എഴുത്തിൽ ആചാരലംഘകർക്കും ഒരിടമുണ്ടെന്ന് സ്ഥാപിക്കുന്ന അവാർഡ്

Think

കേരള സാഹിത്യ അക്കാദമിയുടെ 2019ലെ അവാർഡുകൾ, എഴുത്തിലെ പുതിയ തലമുറയെ മാത്രമല്ല, കൃത്യമായ രാഷ്ട്രീയ പക്ഷപാതിത്വം പുലർത്തുന്ന എഴുത്തിനെ കൂടി പ്രതിനിധാനം ചെയ്യുന്നു. മലയാളത്തിലെ സാഹിത്യവും കലയും സിനിമയുമെല്ലാം പലതരം വിതാനങ്ങളിലേക്ക് കുതിക്കാൻ ശ്രമം നടത്തുന്ന സമയമാണിത്, പരാജയപ്പെടുമ്പോൾ പോലും അത്തരം ശ്രമങ്ങൾ, ഈ കാലഘട്ടത്തെ സംബന്ധിച്ച് പ്രസക്തമാണ്. കാരണം, നമ്മുടെ സാംസ്‌കാരിക ജീവിതം പ്രതിലോമശക്തികളാൽ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനെ ചെറുക്കാൻ സ്വന്തം എഴുത്തിനെ ആയുധമാക്കുന്നവരെന്ന നിലയ്ക്കാണ്, എസ്. ഹരീഷിനും വിനോയ് തോമസിനും രേണുകുമാറിനും പി. രാമനും കിട്ടിയ അംഗീകാരങ്ങളുടെ പ്രസക്തി.

എസ്. ഹരീഷിന്റെ "മീശ' എന്ന നോവലിനുള്ള പുരസ്‌കാരം, മലയാള നോവലിന്റെ പരിണാമഘട്ടത്തിലെ ഒരു ശ്രദ്ധേയ രചനക്ക് ലഭിക്കുന്നത് എന്ന നിലയ്ക്കുമാത്രമല്ല പ്രസക്തമാകുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പുല്ലുവില കൽപ്പിച്ച് ഹിന്ദുത്വ വർഗീയത ഇല്ലാതാക്കാൻ ശ്രമിച്ച ഒരു രചന കൂടിയാണ് "മീശ' എന്ന് വീണ്ടും ഓർക്കേണ്ട സമയമാണിത്.

ഈ നോവൽ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ഒരു എഡിറ്റോറിയൽ ബോർഡിനെതിരെ നടന്ന സംഘടിത ആക്രമണത്തെക്കുറിച്ച് ഓർക്കേണ്ട സമയമാണിത്. മാത്രമല്ല, "മീശ' നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നടത്തിയ വിധിന്യായം ഓർക്കേണ്ട സമയമാണിത്.

എഴുത്തുകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചും സർഗക്രിയാശേഷിക്ക് അവശ്യംവേണ്ട ബൗദ്ധികസ്വാതന്ത്ര്യത്തെക്കുറിച്ചും ആശയങ്ങൾ പരിധികളില്ലാതെ ഒഴുകേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും ആയിരുന്നു ആ വിധി. എഴുത്തിന്റെയും ചിന്തയുടെയും പേരിൽ പുസ്തകങ്ങളും എഴുത്തുകാരും ഹിംസക്ക് വിധേയമാകുന്ന കാലത്തുണ്ടായ വിധി എന്ന പ്രാധാന്യം കൂടിയുണ്ടായിരുന്നു ആ വിധിക്ക്. ആ വിധി പോലും തമസ്‌കരിക്കപ്പെട്ട ഒരു പാശ്ചാത്തലം കൂടി ഓർമയിലെത്തേണ്ട സമയമാണിത്.

വായന നൽകുന്ന ആസ്വാദ്യതക്കൊപ്പം ഇത്തരം കടുത്ത യാഥാർഥ്യങ്ങളുടെ അനുഭവം കൂടിയാകുമ്പോഴാണ് "മീശ'ക്ക് ലഭിച്ച അംഗീകാരത്തിന് അർഥം വരികയുള്ളൂ.

വിനോയ് തോമസും രേണുകുമാറും പി. രാമനും, എഴുത്തിന്റെ ഇത്തരം രാഷ്ട്രീയ പക്ഷപാതിത്വങ്ങളെ ഒരു മറയുമില്ലാതെ പ്രതിനിധീകരിക്കുന്നവരാണ്. യാഥാസ്ഥിതികമായ മുഖ്യധാരാ ഭാവുകത്വത്താൽ അധഃകൃതമാക്കപ്പെട്ട ഭാഷയും ഭാവനയും വിചാരവും ചിന്തയുമെല്ലാം ധൈര്യപൂർവം ഇവർ എഴുത്തിലേക്ക് കൊണ്ടുവരുന്നു. അങ്ങനെ സാഹിത്യത്തിന്റെയും എഴുത്തിന്റെയും ശുദ്ധിനിയമങ്ങളെ ലംഘിക്കുന്നു, എഴുത്തിലൂടെ സാധ്യമാകുന്ന ആചാരലംഘനങ്ങൾക്കും ആചാരലംഘകർക്കും മലയാളത്തിൽ ഒരിടമുണ്ടെന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു.


Comments