ആനന്ദ് മലയാളിക്ക് അപരിചിതനോ?

"ഡിസി ബുക്‌സിന്റെ വാതിൽ തുറന്ന് ഞാൻ "ആൾക്കൂട്ടം' ഉണ്ടോ എന്ന് ഒരു ഔപചാരികതയും ഇല്ലാതെ ചോദിച്ചു. കമ്പ്യൂട്ടർ സ്‌ക്രീനിൽ നിന്ന് തലപൊക്കി അയാൾ പറഞ്ഞു "കോപ്പി, കഴിഞ്ഞിരിക്കുകയാണ്'. അതിനോടൊപ്പം ഒരു മറുചോദ്യവും- "ആനന്ദിനെ ആരേലും വായിക്കുമോ?'" -സുകേഷ്.യു എഴുതുന്നു.

റു വർഷങ്ങൾക്ക് മുൻപ്, ഒരു പ്ലസ് ടു കാലത്ത് ടൗണിലെ പൊള്ളുന്ന ചൂടിൽ നിന്ന് ഡിസി ബുക്‌സിന്റെ വാതിൽ തുറന്ന് ഞാൻ "ആൾക്കൂട്ടം' ഉണ്ടോ എന്ന് ഒരു ഔപചാരികതയും ഇല്ലാതെ ചോദിച്ചു. കമ്പ്യൂട്ടർ സ്‌ക്രീനിൽ നിന്ന് തലപൊക്കി അയാൾ പറഞ്ഞു "കോപ്പി, കഴിഞ്ഞിരിക്കുകയാണ്'
അതിനോടൊപ്പം ഒരു മറുചോദ്യവും- "ആനന്ദിനെ ആരേലും വായിക്കുമോ?'
മരുഭൂമികൾ ഉണ്ടാവുന്നതും മരണസർട്ടിഫിക്കട്ടും വായിച്ചു തീർത്ത അതേ ആവേശത്തോടെ ആനന്ദിന്റെ പുസ്തകം തപ്പി ഇറങ്ങിയ എന്നെ അയാൾ ഒരു ചിരിയോടെ നേരിട്ടു.

"അതെന്താ ചേട്ടാ ആനന്ദിന്റെ പുസ്തകങ്ങൾക്ക് കൊഴപ്പം?'
പിന്നെയും ചിരിച്ച കൊണ്ട് "കുഴപ്പം ഒന്നുല്ല, എം ടി യും ബഷീറും ഒക്കെയാണ് പിള്ളേർ കൂടുതലും അന്വേഷിക്കുന്നത്. ആനന്ദിന്റെ എങ്ങനെ വായിച്ചു തീർക്കാനാ'
ഞാൻ ചോദിച്ചു."ചേട്ടൻ വായിച്ചിട്ടുണ്ടോ?'
അയാൾ: "ഇല്ലെന്ന് , പേജ് തീർക്കാൻ പാടാണ്.'
ചൂടിലേക്ക് ഇറങ്ങി നടന്നു. പിന്നെയും ആഴ്ചകൾ കഴിഞ്ഞു, ആൾക്കൂട്ടം വായനശാലയിൽ നിന്ന് കിട്ടി. കോപ്പി പഴയത്. ഒരു കാലഘട്ടത്തിന്റെ അടയാളം അതിൽ നിറഞ്ഞു നിന്നിരുന്നു. ആനന്ദ് എത്രത്തോളം മലയാളിക്കു പരിചിതനാണ് എന്നത് എനിക്ക് ഇപ്പോഴും സംശയം ആണ്. ആൾക്കൂട്ടം വായിച്ചവരുടെ എണ്ണം എത്ര. ചർച്ചകൾ പോലും ഒരു കൂട്ടം ആളുകളിൽ ഒതുങ്ങി പോയോ.

ഒരിക്കൽ ഒരു കൂട്ടുകാരി ചോദിച്ചു-
ആരുടെ പുസ്തകമാ വായിക്കുന്നത്?
"ആനന്ദ്'
നിനക്ക് വേറെ ആരെയും കിട്ടിയില്ലേ.

ആനന്ദ് എത്രത്തോളം മലയാളിക്കു പരിചിതനാണ് എന്നത് എനിക്ക് ഇപ്പോഴും സംശയം ആണ്. ആൾക്കൂട്ടം വായിച്ചവരുടെ എണ്ണം എത്ര. ചർച്ചകൾ പോലും ഒരു കൂട്ടം ആളുകളിൽ ഒതുങ്ങി

ആൾക്കൂട്ടം നേരിട്ട വിചാരണകൾ അനവധിയാണ്. മണൽ പരപ്പു പോലെ വരണ്ട ഭാഷ എന്നൊരു സുഹൃത്ത് പറഞ്ഞത് ഓർക്കുന്നു. വായന ലോകം എവിടെ കറങ്ങി തിരിയുന്നു എന്നാലോചിച്ചു പോവുന്നു. മലയാളിക്ക് പരിചിതമല്ലാത്ത ഭൂപടം അന്വേഷിച്ചു പോയി എന്നത് ഇപ്പോഴും പലർക്കും തെറ്റ് തന്നെ ആണ്.

ഗദ്യ ഭാഷയുടെ പുതിയൊരു സംവേദന മാർഗം ആനന്ദിൽ ഞാൻ രുചിച്ചു. കൊളോക്കിയൽ പദ പ്രയോഗങ്ങളും ഡബിൾ മീനിങ് തേടുന്ന വാക്യങ്ങളും ഇവിടെ ഇല്ല. അത്തരമൊരു ഭാഷക്ക് ആനന്ദ് വഴങ്ങില്ല. ഈ ഭാഷ കീറാമുട്ടിയാണ്, ലേഖന ഭാഷയാണ് എന്നഭിപ്രായപ്പെടുന്നവർ ഇപ്പോഴും ഭാഷ വ്യവഹാരത്തെ കാവ്യ ഭാഷ അടിസ്ഥാനത്തിൽ നിരൂപിക്കാൻ ശ്രമിക്കുന്നവരാണ്. ജോസഫിന്റെ ഭാഷ അവന്റെ ശൈഥില്യങ്ങളുടെയും പ്രതീക്ഷയുടെയും രൂപമാണ്.

ബോംബെ നഗരത്തിൽ ഭാഷ ചരിത്രപരമാണ്. അതിനു പുതിയ മാനദണ്ഡം ഇല്ല. ദിവസേന പരിചിതമായിക്കൊണ്ടിരിക്കുന്ന കുടുസ് മുറികളുടെ കഥകൾ, ട്രക്കുകൾ, അതിനപ്പുറം ഒരു ഭാഷ കൊണ്ട് വരച്ചിടാൻ കഴിയാത്ത യാഥാർഥ്യങ്ങളും. ജീവിതം ലൗകികവും കല അലൗകികവുമായ വേളയിൽ അതിന് പുതു ഭാവുകത്വം കൊടുത്ത് വർണപകിട്ടുള്ളത് ആക്കാൻ നോക്കുന്നത് സാഹിത്യവും യാഥാർഥ്യവും തമ്മിൽ ഉള്ള അന്തരം കൂട്ടുക തന്നെ ചെയ്യുന്നു.
നഗരം ആനന്ദിൽ വളർന്നു രൂപം പ്രാപിക്കുകയും അതിന്റെ അധികാരദണ്ഡ് കൊണ്ട് ജനത്തെ കശാപ്പ് ചെയ്യുകയും ചെയ്യുന്നു. അത് ഒരു ആഗോള പ്രതിസന്ധിയാണ്. ഫൂക്കോന്റെ ജൈവ അധികാരം നിഷ്‌ക്കർഷിക്കുന്നത് ആരാണ് ജീവിക്കാൻ അർഹനൻ എന്ന ചോദ്യമാണ്, ആനന്ദിലും പ്രത്യക്ഷമായി ആ ചോദ്യമുണ്ട്. ജീവിക്കാൻ അർഹത ഉള്ളവൻ, അവനാവാനുള്ള തിരഞ്ഞെടുപ്പിലേക്കാണ് ആൾക്കൂട്ടം സഞ്ചരിക്കുന്നത്. അതിൽ കുറച്ച് അതിജീവിക്കും ബാക്കിയോ? ചർച്ച ഇല്ലാതെ പോവുന്ന ആ പ്രതിസന്ധി ഈ ആഗോള മഹാമാരിയുടെ കാലത്ത കണ്മുന്നിൽ കാണുന്നു.

ഇതിൽ നിന്ന് എല്ലാം സുരക്ഷിതരാവാൻ ശ്രമിക്കുന്നവർ, കണ്ടില്ലെന്ന് നടിക്കാനാവുന്നവർ, ഇവരുടെ ഭാഷ ആനന്ദിൽ കാണ്മാൻ ആവില്ല. അതിൽ എഴുത്തുകാരനെ കുറ്റം പറയാൻ കഴിയില്ല.

Comments