ഖസാക്കിന്റെ ഇതിഹാസത്തിന് സലീം ബാബുവിന്റെ ചിത്രീകരണം. / Photo: ovvijayanmemorial.com

എന്നെ നായാടിക്കൊണ്ടിരിക്കുന്ന സാലഭഞ്ജികമാർ

വായനക്കാരൻ എന്ന നിലയിൽ എന്നെ സ്വാധീനിച്ച പുസ്തകങ്ങളെ കുറിച്ച് ഇടക്കെങ്കിലും ഓർത്തുപോവാറുണ്ട്. ഒരിക്കലും തോൽക്കാൻ മനസ്സില്ലാത്ത സാൻറിയാഗോയുടെ കഥ, മനുഷ്യപരിണാമങ്ങളുടെ ഇതിഹാസമായ സാപിയൻസ്, പീഡിതരായ ഓരോ മനുഷ്യന്റേയും മുന്നിൽ കൈകളുയർത്തി മുട്ടുകുത്തുന്ന റാസ് കോൾ നിക്കോഫ്, ചരിത്രത്തിലൂടെ മനുഷ്യന്റെ പ്രയാണം അപഗ്രഥിക്കുന്ന ഹോമോ ദിയൂസ്, മഞ്ഞശലഭങ്ങളുടെ കീരീടം ചൂടിയ മൗറീഷ്യോ ബാബിലോണിയമാരുടെ ഇന്ദ്രജാല കഥകളുടെയും ഏകാന്തതയുടേയും നൂറു വർഷങ്ങൾ, ധർമവ്യസനങ്ങളുടെ ധർമരാജാ, ചങ്ങല പൊട്ടിച്ച മാനിഫെസ്റ്റോ, അതീന്ദ്രിയമായ ഗീതാജ്ഞലി, ധർമസന്ദേഹങ്ങളുടെ എക്കാലത്തേയും പാഠപുസ്തകമായ മഹാഭാരതം, വായനയുടെ അത്ഭുതലോകങ്ങളിലേക്ക് പണ്ട് ഒരു ആറാം ക്ലാസുകാരനെ കൈ പിടിച്ചു കൊണ്ടുപോയ മുട്ടത്തുവർക്കി ....
ഒരു ഡോക്ടർ എന്ന നിലയിലാവട്ടെ, സിറ്റാഡൽ, കമ്യൂവിന്റെ പ്ലേഗ്, സരമാഗുവിന്റെ ബ്ലൈൻഡ്​നസ്​, ആക്‌സൽ മുംതേയുടെ ചികിത്സകരുടെ എക്കാലത്തേയും ഇതിഹാസം, പോൾ കലാനിധി, ബാഡ് സയൻസ്...

ഇനിയും എത്രയോ പ്രിയപ്പെട്ട പുസ്തകങ്ങൾ.
ഇവയൊക്കെ പ്രിയതരങ്ങളാവുമ്പോഴും, ഒരു പുസ്തകം വായനാ ജീവിതത്തിലുടനീളം എന്നെ നിരന്തരം നായാടിപ്പോന്നു. മലയാളി എന്ന എന്റെ ടെറിട്ടോറിയൽ ഇൻസ്റ്റിൻക്റ്റ് ഒരുവേള അതിന് കാരണവുമായിട്ടുണ്ടാവാം.
അതെ, ആ പുസ്തകം തന്നെ, ഖസാക്കിന്റെ ഇതിഹാസം.

സ്‌കൂളിൽ പഠിക്കുമ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കടുത്ത വരകൾ അകമ്പടി സേവിച്ച നോവൽ ഇടക്കിടെ വായിക്കാൻ ശ്രമിച്ചിരുന്നു. ദുരൂഹമായ സ്ഥലരാശി പോലെ കാലത്തിന്റെ ആ ഗംഗാതടത്തിൽ അവ എനിക്ക് പിടിതരാതെ ടെറോഡാക്​റ്റൈലുകളായി ആകാശത്തിന്റെ സ്പടികമാനങ്ങളിലേക്കുയർന്നുപൊങ്ങി. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ഞാൻ ഖസാക്കിൽ ജ്ഞാനസ്‌നാനം ചെയ്യുന്നത്. ഒരു രാതി ഉമ്മറത്തിരുന്ന് ആദ്യ അദ്ധ്യായം വായിച്ച് ആ വരികൾ അക്ഷരാർത്ഥത്തിൽ ഞാൻ നൊട്ടിനുണഞ്ഞുകൊണ്ടിരുന്നു.
മിഠായി തീർന്നുപോവുമെന്ന് വേവലാതിപ്പെടുന്ന കിളിയെ പോലെ തന്നെ. നീരൊഴുക്കിൽ രവി തിരിഞ്ഞിരുന്നപ്പോഴാണ് ഞാൻ വായനയിൽ ഒന്നു തിരിഞ്ഞിരുന്നത്.

ഞാൻ പലപ്പോഴും സ്വയം ആരാഞ്ഞിട്ടുണ്ട്, ദൈവപ്പുരയിലെ കുട്ടാടൻ പൂശാരിയുടെ ദേവിയോടെന്നപോലെ, ഒരു മെൽക്വിദിയസ് കാന്തത്തെ ഓർമിപ്പിക്കുന്ന ആ അപ്രതിരോദ്ധ്യമായ ആകർഷണത്തിന്റെ രഹസ്യത്തെക്കുറിച്ച്. ആ ചോദ്യം രവിയെയെന്ന പോലെ അപാരമായ ഉത്തരത്തിന്റെ സന്നിധിയിൽ എന്നെ ഒരിക്കലും എത്തിച്ചില്ല. മൈമുനയുടെ മനസ്സുപോലെ ഒരിക്കലും പിടിതരാത്ത യാഗാശ്വമായി, കടങ്കഥയായി അത് എന്റെയുള്ളിൽ ഇക്കാലമത്രയും ഇരടി നടന്നു.

മനുഷ്യൻ ജീവിതത്തിലുടനീളം അഭിമുഖീകരിക്കേണ്ടിവരുന്ന അന്തമറ്റ ധർമവ്യസനങ്ങളെ ഒരിക്കലെങ്കിലും ഉൾക്കാതുകൊണ്ടറിഞ്ഞ ഒരാൾക്കു മാത്രമേ ഖസാക്കിലെ വരികൾ കുറിക്കാനാവൂ എന്ന് ഞാൻ വിശ്വസിക്കുന്നു.

അച്ഛനോടുചെയ്ത പാപം രവിയുടെ ജീവിതം കലുഷമായ ഒരു പരിഹാസമാക്കി മാറ്റി. മന്ദാരത്തിന്റെ ഇലകൾ ചേർത്തുതുന്നിയ പുനർജനിയുടെ കൂടുവിട്ട്, കണ്ണുകളുടേയും പുരികങ്ങളുടേയും ചുവന്ന നടപ്പാതയിലെ സായാഹ്നയാത്രകളുടേയും അച്ഛന്റെ ഓർമകളിൽ നിന്ന്, അപ്പുക്കിളിയുടെ തലയിൽ നിന്നിറങ്ങിപ്പോവുന്ന പേനുകളെ പോലെ, രവി പത്മയുടെ സാന്നിദ്ധ്യത്തിൽ പോലും മുക്തനാവുന്നില്ല. ഫ്‌ളയിങ്ങ് ഡച്ച്മാനെ പോലെ പാപങ്ങളെ മുഴുവൻ പിറകിൽ തള്ളി യാത്ര ചെയ്തിട്ടും, എഴു വർഷങ്ങൾക്കുശേഷവും കാശിയിലെ കുഷ്ഠരോഗികളുടെ മഠത്തിലോ പ്രയാഗയിലെ സത്രങ്ങളിലോ ബോധാനന്ദന്റെ ആശ്രമത്തിലോ ഒന്നും രവി സ്വസ്ഥനായില്ല. അവസാനത്തെ വഴിയമ്പലത്തിൽ അഗമ്യഗമനത്തിന്റെ ആ ഫ്രോയിഡിയൻ ബിംബമാണ് കൗതുകത്തിന്റെയും വാത്സല്യത്തിന്റേയും അതീതലോകത്തേക്ക്, കല്പവൃക്ഷത്തിന്റെ തൊണ്ട് എണ്ണി കൺകടഞ്ഞ കുട്ടിക്കാലത്തിനുശേഷം രവിയെ അന്തമറ്റ സ്‌നേഹത്തോടെ കൈപിടിക്കുന്നത്.

അപാരമായ പാപബോധത്തിന്റെ മുന്നിൽ വസൂരിയും വാറ്റുചാരായവും, ഖസാക്കിലെ സുന്ദരികളും ഭഗവത്ഗീതയും, പുളിക്കൊമ്പത്തെ പോതി മുതൽ സെയ്​ദ്​ മിയാൻ ഷെയ്ഖ് വരെയുള്ള ദൈവസാന്നിദ്ധ്യങ്ങളും രവിയെ ഒട്ടും തുണച്ചില്ല. പത്മയുടെ കണ്ണീർ ഒരു മരുഭൂമിയെ പോലെ എറ്റുവാങ്ങേണ്ടിവന്ന പശ്ചാത്തലത്തിലാണ്, വീണ്ടും ലൗകിക മോഹങ്ങൾ തന്നെ വലവീശിപ്പിടിക്കും എന്നുറപ്പായപ്പോൾ ഒരു ബിബ്ലിക്കൽ പരിഹാരത്തിനായി രവി അബോധമായി ആഗ്രഹിച്ചിരിക്കുക. എന്റെ കൂടെ വരുമോ എന്ന ചോദ്യത്തിന് രവി നൽകുന്ന ‘അറിഞ്ഞുകൂടാ’ എന്ന മറുപടി മറ്റെല്ലാ പരിഹാര സാദ്ധ്യതകളും ഒറ്റയടിക്ക് റദ്ദു ചെയ്യുന്നുണ്ട്.

ഒ.വി. വിജയൻ
ഒ.വി. വിജയൻ

ഇതിഹാസത്തിലെ ഭാഷയുടെ തളിർത്ത പുതുമയും അമ്പരപ്പിക്കുന്ന ലാവണ്യവും എന്നെ എന്നും മോഹിപ്പിച്ചു പോന്നു. മുങ്ങാങ്കുഴിയുടെ മരണം ഒരു കവിതയാണ്: കിണറു കടന്ന് ഉൾക്കിണറിലേക്ക്. വെള്ളത്തിന്റെ വില്ലീസുപടുതകളിലൂടെ അയാൾ നീങ്ങി. ചില്ലുവാതിലുകൾ കടന്ന് സ്വപ്നത്തിലൂടെ, സാന്ധ്യപ്രജ്ഞയിലൂടെ തന്നെ കൈനീട്ടി വിളിച്ച പൊരുളിന്റെ നേർക്ക് അയാൾ യാത്രയായി. അയാൾക്കുപിന്നിൽ ചില്ലുവാതിലുകൾ ഒന്നൊന്നായടഞ്ഞു.

മലയാള ഗദ്യത്തിൽ കൃഷ്ണപിള്ളയുടെ കവിതയിലെ പദ സുഭഗതയുടേയും ആനന്ദിന്റെ പദഗൗരവത്തിന്റേയും രസാവഹമായ കലർപ്പായി വിജയന്റെ ഭാഷ രൂപാന്തരം കൊള്ളുന്നുണ്ട് പലപ്പോഴും.

രവി ഓർക്കുന്നു: അച്ഛൻ എന്നെ പ്രതീക്ഷിക്കരുത്. ആ ഓർമകളിൽ നിന്നും എന്നിൽ നിന്നുമകലാൻ അവധൂതനെപ്പോലെ ഞാൻ നടന്നു നടന്നുപോവുന്നു. അവസാനത്തെ കടൽപ്പുറത്ത് തിര വരാൻ കാത്തുനിൽക്കുമ്പോൾ ഓർമകളരുത്.

രവി ജന്മാന്തരങ്ങളുടെ ഓർമകളിൽ തുമ്പിയായി പാറുന്നതിന് തൊട്ടുമുമ്പ്: രവി ഉറങ്ങാൻ കിടന്നു. ജനാലയിലൂടെ ആകാശം മിന്നുന്നു, തുടിക്കുന്നു. ഈശ്വരാ ഒന്നുമറിയരുത്. ഉറങ്ങിയാൽ മതി. ജന്മത്തിൽ നിന്ന് ജന്മത്തിലേക്ക് തല ചായ്ക്കുക. കാടായ്, മണ്ണായ്, നിഴലായ്, ആകാശമായി വിശ്രമം കൊള്ളുക. അറിവിന്റെ കണ്ണുകൾ പതുക്കെ പൂട്ടി. മിന്നിത്തുടിക്കുന്ന ഖസാക്കിലെ ആകാശം കയ്തപ്പൊന്തകളിലേക്കിറങ്ങിവന്ന് ഖസാക്കിലെ മിന്നാമിനുങ്ങുകളായി.

മഹാഭാരതത്തിലെ അപാരമായ ധർമ സന്നിഗ്ധതകളെ ഏതെല്ലാമോ തരത്തിൽ ഓർമിപ്പിക്കുന്നുണ്ട് ഈ വരികൾ. മനുഷ്യൻ ജീവിതത്തിലുടനീളം അഭിമുഖീകരിക്കേണ്ടിവരുന്ന അന്തമറ്റ ധർമവ്യസനങ്ങളെ ഒരിക്കലെങ്കിലും ഉൾക്കാതുകൊണ്ടറിഞ്ഞ ഒരാൾക്കു മാത്രമേ ഈ വരികൾ കുറിക്കാനാവൂ എന്ന് ഞാൻ വിശ്വസിക്കുന്നു.

അസ്തമയത്തിൽ ആറാടി നിന്ന താഴ്വരയിലെ കർമപരമ്പരയുടെ അകൽച്ചയുടേയും ദുഃഖത്തിന്റേയും സാലഭഞ്ജികമാരുടെ ഇതിഹാസ കഥനം എന്നും എന്റെ ഹൃദയത്തോടുചേർന്ന്... ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. എം. മുരളീധരൻ

എഴുത്തുകാരൻ, ചെയർമാൻ- പൊതുജനാരോഗ്യ ബോധവത്കരണ സമിതി, ഐ.എം.എ കേരള.

Comments