സച്ചിദാനന്ദനും മകൾ സബിത സച്ചിയും

ഉത്തരകവിത
(അച്ഛൻ, സച്ചിദാനന്ദന്)

മകളുടെ വിവാഹസമയത്ത് അച്ഛൻ എഴുതിയ ‘പോവുക’ എന്ന കവിതയ്ക്കുള്ള പ്രതികരണമായി, അച്ഛന്റെ എൺപതാം വയസ്സിൽ മകൾ എഴുതുന്ന കവിതയാണിത്. ജീവിതത്തിന്റെ മാത്രമല്ല, കവിതയുടെയും ഗാഢസൗഹൃദമുള്ള മകൾ സബിത സച്ചിയും അച്ഛൻ സച്ചിദാനന്ദനും തമ്മിലുള്ള തുടരുന്ന സംഭാഷണങ്ങളുടെ ഒരു കാവ്യപ്രതീകം.

രിക നിന്നനുഗ്രഹം, വെറും നോക്കാൽ മാത്ര-
മതിന്നുകൂടും വേഗം വാക്കിൻ മുടന്തിനാൽ
തരികയെനിക്കു നീയെന്നെ ഞാനാക്കിയ
ആദി നിമിഷം നീ പിടഞ്ഞയോർമ

നോക്കുകയെന്നെ മുലപ്പാലിൻ കണ്ണാടി- വെള്ളത്തിൻ മോദനിലാവിലൂടെ
(നോക്കി നീയെൻ പനിയ്ക്കിടയ്ക്കുമപ്പുറം
കത്തിയാളുന്നൊരീ ദേശത്തിനഗ്‌നിയെ)
തരിക, ഓറഞ്ചു മണക്കുന്നയുമ്മകൾ
പിൻമുറ്റത്തിലൂടൻപിന്റെ തെന്നലായ്

തന്നു, നീയെനിക്കസ്ഥിയും മാംസവും
നിന്നുടൽ പയ്യിന്റെയറ്റമളന്നാലും
നിൻ കണ്ണീരൊഴുകിയെന്നിൽ ചുടുചോരയായ്,
മാറി നിൻ തേങ്ങലെന്നിലുച്ഛ്വാസമായ്,
വാശിക്കരച്ചിലിന്നാവേശമാറ്റുവാൻ
ഉണ്ണിക്കയ്യിൽ തന്നൂ കവിത തൻ ചന്ദ്രനെ.

കുഞ്ഞിക്കാൽ വളർന്നൂ, പിച്ച വെപ്പിച്ചൂ
സത്യത്തിന്നേകാന്തപാതയിൽ മുള്ളുക-
ളൊക്കെ ചവിട്ടിപ്പരിചയിച്ചൂ, കുഞ്ഞി-
ക്കയ്യൊരു തീമുഷ്ടിയായ്, അഗ്‌നിനാളമായ്
അപ്പൊഴും പഠിപ്പിച്ചു സ്‌നേഹത്തിൻ തീക്ഷ്ണത
അല്ലെങ്കിലുണ്ണി ഹൃത്തില്ലാത്തോളായാലോ?

തരിക നിന്നനുഗ്രഹം വെറും നോക്കാൽ മാത്ര-
മതുപോതുമിന്ന് ഞാൻ നീ തന്നെയല്ലയോ?
നോക്കിനില്ലാവാക്കിനിടർച്ചയും വിക്കലും
ഇല്ല, വാക്കിന്റെയാദിയും അന്ത്യവും.

ന്റെ വിവാഹസമയത്ത്, അച്ഛൻ, കെ. സച്ചിദാനന്ദൻ, എഴുതിയ
'പോവുക ലോകത്തേക്ക് ധീരയായ്, നീയും നിന്റെ / തോഴനും! അണയരുതീ സ്വർണ്ണപ്രേമജ്ജ്വാല'
എന്നു തുടങ്ങുകയും,
'വെറുക്കൂ വെറുപ്പിനെ, കെടുത്തുകിരുട്ടിനെ / ചെറുക്കൂ യുദ്ധത്തിനെ, ഹിംസതൻ അഹന്തയെ/ പോവുക, സുഗന്ധിയായ് പൂത്തു കായ്ക്കുക, നിന്റെ/
കാരുണ്യം ഭേദിക്കട്ടേ വീടിന്റെ ചുവരുകൾ''
എന്ന വരികളിൽ അവസാനിക്കുകയും ചെയ്യുന്ന ‘പോവുക’ എന്ന കവിതയ്ക്ക് പ്രതികരണമായി എഴുതിയതാണ് എന്റെയീ 'ഉത്തരകവിത'.

അച്ഛനും ഞാനും തമ്മിൽ പിതാ- പുത്രീ ബന്ധം മാത്രമല്ല, കവിതയുടെയും സാഹിത്യത്തിന്റെയും ചിന്തയുടെയും കലയുടെയും അനീതികൾക്കെതിരെ ഒന്നിച്ചു പ്രവർത്തിച്ചതിന്റെയും ഒക്കെയുള്ള ഗാഢമായ സൗഹൃദത്തിന്റെ പശ്ചാത്തലമാണ് ഈ കവിതയ്ക്കുള്ളത്. അച്ഛന്റെ പല കവിതകളുടെയും അശരീരികൾ ഇതിൽ കാണാം- പനി, മുലപ്പാൽ, ഓറഞ്ച്, ഇരുപത് വയസ്സായ മകൾക്കൊരു താരാട്ട്, മക്കൾ, വിക്ക് തുടങ്ങിയവ. അച്ഛന് ഞാനെഴുതിയ നീണ്ട ഒരു സീരീസ്- Letters to Father- എന്റെ ഇംഗ്ലീഷു പുസ്തകം Hereafter-ൽ പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്.

എന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ അച്ഛൻ എനിക്ക് പല കവിതകളെഴുതി. മുപ്പത് ദശകത്തിലധികമായ എന്റെ കവിതാജീവിതത്തിൽ, അച്ഛന് 80 വയസ്സ് തികയുമ്പോൾ, ഇത് തുടരുന്ന ഒരു സംഭാഷണമായിക്കാണാനാണ് എന്റെ സ്‌നേഹം നിറഞ്ഞ പ്രത്യാശ.

Comments