ചിത്രീകരണം: ദേവപ്രകാശ്

സൈഡ് സീറ്റ്

‘സൈഡ് എന്റെയാണ്’, പറഞ്ഞതും അവര്‍ ഇപ്പുറത്തേക്ക് എഴുന്നേറ്റിരുന്ന് എനിക്ക് കയറാന്‍ പരമാവധി കാലൊതുക്കി.
അവര്‍ എഴുന്നേറ്റുനിന്നിരുന്നുവെങ്കില്‍ കയറാന്‍ എളുപ്പമാകുമായിരുന്നു.
ഒന്നെഴുന്നേല്‍ക്കാമോ എന്നൊരു നോട്ടം ഞാന്‍ നോക്കി. മടിയോടെ എഴുന്നേറ്റതും അവരുടെ കയ്യില്‍നിന്ന്​ ഒരു നാരങ്ങ താഴേക്കു വീണുരുണ്ടു.

ചോദിക്കണ്ടായിരുന്നു എന്നെനിക്കു തോന്നി. അവര്‍ സീറ്റില്‍ തന്നെ ഇരുന്ന് നാരങ്ങയ്ക്കായി കുനിഞ്ഞു നോക്കി. ഞാനും നോക്കി. കണ്ണെത്തുന്ന ഇടത്തെങ്ങുമില്ല. ഞാന്‍ മുട്ടുകുത്തി സീറ്റുകള്‍ക്കിടയിലൂടെ കണ്ണു നീട്ടി. പലപല കാലുകള്‍. ബസ് അപ്പോഴേയ്ക്കും പുറപ്പെട്ടു കഴിഞ്ഞിരുന്നു.

ബസ്സിളക്കത്തില്‍ ഉരുണ്ടു മാറുന്ന നാരങ്ങ ഞാന്‍ കണ്ടു. നാരങ്ങ അവര്‍ക്ക് കൊടുത്തു പറഞ്ഞു, ‘സോറി’

നാരങ്ങ കിട്ടിയതും വേഗം ഉടുപ്പില്‍ തുടച്ച് അവര്‍ മണത്തി.

സൈഡിലെ വിന്‍ഡോ അവര്‍ ഉയര്‍ത്തി വെച്ചിരിക്കുകയായിരുന്നു. എനിക്ക് കാറ്റടി പറ്റില്ല.

ഇരുന്ന്, വിന്‍ഡോ താഴ്ത്തി, ഒരിറക്ക് കുടിച്ചപ്പോഴേയ്ക്കും അകത്തേയ്ക്കു പോകുന്ന വെള്ളത്തിന്റെ എതിരെ ഇഴയലും പുളയലും തുടങ്ങി.

ഒരു പാമ്പ് മലദ്വാരത്തിലൂടെ അകത്തേയ്ക്ക് കയറിപ്പോകുന്ന സ്വപ്നം കണ്ട് ഞാന്‍ കുറച്ചു ദിവസം മുന്‍പൊരു രാത്രി ഉണര്‍ന്നതാണ്.

തുണിയില്ലാതെ കമിഴ്ന്നു കിടക്കുകയായിരുന്നു ഞാനപ്പോള്‍. ദ്വാരത്തില്‍ തപ്പി നോക്കി. എനിക്ക് പാമ്പിന്റെ വാലില്‍ പിടുത്തം കിട്ടി. പക്ഷെ ഒരു വഴുവഴുപ്പ് മാത്രം കയ്യില്‍ അവശേഷിപ്പിച്ച് വാലും അകത്തേക്ക് പോയി.

ഞാന്‍ ഓടി ക്ലോസറ്റില്‍ ചെന്നിരുന്ന് അമര്‍ത്തി മുക്കി. ജെറ്റ് സ്‌പ്രേ ദ്വാരത്തോടുചേര്‍ത്ത് വെള്ളം അകത്തേക്ക് അടിച്ചുകയറ്റി. പോയതിലും വേഗം വെള്ളം ഇറങ്ങി​പ്പോന്നതല്ലാതെ പാമ്പിറങ്ങി പോന്നില്ല.

ഇതിപ്പോള്‍ ആര് വിശ്വസിക്കും- എന്റെ കുണ്ടിയില്‍ കൂടി ഒരു പാമ്പ് അകത്തേയ്ക്ക് കയറി ശരീരത്തില്‍ പാര്‍ക്കുകയാണെന്ന്. ഈ ദിവസങ്ങളിലെല്ലാം ഫ്ലഷ്​ ചെയ്യുന്നതിനു മുന്‍പ് ക്ലോസറ്റിലേക്ക് നോക്കും, പാമ്പിറങ്ങിപ്പോന്നോയെന്ന്.
ഇല്ല!
ബസില്‍ കയറുന്നതിനു മുന്‍പും തൂറി നോക്കിയതാണ്.

അടുത്തിരുന്ന അവര്‍ പെട്ടന്ന് വെപ്രാളം പൂണ്ട് ബാഗില്‍ നിന്ന് ഒരു കിറ്റ് വലിച്ചെടുത്ത് അതിലേക്ക് ഛര്‍ദ്ദിച്ചു. എന്നിട്ടെന്നെ നോക്കി. വിന്‍ഡോ ഷട്ടര്‍ ഉയര്‍ത്തി കൊടുത്ത്. കിറ്റ് പുറത്തേക്ക് കളയാന്‍ ഞാന്‍ സീറ്റിലേക്ക് കൂടുതല്‍ അമര്‍ന്നു.

കിറ്റ് പുറത്തേക്ക് കളഞ്ഞശേഷം അവര്‍ തൊണ്ടയില്‍ കുരുങ്ങിയ എന്തോ കളയാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. വായ തുറന്ന് ശക്തമായി കാറി. ഞാനവരോട് സൈഡ് സീറ്റിലേയ്ക്ക് ഇരുന്നോളാന്‍ പറഞ്ഞു. അവര്‍ക്കത് ആവശ്യമായിരുന്നു. അവര്‍ വേഗം ഇരുന്നു. വീണ്ടും അവര്‍ ഛര്‍ദ്ദിച്ചപ്പോള്‍ എനിക്ക് മുതുകു തടവി കൊടുക്കണം എന്നു തോന്നി.

ഛര്‍ദ്ദിലിന്റെ മണമടിച്ചപ്പോള്‍ എന്റെ പാമ്പ് മുകളിലേക്ക് പുളഞ്ഞു വരുന്നതും തൊണ്ടയില്‍ വന്ന് പതിയെ പുറത്തേയ്ക്ക് തലയിടാന്‍ ശ്രമിക്കുന്നതും എനിക്ക് മനസിലാകുന്നുണ്ടായിരുന്നു.

തൊണ്ടയില്‍ തിക്കുമുട്ടു കൂടുയപ്പോള്‍ ഞാന്‍ വായ തുറന്നു. പെ​ട്ടെന്ന്​ പാമ്പ് വായിലൂടെ പുറത്തേക്ക് തല നീട്ടി. പുറത്തേക്ക് തലയിട്ട് മണമാഞ്ഞെടുത്ത് ഉള്ളിലേക്ക് ഒരൊറ്റ വലി. അത്ര വേഗത എന്റെ കൈകള്‍ക്കില്ലായിരുന്നു. ഞാനതിനെ പിടിക്കാന്‍ ശ്രമിച്ചു. പക്ഷെ, കിട്ടിയില്ല. ഞാനെന്റെ തൊണ്ടയില്‍ രണ്ടു കയ്യും അമര്‍ത്തി ഞെക്കി. എന്റെ പരാക്രമം കണ്ട് അവര്‍ ഭയന്നു പോയി. ഞാനവരെ സമാധാനിപ്പിച്ചു- ‘ഞാന്‍ നുണപറയുകയല്ല, എന്റെ ഉള്ളില്‍ ഒരു പാമ്പ് കുടുങ്ങി കിടക്കുകയാണ്'

വിചിത്രമായ എന്തോ കേള്‍ക്കുന്ന ഭയമാണ് ഞാനവരില്‍ പ്രതീക്ഷിച്ചത്. പക്ഷെ അവരെന്നോടു പറഞ്ഞു- ‘എന്റെ അണ്ണാക്കില്‍ മുടി കുരുങ്ങിയതാണ്.’

‘ഭയങ്കര ഇറിറ്റേഷനായിരിക്കും. വെള്ളം വിഴുങ്ങി നോക്കിയില്ലേ’- ഞാനവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

‘എല്ലാം നോക്കി, കൂടുതല്‍ കുരുങ്ങുന്നതല്ലാതെ'- അവര്‍ കാറി.

‘മുള്ളു കുടുങ്ങുമ്പോള്‍ അമ്മ വാഴപ്പഴം വിഴുങ്ങാന്‍ പറയുമായിരുന്നു’- ഞാനത് പറഞ്ഞതും അവര്‍ വീണ്ടും ഛര്‍ദ്ദിച്ചു. ഞാനവരുടെ പുറം വീണ്ടും തടവി.

തടവുന്നത് എന്റെ കയ്യല്ലെന്നും പാമ്പാണെന്നും പതിയെ ഞാനറിഞ്ഞു. എന്നെ കബളിപ്പിച്ച് പാമ്പ് അവരുടെ നഗ്നമായ പിന്‍കഴുത്തിലേയ്ക്ക് ഇഴഞ്ഞപ്പോഴാണ് ഞാനതറിഞ്ഞത്. ഞാന്‍ വേഗം കൈവലിച്ചു. ഇരിക്കപ്പൊറുതിയില്ലാതെ പാമ്പ് വീണ്ടും അവരുടെ നേരെ ഇഴഞ്ഞപ്പോള്‍, ഇടങ്കൈ കൊണ്ട് വലതുകൈ അമര്‍ത്തി പിടിച്ചു. എന്നിട്ടും പറ്റുന്നില്ലെന്നു വന്നപ്പോള്‍ കാലുകള്‍ക്കിടയില്‍ ഇറുക്കി പിടിച്ചു. ശ്വാസം മുട്ടിക്കാണും, പാമ്പ് പിന്‍വലിഞ്ഞു. ഞാന്‍ ഉടലിലാകെ ശ്രദ്ധിച്ചു. ഒരനക്കവുമില്ല.

കുറച്ചു കഴിഞ്ഞതും എന്റെ കാല് അവരുടെ നേരെ പതിയെ നിരങ്ങാന്‍ തുടങ്ങി. ഞാന്‍ കാലിലേയ്ക്കു നോക്കി. തള്ളവിരല്‍ പുറത്തേക്കു തള്ളിവരുന്നതും അതില്‍ നിന്നൊരു നാവ് മുളയ്ക്കുന്നതും കണ്ടു. മറ്റേക്കാല്‍ പതിയെ എടുത്ത് സകല ശക്തിയിലും ചവിട്ടി. അയ്യോ എന്നു കരയുന്നത്ര വേദന എനിക്കുണ്ടായി എന്നല്ലാതെ പാമ്പിനെ തൊടാനായില്ല. ഞാന്‍ ചിന്തിക്കുന്നത്, അതിനു മുന്‍പേ പാമ്പറിയുന്നുണ്ട്.

‘പാമ്പാണല്ലേ’- അവരെന്നെ ആശ്വസിപ്പിച്ചു. അവര്‍ക്ക് മനസിലായതില്‍ ഞാനാശ്വസിച്ചു.

പെട്ടന്നവര്‍ അകാരണമായി പറഞ്ഞു തുടങ്ങി- ‘ഞാനന്ന് കുഞ്ഞാണ്. എനിക്ക് ദിവസങ്ങള്‍ മാത്രമായ ഒരു അനുജത്തി ഉണ്ടായിരുന്നു. പണിക്കു പോകുമ്പോള്‍ അമ്മ പാല് പിഴിഞ്ഞ് ഒരു പാത്രത്തില്‍ വെയ്ക്കും. ഞാനത് അനുജത്തിക്ക് കൊടുക്കും.’

ഞാനാകെ വയ്യാതായി, മറ്റൊന്നും കൊണ്ടല്ല, ഒരാള്‍ നമ്മളോട് അവരുടെ കഥ പറയുന്നത്, നമ്മുടെ കഥ കേള്‍ക്കാനാണ്.

‘എന്നിട്ട്?’- എന്ന ചോദ്യമാണ് ഞാനിപ്പോള്‍ ചോദിക്കേണ്ടത്. കഥ നിര്‍ത്തി അവരാ ചോദ്യത്തിന് കാത്തിരിക്കുകയാണ്. എനിക്ക് കഥ പറയാന്‍ താല്‍പര്യമില്ല എന്നു വേണമെങ്കില്‍ പറഞ്ഞാല്‍ തീരുന്നതേയുള്ളു ഈ കഥ.

‘ഞാന്‍ പൊലീസാണ്’ എന്നാണ് ഞാന്‍ പറഞ്ഞത്, ഒരു താക്കീതായി എടുത്ത് കഥ പറച്ചില്‍ നിര്‍ത്തട്ടെ എന്നു കരുതി. പക്ഷെ, അവര്‍ തുടര്‍ന്നു- ‘അമ്മ പോകുമ്പോള്‍ മിയ പിന്നാലെ പോകും. കുറേക്കഴിഞ്ഞ് തിരിച്ചു വരും. പിന്നെ ഞങ്ങള്‍ മാത്രമാകും'

മിയ പൂച്ചയാണോ, പട്ടിയാണോ, കോഴിയാണോ, പ്രാവാണോ എന്നു ചോദിക്കാനാഞ്ഞതാണ്. പക്ഷെ ചിലര്‍ക്ക് അത് ഇഷ്ടമാകില്ല. അവര്‍ക്കത് മിയയാണ്.

‘എന്റെ മിയ, രാരയാണ്’- ഞാന്‍ പറഞ്ഞു.

‘നല്ല പേര്’- അവര്‍ ചിരിച്ചു.

അവള്‍ ചിരിക്കുന്നത് ഞാന്‍ ആദ്യമായി കാണുകയാണ്.

‘നിങ്ങള്‍ നന്നായി ചിരിക്കുന്നു’- എനിക്ക് പറയാതിരിക്കാനായില്ല. ഒരാള്‍ക്ക് മറ്റൊരാളില്‍ നിന്ന് കേള്‍ക്കാനാവുന്ന ഏറ്റവും നല്ല വാക്കതാണ്. അയാളുടെ ചിരിയാണയാള്‍. ചോദ്യം ചെയ്യുമ്പോഴാണത് കൂടുതല്‍ മനസിലാകുന്നത്. തെറ്റായ ചോദ്യങ്ങള്‍ ചോദിക്കണം. നമ്മുടെ വഴി തെറ്റുന്നു എന്നു പ്രതിയെ ബോധ്യപ്പെടുത്തും വരെ തെറ്റായ ചോദ്യങ്ങള്‍ ആവര്‍ത്തിക്കണം. അപ്പോള്‍ പ്രതിയുടെ കണ്ണില്‍ ചിരി വരും. അതയാള്‍ക്ക് മറച്ചു വെയ്ക്കാനാവില്ല. ഞാനാ ചിരിയിലാണ് പിടിക്കാറ്.

‘എന്നിട്ട് മിയ?’- ഞാന്‍ ചോദിച്ചു.

‘അമ്മ പിഴിഞ്ഞുവെച്ച പാല്‍ തട്ടി മറിച്ചു’- അവര്‍ പറഞ്ഞു.

‘കുഞ്ഞല്ലേ. വിശക്കില്ലേ. പ്രസവിച്ചിട്ട് ദിവസങ്ങളല്ലേ ആയുള്ളു'- ആ ദിവസത്തെ കുഞ്ഞിനെ പോലെ അവര്‍ സങ്കടപ്പെട്ടു.

‘മിയ പാല് കട്ടു കുടിക്കുമായിരുന്നോ’- ഞാനവരുടെ കണ്ണിലേക്ക് ചെരിഞ്ഞുനോക്കി. ആളുകള്‍ കഥ പറയുമ്പോള്‍ മുഖാമുഖം ഇരിക്കണം. എന്നാലെ പറയാത്ത കഥ അവരില്‍ നിന്നു കിട്ടുകയുള്ളൂ.

‘മിയ പാലു കുടിക്കില്ല’- അവര്‍ക്ക് പെട്ടന്ന് ദേഷ്യം വന്നു.

മിയ ആരാണെന്നറിയാന്‍ ഞാനിങ്ങനെ ശ്രമിക്കുന്നതില്‍ എനിക്കു ലജ്ജ തോന്നി.

അമ്മയുടെ പണിസ്ഥലത്തേക്കുള്ള വഴി മിയക്ക് അറിയാമായിരുന്നു. കരയുന്ന കുഞ്ഞിനെയും എടുത്ത് മിയക്കു പിന്നാലെ നടന്നു. അമ്മ ദിവസവും പോകുന്ന വഴി.

പരിചയമുള്ള ഇടവും പറഞ്ഞു കേട്ട ഇടങ്ങളും വേഗത്തില്‍ താണ്ടി.

മുന്നിലെ മിയ മാത്രമായി വഴി.

പുഴ... വെയില്‍... മല...

തലപൊള്ളാതിരിക്കാന്‍ ഒരു ഇല കടിച്ചു പറിച്ച് കുഞ്ഞിന്റെ തലയില്‍ ചൂടി. വിശന്നു തളര്‍ന്ന കുഞ്ഞ് വായില്‍ വെച്ച വിരല്‍ ഉറിഞ്ചു കുടിച്ചു.

ഒരു മണം പെട്ടന്നടിച്ചു, അമ്മ!

അമ്മ പണി കഴിഞ്ഞുവരുമ്പോഴുള്ള മണം. അതെന്തിന്റെയെന്ന് അമ്മ പറഞ്ഞു തന്നിട്ടില്ല. അമ്മയുടെ മണം അടിച്ചതും കുഞ്ഞുണര്‍ന്ന് വീണ്ടും കരയാന്‍ തുടങ്ങി.

അടച്ചിട്ട ഗേറ്റിനും കാവല്‍ക്കാരനും മുന്നില്‍ നിന്നു കെഞ്ചി, ‘അമ്മയെ കാണണം’

‘അനുവാദമില്ല'- കാവല്‍ക്കാരനും ഗേറ്റിനും അതേ പറയാനുണ്ടായിരുന്നുള്ളൂ.

‘അനിയത്തിയാ... വിശന്നിട്ടാ... അമ്മ തന്ന പാല് മറിഞ്ഞു പോയി’- കരഞ്ഞു പറഞ്ഞു.
കുഞ്ഞും കരഞ്ഞു.
കാവല്‍ക്കാരനും സങ്കടം വന്നു. കുഞ്ഞിന്റെ തലയില്‍ തഴുകി സമ്മതിച്ചു- ‘ശരിയാണ് വിശന്നിട്ടാണ്’
ഗേറ്റിനും സങ്കടം വന്നു കാണണം. ഗേറ്റ് അല്‍പ്പം തുറന്നു. മിയ ആദ്യം കടന്നു.

പലതരം ജോലികള്‍ ചെയ്യുന്ന കുറേയേറെ സ്ത്രീകളെ അകത്തു കണ്ടു. അവര്‍ക്കാര്‍ക്കും അമ്മയെ അറിയില്ലായിരുന്നു. പലതരം നിറവും മണവുമുള്ള മിഠായികള്‍ ഒരുക്കുകയായിരുന്നു അവര്‍.
മതിലിനകത്തു കയറിയതും വേറെ വഴിക്കു പോയ മിയ അമ്മയെ കണ്ടെത്തി തിരിച്ചു വന്നു. അമ്മയും കുറേ സ്ത്രീകളും തലതാഴ്ത്തി നില്‍ക്കുകയായിരുന്നു. അവരെന്തോ കുറ്റം ചെയ്തിരിക്കുന്നു. പിടിക്കപ്പെടാതിരിക്കാന്‍ കുഞ്ഞുമായി മറഞ്ഞു നിന്നു.

‘ഇതാരുടേതെന്ന് പറയണം’- അപ്പുറമിപ്പുറം കാണാവുന്ന പ്ലാസ്റ്റിക്ക് സിപ് ലോക്ക് കവര്‍ ഉയര്‍ത്തി മയത്തിലാണ് ചോദിക്കുന്നത്. ചോദിക്കുന്നയാള്‍ ഒരു കസേരയില്‍ ഇരിക്കുകയാണ്.

‘നന്നായി ചീകിയ പച്ച ഈര്‍ക്കില്‍ ദ്വാരത്തിലൂടെ കുത്തി കയറ്റണം. പിന്നെ സത്യത്തിന് പിടിച്ചുനില്‍ക്കാനാവില്ല’- ചോദ്യം ചെയ്യപ്പെടുന്നത് അവരുടെ അമ്മയാണെന്ന കാര്യം മറന്ന് ഞാനോര്‍ത്തു. എന്നിട്ട് ചോദിച്ചു- ‘എന്തായിരുന്നു കുറ്റം?’

‘ദയവായി നിങ്ങള്‍ കൈകള്‍ ഒന്നെടുക്കാമോ, നിങ്ങളുടെ ഒരവസ്ഥയാണ് അതെന്നെനിക്കറിയാം എന്നാലും’- അവര്‍ വളരെ മയത്തില്‍ പറഞ്ഞു.

അത്ര നേരമായി പാമ്പ് എന്തു ചെയ്യുകയാണെന്ന് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. പെ​ട്ടെന്ന്​ ഞാന്‍ കൈകള്‍ ശ്രദ്ധിച്ചു ഇടത്തേ കൈ തുടകള്‍ക്കു മുകളില്‍ ശാന്തമായി ഇരിക്കുന്നുണ്ട്. അതേസമയം വലത്തേകൈ അവരുടെ ഷഡിക്കുള്ളില്‍ പതിയെ ഇഴയുകയായിരുന്നു. ഞാന്‍ എത്രയും വേഗം കൈ വലിച്ചെടുക്കാന്‍ ശ്രമിച്ചു. പക്ഷെ കൈകള്‍ എല്ലിന്റെ ഒരംശം പോലും ഇല്ലെന്ന വിധത്തില്‍ അവരുടെ തുടയില്‍ ചുറ്റിപ്പിണഞ്ഞു. വലിച്ചു വെര്‍പെടുത്താന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ മുറുകി. അവര്‍ക്ക് വേദനിച്ചു. ‘വിട്ടേയ്ക്കൂ’, അവര്‍ പുളഞ്ഞു.

ചുറ്റിപ്പിടുത്തത്തിന്റെ ബലം പതിയെ അയഞ്ഞിട്ടും ഷഡിക്കുള്ളില്‍ നിന്ന് ഇറങ്ങി പോരാന്‍ പാമ്പ് കൂട്ടാക്കിയില്ല.

‘സാരമില്ല, നിങ്ങളുടേത് ഒരവസ്ഥയാണ്’- അവര്‍ എന്നെ സമാധാനിപ്പിച്ചു.

അവരെന്നോട് എന്തിന് ഇങ്ങനെ ദയകാണിക്കുന്നുവെന്ന് എനിക്ക് മനസിലായതേയില്ല. അവരിപ്പോള്‍ ബസിനുള്ളില്‍ ഒച്ചവെച്ചാല്‍, എല്ലാവരും എഴുന്നേറ്റു വരും. പാമ്പാണ് ഞാനല്ല എന്നുപറഞ്ഞിട്ട് എന്തു കാര്യം. ബസ് നേരെ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിടാന്‍ പറയും. പ്രഥമദൃഷ്ട്യാ ഞാനൊരു കുറ്റമാണല്ലോ ഈ ചെയ്തു കൊണ്ടിരിക്കുന്നത്.

‘ബാക്കി കേള്‍ക്കണ്ടേ’- എന്നോടവര്‍ ചോദിച്ചു. എനിക്ക് കേള്‍ക്കണമെന്നില്ലായിരുന്നു. അവര്‍ വായ്ക്കുള്ളിലേക്ക് കൈയ്യിട്ട്, പരതി കഷ്ടപ്പെട്ട് മുടിയുടെ അറ്റത്ത് പിടിക്കാന്‍ ശ്രമിച്ചു. ചെറുതായി പിടുത്തം കിട്ടിയപ്പോള്‍, എന്നോടതില്‍ പിടിക്കാന്‍ പറഞ്ഞു. ഒരു മുടിയില്‍ എനിക്കും പിടുത്തം കിട്ടി. അവരുടെ തുപ്പല്‍ എന്റെ കയ്യിലാകെ പറ്റി. എന്റെ കൈ പുറത്തെടുത്ത് അവരുടെ ഉടുപ്പില്‍ തന്നെ തുടച്ച് പറഞ്ഞു- ‘ഇതായിരുന്നു കസേരയില്‍ ഇരിക്കുന്നയാളുടെ കയ്യില്‍ ഉണ്ടായിരുന്നത്’

‘കുഞ്ഞുങ്ങള്‍ കഴിക്കേണ്ടതല്ലേ... ഓരോന്നും നമ്മളെത്ര ശ്രദ്ധയോടെയാണ് ചെയ്യേണ്ടത് എന്നറിയാമല്ലോ. പാക്ക് ചെയ്യപ്പെട്ട്, ഒരാളിത് വാങ്ങി, അയാളുടെ കുട്ടിക്ക് കൊടുക്കുമ്പോഴാണിത് കണ്ടത്... കാശായി തന്നെ കുറേ കൊടുത്താണ് കേസ് വേണ്ടന്നു വെപ്പിച്ചത്’- അയാളാ മുടി, സിബ്ബ് തുറന്ന് പുറത്തെടുത്ത് എല്ലാവരേയും കാണിച്ചു. ‘ഓരോരുത്തരായി വന്നു നോക്കു... ആരുടേതെന്നു പറയു’ - അയാള്‍ ബഹളമുണ്ടാക്കാതെ ചോദിച്ചു.

ആ സ്ത്രീകള്‍ക്കാര്‍ക്കും സംശയമില്ലായിരുന്നു ചുരുണ്ട ആ മുടി ആരുടേതെന്ന്...

അമ്മ പറഞ്ഞു, ‘എന്റെയാണ്’

അമ്മയുടെ ശബ്ദം കേട്ടതും കുഞ്ഞു കരഞ്ഞതും ഒന്നിച്ചായിരുന്നു.

‘ആരാണവിടെ... ഇവിടേയ്ക്കു വരൂ’ - അയാള്‍ ക്ഷണിച്ചു.

‘എന്റെ മക്കളാണ് സര്‍’- അമ്മ കൂടുതല്‍ പേടിച്ചു.

‘ശരി, ആര് അകത്തേയ്ക്കു വരാന്‍ അനുവദിച്ചു?’- അയാള്‍ മിഠായി നീട്ടി ചോദിച്ചു.

‘കുഞ്ഞ്... പാല്... മറിഞ്ഞു...’, പേടിയോടെ അയാളോട് പറയുമ്പോള്‍ പറയുന്നതു കേട്ട് അമ്മയുടെ നെഞ്ച് ചുരത്തി. ചില പേടികള്‍ ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാകും. ആ പേടിയുടെ ചൂടേറ്റതും പാമ്പ് പെട്ടന്നു പുറത്തു ചാടി.

അയാള്‍ മുടി വിരലില്‍ ചുറ്റി, എന്നിട്ട് ചോക്ലേറ്റിനുള്ളിലാക്കി ഉരുട്ടി, അമ്മയ്ക്കു കൊടുത്തു- ‘വിഴുങ്ങിക്കോ'

അമ്മ അതു വിഴുങ്ങാനാഞ്ഞതും അയാള്‍ ചിരിച്ചു- ‘നീയല്ല’

‘കുഞ്ഞാണ് സാര്‍... വേണ്ട സാര്‍’- അമ്മയുടെ വാക്കുകള്‍ ഇടറി.

‘ഇവളുടെ കുഞ്ഞ് ഈ ചോക്ലേറ്റ് തിന്നാല്‍, നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അവരവരുടെ ജോലികളിലേയ്ക്ക് മടങ്ങാം. അല്ലെങ്കില്‍ ജോലിയില്‍ നിന്ന് എല്ലാവര്‍ക്കും മടങ്ങാം’- അയാള്‍ ഒരു കളിയിലേക്ക് എന്ന വിധം സ്ത്രീകളെ ക്ഷണിച്ചു.

സ്ത്രീകള്‍ ഓരോരുത്തരായി യാതൊരു സങ്കോചവും കൂടാതെ വേഗത്തില്‍ ആ കളത്തിലേയ്ക്ക് ഇറങ്ങി.

‘അനിയത്തിയെ താഴെയിട്ട് ഞാന്‍ ഓടി'- അവര്‍ പറഞ്ഞു നിര്‍ത്തി.

‘അപ്പോള്‍ അമ്മയോ?’- ഞാന്‍ ചോദിച്ചു.

‘അമ്മ കുറേ നേരം തടഞ്ഞു നോക്കി, നടക്കാതെ വന്നപ്പോള്‍ മാറിയിരുന്ന് അനിയത്തിക്ക് പാലു കൊടുത്തു'- അവര്‍ ചിരിച്ചു.

‘എന്തു കുഞ്ഞ്... കുറ്റമേയുള്ളൂ’- കുറേ ദിവസം മുന്‍പാണ് ഞാനത് പറഞ്ഞത്. അമ്മയെയും മകനേയും അവരുടെ വീട്ടില്‍ വെച്ച് ഒരു മല്‍പ്പിടുത്തത്തിലൂടെ കീഴടക്കിയ ശേഷമായിരുന്നു. ഫാന്‍ മുഴുവേഗത്തില്‍കറക്കി, കസേര നേരെ അതിനുതാഴെ കൊണ്ടു ചെന്നിട്ട് യൂണിഫോം അഴിച്ച് ഞാനതില്‍ തൂക്കി. ഷഡ്ഡിയും അഴിച്ചെറിഞ്ഞു. മല്‍പ്പിടുത്തം കഴിഞ്ഞ് അത്രയ്ക്ക് വിയര്‍ത്തിട്ടുണ്ടായിരുന്നു. അവരുടുത്ത സാരി കൊണ്ടു തന്നെ ഞാന്‍ രണ്ടാളേയും കെട്ടിയിട്ടിരിക്കുകയായിരുന്നു.

‘നിങ്ങളുടെ നിയമമല്ല ഞങ്ങളുടേത്’- ആ സ്ത്രീ ചീറി.

കാറ്റു കൊണ്ട് വിയര്‍പ്പാറിയ ശേഷം പുറത്തിറങ്ങി പച്ച ഈര്‍ക്കില്‍ ഊര്‍ത്തി എടുത്തു. നഖത്തിന് നന്നായി ചീകി മൂര്‍ച്ച കൂട്ടി. എന്നിട്ട് വീടികത്തേയ്ക്ക് കയറി.

അന്നു രാത്രിയാണ് ഈ പാമ്പു കയറിയത്; പക്ഷെ ആ കഥയല്ല ഞാനവരോട് പറഞ്ഞത്.

അതുകേട്ട് അവര്‍ കരയുകയും ഞാനിറങ്ങിയ സ്റ്റോപ്പില്‍ എനിക്കൊപ്പം ഇറങ്ങുകയും ചെയ്തു. ഹോട്ടലില്‍ റൂമെടുക്കുകയും ഭക്ഷണം കഴിക്കുകയും ആഹ്ലാദിക്കുകയും ചെയ്ത ശേഷം, അപ്രതീക്ഷിതമോ, അസ്വാഭാവികമോ അല്ലാത്ത വിധം ഞാനവരുടെ ചുണ്ടുകളില്‍ ഉമ്മ വെച്ചു. നാവു നീട്ടിയപ്പോള്‍ അവര്‍ വായ തുറന്നു. അവരുടെ വായയിലേയ്ക്ക് എന്റേത് തുറന്നു വെച്ച് നാവ് കൊണ്ട് നാവിനെ ചുറ്റി വരിഞ്ഞു.

പാമ്പിറങ്ങി വരുന്നതും അവരുടെ വായിലേക്ക് കയറുന്നതും ഞാനറിയുന്നുണ്ടായിരുന്നു.

പതിയെ വായ പിന്‍വലിച്ചു. പാമ്പ് അവരുടെ വായില്‍ കയറി എന്നുറപ്പായതും ഞാനൊറ്റ പിന്‍വലിയല്‍ കൊണ്ട് പാമ്പിനെ പൂര്‍ണമായും അവരുടെ വായ്ക്കുള്ളിലാക്കി. പാമ്പ് ശരീരത്തിലേയ്ക്ക് കയറിപ്പോകുന്നത് അവര്‍ അറിഞ്ഞതേയില്ല. അവര്‍ കരുതി, ഞാനവരെ ഉമ്മ വെയ്ക്കുകയാണെന്ന്.

ഇനിയൊരിക്കലും തുറക്കാനാവാത്ത വിധം പാമ്പിന്റെ വായയെ മുടിയിഴ ചുറ്റിവിരിഞ്ഞു. പാമ്പ് കൂടുതല്‍ അകത്തേക്ക് കയറി പോയി.

പിറ്റേന്ന് അവര്‍, അവരുടെ സ്റ്റോപ്പില്‍ ബസിറങ്ങി. അമ്മയ്ക്കുള്ള ഡയപ്പറും വാങ്ങി വീട്ടിലേക്ക് ചെന്നു.

അമ്മ കട്ടിലില്‍ ഉറങ്ങുകയായിരുന്നു. മിയക്കും പണി കഴിഞ്ഞു വരുന്ന അനിയത്തിക്കുള്ളതും അടച്ചു വെച്ച് അമ്മയുടെ കട്ടിലിനു കീഴെ വെറും നിലത്ത് ചുരുണ്ട് കിടന്നു.

പിന്നീടെപ്പോഴോ പാമ്പ്... പാമ്പെന്ന് അനിയത്തി പേടിച്ച് കരയുന്നതും ആളുകള്‍ ഓടി കൂടുന്നതും വളഞ്ഞിട്ട് തല്ലുന്നതും അറിയുന്നുണ്ടായിരുന്നു.

പക്ഷെ, കൂടുതല്‍ ചുരുണ്ട് കിടന്നതല്ലാതെ എഴുന്നേല്‍ക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല.


ലാസർ ഷൈൻ

കഥാകൃത്ത്, മാധ്യമപ്രവർത്തകൻ, തിരക്കഥാകൃത്ത്, 'കൂ', 'ഡ്രൈവിങ്ങ് സ്‌ക്കൂൾ' എന്നിവ പുസ്തകങ്ങൾ

Comments