ഭാഷാരാഷ്ട്രീയം:
വേണ്ടത് യൂറോ- സിയോണിസ്റ്റ്
മാതൃകയോ?

മലയാളഭാഷയുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇന്ന് ഉയർത്തിക്കൊണ്ടുവരുന്ന രാഷ്ട്രീയം ഒരേസമയം പാരമ്പര്യവാദത്തെയും യൂറോകേന്ദ്രിതമായ ഒരു വീക്ഷണത്തെയും പിൻപറ്റുന്നതാണ്. നമ്മുടെ സമൂഹം രൂപപ്പെട്ട മാതിരികളെയും ചരിത്രസന്ദർഭത്തെയും മറ്റു കോളനിയനന്തരസമൂഹങ്ങളിലെ സമാനമായ സങ്കീർണ്ണതകളെയും നാമെത്തിച്ചേർന്ന അസമമായ സമകാലിക ലോകക്രമത്തെയും കണക്കിലെടുക്കുന്നതിനു പകരം അധിനിവേശക യൂറോപ്പിന്റെ ഭൂതകാലത്തെ മാതൃകയാക്കുന്ന ഒരു ഭാഷാദേശീയവാദമാണ് കേരളത്തിൽ വേണ്ടത് എന്നതാണ് അതിന്റെ വക്താക്കൾ ആഹ്വാനം ചെയ്യുന്നത്. വിവിധ ഭാഷകളും സംസ്കാരങ്ങളും പെരുമാറ്റങ്ങളും ഇടകലർന്ന് മനുഷ്യർ അവർക്കിടയിൽ വരച്ചുവെച്ച അതിർവരമ്പുകൾ ലംഘിക്കുന്ന, ഭരണകൂടങ്ങളാൽ സ്ഥാപിക്കപ്പെടുന്ന ശ്രേണീകരണങ്ങൾക്കെതിരെ ശബ്ദിക്കുന്ന പുതിയ കാലമല്ല, ഏകഭാഷകൊണ്ട് നിരപ്പാക്കാൻ ബ്രിട്ടനിലും ഫ്രാൻസിലും ജർമ്മനിയിലും ഇറ്റലിയിലും നടന്ന ഭരണകൂടശ്രമങ്ങളാണ് അവർക്ക് പ്രചോദനം.

(1980-കളോടടുത്ത് എസ്. പ്രഭാകരൻ നായർ എഴുതിയ ഒരു പരിഷത്ത് ഗീതം ഇങ്ങനെയാണ്:

“സായിപ്പു പോയിട്ട് മുപ്പതു വർഷത്തിലേറെക്കഴിഞ്ഞല്ലോ-
നമുക്കാ സായിപ്പിൻ ഭാഷയിലല്ലാതീ നാടു ഭരിക്കുവാനാകില്ലല്ലോ...
നൂറ്റുക്കെഴുപതു പേരും നിരക്ഷരകുക്ഷികളാണല്ലോ-മനസ്സിൽ
കാറ്റും വെളിച്ചവും കേറാതെ വാഴുന്ന കാപ്പിരിമാരല്ലോ...”

2019-ൽ ഐക്യ മലയാള പ്രസ്ഥാനത്തിന്റെ പി.എസ്.സി. സമരകാലത്താണ് ഈ പാട്ട് ശ്രദ്ധയിൽ വരുന്നത്. ‘സായിപ്പ് പോയിട്ടെഴുപതുവർഷം’ എന്ന് താളപ്പിഴയില്ലാതെ അത് തിരുത്താം എന്ന കമന്റുകൾ വന്നു. അപ്പോഴും ‘മനസ്സിൽ കാറ്റും വെളിച്ചവും കേറാത്തവരാണ് കറുത്തവർ’ എന്ന ചിന്ത തിരുത്തണമെന്ന് പ്രസ്ഥാനികൾക്ക് തോന്നാതിരുന്നതിന് കാരണം, 70 വർഷം കഴിഞ്ഞിട്ടും മാറാതെനിൽക്കുന്ന ഈ കൊളോണിയൽ ബോധമാണ്. യൂറോപ്പിനോട് കവിഞ്ഞ പ്രീതിയും (വെറുപ്പും) ഐക്യപ്പെടുന്നതിനു പകരം യൂറോപ്പിതരസമൂഹങ്ങളോട് അവജ്ഞയും പുലർത്താനാണ് അത് പഠിപ്പിച്ചത്.

മലയാളഭാഷയുടെ രാഷ്ട്രീയാധികാരത്തിനുവേണ്ടി പ്രവർത്തിക്കുന്ന മലയാള ഐക്യവേദിയുടെ സ്ഥാപകനേതൃത്വമായ പി. പവിത്രൻ ഒരു വെബിനാറിൽ (2021) പറഞ്ഞ കാര്യം, ‘മലയാളത്തിനുവേണ്ടി വാദിക്കാൻ മുന്നോട്ടുവരുന്നത് ഇംഗ്ലീഷ് അധ്യാപകരും അതിനെ എതിർക്കുന്നവർ മലയാളം അധ്യാപകരും ആണ്’ എന്നാണ്. (“അവർ -ഇംഗ്ലീഷ് അധ്യാപകർ- ലോകം കണ്ടവരാണ്; ഇവർ -മലയാളം അധ്യാപകർ- പൊട്ടക്കിണറ്റിലെ തവളകളെപ്പോലെ”- എന്നാണ് അതിന് അദ്ദേഹത്തിന്റെ വിശദീകരണം).

പി. പവിത്രൻ. ‘മലയാളത്തിനുവേണ്ടി വാദിക്കാൻ മുന്നോട്ടുവരുന്നത് ഇംഗ്ലീഷ് അധ്യാപകരും അതിനെ എതിർക്കുന്നവർ മലയാളം അധ്യാപകരും ആണ് എന്നാണ് 2021-ൽ അദ്ദേഹം ഒരു വെബിനാറിൽ പറഞ്ഞത്.
പി. പവിത്രൻ. ‘മലയാളത്തിനുവേണ്ടി വാദിക്കാൻ മുന്നോട്ടുവരുന്നത് ഇംഗ്ലീഷ് അധ്യാപകരും അതിനെ എതിർക്കുന്നവർ മലയാളം അധ്യാപകരും ആണ് എന്നാണ് 2021-ൽ അദ്ദേഹം ഒരു വെബിനാറിൽ പറഞ്ഞത്.

യൂറോപ്യൻ ആധുനികത നിർമ്മിച്ചെടുത്ത അമൂർത്തമായ ആശയമാണ് ദേശീയത (nationhood). സംസ്കാരത്തെ സംബന്ധിച്ച് ഒരു സമൂഹത്തിൽ ഉയർന്നുവരുന്ന പ്രത്യയശാസ്ത്രപരമായ ഏകതാബോധവും അതിലൂടെ നിർമ്മിക്കപ്പെടുന്ന അപരസംസ്കാരത്തെയും സമൂഹത്തെയും കുറിച്ചുള്ള സങ്കല്പങ്ങളുമാണ് ദേശത്തെ നിർമ്മിക്കുന്നത്. അപരങ്ങളിൽനിന്നുള്ള പരിരക്ഷയ്ക്ക് ഈ സാങ്കല്പികസ്വത്വത്തിന് രാഷ്ട്രീയമായ സ്വാധികാരം ആവശ്യമാണ്. അത് സാക്ഷാത്കരിക്കാനും സംരക്ഷിക്കാനുമുള്ള മുന്നേറ്റവും ആഗ്രഹവുമാണ് ദേശീയവാദമെന്ന് ഏർണെസ്റ്റ് ഗെൽനർ നിർവചിക്കുന്നുണ്ട്. സാംസ്കാരികമായ വൈവിധ്യത്തെ മറികടന്ന് ഒരു ഏകസാംസ്കാരം രൂപപ്പെടുത്തുന്നത് അച്ചടി മുതലാളിത്തവും പ്രൊട്ടസ്റ്റന്റ് മിഷനറിയും പിന്നീട് വ്യവസായാനന്തരം ഭരണകൂടകേന്ദ്രീകരണത്തിൽ നടന്ന വിദ്യാഭ്യാസപ്രക്രിയയും ചേർന്നാണ്.

എന്നാൽ സാംസ്കാരിക സജാതീകരണത്തിൽ (cultural homogenization) അപരരാക്കപ്പെടുന്ന സമൂഹം ഏതു ഭൂമിശാസ്ത വിഭജനത്തിനകത്തും അനിവാര്യമായി നിലനിൽക്കും. (ഈ ന്യൂനപക്ഷം ദേശീയതയെ നിരന്തരം അസാധ്യവും സന്ദിഗ്ധവുമാക്കിക്കൊണ്ടിരിക്കുമെന്ന് ഫ്രഞ്ച് ചിന്തകനായ ബാലിബർ ചൂണ്ടുന്നുണ്ട്. ദേശീയതയുടെ ഈ അപരങ്ങളാണ് ആധുനുകാനന്തരവും കോളനിയനന്തരവുമായ ചിന്തകളുടെ ഒരു മേഖല.) മാതൃകയായി നിർദ്ദേശിക്കപ്പെടുന്ന യൂറോപ്യൻ ദേശീയവാദങ്ങളുടെ ചരിത്രമെന്നത് പ്രബലസമൂഹവും അവരുടെ ഭരണകൂടവും ഭാഷാപരമായും സാംസ്കാരികമായും അധിനിവേശം നടത്തിക്കൊണ്ട് നിർമ്മിച്ചെടുത്ത ഭൂരിപക്ഷത്തിന്റെയും അടിച്ചമർത്തപ്പെട്ട ന്യൂനപക്ഷങ്ങളുടെയുമാണ്.

കേരളത്തിൽ മലയാളഭാഷയുടെ അഭിവൃദ്ധിക്കായുള്ള ശ്രമങ്ങളിൽ ഉയർന്നുകേൾക്കുന്ന രണ്ട് മാതൃകകളുണ്ട്:
1. യൂറോപ്പിൽ നവോത്ഥാനഘട്ടത്തിലൂടെ ഉയർന്നുവന്ന ഭാഷാദേശീയവാദം
2. 19-ാം നൂറ്റാണ്ടിനൊടുവിൽ രൂപപ്പെട്ട സിയോണിസത്തിന്റെ ഹീബ്രുഭാഷയെ മുൻനിർത്തിയുള്ള രാഷ്ട്രരൂപീകരണപ്രക്രിയ (പ്രത്യേകിച്ച്, അതിന്റെ തുടക്കക്കാരിലൊരാളായ എലിസർ ബെൻ-യെഹുദ നടത്തിയ ഹീബ്രുഭാഷാ പുനരുജ്ജീവന പ്രവർത്തനങ്ങൾ)-വിമർശനാത്മകമായി പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

“ഒരു വശത്ത് ഭാഷയുടെ ജനാധിപത്യവൽക്കരണം നടക്കുന്ന അതേ ഘട്ടത്തിൽ തന്നെ അത് ആധിപത്യത്തിനുള്ള ഉപകരണമായും തിരിച്ചറിയപ്പെടുന്നുണ്ട്’’ എന്ന് പി. പവിത്രൻ, യൂറോപ്പിൽ 1492-ൽ കാസ്റ്റിലിയൻ (ഇന്നത്തെ സ്പാനിഷ്) ഭാഷയുടെ വ്യാകരണമെഴുതിയ നെബ്രിജയുടെ വാക്കുകൾ ചൂണ്ടിക്കാട്ടി, മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം എന്ന കൃതിയിൽ ഒരിടത്ത് സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായിരുന്നു യൂറോപ്പിലെ ഭാഷാദേശീയവാദത്തിന്റെ രാഷ്ട്രീയം എന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിലെയോ ഇസ്രായേലിലെയോ ഭാഷാടിസ്ഥാനത്തിലുള്ള ദേശ- രാഷ്ട്രങ്ങളുടെ രൂപീകരണം അധിനിവേശപ്രക്രിയയിൽനിന്ന് വേർതിരിക്കാവുന്ന ഒന്നായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ദേശീയവാദത്തെ വിമർശിച്ചുകൊണ്ടാണ് 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ  കോളനിയനന്തരചിന്തയും ഉയർന്നുവരുന്നത്. ദേശീയവാദം കോളനീകരണത്തിന്റെ വിപരീതമല്ല, തുടർച്ച തന്നെയാണെന്ന് ഒട്ടുമിക്ക കോളനിയനന്തരചിന്തകരും ചൂണ്ടിക്കാട്ടുന്നുണ്ട്.

ദേശീയവാദവും
കോളനിയനന്തരതയും

ഫ്രാൻസിനെ കേന്ദ്രീകരിച്ച് വികസിച്ച യൂറോപ്യൻ ജ്ഞാനോദയം ഏകഭാഷയുടെയും ഏകലോകത്തിന്റെയും ശാസ്ത്രയുക്തി മുന്നോട്ടുവെക്കുകയും യൂറോ കേന്ദ്രിതവും വംശീയവുമായ കാർട്ടീഷ്യൻ ദ്വന്ദ്വയുക്തി കൊണ്ടുനടക്കുകയുമായിരുന്നു. ഫ്രഞ്ചിന്റെ ഭാഷാപരമായ ആധിപത്യത്തോട് അമർഷമുണ്ടായിരുന്ന ജർമൻ ചിന്തകനായ ഹെർഡർ കലർപ്പറ്റതും ഏകരൂപവുമായ സംസ്കാരവും ഭാഷയും അടിസ്ഥാനമായ ദേശകല്പനയെ മുന്നോട്ടു വെച്ചപ്പോൾ ജ്ഞാനോദയം നിർമ്മിച്ച മതപരമായ ശൂന്യതയുടെ പരിഹാരമായാണ് അത് യൂറോപ്പിൽ പ്രവർത്തിച്ചത്. ഇങ്ങനെ രൂപപ്പെട്ട ദേശ- രാഷ്ട്രങ്ങൾ ഭൂരിപക്ഷത്തിന്റെ പിന്തുണയിൽ ബൂർഷ്വാ ന്യൂനപക്ഷത്തിന്റെ വർഗ്ഗതാല്പര്യങ്ങൾ സംരക്ഷിക്കാൻ രൂപപ്പെട്ട സംവിധാനങ്ങളാണ് മാർക്സിന്റെ കാഴ്ച്ചപ്പാടിൽ. അധിനിവേശവിരുദ്ധമായ ദേശീയ സ്വയംനിർണ്ണയനത്തിനുള്ള അവകാശം അംഗീകരിക്കുമ്പോൾ തന്നെ ദേശീയവാദ പ്രത്യയശാസ്ത്രത്തെ അദ്ദേഹം വിമർശിച്ചു.

ദേശീയവാദത്തെ വിമർശിച്ചുകൊണ്ടാണ് 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ  കോളനിയനന്തരചിന്തയും ഉയർന്നുവരുന്നത്. ദേശീയവാദം കോളനീകരണത്തിന്റെ വിപരീതമല്ല, തുടർച്ച തന്നെയാണെന്ന് ഫ്രാൻസ് ഫനോൻ, എഡ്വേർഡ് സെയ്ദ്, ഹോമി കെ. ഭാഭ, ഗായത്രി ചക്രവർത്തി സ്പിവാക്ക് തുടങ്ങി ഒട്ടുമിക്ക കോളനിയനന്തരചിന്തകരും ചൂണ്ടിക്കാട്ടുന്നുണ്ട്. 1980-കളിൽ യൂറോപ്യൻ ദേശീയവാദത്തെ വിമർശനാത്മകമായി പരിശോധിക്കുന്ന ഒരു നിര എഴുത്തുകളും ഉണ്ടായിവന്നു, പ്രത്യേകിച്ച് ബ്രിട്ടീഷ് ബൗദ്ധികലോകത്തുനിന്നും. യൂറോപ്യൻ അമേരിക്കൻ ചിന്താമണ്ഡലത്തിൽ ഇവയ്ക്ക് രണ്ടിനും ലഭിച്ച സ്വീകാര്യതയെ മുതലാളിത്തത്തിന്റെ മാറിവന്ന ആവശ്യം എന്ന നിലയിൽ ഐജാസ് അഹമ്മദ് സന്ദേഹിക്കുന്നുണ്ട്. യൂറോപ്യൻ ദേശീയവാദങ്ങളെ അതിന്റെ ആന്തരികമായ വൈവിധ്യങ്ങളെ കാണാതെ, അവയ്ക്കകത്തെ വർഗ്ഗസംഘർഷങ്ങളെ കാണാതെ ഒറ്റ ആഖ്യാനമായി അവതരിപ്പിക്കുന്നതിനെയും ആഫ്രിക്കയിലും ഏഷ്യൻ സമൂഹങ്ങളിലും സാമ്രാജ്യത്വവിരുദ്ധ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളെ അവഗണിച്ചുകൊണ്ട് ആധുനികാനന്തരചിന്തയെ കൂട്ടുപിടിച്ച് രാഷ്ട്രീയമായ എല്ലാ സംഘാടനങ്ങളെയും നിരാകരികരിക്കുന്നതിനെയും അദ്ദേഹം എതിർക്കുന്നു.

ദേശീയവാദത്തിന്റെ ശരിതെറ്റുകൾ പരിശോധിക്കാനല്ല, ഭാഷാദേശീയവാദത്തെ വിമർശനലേശമില്ലാതെ ഒരു ആദർശരൂപമായി പ്രതിഷ്ഠിക്കാനും സാമൂഹ്യമായ എല്ലാ പ്രശ്നങ്ങൾക്കും അടിസ്ഥാനം ഭാഷാപ്രശ്നമാണെന്ന് പ്രചരിപ്പിക്കാനും പരിഹാരമെന്നത് യൂറോപ്പിലാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമത്തെ വിമർശിക്കാൻ മാത്രമാണ് ഇവിടെ ശ്രമിക്കുന്നത്. യൂറോപ്പിലെ  ദേശ-രാഷ്ട്രങ്ങളുടെ രൂപീകരണപ്രക്രിയയും കോളനിയനന്തരം രൂപപ്പെട്ട പുതിയ രാഷ്ട്രങ്ങളുടെ സാഹചര്യങ്ങളും അവിടങ്ങളിലെ ദേശീയരൂപീകരണങ്ങളും തമ്മിലുള്ള ഭീമമായ അന്തരത്തെ നിരാകരിച്ചുകൊണ്ട് യൂറോപ്പിലെ ഭാഷാരാഷ്ട്രീയത്തെക്കുറിച്ച് നിർമ്മിച്ചെടുത്ത വികലധാരണകളെ മുൻനിർത്തി നൂറ്റാണ്ടുകൾ മുന്നത്തെ യൂറോപ്പാണ് 21-ആം നൂറ്റാണ്ടിൽ കേരളത്തിൽ മാതൃകയാവേണ്ടത് എന്ന ഈ വാദം അപകോളനികരണത്തിന്റെതല്ല, യൂറോകേന്ദ്രിത ബോധത്തിന്റേതാണ്.

എഡ്വേർഡ് സെയ്ദ്.
എഡ്വേർഡ് സെയ്ദ്.

ഭാഷാദേശീയവാദത്തിന്റെ
യൂറോപ്യൻ വഴികൾ

യൂറോപ്പിൽ മദ്ധ്യകാലം ലംബതലത്തിലുള്ള ശ്രേണീകരണങ്ങളുടെയും തിരശ്ചീനതലത്തിൽ അതിരുതിരിക്കപ്പെടാത്ത വൈവിധ്യത്തിന്റെയും സഞ്ചാരങ്ങളിലൂടെ രൂപപ്പെട്ട കലർപ്പുകളുടെയുമായിരുന്നു. ആധുനികതയാകട്ടെ, ശ്രേണീകരണത്തെ പരിമിതപ്പെടുത്തുകയും ജന്മാർജ്ജിതമായ അധികാരത്തെ ദുർബലപ്പെടുത്തുകയും ചെയ്തതോടൊപ്പം സാംസ്കാരികവും ഭാഷാപരവുമായ നിരപ്പാക്കലിലൂടെ ഭൂരിപക്ഷത്തെയും അതിന്റെ അപരങ്ങളെയും നിർമ്മിച്ചെടുക്കുകയും   ഭാഷയ്ക്കും സംസ്കാരത്തിനും രാഷ്ട്രത്തിനും അതിരുകൾ ഉറപ്പിച്ചെടുക്കുകയുമായിരുന്നു. സാംസ്കാരികവൈവിധ്യവും ഭാഷാവൈവിധ്യവും സമൂഹപുരോഗതിക്ക് തടസ്സമാണെന്ന ധാരണയാണ് യൂറോപ്യൻ ആധുനികത ഉല്പാദിപ്പിച്ചത്. ഏകസംസ്കാരങ്ങളുടെ അക്വേറിയങ്ങളിലേക്ക് മനുഷ്യർ ഒതുങ്ങിയതിനെക്കുറിച്ചും ബഹുത്വം അചിന്ത്യമായിത്തീരുന്നതിനെക്കുറിച്ചും ഗെൽനർ സൂചിപ്പിക്കുന്നുണ്ട്. ആദർശവത്കരിക്കുകയും ഉദാഹരിക്കുകയും ചെയ്യുന്ന ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ തുടങ്ങിയ ഭാഷാദേശീയതകളുടെ രൂപീകരണചരിത്രം പരിശോധിച്ചാൽത്തന്നെ അത് ഒരു അധിനിവേശഭാഷയെ ‘പുറത്താക്കി’ ജനങ്ങളുടെ ഭാഷയെ സ്ഥാപിക്കുന്ന ഒരു ജനാധിപത്യ പ്രക്രിയയായിരുന്നില്ലെന്നും ദേശ (-രാഷ്ട്ര രൂപീകരണത്തിന്റെ പ്രക്രിയയിൽതന്നെ അധിനിവേശപ്രക്രിയ അടങ്ങിയിരിക്കുന്നുവെന്നും ബോധ്യപ്പെടുന്നതാണ്.

വിവിധ ഭാഷകൾ സംസാരിക്കുന്ന പ്രദേശമായിരുന്നു ആധുനികതയുടെ ആരംഭത്തിൽ ബ്രിട്ടീഷ് ദ്വീപുകൾ. ഇംഗ്ലണ്ട് പ്രദേശത്തുനിന്നും നൂറ്റാണ്ടുകൾകൊണ്ട് ഇതരജനവിഭാഗങ്ങളെ കീഴടക്കിക്കൊണ്ടാണ് ബ്രിട്ടീഷ് രാഷ്ട്രം സ്ഥാപിക്കപ്പെടുന്നത്. 11-ാം നൂറ്റാണ്ടിൽ നോർമൻ ആക്രമണത്തെത്തുടർന്ന് ഇംഗ്ലണ്ടിനോട് ചേർക്കപ്പെട്ട കോൺവാൾ പ്രദേശത്ത് കോർണിഷ്, സ്കോട്‌ലന്റ് പ്രദേശത്ത് സ്കോട്ടിഷ് ഗയ്‌ലിൿ, വെയ്ൽസിൽ വെൽഷ്, അയർലന്റിൽ ഐറിഷ്, മാൻ ദ്വീപിൽ മാങ്സ് എന്നിങ്ങനെ കെൽറ്റിൿ ഭാഷകളും സ്കോട്‌ലന്റിന്റെ വടക്കൻ മുനമ്പിലും ഷെറ്റ്ലാൻഡ്, ഓർക്ക്നീ ദ്വീപസമൂഹങ്ങളിലും നോർഡിൿ ഭാഷയായ നോണുമായിരുന്നു ഭാഷകൾ (ക്രൗൺ ഡിപെൻഡൻസിയായ ചാനൽ ദ്വീപുകളെ പരിഗണിച്ചാൽ വ്യത്യസ്തമായ നോർമൻ ഭാഷാഭേദങ്ങളും).

1542-ൽ. ഇംഗ്ലീഷ് ഭാഷയും നിയമവും ആംഗ്ലിക്കൻ സഭാധികാരവും ഐറിഷ് ജനതയ്ക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടു. പിന്നീടുവന്ന മേരിയും എലിസബത്തും പ്ലാന്റേഷൻ കൊളോണിയലിസം പ്രോത്സാഹിപ്പിച്ചു.

ഇവയെല്ലാം എഴുത്തുഭാഷകളായിരുന്നു. 11-13 നൂറ്റാണ്ടു കാലത്ത് തെക്കൻ സ്കോട്‌ലാണ്ടിൽ ഇംഗ്ലീഷ് കുടിയേറ്റങ്ങളുടെ ഫലമായി രൂപപ്പെട്ട സ്കോട്സ് ആയിരുന്നു സ്കോട്‌ലന്റിലെ ഭരണഭാഷ. വെയ്ൽസ് 1535-42-ലും സ്കോട്‌ലന്റ് 1707-ലുമാണ് ഇംഗ്ലണ്ടിൽ ലയിക്കുന്നതെങ്കിലും 1283-ലും 1603-ലുമായി ഇവ  അധീനരാജ്യങ്ങളായി തീരുന്നുണ്ട്. അച്ചടി, പ്രൊട്ടസ്റ്റന്റ് നവീകരണം, ഭാഷാവഹേളനം, രാഷ്ട്രീയ-സാമ്പത്തിക-സാംസ്കാരിക അധികാരങ്ങളിൽനിന്നുള്ള പുറംതള്ളൽ ഇവയോടൊപ്പം 19-ാം നൂറ്റാണ്ടിലെ നിർബന്ധിതവും സാർവത്രികവുമായ വിദ്യാഭ്യാസത്തിലൂടെ ഇംഗ്ലീഷ് അടിച്ചേൽപ്പിക്കപ്പെട്ടതോടെയാണ് ബ്രിട്ടനിലെയും അയർലന്റിലെയും ഇതരഭാഷകളുടെ നിലനിൽപ്പു  ഭീഷണിയിലാകുന്നത്. ദേശരാഷ്ട്ര രൂപീകരണ പ്രക്രിയയിൽ ഇംഗ്ലീഷ് വളരെ ഭീകരമായാണ് ഐറിഷ് ഭാഷാസമൂഹത്തെ വിഴുങ്ങിയത്.\

11-ാം നൂറ്റാണ്ടിൽ നോർമൻ ആധിപത്യത്തോടെ ആംഗ്ലോ- സാക്സൺ ഭാഷയ്ക്ക് രാഷ്ട്രീയാധികാരം നഷ്ടപ്പെടുകയും പുതുതായി കടന്നുവന്ന നോർമൻ കുലീനവർഗ്ഗത്തോട് ആംഗ്ലോ-സാക്സൺ പ്രഭുവർഗ്ഗം വിധേയപ്പെടുകയും പുതിയ മിശ്രസമൂഹത്തിൽനിന്ന് പതുക്കെ പുതിയ ഇംഗ്ലീഷ് കുലീനവർഗ്ഗം രൂപപ്പെടുകയുമായിരുന്നു ഇംഗ്ലണ്ടിൽ. നോർമൻ പടയോട്ടത്തിലൂടെ സാധ്യമായ ഇംഗ്ലണ്ടിന്റെ ഏകീകരണവും കെൽറ്റിക് പ്രദേശങ്ങളിലേക്കുള്ള കടന്നുകയറ്റവും ഇംഗ്ലീഷ് സാമ്രാജ്യത്വത്തിന് വഴിതെളിച്ചു. 1177-ൽ പോപ്പിന്റെ നിർദേശത്തോടെ അയർലന്റിന്റെ ഭൂരിഭാഗവും ആംഗ്ലോ-നോർമൻ നിയന്ത്രണത്തിലായെങ്കിലും ഇംഗ്ലണ്ടിന് രാഷ്ട്രീയാധികാരം പൂർണ്ണമായി ഉറപ്പിക്കാനായില്ല. അയർലന്റ് പൂർണ്ണമായും ഇംഗ്ലണ്ടിലെ രാജാവിന്റെ അധികാരത്തിനു കീഴിലാക്കുന്നത് ഹെൻറി എട്ടാമനാണ്, 1542-ൽ. ഇംഗ്ലീഷ് ഭാഷയും നിയമവും ആംഗ്ലിക്കൻ സഭാധികാരവും ഐറിഷ് ജനതയ്ക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടു. പിന്നീടുവന്ന മേരിയും എലിസബത്തും പ്ലാന്റേഷൻ കൊളോണിയലിസം പ്രോത്സാഹിപ്പിച്ചു. ഐറിഷ് സമൂഹത്തിൽനിന്ന് മതപരമായും സാംസ്കാരികമായും രാഷ്ട്രീയമായും ഉയർന്നുവന്ന ചെറുത്തുനിൽപ്പുകൾ പരാജയപ്പെട്ടു. ജെയിംസ് ഒന്നാമൻ ഐറിഷ് പ്രഭുവർഗ്ഗത്തെ ഒഴിപ്പിച്ച് ഉൾസ്റ്റർ പ്രദേശം (ഇന്ന് യു.കെ.യുടെ ഭാഗമായ വടക്കൻ അയർലന്റ്) പൂർണ്ണമായും പ്ലാന്റേഷൻ കോളനിയാക്കി മാറ്റി. ഫ്രഞ്ചുവിപ്ലവത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് പൊട്ടിപ്പുറപ്പെട്ട പ്രാതിനിധ്യ ഭരണത്തിനുവേണ്ടിയുള്ള കലാപത്തെ അടിച്ചമർത്തി 1801-ൽ അയർലന്റ് യു.കെ.യിൽ ലയിപ്പിക്കപ്പെട്ടു. പതുക്കെ ശക്തിപ്പെട്ട സ്വാതന്ത്ര്യ പോരാട്ടങ്ങൾക്കൊടുവിൽ 1922-ലാണ് അയർലന്റ് സ്വതന്ത്ര ഡൊമിനിയൻ പദവി നേടുന്നത്; പൂർണ്ണ സ്വാതന്ത്ര്യം1948-49-ലും.

ഹോമി കെ. ഭാഭ.
ഹോമി കെ. ഭാഭ.

നോർമൻ പടയോട്ടകാലത്ത് വെയ്ൽസിന്റെ ചില ഭാഗങ്ങൾ ഇംഗ്ലണ്ടിനു കീഴിലായി. 1282-ൽ ബാക്കി ഭാഗങ്ങൾ കൂടി പിടിച്ചെടുത്ത് വെയ്ൽസ് പൂർണ്ണമായി ഇംഗ്ലണ്ടിനോട് കൂട്ടിച്ചേർക്കപ്പെട്ടുവെങ്കിലും ഭരണവും കോടതി വ്യവഹാരങ്ങളും മിക്കവാറും വെൽഷ് ഭാഷ തുടർന്നിരുന്നു. 1536-1543 കാലഘട്ടത്തിൽ ഹെൻറി എട്ടാമൻ ഇറക്കിയ നിയമങ്ങൾ വഴി വെൽഷ് സമൂഹത്തിനുമേൽ ഇംഗ്ലീഷ് ഭാഷയും സിവിൽ നിയമങ്ങളും അടിച്ചേൽപ്പിക്കപ്പെട്ടു. ആംഗ്ലിക്കൻ സഭയോട് വിയോജിച്ചുനിന്ന നോൺ കൺഫോമിസ്റ്റുകളാണ് 18-ആം നൂറ്റാണ്ടുമുതൽ വെൽഷ് ഭാഷയെ നിലനിർത്താനുള്ള ഇടപെടലുകൾ നടത്തിയത്.

സ്കോട്ടിഷ് ഗയ്‌ലിൿ ആകട്ടെ, സ്കോട്‌ലന്റിലെ ഭരണഭാഷയും ജനങ്ങളിൽ ഭൂരിപക്ഷത്തിന്റെയും ഭാഷയും ആയിരുന്നു. ആംഗ്ലോ-നോർമൻ അരിസ്റ്റോക്രസിയുടെയും ഇംഗ്ലീഷ് കച്ചവടസമൂഹത്തിന്റെയും കടന്നുകയറ്റത്തിന്റെ ഫലമായി ഗയ്‌ലിൿ ഭാഷയ്ക്ക് അധികാരം നഷ്ടപ്പെടുകയും സ്കോട്ടിഷ് ലോലാന്റിലെ പുതിയ ഇംഗ്ലീഷ് സമൂഹത്തിന്റെ ഭാഷ പതുക്കെ സ്കോട്സ് ആയി രൂപാന്തരപ്പെടുകയും ചെയ്തു. ഗയ്‌ലിൿ ഭാഷ സ്കോട്ടിഷ് ഹൈലാന്റിലേക്കും ഹെബ്രിഡീസ് ദ്വീപസമൂഹങ്ങളിലേക്കും ഒതുക്കപ്പെട്ടു. സ്കോട്സും ഇംഗ്ലീഷുകാരും സ്കോട്ടിഷ് ഹൈലാന്റ് പ്രദേശത്തെ അജ്ഞതയുടെയും അപരിഷ്കൃതത്വത്തിന്റെയും മുഖ്യകാരണമായി ഗയ്‌ലിക്കിനെ കണക്കാക്കി. സ്കോട്ടിഷ് ഭരണകൂടം ഗയ്‌ലിൿ സംസ്കാരത്തെയും ഭാഷയെയും പൂർണ്ണമായും ഇല്ലായ്മചെയ്യാൻ ശ്രമിച്ചു. അവ സ്കോട്ടിഷ് ദേശീയതയ്ക്ക് തടസ്സമായി വിലയിരുത്തപ്പെട്ടു. സാമ്പത്തികമായും വിദ്യാഭ്യാസപരമായും നിരായുധരാക്കുക എന്നതാണ് അതിന് സ്വീകരിച്ച പ്രധാനമാർഗ്ഗം. സ്കോട്ടിഷ് സാമ്രാജ്യത്വതാല്പര്യങ്ങൾ പരാജയപ്പെട്ടതുകൊണ്ടു മാത്രം സ്കോട്‌ലന്റ് ഇംഗ്ലണ്ടിന് കീഴടങ്ങി. ബ്രിട്ടീഷ് സാമ്രാജ്യത്വം ഗയ്‌ലിൿ ഭാഷയെ വീണ്ടും അടിച്ചമർത്തി. സ്കോട്ടിഷ് ഹൈലാന്റ് പ്രദേശത്തെ ഗയ്‌ലിൿ സമൂഹത്തിന്റെ കാർഷിക-ഇടയ വൃത്തികൾ തടഞ്ഞ് ഇംഗ്ലീഷ് ഭൂവുടമകൾ ഭൂമി സ്വകാര്യവത്കരിച്ചത് സ്കോട്ടിഷ് ഗയ്‌ലിൿ സമൂഹത്തെയും അതുവഴി അവരുടെ ഭാഷയെയും ദുർബ്ബലപ്പെടുത്തി. ഇംഗ്ലീഷ് ഭാഷയ്ക്കും സമൂഹത്തിനും കീഴടങ്ങുന്നതിനോ പലായനം ചെയ്യുന്നതിനോ അവർ നിർബന്ധിക്കപ്പെട്ടു. ഭൂരിപക്ഷഭാഷയിൽനിന്ന് അതിന്യൂനപക്ഷഭാഷയിലേക്കുള്ള ഗയ്‌ലിക്കിന്റെ മാറ്റത്തിൽ സഭയ്ക്ക് വലിയ പങ്കുണ്ട്.

യഥാർത്ഥത്തിൽ ഇംഗ്ലീഷ് ചർച്ചിന്റെ മതപരമായ കടന്നുകയറ്റത്തിലൂടെയാണ് ഇതര ജനതകൾക്കുമേൽ ഭാഷാപരമായ ആധിപത്യം ഇംഗ്ലണ്ട് സ്ഥാപിക്കുന്നത്; മതത്തെ തിരസ്കരിച്ച് ഭാഷാസ്വത്വം സ്വീകരിക്കുകയായിരുന്നില്ല.

1603-ൽ എലിസബത്ത് രാജ്ഞിയുടെ മരണശേഷം സ്കോട്‌ലന്റിന്റെ ഭരണാധികാരി ജയിംസ് ഒന്നാമൻ ഭരണം ഏറ്റെടുത്തതുമുതൽ മൂന്നു രാജ്യങ്ങളിലും ഒറ്റ ഭരണാധികാരിക്കു കീഴിൽ വന്നുവെങ്കിലും മൂന്നും വെവ്വേറെ രാജ്യങ്ങളായി വ്യത്യസ്തമായ പാർലമെന്റുകളും ഭരണക്രമങ്ങളുമായി തുടരുന്നുണ്ട്. രാഷ്ട്രീയ ഏകീകരണത്തിനുള്ള ആദ്യശ്രമം നടന്നത് മതപരമായാണ്. ആംഗ്ലിക്കൻ സഭയെ പിന്തുണച്ച ജെയിംസ് ഒന്നാമനും തുടർന്നുവന്ന ചാൾസ് ഒന്നാമനും സ്കോട്ടിഷ് സഭയെ പരിഷ്കരിക്കാൻ നടത്തിയ ശ്രമമാണ് 1639-1651-ലെ ത്രിരാജ്യയുദ്ധത്തിന് കാരണമായത്.

യഥാർത്ഥത്തിൽ ഇംഗ്ലീഷ് ചർച്ചിന്റെ മതപരമായ കടന്നുകയറ്റത്തിലൂടെയാണ് ഇതര ജനതകൾക്കുമേൽ ഭാഷാപരമായ ആധിപത്യം ഇംഗ്ലണ്ട് സ്ഥാപിക്കുന്നത്; മതത്തെ തിരസ്കരിച്ച് ഭാഷാസ്വത്വം സ്വീകരിക്കുകയായിരുന്നില്ല. 1707-ലെ ഏകീകരണത്തിനു മുൻപ് കോടതി ഭാഷയടക്കം മിക്ക ഭരണകാര്യങ്ങളും സ്കോട്സ് ഭാഷയിൽ ആയിരുന്നപ്പോൾ പ്രൊട്ടസ്റ്റന്റ് മതപ്രചാരണത്തിന്റെ ഭാഷ ഇംഗ്ലീഷായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ വ്യാപനം സ്കോട്സ് ഇംഗ്ലീഷിന്റെ ദുഷിച്ച രൂപമെന്ന ധാരണ വളർത്തി. 1705-ൽ ഏലിയൻ ആക്റ്റിലൂടെ ഇംഗ്ലണ്ടിൽ സ്കോട്‌ലന്റുകാരുടെ സഞ്ചാരസ്വാതന്ത്ര്യവും കച്ചവടസ്വാതന്ത്ര്യവും നിയന്ത്രിച്ചതിനെ തുടർന്നാണ് സ്കോട്‌ലന്റിന് ഇംഗ്ലണ്ടുമായുള്ള ലയനം അംഗീകരിക്കേണ്ടിവന്നത്. ഭൂരിഭാഗം ജനങ്ങളുടെ താല്പര്യത്തിനു വിരുദ്ധമായിരുന്നു 1707-ലെ ഈ ലയനം. തുടർന്ന് രൂപംകൊണ്ട ബ്രിട്ടീഷ് പാർലമെന്റിൽ വളരെ കുറഞ്ഞ പ്രാതിനിധ്യം മാത്രമാണ് സ്കോട്‌ലന്റിന് ഉണ്ടായിരുന്നത്. മതപരമായി ആരംഭിച്ച ഭാഷാധിപത്യം സാർവത്രികമാകുന്നതാണ് പിന്നീട് കാണുന്നത്.

ഗായത്രി ചക്രവർത്തി സ്പിവാക്ക്
ഗായത്രി ചക്രവർത്തി സ്പിവാക്ക്

1730-ലെ Proceedings in Courts of Justice Act–ഓടെയാണ് ഇംഗ്ലണ്ടിലെ കോടതിഭാഷ പൂർണ്ണമായും ഇംഗ്ലീഷായി മാറുന്നത്. തങ്ങൾക്ക് അജ്ഞാതമായ ഭാഷയിൽ വ്യവഹാരങ്ങൾ നടക്കുന്നത് പ്രജകൾക്കുണ്ടാക്കുന്ന പ്രയാസവും അതിലൂടെ അവർ നേരിടുന്ന അനീതിയും അവരുടെ ജീവിതവും ഭാഗധേയവും സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തവും വിശദീകരിക്കുന്നുണ്ട് ഈ ചട്ടത്തിൽ രാജാവ്. മലയാളപ്രസ്ഥാനത്തിന്റെ വക്താക്കൾ പല വേദികളിലും ഈ പ്രഖ്യാപനത്തെ ശ്ലാഘിക്കാറുണ്ട്. എന്നാൽ ഭൂരിപക്ഷത്തിനും ഇംഗ്ലീഷ് വശമില്ലാതിരുന്ന സ്കോട്‌ലന്റിലും വെയ്ൽസിലും  അയർലന്റിലും 1732-ലും 1737-ലുമായി ഈ നിയമം അടിച്ചേൽപ്പിച്ച കാര്യം മിണ്ടാറില്ല. ഇതാണ് ദേശീയവാദം ഉല്പാദിപ്പിച്ച ഒരു വൈരുദ്ധ്യം. അത് സ്വന്തം അവകാശങ്ങളെക്കുറിച്ച് വാചാലമാകുമ്പോൾ അപരവിഭാഗങ്ങളുടെ ജനാധിപത്യാവകാശങ്ങളിൽ അജ്ഞതയും മൗനവും പുലർത്തുന്നു. ദേശത്തിന്റെ ഐക്യമെന്നത് എപ്പോഴും കൊടും ക്രൂരതകളിലൂടെ മാത്രം നേടിയെടുക്കുന്ന ഒന്നാണ് എന്നും ലോർഡ് ആക്റ്റൻ 1862-ൽ വിലയിരുത്തുന്നുണ്ട്. ചരിത്രനിർമ്മിതി ദേശനിർമ്മിതിയുടെ അടിസ്ഥാന ആവശ്യമായാണ് ദേശീയവാദപ്രത്യയശാസ്ത്രം മുന്നോട്ടുവെച്ചത്. എന്നാൽ ചരിത്രപരമായ ചില മറവികളിലൂടെയാണ് ഏതൊരു ദേശവും നിർമ്മിക്കപ്പെടുന്നത് എന്നും ചരിത്രപഠനങ്ങൾ വികസിക്കുന്നത് ദേശീയതയ്ക്ക് അപകടകരമാണ് എന്നും ഏർണെസ്റ്റ് റെനാൻ 1882-ൽ നടത്തിയ വിഖ്യാതമായ ലെക്ചറിൽ (‘What Is a Nation’) പറയുന്നു. ചരിത്രഗവേഷണം ദേശരാഷ്ട്രങ്ങളുടെ രാഷ്ട്രീയരൂപീകരണത്തിൽ അരങ്ങേറിയ ഹിംസകളെ വെളിച്ചത്തു കൊണ്ടുവരും.

ഒയീൽ ഭാഷകളെന്നും ഓക്ക് ഭാഷകളെന്നും വിളിക്കപ്പെടുന്ന ഭാഷാശൃംഖല (dialect continuum) കളും പരീഷ്യൻ ഫ്രഞ്ച് (ഇന്നത്തെ ഫ്രഞ്ച്) നോർമൻ ഫ്രഞ്ച് തുടങ്ങി അവയിലെ പരിപുഷ്ടരൂപങ്ങളും ബാസ്ക്, ബ്രെട്ടൺ, അൽസാറ്റീയൻ തുടങ്ങി മറ്റ് ഭാഷകളും ഭാഷാരൂപങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു ഫ്രാൻസ്. ഒയീൽ-ഓക് ശൃംഖലകൾതന്നെ ഏറിയും കുറഞ്ഞും പോർത്തുഗീസ് തീരത്തുനിന്ന് ഇറ്റാലിയൻ ഉപദ്വീപുവരെ നീണ്ടുകിടക്കുന്ന റൊമാൻസ് ശൃംഖലയുടെ ഭാഗമാണ്. 1769-ൽ ഇറ്റാലിയൻ ഭാഷകൾ (കോർസിക്കൻ, ടൊസ്കാനി, ലിഗൂറിയൻ, ഇറ്റാലിയൻ etc.) സംസാരിക്കുന്ന ഇറ്റലിയോട് ചേർന്നുകിടക്കുന്ന കോർസിക്കയും ഫ്രാൻസിന്റെ അധീനതയിൽ വരുന്നുണ്ട്.

1539-ൽ വിലെ കോട്രെ ഓർഡിനൻസ് വഴി ലത്തീനെ വിലക്കുന്നതോടൊപ്പം രാജ്യത്താകമാനം അതുവരെ കോടതികളിൽ ഉപയോഗിച്ചുവന്ന പ്രാദേശികഭാഷകൾകൂടി വിലക്കിക്കൊണ്ടാണ് ഫ്രഞ്ച് ഭാഷയെ സ്ഥാപിക്കുന്നത്. 16-ആം നൂറ്റാണ്ടിൽ തന്നെ കോളേജ്, അച്ചടി ഇവയിലൂടെ വരേണ്യവർഗ്ഗത്തിനിടയിൽ ഫ്രഞ്ചുഭാഷ കൂടുതൽ സ്വീകാര്യമായി. 1570-ൽ ഫ്രഞ്ച് ഭാഷയുടെ വികാസത്തിനായി അക്കാദമി സ്ഥാപിക്കപ്പെടുന്നു. 1635-ൽ ഫ്രഞ്ച് അക്കാദമി എന്ന പേരിൽ നവീകരിക്കപ്പെടുന്ന ഈ അക്കാദമി ഭാഷയെ ചിട്ടപ്പെടുത്തുന്നതിലും നിഘണ്ടു സാമഗ്രികൾ നിർമ്മിക്കുന്നതിലും ഫ്രഞ്ചിനെ ലോകഭാഷയായി ഉയർത്തുന്നതിലും വളരെ പങ്കുവഹിച്ചിട്ടുണ്ട്. ഫ്രഞ്ചുവിപ്ലവത്തിന്റെ കാലത്തോടെ യൂറോപ്പിലെ ഏറ്റവും അന്തസ്സുനേടിയ ഭാഷയായി ഫ്രഞ്ച് മാറിയെങ്കിലും ജനങ്ങളിൽ ബഹുഭൂരിപക്ഷത്തിനും ഫ്രഞ്ച് വശമായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. മാനകഭാഷയാകട്ടെ, അവരിൽ തന്നെ ചെറിയൊരു വിഭാഗമേ സംസാരിച്ചിരുന്നുള്ളൂ.

മനുഷ്യാവകാശപ്രഖ്യാപനം നടന്ന ഭാഷയിലായിരിക്കണം ഫ്രാൻസിലെ മുഴുവൻ ജനങ്ങളും സംസാരിക്കേണ്ടത് എന്നതായിരുന്നു ജാക്കോബിനിയൻ നിലപാട്. മറ്റു മുഴുവൻ ഭാഷകളും വിലക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ടു.

ഫ്രഞ്ച് വിപ്ലവത്തോടെയാണ് രാജ്യത്തിന് ഒരു ഭാഷ വേണം എന്ന ചിന്ത മുളപൊട്ടുന്നത്. ഭീകരതയുടെ വാഴ്ച്ച എന്നുകൂടി അറിയപ്പെടുന്ന ഒന്നാം റിപ്പബ്ലിൿ ഭരണത്തിൽ ജാക്കോബിൻസ് അധികാരത്തിൽ വന്ന കാലഘട്ടത്തിൽ തുടർച്ചയായി ഫ്രഞ്ച് അടിച്ചേൽപ്പിക്കുന്ന ഉത്തരവുകൾ ഉണ്ടായി. ലംഘിക്കുന്നവർക്ക് കഠിനശിക്ഷയും വിധിച്ചു. മനുഷ്യാവകാശപ്രഖ്യാപനം നടന്ന ഭാഷയിലായിരിക്കണം ഫ്രാൻസിലെ മുഴുവൻ ജനങ്ങളും സംസാരിക്കേണ്ടത് എന്നതായിരുന്നു ജാക്കോബിനിയൻ നിലപാട്. മറ്റു മുഴുവൻ ഭാഷകളും വിലക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ടു. ഉത്തരവുകൾ നടപ്പിലായില്ലെങ്കിലും ജാക്കൊബിനിയൻ കാഴ്ച്ചപ്പാടുകൾ ഫ്രഞ്ച് ദേശീയവാദത്തെ ആഴത്തിൽ സ്വാധീനിക്കുകയുണ്ടായി. ഫ്രഞ്ച് സംസാരിക്കാത്ത ഫ്രഞ്ചു രാജ്യക്കാർ വിശ്വസിക്കാൻ കൊള്ളാത്തവരും രാജ്യവിരുദ്ധരും ആത്യന്തികമായി ദേശത്തിന്റെ ഭീഷണിയായും പരിഗണിക്കപ്പെട്ടു. അപരഭാഷാസമൂഹങ്ങൾ (പ്രത്യേകിച്ചും ബ്രെട്ടൺ, ബാസ്ക് etc.) ഹീനമായി അതിക്രമിക്കപ്പെട്ടു.

19-ാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിലാണ് ഫ്രാൻസിൽ പ്രാഥമികവിദ്യാഭ്യാസം നിർബന്ധിതമാക്കുന്നത്. അത് ഫ്രഞ്ചിലായിരിക്കണമെന്നും ഫ്രഞ്ചിൽ മാത്രമായിരിക്കണമെന്നും നിയമം (1886) നിഷ്കർഷിച്ചു. ഫ്രാൻസിൽ നിന്നും വേറിട്ട ഭാഷയും സംസ്കാരവുമുണ്ടായിരുന്ന കോർസിക്കയിലും ഇറ്റാലിയൻ ഭാഷയെ ആദേശം ചെയ്ത് ഫ്രഞ്ച് വിദ്യാഭ്യാസത്തിന്റെയും ഭരണത്തിന്റെയും കോടതി വ്യവഹാരങ്ങളുടെയും ഭാഷയാക്കുന്നത് ഇക്കാലത്താണ്. ഫ്രഞ്ച് ഭാഷാഭിമാനവും ദേശാഭിമാനവും വർധിപ്പിക്കാനും ഒന്നാം ലോകയുദ്ധത്തിൽ കൊണ്ടെത്തിക്കാനും പിന്നീടു നടന്ന ഭാഷാ-സാംസ്കാരികദേശീയതയ്ക്ക് കഴിഞ്ഞു. ആഗോളഭാഷ എന്ന നിലയിൽനിന്ന് ഫ്രഞ്ചിനുണ്ടായ പതനത്തെ മറികടക്കാൻ അധിനിവിഷ്ട രാജ്യങ്ങളിൽ ഫ്രഞ്ച് അടിച്ചേൽപ്പിക്കുക എന്ന നയമാണ് ഫ്രാൻസ് കൈക്കൊണ്ടത്. സ്വാതന്ത്ര്യാനന്തരം പോലും ഫ്രാങ്കോഫോൺ രാജ്യങ്ങൾക്കുമേലും ഫ്രഞ്ച് ഭാഷയ്ക്കുമേലും ഫ്രാൻസ് സ്വാധീനശേഷി നിലനിർത്തുന്നു.

1950-കളിലാണ് ഭാഷാന്യൂനപക്ഷങ്ങൾക്കുമേൽ ഫ്രഞ്ച് ഭരണകൂടത്തിന്റെ കാർക്കശ്യം അയഞ്ഞുതുടങ്ങുന്നത്. 1951-ൽ ന്യൂനപക്ഷഭാഷാ പ്രദേശങ്ങളിൽ ആഴ്ച്ചയിൽ ഒരു മണിക്കൂർ പ്രാദേശികഭാഷ ദേശീയപൈതൃകം എന്ന നിലയ്ക്ക് അധികമായും ഐച്ഛികമായും പഠിക്കാമെന്നായി. 1970-കൾ അവസാനം പ്രാദേശികഭാഷകളിൽ പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന സ്വകാര്യവിദ്യാലയങ്ങൾ ബ്രെട്ടൺ, ബാസ്ക് ഭാഷാപ്രദേശങ്ങളിൽ അനുവദിക്കപ്പെട്ടു. ഭാഷാന്യൂനപക്ഷങ്ങളോടുള്ള വിവേചനപരമായ സമീപനം ഫ്രാൻസ് തുടരുന്നു, ശക്തമായ പ്രതിരോധങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യം മുതൽ ആരംഭിക്കുന്നുണ്ടെങ്കിലും. ഭാഷാന്യൂനപക്ഷങ്ങളുടെ നീതി സംബന്ധിച്ച യൂറോപ്യൻ യൂനിയന്റെ ചാർട്ടർ ഫ്രാൻസ് നിരാകരിക്കുകയായിരുന്നു. 1992-ൽ ഫ്രാൻസിന്റെ സകല ഔദ്യോഗികവിനിമയങ്ങളും ഫ്രഞ്ച് ഭാഷയിൽ മാത്രമാക്കിക്കൊണ്ട് കടുത്ത ഭാഷാധിപത്യത്തിന്റെ വഴിയിലേക്കാണ് ഫ്രാൻസ് കടന്നത്.

1992-ൽ ഫ്രാൻസിന്റെ സകല ഔദ്യോഗികവിനിമയങ്ങളും ഫ്രഞ്ച് ഭാഷയിൽ മാത്രമാക്കിക്കൊണ്ട് കടുത്ത ഭാഷാധിപത്യത്തിന്റെ വഴിയിലേക്കാണ് ഫ്രാൻസ് കടന്നത്.
1992-ൽ ഫ്രാൻസിന്റെ സകല ഔദ്യോഗികവിനിമയങ്ങളും ഫ്രഞ്ച് ഭാഷയിൽ മാത്രമാക്കിക്കൊണ്ട് കടുത്ത ഭാഷാധിപത്യത്തിന്റെ വഴിയിലേക്കാണ് ഫ്രാൻസ് കടന്നത്.

സ്പെയ്നിലും ഏകഭാഷയെന്നത് സാംസ്കാരിക അധിനിവേശത്തിലൂടെ രൂപപ്പെടുന്നതാണ്.  1707-1716 നുവേബ പ്ലാന്റ ഉത്തരവുകളിലൂടെ വിവിധ നാട്ടുരാജ്യങ്ങളുടെ ഭരണം പൂർണ്ണമായും കാസ്റ്റിലിയൻ പ്രദേശം കേന്ദ്രീകരിച്ച് ഭരിച്ചിരുന്ന സ്പാനിഷ് ഭരണകൂടത്തിലേക്ക് കേന്ദ്രീകരിക്കുന്നതോടെയാണ് ഈ അധിനിവേശം ശക്തിപ്പെടുന്നത്. അവിടങ്ങളിൽ സംസാരിച്ചുവന്ന ഗലീഷ്യൻ, അർഗോണീസ്, കാറ്റലൻ (മൂന്നും പോർത്തുഗീസ്-സ്പാനിഷ് ശൃംഖലയിൽ പെട്ടവ), ബാസ്ക് തുടങ്ങിയ ഭാഷകളുടെ ഔദ്യോഗികപദവികൾ ഇല്ലാതാവുകയും കാസ്റ്റിലിയൻ ഭാഷ സ്പാനിഷ് ആയി നാമാന്തരപ്പെടുകയും കോടതി വ്യവഹാരങ്ങളും സർക്കാർ രേഖകളും ആ ഭാഷയിൽ മാത്രമാകുകയും ചെയ്തു. സ്പാനിഷ് ദേശരാഷ്ട്ര രൂപീകരണം പരമാവിധിയിൽ എത്തുന്നത് ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ ഏകാധിപത്യകാലത്താണ്. പൊതുവിടത്തിൽ ഇതരഭാഷകളുടെ ഉപയോഗം നിരോധിക്കപ്പെട്ടു. 1975-ൽ ഫ്രാങ്കോയുടെ മരണശേഷമാണ്—പ്രത്യേകിച്ച് 1980-കളിൽ സോഷ്യലിസ്റ്റ് ഗവണ്മെന്റുകൾ അധികാരത്തിലെത്തുന്നതോടെ—കാറ്റലൻ, ഗലീഷ്യൻ, ബാസ്ക് പ്രദേശങ്ങൾക്ക് സ്വയംഭരണാനുമതിയും സാംസ്കാരിക സ്വാതന്ത്ര്യവും ലഭിക്കുന്നത്. എങ്കിൽ തന്നെയും കാസ്റ്റിലിയൻ ആധിപത്യം തുടരുന്നുവെന്നും പ്രത്യേകം ഭാഷയായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത പ്രാദേശികഭാഷാ സ്വത്വങ്ങൾ പൂർണ്ണമായും അവഗണിക്കപ്പെടുന്നുവെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഇറ്റലിയിലെ സാഹചര്യം മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വളരെ ഭിന്നമാണ്.  ഇന്നും ഇറ്റാലിയൻ ഒരു ബന്ധഭാഷയും (lingua franca) എഴുത്തുഭാഷയും മാത്രമാണ് ഭൂരിപക്ഷത്തിനും. യൂറോപ്പിലെ ഭാഷാശൃംഖലകളിൽ സവിശേഷമായ ഒന്നാണ് ഇറ്റാലിയൻ ഭാഷാശൃംഖല. ടൊസ്കാന പ്രദേശത്തെ ഭാഷാരൂപങ്ങളിൽ ഒന്നായ ഫ്ലോറെന്റൈൻ ഭാഷയുടെ ഒരു വരേണ്യരൂപത്തെ പരിഷ്കരിച്ചാണ് 13-14 നൂറ്റാണ്ടുകളിൽ ദാന്തെ, പെട്രാർക്ക്, ബൊക്കാച്ചിയോ തുടങ്ങിയവർ തങ്ങളുടെ കൃതികൾ രചിച്ചത്. മാനക ഇറ്റാലിയൻ ഭാഷ ഈ എഴുത്തു പാരമ്പര്യത്തിൽ രൂപപ്പെട്ടതും സാമാന്യജനങ്ങളുടെ സംസാരരീതികളിൽനിന്ന് അകന്നു വികസിച്ചതുമാകയാൽ മാറാനും സാമാന്യഭാഷയായിത്തീരാനും അതിനു കഴിഞ്ഞിരുന്നില്ല.

ഇറ്റലിയുടെ ഏകീകരണത്തിൽ ഭാഷപ്രശ്നം ഒരു വിഷയമായി ഉയർന്നുവന്നിരുന്നു എങ്കിലും ഭാഷയുടെ മാനകീകരണം വരേണ്യ ന്യൂനപക്ഷത്തെ ശക്തിപ്പെടുത്തുകയും സാമാന്യജനങ്ങളുടെ ഭാഷയിൽനിന്നും അതിനെ കൂടുതൽ അകറ്റുകയും മാത്രമായിരുന്നു. 1861-ലെ ഏകീകരണത്തിന്റെ സമയത്ത് ഇറ്റാലിയൻ എന്നു പറയാവുന്ന ഭാഷ സംസാരിച്ചിരുന്നത് ജനസംഖ്യയിൽ 2.5% പേർ മാത്രമായിരുന്നു. നഗരങ്ങളിൽ വിദേശീയരുടെ സാന്നിദ്ധ്യം ബൗദ്ധികവർഗ്ഗത്തിൽ രൂപപ്പെടുത്തിയ അസ്വസ്ഥതയിൽനിന്ന് രൂപം കൊണ്ട ഒരു ന്യൂനപക്ഷത്തിന്റെ കാല്പനികവികാരം മാത്രമായിരുന്നു ഇറ്റാലിയൻ ദേശീയവാദവും തുടർന്നുണ്ടായ ഏകീകരണവും. ഇറ്റാലിയൻ ഭാഷയെ ‘ജനകീയ’മാക്കുന്നത് മുസ്സോളിനിയാണ്. ‘വൈദേശിക’സ്വാധീനത്തെ ഒഴിവാക്കാൻ ലത്തീനെ ആശ്രയിച്ച് ഇറ്റാലിയൻ ഭാഷയെ ശുദ്ധീകരിക്കുകകൂടി ചെയ്തു അദ്ദേഹത്തിന്റെ ഭരണകൂടം. ‘ഗ്രാംഷിയുടെ ജയിൽക്കുറിപ്പുകളി’ൽ ഒരു പ്രധാന സംഗതിയായി ഈ ഭാഷാപ്രശ്നം കടന്നുവരുന്നുണ്ട് (മുസ്സോളിനിയുടെ മാതൃഭാഷ റോമാഗ്നോൾ ആയിരുന്നു; ഗ്രാംഷിയുടേത് സർഡീനിയനും).

ഫാഷിസ്റ്റ്- ഏകാധിപത്യ ഭരണങ്ങളാണ് മികച്ച രീതിയിൽ ഭാഷാദേശീയവാദം നടപ്പാക്കിയത് എന്ന് യൂറോപ്പിന്റെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ഇറ്റലിയിൽ മുസ്സോളിനി, ജർമ്മനിയിൽ ഹിറ്റ്ലർ, സ്പെയ്നിൽ ഫ്രാൻസിസ്കോ ഫ്രാങ്കോ, പോർത്തുഗലിൽ അന്റോണിയോ സലാസർ, റഷ്യയിൽ സ്റ്റാലിൻ.

പോർത്തുഗലിലെയും ജർമ്മനിയിലെയും റഷ്യയിലെയും ഒന്നും സ്ഥിതി വ്യത്യസ്തമല്ല. ആല്പ്സ് മുതൽ മെഡിറ്ററേനിയൻ വരെ പരന്നുകിടക്കുന്ന ഭാഷാശൃംഖലയായിരുന്നു ജർമ്മൻ. അതിൽ മാനകീകരിച്ച രണ്ട് രൂപങ്ങളാണ് ഇന്നത്തെ ഡച്ചും ജർമ്മനും. ഐബീരിയൻ പെനിൻസുലയിലെ ഭാഷാശൃംഖലയിലെ മാനകീകൃതരൂപങ്ങളായി പോർത്തുഗീസും സ്പാനിഷും നിൽക്കുന്നതുപോലെ. ഭാഷാദേശീയവാദം ചെറുഭാഷകളോടൊപ്പം ഏറിയും കുറഞ്ഞും ഭാഷയിലെ ഈ തുടർച്ചകളെയും ആന്തരികവൈവിധ്യത്തെയും കൂടിയാണ് നശിപ്പിച്ചത്.

ഫാഷിസവും ഭാഷാദേശീയവാദവും

ഫാഷിസ്റ്റ്- ഏകാധിപത്യ ഭരണങ്ങളാണ് മികച്ച രീതിയിൽ ഭാഷാദേശീയവാദം നടപ്പാക്കിയത് എന്ന് യൂറോപ്പിന്റെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ഇറ്റലിയിൽ മുസ്സോളിനി, ജർമ്മനിയിൽ ഹിറ്റ്ലർ, സ്പെയ്നിൽ ഫ്രാൻസിസ്കോ ഫ്രാങ്കോ, പോർത്തുഗലിൽ അന്റോണിയോ സലാസർ, റഷ്യയിൽ സ്റ്റാലിൻ- അങ്ങനെ ഏകഭാഷാ രാഷ്ട്രങ്ങൾ എന്ന പദവിയിലേക്ക് യൂറോപ്യൻ രാജ്യങ്ങളെ ഉയർത്തുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയവരുടെ പട്ടിക നീളുന്നു. നാസി ജർമ്മനിയെയും മഹാരാഷ്ട്രയെയും മുൻനിർത്തി ‘മാതൃഭാഷ ജനതകമാണെന്ന ധാരണ മാത്രമേ ഫാസിസമാകൂ’ എന്നൊരു വാദം തെറ്റായി ഉന്നയിക്കപ്പെടാറുണ്ട്. എന്നാൽ ഫാസിസത്തിന്റെ പുറത്താക്കൽ യുക്തി ഭാഷയല്ല ന്യൂനപക്ഷത്തോടുള്ള ഭയമാണ്. അതിനും ജനിതകവാദത്തെ കൂട്ടുപിടിച്ചത് ജർമ്മനിയിൽ മാത്രമായിരുന്നു. അപരഭാഷാസമൂഹങ്ങളെ ഭാഷാപരമായും സാംസ്കാരികവുമായും ‘പരിഷ്കരിച്ചെടുക്കുക’ എന്നതായിരുന്നു യൂറോപ്പിലെ മറ്റു ദേശീയവാദങ്ങളുടെ ചരിത്രത്തിലുടനീളം കാണുന്നത്. സംസ്കാരനിദാനമായ ഒരു ‘സ്വഭാഷ’യെ സങ്കല്പിക്കുക, അതിനെ മഹത്വപ്പെടുത്തുക, ‘വൈദേശികഭാഷ’യോട് വിരോധം പുലർത്തുക, അതിന്റെ സ്വാധീനത്തിൽനിന്ന് ‘സ്വഭാഷ’യെ ശുദ്ധീകരിച്ചെടുക്കുക, ഭാഷാ-സാംസ്കാരിക വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏകഭാഷാസമൂഹം സാക്ഷാത്കരിക്കുക തുടങ്ങിയ ദേശീയവാദ പ്രവണതകളെ അതിന്റെ വർദ്ധിച്ച രൂപത്തിൽ ഭരണകൂടകേന്ദ്രിതമായി നടപ്പാക്കുക എന്നതാണ് ഫാസിസത്തിന്റെ ഭാഷാസമീപനം.

ഭാഷാദേശീയവാദവും സാംസ്കാരിക ദേശീയവാദവും രണ്ടാണ് എന്നതും ഒരു തെറ്റിദ്ധാരണയാണ്. ഭാഷാസ്വത്വമെന്നത് സാംസ്കാരികസ്വത്വം കൂടിയാണ്; എല്ലാ ദേശീയവാദങ്ങളും വംശീയവ്യവഹാരങ്ങളും. ഞങ്ങളെന്നും മറ്റുള്ളവരെന്നും മനുഷ്യരെ സാംസ്കാരികമായി വേർതിരിച്ചുകൊണ്ടാണ് അത് നിലനിൽക്കുന്നത്. മലയാളഭാഷ രണ്ടാംഭാഷയായി പഠിച്ചതുകൊണ്ട് ഒരാൾ മലയാളിയാകുന്നില്ല. മലയാളം ഒന്നാം ഭാഷയായാൽത്തന്നെ മലയാളി എന്ന് പറയിക്കണമെങ്കിൽ ‘ഒരുപാട് ജന്മമെടുക്കേണ്ടി വരും’ (മതസ്വത്വം മാറ്റാൻ ഒറ്റജന്മം മതി). മലയാളി എന്നത് പാരമ്പര്യവുമായും ജീവിതരീതികളും പെരുമാറ്റങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്ന, അതിലെ പ്രബല വരേണ്യസങ്കല്പങ്ങളിൽ കേന്ദ്രീകരിച്ചുനിൽക്കുന്ന ഒരു സ്വത്വമാണ്.

സ്കോട്ടിഷ് ഭരണകൂടം ഗയ്‌ലിൿ സംസ്കാരത്തെയും ഭാഷയെയും പൂർണ്ണമായും ഇല്ലായ്മചെയ്യാൻ ശ്രമിച്ചു. അവ സ്കോട്ടിഷ് ദേശീയതയ്ക്ക് തടസ്സമായി വിലയിരുത്തപ്പെട്ടു.
സ്കോട്ടിഷ് ഭരണകൂടം ഗയ്‌ലിൿ സംസ്കാരത്തെയും ഭാഷയെയും പൂർണ്ണമായും ഇല്ലായ്മചെയ്യാൻ ശ്രമിച്ചു. അവ സ്കോട്ടിഷ് ദേശീയതയ്ക്ക് തടസ്സമായി വിലയിരുത്തപ്പെട്ടു.

ഭാഷാദേശീയവാദം
യുദ്ധങ്ങൾ അവസാനിപ്പിച്ചോ?

യൂറോപ്പിലെ ചില വെർണാക്കുലറുകളുടെ വികാസത്തിൽ ചില ഉദാഹരണങ്ങൾ മുന്നോട്ടുവെക്കുകയല്ല മലയാളപ്രസ്ഥാനത്തിന്റെ വക്താക്കൾ. യൂറോപ്യൻ ആധുനികീകരണത്തെ ഭാഷയെ മുൻനിർത്തി നവോത്ഥാനം, മതനവീകരണം, ജ്ഞാനോദയം എന്നിങ്ങനെ ക്രമത്തിൽ മൂന്നു ഘട്ടങ്ങളായി വിഭജിക്കുകയും അതിനെ സാർവത്രികമായ ഒരു പ്രക്രിയയെന്ന നിലയിൽ മലയാളത്തിന്റെ ചരിത്രത്തിൽ ആരോപിക്കുകയുമാണ്. അതിന്റെ ഫലമായി ഭക്തിപ്രസ്ഥാനം പ്രൊട്ടസ്റ്റന്റ് മതനവീകരണത്തിന്റെ ചട്ടക്കൂടിലും കൊളോണിയലിസത്തിന്റെയും ഓറിയന്റലിസത്തിന്റെയും ഫലമായ പുനരുത്ഥാനവാദവും കൊളോണിയൽ ആധുനികത സാധ്യമാക്കിയ ജാതിവിരുദ്ധ മുന്നേറ്റങ്ങളും ഒരുമിച്ച് യൂറോപ്യൻ നവോത്ഥാനത്തിന്റെ ചട്ടക്കൂടിലും കയറുന്നു. ഗ്രെക്കോ- റോമൻ ഭൂതകാലത്തിന്റെ വീണ്ടെടുപ്പും അത് സാംസ്കാരികമേഖലയ്ക്ക് നൽകിയ ഉണർവും കുറിക്കുന്ന യൂറോപ്യൻ നവോത്ഥാനത്തോട് നവോത്ഥാനമെന്നുതന്നെ വിളിക്കപ്പെടുന്ന കേരളീയ സന്ദർഭത്തെ ചേർത്തുവെക്കുന്നതിൽ ഇവർ പ്രശ്നമൊന്നും കാണുന്നില്ല. നവോത്ഥാനവും മതനവീകരണവും കഴിഞ്ഞു; മൂന്നാം ഘട്ടമായ ജ്ഞാനോദയമാണ് ഇനി ആവശ്യം എന്നാണ് പറഞ്ഞുവെക്കുന്നത്.

മേൽ ചട്ടക്കൂട് പിൻതുടർന്ന് മതസമൂഹങ്ങൾക്കു പകരം ഭാഷാസമൂഹങ്ങളായി സ്വയം തിരിച്ചറിയുകയും ഏകഭാഷാടിസ്ഥാനത്തിൽ ദേശ-രാഷ്ട്രങ്ങളായി രൂപപ്പെടുകയും ചെയ്യുന്നതോടെയാണ് മതത്തിന്റെ പേരിൽ നടന്ന യുദ്ധങ്ങൾ അവസാനിച്ചത് എന്നൊരു സിദ്ധാന്തവും മുന്നോട്ടുവെക്കുന്നുണ്ട് കേരളത്തിലെ ഭാഷാദേശീയവാദികൾ. അതുപയോഗിച്ച് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത് രണ്ടു മതവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും “ഇതിനെക്കാൾ വലിയ വർഗ്ഗീയതയും രക്തച്ചൊരിച്ചിലും യൂറോപ്പിൽ നടന്നിരുന്നു” എന്നും അതിനെ മറികടന്ന ഭാഷാദേശീയവാദമാണ് ഇവിടത്തെ ‘മതപ്രശ്ന’ത്തിന്റെ പരിഹാരം എന്നും വാദിക്കപ്പെട്ടു. (പൗരത്വസമരകാലത്ത് ഹിന്ദുത്വയുടെ മുസ്ലീം വെറുപ്പിനെ അഭിസംബോധന ചെയ്യുന്നതിനു പകരം “മതമല്ല ഭാഷയാണ് അടിസ്ഥാനം” എന്നൊരു ക്യാമ്പയ്നുമായി ഇവർ ഇറങ്ങുന്നതും ഈ ‘പോരടിക്കൽ’ ആഖ്യാനത്തോടെയാണ്.)

യഥാർത്ഥത്തിൽ യൂറോപ്പിന്റെ ആധുനികതയിലേക്കുള്ള പരിവർത്തനം ഏകഭാഷാസമൂഹങ്ങളിലേക്കുള്ള പരിവർത്തനം മാത്രമായിരുന്നില്ല. ഏകമതത്തിലേക്കും ഏകസംസ്കാരത്തിലേക്കുമുള്ള പരിവർത്തനം കൂടിയായിരുന്നു. കേന്ദ്രീകൃത വിദ്യാഭ്യാസത്തിലൂടെ ബഹുഭൂരിപക്ഷം ഉച്ചസംസ്കാരത്തിലേക്ക് പരിവർത്തനപ്പെടുന്ന പ്രക്രിയയാണ് ദേശീയവാദമെന്ന് ഗെൽനർ പറയുന്നുണ്ട്. സ്കൂൾ മാധ്യസ്ഥമായ, ഔദ്യോഗികവും സാങ്കേതികവുമായ വിനിമയത്തിനായി അക്കാദമിക മേൽനോട്ടത്തിൽ തയ്യാറാക്കപ്പെട്ട, ഒരു പുതിയ പ്രയോഗശൈലിയുടെ വ്യാപനത്തിലൂടെയാണ് അത് സാധ്യമായത്. അവൈയക്തികമായ ഒരു സമൂഹം ഒരു പൊതുസംസ്കാരത്താൽ ബന്ധിക്കപ്പെടുകയായിരുന്നു. ഈ സാംസ്കാരിക സജാതീകരണത്തിൽ (cultural homogenization) മതത്തിനും സുപ്രധാനപങ്കുണ്ടായിരുന്നു. അച്ചടിമുതലാളിത്തത്തെ ഉപയോഗപ്പെടുത്തി മതമെങ്ങനെ ഭാഷാദേശീയരൂപീകരണത്തിന്റെ പ്രത്യയശാസ്ത്രപരവും മനഃശാസ്ത്രപരവുമായ സമ്മതിരൂപീകരിക്കുന്നതിൽ പങ്കാളിയായി എന്ന് ബെനഡിക്റ്റ് ആൻഡേഴ്സൺ വിവരിക്കുന്നുണ്ട്. ദേശീയതകൾക്കതീതവും ഭൂരിപക്ഷത്തിൽനിന്ന് അകലം പാലിച്ചതുമായ കാത്തലിക്ക മതത്തിനു പകരം ഓരോ ദേശത്തിനും അതതു ഭാഷകളിലുള്ള പ്രൊട്ടസ്റ്റന്റ് മതങ്ങളിലൂടെ മതം ദേശസാത്കരിക്കപ്പെടുകയായിരുന്നു.

പേഗൻ മതങ്ങളെയും ഇസ്ലാം ജൂതമതങ്ങളെയും യൂറോപ്പിൽനിന്ന് നിഷ്കാസനം ചെയ്തുകൊണ്ട് ഏകമത- ഏകഭാഷാ-ഏക സംസ്കാര ദേശീയതകളായി പ്രഖ്യാപിക്കുകയായിരുന്നു.

യൂറോപ്പ് മതത്തിന്റെ പേരിലുള്ള സംഘർഷങ്ങൾ ഒഴിവാക്കി ഭാഷാദേശീയതകളായി മാറുകയായിരുന്നില്ല. പേഗൻ മതങ്ങളെയും ഇസ്ലാം ജൂതമതങ്ങളെയും യൂറോപ്പിൽനിന്ന് നിഷ്കാസനം ചെയ്തുകൊണ്ട് ഏകമത- ഏകഭാഷാ-ഏക സംസ്കാര ദേശീയതകളായി പ്രഖ്യാപിക്കുകയായിരുന്നു. ഐബീരിയൻ-ഇറ്റാലിയൻ- ബാൾക്കൻ പെനിൻസുലകളിൽനിന്ന് മുസ്‌ലിങ്ങളെ തുരത്തിയും പരിവർത്തിപ്പിച്ചും ഇല്ലാതാക്കി. ജൂതരാവട്ടെ, നിരന്തരം കൊന്നൊടുക്കപ്പെടുകയോ  ആട്ടിയോടിക്കപ്പെടുകയോ ചെയ്തു. പേഗൻ മതസമൂഹങ്ങൾ, ഗോത്രവർഗ്ഗങ്ങൾ ക്രൈസ്തവീകരിക്കപ്പെടുകയോ  ഇല്ലാതാക്കപ്പെടുകയോ ചെയ്തു. അവരുടെ സംസ്കാരങ്ങൾ നാമാവശേഷമായി.

പിന്നീട് ക്രൈസ്തവർ തന്നെ വിവിധ ചേരികളായി. മതനവീകരണത്തിന്റെ ഭാഗമായാണ് ഈ സംഘർഷങ്ങൾ പലതും നടന്നത്. ഭാഷാദേശീയരൂപീകരണത്തിന്റെ ഭാഗമായിരുന്നു ഇവ. ഈ യുദ്ധങ്ങൾ ഉണ്ടാക്കിയ സൈനികനഷ്ടങ്ങൾ ഒരു വശത്തും ജ്ഞാനോദയ ആശയങ്ങൾ മറുവശത്തും ഉണ്ടായപ്പോഴാണ് മതകലഹങ്ങൾ കുറഞ്ഞുവന്നത്. ഭരണകൂടവും മതവും തമ്മിലുള്ള പ്രത്യക്ഷബന്ധം അവസാനിക്കുന്നതും മാനവികത, യുക്തിചിന്ത തുടങ്ങിയ ആശയങ്ങൾ പ്രചരിക്കുന്നതുമായ ഈ സങ്കീർണ്ണമായ പ്രക്രിയയെ കേവലം ഭാഷാദേശീയവാദത്തിൽ ആരോപിക്കാനാവില്ല. മതേതരത്വത്തെ വലിയ അളവിൽ മുതലാളിത്തവും നഗരവത്കരണവും സഹായിച്ചു. കച്ചവടവും ദൂരദേശങ്ങൾ തേടിയുള്ള സഞ്ചാരങ്ങളുമാണ് ഒരുപക്ഷേ മതപരമായ സഹിഷ്ണുതയ്ക്ക് കാരണമായത്. അപരത്വങ്ങളും അതിലൂടെ നിർമ്മിക്കപ്പെടുന്നുണ്ട്. ജൂതവിരോധവും മുസ്ലീം വിരോധവും യൂറോപ്യൻ ദേശീയവാദങ്ങളിൽ ശക്തമായിരുന്നു. (കൊളോണിയൽ ചൂഷണങ്ങളും മുതലാളിത്തവളർച്ചയും നിർമ്മിച്ച അസന്തുലിതമായ ലോകാവസ്ഥ മൂന്നാം ലോകങ്ങളിൽനിന്ന് തിരിച്ചുള്ള കുടിയേറ്റത്തിനു കാരണമാവുന്നതും ഏകഭാഷയുടെയും ഏകസംസ്കാരത്തിന്റെയും ഏകമതത്തിന്റെയും ആധിപത്യത്തിൽ വിള്ളലുണ്ടാക്കുന്നതോടെ യൂറോപ്പിലും വടക്കേ അമേരിക്കയിലും കുടിയേറ്റ വിരുദ്ധമായ വംശീയ സംഘർഷങ്ങൾ വർദ്ധിക്കുന്നതുമാണ് നമ്മൾ ഇപ്പോൾ കാണുന്നത്.)

ഇനി, ഭാഷാദേശീയരൂപീകരണമാണ് മതസംഘട്ടനങ്ങൾ ഇല്ലാതാക്കിയത് എന്നുതന്നെ കരുതിയാലും അത് യുദ്ധങ്ങളെ ഇല്ലാതാക്കുകയായിരുന്നില്ല, വർദ്ധിപ്പിക്കുകയായിരുന്നു എന്ന് കാണാം. സ്വന്തം ആന്തരികവൈവിധ്യങ്ങളിലേക്കു നടത്തിയ അധിനിവേശത്തിന്റെ തുടർച്ചയായാണ് അധിനിവേശ യൂറോപ്പ് മറ്റു പ്രദേശങ്ങളെ കീഴ്പ്പെടുത്തുന്നത്. ഈ പ്രക്രിയയിൽ ഫ്രാൻസിലെയും ഇംഗ്ലണ്ടിലെയും പോർത്തുഗലിലെയും സ്പെയ്നിലെയും ഭൂരിപക്ഷം തങ്ങളുടെ സംസ്കാരത്തിന്റെയും ഭാഷയുടെയും വൈകാരികത്തള്ളലുകളിലായിരുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കേന്ദ്രീകൃതമായ വിദ്യാഭ്യാസത്തിലൂടെ, ഭാഷാഭിമാനത്തിലൂടെ ജ്വലിപ്പിക്കപ്പെട്ട ഈ ദേശീയവികാരമാണ് പത്തൊൻപതാം നൂറ്റാണ്ടിലെ നിരവധി യുദ്ധങ്ങൾക്ക് കാരണമാകുന്നതും ഇരുപതാം നൂറ്റാണ്ടിൽ രണ്ട് ലോകയുദ്ധങ്ങളിൽ ചെന്നെത്തിക്കുന്നതും.

1177-ൽ പോപ്പിന്റെ നിർദേശത്തോടെ അയർലന്റിന്റെ ഭൂരിഭാഗവും ആംഗ്ലോ-നോർമൻ നിയന്ത്രണത്തിലായെങ്കിലും ഇംഗ്ലണ്ടിന് രാഷ്ട്രീയാധികാരം പൂർണ്ണമായി ഉറപ്പിക്കാനായില്ല.
1177-ൽ പോപ്പിന്റെ നിർദേശത്തോടെ അയർലന്റിന്റെ ഭൂരിഭാഗവും ആംഗ്ലോ-നോർമൻ നിയന്ത്രണത്തിലായെങ്കിലും ഇംഗ്ലണ്ടിന് രാഷ്ട്രീയാധികാരം പൂർണ്ണമായി ഉറപ്പിക്കാനായില്ല.

ഭാഷാരാഷ്ട്രീയത്തിന്റെ
‘വിശുദ്ധ മാതൃക’

ജ്ഞാനോദയത്തിൽനിന്ന് ദേശീയവാദത്തിലേക്കുള്ള യൂറോപ്പിന്റെ നീക്കത്തിന്റെ പ്രതിഫലനമാണ് എലിസർ ബെൻ-യെഹൂദയിൽ കാണാനാവുക. ഫലസ്തീനെ കോളനീകരിച്ചുകൊണ്ട് വംശീയമായ, എന്നാൽ മതേതരമായ ഏകഭാഷയിലും ഏകസംസ്കാരത്തിലും കേന്ദ്രിതമായ ഒരു ആധുനിക ദേശ-രാഷ്ട്രം സ്ഥാപിക്കാനുള്ള ആശയം, ഒരു പക്ഷേ രാഷ്ട്രീയവും സാംസ്കാരികവുമായ സിയൊണിസത്തിന്റെ തുടക്കം അദ്ദേഹത്തിലാണ്. യഥാർത്ഥത്തിൽ യൂറോപ്പിൽ ജൂതവെറുപ്പിനെ വൻതോതിൽ വർദ്ധിപ്പിച്ചത് വളർന്നുവന്ന വംശീയമായ ദേശീയവാദങ്ങളായിരുന്നു. അവയുല്പാദിപ്പിച്ച ഭീകരമായ അപരവത്കരണത്തിന്റെയും കൂട്ടക്കൊലകളുടെയും പുറംതള്ളലുകളുടെയും ചരിത്രമെടുത്താൽ ഒരു രാഷ്ട്രമെന്ന അഭയസ്ഥാനം അവർ സ്വപ്നം കണ്ടതിൽ തെറ്റുപറയാനാവില്ല.

ഭാഷാപരമായും ജൂതർ യൂറോപ്പിന്റെ ശുദ്ധഭാഷാനാട്യങ്ങൾക്ക് പുറത്തായിരുന്നു. എന്തുതന്നെയായാലും യൂറോപ്പ് എന്താണോ ജൂതസമൂഹത്തോട് പ്രവർത്തിച്ചത് അതിന്റെതന്നെ പ്രതിരൂപമായി മാറിത്തീർന്ന ചരിത്രമാണ് സിയോണിസത്തിന്റേത്. 1881-ൽ ബെൻ യഹൂദ മറ്റൊരു സിയോണിസ്റ്റായ സ്മൊളെൻസ്കിന് എഴുതുന്ന കത്തിൽ ജൂതപ്രശ്നത്തിന്റെ പരിഹാരം ജൂതർക്കിടയിൽ ഭാഷ പ്രചരിപ്പിക്കുന്നതുകൊണ്ട് മാത്രം കഴിയില്ലെന്നും ഹീബ്രു ഭാഷയെ തിരിച്ചുപിടിക്കണമെങ്കിൽ തദ്ദേശജനതയുടെ സംഖ്യയെക്കാൾ ജൂതജനസംഖ്യ വർദ്ധിക്കണമെന്നും അതിന് നാനാ രാജ്യങ്ങളിൽ ചിതറിക്കിടക്കുന്ന ജൂതരെ ഫലസ്തീൻ ഭൂമിയിൽ എത്തിക്കണമെന്നും തദ്ദേശജനതയ്ക്കുമേൽ ആധിപത്യം സ്ഥാപിക്കുക അത്യാവശ്യമാണെന്നും എഴുതുന്നുണ്ട്. സിയോണിസത്തിന്റെ അധിനിവേശരാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തിക്കൊണ്ട് ബെൻ-യെഹൂദയെ ഭാഷാദേശീയതയുടെ മാതൃകയാക്കി ഉയർത്തിക്കാണിക്കാനാകും എന്ന് കരുതുന്നത് അബദ്ധമാണ്.

ജൂതർ സംസാരിച്ചിരുന്ന വിവിധ ഭാഷകൾ നിർബന്ധപൂർവമായി മായ്ച്ചുകളഞ്ഞുകൊണ്ടാണ് അവർക്ക് അപരിചിതമായിരുന്ന ഒരു ഭാഷയിലേക്ക് അവർ പരിവർത്തിക്കപ്പെടുന്നത്. അത് മുകളിൽനിന്ന് കീഴോട്ടു നടന്ന ഒരു പ്രക്രിയയായിരുന്നു.

ഭാഷാദേശീയവാദത്തിന്റെ പശ്ചാത്തലത്തിൽ ഹീബ്രുഭാഷയെ പുനരുദ്ധരിക്കാനുള്ള ശ്രമങ്ങൾ മാത്രം പരിഗണയിലെടുക്കുമ്പൊഴും ഹിംസാത്മകമായ ഒരു ചരിത്രമാണ്  അതിനും പറയാനുള്ളത്. രാഷ്ട്രീയവും മനഃശാസ്ത്രപരവുമായ ബലപ്രയോഗത്തിന്റെയും ശാരീരികമായ അതിക്രമങ്ങളുടെയും ചരിത്രം. ജൂതർ സംസാരിച്ചിരുന്ന വിവിധ ഭാഷകൾ നിർബന്ധപൂർവമായി മായ്ച്ചുകളഞ്ഞുകൊണ്ടാണ് അവർക്ക് അപരിചിതമായിരുന്ന ഒരു ഭാഷയിലേക്ക് അവർ പരിവർത്തിക്കപ്പെടുന്നത്. അത് മുകളിൽനിന്ന് കീഴോട്ടു നടന്ന ഒരു പ്രക്രിയയായിരുന്നു.

1879-ലാണ് ഹെർഡറുടെ കാല്പനികദേശീയതയിൽ പ്രചോദിതനായി ഹീബ്രുഭാഷയെയും ജൂതദേശത്തെയും ചേർത്തുവെച്ചുകൊണ്ട് ‘കത്തുന്ന പ്രശ്നം’ എന്നൊരു ലേഖനം വിയന്നയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഹാ-ശഹർ പത്രത്തിൽ ബെൻ- യെഹൂദ എഴുതുന്നത്. 1881-ൽ ‘ഹീബ്രു മാത്രം’ (rak ivrit) എന്ന പ്രതിജ്ഞയുമായി ഭാര്യയ്ക്കൊപ്പം ബെൻ-യെഹൂദ ഒന്നാം ആലിയയ്ക്ക് തുടക്കമിട്ടുകൊണ്ട് ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പലസ്തീനിൽ എത്തിച്ചേരുകയും തന്റെ സ്വപ്നം സാർത്ഥകമാക്കാനുള്ള പരിശ്രമങ്ങളിലേർപ്പെടുകയും ചെയ്യുന്നു. അന്ന് പലസ്തീൻ പ്രദേശത്ത് യിദ്ദിഷ് (Judeo-German) സംസാരിക്കുന്ന അഷ്കനാസി ജൂതർ, ലാഡിനോ ((judeo-spanish) സംസാരിക്കുന്ന സെഫാർഡിൿ ജൂതർ, അവരിൽ തന്നെ അറബിൿ സംസാരിക്കുന്ന മുസ്താഅറബി ജൂതർ തുടങ്ങി ഒരു ചെറു സമൂഹം-പഴയ കുടിക്കാർ (old Yishuv)- ആണ് ഉണ്ടായിരുന്നത്. പുരോഹിതരായ റബ്ബികൾ മതകാര്യങ്ങൾക്കു മാത്രമായി എല്ലായിടത്തെയും പോലെ ഹീബ്രു ഉപയോഗിച്ചിരുന്നു.

ഹീബ്രുവിനെ സംസാരഭാഷയാക്കിത്തീർക്കുക എന്ന നിർദ്ദേശം അപ്രായോഗികമായി ചിലർ കണ്ടു. സ്വന്തം മകനെ കൗമാരം വരെ മറ്റു ഭാഷകൾ സംസാരിക്കുന്ന കുട്ടികളിൽനിന്നും മുതിർന്നവരിൽനിന്നും അകറ്റി ഹീബ്രുഭാഷാന്തരീക്ഷത്തിൽ മാത്രം വളർത്തിക്കൊണ്ട് തന്റെ വാശി സാക്ഷാത്കരിക്കുകയാണ് ബെൻയെഹൂദ ചെയ്തത്. മതാവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കുന്ന ഭാഷയെ പൊതുകാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ പുരോഹിതരിൽ ചിലർക്കും അതൃപ്തിയുണ്ടായിരുന്നു. എന്തുതന്നെയായാലും 1884-ൽ ഹാ-സ്വി എന്ന പത്രവും 1886-ൽ ഹവിവ് സ്കൂളും സ്ഥാപിച്ചുകൊണ്ട് അദ്ദേഹം തന്റെ പരിശ്രമം തുടർന്നു.

“ഹീബ്രുഭാഷ ഹീബ്രുഭാഷയിൽ” എന്ന സമീപനമാണ് സ്കൂളിൽ സ്വീകരിച്ചത്. ഇതരഭാഷകൾ സംസാരിക്കുന്നത് കർശനമായി വിലക്കിയിരുന്നു സ്കൂളിൽ. തന്റെ അഭിപ്രായത്തോട് യോജിപ്പിള്ള റബ്ബികൾ അടക്കമുള്ള കുറച്ചുപേർക്കൊപ്പം 1889-ൽ ശുദ്ധഭാഷാസമാജം (Safa Berurah) എന്നൊരു കൂട്ടായ്മയും ബെൻ- യെഹൂദ രൂപീകരിച്ചു. പരസ്പരം “ഹീബ്രു മാത്രം” സംസാരിക്കുക എന്ന പ്രതിജ്ഞയോടെ ഏതാനും മാസങ്ങൾ ഈ കൂട്ടായ്മ  ഹീബ്രു പ്രചാരണ ശ്രമങ്ങൾ തുടർന്നുവെങ്കിലും അത് വിജയിച്ചില്ല. 1890-ൽ ബെൻ-യെഹൂദ ഹീബ്രു ഭാഷാ കമ്മിറ്റി (Va'ad ha-Lashon) സ്ഥാപിച്ചു. സംസാരഭാഷ എന്ന നിലയ്ക്ക് ആവശ്യമായ പുതിയ വാക്കുകൾ നിർമ്മിക്കുക, ഭാഷാപ്രയോഗത്തിലെ വ്യാകരണശുദ്ധി വിലയിരുത്തുക തുടങ്ങിയവയായിരുന്നു കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ. അതും നീണ്ടുനിന്നില്ല. തുടർന്നാണ് ബെൻ-യെഹൂദ നിഘണ്ടുനിർമ്മാണമെന്ന ലക്ഷ്യത്തിൽ കേന്ദ്രീകരിക്കുന്നത്.

ഗയ്‌ലിൿ ഭാഷ സ്കോട്ടിഷ് ഹൈലാന്റിലേക്കും ഹെബ്രിഡീസ് ദ്വീപസമൂഹങ്ങളിലേക്കും ഒതുക്കപ്പെട്ടു. സ്കോട്സും ഇംഗ്ലീഷുകാരും സ്കോട്ടിഷ് ഹൈലാന്റ് പ്രദേശത്തെ അജ്ഞതയുടെയും അപരിഷ്കൃതത്വത്തിന്റെയും മുഖ്യകാരണമായി ഗയ്‌ലിക്കിനെ കണക്കാക്കി.
ഗയ്‌ലിൿ ഭാഷ സ്കോട്ടിഷ് ഹൈലാന്റിലേക്കും ഹെബ്രിഡീസ് ദ്വീപസമൂഹങ്ങളിലേക്കും ഒതുക്കപ്പെട്ടു. സ്കോട്സും ഇംഗ്ലീഷുകാരും സ്കോട്ടിഷ് ഹൈലാന്റ് പ്രദേശത്തെ അജ്ഞതയുടെയും അപരിഷ്കൃതത്വത്തിന്റെയും മുഖ്യകാരണമായി ഗയ്‌ലിക്കിനെ കണക്കാക്കി.

ഹീബ്രു ഭാഷയുടെ കോർപ്പസ് ആസൂത്രണത്തിൽ ബെൻ- യെഹൂദയുടെ പങ്ക് വലിയ തോതിൽ പെരുപ്പിച്ചുകാണിക്കുന്നതാണ് എന്ന് കോളനിയനന്തര ഭാഷാപ്രശ്നത്തെക്കുറിച്ചും ഭാഷാസൂത്രണത്തെക്കുറിച്ചും പഠിക്കുകയും എഴുതുകയും ചെയ്ത, ജൂതവംശജൻ തന്നെയായ  വിഖ്യാത ഭാഷാശാസ്ത്രജ്ഞൻ ജോഷ്വാ ഫിഷ്മാൻ ചൂണ്ടിക്കാട്ടുന്നുണ്ട്. 1908-ലാണ് ബെൻ-യെഹൂദ തയ്യാറാക്കിയ നിഘണ്ടുവിന്റെ ആദ്യ വോള്യം പുറത്തിറങ്ങുന്നത്; 17-ാം വോള്യം 1958-ലും. വളരെ പെട്ടെന്നു നടക്കേണ്ട ഒരു പ്രവർത്തനമെന്ന നിലയിൽ കൂട്ടായ പരിശ്രമത്തിനുള്ള നിർദ്ദേശങ്ങളൊക്കെ തള്ളിക്കളഞ്ഞുകൊണ്ട് തന്റെ ഏകാന്തവും ദീർഘവുമായ വഴി തുടരുകയായിരുന്നു അദ്ദേഹം. 1922-ൽ ബെൻ-യെഹൂദയുടെ മരണശേഷം പലരുടെ അദ്ധ്വാനത്തിന്റെ ഫലമായാണ് 5 മുതൽ 17 വരെ വോള്യങ്ങൾ തയ്യാറാകുന്നത്. വിപുലവും പണ്ഡിതോചിതവും ശ്ലാഘനീയവുമായ അദ്ധ്വാനവും അന്വേഷണവുമാണ് നടത്തിയതെന്നതിൽ തർക്കമില്ലെങ്കിലും സാധാരണക്കാർക്ക് ദുർഗ്രഹവും വാമൊഴിക്ക് യോജിക്കാത്തതുമായിരുന്നു അദ്ദേഹം നിർമ്മിച്ചെടുത്ത പല പദങ്ങളും (വാക്കുകൾ കടമെടുക്കുന്നതിന് അദ്ദേഹം എതിരായിരുന്നു. സൈക്കിൾ, ടെലിഫോൺ, ഐസ്ക്രീം തുടങ്ങി പുതിയ കാര്യങ്ങൾ പലതിനും അദ്ദേഹം വാക്കുകൾ നിർമ്മിച്ചെടുത്തു). പിന്നീട് ഹീബ്രു അക്കാദമിയായി മാറിയ ഹീബ്രു ഭാഷാ കമ്മിറ്റി സംസാരഭാഷ വികസിക്കുന്ന കാലത്ത് മിക്കവാറും നിർജീവവുമായിരുന്നു. ദേശരാഷ്ട്രത്തിന്റെ പ്രതീകാത്മകസൃഷ്ടിയുടെ ഭാഗം മാത്രമായിരുന്നു ഈ ഭാഷാപിതാവിന്റെ നിർമ്മാണം എന്ന് ഫിഷ്മാൻ എഴുതുന്നു:

“വിചിത്രവും പരുഷവുമായ സ്വഭാവമുള്ള അദ്ദേഹം പുതിയ ചെറുപ്പക്കാരായ സിയോണിസ്റ്റ് കുടിയേറ്റക്കാരിൽനിന്ന് അകലം പാലിച്ച വിവിധ ഭാഷക്കാരായ തീവ്ര-മതവിശ്വാസികൾ തിങ്ങിപ്പാർക്കുന്ന ജറുസലേമിൽ താമസിച്ചുകൊണ്ട്, മെഡിറ്ററേനിയൻ തീരത്തോടു ചേർന്ന സമതലപ്രദേശങ്ങളിലെ പുതിയതും ഏറെ ഐകരൂപ്യമുള്ളതുമായ കാർഷിക കുടിയേറ്റങ്ങളിൽ രൂപപ്പെട്ടുവരുന്ന ആധുനികവും മതേതരവുമായ സിയോണിസ്റ്റ് സാംസ്കാരിക ജീവിതത്തിന്റെ ദൈനംദിന യാഥാർത്ഥ്യങ്ങളിൽനിന്നും വെല്ലുവിളികളിൽനിന്നും വളരെ അകന്നായിരുന്നു കഴിഞ്ഞത്. ഭാഷയെ വാമൊഴിവത്കരിക്കുന്നതു സംബന്ധിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാട് സ്വാഭാവികമായും അഹംബോധകേന്ദ്രിതമായിരുന്നു; വാമൊഴിവത്കരണപ്രകിയയുടെ ഭാഗമായതും വളർത്തിയെടുക്കേണ്ടതുമായ സാമൂഹിക ബലതന്ത്രത്തെക്കുറിച്ച് യാതൊരു ധാരണയും അദ്ദേഹത്തിനുണ്ടായിരുന്നില്ല.”

സമീപത്തു താമസിക്കുന്ന അറബ് സമൂഹവുമായി പൂർണ്ണമായും അകലവും അവജ്ഞയും പുലർത്തിക്കൊണ്ടാണ് മഹത്തായ ഹീബ്രുഭാഷയിലേക്ക് പുതിയ സമൂഹം മിക്കവാറും പരിവർത്തിക്കപ്പെട്ടത്.

ഹീബ്രു ഭാഷയുടെ പുനരുജ്ജീവനത്തിൽ ശാസ്ത്രീയമായ ഒരു കോർപ്പസ് ആസൂത്രണത്തിനോ സ്റ്റാറ്റസ് ആസൂത്രണത്തിനോ കാര്യമായ പങ്കുണ്ടായിരുന്നില്ലെന്നും പ്രത്യയശാസ്ത്രപരമായ ഉത്തേജനമായിരുന്നു അതിന്റെ ആകപ്പാടേ ഉള്ളടക്കം എന്നും ഫിഷ്മാൻ വിവരിക്കുന്നുണ്ട്. മറ്റ് ഭാഷാസമൂഹങ്ങളിലെ പോലെ അന്തസ്സ് നേടിയെടുക്കേണ്ടതോ നഷ്ടപ്പെട്ട അന്തസ്സ് തിരിച്ചുപിടിക്കേണ്ടതോ ആയ പ്രശ്നം ഹീബ്രുവിനുണ്ടായിരുന്നില്ല. തിയൊഡോർ ഹെർസലിന്റെ നേതൃത്വത്തിലുള്ള ലോക സിയോണിസ്റ്റ് പ്രസ്ഥാനം ഇസ്രയേലിന്റെ ഭാഷ ഹീബ്രുവായിരിക്കും എന്ന് അംഗീകരിക്കുകയും 1907-ൽ സിയോണിസ്റ്റ് ലേബർ പാർട്ടിയായ Poalei Zion ഹീബ്രു ഭാഷയെ ജൂതരാഷ്ട്രത്തിന്റെ അടിസ്ഥാനമായി പ്രഖ്യാപിക്കുകയും കാർഷികഗ്രാമങ്ങളായ കിബുട്സുകൾ സ്ഥാപിക്കപ്പെടുകയും 1909-ൽ ഹീബ്രു നഗരമായി ടെൽ അവീവ് പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നതിനെ തുടർന്ന് ഹീബ്രുവിന്റെ വാമൊഴിവത്കരണം വളരെ വേഗത്തിലുള്ളതായിരുന്നു. സാംസ്കാരിക സിയോണിസത്തിന്റെയും രാഷ്ട്രീയ സിയോണിസത്തിന്റെയും ലേബർ സിയോണിസത്തിന്റെയും പല വഴിക്കുള്ള, എന്നാൽ ഒറ്റ ലക്ഷ്യത്തിലേക്കുള്ള വൈകാരികമുന്നേറ്റമായിരുന്നു അത്.  സമീപത്തു താമസിക്കുന്ന അറബ് സമൂഹവുമായി പൂർണ്ണമായും അകലവും അവജ്ഞയും പുലർത്തിക്കൊണ്ടാണ് മഹത്തായ ഹീബ്രുഭാഷയിലേക്ക് പുതിയ സമൂഹം മിക്കവാറും പരിവർത്തിക്കപ്പെട്ടത്.

ഹീബ്രുവിന്റെ നിഘണ്ടു നിർമ്മാണത്തിലൂടെ മാത്രം, ആധുനികീകരണത്തിലൂടെയും മാനകീകരണത്തിലൂടെയും മാത്രം സാധിക്കുന്ന ഒന്നായിരുന്നില്ല അതിന്റെ വാമൊഴിവത്കരണം. ജൂതസമൂഹം അന്നുവരെ ഉപയോഗിച്ചിരുന്ന ഭാഷകളോട് എതിർപ്പ്, പലപ്പോഴും വെറുപ്പുതന്നെ രൂപപ്പെടുത്തേണ്ടത് ആവശ്യമായിരുന്നു. എന്നാൽ ജൂതരുടെ സ്വത്വത്തിന്റെ തന്നെ ഭാഗമായിരുന്നു ബഹുഭാഷകത്വം. രണ്ടാം യരുശലേം ദേവാലയ ഘട്ടത്തിനുശേഷം ഇതരസമൂഹങ്ങൾക്കിടയിലുള്ള അതിജീവനത്തിൽ, ബഹിഷ്കരണങ്ങളിൽ, പലായനങ്ങളിൽ ജൂതർ തങ്ങളെ തന്നെ വീണ്ടെടുത്തത് അവർ നിർമ്മിച്ച പുതിയ മൊഴിവഴക്കങ്ങളിലൂടെയും സാംസ്കാരികവ്യത്യാസങ്ങളിലൂടെയുമാണ്. മതപരവും ബൗദ്ധികവുമായ ആവശ്യങ്ങൾക്കു മാത്രമായി ഹീബ്രു ഒരു ന്യൂനപക്ഷം തുടർന്നുപോയപ്പോൾ ഇതരസമൂഹങ്ങളുമായി സംവദിക്കാൻ അതതു പ്രദേശങ്ങളിലെ മറ്റു ഭാഷകളും അവർ സ്വായത്തമാക്കി.

സ്പാനിഷ് ദേശരാഷ്ട്ര രൂപീകരണം പരമാവിധിയിൽ എത്തുന്നത് ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ ഏകാധിപത്യകാലത്താണ്.
സ്പാനിഷ് ദേശരാഷ്ട്ര രൂപീകരണം പരമാവിധിയിൽ എത്തുന്നത് ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ ഏകാധിപത്യകാലത്താണ്.

യഥാർത്ഥത്തിൽ ജൂതദേശീയവാദം സാംസ്കാരികമായ തുടർച്ചയായിരുന്നെങ്കിൽ അത് മറ്റുഭാഷകളെ പുറത്താക്കിക്കൊണ്ട് ഒരു ഏകഭാഷാരാഷ്ട്രമാകുമായിരുന്നില്ല എന്നാണ് ഫിഷ്മാൻ അഭിപ്രായപ്പെടുന്നത്. ഹീബ്രു ജൂതസമൂഹത്തിന്റെ ദൈനംദിന ഭാഷയായിത്തീരുന്നത് ജൂതവികാരം വളർത്തിക്കൊണ്ടും സ്ഥാപനങ്ങൾ വഴി ഏകഭാഷ അടിച്ചേൽപ്പിച്ചുകൊണ്ടും സ്വന്തം ജന്മഭാഷകളെക്കുറിച്ച് അവജ്ഞയുണ്ടാക്കിക്കൊണ്ടുമാണ്. “ജൂതന്റെ ഭാഷ  ഹീബ്രുവാണ്” (Ivrit hi sfat ha-am ha-Yehudi), “ഹീബ്രു ആത്മാവിന്റെ ഭാഷയാണ്” (Ivrit hi sfat ha ooma), “ഞാൻ എന്നേക്കുമായി ഹീബ്രുഭാഷയുടെ ദാസനായിരിക്കും” (Eved anochi l’ivrit lanetzach) തുടങ്ങിയ വചനങ്ങൾ ഹീബ്രു പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു.

ഒന്നും രണ്ടും ആലിയകൾ സിയോണിസ്റ്റ് ആശയങ്ങളിൽ പ്രചോദിതരായി ഇസ്രയേലിൽ എത്തിച്ചേർന്നവരായിരുന്നുവെങ്കിലും പിൽക്കാലത്ത് റഷ്യയിൽനിന്നും യൂറോപ്പിൽനിന്നും മറ്റും കുടിയേറിയവരിൽ വലിയ പങ്കും ജൂതവിരോധത്തിൽനിന്നും കൂട്ടക്കൊലകളിൽനിന്നും അഭയാർത്ഥികളായി എത്തിച്ചേർന്നവരായിരുന്നു. അവർ പലരും സിയോണിസ്റ്റ് പ്രത്യയശാസ്ത്രം പിൻപറ്റുന്നവരായിരുന്നില്ല. ഹീബ്രുഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്ക് അവർ പലപ്പൊഴും എതിരുനിന്നു.

രണ്ടാം ആലിയയുടെ കാലത്താണ് ഹീബ്രുഭാഷാ പഠനം ശക്തിപ്പെടുന്നതും ഹീബ്രു വികാരം പുതിയ തലമുറയിൽ ശക്തിപ്പെടുന്നതും സംഭാഷണഭാഷ എന്ന നിലയിൽ പതുക്കെ ഹീബ്രു വികസിക്കുന്നതും. ടെൽ അവീവിലെ ഹെർസ്ലിയ ഹീബ്രു ഹൈസ്കൂൾ അതിൽ വളരെ പങ്കു വിഹിച്ചിട്ടുണ്ട്. ജർമ്മൻ ജൂതരാൽ സ്ഥാപിക്കപ്പെട്ട ഹൈഫയിലെ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഹീബ്രു ബോധനമാധ്യമമാക്കാൻ 1913-ൽ സമരം നടത്തുന്നത് ഹീബ്രു സ്കൂളിലെ വിദ്യാർത്ഥികൾ ചേർന്നാണ്. 1920-കളിൽ അവിടത്തെ പൂർവവിദ്യാർത്ഥികൾ ചേർന്ന് ഹീബ്രു ഭാഷയുടെ പ്രചാരണത്തിനായി ഒരു ഭാഷാതീവ്രവാദസംഘം രൂപീകരിച്ചു. “ജൂതനെങ്കിൽ ജൂതഭാഷ സംസാരിക്ക്” എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. മറ്റു ഭാഷകൾ സംസാരിക്കുന്നവരെ അവർ അധിക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്തു. ജർമ്മൻ, ലാഡിനോ, യിദ്ദിഷ്, റഷ്യൻ ഭാഷകളിൽ സ്ഥാപിക്കപ്പെട്ട ബോർഡുകൾ നശിപ്പിക്കുക, ഹീബ്രു സംസാരിക്കുന്നവർക്കിടയിൽ തന്നെ ഇതരഭാഷാ പ്രയോഗങ്ങൾ, പദങ്ങൾ മുതലായവ തിരുത്തുക, യിദ്ദിഷ് പ്രസിദ്ധീകരണശാലകളിലും നാടകങ്ങളിലും പ്രഭാഷണപരിപാടികളിലും സിനിമാപ്രദർശനങ്ങളിലും അതിക്രമിച്ചുകയറി മുടക്കുകയും വാൻഡലൈസ് ചെയ്യുകയും ചെയ്യുക തുടങ്ങി നിരവധി അക്രമപ്രവർത്തനങ്ങളാണ് ഇവർ നടത്തിവന്നത്. 1927-ൽ ഹീബ്രു സർവകലാശാലയിൽ യിദ്ദിഷ് ചെയർ സ്ഥാപിക്കാനുള്ള ശ്രമം തടഞ്ഞതും ഈ ഭാഷാമൗലികവാദ സംഘമാണ്. വീട്ടിൽ പോലും ഹീബ്രു ഇതരഭാഷകൾ സംസാരിക്കുന്നത് തീവ്രസിയോണിസ്റ്റുകൾക്ക് അസഹ്യമായിരുന്നു.

ജർമ്മൻ സമൂഹവുമായുള്ള സഹജീവനത്തിൽ ഉടലെടുത്ത യിദ്ദിഷ് ആയിരുന്നു യൂറോപ്പിൽ, പ്രത്യേകിച്ച് ജർമ്മനി, റഷ്യ, പോളണ്ട്, ബാൾട്ടിക്, റൊമേനിയ തുടങ്ങി മദ്ധ്യയൂറോപ്പിലും കിഴക്കൻ യൂറോപ്പിലും വ്യാപിച്ചിരുന്ന അഷ്കനാസി ജൂതരുടെ പ്രധാന ഭാഷ. 19-ആം നൂറ്റാണ്ടിൽ ഒരു സെക്യുലർ എഴുത്തുഭാഷയെന്ന നിലയിൽ ജൂതനവോത്ഥാനം (Haskalah) ഹീബ്രുവിനെ മാറ്റിത്തീർത്തതുപോലെതന്നെ ജനകീയവും പുരോഗമനപരവുമായ എഴുത്തുഭാഷാപദവി യിദ്ദിഷും നേടിയെടുത്തിരുന്നു. റബ്ബാനിക് വിദ്യാഭ്യാസത്തിലൂടെ ഹീബ്രു സ്വായത്തമായ ചെറിയൊരു മേൽത്തട്ടായിരുന്നു ഹസ്കലാ ജ്ഞാനോദയത്തിന്റെ പിന്നിലെങ്കിൽ വളർന്നുവന്ന യിദ്ദിഷ് സാഹിത്യത്തിന്റെ വായനക്കാർ ദൈനംദിന സാമൂഹ്യസാമ്പത്തിക യാഥാർത്ഥ്യത്തോട് അടുത്തുനിന്ന ഒരു വിപുലമായ സമൂഹമായിരുന്നു. യിദ്ദിഷ് ആയിരുന്നു സിയോണിസ്റ്റുകളിൽ ബഹുഭൂരിപക്ഷത്തിന്റെയും മാതൃഭാഷ.

ഹീബ്രുഭാഷയുടെ വാമൊഴിവത്കരണമെന്നത് ഒരു മാതൃഭാഷ വീണ്ടെടുക്കൽ പ്രവൃത്തിയായിരുന്നില്ല, വംശീയമായ ലക്ഷ്യം നേടാനായി ജനിച്ചുവളർന്ന മാതൃഭാഷകളിൽനിന്ന് സ്വയം പറിച്ചുമാറ്റുന്ന ഒരു പ്രക്രിയയായിരുന്നു.

ഹീബ്രുഭാഷയുടെ വാമൊഴിവത്കരണമെന്നത് ഒരു മാതൃഭാഷ വീണ്ടെടുക്കൽ പ്രവൃത്തിയായിരുന്നില്ല, വംശീയമായ ലക്ഷ്യം നേടാനായി ജനിച്ചുവളർന്ന മാതൃഭാഷകളിൽനിന്ന് സ്വയം പറിച്ചുമാറ്റുന്ന ഒരു പ്രക്രിയയായിരുന്നു. ആധുനികഭാഷയെന്ന നിലയിൽ പൂർണ്ണസജ്ജമായിരുന്ന ജനകീയമായ യിദ്ദിഷിനെ അടിച്ചമർത്തുകയും അവഹേളിക്കുകയും ചെയ്തുകൊണ്ട് ഹീബ്രുവിനെ സ്വീകരിക്കുന്നത് വംശീയ വിശുദ്ധിയുടെ പ്രതീകമൂല്യംകൊണ്ടു മാത്രമായിരുന്നു. യിദ്ദിഷ് വെറും ജീർണ്ണവും ഗ്രാമ്യവുമായ പടുമൊഴിയായി, സ്ത്രൈണതയുള്ള ഭാഷയായി, വൈദേശിക അടിമത്തത്തിന്റെ ഭാഷയായി തരം താഴ്ത്തപ്പെട്ടു. മറ്റെല്ലാ ദേശീയവാദങ്ങളിലെയും പോലെ സിയോണിസ്റ്റ് ആണത്തത്തിന്റെയും ആധുനികതയുടെയും പാരമ്പര്യത്തിന്റെയും പ്രതീകമായി ഹീബ്രു മാറി. ആര്യൻ രക്തശുദ്ധിവാദം ജൂതരക്തശുദ്ധിവാദമായി പരിണമിച്ചപ്പോൾ കലർപ്പില്ലാത്ത ഭാഷയെന്ന വ്യാജാഭിമാനവും ഹീബ്രുവിനോട് ചേർക്കപ്പെട്ടു. (യഥാർത്ഥത്തിൽ ജൂതരുടെ വംശീയമായ ഏകത മറ്റേതൊരു വംശശുദ്ധിവാദം പോലെയും അസംബന്ധമാണെന്ന് റെനാൻ മുതൽ പേർ സമർത്ഥിച്ചിട്ടുണ്ട്.) ജനകീയമായ യിദ്ദിഷ് ഭാഷയെ തിരസ്കരിച്ചുകൊണ്ടാണ് മതകീയമായ ഹീബ്രു സ്ഥാനം പിടിക്കുന്നത്. സെക്യുലറാകുമ്പോൾ തന്നെ ദേശമെന്ന പ്രതീകത്തോട് വിശ്വാസപരമായ തീവ്രത മറ്റു ദേശീയവാദ പ്രസ്ഥാനങ്ങളെക്കാൾ ഹീബ്രുദേശീയവാദത്തിൽ സന്നിഹിതമാണ്. രണ്ടാം ലോക മഹായുദ്ധത്തിനു മുൻപ് ഒരു കോടിയിലേറെ യിദ്ദിഷ് ഭാഷക്കാരുണ്ടായിരുന്നതിൽനിന്ന് ലോകജനസംഖ്യ മൂന്നു മടങ്ങ് വർദ്ധിച്ചപ്പോൾ യിദ്ദിഷ് ഭാഷകർ ഇന്ന് 6 ലക്ഷത്തോളം പേരായി ചുരുങ്ങിയതിൽ ഹീബ്രു ഭാഷാദേശീയതയ്ക്ക് ചെറുതല്ലാത്ത പങ്കുണ്ട്.

യിദ്ദിഷ് ഭാഷയുടെ അടിച്ചമർത്തലിലൂടെ അഷ്കനാസി ചരിത്രത്തെക്കൂടി മായ്ച്ചു കളയുകയായിരുന്നു. സമാനമായിരുന്നു മിസ്രാഹി ജൂതരുടെ അറബ് ബന്ധങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമവും. ഇറാഖ്, മൊറൊക്കോ, യെമൻ തുടങ്ങി അറബ് രാജ്യങ്ങളിൽനിന്നുള്ള ജൂതരാണ് മിസ്രാഹി എന്ന് അറിയപ്പെടുന്നത് (യൂറോപ്പ് ഇതര പ്രദേശങ്ങളിൽനിന്ന്—കേരളത്തിൽനിന്ന് അടക്കം—ഉള്ള ജൂതരെ വിശേഷിപ്പിക്കുന്ന ഒരു പദമായും ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്). അറബ് ഭാഷകൾ ഫലസ്തീനികളാകട്ടെ മിസ്രാഹി ജൂതരാകട്ടെ സംസാരിക്കുന്നത് യിദ്ദിഷ് ഭാഷ സംസാരിക്കുന്നതുപോലെതന്നെ എതിർക്കപ്പെട്ടിരുന്നു. ഇറാഖിൽനിന്ന് ഇസ്രയേലിലേക്കും പിന്നീട് അമേരിക്കയിലേക്കും കുടിയേറിയ അറബ് ജൂത സാമൂഹ്യശാസ്ത്രജ്ഞയായ എല്ല ഹബീബ ഷൊഹാറ്റ് എങ്ങനെയാണ് ഹീബ്രുഭാഷാ സ്കൂളുകൾ ജൂതർ x അറബ് എന്ന വിരുദ്ധദ്വന്ദ്വത്തെ നിർമ്മിച്ചെടുത്തതെന്നും അറബ് ഭാഷ അവഹേളിക്കപ്പെട്ടതെന്നും അറബ് ജൂതർ സാംസ്കാരികമായി അരികുവത്കരിക്കപ്പെട്ടതെന്നും തന്റെ പഠനങ്ങളിൽ വിവരിക്കുന്നുണ്ട്. “ശത്രുവിന്റെ ഭാഷ സംസാരിക്കുന്നവർ” എന്ന നിലയിൽ സ്വന്തം ഭാഷകൾ ഉപേക്ഷിക്കാൻ അവർ നിരന്തരം നിർബന്ധിക്കപ്പെട്ടു. യൂറോപ്പിൽ ജൂതർ വംശീയമായി വിവേചിക്കപ്പെട്ടപ്പോൾ അറബ് സമൂഹങ്ങളുമായി ജൂതർക്ക് കൂടുതൽ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇറ്റാലിയൻ ഭാഷയെ ‘ജനകീയ’മാക്കുന്നത് മുസ്സോളിനിയാണ്.
ഇറ്റാലിയൻ ഭാഷയെ ‘ജനകീയ’മാക്കുന്നത് മുസ്സോളിനിയാണ്.

ഇംഗ്ലീഷിനെതിരെ പരാതിയായി ഉന്നയിക്കപ്പെടുന്ന അതേ ഇമേർഷൻ പദ്ധതിയാണ് (ഹീബ്രുവിൽ മാത്രം ഹീബ്രു) 1890-കളിൽ ആരംഭിച്ച ഹീബ്രു സ്കൂളുകളിൽ നടപ്പിലാക്കപ്പെട്ടത്. 1948-ൽ ഇസ്രയേൽ സ്ഥാപിക്കപ്പെട്ടതിനെ തുടർന്ന് കുടിയേറിവന്നവരെ എത്രയും വേഗം ഹീബ്രുവിലേക്ക് പരിവർത്തിപ്പിക്കാൻ രൂപീകരിച്ച ‘ഉൽപൻ’ രീതിയും ഇതിന്റെ തുടർച്ചയായിരുന്നു. കുടിയേറിയവരെ വൈകാരികമായും സാംസ്കാരികമായും ജൂതവത്കരിക്കുന്ന പ്രക്രിയകൂടിയായിരുന്നു ഈ സംവിധാനം. ഹീബ്രുവിനെ അംഗീകരിപ്പിക്കുന്നതിനായി ഡേവിഡ് ബെൻ-ഗുരിയോണിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ഗവണ്മെന്റ് വൈവിധ്യപൂർണ്ണമായിരുന്ന ജൂതസാംസ്കാരികതകളെ ഇല്ലായ്മചെയ്ത് ഹീബ്രു ദേശീയവാദം നടപ്പിൽ വരുത്താനാണ് ശ്രമിച്ചത്. അധികാരത്തിൽ വന്ന ഉടനെ അദ്ദേഹം യിദ്ദിഷ് ഭാഷയിൽ ഇറങ്ങിയിരുന്ന പത്രങ്ങൾ, നാടകാവതരണങ്ങൾ തുടങ്ങിയവ നിരോധിക്കുന്നുണ്ട്. ഇതരഭാഷകളെ ഇകഴ്ത്തുന്ന സമീപനം ഭരണകൂടം നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. കുടിയേറി വരുന്ന ജൂതർക്ക് പുതുതായി നിർദ്ദേശിക്കപ്പെട്ട പേരുകൾ സ്വീകരിക്കാനുള്ള സമ്മർദ്ദം ശക്തമായി. ഉദ്യോഗ-സൈനികമേഖലകളിൽ പേരു മാറാൻ നിർബന്ധിക്കപ്പെട്ടു. അതുവരെ തുടർന്നുവന്നതും പുതുതായി പിടിച്ചെടുത്തതുമായ സ്ഥലങ്ങളുടെ പേരുകൾ അറബിക്കിൽനിന്നും ഹീബ്രുവിലേക്ക് മാറ്റുന്നതിന് ഒരു കമ്മിറ്റിതന്നെ രൂപീകരിച്ചു. ഒരു ഏകീകൃത ദേശീയതയ്ക്ക് ഭീഷണിയായാണ് ഇതരഭാഷകളെ പുതിയ ദേശ-രാഷ്ട്രം സമീപിച്ചത്. ഹീബ്രു പഠനത്തെ നിർബന്ധിത സൈനികസേവനത്തിന്റെ ഭാഗമാക്കുകയായിരുന്നു പുതുതായി കുടിയേറിയവരെ ഹീബ്രുവിലേക്ക് പരിവർത്തിപ്പിക്കാൻ ഗവണ്മെന്റ് കണ്ടെത്തിയ മറ്റൊരു വഴി. അതിനായി 1949-ൽ തന്നെ ഓപ്പറേഷൻ ഹീബ്രു (Mivtsa Ivrit) എന്ന പദ്ധതി അവർ ആവിഷ്കരിക്കുകയുണ്ടായി.

അറബിൿ ഭാഷയെയും ഔദ്യോഗികഭാഷയാക്കിയതിനാൽ ഇസ്രയേൽ ഭാഷാമൗലികവാദികളല്ല എന്ന് പി. പവിത്രൻ തന്റെ പുസ്തകത്തിൽ പ്രസ്താവിക്കുന്നുണ്ട്. യിദ്ദിഷും അറബിയുമടക്കമുള്ള ഭാഷകളോട് സിയോണിസ്റ്റുകളും ഇസ്രയേലും വാസ്തവത്തിൽ സ്വീകരിച്ച സമീപനത്തെ മറച്ചുവെച്ചുകൊണ്ടേ ഇത് പറയാനാവൂ. ഇസ്രയേൽ മാൻഡേറ്ററി ഫലസ്തീനിലുണ്ടായിരുന്ന നയം തുടരാൻ നിർബന്ധിക്കപ്പെടുക മാത്രമായിരുന്നു. വസ്തുതകളുടെ അടിസ്ഥാനത്തിൽ അറബ് വംശജരും അവരുടെ ഭാഷയും ഭീമമായ അവഗണനയും വിവേചനവുമാണ് ഇസ്രയേലിൽ നേരിടേണ്ടിവരുന്നതെന്ന് ഫിഷ്മാൻ ഉൾപ്പെടെ നിരവധി പഠിതാക്കൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പൊതുവിടത്തിൽ അറബിൿ സംസാരിക്കുന്നവർ സംശയിക്കപ്പെടുന്നതിനാൽ ഭാഷാപരമായി സ്വയം സെൻസർ ചെയ്യാൻ നിർബന്ധിക്കപ്പെടുകയും അറബിക് ഭാഷാ പത്രങ്ങളും നിരന്തരം നിരീക്ഷണത്തിനും സെൻസറിങ്ങിനും വിധേയമാവുകയും ചെയ്യുന്നു. അറബിൿ സ്കൂളുകളിലും ഇസ്രയേലിലെ മിക്ക തൊഴിലിടങ്ങളിലും ഹീബ്രുഭാഷാവൈഗ്ധ്യം നിർബന്ധമാണ്. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലാകട്ടെ, ഹീബ്രുവാണ് പഠനമാധ്യമം. 2018-ൽ അറബിൿ ഭാഷയുടെ ഔദ്യോഗികഭാഷാ പദവി എടുത്തുകളഞ്ഞതോടെ അറബിൿ ഭാഷയോടുള്ള വിവേചനം നിയമപരമായിക്കൂടി മാറുന്നുണ്ട്.

ഹീബ്രു കേന്ദ്രിതമായ സിയോണിസം പലസ്തീനിൽ ശക്തി പ്രാപിക്കുമ്പോൾ തന്നെ ഡയസ്പോറ ജൂതരുടെ മുന്നേറ്റവും യൂറോപ്പിലും മറ്റും ശക്തിപ്പെടുന്നുണ്ട്.

സിയോണിസത്തിനെതിരായ പ്രതിരോധം

ഹീബ്രു കേന്ദ്രിതമായ സിയോണിസം പലസ്തീനിൽ ശക്തി പ്രാപിക്കുമ്പോൾ തന്നെ ഡയസ്പോറ ജൂതരുടെ മുന്നേറ്റവും യൂറോപ്പിലും മറ്റും ശക്തിപ്പെടുന്നുണ്ട്. ഇവയിൽ സിയോണിസ്റ്റ് വിരുദ്ധപക്ഷത്തുണ്ടായിരുന്ന പ്രസ്ഥാനങ്ങളാണ് ജൂത ലേബർ ബണ്ടും ഫോക്കിസ്റ്റ് പ്രസ്ഥാനവും.

റഷ്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനമായ General Jewish Labour Bund പ്രവർത്തിച്ചത് 1897 -1921 കാലത്താണ്. ജൂതവിരോധത്തെയും അതേ സമയം ഭ്രാന്തമായ ജൂതദേശീയവാദത്തെയും മതകേന്ദ്രീകരണത്തെയും ചെറുത്തുകൊണ്ടാണ് പാർട്ടി വികസിച്ചത്. ഉപരിവർഗ്ഗത്തിൽ വളർന്നുവരുന്ന സിയോണിസ്റ്റ്, മതാത്മക യാഥാസ്ഥിതികബോധ ചേരിയിൽനിന്ന് അവർ അകന്നുനിൽക്കുകയും സാറിസ്റ്റ് ഭരണത്തെ താഴെയിറക്കി വിശാലമായ ജനാധിപത്യ സോഷ്യലിസ്റ്റ് വിപ്ലവത്തിനായി കൈകോർക്കുകയും ചെയ്തു. 1921-ൽ പാർട്ടിയുടെ ഗണ്യമായ പങ്ക് കമ്യൂണിസ്റ്റ് പാർട്ടിയിൽ ലയിച്ചെങ്കിലും 1930-ലളുടെ മദ്ധ്യത്തോടെ സ്റ്റാലിൻ കൈക്കൊള്ളുന്ന ഏകഭാഷാദേശീയതയും മതദ്രോഹനടപടികളും സ്വത്വനിരാകരണത്തിലേക്കോ (assimilation) പലായനത്തിലേക്കോ നയിച്ചു. റഷ്യയെ തുടർന്ന് 1917-ൽ പോളണ്ടിലും ബണ്ട് സ്ഥാപിക്കപ്പെടുന്നുണ്ട്. എവിടെയോ അവിടെ തുല്യപൗരരായി ജീവിക്കാനുള്ള അവകാശം (ദോയികായ്റ്റ്) എന്ന ആശയമാണ് ബണ്ടുകൾ കൈക്കൊണ്ടത്. സിയോണിസം എന്നത് ബൂർഷ്വാ മുതലാളിത്ത ദേശീയവാദത്തിന്റെ ജൂതപതിപ്പാണെന്നും തൊഴിലാളിവർഗ്ഗചൂഷണത്തിനായി ഉപരിവർഗ്ഗത്തിനിടയിൽ രൂപപ്പെട്ട ഫാന്റസിയാണെന്നുമായിരുന്നു ബണ്ടുകളുടെ അടിസ്ഥാനപ്രമാണം. ഹീബ്രുഭാഷയുടെ വീണ്ടെടുക്കാനുള്ള ശ്രമത്തെയും സമ്പന്നരും വൈദികരുമായ ഒരു അഭിജാതവർഗ്ഗത്തിന്റെ ആവശ്യമായിട്ടാണ് അവർ കണക്കാക്കിയത്.

സിയോണിസത്തിനെതിരായ ബണ്ടുകളുടെ മതനിരപേക്ഷ പുരോഗമന സോഷ്യലിസ്റ്റ് ശക്തിയെയും ഫലസ്തീനിലെ യിദ്ദിഷ് ഭാഷയുടെ പ്രതിരോധത്തെയും ഒരുപോലെ ബാധിച്ച പ്രധാനസംഭവമായിരുന്നു ജർമ്മനിയിലെ ജൂതകൂട്ടക്കൊല. വംശഹത്യയ്ക്ക് വിധേയമായവരിൽ 85% യിദ്ദിഷ് ഭാഷകരായിരുന്നു. ബണ്ടുകളിലെ അംഗങ്ങളും വലിയ അളവിൽ കൊലയ്ക്കിരയായി. ശേഷിച്ചവർ ഇസ്രയേലിലേക്കും മറ്റു രാജ്യങ്ങളിലേക്കും പലായനം ചെയ്തു. പല രാജ്യങ്ങളിലും ബണ്ടുകൾ രൂപീകരിക്കപ്പെട്ടിരുന്നെങ്കിലും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പല ഘട്ടങ്ങളിലായി അവ നിലയ്ക്കുകയാണുണ്ടായത്.

ജനകീയമായിത്തീർന്ന ബണ്ടുകൾ സിയോണിസത്തിന് പ്രത്യാഘാതമാകുന്നുവെന്ന് തിരിച്ചറിഞ്ഞ വരേണ്യജൂതവർഗ്ഗം സിയോണിസ്റ്റ് ലേബർ പാർട്ടികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് അതിനെ ചെറുക്കുന്നത്. സിയോണിസത്തിൽ പ്രചോദിതരായ വലിയ വിഭാഗം തൊഴിലാളികൾ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അങ്ങനെ ഫലസ്തീനിൽ എത്തിച്ചേരുന്നുണ്ട്. അവരിൽ ചിലർ അഭ്യസ്തവിദ്യരായ മധ്യവർഗ്ഗവുമായി ചേർന്ന് ഗ്രാമീണ സോഷ്യലിസ്റ്റ് കിബുട്സുകൾ സ്ഥാപിക്കുന്നത് അങ്ങനെയാണ്. എത്നിക്കലായ ഉച്ചനീചത്വങ്ങളും സാംസ്കാരിക അതിവൈവിധ്യവും പരിഹരിച്ച് ഒരു ദേശീയസമൂഹത്തെ രൂപീകരിക്കുന്നതിനോടൊപ്പം ഹീബ്രു ദേശീയവാദത്തിന്റെ മറ്റൊരു ആവശ്യം യിദ്ദിഷ് ഭാഷയ്ക്ക് മേൽക്കൈയുണ്ടായിരുന്ന നഗര തൊഴിലാളിവർഗ്ഗത്തെ വരുതിയിൽ കൊണ്ടുവരിക എന്നതുകൂടിയായിരുന്നു. സിയോണിസം ജൂതവിരുദ്ധ യൂറോപ്യൻ ഭരണവർഗ്ഗത്തിന്റെകൂടി ആവശ്യമായിരുന്നു. ഒരു വശത്ത് ബണ്ടുകളെ അടിച്ചമർത്തുമ്പോൾ പണവും ആയുധവും നൽകി സിയോണിസ്റ്റ് കുടിയേറ്റത്തിന് ഒത്താശ നൽകി അവർ.

സംഘടിതരൂപമില്ലെങ്കിലും സിയോണിസത്തിൽനിന്ന് അകലം പാലിച്ചവരും സിയോണിസത്തിന്റെ വിമർശകരുമായ  വലിയ ജൂതസമൂഹം യൂറോപ്പിലും അമേരിക്കയിലും വ്യാപിക്കുന്നുണ്ട്. ദോയികായ്റ്റ് പക്ഷക്കാരായ ഇവർ ഡയസ്പോറ ജൂതർ, യിദ്ദിഷിസ്റ്റുകൾ ഇങ്ങനെ പല പേരുകളിലാണ് അറിയപ്പെടുന്നത്. അവരെ ഇസ്രയേലി വിവർത്തകനായ ഹില്ലേൽ ഹൽകിൻ (Hillel Halkin) വിമർശനത്തോടെ ഇങ്ങനെ വിലയിരുത്തുന്നു:

“‘പുരോഗമനപര’വും ഇടതുപക്ഷപരവുമായ കാര്യങ്ങളുമായി പറ്റുന്നത്ര സഖ്യങ്ങൾ രൂപീകരിക്കുന്നതിലാണ് ഡയസ്പോറ ജൂതരുടെ രാഷ്ട്രീയ താല്പര്യം. മുതലാളിത്തത്തിന്റെയും കൊളോണിയലിസത്തിന്റെയും വംശീയതയുടെയും മറ്റ് അനീതികളുടെയും ജൂതേതര ഇരകളുമായി ഐക്യപ്പെടുക എന്നത് മറ്റ് ജൂതരുമായി ഐക്യപ്പെടുന്നതിനേക്കാൾ പ്രധാനമാണെന്ന് അവർ കരുതുന്നു. മാത്രമല്ല, ജൂതർക്ക് പരമ്പരാഗതമായി കൂറുപുലർത്തുന്ന 'ക്ലാൽ യിസ്രായേൽ' (Klal Yisra’el) അഥവാ ജൂതസമുദായം എന്ന സങ്കൽപ്പത്തെപ്പോലും പ്രത്യയശാസ്ത്രപരമായ ചായ്‌വുകൾക്കനുസരിച്ച് ഇഷ്ടംപോലെ വെട്ടിക്കുറയ്ക്കാവുന്ന ഒന്നായി ഇവർ കാണുന്നു.”

നമ്മൾ ഇന്ത്യക്കാർ എന്ന ഒരു പൊതു സ്വത്വത്തെ സങ്കല്പിച്ചുകൊണ്ട് നാം ഒരു ദേശരാഷ്ട്രത്തെ വിഭാവനം ചെയ്യുന്നുണ്ട്. എന്നാൽ ആ ദേശരാഷ്ടം ഭാഷാപരമായി രൂപപ്പെട്ടതാണോ? അല്ല.
നമ്മൾ ഇന്ത്യക്കാർ എന്ന ഒരു പൊതു സ്വത്വത്തെ സങ്കല്പിച്ചുകൊണ്ട് നാം ഒരു ദേശരാഷ്ട്രത്തെ വിഭാവനം ചെയ്യുന്നുണ്ട്. എന്നാൽ ആ ദേശരാഷ്ടം ഭാഷാപരമായി രൂപപ്പെട്ടതാണോ? അല്ല.

ആധുനിക ദേശരാഷ്ട്രങ്ങൾക്ക്
അടിസ്ഥാനം ഭാഷയോ?

ആധുനികദേശരാഷ്ട്രങ്ങൾ ഭാഷാടിസ്ഥാനത്തിൽ രൂപപ്പെട്ടതാണെന്ന മലയാളപ്രസ്ഥാനികളുടെ വാദവും പരിശോധിക്കേണ്ടിയിരിക്കുന്നു.

ഒരു നിശ്ചിത ഭൂപ്രദേശത്ത് അധിവസിക്കുകയും ചില പൊതു സാംസ്കാരിക ഘടകങ്ങൾ പങ്കുവെക്കുകയും അതിന്റെ അടിസ്ഥാനത്തിൽ  ഒരു (രാഷ്ട്രീയ)ജനതയായി സ്വയം സങ്കല്പിക്കുകയും  ചെയ്യുന്ന ഒരു സമൂഹത്തെയാണ് പൊതുവേ ഒരു ദേശം എന്ന് വിളിക്കുന്നത്. ഇത്തരമൊരു ദേശീയതയുടെ അടിസ്ഥാനത്തിൽ രൂപംകൊണ്ട ഒരു പരമാധികാര രാഷ്ട്രത്തെയാണ് പരമ്പരാഗത അർത്ഥത്തിൽ ദേശരാഷ്ട്രം എന്ന് വിളിക്കുന്നത്. മോൺടിവിഡെയോ കൺവെൻഷനിൽ (1933) മുന്നോട്ടുവെക്കപ്പെട്ട 4 മാനദണ്ഡങ്ങളാണ് പൊതുവേ ഒരു രാഷ്ട്രത്തിന്റെ നിർവചനമായി  കൈക്കൊള്ളുന്നത്. ജനത, നിർണ്ണീതമായ അതിർത്തി, ഒരു ഭരണകൂടം, മറ്റ് രാഷ്ട്രങ്ങളുമായി ബന്ധംസ്ഥാപിക്കാനുള്ള ശേഷി ഇവയാണ് അവ. ഈ അടിസ്ഥാനത്തിൽ കേരളത്തെ ഒരു ഫെഡറേറ്റഡ് സ്റ്റേറ്റ് എന്ന് നിർവചിക്കാം. എന്നാൽ വാസ്തവികമോ പ്രഖ്യാപിതമോ ആയ പരമാധികാരം ഇല്ലാത്തതിനാൽ തന്നെ ഒരു ദേശരാഷ്ട്രം എന്ന നിർവചിക്കാൻ കഴിയില്ല. നാം ഉൾക്കൊള്ളുന്ന പരമാധികാര രാഷ്ട്രം ഇന്ത്യയാണ്. നമ്മൾ ഇന്ത്യക്കാർ എന്ന ഒരു പൊതു സ്വത്വത്തെ സങ്കല്പിച്ചുകൊണ്ട് നാം ഒരു ദേശരാഷ്ട്രത്തെ വിഭാവനം ചെയ്യുന്നുണ്ട്. എന്നാൽ ആ ദേശരാഷ്ടം ഭാഷാപരമായി രൂപപ്പെട്ടതാണോ? അല്ല.

യൂറോപ്യൻ കോളനീകരണത്തിന്റെയും കോളനിവിരുദ്ധ സമരത്തിന്റെയും ഫലമായി രൂപപ്പെട്ടുവന്നതും ഭരണഘടനയിലൂടെ ഉറപ്പിക്കപ്പെട്ടതുമായ ഒരു ദേശീയതയാണ് നമ്മുടേത് എന്നാണ് ചരിത്രകാരർ സ്വീകരിക്കുന്ന നിലപാട്. ഒരുപക്ഷേ ഏറിയും കുറഞ്ഞും ഈ സ്വതന്ത്ര്യ പോരാട്ടങ്ങളിലൂടെയാണ് ഭൂരിപക്ഷം ലോകരാഷ്ട്രങ്ങളും രൂപപ്പെട്ടിട്ടുള്ളത്. ഭാഷ അവയിൽ പലതിന്റെയും രൂപീകരണ യുക്തിയായിരുന്നില്ല. ഇന്ത്യപോലെ ചില രാജ്യങ്ങളിൽ പകരം ഉയർത്തിപ്പിടിക്കുന്ന ആശയമാണ് സാംസ്കാരികദേശീയത (ദേശീയതയ്ക്കൊരു ഭാഷായുക്തികൂടി ആവിഷ്കരിക്കാൻ ഹിന്ദുത്വവാദികൾ ശ്രമിക്കുന്നുണ്ട്, സംസ്കൃതത്തിന്റെ അടിസ്ഥാനത്തിൽ).

യഥാർത്ഥത്തിൽ (ഭാഷാടിസ്ഥാനത്തിലുള്ള) ദേശരാഷ്ട്രമെന്നത് യൂറോപ്യൻ കാല്പനികതയിൽ രൂപപ്പെട്ട ഒരു അധീശപ്രത്യയശാസ്ത്രമാണ് (യൂറോപ്യൻ ആണ് എന്നതുകൊണ്ടല്ല അതിനെ എതിർക്കുന്നത്—ജനാധിപത്യം, മതേതരത്വം ഒക്കെ യൂറോപ്പിൽ ഉണ്ടായവതന്നെയാണല്ലോ). അത്തരത്തിൽ അവതരിപ്പിക്കുന്ന ഭാഷാദേശീയതകൾ എല്ലാതും അധിനിവേശത്തെ തങ്ങളുടെ ഭാഷാഭിമാനത്തിന്റെയും ദേശാഭിമാനത്തിന്റെയും ഭാഗമായാണ് കണക്കാക്കിയത്. ഇവയെ സാമ്രാജ്യത്വ ദേശീയതകൾ എന്നുവിളിക്കാം. ഭാഷാപരമായ കേന്ദ്രീകരണം അവയുടെ അധിനിവേശത്തിന് പ്രേരണയും സഹായവുമായിരുന്നു. ഭാഷാദേശീയതയിൽനിന്നാണ് അവയുടെ സാമ്പത്തികവികാസം സാധ്യമായത് എന്ന നിരീക്ഷണങ്ങൾ (മലയാളത്തിന്റെ ഭാവി - കെ. സേതുരാമൻ) കൊളോണിയൽ ചൂഷണ സമ്പദ് വ്യവസ്ഥയെ അവഗണിച്ചു കൊണ്ടുള്ളതാണ്.

ഏകഭാഷാസമൂഹങ്ങൾ സ്വാഭാവികമാണ് എന്ന് കരുതുന്നത് അബദ്ധമാണ്. ഒരു രാഷ്ട്രീയാധികാരത്തിന്റെ (മതം, വിദ്യാഭ്യാസം, മാധ്യമങ്ങൾ etc) നിരന്തര നിരീക്ഷണമില്ലാതെ ദേശരാഷ്ട്രങ്ങൾ പോലുളള അസാധാരണ വലിപ്പമുള്ള അധികാരപരിധികളിൽ ഒരു ഭൂരിപക്ഷഭാഷ രൂപപ്പെടില്ല.

രാഷ്ട്രീയ അതിരുകൾ ഭാഷാസമൂഹങ്ങളെ മുറിച്ചുകടക്കരുതെന്നും ദേശീയവികസനത്തിന് ഭാഷാവൈവിധ്യം തടസ്സമാണെന്നുമുള്ള വിചാരങ്ങളാണ് യൂറോപ്യൻ ദേശീയവാദങ്ങൾ ഉല്പാദിപ്പിച്ചത്. അതിനാൽ തന്നെ വൈവിധ്യങ്ങളെ ഉരുക്കിവാർക്കുകയും ഒരു ദേശീയസംസ്കാരത്തെ അതിനുമേൽ ആരോപിക്കുകയും ചെയ്യുന്ന ശൈലി അവർ പിന്തുടർന്നു. രാഷ്ട്രീയ അതിരുകൾ പോലെതന്നെ ഭാഷകളുടെയും സംസ്കാരങ്ങളുടെയും അതിരുകളും വലിയ അളവിൽ ആധുനികത നിർമ്മിച്ചെടുത്തതാണ്. ആധുനികീകരണ പ്രക്രിയയുടെ ഫലമായാണ് നമ്മുടെ സമൂഹങ്ങളും കൂടുതൽ കൂടുതൽ ഏകഭാഷാസ്വഭാവത്തിലേക്ക് എത്തിയത്. കൊളോണിയൽ ഭരണകൂടങ്ങൾതന്നെ അവരുടെ ഭരണസൗകര്യത്തിന് ഏകഭാഷാ പ്രവണതകൾ വളർത്തുകയുണ്ടായി. ഉത്തരേന്ത്യയിലെ ഹിന്ദിയുടെ വ്യാപനവും വ്യവസ്ഥാപനവും ഉദാഹരണം. കൊളോണിയൽ ഭരണകൂടങ്ങളുടെ ഈ ഭാഷാനയങ്ങളെ ചുറ്റിപ്പറ്റിയാണ് ഏകഭാഷ ദേശീയൈക്യത്തിന് ആവശ്യമാണെന്ന തരത്തിൽ ഗാന്ധിയെപ്പോലുള്ളവർ ഹിന്ദി പ്രചരിപ്പിക്കുന്നത്. കുലീനസമൂഹത്തിന്റെ ഭാവനകളിൽനിന്ന് ദേശീയ ഭൂതകാലത്തിന്റെ ആദർശ രൂപങ്ങളും  നിർമ്മിക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരം ഭാഷാപരവും സാംസ്കാരികവുമായ കേന്ദ്രീകരണങ്ങളാണ് മിക്ക സമൂഹങ്ങളിലും നമ്മൾ കാണുന്നത്. ഇത്തരത്തിലൊരു ഭാവനാവികാസമാണ് കേരളത്തിലേതും.

ഏകഭാഷാസമൂഹങ്ങൾ സ്വാഭാവികമാണ് എന്ന് കരുതുന്നത് അബദ്ധമാണ്. ഒരു രാഷ്ട്രീയാധികാരത്തിന്റെ (മതം, വിദ്യാഭ്യാസം, മാധ്യമങ്ങൾ etc) നിരന്തര നിരീക്ഷണമില്ലാതെ ദേശരാഷ്ട്രങ്ങൾ പോലുളള അസാധാരണ വലിപ്പമുള്ള അധികാരപരിധികളിൽ ഒരു ഭൂരിപക്ഷഭാഷ രൂപപ്പെടില്ല. ഭാഷകൾ വേർതിരിയാൻ ഭൂമിശാസ്ത്രപരമായ തടസ്സങ്ങൾ ഒരു പ്രധാന കാരണമാണ്. ഒരു വിസ്തൃതമായ പ്രദേശത്തെ ഭൂമിശാസ്ത്ര തുടർച്ചകൾ ഒരു ഐഡിയൽ സന്ദർഭത്തിൽ ഭാഷാശൃംഖലകൾ ആണ് നിർമ്മിക്കുക. മനുഷ്യൻ സഞ്ചാരം ശീലമായ ഒരു ജീവിവർഗ്ഗമായതിനാൽ തന്നെ  ഏതൊരു ഭാഷാ സമൂഹവും ചരിത്രപരമായി ഇടകലർന്നിരുന്നു. ഭാഷകളുടെ പരിണാമത്തിനും വേർതിരിയലിന്നും ഇതരഭാഷാസമ്പർക്കങ്ങൾ ഒരു മുഖ്യകാരണമാണ്. ആധുനികതയാണ് മനുഷ്യ സഞ്ചാരങ്ങളെ തടയുന്ന സ്ഥായിയായ അതിർത്തികൾ നിർമ്മിക്കുന്നത്. പൗരത്വം പോലുള്ള നിയന്ത്രണ നയങ്ങൾ നിർമ്മിച്ച നിശ്ചലതകളാണ്  മനുഷ്യരെ ഭൂമിശാസ്ത്ര അതിർത്തികളിൽ തളച്ചത്. ഭാഷയുടെ നിരന്തരമായ മാറ്റവും വൈവിധ്യവും മനുഷ്യവികാസത്തിന് തടസ്സമായി വ്യാഖ്യാനിക്കപ്പെട്ടു. ഇത് തടയാനുള്ള ശ്രമമായാണ് വ്യാകരണങ്ങളും നിഘണ്ടുക്കളും ഉണ്ടാകുന്നത്. അച്ചടിയും വിദ്യാഭ്യാസവും ഉപകരണമാക്കപ്പെട്ടു.

ആധുനിക രാഷ്ട്രങ്ങൾ ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ടവയാണെന്നത് യൂറോകേന്ദ്രിത ബോധത്തിൽ ഉദിച്ച ഒരു തെറ്റിദ്ധാരണ മാത്രമാണ്. (ഭാഷാടിസ്ഥാനത്തിലുള്ള) ദേശരാഷ്ട്രങ്ങളുടെ മികച്ച മാതൃകകളായി അവതരിപ്പിക്കുന്ന യൂറോപ്പിലെ രാജ്യങ്ങൾ, ജപ്പാൻ, ചൈന ഇവ യഥാർത്ഥത്തിൽ ജനത ഒരു രാഷ്ട്രത്തിനു രൂപം നൽകുകയായിരുന്നില്ല, ഭരണകൂടത്തിന്റെയും വരേണ്യവിഭാഗത്തിന്റെയും കൈകാര്യകർത്തൃത്വത്തിൽ സാംസ്കാരിക സജാതീകരണം നടത്തി, ചിലപ്പോൾ ചെറുരാഷ്ട്രങ്ങൾ കൂട്ടിച്ചേർത്തും, രാഷ്ട്രത്തിന്റെ അതിർത്തികൾ നിർണ്ണയിക്കുകയായിരുന്നു. യൂറോപ്പിൽ തന്നെ ബെൽജിയം, സ്വിറ്റ്സർലന്റ്, ലക്സംബർഗ് തുടങ്ങിയ രാജ്യങ്ങൾ ഈ ബോധ്യത്തെ തിരുത്തുന്നതാണ്.

യൂറോപ്യൻ അധിനിവേശം അവസാനിപ്പിച്ച് ഏഷ്യയിലും ആഫ്രിക്കയിലും കരീബിയൻ ദ്വീപുകളിലും രൂപപ്പെട്ട രാജ്യങ്ങളിലാകട്ടെ, വിവിധ ജനവിഭാഗങ്ങളെ ഒരുമിച്ചുചേർത്ത് ഒരു ഒറ്റ സ്വത്വത്തെ നിർമ്മിച്ചെടുക്കുകയും ഭാഷാപ്രശ്നങ്ങളിൽ ഒരു തീരുമാനത്തിലെത്തുകയും പൊതുസംസ്കാരം രൂപപ്പെടുത്തുകയും  മറ്റും പ്രയാസകരവും പലപ്പൊഴും അസാധ്യവുമായ കാര്യമാകയാൽ ഈ പ്രശ്നങ്ങൾ ഏതവസ്ഥയിലായിരുന്നോ, പൊരുത്തക്കേടുകൾ എന്തുണ്ടായാലും, ഏറെക്കുറേ അങ്ങനെതന്നെ തുടരുന്ന ഒരു സമീപനമാണ് സ്വീകരിച്ചത്. അവയുടെ കൊളോണിയൽ അതിർത്തികളിൽ കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല (മെർക്കാറ്റർ ഭൂപടത്തിൽ വരച്ച വരകളാണ് വടക്കേ അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും സ്റ്റെയ്റ്റുകളുടെയും ആഫ്രിക്കൻ രാജ്യങ്ങളുടെയും അതിർത്തികൾ മിക്കവാറും!).

ഭാഷാദേശീയവാദത്തിന്റെ പശ്ചാത്തലത്തിൽ ഹീബ്രുഭാഷയെ പുനരുദ്ധരിക്കാനുള്ള ശ്രമങ്ങൾ മാത്രം പരിഗണയിലെടുക്കുമ്പൊഴും ഹിംസാത്മകമായ ഒരു ചരിത്രമാണ്  അതിനും പറയാനുള്ളത്.
ഭാഷാദേശീയവാദത്തിന്റെ പശ്ചാത്തലത്തിൽ ഹീബ്രുഭാഷയെ പുനരുദ്ധരിക്കാനുള്ള ശ്രമങ്ങൾ മാത്രം പരിഗണയിലെടുക്കുമ്പൊഴും ഹിംസാത്മകമായ ഒരു ചരിത്രമാണ്  അതിനും പറയാനുള്ളത്.

അധിനിവേശവും അതിനെതിരായ പ്രക്ഷോഭവും രൂപപ്പെടുത്തിയ ദേശീയതകളായാണ് കോളനിയനന്തര ദേശീയതകളെ കണക്കാക്കേണ്ടത്. സാംസ്കാരികവൈവിധ്യവും ഭാഷാവൈവിധ്യവുമാണ് അവയുടെ അടിസ്ഥാന സവിശേഷത. ഈ വൈവിധ്യം കൂടിയാണ് അധിനിവേശകരുടെ ഭാഷകൾ അവിടങ്ങളിൽ ഭരണനിർവഹണത്തിൽ തുടരാൻ കാരണം. ഭാഷാപരമായ സജാതീകരണത്തിനുള്ള ശ്രമമോ സാംസ്കാരികദേശീയവാദമോ ഈ സമൂഹങ്ങളിൽ രൂപപ്പെടുന്നതും അധിനിവേശത്തിന്റെ സങ്കീർണ്ണതകളുമായി ബന്ധപ്പെട്ടുകൂടിയാണ്. ഏതെങ്കിലും ഒരു തദ്ദേശഭാഷയെ ഭരണത്തിനായി ഉപയോഗിക്കുന്നത് സംഘർഷങ്ങൾക്ക് കാരണമാകുന്നു. കൊളോണിയൽ ചൂഷണത്തിന്റെ ഭാഷ എന്ന നിലയിൽനിന്ന് ദേശീയമായ ഐക്യത്തിന്റെയും വിമോചനത്തിന്റെയും ഭാഷ എന്ന നിലയിൽ കോളനി-കോളനിയനന്തരഘട്ടങ്ങളിൽ ഇവ മാറിത്തീരുന്നുണ്ട്. ഈ വ്യത്യാസത്തെ വിശദമായും സൂക്ഷ്മമായും പരിശോധിക്കാൻ യൂറോപ്യൻ പഠിതാക്കൾ തയ്യാറായിട്ടില്ല. കൂടുതൽ സങ്കലിതവും അതിദേശീയവുമായ കല്പിതസമൂഹങ്ങൾ സാധ്യമാണെന്നതാണ് കോളനിയനന്തരലോകം തെളിയിക്കുന്നതെന്ന് ഹോമി കെ. ഭാഭ ചൂണ്ടിക്കാട്ടുന്നു. ‘നവസാർവ്വദേശീയത’ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്.

ഇന്ത്യയടക്കം ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളെയും നിരാകരിച്ചുകൊണ്ടേ ആധുനിക ദേശരാഷ്ട്രങ്ങൾ ഭാഷാദേശീയതകളാണെന്ന് പറയാനാവൂ. 19-20 നൂറ്റാണ്ടുകളിൽ ഏഷ്യയിലും ആഫ്രിക്കയിലും രൂപംകൊണ്ട രാജ്യങ്ങൾ ബഹുഭൂരിപക്ഷവും ഏതെങ്കിലും ഭാഷയ്ക്ക് ഭൂരിപക്ഷമില്ലാത്തവയാണ്. ജപ്പാൻ, കൊറിയ, മംഗോളിയ, വിയറ്റ്നാം, തുർക്കി, മഡഗാസ്കർ തുടങ്ങി വിരലിലെണ്ണാവുന്ന രാജ്യങ്ങൾ മാത്രമാണ് ഏതെങ്കിലും ഭാഷ 90 ശതമാനത്തിനുമേൽ സംസാരിക്കുന്നത്. 30%-നു മേൽ ഏതെങ്കിലും ഒരു ഭാഷ ഒന്നാം ഭാഷയായുള്ള രാജ്യങ്ങൾ പോലും പകുതിയിൽ താഴെയേ വരൂ. ഭാഷാദേശീയതകളെന്ന് വിളിക്കാവുന്ന രാജ്യങ്ങളിൽ തന്നെ മിക്കവയിലും 80% താഴെയാണ് അതതു ഭാഷകൾ മാതൃഭാഷയായിട്ടുള്ളത്. ഇൻഡോനേഷ്യയിൽ 10% ൽ താഴെയാണ് ദേശീയഭാഷയായ ബഹാസ ഇൻഡോനേഷ്യ ഒന്നാം ഭാഷയായിട്ടുള്ളവർ. ഈ ഭാഷതന്നെ കോളനീകരണത്തിന്റെയും അതിനെതിരായ ചെറുത്തുനിൽപ്പിന്റെയും സന്ദർഭത്തിൽ മലയ് ഭാഷയുടെ ഒരു മാനകൃകൃത വകഭേദമായി രൂപപ്പെട്ടതാണ്.

ഡെസ്മൺ ടുട്ടു ദക്ഷിണാഫ്രിക്കയെ വിശേഷിപ്പിക്കാൻ 1994-ൽ പ്രയോഗിച്ച ‘മഴവിൽ ദേശീയത’ എന്ന പ്രയോഗം ഈ വൈവിധ്യത്തെയും അവയുടെ കലർപ്പിനെയും തുടർച്ചയെയും കുറിക്കുന്നതാണ്. ഉപസഹാറൻ രാജ്യങ്ങൾ—നൈജീരിയയും കോംഗോയും പോലുള്ള വലിയ രാജ്യങ്ങളായാലും നിഗർ, സിയെറ ലിയോൺ പോലുള്ള ചെറുരാജ്യങ്ങളായാലും—നൂറു കണക്കിന് ചെറുഭാഷകൾ, സമൂഹങ്ങൾ ചേർന്നതാണ്. സൊമാലിയ, റുവാണ്ട, ബുറുണ്ടി, മഡഗാസ്കർ, ലെസോതോ, ബോട്സ്വാന, മധ്യാഫ്രിക്കൻ റിപ്പബ്ലിൿ, എസ്വാറ്റീനി തുടങ്ങി ഏതാനും രാജ്യങ്ങളിൽ മാത്രമാണ് ഒരു ഭൂരിപക്ഷഭാഷ നിലനിൽക്കുന്നത്. മറ്റു രാജ്യങ്ങളെല്ലാം നിരവധി ഭാഷകളെ ഔദ്യോഗികഭാഷകളായോ ദേശീയഭാഷകളായോ സ്വീകരിക്കുന്നവയാണ്. സ്വാഹിലിയും അറബിക്കും ഒരു പരിധിവരെ യൂറോപ്യൻ ഭാഷകളും ഈ അതിവൈവിധ്യത്തെ പരിഹരിക്കുന്ന ബന്ധഭാഷകളായാണ് നിൽക്കുന്നത്.

മറ്റെല്ലാ ദേശീയതകളും പോലെ മതദേശീയതകളും ഭൂരിപക്ഷ ന്യൂനപക്ഷ വിഭജനത്തെ ഉൾക്കൊള്ളുന്നവയാണ്. ഭാഷാദേശീയതകൾ പോലെതന്നെ ന്യൂനപക്ഷം ഇവിടെ രണ്ടാംകിട പൗരരാണ്

തീർച്ചയായും ചില രാജ്യങ്ങളിലെങ്കിലും ഭാഷാടിസ്ഥാനത്തിൽ ഭാഗികമായ ആന്തരിക രാഷ്ട്രീയവിഭജനങ്ങൾ സാധ്യമായിട്ടുണ്ട്. അവ ഭരണപരമായ സൗകര്യത്തിനും സാംസ്കാരികമായ പരസ്പരസഹകരണത്തിനും വേണ്ടിയാണ്. അത്തരം വിഭജനങ്ങൾ എത്രയോ അപൂർണ്ണമാണെന്നും ബഹുഭൂരിപക്ഷം സമൂഹങ്ങൾ ഈ വിഭജനങ്ങൾക്ക് പുറത്താണെന്നും അവരെക്കൂടി ഉൾക്കൊള്ളുന്നതിലൂടെ മാത്രമേ ജനാധിപത്യം സാധ്യമാകൂ എന്നും ഓർക്കേണ്ടതാണ്; ഭാഷാദേശീയതയെ മുൻനിർത്തിയുള്ള വ്യവഹാരങ്ങൾ ആത്യന്തികമായി ദേശത്തിന്റെ അപരങ്ങളെ നിർമ്മിക്കുകയും ഇല്ലാതാക്കുകയും ചെയ്യുമെന്നും.  ഇന്ത്യയിൽ സംസ്ഥാനങ്ങൾ ഭാഷാടിസ്ഥാനത്തിൽ നിർമ്മിക്കപ്പെട്ടവയാണെന്ന യുക്തിയും ഇതേ രീതിയിൽ പ്രശ്നകരമാണ്. ഭൂരിപക്ഷഭാഷയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച സംസ്ഥാനങ്ങൾ പകുതിയിൽ താഴെയേ വരൂ.

ഗോത്രത്തിനോ വംശത്തിനോ മതത്തിനോ ആധുനികദേശരാഷ്ട്രത്തിന്റെ രൂപീകരണമാകില്ല എന്ന യുക്തിയും പരിശോധിക്കേണ്ടതാണ്.

ഗോത്രം എന്നത് വളരെ ചെറിയ ജനസംഖ്യയാണ്. അതിനാൽത്തന്നെ ദേശരാഷ്ടങ്ങളുടെ അധികാരശക്തി ഒരു ഗോത്രത്തിനുണ്ടാവുകയില്ല. എന്നുവരികിലും ലോകത്തിലെ വിവിധരാജ്യങ്ങളിൽ അധിനിവേശം മൂലം കീഴടക്കപ്പെട്ട തദ്ദേശീയഗോത്രങ്ങൾ സ്വയംഭരണത്തിനും പരമാധികാരത്തിനും വേണ്ടി പോരാടുന്നുണ്ട്. അവയെ ഇന്ന് അന്താരാഷ്ട്രബന്ധങ്ങളിൽ നാലാം ലോകരാഷ്ട്രങ്ങൾ എന്ന സംജ്ഞയിൽ പരിഗണിക്കപ്പെടുകയും ചെയ്യുന്നു. 2007-ലെ Declaration on the Rights of Indigenous Peoples ഗോത്രസമൂഹങ്ങളുടെ പരമാധികാരത്തെ അംഗീകരിക്കുന്നതാണ്. ഗോത്രങ്ങൾ ചേർന്ന് ഭരിക്കുന്ന നിരവധി പരമാധിരാജ്യങ്ങൾ ലോകത്തുണ്ട്.

വംശത്തിന് ദേശരാഷ്ട്രമാകാനാകുമോ എന്ന ചോദ്യത്തിന് എന്താണ് വംശം എന്ന ചോദ്യത്തെ അഭിമുഖീകരിക്കാതെ ഉത്തരം നൽകാനാവില്ല. മനുഷ്യരെ വിവിധ വംശങ്ങളായി വിഭജിക്കാമെന്ന ഭൂതകാലസങ്കല്പത്തെ ഇന്ന് ശാസ്ത്രലോകം പിൻപറ്റുന്നില്ല (വംശീയകാഴ്ച്ചപ്പാടിൽ മലയാളിയെ സമീപിക്കുന്ന ഒരു ഗ്രന്ഥം ഭാഷാവാദികൾക്കിടയിൽനിന്ന് ഇവിടെ ഉണ്ടായിട്ടുണ്ട്.). വംശമെന്ന സാങ്കല്പികസ്വത്വത്തിന്റെ അടിസ്ഥാനത്തിൽ ഒരു രാഷ്ട്രം സാധ്യമാണോ എന്ന ചോദ്യത്തിന് ‘ഇസ്രയേൽ’ എന്ന് മറുപടി പറയാനാവും. ഭാഷാപരമായല്ല, വംശപരമായി (മതപരമായും) നിർവചിക്കപ്പെട്ട ഒരു രാജ്യമാണ് ഇസ്രയേൽ. ലോകത്തെവിടെയുമുള്ള ജൂതന് ഇസ്രയേലിൽ വംശീയമായ അവകാശമുണ്ട്. ഏതു ഭാഷ സംസാരിക്കുന്ന ജൂതനും മടക്കനിയമപ്രകാരം ഇസ്രയേൽ പൗരത്വം സ്വീകരിക്കാനാകും. ഹീബ്രുവെന്നത് ജൂതന്റെ വംശീയസ്വത്വത്തിന്റെ ഭാഗം മാത്രമാണ്.

സാമൂഹ്യശാസ്ത്രത്തിൽ പരിഗണനാവിഷയം എത് നിസിറ്റിയാണ്. ദീർഘകാലത്തെ സഹജീവനത്തിലൂടെ ഭാഷയും മറ്റ് സാംസ്കാരിക-ഭൂമിശാസ്ത്രയുക്തികളുംകൊണ്ട് തങ്ങൾ ഒരു പൊതു ഭൂതകാലത്തെ പിൻപറ്റുന്നവരാണെന്ന അനുമാനിക്കുന്ന സമൂഹമാണ് അത്. ഗോത്രസമൂഹത്തിന് സമാനമായ, എന്നാൽ എണ്ണംകൊണ്ട് ഏറെ വിപുലമായ കൂട്ടായ്മയാണത്. അതിന്റെ ഫ്രെയിം കൃത്യമായി നിർവചിക്കപ്പെട്ടിട്ടില്ല. ജാതികളും സമുദായങ്ങളും പ്രാദേശികസമൂഹങ്ങളും (മലബാറി, തെക്കൻ etc.) മുതൽ മലയാളി, ദ്രവിഡിയൻ, ഇന്ത്യൻ, സൗത്ത് ഏഷ്യൻ, ഏഷ്യൻ തുടങ്ങി അവ വിവിധ മാനദണ്ഡങ്ങളിൽ നിർവചിക്കാം. ഭാഷാദേശീയത തന്നെ എത്നിസിറ്റിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് മുന്നേ സൂചിപ്പിച്ചതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല.

ബെൻ- യെഹൂദ. 1879-ലാണ് ഹെർഡറുടെ കാല്പനികദേശീയതയിൽ പ്രചോദിതനായി ഹീബ്രുഭാഷയെയും ജൂതദേശത്തെയും ചേർത്തുവെച്ചുകൊണ്ട് ‘കത്തുന്ന പ്രശ്നം’ എന്നൊരു ലേഖനം വിയന്നയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഹാ-ശഹർ പത്രത്തിൽ ബെൻ- യെഹൂദ എഴുതുന്നത്.
ബെൻ- യെഹൂദ. 1879-ലാണ് ഹെർഡറുടെ കാല്പനികദേശീയതയിൽ പ്രചോദിതനായി ഹീബ്രുഭാഷയെയും ജൂതദേശത്തെയും ചേർത്തുവെച്ചുകൊണ്ട് ‘കത്തുന്ന പ്രശ്നം’ എന്നൊരു ലേഖനം വിയന്നയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഹാ-ശഹർ പത്രത്തിൽ ബെൻ- യെഹൂദ എഴുതുന്നത്.

ഇനി മതദേശീയതയെക്കുറിച്ച്: മറ്റെല്ലാ ദേശീയതകളും പോലെ മതദേശീയതകളും ഭൂരിപക്ഷ ന്യൂനപക്ഷ വിഭജനത്തെ ഉൾക്കൊള്ളുന്നവയാണ്. ഭാഷാദേശീയതകൾ പോലെതന്നെ ന്യൂനപക്ഷം ഇവിടെ രണ്ടാംകിട പൗരരാണ്. ഒരു മെച്ചമുള്ളത്, ഒരു ജന്മത്തിൽത്തന്നെ നിങ്ങൾക്ക് മതത്തിൽ പൂർണ്ണ അംഗത്വം ലഭിക്കുന്നു എന്നതാണ്. മതരാഷ്ട്രങ്ങൾ എന്നത് പൊതുവേ തദ്ദേശീയസമൂഹങ്ങളാണ് (അറബ് രാഷ്ട്രങ്ങൾ, ഇറാൻ etc.). അവരുടെ എത്നിസിറ്റിയുടെ മറ്റൊരു ഘടകമായാണ് മതം നിൽക്കുന്നത്. വിവിധ രാജ്യങ്ങൾ വിവിധ മതങ്ങളെ രാഷ്ട്രമതങ്ങളായി പ്രഖ്യാപിച്ചിടുണ്ട്, ഇംഗ്ലണ്ട് അടക്കം. ഇവയിൽ പലതും ജനാധിപത്യരാജ്യങ്ങളാണ്, ദൈവാധിപത്യരാജ്യങ്ങളല്ല, പാകിസ്താൻ അടക്കം. മതാത്മക ദേശീയതയ്ക്ക് (മറ്റു ദേശീയതാ യുക്തികളെപ്പോലെതന്നെ) നിരവധി പ്രശ്നങ്ങളുണ്ട്. എങ്കിലും അവയെ ദേശരാഷ്ട്രമെന്നു പരിഗണിക്കാനാവില്ല എന്നതിൽ ഒരു യുക്തിയുമില്ല.

ആധുനികദേശരാഷ്ട്രങ്ങളെ നിർണ്ണയിക്കുന്ന ഘടകങ്ങൾ പരിശോധിച്ച് ഏർണസ്റ്റ് റെനാൻ മുതൽ എറിൿ ഹൊബ്സ്ബാം വരെ ആധുനിക (ദേശ)രാഷ്ട്രത്തെ ഏതെങ്കിലും ഒരു ഘടകത്തെ മുൻനിർത്തി നിർവചിക്കാനാവില്ലെന്ന് സ്ഥാപിക്കുന്നുണ്ട്. ദേശരാഷ്ട്രത്തിന് ഒരു യുക്തി ആവശ്യമുണ്ടെങ്കിൽ അത് റെനാന്റെ വാക്കുകളിൽ, “ഒരുമിച്ച് ജീവിക്കാനും പങ്കുവെക്കാനുമുള്ള ദൈനംദിന സന്നദ്ധത”യാണ്. ഇച്ഛയെ എങ്ങനെ നിർണ്ണയിക്കുമെന്ന സങ്കീർണ്ണമായ പ്രശ്നം (ഒരു രാജ്യത്തിന്റെ ഭാഗമായി നിൽക്കാനുള്ള തീരുമാനത്തിനുമേലല്ല, സ്വന്തം ചുറ്റുപാടുകളുമായുള്ള ബന്ധത്തിന്റെ പുറത്താണ് മിക്ക മനുഷ്യരും ഒരു രാജ്യത്ത് തുടരുന്നത്.) നിലനിൽക്കുന്നുണ്ടെങ്കിലും അത് മാത്രമാണ് ഇന്ന് ലോകത്തുള്ള എല്ലാ രാഷ്ടങ്ങളെയും പരമാവധി ഉൾക്കൊള്ളുന്ന നിർവചനം. ദേശരാഷ്ട്രം എന്ന പദം ലോകരാജ്യങ്ങളെ മുൻനിർത്തി നോക്കുമ്പോൾ കൃത്യമായ നിർവചനത്തിന് വഴങ്ങുന്നതല്ല. ആധുനികമായ പരമാധികാര രാഷ്ട്രം എന്നു മാത്രമാണ് ഇന്ന് ആ വാക്കിന് അർത്ഥം. റെനാനും ‘നേഷൻ’ എന്ന വാക്ക് ഈ അർത്ഥത്തിലാണ് ഉപയോക്കുന്നത്. ഏറിയും കുറഞ്ഞും  സിവിൿ രാഷ്ട്രങ്ങളാണ് ആധുനികദേശരാഷ്ട്രങ്ങൾ. ഭാഷാദേശീയതകൾ എന്ന നിലയ്ക്ക് സമീപിക്കുമ്പോൾ നമ്മൾ അവിടങ്ങളിലെ മറ്റു ഭാഷകളെ, അവ സംസാരിക്കുന്നവരെ,  ഒരു ഏറ്റക്രമത്തിൽ സങ്കല്പിക്കുകയാണ്. സിവിൿ ദേശീയതയല്ലാതെ ഏതെങ്കിലും സാംസ്കാരികഘടകത്തിലൂന്നിയുള്ള എല്ലാ ദേശീയവാദവും സങ്കുചിതമാണ്.

എന്തുതന്നെയായാലും പലപ്പോഴും യാദൃച്ഛികമായി രൂപപ്പെടുന്ന അതിർവരമ്പുകളാണ്, ആന്തരികമായ എന്തെങ്കിലും സവിശേഷതയല്ല (തെരഞ്ഞെടുപ്പു പോലുമല്ല) ഒരു വ്യക്തിയുടെ രാഷ്ട്രീയമായ ടെറിറ്റോറിയൽ സ്വത്വത്തെ രൂപപ്പെടുത്തുന്നത്, രാജ്യമായാലും സംസ്ഥാനമായാലും. അവിടെയാണ് മലയാളികളും കേരളീയരും തമ്മിലുള്ള വ്യത്യാസം നിലകൊള്ളുന്നത്. കേരളീയ/ൻ (Keralite) എന്ന പദം ഒരു രാഷ്ട്രീയ സമൂഹത്തെയാണ് സൂചിപ്പിക്കുന്നത്. കേരളത്തെ ഒരു ഭാഷാദേശീയതയായി കണക്കാക്കുമ്പോൾ അത് പ്രാഥമികമായും ഒരു ഭൂരിപക്ഷസമൂഹത്തെ കേന്ദ്രത്തിൽ അവരോധിക്കുകയും ആ ഭൂരിപക്ഷം അപരത്വങ്ങളെ നിർമ്മിക്കുകയും നിർവചിക്കുകയും ചെയ്യും. ഭാഷാദേശീയവാദത്തിന്റെ സ്ഥാനത്ത് വിവിധ ഭാഷാസമൂഹങ്ങളെ തുല്യമായി പരിഗണിക്കുന്ന അവരുടെ ഭാഷകളെ കഴിയുന്നത്ര ഉൾക്കൊള്ളുന്ന ഒരു ഭാഷാജനാധിപത്യവും സിവിൿ ഐക്യവുമാണ് ആവശ്യം. ആ ജനാധിപത്യം വിവിധ ന്യൂനപക്ഷങ്ങളെ- ഭാഷാ ന്യൂനപക്ഷങ്ങളെ മാത്രമല്ല- ഭരണകൂടത്തിന്റെ പ്രഥമപരിഗണനയിൽ കൊണ്ടുവന്നേ സാധ്യമാകൂ. അത്തരമൊരു സിവിക് ദേശീയതയിൽ ജനത ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ വിഭജിക്കപ്പെടില്ല. അപരത്വത്തെ നിരന്തരം ഉല്പാദിപ്പിക്കുകയും അതിന്റെ പരിഹാരമായി ഭൂരിപക്ഷം ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുകയും നിർവചിക്കുകയും ഔദാര്യം കൊണ്ട് ചേർത്തുനിർത്തുകയും ചെയ്യില്ല. എല്ലാ മനുഷ്യരും ജനവിഭാഗങ്ങളും ഭരണഘടന നൽകുന്ന തുല്യനീതിയാൽ, സ്വാതന്ത്ര്യത്താൽ, സമത്വത്താൽ, സാഹോദര്യത്താൽ ബന്ധപ്പെടും.

തീർച്ചയായും സിവിൿ ദേശീയവാദവും കുറ്റമറ്റതല്ല. എന്നാൽ എത്നിൿ ദേശീയവാദങ്ങളെക്കാൾ അവ മെച്ചമാണ്. സിവിൿ ദേശീയതയുടെ പ്രധാന പ്രശ്നം ആധുനിക ദേശരാഷ്ട്രവ്യവഹാരത്തിന്റെ ചില പ്രശ്നങ്ങളെ അത് ബാക്കിവെക്കുന്നു എന്നതാണ്. പൗരസമൂഹമാണ് അതിന്റെ മുൻഗണനാവിഷയം. പ്രവാസികൾ, അഭയാർത്ഥികൾ, നാടോടികൾ  തുടങ്ങിയവർ ദേശരാഷ്ട്രസമൂഹങ്ങളുടെ അപരങ്ങളാണ്. ദേശീയവാദാനന്തരചിന്തകളുടെ പ്രധാനമേഖലയും അതാണ്. അതിരുകളും അപരതയുമില്ലാത്ത, വൈവിധ്യങ്ങളുടെ ഒരു വിശാലലോകം.

ഭാഷാദേശീയത കലർപ്പുകളെ ഇല്ലാതാക്കുകയും ഭാഷകളിലെ ആന്തരികവൈവിധ്യങ്ങളെ നിരപ്പാക്കുകയും ചെയ്തു. അച്ചടി തുടങ്ങിയവ ഇതിൽ പങ്കുചേർന്നു. ഈ ഭാഷാദേശീയതകൾ ഉപരിവർഗ്ഗതാല്പര്യങ്ങളാൽ പ്രചോദിതമായ ഏകഭാഷാ പ്രത്യയശാസ്ത്രങ്ങളായിരുന്നു.

യൂറോപ്പിലോ ഇസ്രായേലിലോ
മാതൃകയുണ്ടോ?

അധികാരസംഘർഷങ്ങളിലൂടെ ഭാഷയുടെ പദവിമൂല്യങ്ങളും അതിജീവനശേഷിയും നിരന്തരം മാറുന്നതാണ് യൂറോപ്പിൽ ദേശരാഷ്ട്രങ്ങൾ രൂപപ്പെടുന്നതിനു മുൻപ് കാണുന്നതെങ്കിലും ഭാഷാസമൂഹങ്ങളുടെ നിരന്തരചലനങ്ങളും കലർപ്പുകളും കൂടി ആ ഘട്ടത്തിന്റെ സവിശേഷതയാണ്. ഭാഷാദേശീയത കലർപ്പുകളെ ഇല്ലാതാക്കുകയും ഭാഷകളിലെ ആന്തരികവൈവിധ്യങ്ങളെ നിരപ്പാക്കുകയും ചെയ്തു. അച്ചടി തുടങ്ങിയവ ഇതിൽ പങ്കുചേർന്നു. ഈ ഭാഷാദേശീയതകൾ ഉപരിവർഗ്ഗതാല്പര്യങ്ങളാൽ പ്രചോദിതമായ ഏകഭാഷാ പ്രത്യയശാസ്ത്രങ്ങളായിരുന്നു. ഒരു ബഹുഭാഷാസമൂഹത്തിന് സ്വീകരിക്കാവുന്ന ഒരു മാതൃകയും യൂറോപ്പിലെ ഈ ഭാഷാദേശീയവാദങ്ങൾ മുന്നോട്ടുവെച്ചിട്ടില്ല (13-ാം നൂറ്റാണ്ടിൽ നോർമൻ ആധിപത്യം ആംഗ്ലോ-സാക്സണ് വഴിമാറിയിട്ടും 18-ാം നൂറ്റാണ്ടിന്റെ അന്ത്യംവരെ ഫ്രഞ്ചിനും ലത്തീനും ചില വിശേഷപദവികൾ തുടരുന്നുണ്ട് യു.കെ.യിൽ. അതിൽനിന്ന് അവർ നേരെ എടുത്തുചാടുന്നത് ഭാഷാ ഏകാധിപത്യത്തിലേക്കും കൊളോണിയലിസത്തിലേക്കുമാണ്. ഇതിലെന്തു മാതൃകയാണുള്ളത്?)

തികച്ചും ഭിന്നമായ പ്രശ്നവും കാലഘട്ടവും സാമൂഹ്യഘടനയും രാഷ്ട്രീയസന്ദർഭവുമാണ് നമ്മുടേത്. പതിനാറാം നൂറ്റാണ്ടിലെയോ യൂറോപ്പിലോ ഇരുപതാം നൂറ്റാണ്ടിലെ ഇസ്രയേലിലോ മലയാളത്തിന് മാതൃകയാക്കാൻ യാതൊന്നുമില്ലെന്നു മാത്രമല്ല, അവയുടേത് അപരവിദ്വേഷം നിറഞ്ഞതും ഹിംസാത്മകവുമായ ഉള്ളടക്കമാണ്. ഏകഭാഷാകേരളത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു പ്രസ്ഥാനത്തിന് യൂറോപ്പിലെ ഹിംസാത്മകമായ ഭാഷാമുന്നേറ്റങ്ങൾ പ്രചോദനമാകുന്നതിൽ അദ്ഭുതമില്ല. എന്നാൽ, എന്തുകൊണ്ടാണ് തങ്ങളുടേത് വംശീയവാദമല്ലെന്ന് വാദിക്കുന്ന ഇവർ ഹീബ്രുവിന്റെപോലെ ഒരു വംശീയമുന്നേറ്റത്തെ മാതൃകയായി പരിഗണിക്കുന്നത്, അതെത്ര ഭാഗികമായിട്ടാണെങ്കിലും, എന്ന് മനസ്സിലാകുന്നില്ല. (ഇന്ത്യയിൽ ഹീബ്രുവിനെ മാതൃകയാക്കാൻ ആഹ്വാനം ചെയ്യുന്ന ഒരു പ്രധാനവിഭാഗം സാംസ്കാരിക ദേശീയവാദികളാണ്. ഹിന്ദുത്വത്തിന്റെ ഭാഷായുക്തി സംസ്കൃതമാണ്, പലരും കരുതുന്നതുപോലെ ഹിന്ദിയല്ല.)

ഹീബ്രു ഭാഷാ പുനരുജ്ജീവനത്തെ ഭാഷാപുനരുജ്ജീവനത്തിന്റെ മാതൃകയായി പലരും ഉയർത്തിക്കാട്ടുകയും നിർദ്ദേശിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇതിന്റെ അപ്രായോഗികതയും അപകടങ്ങളും ഭാഷാശാസ്ത്രജ്ഞരും മറ്റും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പുനരുജ്ജീവനത്തിലോ ഭാഷാസൂത്രണത്തിലോ ഹീബ്രു മാതൃകയേയല്ലെന്ന് പല ഗ്രന്ഥങ്ങളിലും എഴുത്തുകളിലുമായി ജോഷ്വാ ഫിഷ്മാൻ ആവർത്തിക്കുന്നു. ഓരോ ഭാഷയുടെയും പ്രശ്നങ്ങൾ അതതുസമൂഹത്തിന്റെ സങ്കീർണ്ണതകളിലൂടെയാണ് സമീപിക്കേണ്ടത് എന്നതാണ് അദ്ദേഹത്തിന്റെ അനുഭവപാഠം. നാശത്തിന്റെ വക്കിലുള്ള ഒരു ഭാഷയെ തിരിച്ചുകൊണ്ടു വരുന്നത് എളുപ്പമുള്ള കാര്യമല്ല. ഒരു ഭാഷ മുകളിൽനിന്ന് നിയന്ത്രിക്കപ്പെടുമ്പോൾ മറ്റു  നിരവധി ഭാഷകൾ അപകടത്തിലാകുന്നുവെന്നും ഭാഷകൾ പരസ്പരം സഹായിച്ചുകൊണ്ടല്ലാതെ ഭാഷകളുടെ അതിജീവനം സാധ്യമല്ലെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം Can threatened Language be Saved എന്ന പഠനസമാഹാരം അവസാനിപ്പിക്കുന്നത്. ഇന്ത്യൻ ഭാഷകളെയും അവയുടെ ഭീഷണികളെയും പഠിച്ച ജി.എൻ. ഡേവിയും സമാനമായ ആശയങ്ങൾ മുന്നോട്ടുവെക്കുന്നു.

എല്ലാ ദേശീയവാദങ്ങളും എല്ലാ അർത്ഥത്തിലും അപരനെ നിർമ്മിക്കുകയും അപരത്വത്തിലൂടെ സ്വയം നിർമ്മിക്കുകയും ചെയ്യുന്ന വ്യവഹാരമാണ്. കൂടിപ്പോയാൽ അത് ചില അപരത്വങ്ങൾക്ക് ഔദാര്യത്തിന്റെ കൈ നീട്ടുമായിരിക്കും. ഈ യൂറോപ്യൻ മാതൃക പിന്തുടരുന്നതുകൊണ്ടാണ് മലയാള ഐക്യവേദിക്ക് കേരളം 97% മലയാളം സംസാരിക്കുന്ന പ്രദേശം എന്ന് വാദിക്കാനും അതിൽ അഭിമാനിക്കാനും കഴിയുന്നത്; തമിഴരും കന്നഡികരും ഗോത്രവിഭാഗങ്ങളും മാത്രമാണ് കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങൾ എന്നും അവർ പറയത്തക്ക ഭാഷാവിവേചനങ്ങളൊന്നും നേരിടുന്നില്ല എന്നും പ്രചരിപ്പിക്കുന്നത്; കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും മലയാളപഠനം നിർബന്ധമാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നത്.

യൂറോപ്യൻ വെർണാക്കുലറുകളുടെ വികാസത്തിൽ ഭരണകൂടങ്ങളുടെ ടോപ്-ഡൗൺ നടപടികളെ പ്രശംസിക്കുന്നതോടൊപ്പം 14-ാം നൂറ്റാണ്ടു മുതൽ അരിസ്റ്റോക്രസിയിനിന്നും മധ്യവർഗ്ഗത്തിൽനിന്നും ഉയർന്നുവന്ന ചോസർ മുതലുള്ള ചില എഴുത്തുകാരുടെയും ശാസ്ത്രചിന്തകരുടെയും സംഭാവനകൾകൂടി പി. പവിത്രൻ ഉദ്ധരിക്കാറുണ്ട്. എന്നാൽ അതിനു പിന്നിൽ പ്രവർത്തിച്ച സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ ഘടകങ്ങളെ അദ്ദേഹം അവഗണിക്കുകയും അവയുടെ സ്വാധീനത്തെ പെരുപ്പിച്ചു കാണിക്കുകയുമാണ്. വസ്തുതാപരമായ പിഴവുകളും ഇതു സംബന്ധമായ അദ്ദേഹത്തിന്റെ പ്രസ്താവനകളിൽ ധാരാളമുണ്ട്. മലയാളമടക്കം ഭാഷാസാഹിത്യങ്ങൾക്ക് സംസ്കൃതത്തിന്റെ ആധിപത്യത്തോട് ഇടഞ്ഞും ഇണങ്ങിയും വകിസിച്ച ചരിത്രജീവിതമുണ്ടായിരിക്കെ എന്തിന് യൂറോപ്പിനെ ചൂണ്ടണം എന്ന ചോദ്യവുമുണ്ട്.

യൂറോപ്യൻ രാജ്യങ്ങളിൽ ഭൂരിപക്ഷഭാഷകളെ രൂപപ്പെടുത്തിയ മറ്റൊരു പ്രക്രിയയുണ്ട്. ഒരു ബോട്ടം-അപ് പ്രക്രിയ. അത് സിവിക് സമൂഹരൂപീകരണത്തിൽ ജനങ്ങൾ പങ്കാളികളാവുകയും പൗരാവകാശങ്ങൾക്കും സാമൂഹ്യതുല്യതയ്ക്കും വേണ്ടി, ഫാഷിസത്തിനും ഏകാധിപത്യങ്ങൾക്കുമെതിരെ ഒക്കെ ഒന്നിക്കുകയും ചെയ്ത സന്ദർഭങ്ങളാണ്. ഇറ്റലിയുടെ സവിശേഷസന്ദർഭം മുൻനിർത്തി ഭാഷാവൈവിധ്യത്തിനു പ്രതിബന്ധമാവാതെ ഇത്തരമൊരു പൊതുഭാഷ അടിത്തട്ടിൽനിന്ന് രൂപപ്പെടേണ്ട ആവശ്യം ഗ്രാംഷി മുന്നോട്ടുവെക്കുന്നുണ്ട്. പ്രാദേശികസങ്കുചിതത്വത്തിനു പുറത്തുകടക്കാനും ദേശീയ- സാർവദേശീയബന്ധങ്ങൾ രൂപീകരിക്കാനും അത് ആവശ്യമുണ്ട്. ഒരു പൊതുഭാഷ എന്നത് പരസ്പരവ്യത്യാസത്തെ കവിഞ്ഞ് എല്ലാവർക്കും തങ്ങൾ നേരിടുന്ന അനീതികൾ ഉന്നയിക്കാനുള്ള സാധ്യതയാണ്. പക്ഷേ മലയാളം എന്ന പൊതുഭാഷ രൂപപ്പെടുന്നത് ജനാധിപത്യപ്രക്രയയ്ക്ക് വിധേയമാകാതെയാണ് എന്നും അതിനാൽ കേരളത്തിലെ ഭാഷാദേശീയവാദം നായർ സമുദായത്തിന്റെ രാഷ്ട്രീയതാല്പര്യങ്ങളിലൂടെയാണ് ഉയർത്തപ്പെട്ടത് എന്നും കെ.കെ. കൊച്ച് പറയുന്നുണ്ട്. ഭാഷ ഭൂരിപക്ഷത്തിന്റേതായിരിക്കുമ്പൊഴും അതിൽ പ്രാതിനിധ്യം എല്ലാവർക്കുമുണ്ടായില്ല.

ഇന്ത്യയ്ക്ക് ഒരു ദേശീയതയാകാൻ കഴിയില്ല എന്ന് അംബേദ്കർ പറയുന്നത് അതിന്റെ ലംബരൂപത്തിലുള്ള ശ്രേണീകരണത്തെ മുൻനിർത്തിയാണ്. മുകളിൽനിന്ന് ഏകഭാഷയെ ആരോപിക്കുമ്പോൾ അത് ഭാഗികമായി മറയ്ക്കപ്പെടുക മാത്രമാണ്. ഇന്ത്യയിലെ ഭാഷാപരമായ ശ്രേണീകരണത്തെ നിലനിർത്തുന്നത് ഈ സാമൂഹ്യശ്രേണീകരണം കൂടിയാണ്.  അതുതന്നെയാണ് നമ്മുടെ വൈജ്ഞാനികവികാസത്തിനും (‘ജ്ഞാനോദയം’) തടസ്സമായി നി(ൽക്കു)ന്ന ഒന്നാമത്തെ ഘടകം. ഈ പ്രശ്നത്തെ നേരെ തിരിച്ചിട്ടുകൊണ്ട് ഇന്ത്യയിലെ സാമൂഹ്യ-രാഷ്ട്രീയപ്രശ്നങ്ങൾക്ക് അടിസ്ഥാനമായി ഭാഷാപ്രശ്നത്തെ (മുഖ്യമായും ഇംഗ്ലീഷിനെ) അവരോധിക്കുകയും അതിന്റെ പരിഹാരവും ഭാഷയിലൂടെ എന്ന സിദ്ധാന്തം ചമയ്ക്കുകയും ചെയ്യുന്നത് അബദ്ധമാണ്.

ഇംഗ്ലീഷ് ഭാഷയുടെ മേൽക്കോയ്മ ഇല്ലാതാക്കാനാണല്ലോ യൂറോപ്യൻ മാതൃകകളെ മുന്നോട്ടുവെക്കുന്നത്. എന്നാൽ ഏതാണ്ട് ലോകത്തെ മറ്റെല്ലാ ഭാഷകളെയും ഏറിയും കുറഞ്ഞും പ്രതികൂലമായി ബാധിക്കുന്ന പ്രശ്നമാണ് ഇംഗ്ലീഷിന്റേത്. മുതലാളിത്തത്തിന്റെ ഭാഷ എന്നപോലെത്തന്നെ ബൗദ്ധികവിനിമയത്തിന്റെ ഭാഷ എന്ന നിലയിലും ബന്ധഭാഷ എന്ന നിലയിലും അത് എല്ലായിടത്തും ആധിപത്യം നിലനിർത്തുന്നു. അതിൽ കവിഞ്ഞ് ഒരു അപകടനിലയും മലയാളഭാഷയ്ക്ക് പ്രത്യേകമായില്ല. കോളനീകരണത്തെക്കാളും അമേരിക്ക കേന്ദ്രമായി രൂപപ്പെട്ട പുതിയ ലോകക്രമമാണ് ഈ അവസ്ഥയ്ക്ക് മുഖ്യകാരണം. ഭാഷാകേന്ദ്രിതമായ സാമ്രാജ്യത്വ ആണത്ത മൂലധനവാഴ്ച്ച (അതിന്റെ ഇന്ത്യൻ പ്രയോക്താക്കളായി ഒരു സവർണ്ണന്യൂനപക്ഷത്തെ വളർത്തുന്നതിൽ സഹായിച്ചു എന്നതാണ് കോളനീകരണത്തിന്റെ പങ്ക്).

എന്തുകൊണ്ട് ഏതെങ്കിലും മൂന്നാം ലോക കോളനിയനന്തര രാജ്യത്തിലെ, യൂറോപ്പിലെതന്നെ സ്കാൻഡിനേവിയൻ സമൂഹങ്ങളെപ്പോലെ മെച്ചപ്പെട്ട മാതൃകകളെ ഉദാഹരിക്കാൻ തയ്യാറാകാതെ അധിനിവേശരാജ്യങ്ങളെ മാത്രം ഭാഷാരാഷ്ട്രീയത്തിന്റെ മികച്ച മാതൃകകളായി പരിഗണിക്കപ്പെടുന്നു?

ഈ സങ്കീർണ്ണ ശ്രേണീകരണ വ്യവസ്ഥയ്ക്കെതിരായ ചെറുത്തുനിൽപ്പിലും വലിയൊരു പങ്ക് ഇംഗ്ലീഷ് ഭാഷയ്ക്കുണ്ട് എന്നതാണ് വൈരുദ്ധ്യം. ഇന്ത്യൻ സാഹചര്യത്തിൽ അസമവും വിവേചനപൂർണവുമായ സാമൂഹ്യഘടനയ്ക്കകത്ത് ബ്രിട്ടീഷ് ആധിപത്യത്തെ നിലനിർത്തുന്നതിനൊപ്പം വരേണ്യ ന്യൂനപക്ഷത്തിന്റെ ആധിപത്യത്തെ സാധൂകരിക്കുന്നതും ഇരട്ടിപ്പിക്കുന്നതുമായ ഒന്നായാണ് ഇംഗ്ലീഷിന്റെ നിയന്ത്രിതവിതരണം രൂപപ്പെട്ടത്. വർണ്യവർഗ്ഗം കൊളോണിയൽ അധികാരത്തിനെതിരെ ഒന്നിക്കുന്നതിലും ഫൂലേയെയും പൽപ്പുവിനെയും അംബേദ്കറിനെയും പോലുള്ളവരുടെ ജാതിവിരുദ്ധപ്രതിരോധത്തെ സാധ്യമാക്കിയതിലും ആ ഭാഷയ്ക്ക് വൈരുദ്ധ്യപൂർണമായ സ്ഥാനമുണ്ട്. സ്വാതന്ത്ര്യാനന്തരവും ഇന്ത്യയിലെ സവർണ്ണാധിപത്യത്തിന്റെയും പ്രതിരോധത്തിന്റെയും ഇരട്ടപ്പങ്കാളിയായി ആ ഭാഷയുണ്ട്. ബ്രാഹ്മണർ ഇംഗ്ലീഷിന്റെ അധികാരം തങ്ങളുടെ സാമൂഹ്യാധിപത്യം (യാഥാസ്ഥിതികരായിട്ടായാലും ഉത്പതിഷ്ണുക്കളായിട്ടായാലും)   ഉറപ്പിക്കുന്നതിന് ഉപയോഗിക്കുമ്പോൾ ദലിത്- ബഹുജൻ സമൂഹത്തിന്റെ കയ്യിൽ വ്യവസ്ഥയ്ക്കെതിരായ പ്രതിരോധത്തിന്റെ മൂലധനമായാണ് അത് പ്രവർത്തിക്കുന്നത്. നായർ സമൂഹം തന്നെ ബ്രാഹ്മണമേധാവിത്വത്തെ ചെറുക്കാൻ ഇംഗ്ലീഷിനെ ഉപയോഗിച്ചിട്ടുണ്ട്.

എന്തുകൊണ്ട് ഏതെങ്കിലും മൂന്നാം ലോക കോളനിയനന്തര രാജ്യത്തിലെ, യൂറോപ്പിലെതന്നെ സ്കാൻഡിനേവിയൻ സമൂഹങ്ങളെപ്പോലെ മെച്ചപ്പെട്ട മാതൃകകളെ ഉദാഹരിക്കാൻ തയ്യാറാകാതെ അധിനിവേശരാജ്യങ്ങളെ മാത്രം ഭാഷാരാഷ്ട്രീയത്തിന്റെ മികച്ച മാതൃകകളായി പരിഗണിക്കപ്പെടുന്നു? തികച്ചും ലളിതയുക്തികളിലും അതിവാദങ്ങളിലും ഊന്നിക്കൊണ്ടാണോ സങ്കീർണ്ണമായ ഭാഷാപ്രശ്നത്തെ സമീപിക്കേണ്ടത്? ഇംഗ്ലീഷ് തീർച്ചയായും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പക്ഷേ ഏകവിളത്തോട്ടങ്ങളുടെ ഒരു സമാഹാരമായി ലോകത്തെ സങ്കല്പിച്ചുകൊണ്ടാണോ അതിനെ പ്രതിരോധിക്കേണ്ടത്? ഓരോ സംസ്കാരങ്ങളും അതിന്റെ ടെറിറ്ററി രൂപീകരിക്കുകയും അവയ്ക്കകത്ത് സാംസ്കാരികവും ഭാഷാപരവുമായ തനിമയോടെ വർത്തിക്കുകയും ചെയ്യുക എന്ന ആശയം ഹെർഡറുടെ കാല്പനികദേശീയവാദത്തോട് ബന്ധപ്പെട്ടതും എത്നോപ്ലൂരലിസം എന്ന് അറിയപ്പെടുന്നതുമായ വലതുപക്ഷ ഉട്ടോപ്യയാണ്.

ആഫ്രിക്കയിലും കരീബിയനിലും ലാറ്റിനമേരിക്കയിലും രൂപപ്പെട്ട അപകോളനീകരണവാദവും രണ്ടാം ലോകയുദ്ധാനന്തരം യൂറോപ്പിലും അമേരിക്കയിലും ലോകമെമ്പാടും രൂപപ്പെട്ട ദേശീയതയോടുള്ള അവിശ്വാസവുമാണ് ബഹുസാംസ്കാരികതയുടെയും കലർപ്പിന്റെയും  പുതിയ ഭാഷാസമീപനങ്ങൾക്ക് രൂപം നൽകുന്നത്. അവ ഭൂരിപക്ഷം ന്യൂനപക്ഷമെന്ന ലംബതലത്തിലുള്ള അധികാരഘടനയെ ചോദ്യം ചെയ്യുന്നതും വ്യത്യസ്തതകളുടെ സഹവർത്തിത്വമെന്ന തിരശ്ചീനയുക്തിയെ സ്വീകരിക്കുന്നതുമാണ്. അവയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അവ പിൻതുടരുന്നത് ഭാഷാകേന്ദ്രിതമായ ഒരു വ്യവഹാരമല്ല, മർദ്ദിതരുടെ വിശാല ഐക്യമെന്ന സാമൂഹ്യനീതിയെസംബന്ധിച്ച കാഴ്ച്ചപ്പാടാണ് എന്നതാണ്. അതുകൊണ്ടാണ് സൗത്ത് ആഫ്രിക്കയ്ക്ക് ഫലസ്തീൻ ജനതയോട് ഐക്യപ്പെടാൻ സാധിക്കുന്നത്.

ഐജാസ് അഹമ്മദ്
ഐജാസ് അഹമ്മദ്

ബഹുഭാഷിത ആഘോഷിക്കപ്പെടുമ്പോൾ

ആധുനിക രാഷ്ട്രങ്ങളുടെ അനിവാര്യമായ ചില പ്രവർത്തന സജ്ജീകരണങ്ങളുണ്ട്. സുസ്ഥിരവും ക്ഷേമപൂർണ്ണവുമായ ഒരു സിവിൿ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനാവശ്യമായ മാർഗ്ഗരേഖകളും നയങ്ങളും സ്ഥാപനങ്ങളും അവയുടെ പ്രയോഗവത്കരണവും നടത്തിപ്പുമൊക്കെ ഉൾക്കൊള്ളുന്ന ഈ ഉള്ളടക്കത്തെ നേഷനിസം എന്നാണ് ജോഷ്വാ ഫിഷ്മാൻ വിളിക്കുന്നത്.   നേഷനിസം ചില നീക്കുപോക്കുകളും വിട്ടുവീഴ്ച്ചകളും ആവശ്യപ്പെടുന്നുണ്ടെങ്കിലും ദേശീയവാദം ഉല്പാദിപ്പിച്ച വൈകാരികവും അപരവിദ്വേഷപരവും അധിനിവേശാസ്പദവുമായ സമീപനമല്ല അതിന്റേത്. സാംസ്കാരികാധിപത്യം അതിന്റെ അജണ്ടയല്ല. രാഷ്ട്രീയമായ ഉദ്ഗ്രഥനം എന്ന പ്രശ്നം നേഷനിസത്തിന്റെ പ്രശ്നവും സാംസ്കാരികോദ്ഗ്രഥനം ദേശീയവാദത്തിന്റെ പ്രശ്നവുമാണ്. ‘ഔദ്യോഗികഭാഷ’ എന്നത് നേഷനിസത്തിന്റെ ആവശ്യവും ‘ദേശീയഭാഷ’ എന്നത് ദേശീയവാദത്തിന്റെ യുക്തിയുമാണ്. ഈ രണ്ട് പ്രശ്നങ്ങളും തമ്മിലുള്ള വിനിമയങ്ങൾ, സംഘർഷങ്ങൾ ആധുനികരാഷ്ട്രങ്ങളിലെല്ലാം തുടരുന്നുണ്ട്.

പൊതുഭാഷകൾ ആധുനികമായ അധികാരവിതരണത്തിനും ഐക്യത്തിനും സഹായമാകുമ്പോൾ തന്നെ അന്യവത്കരണത്തിനും (alienation) അപരവത്കരണത്തിനും (otherisation) കൂടി കാരണമാവുന്നുണ്ട്. സാങ്കേതികവിദ്യയുടെ വികാസം വിവിധ ഭാഷകളെ ഉൾക്കൊള്ളാൻ ഭരണകൂടത്തിന് കൂടുതൽ സാധ്യതനൽകുന്ന ഒരു കാലഘട്ടമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ രൂപപ്പെടുന്ന ഈ തിരിച്ചറിവുകളാണ് വിവിധ മനുഷ്യർ ഭാഷാപരമായും സാംസ്കാരികമായും ഇടകലർന്നു ജീവിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകൾ ഉയർന്നുവരാനും ദേശീയവാദം പോലെ ഹിംസാത്മക പ്രത്യയശാസ്ത്രങ്ങൾ ചോദ്യം ചെയ്യപ്പെടാനും കാരണം. ബഹുഭാഷാസമൂഹങ്ങൾ പരസ്പരം സഹിഷ്ണുത പുലർത്താൻ പഠിപ്പിക്കുന്നുവെന്നും ആധുനികചരിത്രത്തിൽ യുദ്ധങ്ങൾക്കും അധിനിവേശങ്ങൾക്കും നേതൃത്വം നൽകിയിട്ടുള്ളത് മിക്കവാറും ഏകഭാഷാസമൂഹങ്ങളാണെന്നും ഇന്ത്യയിലെ ഭാഷാവൈവിധ്യത്തെക്കുറിച്ച് പഠിച്ച ജി.എൻ. ഡേവി ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഭാഷാപ്രശ്നം മനുഷ്യരുടെ ജീവസന്ധാനപ്രശ്നങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഡേവി ആവർത്തിക്കുന്നു. മനുഷ്യരുടെ ഭാഷാപരമായ തിരഞ്ഞെടുപ്പുകൾ കേവലം ഭാഷാസ്നേഹത്താലല്ല, മറിച്ച് നിലനിൽപ്പും ഉപജീവനവുമായി ബന്ധപ്പെട്ട സാമൂഹിക-സാമ്പത്തിക ഘടനകളാലാണ് നിർണ്ണയിക്കപ്പെടുന്നത്. ചൂഷകപരമായ സാമൂഹിക ശ്രേണീകരണങ്ങളെയും വിഭവവിതരണത്തിലെ അസമത്വങ്ങളെയും കാണാതെ ഭാഷാപ്രശ്നത്തെ മാത്രമായി അടർത്തിമാറ്റി നടത്തുന്ന വ്യവഹാരങ്ങൾ അതിനാൽത്തന്നെ അപൂർണ്ണവും യാഥാർത്ഥ്യവിരുദ്ധവുമാണ്. കുടിയേറ്റങ്ങളുടെയും ഉച്ചഭാഷയോടുള്ള ആഭിമുഖ്യത്തിന്റെയും പ്രധാനകാരണം അസമമായ വിഭവവിതരണവും അസമത്വത്തെ നിലനിർത്തുന്നതും വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായ പരമ്പരാഗതമൂല്യ വ്യവസ്ഥയുമാണ്. അതിനെ അഭിസംബോധന ചെയ്യുന്നതിനു പകരം, അതിന്റെ ഉറവിടമായ ചൂഷകഘടനയെ ചോദ്യം ചെയ്യുന്നതിനു പകരം “കൊളോണിയൽ അടിമ”കളെന്നും “ആത്മവിശ്വാസമില്ലാത്ത ജനത”യെന്നും ഈ ‘ഭാഷാസ്നേഹികൾ’ ചൂഷിതരെ അധിക്ഷേപിക്കുന്നതാണ് നമ്മൾ കാണുന്നത്.

രണ്ട് ലോകയുദ്ധങ്ങളുടെ പശ്ചാത്തലത്തിലാണ് വ്യത്യസ്തതകളുടെ സഹവർത്തിത്വത്തെക്കുറിച്ച് നമ്മൾ വീണ്ടുവിചാരം ചെയ്യുന്നത്. മർദ്ദിതഭാഷാസമൂഹങ്ങൾ ഉയർത്തിക്കൊണ്ടുവന്ന പ്രതിരോധങ്ങളും ആധുനികതയുടെ നിരപ്പാക്കൽ യുക്തിയ്ക്കെതിരെ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഉണ്ടായിവന്ന ബൗദ്ധികവ്യവഹാരങ്ങളും അതിൽ പങ്കുവഹിച്ചു. ഹീബ്രു ഭാഷാപുനരുത്ഥാനമാതൃകയെ തള്ളിക്കളയുന്നതും ഭാഷാവകാശത്തെയും ഭാഷാവൈവിധ്യത്തെയും പുരസ്കരിക്കുന്നതും ബാലാവകാശം, പാരിസ്ഥിതികനീതി തുടങ്ങിയവയോട് കണ്ണിചേരുന്നതുമായ നിരവധി നയങ്ങൾ അന്താരാഷ്ട്രതലത്തിൽ ഉരുത്തിരിയുന്നത് 80-കളുടെ അവസാനവും 90-കളുടെ തുടക്കത്തിലുമാണ്.

വടക്കൻ അയർലണ്ടിന്റെ ഭരണാധികാരത്തിൽ നിരന്തരം യു.കെ. പാർലമെന്റ് ഇടപെടുന്നതാണ് യു.കെ.യുടെ ചരിത്രത്തിൽ നാം കാണുന്നത്. ചരിത്രപരമായ ഇടപെടലിന്റെ ഫലമായി വടക്കൻ അയർലണ്ടിന്റെ ഏതാണ്ട് 100%-വും ഇന്ന് ഇംഗ്ലീഷ് ഒന്നാം ഭാഷയായുള്ളവരാണ്.

യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ ഏകാധിപത്യഭരണകൂടങ്ങളിൽനിന്ന് മുക്തമായ ശേഷം ഭാഷാനയങ്ങളിൽ അയവുവരുത്തുന്നത് സൂചിപ്പിച്ചുവല്ലോ. 1992-ൽ യൂറോപ്യൻ യൂണിയന്റെ സ്ഥാപനത്തോടെയാണ് അതിന് ഒരു സംഘടിതസ്വഭാവം ഉണ്ടാകുന്നത്. യൂറോപ്പ് ഭാഷാദേശീയതകൾ നിർമ്മിച്ച അതിർവരമ്പുകൾ മറികടക്കുന്നതും അതിന്റെ തന്നെ കോളനീകരണത്തിനു വിധേയരായ സമൂഹങ്ങൾക്ക് ആശ്വാസം നൽകുന്നതുമായ സന്ദർഭമായിരുന്നു ഇത്. 1992 -ൽ യൂണിയൻ European Charter for Regional or Minority Languages പാസാക്കി. യൂറോപ്പിലെ ന്യൂനപക്ഷഭാഷകളെ അംഗീകരിക്കാനും അവയ്ക്ക് നിലനിൽക്കാനും വളരാനും ആവശ്യമായ പിന്തുണ നൽകാനും ചാർട്ടർ വ്യവസ്ഥചെയ്യുന്നു.

ബഹുഭാഷാലോകത്തെക്കുറിച്ചും കലർപ്പിനെക്കുറിച്ചും അതിനെ മുൻനിർത്തിയുണ്ടായ അന്താരാഷ്ട്ര നീക്കങ്ങളെക്കുറിച്ചും ഭരണകൂടങ്ങളുടെ സമീപനത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും ഒട്ടേറെ പറയാനുണ്ട്. യു.കെ.യുടെ ഏകഭാഷാനയത്തിൽ വന്ന ചില മാറ്റങ്ങൾ മാത്രം ഉദാഹരിക്കാം:

1967 വരെ വെയ്ൽസിലെ മുഴുവൻ നിയമങ്ങളും ഇംഗ്ലീഷ് നിയമമനുസരിച്ചും ഇംഗ്ലീഷ് ഭാഷയിലുമായിരുന്നു. നിയമങ്ങളൊന്നും തന്നെ വെയ്ൽസ് എന്ന് എടുത്തു പറയുകയുണ്ടായില്ല. ഇംഗ്ലണ്ട് എന്നാൽ വെയ്ൽസും ഉൾക്കൊള്ളുന്നതായിരുന്നു. 1967-ലെ വെൽഷ് ലാങ്ഗ്വേജ് ആക്റ്റ് വെൽഷ് ഭാഷയ്ക്ക് വെയ്ൽസിലെ കോടതിവ്യവഹാരങ്ങളിൽ പരിമിതമായ അംഗീകാരങ്ങൾ നൽകി.

1993–ലെ Welsh Language Act പ്രസ്തുത നിയമത്തെ വിപുലീകരിച്ചുകൊണ്ട് സർക്കാർ സംവിധാനങ്ങളിലും കോടതികളിലും ഇംഗ്ലീഷിനൊപ്പം വെൽഷ് ഭാഷയും ഉപയോഗിക്കാൻ അനുവദിച്ചു. 1999-ലാണ് വെയ്ൽസിനും സ്കോട്‌ലന്റിനും ഫെഡറൽ അധികാരങ്ങൾ നൽകുന്നതും വിട്ടുകൊടുക്കുന്നതും പ്രത്യേകം പാർലമെന്റുകൾ ഉണ്ടാകുന്നതും. ഭാഷാ വൈവിധ്യത്തെ അംഗീകരിക്കുന്ന ഒരു സമീപനമാണ് പുതിയ പാർലമെന്റുകൾ സ്വീകരിക്കുന്നത്. സ്കോട്‌ലന്റ് പാർലമെന്റ് സ്കോട്ടിഷ് ഗയ്‌ലിക്കിന്റെ സംരക്ഷണത്തിനായി 2005-ൽ പാസാക്കിയ Gaelic Language (Scotland) Act-ഉം 2016-ലെ വിദ്യാഭ്യാസചട്ടവും 2023-ലെ ഗയ്‌ലിൿ ഭാഷാ പദ്ധതിയും ചിഹ്നഭാഷയ്ക്കായി 2015-ൽ ഇറക്കിയ സൈൻ ലാങ്ഗ്വേജ് ആക്റ്റും ഒക്കെ  ഒക്കെ ഉദാഹരണം.

2014 സ്കോട്‌ലാന്റിൽ നടന്ന ഹിതപരിശോധനയിൽ 44.7% പേരാണ് സ്വതന്ത്ര സ്കോട്‌ലാന്റിനായി വോട്ടു ചെയ്തത്. ഇതിനെ തുടർന്ന് പലപ്പൊഴായി സ്കോട്ടിഷ് പാർലമെന്റിന്റെ അധികാരങ്ങൾ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ യു.കെ.യുടെ ഭാഗത്തുനിന്നുണ്ടായി. മറുപടിയായി 2015-ൽ സ്കോട്ടിഷ് പാർലമെന്റ് സ്കോട്സ് ഭാഷാനയം പ്രഖ്യാപിച്ചു. 2016 സ്കോട്‌ലന്റിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന സ്കോട്ടിഷ് നാഷണൽ പാർട്ടി സ്കോട്‌ലന്റിലെ 59-ൽ 56 സീറ്റും നേടിയാണ് ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

വടക്കൻ അയർലണ്ടിന്റെ ഭരണാധികാരത്തിൽ നിരന്തരം യു.കെ. പാർലമെന്റ് ഇടപെടുന്നതാണ് യു.കെ.യുടെ ചരിത്രത്തിൽ നാം കാണുന്നത്. ചരിത്രപരമായ ഇടപെടലിന്റെ ഫലമായി വടക്കൻ അയർലണ്ടിന്റെ ഏതാണ്ട് 100%-വും ഇന്ന് ഇംഗ്ലീഷ് ഒന്നാം ഭാഷയായുള്ളവരാണ്. ഭാഷയുടെ പേരിലല്ല, തങ്ങളുടെ ഭൂമിശാസ്ത്രപരവും ചരിത്രപരവും സാംസ്കാരികവും ഭരണപരവും സാമ്പത്തികവുമായ ബന്ധത്തിന്റെ പുറത്താണ് ഐറിഷ് ദേശീയത അവിടെ ശക്തിപ്പെടുന്നത്. 1998-ലാണ് വടക്കൻ അയർലണ്ടിന് സ്വന്തമായി ഒരു നിയമനിർമ്മാണസഭ ഉണ്ടാകുന്നത്.

2020-ലും 2022-ലുമായാണ് ഐറിഷ് ഭാഷയെ ഉത്തര അയർലണ്ടിലെ കോടതികളിൽ തിരിച്ചുകൊണ്ടുവരുന്നത്. 2022-ലെ Identity and Language (Northern Ireland) Act ഐറിഷ് ഭാഷയെയും ഉൽസ്റ്റർ സ്കോട്സ് ഭാഷയെയും അവിടത്തെ ന്യൂനപക്ഷഭാഷകളായി പ്രഖ്യാപിക്കുകയും ഭാഷാപരവും സാംസ്കാരികവുമായ സ്വാതന്ത്ര്യത്തിനായി കമ്മീഷണറെ നിയമിക്കുകയും ചെയ്തു.

ഭാഷാരാഷ്ട്രീയം എന്താകരുത് എന്നതിന്റെ മാതൃകയാണ് യൂറോപ്പിന്റെ ഭൂതകാലം നൽകുന്നത്. ഭാഷാദേശീയവാദം തകർത്ത ഭാഷാസമൂഹങ്ങളിൽനിന്ന് ഉയർന്നുവന്ന പ്രതിരോധങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഭരണകൂടങ്ങൾക്ക് തങ്ങൾ ചെയ്ത പാതകത്തെക്കുറിച്ച് ഉണ്ടാകുന്ന വീണ്ടുവിചാരങ്ങളിലും അതിന്റെ പാഠമുണ്ട്. ഭാഷാദേശീയവാദത്തെ രൂക്ഷമായി വിമർശിച്ച ങ്ഗൂഗി വാ തിയോങ്ങോയെയും ടോവ് സ്കുട്നാബ് കാൻഗാസിനെയും മറ്റും ഭാഷാദേശീയവാദത്തിന്റെ വക്താക്കളായി തെറ്റായി അവതരിപ്പിക്കാനാണ് ശ്രമം; ഭാഷാവകാശത്തെ ഭാഷാദേശീയവാദത്തിൽ സമീകരിക്കാനും. ഉൾക്കൊള്ളലിലൂന്നിയ ഒരു ഭാഷാരാഷ്ട്രീയമാണ് നമുക്കാവശ്യം. അതിന് നിലവിലുള്ള ഈ ഭാഷാകോളനീകരണത്തിന്റെ ആശയങ്ങളെ പുറന്തള്ളി കൂടുതൽ ജനാധിപത്യം കൈവരിക്കേണ്ടതുണ്ട്.

ജർമ്മൻ ജൂത ജ്ഞാനോദയ പ്രസ്ഥാനത്തിലെ പ്രമുഖ ചിന്തകർ
ജർമ്മൻ ജൂത ജ്ഞാനോദയ പ്രസ്ഥാനത്തിലെ പ്രമുഖ ചിന്തകർ

▮

പ്രധാന അവലംബങ്ങൾ:

-പി. പവിത്രൻ - മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം, മലയാള ഐക്യവേദി, 2014.

-കെ.കെ. കൊച്ച് – ഇടതുപക്ഷമില്ലാത്ത കാലം, ഡി.സി. ബുക്സ്, 2015.

-Ernest Gellner – Nations and Nationalism, Cornell University Press, 1983.

-Benedict Anderson – Imagined Communities: Reflections on the Origin and the Spread of Nationalism, Verso, 2006 [revised].

-Ernest Renan – On the Nation and the Jewish People, Verso, 2010.

-Gopal Balakrishnan (eds.) - Mapping the Nation, Verso, 1996.

-Aijaz Ahmad – In Theory: Classes, Nations, Literatures, Verso, 2000.

-Homi K. Bhabha - The Location of Culture, Routledge, 1994.

-Étienne Balibar - Politics and the Other Scene, Verso, 1997.

-Stephen Barbour, Cathie Carmichael (eds.) - Language and Nationalism in Europe, OUP Oxford, 2000.

-Antonio Gramsci - Selections from Cultural Writings (eds. David Forgacs & Geoffrey Nowell-Smith), Harvard University Press, 1985.

-Joshua A. Fishman, Charles A. Ferguson, Jyotirindra Das Gupta (eds.) – Language Problems of Devoloping Nations, Wiley, 1968.

-Joshua A. Fishman - Reversing Language Shift: Theoretical and Empirical Foundations of Assistance to Threatened Languages, Multilingual Matters Ltd., 1991.

-Joshua A. Fishman (eds.) – Can threatened Language be Saved:  Reversing Language Shift, Revisited: A 21st Century Perspective, Multilingual Matters Ltd., 2001.

-Yitzhak Conforti - Zionism and Jewish Culture: A Study in the Origins of a National Movement, Academic Studies Press, 2024.

-Rachel Rojanski - Yiddish in Israel: A History, Indiana University Press, 2020.

-Ella Habiba Shohat - On the Arab-Jew, Palestine, and Other Displacements: Selected Writings of Ella Shohat, Pluto Press, 2017.

-Hillel Halkin – A Complicated Jew: Selected Essays, Post Hill Press, 2021.

-YIVO archives (www.yivo.org) and Esor Ben-Sorek’s blogs in timesofisrael.com

-Interviews of G.N. Devy available on internet

-Speeches of P. Pavithran available on YouTube.


Summary: Sreenath V.K. analyses Zionism, which emerged in the late 19th century, and its Hebrew-based nation-building model.


ശ്രീനാഥ് വി.കെ.

കാലടി സംസ്കൃത സർവ്വകലാശാലയിൽ ഭാഷാഗവേഷകൻ. ഗസ്റ്റ് ലക്ചററായി ജോലിചെയ്യുന്നു. മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് മലയാളത്തിലും ദൽഹി സർവകലാശാലയിൽനിന്ന് ഭാഷാശാസ്ത്രത്തിലും ബിരുദാനന്തരബിരുദം.

Comments