വി. പ്രവീണ

കഥയുടെ ദിക്കിലെ
പ്രമാണലംഘനങ്ങൾ

സാറാ ജോസഫിന്റെ കഥകളിലെ പ്രമാണലംഘകരായ മനുഷ്യരെക്കുറിച്ച് എഴുതുന്നു വി. പ്രവീണ.

സാറാ ജോസഫിന്റെ രചനാലോകത്തെ കഥയുടെ ഒരു ദിക്ക് എന്ന് വിശേഷിപ്പിക്കാനാണിഷ്ടം. ഭൂമിയെ സംബന്ധിച്ച് കിഴക്കെന്നെന്നും പടിഞ്ഞാറെന്നും വടക്കെന്നും തെക്കെന്നുമൊക്കെ പറയും പോലെ കഥയെ സംബന്ധിച്ച് പ്രധാനമായൊരു ദിക്ക്. ഭൗമമായ ദിക്കുകൾ സമുദ്രത്തിലേക്കോ പർവതങ്ങളിലേക്കോ സമതലങ്ങളിലേക്കോ മരുഭൂമികളിലേക്കോ നീളും. കഥയുടെ അഭൗമമായ ഈ ദിക്കിൽ മനുഷ്യാവസ്ഥകളുടെ മേൽപറഞ്ഞ രൂപങ്ങളെല്ലാമുണ്ട്. അവിടെ മുഴങ്ങുന്നതാവട്ടെ പ്രമാണലംഘനങ്ങളുടെ ശബ്ദം മാത്രം. ആ ദിക്കിൽ സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളൊക്കെയും ഏതെങ്കിലും വിധത്തിൽ പ്രമാണങ്ങളെ ലംഘിച്ചവരാണ്. പ്രമാണലംഘനത്തിന് പിഴയൊടുക്കിയവരുണ്ട്. ആ പ്രക്രിയയിൽ സമൂഹത്തെ മലർത്തിയടിച്ചവരുമുണ്ട്.

മനസ്സിന്റെ സ്വതന്ത്രവും ജൈവികവുമായ ചലനത്തിനുമേൽ വ്യവസ്ഥിതി അണിയിക്കുന്ന കനപ്പെട്ട ചങ്ങലകളെ അറുത്തുമാറ്റുന്ന ഈർച്ചവാളാണ് ഇവിടെ ഭാഷ. തിരുത്തലിന്റെ പ്രക്രിയയായി കഥ മാറുന്നു. പ്രമാണലംഘനങ്ങൾക്ക് വ്യവസ്ഥിതി എന്ന ന്യായാലയം വിധിക്കുന്ന പിഴകൾക്കെതിരെ, വിലക്കുകളെ ഓർമപ്പെടുത്തി സത്തയിൽ നിന്ന് ആട്ടിയകറ്റുന്ന സമൂഹത്തിന്റെ പരമാധികാരകല്പനകൾക്കെതിരെ നിരന്തര യുദ്ധം നടക്കുന്ന ദേശം കൂടിയാണത്. ആ എതിർപ്പിന്റെ പ്രകമ്പനങ്ങളാണ് കഥയുടെ ഈ ദിക്കിൽ മാറ്റൊലി കൊള്ളുന്നത്. മുടികോതി... മുടികോതി... മുടികോതി... മുറ്റത്തുനിൽക്കുന്ന ലളിതയോട് മുടി കെട്ടിവയ്‌ക്കെന്നു കല്പിക്കുന്ന, 'മുട്ടി കെട്ടാൻ' എന്നലറുന്ന സനാതനൻ (മുടിത്തെയ്യമുറയുന്നു) ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ വ്യവസ്ഥിതിയുടെ പ്രതിബിംബങ്ങളാണ്. ലളിത എതിർപ്പിന്റെ ബിംബവും. കല്പിക്കുന്നവരുടെയും കല്പനകളെ ലംഘിക്കുന്നവരുടെയും ദ്വന്ദ്വം. കഥ ദ്വന്ദ്വയുദ്ധമായി മാറുന്നു.

മനസ്സിന്റെ സ്വതന്ത്രവും ജൈവികവുമായ ചലനത്തിനുമേൽ വ്യവസ്ഥിതി അണിയിക്കുന്ന കനപ്പെട്ട ചങ്ങലകളെ അറുത്തുമാറ്റുന്ന ഈർച്ചവാളാണ് സാറാ ജോസഫിന്റെ ഭാഷ.

'കടൽത്തീരത്തി'ലെ വെള്ളായിയപ്പനെ ഓർമിപ്പിക്കുന്ന സുബ്രഹ്മണ്യൻ എന്നൊരു കഥാപാത്രമുണ്ട് 'അവൻ വരുന്ന ദിവസം' എന്ന കഥയിൽ. തുറുങ്കിലടയ്ക്കപ്പെട്ട മകന്റെ മടങ്ങിവരവിനായി അന്തമില്ലാതെ കാത്തിരിക്കുന്നൊരാൾ. ഒരടി മുന്നോട്ടുവച്ചാൽ പത്തടി പിന്നാക്കം തള്ളിമാറ്റുന്ന ലോകനീതിയോട് ഏറ്റുമുട്ടുന്ന മാധവിയും അതേ കഥയിലാണുള്ളത്. 'കറുപ്പ്' എന്ന കഥയിൽ ആട്ടിൻകുട്ടിയുടെ കഴുത്തിലെ മണികൾ അഴിച്ചെടുത്ത് കാലിൽ ചിലങ്കയാക്കുന്ന മൂന്ന് പെൺകുഞ്ഞുങ്ങളുണ്ട്. അവരുടെ ഉപ്പ ജയിലിലാണ്. താടിരോമം കാരണമാണ് അയാൾ ജയിലിലായത്.
തൂക്കുകയറിന്റെ വളയത്തിനുള്ളിൽ കഴുത്ത് കുടുക്കിയ, തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട ഒരച്ഛന്റെ മകളിലൂടെയാണ് 'കുറ്റവും ശിക്ഷയും' എന്ന കഥ ചലിക്കുന്നത്. 'ഒരു പരമ രഹസ്യത്തിന്റെ ഓർമയ്ക്ക്' എന്ന കഥയിൽ മഴവിൽത്തറയിൽ സൊറസൊറാ മൂത്രമൊഴിക്കുന്നൊരു ശരീഫയുണ്ട്. പിടിച്ചുവെക്കേണ്ടതിനെ ഒഴിച്ചുവിട്ടു എന്ന പ്രമാണലംഘനത്തിന് അവൾക്കും വിധിക്കപ്പെടുന്നുണ്ട് ശിക്ഷ. 'വീടിരിക്കുന്ന ദിക്കി'ലും 'കഥ'യിലും ഒക്കെയുണ്ട് പ്രമാണലംഘകരായ കഥാപാത്രങ്ങൾ കുറെയേറെപ്പേർ.

കടൽത്തീരത്തി'ലെ വെള്ളായിയപ്പനെ ഓർമിപ്പിക്കുന്ന സുബ്രഹ്മണ്യൻ എന്നൊരു കഥാപാത്രമുണ്ട് 'അവൻ വരുന്ന ദിവസം' എന്ന കഥയിൽ. തുറുങ്കിലടയ്ക്കപ്പെട്ട മകന്റെ മടങ്ങിവരവിനായി അന്തമില്ലാതെ കാത്തിരിക്കുന്നൊരാൾ. ഒരടി മുന്നോട്ടുവച്ചാൽ പത്തടി പിന്നാക്കം തള്ളിമാറ്റുന്ന ലോകനീതിയോട് ഏറ്റുമുട്ടുന്ന മാധവിയും അതേ കഥയിലാണുള്ളത്.
കടൽത്തീരത്തി'ലെ വെള്ളായിയപ്പനെ ഓർമിപ്പിക്കുന്ന സുബ്രഹ്മണ്യൻ എന്നൊരു കഥാപാത്രമുണ്ട് 'അവൻ വരുന്ന ദിവസം' എന്ന കഥയിൽ. തുറുങ്കിലടയ്ക്കപ്പെട്ട മകന്റെ മടങ്ങിവരവിനായി അന്തമില്ലാതെ കാത്തിരിക്കുന്നൊരാൾ. ഒരടി മുന്നോട്ടുവച്ചാൽ പത്തടി പിന്നാക്കം തള്ളിമാറ്റുന്ന ലോകനീതിയോട് ഏറ്റുമുട്ടുന്ന മാധവിയും അതേ കഥയിലാണുള്ളത്.

കരഞ്ഞൊഴിവാക്കാത്തതുകൊണ്ടും ചിരിച്ചൊഴിവാക്കാത്തതുകൊണ്ടുമുള്ള പലതരം മാലിന്യങ്ങൾ ഉള്ളിൽ കെട്ടക്കിടന്ന് എല്ലാവരും ചീഞ്ഞഴുകാൻ തുടങ്ങിയ നഗരമാണ് 'നമ്മോടുകൂടെയുള്ളവൻ' എന്ന കഥയുടെ പരിസരം. കുട നന്നാക്കുന്ന വാസുവിനും നീറ്റുമരുന്ന് വിൽക്കുന്ന പ്രേമനുമിടയിൽ ഒരു ചെറുപ്പക്കാരൻ കഥയിൽ കൂടാരം കെട്ടുന്നുണ്ട്. ആരും കരയാത്ത ദേശത്ത് ആളുകളെ കരയിക്കാനാണയാൾ കൂടാരമൊരുക്കുന്നത്. അതുവഴി ആളുകൾക്കതൊരു സഹായമാകുമെന്നയാൾ കരുതുന്നു. ആ പ്രമാണലംഘനത്തിന് അവന് എന്നേക്കുമായി തുറുങ്ക് വിധിക്കപ്പെടുന്നു.

'ഒടുവിലത്തെ സൂര്യകാന്തി'യിൽ സൂസന്ന പ്രണയത്താലാണ് പ്രമാണത്തെ ലംഘിക്കുന്നത്. 'പ്രണയം ഒരു ഗതികേടാണ്. ഒഴിഞ്ഞുപോകാനും പിടിച്ചുനിൽക്കാനുമാകാതെ കുഴഞ്ഞുവീഴുന്ന മനുഷ്യരെയാണ് അതിന് വേണ്ടത്. ശരിക്കും അതൊരു വഴിമുട്ടിക്കലാണ്. പുറത്തേക്കുള്ള എല്ലാ വഴികളും പ്രണയം അടച്ചുകളയുന്നു. അതിനകത്തുതന്നെ അഴുകുകയും മലിനമാകുകയും നാറിത്തുടങ്ങുകയും ചെയ്താലും എടുത്തുകളയാനോ മുറിച്ചുമാറ്റാനോ പറ്റാത്ത വിധത്തിൽ പ്രണയം കോശങ്ങളിൽ ചീയുന്നു...' സൂസന്നയുടെ ശിലാലിഖിതമാണിത്. മാലിന്യങ്ങളെ പുറത്തൊഴുക്കാതെ ചീഞ്ഞഴുകുന്ന കരയാത്തവരുടെ ദേശത്തിലും കോശങ്ങൾ ചീയുന്ന പ്രണയത്തിന്റെ ദേശത്തിലും സാറാ ജോസഫ് പ്രമാണലംഘകരായ മനുഷ്യരെ സൃഷ്ടിച്ചു.



വ്യവസ്ഥിതിയാലും വികാരങ്ങളാലും ചീഞ്ഞഴുകിത്തുടങ്ങുന്ന ജീവിതങ്ങളുടെയും അവയ്ക്കുപിന്നിലെ പ്രമാണലംഘനങ്ങളുടെയും ഈ കഥകൾക്കിടയിൽ അതിന് നേരെതിരായൊരു വായനയാണ് കഥാകാരിയുടെ 'വിശുദ്ധ റങ്കൂൺ പുണ്യാളൻ' എന്ന നീണ്ടകഥ മുന്നോട്ടുവെക്കുന്നത്. നിസ്സഹായതയെ ദ്യോതിപ്പിക്കുന്ന വിഷാദം മുറ്റിയ ഭാഷയോ ഇരുണ്ട ശോകമയമായൊരന്തരീക്ഷമോ ഈ കഥയിൽ തെല്ലുമില്ല. ജീവിതകാലം മുഴുവൻ ചാവുദോഷങ്ങളിൽ മുഴുകി ജീവിക്കയും കൂദാശാ സ്വീകരണം വഴി യാതൊരു വരപ്രസാദവെളിച്ചവും സ്വീകരിക്കാതിരിക്കുകയും പശ്ചാത്തപിക്കാതെ മരിച്ചുപോവുകയും ചെയ്ത് നരകത്തിനർഹമായിത്തീർന്ന റങ്കൂൺ തോമയുടെ ജീവിതമാണ് കഥയുടെ ഇതിവൃത്തം. ചോദനകളുടെ സകലമാന മുകുളങ്ങളെയും അരിഞ്ഞുവീഴ്ത്തുന്ന സാമൂഹ്യസദാചാര ബോധം എന്ന മൂർച്ചയേറിയ ആയുധം പ്രമാണലംഘനങ്ങളുടെ രസമറിഞ്ഞ് പ്രതിരോധം എന്ന മഞ്ചപ്പെട്ടിക്കുള്ളിൽ സ്വയം അഴുകാനനുവദിക്കാതെ അവശേഷിക്കുന്ന മനുഷ്യരിൽ ഏൽപ്പിക്കുന്ന ദുർബലവും തോറ്റമ്പുന്നതുമായ പ്രഹരങ്ങളെ നിശിത വിമർശനത്തിനിരയാക്കുന്ന കഥ.

റങ്കൂൺ തോമ എന്ന വഴിപിഴച്ചവന്റെ മരണാനന്തര ജീവിതത്തിലെ അതിശയങ്ങളിലൂടെയാണ് കഥയുടെ സഞ്ചാരം. മരണാനന്തരം ആറുമാസം കഴിഞ്ഞ് നട്ടുച്ചയ്ക്ക് കുഴിവെട്ടുകാരൻ ആഗസ്തിയുടെ കൂന്താലി റങ്കൂൺ തോമയുടെ മഞ്ചപ്പലകയിൽ ചെന്നുപതിക്കുകയാണ്. ദ്രവിക്കാത്ത പലകയിൽ കൂന്താലി ചെന്നുകൊണ്ടതിന്റെ ആഘാതത്തിൽ അടിച്ച ഇരുന്നൂറ് മില്ലിയുടെ കെട്ടഴിഞ്ഞ് ആഗസ്തി നടുങ്ങി. മണ്ണുചിക്കിമാന്തി നോക്കിയ ആഗസ്തി മഞ്ചത്തുണി പോലും അനങ്ങാത്ത റങ്കൂൺ തോമയുടെ കേടുപാടുകളില്ലാത്ത മരണാന്തര ദേഹം കണ്ട് ആർത്തനായി.
ദഹിക്കാത്ത റങ്കൂണിനെപ്പറ്റി വികാരിയച്ചനെ അർധബോധാവസ്ഥയിൽ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട് അതീവവിവശനായ ആഗസ്തി. നാടൻ കവിയും ഗായകനുമായ റങ്കൂൺ തോമ വികാരിയച്ചന്റെ ചെയ്തികളെ പറ്റി രണ്ടു പാനയും ഒരു വഞ്ചിപ്പാട്ടും ഉണ്ടാക്കി ഇടവകയാകെ അത് പ്രചരിപ്പിച്ചിട്ടാണ് നാടുനീങ്ങിയത്. ആ ചെയ്ത്തു ചെയ്ത തോമയോടുള്ള സമസ്ത നീരസവും വികാരിയച്ചനിൽ ഈ അദ്ഭുത വാർത്തകേട്ട നിമിഷം പതഞ്ഞുപൊങ്ങി.
ലൂസിഫർ മുതൽക്കിങ്ങോട്ടുള്ള സകല പിശാചുക്കളെയും അടക്കാനുള്ള നമസ്‌കാര പുസ്തകവും കൈയിലേന്തി വികാരിയച്ചൻ ആഗസ്തീ സമേതനായി റങ്കൂൺ തോമ ദഹിക്കാതെ കിടക്കുന്ന തോണ്ടിയ കുഴിക്കരികിൽ ചെന്നുനിന്നു. മരിച്ചന്നത്തേക്കാൾ കേമനായി മഞ്ചയിൽ വിലസുന്ന തോമയ്ക്ക് മുന്നിൽ അച്ചൻ നിസ്സഹായനായി. നിമിഷനേരം കൊണ്ട് സെമിത്തേരിയെമ്പാടും പുരുഷാരം തിങ്ങിനിറഞ്ഞു. തോമായുടെ സഹോദരിമാരായ മാർത്തയും മറിയവും അലമുറയിട്ടുകൊണ്ട് പാഞ്ഞെത്തി.
കഞ്ചാവടി വീരനായ തോമായുടെ വീരശൂര പരാക്രമങ്ങൾ പലതും കഥയിൽ വിവരിക്കപ്പെടുന്നുണ്ട്. വയമ്പരച്ച് കൊടുക്കുന്നതിന് പകരം മുലപ്പാലിൽ കഞ്ചാവരച്ചുകൊടുത്താണ് തോമയെ അമ്മ ഭൂമിയിലേക്ക് സ്വാഗതം ചെയ്തതെന്നൊരു കേൾവിയുണ്ട്. അങ്ങനെ നീലസ്വപ്‌നങ്ങളിൽ ജനിച്ചുവളർന്ന് നീലസ്വപ്നങ്ങളിൽ വിലയം പ്രാപിച്ച തോമ മരണാന്തരവും പൊല്ലാപ്പുകൾ തുടരുകയാണ്.
തോമായുടെ വലതുതുടയിലെ മാന്ത്രിക ചെമ്പുതകിട് നീക്കം ചെയ്ത് ചാത്തനെ പുറത്തുചാടിച്ച് ഇടവകക്കാർ തോമാശവത്തെ രണ്ടാമതും കുഴിച്ചുമൂടുന്നു. അനന്തരം ആറുമാസങ്ങൾ കടന്നുപോയി. വീണ്ടും തോമായുടെ കുഴിതോണ്ടി എല്ലും തലയോടും പെറുക്കി അസ്ഥിക്കുഴിയിലിടാൻ വികാരീസമേതനായ ആഗസ്തി എത്തി. ഇരുവരും ചേർന്ന് മഞ്ചക്കുഴി തുറന്നു. മാർത്തയും മറിയവും പുരുഷാരവും ശവക്കോട്ടയിൽ തടിച്ചുകൂടി. മഞ്ചപ്പെട്ടി തുറന്നു. ആറുമാസംമുമ്പ് ചൂടുവെള്ളം കൊണ്ട് കഴുകി മണ്ണുനീക്കി വെടിപ്പാക്കിയ അതേ മുഖത്തോടെ പ്രതാപിയായ തോമ മഞ്ചത്തിൽ അഴുകാതെ നിവർന്നുകിടന്നു.
പലരും തോമയുടെ മുഖത്തിനു ചുറ്റും നീലപ്രകാശം കണ്ടു. എന്തുവന്നാലും അളിയില്ല എന്ന ദുർവാശിക്കപ്പുറം ആ മുഖത്ത് മറ്റ് യാതൊന്നും കാണാത്ത വികാരിയച്ചൻ ചടുപിടുന്നനെ ശവത്തെ വീണ്ടും കുഴിച്ചിട്ടു. അതിനുശേഷം ഒരു മഴക്കാലത്ത് അതായത് തോമാ മരണപ്പെട്ട് കൃത്യം രണ്ടുവർഷവും ഒരു മാസവും പതിനാല് ദിവസവും കഴിഞ്ഞ് ഒരു മഴദിവസം വലിയ കാലൻകുട പിടിച്ച അച്ചന്റെ കാവലിൽ അതീവ രഹസ്യമായ ആഗസ്തി വീണ്ടും മഞ്ചപ്പെട്ടി തുറന്നു. അപ്പോഴും തോമാ അഴുകിയിരുന്നില്ല. ഈ ഉദ്യമത്തിന്റെ രഹസ്യാത്മകതയെ തകിടംമറിച്ചുകൊണ്ട് ഏതോ അജ്ഞാത ശക്തി പിടിച്ചുവലിച്ചിട്ടെന്നപോലെ പെരുമഴ നനഞ്ഞ് മാർത്തയും മറിയവും അവിടെ എത്തുന്നതോടെ പഴയ പുരുഷാരം കൂടുതൽ ആവേശത്തോടെ ശവക്കോട്ടയിലേക്ക് ആനയിക്കപ്പെടുന്നു.
ഇടവകയെ സംബന്ധിച്ച് അതിനിർണായകവും വിജൃംഭിതവുമായ ഒരു മുഹൂർത്തമായിരുന്നു അത്. തോമായുടെ തലയ്ക്കുമീതെ ഒരു വലയം കിടന്നു കളിക്കുന്നതുകണ്ട അച്ചാരുണ്ണി എന്ന ദുർബല ബോധംകെട്ടുവീണു. ഹന്നാൻ ജലം തളിച്ച് അവളെ ബോധവതിയാക്കാൻ ഇടവകക്കാർക്കായി. പക്ഷേ, ബോധക്കേടിൽ നിന്നവൾ പുതിയൊരു കരുത്തോടെയത്രേ ഉണർന്നത്.
'എന്റെ പേരിലൊരു കപ്പേള പണിയണം.
എന്നെ കുടിയിരുത്തണം’, തോമ അവളിലൂടെ മൊഴിഞ്ഞു.
വികാരിയച്ചനും അച്ചാരുണ്ണിയും നേർക്കുനേർ നിന്നു.
'നീയാര്?' വികാരിയച്ചൻ ചോദിച്ചു.
'റങ്കൂൺ തോമ...' അവൾ മറുമൊഴി പറഞ്ഞു.
തോമ ആവശ്യങ്ങൾ ആവർത്തിച്ചു.

മരണാനന്തരം രണ്ടുകൊല്ലത്തിനു ശേഷവും ചീഞ്ഞളിയാത്ത ശരീരത്തിനും അച്ചാരുണ്ണി എന്ന ദുർബലയിൽ നിന്നും പുറത്തേക്കുവന്ന ഘോര ശബ്ദത്തിനും ഉടമയായ റങ്കൂൺ തോമയുടെ ഗതകാലം കഥയുടെ ഈ ഘട്ടത്തിൽ വഴിപിഴച്ചതും ചെറുത്തുനിന്നതുമായ ഏതൊരാളുടെയും സാമാന്യ ജീവിതത്തിലെന്ന പോലെ വിശകലനം ചെയ്യപ്പെടുകയാണ്. ഇത്തരം ഒരു സന്ദർഭത്തിൽ ഒരു കത്തോലിക്കനെ വിലയിരുത്തേണ്ട പത്തു പ്രമാണങ്ങളും ഏഴു കൂദാശകളും അഞ്ചുകല്പനകളും ഇവിടെ വിചാരണയ്ക്ക് ആധാരമായി.

മാലിന്യങ്ങളെ പുറത്തൊഴുക്കാതെ ചീഞ്ഞഴുകുന്ന കരയാത്തവരുടെ ദേശത്തിലും കോശങ്ങൾ ചീയുന്ന പ്രണയത്തിന്റെ ദേശത്തിലും സാറാ ജോസഫ് പ്രമാണലംഘകരായ മനുഷ്യരെ സൃഷ്ടിച്ചു.
മാലിന്യങ്ങളെ പുറത്തൊഴുക്കാതെ ചീഞ്ഞഴുകുന്ന കരയാത്തവരുടെ ദേശത്തിലും കോശങ്ങൾ ചീയുന്ന പ്രണയത്തിന്റെ ദേശത്തിലും സാറാ ജോസഫ് പ്രമാണലംഘകരായ മനുഷ്യരെ സൃഷ്ടിച്ചു.

ചാത്തൻ സേവക്കാരനായിരുന്നു എന്ന ഒറ്റക്കാരണത്താൽ ഒന്നാം പ്രമാണം ലംഘിച്ചവൻ തോമ. സകല പുണ്യവാളന്മാരുടെയും ലുത്തനിയ്ക്ക് ബദലായി തെറികൊണ്ടൊരു ലുത്തനിയുണ്ടാക്കി ഉറക്കെ ചൊല്ലിനടന്ന് രണ്ടാം പ്രമാണവും ലംഘിച്ചു. ഞായറാഴ്ചക്കടമില്ലാത്ത തോമ ഞായറാഴ്ചകളിൽ ചുരുട്ടിവെച്ച അഴുക്ക് തുണി പോലെ പള്ളിയുടെ ഏതെങ്കിലും മൂലയിൽ കിറുങ്ങിയിരുന്ന് മൂന്നാം പ്രമാണവും ലംഘിച്ചു. അപ്പനെയും അമ്മയും ബഹുമാനിക്കുക എന്ന നാലാം പ്രമാണത്തെ തോമ വിലയ്ക്കെടുത്തില്ല. അഞ്ചാം പ്രമാണമായ 'കൊല്ലരുത്' തോമാ ലംഘിച്ചതിന് തെളിവുകളില്ല, കിംവദന്തികളേയുള്ളൂ. വ്യഭിചാരം ചെയ്യരുത് എന്ന ആറാം പ്രമാണം തോമാ തീർച്ചയായും ലംഘിച്ചുകാണും എന്ന കാര്യത്തിൽ ആർക്കുമേ സംശയമില്ല. ആറാം പ്രമാണത്തോട് ബന്ധപ്പെട്ട ഏതു ലംഘനവും തോമായ്ക്ക് പ്രിയങ്കരമായിരുന്നു.

കക്കരുത് എന്ന ഏഴാംപ്രമാണത്തെ സൂചിമുതൽ ആനവരെയുള്ള മുതലുകൾ കട്ടുകൊണ്ടുതന്നെ തോമ ലംഘിച്ചു. കോടതിയുടെ നെഞ്ചത്തുകയറി കള്ളസാക്ഷി പറഞ്ഞ് എട്ടാം പ്രമാണത്തിൽ നിന്നും അകന്നുനിന്നു. അന്യന്റെ ഭാര്യയെ ആഗ്രഹിക്കരുത് എന്ന ഒമ്പതാം പ്രമാണം ആറടി ഉയരവും ഉറച്ച മാംസപേശികളും നീലസ്വപ്നങ്ങളിൽ കുതിരുന്ന കണ്ണുകളും കറകളഞ്ഞ ചിരിയുമുള്ള തോമ സ്വയംവിചാരിച്ചാലും പാലിക്കാനാകുന്നതായിരുന്നില്ല. അന്യന്റെ വസ്തുക്കളെ ആഗ്രഹിക്കരുതെന്ന പത്താം പ്രമാണം തോമയുടെ ജീവിതസത്തയ്ക്ക് നേരെതിരായിരുന്നു. ഭൂമിയിലുള്ള സകല വസ്തുക്കളെയും സ്വന്തം വസ്തുക്കളായി മാത്രമേ തോമയ്ക്ക് കാണാനാകുകയുള്ളായിരുന്നു.

മാമോദീസ, മുമ്പിലത്തെ ഒപ്രുശമ, കുമ്പസാരം, കുർബാന, പട്ടം, വിവാഹം, ഒടുക്കത്തെ ഒപ്രുശമ... എന്നീ ഏഴു കൂദാശകളിൽ മാമോദീസയൊഴികെ ഒന്നുപോലും തോമാ സ്വീകരിച്ചിട്ടില്ല. ഇത്രയധികം പ്രമാണലംഘനങ്ങൾ ഒരു ജീവിതകാലത്ത് ഒരു മുടക്കവും വരുത്താതെ ചെയ്തു തീർത്ത് മരണശേഷം ചീഞ്ഞുപോകാതെ മഞ്ചത്തിൽ കിടന്ന് അതിശയിപ്പിക്കുകയാണ് തോമ.

പ്രമാണലംഘനങ്ങൾ ഇതരരിൽ സൃഷ്ടിക്കുന്ന കമ്പനങ്ങളുടെയും അതുവഴി മനുഷ്യരിൽ ചാർത്തപ്പെടുന്ന ചങ്ങലകളുടെയും കിലുക്കം കേൾപ്പിച്ചുതരുന്നു വിശുദ്ധ റങ്കൂൺ പുണ്യാളൻ. കഥയുടെ ദിക്കിൽ പ്രമാണലംഘകരുടെ വംശാവലിയിൽ അതിശയങ്ങൾ സൃഷ്ടിക്കുന്ന തോമാശവം ചോദനകൾക്ക് വിലങ്ങണിയിക്കാൻ മാത്രം ശീലിക്കപ്പെട്ട സമൂഹത്തെ പരിഹസിക്കുന്നു. നർമത്താൽ മുറിവേൽപ്പിക്കുന്നു.


Summary: Characters in Malayalam writer Sarah Joseph's stories, V Praveena writes in detail.


വി. പ്രവീണ

കഥാകാരി. പുല്ലിംഗം (കഥാസമാഹാരം), നിശാനർത്തകി (നോവൽ– വിവർത്തനം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments