വിളക്കിന് എത്ര തിരി വേണമെന്നു മാത്രം പറഞ്ഞാൽ മതി തമ്പീ, കാശി മഥുര ബാക്കി ഹേ..!

‘‘ന്യൂനാൽ ന്യൂനപക്ഷം വരുന്ന ചില തേങ്ങകൾ നല്ല മധുരമുള്ള വെള്ളം തരുന്നതിനെ മറന്നുകൊണ്ടല്ല ഇതു പറയുന്നത്. ന്യൂനപക്ഷത്തോട് വലിയ പ്രേമമൊന്നും ഇല്ലാത്ത തമ്പി അത്തരം തേങ്ങകൾക്കു വേണ്ടി പാട്ടെഴുതിയെങ്കിൽ അത് അബദ്ധത്തിൽ ആവാനേ സാധ്യതയുള്ളൂ!’’

ളനീരിൻ മധുരമൂറുമെൻ മലയാളം”

എക്കാലത്തെയും എന്റെ സംശയമാണ് ‘ഇളനീർ’ എന്നത് കരിക്കിൻ വെള്ളമാണോ അതോ തേങ്ങാവെള്ളമാണോ എന്നത്? ഇതുപോലെയുള്ള വരികൾ കാണുമ്പോൾ സംശയം ഇരട്ടിക്കും. ‘ഇളനീരിൻ മധുരമൂറുമെൻ’ - എന്ന് വായിക്കുമ്പോൾ തേൻ മധുരം പോലെ എന്തോ മധുരം ഇളനീരിന് ഉള്ളതായി തോന്നും. കരിക്കിൻ വെള്ളമാണ് തമ്പി ഇളനീർ എന്ന് ഉദ്ദേശിച്ചതെങ്കിൽ എഴുതിയത്രയൊന്നും മധുരം അതിനില്ല. മിക്ക കരിക്കിൻ വെള്ളങ്ങൾക്കും ചവർപ്പു കലർന്ന മൈൽഡ് മധുരമാണുള്ളത്. മധുരമൂറുന്ന ലെവലിൽ ഒന്നുമില്ല. ഇനി, തേങ്ങാ വെള്ളമാണ് ഉദ്ദേശിച്ചതെങ്കിൽ തേങ്ങയുടെ മൂപ്പും ഇളപ്പുമൊക്കെ അനുസരിച്ച് മധുരം മാറിയും മറിഞ്ഞും വരും. അപ്പോഴും ഒരുജാതി വാട്ടച്ചുവ തേങ്ങാവെള്ളത്തിന്റെ കൂടെപ്പിറപ്പാണ്. തമ്പി ആവേശപ്പെടുന്നതുപോലെ മധുരം കിനിയുന്ന ഏതെങ്കിലും ദ്രാവകം തേങ്ങയിൽ നിന്ന് ലഭിക്കുന്നില്ല. ഇല്ലാത്തൊരു കാര്യത്തെ ഇങ്ങനെ റൊമാന്റിസൈസ് ചെയ്യുന്നത് ഒരു കലയാണെന്ന് കുറേപ്പേരെങ്കിലും വിശ്വസിക്കുന്നു. ന്യൂ ജെൻസ് ഇതിനെ ‘തള്ളിമറിക്കുക’ എന്നാണ് പറായാറ്. തള്ളിത്തള്ളി മറിക്കും കേരളം !

ന്യൂനാൽ ന്യൂനപക്ഷം വരുന്ന ചില തേങ്ങകൾ നല്ല മധുരമുള്ള വെള്ളം തരുന്നതിനെ മറന്നുകൊണ്ടല്ല ഇതു പറയുന്നത്. ന്യൂനപക്ഷത്തോട് വലിയ പ്രേമമൊന്നും ഇല്ലാത്ത തമ്പി അത്തരം തേങ്ങകൾക്കു വേണ്ടി പാട്ടെഴുതിയെങ്കിൽ അത് അബദ്ധത്തിൽ ആവാനേ സാധ്യതയുള്ളൂ!

അടുത്തതായി, കേരളഗാനം വായിക്കുമ്പോൾ അടിയന്റെ മനസ്സിൽ ഉണർന്ന അനുഭൂതികളെക്കുറിച്ചാണ്. എല്ലാ വരികളെക്കുറിച്ചും അയവിറക്കാൻ സമയക്കുറവുണ്ട്. അതുകൊണ്ട് ഒരു മൂന്നാല് വരികളുടെ അനുഭൂതി ഇവിടെ പറയാം.

“ഹരിതഭംഗി കവിതചൊല്ലുമെൻ കേരളം”

ന്യൂജെൻ ടീംസ് ‘ഹരിതാംബ’ എന്ന് കളിയാക്കുന്ന സംഗതിയാണ് ഈ ഹരിതഭംഗി അഥവാ ഹരിതാഭ. പണ്ടൊക്കെ പച്ചപ്പട്ടണിഞ്ഞ സുന്ദരി കേരളം - എന്നെല്ലാം പറയുമായിരുന്നു. അബ്ദുൽ റബ്ബിന്റെ കാലത്ത് പച്ചബ്ലൗസ് / പച്ചബോർഡ് വിവാദം വന്നതിനു ശേഷം പച്ച പിന്നെ പച്ച തൊട്ടിട്ടില്ല. പിശുക്കന്റെ കയ്യിലെ സന്തൂർ സോപ്പ് പോലെ തേഞ്ഞ് തേഞ്ഞ് ബ്ലേഡ് പരുവമായിട്ടും പാട്ടെഴുത്തുകാരുടെ തൊണ്ടയിൽ എപ്പോഴും ഹരിതാമ്പ തന്നെ വഴുവഴുക്കുന്നു.

“സഹ്യഗിരിതൻ ലാളനയിൽ വിലസും കേരളം.”

സഹ്യൻ ഇല്ലാത്തൊരു കേരളഗാനം മലയാളികൾ സഹിക്കില്ലെന്നു കരുതിയാവണം ഇതിലും സഹ്യൻ സഹികെട്ടു വന്ന് മുഖം കാണിക്കുന്നത്. ഇത്രയേറെ കവികളെ സഹിക്കേണ്ടി വരുന്നതിൽ നിന്നാവും അതിന് സഹ്യൻ എന്നു പേരു വന്നതുതന്നെ. കേരളത്തിൽ എത്രയോ പാറമട മാഫിയകളുണ്ട്. അവർക്കൊക്കെ എത്രയെത്ര ജെ സി ബികളും ക്രെയിനുകളും ടിപ്പർ ലോറികളുമുണ്ട്. അവരിൽ ആരെങ്കിലും മനസ്സു വെച്ചാൽ കേരളീയ പാട്ടുസാഹിത്യത്തിൽ നിന്ന് ഇപ്പറഞ്ഞ സഹ്യനെ ഇടിച്ചു നിരത്തി ടിപ്പർ ലോറിയിൽ കയറ്റി തോട്ടപ്പള്ളി - വലിയഴീക്കൽ സീവാളിന് ഉപയോഗിച്ചുകൂടേ? Yet another thing I really don’t understand is എന്തിനാണ് കേരളം സഹ്യന്റെ ലാളനയിൽ ഇങ്ങനെയെല്ലാം ചെയ്യുന്നതെന്നാണ്!

“ഇളനീരിൻ മധുരമൂറുമെൻ മലയാളം”

ഇതേപ്പറ്റി ആദ്യം പറഞ്ഞു കഴിഞ്ഞു. ഇനിയും പറയാനുള്ള ത്രാണിയില്ല!

“വിവിധ ഭാവധാരകൾ തൻ ഹൃദയസംഗമം

കേരളം.. കേരളം.. കേരളം..”

തമ്പിയുടെ തന്നെ അഭിപ്രായങ്ങളിൽ നിന്ന് വായിക്കാൻ പറ്റുന്നത് ഇതിൽ ഒരു ധാര മാത്രമാണ് മെയിൻ ധാര എന്നാണ്. മറ്റതെല്ലാം വേറെങ്ങുന്നോ വന്ന ധാരയാണ്. എങ്കിലും മെയിൻ ധാരയുടെ ഔദാര്യം കൊണ്ട് കുഞ്ഞാലിക്കുട്ടി ധാരയും മറ്റും ഇവിടെ യാതൊരു അല്ലലുമില്ലാതെ ജീവിച്ചു പോകുന്നു. താങ്ക്യൂ മെയിൻ ധാരേ..

തുടർന്നുള്ള വരികളിൽ തമ്പി മാനവത്വത്തെക്കുറിച്ചെല്ലാം ഉപന്യസിക്കുന്നുണ്ട്. ‘മാനവത്വമൊന്നേ മതം’ എന്നെല്ലാം പറഞ്ഞ് ആശാനാവുന്നുണ്ട്.

വിളക്കിന് എത്ര തിരി വേണമെന്നു മാത്രം പറഞ്ഞാൽ മതി തമ്പീ. കാശി മഥുര ബാക്കി ഹേ..!

Comments