സ്വപ്നത്തിലോ ജാഗ്രത്തിലോ കൺമുന്നിലൂടെ മിന്നിമായുന്ന ചില ഇമേജുകളാണ് തന്റെ വിശ്വ പ്രസിദ്ധ രചനകൾക്കാധാരം എന്ന് ഗബ്രിയേൽ ഗാർസ്യ മാർകേസ്അപുളിയോ മെൻഡേസയുമായുള്ള ദീർഘ സംഭാഷണത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട് (The Fragrance of Gauva. Plinio Apuleyo Menoza in Conversation with Gabrial Garacia Marquez- Translated by Ann Wright-Verso, London). ഒരു വൃദ്ധൻ ഒരു കൊച്ചുകുട്ടിയെ മഞ്ഞുകാണിക്കാൻ കൊണ്ടുപോയ ബാല്യകാല സ്മൃതിയിൽ നിന്ന് രൂപം കൊണ്ട ഇമേജുകളാണ് ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന നോവലിനാധാരം എന്ന് ആ സംഭാഷണത്തിൽനിന്ന് നമ്മളറിയുന്നു. ക്ഷണികമായ പ്രതിരൂപങ്ങളുടെ മിന്നലാട്ടങ്ങൾ കഥകളുടെ പിറവിക്കും കാരണമാകാറുണ്ട്. ഫ്രാൻസിസ് നെറോണയുടെ കഥകളിലുമുണ്ട് ഇത്തരം ചില ഇമേജുകൾ. തനിക്കുചുറ്റും നടനമാടുന്ന അത്തരം പ്രതിരൂപങ്ങളെ തനിക്ക് പരിചിതമായ ലോകത്തിലെ വാമൊഴി ഭാഷയിലേക്ക് പരാവർത്തനം ചെയ്താണ് നെറോണ തന്റെ കഥകൾ രുപപ്പെടുത്തിയെടുത്തിട്ടുള്ളത്.
"ഇരുൾരതി' എന്ന കഥയിൽ ഒരു സ്വപ്നമുണ്ട്. കമ്പാവല പിടിക്കുന്ന കൈകൊണ്ട് സർക്കാറിന്റെ ചുവപ്പുനാടയുടെ കെട്ടഴിക്കുന്നത് സ്വപ്നം കാണുന്ന ഒരാൾ. മൂന്ന് അന്ധൻമാർ ഒരാനയെ വിവരിക്കുന്നത് ആരാണ് എന്ന ചോദ്യം അയാളെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. സർക്കാർ ജോലി എന്ന സ്വപ്നം പൂവണിയാൻവേണ്ടി പതിനായിരം ചോദ്യോത്തരങ്ങൾ മനഃപാഠമാക്കാനുള്ള ശ്രമത്തിലാണ് അയാൾ. ആനയെ കാണുന്ന അന്ധന്റെ ഇമേജാണ് കഥയുടെ ഗർഭഗൃഹത്തിലേക്ക് നമ്മെ നയിക്കുന്നത്.
കാഴ്ച, ഗന്ധം, രുചി, ശ്രവണം, സ്പർശം എന്നീ അഞ്ച് ഇന്ദ്രിയങ്ങളേയും പിടിച്ചുകുലുക്കുന്ന ബിംബങ്ങളുടെ സമൃദ്ധികൊണ്ട് സമ്പന്നമായ ചില കഥകളുണ്ട് നെറോണയുടേതായിട്ട്.
തൊള്ളതുറന്നു വായിക്കാൻ പഞ്ഞിമരത്തിനു മുകളിൽ കാവൽമാടം കെട്ടി അതിനു മുകളിൽനിന്നുള്ള ആകാശക്കാഴ്ചകൾ കാണുമ്പോൾ അതിനുമുണ്ട് ഒരു രതിഭംഗി എന്ന് അയാൾക്ക് തോന്നുന്നു. അതുകൊണ്ടാണ്, കടൽക്കരയിലെ പഞ്ചാരമണൽ അടിപ്പാവാട മുറുക്കിയുടുത്തതിനാൽ പെണ്ണിന്റെ അരക്കെട്ടിൽ വീണ കറുത്ത പാടുപോലെ എന്നവന് തോന്നുന്നത്. കാവൽമാടത്തിലിരുന്ന് "മൂന്ന് അന്ധൻമാർ ഒരു ആനയെ വിവരിക്കുന്നു' എന്ന കഥ വായിക്കുമ്പോൾ താഴെ മറപ്പുരയ്ക്കകത്ത് മണ്ണെണ്ണവിളക്കിന്റെ നരച്ച വെട്ടത്തിൽ കള്ളിമുണ്ടിനുമീതെ വാസനസോപ്പുതേക്കുന്ന പെണ്ണുടലിലേക്ക് അവന്റെ നോട്ടം പാളിപ്പോവുകയും, ‘മൂന്ന് അന്ധൻമാർ ഒരു ആനയെ വിവരിക്കുന്നു’ എന്നതിനുപകരം ‘മൂന്ന് അന്ധൻമാർ ഒരു പെണ്ണിനെ വിവരിക്കുന്നു’ എന്നവൻ തെറ്റി വായിക്കുകയും ചെയ്യുന്നു. അന്ധനെങ്ങനെയാവും പെണ്ണിനെ വിവരിക്കുന്നതെന്ന പ്രഹേളികയ്ക്കുചുറ്റുമാണ് പിന്നീടവന്റെ ചിന്ത വികസിക്കുന്നത്. ജന്മനാ അന്ധനായവനു മാത്രമേ ഒരു പെണ്ണിനെ തൊട്ടുനോക്കി വിവരിക്കാനാവൂ എന്ന തിരിച്ചറിവിൽ അവൻ എത്തുന്നു. അതിനു പറ്റിയ ആൾ ദാനിയേലാണ്. ജന്മനാ അന്ധൻ. ബോട്ടുജെട്ടിയൽനിന്ന്വാങ്ങിച്ച മത്സ്യകന്യകയുടെ പ്രതിമയിലൂടെ ദാനിയേൽ വിരലോടിക്കുമ്പോൾ അവനു മനസ്സിലായി, ദാനിയേൽ പ്രതിമയെ വർണിക്കാൻ പോവുകയാണന്ന്. മനുഷ്യന്റെ മോറും മീനിന്റെ വാലുമാണതിന് എന്ന് ദാനിയേൽ തിരിച്ചറിയുന്നു. ഇത് പെണ്ണാണന്ന് നിനക്കെങ്ങിനെ മനസ്സിലായി എന്ന് അവൻ ചോദിച്ചപ്പോൾ, "മത്സ്യകന്യക പെണ്ണല്ലേ ചേട്ടാ' എന്ന് ദാനിയേൽ മറുപടി പറഞ്ഞു. ദാനിയേലിനെ അവൻ ആകാശക്കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ""ഞാനിത്രയും ഉയരത്തിൽ ആദ്യമാ കേറുന്നേ... അതും ഒരു മരത്തിനുമുകളിൽ...'' എന്ന് ദാനിയേൽ പറയുമ്പോൾ, ""നീയെന്നോടൊപ്പം നിൽക്ക്... കേറ്റാനും ഇറക്കാനും ഞാൻ പഠിപ്പിക്കാം...'' എന്നവൻ മറുപടി പറയുന്നു. ദാനിയേൽ എന്ന അന്ധന്റെ ജൈവികചോദനകളെ ഉണർത്താൻ പര്യാപ്തമായ മറുപടി. പക്ഷെ അവൻ അറിഞ്ഞില്ല; തന്റെ തന്നെ ജീവിതത്തിലെ ഒരേട് പറിച്ചെടുത്തിട്ടായിരിക്കും ദാനിയേൽ പെണ്ണിനെ അറിഞ്ഞ കഥ വിവരിക്കുകയെന്ന്.
ദാനിയേലിനായി അവൻ ഒരിക്കൽക്കൂടി പഞ്ഞിമരത്തിനുമുകളിൽ കാവൽമാടം കെട്ടുന്നു. ദാനിയേലിന്റെ അന്ധത പെണ്ണിനെ വിവരിക്കാൻ പാകമായെന്ന് അവൻ അറിയുന്നു. ദാനിയേലിന് അവൻ ഒരിക്കൽ സമ്മാനിച്ച മത്സ്യകന്യകയുടെ പ്രതിമ തന്റെ മൂത്ത മകന്റെ കൈയ്യിൽ കണ്ടപ്പോഴും അഗസ്തീനച്ചയുടെ വീട്ടുമുറ്റത്ത് ദാനിയേലിനെ കാണാതായപ്പോഴും അവൻ സംശയിക്കുന്നില്ല, തന്റെ പെണ്ണിനെത്തന്നെയാണ് ദാനിയേൽ പാഠപുസ്തകമാക്കുന്നതെന്ന്. ഒടുവിൽ പഞ്ഞിമരത്തിൽ അവനോടൊപ്പം ദാനിയേൽ കയറി പെണ്ണിനെ വിവരിക്കാൻ തുടങ്ങുന്നതിനിടെ, ""ചേട്ടാ, ഒരു പെണ്ണ് പുരുഷനിൽനിന്ന് എന്താണ് ആഗ്രഹിക്കുന്നത്'' എന്ന് ദാനിയേൽ ചോദിക്കുമ്പോൾ അവന്റെ മനസ്സിലൂടെ കടന്നുപോകുന്നത് ഇതൊക്കെയാണ്.
കടവരാല് എന്ന കഥയുടെ തുടക്കത്തിൽ "തുണിയഴിച്ചു വിടർത്തിക്കാണിച്ച് ശീലമുണ്ടോ' എന്നുള്ള തുണിക്കട മുതലാളിയുടെ ചിമിരിയോടുള്ള ചോദ്യത്തിൽ അടക്കിപ്പിടിച്ച ലൈംഗികതയുടെ ധ്വനിയാണുള്ളത്.
""സിനിമായ്ക്ക് പോകുമ്പോൾ ഉടുക്കാൻ മെനയുള്ള കുപ്പായം, പിള്ളാർക്ക് വയറുനിറയെ തിന്നാനുള്ളത്... പുത്തൻ ചട്ടീം കലോം.. കുടുക്ക നിറക്കാനുള്ള കാശ്.. അടീ കിടന്നുകൊടുക്കുമ്പോഴുള്ള സുഖം...''
പക്ഷെ അപ്പോഴും ദാനിയേലിന്റെ ചോദ്യത്തിന് ഉത്തരമായില്ല. ദാനിയേൽ അത് പൂരിപ്പിക്കുന്നിടത്താണ് അവന്റെ ജീവിതത്തിന്റെ പരാജയം തുടങ്ങുന്നത്. കാഴ്ചയുടെ വൈപരീത്യത്തെക്കുറിച്ച് ദാനിയേൽ അവനോട് പറയുന്നുണ്ട്. കാഴ്ചയെന്നത് ഒരുതരം കബളിപ്പിക്കലാണന്നും ദാനിയേൽ പറയുന്നു. കാവൽ മാടത്തിനുമുകളിൽ വെച്ച് അവൻ ദാനിയേലിന്റെ കഴുത്തു ഞെരിക്കുന്നതിനിടയിൽ ഇതുകൂടി കേൾക്കുന്നുണ്ട്; ""ചേട്ടാ, വേളാങ്കണ്ണിമാതാവിന്റെ കുപ്പിയിലെ എണ്ണ കമഴ്ത്തിക്കളഞ്ഞിട്ട് ചേട്ടന് കുടിക്കാനുള്ളത് നിറയ്ക്കുമ്പോൾ നേർച്ചയെണ്ണയിൽ വിരൽമുക്കി നെറ്റിയിൽ ഒരു കുരിശുവരച്ചുതന്നിട്ട് ചേച്ചി ചിരിച്ചോണ്ട് പറഞ്ഞു. മരിക്കുമ്പോ ചേട്ടന്റെ നെറ്റിയിലും ഇതുപോലെ ഒന്ന് നീ വരച്ചുകൊടുക്കണമെന്ന്..''
ബാഹ്യവും ആന്തരികവുമായ അന്ധതയെയാണ് നെറോണ ഇവിടെ പ്രമേയമാക്കുന്നത്. എരിവുള്ള ഭാഷയുടെ പിൻബലത്തിൽ സൃഷ്ടിക്കപ്പെടുന്ന പിരിമുറുക്കമുള്ള അന്തരീക്ഷമാണ് ഈ കഥയുടെ പാരായണക്ഷമത നിലനിർത്തുന്നത്. രതിജന്യമായ ഇമേജുകളുടെ പ്രവാഹവത്താൽ സമൃദ്ധവുമാണ് ഈ കഥ.
രണ്ട്
കടവരാല് എന്ന കഥയുടെ തുടക്കത്തിൽ "തുണിയഴിച്ചു വിടർത്തിക്കാണിച്ച് ശീലമുണ്ടോ' എന്നുള്ള തുണിക്കടമുതലാളിയുടെ ചിമിരിയോടുള്ള ചോദ്യത്തിൽ അടക്കിപ്പിടിച്ച ലൈംഗികതയുടെ ധ്വനിയാണുള്ളത്. ഈയൊരു ഇമേജറിയാണ് കഥയിലുടനീളം നിഴലിക്കുന്നത്. സമൂഹത്തിന്റെ ഓരങ്ങളിൽ ജീവിക്കുന്ന തുച്ഛവരുമാനക്കാരായ രണ്ട് മനുഷ്യരാണ് പ്രകാശനും അവന്റെ ഭാര്യ ചിമിരിയും. രണ്ട് പെൺകുട്ടികൾകൂടി ഉൾപ്പെടുന്ന അവരുടെ കുടുംബത്തിൽ ഏകവിനോദമായി വർത്തിക്കുന്നത് പ്രകാശന്റെ കുതിച്ചുചാടുന്ന ലൈംഗികത തന്നെയാണ്. അടുത്തുള്ള റിസോർട്ടിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രകാശൻ.
തുണിക്കടയിൽ ജോലിതേടിച്ചെന്ന ചിമിരിയോട്, ""ഈ ഉള്ളിലുള്ളത് മുഴുവനും പുറത്തേക്കെടുത്തു കാണിച്ചുകൊടുക്കാൻ പറഞ്ഞാലും മടികൂടാതെ ചെയ്യണം'' എന്ന മുതലാളിയുടെ വാക്കുകളിൽ എല്ലാം ഒളിഞ്ഞുകിടക്കുന്നുണ്ട്. ചിമിരിയുടെ ചെട്ടിമിടുക്കിൽ പ്രീതനായ മുതലാളി അവൾക്ക് കൂടുതൽ കൂലികൊടുത്ത് കൂടെ നിർത്തുന്നുമുണ്ട്.
ചിമിരിയുടെ പെൺമക്കളിൽ കൗമാരത്തിന്റെ സ്വാതന്ത്ര്യവാഞ്ഛയുണ്ട്. സമർഥവും സരസവുമായാണത് കഥാകൃത്ത് വെളിപ്പെടുത്തുന്നത്. ചിമിരി ജോലികഴിഞ്ഞ് വരുമ്പോൾ മകൾ മുറ്റത്തെ മടക്കുകസേരയിലിരുന്ന് ഫ്രഞ്ച് വിപ്ലവം വായിക്കുകയാണ്. സ്വാതന്ത്ര്യത്തേയും സമത്വത്തേയും സാഹോദര്യത്തേയും ഉദ്‌ഘോഷിക്കുന്ന വിപ്ലവം അവരെ ഓർമിപ്പിക്കുന്നത് എന്താണോ, അതുതന്നെയാണ് അവർക്ക് ഇല്ലാത്തത്.
അമ്മയ്ക്ക് ജോലിയായി എന്നറിഞ്ഞപ്പോൾ മക്കളുടെ ആശകൾക്ക് ചിറകുമുളയ്ക്കുന്നു. മൊബൈൽ വാങ്ങിക്കണം. ടി.വി. നന്നാക്കണം. എന്നിങ്ങനെ ഓരോന്നായി അത് വളരുകയാണ്.
റിസോർട്ടിലെത്തുന്ന മദാമ്മമാരുടെ ദേഹവടിവു നോക്കി അവർ ഏത് ദേശക്കാരാണന്ന് കണ്ടുപിടിക്കുന്ന വിദ്യ പ്രകാശനറിയാം. പൊക്കിളിനുമീതെ കടുക്കനിട്ടവൾ ജർമൻകാരിയാണന്ന് അങ്ങനെയാണയാൾ മനസ്സിലാക്കുന്നത്. മദാമ്മ അവനിൽ അഴിച്ചുവിടുന്ന ലൈംഗികചോദന, ""പുട്ടുകുറ്റി പോലിരിക്കുന്ന ടോർച്ചിന്റെ അണ്ണാക്ക് തുറന്ന് മുഴുത്ത ബാറ്ററി തള്ളിക്കേറ്റുമ്പോൾ അയാളുടെ നീണ്ട മൂക്ക് പിന്നേയും വിടർന്നു...'' എന്ന് പറയുന്നിടത്തുനിന്ന് നമുക്ക് വായിച്ചെടുക്കാം.
മഠത്തിലേക്ക് ആളെക്കൂട്ടാൻ പട്ടിണിപ്പരിഷകളുടെ പുറകെ കൊളുത്തുമായി നടക്കുന്ന വ്യവസ്ഥാപിതവും ജീർണിച്ചതുമായ മതസ്ഥാപനങ്ങളുടെ ഭീഷണമായ ചിത്രമുണ്ട് ‘കക്കുകളി’ എന്ന കഥയിൽ.
ജർമൻ ഇണകളുടെ കായലിലെ കാമകേളികൾ പന്നൽച്ചെടികൾക്കിടയിൽ ഒളിച്ചിരുന്ന് പ്രകാശൻ കാണുന്നുണ്ട്. ചിമിരിയേയും അതുപോലെ വെള്ളത്തിലിട്ട് ഭോഗിക്കണമെന്ന് അയാൾ ആശിക്കുന്നു. ""കായലിൽ രാത്രി പുളഞ്ഞ നാസിയിണകളുടെ വെളുത്ത സുരക്ഷിതവളയം കണവയുടെ ഉടൽപോലെ ജലത്തിനുമീതെ പൊന്തിക്കിടന്നു...'' എന്നിടത്ത് കഥാകൃത്ത് തന്റെ ഭാഷയിൽ കാണിക്കുന്ന സാമർത്ഥ്യത്തേയും കൈയ്യൊതുക്കത്തേയും നമുക്ക് തിരിച്ചറിയാം.
""മുറിയുമോന്ന് പേടിച്ചാരെങ്കിലും നാവില് തുണിചുറ്റി കരിമീൻ തിന്നുമോ...'' എന്ന മുതലാളിയുടെ തമാശയിലും ഉണ്ട് ഒളിഞ്ഞിരിക്കുന്ന തീക്ഷ്ണമായ ലൈംഗിക ചോദന.
തീക്ഷ്ണമായ ലൈംഗികാഭിനിവേശവുമായി വീട്ടിലെത്തുന്ന പ്രകാശനെ കാത്തിരിക്കുന്നത് ചിമിരിയുടെ അഭാവമാണ്. അവൾക്ക് തുണിക്കടയിൽ ജോലിക്കുപോകേണ്ടതിനാൽ പ്രകാശന്റെ കത്തുന്ന വികാരങ്ങൾക്ക് സ്വയം ശമനം കണ്ടത്തേണ്ട അവസ്ഥയിലാണയാൾ. ചിമിരിയെത്തേടി പ്രാകശൻ തുണിക്കടയിൽ പോകാറുണ്ട്. ആയിടക്കാണ് അയൽക്കാരനായ ബാങ്ക് മാനേജർ ഹാർട്ട് അറ്റാക്ക് വന്ന് മരിക്കുന്നതും അയാളുടെ ഭാര്യ വിധവയാകുന്നതും. പ്രകാശന്റെ വിമ്മിഷ്ഠം കണ്ട ചിമിരി ഒരിക്കൽ കളിയായി അയാളോട് ""നിങ്ങളാ ബാങ്ക് മാനേജരുടെ ഭാര്യയെ വളയ്ക്ക്..അവരിപ്പോ തനിച്ചല്ലേ...'' എന്ന് പറയുന്നുണ്ട്.
പ്രകാശന്റെ ലൈംഗികാവേശം അയാളിലെ വ്യക്തിസത്തയെ ഹനിക്കുന്നില്ല. ചിമിരിയല്ലാതെ മറ്റൊരു പെണ്ണുമായും പ്രകാശനൊരു ബന്ധം സാദ്ധ്യമല്ല. അത് ചിമിരിക്കുമറിയാം. മനുഷ്യന്റെ പ്രാകൃതിക വികാരങ്ങളെ വന്യമായ തലത്തിലേക്ക് ഉയർത്തുകയാണ് നെറോണ ഈ കഥയിലൂടെ ചെയ്യുന്നത്.
തീക്ഷ്ണമായ ലൈംഗിക ബിംബങ്ങൾ ഈ കഥയെ മനോഹരമാക്കുന്നുണ്ട്. അതിന് ഉചിതമായ ഭാഷാവൈഭവം കൂടിയാവുമ്പോൾ അത് മികച്ച വായാനാനുഭവമാകുന്നു. നാടൻഭാഷയുടെ ലാളിത്യം വിളിച്ചുപറയുന്നവയാണ് നെറോണയുടെ കഥകൾ. ആ ഭാഷയ്ക്ക് മണ്ണിന്റെ മണമുണ്ട്.
മൂന്ന്
പട്ടിണിക്കാരന്റെ മനസ്സിൽ തെളിയുന്ന സമൃദ്ധിയുടെ ചിത്രമുണ്ടല്ലോ... സ്വാദൂറുന്ന വിഭവങ്ങളായും മിന്നുന്ന വസ്ത്രങ്ങളായും മറ്റും മറ്റും ഒരു സിൻഡ്രല്ല ടൈപ്പ് ചിത്രം! നെറോണയുടെ "കക്കുകളി' എന്ന കഥ വായിക്കുമ്പോൾ മനസ്സിൽ തെളിയുന്ന ചിത്രമാണത്.
നടാലി കറുത്തവളാണ്. ഒരു സഖാവിന്റെ മകൾ. തഴപ്പായ നെയ്യുന്നതിൽ സാധാരണയിൽ കവിഞ്ഞ വിരുതുണ്ട് അവളുടെ അമ്മയ്ക്ക്. മുറ്റത്തെ പൂഴിപ്പരപ്പിൽ കളം വരച്ച് കക്കുകളിച്ചാണ് നടാലിയുടെ തിമിർപ്പ്. അച്ഛന്റെ മരണശേഷം വയറുനിറയുന്നതിനുവേണ്ടി അമ്മ അവളെ മഠത്തിൽ ചേർക്കാൻ തീരുമാനിച്ചു. "പട്ടിണി കിടന്നാലും പള്ളിക്കാരുടെ മുന്നിൽ എരക്കാൻ പോവുരതെന്ന' അവളുടെ അച്ഛന്റെ വിലക്കിനെ മാനിക്കാൻ അമ്മയ്ക്കായില്ല.
കമ്യൂണിസത്തിന്റെ ധിക്കാരം രക്തത്തിൽ അലിഞ്ഞുചേർന്നവരാണ് നടാലിയും അവളുടെ അച്ഛനും. നടാലിയുടെ അച്ഛൻപെങ്ങൾ ചൂച്ചിസിസ്റ്റർ മഠത്തിൽനിന്നും ചാടിപ്പോന്നതിന്റെ പുറകിൽ ആ ധിക്കാരമുണ്ട്.
മഠത്തിലേക്ക് ആളെക്കൂട്ടാൻ പട്ടിണിപ്പരിഷകളുടെ പുറകെ കൊളുത്തുമായി നടക്കുന്ന വ്യവസ്ഥാപിതവും ജീർണിച്ചതുമായ മതസ്ഥാപനങ്ങളുടെ ഭീഷണമായ ചിത്രമുണ്ട് ഈ കഥയിൽ. നടാലിയെ മഠത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ വന്ന സായാഹ്നത്തിൽ അവളുടെ നിർബന്ധത്തിനു വഴങ്ങി കൊച്ചുസിസ്റ്റർ അവളോടൊപ്പം കക്കുകളിക്ക് ചേരുന്നുണ്ട്. മുള്ളാ... ഇലയാ... എന്ന അവളുടെ വിളിച്ചുചൊല്ലലിന് സിസ്റ്ററുടെ മറുപടി മുള്ളെന്നായിരുന്നു. വ്യവസ്ഥാപിതമതങ്ങളുടെ ചട്ടക്കൂടിൽ അകപ്പെട്ടുപോകുന്ന നിസ്വരുടെ ഹൃദയങ്ങളെ കീറിമുറിക്കുന്ന ചൂഷണ വ്യവസ്ഥിതി എന്ന മുള്ളുതന്നെയാണ് ഇവിടെ വ്യഗ്യം.
കമ്യൂണിസത്തിന്റെ ധിക്കാരം രക്തത്തിൽ അലിഞ്ഞുചേർന്നവരാണ് നടാലിയും അവളുടെ അച്ഛനും. നടാലിയുടെ അച്ഛൻപെങ്ങൾ ചൂച്ചിസിസ്റ്റർ മഠത്തിൽനിന്നും ചാടിപ്പോന്നതിന്റെ പുറകിൽ ആ ധിക്കാരമുണ്ട്. എതിർക്കപ്പെടേണ്ടതിനെ എതിർക്കുക എന്ന ധിക്കാരം. ""അഞ്ചുദിവസം പെശകു തീറ്റ കാണൂന്നു കേട്ടാണ്ടാ ഞാൻ ദൈവവിളികൂട്ടായ്മയ്ക്ക് പോയത്...'' എന്ന് നടാലി പറഞ്ഞപ്പോൾ, ""ദൈവവിളീന്ന് പറഞ്ഞാ.. അതൊരു തീരൂമാനാ... ഫിയാത്തുമൂളിയാ അന്ത്യംവരെ പിടിച്ചു നിന്നോണം'' എന്ന് കൊച്ചുസിസ്റ്റർ മറുപടി പറയുന്നുണ്ട്. പെരിങ്ങോട്ടുമഠത്തിലെ ദൈവവിളി കൂട്ടായ്മയിൽ നടാലിയെ ആകർഷിക്കുന്നത് തീൻമേശയിലെ പൊരിച്ചമീനും ചില്ലുഗ്ലാസിലെ ചുവന്ന വീഞ്ഞുമാണ്. അത്യുന്നതനായവനിൽ മനസ്സ് സമർപ്പിക്കുന്നതിനുപകരം നടാലിക്ക് പ്രശ്‌നം തന്റെ ഒഴിഞ്ഞ വയറുതന്നെയാണ്.
മഠത്തിൽ ചേർന്നതിൽപിന്നെയാണ് ""ചൂണ്ടക്കൊളുത്തിൽ ഇരകോർക്കുന്നതു പോലയാ മഠത്തിലെ ദൈവവിളിയുടെ അന്നം'' എന്നവൾ തിരിച്ചറിയുന്നത്.
നടാലി അടിയിലുടുക്കുന്നത് ടെറസ്സിൽ ഉണങ്ങാനിട്ടപ്പോൾ കൊച്ചുസിസ്റ്റർ വെപ്രാളപ്പെട്ട് അതൊക്കെ അവിടുന്നു മാറ്റിക്കുന്നു. അത് ചോദിച്ച മദറിനോടും അവൾ തറുതല പറയാൻ മടിക്കുന്നില്ല. ഇതുവഴി മഠത്തിനുപുറത്തേക്കുള്ള വഴി അവൾതന്നെ വെട്ടിയൊരുക്കുകയാണ്. കള്ളക്കുഴികുത്തി മുള്ളിട്ടുമൂടി മദറിന്റെ കാലിൽ മുള്ള് കേറ്റിയപ്പോഴും അവൾ അതുതന്നെയാണ് ചെയ്യുന്നത്.
ഓരങ്ങളിലായിപ്പോയവരുടെ ദൈന്യചിത്രങ്ങൾ മിഴിവാർന്ന് വരച്ചിടുന്നുണ്ട് കഥാകൃത്ത്. വാസു സഖാവ് മരിച്ചപ്പോൾ നമുക്കുവേണ്ടിപ്പറയാൻ ഇനി ആരുമില്ലെന്ന് നടാലിയുടെ അമ്മ നെടുവീർപ്പിടുന്നുണ്ട്. നടാലിയുടെ അച്ഛൻ മരിച്ചുകിടന്നപ്പോൾ അയാളുടെ പോക്കറ്റിൽനിന്നും അവൾക്കായി വാങ്ങിച്ച പുളിങ്കുരു മറ്റൊരു ചിത്രം വരയ്ക്കുന്നു മനസ്സിൽ. പ്രിയപ്പെട്ടവരുടെ ഏറ്റവും എളിയ ആഗ്രഹംപോലും സാധിച്ചുകൊടുക്കാൻ പറ്റാത്ത മനുഷ്യരൂപം പൂണ്ട കൃമികളുടെ ദയനീയ ചിത്രം തന്നെയാണത്.
""വെറുതെ തരുന്ന അന്നത്തേലെല്ലാം ഒരു കൊളുത്ത് ഒളിഞ്ഞിരിപ്പുണ്ടാവുമല്ലേ..'' എന്ന നടാലിയുടെ തിരിച്ചറിവാണ് കഥയുടെ വഴിത്തിരിവായി മാറുന്നത്. മദറിനെ വീഴ്ത്തിയ അവളുടെ നടപടി കണ്ട് ""നീ കന്യാസ്ത്രീയോ അതോ കമ്യൂണിസ്റ്റോ..'' എന്ന് കൊച്ചുസിസ്റ്റർ നടാലിയോട് ചോദിക്കുന്നുണ്ട്. ഏറ്റവും എളിയ മനസ്സുകൾക്കുപോലും എതിരിടാനുള്ള കരുത്തുണ്ടെന്ന് വിളിച്ചുപറയുന്നുണ്ട് ഈ കഥാപാത്രം. അലങ്കാരങ്ങൾ ഇല്ലാതെയുള്ള കഥാപാത്രങ്ങളുടെ യഥാതഥ ചിത്രണമാണ് നെറോണ ഇവിടെ നിർവ്വഹിക്കുന്നത്. മഠത്തിൽനിന്ന് അമ്മ അവളെ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ ""എന്റെ മോളൊരിക്കലും തോക്കുകില്ലെടാ...'' എന്നവൾ പറയുന്നതും ആ കരുത്തിൽനിന്നുതന്നെയാണ്.
സ്ഫടികസമാനമായ കഥാപത്രങ്ങൾ, മുറുക്കമാർന്ന ആഖ്യാനം, ഉള്ളിൽ തിളയ്ക്കുന്ന ആശയത്തിന്റെ ചൂട്...ഇതെല്ലാമാണ് ഈ കഥയെ സുന്ദരമാക്കുന്നത്.
നാല്
ഒരു കുരിശുമരണത്തിന്റെ വിഹ്വലചിത്രം പേറുന്ന കഥയാണ് ‘തൊട്ടപ്പൻ'. മാനവരാശിയുടെ ഉയിർപ്പിനായി കുരിശേറിയ കർത്താവും, കൂട്ടായി ഇടതും വലതും രണ്ട് കള്ളൻമാരുമടങ്ങുന്ന വിശ്വാസികളുടെ മനസ്സിലെ ചിത്രത്തിനേക്കാൾ മിഴിവാർന്നതാണ് ആ ചിത്രം. ""നീ നോക്കിക്കേ വലിയ നക്ഷത്രത്തിന്റെ ഇരുവശത്തും രണ്ടു ചെറുത് മിന്നണ കണ്ടോ..അത് രണ്ട് കള്ളൻമാരുടെ നക്ഷത്രമാ.. ഈശോയും കള്ളൻമാരും ഒരുമിച്ചാ ജനിച്ചത്... മരിച്ചതും ഒരുമിച്ച്... ഭാഗ്യപ്പെട്ട മരണമാ ഓരോ കള്ളനും ദൈവമൊരുക്കുന്നത്...''
തൊട്ടപ്പനുമൊത്ത് കളവിന്റെ ലോകത്തിലേക്ക് ജ്ഞാനസ്‌നാനപ്പെടുമ്പോൾ കഥാനായികയോട് അയാൾ പറയുന്നതാണ് ഇത്. നെറോണയുടെ ഭാഷയുടെ സവിശേഷ സ്വഭാവം നിലനിർത്തുന്ന കഥയുമാണ് "തൊട്ടപ്പൻ.'
തൊട്ടപ്പനും പേരില്ല. അയാൾ വെറും തലതൊട്ടപ്പൻ മാത്രമാണ്. എല്ലാ വിധ അരക്ഷിതത്വങ്ങളുടേയും കൂടപ്പിറപ്പുകളാണ് നെറോണയുടെ കഥാപാത്രങ്ങൾ.
നാടൻ പ്രയോഗങ്ങളുടെ കിലുകിലുക്കം കാതിൽ മുഴങ്ങിക്കൊണ്ടിരിക്കും കഥയുടെ ഓരോ വരിയിലും. കഥാനായികയുടെ മോഷണത്തിലേക്കുള്ള രംഗപ്രവേശനം വിവരിക്കുന്നതു നോക്കൂ..
""ഉസ്‌കൂൾ പൂട്ടിനു പിള്ളേരുമായി മെതിച്ചുനടക്കുമ്പോഴാ, മേലനങ്ങി കാശുണ്ടാക്കാൻ മടിയനായ തലതൊടപ്പനെന്നെ കക്കാൻ കൂട്ടുവിളിക്കുന്നത്. ഞാനന്ന് മൊഹമ്മദ് സ്‌കൂളിലെ സുലേഖ ടീച്ചറിന്റെ ക്ലാസിൽ കീറുമേടിച്ചോണ്ടിരുന്ന ഒരു പീറക്കൊച്ചായിരുന്നു. ഇത്തിരി അവിടുന്നും ഇവിടുന്നുമൊക്കെ ചൂണ്ടുമെങ്കിലും ഒരു മുഴുത്ത കക്കലിനെന്നെ തൊട്ടപ്പൻ കൂട്ടാൻ പോകുന്നെന്ന് കേട്ടപ്പോഴേക്കും കിലുകിലാന്ന് വിറച്ചെന്റെ തൊടേമ്മെ ചൂട് പാഞ്ഞു...''
കഥാപാത്രങ്ങളുടെ മുഴുനീളചിത്രത്തിനുമുണ്ട് ആ ചൂരും ചെത്തവും. ""It would be senseless for the author to try to convince the reader that his characters once actually lived. They were not born of a mother's womb; they are born of a stimulating phrase or two or from a basic situation''(Kundera, P 37) എന്ന് മിലൻ കുന്ദേര The Unbearable Lightness of Being എന്ന തന്റെ നോവലിൽ എഴുതിയ പോലെ പതിവ് ജന്മത്തിൻനിന്നും വിരുദ്ധമാണ് നെറോണയുടെ കഥാപാത്രങ്ങൾ. അമ്മയുടെ ഗർഭപാത്രത്തിന്റെ ചൂടറിഞ്ഞ് പിറന്നവരല്ല അവർ. തന്റെ സൂക്ഷ്മമായ സാമൂഹിക വീക്ഷണത്താൽ സൃഷ്ടിക്കപ്പെട്ടവരാണവർ.
കഥയുടെ സമാന്തര ലോകത്ത് സമാനമായ കഥാപാത്രങ്ങളെ കണ്ടെടുക്കാൻ കഴിയാത്തതിന് കാരണവും മറ്റൊന്നല്ല. തനിക്കു ചുറ്റുമുള്ള പരിതസ്ഥിതിയിലെ ആളുകളുമായി അത് സമാനസ്വഭാവം പുലർത്തുന്നതിനോടൊപ്പംതന്നെ അവ സ്വയമേവ വ്യത്യസ്തവുമാണ്. ഞാൻ, എന്റെ... തുടങ്ങിയ ഉത്തമ പുരുഷ (first person) സർവ്വനാമങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്. തൊട്ടപ്പനും പേരില്ല. അയാൾ വെറും തലതൊട്ടപ്പൻ മാത്രമാണ്. എല്ലാ വിധ അരക്ഷിതത്വങ്ങളുടേയും കൂടപ്പിറപ്പുകളാണ് നെറോണയുടെ കഥാപാത്രങ്ങൾ. കേന്ദ്രകഥാപാത്രത്തിന്റെ അമ്മ ഹസ്സനാരുകോയയുടെ തറവാട്ടിൽ ഓലമെടയാൻ പോകുമ്പോൾ ഒരു രാത്രി അവിടെ കിടന്നേച്ചേ വരികയുള്ളു എന്ന് പറഞ്ഞതിനുശേഷം "നടുകഴച്ചു പണിയെടുക്കുന്നതിനാൽ എങ്ങോട്ടും പോകാതെ രണ്ടു ദിവസം തള്ള തഴപ്പായേൽ ഒരേ കിടപ്പാ... ആ രണ്ടു ദിവസം വീടിന്റെയുള്ളില് പഴകിയ അത്തറു നാറീട്ട് എനിക്ക് ചെന്നി പുളയും...' എന്നിടത്ത് എത്തുമ്പോഴേക്കും ആ കഥാപാത്രത്തിന്റെ അരക്ഷിതാവസ്ഥയുടെ പൂർണചിത്രം നമ്മുടെ മുന്നിൽ തെളിയുന്നു.
സ്‌കൂൾ കാലം തൊട്ടേ കളവിലാണ് അവളുടെ വൈഭവം. തന്റെ ശരീരത്തെക്കുറിച്ച് അവൾ ബോധവതിയല്ല. അതേക്കുറിച്ച് സുലേഖ ടീച്ചർ അവളെ വഴക്കുപറഞ്ഞപ്പോൾ "പെണ്ണുങ്ങളുടെ മൊല പെണ്ണുങ്ങൾ കണ്ടാൽ എന്നാടി കുഴപ്പം' എന്നവൾ അവളുടെ കൂട്ടുകാരിയോട് ചോദിക്കുന്നുണ്ട്. പത്തിലെത്തുമ്പോൾ അവൾക്ക് നേർത്ത പൊടിമീശയും താടിയിൽ അഞ്ചാറ് നീളൻ രോമങ്ങളും വളർന്ന് തുടങ്ങിയിരുന്നു. അതുകൊണ്ട് അവളെ കൂട്ടുകാർ കുഞ്ഞാടേ എന്ന് കളിയാക്കി വിളിക്കുമായിരുന്നു. സ്വന്തം ലൈംഗിക സ്വത്വത്തെ തന്നെ പ്രശ്‌നവത്കരിക്കുന്ന സന്ദർഭമാണത്.
ബിംബങ്ങളുടെ രൗദ്രതകൊണ്ട് അസാധാരണമായ വായനാനുഭവം സമ്മാനിക്കുന്ന കഥയാണ് "തൊട്ടപ്പൻ.' വാക്കുകളുടെ വിന്യാസം നോടോടികഥകളുടെ സരളസംഗീതം ഒരുക്കുന്നുണ്ട് ഓരോ വരിയിലും.
നേർച്ചക്കുറ്റികൾ പൊളിക്കുന്നതിലായിരുന്നു തൊട്ടപ്പന് ലഹരി. കൂട്ടാളികളിൽ ചിലർ പെടുമരണത്തിന് ഇരയാവുകയും മറ്റുചിലർ തൊട്ടപ്പന്റെ ഇണയ്ക്ക് പങ്കുപറ്റുകാരായി തീരുകയും ചെയ്തതോടെയാണ് അവളെ തന്റെ കൂടെക്കൂട്ടാൻ തൊട്ടപ്പൻ തീരുമാനിച്ചത്. ആൻഡ്രൂസ് പുണ്യാളന്റെ പള്ളിയിൽ കേറാനായാണ് തൊട്ടപ്പൻ അവളെ കൂട്ടുകൂട്ടിയത്. അടിവയറ്റീന്ന് ഒരാന്തൽ പൊന്തിയിട്ട് മുള്ളിപ്പോയ അവൾ പിൻതിരിഞ്ഞുപോകുന്നു. പിറ്റേന്ന് രാവിലെ തൊട്ടപ്പന്റെ ശവം പുഴയിൽ പൊങ്ങിയതായി അവളുടെ അമ്മയിൽനിന്ന് അവൾ അറിയുന്നു.
എപ്പിഫെനിക്കൽ എന്ന് പറയാവുന്ന ചില മുഹൂർത്തങ്ങളിലൂടെയാണ് കഥ പിന്നീട് മുന്നേറുന്നത്. അമ്മയുടെ മരണശേഷം അവൾക്ക് കൂട്ടാവുന്നത് കുറെ പൂച്ചകളാണ്. ഹ്രസ്വമായ ഓർമ്മയും ക്രൗര്യവും തികഞ്ഞ ജീവികളാണവ. അവളുടെ പുറംലോകവും അത്തരത്തിലുള്ളതുതന്നെ. ""ഓലമറ ദ്രവിച്ച വെടവിലൂടെ നോക്കുമ്പോൾ അലക്കുകല്ലിൽനിന്നുയർന്ന വെളിച്ചം വേലിപ്പത്തലിനുമീതെ ആകാശത്തേക്കു പൊന്തുന്നു...'' തുടങ്ങിയ ചില ഭ്രമാത്മക ദൃശ്യങ്ങളിലൂടെ തൊട്ടപ്പന്റെ മരണത്തിനുപിന്നിലെ രഹസ്യം അവൾക്കുമുന്നിൽ ചുരുളഴിയുന്നു.
സ്വയം പ്രതിരോധം അസാധ്യമാകുമ്പോൾ ബലിയാടാവുക എന്നത് മാത്രമാണ് അവൾക്കുമുന്നിലുള്ളത്. സ്വയം കൽപ്പിക്കുന്ന ഒരു കുരിശുമരണം. "കുഞ്ഞാടേ' എന്ന് വിളിച്ച് തന്നെ കളിയാക്കിയവന്റെ കൈയ്യിലെ കൂടം തൊട്ടപ്പന്റെ തല പിളർന്നപ്പോഴാണ് ശവമായി അയാൾ പുഴയിൽ പൊന്തുന്നത്. സ്‌നേഹം നടിച്ച് അടുത്തുകൂടിയ അവനെ അവൾ തന്റെ വീട്ടിലേക്ക് ക്ഷണിച്ച് പൂച്ചകൾക്ക് ഭക്ഷണമാക്കാൻ ശ്രമിക്കുന്നു. പക്ഷെ സ്വയം ഒരു പിലാത്തോസായി മാറിയ അവൾ തനിക്ക് കുരുശുമരണം വിധിക്കുന്നു. ഒരിക്കലും ഉയിർത്തെഴുന്നേൽപ്പില്ലാത്ത കുരിശുമരണം. തൊട്ടപ്പന്റെ കൈയ്യിലുള്ള കമ്പിപ്പാര അവൻ അവളുടെ നെഞ്ചിലേക്ക് ആഴ്ന്നിറക്കുന്നു. പക്ഷെ അവളുടെ പൂച്ചകൾ അവനെ പിൻതുടരുന്നുണ്ട്.
ബിംബങ്ങളുടെ രൗദ്രതകൊണ്ട് അസാധാരണമായ വായനാനുഭവം സമ്മാനിക്കുന്ന കഥയാണ് "തൊട്ടപ്പൻ.' വാക്കുകളുടെ വിന്യാസം നോടോടികഥകളുടെ സരളസംഗീതം ഒരുക്കുന്നുണ്ട് ഓരോ വരിയിലും. ഭീഷണമായ ലോകജീവിതത്തെ ലളിതമായി അവതരിപ്പിക്കുവാനുള്ള നെറോണയുടെ വൈഭവം വെളിപ്പെടുത്തുന്ന കഥയുമാണ് "തൊട്ടപ്പൻ'.
അഞ്ച്
കാഴ്ച, ഗന്ധം, രുചി, ശ്രവണം, സ്പർശം എന്നീ അഞ്ച് ഇന്ദ്രിയങ്ങളേയും പിടിച്ചുകുലുക്കുന്ന ബിംബങ്ങളുടെ സമൃദ്ധികൊണ്ട് സമ്പന്നമായ ചില കഥകളുണ്ട് നെറോണയുടേതായിട്ട്. കാഴ്ചയുടെ ബിംബങ്ങൾകൊണ്ട് സിനിമാറ്റിക്കായ ഒരു ആഖ്യാനശിൽപ്പം നിർമിക്കുകയും വായനക്കാരന്റെ ഉദ്വേഗത്തെ അവസാനവരി വരെ കൂടെ കൊണ്ടുപോവുകയും ചെയ്യുക നെറോണയുടെ ഒരു പതിവ് ശൈലിയാണ്. ഖസാക്കിന്റെ ഇതിഹാസം പോലുള്ള നോവലുകളിൽ വിജയനെപ്പോലുള്ള കൃതഹസ്തരായ എഴുത്തുകാർ മുമ്പ് പ്രയോഗിച്ച രീതിയിൽനിന്നായിരിക്കാം വിഷ്വൽ ഇമേജറിയുടെ ഈ ധാരാളിത്വം നെറോണയിലും എത്തിയത്. ഖസാക്കിലൂടെ കണ്ണോടിക്കുമ്പോൾ നമ്മുടെ മുന്നിൽ തെളിയുന്ന ചില ദൃശ്യശിൽപ്പങ്ങൾ ഒന്നു പരിശോധിച്ചുനോക്കാം (ഖസാക്കിന്റെ ഇതിഹാസം. ഒ.വി.വിജയൻ. ഡി.സി.ബുക്‌സ്, കോട്ടയം, 1990 (Reprint, July 1992എല്ലാ ഉദ്ധരണികളും ഈ എഡിഷനിൽ നിന്ന്):
""രവി ഉറങ്ങാൻ കിടന്നു. ജനാലയിലൂടെ ആകാശം മിന്നുന്നു, തുടിയ്ക്കുന്നു. ഈശ്വരാ, ഒന്നുമറിയരുത്. ഉറങ്ങിയാൽ മതി. ജന്മത്തിൽനിന്നും ജന്മത്തിലേക്ക് തല ചായ്ക്കുക; കാടായി, മണ്ണായി, ആകാശമായി വിശ്രമം കൊള്ളുക. അറിവിന്റെ കണ്ണുകൾ പതുക്കെ പൂട്ടി. മിന്നിത്തുടിക്കുന്ന ബഹിരാകാശം കൈതപ്പൊന്തകളിലേക്ക് ഇറങ്ങിവന്ന് ഖസാക്കിലെ മിന്നാമിന്നുകളായി. ആ അനന്തരാശിയിൽനിന്ന് ഏതോ സാന്ദ്രതയുടെ കിനിവുകൾ അയാളുടെ നിദ്രയിൽ ഇറ്റുവീണു'' (പേജ് 146).
അറവുമൃഗത്തിൽ തന്റെ കാമം തീർക്കുന്നവനാണ് ജോർജ്. അറവുമാടിന്റെ കാലുകൾ മുളംകുറ്റിയൽചേർത്ത് വരിഞ്ഞുകെട്ടി അതിന്റെ പുറകിലൂടെ പ്രവേശിക്കുന്നതാണ് അവന്റെ രീതി. അറവുപഠിക്കാൻ ചെന്ന അവനേയും ജോർജ് അതുതന്നെ ചെയ്യുന്നു.
""വെയിലെരിയുന്ന മാനത്ത് നോക്കിയിരുന്നാൽമതി. കുറേനേരം അങ്ങനെ നോക്കുമ്പോൾ സ്ഫടികമണികൾ കോർത്തിണക്കിയപോലെ എന്തോ കണ്ണനങ്ങുന്നതിനൊപ്പം അനങ്ങുന്നതുകാണാം. ഇമ തല്ലി മിഴിച്ചാൽ അത് കാണാതാവും. ദേവൻമാർ കൽപ്പകവൃക്ഷത്തിന്റെ ഇളനീരുകുടിച്ച് തൊണ്ടുകൾ താഴോട്ട് എറിയുകയാണത്രേ'' (പേജ് 12).
""പുറത്തെ ഇളവെയിലിൽ ചിങ്ങപാറ്റകൾ പൊടിഞ്ഞുപൊന്തി. വർഷം കുളിപ്പിച്ച വടക്കൻകാറ്റ് കരിമ്പനകളിൽ വീശി. കാറ്റിൽ കരിമ്പനകൾ ഇണചേർന്നു. താമരക്കുളത്തിന്റെ മേട്ടിലൂടെ ഒരു സംഘം കുട്ടികൾ ചെതലിയുടെ നേർക്ക് നടന്നുപോവുകയാണ്... ഓണപ്പൂക്കൾ തേടിപ്പോവുകയാണ്. പൂവിറുത്തു തിരിച്ചുവന്ന് മെഴുകി ശമിപ്പിച്ച കൊച്ചുമുറ്റങ്ങളിൽ സാമാധി കൊള്ളുന്ന ചന്ദനക്കല്ലുകൾക്കുചുറ്റും കളമിടും. രവിയോർത്തു. കാപ്പിത്തോട്ടങ്ങളുടെ നടുവിൽ കാറ്റുപിടിച്ചുനിന്ന വീട്, കുന്നിൻചെരിവിലെ മഞ്ഞ്, കാട്ടുപൂക്കൾ. പിന്നെ, അപരിചിതമായ സന്ധ്യകൾ, പേരില്ലാത്ത നഗരങ്ങൾ'' (പേജ് 56).
ഖസാക്ക് ഒരുക്കുന്ന കാഴ്ചയുടെ ഉത്സവങ്ങൾ ഇനിയും എത്രയോ ഉണ്ട് നോവലിൽ.
കാഴ്ചയുടെ സതിരുകളാകുന്ന, നെറോണയുടെ കഥയാണ് ‘പെണ്ണാച്ചി'. ഗുദഭോഗത്തിന്റെ മൂർച്ചയിൽ പങ്കാളികൾ കഥാനായകനെ സ്‌നേഹത്തോടെ വിളിക്കുന്ന പേരാണത്. ആകെ രണ്ടുപേർ മാത്രമേ അവനെ അങ്ങനെ വിളിക്കാറുള്ളൂ. ഒന്ന് അറവുകാരൻ ജോർജ്. മറ്റേത് പള്ളിയിലെ വികാരി. രണ്ട്‌പേർക്കും ആസക്തിയുടെ ആനന്ദവേളകൾ അവൻ സമ്മാനിക്കുമ്പോൾ അവന്റെ കാതിൽ അവർ "എന്റെ പെണ്ണാച്ചി..' എന്ന് ഉരുവിടും. ഇതുതന്നെ കഥയിലെ ദുരന്തത്തിലേക്കും വഴിതെളിക്കുന്നു. വിധിയുടെ വിളയാട്ടത്തിൽ എരിഞ്ഞുതീരുന്ന മറ്റൊരു നെറോണ കഥാപാത്രമായി അവൻ മാറുന്നു. അവനാണന്നുകരുതി അവന്റെ ഇരട്ടയെ പള്ളിവികാരി ബലമായി ഗുദഭോഗത്തിന് ഇരയാക്കുകയും ഒടുവിൽ അവനെ ചേറിലേക്ക് ചവിട്ടിതാഴ്ത്തുകയും ചെയ്യുന്നു. അപ്പോഴും അവന് ജീവൻ ഉണ്ടായിരുന്നു.
ഫാന്റസിയുടെ അംശങ്ങൾ വിളക്കിച്ചേർത്ത് ഹാംലറ്റിയൻ രീതിയിൽ മരിച്ചവന്റെ ആത്മാവ് അവനോട് സംവദിക്കുകയും തന്റെ മരണകാരണം വെളിപ്പെടുത്തുകയും ചെയ്യുന്നു. പ്രതികാരം തീർക്കാൻവേണ്ടി അവൻ അറുപ്പാൻ ജോർജിന് വായകൊണ്ട് മലിനവേല ചെയ്തുകൊടുക്കുന്നു. അവന്റെയടുത്ത് അറവുപഠിക്കാൻ ശിഷ്യപ്പെടുകയും ചെയ്യുന്നു. സ്‌തോഭജനകമായ ഒരു ഇമേജറിയിലൂടെയാണ് കഥയുടെ തുടക്കം.
""വാടാ അറക്കുന്നത് കാണിച്ചുതരാം...''
""മേസ്തിരിയുടെ പിടിയിൽനിന്ന് കുതറി വെള്ളത്തിലേക്ക് കൂപ്പുകുത്തുമ്പോൾ എന്റെ താടിയെല്ലിന്റെയറ്റത്തെ ഞരമ്പിലേക്ക് ഒരു തണുപ്പ് തുളഞ്ഞു. ആഞ്ഞ് വെട്ടിയാപ്പോരാ, കൊരവള്ളിയോടൊപ്പം മുറിഞ്ഞില്ലേ പണി പാളും''തുടങ്ങിയ വരികളിലൂടെ പിന്നീടങ്ങോട്ട് കാഴ്ചയുടേയും രുചിയുടേയും ഗന്ധത്തിന്റേയും ബിംബങ്ങൾ ഇഴവിടർത്തിയാടുകയാണ്. അറവുകാരന്റെ സാഹായിയായിച്ചെല്ലാൻ തീരുമാനിച്ച അവനെ അവിടെ എതിരേൽക്കുന്നത് സിനിമാറ്റിക്കായ ചില ദൃശ്യങ്ങളാണ്.
""ഇറച്ചി വെട്ടിനുറുക്കാനുള്ള പുളിമരത്തടികൾ, ഇടയ്ക്കിടെ അറവുകത്തികൾ തേച്ചുമിനുക്കുന്ന കരിങ്കൽച്ചീള്. ചക്കരക്കയറിന്റെ അറ്റത്തെ ഇരുമ്പുകൊളുത്തുകളിൽ തൂക്കിയിടുന്ന ഇടംവലം ഭാഗിച്ചെടുത്ത കൊറഗും കൈത്തണ്ടും. കടയുടെ മുന്നിൽ ഉരിഞ്ഞുവെച്ചിരിക്കുന്ന മൃഗത്തോൽ. പൊളിച്ചെടുത്ത വെളുത്ത തലയോടിനുമീതെ വളഞ്ഞുനിൽക്കുന്ന കറുത്ത കൊമ്പ്. കട്ടിരോമം നെറഞ്ഞ വാലിൻതുമ്പ്''.
അറവുകാരന്റെ മുന്നിലെ കലപിലകൾ അതുപോലെ നമ്മെ അനുഭവിപ്പിക്കുന്നുണ്ട് കഥാകൃത്ത്.
""അറുപ്പാനേ ഒരുകിലോ കീമ...''
""ജോർജേ ഇമ്മിണികൂടി നെയ്യിട്ടോ..''
""കൊടലുതീർന്നോടാ ചെക്കാ..''
കാതുകളിലേക്ക് ഈ കലപിലകൾ കടന്നുവരുന്നതിനൊപ്പംതന്നെ ആ അന്തരീക്ഷത്തിന്റെ പിരിമുറുക്കവും മടുപ്പും നമുക്ക് അനുഭവവേദ്യമാകുന്നു.
അറവുമൃഗത്തിൽ തന്റെ കാമം തീർക്കുന്നവനാണ് ജോർജ്. അറവുമാടിന്റെ കാലുകൾ മുളംകുറ്റിയൽചേർത്ത് വരിഞ്ഞുകെട്ടി അതിന്റെ പുറകിലൂടെ പ്രവേശിക്കുന്നതാണ് അവന്റെ രീതി. അറവുപഠിക്കാൻ ചെന്ന അവനേയും ജോർജ് അതുതന്നെ ചെയ്യുന്നു.
""മടക്കുവീണ എന്റെ വയറ്റിലെ കൊഴുപ്പ് അറുപ്പാൻ ഞെക്കിയുടച്ചോണ്ടിരുന്നു. അയാളുടെ കെട്ടിറങ്ങുന്നതുവരെ കൽക്കെട്ടിലെ ഇരുട്ടിൽ കുമ്പിട്ട് നിന്ന് നടുകഴച്ചു'' എന്നിടത്തുണ്ട് അതിന്റെ ഭീബത്സത.
ഭോഗിക്കുമ്പോൾ ജോർജിന് മൃഗമെന്നോ മനുഷ്യനെന്നോ ഉള്ള വേർതിരിവില്ല. മൃഗത്വമാണ് അയാളിൽ മുന്നിട്ടു നിൽക്കുന്നത്. അതുകൊണ്ടാണ് ജോർജ് അവനോട് പറയുന്നത്..
""നിനക്ക് മൃഗത്തിന്റെ ചൂരാ..''
തന്റെ അവസാനത്തെ അറവിനായി അവൻ തയ്യാറെടുക്കുകയായിരുന്നു. അവന്റെ ഇരട്ടസഹോദരന്റെ ജീവനെടുത്ത പള്ളിയിലെ വികാരിതന്നെയാണ് അവന്റെ ഇര. അച്ചനെ ആസക്തിയിൽ കുടുക്കി ജോർജിനെപ്പോലെ അവനത് ഭംഗിയായി ചെയ്യുന്നു. മുറുക്കമുള്ളതും സംഭ്രമജനകവുമായ ആഖ്യാനത്തിലൂടെയാണ് കഥാകൃത്ത് ആ കൃത്യം വിവരിക്കുന്നത്.
""താഴെക്കൂടി കയറിയ ജോർജിന്റെ കത്തി വയറിനുള്ളിലൂടെ മുകളിലേക്ക് പാഞ്ഞ് ആറാം വാരിയെല്ലിൽ മുട്ടിനിന്നു. മരണവെപ്രാളത്തിൽ അയാളുടെ കൈക്കുള്ളിലമർന്ന് പോയത് വേർപ്പെടുത്തിയെടുക്കുമ്പോൾ ഞാനറിയാതെ മുള്ളിപ്പോയി. കത്തി വലിച്ചൂരിയെടുത്ത് മേത്തോട്ടുചേർന്നുകിടന്ന തടിച്ച ശരീരം തറയിലേക്കു മറിച്ചിടുമ്പോൾ വെള്ളത്തിനടീന്നു പൊങ്ങിയപോലെ ഞാനൊന്നാഞ്ഞു ശ്വാസമെടുത്തു''.
മനുഷ്യനിലെ മൃഗതൃഷ്ണകൾ ദുരന്തങ്ങൾക്കും അതിന്റെ തുടർചലനങ്ങൾക്കും കാരണമായിത്തീരുന്നത് തീക്ഷണമായ ബിംബങ്ങളിലൂടെ ആവിഷ്‌കരിക്കപ്പെടുകയാണ് "പെണ്ണാച്ചി' എന്ന കഥയിലൂടെ. ▮
തൊട്ടപ്പൻ- ഫ്രാൻസിസ് നെറോണ. ഡി.സി.ബുക്‌സ്, കോട്ടയം. 2019. എല്ലാ ഉദ്ധരണികളും ഈ എഡിഷനിൽനിന്ന്.
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.