ടി. പത്മനാഭൻ

ജീവിതത്തിലെ ഹ്രസ്വനിമിഷങ്ങൾ,
കാലഭൈരവന്റെ ദീർഘസമസ്യകൾ

കഥയുടെ ലാവണ്യസങ്കൽപ്പങ്ങൾ ഉരച്ചുനോക്കാനുള്ള ഉരകല്ലായി ടി. പത്മനാഭന്റെ കഥകളെ സമീപിച്ചാലെന്ത് എന്നത് ഏതൊരു സാഹിത്യാസ്വാദകന്റെയും ഔത്സുക്യമായിരിക്കും.

ലയാള കഥയുടെ ഭാവുകത്വപ്രപഞ്ചത്തെക്കുറിച്ച് അന്വേഷിക്കുമ്പോൾ ഒരു കാര്യം സമ്മതിക്കേണ്ടിവരും. മലയാള കഥാപ്രപഞ്ചത്തെ നെടുകെ പിളർക്കുന്ന മധ്യരേഖയാണ് പത്മനാഭൻ കഥകൾ. കഥകൾ പത്മനാഭനുമുമ്പും പിമ്പും എന്ന വർഗീകരണത്തിലേക്ക് അങ്ങനെ നമ്മൾ എത്തുന്നു. കാരൂരും, കേശവദേവും, തകഴിയും, എസ്.കെ.യും തുടങ്ങിവെച്ച രീതികളും പ്രമേയങ്ങളുമായിരുന്നില്ല പത്മനാഭൻ പിൻപറ്റിയത്. മറ്റുള്ളവർ എഴുതുന്നതുപോലെ എഴുതുകയില്ല എന്നത് അദ്ദേഹത്തിന്റെ പ്രഖ്യാപിത നയം തന്നെയാണല്ലോ.

പത്മനാഭൻകഥകളെ ലാവണ്യശാസ്ത്രപരമായ കാഴ്ചപ്പാടോടെ സമീപിക്കുമ്പോൾ നമുക്കുമുന്നിൽ തെളിയുന്ന ചിത്രം എന്താണ്? മാറുന്ന സൗന്ദര്യശാസ്ത്ര സങ്കൽപ്പങ്ങൾക്കനുസരിച്ച് തന്റെ കഥാഗതിയെ വഴിതിരിച്ചുവിടുന്ന സ്വഭാവം പത്മനാഭനില്ലെന്നത് സുവിദിതമാണല്ലോ. എങ്കിലും കഥയുടെ ലാവണ്യസങ്കൽപ്പങ്ങൾ ഉരച്ചുനോക്കാനുള്ള ഉരകല്ലായി ആ കഥകളെ സമീപിച്ചാലെന്ത് എന്നത് ഏതൊരു സാഹിത്യാസ്വാദകന്റെയും ഔത്സുക്യമായിരിക്കും. എല്ലാ വികാരങ്ങൾക്കും പേരുണ്ടായിരുന്നെങ്കിൽ കവിത ഉണ്ടാകുമായിരുന്നില്ല എന്നുപറയുന്നത് ചെറുകഥയെ സംബന്ധിച്ചും സംഗതമാണന്ന് കാണാം. ചെറുകഥയിലെ ‘ചെറുതി'നെ ഗാഢാശ്ലേഷം ചെയ്ത കഥാകൃത്തുക്കൾ, പത്മനാഭനെപ്പോലെ അധികം പേരുണ്ടാവില്ല. ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാവുന്ന ഒന്നാണ് ചെറുകഥ എന്ന അല്ലൻപോയുടെ (Edward Allen Poe) അഭിപ്രായം ഏറ്റവും നന്നായി ഇണങ്ങുന്നത് പത്മനാഭന്റെ കഥകൾക്കായിരിക്കും.

ചെറിയ കഥകൾ എഴുതി വലിയ ഭാവപ്രപഞ്ചം സൃഷ്ടിക്കാൻ കഴിഞ്ഞ എഴുത്തുകാരനാണ് പത്മനാഭൻ. കൂടുതൽ എഴുതിയിട്ടുമില്ല. 154 കഥകളാണ് സമ്പൂർണ സമാഹാരത്തിലുള്ളത്. കൂടുതൽ എഴുതുന്നത് മാത്രമല്ല, എഴുതാൻ തോന്നുമ്പോൾ എഴുതാതിരിക്കുന്നതുകൂടിയാണ് നല്ല എഴുത്തിന്റെ ലക്ഷണം.

ജീവിതത്തിലെ ഹ്രസ്വനിമിഷങ്ങളുടെ സർഗാത്മകമായ ആവിഷ്‌കാരം എന്ന ചെറുകഥയുടെ ക്ലാസിക്കൽ നിർവചനത്തിനു ചേരുന്നവയാണ് പത്മനാഭന്റെ കഥകളിൽ അധികവും. ഹ്രസ്വമായ ചിത്രീകരണം സൃഷ്ടിക്കുന്ന കൃത്യമായ പ്ലോട്ട് ആ കഥകളുടെ സവിശേഷതയാണ്. ഇതിവൃത്തത്തിന്റെ സ്വഭാവത്തിനനുസരിച്ച് ചടുലമായതോ അയഞ്ഞതോ ആയ ആഖ്യാനശൈലി കഥാപാത്രങ്ങൾക്ക് മിഴിവേകുന്നതിനും കഥാഗതിയുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനും സഹായകമാണ്. ഉദാഹരണമായി ‘അച്ഛൻ' എന്ന കഥയുടെ തുടക്കം നോക്കൂ: ‘‘രാവിലെ ചായയുമായി മുറിയിലെത്തിയപ്പോൾ അച്ഛൻ എഴുനേറ്റുകഴിഞ്ഞിരുന്നു. എഴുന്നേൽക്കുകമാത്രമല്ല രാവിലത്തെ കൃത്യങ്ങളൊക്കെ തീർക്കുകയും ചെയ്തിരുന്നു. കുളിയടക്കം! എന്നിട്ട് വസ്ത്രവും മാറി വെളിയിലേക്ക് നോക്കി വെറുതേ ഇരിക്കുകയായിരുന്നു''.
ആഖ്യാനത്തിന്റെ ഈ ചടുലത പിന്നീട് സംഭവിക്കാൻ പോകുന്ന സംഭവപരമ്പരകളുടെ ഒരു സൂചനയാണ്. തന്റെ മകളുടെ ജീവിത്തിൽ നടക്കാൻപോകുന്ന ചില ആകസ്മികതകൾ ഈ കഥയിലുണ്ട്. പിതാവിന്റെ സമയോചിത ഇടപെടൽ നിമിത്തം മകളുടെ ജീവിതത്തിലുണ്ടാകുന്ന ഗുണപരമായ മാറ്റം, അമ്മയുടെയും മറ്റുള്ളവരുടെയും സ്വാധീനത്തിൽനിന്ന്​പുറത്തുകടക്കാനാവാതെ ധർമസങ്കടത്തിൽപെട്ടുകഴിയുന്ന മകന്റെ ചിത്രം, ഇതിന്റെയൊക്കെ ഗതിമാറ്റുന്ന അച്ഛന്റെ ഇടപെടൽ എന്നിങ്ങനെ ഒരു ‘ആക്ഷൻ പാക്ക്​ഡ്’​ ആയ കഥയായി ഇത് മാറുന്നുണ്ട്. ആഖ്യാനത്തിൽ കാണുന്ന തുടക്കത്തിലെ ചടുലത കഥാഗതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അനുഗുണമായിത്തീരുന്നത് ഈ കഥയിൽ കാണാം.

സരളവും നിഗൂഢരഹിതവുമെങ്കിലും കഥകൾക്കുള്ളിൽ കഥകൾ സൃഷ്​ടിച്ച് ഒരു സങ്കീർണതലം രുപപ്പെടുത്തിയെടുക്കുന്നതിൽ വിജയിച്ച ചില കഥകളുണ്ട്. ഗൗരി അതിനുദാഹരണമാണ്.
സരളവും നിഗൂഢരഹിതവുമെങ്കിലും കഥകൾക്കുള്ളിൽ കഥകൾ സൃഷ്​ടിച്ച് ഒരു സങ്കീർണതലം രുപപ്പെടുത്തിയെടുക്കുന്നതിൽ വിജയിച്ച ചില കഥകളുണ്ട്. ഗൗരി അതിനുദാഹരണമാണ്.

ചെറിയ കഥകൾ എഴുതി വലിയ ഭാവപ്രപഞ്ചം സൃഷ്ടിക്കാൻ കഴിഞ്ഞ എഴുത്തുകാരനാണ് പത്മനാഭൻ. കൂടുതൽ എഴുതിയിട്ടുമില്ല. 154 കഥകളാണ് സമ്പൂർണ സമാഹാരത്തിലുള്ളത്. കൂടുതൽ എഴുതുന്നത് മാത്രമല്ല, എഴുതാൻ തോന്നുമ്പോൾ എഴുതാതിരിക്കുന്നതുകൂടിയാണ് നല്ല എഴുത്തിന്റെ ലക്ഷണം.
ജീവിതത്തിനുനേരെ പിടിച്ച കണ്ണാടിയെന്ന് പത്മനാഭന്റെ കഥകളെ വിശേഷിപ്പിക്കാം. സാഹിത്യപ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ച് മുന്നേറാനുള്ള വൈമുഖ്യം ആ കഥകളിൽ കാണാം. എങ്കിലും റിയലിസത്തോട് ചേർന്നുനിൽക്കുന്ന കഥനശൈലിയാണ് അദ്ദേഹം പൊതുവിൽ അനുവർത്തിച്ചുപോരുന്നത്. തന്റെ കഥാലോകത്ത് പ്രതിഷ്ഠിക്കുന്ന മിഴിവാർന്ന കഥാപാത്രങ്ങൾ, അവയുടെ സൂക്ഷമതലത്തിലുള്ള പാത്രസൃഷ്ടി, സ്ഥലങ്ങളുടെയും കാലത്തിന്റെയും ക്ലിഷ്ടത, ഭ്രമകൽപ്പനകളിൽനിന്നുള്ള അകന്നുനിൽപ്പ്, ‘ഞാൻ' എന്ന സർവവ്യാപിയായ ഉത്തമപുരുഷസാന്നിധ്യം, രേഖീയമായ ആഖ്യാനം, പ്രകൃതിയോടും അതിലെ ചരാചരങ്ങളോടും കാണിക്കുന്ന ധ്യാനാത്മകമായ പ്രതിപത്തി, കഥകളുടെ വികാരപ്രപഞ്ചത്തെ ആകെപ്പാടെ നിർണയിക്കുന്ന ആർദ്രമായ മാനവികത എന്നിവയെല്ലാം യഥാതഥമായ തന്റെ രചനാശൈലിക്ക് അനുഗുണമായ രീതിയിൽ വാർത്തെടുക്കാൻ പത്മനാഭന് കഴിഞ്ഞിട്ടുണ്ട്.

എക്കാലത്തെയും വലിയ കാഥികരായ മുത്തശ്ശിമാരുടെ കഥനശൈലി പത്മനാഭനെയും ചെറുതല്ലാത്ത രീതിയിൽ ആവേശിച്ചിട്ടുണ്ട്. തന്റെ കഥകളെ ഭൂതകാലത്തിൽ പ്രതിഷ്ഠിക്കുകയും അതുവഴി വർത്തമാനകാലവുമായി ഒരു ചാർച്ച ഉണ്ടാക്കിയെടുക്കുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ ഒരു സ്ഥിരം ശൈലിയാണ്.

സരളവും നിഗൂഢരഹിതവുമെങ്കിലും കഥകൾക്കുള്ളിൽ കഥകൾ സൃഷ്​ടിച്ച് ഒരു സങ്കീർണതലം രുപപ്പെടുത്തിയെടുക്കുന്നതിൽ വിജയിച്ച ചില കഥകളുണ്ട്. ഗൗരി അതിനുദാഹരണമാണ്. ആഖ്യാനത്തിന്റെ ഒരു ത്രിത്വം ഗൗരിയിൽ പ്രകടമാണ്. ഗൗരിയും ആഖ്യാതാവും തമ്മിലുള്ള ബന്ധം, ഗൗരിയുടെ തന്നെ ആത്മനൊമ്പരങ്ങൾ, ആഖ്യാതാവ് ഗൗരിക്കുമുമ്പിൽ അനാവരണം ചെയ്യുന്ന മറ്റൊരു കഥ എന്നിങ്ങനെ സങ്കീർണതലങ്ങൾ സംയോജിപ്പിക്കുന്നുണ്ട് ആ കഥയിൽ. മഖൻസിങ്ങിന്റെ മരണവും പ്രകാശം പരത്തുന്ന പെൺകുട്ടിയും ഇങ്ങനെ സരളമെങ്കിലും ആഖ്യാനത്തിന്റെ സങ്കീർണതലങ്ങൾ കൈവരിക്കുന്ന കഥകളാണ്.

എക്കാലത്തെയും വലിയ കാഥികരായ മുത്തശ്ശിമാരുടെ കഥനശൈലി പത്മനാഭനെയും ചെറുതല്ലാത്ത രീതിയിൽ ആവേശിച്ചിട്ടുണ്ട്. തന്റെ കഥകളെ ഭൂതകാലത്തിൽ പ്രതിഷ്ഠിക്കുകയും അതുവഴി വർത്തമാനകാലവുമായി ഒരു ചാർച്ച ഉണ്ടാക്കിയെടുക്കുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ ഒരു സ്ഥിരം ശൈലിയാണ്. ‘അന്തിവെളിച്ചം' എന്ന കഥയുടെ തുടക്കം നോക്കാം:‘‘വീട് ആൾപ്പാർപ്പ് ഇല്ലാത്തതുപോലെയായിരുന്നു. അവിടുത്തെ അടുക്കളയിൽനിന്ന് പുക പോയിരുന്നില്ല. വാതിലുകളും ജനലുകളും എപ്പോഴും അടഞ്ഞുകിടന്നിരുന്നു. പോർട്ടിക്കോവിന്റെ ഇരുവശത്തും തഴച്ചുവളർന്നിരുന്ന കുറ്റൻ ബോഗൻവില്ലിയകൾക്കുപുറമെ മുറ്റത്തും ചുറ്റുപാടും കാടുവളർന്നിരുന്നു''.‘അശ്വതി' എന്ന കഥയുടെ തുടക്കം ഇങ്ങനെയാണ്: ‘‘നേരം സന്ധ്യയാകാറായിരുന്നിട്ടും പീടികയിൽ നല്ല തിരക്കായിരുന്നു. എന്നെപ്പോലെ എല്ലാവരും മഴതീരാൻ കാത്തുനിന്നതായിരിക്കുമെന്നു ഞാൻ വിചാരിച്ചു''.‘ഒരു വെറും കിനാവ്' എന്ന കഥയിൽനിന്ന്​: ‘‘അയാളുടെ മുറി ഹോട്ടലിന്റെ മൂന്നാമത്തെ നിലയിലായിരുന്നു. അവിടെനിന്നും നോക്കിയാൽ റോഡും റോഡിന്റെ ഇരുവശത്തെ കെട്ടിടങ്ങളുമൊക്കെ കുറേ ദൂരത്തോളം വ്യക്തമായി കാണാമായിരുന്നു. സിറ്റിയുടെ ഉള്ളിലായിരുന്നുവെങ്കിലും അത് പ്രധാനമായും ആളുകൾ താമസിക്കുന്ന ഒരു സ്ഥലമായിരുന്നു. അതുകൊണ്ട് അവിടെയുണ്ടായിരുന്നത് കൂടുതലും വീടുകളായിരുന്നു. പഴയകാലത്തിന്റെ പ്രൗഢി വിളിച്ചുപറയുന്ന വീടുകൾ''.

ജീൻ പോൾ സാർത്ര്‌ / Photo: Wikimedia Commons
ജീൻ പോൾ സാർത്ര്‌ / Photo: Wikimedia Commons

സംഭവങ്ങളെയും അനുഭവങ്ങളെയും ഭൂതകാലത്തിൽ പ്രതിഷ്​ഠിച്ച് കഥ പറയുന്ന രീതി സാഹിത്യത്തിൽ സർവവ്യാപിയായി അനുവർത്തിച്ചുവരുന്ന ഒന്നാണ്​. പല വിഖ്യാത കഥാകൃത്തുക്കളും അങ്ങനെ ചെയ്തിട്ടുണ്ട്. അനുഭവതീക്ഷ്ണതയിലേക്ക് ഗൃഹാതുരത്വത്തോടെ തിരിഞ്ഞുനോക്കാനും അതുവഴി വർത്തമാനകാലത്തിന്റെ സമീപദർശനത്തെ കൂടുതൽ മിഴിവോടെ മനസ്സിലാക്കാനും അതുവഴി നമുക്ക് സാധിക്കുന്നു. ജീൻ പോൾ സാർത്രിന്റെ വിഖ്യാതമായ ‘മതിലുകൾ' (The Wall) എന്ന കഥയുടെ തുടക്കം നോക്കാം: ‘‘They pushed us into a large white room and my eyes began to blink because the light hurt them. Then I saw a table and four fellows seated at the table, civilians looking at some papers. The other prisoners were herded together at one end and we were obliged to cross the room to join them. There were several I knew, and others who have been foreigners. The two in front of me were blond with round heads. They looked alike. I imagine they were French. The smaller one kept pulling at his trousers, out of nervousness.’’ (Great Short stories of the Word, Maple Press Classics, Noida, P 276).

സ്പാനിഷ് സിവിൽ വാർ കാലഘട്ടത്തിൽ പിടിയിലായ സൈനികരുടെ വിചാരണയും ശിക്ഷ നടപ്പാക്കലും ഒട്ടൊരു നടുക്കത്തോടെ പറയുന്ന കഥയാണ് ‘മതിൽ'. സംഭവങ്ങളെ ഭൂതകാലത്തിൽ പ്രതിഷ്ഠിച്ചിരിക്കുക വഴി വർത്തമാനകാലത്തിലെ ക്രൂരതകളെ കൂടുതൽ മുഴക്കത്തോടുകൂടി ആവിഷ്‌കരിക്കാൻ കഥാകൃത്തിനു കഴിയുന്നു. ഭൂതകാലത്തിന്റെ നടുക്കുന്ന ഓർമകൾ വരാൻപോകുന്ന വിപത്തിനെക്കുറിച്ച് ആശങ്കപ്പെടാൻ കഥാനായകനെ പ്രേരിപ്പിക്കുന്നു. യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്ന പാബ്ലോ ഇബിയേറ്റ എന്ന സൈനികനും സഹതടവുകാരും അവരുടെ നിലനിൽപ്പിനെക്കുറിച്ചുള്ള ആശങ്കയിലാണ്. ഭൂതകാലത്തിന്റെ നടുക്കുന്ന ഓർമകളെക്കുറിച്ചുള്ള അവരുടെ തിരിച്ചറിവ് ആ ആശങ്കയ്ക്ക് ആഴം കൂട്ടുന്നു. മുത്തശ്ശിക്കഥകളിലും കഥകളുടെ മറ്റനേകം കൈവഴികളിലും പ്രയോഗിച്ച് ഉറച്ച ഒരു കഥനരീതിയാണിത്.

പദ്മനാഭന്റെ കഥാലോകത്തുകൂടെ സഞ്ചരിക്കുമ്പോൾ സാഹിത്യസിദ്ധാന്തങ്ങൾ പടിക്കുപുറത്തുനിർത്തിയ ഒരു കഥാലോകത്തിലേക്കാണ് നമ്മൾ എത്തിച്ചേരുന്നത്. ഇസങ്ങൾക്കനുസരിച്ച് എഴുതാൻ താൻ ബാധ്യസ്ഥനല്ലന്ന് പലപ്പോഴായി കഥാകൃത്ത് തന്റെ നയം വ്യക്തമാക്കിയിട്ടുണ്ട്.

കാലത്തിന്റെ മായാവലയത്തിൽനിന്ന്​ പുറത്തുകടക്കാനുള്ള വ്യഗ്രത മനുഷ്യസഹജമാണ്. കാലമേൽപ്പിക്കുന്ന ഭാരത്തെ കുടഞ്ഞുകളയാനുള്ള പരിശ്രമം കൂടിയാണ് ഓരോ മനുഷ്യജന്മവും. ‘കാലഭൈരവ'നിലെ ‘അയാൾ' അത്തരമൊരു കഥാപാത്രമാണ്. അദ്ദേഹത്തെ സംബന്ധിച്ച് സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും ഒരുപോലെയാണ്. തന്റെ ഭൂതകാലത്തെ മറക്കാനാണ് അയാൾ കാശിയിലെത്തുന്നത്. കാശിയിൽ ഭൂതകാലമില്ല. വർത്തമാനം മാത്രമേയുള്ളൂ. പാപനാശിനിയായ ഗംഗ എല്ലാ പാപത്തെയും ഒഴുക്കിക്കളയുന്നതുപോലെ കാലത്തിന്റെ ഭാരങ്ങളെയും കഴുകിക്കളയുന്നു. കാലഭൈരവനിലെ നായകനെ സംബന്ധിച്ച്​ കാലത്തെ സംബന്ധിച്ച സമസ്യ പൂരിപ്പിക്കാനാവാതെ കിടക്കുകയാണ്. കഥയിലൊരിടത്ത് അയ്യർ അയാളുടെ ഭൂതകാലത്തെ തട്ടിയുണർത്തുന്നുണ്ട്. ഗംഗാതീരത്തെ സന്യാസിയെ പോയിക്കാണാൻ അയ്യർ അയാളെ ഉപദേശിക്കുന്നുണ്ട്. സന്യാസിയെക്കുറിച്ചുള്ള വ്യവസ്ഥാപിത സങ്കൽപ്പങ്ങൾക്കപ്പുറത്തുള്ള ആളാണ് കാലഭൈരവനിലെ സന്യാസി. തന്റെ പ്രണയിനിയോടുള്ള ചെയ്തിയിൽനിന്നും, നിയമത്തിന്റെ പിടിയിൽനിന്നും ഭൂതകാലത്തിൽനിന്നുതന്നെയും ഉള്ള ഒളിച്ചോട്ടമായിരുന്നു അയാൾക്കത്. അയാൾ പറയാതെതന്നെ അയാളുടെ കഥ സന്യാസി പറയുന്നു. മനുഷ്യകുലത്തിനാകമാനം ബാധകമായ കഥ. കാലത്തെക്കുറിച്ചുള്ള ഭ്രമകൽപ്പനയിൽനിന്നും പുറത്തുവരാൻ അതയാളെ പ്രാപ്തനാക്കുന്നു. ഒരു തിരിച്ചുപോക്കിന് അയാൾ തയ്യാറാവുന്നു. പുറകിൽ ഉപേക്ഷിച്ചു എന്ന് കരുതിയ ആ പഴയ ഭൂതകാലത്തേക്കുതന്നെ.

ഒരു മുഖ്യപ്രമേയവും അതിനെ ഉപജീവിച്ച് മുന്നേറുന്ന ഏതാനും ഉപസംഭവങ്ങളും അടങ്ങിയതാണ് പത്മനാഭന്റെ ബഹുഭൂരിപക്ഷം കഥകളും. / Photo: Wikimedia Commons
ഒരു മുഖ്യപ്രമേയവും അതിനെ ഉപജീവിച്ച് മുന്നേറുന്ന ഏതാനും ഉപസംഭവങ്ങളും അടങ്ങിയതാണ് പത്മനാഭന്റെ ബഹുഭൂരിപക്ഷം കഥകളും. / Photo: Wikimedia Commons

മാറുന്ന സൗന്ദര്യശാസ്ത്രസങ്കൽപ്പങ്ങൾക്കനുസരിച്ച് തന്റെ കഥനശൈലിയെ ഉടച്ചുവാർക്കാൻ ശ്രമിച്ചിട്ടില്ല എന്നത് പത്മനാഭനുനേരെ ഉയർന്നുവന്ന, ഒട്ടൊക്കെ ശരിയുമായ, ആക്ഷേപമാണ്. മാറുന്ന സംവേദനക്ഷമതയാണ് വ്യത്യസ്​ത ആഖ്യാന സമ്പ്രദായങ്ങൾക്ക് വഴിമരുന്നാവുന്നത്. അപ്പോൾ അതിനനുസരിച്ച് ആഖ്യാനതന്ത്രം മാറ്റി പരീക്ഷിക്കുക എന്നത് എഴുത്തിന്റെ പ്രാഥമികവും പ്രധാനവുമായ കർത്ത്യവ്യം തന്നെയാണ്. മുകുന്ദന്റെ ഡൽഹിയും മയ്യഴിപ്പുഴയുടെ തീരങ്ങളും, ആദിത്യനും രാധയും മറ്റുചിലരും, ചോയി കഥകളും ഇത്തരം ശൈലീമാറ്റങ്ങൾക്കുദാഹരണമായി ചൂണ്ടിക്കാണിക്കാം. ഖസാക്കിലെ ശൈലിയിൽനിന്ന്​ ഗുരുസാഗരത്തിൽ എത്തുമ്പോഴേക്കും ശൈലിയുടെ കാര്യത്തിൽ വീണ്ടും ചില കുഴമറിച്ചിലുകൾ വിജയൻ നടത്തുന്നതുകാണാം. എന്നാൽ പദ്മനാഭന്റെ കഥാലോകത്തുകൂടെ സഞ്ചരിക്കുമ്പോൾ സാഹിത്യസിദ്ധാന്തങ്ങൾ പടിക്കുപുറത്തുനിർത്തിയ ഒരു കഥാലോകത്തിലേക്കാണ് നമ്മൾ എത്തിച്ചേരുന്നത്. ഇസങ്ങൾക്കനുസരിച്ച് എഴുതാൻ താൻ ബാധ്യസ്ഥനല്ലന്ന് പലപ്പോഴായി കഥാകൃത്ത് തന്റെ നയം വ്യക്തമാക്കിയിട്ടുണ്ട്. കാലത്തിനൊത്ത് വളരാത്ത കഥനശൈലിയാണ് പദ്മനാഭന്റേതെന്ന ആക്ഷേപം അങ്ങനെ അദ്ദേഹം വരുത്തിവെച്ചു.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? ജീവിതാവസ്ഥകളുടെ സത്യസന്ധമായ ആവിഷ്‌കാരം എന്ന നിലക്കാണ് പത്മനാഭൻ തന്റെ കഥകളെ സമീപിച്ചത്. ഒരു മുഖ്യപ്രമേയവും അതിനെ ഉപജീവിച്ച് മുന്നേറുന്ന ഏതാനും ഉപസംഭവങ്ങളും അടങ്ങിയതാണ് പത്മനാഭന്റെ ബഹുഭൂരിപക്ഷം കഥകളും. അതീത യാഥാർഥ്യത്തിന്റെ ഇന്ദ്രജാലമോ ഭ്രമകൽപ്പനകളുടെ ഉന്മാദാവസ്ഥകളോ നമ്മൾ ആ കഥകളിൽ കാണുന്നില്ല. ആഖ്യാനത്തിന്റെ നേർവഴിയല്ലാതെ സങ്കീർണതയുടെ ഊടുവഴികൾ അദ്ദേഹത്തിന് അഞ്ജാതമാണ്. ശിഥിലബിംബങ്ങളെക്കൊണ്ടൊരു പൂർണചിത്രം വരയാനാണ് അദ്ദേഹം എപ്പോഴും ശ്രമിക്കാറ്. ഇങ്ങനെ നോക്കിയാൽ കഥയുടെ യാഥാസ്ഥിതിക നിർവചനത്തിന് ഇണങ്ങുന്ന കഥനശൈലിയുടെ ഉടമയാണ് പത്മനാഭനെന്ന് പറയാൻ കഴിയും.

കഥകൾക്കുള്ളിൽ കഥൾ സൃഷ്ടിച്ച് നിസ്സാരം എന്ന് തോന്നുന്ന ഒരു സംഭവത്തിന് കാവ്യഭംഗി നൽകുകയാണ് ഈ കഥയിലൂടെ. വർത്തമാനകാലത്തിലെ ചില സംഭവങ്ങളും ഭൂതകാലത്തിലെ ഓർമകളും വിളക്കിച്ചേർത്ത് യഥാതഥമായ ഒരു കഥ സൃഷ്ടിക്കുന്നു ഇതിലൂടെ.

‘അത്രയൊന്നും പ്രധാനമല്ലാത്ത ചില കാര്യങ്ങളെക്കുറിച്ച്' എന്ന കഥയെ മുൻനിർത്തി ഇതൊന്നു പരിശോധിക്കാം. സാധാരണമായി വൈകുന്നേരങ്ങളിൽ കോലായിലിരുന്ന് പുറത്തേക്കുനോക്കി മനോരാജ്യം കാണുന്ന കഥാനായകനും അയാളുടെ ഭാര്യയുമാണ് പ്രധാന കഥാപാത്രങ്ങൾ. ‘മിനിഞ്ഞാന്ന്' വൈകുന്നേരം തന്റെ ഭാര്യയുടെ ചെരിപ്പ് കാണാതെപോയതുമായി ഉണ്ടായ ചില കോലാഹലങ്ങൾ പറഞ്ഞുകൊണ്ടാണ് കഥ തുടങ്ങുന്നത്. ഇതിലെ കാലസൂചന വ്യക്തമാണ്. രണ്ടുദിവസം മുമ്പത്തെ സംഭവമാണ്. പക്ഷെ കാലത്തിലൂടെ കുറച്ചുകൂടി പുറകോട്ടുപോയി മറ്റൊരു ഉപകഥകൂടി സൃഷ്ടിക്കുന്നുണ്ട് കഥാകൃത്ത് ഇതിൽ. തന്റെ കുട്ടിക്കാലവും അമ്മയോടൊത്ത് കുളക്കടവിൽ കുളിക്കാൻ പോയതും കഥാനായകൻ ഓർത്തെടുക്കുന്നു. കുളത്തിലെ കുളി വിലക്കപ്പെട്ട ചിലർ തോട്ടിൽ കുളിക്കുന്നതും അതിന്റെ പൊരുൾ മനസ്സിലാവാത്ത ബാല്യകാല നിഷ്‌കളങ്കതയും മനോഹരമായിത്തന്നെ ഈ കഥയിൽ വരച്ചുചേർത്തിട്ടുണ്ട്. ഭാര്യ പുറത്തേക്കിറങ്ങുമ്പോൾ ഇടാറുള്ള ചെരിപ്പാണ് കാണാതായിട്ടുള്ളത്. അതിനിടയിൽ അമ്മ പറഞ്ഞുകൊടുത്ത ‘എഴുത്തച്ഛൻ' എന്ന ജീവിയുടെ കഥയും ഓർത്തെടുക്കുന്നുണ്ട് അയാൾ. ഇങ്ങനെ കഥകൾക്കുള്ളിൽ കഥൾ സൃഷ്ടിച്ച് നിസ്സാരം എന്നുതോന്നുന്ന ഒരു സംഭവത്തിന് കാവ്യഭംഗി നൽകുകയാണ് ഈ കഥയിലൂടെ. വർത്തമാനകാലത്തിലെ ചില സംഭവങ്ങളും ഭൂതകാലത്തിലെ ഓർമകളും വിളക്കിച്ചേർത്ത് യഥാതഥമായ ഒരു കഥ സൃഷ്ടിക്കുന്നു ഇതിലൂടെ. വളരെ ഋജുവായ ആഖ്യാനമെങ്കിലും അതിന്റെ ചടുലത ശ്രദ്ധേയമാണ്. കഥയുടെ അവസാനം കണ്ടടുക്കപ്പെട്ട ചെരിപ്പിനെ‘കയറിൽ നിന്നും വെട്ടിയിറക്കാൻ കാത്തുനിൽക്കുന്ന ഒരു ശവം പോലെ അവളുടെ വിരലുകളിൽ അതു തൂങ്ങിനിന്നു' എന്ന ഒരു തീക്ഷ്​ണബിംബത്തിലൂടെയാണ് പത്മനാഭൻ അവതരിപ്പിക്കുന്നത്. ജാതീയതയും അസമത്വവും സൗമ്യമെങ്കിലും ശക്തമായിത്തന്നെ പ്രശ്നവത്കരിക്കുന്നുണ്ട് ഈ കഥയിൽ.

ജീവിതത്തിന്റെ തീഷ്ണതകളെല്ലാം വറ്റിപ്പോയ ആളാണ് കഥയിലെ അമ്മ. എങ്കിലും ഉത്സാഹത്തിന്റെ ചില പൊരിച്ചിലുകൾ ഇനിയും കെട്ടടങ്ങിയിട്ടില്ല അവരിൽ. / Photo: Flickr
ജീവിതത്തിന്റെ തീഷ്ണതകളെല്ലാം വറ്റിപ്പോയ ആളാണ് കഥയിലെ അമ്മ. എങ്കിലും ഉത്സാഹത്തിന്റെ ചില പൊരിച്ചിലുകൾ ഇനിയും കെട്ടടങ്ങിയിട്ടില്ല അവരിൽ. / Photo: Flickr

കാഴ്ചകളുടെ സമ്പന്നലോകം പത്മനാഭൻ കഥകളുടെ പൊതുസ്വഭാവമാണ്. മൂർത്തമായ പ്രതിരൂപങ്ങൾ സൃഷ്ടിക്കുന്നതിലുള്ള ശ്രദ്ധയാവാം അത്തരമൊരു സവിശേഷതയ്ക്ക് കാരണം. കഥാപാത്രങ്ങളായാലും സ്ഥലങ്ങളായാലും ചില കാഴ്ചകൾ (Visual metaphors) ചില കഥകളെ മനോഹരമാക്കാറുണ്ട്. ‘അമ്മ' എന്ന കഥയുടെ തുടക്കം നോക്കാം: ‘‘ഉച്ച കഴിഞ്ഞിരുന്നുവെങ്കിലും വെയിലിന്റെ ഊക്ക് കുറഞ്ഞിരുന്നില്ല.’’
ജീവിതസായാഹ്നത്തിലെത്തിയ അമ്മയുടെ അവസ്ഥാവിശേഷങ്ങളാണ് കഥയുടെ കാതൽ. ഉച്ചവെയിൽ കഴിഞ്ഞുള്ള സായാഹ്നത്തിന്റെ ബിംബകൽപ്പന സവിശേഷശ്രദ്ധയാകർഷിക്കുന്നുണ്ട് ഇവിടെ. ജീവിതത്തിന്റെ തീഷ്ണതകളെല്ലാം വറ്റിപ്പോയ ആളാണ് കഥയിലെ അമ്മ. എങ്കിലും ഉത്സാഹത്തിന്റെ ചില പൊരിച്ചിലുകൾ ഇനിയും കെട്ടടങ്ങിയിട്ടില്ല അവരിൽ. മക്കളുടെയും പേരക്കുട്ടികളുടെയും സാമീപ്യം അവർ സദാ ആഗ്രഹിക്കുന്നു. വേലക്കാരന്റെ മക്കൾക്ക് ജിലേബി കൊടുക്കുന്നതുവഴി തന്റെ മാതൃത്വം ഇനിയും പുഷ്‌കലമായിത്തന്നെ നിലനിൽക്കുന്നു എന്ന് അവർ വെളിപ്പെടുത്തുന്നു. എ.സി.യും ടേപ്പ് റിക്കാർഡറുകളും സൃഷ്ടിക്കുന്ന സുഖലോലുപതയുടെ ലോകം അവർക്ക് വീർപ്പുമുട്ടലുകളുണ്ടാക്കുന്നു. അമ്മയുടെ മുറിയിലെ ടേപ്പ് റെക്കോർഡറിൽനിന്നുമുയരുന്ന ബാംസുരിയുടെ സംഗീതം ക്ലബ്ബിലേക്ക് കുതിക്കുന്ന മകന്റെ സ്പോർട്സ് കാറിന്റെ ഇരമ്പലിൽ മുങ്ങിപ്പോകുന്നു എന്നുപറഞ്ഞുകൊണ്ടാണ് കഥ അവസാനിക്കുന്നത്. വേർപെട്ടവരുടെ വേദനയും വിരഹിയുടെ ദുഃഖവുമലിഞ്ഞുചേരുന്ന ബാംസുരിയുടെ പശ്ചാത്തലത്തിലാണ് വേഗതയുടെയും വെട്ടിപ്പിടിക്കലിന്റെയും ഒക്കെ ബിംബമായ സ്പോർട്സ് കാറിന്റെ ശബ്ദം ഉൾച്ചേർന്നിരിക്കുന്നത്. ഇങ്ങനെ വ്യത്യസ്തവും രൂപകാത്മകവുമായ കാഴ്ചകൾ അവതരിപ്പിച്ചുകൊണ്ട് ഭാവതീവ്രമായ കഥകൾ രചിക്കുക എന്നത് ഒരു ദൗത്യമായിത്തന്നെ പത്മനാഭൻ എടുക്കുന്നു.

പത്മനാഭൻകഥകളുടെ സാമാന്യ പ്രത്യേകതകളാണ് ഇതുവരെ ചർച്ച ചെയ്തത്. തിരഞ്ഞെടുത്ത ചില കഥകളുടെ വിശദമായ വായനയാണ് ഇനി നിർവഹിക്കാനുള്ളത്.

ഒന്ന്

പദ്മനാഭന്റെ ശ്രദ്ധേയമായ ചെറുകഥയാണ് ‘ഇരുട്ട്'. ജീവിതത്തിൽനിന്ന്​ പ്രകാശം മാഞ്ഞുപോയ നിസ്സഹായനും ഏകാകിയുമായ ഒരു കുട്ടിയുടെ ജീവിതചിത്രണമാണ് കഥ നിർവഹിക്കുന്നത്. അവന്റെ യജമാനത്തിയായ ചേച്ചിയുടെ വീട്ടിൽ വീട്ടുജോലികൾ ചെയ്താണ് അവൻ ജീവിക്കുന്നത്. ഭയമാണ് അവന്റെ സ്വരൂപത്തിന്റെ ആകെത്തുക. അടുക്കളയുടെ പുറകിൽ മാളം പോലുള്ള സ്റ്റോർമുറിയിൽ തനിച്ചിരിക്കുകയാണ് അവന്റെ പതിവ്. അപ്പോൾ ചേച്ചിയും ഭർത്താവും കൂട്ടുകാരുമൊത്തുള്ള പാർട്ടികൾ വീട്ടിൽ അരങ്ങുതകർക്കുകയായിരിക്കും. ഒരു കൊച്ചുകഥയാണങ്കിലും ശക്തമായ ചില ബിംബങ്ങളാൽ സമൃദ്ധമാണ് ഈ കഥ. മാളം പോലുള്ള സ്റ്റോർമുറി തന്നിലേക്കുതന്നെ ഒതുങ്ങികൂടാനുള്ള അവന്റെ വാസനയെ കുറിക്കുന്നു.

തന്നിലേക്ക് ഒതുങ്ങിക്കൂടുമ്പോഴും പുറത്തെ വിശാലലോകം എപ്പോഴും അവനെ ഭ്രമിപ്പിച്ചിരുന്നു. സാമാന്യത്തിൽ അധികം വലുപ്പമുള്ള അവന്റെ കണ്ണുകൾ അതാണ് പറയുന്നത്. ഒറ്റക്കായിരിക്കുമ്പോൾ വീട്ടുമുറ്റത്തെ കാർ നോക്കിയിരിക്കുകയാണ് അവന്റെ വിനോദം. എന്നാൽ കാറിൽക്കയറാൻ അവന് താത്പര്യമില്ല. ആദിമമായ ഒരു ഉത്കണ്ഠ അവനെ വലയം ചെയ്തിരിക്കുന്നു. കാറുകൾ അകന്നുപോകുന്നത് കാണുമ്പോൾ അവന് എന്തോ നഷ്ടപ്പെട്ടതുപോലെ തോന്നുന്നു. സന്ധ്യയ്ക്ക് ഒറ്റക്കായ അവൻ പുറത്തേക്ക് നോക്കുമ്പോൾ ആകാശത്തുകൂടെ തെന്നിനീങ്ങുന്ന കറുത്ത മേഘങ്ങളെയാണ് കാണുന്നത്. തന്റെ ഉള്ളിലെ ഏകാന്തതയും പ്രതീക്ഷകളുടെ അഭാവവും ശക്തമായിത്തന്നെ സൂചിപ്പിക്കുന്നുണ്ട് അവ. പിശാചുക്കളെയാണ് അവന് അധികം പേടി. അയൽവീട്ടിലുണ്ടായിരുന്ന മുത്തുവാണ് അവന് പിശാചുക്കളെക്കുറിച്ച് പറഞ്ഞുകൊടുത്തത്. കാഫ്കയുടെ മെറ്റമോർഫോസിസിൽ ഗ്രിഗർ സാംസയുടെ മനസ്സിന്റെ ഭയവും അമർഷവും നിസ്സഹായതയും പ്രതികാരവാഞ്ഛയുമെല്ലാം ഒരു കീടത്തിന്റെ രൂപത്തിൽ വ്യക്തിത്വവത്കരിക്കപ്പെട്ടത് നമ്മൾ കണ്ടതാണല്ലോ. ഇവിടെ ഏകാകിയായ ഒരു കൊച്ചുകുട്ടിയുടെ വിഹ്വലതകളും ഭ്രമകൽപ്പനകളുമാണ് ഇരുട്ടായി രൂപാന്തരപ്രാപ്തി കൈവരിക്കുന്നത്. കാലവർഷാരംഭത്തിലെ മഴയും കാറ്റും ഇരുട്ടും അവനെ വളരെയേറെ ഭയചകിതനാക്കുന്നു.

സന്ധ്യയ്ക്ക് ഒറ്റക്കായ അവൻ പുറത്തേക്ക് നോക്കുമ്പോൾ ആകാശത്തുകൂടെ തെന്നിനീങ്ങുന്ന കറുത്ത മേഘങ്ങളെയാണ് കാണുന്നത്. തന്റെ ഉള്ളിലെ ഏകാന്തതയും പ്രതീക്ഷകളുടെ അഭാവവും ശക്തമായിത്തന്നെ സൂചിപ്പിക്കുന്നുണ്ട് അവ. / Photo: Flickr
സന്ധ്യയ്ക്ക് ഒറ്റക്കായ അവൻ പുറത്തേക്ക് നോക്കുമ്പോൾ ആകാശത്തുകൂടെ തെന്നിനീങ്ങുന്ന കറുത്ത മേഘങ്ങളെയാണ് കാണുന്നത്. തന്റെ ഉള്ളിലെ ഏകാന്തതയും പ്രതീക്ഷകളുടെ അഭാവവും ശക്തമായിത്തന്നെ സൂചിപ്പിക്കുന്നുണ്ട് അവ. / Photo: Flickr

നിസ്സാരമായ ഒരു ജന്മത്തിലെ അപ്രധാനമായ ഒരേടാണ് ഈ കഥയിലൂടെ കഥാകൃത്ത് വരച്ചുകാട്ടുന്നത്. കൂടുതൽ വിശദീകരണം ആവശ്യപ്പെടാതെ, പ്രസ്താവനകളോടെയാണ് കഥ തുടങ്ങുന്നത്: ‘‘വൈകുന്നേരത്തെ പാർട്ടിക്ക് ആളുകൾ കൂടുതലുണ്ടായിരുന്നു. അതുകൊണ്ട് അവന് ജോലിയും കൂടുതലായിരുന്നു. പാർട്ടി തീരുംവരെ അവൻ അടുക്കളയുടെ പിറകിൽ തനിച്ചിരുന്നു...'' തുടങ്ങിയ വാക്യങ്ങൾ ശ്രദ്ധിക്കുക. റിട്ടോറിക്കൽ ശൈലി എന്നു വിളിക്കാവുന്ന രീതിയാണ് കഥാകൃത്ത് ഇവിടെ അവലംഭിച്ചിരിക്കുന്നത്. കഥയുടെ സംവേദനക്ഷമതയ്ക്ക് അത് സഹായകമാവുന്നു. ബിംബങ്ങളുടെ സ്ഥിരത മുഖ്യപ്രമേയത്തെ ഊട്ടിയുറപ്പിക്കുന്ന തരത്തിലാണ്. കഥയിലെ കുട്ടിയുടെ വൈകാരികാവസ്ഥ കൃത്യമായിത്തന്നെ അത് സംവേദനം ചെയ്യുന്നുണ്ട്. കഥ ചെറുതാണങ്കിലും അത് വായനക്കാരിൽ ഉണ്ടാക്കുന്ന ക്ഷോഭത്തിന് കുറച്ചിലുകൾ ഒന്നുംതന്നെ വരുത്തുന്നില്ല. കുട്ടിയുടെ അപരവത്കരണവും ഏകാന്തതയും വായനക്കാരന്റെ മനസ്സിൽ വ്യഥയുടെ തിരതള്ളലുണ്ടാക്കാൻ പര്യാപ്തമാണ്.

രണ്ട്

ഉപരിവർഗ മാനസികാവസ്ഥയുടെ ജുഗുപ്സാവഹമായ ആവിഷ്‌കാരവും അടിത്തട്ടിലെ കൃമികീടങ്ങളെപ്പോലുള്ള ജന്മങ്ങളുടെ നിസ്സഹായാവസ്ഥയും നന്മയും വിളിച്ചോതുന്ന കഥയാണ് ‘എസ്‌കിമോ'. തങ്കം എന്ന ലേഡി ഡോക്ടറും പൂവമ്മ എന്ന വേലക്കാരി പെണ്ണും അവളുടെ സീത എന്നും മൈറ എന്നും പേരായ രണ്ട് കുട്ടികളുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.

ഡോക്ടറായ തങ്കത്തിന്റെ ഉപരിവർഗ മാനസികാവസ്ഥയും നിരാലംബയായ പൂവമ്മയുടെ ദയനീയജീവിതവുമാണ് ആ രണ്ടു തലങ്ങൾ. കുട്ടികളില്ലാതിരുന്നിട്ടും തങ്കത്തിന് കുട്ടികളെ കാണുന്നത് വെറുപ്പായിരുന്നു. തന്റെ വന്ധ്യതയെ അവൾ വെറുക്കുന്നു.

അനപത്യതാദുഃഖത്തിൽപെട്ട് ഉഴലുന്നവളാണ് തങ്കം. പുതിയ സ്ഥലത്തേക്ക് സ്ഥലം മാറിവന്നപ്പോൾ അവൾക്ക് കിട്ടിയ വേലക്കാരിയാണ് പൂവമ്മ. പുതിയ സ്ഥലത്തെ ആദ്യ സന്ദർശനത്തിനിടയ്ക്കാണ് റോഡരികിലുള്ള വിളക്കുകാലിനുചുവട്ടിൽ കളിച്ചുകൊണ്ടിരിക്കുന്ന മൈറയെ തങ്കം ആദ്യമായി കാണുന്നത്. മേലാകെ മണ്ണം ചെളിയും പറ്റിയിരുന്ന ആ കുഞ്ഞിനെ അവൾ അവഞ്ജയോടെയാണ് നോക്കുന്നത്. കുട്ടിക്ക് എസ്‌കിമോയുടെ മുഖഭാവമാണെന്ന് തങ്കത്തിനു തോന്നുന്നു. അവൾ കുട്ടിയെ വെറുപ്പോടെ എസ്‌കിമോ എന്നു വിളിക്കുന്നു.

രണ്ട് തലങ്ങളാണ് കഥക്കുള്ളത്. ഡോക്ടറായ തങ്കത്തിന്റെ ഉപരിവർഗ മാനസികാവസ്ഥയും നിരാലംബയായ പൂവമ്മയുടെ ദയനീയജീവിതവുമാണ് ആ രണ്ടു തലങ്ങൾ. കുട്ടികളില്ലാതിരുന്നിട്ടും തങ്കത്തിന് കുട്ടികളെ കാണുന്നത് വെറുപ്പായിരുന്നു. തന്റെ വന്ധ്യതയെ അവൾ വെറുക്കുന്നു. ലോകത്തിലെ പ്രസവിച്ച സ്ത്രീകളൊക്കെ തങ്കത്തിന്റെ കണ്ണിൽ കുറ്റക്കാരായിരുന്നു. ദരിദ്രയായ പൂവമ്മയ്ക്കും ഇരന്നു നടക്കുന്ന രോഗികളായ പിച്ചക്കാരികൾക്കുപോലും മക്കളുണ്ട്. തടിച്ചുകൊഴുത്ത മൈറയെ കാണുമ്പോൾ ചീർത്ത പന്നിയെപ്പോലെയാണ് തങ്കത്തിനു തോന്നുന്നത്. തനിക്ക് ഒരു കുഞ്ഞുണ്ടായാൽ മൈറയെപ്പോലെ അതിനെ ചേറ്റിലും മണലിലുമൊന്നും കളിക്കാൻ വിടുകയില്ല എന്നവൾ ചിന്തിക്കുന്നു.

കഴിഞ്ഞുപോയ ഒരു നല്ല കാലത്തെക്കുറിച്ച് പറയാനുണ്ട് പുവമ്മയ്ക്ക്. അവളെ കല്യാണം കഴിക്കുമ്പോൾ ഭർത്താവ് ധനികനായിരുന്നു. രണ്ട് ടാക്സികളുടെ ഉടമയുമായിരുന്നു. കാലം പോകവെ ആയാൾ മദ്യത്തിനടിമയാകുകയും കടം കയറി ദരിദ്രനായി മരിക്കുകയും ചെയ്തു. പുവമ്മയും രണ്ട് പെൺമക്കളും അതോടെ നിരാലംബരായി. ഉപരി- അധോ വർഗങ്ങളുടെ സംഘർഷവും മാനസികാവസ്ഥയുമാണ് കഥയുടെ കാതൽ. ജ്വരം ബാധിച്ച മൈറയെയും കൊണ്ട് രാത്രയിൽ തങ്കത്തിന്റെ സഹായം തേടിയെത്തിയ പുവമ്മയോട് വെറുപ്പോടും അവജ്ഞയോടുമാണ് തങ്കം പെരുമാറുന്നത്. കുട്ടിയെ പരിശോധിച്ചതിനുശേഷം ‘നിവൃത്തിയില്ലെടീ, ഇത് ശേഷിക്കില്ല' എന്ന ഹൃദയശൂന്യമായ മറുപടിയാണ് തങ്കം നൽകുന്നത്. ആ സംഭവത്തിനുശേഷമാണ് തങ്കത്തിൽ ഗർഭലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. പുവമ്മയുടെ കുട്ടി ക്രമേണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. തങ്കത്തിന്റെ കുട്ടി പ്രസവത്തിൽ മരിച്ചുപോവുകയും ചെയ്തു.

രണ്ടുതരം ജീവിതാവസ്ഥകളുടെ ഹൃദയാവർജകമായ ആവിഷ്‌കാരമാണ് ‘എസ്‌കിമോ' എന്ന കഥ. പത്മനാഭന്റെ ആദ്യകാല കഥകളിലൊന്നുമാണ്. വളരെ കൃത്യമായ കഥാപാത്ര നിർമിതിയും അളന്നുമുറിച്ച പ്ലോട്ടുമാണ് കഥയ്ക്കുള്ളത്. അതിഭാവുകത്വമോ അസ്വാഭാവികതയോ ഒരിടത്തുമില്ല. റിയലിസ്റ്റ് ആഖ്യാനരീതിയാണ് കഥാകൃത്ത് അവലംബിച്ചിരിക്കുന്നത്. സംഭവവിവരണങ്ങളെ കലയാക്കി ഉയർത്താനുള്ള സിദ്ധി തെളിഞ്ഞുകാണുന്ന കഥയാണ് ‘എസ്‌കിമോ'. കഥയുടെ ക്ലാസിക്കൽ നിർവചനത്തിന് ഇണങ്ങുന്ന ആവിഷ്‌കാരരീതിയാണ് ‘എസ്‌കിമോ'യും സ്വീകരിച്ചിരിക്കുന്നത്.

മൂന്ന്

വിരുദ്ധ ദ്വന്ദ്വങ്ങളുടെ സമർഥമായ മേളനം അനുഭവപ്പെടുത്തുന്ന കഥയാണ് ‘കത്തുന്ന ഒരു രഥചക്രം'. പത്മനാഭന്റെ കഥാലോകത്ത് വിരളമായി മാത്രം പ്രത്യക്ഷപ്പെടുന്ന ഭ്രമകൽപ്പനയുടെ സാന്നിധ്യംകൂടിയുണ്ട് ഈ കഥയിൽ. ഒരു ദിവസം പൊടുന്നനെ അപ്രത്യക്ഷമായ പശുവിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഉത്പാദകൻ-ഉപഭോക്താവ് എന്ന ദ്വന്ദ്വത്തിൽ സാധാരണക്കാരിയായ ഒരു കറവക്കാരിയും കമ്പനിയിലെ ഉന്നതോദ്യോഗസ്ഥന്റെ ഭാര്യയുമാണ് ഇരുവശത്തുമായി നിലകൊള്ളുന്നത്. ലാഭേച്ഛയില്ലാതെ നിർമമായി തന്റെ സേവനം നിർവഹിക്കുന്ന കറവക്കാരിയും താൻ കൊടുക്കുന്ന കാശിന് കൃത്യമായും കണിശമായും ലഭിക്കേണ്ടുന്ന പാലിന്റെ ഉഭഭോക്താവായ വീട്ടമ്മയും സൃഷ്ടിക്കുന്ന വിരുദ്ധ ദ്വന്ദ്വം ഒന്നാമതായി വരുന്നു. ഭർത്താവിന്റെ അപരവ്യക്തിത്വം എന്ന നിലയ്ക്ക് ഭാര്യയെ പ്രതിഷ്ടിക്കുക വഴി രണ്ടാമത്തെ വിരുദ്ധ ദ്വന്ദ്വം പ്രത്യക്ഷപ്പെടുന്നു. സ്വപ്നാടകനും ആർദ്രഹൃദയനുമായ ഭർത്താവും പ്രായോഗികമതിയും തന്റെ സാമൂഹികശ്രേണിയുടെ സ്വഭാവസവിശേഷതകൾ കൃത്യമായി പാലിച്ചുപോരുന്ന ഭാര്യയും ചേർന്ന് സൃഷ്ടിക്കുന്ന സംഘർഷത്തിന്റെ തലം വളരെ പ്രകടമാണ് ഈ കഥയിൽ. യാഥാർഥ്യവും സങ്കൽപ്പവും തമ്മിലുള്ള സംഘർഷങ്ങളും പ്രകടമാണ്. തന്റെ അമ്മ വളർത്തിയ പശുക്കളും അവ സൃഷ്ടിച്ചെടുത്ത പ്രത്യേകമായ സാമുഹികവീക്ഷണവുമാണ് കഥാനായകന്റെ സ്വഭാവത്തെ പരുവപ്പെടുത്തിയെടുക്കുന്നത്. കാണാതായ പശുവിന്റെ കരച്ചിൽ എവിടെനിന്നോ കഥാനായകന്റെ ചെവിയിലേക്കെത്തുന്നു. അയാളല്ലാതെ മറ്റാരും ആ ശബ്ദം കേൾക്കുന്നില്ല. തന്റെ ഭാര്യയെ വിളിച്ച് അയാൾ ആ ശബ്ദം കേൾപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ യാഥാർഥ്യബോധവും ഭ്രമകൽപ്പനയും രണ്ട് വിരുദ്ധ ദ്വന്ദ്വങ്ങളായി ഇവിടെ വർത്തിക്കുന്നു. ഭർത്താവിന്റെ ഇത്തരം ചേഷ്ടകൾ ആരെങ്കിലും അറിഞ്ഞാൽ അത് ഭ്രാന്തായി തെറ്റിദ്ധരിക്കപ്പെടും എന്ന് ഭാര്യ വിശ്വസിക്കുന്നു. കാണാതായ പശുവിനെ അന്വേഷിച്ച് അണക്കെട്ടിന്റെ അപ്പുറത്തുള്ള കാട്ടിലേക്ക് അയാൾ ഒരുദിവസം പോകുന്നുണ്ട്. വാക്കുകളിലൂടെ സൃഷ്ടിക്കപ്പെടുന്ന ദൃശ്യതയുടെ ഉദാഹരണമായി കഥയുടെ ഈ ഭാഗം എടുത്തുകാട്ടാവുന്നതാണ്: ‘‘അസ്തമിക്കാൻ പോകുന്ന നിലാവിന്റെ വെളിച്ചം മുളങ്കാടുകളുടെ ഇടയിലൂടെ അയാൾക്കുചുറ്റും പഴയ വെള്ളിനാണയങ്ങളെപ്പോലെ ചിതറിനിന്നു. അയാളുടെ കാലുകളുടെ ഇടയിലെന്നോണം കാട്ടുമുയലുകൾ ഓടിപ്പോയി. പകുതി തിന്ന കറുകക്കമ്പുകളുടെ തുണ്ടുകൾ അവയുടെ വായിൽനിന്ന് വീണുപോകുന്നുണ്ടെന്ന് അയാൾക്ക് തോന്നി''.

വാക്കുകൾ അർധോക്തിയിൽ നിർത്തുന്ന പത്മനാഭന്റെ പതിവുശൈലിയായ എലിപ്റ്റിക്കൽ ടെക്നിക്ക് ഈ കഥയിലും സമൃദ്ധമായി പ്രയോഗിച്ചത് കാണാൻ സാധിക്കും. വളരെ സാധാരണമായ ഒരു സംഭവത്തെ അസാധാരണമായ കഥയായി വികസിപ്പിക്കുകയാണ് ഇതിലൂടെ കഥാകൃത്ത് ചെയ്യുന്നത്.

തന്റെ തോന്നലുകൾക്കുമേൽ യാഥാർഥ്യത്തിന്റെ ഒരു ചിത്രം വരച്ചിടാൻ സഹായിക്കുന്നുണ്ട് ഇത്തരം വർണനകൾ. പശുവിനെ നഷ്ടപ്പെട്ട വേലക്കാരിക്ക് പകരം മറ്റൊരു പശുവിനെ വാങ്ങിക്കാനുള്ള പണം കൊടുക്കാമെന്ന് കഥാനായകൻ പറയുന്നുണ്ടെങ്കിലും അതിന് അവർ വിസമ്മതിക്കുകയാണ് ചെയ്യുന്നത്. തന്റെ ജീവിതത്തിന്റെ ഭാഗമായ ആ മൃഗത്തിന് പകരംവെക്കാനില്ല എന്നവർ തിരിച്ചറിയുന്നു. തന്റെ അമ്മയും കറവവറ്റിയ പശുക്കളെ അറവുകാർക്ക് വിൽക്കാറില്ലായിരുന്നു എന്ന് അയാൾ ചിന്തിക്കുന്നു. പശു എന്നത് തന്റെ അമ്മയുടെതന്നെ അപരത്വമായി കഥാനായകന് അനുഭവപ്പെടുന്നുണ്ട്. കാണാതെപോയത് ആരുടെ പശുവാണന്ന് കമ്പനിയിലെ ഗാർഡായ രാംസിങ് ചോദിച്ചപ്പോൾ ‘എന്റെ പശുവാണ്, എന്റെ പശു' എന്നാണ് അയാൾ മറുപടി പറഞ്ഞത്. കേവലമായ മൃഗത്വത്തിനപ്പുറം മറ്റ് ചില തലങ്ങൾ കാണാതെപോയ പശു ധ്വനിപ്പിക്കുന്നുണ്ട് എന്നതിന്റെ സൂചനയായി ആ മറുപടിയെ കാണാവുന്നതാണ്. വാക്കുകൾ അർധോക്തിയിൽ നിർത്തുന്ന പത്മനാഭന്റെ പതിവുശൈലിയായ എലിപ്റ്റിക്കൽ ടെക്നിക്ക് ഈ കഥയിലും സമൃദ്ധമായി പ്രയോഗിച്ചത് കാണാൻ സാധിക്കും. വളരെ സാധാരണമായ ഒരു സംഭവത്തെ അസാധാരണമായ കഥയായി വികസിപ്പിക്കുകയാണ് ഇതിലൂടെ കഥാകൃത്ത് ചെയ്യുന്നത്.

നാല്

മനുഷ്യന്റെ അസ്തിത്വദുഃഖം പ്രമേയമാക്കിയ അപൂർവസുന്ദരമായ കഥയാണ് ‘മഖൻസിങ്ങിന്റെ മരണം.' സ്വാതന്ത്ര്യപൂർവ ഇന്ത്യയിലെ വർഗീയ കലാപത്തിന്റേയും വിഭജനത്തിന്റെയും ഇരകളായിത്തീർന്ന ഏതാനും മനുഷ്യരെയാണ് പാത്രസൃഷ്ടിക്കായി കഥാകൃത്ത് കണ്ടെത്തിയിരിക്കുന്നത്. കടുത്ത പ്രതിസന്ധികളിലും ജീവിതത്തോട് അള്ളിപ്പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നവരാണ് അവരൊക്കെ. മഖൻസിങ് എന്ന സർദാർജി ബസ് ഡ്രൈവറുടെ മാനസികവ്യാപാരങ്ങളിലൂടെ കഥയുടെ ചുരുളുകൾ നിവർത്തുകയാണ് കഥാകൃത്ത് ചെയ്യുന്നത്.

വിഭജനനാന്തരകാലഘട്ടത്തിലെ വർഗീയകലാപങ്ങൾക്കിരയായതിന്റെ ഭൗർഭാഗ്യകരമായ വേദന പേറുന്ന ആളാണ് മഖൻസിങ്. തന്റെ പിതാവിനെ വെട്ടിയരിഞ്ഞവരേയും തന്റെ ഭാര്യയെ മതം മാറ്റിയവരേയും കുറിച്ചുള്ള നീറുന്ന ചിന്തകൾ അയാളെ മഥിക്കുന്നുണ്ട്. എങ്കിലും നിലനിൽക്കുക എന്ന സർവപ്രധാനമായ മനുഷ്യവാഞ്ഛയിൽ നയിക്കപ്പെയുകയാണ് അയാൾ. ദുരന്തങ്ങൾ പാകപ്പെടുത്തിയ ആർദ്രമായ മനസ്സാണയാൾക്ക്.

ശ്രീനഗറിലെവിടെയോ രോഗബാധിതനായി കിടക്കുന്ന പട്ടാളക്കാരനായ മകനെ കാണാൻ പുറപ്പെട്ട വൃദ്ധയായ അമ്മയും മരുമകളും അയാളുടെ സഹാനുഭൂതിയ്ക്ക് പാത്രമാകുന്നത് അങ്ങനെയാണ്. പാവങ്ങളിൽ വിക്ടർ യുഗോ വരച്ചുകാട്ടുന്ന ദൈന്യതയുടെ ചിത്രമില്ലേ, സമൂഹത്തിന്റെ ഓരങ്ങളിലേക്ക് തള്ളിമാറ്റപ്പെട്ട ദരിദ്രനും മോഷ്ടാവുമായ ജീൻ വാൽ ജീനിനോട് സഹാനുഭൂതിയോടുകൂടി പെരുമാറുന്ന ബിഷപ്പിന്റെ വിദൂരച്ഛായ പേറുന്നുണ്ട് മഖൻസിങ്. മനുഷ്യർ ദരിദ്രരാക്കപ്പെടുകയും നിരാലംബരാക്കപ്പെടുകയും വിധിയുടെ വിളയാട്ടങ്ങൾക്ക് ഇരകളാക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ മനസ്സിന്റെ ആർദ്രത കാത്തുസൂക്ഷിക്കുകയും അത് സഹാനുഭൂതിയായിത്തീരുകയും ചെയ്യുക എന്നത് അവിശ്വസനീയമായ കാര്യം തന്നെ. വേരുകൾ നഷ്ടപ്പെട്ടവന്റെ ദുഃഖം പേറുന്ന ആളുകൂടിയാണ് മഖൻസിങ്. ലഹോറിൽനിന്ന്​ പലായനം ചെയ്ത അയാൾക്ക് ഡൽഹിയാണ് പുതിയ ലഹോർ.

ഹൃദയസ്തംഭനം മൂലം മഖൻസിങ് മരിച്ചുവീഴുമ്പോൾ ചില ചോദ്യങ്ങൾ ബാക്കിയാവുന്നു. മനുഷ്യൻ എന്ന പദത്തിന്റെ അർഥം എന്താണ്? ദുരിതങ്ങളും ദുഃഖങ്ങളും മനുഷ്യാവസ്ഥയെ നിർണ്ണയിക്കുമ്പോൾ ഹൃദയത്തിന്റെ വിശുദ്ധിയും സഹാനുഭൂതിയും കാത്തുസൂക്ഷിക്കാൻ മനുഷ്യന് എങ്ങനെ കഴിയുന്നു?

നിലനിൽപ്പിനായുള്ള യുദ്ധത്തിൽ ഏർപ്പെട്ട മറ്റ് ചിലർ കൂടിയുണ്ട് ഈ കഥയിൽ. ഹോട്ടൽ നടത്തിപ്പുകാരനായ പണ്ഡിറ്റ്ജി അതിൽ ഒരാളാണ്. ശരണാർഥികളായ അമ്മയോടും മകളോടും ഭക്ഷണത്തിന് പണം ചോദിക്കുന്നുണ്ട് അയാൾ. സർദാർജി അത് കേട്ട് ക്ഷുഭിതനാവുകയും ‘ബ്രാഹ്മണനാണുപോലും, പട്ടിയാണ്' എന്ന് പരിതപിക്കുകയുമാണ് ചെയ്യുന്നത്. പണ്ഡിറ്റ്ജി ഹൃദയാലുവല്ലാതായിതീരുന്നതും സർദാർജി ദയാവായ്പ് കാണിക്കുന്നതും നിലനിൽപ്പിനായുള്ള യുദ്ധത്തിലെ വിഭിന്നമുറകൾ മാത്രമാണ്. സാഹചര്യത്തിന്റെ ഇരകളായിത്തീരുകയാണ് രണ്ടുപേരും. ശ്രീനഗറിലേക്ക് ബസോടിക്കുമ്പോഴും പഞ്ചാബിലെ വിളഞ്ഞുനിൽക്കുന്ന ഗോതമ്പുപാടങ്ങളെ സ്വപ്നം കാണുകയാണ് അയാൾ. അമ്മയെയും മരുമകളെയും തന്റെ ബസിൽ കയറ്റി ശ്രീനഗറിലേക്ക് കൊണ്ടുപോകാൻ അയാൾ തയ്യാറാകുന്നു. എന്നാൽ വഴിക്കുവെച്ച് ബസ്​ പരിശോധിക്കുന്ന ഇൻസ്പെക്ടർ തന്റെ പഞ്ചാബി സ്വത്വത്തെ അപമാനിച്ചപ്പോൾ മഖൻസിങ്ങിന് അത് ക്ഷമിക്കാൻ കഴിഞ്ഞില്ല. രാംലാലും മറ്റുള്ളവരും ഒരുവിധത്തിലാണ് അയാളെ പിടിച്ചുനിർത്തുന്നത്.

ഹൃദയസ്തംഭനം മൂലം മഖൻസിങ് മരിച്ചുവീഴുമ്പോൾ ചില ചോദ്യങ്ങൾ ബാക്കിയാവുന്നു. മനുഷ്യൻ എന്ന പദത്തിന്റെ അർഥം എന്താണ്? ദുരിതങ്ങളും ദുഃഖങ്ങളും മനുഷ്യാവസ്ഥയെ നിർണ്ണയിക്കുമ്പോൾ ഹൃദയത്തിന്റെ വിശുദ്ധിയും സഹാനുഭൂതിയും കാത്തുസൂക്ഷിക്കാൻ മനുഷ്യന് എങ്ങനെ കഴിയുന്നു? സർവവ്യാപിയായ ആഖ്യാതാവാണ് കഥ പറയുന്നതെങ്കിലും മഖൻസിങ്ങിന്റെ മാനസികവ്യാപാരങ്ങളാണ് കൂടുതൽ ഉച്ചത്തിൽ കഥയിൽ മുഴങ്ങിക്കേൾക്കുന്നത്.

കഥാനായകനായ ‘അയാൾ' ഒരു സാനിറ്റോറിയത്തിൽ ഉന്മാദത്തിനുള്ള ചികിത്സയിലാണ്. ഹെമിംഗ്​വേയുടെ നോവലിലെ നായകനായ കേണലും അദ്ദേഹത്തിന്റെ കാമുകിയും അവരുടെ പ്രണയവുമെല്ലാം അയാളുടെ മനസ്സിൽ മായാതെ നിൽപ്പുണ്ട്. മരണം എന്ന പ്രതിഭാസത്തെയാണ് ഹെമിംഗ്​വേ തന്റെ നോവലിൽ പ്രമേയമാക്കുന്നത്. ഇവിടെ കഥാനായകനായ അയാളും സമാനമായ ഒരു അവസ്ഥയിലേക്കാണ് നീങ്ങുന്നത്. നോവൽചിന്ത തുടരുന്നതിനിടയിലാണ് കഥയിലെ ആദ്യതിരിവ് സംഭവിക്കുന്നത്. തന്റെ ചിന്തയെ മറക്കാനെന്നോണം അയാളുടെ മുറിയിലേക്ക് സാനറ്റോറിയത്തിലെ ഡോക്ടറും മാനേജറും പ്രവേശിക്കുന്നു. കഥാരംഭത്തിൽ സാനറ്റോറിയത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടങ്കിലും ശരിയായ ചിത്രം നമുക്ക് ലഭിക്കുന്നത് ഇപ്പോൾ മാത്രമാണ്. ഡോക്ടറുടെ ‘അപ്പോൾ ഇന്ന് മടക്കായി. അല്ലേ?' എന്ന ചോദ്യത്തിന് അയാൾ ഒരു പുഞ്ചിരി മാത്രമാണ് മറുപടിയായി കൊടുക്കുന്നത്. എന്നാൽ ഡോക്ടറുടെ ‘വീട്ടിൽ എല്ലാവരും കാത്തിരിക്കുകയായിരിക്കും, അല്ലേ?' എന്ന തുടർചോദ്യത്തിനുമുമ്പിൽ അയാൾ ഞെട്ടിപ്പോകുന്നു. കഥയുടെ രണ്ടാമത്തെ തിരിവ് അവിടെ സംഭവിക്കുന്നു.

മരണം എന്ന പ്രതിഭാസത്തെയാണ് ഹെമിംഗ്​വേ തന്റെ നോവലിൽ പ്രമേയമാക്കുന്നത്. ഇവിടെ കഥാനായകനായ അയാളും സമാനമായ ഒരു അവസ്ഥയിലേക്കാണ് നീങ്ങുന്നത്. / Photo: Flickr
മരണം എന്ന പ്രതിഭാസത്തെയാണ് ഹെമിംഗ്​വേ തന്റെ നോവലിൽ പ്രമേയമാക്കുന്നത്. ഇവിടെ കഥാനായകനായ അയാളും സമാനമായ ഒരു അവസ്ഥയിലേക്കാണ് നീങ്ങുന്നത്. / Photo: Flickr

അയാൾ അനുഭവിക്കുന്ന ഏകാകിതയുടെ നേർചിത്രം നമുക്ക് കിട്ടുന്നു. ഇത്തവണ അയാളുടെ രോഗാരംഭത്തെക്കുറിച്ച് ഡോക്ടർ വിശദമായി തിരക്കുന്നു. അതിനുള്ള ഉത്തരം നൽകവേ അയാൾ ഡോക്ടറെ മറ്റൊരു സംഭവത്തിലെക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ഒരു ദിവസം സന്ധ്യയ്ക്ക് അഷ്റഫ് എന്നൊരാൾ തന്നെ കാണാൻ വന്ന കാര്യം അയാൾ ഡോക്ടറോട് വിവരിക്കുന്നു. അഷ്റഫിനെ തിരിച്ചറിയാൻ പറ്റാതായതും ഒന്നും മനസ്സിലാക്കാൻ പറ്റാതായതുമൊക്കെ അയാൾ ഡോക്ടറോട് വിശദീകരിക്കുന്നു. പക്ഷെ വീണ്ടും അയാൾ ഡോക്ട​റുടെ ശ്രദ്ധയെ മറ്റൊരു ദിശയിലേക്ക് വഴിമാറ്റുന്നു. രമേശൻ എന്ന സുഹൃത്തിനെക്കുറിച്ചും അയാളുടെ കവിതകളെക്കുറിച്ചും, അയാളുടെ നാട്ടിൽ അയാളുടെ കവിതകളെക്കുറിച്ച് പ്രഭാഷണത്തിനുപോയതും എന്നാൽ പ്രഭാഷണത്തിനിടയിൽ രമേശന്റെ കവിതകളെക്കുറിച്ച് ഒന്നും പറയാതിരുന്നതുമൊക്കെ കഥാനായകൻ ഡോക്ടറോട് വിശദീകരിക്കുന്നു. പിന്നീട് അയാൾ വീണ്ടും മറ്റൊരു വിഷയവുമായി ഡോക്ടറോടുള്ള സംസാരം തുടരുന്നു. ഇത്തവണ ആരോഗ്യനികേതനം എന്ന നോവലും ജീവൻ മശായ് എന്ന വൈദ്യനുമായിരുന്നു വിഷയം. അങ്ങനെ ഒന്നിനുപുറകേ ഒന്നായി വിവിധ ദിശകളിലേക്ക് വായനക്കാരുടെ ശ്രദ്ധ വഴിതിരിച്ചുവിടുകയും എന്നാൽ അതിന്റെയെല്ലാം ഉള്ളിൽ കഥയുടെ മുഖ്യപ്രമേയത്തെ ഒളിപ്പിക്കുകയുമാണ് കഥാകൃത്ത് ചെയ്യുന്നത്. ഒടുവിൽ ആശുപത്രിയിൽനിന്ന്​ ഡിസ്ചാർജ് ചെയ്യപ്പെടുന്നതിനുമുമ്പായി മാനേജർ, ഹെമിംഗ്​വേ കഥയിലെ കേണൽ താങ്കൾ തന്നെയല്ലേ എന്നയാളോട് തിരക്കുന്നുണ്ട്. അയാൾ അത് നിഷേധിക്കുന്നുണ്ടെങ്കിലും അതുതന്നെയായിരുന്നു സത്യം. ആശുപത്രിയിൽനിന്ന്​മടങ്ങുംവഴി കാർഡ്രൈവറോട് അയാൾ തിരുനെല്ലി വഴി പോകാൻ ആവശ്യപ്പെടുന്നുണ്ട്. മരിച്ചവരുടെ ആത്മാവിന് ശാന്തി ലഭിക്കുവാനായി പിതൃകർമം ചെയ്യുന്ന ക്ഷേത്രമുണ്ടവിടെ. ജീവിച്ചിരിക്കുന്നവർക്കും ശാന്തിവേണമെന്ന ചിന്തയിൽ പ്രകടമായ മൃത്യുവാഞ്ഛ ഒളിഞ്ഞുകിടപ്പുണ്ട്.

ഹെമിംഗ്​വേയുടെ കഥയുടെ അനുകരണമാണെന്നും പറഞ്ഞ് ഈ കഥയെക്കുറിച്ച് ചില കോലാഹലങ്ങളുണ്ടായിട്ടുണ്ട്. അത് അസ്ഥാനത്താണ്. ഹെമിംഗ്​വേയുടെ ശൈലി കടംകൊണ്ട് അനുപമമായ ഒരു കഥ മലയാളത്തിൽ ജന്മംകൊള്ളുകയാണ് യഥാർഥത്തിലുണ്ടായത്. സാഹിത്യത്തിന്റെ രീതിയും അതാണ്. ശൈലികൾ ആവർത്തിക്കപ്പെടുമ്പോൾ അതിന് സ്വീകാര്യതയും പ്രിയതയും കൂടുകയും ശൈലീഭേദങ്ങളിലേക്ക് ക്രമേണ അത് കൊണ്ടെത്തിക്കുകയും ചെയ്യും. ഇതുവരെയും സാഹിത്യം വളർന്നത് അങ്ങനെത്തന്നെ. ▮


ഡോ. സജീവ് പി.പി.

എഴുത്തുകാരൻ. റബർ ബോർഡിൽ ജോലി​​ ചെയ്യുന്നു. Realism as Narrative Strategy: A Study of Vikram Seth's Novels എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments