ബെർനാദ ആൽബയുടെ വീട്, നമ്മുടേതും

ലോർകയുടെ ' ബെർനാദ ആൽബയുടെ വീട് ' എന്ന നാടകത്തെ വീണ്ടും വായിക്കുകയാണ് എഴുത്തുകാരിയായ ശാരദക്കുട്ടി. 1936 ൽ എഴുതിയതാണ് നാടകം. സ്വാതന്ത്ര്യമാഗ്രഹിക്കുന്ന പെൺമക്കളും കർക്കശക്കാരിയായ അമ്മയും തമ്മിലുള്ള നിരന്തര സംഘർഷമാണ് പ്രമേയം. ഈ സംഘർഷം കാലത്തിനും ദേശത്തിനും അതീതമായി എല്ലാ വീടുകളിലും ഏറിയും കുറഞ്ഞും നിലനിൽക്കുന്നുണ്ട്. സ്ത്രീ സ്വത്വത്തിന്റെ പല തരം രൂപങ്ങളെ നാടകത്തിന്റെ പശ്ചാത്തലത്തിൽ വരച്ചിടുകയാണ് ലേഖിക

"എനിക്ക് ഇവിടെനിന്ന് രക്ഷപ്പെടണം, കടലിനോടു ചേർന്നുനിന്ന് വിവാഹിതയാകണം, കടലിനോടു ചേർന്നു നിന്ന്.'
മരിയ ജോസഫ എന്ന 80 വയസ്സുള്ള വൃദ്ധയാണിങ്ങനെ നിരന്തരം ബഹളമുണ്ടാക്കുന്നത്. അവർക്ക് കടലിന്റെ സ്വാഭാവികതയിലേക്കും ഇളക്കങ്ങളിലേക്കും പോകണം. അവിടെ വെച്ച് അവർക്കു വീണ്ടും വിവാഹം കഴിക്കണം. മാർദ്ദവം നഷ്ടപ്പെട്ടു പോയ തന്റെ വീടിന്റെ സംഹാരോത്സുകമായ നിശ്ചലതയിൽ ഭ്രാന്തെടുക്കുന്നുണ്ടവർക്ക്. ബെർനാദയുടെ അമ്മയാണവർ. ബെർനാദ അവരെ ഒരു മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണ്. തന്റെ പെൺമക്കളേയും ബെർനാദ അദൃശ്യമായ ചങ്ങലകൊണ്ട് പൂട്ടിയിട്ടുണ്ട്. കൈകാലുകൾ ചലിപ്പിക്കാനാകാതെ, ശുദ്ധവായു ശ്വസിക്കാനനുവദിക്കാതെ ആ വീടിന്റെ കട്ടിയുള്ള ചുവരുകൾ കൊണ്ട് ബെർനാദ സ്വേച്ഛാധിപത്യത്തിന്റെയും കാർക്കശ്യത്തിന്റെയും കോട്ടയുണ്ടാക്കി പെൺമക്കളെ 'സംരക്ഷി'ക്കുന്നു. ആ സ്ത്രീ ഉച്ചരിക്കുന്ന ആദ്യത്തെയും അവസാനത്തെയും വാക്ക് Silence എന്നാണ്. സ്വേച്ഛാധിപതികൾക്ക് ഏറ്റവും പ്രിയപ്പെട്ട വാക്കാണത്.

ഫെദറികോ ഗാർസിയ ലോർക
ഫെദറികോ ഗാർസിയ ലോർക

ഈ നാടകം വായിക്കുമ്പോൾ ഞാൻ ലോകാരംഭം മുതലറിഞ്ഞിട്ടുള്ള അമ്മമാരെയും പെണ്മക്കളെയും കുറിച്ചാണ് ആലോചിക്കുന്നത്. ലോകത്തെ ഏതെങ്കിലും നാട്ടിൽ അമ്മമാർ പെൺമക്കളോട് അമ്മയെന്ന നിലയ്ക്കല്ലാതെ, പെണ്ണെന്ന നിലയ്ക്കുള്ള സ്വന്തം കാഴ്ചപ്പാടുകളോ അനുഭവങ്ങളോ ചർച്ച ചെയ്യാറുണ്ടോ? ഉണ്ടെങ്കിൽ തന്നെ തന്റെ ദുരനുഭവങ്ങളിലൂടെ താൻ നേടിയെടുത്ത ആ സ്ത്രീപക്ഷക്കാഴ്ചകൾക്കനുസൃതമായി, അവ പ്രായോഗികമാക്കിക്കൊണ്ടേ നീ ജീവിക്കാവൂ എന്ന് പെൺമക്കളെ പരിശീലിപ്പിക്കാറുണ്ടോ? അമ്മയ്ക്കല്ലാതെ മറ്റാർക്കും അതിനു കഴിയില്ല എന്നറിയാമെങ്കിലും നെടുവീർപ്പിട്ടു കൊണ്ട്, 'മാതൃകാ സ്ത്രീജീവിതം' എന്ത് എന്നു മാത്രം അവർക്കു പറഞ്ഞു കൊടുക്കുന്ന അമ്മമാരാണ് ഏറെയും. മാട്രിയാർക്കൽ ശാഠ്യങ്ങൾ കഠിനമാണ്, അതിന്റെ വൈകാരികമായ അടിയൊഴുക്കുകൾ ക്രൂരമാണ്. ഏതു സ്വേച്ഛാധിപതിക്കും ഉണ്ടാകും നിർദ്ദയമായ മറ്റു ചില പൂർവ്വകാല അടിച്ചേൽപിക്കലുകളുടെ സ്മരണകളും തിക്താനുഭവങ്ങളും അതിൽ നിന്നുണ്ടാകുന്ന സ്വയം ന്യായീകരണങ്ങളും. അതു കൊണ്ടു തന്നെ ബെർനാദ ആൽബ ഞാനുമാണ്, നിങ്ങളുമാണ്. ആ വീട് നമ്മുടേതുമാണ്. പിഞ്ഞിപ്പഴകിയ, കർക്കശാചാരങ്ങളുടെ സംഭരണികളായി വീടുകളെ സംരക്ഷിച്ചു നിർത്തുന്നതിൽ അമ്മമാർക്കുള്ള വലിയ പങ്കിനെ ഓർമ്മിപ്പിക്കുന്ന നാടകമാണ് 'ബെർനാദ ആൽബയുടെ വീട്'.

ദി ഹൗസ് ഓഫ്‌ ബെർനാദ ആൽബെയുടെ പോസ്റ്ററുകൾ
ദി ഹൗസ് ഓഫ്‌ ബെർനാദ ആൽബെയുടെ പോസ്റ്ററുകൾ

അമ്മ- മകൻ ബന്ധത്തിലില്ലാത്ത സംഘർഷങ്ങളാണ് അമ്മ-മകൾ ബന്ധത്തിലുള്ളത്. മകൾ വളർന്നു വരുന്തോറും ആ ബന്ധം കൂടുതൽ ഇരുണ്ടതും അതിന്റെ അടരുകൾ കൂടുതൽ സങ്കീർണ്ണവും ആകുന്നു. മുതിർന്ന് വരുന്ന ഏതോ ഘട്ടത്തിൽ ആൺമക്കളെ മറ്റൊരു വ്യക്തിത്വമായി കണ്ടു തുടങ്ങുന്ന അമ്മമാർ പക്ഷേ, മകളെ അങ്ങനെ ഒരു സ്വതന്ത്ര വ്യക്തിയായി അംഗീകരിക്കാൻ തയ്യാറാകുന്നില്ല. തങ്ങളുടെ തുടർച്ചയോ നിഴലോ മുറിച്ചു മാറ്റാനാകാത്ത തങ്ങളുടെ ഒരവയവമോ എന്ന മട്ടിൽ അവർ പെൺമക്കളെ തങ്ങളോട് തുന്നിച്ചേർത്തുവെയ്ക്കുന്നു. അമ്മയുടെ ചേലത്തുമ്പിലെ കിന്നരിയാണ് മകൾ എന്നവർ അഭിമാനിക്കുന്നു. മകൾക്കും അമ്മയ്ക്കും ഇടയിലെ ഒരിക്കലും തീരാത്ത സംഘർഷങ്ങളെക്കുറിച്ച് സാഹിത്യവും അധികമൊന്നും ചിന്തിച്ചിട്ടില്ല. നിശ്ചയിച്ചുറപ്പിക്കപ്പെട്ട ചുവടുകളുടെ വിപരീത ദിശയിലേക്കും പെൺകുട്ടികൾ ചലിച്ചുതുടങ്ങുന്ന നൃത്തകാലമാണ് അവളുടെ കൗമാരകാലം. അതിന്റെ താളാത്മകമായ പദചലനങ്ങൾ വീടിനു പുറത്തേക്കു നീളാനുള്ള സാധ്യതകളാണ് ഏറെയും. വീടുവിട്ടു പോകണമെന്നുള്ള സ്വാതന്ത്ര്യബോധമുദിച്ചു തുടങ്ങുന്നതാണ് കൗമാരകാലഘട്ടത്തിന്റെ പ്രേരണയും പ്രത്യേകതയും. ഓരോ പെൺകുട്ടിയും അമ്മയുമായുള്ള ശ്വാസം മുട്ടിക്കുന്ന ബന്ധനത്തിൽ നിന്നുള്ള വിടുതലാണ് ഈ സമയത്ത് ആഗ്രഹിക്കുക. സ്വാശ്രയത്വവും സ്വയം ഭരണാവകാശവും അമ്മയിൽ നിന്ന് വ്യതിരിക്തമായി ഒരു വ്യക്തി എന്ന നിലയിലുള്ള അംഗീകാരവും പെൺമക്കൾ ആഗ്രഹിച്ചു തുടങ്ങുന്ന കാലം അതിരില്ലാത്ത സംഘർഷങ്ങൾ നിറഞ്ഞതാണ്. പല വീടിന്റെയും സമാധാനം നശിപ്പിക്കുന്നത് ഈ അമ്മ-മകൾ ദ്വന്ദ്വത്തിലെ സംഘർഷാത്മകതയാണ്. പെൺകുട്ടികളുടെ എല്ലാ നൈസർഗ്ഗിക ചോദനകളെയും സന്തോഷങ്ങളെയും വീടുകൾ ഉടച്ചും തകർത്തും കളയുന്നു. പാരമ്പര്യത്തെ, കേടുപാടില്ലാതെ പെൺമക്കൾക്കു മേൽ അടിച്ചേൽപ്പിക്കാനുള്ള പദവിയാണ് എല്ലാക്കാലത്തും എല്ലാ ലോകത്തും മാതൃത്വം.

വീട്, പെൺകുട്ടികൾക്ക് സ്വാതന്ത്ര്യത്തിന്റെയോ സൗന്ദര്യാവിഷ്‌കാരങ്ങളുടെയോ ഒരു ഇടമാണോ? അതോ സുരക്ഷിതമെന്ന ഭാവേന കുറെയാളുകൾക്ക് ജീവിച്ചു തീർക്കാനുള്ള ഒരു ചട്ടക്കൂടു മാത്രമോ? 1936ൽ ഫെദറികോ ഗാർസിയ ലോർക തന്റെ 'ബെർനാദ ആൽബയുടെ വീട്' ( House of Bernarda Alba ) എന്ന നാടകത്തിന് ഉപശീർഷകം നൽകിയത് 'സ്‌പെയിനിലെ ഗ്രാമങ്ങളിൽ ജീവിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള നാടകം'എന്നാണ്. നൂറ്റാണ്ടുകളോളം വിശുദ്ധജീവിതം നയിക്കാനും ത്യാഗത്തിന്റെ ദേവതകളായി നിലനിൽക്കാനും സ്ത്രീകൾ നിർബന്ധിതരായിരുന്ന ഒരു സമൂഹത്തിൽ ഏതൊക്കെത്തരം മാനസിക വൈകല്യങ്ങൾക്ക് അവർ അടിമകളായിത്തീരും, എന്തെല്ലാം മടുപ്പുകളിലൂടെയായിരിക്കും അവർ കടന്നു പോയിട്ടുണ്ടാവുക എന്നു പറയുവാനാണ് ഈ നാടകത്തിലൂടെ ലോർക്ക ശ്രമിക്കുന്നത്. പുറമേയുള്ള വായനയിലും ഉപരിതല ക്രിയാംശത്തിലും നാടകം പ്രശ്‌നങ്ങളെ ബോധപൂർവ്വം ലളിതവത്കരിക്കുന്നതു പോലെ തോന്നാം. അങ്ങനെ സുതാര്യമെന്നു തോന്നിപ്പിക്കുന്നതാണല്ലോ ഓരോ വീടിന്റെയും ഘടന. എന്നാൽ സൂക്ഷ്മമായ സാദൃശ്യങ്ങളിലൂടെയും സമാനതകളിലൂടെയും രൂപകങ്ങളിലൂടെയും നാടകം നമ്മുടെയൊക്കെ വീടിന്റെ അകത്തളങ്ങളിലെ അക്രമാത്മകതകളിലേക്കും സങ്കീർണ്ണതകളിലേക്കുമാണ് കടക്കുന്നത്. അലങ്കോലപ്പെടുന്നതിന്റെ, തകരുന്നതിന്റെ, അകമേ നിന്നും പുറമേ നിന്നുമുള്ള സമ്മർദ്ദങ്ങളുടെ തനിയാവർത്തനങ്ങൾ മാത്രമാണവിടെ കാണുക.

ബ്രിഗ്ഹാം യങ് യൂണിവേഴ്‌സിറ്റിയിലെ സ്‌നോ ബ്ലാക്ക് ബോക്‌സ് തീയേറ്ററിൽ  'ബെർനാദ ആൽബയുടെ വീട്' കളിച്ചപ്പോൾ. 2007-യിലെ ചിത്രം.
ബ്രിഗ്ഹാം യങ് യൂണിവേഴ്‌സിറ്റിയിലെ സ്‌നോ ബ്ലാക്ക് ബോക്‌സ് തീയേറ്ററിൽ 'ബെർനാദ ആൽബയുടെ വീട്' കളിച്ചപ്പോൾ. 2007-യിലെ ചിത്രം.

ക്രൂരവും കർക്കശവുമായ നിയന്ത്രണത്തിൻ കീഴിൽ കഴിയുന്ന ഒരു പെൺവീടാണത്. അഥവാ അന്നത്തെ സ്‌പെയിനിലെ ഓരോ വീടും അങ്ങനെയായിരുന്നിരിക്കണം. വീട്ടിലുള്ള മറ്റുള്ളവരെ കൊണ്ട് തന്റെ തല തിരിഞ്ഞ നിലപാടുകൾ അംഗീകരിപ്പിക്കാതെ ബെർനാദ അടങ്ങില്ല. 'പിതൃ 'ആധിപത്യത്തോളം തന്നെ വിധ്വംസകവും വിനാശകരവുമായ 'മാതൃ'ആധിപത്യം (matriarchy) കേടുപാടില്ലാതെ നിലനിർത്താൻ എന്തൊക്കെ ചെയ്യാമോ അതെല്ലാമവർ ചെയ്യും. കഠിനമാണ് ബെർനാദയുടെ വീടിന്റെ നിയമങ്ങൾ. ഫലത്തിൽ ബെർനാദ ആൽബ തന്നെയാണ് അവരുടെ വീട്. അവരുടെ വികലമായ, ചിതറിത്തെറിച്ച മാനസികനിലയുടെ ഘനീഭൂതരൂപം. അവിടെയാണ് ആ മനോനിലയുടെ തന്നെ പല തരത്തിലുള്ള പ്രതിരൂപങ്ങളായ അഞ്ചു പെണ്മക്കൾ ജീവിക്കുന്നത്. വീടുകളിൽ എങ്ങനെയാണ് സാഡോ മസോക്കിസവും ഒളിഞ്ഞുനോട്ടവും ഏറി നിൽക്കുന്നതെന്നറിയാൻ ഇവിടേക്കൊന്നു കയറി നോക്കിയാൽ മതി.

സദാ കുപിതയും വെറുപ്പു ശ്വസിച്ചു നടക്കുന്നവളുമായ ബെർനാദ, സദാചാര ശാഠ്യങ്ങൾ ഭക്ഷിച്ച് ഭ്രാന്തെടുത്തുഴറുകയാണ്. എത്രമാത്രം താറുമാറാക്കപ്പെട്ടിരിക്കുന്നു തന്റെ വീടെന്ന് അവരറിയുന്നതേയില്ല. പച്ചപ്പുകളെയും ഉറവകളെയും മുഴുവൻ നശിപ്പിക്കുന്ന കാട്ടുതീ പോലെ അവിടെ അസൂയയും വെറുപ്പും വ്രണങ്ങളും പടരുന്നു. പെണ്ണിന്റെ വിശുദ്ധി മാത്രമാണ് ഈയമ്മയുടെ ഏക ആകുലത. ഇവർ സൃഷ്ടിക്കുന്ന ഈ വിഷമവൃത്തത്തിൽ നിന്ന് മറ്റുള്ളവർക്ക് പുറത്തു കടക്കാനാകുന്നില്ല. ഒരേ സമയം ബെർനാദ ആൽബ, സാമ്പ്രദായികശീലങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഒരു 'മാതൃ'കാരൂപവും വ്യക്തിപരതകൾക്കപ്പുറത്തേക്ക് പോകുന്ന ഒരു സമഷ്ടിരൂപമോ പൊതുരൂപമോ കൂടിയുമാണ്. പെൺമക്കളുടെ പേരുകളെന്തായാലും അവരെല്ലാം ഒരു പൊതു സ്വഭാവത്തെയാണ് കുറിക്കുന്നത്. അവരെല്ലാം പരസ്പര പ്രതിഫലനങ്ങൾ കൂടിയാണ്.

ആണുങ്ങളില്ലാത്ത ലോകം ഒരു മികച്ച പെൺ ലോകമാകണമെന്നില്ല, തലമുറകളോളം പഴക്കമുള്ള ആ ആധിപത്യ മൂല്യങ്ങൾ ഇത്രമാത്രം കറപിടിച്ചും ഉണങ്ങിയും വീടിന്റെ ചുമരുകളിലെല്ലാം പറ്റിപ്പിടിച്ചു കിടക്കുമ്പോൾ. അമ്മയെന്ന പദവി, തന്റെ അധികാരവും പ്രതിഛായയും നിലനിർത്തുവാനുള്ള വലിയ ഉപാധിയായാണ് ബെർനാദ കാണുന്നത്. അമ്മയുടെ ഏറ്റവും ശക്തയായ തുടർ പ്രതിയോഗിയാണ് ഇളയ മകൾ അദേല. അമ്മയുടെ ഏകാധികാര പ്രവണതകളിൽ നിന്ന് വിടുതൽ നേടുവാനുള്ള കൗമാര സഹജമായ പ്രേരണകൾ ഏറ്റവും സ്‌ഫോടനാത്മകമായി പ്രവർത്തിക്കുന്നത് അദേലയിലാണ്. നേരിട്ടുള്ള യുദ്ധമാണ് അവർ തമ്മിൽ നടക്കുന്നത്. അമ്മയിൽ നിന്നുണ്ടാകുന്ന നീണ്ടു നിൽക്കുന്നതും വേദനാജനകവുമായ പീഡാനുഭവങ്ങൾ കൗമാര പ്രായത്തിൽ പെൺകുട്ടികൾ നേരിടുന്ന ഒരു ഗുരുതരമായ വെല്ലുവിളി തന്നെയാണ്. സ്വത്വത്തെ, ശരീരത്തെ, അഹംബോധത്തെ, ഒക്കെ സ്വതന്ത്രമാക്കാനും അതിലൂടെ സ്വാധികാരത്തിലേക്കും സമ്പൂർണ്ണ വ്യക്തിത്വത്തിലേക്കും ലൈംഗികതയിലേക്കും പരിണമിക്കാനുമുള്ള ഒരു പെൺകുട്ടിയുടെ കുതറലാണ് അദേലയിൽ കാണാനാകുന്നത്. അവൾക്കൊരു കാമുകനുണ്ട്. ആ വീട്ടിലെ അഞ്ചു പെൺകുട്ടികളും ഒരേ പോലെ ആഗ്രഹിക്കുന്ന പെപ്പെ എന്ന സുമുഖനായ യുവാവ്.

പെപ്പെക്കു വേണ്ടി സഹോദരിമാർ തമ്മിൽ കലഹങ്ങളുണ്ട്. വിധ്വംസകമായ അസൂയയും വാശിയുമുണ്ട്. സ്വേച്ഛാധികാരത്തിന്റെ പ്രതിരൂപമായ അമ്മയാണ് അവിടെയും അവരുടെ ഇച്ഛകൾക്ക് പ്രതിബന്ധം.

എഴുത്തിന്റെ തുടക്കകാലം മുതലേ മനുഷ്യാവസ്ഥ തീർത്തും ദുരന്തപൂർണ്ണമാണെന്നൊരു കാഴ്ചപ്പാടാണ് ലോർകയ്ക്ക് ഉണ്ടായിരുന്നത്. സഹജമായ ആർജവം, സത്യസന്ധത, ആത്മനിർവൃതി, അതിജീവനം എന്നിവയ്ക്ക് വേണ്ടിയുള്ള വ്യക്തിയുടെ പോരാട്ടങ്ങൾക്ക് പ്രതിബന്ധമായുള്ള സമൂഹത്തിന്റെ പരിമിതസാഹചര്യങ്ങൾക്കെതിരെയുള്ള പ്രതിഷേധമാണ് അദ്ദേഹത്തിന്റെ കലയുടെ അടിസ്ഥാനവിഷയം. അനാദർശപരവും അരാഷ്ട്രീയവും അടിസ്ഥാനപരവുമായൊരു മാർഗ്ഗത്തിലൂടെയുള്ള സ്വാതന്ത്ര്യം - അതാണ് ലോർകയുടെ മൗലികമായ പ്രമേയം. പ്രകൃത്യനുസരണമായ വ്യവസ്ഥകൾക്കുള്ളിലുള്ള സ്വാതന്ത്ര്യം, സാമൂഹികക്രമത്തിനുള്ളിലുള്ള ഒരു നിർവ്വഹണം അതാണ് ലോർകയുടെ ലക്ഷ്യം. മൗലികമായ ഈ അവകാശത്തിന്, വ്യക്തിപരവും സാമൂഹികവുമായ ഇച്ഛകളും അവസ്ഥകളും വെല്ലുവിളി ഉയർത്തുന്നിടത്താണ് ലോർകയുടെ ദുരന്തബോധം ഉണരുന്നത്. അങ്ങനെ വരുമ്പോൾ ബെർനാദ ആൽബയെ വെറും പെൺമനസ്സിന്റെ ആവിഷ്‌കരണമായി കാണുന്നത് പരിമിതമായ കാഴ്ചയാകും. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നായികയുടെ അദമ്യമായ വാഞ്ഛയും മാതൃ-പുത്രീ കലഹവും തമ്മിലൊരു ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുകയാണ് നാടകകൃത്ത്. മാതൃരൂപത്തിന്റെ സ്വാഭാവികമായുള്ള പരിപാലന/ശിക്ഷണവും സ്വത്വബോധത്തിനു വേണ്ടിയുള്ള മകളുടെ അന്തർലീനമായ ആവശ്യവും തമ്മിലുള്ള കലാപത്തിലൂടെ മനുഷ്യാവസ്ഥയുടെ ദുർഘടതകളിലേക്കാണ് ലോർക നമ്മെ കൊണ്ടുപോകുന്നത്. അങ്ങനെ സ്ത്രീലൈംഗികതയുടെ മാനസികമായ സങ്കീർണതകളെ തന്റെ ദുരന്തബോധത്തിന്റെ അരങ്ങിലേക്ക് തീവ്രമായി എടുത്തുവെക്കുകയാണ് അദ്ദേഹം.

പെണ്ണുങ്ങൾക്കു തമ്മിൽ സംസാരിക്കാൻ പരസ്പരം മനസ്സിലാകുന്ന ഒരു പൊതു ഭാഷയില്ലെന്നതാണ് ഈ വീടിനെ വന്ധ്യംകരിക്കുന്ന പ്രധാന ഘടകം. ബെർനാദയുടെ മര്യാദകെട്ട രീതികളും തുളച്ചുകയറുന്ന ശബ്ദവുമാണ് ആ വീടിന്റെ മുഖമുദ്ര. സ്ത്രീകളിൽ അസ്വാഭാവികമെന്നു നമ്മൾ പൊതുവെ കരുതുന്ന അക്രമം, നീരസം, വൈരം എന്നിവയാണ് ഈ വീടിന്റെ ആയുധങ്ങൾ. ഇച്ഛകളിൽ നിന്നും ചോദനകളിൽ നിന്നും കാമനകളിൽ നിന്നും അടിച്ചകറ്റപ്പെടുന്ന സ്ത്രീകൾ, വാഴ്ത്തപ്പെട്ട സ്‌ത്രൈണ ഗുണങ്ങളിൽ നിന്നും അകന്നു പോവുക തന്നെ ചെയ്യും. കോപോന്മത്തരും വഴക്കാളികളും വിശ്വാസ വഞ്ചകികളുമായ സ്ത്രീകൾ എന്നത് സാമൂഹികാവസ്ഥകളിൽ നിന്ന് ഉരുവപ്പെടുന്ന ഒരു സാധ്യത തന്നെയാണ്.

അവിടെ അകത്തെ മുറിയിൽ അടയ്ക്കപ്പെട്ടു കിടക്കുന്ന, ഓർമ്മ നഷ്ടപ്പെട്ട മരിയ ജോസഫ, സ്വാതന്ത്ര്യവും സ്വപ്നങ്ങളും നിഷേധിക്കപ്പെട്ട് പരസ്പരം വെറുത്തു ജീവിക്കുന്ന മുപ്പതിൽ താഴെ 22 നു മുകളിൽ പ്രായമുള്ള അവിവാഹിതകളായ 5 പെൺകുട്ടികൾ. ഇവർക്കാർക്കുമിടയിൽ ആഹ്ലാദത്തിന്റെയോ സ്ത്രീസഹജ ഉന്മാദങ്ങളുടെതോ ആയ സംവേദനങ്ങളൊന്നും തന്നെ നടക്കുന്നില്ല. എപ്പോഴൊക്കെ വീട്ടിലെ തടവുമുറിയിൽ നിന്നു പുറത്തു കടക്കുവാൻ കഴിയുന്നുവോ അപ്പോഴൊക്കെ, 'എനിക്കിവിടെ നിന്നു രക്ഷപ്പെടണം മറ്റൊരു വിവാഹം കഴിച്ചു സന്തോഷമായി ജീവിക്കണം' എന്ന് പിറുപിറുക്കുന്ന മരിയ ജോസഫ സ്വാഭാവികമായ ജീവിതാസക്തിയെക്കുറിച്ചാണ് പുലമ്പുന്നത്.

അവർക്ക് മാത്രമാണാ വീട്ടിൽ കടലിനെയും അതിന്റെ വന്യതയെയും തനിക്കാവശ്യമുണ്ടെന്ന്, അവിടെ വെച്ച് തനിക്കു വിവാഹിതയാകണമെന്ന് ഉറക്കെ പറയുവാൻ കഴിയുന്നത്. പെൺമക്കളുടെ ജീവിതമിങ്ങനെ മരുഭൂമിയാക്കരുതെന്ന് പ്രവചന സ്വരത്തിൽ മരിയ ജോസഫ ബെർനാദയോട് പറയുന്നുണ്ട്. അതു കേൾക്കുമ്പോൾ ഭയന്നിട്ടെന്ന പോലെ അമ്മയെ ബെർനാദ വീണ്ടും പൂട്ടിയിടുന്നു. തെരുവിലെ ശബ്ദം കേൾക്കുമ്പോഴും വഴിപോക്കരെ കാണുമ്പോഴും പ്രായം തികഞ്ഞ പെൺമക്കൾ ജനാലക്കരികിലേക്ക് ഓടുമ്പോഴും ബെർനാദക്ക് ഭ്രാന്തെടുക്കുകയും അവരെ അകത്തേക്ക് ഓടിക്കുകയും ചെയ്യുന്നുണ്ട്. മകളുടെ കാമുകനെ വെടിവെച്ചു കൊല്ലുവാൻ ശ്രമിക്കുമ്പോഴും മകൾ ആത്മഹത്യ ചെയ്യുമ്പോഴും ആ സ്ത്രീ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും ആശ്വസിക്കുന്നതും ഉറക്കെ വിളിച്ചു പറയുന്നതും 'എന്റെ മകൾ മരിക്കുമ്പോഴും കന്യകയായിരുന്നു അവളെ ഒരു വിശുദ്ധ യെപ്പോലെ അണിയിച്ചൊരുക്കൂ' എന്നാണ്. നല്ലതിനോ ചീത്തക്കോ ആകട്ടെ, ഒരു പരീക്ഷണത്തിനു തയ്യാറാകാത്ത, എന്തിനോടും അടിയറവു പറഞ്ഞു മാത്രം ശീലിച്ച അമ്മമാർക്ക്, അവരല്ലാതെ മറ്റൊന്നുമാകാൻ കഴിയില്ല. ലോകത്തിന്റെ വെല്ലുവിളികളെ നേരിടാൻ തയ്യാറായി നിൽക്കുന്ന കൗമാരത്തിന് അവരിൽ നിന്ന് ഒന്നും പഠിക്കുവാനുമില്ല. മനുഷ്യർ മറ്റുള്ളവരെ സ്വതന്ത്രരായി ജീവിക്കാൻ അനുവദിച്ചില്ലെങ്കിൽ അവർ നരഭോജികളായി മാറും എന്ന ഡോറിസ് ലെസ്സിങ്ങിന്റെ വാക്കുകൾ അമ്മ എന്ന നിലയിൽ ഞാൻ മനസ്സിൽ കുറിച്ചിടുന്നു.

ജീവിതത്തിൽ ലഭിക്കാവുന്നതിൽ വെച്ചേറ്റവും കഠിനമായ ശിക്ഷ ഒരു പെണ്ണായി ജനിക്കുന്നതാണെന്ന് ബെർനാദയുടെ അമേലിയ എന്ന മകൾ പറയുന്നുണ്ട്. മുത്തശ്ശിയായ മരിയ ജോസഫയുടെ പുതുതലമുറയോടുള്ള ഒരു കടുത്ത നിർദ്ദേശം 'നിങ്ങളിറങ്ങിപ്പോകൂ സ്വതന്ത്രമായി ജീവിക്കൂ' എന്നു തന്നെയാണ്. ഭൂതകാലത്തിന്റെ വ്യാജ മാതൃകകളെ തകർക്കാനാണ് ഈ വൃദ്ധ, യുവതലമുറയോടാവശ്യപ്പെടുന്നത്. നൂറ്റാണ്ടുകൾക്കു മുൻപ് മുതൽ, ജീവിക്കാനാഗ്രഹിച്ച് മരിച്ചു പോയവരായ എത്രയോ സ്ത്രീകളുടെ വരെ ശബ്ദമാണ് മരിയ ജോസഫയിൽ കേൾക്കുന്നത്.

ഈ വീട്ടിലേക്കു കയറുമ്പോഴേ നമുക്കു ശ്വാസം മുട്ടിത്തുടങ്ങും. നാടകമരങ്ങേറുന്നത് നമ്മുടെയുള്ളിൽത്തന്നെയാണ്.
പുറമേ മൃദുലമെന്നു തോന്നിക്കുന്ന നമ്മുടെയൊക്കെ വീടുകൾക്ക് ഉള്ളിലെന്തൊരു പരുപരുപ്പാണ്. പെണ്ണിന്റെ ചാരിത്ര്യവും അച്ചടക്കവുമാണേറ്റവും വലിയ അന്തസ്സെന്നും സ്ത്രീലൈംഗികതയോളം കൊടിയ പാപമില്ലെന്നും കരുതുന്ന ആ വീട് നമ്മുടേതു കൂടിയല്ലെന്ന് എങ്ങനെ പറയാനാകും? അടിച്ചമർത്തലിനും സ്വാതന്ത്ര്യത്തിനുമിടയിലെ നിശ്ശബ്ദതയാണല്ലോ അവിടങ്ങളിൽ സദാ പൊട്ടിത്തെറിക്കാൻ തയ്യാറായി നിൽക്കുന്നത്. 'എന്റെയച്ഛന്റെ കാലത്തും മുത്തച്ഛന്റെ കാലത്തും ഇവിടെയിങ്ങനെയൊക്കെത്തന്നെയായിരുന്നു' എന്ന ബെർനാദയുടെ ഉറക്കെയുള്ള പ്രഖ്യാപനങ്ങൾ ഇനിയും അതങ്ങനെ തന്നെ തുടരേണ്ടതാണെന്നുള്ള ശാസനം കൂടിയാണ്. എത്രമാത്രം പരിചിതമാണ് നമുക്ക് ഈ വാക്കുകൾ!

വ്യക്തിപരമായി പറഞ്ഞാൽ, എന്റെ സ്വാതന്ത്ര്യബോധത്തെ ഭയന്നിരുന്ന എന്റെ അമ്മ, അതിലും ശക്തയായി എന്നിലുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നത് എന്നെക്കാൾ സ്വാതന്ത്ര്യ മോഹിയായ ഒരു മകളുടെ സാന്നിധ്യത്തിലാണ്. എന്റെ അമ്മ എന്നെ ഭയന്നതെന്തിനായിരുന്നുവെന്ന് അവളാണെനിക്കു മനസ്സിലാക്കിത്തരുന്നത്. എന്നിലെ ബെർനാദയെ കൊന്നുകളയാനെനിക്കെന്നാണ് കഴിയുക എന്ന് ഈ നാടകം എന്നെ നോക്കി ചോദിക്കുന്നു. ബെർനാദയുടെ വീട്ടിലല്ല. യഥാർഥ മാനസിക രോഗി എന്റെയും കൂടിയുള്ളിലാണെന്ന് ഭയപ്പെടുത്തുന്നുണ്ട് ഈ നാടകം. എല്ലാ ദേശങ്ങളിൽ നിന്നും എല്ലാ ഭാഷകളിൽ നിന്നും എല്ലാ കാലങ്ങളിൽ നിന്നും അമ്മമാർ ആവർത്തിക്കുന്ന ഒരേ ഈണത്തിലുള്ള ആ വാക്കുകൾ തന്നെയാണ് ബെർനാദയിലൂടെ കേൾക്കുന്നത്. പെണ്ണിനെക്കുറിച്ചുള്ള ചിന്തകളിൽ 1936ൽ അരങ്ങേറിയ ഈ നാടകത്തിൽ പറയുന്നതിൽ നിന്ന് വലിയ ദൂരമൊന്നും നാം സഞ്ചരിച്ചിട്ടില്ല. മകളെ പൊറുപ്പിക്കാത്ത ഓരോ അമ്മയും ബെർനാദ ആൽബ തന്നെ. വളർന്നു വരുന്ന മകളുടെ ശരീരവും ചിന്തയും ബോധവും വികാരങ്ങളും എങ്ങനെയൊക്കെയാണ് ഓരോ അമ്മയെയും ഭീരുവും ഭ്രാന്തിയുമാക്കി മാറ്റുന്നത.് ഈ യുദ്ധത്തിൽ പരാജയപ്പെടുന്ന ഓരോ സ്ത്രീയും ബെർനാദയാകുന്നു. അതിരുകൾ മറികടക്കുന്നവരിലെ സ്വാഭാവികോർജ്ജത്തെ അവർ ഭയക്കുന്നു.

ഇതൊക്കെ മനസ്സിലാക്കുവാൻ അത്തരം വീടുകളിൽ വസിച്ചതുകൊണ്ടു മാത്രം കാര്യമില്ല. നമ്മളെ പൊതിയുന്ന വായുവിലെ രോഗാണുക്കളും ദുർഗന്ധവുമൊന്നും അതിനുള്ളിൽ കഴിയുമ്പോൾ നമുക്കു തിരിച്ചറിയാനാവില്ല. നാടകമെന്ന മാധ്യമത്തിന്റെ ശക്തി അവിടെയാണ് വെളിപ്പെടുന്നത്. സമൂഹം നേരിടുന്ന സ്വത്വപ്രതിസന്ധികളെ എല്ലാക്കാലത്തും മറികടക്കാൻ ശക്തിപ്പെടുത്തുന്നത് എഴുത്തുകാരുടെ ധിഷണാപരമായ ജാഗ്രതയാണ്. ഇടപെടലുകളാണ്. അവരുടെ ആ വർധിച്ച ബാധ്യതയാണ്. പുരുഷ കേന്ദ്രീകൃത മൂല്യങ്ങളെ ഊട്ടിയുറപ്പിച്ച് തട്ടുകേടുകളില്ലാതെ നിലനിർത്തുകയും ആന്തരിക ബാഹ്യ സമ്മർദ്ദങ്ങൾക്കടിപ്പെട്ട് സ്വയം മാനസിക രോഗികളായി മാറുകയും ചെയ്യുന്ന പെണ്ണുങ്ങളെ അപഗ്രഥിക്കുകയാണ് ലോർക്കയുടെ ഈ നാടകം. മൂല്യപരമായ മുൻവിധികളാണ് പൊതുവിൽ സ്ത്രീകളെ നിയന്ത്രിക്കുന്നത്. പുറത്തുനിന്നൊരു തരി കാറ്റുപോലും ആ വീടിന്റെ അകത്തേക്കു കയറാൻ അവർ അനുവദിക്കില്ല. അവിടെ ഞാൻ എന്നെയും കാണുന്നു.

ഒരാണിനോടുള്ള ആഗ്രഹത്തിൽ, ശരിതെറ്റുകളെ കുറിച്ചുള്ള ഭീതികളിൽ, അതുണ്ടാക്കുന്ന ആന്തരിക ബാഹ്യസമ്മർദ്ദങ്ങളിൽ അവിടെ എല്ലാത്തരം മാനുഷികതകളും, ബന്ധങ്ങളും ഇല്ലാതാവുകയാണ്. അവരെ അമർത്തി നിർത്തുന്ന കർക്കശമായ ആചാരങ്ങൾ തന്നെയാണ് ആ മേൽക്കൂരയും കടുപ്പമേറിയ ചുവരുകളും അടഞ്ഞ ജനാലകളും വാതിലുകളും. ഇത്തരം സാഹചര്യങ്ങളിൽ തങ്ങളനുഭവിക്കുന്ന മുരടിപ്പുകൾ ഒക്കെ സ്വയം ഒന്നു വിശകലനം ചെയ്യാനും ആ വിശകലനത്തിൽ നിന്ന് നേടിയെടുക്കേണ്ട പരിണാമോർജ്ജത്തെക്കുറിച്ച് വായനക്കാരെ ചിന്തിപ്പിക്കാനുമുള്ള പ്രേരണയാകുന്നുണ്ട് നാടകം. ഇതിന്റെ അന്ത്യമെന്താകുമെന്നറിയുവാനുള്ള സംഘർഷം എന്റെയും എന്റെ ചുറ്റുമുള്ള പെണ്ണുങ്ങളുടെയും അന്ത്യമെന്തായിരിക്കുമെന്നുള്ള ഉത്കണ്ഠയോളം വലുതാണ്. ലക്ഷണമൊത്ത ദുരന്തനാടകമാണിത്.
ഇതിവൃത്തത്തിൽ മാത്രമല്ല, നാടകം സൃഷ്ടിക്കുന്ന അന്തരീക്ഷത്തിലെ പിരിമുറുക്കത്തിലും ലോർക്കയുടെ ഈ നാടകം അതിശയിപ്പിക്കുന്ന സംഘർഷാത്മകത നിലനിർത്തുന്നു.

ഏറ്റവും അശക്തയെന്നു തോന്നിപ്പിക്കുന്ന നിസ്സാരയായ ഒരമ്മക്കു പോലും പെൺമക്കളുടെ മേൽ ഒരു ദുർമന്ത്രവാദിനിയുടെ ശക്തിയുണ്ട്. ബെർനാദ ആൽബ, ഞാനാണോ, എന്റെ അമ്മയാണോ, അമ്മൂമ്മയാണോ, അമ്മുമ്മയുടെ അമ്മയോ അവരുടെ അമ്മയോ ആണോ? ബെർനാദയുടെ ഒരസ്ഥിഖണ്ഡമെങ്കിലും ഉള്ളിൽ പേറിയവരും മാംസത്തിൽ പൂണ്ടു കിടക്കുന്നവരുമല്ലാതെ ഒരമ്മയും ഈ ലോകത്തുണ്ടാകാനും സാധ്യതയില്ല. പെൺകുട്ടികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും വികാരങ്ങളെയും അംഗീകരിക്കാൻ ഭയപ്പെടുന്ന അമ്മമാർ സ്‌പെയിനിലെ ഗ്രാമങ്ങളിൽ മാത്രമായി സംഭവിക്കുന്ന അത്ഭുത പ്രതിഭാസമല്ല. അതൊരു ലോകാവസ്ഥയാണ്. കാലാതീതാവസ്ഥയുമാണ്. അതുകൊണ്ടാണ് ബെർനാദയുടെ ആ വീട്ടിലേക്കു കയറിച്ചെല്ലുമ്പോൾ ഞാൻ ഭയക്കുന്നുവെന്നു പറഞ്ഞത്. നമ്മൾ നമ്മുടെ മുഴുവൻ അധാർമ്മികതകളും അനീതികളും സംഭരിച്ചു വെക്കുന്നതു തന്നെ പെൺകുട്ടികളെ നിശ്ശബ്ദരാക്കാനാണ്..

ബെർനാദയോട് ചെറുത്തു നിൽക്കുന്ന ഏക മകൾ അദേല നല്ല വസ്ത്രം ധരിക്കാനും അണിഞ്ഞൊരുങ്ങാനും പ്രണയിക്കാനും സ്വാതന്ത്ര്യം തേടി പുറത്തേക്ക് പറക്കാനും ധൈര്യമുള്ളവളാണ്. അവൾക്കാണ് നാടകത്തിനൊടുവിൽ ആ വീട്ടിൽ നിന്നു രക്ഷപ്പെടാനായി ഒടുവിൽ ആത്മഹത്യ ചെയ്യേണ്ടി വരുന്നത്. അനുസരണ കെട്ട മകൾ, മകളായിരിക്കാൻ യോഗ്യയല്ല, അവൾ ശത്രു മാത്രമാണ്. വീടുകൾ അതാവർത്തിക്കുന്നു.

അതിക്രൂരമായ മറ്റൊരു ദൃശ്യം നാടകത്തിലുണ്ട്. വിവാഹത്തിനു മുൻപ് പ്രണയബന്ധത്തിലുണ്ടായ സ്വന്തം കുഞ്ഞിനെ കൊന്നുകളയുന്ന ഒരു സ്ത്രീയെ വീടിനു മുന്നിലെ തെരുവിൽ ആൾക്കൂട്ടം അധിക്ഷേപിച്ചും കല്ലെറിഞ്ഞും വലിച്ചിഴയ്ക്കുമ്പോൾ, 'കൊല്ലവളെ, കൊല്ലവളെ' എന്ന് വീടിനുള്ളിൽ നിന്ന് ബെർനാദ ഉറക്കെ പെണ്മക്കൾ കേൾക്കെ, അല്ലെങ്കിൽ അവർ കേൾക്കാൻ വേണ്ടിക്കൂടി ' ആക്രോശിക്കുന്നു. അപ്പോൾ അടിവയറ്റിൽ കൈ ചേർത്തു പിടിച്ച് കുനിഞ്ഞു നിന്ന് സർവ്വവേദനയുമനുഭവിച്ച് 'വേണ്ട വേണ്ട' എന്നൊരു പെൺകുട്ടി വീട്ടിനുള്ളിൽ നിന്ന് നെഞ്ചു പൊട്ടി വിലപിക്കുന്നുണ്ട് അവൾ പ്രണയിനിയും സ്വാതന്ത്ര്യദാഹിയുമായ അദേലയാണ്.

അമ്മയാണ് ആ വീടിന്റെ ശാപമെന്നു വിളിച്ചു പറയുവാൻ ധൈര്യമുള്ള ഏക ശബ്ദം അവിടെ വീട്ടുജോലിക്കെത്തുന്ന ലാ പോൺസൃയുടേതു മാത്രമാണ്. അവരാകട്ടെ സമൂഹത്തിലെ താണ ശ്രേണിയിൽ പെട്ടവളും ഒരു വേശ്യയുടെ മകളുമാണ്. പെൺകുട്ടികളിൽ കാണുന്ന സ്വാഭാവികമായ ലൈംഗിക കാമനകളെ അംഗീകരിക്കുവാനും അഭിനന്ദിക്കുവാനും കഴിയുന്ന ഏക സ്ത്രീയും അവർ മാത്രമാണ്. 'കിണറ്റിലെ വെള്ളം വിഷമയവും നിശ്ചലവുമാണ് ' എന്ന ഒറ്റ പരാമർശത്തിലൂടെ അവർ ആ വീടിന്റെ അനാരോഗ്യകരമായ പശ്ചാത്തലത്തെ ധ്വനിപ്പിക്കുന്നുണ്ട്. വിവാഹ പ്രായമായ, പ്രണയമാഗ്രഹിക്കുന്നവരും ഉറക്കം നഷ്ടപ്പെട്ടവരുമായ ഈ പെൺകുട്ടികളുടെ മാനസികനിലയെക്കുറിച്ചോർത്ത് അവർക്ക് ഏറെ ഉത്കകണ്ഠകളുണ്ട്. ഈ വീട്ടിലെ ജീവിതം എത്ര ദുസ്സഹമാണെന്നവൾ ആവർത്തിക്കുന്നുണ്ട്. അവിടെ അരങ്ങേറുന്ന ദുരന്തങ്ങളുടെ സാക്ഷി അവർ മാത്രമാണ്. പാരമ്പര്യ ഭാരങ്ങൾ തലക്കു പിടിക്കാത്ത ഏക സ്ത്രീ ആ വീട്ടുവേലക്കാരി മാത്രമാണ്. മധ്യവർഗ്ഗസദാചാര ശാഠ്യങ്ങളോട് കടുത്ത വെറുപ്പു പ്രകടിപ്പിക്കുന്നുണ്ട് അവർ. 'ഈ വൃത്തികെട്ട ലോകത്തെ ഒഴിവാക്കി നടക്കാനൊരു വഴിയുമില്ലേ ഈ പെൺകുട്ടികൾക്കെ'ന്ന് അസ്വസ്ഥയാകുന്നുമുണ്ട്. കിണറും കടലും ശക്തമായ രൂപകങ്ങളാകുന്നുണ്ട് നാടകത്തിൽ.

ഇത്തരം സാഹചര്യങ്ങളിൽ ആത്മഹത്യ തിരഞ്ഞെടുക്കുന്ന ആദ്യത്തെയോ അവസാനത്തെയോ പെണ്ണും അദേലയല്ല. അദേല ഒരു തുടർച്ചയാണ്. പക്ഷേ, അങ്ങനെയുള്ള പെൺകുട്ടികളുടെ വ്യക്തിത്വത്തിൽ ചില വിള്ളലുകളുണ്ട്. വെള്ളച്ചാട്ടത്തിനിടയിൽ കാണുന്ന അത്തരം വിള്ളലുകളിലൂടെ ഭാവി പല രൂപത്തിൽ പുറത്തേക്കു വരുന്നു. അദേലമാരെ കൊല്ലാനെളുപ്പമാണ്. പക്ഷേ, എന്റെയുള്ളിലെ ബർനാർദ ആൽബയെ കൊല്ലേണ്ടതെങ്ങനെ? ഞാൻ ബർനാർദയാണ്. അവരുടെ പെണ്മക്കളാണ്. അവരുടെ അമ്മയാണ്. അവരുടെ സഹായിയായ ലേ പോൻഷ്യയുമാണ്. ഈ നാടകം വായിച്ചു ഞാൻ ഇങ്ങനെ ചില തിരിച്ചറിവുകളിൽ ഞെട്ടുന്നു. ആ ഞെട്ടൽ ബാക്കി എല്ലാറ്റിനെയും വിഴുങ്ങുന്നു.


Summary: ലോർകയുടെ ' ബെർനാദ ആൽബയുടെ വീട് ' എന്ന നാടകത്തെ വീണ്ടും വായിക്കുകയാണ് എഴുത്തുകാരിയായ ശാരദക്കുട്ടി. 1936 ൽ എഴുതിയതാണ് നാടകം. സ്വാതന്ത്ര്യമാഗ്രഹിക്കുന്ന പെൺമക്കളും കർക്കശക്കാരിയായ അമ്മയും തമ്മിലുള്ള നിരന്തര സംഘർഷമാണ് പ്രമേയം. ഈ സംഘർഷം കാലത്തിനും ദേശത്തിനും അതീതമായി എല്ലാ വീടുകളിലും ഏറിയും കുറഞ്ഞും നിലനിൽക്കുന്നുണ്ട്. സ്ത്രീ സ്വത്വത്തിന്റെ പല തരം രൂപങ്ങളെ നാടകത്തിന്റെ പശ്ചാത്തലത്തിൽ വരച്ചിടുകയാണ് ലേഖിക


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments