സാറാ ജോസഫിന്റെ കഥകൾ ഏതു വിഭാഗം കഥകളായാണ് പരിഗണിക്കപ്പെടേണ്ടത്? എന്താണ് രാഷ്ട്രീയകഥ എന്ന് കേവലമായ ഒരു നിർവചനത്തിലൂടെ കൃത്യമായി മനസ്സിലാക്കാനാകില്ലെങ്കിലും കഥകളെ മുൻനിർത്തി അത്തരം ഒരു അന്വേഷണത്തിന് പ്രസക്തിയുണ്ട്.
സർഗ്ഗാത്മക സാഹിത്യത്തിന്റെ രാഷ്ട്രീയ സാധ്യതകൾ അന്വേഷിക്കുകയും പരീക്ഷിക്കുകയും അതിസൂക്ഷ്മവും സ്ഥൂലവുമായ തലത്തിൽ പ്രയോഗിക്കുകയും ചെയ്യുന്ന മലയാളത്തിൽ നിന്നുള്ള ഏക സ്ത്രീ എഴുത്തുകാരിയാണ് സാറാ ജോസഫ്. രാഷ്ട്രീയമോ വർത്തമാനകാല ചരിത്രമോ പരിമിതാർത്ഥത്തിൽ മാത്രം കാണേണ്ട ഒന്നല്ല. രാഷ്ട്രീയകഥയെ രാഷ്ട്രീയകഥയാക്കുന്നത് അതിന്റെ വർത്തമാനകാല പ്രസക്തി കൂടിയാണെങ്കിലും അതിൽ കൈകാര്യം ചെയ്തിരിക്കുന്ന അധികാരത്തിന്റെ പ്രശ്നങ്ങളുടെ അടിയന്തര സ്വഭാവം കാണാതെ പോകാൻ കഴിയില്ല. അധികാരമാണല്ലോ രാഷ്ട്രീയത്തിന്റെ കാതൽ. അതിന്റെ കേന്ദ്രീകരണം, വിതരണം, വിനിയോഗം, പ്രയോജനം- ഇവയെല്ലാം സൂക്ഷ്മാർത്ഥത്തിൽ പ്രത്യക്ഷപ്പെടുന്ന കഥ, രാഷ്ട്രീയകഥ തന്നെയാണ്. അധികാര വിനിയോഗത്തിന് സമകാലിക പ്രസക്തിയുള്ള ഒരു കാഴ്ചപ്പാട് നൽകുന്നതിനാൽ സാറാ ജോസഫിന്റെ കഥകളെ രാഷ്ട്രീയ കഥകൾ എന്നുതന്നെ വിളിക്കാം. പലപ്പോഴും കാലികസംഭവങ്ങളാണ് അവരുടെ കഥകളുടെ വിഷയമെങ്കിലും ആ വീക്ഷണങ്ങൾ സർവ്വകാലികവുമാണ്. ഏതുതരത്തിലുള്ള അധികാരത്തിനും എതിരായാണ് ആ എഴുത്തുകൾ നിലകൊള്ളുന്നത്. അപ്പോഴും ഓരോ കഥയുടെയും ആന്തരികശ്രുതി മാനവിക നീതിയുടെതാണ്.
ഇപ്പോഴും ഒരു 12 കാരിയുടെ വൈകാരിക തീവ്രതയും ഒരു ന്യായാധിപയുടെ കരളുറപ്പും ഈ എഴുത്തുകാരി സൂക്ഷിക്കുന്നു. ശബ്ദത്തിലും ചലനങ്ങളിലുമുള്ള ഊർജ്ജം എഴുത്തിലും അവർക്ക് നിലനിർത്താൻ കഴിയുന്നു. തന്റെ കാലത്തെ മാത്രമല്ല വരാൻ പോകുന്ന തലമുറയുടെയും ജീവിതങ്ങളെ കൂടുതൽ ജീവിതവ്യമാക്കാനുള്ള അടങ്ങാത്ത ആസക്തിയാണ് അവരുടെ എല്ലാ പ്രവർത്തനങ്ങളുടെയും പിന്നിലെ ഊർജ്ജം. മാനുഷികനീതിക്കെതിരു നിൽക്കുന്ന ഒന്നിനോടും അവർ സമരസപ്പെടുന്നില്ല. സംഭാഷണങ്ങളിൽ അവർ പുലർത്തുന്ന ആർജ്ജവം, തന്റെ നിലപാടിലുള്ള ആ ഉറച്ച വിശ്വാസം തന്നെയാണ്. ഭാവി തലമുറയ്ക്ക് തണലിനുവേണ്ടി ഒരു വൃക്ഷത്തൈ നടുകയാണവർ. തനിക്ക് അതിന്റെ തണലിൽ ഇരിക്കേണ്ടി വരില്ല എന്നറിയുമ്പോഴും ആത്മാർത്ഥതയുള്ള ആ ദീർഘദർശിത്വത്തെ, നമിക്കാതെ വയ്യ.

നിലവാരമുള്ള ഏത് കലാരൂപത്തിലും ഒരു രാഷ്ട്രീയ ചോദന ഒളിഞ്ഞുകിടപ്പുണ്ടാകും. എന്നാൽ ആത്മാർത്ഥമായി ഒരു രാഷ്ട്രീയ സംസ്കാരം ബോധപൂർവ്വമായി സൃഷ്ടിച്ചെടുക്കാനുള്ള ശ്രമം സാറാ ജോസഫിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. ആ കഥകൾ നടത്തുന്നത് സാംസ്കാരികമായ ഒരു സംഭാഷണമാണ്. അവരുടെ രചനാലോകത്ത് കല, കലയ്ക്കു വേണ്ടി മാത്രം എന്ന വാദത്തിന് പ്രസക്തിയില്ല. അവിടെ കല, സമൂഹത്തിനു വേണ്ടി ക്കൂടിയാണ്. വരും തലമുറകൾക്ക് വേണ്ടിക്കൂടിയാണ്. അവരുടെ മനഃശാസ്ത്രം സമൂഹ മനഃശ്ശാസ്ത്രമാണ്. സാംസ്കാരിക സംവാദത്തിനുള്ള വേദി കൂടിയാണത്. വായനക്കാർക്ക് സുഖാനുഭവമോ അനുഭൂതിയോ പകരുക തന്റെ ബാധ്യതയായി ഈ എഴുത്തുകാരി തന്റെ എഴുത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിനുശേഷം കാണുന്നില്ല. എന്നാൽ ആ കഥകളിൽ തന്നെത്തന്നെ കാണുന്നവർക്ക്, എഴുത്തുകാരി ഉദ്ദേശിച്ചാലും ഇല്ലെങ്കിലും വായനയുടെ അനുഭൂതിതലങ്ങൾ പ്രാപ്യമാവുക തന്നെ ചെയ്യും.
കൃത്യമായ ലക്ഷ്യങ്ങൾ നിർവ്വചിക്കപ്പെട്ടിട്ടുള്ള ബോധക പ്രവർത്തനമാണിത്. അതുകൊണ്ട് സൗന്ദര്യശാസ്ത്രപരമായി മാത്രമല്ല സാറാ ജോസഫിന്റെ കഥകളെ സമീപിക്കേണ്ടത്. പൊതുസമൂഹത്തിന് അന്യമായ സുഖവും സന്തോഷവും ഒന്നും അവരുടെ രചനാലോകത്ത് അന്വേഷിക്കാൻ പാടില്ല. സന്തോഷം എന്ന ആശയം ഒരുപാട് കണ്ണീര് വീഴാനിടയാക്കിയിട്ടുണ്ട് എന്ന ബോധ്യം ആ എഴുത്തിന് ഒരു ആയുധത്തിന്റെ കരുത്തും പ്രഹരശേഷിയും നൽകുന്നുണ്ട്. അവർ തന്റെ കഥകളുടെ കാല്പനിക സ്വഭാവത്തെ ഒരു പ്രത്യേക ഘട്ടത്തിൽ ഉപേക്ഷിക്കുന്നുണ്ട്. കടലിന്റെ നിയമം അനുസരിച്ചുള്ള ജീവിതത്തുഴച്ചിലാണ് സാറാ ജോസഫിന് എഴുത്ത്. കരയിൽനിന്ന് അകന്ന് നടുക്കടലിൽ എത്തുന്നതോടെ നാവികൻ കരയെ മറക്കുന്നത് പോലെയാണ് സ്വപ്നങ്ങളിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് അവർ ജാഗ്രതയോടെ തുഴയുന്നത്.
കല കലയ്ക്കുവേണ്ടി എന്ന് പൂർണമായി വിശ്വസിക്കുന്നവർക്കുപോലും നിഷേധിക്കാനാകാത്ത വിധത്തിൽ കലയെ സാറാ ജോസഫ് ആയുധമാക്കി.
എഴുത്ത്, അവരുടെ ആക്ടിവിസത്തിന്റെ ഒരു എക്സ്റ്റൻഷൻ തന്നെയാണ്. ആക്ടിവിസം പോലെ തന്നെ വർത്തമാനകാലത്തെ സംബന്ധിച്ച് തന്റെ എഴുത്തിന് ഒരു അടിയന്തര സ്വഭാവമുള്ളതായി ഈ എഴുത്തുകാരി വിശ്വസിക്കുന്നു. കല കലയ്ക്കുവേണ്ടി എന്ന് പൂർണമായി വിശ്വസിക്കുന്നവർക്കുപോലും നിഷേധിക്കാനാകാത്ത വിധത്തിൽ കലയെ സാറാ ജോസഫ് ആയുധമാക്കി. അതിലൂടെ കലയുടെ പ്രായോഗിക ധർമ്മം എന്തെന്ന് അവർ വ്യക്തമാക്കുകയാണ് ചെയ്യുന്നത്. ബോധനസ്വഭാവമുള്ള രചനകൾ ചെറിയവയോ നിസ്സാരപ്പെട്ടതോ അല്ല എന്ന് സാറാജോസഫ് തെളിയിക്കുന്നു. മറ്റ് ജ്ഞാനമേഖലകളിൽ നിന്ന് അകന്നുനിൽക്കേണ്ട ഒരു ഉദാത്തമണ്ഡലമായി അവർ സാഹിത്യത്തെ കാണുന്നില്ല. ആധുനികതയിലൂടെ കടന്നുവന്ന ഘടനാനന്തരവാദ ചിന്തകൾ അനേകം മേഖലകളുടെ കലർപ്പിൽ നിന്ന് രൂപപ്പെടുന്ന ഒന്നായാണ് സാഹിത്യത്തെ കാണുന്നത്. സ്ത്രീ -ദലിത് -പരിസ്ഥിതി പ്രശ്നങ്ങളെല്ലാം ഈ പശ്ചാത്തലത്തിലാണ് മുഖ്യധാരാ സാഹിത്യത്തിന്റെ ചിന്താപദ്ധതിയുടെ ഭാഗമാകുന്നത്.

പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരി കോലേത്ത്, തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്, എഴുത്തുകാരി എന്ന നിലയിൽ തനിക്കുണ്ടായ നേട്ടങ്ങൾക്കെല്ലാം കാരണം തന്റെ അമ്മയുടെ നിരീക്ഷണപാടവം തന്നിലേക്ക് അവർ പകർന്നതാണെന്ന്. എന്തു പണി ചെയ്യുമ്പോഴും അമ്മ കൊച്ചു കൊലേത്തിനോട് ‘നോക്ക് നോക്ക്’ എന്ന് പറഞ്ഞു കൊണ്ടിരിക്കുമായിരുന്നു. 1954- ൽ കൊലേത്ത് മരിക്കുമ്പോൾ പുറത്ത് പാരീസ് നഗരത്തിൽ അന്നുവരെ കണ്ടതിലേക്കും വലിയ ഇടിയും മിന്നലും കൊടുങ്കാറ്റും ആഞ്ഞടിക്കുകയായിരുന്നു. കൊലേത്തിന് അന്ന് 81 വയസ്സുണ്ടായിരുന്നു. എന്നാൽ കൊലേത്ത്, അമ്മയുടെ മന്ത്രം മറന്നില്ല. അവർ മരിക്കുംവരെ നിരീക്ഷിച്ചു കൊണ്ടേയിരുന്നു. ഇടിമിന്നലിലേക്ക് നോക്കി കൈയാംഗ്യം കാണിച്ചുകൊണ്ട്, ‘നോക്ക് നോക്ക്’ എന്ന് വിളിച്ചു പറയുകയായിരുന്നു അവർ ചെയ്തത്. അവർ ചെയ്ത അവസാനത്തെ ബോധമുള്ള പ്രവൃത്തിയും അതായിരുന്നു. ഇത് സാറാ ജോസഫിനും ബാധകമാണ്. 81-ാം വയസ്സിലും അവർ തന്റെ നോട്ടം തുടർന്നുകൊണ്ടേയിരിക്കുന്നു. പ്രതികരിക്കുന്നു. നോക്ക്, നോക്ക് എന്ന് നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പ്ലോട്ടല്ല, സവിശേഷമായ നോട്ടങ്ങളും അവയുടെ തിരിച്ചറിവുകളുമാണ് അവരെ ഏതു പുതുനിര എഴുത്തുകാരികളോടൊപ്പം നിൽക്കുമ്പോഴും മത്സരത്തിനിടയില്ലാതെ വ്യത്യസ്തയാക്കുന്നത്. എഴുത്തുകാരുടെ ഏതെഴുന്നള്ളിപ്പിനിടയിലും അവരെ തിടമ്പേറ്റി നിർത്തുന്നത്. സാഹിത്യത്തിൽ ഗൗരവനോട്ടത്തിനുള്ള പ്രാധാന്യത്തെ കുറിച്ചോർമ്മിപ്പിക്കാനും വായനക്കാരെ നല്ല നിരീക്ഷകരാക്കി നിലനിർത്താനും കാണുന്നതിനപ്പുറം കണ്ടെത്താൻ അവർക്കു പ്രേരണയാകുമ്പോഴും മാത്രമേ എഴുത്ത് അതിന്റെ സാർഥകതയിൽ എത്തുന്നുള്ളു.
മിത്തുകളെ കഥകൾക്ക് വിഷയമാക്കുമ്പോൾ, അതിൻ്റ സൗന്ദര്യശാസ്ത്രപരമായ ഘടനകളേക്കാൾ അതിൽ അടങ്ങിയിരിക്കുന്ന രാഷ്ട്രീയത്തിലാണ് സാറാ ജോസഫ് ശ്രദ്ധിക്കുന്നത്.
ഒരുതരം ചൂതുകളിയാണ് ഈ ജീവിതം എന്ന് അവർ നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്നു. യാദൃച്ഛികതകൾ, അനിശ്ചിതത്വങ്ങൾ, അപായസൂചനകൾ എന്നിവയിലേക്ക് നോക്കി കൊലേത്തിന്റെ അമ്മയെപ്പോലെ, കൊലേത്തിനെ പോലെ പിന്നാലെ വരുന്നവരോട് ‘നോക്ക് നോക്ക്’ എന്നവർ പറഞ്ഞു കൊണ്ടിരിക്കുന്നു. അശ്രാന്തമായ നോട്ടത്തിനുള്ള ഉപാധി കൂടിയാണ് അവർക്ക് എഴുത്ത്. ചെന്നായ വളർത്തിയ കുട്ടി എന്ന് പറയുന്നതുപോലെ സാറാ ജോസഫ് വളർത്തിയ കുട്ടികൾ എന്ന് ഇവിടുത്തെ യുവ ഫെമിനിസ്റ്റുകളെ ഒരുകാലത്ത് ചിലർ പരിഹസിച്ചത് ടീച്ചറുടെ പ്രവർത്തനങ്ങൾക്ക് കിട്ടിയ വലിയ അംഗീകാരമാണ്.
മിത്തുകളെ കഥകൾക്ക് വിഷയമാക്കുമ്പോൾ, അതിൻ്റ സൗന്ദര്യശാസ്ത്രപരമായ ഘടനകളേക്കാൾ അതിൽ അടങ്ങിയിരിക്കുന്ന രാഷ്ട്രീയത്തിലാണ് സാറാ ജോസഫ് ശ്രദ്ധിക്കുന്നത്. വിദൂര ഭൂതകാലവുമായി അതിനുള്ള തുടർച്ചയിലല്ല അവരുടെ ശ്രദ്ധ. സവിശേഷമായ വർത്തമാനകാല സാഹചര്യങ്ങളിൽ പ്രയോഗിക്കാൻ ആകുന്നിടത്തോളം മിത്ത് എന്ന ആശയത്തെ ഈ എഴുത്തുകാരി ഉപയോഗിക്കുന്നുണ്ട്. അശോക, തായ്കുലം തുടങ്ങിയ രാമായണാധിഷ്ഠിതമായ കഥകൾ ഇതിന് ഉദാഹരണമാണ്. അധീശവ്യവസ്ഥിതിയോടുള്ള സമരപ്രഖ്യാപനങ്ങൾ എന്ന നിലയിൽ സ്ത്രീ - കീഴാള വാദങ്ങൾ കൈകോർക്കുന്നുണ്ട്, തായ്‌കുലം എന്ന കഥയിൽ. സ്ത്രീയവസ്ഥയുടെ ജാതീയവും വംശീയവും വർഗീയവുമായ ഘടകങ്ങൾ കൂടി ഈ കഥ ചർച്ച ചെയ്യുന്നുണ്ട്. സവർണ്ണ ഭാഷയ്ക്കും സവർണ്ണ സൗന്ദര്യസങ്കല്പത്തിനും എതിരെ പ്രത്യക്ഷപ്പെടുന്ന ശക്തമായ ഒരു പ്രതീകമാണ് ഈ കഥയിൽ ശൂർപണഖ. അയോമുഖിയുടെയും ശൂർപ്പണഖയുടെയും കരിങ്കല്ലുപോലെ ഉറച്ച ‘മൊലകളെ’യും കാരെള്ളിന്റെ കറുപ്പും മിനുപ്പും ചേർന്ന ‘ഒടലിനെ’യും വർണ്ണിക്കുമ്പോൾ സവർണ്ണ സൗന്ദര്യത്തിന് വരേണ്യത കൽപ്പിക്കുന്ന മാനദണ്ഡങ്ങളെ മുഴുവൻ നിരാകരിക്കുകയാണ് എഴുത്തുകാരി.

പുരുഷമേൽക്കോയ്മയിൽ സ്ത്രീയ്ക്ക് അനുവദിക്കപ്പെടാത്ത പെൺ ലൈംഗികതയെയും ശൂർപണഖ എന്ന സൂചകത്തെ മുൻനിർത്തി വിശകലനം ചെയ്യുന്നുണ്ട്. കരുമം കാട്ടിയവർക്കെതിരെ തായ്‌മണ്ണിലെ മുഴുവൻ സ്ത്രീകളെയും ഒരുമിപ്പിക്കുകയാണ് ശൂർപ്പണഖ. പെൺപോരാട്ടപ്പെരുമ അധികാരവ്യവസ്ഥയോട് ഏറ്റുമുട്ടി സ്വത്വം തിരിച്ചുപിടിക്കുന്ന വർത്തമാനകാലത്ത് പുരാണത്തിന്റെ പഴയ താളുകളിൽ നിന്ന് സവർണ്ണ സങ്കൽപ്പങ്ങളെ മാന്തി പ്പൊളിച്ചു കൊണ്ടിറങ്ങിവരുന്ന ശൂർപ്പണഖയും അയോമുഖിയും ഒരു പുതിയ മൂല്യബോധം രൂപപ്പെടുത്തുന്നുണ്ട്. കറുപ്പിന്റെ രാഷ്ട്രീയം, ജാതിയുടെ രാഷ്ട്രീയം കൂടിയാണ് എന്ന് ശക്തമായി വാദങ്ങൾ ഉന്നയിക്കപ്പെടുന്ന കാലത്ത് തായ്കുലമെന്ന കഥ വലിയ തോതിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. അശോക എന്ന കഥയും എതിർക്കപ്പെടേണ്ട അധികാരഘടനകളെ തുറന്നുകാട്ടുന്നു.
പെണ്ണ് വാ തുറക്കുമ്പോൾ സംഭവിക്കുന്നതിനെപ്പറ്റി 1975- ൽ ഹെലൻ സിക്സു എഴുതിയിട്ടുണ്ട്. ഏതുകാലത്തും ഏത് സ്ത്രീയും വാമൊഴിയിൽ സ്വയം ആവിഷ്കരിക്കാൻ ശ്രമിച്ചിട്ടുള്ളപ്പോൾ ഒക്കെ പീഡനം അനുഭവിച്ചിട്ടുണ്ട്. ചില നേരങ്ങളിൽ ഭാഷ അവളെ തോൽപ്പിച്ചുകളയും. അങ്ങനെയുള്ള നിമിഷങ്ങളിൽ അവൾ നിൽക്കുന്ന ഇടവും അവളുടെ നിലപാടുകളും പിളർന്നുപോകും. സ്ത്രീ ആശയാവിഷ്കരണം നടത്തുമ്പോഴുള്ള അപകടസാധ്യതകൾ അത്രയ്ക്ക് വലുതാണ്. അതിരുകൾ കടക്കുന്നതുപോലും അത്രയേറെ സന്ദേഹത്തോടെയാണ്. സ്വന്തം ജീവിതം പണയപ്പെടുത്തി അവൾ വാതുറക്കുമ്പോൾ അത് പലപ്പോഴും ചെന്ന് വീഴുന്നത് കേൾക്കാൻ മനസ്സില്ലാത്ത നിർവ്വികാരനായ പുരുഷന്റെ കാതുകളിലാണ്. പെണ്ണ് പറയുന്നത് എല്ലാം പുരുഷൻ കേൾക്കുന്നത് അവന്റെ ഭാഷയിലൂടെ മാത്രമായിരിക്കും. സ്ത്രീയാവിഷ്കാരങ്ങൾ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ ദുർഗ്ഗതിയും ഇതുതന്നെയാണ്.
ഐറണിയുടെ കരുത്ത് സാറാ ജോസഫിന്റെ കഥകൾക്ക് ഇരട്ടി ബലമാണ് നൽകുന്നത്. വിവേകവും നർമ്മബോധവുമുള്ള സ്ത്രീ എങ്ങനെ അതിജീവിക്കുന്നു എന്ന് ആ കഥകൾ സാക്ഷ്യം പറയുന്നു.
‘ഓരോ എഴുത്തുകാരിയുടെ ഉള്ളിലും’ എന്ന കഥ ഈ പ്രശ്നത്തിന്റെ കാതൽ തൊട്ടറിയുന്നു. തന്റെ ഒരു ചിന്തയ്ക്ക് സമൂഹത്തിന്റെ ഘടന മാറ്റിത്തീർക്കാൻ കഴിയും എന്ന വിശ്വാസം ഓരോ എഴുത്തുകാരിയുടെ ഉള്ളിലുമുണ്ട്. പക്ഷേ അവൾ വിജ്ഞാനത്തോടെ വാതുറക്കേണ്ടവളല്ലല്ലോ. അലിവോടെ മാത്രം വാ തുറക്കേണ്ടവളാണ്.
പുരുഷോത്തമന്റെ കൈതട്ടി മാറ്റി ഒറ്റക്കുതിപ്പിന് വീടിനു പുറത്തിറങ്ങി പടിവാതിൽ പിന്നിൽ വലിച്ചടച്ച് നടന്നുനീങ്ങുന്ന എഴുത്തുകാരിയുടെ ഇറങ്ങിപ്പോക്ക് ഈ കഥ എഴുതിയ കാലത്ത് ഏറെ ആവേശത്തോടെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മലയാളത്തിൽ ഇത്രയേറെ എഴുത്തുകാരികൾ സ്വയം ആവിഷ്കരിച്ച് തുടങ്ങുന്നതിന് ഒക്കെ എത്രയോ മുൻപാണ് ഇബ്സന്റെ നോറയെ ഓർമിപ്പിക്കുന്ന ഈ ഇറങ്ങിനടപ്പ്.
മലയാളത്തിൽ ധൈര്യമായി ആശയാവിഷ്കരണം നടത്തുവാൻ എത്രയോ സ്ത്രീകൾക്ക് ആ വായനകൾ പ്രചോദനമായിട്ടുണ്ട്. പ്രകാശമില്ലാതെ ഒന്നും ഫലവത്താകില്ലെന്ന്, വായനാശീലമുള്ള മലയാളി സ്ത്രീക്ക് തിരിച്ചറിവ് ഉണ്ടാക്കിക്കൊടുത്ത കഥ എന്ന സ്ഥാനം മലയാള ചെറുകഥാചരിത്രത്തിൽ ഈ കഥയ്ക്കുണ്ട്.

‘എന്റെ അകമാണ് എന്റെ പുറത്തെ സൃഷ്ടിച്ചത്’ എന്ന അഭിപ്രായത്തെ സാധൂകരിക്കുന്നവയാണ് സാറാ ജോസഫിന്റെ പരിസ്ഥിതി കഥകളായ ‘പ്രകാശിനിയുടെ മക്കൾ’, ‘ഭൂമിരാക്ഷസം’ ‘അട്ടപ്പാടി’ എന്നിവ. സ്ത്രീയും പ്രകൃതിയും ആദിവാസികളും ഒരേപോലെ അധികാരത്തിന് പുറത്താകുമ്പോൾ കലയുടെ ഒരു പ്രധാന സാധ്യതയായി അവർ കാണുന്നത് ആത്മാർത്ഥമായ രീതിയിൽ അതിനെ പ്രചരണത്തിന് ഉപയോഗിക്കുക എന്നതാണ്. ആദിവാസി സ്ത്രീകളും അവരുടെ ജീവിതം തന്നെയായ കേരളത്തിന്റെ പരിസ്ഥിതിയും കടന്നുപോകുന്ന ദുരിതാനുഭവങ്ങൾ ആവിഷ്കരിക്കുന്നു ഈ കഥകൾ. ‘മുത്തശ്ശീ ഉഴുതുമറിച്ച ഇത്തിരി നിലം വേണം, എനിക്ക് അവരെ പ്രസവിക്കാൻ’- ഇത് പെണ്ണിന്റെയും ഭൂമിയുടെയും വിലാപമാണ്. പ്രാർത്ഥനയാണ്. ഇവിടെ രാഷ്ട്രീയം കേവലപശ്ചാത്തലത്തിൽ ഒതുങ്ങി നിൽക്കുകയല്ല കേന്ദ്ര പ്രമേയമായി തന്നെ നിലയുറപ്പിക്കുകയാണ്. സാമൂഹികമായ അസമത്വങ്ങളും അസന്തുലിതത്വവും ക്രമാതീതമായി വർദ്ധിക്കുമ്പോൾ കല സ്വയം സജ്ജമാവുകയാണ്.

എഴുത്തിന്റെ ഒരു പ്രത്യേക വഴിത്തിരിവിൽ വച്ച് സാറാ ജോസഫിന്റെ കഥകൾ അതിന്റെ സൗന്ദര്യ അംശങ്ങളോട് കലഹിച്ചു തുടങ്ങുകയും കൃത്യമായ രാഷ്ട്രീയം പ്രഖ്യാപിച്ചു തുടങ്ങുകയുമാണ്. അതൊരു വാശിയോടെയുള്ള വേർപിരിയിൽ തന്നെയായിരുന്നു. കഥകളിൽ അവർ സ്വീകരിക്കുന്ന പ്രമേയങ്ങളിലും ഭാഷയിലും ആ വാശി പ്രകടമായിരുന്നു. ആ പ്രത്യേക നിമിഷത്തിൽ, മുൻപനുഭവിച്ചതിലുമധികം ഒരു വാഗ്ദാനസാധ്യത, ഒരു പ്രത്യാശ അവർ തന്റെ കലാസൃഷ്ടികളിൽ കണ്ടുതുടങ്ങുന്നുണ്ട്. അതിനു മുൻപ് താൻ എഴുതിയ കഥകളെ അങ്ങനെയൊന്നു മായിരുന്നില്ല എഴുതേണ്ടിയിരുന്നത് എന്നുള്ള തിരിച്ചറിവോടെയാണ് അവർ ഈ പുതിയ വഴി തിരഞ്ഞെടുക്കുന്നത്.
നമ്മുടെ വർത്തമാനകാലത്തിന് നേർക്കുപിടിച്ച ഒരു കണ്ണാടിയാണ് സാറാ ജോസഫിന്റെ കഥകൾ. ക്ഷോഭിക്കുമ്പോഴും അവ കൃപാർദ്രമാണ്. സത്യങ്ങളോട് ഏറ്റുമുട്ടുമ്പോൾ ആ കഥകളിൽ നിന്ന് കേൾക്കാനാവുക ഭൂതദയയിൽ നിന്നുണ്ടാകുന്ന ഒരുതരം പാരുഷ്യമാണ്.
സിനിമ എന്ന ദൃശ്യമാധ്യമത്തിലെ രണ്ട് സ്ത്രീകളിലൂടെ, സ്ത്രീവാദത്തിൽ തന്നെ അടങ്ങിയിരിക്കുന്ന ഏകമുഖത്തെ വിമതവായനയ്ക്ക് വിധേയമാക്കുന്ന കഥയാണ് ‘ഒരു ചീത്ത സിനിമയുടെ ഷൂട്ടിംഗ്’. ഭാഷ - സംസ്കാര ചിഹ്നങ്ങൾ കൊണ്ട് ഏറ്റവുമധികം കളിക്കുന്ന യാഥാസ്ഥിതിക സിനിമാ സങ്കല്പങ്ങളോടാണ് ലീലാഭായി എന്ന സംവിധായിക ഇടയുന്നത്. ‘ഇത് ഒരു ചീത്ത സിനിമയാണ്, ഞാൻ ഒരു ചീത്ത സംവിധായികയാണ്’ എന്ന് പ്രഖ്യാപിക്കുകയാണ് അവർ. സിനിമയെ കുറിച്ച് നിലനിൽക്കുന്ന എല്ലാ മിഥ്യകളെയും തകർത്തുകൊണ്ട് യാഥാർത്ഥ്യബോധമുള്ള ഒരു സിനിമ എടുക്കുവാനുള്ള ശ്രമത്തിലാണവർ. പക്ഷേ അതത്ര എളുപ്പമല്ല. കാരണം അത്രമേൽ ആവർത്തിക്കപ്പെട്ട് ഉറച്ചുപോയ സങ്കൽപ്പങ്ങളോടാണ് അവർക്ക് യുദ്ധം ചെയ്യേണ്ടി വരുന്നത്. അനേകം പുരുഷന്മാരാൽ കടിച്ചുകീറപ്പെട്ട്, തകർന്നിടിഞ്ഞ മുലകളുള്ള ഒരു സ്ത്രീയെയാണ് സിനിമയ്ക്ക് വേണ്ടത്. പക്ഷേ ആൺ കോയ്മയുടെ മാത്രം ഉപകരണമായി സ്വയം സങ്കൽപ്പിച്ച് ശീലിച്ചുപോയ നായികനടിയെ അവളുടെ സൗന്ദര്യബോധ്യങ്ങളിൽ നിന്നും മോചിപ്പിക്കാൻ എത്ര ശ്രമിച്ചിട്ടും ലീലാബായിക്ക് കഴിയുന്നില്ല. ആൺ നോട്ടങ്ങൾക്ക് വഴങ്ങി പരുവപ്പെട്ടുപോയ നടിയിൽ തന്റെ നോട്ടം നിറയ്ക്കാനാണ് സംവിധായിക ശ്രമിക്കുന്നത്. ‘മുലകളെ ക്ഷോഭിപ്പിക്കാൻ ഒന്നും എനിക്കറിഞ്ഞുകൂടാ’ എന്ന് പറയുന്ന, പുരുഷക്കാഴ്ചയുടെ ഇരയായ നടിയെ ഞെട്ടിച്ചുകൊണ്ട്, സ്വന്തം ബ്ലൗസ് വലിച്ചുകീറി മുലകളെ പ്രദർശിപ്പിക്കുകയാണ് ലീലാബായി. അനേകം മുറിവുകളും ചതവുകളും, ഉണങ്ങിയും ഉണങ്ങാതെയും വടുക്കെട്ടിയും തകർന്ന മുഖവുമുള്ള തന്റെ രണ്ടു മുലകളെ നിറഞ്ഞ വെളിച്ചത്തിൽ പ്രദർശിപ്പിക്കുകയാണവർ. മലയാള സിനിമയെ അധിനിവേശം ചെയ്തും ആവേശിച്ചും നിൽക്കുന്ന പുരുഷനോട്ടത്തിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യുന്നുണ്ട് ഈ കഥ.

നമ്മുടെ വർത്തമാനകാലത്തിന് നേർക്കുപിടിച്ച ഒരു കണ്ണാടിയാണ് സാറാ ജോസഫിന്റെ കഥകൾ. ക്ഷോഭിക്കുമ്പോഴും അവ കൃപാർദ്രമാണ്. സത്യങ്ങളോട് ഏറ്റുമുട്ടുമ്പോൾ ആ കഥകളിൽ നിന്ന് കേൾക്കാനാവുക ഭൂതദയയിൽ നിന്നുണ്ടാകുന്ന ഒരുതരം പാരുഷ്യമാണ്. ഐറണിയുടെ കരുത്ത് സാറാ ജോസഫിന്റെ കഥകൾക്ക് ഇരട്ടി ബലമാണ് നൽകുന്നത്. വിവേകവും നർമ്മബോധവുമുള്ള സ്ത്രീ എങ്ങനെ അതിജീവിക്കുന്നു എന്ന് ആ കഥകൾ സാക്ഷ്യം പറയുന്നു. തന്നെയും ലോകത്തെയും നിർമ്മിക്കുവാൻ ഈ നർമ്മബോധവും കൂസലില്ലായ്മയും വിട്ടുവീഴ്ചയില്ലാത്ത സമഗ്രമായ സമർപ്പണബോധവും സാറാ ജോസഫിന് കരുത്ത് പകരുന്നു. അവരുടെ കഥാപാത്രങ്ങൾ വായനക്കാരുടെ മനസ്സിലും ശരീരത്തിലും മാത്രമല്ല, അവരെ നിലനിർത്തുന്ന മണ്ണിന്റെ അടിത്തട്ടിൽ വരെ അടയാളങ്ങൾ രേഖപ്പെടുത്തുന്നു. സത്യത്തിന്റെ ചിറകുകളിൽ അനായാസം പറക്കാൻ ആ കഥകൾ വായനക്കാരെ പ്രാപ്തരാക്കുന്നു.
മനുഷ്യന്റെ നൈസർഗിക ചോദനകളെ തടഞ്ഞ്, അവരെ നിർവീര്യരും നിഷ്ക്രിയരുമാക്കിത്തീർക്കുന്നതിൽ, സ്ഥാപിതമതം വഹിക്കുന്ന പങ്ക് കുറച്ചൊന്നുമല്ല എന്ന് സാറാ ജോസഫ് തന്റെ ആത്മകഥയിൽ നിർവ്വിശങ്കം സമർഥിക്കുന്നുണ്ട്.
ആത്മീയത മതവുമായി മാത്രം ബന്ധപ്പെട്ടു നിൽക്കുന്ന വർത്തമാനകാലത്ത് മലയാളി വായിച്ചിരിക്കേണ്ട ഒരാത്മകഥയാണ് സാറാ ജോസഫിന്റെ ‘നന്മതിന്മകളുടെ വൃക്ഷം’. ഒരു ഐറണിക്കൽ പുഞ്ചിരിയോടെ അവർ ഈ പുസ്തകം തന്റെ അമ്മയ്ക്കായി ഇങ്ങനെ സമർപ്പിക്കുന്നു:
''ഞാൻ നരകത്തിൽ പോകുമല്ലോ എന്നോർത്ത് വളരെയേറെ വേദനിച്ചും പ്രാർഥിച്ചും കഴിയുന്ന കഠിനവിശ്വാസിയായ എന്റെ അമ്മയ്ക്ക്’’.
അമ്മയും പള്ളിയും വേദപാഠക്ലാസുകളും, തന്റെ വളർച്ചയോടൊപ്പം എങ്ങനെയാണ് തന്റെ എല്ലാ നൈസർഗ്ഗികാഹ്ലാദങ്ങളെയും തന്നിൽനിന്ന് ചോർത്തിക്കളയുകയും പകരം ദൈവത്തെയും സദാചാരത്തെയും കൊണ്ട് - സ്റ്റഫ് ചെയ്ത് - തന്നെ രൂപപ്പെടുത്തിയെടുക്കുകയും ചെയ്തതെന്ന് അവർ ഈ ആത്മകഥയിൽ പറയുന്നുണ്ട്.

‘‘പ്രപഞ്ചത്തിന്റെ വന്യവും സർഗ്ഗപരവുമായ എല്ലാ വാതിലുകളും എനിക്കുമുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടു. എനിക്ക് കിട്ടേണ്ടുന്ന നൈസർഗ്ഗിക ലഹരികൾക്ക് പകരം ഭക്തിലഹരിയിൽ, ഞാൻ എന്നെത്തിരയാൻ ശ്രമിച്ചുകൊണ്ടിരുന്ന കൗമാരദിനങ്ങളിലൊന്നിലാണ് ഞാൻ ദൈവത്തെ കാണുന്നത്. ദൈവം ചെറുപ്പക്കാരനും പുരുഷനുമായിരുന്നു. ഒരു പെണ്ണിന് തന്റെ ദൈവവുമായി സാത്മ്യം പ്രാപിക്കാൻ പ്രണയിക്കുകയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല. എനിക്ക് ചുറ്റുമുള്ള മനുഷ്യരിലൊരാളിൽ അർപ്പിക്കപ്പെടേണ്ടിയിരുന്ന രതിയും പ്രണയവും സ്വപ്നജാഗരങ്ങൾക്കിടയിലെ വന്നുപോക്കുകാരനായിരുന്ന ദൈവത്തിലർപ്പിച്ച് എന്റെ കൗമാരം അന്തർമുഖമായിത്തീർന്നു’’.
മർദ്ദിതരുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന സദാചാരസംഹിതകളെ ഊട്ടിയുറപ്പിക്കുകയാണ് നമ്മുടെ സാഹിത്യകൃതികൾ പലപ്പോഴും ചെയ്യുന്നത് എന്നതിനാലാണ് തന്റെ സാഹിത്യം സഞ്ചരിക്കേണ്ട എതിർദിശ സാറാ ജോസഫ് പുനർനിർണ്ണയിച്ചുറപ്പിക്കുന്നത്.
മനുഷ്യന്റെ നൈസർഗിക ചോദനകളെ തടഞ്ഞ്, അവരെ നിർവീര്യരും നിഷ്ക്രിയരുമാക്കിത്തീർക്കുന്നതിൽ, സ്ഥാപിതമതം വഹിക്കുന്ന പങ്ക് കുറച്ചൊന്നുമല്ല എന്ന് സാറാ ജോസഫ് തന്റെ ആത്മകഥയിൽ നിർവ്വിശങ്കം സമർഥിക്കുന്നുണ്ട്. മനുഷ്യനെ അസ്തിത്വഭയത്തിൽനിന്ൻ ഒരു പരിധിവരെ മുക്തനാക്കുകയും, സർഗ്ഗശേഷിയെ വികസിപ്പിക്കുകയും ചെയ്യുന്നത് പ്രണയവും ലൈംഗികതയുമാണ്. ആ പ്രണയത്തിൻമേലും ലൈംഗികതയിൻമേലും, നിർദ്ദയം ഇടപെട്ടും വിലക്കുകൾ ഏർപ്പെടുത്തിയുമാണ് മതം മനുഷ്യനെ വൈകാരികമായി വന്ധ്യംകരിക്കുന്നത്. മർദ്ദകന്റെ പണിശാലകളിലാണ് ഈ വിലക്കുകൾക്ക് ചങ്ങല പണിയപ്പെടുന്നത് എന്നാണ് സാറാ ജോസഫ് എഴുതുന്നത്.. ഇതിന് ഒത്താശ ചെയ്തുകൊണ്ട് എല്ലാക്കാലത്തും എല്ലാ ദേശത്തും സ്ഥാപിതമതം ഭരണവർഗത്തിന്റെ കൂട്ടുനിന്നിട്ടുണ്ട്. അവർ നിലനിർത്തിയിട്ടുള്ള എല്ലാ മൂല്യങ്ങളും മർദ്ദിതർ അഴിച്ചുപണിക്ക് വിധേയമാക്കേണ്ടതുണ്ട്. ആ ചരിത്രപരമായ കടമ സാഹിത്യത്തിലൂടെ, സ്ത്രീ-പുരുഷ ബന്ധങ്ങളുടെ കാര്യത്തിൽ ഏറെ നിർവഹിക്കപ്പെടാനുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്ന എഴുത്തുകാരിയാണ് സാറാ ജോസഫ്. മർദ്ദിതരുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന സദാചാരസംഹിതകളെ ഊട്ടിയുറപ്പിക്കുകയാണ് നമ്മുടെ സാഹിത്യകൃതികൾ പലപ്പോഴും ചെയ്യുന്നത് എന്നതിനാലാണ് തന്റെ സാഹിത്യം സഞ്ചരിക്കേണ്ട എതിർദിശ സാറാ ജോസഫ് പുനർനിർണ്ണയിച്ചുറപ്പിക്കുന്നത്. “ലൈംഗികാരാജകബോധം വളർത്തുന്ന ഒരു കൃതി നമുക്കിടയിൽ ജനപ്രീതി നേടി കൊഴുത്തു തെഴുക്കാൻ അനുവദിക്കുമ്പോഴും, അധീശവർഗസൃഷ്ടിയായ മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന കൃതി ഉടനെ എതിർക്കപ്പെടുകയും നിരോധിക്കപ്പെടുകയും ചെയ്യും” എന്നവർ എഴുതുന്നതെത്ര കൃത്യമായാണ്. നമ്മുടെയൊക്കെ ആവിഷ്കാരസ്വാതന്ത്ര്യങ്ങളിൻമേൽ തുടരെത്തുടരെ വീണുകൊണ്ടിരിക്കുന്ന നാനാതരം ചങ്ങലക്കുരുക്കകളെ ഈ ആത്മകഥ ഓർത്തെടുക്കുന്നു.
ഓരോ തവണ സാറാ ജോസഫിനെ വായിക്കുമ്പോഴും കേൾക്കുമ്പോഴും കാണുമ്പോഴും എന്റെ ഹൃദയത്തെ അവർ ആഴത്തിൽ തൊടുന്നതായി എനിക്കറിയാനാകുന്നു . എന്റെ ആത്മവിശ്വാസം വർദ്ധിക്കുന്നു, ഞാൻ കൂടുതൽ കാര്യങ്ങൾ മനസിലാക്കുന്നു. ഞങ്ങൾക്കുവേണ്ടി കൂടുതൽ കൂടുതൽ എഴുതാനായി ടീച്ചർ ആരോഗ്യവതിയായി തുടരുകതന്നെ വേണമെന്ന് ഞാനാഗ്രഹിക്കുന്നു.

യൗവ്വനകാലം മുതൽ സാറാ ജോസഫ് ധാരാളം ലോകങ്ങൾ ആവിഷ്കരിച്ചു. ധാരാളം അംഗീകാരങ്ങളും പേരും നേടി. എന്നാൽ എൺപതാം വയസായപ്പോൾ അവർ എഴുതിയ കറ എന്ന രചന മുൻപത്തേതിനേക്കാൾ ഒക്കെ ശക്തവും മേന്മയേറിയതുമായി. സമരമുഖങ്ങളിൽ അവരുടെ ശബ്ദത്തിന് കൂടുതൽ ഉറപ്പും മുഴക്കവും അനുഭവപ്പെടുന്നു. അവരുടെ കാഴ്ചകളുടെ തെളിമ ഏറിയേറി വരികയാണ്. ഉജ്ജ്വലമായ ഒരു വിടരലാണ് ഓരോ പുതിയ എഴുത്തിലും അവരിൽ സംഭവിക്കുന്നത്. ഇതാണ് ഏറ്റവും സമ്പൂർണമായ ജീവിതവഴി. സാറാ ജോസഫിന്റെ യഥാർത്ഥമായതും ഏറ്റവും മഹത്തായതുമായ കല ഇനിയും തുടങ്ങാനിരിക്കുന്നതേയുള്ളൂ എന്ന തോന്നൽ എന്റെയുള്ളിൽ ശക്തമാകുന്നു. പറഞ്ഞു പഴകിയതൊന്നുമല്ല ഒരിക്കലും അവർ പറയുന്നത്.
സ്ത്രൈണതയുടെ കാല്പനിക കാലഘട്ടങ്ങളിൽ എഴുത്തുതുടങ്ങി അവിടെ നിന്ന് സ്ത്രീവാദത്തിന്റെ തീക്ഷ്ണകാലങ്ങളിലേക്കും അവിടെനിന്ന് സ്ത്രീത്വത്തിന്റെ പരിപാകം വന്ന മാനവികതയുടെ സമഗ്രവീക്ഷണങ്ങളിലേക്കുമുള്ള ക്രമാനുഗതമായ ഒരു സഞ്ചാരമായി സാറാ ജോസഫിന്റെ എഴുത്തുജീവിതത്തിന്റെ വളർച്ചയെ അടയാളപ്പെടുത്താനാകും. ഈ ഒരു വളർച്ച രേഖപ്പെടുത്തിയ മലയാളത്തിലെ ഒരേയൊരു എഴുത്തുകാരിയും സാറാ ജോസഫ് മാത്രമാണ് എന്ന് ഞാൻ കരുതുന്നു. ഈ ഭൂമിയിൽ ഒരറ്റത്ത് സാറാ ജോസഫ് ജീവിച്ചിരിക്കുന്നു എന്നത് എന്നിലുണ്ടാക്കുന്ന കരുത്തും ധൈര്യവും ആശ്വാസവും ആത്മവിശ്വാസവും ഞാനിവിടെ രേഖപ്പെടുത്തുന്നു.