ഷെഹാൻ കരുണതിലകെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനാകുന്നത് ‘ചൈനാമാൻ: ദ ലെജൻഡ് ഓഫ് പ്രദീപ് മാത്യു’ എന്ന ആദ്യ നോവലിലൂടെയാണ്. ക്രിക്കറ്റ് ആണ് ഇതിൻറെ പ്രമേയം എന്നതും അതോടൊപ്പം ഈ നോവൽ വ്യക്തതയോടെ വെളിപ്പെടുത്തുന്ന ശ്രീലങ്കൻ രാഷ്ട്രീയസാഹചര്യങ്ങൾ ഇന്ത്യൻ പത്രവാർത്തകളിൽ എന്നും നിറഞ്ഞുനിന്നിരുന്നു എന്നതും ഒക്കെ അതിനു കാരണമാകാം. ശ്രീലങ്കയിൽ നടന്നുകൊണ്ടിരുന്ന ഭാഷയുടെയും വംശത്തിൻറെയും അധികാരത്തിൻറെയും പേരിലുള്ള പ്രക്ഷോഭങ്ങളും ആക്രമണങ്ങളും ഒക്കെ അയൽരാജ്യമായ ഇന്ത്യയുടെ ദേശരാഷ്ട്രീയത്തെപ്പോലും ഉലയ്ക്കുന്ന നിലയിലുള്ള ഒന്നായി മാറിയെന്നത് കഴിഞ്ഞ കുറെ ദശകങ്ങളുടെ ചരിത്രം മറക്കാത്തവർക്കറിയാം. സൽമാൻ റുഷ്ദിയും അരുന്ധതി റോയും രൊഹിൻടൺ മിസ്ത്രിയും ഒക്കെ അവരുടെ നോവലുകളിലൂടെ കാട്ടിത്തന്ന ജനങ്ങളുടെ സാധാരണജീവിതത്തിൻറെ സൂക്ഷ്മതലങ്ങളിലൂടെയുള്ള ദേശത്തിൻറെ വിശാലചരിത്രമാണ് കരുണതിലകെയുടെയും നോവലുകളുടെ വിഷയം.
അധികമാരും മനസ്സിലാക്കാത്ത ഒരു കാര്യം ശ്രീലങ്കൻ രാഷ്ട്രീയ-ബൗദ്ധിക സാഹചര്യത്തിൽ നിന്ന് ലോകമറിയുന്ന എഴുത്തുകാരനാകാൻ കരുണതിലകയ്ക്ക് കടന്നുപോകേണ്ടിയിരുന്ന വഴികൾ കഠിനമായിരുന്നു എന്നതാണ്. അവിടുത്തെ പുതിയ എഴുത്തുകാരെ കണ്ടെത്താനായി അന്താരാഷ്ട്രതലത്തിൽ വലിയ ശ്രദ്ധ നേടിയ ശ്രീലങ്കൻ എഴുത്തുകാരൻ മൈക്കൽ ഓൺറ്റാച്ചേ സ്ഥാപിച്ച ഗ്രേഷൻ പുരസ്ക്കാരം ഈ നോവലിൻറെ ആദ്യപ്രതിക്ക് ലഭിച്ചതാണ് കരുണതിലകെയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഈ അവാർഡ് തുകയും അന്താരാഷ്‌ട്രശ്രദ്ധയുമാണ് മാനുസ്ക്രിപ്റ്റ് തലത്തിൽ നിന്ന് ഈ ബൃഹത്തായ നോവൽ സ്വയംപ്രസിധീകൃതമാകുന്നതിലേയ്ക്കും പിന്നെ 2012-ലെ DSC, കോമൺവെൽത്ത് പുരസ്ക്കാരങ്ങളിലേയ്ക്കും ഇന്ത്യൻ പതിപ്പിലേയ്ക്കും ഒക്കെ അതിനെ എത്തിക്കുന്നതും ഒക്കെ. അമേരിക്കയിലോ ബ്രിട്ടണിലോ പുതിയ എഴുത്തുകാർക്ക് ലഭിക്കുന്ന ചെറുപ്പം മുതലുള്ള പരിശീലനങ്ങളോ പ്രസാധകരിൽ നിന്ന് ലഭിക്കുന്ന എഡിറ്റിങ് സേവനങ്ങളോ ഒന്നും ഇല്ലാതെ സ്വയം കണ്ടെത്തിയ വഴികളിലൂടെ എഴുതിത്തെളിഞ്ഞ ഒരാൾ എന്ന നിലയിലാണ് 2012-ലെ DSC പുരസ്ക്കാരവേദിയായ ജയ്പൂർ ലിറ്ററച്ചർ ഫെസ്റ്റിവലിൽ കരുണതിലക ഒരു വലിയ വിഭാഗം ഇന്ത്യൻ വായനക്കാരുടെ ശ്രദ്ധ നേടിയത്.
ആ യാത്രയുടെ തുടർച്ചതന്നെയായി ‘ദ സെവൻ മൂൺസ് ഓഫ് മാലി അൽമേദ’ എന്ന അപൂർവ്വതകൾ നിറഞ്ഞ നോവലിൻറെ ഈ വർഷത്തെ ബുക്കർ പുരസ്ക്കാരലബ്ദിയെ കാണാവുന്നതാണ്. ‘ചൈനാമാൻ’ എനിക്ക് വളരെ പ്രതീക്ഷനൽകിയ ഒരു നോവലായിരുന്നു. ഭാഷയോടുള്ള എഴുത്തുകാരൻറെ സമീപനത്തോടൊപ്പം നമുക്കു ചുറ്റുമുള്ള ജീവിതങ്ങളെ അടുത്തറിയുന്നതിലൂടെ ലോകശ്രദ്ധ നേടാവുന്ന തരത്തിലുള്ള കഥകൾ മെനഞ്ഞെടുക്കുന്നതെങ്ങനെ എന്ന് വായനക്കാർക്ക് കാട്ടിക്കൊടുക്കുന്ന ഒരു നോവലായിരുന്നു അത്. ചിലർക്കെങ്കിലും അതിൻറെ വലിപ്പവും പരത്തിപ്പറച്ചിലും ഒരു പ്രശ്നമായിരുന്നിരിക്കാം. പക്ഷേ ഭാഷയോടും പ്രമേയത്തോടുമുള്ള വളരെ മൗലികവും സർഗ്ഗാത്മകവുമായ സമീപനം മനസ്സിലാക്കി അതിൽ അഭിരമിച്ച് ധൃതികൂട്ടാതെ വായിച്ചവർക്ക് ‘ചൈനാമാൻ’ ഒരു മറക്കാനാവാത്ത അനുഭവം തന്നെയായിരുന്നിരിക്കണം.
‘ദ സെവൻ മൂൺസ് ഓഫ് മാലി അൽമേദ’യിൽ എത്തുമ്പോൾ എഴുത്തുകാരൻ എന്ന നിലയിൽ കരുണതിലകയുടെ വളർച്ച ഏതാണ്ട് പരിപൂർണ്ണതയിൽ എത്തിനിൽക്കുന്നു. (‘ചൈനാമാൻ’ വായിച്ചപ്പോൾ എനിക്ക് തോന്നിയതും ഏകദേശം അതെ കാര്യമായിരുന്നു എങ്കിലും ഈ നോവൽ കൂടുതൽ അത്ഭുതപ്പെടുത്തുകയാണുണ്ടായത്.) ബുക്കർ സമ്മാനം സ്വീകരിക്കുമ്പോഴും അദ്ദേഹം പറഞ്ഞ ശ്രദ്ധേയമായ ഒരു കാര്യം ഈ നോവലിനെ അതിൻറെ ഇപ്പോഴത്തെ അവസ്ഥയിൽ എത്തിക്കാൻ നടത്തിയ നീണ്ടകാലത്തെ പ്രയത്നവും പലതരം എഡിറ്റർമാരിൽ നിന്നും ലഭിച്ച സേവനങ്ങളുമാണ്. ഇത്തരം ഒരു നോവൽ തനിക്കുതന്നെ തൃപ്തികരമായ സാഹിത്യകൃതിയാവാൻ എത്രത്തോളം സമയം അതിൽ ചിലവഴിക്കേണ്ടതുണ്ട് എന്ന രചിതാവിൻറെ തിരിച്ചറിവ് തന്നെയാവാം അതിനെ ഇത്തവണത്തെ ബുക്കർ ചുരുക്കപ്പട്ടികയിലെ മറ്റു നോവലുകളിൽ നിന്ന് വ്യത്യസ്തമാക്കിയതും. പരസ്യമേഖലയിലുള്ള കോപ്പിറൈറ്റിങ് അനുഭവം തൻറെ എഴുത്തിനെ എങ്ങനെ സ്വാധീനിച്ചു എന്നും വായനക്കാരോടു പൊതുവേയുള്ള സമീപനത്തിൽ ആ അനുഭവങ്ങൾ എത്രമാത്രം ക്ഷമ തനിക്കു നൽകിയെന്നും കരുണതിലകെ പറയാറുണ്ട്.
മരണശേഷം പ്രേതാത്മാക്കളും പലതരം അമാനുഷിക ശക്തികളും നിറഞ്ഞു നിൽക്കുന്ന ഒരു ലോകത്തേയ്ക്ക് ഉണരുന്ന മാലി അൽമേദ എന്ന ഫോട്ടോഗ്രാഫറുടെ വീക്ഷണകോണിലൂടെയാണ് ഈ നോവൽ വികസിക്കുന്നത്. ഇത്തരം ആഖ്യാനപരീക്ഷണങ്ങൾ ജോർജ്ജ് സോണ്ടേഴ്സ്, എലിഫ് ഷഫക് മുതലായ എഴുത്തുകാർ പരീക്ഷിച്ചിട്ടുണ്ടെങ്കിലും മൗലികമായ ഒരു സമീപനവും ശരിയായ തോതിലുള്ള ഹാസ്യവും ഒക്കെ ഈ നോവലിനെ വ്യത്യസ്തമാക്കുന്നുണ്ട്.
ശ്രീലങ്കയിലെ പൊതുമേഖലാസ്ഥാപനങ്ങളിലുള്ള തിക്കും തിരക്കും ആശയക്കുഴപ്പങ്ങളുമുള്ള പരേതാത്മാക്കളുടെ ഈ ലോകം എന്താണെന്ന് തന്നെ തിരിച്ചറിയാൻ മാലി കുറെ സമയമെടുക്കുന്നുണ്ട്. പന്നീട് മരണാനന്തര ‘വെളിച്ച’ത്തിലേയ്ക്ക് പ്രവേശിക്കാനോ മോക്ഷപ്രാപ്തിക്കോ മെനക്കെടുന്നതിനു പകരം അവൻ തൻറെ മരണത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ തിരിച്ചറിയാൻ ജീവനുള്ളവരുടെ ലോകത്തിലേയ്ക്ക് തന്നെ അദൃശ്യനായി മടങ്ങിവരികയാണ്. ജീവിച്ചിരിക്കുമ്പോൾ അനുഭവിച്ചതിൽ നിന്നും വ്യത്യസ്തമായി മറവിയുടെ കടമ്പകൾ ഒന്നൊന്നായി മറികടന്ന് തൻറെ ജീവിതത്തിൽ അടുപ്പമുണ്ടായിരുന്ന ചുരുക്കം ചിലരിലൂടെ മരണത്തിൻറെയും പിന്നെ ജീവിതകാലത്തെ വിചിത്രമായ പ്രവൃത്തികളുടെയും ചിതറിയ ചില സൂചനകൾ കൂട്ടിവെച്ചു വായിക്കാനാണ് അവൻ ആദ്യം ശ്രമിക്കുന്നത്. ഇതിലൂടെ വായനക്കാരുടെ മുൻപിൽ തുറന്നിടുന്നത് ശ്രീലങ്കയുടെ ചരിത്രത്തിലെ ആഭ്യന്തരയുദ്ധങ്ങളും മനുഷ്യാവകാശധ്വംസനങ്ങളും കൂട്ടക്കൊലകളും രാഷ്ട്രീയകൊലപാതകങ്ങളും വലിയ തോതിലെ അഴിമതികളുമൊക്കെയാണ്.
ഒരു പ്രേതം പറയുന്ന കഥയെന്ന വ്യത്യസ്തത വെറുതെ കൊണ്ടുവരാനല്ല രചയിതാവ് ശ്രമിക്കുന്നത്. അതൊരു ആഖ്യാനസങ്കേതമാക്കുമ്പോൾ സ്വയം കഥപറയുന്ന ഒരു ജീവനുള്ള കഥാപാത്രത്തിന് ലഭ്യമാകാത്ത സംഭവങ്ങളോടും വികാരങ്ങളോടുമുള്ള ഒരു അകലം ഈ മരിച്ച കഥാപാത്രത്തിന് ലഭിക്കുന്നുണ്ട്. എന്റർ ദ വോയിഡ്; എന്ന ഗാസ്പർ നോയെ സിനിമയിൽ അനുഭവേദ്യമാകുന്നത് പോലെ മുകളിൽ നിന്നുള്ള ഒരു ക്യാമറ ആംഗിളിൽ സംഭവങ്ങൾ വീക്ഷിക്കുന്ന പ്രതീതിയാണ് അത് ജനിപ്പിക്കുന്നത്. ആ സിനിമയിലും ഒരു ആത്മാവിൻറെ തോളിനു പുറകിലൂടെ കാഴ്ചക്കാർ ഒരു സംഭവം ഉരുത്തിരിഞ്ഞുവന്ന അവസ്ഥകൾ വീക്ഷിക്കുകയാണ്. മാലിയുടെ പ്രേതാത്മാവ് അക്ഷമനായി തൻറെ ജീവിതവും മരണവും തിരയുമ്പോൾ നമ്മളും അവൻറെകൂടെ കൂടുന്നതിൽ ഈ ഉദ്വേഗം ജനിപ്പിക്കുന്ന ആഖ്യാനം ഒരു പ്രധാനപങ്ക് വഹിക്കുന്നുണ്ട്.
ഇതുകൂടാതെ ഭാഷയുടെ സൂക്ഷ്മതലങ്ങളും ഇവിടെ പരീക്ഷിക്കപ്പെടുന്നു. പ്രേതങ്ങളുടെ ലോകത്തെ സംസാരവും, പലതരം സാമൂഹ്യ സാമ്പത്തിക നിലകളിലുള്ള ശ്രീലങ്കൻ കഥാപാത്രങ്ങളുടെ സംസാരവും ഒക്കെ വളരെ വിശ്വസനീയമാണ് അവതരിപ്പിച്ചിരിക്കുന്നത്. ശ്രീലങ്ക പോലുള്ള ഒരു യാഥാസ്ഥിതിക രാജ്യത്തെ സ്വവർഗ്ഗാനുരാഗിയായ ഒരാൾ എന്ന നിലയിലും യുദ്ധസമാനമായ അന്തരീക്ഷത്തിൽ ഇപ്പോഴും ജോലിചെയ്യുന്ന ഫോട്ടോഗ്രഫർ എന്ന നിലയിലും മാലിയുടെ ജീവിതം എത്ര അപകടം നിറഞ്ഞതാണെന്നും നമ്മെ ഓരോ നിമിഷത്തിലും ഈ ആഖ്യാനം ഓർമിപ്പിക്കുന്നുമുണ്ട്.
ശ്രീലങ്കൻ ചരിത്രസന്ദർഭങ്ങളെ പുതിയ കാഴ്ചപ്പാടുകളിലൂടെ അവതരിപ്പിക്കുന്ന ഒരു നോവൽ എന്ന നിലയിൽ എന്നും ഓർമ്മിക്കപ്പെടാവുന്ന കൃതിയാണിത്. ഇതിലെ ഫാന്റസി യാഥാർഥ്യത്തിൽ നിന്നുള്ള ഒളിച്ചോട്ടമാവുന്നില്ല. മറിച്ച്, അത്യന്തം പ്രതീക്ഷാരഹിതമായ രാഷ്ട്രീയാന്തരീക്ഷത്തിൽ ജീവിക്കുന്ന ജനങ്ങളുടെ സ്വാഭാവിക പ്രതികരണങ്ങളെ കടുത്ത നിറങ്ങളിലൂടെ കോറിയിടുകയാണ് അത് ചെയ്യുന്നത്.
Content Summary: Shehan Karunatilaka wins Booker Prize 2022 for The Seven Moons of Maali Almeida