ് ഞാൻ കാണുന്നത്. ലോകകവികളെപ്പോഴും ഏകാന്തമായ ഒരു സ്​ഥലത്തുനിന്നാണ് കവിതയെഴുതുന്നത്. അവരുടെ നിരീക്ഷണകോണിലാണ് കവിത ദൃശ്യപ്പെടുന്നത്. ഇവിടെ സ്വയം ഒരുത്സവമായിക്കൊണ്ടും ഉത്സവബിംബങ്ങൾ എമ്പാടും ഉപയോഗിച്ചും കൂട്ടങ്ങളുടെ ഭാഗമായി നിന്നുകൊണ്ടുമാണ് കവിത എഴുതപ്പെടുന്നത്. ഏകാന്തദുഃഖത്തെ ആന, തിടമ്പ്, കാവടി തുടങ്ങിയ ഉത്സവരൂപങ്ങളുമായി കൂട്ടിക്കെട്ടിയിട്ടും ദുഃഖം കൂടുതൽ ജീവിതവ്യമായി എന്നല്ലാതെ അതൊഴിഞ്ഞുപോകാതെ കൂടുതൽ തിളങ്ങുന്നതിനാൽ കാർണിവൽ കവിതയായാണ് ഞാനിതിനെ കാണുന്നത്.

മഗ്ദലനെക്കുറിച്ചുള്ള ഒരു കവിതയിൽ, കവിയെ യേശുവിനോടൊപ്പം നിർത്തി മഗ്ദലനയോട് പറയുന്നുണ്ട്, ‘നീ പ്രേമശുശ്രൂഷ, ഞാനോ വചനശുശ്രൂഷയും’ എന്ന്. കസാന്ദ്സാക്കിസ്​ ഒക്കെ വായിച്ച വിനയചന്ദ്രന്റെ ആത്മീയത നിൽക്കുന്നത് അവിടെയാണ്.

‘നിരാസം’ എന്ന കവിതയിലും ഇതേ സ്വഭാവം കാണാം. ഏകാന്തതയ്ക്കു പകരം കൂട്ടങ്ങൾക്കിടയ്ക്കുള്ള വിമുക്തിയാൽ സുതാര്യ നിമിഷങ്ങളുള്ളവയാണ് ഇത്തരം കവിതകൾ. വിപരീതഭാവങ്ങളുടെ കൂട്ടിചേർക്കലിലും ഓരോന്നിലും അഭാവങ്ങളുടെ വിശാലതയുള്ളവയാണ് ഇതിലെ ഇമേജുകൾ. കറുത്ത ആനപ്പുറത്ത് ഇക്കണ്ട ദീപാലങ്കാരങ്ങളുടേയും കുഴലിന്റെയും മേളത്തിന്റെയും ആരവത്തിന്റെയുമിടയിൽ ആ തിടമ്പ് ഇരുട്ടിലൊറ്റക്കാണിരിക്കുന്നത് എന്ന ഇമേജ് ഈ കവിതയ്ക്കു ശേഷമാണ് എന്നിലുണ്ടായത്. മുത്തങ്ങയെന്ന നമ്മുടെ തൊടിയിലെ ആയുർവേദത്തിന്റെ കൺകണ്ട ഔഷധത്തിനേയും ശുക്രരശ്മിയേയും ചേർത്ത് അതും കൂടി ലോകത്തിലേയ്ക്ക് നീട്ടിക്കൊടുക്കുന്നുണ്ട് വിനയചന്ദ്രൻ. ശുക്രരശ്മിയെന്നാൽ കൊടുവേലി എന്ന ഔഷധത്തിനുള്ള മറ്റൊരു പേരാണെന്നറിയുമ്പോൾ വിനയചന്ദ്രന്റെ ശബ്ദത്തിലേക്കുള്ള യാത്ര പ്രാചീനമായ വേരുകളുള്ളവയാണെന്ന് കാണാൻ കഴിയും. അതിൽ ആദ്യത്തെ ഖണ്ഡം തന്നെ നോക്കൂ.

‘‘എന്തിനാണെന്തിനാണെന്റെ പെങ്ങൾ
കുടസ്സഞ്ചിയിൽ നിന്നെടുക്കാതെ
മഹാവർഷ ബന്ധുശാപം കൊണ്ടുലർന്നു കുതിർന്നു
കലക്കവെള്ളം പോൽ കലമ്പി നടക്കുന്നു’’

സുഗതകുമാരി
സുഗതകുമാരി

എന്നാണ് കൃത്യമായ മീറ്ററിലാണെങ്കിലും പദ്യത്തിന്റെ ഭാഷയെ തന്നെ നിരാകരിച്ചിരിക്കയാണിവിടെ. സുഗതകുമാരിയിൽ ഇതിന്റെ പ്രവണത കാണാമെങ്കിലും സുതാര്യമായ പദങ്ങളാണ് കവി എടുക്കാറ്. ഇവിടെ അതൊന്നുമില്ല. ഗദ്യവും പദ്യവും ഇവിടെ സംഗമിക്കുകയാണ്. പിന്നീടുള്ള തലമുറയ്ക്ക് ലഭിച്ച ഭാഷാപ്രയോഗത്തിലുള്ള സ്വാതന്ത്ര്യത്തിന്റെ തുടക്കം ഇവിടെ നിന്നാണ്.

അന്ധയായ് മാകയായുൾപ്പടർപ്പിൽ നിന്നു
വെന്തുപുകഞ്ഞു പുരുഷശവരൂക്ഷഗന്ധം
മുള പൂത്തപോലെ വമിക്കുന്നു.

അന്തിയാകുമ്പോൾ മദഗജമേറിവ–
ന്നെന്റെ പ്രണയമേ എന്റെ പ്രണയമേ –
ചന്ദനം കൊണ്ട തിടമ്പിതാ തീവെട്ടി
പഞ്ചവാദ്യം പറയുത്സവം കൊള്ളുന്നു.

ആരാണു നീയെന്നു ചോദിപ്പവരോടു
ഞാൻ നടിയുർവശി, മീരൂവി, യംബ–
ശാപം, അപർണ്ണതപസ്സു, ലോപാമുദ്ര–
പാരതന്ത്ര്യം, ദേവയാനിപ്പക, ഗാർഗി–
തൻപോരിമ, രാധാകൃഷ്ണ സ്വപ്നങ്ങളെ–
ന്നാരെയും കൂസാതെ ചൊല്ലിനടക്കുന്നു.

ചുറ്റും വിജനമാം പൂന്തോട്ടമെന്നോർത്തു
കത്തികണ്ണാകുമൊരുദ്യോഗശാലയിൽ
പൊട്ടിക്കരഞ്ഞിടിവെട്ടേറ്റ പൂമരം
പൊട്ടിത്തകർന്ന പോൽ മൂർച്ഛിച്ചു വീഴുന്നു.

പൂവിരിഞ്ഞാലുടൻ ചെമ്പരത്തിപ്പൂക്കൾ
ദേവിക്കുനൽകാതെ കുന്നിൻ നെറുകയിൽ
തൂകി വെയിൽകൊണ്ടു കാവടിതുള്ളുന്നു.

താൻ വരയ്ക്കാറുള്ള ചിത്രത്തിലൊക്കെയു-
മേതോ രഹസ്യലിപികൾ വരഞ്ഞിട്ടു
പച്ചയില്ലാത്ത നിറങ്ങൾ തന്നാലസ്യ-
ദുഃഖ വിരക്തികൾ ചാലിച്ചെഴുതുന്നു.

മോതിരമില്ല വളയോ കിലുങ്ങുന്ന
നൂപുരമോ കൺമഷിയോ തിലകമോ
സീമന്തരേഖയിൽ സിന്ദുരമേയില്ലാ-
നോവനാർഭാട വിശുദ്ധമാകുന്നതാ-
മേകാദശിയോ പ്രദോഷമോ ശക്തിയോ.

ഇന്നലെപ്പൂത്ത പവിഴമല്ലിച്ചില്ല
നൊന്തുകരഞ്ഞോ ഉഷസ്സിലെൻ മുറ്റത്തു-
ചോരവാർന്നോരു ചിറകുമായ് വീണതു
മഞ്ഞക്കറുപ്പൻ കിളിയോയനാഥയാം
പെണ്ണോയഭയാർത്ഥിയാം ​പ്രേമമോ
മുത്തങ്ങയോ ശുക്രരശ്മിയോയില്ലാതെ
കുറ്റവും ശിക്ഷയുമായ് നര ബാധിച്ചു.

ഭിത്തിയിൽ തൂങ്ങും കലണ്ടറിലിന്നൊരു
പുത്തൻ പകലതിൻ നെഞ്ചത്തു പച്ചയിൽ
‘നിർദ്ദയമാം പ്രേമ’മെന്ന നിഴൽ കാണാം.

അൽപ്പനേരം ഭൂമി ഭൂമിയാകുന്നൊരാ-
മിത്രനേരം, പച്ചപോയി, മണം പോയി.

എന്തിനാണെന്തിനാണെന്റെ പെങ്ങൾ മിഴിയി–
ലീ വൃക്ഷങ്ങൾ തെളിച്ചു, കടൽക്കോളു-കാലിലണിഞ്ഞു മഹാകാളമേഘങ്ങൾ
മൂടിപ്പുതച്ചും കരിമ്പനക്കാടുകൾക്കപ്പുറം
സൂര്യൻ മറഞ്ഞതമാല വനങ്ങൾക്കുമപ്പുറം
ഏകയായ് സന്ധ്യയായി ചെന്നുനിൽക്കുന്നിതാ
സന്ധ്യ നാമത്തിരി ഞാൻ കൊളുത്തി-
യെന്റെയുള്ളലിരുട്ടിലാകാശ ചെരാതിന്റെ
തുമ്പിൽ പൊടുന്നനെ കേൾക്കുന്നിതാരവം.

കോടാനുകോടിയീയാമ്പാറ്റകൾ ഭൂമി
മൂടി ശിവാക്ഷര തേജസ്സുമൂടിയീ-
യണ്ഡകടാഹം പൊഴിയുന്നു, പാറ്റതൻ
കത്തുന്ന കുഞ്ഞിച്ചിറകിൽ പരമ്പര
നൊന്തുകരിയുന്നു നൊന്തുപൊഴിയുന്നു
നൊന്തുകരയുന്നു പെങ്ങൾ

ഇത്രയും തീവ്രമായ ഒരു ഫെമിനിസ്റ്റു കവിത മലയാളത്തിൽ എഴുതപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുമാറാണ് ഈ കവിത കാലത്തിൽ നിലനിൽക്കുന്നത്. .

ഇത്രയും തീവ്രമായ ഒരു ഫെമിനിസ്റ്റു കവിത മലയാളത്തിൽ എഴുതപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുമാറാണ് ഈ കവിത കാലത്തിൽ നിലനിൽക്കുന്നത്. ഇതിലെ എന്റെ പ്രണയമേ എന്റെ പ്രണയമേ എന്ന് രണ്ടുപ്രാവശ്യം ആവർത്തിച്ചു എഴുതുന്നതിൽ അർത്ഥത്തേക്കാൾ ചൊൽവടിവിലുള്ള വിശ്വാസമാണുള്ളത്. അതുപോലെതന്നെ,

‘നോവനാർഭാട വിശുദ്ധമാകുന്നതാ-
മേകാദശിയോ പ്രദോഷമോ ശക്തിയോ’

എന്നതിന്റെയൊക്കെ പരിണതി അതുവരെയുള്ള ഭാഷാനൃത്തത്തിന്റെ ധൈര്യം കൊണ്ടുവരുന്ന ഒരുതരം പ്രയോഗമാണ്. അത് അർത്ഥത്തേക്കാൾ ഉൽപ്പാദനക്ഷമതയുള്ള അനുഭൂതിയെ ലക്ഷ്യമാക്കി നിർമ്മിച്ചിട്ടുള്ളതാണ്.

നിരാസം എന്ന കവിതയിലും ഇതേ ഘടനയാണുള്ളത്. പ്രണയത്തെ തെരുവുകൂമ്പാരങ്ങൾക്കും ശബ്ദങ്ങൾക്കും വിപരീതഭാവങ്ങളുടെ നിരവധി സമ്മേളനങ്ങൾക്കിടയിലുമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

ശുക്രരശ്മിയെന്നാൽ കൊടുവേലി എന്ന ഔഷധത്തിനുള്ള മറ്റൊരു പേരാണെന്നറിയുമ്പോൾ വിനയചന്ദ്രന്റെ ശബ്ദത്തിലേക്കുള്ള യാത്ര പ്രാചീനമായ വേരുകളുള്ളവയാണെന്ന് കാണാൻ കഴിയും.
ശുക്രരശ്മിയെന്നാൽ കൊടുവേലി എന്ന ഔഷധത്തിനുള്ള മറ്റൊരു പേരാണെന്നറിയുമ്പോൾ വിനയചന്ദ്രന്റെ ശബ്ദത്തിലേക്കുള്ള യാത്ര പ്രാചീനമായ വേരുകളുള്ളവയാണെന്ന് കാണാൻ കഴിയും.

നിരാസം

നിന്നെയോർക്കാതെ ഞാനെങ്ങനെ ജീവിക്കും
മെന്നെയോർക്കാതെ നീയെങ്ങനെ ജീവിക്കു–
മെന്നിങ്ങനെ വിചാരപ്പെട്ടു നിൽക്കുമ്പോൾ
നീയും പുതിയ സുഹൃത്തും തടിച്ചൊരു
നായുമതിനെ നയിക്കുന്ന ബോയിയും
ചുമ്മാ ചിരിച്ചു രസിച്ചു കടന്നുപോയ്

നന്നുനന്നെന്നുള്ളിൽ ഞാനും ചിരിച്ചുപോയ്

എന്തു ഞാനോർത്തു മറന്നെതെന്നോർക്കുമ്പോൾ
പിന്നെ ശ്രമിച്ചു കുഴഞ്ഞുനടക്കുമ്പോൾ
ഫാസ്റ്റുപാസഞ്ചറതുമിതും വാരി
നിറച്ച മുനിസിപ്പാലിറ്റി വണ്ടി, തടിലോറി
വീപ്പയിൽ വെള്ളം നിറച്ചൊരോട്ടോറിക്ഷ
ഷാപ്പുകാർക്കുള്ള കന്നാസൈസ്​ക്രീം പെട്ടി
പൂട്ടിയടച്ച ശവപ്പെട്ടി, യാന–
പ്പുറത്തുലാറ്റക്സിൽ പരസ്യത്തിടമ്പുകൾ
ടൂറിസ്റ്റുവാരത്തിനോരോ വകുപ്പുകാർ
നേരിട്ടു മത്സരിക്കുന്നോരു പ്ലോട്ടുകൾ.
ഞാൻ കണ്ണടച്ചുവോ കണ്ണടയൂരി
വിയർപ്പു തുടച്ചു രണ്ടാമതും വച്ചുവോ?
മുമ്പിലൊരന്ധയും കുട്ടിയും ഭിക്ഷയ്ക്കു
ചെമ്പുപാത്രം നീട്ടി കണ്ണടയൂരി ഞാൻ–
കുട്ടിക്കു നൽകിയവർ നീങ്ങി മാറുമ്പോൾ
ഭിക്ഷയ്ക്കു കൈനീട്ടി ഞാനും നടക്കുന്നു.
അന്ധനെന്നോർത്തു നീയെെൻ്റ കയ്യിൽ രണ്ടു
ചെങ്കൽകഷ്ണങ്ങളിട്ടു ചിരിക്കുന്നു.
ഞാനും ചിരിച്ചു, ചിരിക്കിടയിൽ വന്നു
ജാഥ, നീ പോയി, ഞാനൊറ്റയാൻ ജാഥയായ്.

ഞാനോർത്തു നീയെന്തിനെന്നെയാർമ്മിക്കണം
ഞാനോർത്തുവോ നിലയ്ക്കാത്ത ജന്മങ്ങളെ
ഓർക്കുവാൻ കല്ലുകൾ, കണ്ണടയില്ലാത്ത
വേർപ്പുകളോർത്തും മറന്നും നടന്നു ഞാൻ.

ഈ കവിത ഒരു സമയത്തു നടക്കുന്ന ദൃശ്യത്തിന്റെ ദൃക്സാക്ഷി വിവരണം പോലെയാണ്.

ഞാൻ കണ്ണടച്ചുവോ, കണ്ണടയൂരി വിയർപ്പു
തുടച്ചു രണ്ടാമതും വച്ചുവോ?

എന്നു തുടങ്ങിയ അർത്ഥത്തിന്റെ ദിശയിൽ പ്രസക്തമേയല്ലാത്ത വരികളാണ് കൊടുത്തിരിക്കുന്നത്. എന്നാൽ അത് തരുന്ന അനുഭൂതി ചില്ലറയല്ല. അതിലെ ആംഗ്യങ്ങളെ അനുധാവനം ചെയ്താണ് വായനക്കാരൻ അനുഭവത്തിലെത്തുന്നത്.

‘‘ചിരിക്കുന്നു ഞാനും ചിരിച്ചു,
ചിരിക്കിടയിൽ വന്നു’’

ദുഃഖത്തെ നേരിടുകയും ആ ദുഃഖത്തെ നീരിലും പൂവിലും സൂര്യനിലും കീർത്തനങ്ങളിലും വ്രതങ്ങളിലുമൊക്കെ ശമിപ്പിച്ച് ഔഷധമാക്കുന്ന ചൊല്ലരങ്ങാണ് ഡി. വിനചന്ദ്രൻ. കുഞ്ഞനുണ്ണിയും, കൂന്തച്ചേച്ചിയുമൊക്കെ രാഷ്ട്രീയമായി വായിക്കുന്നതു കണ്ടിട്ടുണ്ട്.
ദുഃഖത്തെ നേരിടുകയും ആ ദുഃഖത്തെ നീരിലും പൂവിലും സൂര്യനിലും കീർത്തനങ്ങളിലും വ്രതങ്ങളിലുമൊക്കെ ശമിപ്പിച്ച് ഔഷധമാക്കുന്ന ചൊല്ലരങ്ങാണ് ഡി. വിനചന്ദ്രൻ. കുഞ്ഞനുണ്ണിയും, കൂന്തച്ചേച്ചിയുമൊക്കെ രാഷ്ട്രീയമായി വായിക്കുന്നതു കണ്ടിട്ടുണ്ട്.

എന്നിങ്ങനെ ചിരിയെ പലതരത്തിൽ പ്രതിഷ്ഠിച്ച് ചിരിക്കുനേരെ വിപരീതമായ അനുഭവത്തിലെത്തിക്കുന്നുണ്ട് കവി. ഈ കവിത മുഴുവനായും അസംബന്ധമായ പ്രവർത്തികളുടേയും, സമ്മേളനങ്ങളുടെയും ഒരു വിഗതിയാണ്. ഇത് പ്രണയത്തെക്കുറിച്ചും ഏകാന്തതയോക്കുറിച്ചും മാത്രമല്ല. ‘ഒറ്റയാൻ ജാഥ’ എന്ന ഒരു പ്രയോഗമാണ് പിന്നീട് നാം കാണുന്നത് അതിൽ ഭിക്ഷയുടേയും കണ്ണടകളുപേക്ഷിക്കുന്നതിെൻ്റയും ലോകബന്ധം അറ്റുപോകുന്നതിന്റെയും, അനുഭവമുണ്ട് എന്ന് പറയുമ്പോൾതന്നെ ‘ഒറ്റയാൻ ജാഥ’ എന്ന പ്രയോഗത്തിൽ വസ്​തുവിവേകങ്ങൾക്കപ്പുറമുള്ള ഒരു ആരവമുണ്ട്. ഇതിലേയാൾ ഓരോ രോമകൂപത്തിലും പ്രപഞ്ചത്തെ മുഴുവൻ അറിഞ്ഞ് അതിൽ ലയിച്ചുപോകാനുള്ള അനുഭവം ആ നിരാസത്തിന് നൽകാൻ കഴിഞ്ഞു എന്നതിലേയ്ക്ക് നാം എത്തിച്ചേരുന്നു. ഇതാണ് വിനയചന്ദ്രന്റെ ആയുർവേദം. ഈ കവിതയും കാർണിവൽ കവിതയുടെ ജനുസ്സിലാണ് ഞാൻ കാണുന്നത്.

‘കൊതി’ എന്ന വിനയചന്ദ്രൻ കവിത കവിയെ കൃത്യമായി അടയാളപ്പെടുത്തുന്ന കവിതയാണ്. വിനയചന്ദ്രൻ തന്റെ കവിതകളിൽ രതിയെ ഒട്ടൊക്കെ ലൗഡ് ആയി അവതരിപ്പിക്കാറുണ്ടെങ്കിലും, അതിന് ഒരാൺനോട്ട ഷോവനിസം പലപ്പോഴും നമുക്ക് കണ്ടെത്താമെങ്കിലും, വിനയചന്ദ്രൻ കലാസ്വത്വം സ്ത്രൈണവും കൂടിയാണെന്നതിെൻ്റ നിദർശനം കൂടിയാണ് ഈ കവിത. ഒരു കുട്ടിയുടെ കാഴ്ചകളിലൂടെ അവന്റെ കേരള പരിസരങ്ങളിലൂടെ വളരുന്ന കവിത നമ്മുടെ അച്ഛൻമാരുടെ അമ്മമാരുടെ, കാലത്തെ ബാല്യത്തിലേയ്ക്ക് കൊണ്ടുപോകുന്നു. പാകമായ ഫലം ഇറുന്ന് വീണ കനിയായി ലഭിക്കുന്നതുപോലെ പുരുഷസ്വത്വം സ്​ത്രീയായി പാകപ്പെടുന്നതാണ്. കവിതയിൽ ഫലമാകുന്ന ആയുസ്സ് എന്ന് നമ്മെ പരിചയപ്പെടുത്തുന്ന കവിതാണിത്.

ദക്ഷിണാമൂർത്തിക്കൊപ്പം ഡി. വിനയചന്ദ്രൻ Photo / ഡി. വിനയചന്ദ്രൻ സ്മാരക ഫൗണ്ടേഷൻ facebook page
ദക്ഷിണാമൂർത്തിക്കൊപ്പം ഡി. വിനയചന്ദ്രൻ Photo / ഡി. വിനയചന്ദ്രൻ സ്മാരക ഫൗണ്ടേഷൻ facebook page

കൊതി

‘‘ആരാകുവാൻ കൊതിക്കുന്നു നീ ഭാവിയിൽ
ആരാഞ്ഞിതോരോ കിടാവിനോടും ഗുരു
ഉച്ചയ്ക്ക് വീട്ടിൽ മടങ്ങിവന്നിട്ടവൻ
അച്ഛൻ മയങ്ങിക്കിടക്കുന്ന വേളയിൽ
വേട്ടാവിളിയന്റെ കൂടിനോടും, കുഞ്ഞു
പൂച്ചയോടും, നിന്നുനീങ്ങി മറയുന്ന
വെള്ളിമേഘത്തിന്റെ കൊമ്പിനോടും, ഇല–
ത്തുമ്പിയോടും വാഴക്കൂമ്പിനോടും
വീടൊന്നു ചുറ്റു പറമ്പൊന്നു ചുറ്റിവ–
ന്നോടിയടുക്കളയ്ക്കുള്ളിൽ കയറുമ്പോൾ
പച്ചമോരിന്റെ കലം വച്ചിരിക്കുന്ന
കൊച്ചുറിയോടുമുരൽപ്പുരയോടുമേ
താനെ നടന്നവൻ ചോദിച്ചുതന്നോടു
ചോദിച്ചിടുമ്പോലെ പിന്നെയും പിന്നെയും
‘ആരാകുവാൻ കൊതിക്കുന്ന നീ ഭാവിയിൽ’
ഇന്ദ്രജാലത്തിൽ മയക്കും ഗോസായിയ്
കൊമ്പനാനപ്പുറത്തേറുന്ന പാപ്പാനായ്
തത്തയുമായ് വരും കാക്കാത്തിയായ്, ചില
മ്പൊച്ചവാളും വെളിച്ചപ്പാടുമാകണോ
അമ്മഴക്കാലത്തു കോലാഹലത്തൊടു
വൻകരമുക്കും വെള്ളപ്പൊക്കമാകിലോ
ഇന്നലെയമ്പലത്തിൽ നൃത്തമാടിയ
പെണ്ണിന്നരമണിയായ് തുള്ളിനിൽക്കിലോ
പുന്നെൽക്കതിർ കൊക്കിലാക്കിപ്പറക്കുന്ന
വർണ്ണക്കിളികളിലൊന്നാമതാകിലോ
കാവിലടിമുടി പൂത്തൊരശോകമായ്
ആനവാൽ മോതിരമാകിലുമങ്ങനെ
എന്നുമഭിഷേകമാടുന്ന തേവരോ–
ടൊന്നുചോദിക്കാം, പെടുക്കുവാൻ മുട്ടവേ
പൊന്നരഞ്ഞാണത്തിൻ കുമ്പും, ചുണവന്ന
ചുണ്ണിയുമമ്മട്ട് ചോദിക്കെനാണമായ്
പെട്ടെന്ന് നിക്കറുമിട്ടു പടിപ്പുര
തട്ടിമറിഞ്ഞു നടുമുറ്റമപ്പുറം
അമ്മ കിടക്കും മുറിയിൽ കടക്കവേ
തെല്ലുമയങ്ങുന്നൊരമ്മതൻ മാറത്തു
മെല്ലെത്തലവച്ചവൻ മൊഴിഞ്ഞന്തരാ
അമ്മയായ്തീരുവാനാഗ്രഹിക്കുന്നു ഞാൻ’’.

അദ്ധ്യാപകൻ ചോദിച്ച ചോദ്യം സചേതന- അചേതനങ്ങളോടെല്ലാം ചോദിച്ച് നടക്കുന്ന ബാലനെയാണ് ഇതിൽ കാണുന്നത്. ഒരു ഇടത്തരം ഭവനത്തിന്റെ ചുറ്റുപാടാണ് കവിതയിൽ കാണുന്നതെങ്കിലും ബാലന്റെ അഭിലാഷങ്ങളെല്ലാം ലൗകിക ശ്രേയസ്സുകളെ ലക്ഷ്യം വെച്ചല്ല എന്നത് ശ്രദ്ധേയമാണ്. വെള്ളിമേഘത്തിന്റെ കൊമ്പു മുതൽ ചൂണവന്ന ചുണ്ണിവരെയെത്തുന്ന ദൃശ്യങ്ങളുടെ ശൃംഖലയിൽ നിന്നുമമ്മയായ് തീരുവാനാഗ്രഹിക്കുന്നു ഞാൻ എന്നിടത്താണ് കവിത എത്തിച്ചേരുന്നത്. എന്റെ കവിതകൾ കേരളത്തിൽ ഞാൻ ജീവിച്ച കാലത്തെ പ്രകൃതിയേയും വസ്​തുശിൽപ്പത്തേയും നടപ്പുവഴക്കങ്ങളേയും വീട്ടുകങ്ങളേയും പ്രണയത്തേയും നാട്ടുവാർത്തകളേയുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്നു എന്ന കവിയുടെ അവകാശവാദത്തെ പൂർണ്ണമായും ഈ കവിത സാധൂകരിക്കുന്നു.

പ്രണയത്തെക്കുറിച്ചും ഏകാന്തതയോക്കുറിച്ചും മാത്രമല്ല. ‘ഒറ്റയാൻ ജാഥ’ എന്ന ഒരു പ്രയോഗമാണ് പിന്നീട് നാം കാണുന്നത് അതിൽ ഭിക്ഷയുടേയും കണ്ണടകളുപേക്ഷിക്കുന്നതിെൻ്റയും ലോകബന്ധം അറ്റുപോകുന്നതിന്റെയും, അനുഭവമുണ്ട് എന്ന് പറയുമ്പോൾതന്നെ ‘ഒറ്റയാൻ ജാഥ’ എന്ന പ്രയോഗത്തിൽ വസ്​തുവിവേകങ്ങൾക്കപ്പുറമുള്ള ഒരു ആരവമുണ്ട്.

‘പച്ചമോരിന്റെ കലം വച്ചിരിക്കുന്ന കൊച്ചുറിയോടുമുരൽപ്പുരയോടുമേ’ എന്നിടത്തും ദൃശ്യത്തേക്കാൾ ര, റ എന്നീ അക്ഷരങ്ങളുടെ സവിശേഷവിതാനം രുചിയിലേക്കും മണത്തിലേക്കും എത്തിക്കുന്നു എന്ന് മനസ്സിലാകുമ്പോൾ ശബ്ദത്തിന് കവിതയിലുള്ള പ്രസക്തി നമുക്ക് മനസ്സിലാകും. എന്നാൽ ദ്വിതീയാക്ഷര പ്രാസമോ ആദ്യക്ഷരപ്രാസമോ പോലുള്ള പ്രസ്​ഥാനവൽക്കരിക്കപ്പെട്ട വ്യവസ്​ഥകളിലൂടെയല്ല അത് നമ്മിലേയ്ക്ക് പകരുന്നത്. വാക്കുകൾ തിരഞ്ഞെടുക്കുന്നതിൽ ഏതെങ്കിലും കാലത്തിന്റെ പുതുമകളോട് യാതൊരുവിധ പ്രതിബദ്ധതയും കാണിക്കുന്നില്ല. ഏതെങ്കിലും കാലത്തെ ശൈലികളോട് വിപ്രതിപത്തി കാണിക്കുന്നില്ല. യഥേഷ്​ടം ഭാഷ ജനിച്ചകാലം മുതലുള്ള വാക്കുകളെ പുതിയ പുതിയ സംഗമങ്ങൾക്കായി ഉപയോഗിക്കുക വഴി, ഭാഷയെത്തന്നെ മറികടക്കുകയായിരുന്നു വിനയചന്ദ്രൻ. വിനയചന്ദ്രന്റെ കവിത ആ നിലയ്ക്ക് ചിത്രകലയിലേക്കും സിനിമയിലേയ്ക്കുമൊക്കെ തങ്ങളുടെ കവിതയിലൂടെയെത്തിച്ചേരാൻ കഴിഞ്ഞ പുതുകവികൾക്കൊരു നിർദ്ദേശമായിരുന്നു.

വിനയചന്ദ്രനിൽ ഒരു തുടക്കമുണ്ട്. അയുക്തികമായ ചില വായ്ത്താരികളിൽ നിന്നാവും കവിത തുടങ്ങുന്നത്. അതിലെ പദച്ചേർച്ചകളിലാകട്ടെ ശബ്ദത്തിന് പ്രധാന്യമുള്ള വാക്കുകൾ അർത്ഥത്തിന്റെ ഔചിത്യത്തെ അപ്രധാനമായി കണ്ട് മുന്നേറുന്നത് കാണാം
വിനയചന്ദ്രനിൽ ഒരു തുടക്കമുണ്ട്. അയുക്തികമായ ചില വായ്ത്താരികളിൽ നിന്നാവും കവിത തുടങ്ങുന്നത്. അതിലെ പദച്ചേർച്ചകളിലാകട്ടെ ശബ്ദത്തിന് പ്രധാന്യമുള്ള വാക്കുകൾ അർത്ഥത്തിന്റെ ഔചിത്യത്തെ അപ്രധാനമായി കണ്ട് മുന്നേറുന്നത് കാണാം

അഞ്ചിതൾ വിനായകം എന്ന കവിത വായിക്കുമ്പോൾ ഏതു കാലഘത്തിലെഴുതിയതാണെന്ന സംശയം ശക്തമാകും. എന്നാൽ നമ്മുടെ ചുമർചിത്ര കലാപാരമ്പര്യത്തിന്റെ വേരുകളിൽ ചെന്നാൽ അതിലെ മനുഷ്യരൂപങ്ങളിലെല്ലാം ഒരു നിർവ്വേദത്തിന്റെ മുഖആംഗ്യം കാണാം. അത് അഞ്ചിതൾ വിനായകത്തിൽ കൊണ്ടുവരുവാൻ ഡി. വിനയചന്ദ്രന് കഴിഞ്ഞു. 90- കളോടെ തീർത്തും നിലച്ചുപോയ പഴയ ഭജനപ്പാട്ടുകൾക്ക് ഈ ഒരു ഗുണമുണ്ട്. അതുമായി വളരെ ചേർച്ചയുള്ള ഭാഷണമാണ് ഈ കവിതയ്ക്കുള്ളത്. ഓരോ ഖണ്ഡത്തിലും എനിക്കൊന്നും യാതൊരു പരിചയവുമില്ലാത്ത ചില വാക്കുകൾ കവിതയ്ക്ക് അസാധാരണമായ അനുഭവമാണ് നൽകുന്നത്. പെരുമതകും പതി, അമളിതകും പതി, കരുമതകും പതി, പൊലിമതകും പതി, തെളിമതകും പതി എന്നാണ് യഥാക്രമം ഓരോ ഖണ്ഡത്തിലും ഗണപതിക്കുള്ള വാഴ്ത്ത്, എന്നാൽ ഇത് മതഭകതിക്ക് വിട്ടുകൊടുക്കാൻ വിനയചന്ദ്രൻ തയ്യാറല്ല. ഒരു ഖണ്ഡം ഉദാഹണമായി കൊടുക്കാം.

തന്നതു തന്നതുതിന്നു മുടിച്ചും
തിന്നതു തിന്നതു മതിയാകാഞ്ഞും
തയറും ധനപതിയുടെ പുറകെ
താനേയിനിയെൻ ഗുളമെന്നോതി
ധാടി മുഴുത്തു കലാശം കൂട്ടു
കരുമതകുംപതി ഗണപതി കൊമ്പും
തുമ്പിയുമുള്ളൊരു വഴിയെൻവഴിയേ

എന്നാണ് ഗദ്യമെഴുത്തിന്റെ ഭാഗമായി പരിമിതപ്പെട്ടുപോയ ഭാഷാരാജ്യത്തിൽ നിന്നു പുറത്തുകടന്ന് നാനാവശവും സംസ്​കൃത നാടൻ പദങ്ങളും മറ്റ് ഭാഷയിലെ വാക്കുകളും ശബ്ദങ്ങളും ഈണങ്ങളും താളപ്രാമുഖ്യം കൊണ്ട്, ഇടുങ്ങിയ കേരള കലയോട് ഇടഞ്ഞുമൊക്കെ പോകുവാൻ വിനയചന്ദ്രൻ നമ്മളെ ക്ഷണിക്കുന്നുണ്ട്.

ആധുനികാനന്തര കാലത്തിന്റെ സ്വഭാവത്തിലേയ്ക്ക് കാവ്യലോകം മാറുമ്പോൾ കവിതയിൽ കാതലായുണ്ടായ മാറ്റം, അർത്ഥം, ആശയം എന്നതിൽ നിന്ന് മാറി ക്രിയയിലേക്ക് കടന്നു എന്നതാണ്.

എന്റെ ചിത്രകലാസുഹൃത്തുക്കൾ പറയുന്ന ഒരു കാര്യമുണ്ട്. അലക്ഷ്യമായി ചില കോറലുകളിൽ തുടങ്ങി അതിന് തിടംവച്ച് ഒരു വസ്​തുവോ ഒരു ഭാവമോ ആയി അത് മാറി വലിയ ഒരു ചിത്രം വരയ്ക്ക് തുടക്കം കുറിക്കുന്നതാണ് അത്. പലപ്പോഴും എന്റെ തലമുറയിലെ കവികൾക്ക് ഒരു ആശയമോ ഒരിമേജോ കിട്ടുമ്പോഴാണ് കവിത തുടങ്ങുന്നത്. എന്നാൽ വിനയചന്ദ്രനിൽ മുമ്പ് ചിത്രകലാസുഹൃത്തുക്കൾ പറഞ്ഞതുപോലുള്ള ഒരു തുടക്കമുണ്ട്. അയുക്തികമായ ചില വായ്ത്താരികളിൽ നിന്നാവും കവിത തുടങ്ങുന്നത്. അതിലെ പദച്ചേർച്ചകളിലാകട്ടെ ശബ്ദത്തിന് പ്രധാന്യമുള്ള വാക്കുകൾ അർത്ഥത്തിന്റെ ഔചിത്യത്തെ അപ്രധാനമായി കണ്ട് മുന്നേറുന്നത് കാണാം

കണ്ടിടമൊക്കെയലഞ്ഞുതുലഞ്ഞൂ
കണ്ടതുകൊണ്ടതു തൂവലുതൊപ്പി
കടങ്കഥയായിട്ടോതിയൊഴിഞ്ഞും
ആ വഴിപോയാലീവഴി പാഞ്ഞും
ആളെവിടെന്നറിയാതെ മറഞ്ഞും
ഇളവൊടു ക്ടാങ്ങടെ മുമ്പിൽ കുമ്പിടു–
മിടയും വമ്പനെയടിയറവാക്കും
സന്ധ്യവരുംമുമ്പാൾക്കൂട്ടത്തിന്ന-
ന്ധത പകരും നാറും വേർപ്പിനെ
ഉന്തിത്തള്ളിയൊഴിഞ്ഞൊരു തീര–
ത്തന്തിക്കള്ളു കുടിച്ചുഴലുമ്പോൾ
സാഗരഭേരിയിരുണ്ടു കനക്കെ
താനൊരു നോവായ് മൂകതയാകും
ഭ്രാന്തനുവഴികാട്ടാനായ് പോകും.

ഡി. വിനയചന്ദ്രൻ Photo / ഡി. വിനയചന്ദ്രൻ സ്മാരക ഫൗണ്ടേഷൻ facebook page
ഡി. വിനയചന്ദ്രൻ Photo / ഡി. വിനയചന്ദ്രൻ സ്മാരക ഫൗണ്ടേഷൻ facebook page

ഇതിൽ, കടലിനെപ്പറ്റി പറഞ്ഞുവരുമ്പോൾ ‘ഉന്തിത്തള്ളിയൊഴിഞ്ഞൊരു തീരം എന്ന പ്രയോഗത്തിൽ മനുഷ്യരാണോ തിരകളാണോ എന്ന് തിരിച്ചറിയാനാകാത്ത അർത്ഥത്തിലാണെങ്കിലും കടൽത്തീരത്തിെൻ്റയനുഭവം പൂർണ്ണമാകുന്നു. മറ്റൊരിടത്ത്, ‘നിന്നു നീങ്ങിമറയുന്ന വെള്ളിമേഘത്തിന്റെ’ എന്നതിൽ മേഘഗതിയറിയിക്കാൻ അർത്ഥത്തെയല്ല ചലന വിവരണത്തിനുതകുന്ന പ്രയോഗങ്ങളിലൂടെയാണെന്നത് വരുത്തുന്ന ദൃക്സാക്ഷ്യം എടുത്തുപറയേണ്ടതാണ്.

യാത്രപ്പാട്ടിൽ തുടങ്ങിവെച്ച ചിലതിന്റെ തുടർച്ച വീട്ടിലേക്കുള്ള വഴിയിൽ വിനയചന്ദ്രൻ പൂർത്തിയാക്കുന്നുണ്ട്. ‘അമ്മയില്ലാത്തവർക്കേതു വീട്’ എന്ന എക്കാലത്തേയും വലിയ ഒരു വരി നമുക്ക് തരുക മാത്രമല്ല,

‘‘ഇല്ല വീട്, എങ്ങെങ്ങുമേ വീട്,
കാട്ടുവഴികൾ കടത്തിണ്ണകൾ
റെയിൽവേ സ്റ്റേഷൻ സത്യാഗ്രഹപന്തൽ
അനാഥശുശ്രൂഷ അഭയാർത്ഥികൾക്കൊരുപാട്ട്
കുമാരിയിൽ സാഗരസ്​നാനം ഗയയിൽബലി
ഹിമവാനിലൂടെയേകാന്തയാത്ര’’

എന്ന് ഒരു വിത്ത് ലോകത്തേയ്ക്ക് പൊട്ടിച്ചിതറുന്നതുപോലുള്ള വിതരണമുണ്ട്.

എന്നാൽ
‘പിന്നമ്മ പണ്ടമ്മ പണ്ടുണ്ണിയ്ക്ക് നൽകിയ വെള്ളിക്കുലുസും വിശ്വാസവും പ്രാർത്ഥനാമന്ത്രവും’
എന്ന കൈവല്യങ്ങളുമുണ്ട്.

‘കൂട്ടുകാരില്ലാത്ത കാമുകരൊറ്റയ്ക്ക്
കാട്ടുവഴികൾ കയറിമറിയുന്നു’
എന്ന വരികൾ നോക്കു.

‘മരത്തിൽ ചെവിവെച്ചുനോക്കുമ്പോൾ
കുന്നിനങ്ങേപ്പുറം നടന്നുപോകുന്ന
കാമുകിയുടെ കാലൊച്ചകേൾക്കുന്നു’
എന്ന വരികൾ നോക്കൂ.

അതിലൊക്കെ സ്വയം ശമിക്കുന്ന വിനയചന്ദ്രന് മാത്രം ലഭിച്ചിരുന്ന അനാഥത്വം തുടരുന്നുണ്ട്. വിനയചന്ദ്രന്റെ തനതുവഴിയിൽ നിന്നുമാറി ക്ലാസിക്കൽ ഭാഷയുടെ പൂർണനൃത്തം കാണണമെങ്കിൽ ‘അനുസരണം’ എന്ന ടാഗോർ വിവർത്തനം വായിക്കണം:

‘‘തൻദീപം തെളിച്ചവൾ നമ്രയായ് നോക്കീടുന്നു
കരുണാപൂരം ദിവ്യലാവണ്യം വഴിയുന്ന
മിഴിയിൽ വിളക്കിന്റെ വെളിച്ചം പകർന്നല്ലൊ
പുരനർത്തകി, വാസവദത്ത, യാമദോൻമത്ത
ഇറങ്ങിയിരിക്കയാണങ്ങഭിസരിക്കുവാൻ’’

ഇങ്ങനെ മാന്ത്രികന്റെ തൂവാലയിൽ നിന്നെന്നപോലെ അനേകം ഭാഷാസരണികൾ അദ്ദേഹത്തിനുയർയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പൂർണയിൽ വന്നിരിക്കുന്ന അദ്ദേഹത്തിന്റെ അവസാനകാല കവിതകൾ ഞാൻ വായിച്ചിട്ടില്ല. അതിൽ മിക്കതും എന്നെ ഫോണിൽ ചൊല്ലിക്കേൾപ്പിച്ചിട്ടുണ്ട്. ത​​ന്റെ ഓരോ അവയവങ്ങളേയും അഭിസംബോധന ചെയ്തു കൊണ്ടെഴുതിയ ഒരു കവിതയാണ് അവസാനമായി എന്നെ വായിച്ചു കേൾപ്പിച്ചത്.

ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചുവന്ന ‘യോഗവിനയം’ ആണ് അദ്ദേഹത്തിന്റെ അവസാന കാല കവിതയിൽ ഏറ്റവും ശ്രദ്ധേയമായ കവിത. എല്ലാ കവികളുടേയും അന്ത്യകവിതകളോട് തുടർച്ച കാണിക്കുന്ന ഒരു കവിത.

ഡി. വിനയചന്ദ്രൻ - ഒരു പഴയ ചിത്രം Photo / ഡി. വിനയചന്ദ്രൻ സ്മാരക ഫൗണ്ടേഷൻ facebook page
ഡി. വിനയചന്ദ്രൻ - ഒരു പഴയ ചിത്രം Photo / ഡി. വിനയചന്ദ്രൻ സ്മാരക ഫൗണ്ടേഷൻ facebook page

യോഗവിനയം

കണ്ടെന്നുപറഞ്ഞാലും കണ്ടതീയെന്നെത്തന്നെ-
യെന്നുണ്ടോ? കാഴ്ചപ്പാടും ഞാനുമേ നിഴലാകാം
കേട്ടെന്ന് പറഞ്ഞാലും കേൾവിതന്നടിയിലെ
ചേർച്ചകളുരച്ചതിൻ ഉള്ളിരിപ്പുകൾമാറ്റാം.

എന്നോടു പെരുമാറും നേരത്തുമറ്റുള്ളോരി-
ലന്നെപ്പോലെയെന്തുണ്ടെന്നുമില്ലെന്നും വിചാരിക്കിൽ.
എന്നെ ഞാനായിത്തന്നെ കൊള്ളാതെയിരുന്നിടാം
സന്ധ്യയും പുലരിയും മിഥ്യയാം മറയാകാം.

കോളുകൾ കലഹിച്ചും പെയ്യാത്തമേഘങ്ങളെ
ചോലകൾ വരണ്ടിട്ടും കത്താത്ത വനങ്ങളേ
ഇഷ്​ടമുണ്ടതിരില്ലാതെന്നിട്ടുമകന്നോരെ
നിത്യവും നമിച്ചിട്ടും നന്ദിച്ച ദിനങ്ങളെ
ഓർക്കുമ്പോൾ സത്യത്തേക്കാൾ
സന്ദേഹം ബലപ്പെടും.
നേർക്കുനേരറഞ്ഞതിലറിയാത്തതാമേറെ
ആരൊക്കെപ്പറഞ്ഞാലും ജീവിതമെന്താണെന്നു
ഞാനിന്നും പഠിച്ചില്ല, പാഠമല്ലല്ലോ ലോകം.

ഉപ്പിനും പുളിപ്പിനുമിടയിൽ മധുരിക്കും
മർത്ത്യജന്മത്തിൻ മനസ്സാക്ഷി നിർദ്ദയമെന്നോ
ചിലപ്പോൾ കുഞ്ഞുങ്ങളെ വെറുക്കുന്നവരില്ലേ
ചിലപ്പോൾ കൊല ചെയ്യാൻ കൊതിക്കുന്നവരില്ലേ.

ഏതുടമ്പടിയാലേ ദൈവവും ധരിത്രിയും
ജീവിതത്തിലെ ഹിംസാരംഗങ്ങൾ രചിക്കുന്നു.

ഇങ്ങനെയാണെങ്കിലുമിച്ചീപ്പിപ്പെണ്ണിൻ മുല
ഇന്നലെ തലയിണയാക്കി ഞാൻ കിടന്നില്ലേ.

വഴിവാണിഭക്കാരൻ സംഭാരം പകർന്നപ്പോൾ
കുടജാദ്രിയിൽ ഞാനും കുളിരായ് പകർന്നില്ലേ.

ആഴ്ചയിലൊരിക്കൽ ഞാൻ പലഹാരവും കെട്ടി
ആശുപത്രിയിൽ പോയി ഭ്രാന്തരെ കാണുന്നില്ലേ.

ചരമദിനങ്ങളിൽ നല്ല പൂക്കളാൽത്തന്നെ
സ്​മൃതികളർപ്പിക്കുന്നു സെമിത്തേരിയിൽ പോയി.

ശ്രീഹരിപ്രസാദിന്റെ ബാൻസൂരി കേൾക്കാൻ ദൂരെ
കാശിയിൽ കൊൽക്കത്തയിൽ വാർധയിൽ
പോയ് വന്നില്ലേ.

അവിടെയജന്തയിലങ്ങുള്ള നളന്ദയി–
ലകലത്തിലുമകലത്താകും കൈലാസത്തിൽ
പോയതും കടൽതാണ്ടിപ്പോയ് വന്നതും ഞാനേ
പോയതേക്കാളുമകത്തേക്ക് ഞാൻ നടന്നല്ലോ
എന്നിരിക്കിലും കുളിച്ചീറനായ് വരുന്നോരു
നിന്നെയൊന്നാശ്ലേഷിക്കാം
വേറൊന്നും ചിന്തിക്കാതെ.

അങ്ങേലേ വിടുവായൻ കൂട്ടുകാരനെ കൂട്ടി
തെങ്ങിൻകള്ളിരിക്കുന്ന തോട്ടിനക്കരെപ്പോകാം
ഉള്ളിയും കാന്താരിയുമുടച്ചു വെളിച്ചെണ്ണ
ലല്ലലം ചാലിച്ചതു നുണച്ചു നുണചൊല്ലി
മധുരക്കള്ളിൻ വരദാനത്താൽ, വയലിലെ
വലിയ വരമ്പിൻമേരിലുന്നു നേരെപൊങ്ങും
ചന്ദ്രനോടൽപ്പാൽപ്പമായ് സല്ലപിച്ചിരുന്നിടാം.

അതിയാനുണ്ടോ തേറുകുടുക്ക നത്തോലിയും
അളിയൻ തിത്തിത്താരാ അമ്മാവൻ വേഷം മാറി –
വന്നോട്ടെ, വിചാരിച്ച പാടെ വന്നെത്തീ മൂപ്പൻ
തോടയം പുറപ്പാടും മധുരക്കള്ളിൽ നിന്നു-
തോഴനായ് പുറത്തേയ്ക്ക് പോവതു നിലാവല്ലേ
നിഴലേ നിലവിന്റെ പുകിലേയേകാദശി–
ക്കലയച്ചന്ദ്രക്കല പിന്നേയും വിണ്ണേറിയോ
ഞാൻ പറഞ്ഞില്ലേ കണ്ടതൊന്നുമേ നേരാവില്ല.
നാം നമ്മളാണെന്നതിനൊരു തീർച്ചയുമില്ല.

വിചാരങ്ങളുടെ സഗദരവമൗനത്തോടൊപ്പം നാടൻ പാട്ടിന്റെ തിത്തിത്താരോയും പരസ്​പരം റദ്ദ് ചെയ്യുന്ന മൂല്യങ്ങൾക്കും സ്വത്വങ്ങൾക്കു മക്കരെ നാട്ടിരുപ്പിന്റെ ഇണക്ക ജീവിതത്തിന്റെ ചന്ദ്രക്കലയാണുണർന്ന് പൊങ്ങുന്നതും ഈ കവിതയിലുണ്ട്.

ഗദ്യപദ്യങ്ങളുടെ അതിർത്തിയില്ലാതാക്കുന്ന ആശയങ്ങൾക്കും വിചാരങ്ങൾക്കുപകരം ഇൻസ്റ്റൻ്റ് റിക്കോർഡിങ്ങനെ കവിതയിലേക്ക് കൊണ്ടുവരുന്ന ഭാഷണത്തിന്റെയും ശബ്ദത്തിന്റെയും ധ്വനിയാൽ അനുഭവത്തിലേക്ക് നയിക്കുന്ന വാക്കുകളുടെ അസംബന്ധ സംയുക്തങ്ങളിൽ നിന്നും ഭാഷാനൃത്തത്തിൽ നിന്നും കവിത കെട്ടുന്ന വിനയചന്ദ്രനെ തുടർന്നും പഠിക്കേണ്ടതാണ്.
ഗദ്യപദ്യങ്ങളുടെ അതിർത്തിയില്ലാതാക്കുന്ന ആശയങ്ങൾക്കും വിചാരങ്ങൾക്കുപകരം ഇൻസ്റ്റൻ്റ് റിക്കോർഡിങ്ങനെ കവിതയിലേക്ക് കൊണ്ടുവരുന്ന ഭാഷണത്തിന്റെയും ശബ്ദത്തിന്റെയും ധ്വനിയാൽ അനുഭവത്തിലേക്ക് നയിക്കുന്ന വാക്കുകളുടെ അസംബന്ധ സംയുക്തങ്ങളിൽ നിന്നും ഭാഷാനൃത്തത്തിൽ നിന്നും കവിത കെട്ടുന്ന വിനയചന്ദ്രനെ തുടർന്നും പഠിക്കേണ്ടതാണ്.

ഭൂമിയിലേയ്ക്ക് മടക്കം എന്ന് വേണമെങ്കിൽ വിളിക്കാം, ഈ കവിതയെ. മനുഷ്യ ബന്ധങ്ങളിലേക്കും അതിന്റെ സരളനിമിഷങ്ങളിലേക്കും കവി എത്തിച്ചേരുന്നു. ഒരിക്കലും പകരനാകാത്ത ആവിഷ്ക്കരിക്കാനാകാത്ത ഞാൻ, മനുഷ്യപ്രകൃതി, ഹിംസ എന്നിവയിലൊക്കെ ഉല്ലാസമാർന്ന ഒരു വിഷാദത്തോടെ നോക്കുന്നു.

‘‘കണ്ടെന്നു പറഞ്ഞാലും കണ്ടതീയെ-
ന്നെത്തന്നെയെന്നുണ്ടെ? കാഴ്ച്ചയും
ഞാനുമേ നിഴലാകാം’’
എന്ന് തന്നെത്തന്നെ കയ്യൊഴിയുന്നു.

‘‘കേട്ടെന്നു പറഞ്ഞാലും കേൾവി
തന്നടിയിലെ ചേർച്ചകളുരച്ചതിൻ
ഉള്ളരിപ്പുകൾ മാറ്റാം’’
എന്ന് നിസ്സഹരായനാകുന്നു.

അങ്ങനെ ഗദ്യപദ്യങ്ങളുടെ അതിർത്തിയില്ലാതാക്കുന്ന ആശയങ്ങൾക്കും വിചാരങ്ങൾക്കുപകരം ഇൻസ്റ്റൻ്റ് റിക്കോർഡിങ്ങനെ കവിതയിലേക്ക് കൊണ്ടുവരുന്ന ഭാഷണത്തിന്റെയും ശബ്ദത്തിന്റെയും ധ്വനിയാൽ അനുഭവത്തിലേക്ക് നയിക്കുന്ന വാക്കുകളുടെ അസംബന്ധ സംയുക്തങ്ങളിൽ നിന്നും ഭാഷാനൃത്തത്തിൽ നിന്നും കവിത കെട്ടുന്ന വിനയചന്ദ്രനെ തുടർന്നും പഠിക്കേണ്ടതാണ്.

(ആദ്യമായി ഡി. വിനയചന്ദ്രനെക്കുറിച്ച് എന്തെങ്കിലും കൂടിയിരുന്നാലോചിക്കാൻ ഒരു സന്ദർഭം ഉണ്ടാകണമെന്നാഗ്രഹിച്ച ഇടശ്ശേരി കലാപാഠശാല എന്ന സ്​ഥാപനത്തോടും ഇതിന്റെ നേതൃത്വത്തിലുള്ളവരോടും, പ്രത്യേകിച്ച്, വിജു നായരങ്ങാടി മാഷിനോടും നന്ദി പറയുന്നു)

Comments