കവിത ഒരു കലാരൂപമെന്ന നിലയിലും ജ്ഞാനരൂപമെന്ന നിലയിലും എങ്ങനെ പ്രവർത്തിക്കുന്നു എന്നത് താൽപര്യമുളവാക്കുന്ന വിഷയമാണ്. കവിതയിൽ ജീവശ്വാസം കൊരുത്തുപോയ ഏതൊരാൾക്കും വെറും വ്യക്തിയെന്ന നിലയിൽ തന്നെ ചുരുക്കിക്കാണുന്നതിനപ്പുറം കാലങ്ങളായി സർവ്വജീവജാലങ്ങളും മനുഷ്യരുമുൾപ്പെടുന്ന പ്രകൃതിയിൽ ഉരുവാർന്ന് സമൂഹത്തിൽ ചലനാത്മകമായിരിക്കുന്ന ചിന്തകളുടെ തുടർച്ചയായി തന്നിലൂടൊഴുകിയെത്തുന്ന രചനകളെയും കാണാൻ കഴിയും. അത്തരമൊരു കാഴ്ചയോടൊപ്പം തന്നെ രസകരമായൊരു പ്രവർത്തിയാണ് സമൂഹം സർഗ്ഗപ്രക്രിയയുടെ ഫലമായുണ്ടാകുന്ന ജൈവവസ്തു എന്ന നിലയിൽ കവിതയോടെങ്ങനെ പെരുമാറുന്നു എന്ന് നിരീക്ഷിക്കലും. ‘നല്ല കവിത’, ‘ചീത്ത കവിത’ എന്ന ദ്വന്ദ്വചിന്തകൾക്കപ്പുറം നല്ല വായനക്കാർ, മോശം വായനക്കാർ എന്നിങ്ങനെയുള്ള വിധി പ്രസ്താവങ്ങൾക്കപ്പുറം കവിത എഴുതലും വായിക്കലും അതായത് കവിതയെ അറിയൽ എന്ന പ്രക്രിയയിലധിഷ്ഠിതമായി അതിന്റെ ജീവിതം ശ്രദ്ധയോടെ പഠിക്കേണ്ടത് പരമപ്രധാനമാണ് എന്നു തോന്നുന്നു.
കവിത എവിടെ, എങ്ങനെ, എപ്പോൾ ജനിക്കുന്നു എന്നതും അതെങ്ങനെ ജീവിക്കുന്നു എന്നതും ഏറെ ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യരോടും മറ്റേതൊരു ജീവിയോടും സമാനമായ ഒരവസ്ഥയാണ് ഇക്കാര്യത്തിൽ കവിതയ്ക്കുമുള്ളതെന്ന് കാണാം. എന്നാൽ അവയിൽ നിന്ന് വ്യത്യസ്തമായ ചില രീതികളിൽ കവിതയ്ക്ക് കാലത്തിൽ സഞ്ചരിക്കാനാകുന്നു. പല കാലങ്ങളിൽ, വ്യത്യസ്തമായ രീതികളിൽ, വ്യത്യസ്തമായ ഇടങ്ങളിൽ പലതരം മനുഷ്യരോട് അതിനു മാത്രം കഴിയുന്ന തരത്തിൽ ചേർന്നുനിൽക്കാനാകുന്നു. അങ്ങനെ ജീവിക്കുന്ന കവിത ഒരു രാഷ്ട്രീയപ്രവർത്തനമാകുന്നു.
“Poetry is a political act because it involves telling the truth”
- June Jordan
അത്തരം ഒരു ജീവിതം ഒരു കവിതയ്ക്കുണ്ടാകണമെങ്കിൽ അത് ജീവിക്കുന്ന കാലഘട്ടത്തിന്റെ ആകുലതകളോട്, സാമൂഹിക സ്പന്ദനങ്ങളോട് സത്യസന്ധത പുലർത്തേണ്ടതുണ്ടെന്ന് മനസ്സിലാക്കാം. കവിത ഒരു കലാരൂപമെന്ന നിലയ്ക്കും ജ്ഞാന രൂപമെന്ന നിലയ്ക്കും പ്രസക്തമാകുന്നത് ഇത്തരം സത്യസന്ധമായ നിലപാടിൽ ഉറച്ചു നിൽക്കുമ്പോഴാണെന്നാണ് ഇതെഴുതുന്നയാൾ കരുതുന്നത്.
കവിതയുടെ ക്രാഫ്റ്റും
അതിന്റെ മാറ്റും
കവിതയുടെ നിർമ്മാണചാതുരിയുടെ പരസ്യങ്ങളും വാഴ്ത്തുപാട്ടുകളുമായി വേഷം മാറാറുള്ള എഴുത്തുകൾ കൊണ്ട് അതിന്റെ മറ്റെല്ലാ പരിമിതികളും മറച്ചുപിടിക്കുന്ന വ്യാഖ്യാനങ്ങൾ നമ്മുടെ സാഹിത്യലോകത്ത് ധാരാളമായി കാണാൻ കഴിയും. എന്നാൽ നിരന്തര പരിശീലനത്താൽ നേടിയെടുക്കുന്ന പണിത്തരത്തിന്റെ മിടുക്കിനേക്കാൾ സത്തയിൽ പുലർത്തുന്ന സത്യസന്ധതയാണ് ആദ്യം പറഞ്ഞ തരത്തിലുള്ള സാഹിത്യജീവിതത്തിനായി ഒരു കവിതയെ ബലപ്പെടുത്താനാവശ്യം. കവിതയിലെ കൊത്തുപണികൾ എത്ര ആകർഷകമായാലും അതിനോട് സംസാരിക്കാൻ തയ്യാറാകുന്നവരോട്, അവരുടെ ചിന്തകളോട് സംവദിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത്തരമൊരു രചനയ്ക്ക് ഒരു പക്ഷേ വാഴ്ത്തുപാട്ടുകൾ കേട്ടുറങ്ങാനും പിന്നീട് അപ്രസക്തമായി തീരാനുമേ കഴിയൂ. മനുഷ്യരോട് മിണ്ടാൻ കഴിയുന്ന കവിതകൾക്കേ ഏറെക്കാലം നാട്ടിലിറങ്ങി നടക്കാൻ കഴിയൂ എന്ന് സാരം.
മായയിൽ ചുറ്റിത്തിരിഞ്ഞ് പരമാത്മാവിൽ വിലയിക്കണോ അതോ പരബ്രഹ്മത്തെ കൊഞ്ഞനം കുത്തണോ എന്ന ധർമ്മസങ്കടത്തിൽപ്പെട്ട് മണ്ടയിലെ രേഖ ചൊറിഞ്ഞ് നിൽക്കുകയാണ് ജിജിക്കവിത
എന്നാൽ അൽപ്പനേരത്തേയ്ക്കുള്ള ആഘോഷങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നത് കൊണ്ട് മാത്രം ഒരു കവിത മികച്ച രചനയാകുന്നുമില്ല. പ്രത്യേകിച്ചും ആഘോഷങ്ങൾ ‘മാനേജ്ഡ് ഇവൻ്റ്സ്’ ആയി പരിണമിച്ചിട്ടുള്ള ഇക്കാലത്ത്. ആളുകൾ വെറുതെയൊരു സെൽഫി എടുക്കാനായി കൈയിൽപ്പിടിക്കുന്ന കടലാസു പൂക്കളുടെ അവസ്ഥയല്ല കവിതയ്ക്കുണ്ടാകേണ്ടത്. അന്നന്നത്തെ മേളകളിൽ ആഘോഷങ്ങൾക്ക് ശേഷം ഉപേക്ഷിക്കപ്പെടുന്ന മുഖംമൂടികൾക്കോ ഇടത്തരം കളിപ്പാട്ടങ്ങൾക്കോ കിട്ടുന്ന നിമിഷനേരത്തെ തിളക്കങ്ങളെ മറികടന്നുള്ള ഒരു ജീവിതം കവിത കാംക്ഷിക്കുന്നുണ്ട്.
കവിതാവായന:
ആഘോഷങ്ങൾ, വ്യാഖ്യാനങ്ങൾ,
വിമർശനങ്ങൾ
മലയാളിസമൂഹത്തിൽ ഇക്കാലത്ത് ഒരു കവിത ഏറെ ആഘോഷിക്കപ്പെടുന്നത് സന്തോഷകരമാണ്. അതേസമയം ആരവങ്ങളിൽ മുങ്ങിപ്പോകാത്ത സ്വതന്ത്ര നിരീക്ഷണങ്ങളും നമുക്കാവശ്യമാണ്. കവിതയെ അറിയുകയെന്നാൽ അതിനെ ലളിതവായനയെന്നും ആഴത്തിലുള്ള വായനയെന്നുമുള്ള ബൈനറികളിൽ തളച്ചിടലല്ല. മറിച്ച് വായന - ആസ്വാദനം - മനനം എന്നീ അവസ്ഥകളിൽ കൂടി പല ഘട്ടങ്ങളിൽ കടന്നുപോകുന്ന, അനവധി മാനങ്ങളുള്ളതും വളരെ ജൈവികവുമായ സാംസ്ക്കാരിക - രാഷ്ട്രീയ പ്രവർത്തനമാണ്.
“കല്ലിന്റെ കട്ടി ജിജി,
എല്ലിന്റെ മജ്ജ ജിജി”
എന്നിങ്ങനെ എന്തിന്റെയും സത്ത ജിജിയെന്ന് പേരിട്ട ഒന്നുമാകാമെന്നും അതെവിടെയുമുണ്ടെന്നും എന്തുമേതുമാകാമെന്നുമൊക്കെ കവി തമാശയായോ പരിഹാസമായോ പറഞ്ഞുപോകുന്നുവെന്നു കരുതി വിട്ടുകളയാവുന്ന ഒരു കവിത ആളുകൾ പലമട്ടിലെടുത്തുപയോഗിക്കുന്ന കാഴ്ചകളാൽ ബഹളമയമായിരുന്ന കഴിഞ്ഞ ദിവസങ്ങൾ കൗതുകമുണ്ടാക്കുന്നവയായിരുന്നു. ഒരു കവിതയ്ക്ക് പല വായനകൾ സാധ്യമാണല്ലോ.
നമ്പൂതിരി ഭാഷയുടെ ഭാഗമായിരുന്ന ‘കൊശവൻ’ എന്ന പദപ്രയോഗം, പറയന്റെയമ്പ്, പാണന്റെ പാട്ട് ഇതൊക്കെയും സവർണ ബോധത്തിലധിഷ്ഠിതമായ പഴയ കാലത്തിന്റെയാണ് എന്ന് പറയാതെ വയ്യ. അതായത്, സൂക്ഷിച്ചുനോക്കിയാൽ ഈ ജിജിയിൽ രണ്ട് ജി - കൾ മാത്രമല്ല, ഒരൊന്നൊന്നര 'ജീ' - അറിഞ്ഞോ അറിയാതെയോ ഒളിഞ്ഞിരിപ്പുണ്ടെന്ന് സാരം.
കവിത പരിശോധിക്കുമ്പോൾ കവി സ്വന്തം വിശദീകരണത്തിൽ അവകാശപ്പെടുന്നതുപോലെ ധ്വനിപ്പിക്കാൻ ശ്രമിക്കുന്നത് ബ്രഹ്മം / മായ എന്നിവയൊക്കെയാണെങ്കിൽ അതുചെയ്യുന്നതിൽ കവിയ്ക്ക് സംശയമൊന്നുമില്ലെങ്കിലും കവിതയ്ക്ക് നല്ല സംശയമുണ്ടെന്ന് കാണാൻ കഴിയും. കാരണം ഒരു വശത്ത് മായ / ബ്രഹ്മം എന്നൊക്കെയുള്ള ഭാരതീയ തത്വചിന്തയെന്നതിനേക്കാൾ നിലവിലിരിക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതിയുടെ സമൂർത്ത സാഹചര്യത്തിൽ സവർണ പൊതുബോധത്തിന് ബലം നൽകുന്ന ഒരാശയത്തെ കേന്ദ്രപ്രമേയമായി സ്വീകരിച്ച് അതിനെ വ്യക്തിവൽക്കരിക്കുകയും അതേസമയം അതിനെ പ്രപഞ്ചവൽക്കരിക്കുകയും ചെയ്യുകയാണ് എന്നവകാശപ്പെടുന്ന കവിത അതേ കാവ്യശരീരത്തിൽ തന്നെ, ‘തേങ്ങയുടെ മൂട് ജിജി’ എന്നു പറഞ്ഞുകൊണ്ട് ആ ആത്മീയ ദാർശനികതയുടെ കാപട്യത്തെ കൊഞ്ഞനം കുത്തുകയാണെന്നും കവി അവകാശപ്പെടുന്നു. അതായത് പരസ്പര വിരുദ്ധമായ ഇരട്ട ജോലിയാണ് കവി കവിതയെ ഏൽപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കവിത തലക്ക് കൈയ്യും കൊടുത്ത് തുടങ്ങിയേടത്ത്’ തന്നെ താളം ചവിട്ടി വട്ടം കറങ്ങിനിൽക്കുകയാണെന്ന് കാണാം. അതായത്, മായയിൽ ചുറ്റിത്തിരിഞ്ഞ് പരമാത്മാവിൽ വിലയിക്കണോ അതോ പരബ്രഹ്മത്തെ കൊഞ്ഞനം കുത്തണോ എന്ന ധർമ്മസങ്കടത്തിൽപ്പെട്ട് മണ്ടയിലെ രേഖചൊറിഞ്ഞ് നിൽക്കുകയാണ് ജിജിക്കവിത.
ഇനി കവിതയുൽപ്പാദിപ്പിക്കുന്ന രസം പരിഹാസമാണെങ്കിൽ ‘കൊഞ്ഞനം കുത്തുകയാണ് കവിത’ എന്നാണല്ലോ കവി പറയുന്നത്. അത്തരം ഒരു പരിഹാസ വിമർശനത്തിന്റെ തലത്തിലേക്ക് കവിത ഉയരുന്നില്ലെന്ന് മാത്രമല്ല ഏത് ആത്മീയ ദാർശനികതയെയാണോ തള്ളിപ്പറയാൻ ശ്രമിക്കുന്നത് അതുൽപ്പാദിപ്പിക്കുന്ന വാക്കുകളെയും ചിന്തകളെയും തന്നെയാണ് മുക്തിക്ക് മൃത്യു എന്നും ജിജിയല്ലാതൊന്നുമില്ലിവിടെയെന്നുമൊക്കെ പറഞ്ഞുകൊണ്ട് പിൻപറ്റുന്നത്. അതേസമയം ‘ഭക്തിക്കു ഭ്രാന്ത് ജിജി’യെന്നും കവിത പറയുന്നുണ്ട് താനും.
എന്തുകൊണ്ടാകാം ഇത്തരം ഇരട്ടനയം കവിതയെ ബാധിക്കുന്നത്? നമ്പൂതിരി ഭാഷയുടെ ഭാഗമായിരുന്ന ‘കൊശവൻ’ എന്ന പദപ്രയോഗം, പറയന്റെയമ്പ്, പാണന്റെ പാട്ട് ഇതൊക്കെയും സവർണ ബോധത്തിലധിഷ്ഠിതമായ ഒരു പഴയ കാലത്തിന്റെയാണ് എന്നു പറയാതെ വയ്യ. അതായത് സൂക്ഷിച്ചുനോക്കിയാൽ ഈ ജിജിയിൽ രണ്ട് ജി - കൾ മാത്രമല്ല ഒരൊന്നൊന്നര 'ജീ' - അറിഞ്ഞോ അറിയാതെയോ ഒളിഞ്ഞിരിപ്പുണ്ടെന്ന് സാരം.
ഈ അവ്യക്തതയും ഇരട്ടത്താപ്പും പരബ്രഹ്മത്തിന്റെ മാർക്കറ്റ് പ്രഭയെ കൂടി പരിഗണിച്ചു കൊണ്ടാണോ എന്ന സംശയവും ഇല്ലാതില്ല. എഴുത്തുകാർ സർക്കാരിനൊപ്പം നിൽക്കണമെന്ന എം. മുകുന്ദന്റെ ആഹ്വാനവും കൂടി ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. എഴുത്ത് എന്ന സർഗ്ഗപ്രവർത്തനത്തിന്റെ അന്തഃസത്തയെത്തന്നെ ചോർത്തിക്കളയുന്ന ഇത്തരം ആഹ്വാനങ്ങളൊന്നും ചർച്ചാവിഷയം പോലുമാകുന്നുമില്ല. ഉപരിപ്ലവങ്ങളായ ആഘോഷങ്ങളിലഭിരമിക്കുന്ന ഒരു സമൂഹമായി മാറുകയാണ് നമ്മൾ. ഇത്തരത്തിൽ പലതരത്തിൽ പാളിപ്പോകുന്ന ഒരു രചനയെ പല മലയാളികളുമെടുത്തമ്മാനമാടുമ്പോൾ - മലയാളിമേളം, വരേണ്യ പണ്ഡിത താളം ജിജിമേളം എന്നിങ്ങനെ തുള്ളുമ്പോൾ മീഡിയോക്രിറ്റിയുടെ സെലിബ്രിറ്റിത്താളം എന്നു ചിന്തിക്കുന്നവർ ലളിതവായനക്കാരാണെന്നാണ് അക്കാദമിക വിശാരദർക്ക് തോന്നുന്നതെങ്കിൽ സാരമില്ല, ഈ ലാളിത്യചിന്തയിൽ സമാധാനിക്കാം എന്നു കരുതാനേ കഴിയൂ.
‘ഇനിയീ കവിതയുടെ പേരിൽ എന്നെ നേരിട്ട് ശല്യപ്പെടുത്തരുത്’ എന്ന് കവി കവിതയ്ക്ക് ശ്രദ്ധ കിട്ടുന്നതിൽ ഒരുപക്ഷേ രഹസ്യമായി ആനന്ദിച്ചുകൊണ്ടാണെങ്കിലും പറയുമ്പോൾ അതിലും ഒരു പ്രശ്നം കാണാനാകും.
മലയാളത്തിലെ ചില നല്ല കവിതകൾ എഴുതിയിട്ടുള്ള കെ.ആർ. ടോണിയെപ്പോലെ ലബ്ധപ്രതിഷ്ഠ നേടിയ ഒരു കവിയുടെ ഇടത്തരത്തിലും താഴോട്ട് സഞ്ചരിക്കുന്ന ഒരു കവിതയെ ഒരാഘോഷത്തിനായ് ആളുകൾ എടുത്തുപയോഗിക്കുന്നത് മനസ്സിലാക്കാം. എന്നാൽ അതെല്ലാം വ്യാഖ്യാനിക്കാൻ ഞങ്ങളിവിടുണ്ട്, ഞങ്ങൾ പറഞ്ഞു തരാം എന്നു പറയുന്ന, വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നവരെല്ലാം വേണ്ടത്ര പാണ്ഡിത്യമില്ലാത്ത ലളിതയുക്തിക്കാരാണെന്ന് വാദമുന്നയിക്കുന്ന നിലം തൊടാത്ത അക്കാദമിക ഗർവ്വും ജനാധിപത്യബോധമില്ലായ്മയുമാണ് സാംസ്കാരിക കേരളത്തിന്റെ പ്രധാന പ്രശ്നം.
‘ഇനിയീ കവിതയുടെ പേരിൽ എന്നെ നേരിട്ട് ശല്യപ്പെടുത്തരുത്’ എന്ന് കവി കവിതയ്ക്ക് ശ്രദ്ധ കിട്ടുന്നതിൽ ഒരുപക്ഷേ രഹസ്യമായി ആനന്ദിച്ചുകൊണ്ടാണെങ്കിലും പറയുമ്പോൾ അതിലും ഒരു പ്രശ്നം കാണാനാകും. കവിതയ്ക്ക് കിട്ടുന്ന പ്രശംസകളും അവാർഡുകളും നിങ്ങൾക്ക് ആവശ്യമെങ്കിൽ അതുപോലെ തന്നെ പലതരം വായനകളും വിമർശനങ്ങളും - കഴമ്പില്ലാത്തവയും കഴമ്പുള്ളവയും, എന്തും നിങ്ങൾക്കും ബാധകമാണ്. മറിച്ച്, കവിത സ്വകാര്യസ്വത്തല്ല (അതല്ല നിങ്ങൾക്ക് അങ്ങനാണെങ്കിൽ അതെഴുതിക്കഴിഞ്ഞ് ആരെയും കാണിക്കാതെ സൂക്ഷിച്ചുവെക്കുകയോ ആത്മരതിയിലാറാടുകയോ അല്ലെങ്കിൽ മറിച്ചു വിൽക്കുകയോ ഒക്കെ ചെയ്യാം. ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്.) എന്ന ബോധ്യത്തിൽ; അതിൽ ഇതുവരെയുമുള്ള മനുഷ്യചരിത്രത്തിന്റെ, സാമൂഹികപരിണാമത്തിന്റെ കൈയൊപ്പുകളുണ്ടാകുമെന്ന അവബോധത്തിലെഴുതിയതാണെങ്കിൽ സ്വന്തം കവിതയുടെ പേരിലുണ്ടാകുന്ന പ്രശംസയോ പരിഹാസമോ ഒരു പരിധിയ്ക്കപ്പുറം നിങ്ങളെ ബാധിക്കുകയുമില്ല. ഏതുകാലത്തും പ്രസക്തമാകുന്ന പുതുവായനകളുൾക്കൊള്ളുന്ന ഉൾക്കരുത്തുള്ള രചനകൾക്ക് മറ്റൊരു ജീവിതം സാധ്യമാണ്.
“Poetry is the lifeblood of rebellion, revolution and the raising of consciousness”
- Alice Walker
വിമർശനാത്മക ചിന്തയുടെ വേരുകളുള്ള, സർഗ്ഗാത്മകമായ കലാപത്തിന്റെ വിത്തുകൾ വീശിയടിക്കുന്ന കാലത്തിന്റെ കൈയിൽ കൊടുത്തയയ്ക്കാൻ മാത്രം കരുത്തുള്ള എഴുത്തുകൾക്കാണ് അത്തരമൊരു ജീവിതമുണ്ടാകുക എന്ന് ഇതെഴുതുന്നയാൾ കരുതുന്നു.