Geopoliticus Child Watching the Birth of the New Man (1943) by Salvador Dalí

പ്രത്യയശാസ്​ത്രമല്ല കഥ

മഹാത്മാഗാന്ധി റോഡിലൂടെ നടന്നെത്തുന്ന ഹിറ്റ്​ലർ - 2

പ്രത്യയശാസ്​ത്ര നിലപാട് കഥയാവില്ല എന്നും കഥ ജീവിതത്തെ, കാലത്തെ, ലോകത്തെ, അവയുടെ സങ്കീർണതകളെ ഉൾച്ചേർത്തുകൊണ്ട് സൂക്ഷ്മമായി ആഖ്യാനം ചെയ്യേണ്ടതുണ്ടെന്നുമുള്ള തിരിച്ചറിവ് ഈ എഴുത്തുകാരനിൽ വലിയ ഉത്തരവാദിത്തം ഏൽപ്പിക്കുന്നുണ്ട്- കെ. അരവിന്ദാക്ഷന്റെ കഥകളുടെ പഠനത്തിന്റെ അവസാനഭാഗം

ബ്സ്​ട്രാറ്റ് പെയിൻറിങ്ങിന്റെ സ്വഭാവങ്ങൾ കെ. അരവിന്ദാക്ഷന്റെ പല കഥകളിലും കാണാൻ കഴിയും. അടയാളങ്ങൾ എന്ന കഥ (1999) ഒരു അമൂർത്ത (അബ്സ്​ട്രാക്ട്) ആഖ്യാനമാണ്. പാബ്ലോ പിക്കാസോയുടെയും സാൽവദോർ ദാലിയുടെയും ചില ചിത്രങ്ങളെ ഓർമിപ്പിക്കുന്ന ചില സന്ദർഭങ്ങൾ അരവിന്ദാക്ഷന്റെ കഥകളിലുണ്ട്. പിക്കാസോയുടെ ചിത്രങ്ങളിലെ ക്യൂബിക് സ്വഭാവത്തെക്കുറിച്ചല്ല പറയുന്നത് – അവയുടെ സർ റിയലിസ്റ്റിക് ആയ ആഖ്യാനനുഭവത്തെക്കുറിച്ചാണ്. കണ്ണും മൂക്കും വായയും ചെവിയും മറ്റ് മുഖാവയവങ്ങളുമെല്ലാം മാറ്റി വരച്ചുകൊണ്ട് ഇവ സൃഷ്​ടിച്ച പെയിന്റിങ്ങ് പോലൊരു കഥയാണ് അടയാളങ്ങൾ. Web Serise എന്നു വിളിക്കാവുന്ന മീര ചോദിക്കുന്നു (1996), ഒരു ചുവടുമാത്രം (2004) എന്നീ കഥകൾക്കും ഈ സ്വഭാവം ഉണ്ട്.

എല്ലാം കീഴ്മേലായി. കണ്ണ് അപ്രത്യക്ഷമായി, വായയും ഗുദവും പകരമെത്തി, നോക്കിയിരിക്കെ ദൈവത്തിെന്റെ വഴിയിൽ കല്ലിന്റെ കണ്ണ്, മൂക്ക്, വായ, ഛെ ഗുദവും.... എന്തോ സംഭവിക്കുന്നു? ഒരു മുഴക്കം. ആകാശം കിടുങ്ങുന്നു. കുന്ന് പിടയ്ക്കുന്നു. കാരമുള്ള് തുടിക്കുന്നു. പലപ്പോഴും ആഖ്യാനത്തിൽ ഇത്തരം ചിത്രങ്ങൾ അരവിന്ദാക്ഷൻ വരക്കുന്നുണ്ട്. കൂർത്ത കുന്തങ്ങൾ തുളച്ചുകേറുന്നു– വെടിയുണ്ടകൾ ചീറിപ്പായുന്നു – ചോര ചീറ്റുന്നു. മേഘങ്ങൾ കറുത്തിരുളുന്നു. കാക്കത്തൊള്ളായിരം കാക്കകൾ മാനത്തിന്റെ കരിങ്കറുപ്പിൽ കൊക്ക് പിളർത്തി നിശ്ശബ്ദമായി.... ഒരു ജലത്തുള്ളി കാറ്റിലൂടെ ചിതറി വീണു. എന്നിങ്ങനെ വാക്കുകളാൽ സർ റിയലിസ്റ്റ് ചിത്രം വരയൽ പലപ്പോഴും അരവിന്ദാക്ഷന്റെ കഥകളിൽ കാണുന്നുണ്ട്. ഇങ്ങനെ വാക്കുകളാൽ സർ റിയലിസ്റ്റ് ചിത്രം വരയ്ക്കാനുള്ള കഴിവാണ് അരവിന്ദാക്ഷന്റെ എഴുത്തിലെ അതികഥനരീതിയെ ശക്തമാക്കി മുന്നോട്ടുകൊണ്ടുപോകുന്നത്.

കെ അരവിന്ദാക്ഷൻ
കെ അരവിന്ദാക്ഷൻ

അതിയാഥാർത്ഥ്യത്തെ കൂട്ടുപിടിച്ച് അബ്സ്​ട്രാക്റ്റ് ആക്കി മാറ്റി അവതരിപ്പിക്കുന്ന കഥയാണ് നിങ്ങൾക്കും കുമ്പസാരിക്കാം (1994). അധികാരഘടനയ്ക്ക് വഴങ്ങാത്ത, പുറത്തുനിൽക്കുന്ന കറുത്ത പെൺകുട്ടിയെയാണ് ഇക്കഥയിൽ അവതരിപ്പിക്കുന്നത്. ചരിത്രം തന്നെ അധികാര രൂപീകരണത്തിന്റെയും അധിനിവേശങ്ങളുടെയും ഓർമപ്പെടുത്തൽ ആയിത്തീരുന്നു. തോക്കും വേദപുസ്​തകവുമായി ലോകം കീഴടക്കാനിറങ്ങിയ കൊളമ്പസ്സിന്റെയും വാസ്​കോഡഗാമയുടെയും അവതരിപ്പിക്കപ്പെടുന്ന ചരിത്രം ഹിംസയുടേയും ചതിയുടേയും മാത്രമായിരുന്നു.

അധിനിവേശകൻ എന്ന അധികാരകേന്ദ്രം

കറുത്ത പെൺകുട്ടിയായ മീരാ ജോസഫിന്റെ പ്രതികരണ ശേഷിയേയും അതോടൊപ്പം എത്ര പ്രതികരിച്ചാലും ഹിംസകൻ പിന്നേയും രക്ഷപ്പെടുമെന്ന് ഇൻസ്ട്രുമെൻറ്​ ബോക്സ്​ എടുത്ത് മീര പല്ലിയെ എറിയുന്നതിലൂടെ ആഖ്യാനം ചെയ്യുന്നുണ്ട്. കൊളംബസിനേയും വാസ്​കോഡഗാമയെയും പോലെ ഇവിടെ ഒരു തുടർച്ച എന്ന പോലെ അധ്യാപകനും പുരോഹിതനുമെന്ന അധിനിവേശകൻ അധികാര കേന്ദ്രമായി വർത്തിക്കുന്നു. ഇവിടെ പ്രതികരണശേഷിയുള്ള മീര ജോസഫെന്ന കറുത്ത പെൺകുട്ടി ഹോസ്റ്റലിനും വിദ്യാലയത്തിനും സ്ഥാപനത്തിനും പുറത്തേക്ക് നയിക്കപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. പ്രതിഷേധിക്കുന്നവൻ – പ്രത്യേകിച്ച് പെൺകുട്ടി, കറുത്ത എന്ന അധികയോഗ്യതയുള്ളവർ – ശിക്ഷിക്കപ്പെട്ട് പുറത്തേക്ക് പോകേണ്ടിവരുന്നു.

ഭരണകൂടമായാലും അതിന്റെ ഉപാധികളായാലും പൊതുസമൂഹമായാലും ഹിംസാത്മകമായ തത്ത്വശാസ്ത്രത്തിലാണ് അതിന്റെ അടിത്തറ കെട്ടിപ്പടുത്തിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന, അതികഥനത്തിന്റെ രീതി ഉപയോഗിച്ച് ആഖ്യാനം ചെയ്ത കഥയാണ് നിങ്ങളുടെ വീട്ടിൽ ഫ്രിഡ്ജുണ്ടോ?

മനുഷ്യൻ മനുഷ്യനെ അടിമയാക്കി മാറ്റുന്ന, ചെറു മീനുകളെ വലുതു വിഴുങ്ങുന്ന ലോകത്ത്, ഒരേ സ്വപ്നവും ഒരേ ഭാഷയും ഒരേ വാചകങ്ങളും ഒരേ വാക്കുകളും വാക്കുകളുടെ വളവുകളും തിരിവുകളും അക്ഷരങ്ങളുടെ ഒടിവുകളും ചതവുകളും നിറവും ഗന്ധവുമെല്ലാം ഒന്നാക്കിമാറ്റുന്ന ബോധനപ്രക്രിയയ്ക്കകത്താണ് വ്യത്യസ്തമായ സ്വപ്നങ്ങളും പ്രതികരണവുമായി, ബോധതലത്തിൽത്തന്നെ ഒരു കറുത്ത പെൺകുട്ടി വ്യത്യസ്​തയായിത്തീരുന്നത്. കൊല്ലരുത് എന്ന ആറാംകല്പന യുദ്ധത്തിലും കുറ്റവാളികളെ ശിക്ഷിക്കുന്നതിലും ആവാമെന്ന ഭേദഗതിക്കമപ്പുറത്ത് ദൈവനിയമത്തിന് കൊല പാപമെങ്കിൽ അതെല്ലായ്​പ്പോഴും പാപം, തിരുത്തുകളില്ലെന്ന് വിളിച്ചുപറയുന്ന, ഉണ്ണിയേശുവിനെ സ്വപ്നം കാണുന്ന മീരാ ജോസഫ്, വ്യത്യസ്​തമായൊരു വിമോചന ദൈവശാസ്​ത്രത്തെ മുന്നോട്ടുവെക്കുന്നുണ്ട്. ഇങ്ങനെ വ്യവസ്​ഥയ്ക്കെതിരെ നിലകൊള്ളുന്ന മീരാജോസഫിനെ പുറംതള്ളിയതിൽ തന്റെ തെറ്റ് മനസ്സിലാക്കിയ ഫാദർ സ്വയംഹത്യ ചെയ്യുന്നു.

ഇങ്ങനെ, ഏത് പ്രതികൂല സന്ദർഭത്തിലും കഥ മുന്നോട്ടുവെക്കുന്ന വെളിച്ചത്തിന്റെ ചില അംശങ്ങളുണ്ട്. തന്റെ തെറ്റ് ഫാദർ തിരിച്ചറിയുന്നുവെന്നതാണ് കഥ പ്രസരിപ്പിക്കുന്ന പ്രകാശം. അധികാരമെന്ന നാണയത്തിന്റെ രണ്ട് വശങ്ങളായ അധ്യാപനവും പൗരോഹിത്യവും ചേരുന്ന അച്ചടക്കം എന്ന ഘടകം എങ്ങനെയാണ് അധികാരത്തിൽ വ്യാഖ്യാനങ്ങൾക്കനുസരിച്ച് പൗരന്മാരെ പരുവപ്പെടുത്തിയെടുക്കാൻ ശ്രമിക്കുന്നതെന്നും പ്രതികരിക്കുന്ന മനുഷ്യർ വേട്ടയാടപ്പെടുകയും പുറത്താക്കപ്പെട്ട് അനാഥരാക്കപ്പെടുകയും ചെയ്യുന്നതെങ്ങനെയെന്ന് ഇക്കഥ ആഖ്യാനം ചെയ്യുന്നുണ്ട്. ഇതുപോലെതന്നെ അതിയാഥാർത്ഥ്യത്തിന്റെ ആഖ്യാനരീതി സൂക്ഷിക്കുന്ന ഭ്രമാത്മകമായ കഥയാണ് നിങ്ങളുടെ വീട്ടിൽ ഫ്രിഡ്ജ് ഉണ്ടോ? (2001) എന്നത്. ചരിത്രം തന്നെ പീഡനങ്ങളുടേതും മൃതശരീരങ്ങളുടേതുമാണ് എന്ന് ഇക്കഥ വെളിപ്പെടുത്തുന്നുണ്ട്. ക്രൂരമായ, ഹിംസാത്മകതയുടെ ഭയചകിതമായ അന്തരീക്ഷം കഥയിൽ രൂപപ്പെടുത്തി എടുത്തിട്ടുണ്ട്. ലോകം മുഴുവൻ മനുഷ്യപീഡന സെല്ലുകളായി ചുരുങ്ങുന്നു. ക്രിമിനലിസത്തിന്റെ കാലത്തെ നിശിതമായി വിമർശിക്കുകയും അതിന്റെ അതിപ്രാചീനമായ വേരുകൾ തുറന്നുകാണിക്കുകയും ചെയ്യുന്നു. ഫ്രിഡ്ജിലെ ട്രേയിലെ മൃതദേഹം ഈ പ്രാക്തനാവസ്​ഥ വെളിപ്പെടുത്തുന്നു. ഭരണകൂടമായാലും അതിന്റെ ഉപാധികളായാലും പൊതുസമൂഹമായാലും ഹിംസാത്മകമായ തത്ത്വശാസ്ത്രത്തിലാണ് അതിന്റെ അടിത്തറ കെട്ടിപ്പടുത്തിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന, അതികഥനത്തിന്റെ രീതി ഉപയോഗിച്ച് ആഖ്യാനം ചെയ്ത കഥയാണ് നിങ്ങളുടെ വീട്ടിൽ ഫ്രിഡ്ജുണ്ടോ?

മനുഷ്യപീഡനം എന്ന പ്രമേയം

പ്രാകൃത സ്വത്വത്തെ പുനരുജീവിപ്പിച്ച് ഹിംസാത്മകതയെ മുന്നോട്ടു വെയ്ക്കുന്ന മത പുനരുത്ഥാനത്തെയാണ് രാജാസോറസ്​ നർമ്മദൻസിസ്​ (2003) എന്ന കഥ ആഖ്യാനം ചെയ്യുന്നത്. പ്രാചീനഭാഷകളെന്നും മതാമത്മകതയുടെയും വരേണ്യതയുടെയും ഭാഗമായി മാറ്റപ്പെട്ടതുമായ സംസ്​കൃത, ലാറ്റിൻഭാഷകളിലെ പദങ്ങൾ ചേർത്താണ് രാജാസോറസ്​ നർമ്മദൻസിസ്​ എന്ന പദം രൂപപ്പെടുത്തിയെടുത്തത്. സംഘപരിവാറിന്റെ ഹിന്ദുത്വയുടെ അടിച്ചേല്പിക്കലും പുനരുത്ഥാനപദ്ധതികളും, അതിന്റെ ഉല്പന്നമായ സ്വേച്ഛാധിപത്യവും ഒക്കെ ചേർന്ന് പിടിമുറുക്കുന്ന മധ്യകാലയുഗത്തിന്റെ പ്രാചീനതയെ ഓർമിപ്പിക്കുന്നുണ്ട് രാജാസോറസ്​ നർമ്മദൻസിസ്​ എന്ന ദിനോസറിന്റെ പുനരുജ്ജീവനം. ഒടുവിൽ രാജാസോറസ്​ നർമ്മദൻസിനെക്കുറിച്ച് എഴുതിയ എഴുത്തുകാരനെത്തന്നെ അവർ തേടി വന്നതോടെ, ഹിംസയുടെ ക്രൂരമുഖം യാഥാർത്ഥ്യമാകുകയായിരുന്നു. ഫാസിസത്തിന്റെ കടന്നുവരവിനെ, ഇന്ത്യ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന മധ്യകാല മത പുനരുത്ഥാനവാദത്തിന്റെ പശ്ചാത്തലത്തിൽ ഇക്കഥ സവിശേഷമായ ഒരു വിതാനത്തിലേക്കുയരുന്നു. അതിയാഥാർത്ഥ്യത്തിന്റെ, ഭ്രമകല്പനകളുടെ ആഖ്യാനം അങ്ങനെ യാഥാർത്ഥ്യത്തെ നെഞ്ചുകീറി കാട്ടിത്തരുന്നു ഇക്കഥയിലൂടെ.

കക്കയം ഇപ്പോൾ കാക്കിയുടെയും ഖദറിന്റെയും കാവിയുടെയും അധികാരകേന്ദ്രങ്ങളുടെ മറവിൽ നേതാക്കൾക്കായുള്ള വലിയ അദൃശ്യ ‘വ്യഭിചാരശാല’യായി മാറിയിരിക്കുകയാണ് എന്ന് ഈ കഥ പറയുന്നു.

കെ. അരവിന്ദാക്ഷന്റെ പല കഥകളിലും ആവിഷ്കരിക്കുന്ന പ്രധാന പ്രമേയമായ അധികാര കേന്ദ്രങ്ങളുടെയും പൊതുസമൂഹത്തിന്റെയും മനുഷ്യപീഡനം എന്ന വിഷയം ആളുകളെ ആനന്ദിപ്പിച്ച് വിനോദോപാധിയാക്കി മാറ്റുന്നതെങ്ങനെയെന്ന് ആഖ്യാനം ചെയ്യുന്ന കഥയാണ് 2001–ൽ എഴുതിയ നാഷണൽ പാർക്ക്. ദയവായി കാത്തുനിൽക്കുക നിങ്ങൾ ക്യൂവിലാണ് (2001) എന്ന കഥയും ഈ രീതിയിൽ എഴുതപ്പെട്ടതാണ്. കേവല പാരിസ്​ഥികവാദത്തിനുപകരം രാഷ്ട്രീയ പാരിസ്ഥികവാദത്തെ മുന്നോട്ടുവെക്കുന്നവയാണ് കെ.അരവിന്ദാക്ഷന്റെ കഥകൾ. വഴിയരികിലെ ചെടികളിൽനിന്ന് ഒരിലപോലും പൊട്ടിച്ച് പവിത്രത നശിപ്പിക്കാൻ അനുവാദമില്ലാത്ത, കൊമോഡോവ്യാളികൾ എന്നയിനം രാക്ഷസ ഗൗളികളുടെ സംരക്ഷണത്തിന് സ്​ഥാപിച്ച പാർക്കിൽ ഭക്ഷണമായി എറിഞ്ഞുകൊടുക്കപ്പെടുന്ന മനുഷ്യനും അതുകണ്ടാനന്ദിക്കുന്ന കാഴ്ചക്കാരുമൊക്കെ വല്ലാത്ത ആഘാതമാണ് ഉണ്ടാക്കുന്നത്. അതിഭാവനയുടെതന്നെ താക്കോലുപയോഗിച്ച് തുറക്കാവുന്ന ആഖ്യാനം തന്നെയാണ് ഈ കഥയുടെയും പ്രത്യേകത. Gaisu Caesar Germanicsu Caligula (AD31.4.1224.1.41) എന്ന റോമിലെ ക്രൂരനായ ഭരണാധികാരിമാരിലൊരാളായ കാലിഗുളയെ ആഖ്യാതാവ് ഓർമ്മിക്കുന്നുണ്ട്. ഇങ്ങനെ, അധികാരം/ഭരണകൂടം, സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകളെ ആകർഷിക്കാൻ നടത്തുന്ന ഭയാനകമായ ഹിംസാത്മകതയുടെ ആഴവും വ്യാപ്തിയുംകൂടി നമുക്ക് മുമ്പിൽ നാഷണൽ പാർക്ക് തുറന്നുകാട്ടുന്നുണ്ട്.

കക്കയം ഇപ്പോൾ എന്താണ്​?

കക്കയം എന്ന കഥയും ഇത്തരത്തിൽ പീഡനങ്ങളുടെ ചരിത്രം തന്നെയാണ് വെളിപ്പെടുത്തുന്നത്. അടിയന്തരാവസ്​ഥക്കാലത്ത് പി. രാജനെ പൊലീസുകാർ മർദ്ദിച്ച് കൊന്നത് കക്കയം ക്യാമ്പിൽ വെച്ചായിരുന്നുവല്ലോ. ഈ കക്കയത്തിന്റെ
സുഖവാസകേന്ദ്രത്തിൽ കൂടിച്ചേർന്ന് മദ്യപാനത്തിൽ മുഴുകുന്ന കഥാകൃത്തിനും കവിക്കുമിടയിലേക്ക് പീഡനങ്ങളുടെ ചരിത്രത്തിന്റെ മുഴക്കം ഇരച്ചുകേറി വരികയാണ്. നിലവിളികൾക്കായി ബോസ്​നിയയിലെക്കൊന്നും മനസ്സുകൊണ്ടു പോവേണ്ട, ഇവിടുത്തെ തന്നെ ഭൂതവർത്തമാനകാലങ്ങളിൽ അത് അലിഞ്ഞുകിടപ്പുണ്ടെന്നോർമിപ്പിക്കുന്ന നിലവിളികൾ ഭൂതകാലാഖ്യാനങ്ങളിലേക്ക് സഞ്ചരിക്കുന്നുണ്ട്.

കക്കയം ക്യാമ്പ് – 2013ൽ / Photo: Dinesh Panchery, Facebook
കക്കയം ക്യാമ്പ് – 2013ൽ / Photo: Dinesh Panchery, Facebook

കൊളോണിയൽ കാലത്തിന്റെയും ജന്മിത്വത്തിന്റെയും സുഖാസക്തികളുടെ ഇരയാക്കൽ മുതൽ, ഈ നിലവിളി ഇങ്ങനെ പടർന്നുകയറുന്നുണ്ട്. തന്നെ ഇരയാക്കിയ സായ്​പിന്റെ
ലിംഗം കടിച്ചുമുറിച്ചുമാറ്റിയ പെൺകുട്ടിയെ ജന്മിമാരുടെ ദാസന്മാർ വെടിവെച്ചുകൊല്ലുന്നതും ഹെയ്തിയും റുവാണ്ടയും ജാഫ്നയും ഒക്കെ കാവ്യവിഷയമാക്കുന്ന സുഖാസകതരായ എഴുത്തുകാരുടെ മുമ്പിൽ ഈ നാട്ടിന്റെ
ധർമ്മസങ്കടങ്ങൾ ഇങ്ങനെ നിലവിളികളായി പടരുകയുമാണ്. പിന്നീട് സ്വതന്ത്രരായ നാട്ടുഭരണകൂടത്തിന്റെ മർദ്ദനോപകരണമായപ്പോഴും വിപ്ലവകാരിയായ യുവതിക്ക് ഇതുപോലെ ലിംഗം കടിച്ചുമുറിച്ച് രക്ഷപ്പെടേണ്ടിവരുന്നു. കക്കയം ഇപ്പോൾ കാക്കിയുടെയും ഖദറിന്റെയും കാവിയുടെയും അധികാരകേന്ദ്രങ്ങളുടെ മറവിൽ നേതാക്കൾക്കായുള്ള വലിയ അദൃശ്യ ‘വ്യഭിചാരശാല’യായി മാറിയിരിക്കുകയാണ് എന്ന് ഈ കഥ പറയുന്നു.

അടിയന്തരാവസ്ഥക്കാലത്ത്, 1975–77 ൽ നടന്നത് സമകാലീനസന്ദർഭത്തിലും വീണ്ടും വീണ്ടും നടക്കുന്നുവെന്ന് സമീപകാലത്തുണ്ടായ കസ്റ്റഡിമരണങ്ങളും വെളിപ്പെടുത്തുന്നുണ്ട്.

കൊളോണിയൽ കാലത്ത് നടന്നതുതന്നെയാണ് സ്വാതന്ത്ര്യാനന്തരകാലത്തും – ആധുനിക ജനാധിപത്യകാലത്തും നടക്കുന്നത്. ഇന്ന് ബലമായി പിടിച്ചുകൊണ്ടുവരുന്നതിനുപകരം പ്രതിഫലം നൽകി അതേ സുഖാസക്തിയുടെ വിനോദങ്ങൾ തുടരുന്നുവെന്നു വ്യത്യാസം മാത്രം. ബലപ്രയോഗത്തിൽ പ്രതികരിച്ച യുവതികളുടെ ചിത്രമുണ്ട്. ഇവിടെ കാശിനും സുഖാസക്​തിയുടെ സമ്പൂർണമായ കീഴടങ്ങലിനും – മൂന്നുകാലത്തിലൂടെ, ലൈംഗികതയുടെ ചരിത്രത്തിലൂടെ അവയുടെ തുടർച്ചയും മൃഗീയതയും ഇക്കഥ ബോധിപ്പിക്കുന്നു. ആധുനികകാലത്ത് കാശിനും സുഖാസക്തിക്കുമായുള്ള സ്​ത്രീകളുടെ കീഴടങ്ങൽ മാന്യരായ വേശ്യകളെ ഉല്പാദിപ്പിക്കുന്ന സാമൂഹ്യാവസ്ഥ വിശദമാക്കുന്നു. അവർ നിർബന്ധിതരാക്കപ്പെടുന്ന സാമൂഹികാവസ്ഥ ഇക്കഥയിൽ മറഞ്ഞിരിപ്പുണ്ട്. ബലാൽക്കാരത്തിനുപകരം സ്വേച്ഛാപരമായി വഴങ്ങിക്കൊടുക്കുന്നതിലേക്ക് സ്ത്രീകൾ എത്തിപ്പെടുന്ന സാമൂഹ്യവും, സാമ്പത്തികവും, രാഷ്ട്രീയവുമായ മറഞ്ഞിരിക്കുന്ന കാരണങ്ങൾ ഇക്കഥയിൽ സൂക്ഷ്മമായി അന്തർലീനം ചെയ്തിട്ടുണ്ട്. അതാണ് കഥയുടെ പ്രസക്തിയും.

രാജൻ
രാജൻ

2005 – ലെ 75 എന്ന കഥയിൽ ഭരണകൂടവും മർദ്ദനോപാധിയായ പൊലീസും പൗരന്മാരെ വേട്ടയാടുന്ന അവസ്​ഥയാണ് ആഖ്യാനം ചെയ്യുന്നത്. പൗരാവകാശങ്ങൾ റദ്ദാക്കപ്പെട്ട അടിയന്തിരാവസ്​ഥക്കാലമായ 1975–ൽ എന്ന പോലെ 2005–ലും ഭരണകൂടവും പോലീസും അതിന്റെ തീവ്രമായ മർദ്ദനമുറകൾ അഴിച്ചുവിടുന്നു. സമീപകാലത്ത് മാവോവാദികളെന്നാരോപിച്ച് ആളുകളെ വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കി കേരളത്തിൽ വെടിവെച്ചുകൊല്ലുകയും പലരേയും യു.എ.പി.എ.ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്ത സമാന സാഹചര്യത്തിൽ ഈ കഥ ഒന്നുകൂടി പ്രസക്തമാവുന്നു. ക്രൂരമായ മർദ്ദനത്തിൽ ഉന്മാദത്തിലേക്കെടുത്തെറിയപ്പെട്ട ഒരു യുവാവിന്റെ അവസ്​ഥയാണ് 2005 ലെ 75 എന്ന കഥയിൽ. മനുഷ്യചരിത്രത്തിലെ അടിമത്ത ഏട് മുതലുള്ള ചരിത്രം ഈ കഥയിൽ സുചിതമാകുന്നുണ്ട്. എന്നും അധികാരം അതിന് അരുനിൽക്കാത്ത പൗരന്മാരെ ഇത്തരത്തിൽ ക്രൂര പീഡനങ്ങൾക്ക് വിധേയരാക്കിയിട്ടേയുളളൂ. എതിർശബ്ദങ്ങളെ മർദ്ദിച്ച് ഒതുക്കാൻ ശ്രമിച്ചിട്ടേയുള്ളൂ.

അടിയന്തരാവസ്ഥക്കാലത്ത്, 1975–77 ൽ നടന്നത് സമകാലീനസന്ദർഭത്തിലും വീണ്ടും വീണ്ടും നടക്കുന്നുവെന്ന് സമീപകാലത്തുണ്ടായ കസ്റ്റഡിമരണങ്ങളും വെളിപ്പെടുത്തുന്നുണ്ട്. നിയമത്തിനു മുന്നിൽ കൊണ്ടുവരികയും നിയമപരിരക്ഷ നൽകുകയും ചെയ്യുന്നതിനുപകരം പൗരന്മാരെ മർദ്ദിച്ച് തകർക്കുന്നത് ജനാധിപത്യ ഗവൺമെന്റിന് ഭൂഷണമല്ല. പൊലീസ്​ നിരന്തരം മർദ്ദനോപാധിയായി മാറുന്നത് ഭരണകൂടത്തിന്റെ സമീപനത്തിന്റെ പ്രതിഫലനമാണ്. അതിന്റെ
സംരക്ഷകരായ പൊലീസ്​ സംവിധാനത്തിന്റെയും.

യു.എ.പി.എ. കേസ് ചുമത്തപ്പെട്ട താഹ ഫസലും അലൻ ഷുഹൈബും
യു.എ.പി.എ. കേസ് ചുമത്തപ്പെട്ട താഹ ഫസലും അലൻ ഷുഹൈബും

മുപ്പതുകൊല്ലമായി ഞാനറിയുന്ന പരമരഹസ്യം ജനങ്ങളെപ്പറ്റിയാണ്. അവർ എന്നും വഞ്ചകരാണ്. അധികാരശക്തി കണ്ടാൽ പേടിച്ചു തൂറുന്നവർ. മണ്ണിന്റടിയിലെ മാളങ്ങൾക്കും കല്ലുകൾക്കിടയിലെ വിടവുകൾക്കുമിടയിലും ഒളിക്കുന്നവർ. അധികാരത്തിന്റെ അടുക്കളമണത്തിൽ പട്ടികളായി വാലാട്ടുന്നവർ. ഇളിഞ്ഞ മോന്തകളുമായി മന്ത്രിമന്ദിരത്തിൽ പിമ്പിങ്ങ് നടത്തുന്നവർ. അധികാരദണ്ഡിനുകീഴെ കഴുതകളായി വട്ടം ചുറ്റുന്നവർ. അവരെ എനിക്ക് തരിമ്പ് വിശ്വാസമില്ല. ഒരു വിപ്ലവവും ഈ ചെറ്റകൾ കൊണ്ടുവരാൻ പോകുന്നില്ല. എന്ന് പൊതുസമൂഹത്തെക്കുറിച്ച് /ഭരണകൂടത്തിന്റെ നിരീക്ഷണമുണ്ട്. മാത്രമല്ല – ലോകത്ത് ഒരു വർഗ്ഗമേയുളളൂ – പീഡകർ മാത്രം – പീഡിതർ നാളത്തെ പീഡകനാണ്. പീഡകനാവാൻ കൊതിക്കാത്ത ഏതെങ്കിലും പീഡിതനുണ്ടോ? ഇന്നല്ലെങ്കിൽ നാളെ തനിക്കും പീഡകനാകാൻ കഴിയുമെന്ന വിശ്വാസമാണ് പീഡിതരുടെ പ്രതീക്ഷ. ആ പ്രതീക്ഷയാണ് അവനെ ജീവിപ്പിക്കുന്നത്. എന്നും ഭൂമിയിലെ ഏറ്റവും വലിയ പീഡകൻ ദൈവമാണ്. അതുകൊണ്ടാണ് ദൈവവിശ്വാസികളുടെ എണ്ണം നിമിഷംപ്രതി കൂടുന്നത് എന്നുമുള്ള നിരീക്ഷണങ്ങളവതരിപ്പിക്കുന്നതിനോടൊപ്പം കോടതിയേയും തുറന്നുകാട്ടുന്നു. എനിക്ക് മലം പോലെയാണ് ആ വാക്ക്. ഐ ഹേറ്റിറ്റ്! ഹേറ്റിറ്റ്. എവിടെയാണെടോ ഇവിടെ നീതി! ദൈവങ്ങളാണെന്നാണ് വെപ്പ്. ഇരുപ്പും നടപ്പും ദൈവം ചമഞ്ഞ്! പണിയോ? ആ മഹാപീഡകന്റെ സന്തതികൾ! ഇത്രകാലമായില്ലേ – എത്ര തെളിവുകൾ. ഒന്നിനെയെങ്കിലും തുറങ്കിലടച്ചോ? ഇങ്ങനെ അതിനിശിതമായ വിമർശനം മൊത്തത്തിൽ ഭരണകൂടത്തിനും അതോടൊട്ടിനിൽക്കുന്ന സ്ഥാപനങ്ങൾക്കും എതിരെ ഉന്നയിക്കുന്നു – ഭരണകൂടം നീതി മാത്രം സാധാരണ പൗരനു നൽകില്ല എന്ന് ചോര പൊടിഞ്ഞ കഫക്കട്ടകൾ ചുമച്ചുകൊണ്ട് പുറത്തേക്ക് തെറിപ്പിച്ച യുവാവിന്റെയും ഈ ദുരന്തങ്ങളെല്ലാം ഏറ്റുവാങ്ങുന്ന നിശബ്ദയായ അമ്മയുടേയും കഥ നമ്മോട് പറയുന്നുണ്ട്.

വിദ്യാഭ്യാസം സർഗ്ഗാത്മകമാകുന്നതിനുപകരം മത്സരാധിഷ്ഠിതമായ എൻട്രൻസ്​ കേന്ദ്രീകൃതമായിമാറുന്നു. ഇതിനകത്ത് നിൽക്കുന്നവരും പുറത്തുനിൽക്കുന്നവരും എന്ന രണ്ട് വർഗ്ഗം തന്നെ രൂപപ്പെട്ടുവരുന്നു. പുതിയ കുട്ടികൾ കരിയറിസ്റ്റായി മാറുന്നുവെങ്കിൽ അവരെ വളർത്തിയ രക്ഷിതാക്കളുടെ സമൂഹം തന്നെയാണ് ഇതിനുത്തരവാദികൾ. അരവിന്ദാക്ഷന്റെ ചരിത്രത്തിന്റെ ചതുപ്പ് എന്ന കഥയിൽ ഇങ്ങനെ നിർമ്മിക്കപ്പെടുന്നവരെക്കുറിച്ചും അത്തരം ജീവിതങ്ങൾ വെറും പന്നിമനുഷ്യന്റേത്(PigMan) മാത്രമായി മാറുന്നതിനെ കുറിച്ചും ആഖ്യാനം ചെയ്യുന്നുണ്ട്. ഇതിനു വിരുദ്ധമായി സർഗ്ഗാത്മകവും സമരാത്മകവുമായി വളർന്നുവരുന്ന സാമൂഹ്യചുറ്റുപാടിന്റെ വിദ്യാർത്ഥി ജീവിതം ഹാബേലിന്റെ രക്തം എന്ന കഥയിലുമുണ്ട്. ഇക്കാര്യം ഒരു തുറന്നെഴുത്തിന് വിധേയമാക്കുകയാണ് തോണൂക്കര മുത്തി (2005) എന്ന കഥയിൽ.

ഏറെ വിവാദമായ, പൗരന്മാരെ അരക്ഷിതത്വത്തിലേക്ക് തള്ളിവിട്ട നാഷണൽ സിറ്റിഷൺഷിപ്പ് ആക്ടിന്റെ ഭീകരത പതിനഞ്ചുവർഷങ്ങൾക്കുമുമ്പുതന്നെ പുതിയ ഗോത്രത്തിന്റെ ഉൽപ്പത്തി (2005) അവതരിപ്പിക്കുന്നുണ്ട്.

ഇങ്ങനെ നിർമ്മിച്ചെടുക്കുന്ന ഒരു വിദ്യാർത്ഥി യാന്ത്രികതയുടെ ലോകത്തുനിന്നും മിത്തുകളുടെയും ഐതിഹ്യങ്ങളുടെയും പുരാവൃത്തങ്ങളുടെയും സർഗ്ഗാത്മകമായ ലോകത്തേക്ക് എത്തിച്ചേരുന്നു. പുരാവൃത്തവും മിത്തുകളും ഐതിഹ്യങ്ങളുമൊക്കെ ജീവിതത്തിന്റെ തുറസ്സുകളാണ്. അവ പുരാണങ്ങളോ, പാരമ്പര്യമോ അല്ല എന്നുകൂടി ഓർക്കണം. സിദ്ദുവിനെ നിർമ്മിച്ചെടുക്കുന്ന മധ്യവർഗ്ഗജീവിതത്തിന്റെ
യാന്ത്രികതയുടെ അപരങ്ങളായാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. ഒപ്പം വളർത്തുമൃഗങ്ങളടങ്ങുന്ന തിര്യക് വർഗ്ഗങ്ങളോടും നാട്ടുജീവിതത്തോടും അതിലെ കാർഷിക ജീവിതത്തോടുമുള്ള ഊഷ്മളത എന്നിവയുമെല്ലാം കടന്നുവരുന്നുണ്ട്.

ഗതികെട്ട സാധാരണ പൗരന്മാർ

ഒരു ഭാഗത്ത് യാന്ത്രികജീവിതം, മറുഭാഗത്ത് ഐതിഹ്യവും പുരാവൃത്തവും മിത്തുമെല്ലാം ചാലിച്ച ഭാവനാത്മകമായ സർഗ്ഗാത്മകജീവിതം. ഈ യാഥാർത്ഥ്യത്തെ കേവല യാഥാർത്ഥ്യമായല്ല അതിലും വലിയ യാഥാർത്ഥ്യമായി, അതിയാഥാർത്ഥ്യമായി അവതരിപ്പിക്കാനാണ് കഥയിൽ ശ്രമിക്കുന്നത്. കാർഷിക ജീവിതത്തിന്റെ സർഗ്ഗാത്മകതയിലൂടെ മാത്രമേ ഇത്തരം മധ്യവർഗ്ഗ വളർച്ചയുടെ യാന്ത്രിക താൽപര്യങ്ങളെ നേരിടാൻ കഴിയൂ എന്നു കാണാം. കാർഷിക ജീവിതത്തിന്റെയും ഗ്രാമീണ ജീവിതത്തിന്റെയും അതിന്റെ
ഭാഗമായ ഐതിഹ്യവും പുരാവൃത്തവും മിത്തുകളുമെല്ലാമടങ്ങുന്ന ജീവിതത്തിന്റെ സ്വപ്നം ഒരർത്ഥത്തിൽ ഗാന്ധിയുടെ ഗ്രാമസ്വരാജിനെയും ഗ്രാമങ്ങളിലേക്കുള്ള തിരിച്ചുപോക്കിനേയും കൂടി, ആദർശവൽക്കരിക്കുന്നുണ്ടെന്നു കാണാം.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻ ബാഗിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്‌ / Photo: Wikimedia Commons
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻ ബാഗിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്‌ / Photo: Wikimedia Commons

പ്രവചനാത്മകമായിത്തീർന്ന കഥയാണ് അരവിന്ദാക്ഷന്റെ പുതിയ ഗോത്രത്തിന്റെ ഉൽപ്പത്തി (2005). ഏറെ വിവാദമായ, പൗരന്മാരെ അരക്ഷിതത്വത്തിലേക്ക് തള്ളിവിട്ട നാഷണൽ സിറ്റിഷൺഷിപ്പ് ആക്ടിന്റെ
(എൻ.സി.എ) ഭീകരത പതിനഞ്ചുവർഷങ്ങൾക്കുമുമ്പുതന്നെ ഇക്കഥ അവതരിപ്പിക്കുന്നുണ്ട്. ഇങ്ങനെ പൗരത്വത്തിനകത്തുനിന്നു പുറന്തള്ളപ്പെടുന്നവരെത്തന്നെയാണ് പുതിയ ഗോത്രമായി എഴുത്തുകാരൻ വിശേഷിപ്പിക്കുന്നത്. നഗ്നമായ ശരീരത്തിൽ കാരിരുമ്പു പഴുപ്പിച്ചുണ്ടാക്കിയ നമ്പറുകളുമായി തടവിലടക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യരുടെ പുതിയ ഗോത്രത്തിന്റെ കഥ ഞെട്ടിപ്പിക്കുന്ന അതിയാഥാർത്ഥ്യത്തോടെ തന്നെ അരവിന്ദാക്ഷൻ ആഖ്യാനം ചെയ്തിട്ടുണ്ട്. മനുഷ്യൻ നട്ടെല്ല് വളഞ്ഞ് കൃമിയും കീടവുമായി ഇഴയുന്ന ദയനീയമായ അവസ്​ഥയിലേക്ക് രൂപപ്പെടുന്നത് മുൻകൂട്ടി പറയുകയാണ് കഥാകൃത്ത്​. ബൗദ്ധികവും താത്ത്വികവുമായിരിക്കെത്തന്നെ, വൈകാരികരാശം കൂടി ഈ കഥകളിലുണ്ട്. കൂടുതൽ തവണ വായിക്കുന്തോറും ഈ ബൗദ്ധികതയും താത്വികതയും വൈകാരികമായി അനുഭവപ്പെടുന്ന ഒരു മാസ്​മരികവിദ്യ അദ്ദേഹത്തിന്റെ എഴുത്തുകൾക്കുണ്ട് എന്നുകൂടി വെളിപ്പെടുത്തുന്നുണ്ട് പുതിയ ഗോത്രത്തിന്റെ ഉല്പത്തി.

ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ട കഥയാണ് മരുഭൂമിയിലെ കാറ്റുകൾ.(2005) ഭരണകൂട ഭീകരതയുടെ ഭാഗമായി കാണാതായ മകനെ അന്വേഷിച്ചുനടക്കുന്ന അമ്മയിലൂടെയും മകളിലൂടെയും സ്റ്റേറ്റ് മർദ്ദനോപാധിയായി മാറുകയും പട്ടാളത്തിന്റെ ഉപകരണമായിത്തീരുകയും ചെയ്യുന്നതെന്നങ്ങെനെയെന്നും അതിൽ ഞെരിഞ്ഞമരുന്ന ഗതികെട്ട സാധാരണ പൗരന്മാരുടെ ദയനീയാവസ്ഥയേയും വരച്ചുകാട്ടുന്നു ഇക്കഥ.

വേദന, വേദന... വിമലീകരിക്കുന്ന വേദന

വേദന ഒരു വ്യക്തിയെ മനുഷ്യവത്കരിക്കുന്നുവെന്ന് കാട്ടിത്തരുന്ന കഥയാണ് വാനൂരിലെ കൊക്കുകൾ (2005). മനുഷ്യ ജീവിതത്തെ നേർക്കുനേർ നേരിടുന്നതാണ് വേദന. ഈ വേദന എന്ന അവസ്​ഥ മനുഷ്യനെ വല്ലാതെ വിമലീകരിക്കും. ഒരൊറ്റ ജീവിതത്തിെന്റെ വിവിധ അനുഭവമേഖലകൾ പല പ്രകാരത്തിൽ ആവിഷ്കരിക്കുകയാണ് അരവിന്ദാക്ഷന്റെ കഥകൾ. അത്തരമൊരു കഥയാണ് കുറുമലയിലെ എരുമകൾ(2006). ഹാബേലിന്റെ രക്തത്തിലെ വിനീഷ് മേനോന്റെ ജീവിതത്തിന്റെ ബാക്കിപത്രമാണ് കുറുമലയിലെ എരുമകൾ.

ടിപ്പിക്കൽ കൊളോണിയൽ ജീവിതം പരിശീലിച്ച് വിദേശത്ത് എലൈറ്റ് അരിസ്​റ്റോക്രാറ്റായി ജീവിക്കുന്ന സയൻറിസ്റ്റ് ഒടുവിൽ എല്ലാം ഉപേക്ഷിച്ച് നാട്ടിൽ എരുമകളെ പോറ്റി ജീവിക്കുന്നു. ഇതേ കഥയുടെ മറുപുറമാണ് തോണൂക്കര മുത്തി. ഏറ്റവും പരിഷ്കൃതമെന്ന് വിശേഷിപ്പിക്കാവുന്ന ആധുനികമായ ജീവിതത്തിൽ നിന്ന് ഏറ്റവും പ്രാകൃതമെന്ന് വിശേഷിപ്പിക്കാവുന്ന കാർഷിക ജീവിതത്തിലേക്ക്– സായിപ്പിന്റെ മാതൃക നിരന്തരം പിന്തുടരുന്ന കൃത്യതയുടെയും കണിശതയുടെയും വൃത്തിയുടെയും കൊളോണിയൽ മാതൃക പിന്തുടരുന്നയാൾ പശുവിനെപ്പോലുമല്ല – അതിനേക്കാൾ പ്രാകൃതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന എരുമകളിലേക്കാണ് ജീവിതം പറിച്ച് നടുന്നത്.

കാമവും വിശപ്പും മാത്രമായി ലോകത്തെ ചുരുക്കി അതനുസരിച്ച് അവയ്ക്കാവശ്യമായ അവയവങ്ങൾമാത്രം അവശേഷിച്ച് മറ്റ് അവയവങ്ങളെല്ലാം ഇല്ലാതാവുന്ന ഈ കഥയുടെ അടിസ്ഥാനം ചാൾസ്​ ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിൽത്തന്നെ വേരുകളാഴ്ത്തി നിൽക്കുന്നു.

കൃത്രിമ ജീവൻ ഉല്പാദിപ്പിക്കുന്നതിൽ നിന്നും ജൈവീകമായ കാർഷിക ഗ്രാമീണ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന കഥാപാത്രം തോണൂക്കര മുത്തിയിലെന്ന പോലെ ഗാന്ധിജിയുടെ ഗ്രാമങ്ങളിലേക്ക് ചെല്ലുക, ഗ്രാമങ്ങളിലാണ് ജീവൻ എന്ന സന്ദേശം ഇക്കഥയിലും വായിച്ചെടുക്കാൻ കഴിയും. പശു പരിഷ്കൃത ജീവിയായി മുദ്രകുത്തപ്പെടുമ്പോൾ എരുമ കുറേക്കൂടി പ്രാകൃതവും വന്യവുമായ ദലിത് സത്വത്തിന്റെ ഭാഗമാണ്. പശു ബ്രാമണിക്കൽ ചിഹ്നമാണല്ലോ. എരുമ ദലിതരുടെ വളർത്തുമൃഗമാണ്. എരുമ ദേശീയത എന്ന കാഞ്ച ഇലയ്യയുടെ പ്രയോഗം ഓർമ്മിക്കുക. അങ്ങനെ പരിഷ്കൃത കൊളോണിയൽ, വിനാശശാസ്​ത്ര ജീവിതത്തിൽ നിന്നും പ്രാകൃതവും സംസ്​കാരശൂന്യവുമെന്ന് വരേണ്യരാൽ വിശേഷിപ്പിക്കപ്പെടുന്ന നാട്ടുകാർഷികജീവിതം തിരികെ പിടിക്കുകയാണ് ഇക്കഥയിൽ.

തീർത്തും റിയലിസ്റ്റിക്കായ കഥയാണ് കോന്തം. വാനില കൃഷിയുടെ പൊടുന്നനവേ ഉണ്ടായ പ്രചാരണവും വ്യാപനവും ഒടുവിൽ വിപണിയുടെ തകർച്ചയും കോന്തം എന്ന കഥ ആവിഷ്കരിക്കുന്നു. ആസക്തികളുടെ കൃഷിയായ, ലൈംഗികോത്തേജക മരുന്ന് നിർമ്മാണത്തിനാവശ്യമായ (നായ്ക്കുരുണപരിപ്പ് തുടങ്ങിയ) പാഴ്കൃഷിയെ ഓർമ്മിപ്പിക്കുന്നു കോന്തം. വിപണിയുണ്ടാക്കാനും ഇടിക്കാനും കഴിയുന്ന ഇത്തരം കാർഷികോൽപ്പാദനം സമൂഹത്തിന്റെ യഥാർത്ഥ ആവശ്യത്തെ തൃപ്തിപ്പെടുത്തുന്നില്ല. ആസക്തികളുടെ വിപണിയെ നിലനിർത്തുന്ന കൃഷി മാത്രമാണ് അവ. സഹജമായ ഭക്ഷ്യകൃഷിയിൽ നിന്നും ആസകതി വസ്​തുക്കളുടെ ഉല്പാദനമെന്ന കോർപ്പറേറ്റുകളുടെ വാണിജ്യതാൽപര്യം വിപണികളുടെ താൽപര്യമായി മാറുന്നതാണ് കോന്തം എന്ന കഥയുടെ കാതൽ. സമൂഹത്തെത്തന്നെ ആസക്തികളിലേക്ക്, ഭോഗാസക്തിയിലേക്ക് പരുവപ്പെടുത്തുക എന്നതാണ് അവരുടെ താൽപര്യം. ഇത്തരം കോർപ്പറേറ്റ് താൽപര്യങ്ങൾ ബ്രസീൽ മുതൽ ഇന്നത്തെ ഇന്ത്യവരെ വ്യാപിച്ചുകിടക്കുന്നുണ്ട്. അംബാനിയും അദാനിയും തീരുമാനിക്കുന്ന കോർപ്പറേറ്റ് കാർഷിക നയങ്ങളും അവയ്ക്കിരയായ കർഷകർ നടത്തുന്ന പ്രക്ഷോഭവും ഇവിടെ ഓർക്കാം.

കേന്ദ്രസർക്കാരിന്റെ കർഷക നിയമങ്ങൾക്കെതിരെ ദൽഹി അതിർത്തിയിൽ സമരത്തിലേർപ്പെട്ടിരിക്കുന്ന കർഷകർ / Photo: Randeep Maddoke, Wikimedia Commons
കേന്ദ്രസർക്കാരിന്റെ കർഷക നിയമങ്ങൾക്കെതിരെ ദൽഹി അതിർത്തിയിൽ സമരത്തിലേർപ്പെട്ടിരിക്കുന്ന കർഷകർ / Photo: Randeep Maddoke, Wikimedia Commons

പാരമ്പര്യമായ അറിവ് ഇല്ലാതാവുന്നുണ്ട് എന്ന് തൊഴുത്തിന് കഴുക്കോലിടാനറിയാത്ത പുതിയ തലമുറ വെളിപ്പെടുത്തുന്നുണ്ട്. ഇവിടെയാണ് കൃത്രിമമായി ജീവനുണ്ടാക്കുന്ന ഗവേഷണജോലി വെടിഞ്ഞ്, കൊളോണിയൽ അഭിരുചികൾ ഉപേക്ഷിച്ച് അപരിഷ്കൃതമായ നാട്ടുസംസ്​കൃതിയിലേക്ക് ഒറ്റത്തോർത്തുമുണ്ടുടുത്ത് കൃഷ്ണനുണ്ണി മടങ്ങുന്നത്. പക്ഷേ, കൊളോണിയൽ ബോധത്തിൽ വളർന്ന തദ്ദേശിയർ അയാളെ പരിഹാസത്തോടെ മാത്രം നോക്കിക്കാണുകയാണ്. ഒരു പക്ഷേ, തന്റെ ദാമ്പത്യ ജീവിതത്തിൽ നിന്നുപോലമുള്ള അയാളുടെ വിടുതലും ഇത്തരം പരിഷ്കൃത/കൊളോണിയൽ ജീവിതാസക്തികളെ നിരസിക്കുന്നതിന്റെ ഭാഗംകൂടി തന്നെയാണ്.

പുതിയ ലോകത്തിന്റെ പരിണാമ സിദ്ധാന്തം

അൺഎയ്ഡഡ് സ്​കൂളുകളുടെ ക്രൂരതകളുടെ കഥയാണ് ജാതകകഥയിലെ കൊക്കിന്റെ പരിണാമത്തിലെ ഒരു തലമെങ്കിലും അതോടൊപ്പം ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന പട്ടിണിയുടെ അഗാധമായ വ്യാപ്തി കൂടി ആഖ്യാനം ചെയ്യുന്നുണ്ട്. ഈസോപ്പ് കഥയുടെ ഒരു പുനരാഖ്യാനം കൂടിയായി ഈ കഥ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തരം അലിഗറികളിൽ, ജന്തുമൃഗാദികളിൽ മനുഷ്യ സ്വഭാവം ആരോപിക്കാനേ ഏത് ആഖ്യാതാവിനും കഴിയൂ. മൃഗങ്ങളുടേതെന്ന് മനുഷ്യർ വെളിപ്പെടുത്തുന്ന കാര്യങ്ങളും ചിന്തകളും മനുഷ്യന്റേതുമാത്രമാണ്. അതുകൊണ്ടുതന്നെ ഈസോപ്പു പറഞ്ഞ അന്യാപദേശകഥകളെ പുതിയ കാലത്തേക്കുമാറ്റി, പുതിയ വ്യാഖ്യാനം നിർമ്മിക്കുകയാണ് അരവിന്ദാക്ഷൻ ഇക്കഥയിൽ എന്ന് കാണാം.

അഗ്രഹാരത്തിൽ കഴുതൈ[1977] സിനിമയിൽ നിന്ന്
അഗ്രഹാരത്തിൽ കഴുതൈ[1977] സിനിമയിൽ നിന്ന്

ജോൺ അബ്രഹാമിന്റെ അഗ്രഹാരത്തിൽ കഴുത പോലെ പൊള്ളിക്കുന്ന അനുഭവമാണ് യേശു മരിച്ചു, ഇന്നു പുലർച്ചെ എന്ന കഥ (2006). മഗ്ദലനക്കാരി മറിയയുടെ പ്രിയനായ യേശുവിന്റെ ചിത്രം മഹാകവി വള്ളത്തോൾ നാരായണമേനോനടക്കം ആഖ്യാനംചെയ്തിട്ടുണ്ടല്ലോ. ഇവിടെ ‘വേശ്യ’കളുടേയും കഴുതകളുടേയും തോഴനായി മാറുന്ന യേശുവിന്റെതന്നെ സ്വത്വം പേറുന്ന ആഖ്യാതാവിനെ കാണാം. കഴുതകളെ മാത്രം ചികിത്സിക്കുന്ന ക്ലിനിക്ക് നടത്തുന്ന അയാൾ ‘വേശ്യ’കളുടെ സ്വാന്തകനായും കാമുകനായും കൂടി പ്രത്യക്ഷപ്പടുന്നു. കഴുതയെ യേശു എന്നു പേരുചൊല്ലി വിളിക്കുന്നു– ഇങ്ങനെ ജീവിതത്തെയും, അതിന്റെ സന്ദിഗ്ധതകളെയും അസാമാന്യമായി അവതരിപ്പിക്കുകയാണ് ഈ കഥയിൽ. നിന്ദിതരുടേയും പീഡിതരേയും കൂടെ നിൽക്കുന്ന, യേശുവിനെപ്പോലെ ഇക്കഥ നമ്മുടെ മുന്നിൽ ശാന്തതയോടെ നിൽക്കുന്നു. റിയലിസ്റ്റിക്കായ കഥകളെക്കാൾ ഇത്തരത്തിൽ അതിയാഥാർത്ഥ്യത്തെ ആവിഷ്കരിക്കുന്നവയാണ് അരവിന്ദാക്ഷന്റെ മികച്ച കഥകൾ. അതിന് മറ്റൊരു നിദർശനമാണ് അ– യഥാർത്ഥങ്ങളായ അവയവങ്ങൾ എന്ന കഥ (2007). ഓരോ അവയവങ്ങളും ഇല്ലാതായി, ആസക്തിയുടേയും ആർത്തിയുടേയും അവയവങ്ങൾ – ലിംഗവും വായയും മാത്രമായി ചുരുങ്ങുന്ന ആസക്തിയുഗത്തിന്റെ മനുഷ്യൻ നഗരസ്വർഗ്ഗം എന്ന കഥയുടെ തുടർച്ചയായിത്തന്നെ രൂപപ്പെട്ടതാണ്. ബുദ്ധിപരമായ പ്രവർത്തനങ്ങളോ കായികമായ അധ്വാനമോ മറ്റ് പ്രവർത്തനങ്ങളൊന്നുമില്ലാതെ തിന്നുവാനും കുടിക്കുവാനും മാത്രമായി നിർമ്മിക്കപ്പെടുന്ന മനുഷ്യൻ നവമുതലാളിത്തം രൂപപ്പെടുത്തിയെടുക്കുന്ന, ഉപഭോഗാസക്തികളുടെ ബാക്കിപത്രമാണ്. മനുഷ്യവംശത്തിൽ പുതിയ ഉപജാതി പരിണമിച്ചുണ്ടായതാണ് ഈ വർഗമെന്ന് കഥാകൃത്ത് പറയുന്നു. കാമവും ഭക്ഷണവുമാണ് മനുഷ്യന്റെ അടിസ്ഥാനവികാരങ്ങൾ. പക്ഷേ, അവയെ നിയന്ത്രിച്ച് നിർത്തുന്ന, അവയ്ക്കപ്പുറത്തുള്ള സർഗ്ഗാത്മക വ്യവഹാരങ്ങളാണ് ജീവിതത്തിന്റെ കാതൽ. കാമവും വിശപ്പും മാത്രമായി ലോകത്തെ ചുരുക്കി അതനുസരിച്ച് അവയ്ക്കാവശ്യമായ അവയവങ്ങൾമാത്രം അവശേഷിച്ച് മറ്റ് അവയവങ്ങളെല്ലാം ഇല്ലാതാവുന്ന ഈ കഥയുടെ അടിസ്ഥാനം ചാൾസ്​ ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിൽത്തന്നെ വേരുകളാഴ്ത്തി നിൽക്കുന്നു. ആസക്തി ജീവിതത്തിന്റെ യാഥാർത്ഥ്യത്തെ അതികഥനമായി അവതരിപ്പിക്കുന്ന ഇക്കഥ, പുതിയ ലോകത്തിന്റെ പരിണാമ സിദ്ധാന്തത്തിന്റേതുകൂടിയാണ്.

കാലത്തെ, എങ്ങനെ അവയുടെ സങ്കീർണതകളിലൂടെ സൂക്ഷ്മമായി പുനഃസംവിധാനം ചെയ്യാമെന്നുള്ള കാഴ്ചപ്പാട്, അരവിന്ദാക്ഷന്റെ കഥകൾക്ക് ഉയർന്ന മാനം നൽകുന്നുണ്ട്

അരവിന്ദാക്ഷന്റെ കഥകളിലെ പ്രമേയപരവും ആഖ്യാനപരവുമായ വൈവിധ്യവും അവയെ സൂക്ഷ്മമായി ആഖ്യാനം ചെയ്യാനുള്ള ശ്രമവും വർഷം കഴിയുന്തോറും മെച്ചപ്പെട്ടവരുന്നതും നമുക്ക് ഇക്കഥകളിലൂടെ കടന്നുപോകുമ്പോൾ വായിച്ചെടുക്കാൻ കഴിയും. പ്രത്യയശാസ്​ത്രമല്ല കഥ, എന്നും പ്രത്യയശാസ്​ത്ര നിലപാട് കഥയാവില്ല എന്നും കഥ ജീവിതത്തെ, കാലത്തെ, ലോകത്തെ, അവയുടെ സങ്കീർണതകളെ ഉൾച്ചേർത്തുകൊണ്ട് സൂക്ഷ്മമായി ആഖ്യാനം ചെയ്യേണ്ടതുണ്ടെന്നുമുള്ള തിരിച്ചറിവ് ഈ എഴുത്തുകാരനിൽ വലിയ ഉത്തരവാദിത്തം ഏൽപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എഴുതപ്പെട്ട കഥകളിൽ പതിര് വളരെ കുറവാണുതാനും. കാലത്തെ, എങ്ങനെ അവയുടെ സങ്കീർണതകളിലൂടെ സൂക്ഷ്മമായി പുനഃസംവിധാനം ചെയ്യാമെന്നുള്ള കാഴ്ചപ്പാട്, അരവിന്ദാക്ഷന്റെ കഥകൾക്ക് ഉയർന്ന മാനം നൽകുന്നുണ്ട് എന്ന് അദ്ദേഹത്തിന്റെ കഥകളിൽകൂടെ കടന്നുപോകുന്നുണ്ടെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു.

രണ്ട് തിരകൾക്കിടയിലെ ജീവിതം എന്ന ഈ സമാഹാരത്തിലെ പത്തുകഥകളിൽ മമ്മ ഉറങ്ങുകയാണ്, ബർട്രഡ് റസ്സൽ അരിസ്റ്റോട്ടിലിനോട് പറഞ്ഞത് എന്നീ കഥകൾ മാത്രമാണ് സങ്കീർണ്ണമായ അടരുകൾ ഒളിപ്പിച്ചുവെച്ചുകൊണ്ട് ആഖ്യാനം ചെയ്തിരിക്കുന്നത്. മറ്റ് കഥകൾ തനിക്ക് പറയാനുളള കാര്യങ്ങൾ നേരിട്ട് തന്നെ, കഥാത്മകമായി ആഖ്യാനം ചെയ്ത് വായനക്കാരിലേക്ക് എത്തിക്കാനുള്ള ശ്രമമാണെന്ന് കാണാം. തനിക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ചും അതിലെ ജീവിതത്തെക്കുറിച്ചും അതിന്റെ സന്ദിഗ്ധതകളെക്കുറിച്ചും കുറേകൂടെ തെളിമയോടെ, ആഖ്യാനം നിർവ്വഹിക്കാനാണ്, കഥാകൃത്ത്​ ശ്രമിക്കുന്നത്. അതേസമയം അതിശക്തമായ കഥകൾ കൂടിയാണ് ഈ സമാഹാരത്തിലെ കഥകൾ എന്നതുകൂടി ശ്രദ്ധിക്കേണ്ടതാണ്. മമ്മ ഉറങ്ങുകയാണ് അടിയിൽ തീനാളങ്ങൾ ഒളിപ്പിച്ചുവെച്ച കഥയാണ്. അതേസമയം ഫാസിസം എന്നത് അവനവനിൽത്തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് സൂക്ഷ്മമായി അവതരിപ്പിക്കുകയാണ് ബർടൻഡ് റസ്സൽ അരിസ്റ്റോട്ടിലിനോട് പറഞ്ഞത് എന്ന കഥയിൽ.

ഇന്ത്യ-പാക് വിഭജനത്തെ തുടർന്ന് അഭയാർഥികളെക്കൊണ്ട് നിറഞ്ഞ തീവണ്ടികൾ /Wikimedia Commons
ഇന്ത്യ-പാക് വിഭജനത്തെ തുടർന്ന് അഭയാർഥികളെക്കൊണ്ട് നിറഞ്ഞ തീവണ്ടികൾ /Wikimedia Commons

പുതിയ ഗോത്രത്തിന്റെ ഉല്പത്തി എന്ന കഥയിലും പൗരത്വനിയമം മനുഷ്യനെ കീടമാക്കി മാറ്റുന്നതിന്റെ പ്രവചനാത്മകതയാണല്ലോ അവതരിപ്പിക്കുന്നത്. അതിന്റെ തുടർച്ചയായി വായിക്കേണ്ട കഥയാണ് അവസാനത്തെ സന്ദർശക. ഇന്ത്യാവിഭജനം ജീവിതത്തിന്റെ സർഗ്ഗാത്മകതതന്നെ തകർത്ത് മനുഷ്യരുടെ പിൽക്കാല ജീവിതത്തിന്റെ സന്ദിഗ്ധാവസ്​ഥകളും അധികാരത്തിന്റെ ക്രൂരമായ പീഡനങ്ങളുടെ ചരിത്രവും പശ്ചാത്തലവുമാകുന്ന, രാവണൻകോട്ടപോലെ നിർമ്മിച്ചെടുത്ത ചരിത്രസ്​മാരകം കൂടിയായ പുരാതന കെട്ടിടം ഒടുവിൽ അഭയാർത്ഥികൾക്കുള്ള സെൽ കൂടിയായി മാറുന്നു. വിഭജനത്തോളം ആഴമുള്ളതാണ് പൗരത്വനിയമവും അതിലൂടെ അനാഥമാക്കപ്പെടുന്ന ജീവിതങ്ങളും. ആനന്ദിന്റെ മരുഭൂമികൾ ഉണ്ടാവുന്നത് എന്ന നോവലിന്റെ ഗരിമ അവസാനത്തെ സന്ദർശക എന്ന കഥയ്ക്കുമുണ്ട്. പടിഞ്ഞാറൻ പാക്, കിഴക്കൻ പാക് (പാക്കിസ്​ഥാൻ, ബംഗ്ലാദേശ്) വിഭജനങ്ങളുടെ രൂക്ഷതയും ചോരയും ഇറച്ചിയും ചിതറിയ മാംസം കരിയുന്ന ഗന്ധവും ഒന്നുകൂടി ഇക്കഥ അനുഭവിപ്പിക്കുന്നുണ്ട്. ഒപ്പം പൗരത്വ നിയമത്തിന്റെ പുതിയകാല സന്ദിഗ്ധതകളും ഭീതിദമായ വർത്തമാനകാല അന്തരീക്ഷവും പശ്ചാത്തലമായി കലാപ തുല്യമായ ഭൂതകാലവും ഭാവികാലവും –എന്നും അധികാരത്തിന്റെ പീഡനകേന്ദ്രമായ കെട്ടിടം– സർഗ്ഗാത്മകത മുഴുവൻ ചോർത്തിക്കളയുന്ന ചരിത്രപശ്ചാത്തലമായി നിലകൊള്ളുന്നു.

ഋത്വിക് ഘട്ടക്
ഋത്വിക് ഘട്ടക്

ഉർദു എന്ന മഹത്തായ സംഗീതവും സാഹിത്യവും തുളുമ്പുന്ന പാൻ ഇന്ത്യൻ ഭാഷയെ പാക് ഭാഷയാക്കി മാറ്റി, ഹിന്ദിയെ പകരം വെച്ച് നിഷ്കാസനം ചെയ്ത യാഥാർത്ഥ്യങ്ങൾ പോലും ഇക്കഥയിൽ അനാവരണം ചെയ്യപ്പെടുന്നുണ്ട്. വിഭജനത്തിന്റെ ഭീകരത എങ്ങനെ സർഗ്ഗാത്മകതയുടെ മരണമണിയായി എന്ന് ഇക്കഥ വിശദമാക്കുന്നു. ഋത്വിക് ഘട്ടക്കിന്റെ സുബർണ്ണരേഖ എന്ന സിനിമ പോലെ ആഘാതമൂല്യമുള്ള എഴുത്തായി അവസാനത്തെ സന്ദർശകയും മാറുന്നു. എന്നും കുടിയേറ്റക്കാരും അഭയാർത്ഥികളും മാത്രമായി മാറിയ, പ്രകൃതിയുടെ മാറ്റങ്ങളിലൂടെയും മനുഷ്യന്റെ എണ്ണിയാലൊടുങ്ങാത്ത ക്രൂരതകളിലൂടെയും കടന്നുപോകുന്ന മനുഷ്യന്റെ സന്ദിഗ്ധതകൾ– കാലുകളിൽ എന്നും കനത്ത ചങ്ങലയുമായി ചലനം പോലും അസാധ്യമായി ജീവിക്കേണ്ടി വരുന്ന മനുഷ്യരുടെ അവസ്​ഥ –കഴുമഴുവിൽ തുടങ്ങി, ഗില്ലറ്റിനുകളിലും ഗ്യാസ്​ ചേമ്പറുകളിലും കുടുക്കപ്പെട്ട മനുഷ്യരുടെ വേദനകൾ മുഴുവനും ഒരു നിലവിളി പോലെ, ഇക്കഥയിൽ അടക്കം ചെയ്തിട്ടുണ്ട്. ഒപ്പം ഹിംസയുടെ, മദ്യം പോലെയും, കാമം പോലെയും, അധികാരം പോലെയുമുള്ള ലഹരിയുടെ തുറന്നുകാട്ടലിന്റെ മാനിഫെസ്റ്റോയുമായി ഇക്കഥ മാറുന്നു.

തന്റെ സമകാലിക ലോകത്ത് പലതരത്തിൽ നടക്കുന്ന അനീതിക്കെതിരെ ശബ്ദമുയർത്തണമെന്ന എഴുത്തുകാരന്റെതന്നെ ആഗ്രഹമാണ് ഉഗ്രപ്രതികരണശേഷിയുളള യേശുവിനെ കണ്ടെത്തുന്നതും ആ വ്യക്തിത്വം ഫ്രാൻസിസ്​ പാപ്പയിൽ ആരോപിക്കുന്നതും.

ചാട്ടവാറുമായി എത്തുന്ന ഫ്രാൻസിസ്​ പാപ്പ

ഫ്രാൻസിസ്​ പാപ്പയുടെ കണ്ണട എന്ന കഥ ലോകമെങ്ങും നടക്കുന്ന തിന്മകളെ നേരിടാൻ ഇറങ്ങുന്ന യേശുവിന്റെ പ്രതിപുരുഷനായ പാപ്പയെയാണ് കാണുന്നത്.എങ്ങു മനുഷ്യനു ചങ്ങല കൈകളി– ലങ്ങെൻ കയ്യുകൾ നൊന്തിടുകയാ– ണെന്നോ മർദ്ദനമവിടെ പ്രഹരം– വീഴുവതെന്റെ പുറത്താകുന്നു. എന്നെഴുന്നേൽക്കാൻ പിടയും മാനുഷ– ​​​​​​​നവിടെ ജീവിച്ചിടുന്നു ഞാൻ.
എന്ന് എൻ.വി. കൃഷ്ണവാര്യർ ആഫ്രിക്ക എന്ന കവിതയിൽ എഴുതിയതുപോലെ മർദ്ദിതന്റെ കൂടെ നിൽക്കാൻ ഓരോ സന്ദർഭത്തിലും പല ദേശങ്ങളിൽ പല സമയങ്ങളിലായി ഫ്രാൻസിസ്​ പാപ്പ എത്തുന്നു.

എൻ.വി. കൃഷ്ണവാരിയർ
എൻ.വി. കൃഷ്ണവാരിയർ

ദേവാലയത്തിൽ നിന്ന് പലിശക്കാരെയും ചൂഷകരേയും ചാട്ടവാറുകൊണ്ട് അടിച്ചിറക്കിയ ഉഗ്രനായ യേശുവിന്റെ തന്നെ പ്രതിരൂപമായി പാപ്പ മാറുന്നു. തന്റെ സമകാലിക ലോകത്ത് പലതരത്തിൽ നടക്കുന്ന അനീതിക്കെതിരെ ശബ്ദമുയർത്തണമെന്ന എഴുത്തുകാരന്റെതന്നെ ആഗ്രഹമാണ് ഇങ്ങനെ ഉഗ്രപ്രതികരണശേഷിയുളള യേശുവിനെ കണ്ടെത്തുന്നതും ആ വ്യക്തിത്വം ഫ്രാൻസിസ്​ പാപ്പയിൽ ആരോപിക്കുന്നതും. ഈ ലോകത്തെ പതിവുരീതിയിൽ നിന്നും ഭിന്നമായ തെളിച്ചത്തോടെ കാണാൻ, പുതിയ കണ്ണടച്ചില്ലുകൾ വാങ്ങുന്ന പാപ്പ മുന്നോട്ടുവെക്കുന്നത് ഇരയുടെ കൂടെ നിൽക്കുന്ന വിമോചനാത്മകമായ ഒരു ദൈവശാസ്​ത്രത്തെതന്നെയാണ്. മർദ്ദകരെ നേരിടുന്ന ഉഗ്രശാന്തനായ പാപ്പ, അഭയാർത്ഥികളുടെ ദുരന്തങ്ങളിൽ വേദനിക്കുകയും റോമിൽ നിന്നും ഒരു മിന്നൽപോലെ അമ്മാടം ഇടവകയിലെ ഫാദർ തോമസ്​ ജേക്കബിന്റെ നിലവിളി ചാട്ടൂളിയായി പതിയുമ്പോൾ, അവിടെ എത്തുകയും ചെയ്യുന്നു. ഫാദർ തോമസ്​ ജേക്കബിനെ രക്ഷിക്കാൻ ക്വട്ടേഷൻ സംഘത്തെ പാപ്പ നേരിടുമ്പോൾ ക്രിസ്തീയസഭയുടെ ജീർണ്ണത മുഴുവൻ തെളിഞ്ഞുവരുന്നുണ്ട്.

പണത്തിന്റെയും സവർണതയുടെയും കീഴ്ജാതിക്കാരായ പരിവർത്തിത ക്രൈസ്​തവർ നേരിടുന്ന ജാതീയമായ ഉച്ചനീച്ചത്വവും സുഖഭോഗാസക്തികളും ക്രിമിനൽവൽക്കരണവുമെല്ലാം അടങ്ങുന്ന സഭയുടെ അധോലോകം അവിടെ തെളിഞ്ഞു വരുന്നു. എൻ.എസ്​. മാധവന്റെ ഹിഗ്വിറ്റ എന്ന കഥയിലെ അച്ചനെപ്പോലെ പാപ്പയും അനീതിയെ നേരിടുന്നവനാകുന്നു. സഭയിലെ സവർണതയ്ക്കെതിരെ നിലകൊള്ളുന്ന അച്ചൻ ആശാന്റെ ദുരവസ്ഥയിലെ ‘നെല്ലിൻ ചുവട്ടിൽ മുളയ്ക്കും കാട്ടു–/ പൂല്ലല്ല സാധു പുലയൻ’ എന്ന വരികൾ പാടുകയും ചെയ്യുന്നു. ബ്രാഹ്മണിക്കൽ ക്രിസ്​തീയതയെ ഇങ്ങനെ അദ്ദേഹം പലപ്രകാരത്തിൽ നിരസിക്കുകയും അവശതയനുഭവിക്കുന്ന മനുഷ്യരോടൊപ്പം, ദലിതനായ പരിവർത്തന ക്രിസ്​ത്യാനി അനുഭവിക്കുന്ന വിവേചനങ്ങളോടൊപ്പം അദ്ദേഹം നിലകൊള്ളുകയും ചെയ്യുന്നു. സുഖാസക്തികളിൽ മുഴുകുന്ന തീറ്റിപ്രിയനായ ഭോഗാസക്തനായ അച്ചന്മാരിൽ നിന്നും ഭിന്നനായി സാധുക്കൾക്കൊപ്പം നിന്നതിന് പടിയിറക്കിവിട്ട അച്ചനോടൊപ്പം പാപ്പ നിൽക്കുകയും ഒരു അതിയാഥാർത്ഥ്യത്തിലൂടെ, സഭയുടെ അവസ്ഥകൾ തുറന്നുകാട്ടുകയും ചെയ്യുന്നു. അൽത്താരയിലെ യേശു കുരിശിൽ നിന്നും രക്തം കിനിയുന്ന ശരീരവുമായി ആർഭാടത്തിന്റെ അന്തരീക്ഷത്തിൽ എനിക്ക് വീർപ്പുമുട്ടുന്നു. ദരിദ്രർ പാർക്കുന്ന ചേരികളിൽ എന്നെ അന്വേഷിച്ചാൽ മതി എന്ന് മൃതമായ അർമേയിക്ക് ഭാഷയിൽ എഴുതിവെച്ച് ബ്യൂണേഴ്സിലെ ഫ്ളോറിഡേ തെരുവിൽ മാറ്റി നിർത്തപ്പെട്ടവരുടെ ഇടയിൽ പ്രവർത്തിക്കുകയാണ്.

മദർ തെരേസ
മദർ തെരേസ

സ്വാഭാവികമായും മദർ തെരേസയെ ഈ പാപ്പയിൽ അനായാസേന നമുക്ക് ആരോപിക്കാം. ഇപ്പോഴുള്ള ഫ്രാൻസിസ്​ മാർപ്പാപ്പയുടെ (ഹോസെ മരിയോ ബെർഗോളിയോ) ചെറുമാതൃകയും ഈ പാപ്പയിൽ കണ്ടെത്താം. അതിനപ്പുറത്ത്, ഈ ലോകത്തിന്റെ ദുരന്തങ്ങളിൽ, ദുരിതങ്ങളിൽ, മനുഷ്യനനുഭവിക്കുന്ന വേദനകളിൽ ജീവിക്കുകയും ഹിംസാലുക്കളെ പരിവർത്തിപ്പിച്ചെടുത്ത് മനുഷ്യരാക്കിത്തീർക്കുകയും ചെയ്യുക എന്ന ആഖ്യാതാവിന്റെ വ്യാമോഹം തന്നെയാണ് ഈ കഥയും കഥയിലെ ഫ്രാൻസിസ്​ പാപ്പയും തോമസ്​ ജേക്കബ് അച്ചനുമെല്ലാം എന്നതാണ് യാഥാർത്ഥ്യം.

ലൈംഗികത്തൊഴിലാളിയടക്കമുള്ള മാറ്റിനിർത്തപ്പെട്ടവരോടൊപ്പം ചേരുന്ന, പാപ്പയുടെ സ്വത്വത്തെ ആഖ്യാതാവിന്റെ രൂപത്തിൽ രണ്ടുതിരകൾക്കിടയിലെ ജീവിതം എന്ന കഥയിൽ കാണാം. ജീവിതത്തിന്റെ ദുരന്തം ലൈംഗികത്തൊഴിലാളിയാക്കി മാറ്റിയ ഒരു സ്​ത്രീയുടെ ദുരന്തവും മറ്റുളളവർക്കായി ജീവിക്കാൻ അവർ നടത്തുന്ന സഹനങ്ങളുമെല്ലാം ഇക്കഥയിലുണ്ട്. പതിവുമാതൃകകളെ ലംഘിച്ചുകൊണ്ട് ഏകാന്തതയുടെ തുരുത്ത്, എതിർലിംഗത്തോടുള്ള ആകർഷകമായിത്തീരുന്നതും മറ്റൊരു ജീവിതത്തിന്റെ ഓർമ്മകളെ വീണ്ടെടുക്കാൻ, പുനഃസൃഷ്​ടിക്കാൻ ശ്രമിക്കുന്നതും രണ്ടുതിരകൾക്കിടയിലെ ജീവിതത്തിലുണ്ട്. ഏകാന്തതയിലാണ്, ലൈംഗിക തൃഷ്ണകൾ പൊതുവെ രൂപപ്പെടുന്നത്. ഇവിടെ ലൈംഗിക തൃഷ്ണയെക്കാൾ ഏകാന്തതയെ മറികടക്കാനുള്ള കൂട്ടായാണ് എതിർലിംഗത്തിന്റെ സാമിപ്യത്തെ ഉപയോഗപ്പെടുത്തുന്നത്. കുടുംബബന്ധങ്ങളുടെ ശൈഥില്യം സ്വഭാവരൂപീകരണം തുടങ്ങിയ ഘടകങ്ങളും ആഖ്യാനത്തിന്റെ പരിധിയിലേക്ക് കടന്നുവരുന്നുണ്ട്.

നാലു യുവാക്കളെ തണ്ടർബോർട്ട് വെടിവെച്ചുകൊന്നു. മൂന്നുനാൾ മുമ്പാണ്. പള്ളിയിലെ കുശിനിക്കാരൻ ആന്ത്രായോസ്സിനെ സാറിനറിയില്ലേ? അയാളുടെ ഇളയവൻ സെബാസ്റ്റ്യനോസ്, കൊല്ലപ്പെട്ട നാലുപേരിൽ ഒരാൾ അവനാകുന്നു. അവൻ നഗരത്തിലെ കോളേജിൽ പഠിക്കുകയായിരുന്നു.

മമ്മ ഉറങ്ങുകയാണ് പുതിയ സമാഹാരത്തിലെ ഏറ്റവും മികച്ച കഥകളിലൊന്നാണെന്ന് നിസ്സംശയം പറയാം. ഒന്നും തന്നെ തുറന്നുപറയുന്നില്ല എന്ന പ്രത്യേകത ഈ കഥയ്ക്കുണ്ട്. വായനക്കാരന്റെ സൂക്ഷ്മമായ പങ്കാളിത്തം മമ്മ ഉറങ്ങുകയാണ് ആവശ്യപ്പെടുന്നുണ്ട്. കോമസ്റ്റേജിൽ കിടക്കുന്നതോ/ മരിച്ചതിനെത്തുടർന്ന് എംബാം ചെയ്ത് സൂക്ഷിക്കുന്നതോ ആയ ഒരമ്മയും അവരുടെ മകളുമാണ് ഇക്കഥയിൽ പ്രധാന കഥാപാത്രങ്ങളായി വരുന്നത്. സമ്പന്നതയിൽ ജീവിക്കുന്ന കുട്ടിയുടെ ഭാവനാലോകമാണ് ഇക്കഥയുടെ പ്രധാനപ്പെട്ട ഒരടര്. ഒപ്പംതന്നെ പുറംലോകത്തിന്റെ രാഷ്ട്രീയം സൂക്ഷ്മമായ വായനക്ക് മാത്രം പിടിതരുന്നവിധത്തിൽ അതിസമർത്ഥമായി കഥയിൽ ലയിച്ചുനിൽക്കുന്നുണ്ട്. കുട്ടി അനുഭവിക്കുന്ന യാഥാർത്ഥ്യമാണ് അമ്മയുടെ നിശ്ചലമായ ശരീരം. അതേസമയം അവൾ കുട്ടികൾക്ക് മാത്രം സാധ്യമാകുന്ന വിധത്തിൽ ഭാവനയുടെ ലോകത്ത് അഭിരമിച്ച് ജീവിക്കുന്നുമുണ്ട്. ഭാവനാസമ്പന്നയായ കുട്ടി കഥകളുടെ ഒരു ഭ്രമാത്മകലോകം തന്നെ ഇങ്ങനെ അവളോടൊപ്പം കഥയിൽ രൂപപ്പെടുന്നുണ്ട്. ചുറ്റുമുള്ള പ്രകൃതിയെ കടലാസിൽ പകർത്തുന്ന റോസ്സിന്റെ ഭാവനാത്മകമായ ലോകം അവതരിപ്പിച്ചു തുടങ്ങുന്ന കഥ, അവളുടെ വസ്​ത്രങ്ങളിൽ നിന്ന് ഉറക്കമുണർന്നു പാറിപ്പറക്കുന്ന പൂമ്പാറ്റകളായും മേശമേലും ഹാളിന്റെ തറയിലും ഒഴുകുന്ന മേഘങ്ങളായും മാത്രമല്ല, കൊടും വെയിൽ താങ്ങാനാവാതെ തണൽ തേടി കാട്ടിലേക്ക് പോകുന്ന മരങ്ങളായും അവളുടെ ഭാവനയെ വികസിപ്പിക്കുന്നുണ്ട്. ശീതീകരിച്ച മുറിയിൽ കിടക്കുന്ന മമ്മ കോമ സ്റ്റേജിലാണോ അതോ മരിച്ചതിനെത്തുടർന്ന് എംബാം ചെയ്ത് സൂക്ഷിക്കുന്ന അവസ്ഥയിലാണോ എന്ന് വായനക്കാരന് സംശയിക്കേണ്ടിവരുന്നുണ്ട്. ബിസിനസ്സുകാരനും അതിസമ്പന്നനുമായ പപ്പയുടെയും വേലക്കാരുടെയും ലോകത്ത് മമ്മയുടെ കിടപ്പിനെയും വേലക്കാരിയായ മറിയയേയും അവൾ ഭാവനാവൽക്കരിക്കുന്നുണ്ട്. മഞ്ഞിന്റെ മടക്കുകളിൽ ധ്രുവകരടിയുണ്ട് എന്ന പപ്പയുടെ വിവരണം അവളിലെ ഭാവനാത്മകതയെ ഉണർത്തിയിട്ടേയുള്ളൂ. താറാവുകറിയുടെ ഗന്ധവുമായി ഉമ്മവെക്കാനെത്തുന്ന പള്ളിയിലച്ചനിൽ ഒരു പിഡോഫിലിയക്കാരന്റെ സ്വഭാവം ആരോപിതമായിട്ടുണ്ട്.

ഗബ്രിയേൽ ഗർസിയ മാർക്വേസ്
ഗബ്രിയേൽ ഗർസിയ മാർക്വേസ്

വേലക്കാരിക്ക് പുറമെ അവിടെയുള്ള പൂന്തോട്ടക്കാരനായ മുൻ പട്ടാളക്കാരൻ റൊസാരിയോയാണ് ഈ കഥയിലെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന കഥാപാത്രം. ഒട്ടേറെ ദുരൂഹതകൾ റൊസാരിയോവിൽ ആരോപിതമായിട്ടുണ്ട്. മാർക്വേസിന്റെ ആരും കേണലിനെഴുതുന്നില്ല എന്ന നോവല്ലയിലെ കേണലിന്റെ പേര് ചൊല്ലി വിളിക്കപ്പെടുകയും ആരും കത്തയക്കാറില്ലേ, നിങ്ങളുടെ ആ കത്ത് ഇന്നും വന്നിട്ടില്ല, എന്നിങ്ങനെയുള്ള സംഭാഷണങ്ങളിലൂടെ ആരും കേണലിന് എഴുതുന്നില്ല എന്ന നോവല്ലയെ ഓർമ്മപ്പെടുത്തുന്നുണ്ട്, പഴകിയ തോക്കിന്റെ സൂക്ഷിപ്പുകാരൻ കൂടിയായ റൊസാരിയോയുടെ പശ്ചാത്തലം. റൊസാരിയോയ്ക്ക് ഭാര്യയും ഒരു മകളും ഉണ്ടെന്നും അവർക്കെന്ത് സംഭവിച്ചെന്നറിയില്ലെന്നും വേലക്കാരി ലില്ലി റോസിനോട് പറയുന്നുണ്ട്. പുറംലോക വിവരങ്ങളുമായി നിറഞ്ഞുനിൽക്കുന്ന, എന്നാൽ വീടുവിട്ടിറങ്ങാത്ത റൊസാരിയോ പുറത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും അറിയുന്നുണ്ട്. സാർ, മരണം നടന്നത് മലഞ്ചെരിവിലല്ല.... ചെരിവുകൾ അവസാനിക്കുന്ന കാട്ടിലാണ്. നാലു യുവാക്കളെ തണ്ടർബോർട്ട് വെടിവെച്ചുകൊന്നു. മൂന്നുനാൾ മുമ്പാണ്. പള്ളിയിലെ കുശിനിക്കാരൻ ആന്ത്രായോസ്സിനെ സാറിനറിയില്ലേ? അയാളുടെ ഇളയവൻ സെബാസ്റ്റ്യനോസ്, കൊല്ലപ്പെട്ട നാലുപേരിൽ ഒരാൾ അവനാകുന്നു. അവൻ നഗരത്തിലെ കോളേജിൽ പഠിക്കുകയായിരുന്നു. എന്നിങ്ങനെ ഭരണകൂടത്താൽ കൊലചെയ്യപ്പെട്ടവനോട് ഏറെ അനുതാപത്തോടെ, സംസാരിക്കുന്ന റൊസാരിയോയുടെ പശ്ചാത്തലത്തിൽ അണ്ടർഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ഏതോ, വിപ്ലവസംഘടനയുണ്ടെന്നത് വ്യകതമാണ്.

മലയാള സാഹിത്യത്തിലെ പ്രധാന നാഴികക്കല്ലായ ഒരു കഥ കൂടിയായി മമ്മ ഉറങ്ങുകയാണ് മാറുന്നു. ഒരു കുട്ടിയുടെ ഭാവനാലോകത്തോടൊപ്പം അവളനുഭവിക്കുന്ന യാഥാർത്ഥ്യങ്ങളും അതിനുപുറത്തു നിൽക്കുന്ന രാഷ്ട്രീയവും സാമൂഹ്യവുമായ യാഥാർത്ഥ്യങ്ങളെക്കൂടി അനുഭവിപ്പിക്കുകയാണ് ഇക്കഥ.

പിന്നെങ്ങനെയവൻ കാട്ടിലെത്തി കേണൽ? റൊസാരിയോച്ചേട്ടൻ നിശ്ശബ്ദയിൽ തലപൂഴ്ത്തി. അപ്പ വായുവിനോട് അലറി ബ്ലഡി, ബാസ്റ്റാർഡ്. ഇങ്ങനെ രണ്ട് ലോകങ്ങൾ കഥ നമുക്ക് തുറന്നുതരുന്നു. മുൻപട്ടാളക്കാരനായിട്ടും വിപ്ലവാത്മക ജീവിതത്തോടാഭിമുഖ്യം കാട്ടുന്ന പൂന്തോട്ടക്കാരനും ഇത്തരം സംഭവങ്ങൾ അലോസരമായി കരുതുന്ന അതിസമ്പന്നന്റെയും ലോകങ്ങൾ വളരെ സൂക്ഷ്മമായി കഥയിൽ ആവിഷ്കരിച്ചിട്ടുണ്ട്. വീട്ടുവളപ്പ് വിട്ട് മരങ്ങൾ കാട്ടിലേക്ക് പോകുന്നതുപോലെ ഭരണകൂടവും വ്യവസ്ഥയും ജീവിതത്തിനുമേൽ പിടിമുറുക്കുമ്പോൾ അവർ കാട്ടിൽ, ഒളിത്താവളങ്ങളിൽ അഭയം തേടുന്നതിനെ മരങ്ങളുടെ ഈ സഞ്ചാരം പ്രത്യക്ഷീകരിക്കുന്നുണ്ട്. തണ്ടർബോൾട്ട് മനുഷ്യരെ വെടിവെച്ചില്ലാതാക്കുന്നതുപോലെ തന്നെയാണ് കഥയിൽ മരങ്ങളുടെ ചില്ലകൾ വെട്ടിക്കളയുന്നതും. രണ്ടു പ്രക്രിയയും അധികാരകേന്ദ്രങ്ങൾ,തങ്ങളുടെ ഇഷ്​ടങ്ങൾ അതിലംഘിക്കുന്നവയെ ഒരേപോലെ നിലയ്ക്കുനിർത്തുന്നതുതന്നെയാണ്. സിൻഡ്രെല്ലയുടെ കഥയിലെന്നപോലെ അുതപ്പെടുത്തുന്ന ആഖ്യാനപാടവം ഈ കഥയിലും കാണാം. കുട്ടിയുടെ ഭാവനാലോകം, അതോടൊപ്പം അധികാരം പല പ്രകാരത്തിൽ പിടിമുറുക്കുന്ന കുടുംബ – സാമൂഹ്യലോകത്തെയും അതിനെതിരെയുള്ള ചെറുത്തുനിൽപ്പുകളുമെല്ലാംതന്നെ കഥയിൽ അസാമാന്യമായ ആഖ്യാനപാടവത്തോടെ ഉൾച്ചേർന്നിരിക്കുന്നു. ഇങ്ങനെ മലയാള സാഹിത്യത്തിലെ പ്രധാന നാഴികക്കല്ലായ ഒരു കഥ കൂടിയായി മമ്മ ഉറങ്ങുകയാണ് മാറുന്നു. ഒരു കുട്ടിയുടെ ഭാവനാലോകത്തോടൊപ്പം അവളനുഭവിക്കുന്ന യാഥാർത്ഥ്യങ്ങളും അതിനുപുറത്തു നിൽക്കുന്ന രാഷ്ട്രീയവും സാമൂഹ്യവുമായ യാഥാർത്ഥ്യങ്ങളെക്കൂടി അനുഭവിപ്പിക്കുകയാണ് ഇക്കഥ.

ഹിറ്റ്​ലറുടെ നഷ്​ടപ്പെട്ട കോമ്പല്ല്

ലഹരിയുടെ പിടിയിൽപ്പെട്ട വ്യക്തിയുടെ അന്തഃസംഘർഷങ്ങളുടെ ആഖ്യാനമാണ് ഗുഹാജീവിതം എന്ന കഥ. രണ്ടു തിരകൾക്കിടയിലെ ജീവിതം എന്ന കഥയിലെന്ന പോലെ കുടുംബജീവിതത്തിന്റെ ദുരന്തത്തെയും ബന്ധങ്ങളിലെ വിള്ളലുമെല്ലാം കൊണ്ടുചെന്നെത്തിക്കുന്ന ജീവിതത്തിന്റെ ഇരുണ്ട മുഖത്തെ ഇക്കഥയിൽ ആഖ്യാനവിഷയമാക്കിയിരിക്കുന്നു. ജാരസന്തതിയായി ജനിച്ച് അതിന്റെ ദുരന്തങ്ങൾ പേറിയ, ഏകാകിയായ ഒരു മനുഷ്യൻ സർവ്വീസിൽ പ്രവേശിച്ച് അഴിമതിയുടേയും സുഖാസകതിജീവിതത്തിന്റെയും ലോകത്തു കടന്നപ്പോൾ നഷ്​ടപ്പെട്ട ലൈംഗിക ജീവിതവും അതുണ്ടാക്കിയ കുടുംബജീവിതത്തിന്റെ തകർച്ചയുമെല്ലാമടങ്ങുന്ന ജീവിതത്തിന്റെ അധോമുഖം ഇക്കഥയിൽ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.

ഇതിൽ നിന്നെല്ലാം വ്യത്യസ്​തവും പുതിയ സമാഹാരത്തിലെ മികച്ച കഥകളിലൊന്നുമാണ് ബർട്രൻറ്​ റസ്സൽ അരിസ്റ്റോട്ടിലിനോട് ചോദിച്ചത് . ഇന്ത്യൻ ഫാസിസത്തെ അതിന്റെ വേരുകളോടെ തുറന്നുകാട്ടുന്നു ഇക്കഥ. ഹിറ്റ്​ലറുടെ നഷ്​ടപ്പെട്ട കോമ്പല്ല് അന്വേഷിക്കുന്ന പുരാവസ്തുശേഖകനോട് സ്വന്തം വായിൽ തപ്പിനോക്കാൻ പറയുന്ന പ്രാെഫസർ, ഫാസിസം ഓരോ മനുഷ്യരിലും ഉൾച്ചേർന്നിട്ടുണ്ട് എന്ന് വെളിപ്പെടുത്തുന്നു. ഹിറ്റ്​ലറുടെ റഷ്യയിൽ നിന്ന്​ നഷ്​ടപ്പെട്ട കോമ്പല്ല് നാം ഓരോരുത്തരിലുമുണ്ട് എന്ന് ഇക്കഥ വിനിമയം ചെയ്യുന്നു.

അഡോൾഫ് ഹിറ്റ്​ലർ
അഡോൾഫ് ഹിറ്റ്​ലർ

വംശശുദ്ധികരണമെന്ന ഹിറ്റ്​ലറുടെ സിദ്ധാന്തമേറ്റെടുത്ത്​ നടപ്പിലാക്കിയ ഗുജറാത്തിലെ വംശഹത്യ മുതൽ വ്യാപകമായിത്തന്നെ ഹിറ്റ്​ലറിസത്തിന്റെ വക്താക്കളായിത്തീർന്ന ഹൈന്ദവികതയുടെ പ്രത്യയശാസ്​ത്രം വഹിക്കുന്ന ഇന്ത്യൻ ഫാസിസത്തെ ശകതമായി, അതിസൂക്ഷ്മമായി അരവിന്ദാക്ഷന് അവതരിപ്പിക്കാൻ കഴിയുന്നുണ്ട്. ഫാസിസം, ദേശീയത, ചരിത്രം ഇവയെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ മാത്രമല്ല, ചരിത്രം നിർമിക്കപ്പെടുകയാണ് ഫാസിസത്തിന്റെ കാലത്ത് എന്ന കൃത്യമായ നിലപാട് ഈ കഥ മുന്നോട്ടുവെക്കുന്നുണ്ട്. ഫാസിസ്റ്റ് കാല ഇന്ത്യയിലെ പല യാഥാർത്ഥ്യങ്ങളും ഇക്കഥ വിനിമയം ചെയ്യുന്നുണ്ട്. സസ്യഭുക്കായ ഹിറ്റ്​ലറിന്റെ കോമ്പല്ലാണ് വാസ്​തവത്തിൽ എന്തു കഴിക്കുന്നു എന്നന്വേഷിച്ച്​ ബീഫും മറ്റ് മാംസങ്ങളും കഴിക്കുന്നവരെ നേരിട്ടത്. തങ്ങൾ ശീലിച്ച ഭക്ഷണം കഴിക്കാനുള്ള ജനതയുടെ സ്വാതന്ത്ര്യത്തെത്തന്നെ ചോദ്യം ചെയ്യുന്ന സമീപനം ഫാസിസ്റ്റ് ഇന്ത്യ നേരിടുകയുണ്ടായി. ഭക്ഷണം കഴിച്ചോ എന്നല്ല എന്തു കഴിച്ചു എന്ന ചോദ്യം തന്നെ ശുദ്ധസസ്യാഹാരത്തെ (പ്യൂവർ വെജിറ്റേറിയനിസത്തെ) മുൻനിർത്തിയുള്ള വംശഹത്യയുടെ മുന്നോടിയാണ്. മൊത്തത്തിൽ ബ്രാഹ്മണിക്കൽ രീതികളെ വിശുദ്ധമായി പ്രഖ്യാപിച്ചും പ്രതിഷ്ഠിച്ചുകൊണ്ടുംതന്നെയാണ് ഇന്ത്യൻ ഫാസിസം വേരുകളാഴ്ത്തി മുന്നോട്ടുപോകുന്നത്. ഈ കഥയിലെ പുരാവസ്​തു ഏജന്റിനെപ്പോലെതന്നെ പ്രാകൃതമായ പുരാതന ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നതാണല്ലോ, ഇന്ത്യൻ ഫാസിസത്തിന്റെയും രീതി. ഹിറ്റ്​ലറുടെ വായനാറ്റം പോലെ അഴുകിയതാണ് അതും. ഇന്ത്യൻ ഫാസിസത്തെ തുറന്നുകാട്ടുന്ന, സൂക്ഷ്മമായി ആഖ്യാനം ചെയ്ത കഥയാണ് ബർടന്റ് റസ്സൽ അരിസ്റ്റോട്ടിലിനോട് പറഞ്ഞത്.

ഫാസിസത്തിന്റെ ജീർണത പൊതുസമൂഹം തിരിച്ചറിഞ്ഞാൽപ്പോലും അത് സ്വയമായോ അതിനെ പിന്തുണക്കുന്നവരോ തിരിച്ചറിയില്ല എന്ന ദൃഷ്​ടാന്തം ഹിറ്റ്​ലറുടെ വായ്നാറ്റം, ഹിറ്റ്​ലർക്കും ഈവ ബ്രൗണിനും മാത്രം തിരിച്ചറിയാൻ കഴിഞ്ഞില്ല എന്ന വസ്​തുതയിൽ കാണാം.

ചരിത്രത്തെ ഉപജീവിച്ച് അന്നം കഴിക്കുന്ന രണ്ടുപേർ –രണ്ടുപേർ എന്നത് രണ്ട് സമൂഹംതന്നെയാണ്– ചരിത്രത്തെ സമീപിക്കുന്ന രീതിഭേദങ്ങളാണ് ഇക്കഥയുടെ അടിസ്​ഥാനം. യൂനിവേഴ്സിറ്റി പ്രാെഫസർ– നിർഭയം സ്വാതന്ത്ര്യത്തിലേക്ക് സഞ്ചരിക്കേണ്ടുന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ, ജർമ്മനിയിൽ നിന്നു റഷ്യയിലെത്തിയ ഫാസിസ്റ്റിന്റെ കോമ്പല്ല് കണ്ടെത്തി വ്യാപാരം നടത്തുകയാണ് പുരാവസ്​തുക്കളുടെ ഇടനിലക്കാരൻ (ആന്റിക്യൂ ഏജൻറ്​) ചെയ്യുന്നത്. രണ്ടുതരം ഇന്ത്യയെ രണ്ടുപേരും പ്രതിനിധീകരിക്കുന്നുണ്ട് എന്നർത്ഥം. അവിടെയാണ് ഫാസിസത്തിന്റെ വേര് ഓരോരുത്തരും അവനവനിൽത്തന്നെ തിരയണമെന്ന് പ്രാെഫസർക്ക് ബർടൻറ്​ റസ്സൽ അരിസ്റ്റോട്ടിലിനോട് ചോദിച്ചതിനെ ഉദ്ധരിച്ച് പറയാൻ കഴിയുന്നത്. പ്രാചീനതയെ, രാഷ്ട്രീയ വളർച്ചയ്ക്കായി ഉപയോഗപ്പെടുത്തുന്ന ഫാസിസ്റ്റ് തന്ത്രങ്ങളും അതിനെ തുറന്നുകാട്ടാൻ ശ്രമിക്കുന്ന രാഷ്ട്രീയവും ഇങ്ങനെ രണ്ടു വ്യക്തികളുടെ ആഖ്യാനത്തിലൂടെയും സംഭാഷണങ്ങളിലൂടെയും ഉരുത്തിരിയുന്നു. ഫാസിസത്തിന്റെ ജീർണത പൊതുസമൂഹം തിരിച്ചറിഞ്ഞാൽപ്പോലും അത് സ്വയമായോ അതിനെ പിന്തുണക്കുന്നവരോ തിരിച്ചറിയില്ല എന്ന ദൃഷ്​ടാന്തം ഹിറ്റ്​ലറുടെ വായ്നാറ്റം, ഹിറ്റ്​ലർക്കും ഈവ ബ്രൗണിനും മാത്രം തിരിച്ചറിയാൻ കഴിഞ്ഞില്ല എന്ന വസ്​തുതയിൽ കാണാം. ബ്രഹ്മചര്യയിൽ അയവ് വരുത്തിയിരുന്നുവെങ്കിലും, വംശഹത്യയുടെ അടിസ്ഥാനമായ, അവിശുദ്ധരക്തത്തിൽ കുഞ്ഞുങ്ങളെ ജനിപ്പിക്കാതിരിക്കുക എന്ന അടിസ്​ഥാനം ഹിറ്റ്​ലർ കൃത്യമായി പാലിച്ചിരുന്നു. പിന്നീട് ജർമനിയിലെന്നപോലെ ഇന്ത്യൻ ഫാസിസത്തിന്റെയും പരീക്ഷണമായിത്തീർന്ന ഗുജറാത്തിലെ വംശഹത്യയുടെ മാതൃകകൾ ഉല്പാദിപ്പിച്ചത് ജൂതരെയും മറ്റും വംശഹത്യക്ക് ഹിറ്റ്​ലർ വിധേയമാക്കിയതുപോലെത്തന്നെയായിരുന്നു. ഇവിടെയാണ് ഇന്ത്യൻ ഫാസിസത്തിന്റെ കൂർത്തുമൂർത്ത ദ്രംഷ്​ടകളുടെ അടിവേര് ഹിറ്റ്​ലറിൽത്തന്നെയാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുക.

ഈ കഥ റിയലിസ്റ്റിക്ക് ആയി അനുഭവപ്പെടാമെങ്കിലും ഇതിലെ വസ്​തുതകളായി കൊണ്ടുവരുന്ന സംഗതികൾ ഭാവനാത്മകമാണ്. ഹിറ്റ്​ലറുടെ കോമ്പല്ല് റഷ്യയിലുണ്ടായിരുന്നുവെന്നതും അതു നഷ്​ടപ്പെട്ടുവെന്നതുമെന്നപോലെ ബി.സി രണ്ടാംനൂറ്റാണ്ടിൽ ജീവിച്ച അരിസ്റ്റോട്ടിലിന്റെ നിഗമനവും ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ച ബർടന്റ് റസ്സൽ അരിസ്റ്റോട്ടിലിനോട് ചോദിച്ച ചോദ്യവും വാസ്തവമാണെങ്കിലും അരിസ്റ്റോട്ടിലിലേക്ക് നേരിട്ട് റസ്സലിന്റെ ചോദ്യമെത്തുന്നില്ല എന്ന അതിയാഥാർത്ഥ്യത്തിന്റെ മൂശയിലാണ് ഇക്കഥ രൂപപ്പെടുത്തിയെടുത്തിട്ടുളളത്. അവിടെയാണ് പൗരാണിക ഭാരതീയ സംസ്​കാരത്തിന്റെ വ്യാപാരികളോട് സ്വേച്ഛാധിപത്യത്തിന്റെ ദ്രംഷ്ട്രകൾ സ്വന്തം വ്യകതിത്വത്തിൽ തിരയാൻ ആവശ്യപ്പെടുന്നത്.

വർഗീയ ലഹളയ്ക്കിരയായ ഒരു കുടുംബത്തിന്റെ തീവണ്ടിയാത്രയെ മുൻനിർത്തി വർത്തമാന കാല ഇന്ത്യയുടെ പരിച്ഛേദത്തെ ആഖ്യാനം ചെയ്യുകയാണ് കൊടുംവേനൽ എന്ന കഥ. തിന്മകൾ മാത്രമുള്ള മനുഷ്യരെയല്ല, മറുവശത്ത് നന്മകളുള്ളവരെയും ചിത്രീകരിക്കുന്നുണ്ട് ഇക്കഥ. പക്ഷേ, ആ നന്മകൾക്കൊന്നുംതന്നെ തടയാൻ കഴിയാത്ത വിധത്തിൽ ഭീബത്സമാണ് ചില സാഹചര്യങ്ങൾ. വർഗ്ഗീയ ലഹളയ്ക്കിരയായ ഭർത്താവിനെ കാണാൻ മൂന്നു മക്കളോടൊപ്പം പോകുന്ന യുവതിയെ റെയിൽവേ ടിക്കറ്റ് ഇൻസ്​പെക്ടറും റെയിൽവേ പോലീസുകാരനുമടക്കം സഹതാപത്തോടെയാണ് നോക്കിക്കാണുന്നത്. എന്നാൽ ചുറ്റും ഫാസിസത്തിന്റെ ശബ്ദം യുവാക്കളിലൂടെ ഹിന്ദുത്വയുടെ വേഷത്തിൽ മുഴങ്ങുന്നുണ്ട്. ക്രൂരമായ മുഖങ്ങളെ അവതരിപ്പിക്കുന്നതിനോടൊപ്പം സമകാലീന സന്ദർഭങ്ങളിൽ ഭയന്ന മുഖങ്ങളെയും കാരുണ്യത്തിന്റെ മുഖങ്ങളെയും അവതരിപ്പിക്കുന്നുണ്ട്. പോലീസുകാരൻതന്നെ വിഭജനത്തിന്റെ ഇരയായതിനാലാണ് ഇത്ര കാരുണ്യത്തോടെ, പെരുമാറുന്നത്. ഇന്ത്യയുടെ ദുരന്തം വിഭജനത്തിലാണ് വേരുകളാഴ്ത്തി നിൽക്കുന്നത്. അപരിഹാര്യമായ ഈ ദുരന്തം മുൻകൂട്ടി കണ്ടതുകൊണ്ടാണ് ഗാന്ധിജി ഇന്ത്യാ വിഭജനത്തെ ശക്തമായി എതിർത്തത്. മനുഷ്യർ എന്നതല്ല അതിനപ്പുറം വ്യവസ്ഥയാണ് പ്രശ്നം എന്നാണ് ഇക്കഥ ഈന്നുന്നത്. അധികാരവും അതിനെ നിർമ്മിച്ചെടുക്കുന്ന സമൂഹവും അങ്ങേയറ്റം ഫാസിസ്റ്റുവൽക്കരിക്കപ്പെടുമ്പോൾ ഏത് കരുണയേയും നിർദ്ദാക്ഷിണ്യം തിരസ്​ക്കരിക്കുന്ന ഒരു വ്യവസ്ഥ രൂപപ്പെട്ടുവരുമെന്ന് കഥയിൽ വിശദമാക്കപ്പെടുന്നുണ്ട്. ആ വ്യവസ്ഥ, ദയനീയരായിത്തീരുന്ന സാദാ പൗരന്മാരെ ഭീകരവാദികളായി മുദ്രകുത്തും എന്നും നമുക്ക് മനസ്സിലാക്കിയെടുക്കാം. നമ്മുടെ സാഹചര്യത്തിൽ, ഹിന്ദുത്വയിലൂടെ എങ്ങനെയാണ് ഇത്തരത്തിൽ ഫാസിസം കടന്നുവരുന്നതെന്ന് ഇക്കഥയിലെ തീവണ്ടിയാത്രയിൽ യുവതിയും മക്കളും അനുഭവിക്കുന്ന അപമാനവികരണത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. മരുഭൂമിയിലെ കാറ്റുകൾ എന്ന കഥയിലെന്നപോലെ സാധാരണക്കാരായ പൊതുസമൂഹം എങ്ങനെയൊക്കെ, വേട്ടയാടപ്പെടുന്നുവെന്ന് കൊടുംവേനൽ എന്ന കഥയും വിനിമയം ചെയ്യുന്നുണ്ട്. ഹിന്ദുത്വവർഗീയതയുടെയും അക്രമത്തിനിരയായ സാധാരണ മനുഷ്യനെ, തന്റെ ഭർത്താവിനെ വർഗീയവാദിയായി മുദ്രകുത്തി ജയിലേക്ക് കൊണ്ടുപോകുന്ന രംഗം, ഇന്ന് ഹിന്ദുത്വവർഗീയതയിൽ ജീവിക്കാനിഷ്ടപ്പെടാത്ത ഏത് മനുഷ്യനും നേരിടുന്ന പ്രതിസന്ധിയാണ്.

ബുദ്ധനും ഗാന്ധിയും

കൊടുംവേനൽ എന്ന കഥയിലെന്നപോലെ കരുണയും സ്​നേഹവുമൊക്കെ വ്യക്തികൾ പ്രകടിപ്പിക്കുന്നുവെങ്കിലും അഴുകിയ വ്യവസ്ഥ എങ്ങനെയാണ് സാധാരണമനുഷ്യരെ സന്ദിഗ്ധതകളിലാഴ്ത്തുന്നത് എന്ന് രണ്ട് ദൈവങ്ങൾ എന്ന കഥയും വിനിമയം ചെയ്യുന്നു. അപകടത്തിൽപ്പെട്ട മകളെക്കാണാൻ ആശുപത്രിയിലെത്തുന്ന യുവതി കെട്ടിടങ്ങളുടെയും നിലകളുടെയും രാവണൻ കോട്ടയിൽപ്പെട്ട് ഉഴറുകയാണ്. ആളുകൾ വഴി പറഞ്ഞുകൊടുത്തു സഹായിക്കുന്നുവെങ്കിലും അവർക്ക് അവിടെ എത്തിച്ചേരാൻ പറ്റുന്നില്ല. ആധുനികത സൃഷ്​ടിച്ച, അരക്ഷിതത്വത്തിന്റെ രാവണൻ കോട്ടകളെയല്ല ഇക്കഥയിൽ ആഖ്യാനം ചെയ്യുന്നത്. മറിച്ച് അതിനപ്പുറം, പൊതുസമൂഹത്തിൽ അരക്ഷിതത്വവും പ്രതിസന്ധികളും സന്ദിഗ്ധതയും സൃഷ്​ടിക്കുന്ന ആധുനിക വ്യവസ്ഥയുടെ, അധികാരകേന്ദ്രത്തിന്റെ പ്രതിരൂപമായി രണ്ട് ദൈവങ്ങൾ എന്ന കഥ മാറുന്നുണ്ട്. വ്യവസ്ഥയെയും അധികാരകേന്ദ്രത്തേയും താങ്ങിനിർത്താൻ ഉപയോഗപ്പെടുത്തുന്ന നിസ്സഹായരായ മനുഷ്യരുടെ ഗദ്ഗദം കൂടി ഇക്കഥയിലുണ്ട്. അമ്മേ, അമ്മയിവിടെ തങ്ങിയാൽ എനിക്ക് നഷ്​ടപ്പെടുക എന്റെ ശമ്പളം മാത്രമല്ല, ജീവിതമാവും...
എനിക്ക് നാല് പെൺമക്കളാ– എളേതിന് ഹാർട്ടിന്റെ വാൾവ് കേടാ. അതിന് എണീറ്റ് നടക്കാൻ മേല. മാസത്തിൽ രണ്ടായിരം രൂപ മരുന്നിന് വേണം. പുഴപ്പാച്ചിലിൽ രണ്ട് സെൻറ്​ കൂര കട്ടച്ചെളിയായി. അപ്പുറത്ത് മാറി പുറമ്പോക്കിൽ ടാർപോളിൻ ഷീറ്റടിച്ചാ ഞങ്ങള് പൊറുക്കുന്നെ. ഈ പണിം പോയാൽ ഞങ്ങളെല്ലാം കൂടി വെഷം തിന്ന് ചാവും– അമ്മ പോ...!
​അയാളുടെ പോക്കറ്റിൽ അപായമണി മുഴക്കിക്കൊണ്ടിരുന്നു. ബീപ്... ബീപ്... അമ്മേ ഇത് മേളിൽ നിന്നുള്ള കല്പനയാ. എനിക്ക് അന്നം തരുന്ന ദൈവത്തിന്റെ. ആ ദൈവം എവിടെയോ ഇരുന്ന് എല്ലാം കാണുന്നുണ്ട്. ഞാനമ്മേടെ കാലു പിടിക്കാം– അമ്മ പോ.... എന്നു പറയുന്ന സെക്യൂരിറ്റിക്കാരനും മകൾക്ക് കാറപകടം പറ്റിയെന്നറിഞ്ഞ് പണിസ്​ഥലത്തുനിന്നും ഓടിയെത്തി അവളെക്കാണാൻ തത്രപ്പെട്ട, ഒടുവിൽ കാണാതെ മടങ്ങേണ്ടി വരുന്ന അമ്മയുമെല്ലാം കാരുണ്യം വർഷിക്കുന്ന വ്യക്തികളുണ്ടായിട്ടും, ഇരയായിത്തീരുന്ന വ്യവസ്ഥയുടെ ഭാഗമാണ്.

അധികാര കേന്ദ്രീകരണത്തിന്റെ, ഫാസിസത്തിന്റെ ഇക്കാലത്ത് സാധാരണ മനുഷ്യർ എങ്ങനെ ഈ ആധുനികവൽക്കരണ പ്രക്രിയയിൽ നിന്ന് പുറന്തള്ളപ്പെടുകയും അവർ നിസ്സഹായരായി മാറ്റപ്പെടുകയും ചെയ്യുന്നുവെന്നും അരവിന്ദാക്ഷന്റെ കഥ കാണിച്ചുതരുന്നു

സൂര്യൻ പോലും അന്ധാളിച്ചുനിൽക്കുന്ന തരത്തിൽ ഒരു കരുണ ഇക്കഥയിൽ ആഖ്യാനം ചെയ്യുന്നുണ്ട്. അധികാരത്തിന്റെ ഹിംസാത്മകതയും ക്രൗര്യവുമെല്ലാം ആഖ്യാനം ചെയ്യുമ്പോഴും സ്​നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഒരു പാളി അരവിന്ദാക്ഷന്റെ കഥകളിൽ വന്നു നിറയാറുണ്ട്. കൊടുംവേലനലിലെന്ന പോലെ രണ്ടുദൈവങ്ങളിലും ആ നനവ് പടർന്നുകിടക്കുന്നുണ്ട്. അരവിന്ദാക്ഷനിലുള്ള ബുദ്ധന്റേയും ഗാന്ധിജിയൂടേയും വീക്ഷണങ്ങളുടെ സ്വാധീനം കാരുണ്യവും ഹിംസക്കെതിരെയുള്ള നിലപാടുകളുമായി പെയ്തിറങ്ങുന്നുവെന്ന് അദ്ദേഹത്തിന്റെ ഓരോ എഴുത്തും ഏതു ഹിംസാത്മകതയെ ആഖ്യാനം ചെയ്യുമ്പോഴും വെളിപ്പെടുത്തുന്നുണ്ട്.

ആധുനികവൽക്കരണം ഒരു തടവായി മാറുകയും സാധാരണമനുഷ്യർക്ക് അത് രാവണൻ കോട്ടയായി അനുഭവപ്പെടുകയും ചെയ്യുന്നു. പൊതുവേ, ആധുനികവൽക്കരണം പഴയകാലത്ത് കീഴ്സമൂഹത്തെക്കൂടി ഉൾക്കൊണ്ട്, അവരെ മനുഷ്യരാക്കിമാറ്റാനുള്ള പ്രക്രിയയാണെങ്കിൽ അധികാര കേന്ദ്രീകരണത്തിന്റെ, ഫാസിസത്തിന്റെ ഇക്കാലത്ത് അത്തരം മനുഷ്യർ എങ്ങനെ ഈ ആധുനികവൽക്കരണ പ്രക്രിയയിൽ നിന്ന് പുറന്തള്ളപ്പെടുകയും അവർ നിസ്സഹായരായി മാറ്റപ്പെടുകയും ചെയ്യുന്നുവെന്നും ഇക്കഥയിൽ നിന്നും വായിച്ചെടുക്കാൻ കഴിയും. അവിടെ പ്രത്യക്ഷപ്പെടുന്ന കരുണയുടെ മുഖങ്ങൾക്ക് പോലും നിസ്സഹായതയോടെ നിലകൊള്ളേണ്ടിവരുന്നു.

കൊടുംവേനൽ, മരുഭൂമിയിലെ കാറ്റുകൾ എന്നീ കഥകളുടെ തുടർച്ചയായി വായിക്കാവുന്ന കഥയാണ് ഝലം. പൗരന്റെമേൽ ഭരണകൂടവും പൊതുസമൂഹവും ചേർന്ന് അധികാരം പ്രയോഗിക്കുകയും നിരപരാധികളെ തീവ്രവാദികളാക്കി മുദ്രകുത്തി വേട്ടയാടുകയും ചെയ്യുന്നതാണ് ഈ മൂന്ന് കഥകളിലും പൊതുവായി കാണാൻ കഴിയുന്നത്. വിഭജനകാലം മുതലുള്ള ദുരന്തവും ഈ കഥകളിൽ ആഴത്തിൽ വേരോടി നിൽക്കുന്നുണ്ട്. വർഗ്ഗീയലഹളയിൽ പരിക്കേറ്റ മനുഷ്യനെ തീവ്രവാദിയായി മുദ്രകുത്തി അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നത് ഭാര്യയും മക്കളും കാണുന്നിടത്താണല്ലോ കൊടുംവേനൽ അവസാനിക്കുന്നത്. ഇത്തരത്തിൽ നിരപരാധികളെ നിരന്തരം വേട്ടയാടുമ്പോൾ ജഡങ്ങൾ കൂട്ടിയിടുന്ന ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ മകനെത്തേടുകയും ചെയ്യുന്ന അമ്മയുടെ ദയനീയതയാണല്ലോ മരുഭൂമിയിലെ കാറ്റുകളിൽ ആഖ്യാനം ചെയ്യുന്നത്.

ഇതേ അവസ്​ഥയാണ് മറ്റൊരുവിധത്തിൽ ഝലം എന്ന കഥയിലും. കാശ്മീർ താഴ്വരയിൽ തീവ്രവാദികളെന്നാരോപിച്ച് ഇരയാക്കപ്പെടുന്ന മനുഷ്യരുടെ, അന്യമതങ്ങളുമായി ഇടപഴകിയുള്ള ജീവിതവും, അതേസമയംതന്നെ എങ്ങനെയാണ് ഇവരിൽ ചിലരൊക്കെ തീവ്രവാദ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെടുന്നത് എന്നുമുള്ള ചോദ്യം കഥ ഉന്നയിക്കുന്നുണ്ട്. അരവിന്ദാക്ഷൻ ചോദിക്കുന്നതുപോലെ ആരാണ് ഒറ്റുകാർ? ആരാണ് മിത്രം? സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കാൻ വയ്യ, താഴ്വരയിൽ എന്ന അവസ്ഥ എങ്ങനെയാണ് സംജാതമായത് എന്നതാണ് പ്രധാനചോദ്യം. അതിനിടയിൽ പൊതുസമൂഹത്തിൽ പട്ടാളത്തിന്റെ ക്രൂരമായ കടന്നുകയറ്റവും ഒരു ചോദ്യമായി മാറുന്നുണ്ട്. അതിർത്തിയിൽ പട്ടാളക്കാർ നേരിടുന്ന പ്രശ്നങ്ങളും തീവ്രവാദം ഖുറാൻ പുസ്​തകത്തിന്റെ രൂപത്തിൽ ഉപയോഗിക്കുന്ന പൊട്ടിച്ചിതറുന്ന ബോംബുകളും നിരപരാധികളുടെ വേട്ടയാടലുമെല്ലാം ചേർന്നാൽ സാംസ്​കാരികമായി ഔന്നത്യത്തിലായിരുന്ന ഒരു താഴ്വരയുടെ അധഃപതനത്തിന്റെ ദയനീയത വെളിപ്പെടുന്നു. അനാഥരും ആലംബഹീനരുമായ മനുഷ്യർ എങ്ങനെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്ന് ആഖ്യാനം ചെയ്യുകയാണ് എനിക്കിവിടെ സുഖമാണ്, അവിടെയും...(2003) എന്ന കഥ.

വ്യത്യസ്​തമായി മറ്റൊരു തലത്തിൽ നിൽക്കുന്ന കഥയാണ് ഈ സമാഹാരത്തിലെ എബോള. പ്രവചനാത്മകമായ ഒരു കഥയാണ് എബോളയും. എബോളയ്ക്ക് ശേഷം നിപയും പിടിച്ചുകെട്ടാൻ വയ്യാത്ത വിധത്തിൽ കോവിഡും വന്നു. മനുഷ്യൻ പ്രകൃതിക്കേൽപ്പിക്കുന്ന ആഘാതങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂപത്തിൽ മാത്രമല്ല ഭയാനകമായ വൈറസുകളുടെ രൂപത്തിൽക്കൂടി എങ്ങനെ വ്യാപരിക്കുന്നു എന്ന് പ്രവചനാത്മകമായ ഒരു തലത്തിൽ നിന്ന് കഥാത്മകമായി അവതരിപ്പിക്കുകയാണ് അരവിന്ദാക്ഷൻ എബോളയിൽ.

Photo: pixabay.com
Photo: pixabay.com

യൂറി നഗിബിൻ 1953–ൽ എഴുതിയ ശിശിരത്തിലെ ഓക്കുമരത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ആവാസവ്യവസ്ഥ എബോളയിലും കാണാം. നൂറ്റാണ്ടുകൾ പഴക്കമുള്ള വടവൃക്ഷത്തെ ആവാസവ്യവസ്ഥയിലെ മറ്റുള്ള ജീവികൾ ആശ്രയിക്കുമ്പോൾ മനുഷ്യൻ മാത്രം വുഡ് കട്ടറുമായി വന്ന് ആ മരത്തെ വെട്ടിവീഴ്ത്തി ആവാസവ്യവസ്ഥയെത്തന്നെ തകർക്കുന്നു. മണ്ണും വിണ്ണും മരങ്ങളും ജീവജാലങ്ങളുമടങ്ങുന്ന മനോഹരമായ ഒരു ജീവിത സങ്കല്പം ഈ കഥയിൽ രൂപപ്പെട്ടുവരുന്നുണ്ട്. അതുതന്നെയാണ് ജീവിതത്തിന്റെ സംസ്​കാരവും. ഈ സംസ്​കാരത്തെ വിനാശകാരിയായ മനുഷ്യൻ തകർക്കുമ്പോഴുണ്ടാകുന്ന തിരിച്ചടിയാണ് പുതിയതരം ഗുരുതരമായ മാറാരോഗങ്ങളുടെ വൈറസുകളായി ഭൂമിയിലേക്കിറങ്ങുന്നത്. പരിസ്ഥിതിയെ– അതിലെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ തകർക്കാൻ ആരാണോ ശ്രമിക്കുന്നത് അവർക്കെതിരെ പ്രകൃതി തിരിച്ചടിക്കുന്നു. ഇവിടെ പ്രതി മനുഷ്യനും അവൻ കണ്ടുപിടിച്ച സംഹാരശേഷിയുള്ള യന്ത്രങ്ങളുമാണ്. യന്ത്രങ്ങളുടെ വിനാശസ്വഭാവത്തെപ്പറ്റിയും യന്ത്രങ്ങൾ മനുഷ്യരെയും മനുഷ്യസംസ്​കാരത്തേയും കീഴടക്കുന്നതിനെക്കുറിച്ചും അവ ഒഴിവാക്കേണ്ടതിനെക്കുറിച്ചും ഗാന്ധി എഴുതിയിട്ടുണ്ടല്ലോ. യന്ത്രങ്ങൾ ഉപയോഗിച്ച് മരങ്ങളും കുന്നുകളും വെട്ടിമാറ്റുന്നത് കായിക ക്ഷമതയുപയോഗിച്ച് ചെയ്യുന്നതിനെക്കാൾ പതിന്മടങ്ങാണ്. ഇങ്ങനെ അതിദ്രുതം മനുഷ്യൻ നശിപ്പിക്കുന്ന ആവാസവ്യവസ്ഥയ്ക്കകത്താണ് എബോള വൈറസുമായി വവ്വാലുകൾ ദേശാന്തരത്തിനിറങ്ങുന്നത്. ഇതുതന്നെയാണ് നിപ്പയുടെയും കോവിഡിന്റെയും കാര്യത്തിലായാലും സംഭവിക്കുന്നത്. ഭൂമിക്കടിയിലെ പെേട്രാളിയം ഉല്പന്നങ്ങൾക്കായി നടത്തുന്ന അന്വേഷണങ്ങൾ ഉണ്ടാക്കിയ പാരിസ്ഥിതികമായ ആഘാതങ്ങളും ഈ കഥയിൽ ആഖ്യാനം ചെയ്യപ്പെടുന്നുണ്ട്. ഈ പെേട്രാളിയം ഉല്പന്നങ്ങളുടെ പെരുക്കത്തിനകത്താണല്ലോ യന്ത്രങ്ങൾ പെരുകുകയും ആവാസവ്യവസ്ഥ തകിടം മറിയുകയും ചെയ്തത്. ഭൂമിയോളം പ്രായമുള്ള വൻമരം ഒരർത്ഥത്തിൽ ഭൂമിയെത്തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതിലെ ആവാസവ്യവസ്ഥയുടെ പ്രതിനിധിതന്നെയാണത്. ആ ആവാസവ്യവസ്ഥയുടെ കടയ്ക്കലാണ് മനുഷ്യൻ കത്തിവെക്കുന്നത്.

അധികാരവും അതിനു കീഴിൽ ഞെരിഞ്ഞമരുന്ന മനുഷ്യരും മനുഷ്യരുടെ ഭൗതികതൃഷ്ണകളും കാമവും ഹിംസയും വിശപ്പുമെല്ലാമടങ്ങുന്ന പ്രാഥമിക ചോദനകളും പരിസ്ഥിതിയുടെയും ഗാന്ധിയുടേയും ബുദ്ധിസ്റ്റ് ദർശനങ്ങളുമെല്ലാം കൂടിച്ചേരുന്ന ഒരു വലിയ പശ്ചാത്തലം ഈ കഥകളെയെല്ലാം ഒരു കണ്ണി പോലെ കൂട്ടിച്ചേർക്കുന്നുണ്ട്.

സാധാരണയായി, അലിഗറിയായി മാറാവുന്നതാണ് എബോളയുടെ ഇതിവൃത്തം. സമാനജന്തു കഥകൾ അന്യാപദേശകഥകളായി മാറുമ്പോൾ ഇക്കഥ അങ്ങനെയല്ല എന്ന സവിശേഷതയുണ്ട്. എന്നാൽ ജന്തുലോകവും, അവയുടെ ചിന്തകളും ആവിഷ്കരിക്കുന്ന മനുഷ്യന്റെ വലിയ പരിമിതി, ഒരിക്കലും അവയുടെ ചിന്തങ്ങൾ മനുഷ്യന് ആവാഹിക്കാനാവില്ല എന്നതാണല്ലോ. മറിച്ച് നമ്മുടെ ചിന്തകൾ അവയിലേക്ക് ആരോപിക്കാൻ മാത്രമേ കഴിയൂ. പഞ്ചതന്ത്രം കഥകളും ഈസോപ്പ് കഥകളും മുതൽ ഇതുതന്നെയാണ് അവസ്ഥ. അതുകൊണ്ടുതന്നെ മനുഷ്യർ പറയുന്ന കഥയിലെ ജന്തുസസ്യജാലങ്ങൾ പ്രകടമാക്കുന്ന സ്വഭാവങ്ങൾ മനുഷ്യരുടെതുതന്നെയാണ്. ആ നിലയ്ക്ക് ആദർശവാദിയായ (ഐഡിയോളജിസ്റ്റായ) ആഖ്യാതാവിന്റെ സ്വപ്നലോകവും അതിന തകർച്ച ഉയർത്തുന്ന വെല്ലുവിളികളെയുംതന്നെയാണ് ഇക്കഥ മുന്നോട്ടുവെക്കുന്നത്. അങ്ങനെ പലപ്പോഴും പ്രചനാത്മകസ്വഭാവം പ്രകടിപ്പിക്കുന്ന അരവിന്ദാക്ഷന്റെ മറ്റൊരു കഥയാണ് എബോളയും എന്ന് നിപ്പയ്ക്കും കോവിഡിനുശേഷം നമുക്ക് പറയാൻ കഴിയും.

അധികാരവും അതിനു കീഴിൽ ഞെരിഞ്ഞമരുന്ന മനുഷ്യരും മനുഷ്യരുടെ ഭൗതികതൃഷ്ണകളും കാമവും ഹിംസയും വിശപ്പുമെല്ലാമടങ്ങുന്ന പ്രാഥമിക ചോദനകളും പരിസ്ഥിതിയുടെയും ഗാന്ധിയുടേയും ബുദ്ധിസ്റ്റ് ദർശനങ്ങളുമെല്ലാം കൂടിച്ചേരുന്ന ഒരു വലിയ പശ്ചാത്തലം ഈ കഥകളെയെല്ലാം ഒരു കണ്ണി പോലെ കൂട്ടിച്ചേർക്കുന്നുണ്ട്. നിരന്തരം ലോകത്തെ നോക്കിക്കാണുകയും വിശകലനവിധേയമാക്കുകയും പുനരന്വേഷണം നടത്തുകയും ചെയ്യുന്ന ഒരു വ്യക്തി അതുകൊണ്ടുതന്നെ ഈ ആഖ്യാനങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്നുണ്ട്. അധികാരത്തിനും പൊതുസമൂഹത്തിനുമിടയിൽ, അവ ചേർന്ന് രൂപീകരിക്കുന്ന വ്യവസ്ഥയ്ക്കുമിടയിൽ ഇരയാക്കപ്പെടുന്ന മനുഷ്യരുടെ ശബ്ദം ഇക്കഥകളിൽ നിശ്ശബ്ദ നിലവിളികളായി ഉയരുന്നുണ്ട്.അത് എഴുത്തുകാരന്റെ തന്നെ നിലവിളിയാണ്. കാരുണ്യത്തിലും പ്രത്യാശയിലും അഹിംസയിലുമാണ് അതിന്റെ നില. വേദനയാണ് അതിന്റെ ആത്മാവ് എന്ന് അരവിന്ദാക്ഷന്റെ കഥകളിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും. തന്നെക്കുറിച്ചു മാത്രമല്ല, മറ്റുള്ളവരെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും, ജന്തുസസ്യജാലങ്ങളെക്കുറിച്ചും എന്തിനേറെ നിസ്സാരമെന്നു കരുതുന്ന ഒരു മണ്ണിരയിൽ തുടിക്കുന്ന ജീവന്റെ സാകല്യത്തെക്കുറിച്ചുപോലും ഉത്കണ്ഠപ്പെടുന്നത് മറ്റൊരു ജീവിതം സാധ്യമാവണം എന്ന എഴുത്തുകാരന്റെ ദർശനം തന്നെയാണ്. അത് രാഷ്ട്രീയമായ നിലപാടുകൂടിയാണ്. ▮

(അവസാനിച്ചു)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


എൻ. സന്തോഷ്​കുമാർ

എഴുത്തുകാരൻ, വിവർത്തകൻ, അധ്യാപകൻ. സാഹിത്യം: അധികാരവും സംസ്കാരവും, അജ്ഞാനദേശങ്ങളുടെ ആഖ്യാനങ്ങൾ, ഭാവനയുടെ കോളനികൾ, ജോൺ എബ്രഹാമിന്റെ കയ്യൂർ (എഡിറ്റർ), നോവൽ പഴമ സീരീസ്: മലയാളത്തിലെ 19-ാം നൂറ്റാണ്ടിലെ നോവലുകളുടെ സമഗ്രത എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments