അവസാനം വരെ താൻ ജീവിച്ച ജീവിതം ചോദ്യചിഹ്നമായി ടോൾസ്‌റ്റോയിയെ വേട്ടയാടി

ജീവിതവും മരണവും തികച്ചും സെക്യുലർ ആവണമെന്ന് വാശിപിടിച്ച അരാജകവാദിയുടെ ശവസംസ്‌ക്കാര ചടങ്ങിൽ പങ്കെടുത്തവർ അത്യന്തം ബഹുമാനത്തോടെ പുരോഹിതവർഗത്തെ തിരസ്‌ക്കരിച്ച് പുരാതനമായ റഷ്യൻ വിലാപ കാവ്യങ്ങൾ ചൊല്ലി വിലാപയാത്ര നടത്തി. ശവമഞ്ചം വഹിച്ചുകൊണ്ടുള്ള വാഹനം കടന്നുപോകുമ്പോൾ ഒരോ ആളുകളും തൊപ്പിയൂരി മുട്ടുകാലിൽ നിന്നു. ഒരു നോവലിസ്റ്റിനും അങ്ങനെയൊരു ശവസംസ്‌ക്കാര ചടങ്ങ് ലഭ്യമായിട്ടുണ്ടാവില്ല-ടോൾസ്‌റ്റോയിയുടെ വൈരുധ്യം നിറഞ്ഞ രാഷ്ട്രീയ ജീവിതം രേഖപ്പെടുത്തപ്പെടുന്നു, അദ്ദേഹത്തിന്റെ 110ാം ചരമവാർഷികദിനത്തിൽ

I lived with Lev Nikolayevich Tolstoy, for forty eight years, but I never really learned what kind of man he was; ബൃഹത്തായ ഒരു കാലഘട്ടം സ്‌നേഹിച്ചും കലഹിച്ചും ഒരുമിച്ചു നയിച്ച ജീവിതത്തിന് തിരശ്ശീല വീണശേഷം അവശേഷിക്കുന്ന പ്രണയത്തിന്റെയും ആഴത്തിലുള്ള മുറിവുകളുടെയും മായ്ക്കാനാകാത്ത പാടുകൾ നോക്കി ടോൾസ്റ്റോയിയുടെ ഭാര്യ സോഫിയ പറഞ്ഞ വാക്കുകളാണിത്, നീണ്ട 48 വർഷം പിന്നിട്ടിട്ടും എനിക്ക് അദ്ദേഹത്തിനെ പഠിക്കാൻ കഴിഞ്ഞിട്ടില്ല എന്ന്.

ഇതേ ഉത്തരം തന്നെയായിരിക്കും ടോൾസ്റ്റോയിയെ കുറിച്ച് പഠിച്ചും ഗവേഷണം ചെയ്തും അദ്ദേഹത്തിന്റെ കൃതികൾ വിമർശനാത്മകമായി വിലയിരുത്തിയ ഓരോരുത്തരുടെയും അഭിപ്രായം. എന്നാൽ ടോൾസ്റ്റോയിയും ജീവിതത്തിലുടനീളം തന്നോട് ചോദിച്ചുകൊണ്ടിരുന്ന ചോദ്യവും ‘ഞാൻ എന്താണ്' എന്നാണ്. അതിന്റെ പ്രതിഫലനമെന്നോണമാണ് ആത്മീയതയിലേക്കും തുടർന്ന് അരാജകവാദത്തിലേക്കും വഴിതെളിയിച്ചത്.

ജീവിതം കൊണ്ടും നരേറ്റീവ്‌സ് കൊണ്ടും ലോക ജനതയെ സ്വാധീനിച്ച സമാനതകളില്ലാത്ത വ്യക്തിത്വങ്ങളാണ് ഗാന്ധിയും ടോൾസ്റ്റോയിയും. ഇവർ സുഹൃത്തുക്കൾ കൂടിയായിരുന്നു. സാമൂഹിക വീക്ഷണങ്ങളിൽ സമാന ചിന്താഗതി പുലർത്തിയിരുന്നതിനാൽ അവർ തമ്മിൽ കത്തിടപാടുകൾ നടത്തിയിരുന്നു. ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടത്തിനെതിരെ നടന്ന സമരങ്ങളുടെ നായകത്വം മാത്രമല്ല ഗാന്ധിക്ക് ഉണ്ടായിരുന്നത്, ഒരു ജനതയുടെ ജീവിത ലോക വീക്ഷണങ്ങളെ രൂപപ്പെടുത്തിയ തത്വചിന്തകന്റെ പരിവേഷം കൂടി അദ്ദേഹത്തിനുണ്ടായിരുന്നു.

ടോൾസ്‌റോയിയുടെ Kingdom of God with in youഎന്ന പുസ്തകവും Christianity and Patriotism എന്ന ലേഖനവും ഗാന്ധിയിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. ടോൾസ്റ്റോയിയും അഹിംസക്കും സത്യത്തിനും വേണ്ടി അഹോരാത്രം നിലകൊണ്ടു. അരികുവൽക്കരിക്കപ്പെട്ടവന്റെ പ്രശ്‌നങ്ങൾ അവരോടൊപ്പം ചേർന്ന് ഉന്നയിച്ചു. റഷ്യൻ ഭരണകൂടം അടിമകളെ വിട്ടയക്കുന്നതിന് ആറുവർഷം മുമ്പേ സ്വന്തം വീട്ടിലെ അടിമകളെ അദ്ദേഹം വിട്ടയച്ചു. പക്ഷെ ഗാന്ധിയെ പോലെ ആദർശങ്ങൾക്കനുസരണമായി ജിവിക്കാൻ ടോൾസ്റ്റോയിക്ക് ഒരിക്കലും കഴിഞ്ഞില്ല.

രാഷ്ട്രീയമായും സാമൂഹികമായും താൻ സ്വീകരിച്ച പല നിലപാടുകളും സ്വന്തം ജീവിതത്തിൽ നിന്ന്​ പാളിപ്പോയി. അനുഭവിച്ചുകൊണ്ടിരുന്ന പ്രിവിലേജുകളിൽ നിന്ന് വിടുതൽ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ടോൾസ്റ്റോയിയുടെ ജീവിതവും കാഴ്ചപ്പാടുകളും സർഗാത്മക രചനകളും വൈരുധ്യതയുടെ പ്രതിനിധാനമായി മാറി. യുദ്ധവും സമാധാനവും എന്ന കൃതിയിൽ എഴുതിയതും ആ വൈരുധ്യാത്മകതയുടെ നിർവചനമാണ്
We can know only that we know nothing. And that is the highest degree of human wisdom.

പ്രഭുകുമാരനായി ജനിക്കുകയും ഫ്യൂഡൽ ജീവിതം നയിക്കുകയും ചെയ്ത ടോൾസ്റ്റോയ് അതിൽനിന്നുകൊണ്ടുള്ള വിപ്ലവം മാത്രമാണ് കാഴ്ച്ചവെച്ചിരുന്നത്. അവസാനം വരെ താൻ ജീവിച്ച ജീവിതം ഒരു ചോദ്യചിഹ്നമായി അദ്ദേഹത്തിനെ വേട്ടയാടി.

ചെറുപ്പത്തിൽ സമ്പത്ത് ധാർഷ്ട്യത്തിന്റെയും ആക്രമണത്തിന്റെയും ഭാവങ്ങളായി അദ്ദേഹത്തിൽ ചൂഴ്ന്ന്‌നിന്നിരുന്നു. ടോൾസ്റ്റോയ് തന്നെ എഴുതി: I killed men in wars and challenged men to duels in order to kill them, I lost at cards, consumed the labour of the peasants, sentenced them to punishments, lived loosely, and deceived people...so I lived for ten years.

അവിടെനിന്നാണ് യുക്തിവാദിയും പാരമ്പര്യേതരവാദിയും അഹിംസാവാദിയുമായ ടോൾസ്റ്റോയിയെ സ്വയം വാർത്തെടുക്കുന്നത്. പുതിയ ജീവിതാനുഭവങ്ങളിലൂടെ സ്വന്തം മനസ്സിനെ മാറ്റിയെടുക്കാൻ അസാമാന്യ കഴിവ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. അതിന്റെ പ്രതിഫലനം എന്നോണം സർഗാത്മക കൃതികളിലൂടെ രാഷ്ട്രീയമായും സാമൂഹികമായും ശരിയായ ദിശയിലേക്ക് എത്തിച്ചേരുകയും ചെയ്തുവെങ്കിലും തന്റെ കൃതികളിൽ ബോധത്തിലും അബോധത്തിലും തന്നെ ചൂഴ്​ന്നുനിൽക്കുന്ന പുരുഷാധിപത്യത്തിന്റെയും സദാചാരവാദത്തിന്റെയും പ്രതിനിധിയായി സ്വയം മാറുന്ന ദയനീയമായ ദൃശ്യമാണ് കാണാൻ കഴിഞ്ഞത്. ടോൾസ്റ്റോയിയുടെ സ്വന്തം ജീവിതവും അദ്ദേഹം സൃഷ്ട്ടിച്ച കഥാപാത്രങ്ങളും തന്റെ രാഷ്ട്രീയ നിലപാടിന്റെ വൈരുദ്ധ്യത എത്രമാത്രം ആഴം നിറഞ്ഞതാണ് എന്ന് വെളിപ്പെടുത്തുന്നു.

ടോൾസ്റ്റോയ് 1860കളിൽ. Wikimedia Commons

സാർവലൗകിക സ്‌നേഹത്തെക്കുറിച്ച് ആത്മീയ ലേഖനങ്ങൾ എഴുതിയ ടോൾസ്റ്റോയ് സ്വന്തം ജീവിതത്തിൽ സ്‌നേഹത്തെ മുൻനിർത്തി പലപ്പോഴും പരാജയപ്പെടുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവ് തകർന്ന ദാമ്പത്യജീവിതം തന്നെയാണ്. പ്രത്യേകിച്ചും personal is political എന്ന് ഓരോരുത്തരുടെയും ജീവിതത്തെ അടയാളപ്പെടുത്തുന്ന ഉത്തരാധുനിക കാലത്തുനിന്ന് ടോൾസ്‌റ്റോയിയുടെ ജീവിതം വായിക്കുമ്പോൾ തീർത്തും വൈരുധ്യാത്മകത നിറഞ്ഞതാണ് എന്നുതോന്നും.

വൈരുധ്യം ഉത്തരാധുനികതയുടെ സവിശേഷതയാകുമ്പോൾ ടോൾസ്റ്റോയിയുടെ കഥാപാത്രങ്ങൾ, ഡയലക്റ്റസ്, സന്ദർഭങ്ങൾ, ജീവിതം... ഒക്കെ ഉത്തരാധുനികമായി തോന്നിയേക്കാം. അതിന്റെ നിരവധി തെളിവുകൾ കഥാസന്ദർഭങ്ങളെ മുൻനിർത്തി ആലോചിച്ചാൽ കണ്ടെടുക്കാൻ കഴിയും. പതിനെട്ടാം നൂറ്റാണ്ടിലെ പാട്രിയാർക്കൽ മൂല്യങ്ങളെ സ്വാംശീകരിച്ച ഒരു വ്യക്തി എന്നനിലയിൽ ടോൾസ്റ്റോയി എന്താണോ പറയാൻ ശ്രമിച്ചത് അത് തീർത്തും തിരിച്ചടിക്കുകയാണ് ചെയ്തത്.

ഉന്നത കുലജാതയായ ഒരു സ്ത്രീയുടെ വിവാഹേതരബന്ധം സ്വന്തം ജീവിതത്തെ എങ്ങിനെയാണ് തകർത്തെറിഞ്ഞത് എന്ന ആശയമാണ് അന്നകരിനീനയിലൂടെ പറയാൻ ശ്രമിക്കുന്നത് എന്ന് 1870 ൽ ടോൾസ്റ്റോയ് സോഫിയയോട് സൂചിപ്പിച്ചിരുന്നു. അന്നകരിനീന പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത് അതിന് ഫെമിനിസ്റ്റ് ഛായ നൽകി പ്രോത്സാഹിക്കപ്പെടുകയും ചെയ്തു.

അന്നകരിനീന യുടെ കവർ

യഥാർത്ഥത്തിൽ ടോൾസ്റ്റോയിയുടെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന സദാചാരവാദിയുടെ മുഖം മറ നീക്കി കാണിക്കുകയാണ് ആ ക്ലാസിക് രചന ചെയ്തത്. മാത്രമല്ല വൈരുദ്ധ്യത നോവലിന്റെ താളവും ഭാവവുമായി മാറി. പ്രണയബന്ധം തകർത്തെറിഞ്ഞ കുടുംബത്തിന്റെ പശ്ചാത്തലത്തിൽ എങ്ങനെയായിരിക്കണം ഒരു മാതൃകാകുടുംബം കെട്ടിപ്പടുക്കേണ്ടത് എന്ന കാഴ്ച ടോൾസ്റ്റോയിയുടെ വക്താവായ ലെവിൻ എന്ന കഥാപാത്രത്തെ മുൻനിർത്തി പ്രകടിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഉള്ളിലെ വൈരുദ്ധ്യത തന്റെ കഥാപാത്രത്തിലൂടെ കഥയിലുടനീളം കാണാൻ കഴിയും.

അതിന്റെ മറ്റൊരു തെളിവാണ് യുദ്ധവും സമാധാനവും എന്ന കൃതിയിലെ പിയർ എന്ന നായകൻ. ടോൾസ്റ്റോയ് തന്റെ തത്വചിന്തകളും ആദർശങ്ങളും പറയാൻ വേണ്ടി കൃതികളിലൊക്കെ തന്നെയും തന്റെഅപരനെ സൃഷ്ടിച്ചിരുന്നു. യഥാർത്ഥത്തിൽ ടോൾസ്റ്റോയ് തന്നെയാണ് പിയർ.

പിയറിന്റെ രാഷ്ട്രീയ നിലപാടിലുള്ള വൈരുദ്ധ്യത വ്യക്തമാക്കുന്ന സന്ദർഭം നോവലിന്റെ തുടക്കത്തിൽ തന്നെ കാണാം. സമൂഹത്തിന്റെ ഉന്നതർക്കുവേണ്ടി നടത്തുന്ന സൽക്കാരത്തിൽ പിയർ ഫ്രഞ്ച് വിപ്ലവത്തെ പിന്താങ്ങുകയും സമ്പത്തിനെ തുല്യമായി വീതിച്ച് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കുറയ്ക്കണം എന്ന് പറയുമ്പോഴും പിതാവിന്റെ പാരമ്പര്യസ്വത്തിൽ ആഡംബര ജീവിതം നായിക്കുന്ന പിയറിനെ കാണാ . യഥാർത്ഥ ജീവിതത്തിലെ ടോൾസ്റ്റോയിയുടെ പൊളിറ്റിക്കൽ നിലപാടും പ്രിവിലേജിന്റെ സൗകര്യങ്ങളിൽനിന്ന് വിട്ടുനിന്നിരുന്നില്ല. മാത്രമല്ല, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു യുവാവുമായി പ്രണയത്തിലേപ്പെട്ട തന്റെ മകളെ വിവാഹത്തിൽനിന്ന് ടോൾസ്റ്റോയ് പിന്തിരിപ്പിക്കുക പോലും ചെയ്തിരുന്നു.

1899ൽ സാർ നിക്കോളാസ് ഭരണകൂടത്തിന്റെ രാഷ്ട്രീയ അടിച്ചമർത്തലുകൾക്ക് വിധേയമായ സാമൂഹികാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ നിരാലംബയും നിസ്സഹായയുമായ ഒരു സ്ത്രീക്ക് അനുഭവിക്കേണ്ടിവന്ന നീതിനിഷേധം എത്രമാത്രം വലുതാണ് എന്ന് സമൂഹത്തെക്കൊണ്ട് ചിന്തിപ്പിക്കണം എന്ന ഉദ്ദേശ്യത്തിൽ എഴുതിയ നോവലായ ഉയിർത്തെഴുന്നേൽപ്പ് ടോൾസ്റ്റോയിയുടെ ഉള്ളിലെ ഉള്ളവനോടുള്ള കൂറ് പ്രഖ്യാപിച്ചുകൊണ്ടുള്ള എഴുത്തായി തിരിച്ചടിക്കുകയാണ് ചെയ്തത്. ഇവിടെയും ടോൾസ്റ്റോയ് ഉയർത്തിപ്പിടിച്ച രാഷ്ട്രീയനിലപാടിന് കടകവിരുദ്ധമായ നിലപാട് പുറത്തേക്കുവരികയാണുണ്ടായത്.

സ്വാഭാവികമായും അരികുവൽക്കരിക്കപ്പെട്ടവന്റെ ശബ്ദമായി മാറേണ്ട ടോൾസ്റ്റോയ് തന്റെ വക്താവ് ആയിരുന്ന കഥാപാത്രമായ നെഹ്ലുദേവിനെ താൻ ചെയ്തുപോയ കൊടിയ പാപത്തിൽ നിന്ന് രക്ഷിച്ചെടുക്കുകയാണ് ചെയ്തത്.
ഉയിർത്തെഴുന്നേൽപ്പിൽ പ്രഭുകുമാരനാൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട യുവതിയുടെ കഥയാണ്. ഒടുവിൽ ലൈംഗിക തൊഴിലാളിയായും മോഷ്ടാവും കൊലയാളിയുമായി മുദ്രകുത്തി അനീതിക്കിരയായ നായിക കഥാപാത്രമായ കാത്യുഷ മാസ്ലോവയെ ടോൾസ്റ്റോയ് അവഗണിക്കുകയായിരുന്നു. അതിന്റെ കാരണങ്ങളും ടോൾസ്റ്റോയിയുടെ ഉള്ളിലെ പാട്രിയാർക്കൽ മോറൽ നിലപാട് തന്നെയാണ്. അങ്ങനെ രാഷ്ട്രീയമായ ശരിക്കുവേണ്ടി എഴുതപ്പെട്ട നോവലിൽ ടോൾസ്റ്റോയി, തന്റെ വൈരുധ്യജീവിതത്തിന്റെയും ചിന്തയുടെയും ഹൈപ്പോക്രസി രേഖപ്പെടുത്തുകയായിരുന്നു.

പ്രണയത്തിൽ സ്ത്രീയുടെ ചാപല്യങ്ങളാണ് ടോൾസ്റ്റോയ് തിരഞ്ഞത്. ആണിന്റെ കാഴ്ചപ്പാടിലെ പ്രണയം എന്താണ് എന്ന് എവിടെയും വ്യക്തമാക്കിയില്ല. യുദ്ധവും സമാധാനവും എന്ന നോവലിൽ നതാഷ എന്ന പെൺകുട്ടിയുടെ പ്രണയ ചാപല്യങ്ങളിലൂടെയും അന്നകരിനീനയിൽ അന്നയുടെ പ്രണയചാപല്യങ്ങളെയും കാണിക്കാനാണ് ടോൾസ്റ്റോയ് ശ്രമിച്ചത്​. അതേസമയം യഥാർഥ ജീവിതത്തിൽ ഭാര്യയും ഭാര്യയുടെ സുഹൃത്തും തമ്മിലുള്ള സുഹൃത്ബന്ധത്തെ വികലമാക്കികൊണ്ട് ‘ക്രൂറ്റ്‌സർ സൊണാറ്റ'എന്ന കൃതി പ്രസിദ്ധീകരിക്കുകയും ചെയ്തു. വൈവാഹിക ജീവിതത്തിൽ നിന്ന് ഒരു പെണ്ണിനെ പ്രണയിക്കാൻ പഠിപ്പിച്ച നോവലിസ്റ്റിന് സ്വന്തം ജീവിതത്തിലെ സ്ത്രീപുരുഷ ബന്ധങ്ങളെ നോക്കി കാണുന്നതിന്റെ വൈരുദ്ധ്യത ഇതിലൂടെ വ്യക്തമാവുന്നു.

ടോൾസ്റ്റോയിയും കുടുംബവും

ടോൾസ്റ്റോയ് യാഥാസ്ഥികമായ മതജീവിതത്തെയും ക്രിസ്റ്റ്യാനിറ്റിയെയും രൂക്ഷമായി വിമർശിച്ചിരുന്നു. അതുകൊണ്ടുതന്നെ തന്റെ മതത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. മതത്തെ വെല്ലുവിളിച്ച് സ്വന്തമായി അഞ്ചു കൽപ്പനകൾ പുറപ്പെടുവിക്കുകയും ടോൾസ്‌റ്റോയിയൻ എന്ന മതവും അനുനായികളെയും സൃഷ്ട്ടിച്ചു. തന്റെ വീക്ഷണകോണിൽ നിന്ന് ആത്മീയലേഖനങ്ങൾ രചിച്ചു. അദ്ദേഹത്തെ പള്ളിയിൽ നിന്ന് പുറത്താക്കി.

സാർ ഭരണകൂടത്തിന് ടോൾസ്റ്റോയിയെ പുറത്താക്കണമെന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരാധകവൃന്ദത്തെ ഭയന്ന് പിന്മാറി. ഒടുവിൽ വൈരുദ്ധ്യാത്മകമായ ജീവിതവും രാഷ്ട്രീയവും നയിച്ച വിശ്വസാഹിത്യകാരന്റെ മരണവും മരണാനന്തര ചടങ്ങുകളും അദ്ദേഹത്തിന്റെ നിലപാടിന് വിരുദ്ധമായി സംഭവിച്ചു.

1910 നവംബർ 20ന് റഷ്യൻ ഗവൺമെന്റിന്റെ രൂക്ഷമായ വിമർശകൻ അസ്തപോവ് റെയിൽവേ സ്റ്റേഷനിൽവെച്ച് ന്യൂമോണിയ ബാധിച്ചു മരിച്ചു. റഷ്യൻ സർവകലാശാലകളിൽ വിദ്യാർഥികൾ തങ്ങളുടെ എന്നത്തേയും വിമതന് കൂട്ടമായി ആദരാഞ്ജലി അർപ്പിച്ചു. ആയിരക്കണക്കിനാളുകൾ ടോൾസ്റ്റോയിയുടെ മരണത്തിൽ ദുഃഖാർത്തരായി വാർത്താകേന്ദ്രങ്ങളിലും ന്യൂസ് ഏജൻസികളിലും ടെലിഗ്രാഫ് ഓഫീസിലും നിറഞ്ഞുനിന്നു.

ലെനിൻ ഏഴുവർഷത്തിനുശേഷം ഭരണം പിടിച്ചെടുത്തെങ്കിലും അനൗദോഗികമായി അത് ‘ടോൾസ്റ്റോയിയൻ റവല്യൂഷൻ'എന്നറിയപ്പെട്ടു. അന്നത്തെ എല്ലാ വാർത്താമാധ്യമങ്ങളും സത്യത്തിൽ നിന്ന് ഏറെ മുന്നേറി വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷെ വൈരുദ്ധ്യത ഏറെ ഉണ്ടെങ്കിലും ടോൾസ്റ്റോയിയും വിപ്ലവവും ജനഹൃദയങ്ങളിൽ അംഗീകാരം നേടിയെടുത്തു.

സമ്പത്തിന്റെയും പ്രതാപത്തിന്റെയും നെറുകയിൽ ജീവിച്ച ടോൾസ്റ്റോയിയുടെ ശവശരീരം അസ്തപോവ് റെയിൽവേ സ്റ്റേഷനിൽ പോതുദർശനത്തിനുവെച്ചു. കാരണം, ഭാര്യയുമായുള്ള കലഹത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ ടോൾസ്റ്റോയ് ന്യൂമോണിയ പിടിപെട്ട് സ്റ്റേഷൻമാസ്റ്ററുടെ വസതിയിൽ വെച്ചാണ്​മരിച്ചത്​.

അസ്തപോവിലെ പൊതുദർശനത്തിനുശേഷം ലിയോ ടോൾസ്‌റ്റോയിയുടെ മൃതശരീരം കൊണ്ടുപോകുന്നു

ഉയിർത്തെഴുന്നേൽപ്പ് എന്ന കൃതിയിൽ ചിത്രങ്ങൾ വരച്ച ചിത്രകാരൻ ടോൾസ്റ്റോയിയുടെ അവസാനത്തെ സ്‌കെച്ച് വരക്കാൻ മോസ്‌കോയിൽ നിന്ന് വന്നു. ടോൾസ്റ്റോയിയൻ അനുഭാവിയായ മെഡിക്കൽ വിദ്യാർത്ഥി കാമറയിൽ ശവശരീരത്തിന് നല്ല കാഴ്ച്ച ഉണ്ടാവാൻ ഫോർമാൽഡിഹൈഡ് ഇൻജെക്റ്റ് ചെയ്യാൻ ഉപദേശിച്ചു. ആ ശവശരീരത്തിൽ കാമറകൾ ഫ്‌ളാഷ് പൊഴിച്ചുകൊണ്ടിരുന്നു. ജീവിതത്തിൽ റസ്റ്റ്‌ലെസ് ആയിരുന്നുവെങ്കിലും മരണത്തിൽ ശാന്തനായി കാണപ്പെട്ടു. മരിച്ചശേഷമുള്ള ഫോട്ടോഗ്രാഫുകളിൽ അദ്ദേഹം കാമറയിലേക്ക് ആഢ്യത്വത്തിന്റെ ഭാവങ്ങളോടെ തുറിച്ചുനോക്കിയില്ല. പക്ഷേ, നിശ്ചലമായ ശരീരത്തിൽ സമാധാനവും ശാന്തതയും ആത്മീയഭാവവും തുടിച്ചുനിന്നിരുന്നു . ചിലപ്പോൾ ഫോർമാൽഡിഹൈഡ് പുരട്ടിയതുകൊണ്ട് അങ്ങിനെയൊരു പ്രതീതി ഉണ്ടാക്കിയിരിക്കാം.

അദ്ദേഹത്തിന്റെ ശവപ്പെട്ടി വലിച്ചുകൊണ്ടുള്ള ട്രെയിൻ പുലർച്ചെ 6.30 ന് എത്തിയപ്പോൾ ഒരു ജനസാഗരത്തിന്റെ വിലാപം റഷ്യൻ നഗരത്തിന്റെ കാതുകളിൽ ഇരമ്പി. ടോൾസ്റ്റോയിയുടെ നാല് ആണ്മക്കളും ചേർന്ന് ശവമഞ്ചം പുറത്തിറക്കി. പിന്നീട് യസനായ പോളിയനയിലേക്കുള്ള യാത്ര. അവിടെയും ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. കർഷകർ ബാനർ പിടിച്ചു നിന്നിരുന്നു, അതിൽ ഇങ്ങിനെ എഴുതിയിരുന്നു: dear lev nikolayevich , ‘the memory of your goodness will not die among us'

യസനായ പോളിയനയിലെ അനാഥരാക്കപ്പെട്ട കർഷകർ ആർത്തുവിളിച്ചു കരഞ്ഞു.

കർഷകർക്കൊപ്പം അവരുടെ അവകാശങ്ങൾക്ക് വാദിച്ച ടോൾസ്റ്റോയിക്ക് തന്റെ സ്വത്ത് കർഷകർക്കും പൊതുജനങ്ങൾക്കും വിട്ടുകൊടുക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്തിന് തന്റെ പുസ്തകങ്ങളുടെ റോയൽറ്റി പോലും ജനങ്ങൾക്ക് കൊടുക്കാൻ അത്രമേൽ ആഗ്രഹിച്ചു. പക്ഷെ, ആഗ്രഹങ്ങൾ പ്രാവർത്തികമാക്കാൻ കഴിയാതെ അദ്ദേഹത്തിന് പലപ്പോഴും നിസ്സഹായനായി നിൽക്കേണ്ടിവന്നു.

ഇതിനിടയിൽ മതപരമായ ശവസംസ്‌കാരത്തിനുവണ്ടി മകൻ ആന്ദ്രേ ടോൾസ്റ്റോയ് ബിഷപ്പിനോട് അപേക്ഷിച്ചുവെങ്കിലും പള്ളി അധികാരികൾ കർശനമായി വിലക്കി. അതുകൊണ്ടുതന്നെ റഷ്യയുടെ ചരിത്രത്തിൽ പള്ളിയിലെ അധികാരികളും പുരോഹിതന്മാരും പങ്കെടുക്കാത്ത പൊതുജനങ്ങളുടെ മധ്യേയുള്ള ആദ്യ ശവസംസ്‌ക്കാര ചടങ്ങായി അത് മാറി.

ജീവിതവും മരണവും തികച്ചും സെക്യുലർ ആവണമെന്ന് വാശിപിടിച്ച അരാജകവാദിയുടെ ശവസംസ്‌ക്കാര ചടങ്ങിൽ പങ്കെടുത്തവർ അത്യന്തം ബഹുമാനത്തോടെ പുരോഹിതവർഗത്തെ തിരസ്‌ക്കരിച്ച് പുരാതനമായ റഷ്യൻ വിലാപ കാവ്യങ്ങൾ ചൊല്ലി വിലാപയാത്ര നടത്തി. ശവമഞ്ചം വഹിച്ചുകൊണ്ടുള്ള വാഹനം കടന്നുപോകുമ്പോൾ പൊലീസ് ഒഴികെയുള്ള ഒരോ ആളുകളും തലയിലെ തൊപ്പിയൂരി മുട്ടുകാലിൽ നിന്നു. ഇത് ലോകചരിത്രത്തിൽ തന്നെ അസാധാരണമായ ഒരു കാഴ്ചയായിരുന്നു. ഒരു നോവലിസ്റ്റിനും അങ്ങനെയൊരു ശവസംസ്‌ക്കാര ചടങ്ങ് ലഭ്യമായിട്ടുണ്ടാവില്ല. അത്​, ആ വ്യക്തിത്വത്തിന്റെയും പ്രവൃത്തികളുടെയും പ്രകാശത്തിൽ നിന്നുണ്ടായതാണ്.

ടോൾസ്റ്റോയിയുടെ മൃതദേഹം അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഒരു സ്ഥലത്ത് മറവ് ചെയ്യുമ്പോൾ പോലും അതിൽ പങ്കെടുത്തവർ ഏറെയും യാഥാസ്ഥിക കൃസ്ത്യൻ പാരമ്പര്യവാദികളായിരുന്നു. അവർ ചൊല്ലിയ വിലാപ കാവ്യങ്ങളിൽ ടോൾസ്റ്റോയിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ദൈവസങ്കൽപങ്ങൾ ഉണ്ടായിരുന്നു. വൈരുദ്ധ്യത്തിന്റെ ആ രാഷ്ട്രീയജീവിതം അരങ്ങൊഴിയുന്ന നിമിഷത്തിൽപോലും ജീവിതവൈരുദ്ധ്യത തളം കെട്ടി നിന്നിരുന്നു.

Reference
Leo Tolstoy, war and peace, Wordsworth edition limited , 1993
A. N Wilson, 'Tolstoy ',Atlantic books, London
Leo Tolstoy, Anna Karenina , penguin classics
Leo Tolstoy,Resurrection ,penguin classics


വായിക്കാം: വാക്കുകൾ വേണ്ടാത്ത പാട്ട്-ശ്രീകല മുല്ലശ്ശേരി

Comments