ഇന്ത്യയിൽ ‘പെണ്ണെഴുത്ത്’ എന്ന് മലയാളത്തിൽ വിളിക്കപ്പെടുന്ന സാംസ്കാരിക രാഷ്ട്രീയ വ്യവഹാരത്തിന് നീണ്ട ചരിത്രമുണ്ട്; ഒരു പക്ഷെ പാശ്ചാത്യ രാജ്യങ്ങൾക്കോ മറ്റ് പൗരസ്ത്യരാഷ്ട്രങ്ങൾക്കോ ഇല്ലാത്ത വിധം. തെക്കനിന്ത്യയിൽ നമുക്ക് പെട്ടെന്ന് എടുത്തു പറയാവുന്ന ഒരു ഉദാഹരണം അക്ക മഹാദേവിയാണ്. കന്നഡ സാഹിത്യത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആ പെൺകവി വൈദികമതത്തിലെ ജാതിവിവേചനത്തേയും ആൺകോയ്മയേയും കവിത കൊണ്ടും ജീവിതം കൊണ്ടും ആഴത്തിൽ വെല്ലുവിളിച്ചു. ശൈവകവികളാൽ നയിക്കപ്പെട്ട വചന കവിതാ പ്രസ്ഥാനത്തിലെ അത്രയും പ്രധാനിയായിരുന്നു അക്ക. ബ്രാഹ്മണരുടെ ഭൗതിക, ആത്മീയ മേൽക്കോയ്മയെ എങ്ങനെയാണ് അക്ക വെല്ലുവിളിച്ചതെന്ന് അറിയാൻ ആ കവിതകളിലൂടെ മാത്രം സഞ്ചരിച്ചാൽ മതി. ബ്രാഹ്മണ മാതൃകയ്ക്ക് വിരുദ്ധമായ ഒരു ജീവിതമാതൃകയും അക്ക സൃഷ്ടിച്ചു. സ്വന്തം തലമുടി കൊണ്ട് നാണം മറച്ചാണ് അക്ക സഞ്ചരിച്ചിരുന്നതെന്ന് പറയപ്പെടുന്നു. അക്കയെ കുറിച്ച് സമകാലീനനും വചന കവികളിൽ പ്രമുഖനുമായ ബസവണ്ണ എഴുതിയ കവിതയിൽ
‘ആകാശം കൊണ്ട് ഉടുത്തവനെ സ്നേഹിക്കുന്നവൾക്ക്
അരയ്ക്ക് ചുറ്റും തുണിയെന്തിന്?’
എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
അക്കയെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ ചൂഴ്ന്നുനോക്കിയാൽ, ഒരു ദ്വിമുഖ സമരമായിരുന്നു അവരുടെ ജീവിതം എന്ന് കാണാനാകും. നില നിൽക്കുന്ന ജാതിസമൂഹത്തോട് മാത്രമല്ല അവർ പൊരുതിയത്. ലിംഗ അനീതിയുടെ സമീപപരിസരത്തോടുകൂടിയാണ്. വചനകവികൾക്കുള്ളിലെ, സ്വന്തം സാഹോദര്യത്തിനുള്ളിലെ, ആൺകോയ്മയോടും അവർക്ക് പൊരുതേണ്ടിവന്നു. രാജാവായ കൗശികൻ്റെ രാജ്ഞിയായിരുന്ന അക്ക, സകല സൗഭാഗ്യങ്ങളും വെടിഞ്ഞ് കൊട്ടാരം വിട്ടിറങ്ങിയത് വചന കവികൾക്കൊപ്പം ചേരാനായിരുന്നു. എന്നാൽ ആ ശിവശരണരാകട്ടെ നിശിത വിചാരണയ്ക്ക് ശേഷം മാത്രമാണ് അവരെ കൂടെക്കൂട്ടുന്നത്.

വചന കവികളുടെ കൃതികൾ സമാഹരിച്ച ‘ശൂന്യ സമ്പാദനെ’യിൽ ആ വിചാരണയെ കുറിച്ചുള്ള വിശദവിവരങ്ങളുണ്ട്. വചന കവികളുടെ ആസ്ഥാനമായ ‘അനുഭവമണ്ഡപ’ത്തിൽ എത്തിപ്പെടുന്ന അക്കയെ, അവരുടെ തലവനായ അല്ലാമ പ്രഭുവാണ് വിചാരണ ചെയ്യുന്നത്.
‘‘നീയെന്തിനാണ് ഇങ്ങോട്ടു വന്നത്, ഭർത്താവിൻ്റെ വീട്ടിലേയ്ക്കല്ലേ നീ പോകേണ്ടത്?" എന്ന ചോദ്യമാണ് സ്വാഗതവചനമായി അവൾ നേരിട്ടത്. ‘‘ചെറിയ കുട്ടിയായ നിനക്ക് എന്ത് അനുഭവമാണ് ഉള്ളത്? പ്രണയത്തെക്കുറിച്ച് എന്തറിഞ്ഞിട്ടാണ് പ്രണയത്തെപ്പറ്റി നീ എഴുതുന്നത്? കൗശികനെ വഞ്ചിച്ചല്ലേ നീ ഓടിപ്പോന്നത്? ഒന്നും മറയ്ക്കാനില്ലെങ്കിൽ നീ നിന്നെത്തന്നെ മുടിച്ചുരുളുകളാൽ മറച്ചു വെച്ചിരിക്കുന്നതെന്തിന്? നിങ്ങൾക്കൊരു ശരീരമില്ല എന്ന മട്ടിൽ, ശവശരീരം താൻ ശവശരീരമാണ് എന്ന് പ്രഖ്യാപിക്കുന്നത് പോലെ സംസാരിക്കാൻ നിനക്ക് എങ്ങനെ സാധിക്കുന്നു?’’ എന്നിങ്ങനെ ആ ചോദ്യങ്ങൾ നീളുന്നു.
ഓരോന്നിനും തൃപ്തികരമായ ഉത്തരം നൽകിയതിനുശേഷമേ അവർക്ക് വചനകവി സംഘത്തിൽ പ്രവേശനം കിട്ടുന്നുള്ളൂ. എല്ലാ കഥയിലുമെന്ന വണ്ണം ഇതിലും അക്കാ മഹാദേവിയുടെ വൈഭവവും തനിമയും വിവേകവും വെളിപ്പെടാനുള്ള പരീക്ഷ മാത്രമായിരുന്നു എന്ന മട്ടിൽ അവസാനം ആ അഗ്നിവിചാരണയെ ലഘൂകരിക്കുന്നുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും ഇളയവളായ മഹാദേവിയെ ചേച്ചി എന്ന അർത്ഥത്തിൽ അക്ക എന്ന പദവിയും ചാർത്തിക്കൊടുക്കുന്നുണ്ട്.
വചന കവികളിലെ ആൺകവികൾക്കൊന്നും ഇത്തരം വിചാരണ നേരിടേണ്ടി വന്നതായി ഐതിഹ്യങ്ങളൊന്നുമില്ല. അറുപതോളം പെൺകവികൾ വചന കവി സംഘത്തിലുണ്ടായതായി പറയപ്പെടുന്നു. ഈ അറുപത് പെൺ കവികളും ഇത്തരം വിചാരണ നേരിട്ടുകൊണ്ടാകും സംഘ പ്രവേശനം നടത്തിയിട്ടുണ്ടാകുക.

ഇന്ത്യ വിട്ട് പുറത്തുപോയാൽ, മെക്സിക്കോയിൽ പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, പിൽക്കാലത്ത് മഹത്തായ എഴുത്തുകാരിയായ സോർ ജുവാന ഡി ലാ ക്രൂസിൻ്റെ എഴുത്തുജീവിതം നോക്കിയാലും അതിൻ്റെ തുടക്കത്തിൽ ഒരു വിചാരണയിലൂടെ അവർ കടന്നുപോകുന്നതായി കാണാം. തൻ്റെ പത്താം വയസ്സിൽ ജ്ഞാനം കൊണ്ടും സർഗ്ഗാത്മക നൈപുണ്യം കൊണ്ടും ചുറ്റുമുള്ളവരെ അത്ഭുതപ്പെടുത്തിയ പ്രതിഭാസമായിരുന്നു സോർ ജുവാന എന്ന് കേട്ടുകേൾവികൾ പറയുന്നു. കുട്ടിയായ ജുവാനയുടെ അറിവ് പരിശോധിക്കാനായി ദൈവശാസ്ത്രജ്ഞരും ചരിത്രകാരരും ഗണിതശാസ്ത്രജ്ഞരും കവികളും അടങ്ങുന്ന നാല്പതോളം മുതിർന്നവരാണ് അവരെ ചോദ്യം ചെയ്യുന്നത്. ഒരേസമയം ബാലപീഡനവും പെൺപീഡനവുമായ ആ ചോദ്യം ചെയ്യലിനെ, ജുവാനയുടെ അറിവിനെ അവസാനം കൈയ്യടിച്ചംഗീകരിക്കുന്ന കഥാപരിണാമത്താൽ മൂടിവെയ്ക്കപ്പെടുന്നു. പിൽക്കാലത്ത് മഠത്തിൽ ചേർന്ന് സന്യസ്തയായിത്തീർന്ന സോർ (സിസ്റ്റർ)ജുവാന അതിനുള്ളിൽ നിന്നും തിക്താനുഭവങ്ങൾ നേരിട്ട് അവസാനം എഴുത്തു നിർത്തുകയാണുണ്ടായത്. ആദ്യ സ്വപ്നം പോലെ ധൈഷണികമായ കവിതകൾ എഴുതിയ പെൺകവി, അവസാന വർഷങ്ങളിൽ നിശ്ശബ്ദയായി തീരുക മാത്രമല്ല ചെയ്തത്. സ്വന്തം എഴുത്തുകളെ പള്ളിക്ക് വേണ്ടി തള്ളിപ്പറയുക കൂടിയാണ്. ക്രിസ്തുവിന് മുമ്പ് , ബുദ്ധൻ്റെ ഭിക്ഷുണി സംഘത്തിലുള്ള ഥേരിഗാഥ പെൺകവികൾ ആയിരുന്നാലും മീരയെപ്പോലെ, ലാൽദെദിനെ പോലെയുള്ള ഭക്തിപ്രസ്ഥാന കവികൾ ആയാലും സവിശേഷമായ ഒരു വിചാരണ നേരിടുന്നതായി കാണാം. ആ വിചാരണ ചിലപ്പോളെങ്കിലും സ്വന്തം കൂട്ടത്തിൽ നിന്നു തന്നെയാകാം.
ഇങ്ങനെ ആൺകോയ്മയുടെ പ്രത്യക്ഷവും പരോക്ഷസൂക്ഷ്മവുമായ നിരവധി അടരുകളെ നേരിട്ടാണ് ഇന്ത്യയുടെ സാംസ്കാരിക ചരിത്രത്തിൽ മറ്റെങ്ങുമില്ലാത്ത വിധം വളരെയധികം പെൺകവികൾ സ്വന്തം കർത്തൃത്വത്തെ അടയാളപ്പെടുത്തിയത്. ഇന്ത്യയുമായി തട്ടിച്ചു നോക്കുമ്പോൾ വിരളമായ പെൺകവികൾ മാത്രമാണ് പാശ്ചാത്യ സംസ്കാരചരിത്രത്തിൽ, ആധുനിക യുഗത്തെ മാറ്റിനിർത്തിയാൽ ,സ്വന്തം കർത്തൃത്വം രേഖപ്പെടുത്തിയിട്ടുള്ളൂ എന്ന് കാണാം. ഇന്ത്യയിലാകട്ടെ സാമ്രാജ്യത്വം കൊണ്ടുവന്ന സ്ത്രീവിരുദ്ധ സദാചാരബോധം, ഫ്യൂഡൽ സദാചാരബോധവുമായി ചേർന്ന് ആധുനിക കാലഘട്ടത്തിൽ സ്ത്രീസർഗ്ഗാത്മകതയെ അദൃശ്യമാക്കി.
മലയാളത്തിൻ്റെ ചരിത്രം നോക്കുകയാണെങ്കിൽ സ്ത്രീപ്രതിരോധ ചരിത്രത്തിൻ്റെ ഐതിഹാസിക ചരിത്രത്തെ ഓർമ്മിപ്പിച്ചുകൊണ്ട് ആധുനിക സാഹിത്യലോകത്തിൽ ഇരുപതാം നൂറ്റാണ്ടിൻ്റെ പകുതിയ്ക്കുശേഷം ഒറ്റയ്ക്കും തെറ്റയ്ക്കും എഴുത്തുകാരികൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. മാധവിക്കുട്ടിയെപ്പോലൊരു എഴുത്തുകാരിയിലെത്തുമ്പോൾ വിമതത്വത്തിൻ്റെ ആ ചരിത്രസ്മരണ സമകാലികവത്ക്കരിക്കപ്പെടുകയും സ്ത്രൈണഭാവനയുടെ ആധുനികവത്ക്കരണം സാധ്യമാകുകയും ചെയ്യുന്നുണ്ട്. എന്നാൽ വിചാരണയുടെ ചരിത്രവും അതോടൊപ്പം ആധുനികവത്ക്കരിക്കുന്നുണ്ട്. മാധവിക്കുട്ടിയെ ജീവിതകാലം മുഴുവൻ അവർ പോരടിച്ചത് സാഹിത്യത്തെ പുതുക്കുന്നതിന് മാത്രമായിരുന്നില്ല. അവരുടെ സാഹിത്യത്തിൽനിന്ന് ചുരണ്ടിയെടുത്ത വസ്തുതകൾ ഉപയോഗിച്ച് ജീവിക്കാനുള്ള അവരുടെ പൗരാവകാശത്തെ അസ്വസ്ഥപ്പെടുത്തുന്നതിനുവേണ്ടിയായിരുന്നു. പുരാതന സ്ത്രീയെഴുത്തുകാരുടെ കഥയുടെ സമാപനങ്ങളിൽ എന്നപോലെ പോലെ സമകാലിക എഴുത്തുകാരുടെ അംഗീകാരം ലിംഗഭേദമന്യേ അവർ നേടിയെടുത്തെങ്കിൽ പോലും.

സാറാ ജോസഫിൻ്റെ പ്രസക്തി മലയാളത്തിൽ അടയാളപ്പെടുത്തേണ്ടത് ഈയൊരു നിമിഷത്തിൽ ആണ്. ആ നിമിഷം വളരെ പ്രധാനപ്പെട്ടതാണ്. വിചാരണയ്ക്ക് വിധേയയാകുന്ന സ്ത്രീ എന്ന മാതൃകയിൽ നിന്ന് വ്യത്യസ്തമായി വിചാരണയുടെ കർത്താക്കളെ തിരിച്ചു വിചാരണ ചെയ്യുന്ന സ്ത്രീ എന്ന മാതൃകയിലേയ്ക്ക് സാംസ്കാരിക രംഗം മാറുന്നത്, മലയാളത്തിൽ പ്രധാനമായും സാറാ ജോസഫിലൂടെയാണ്. പാശ്ചാത്യ സാഹിത്യ സിദ്ധാന്തങ്ങൾ കൊണ്ടുവന്ന ‘പെണ്ണെഴുത്ത്’ പോലുള്ള സങ്കല്പനങ്ങൾ വെച്ച് ഈ പ്രരൂപമാറ്റത്തിൻ്റെ അട്ടിമറി സ്വഭാവം വിലയിരുത്താൻ പൂർണ്ണമായും സാധിക്കുകയില്ല. സച്ചിദാനന്ദൻ, സാറാ ജോസഫിൻ്റെ പാപത്തറ എന്ന കഥാസമാഹാരത്തിനെഴുതിയ അവതാരികയിൽ ‘പെണ്ണെഴുത്ത്’ എന്ന സങ്കല്പനത്തെ മലയാളത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നത് സാറാ ജോസഫിൻ്റെ സവിശേഷതയെ വെളിച്ചത്തിൽ നിറുത്തുന്ന ഒന്നാണെങ്കിൽ പോലും, പിൽക്കാല നിരൂപകരും മികച്ച വായനക്കാർ പോലും ആ സങ്കല്പനത്തിൽ പരമവിശ്വാസമർപ്പിച്ചപ്പോൾ ഇന്ത്യയിലെ പെണ്ണെഴുത്തിൻ്റെ ചരിത്രത്തിലെ പരമപ്രധാനമായ ഒരു ദൗത്യനിർവ്വഹണം ഏറ്റെടുക്കുകയായിരുന്നു സാറാ ജോസഫ്.
മാധവിക്കുട്ടിയെയും പാൽക്കുളങ്ങര സരസ്വതിയമ്മയെയും മറ്റും അവരുടെ കൃതികളിലൂടെ തന്നെ നമുക്ക് വിമതരായി അടയാളപ്പെടുത്താനാകും. എന്നാൽ പെണ്ണെഴുതുമ്പോൾ സമാന്തരമായി വളരുന്ന വിചാരണാചരിത്രത്തെ ഭയന്നാകും, സാമ്പ്രദായികതയുടെ ചട്ടക്കൂട്ടിൽ തങ്ങളെത്തന്നെ മറച്ചുവെച്ച എഴുത്തുകാരികളുടെ കൂട്ടം ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ മലയാളത്തിൽ എഴുതിയിരുന്നു. ബാലാമണിയമ്മയും സുഗതകുമാരിയും ലളിതാംബികാ അന്തർജ്ജനവും ഒക്കെ പെട്ടെന്ന് പറയാവുന്ന ഉദാഹരണങ്ങൾ. ഒരു രൂപകം ഉപയോഗിച്ച് പറയുകയാണെങ്കിൽ അവർ അക്കാ മഹാദേവിയെപ്പോലെ സാമ്പ്രദായികതയുടെ വസ്ത്രങ്ങൾ ഉരിഞ്ഞെറിഞ്ഞില്ല. എന്നാൽ സാമ്പ്രദായികതയുടെ വസ്ത്രങ്ങൾക്കുള്ളിൽ നഗ്നതയെ വേഷപ്രച്ഛന്നമാക്കി. മഴുവിൻ്റെ കഥ പോലെ, ഐതിഹ്യത്തിനെ ഉപജീവിച്ചു കൊണ്ടെഴുതുന്ന കവിതയായാലും വേലക്കാരികളെ കുറിച്ചുള്ള കവിതയായാലും ഭൂകമ്പസദൃശ്യമായ ഒരു അട്ടിമറി ബാലാമണിയമ്മയുടെ കവിതകളിൽ സൂക്ഷ്മദൃക്കുകൾക്ക് മാത്രം കണ്ടെത്താൻ പാകത്തിൽ ഉള്ളടങ്ങിയിരുന്നു.

'ഒരു സ്വപ്നം' പോലെ കൃഷ്ണകവിതകളിൽ ഒന്നായി വായിക്കപ്പെട്ട സുഗതകുമാരിക്കവിതയിൽ, എത്ര കൊതിച്ചാലും കൃഷ്ണൻ്റെ ഇടം വളരെ വളരെ ദൂരെയാണ്, ജനാലയ്ക്ക് പുറത്തു മാത്രമല്ല, ജന്മങ്ങൾക്ക് പുറത്താണ് താൻ നിലകൊള്ളുന്നത് എന്ന വലിയ പ്രതിസ്വഭാവമുള്ള കണ്ടെത്തലുണ്ട്. ഇന്ത്യയിലെ പെൺകവികൾക്ക്, പ്രത്യേകിച്ച് ഭക്തിപ്രസ്ഥാനത്തിലെ പെൺകവികൾക്ക്, ഭക്തി എന്നത് വിമതത്വം വാർത്തെടുക്കാനുള്ള മാധ്യമം കൂടിയായിരുന്നു എന്ന വസ്തുത മുൻനിർത്തി, സുഗതകുമാരിയുടെ ഭക്തികവിതകൾ വായിച്ചെടുക്കാൻ നാം മെനക്കെട്ടില്ല. നമ്മുടെ കാലത്തെ പിടിച്ചുകുലുക്കിയ സാമ്രാജ്യത്വവും സാമ്രാജ്യത്വത്താൽ പ്രോത്സാഹിക്കപ്പെട്ട ഫ്യൂഡൽ മൂല്യങ്ങളും നമ്മെ അതിൽ നിന്നകറ്റിനിർത്തി എന്ന് പറയുകയാകും കൂടുതൽ സത്യം. സ്വാതന്ത്ര്യ സമരകാലത്തെ ഭൗതികവും ആത്മീയവുമായ സമസ്യകളെ, അനേകായിരം പുരുഷ കഥാപാത്രങ്ങളെ സൃഷ്ടിച്ച് പുരുഷ എഴുത്തുകാർ പിടിച്ചെടുക്കാൻ ശ്രമിച്ച സമസ്യകളെ, ദേവകീബഹൻ എന്ന ഒറ്റക്കഥാപാത്രസൃഷ്ടി കൊണ്ട് ചരിത്രപരമായി മറികടന്ന ലളിതാംബിക അന്തർജനത്തിൻ്റെ അഗ്നിസാക്ഷി എന്ന നോവലിലെ വിമതത്വവും സാമ്പ്രദായിക വായനയിൽ നമുക്ക് പിടിതരാത്ത ഒന്നാണ്.
എന്നാൽ സാറാ ജോസഫ് തൻ്റെ പ്രതി വിചാരണ തുടങ്ങിവെച്ചതോടെയാണ് ഇതെല്ലാം നമുക്ക് മനസ്സിലാകുന്നത്. അതിനാൽ സാറാ ജോസഫിൻ്റെ മുഹൂർത്തം വരാനിരിക്കുന്ന പെൺതലമുറ എഴുത്തുകാരെ പ്രവചിക്കുക മാത്രമല്ല ചെയ്തത്, മറിച്ച് മുൻ തലമുറയിലെ പെണ്ണെഴുത്തുകളിലെ വിമതത്വത്തെ വിമോചിപ്പിക്കുക കൂടിയാണ്.

ഏത് കീഴാള ദർശനത്തിൻ്റേയും ബാധ്യത എന്നത് അവ പ്രകാശിതമാകുന്നത് പലപ്പോഴും ലളിതവും നേർപ്പിച്ചതുമായ മാതൃകകളിൽ കൂടിയായിരിക്കും എന്നതാണ്. നമ്മുടെ പുരോഗമന കൃതികളിലെ പുരോഗമന സ്വഭാവം പലപ്പോഴും ആഗ്രഹചിന്ത മാത്രമാകുന്നത് അതുകൊണ്ടാണ്. ഏതെങ്കിലും തരത്തിലുള്ള സംഘടിതരൂപം ആർജ്ജിച്ചാൽ, ആ സംഘടനയെ ചുറ്റുന്ന ഒന്നായി രാഷ്ട്രീയ എഴുത്ത് മാറിപ്പോകുന്നത് നമ്മുടെ നിത്യാനുഭവമാണ്. അത് പ്രതിപക്ഷ സ്വഭാവം ഉറക്കെ വിളിച്ചു പറയുന്ന ഭരണപക്ഷ എഴുത്തായി തീരുന്നു. സാറാ ജോസഫ് അതിനെ അതിജീവിച്ചത് ദേശചരിത്രത്തിലേയ്ക്ക് പോയാണ്. ആഴത്തിലെ ദേശത്തെ എഴുതുന്നതാണ് എഴുത്ത് എന്ന് എൻ. ശശിധരൻ നടത്തിയ അഭിമുഖ സംഭാഷണത്തിൽ കെ.ജി.എസ് പറയുന്നുണ്ട്. ആലാഹയുടെ പെൺമക്കൾ, സാറാ ജോസഫിനെ സംബന്ധിച്ച്, അത്തരമൊരു ആഴത്തിലേയ്ക്കുള്ള കൂപ്പുകുത്തലായിരുന്നു. ഇന്ത്യൻ സാഹിത്യ ചരിത്രത്തിലെ പ്രതിരോധ സ്വഭാവമുള്ള പെണ്ണെഴുത്തിൻ്റെ വ്യാസം അതിലൂടെ വലുതാക്കപ്പെട്ടു. പുതിയ കലർപ്പുകളിലേയ്ക്ക് അതിനെ വ്യാപിപ്പിച്ചു. തൃശ്ശൂർ നഗരവും പരിസരവും ആലാഹയുടെ പെൺമക്കൾ വരുന്നതുവരെ വടക്കുന്നാഥനും ശക്തൻതമ്പുരാനും ആയിരുന്നു. തൃശ്ശൂരിന്റെ സംസ്കാരത്തിൽ അലിഞ്ഞുചേർന്ന് കിടക്കുന്ന നസ്രാണി ഘടകങ്ങൾ അതുവരെ സമകാലീനമായി പ്രകാശിക്കപ്പെട്ടിരുന്നില്ല. ജർമ്മനിയിൽ നിന്നും വന്ന് മലയാള ഭാഷ പഠിച്ച് അതിൽ കവിതയെഴുതിയ നാഗേലും അർണോസ് പാതിരിയും സൃഷ്ടിച്ച അത്ഭുതം നമുക്കിന്നും അന്യമാണ്. ‘സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു’ എന്നെഴുതിയ നാഗേലിൻ്റെ കവിത്വത്തെ അത് സിനിമാപ്പാട്ടാക്കിയ വയലാറിന് ഏല്പിച്ചു കൊടുത്തു.
‘ദുഃഖമൊക്കെ പറവാനായ്
വാക്കു പോരാ മാനുഷർക്ക്
ഉൾക്കനെ ചിന്തിക്കുവാനായ്
ബുദ്ധിയും പോരാ’ എന്നെഴുതിയ അർണോസ് പാതിരിയെ നാം ഒരിടത്തും ഉദ്ധരിച്ചില്ല.
പീഡാനുഭവത്തിൻ്റെ സ്മരണാദിനങ്ങളിൽ ക്രിസ്ത്യൻ ഗൃഹങ്ങളുടെ അകത്തളങ്ങളിലല്ലാതെ . സഭയുടെ സാമ്പ്രദായികതയിൽ നിന്ന് അവയ്ക്ക് ഇപ്പോഴും മോചനം ലഭിച്ചിട്ടില്ല.
ആലാഹയുടെ പെൺമക്കൾ ആണ് വേറൊരർത്ഥത്തിൽ അത് ചെയ്യുന്നത്. ബഹുസ്വര ജീവിതത്തിന്റെ പ്രതിനിധാനം, ആലാഹയുടെ പെൺമക്കളും തുടർന്നു വന്ന രണ്ടു നോവലുകളും, മലയാളത്തിൽ ശക്തിയോടെ നിറവേറ്റി. ബഷീർ മുസ്ലീം ജീവിതം കൊണ്ട് ചെയ്ത പോലെ. കലർപ്പാണ് സംസ്കാരം എന്ന് പറയുമ്പോൾ ഇന്നത്തെ രാഷ്ട്രീയ പരിസ്ഥിതിയിൽ അതൊരു രാഷ്ട്രീയ പ്രസ്താവനയാണ്. ഇന്ത്യയുടെ ഭാഷകളിലെ കലർപ്പിനെ കുറിച്ച് മറ്റൊരു സ്ത്രീ, പെഗ്ഗി മോഹൻ തൻ്റെ പുസ്തകങ്ങളിലൂടെ പറഞ്ഞുവെയ്ക്കുമ്പോൾ, ശുദ്ധ ഭാഷയെക്കുറിച്ചുള്ള സങ്കല്പനങ്ങൾ തകർന്നു വീഴുന്ന പോലെ, ആലാഹയുടെ പെൺമക്കൾ ഉൾപ്പെടുന്ന ട്രിലജി, ശുദ്ധ സംസ്കാരബോധത്തെ നല്ല രീതിയിൽ ആക്രമിക്കുന്നുണ്ട്.
അവസാനമായി, സാറാ ജോസഫ് എഴുത്തിൻ്റെ നിലത്തെ നിതാന്ത പ്രതിപക്ഷസ്ഥലമായി നിർവ്വചിച്ചത് നാം നന്ദിയോടെ സ്മരിക്കേണ്ടതുണ്ട്. എഴുത്ത് എന്നാൽ പ്രതിപക്ഷ പ്രവർത്തനമാണ് എന്ന് അവർ തന്റെ എഴുത്തുകൾ കൊണ്ടും പ്രവർത്തനം കൊണ്ടും നിർവ്വചിച്ചു. സാമൂഹ്യ ജനാധിപത്യം എന്ന ആശയത്തെ അംബേദ്കർ നിർവ്വചിച്ചത് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹത്തെ നിരന്തരമായി പുനർനിർവ്വചിക്കുക എന്ന പ്രവർത്തനമായിട്ടാണ്. സാറാ ജോസഫിൻ്റെ എഴുത്തുകൾ അതിനെ ഭംഗിയായി നിവർത്തിക്കുന്നു. പാരമ്പര്യം പോലും അവർക്ക് പുച്ഛിക്കാനുള്ളതല്ല. അതാണ് ഇക്കാലത്തെ എളുപ്പവഴിയെങ്കിലും. ശൂർപ്പണഖ ആയാലും ബൈബിളിലെ സാറ ആയാലും അവർക്ക് ആശയപരമായി പ്രവർത്തിക്കാനുള്ള സാംസ്കാരിക പദാർത്ഥങ്ങൾ ആണ്. ഭൂതകാലം എന്നത് നിരന്തരം പ്രവർത്തിച്ച് പുതുക്കേണ്ട ഒന്നാണ് എന്നവർ നമ്മെ ഓർമ്മിപ്പിക്കുന്നു.