Photo: P. Musthafa

എം.ടി, ലളിതാംബിക അന്തർജ്ജനത്തിന് അയച്ച കത്തുകൾ

"ക്ഷേമം എന്ന് കരുതുന്നു. ഒരു ആത്മകഥ എഴുതാൻ അപേക്ഷ. ഇവിടെ പലരും ആത്മകഥകൾ എഴുതിയിട്ടുണ്ട്. ആ നിലയ്ക്കല്ല. വെളിച്ചം കയറാത്ത ഒരു അന്തപുരത്തിനകത്തുനിന്ന് ഒരു എഴുത്തുകാരി പഴമയുടെ എതിർപ്പുകളെ എല്ലാം മാറ്റിക്കൊണ്ട് വെളിച്ചത്തിലേക്ക് വന്ന് സാംസ്കാരിക ലോകത്തിന് ഗണ്യമായ സംഭാവന നൽകിയ കഥ. ഒരുപക്ഷേ സാഹിത്യ ചരിത്രത്തിൽ തന്നെ അപൂർവ്വമാണ്” - എം.ടി, ലളിതാംബിക അന്തർജ്ജനത്തിന് എഴുതിയ കത്തുകളെ മുൻനിർത്തി തനൂജ ഭട്ടതിരി എഴുതുന്നു.

മോഹനമ്മാവന്റെ (എൻ.മോഹനൻ) വീട്ടിൽ വെച്ചാണ് ആദ്യമായി എംടിയെ കാണുന്നത്. ആ ഗാംഭീര്യം മനസിലാക്കാനുള്ള പ്രായമോ പക്വതയോ അന്നെനിക്കുണ്ടായിരുന്നില്ല… അതുകൊണ്ടുതന്നെ അമ്മാവനെയും മുത്തശ്ശിയെയും കാണാൻ വരുന്ന പലരിൽ ഒരാൾ! പലയിടങ്ങളിൽ പലപ്പോഴും ആ കാഴ്ച്ച തുടർന്നു. സമപ്രായക്കാരനും സുഹൃത്തുമായിരുന്ന അമ്മാവനും എംടിയും തമ്മിൽ ചിരിയും വർത്തമാനങ്ങളും ഉണ്ടായിരുന്നു. മുത്തശ്ശിയോട് വിനയത്തോടെ സംസാരിക്കുന്ന അദ്ദേഹത്തെ കണ്ടു. എന്നാൽ ഒരു സാധാരണ മനുഷ്യന്റെ അടുക്കലേക്കുപോകുന്ന അത്രേം സാധാരണമായി അദ്ദേഹത്തിന്റെ അടുത്തേക്ക് പോകാൻ എനിക്കന്നു സാധിച്ചില്ല..

പേടിയല്ല, മറ്റെന്തോ! നോക്കി നിൽക്കാൻ മാത്രം തോന്നുന്ന എന്തോ ഒന്ന്! ആകാശം പോലെ... തലയുയർത്തി നോക്കിനിന്നു… കോള് കൊണ്ട കടൽ കണ്ടപോലെ വിസ്മയപ്പെട്ടു..! മുടിയഴിച്ചിട്ടാടുന്ന കരിംകാട്പോലെ നിഗൂഢപ്പെട്ടു! അനന്തമായ പെരുമഴ പോലെ വിറപ്പിച്ചു. പൊരിമണൽ പരപ്പ് പോലെ ഏകാകിനിയാക്കി. അതേ! വായന നമ്മളെ ഒറ്റക്കാക്കും! എല്ലാ കൂട്ടുകളും പൊഴിച്ച് കളഞ്ഞ് നമ്മളെ തനിയെയിടും! പിന്നീട് എന്നോ എപ്പോഴോ അക്ഷരങ്ങളിൽ കൂടി അടുത്തെത്തിയ ശേഷം എന്നുമെന്നും വിരൽതൊട്ടു നിന്നു. എന്നോ മുതൽ പതിയെ പരസ്പരം ചിരിച്ചു. പൊഴിഞ്ഞിട്ടും മണം മാറാത്ത ബന്ധങ്ങളെ ഓർത്തു ഒന്നും പറയാതെ നിന്നു! ഇപ്പോൾ ഞാൻ ഓർക്കുന്നത് ലളിതാംബിക അന്തർജനം ട്രസ്റ്റിന്റെ അധീനതയിലുള്ള ചില കത്തുകളിലെ വരികളാണ്. ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളിലും തുടർന്നും എംടി, ലളിതാംബിക അന്തർജ്ജനത്തിന് അയച്ച കത്തുകളിലെ വരികൾ!

എൻ.മോഹനൻ
എൻ.മോഹനൻ

"ഓഫീസിൽ വെച്ച് പരിചയപ്പെട്ടത് ഓർക്കുന്നുണ്ടായിരിക്കുമല്ലോ. പോകുന്നതിനു മുമ്പ് കാണണമെന്നും കൂടുതൽ സംസാരിക്കണം എന്നും ഉണ്ടായിരുന്നു സാധിച്ചില്ല. ഈ കത്ത് എഴുതുന്നത് പകുതി ഓഫീസ് കാര്യവും പകുതി സ്വന്തം കാര്യവും വെച്ചുകൊണ്ടാണ്. വരുന്ന ജനുവരി 26ന് മാതൃഭൂമിക്ക് ഒരു റിപ്പബ്ലിക് വിശേഷാൽ പ്രതിയുണ്ട്. അതിനൊരു കഥ തരണം എന്ന് സ്നേഹപൂർവ്വം നിർബന്ധിക്കുകയാണ് കത്തിന്റെ ഉദ്ദേശം. എന്ത് തിരക്കായാലും ഡിസംബർ 30ന് മുമ്പായി ഒരു കഥ അയച്ചു തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സുഖമെന്ന് കരുതുന്നു മറുപടിക്ക് ഒരു കത്ത് എഴുതുമോ?

സ്നേഹാദരങ്ങളോടെ,

എം ടി വാസുദേവൻ നായർ"

ലളിതാംബിക അന്തർജ്ജനത്തിന് അയച്ച മറ്റൊരു കത്ത്

എന്റെ അഭ്യർത്ഥന അനുസരിച്ച് കഥ അയച്ചതിൽ വ്യക്തിപരമായി എനിക്ക് സന്തോഷവും അഭിമാനവും എല്ലാം തോന്നുന്നു. മാതൃഭൂമി ഓഫീസിൽ വെച്ച് അന്ന് ആദ്യമായി പരിചയപ്പെട്ട ശേഷം എന്റെ ഒരു ബന്ധുവിന് ഞാൻ ഇങ്ങനെ എഴുതി...' എനിക്കിന്ന് ഒരു അമ്മയെ കിട്ടി'. എന്ന്.. അതെഴുതുമ്പോൾ തികച്ചും ഞാൻ അത് അനുഭവിച്ചിരുന്നു..

ഞാൻ ലീവിൽ പോയത് ഒരു നോവൽ എഴുതാനും കുറച്ചു വിശ്രമിക്കാനും ആണ്. വിശ്രമം ഉണ്ടായില്ല പക്ഷേ നോവൽ എഴുതി.. ‘അറബിപ്പൊന്ന്’. അറബിപ്പൊന്നിന്റെ നിഗൂഢ വ്യാപാരത്തെ പശ്ചാത്തലമാക്കി മനുഷ്യവർഗ്ഗത്തിൽ എക്കാലവും സ്വാധീനത ചെലുത്തി വരുന്ന 'പാഷൻ ഫോർ മണി' എന്ന വികാരത്തെ വിശകലനം ചെയ്യുകയാണ് ഉദ്ദേശം. കോഴിക്കോട്ടെ ധനിക ജീവിതമാണ് അതിന്റെ ക്യാൻവാസ്. സുമാർ ആയിരം പേജ് വരും. ശ്രീ എൻ പി മുഹമ്മദ് എന്ന യുവ കഥാകാരന്റെ സഹായത്തോടെയാണ് അത് എഴുതിയത്. കോഴിക്കോട്ടെ പ്രഭുക്കളായ കോയമാരുടെ ആചാരങ്ങളും ഇസ്ലാം മതകാര്യങ്ങളും എനിക്കറിയില്ലല്ലോ. അത് ഈ കൂട്ടുകാരൻ ശരിപ്പെടുത്തി. ഇനി അതിന്റെ അസ്സൽ എഴുതണം. സാധാരണക്കാരെ രസിപ്പിക്കുന്ന ഉദ്വേഗജനകമായ ഒരു കഥയുണ്ട് നോവലിൽ. പക്ഷേ എന്റെ ഉദ്ദേശം ഈ കാലഘട്ടത്തിലെ മോഹങ്ങളും മോഹഭംഗങ്ങളും ആവിഷ്കരിക്കുക എന്നതാണ്. കരുവാരകുണ്ടിനടുത്ത് വിജനമായ ഒരിടത്ത് താമസിച്ചാണ് ഇത് എഴുതിയത്. അതുകൊണ്ട് കത്ത് കാണാനും മറുപടി എഴുതാനും ഇന്നേ കഴിഞ്ഞുള്ളൂ.

കലോത്സവകാലത്ത് മോഹനനെ കണ്ടിരുന്നു. അതിനും ഒരു മാസം മുമ്പാണ് ആദ്യമായി കോഴിക്കോട് വെച്ച് മോഹനനെ പരിചയപ്പെട്ടത്. വളരെ എളുപ്പത്തിൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി. ഞാനും മോഹനനും സമവയസ്കരാണ്. മോഹനന് എന്നെക്കാൾ കുറച്ചു മാസങ്ങളെ പ്രായം അധികമുള്ളു. റിപ്പബ്ലിക് പതപ്പിലേക്ക് അയച്ച കഥ വായിക്കുന്നതിനു മുമ്പ് തന്നെ ഞാൻ അഭ്യർത്ഥിക്കട്ടെ ഈ പരീക്ഷണം തുടർന്നു കൊണ്ടുപോകണം.

ഏകാന്തതയുടെ ഒരു ബോധവും വിഷാദവും എന്റെ ആത്മാവിൽ എപ്പോഴും ഉണ്ടെന്നു തോന്നുന്നു.. അതായിരിക്കും പല കഥകളിലും കടന്നുകൂടുന്നത്.. ഓഫീസിൽ വെച്ച് പറഞ്ഞത് വളരെ പരമാർത്ഥം ആണ്. ഞാൻ കൂടുതൽ പ്രസാദത്തോടെ ജീവിതത്തെ സമീപിക്കാൻ ശ്രമിക്കട്ടെ. അനുഗ്രഹങ്ങളും ആശംസകളും എനിക്ക് ഇങ്ങനെ ലഭിക്കുമ്പോൾ ആവേശം ഉണ്ടാകാതിരിക്കില്ല. റിപ്പബ്ലിക് പതിപ്പ് മറ്റന്നാൾ അച്ചടി കഴിയും. കോപ്പി ആദ്യം എന്‍വിക്കും അങ്ങോട്ടും അയക്കും. എന്നിട്ട് ഞാൻ വീണ്ടും എഴുതാം. ഓപ്പറേഷന് ശേഷം സുഖമായിരിക്കുന്നു എന്ന് കരുതുന്നു സ്നേഹാദരങ്ങളുടെ സ്വന്തം,

എം.ടി.

ലളിതാംബിക അന്തർജ്ജനം
ലളിതാംബിക അന്തർജ്ജനം

മറ്റൊരു കത്ത്

പ്രിയപ്പെട്ട അമ്മയ്ക്ക്,

അയച്ച കത്ത് കിട്ടി. ഉടനെ മറുപടി എഴുതാൻ സാധിച്ചില്ല. ഒൻപതു, പത്തു ദിവസം യാത്രയിലായിരുന്നു. അത് കഴിഞ്ഞപ്പോഴേക്കും വീട്ടിൽ പോകേണ്ടി വന്നു. അമ്മയുടെ അഞ്ചാമത്തെ ശ്രാദ്ധത്തിന്.. ചാത്തം അടുത്തെത്തിയപ്പോഴാണ് വിത്തുകൾ എഴുതാൻ തോന്നിയത്. പുസ്തകങ്ങൾ കിട്ടി. എല്ലാം ഞാൻ മുമ്പ് വായിച്ചതാണ്. എങ്കിലും പാരിതോഷികമായി ആ പുസ്തകങ്ങൾ കിട്ടിയപ്പോൾ അളവറ്റ സന്തോഷം തോന്നി. കൊല്ലങ്ങൾക്ക് മുമ്പ് നാട്ടിൻപുറത്ത് എന്റെ കൊച്ചു ഗൃഹത്തിൽ ഇരുന്നുകൊണ്ട് ഈ കഥകൾ പലപ്പോഴും വായിച്ചപ്പോൾ ഇങ്ങനെ പരിചയപ്പെടാൻ ഇടയാകും എന്ന് ഞാൻ ധരിച്ചിരുന്നില്ല. 48, 49, എന്നീ കൊല്ലങ്ങളിൽ 6 നാഴിക ദൂരം നടന്നാണ് ഞാൻ ലൈബ്രറിയിൽ നിന്ന് ബഷീറിന്റെയും തകഴിയുടെയും ലളിതാംബിക അന്തർജ്ജനത്തിന്റെയുമെല്ലാം പുസ്തകങ്ങൾ കൊണ്ടുവരിക. ഇപ്പോൾ ഞാൻ അതെല്ലാം ഓർത്തു പോകുന്നു. കഥകളിൽ പലപ്പോഴും പല വൃത്തികേടുകളും ഞാൻ എഴുതി കൂട്ടിയിട്ടുണ്ടാവും. മാനസികമായ ദൗർബല്യത്തിന്റെ അഥവാ ഒളിച്ചോട്ടത്തിന്റെ സന്തതികളായ അവയെ വല്ലപ്പോഴും കണ്ടുമുട്ടിയാൽ തന്നെ പൊറുക്കണം. പക്ഷേ കഴിഞ്ഞ മൂന്നുനാലു കൊല്ലമായി വെറുതെ എന്തെങ്കിലും എഴുതുക എന്ന സ്വഭാവം ഞാൻ നിർത്തിയിരിക്കുകയാണ്.. എഴുതേണ്ടി വരുമ്പോൾ വേദനയോടെ എഴുതുക എന്നത് മാത്രമാണ് നില. പഴയ കാലത്തെ ചപല സൃഷ്ടികളെ ചൊല്ലി ഞാനിപ്പോൾ ദുഃഖിക്കാറുണ്ട്. അറബിപ്പൊന്ന് നേരിട്ട് പുസ്തകം ആക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു.. മാതൃഭൂമിയിൽ വന്നു കഴിഞ്ഞാൽ കൂടുതൽ പേർ വായിക്കുന്നതുകൊണ്ട് കൂടുതൽ പേർക്ക് എന്നോട് വെറുപ്പ് തോന്നും. എന്റെ പരിചയസീമയിൽ പെട്ട പലരെയും അതിൽ ചിത്രീകരിക്കേണ്ടിവന്നു. നമ്മുടെ പാരമ്പര്യം വിട്ട് പലതും എഴുത്തിൽ ഞാൻ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്.

ഓർമ്മയുടെ അപ്പുറത്തേക്കുള്ള യാത്ര പിന്നീട് തുടർന്ന് എഴുതിയോ? ജീവിതത്തിന്റെ അറ്റങ്ങൾക്കപ്പുറത്തേക്ക് കടന്നു ചെല്ലുന്ന ഒരു കഥയും ഞാൻ ഇന്നോളം വായിച്ചിട്ടില്ല. താത്വികമായി ദാർശനികമായി കടന്നുചെല്ലുന്ന കഥ. വിശ്വ സാഹിത്യത്തിൽ പല രാജ്യങ്ങളിലായി പുറത്തുവന്ന ശ്രദ്ധേയങ്ങളായ മിക്ക കൃതികളും (കഥകളും നോവലുകളും) ഞാൻ വായിക്കാറുണ്ട് എന്ന് അഭിമാനത്തോടെ പറയട്ടെ. ആ അറിവ് വെച്ചുകൊണ്ട് പറയുകയാണ് ആ സംരംഭം ധീരമാണ്. അത് ഒരുമിച്ച് പുസ്തകരൂപത്തിലായി കാണാൻ ആഗ്രഹിക്കുന്നു. സാഹിത്യപ്രവർത്തനത്തിൽ നിന്ന് ഇപ്പോൾ തന്നെ റിട്ടയർ ചെയ്തിരിക്കുന്നത് ശരിയല്ല. വളരെ മുമ്പ് തോന്നിയ മറ്റൊരു കാര്യം കൂടി പറയട്ടെ കുറിയേടത്ത് താത്രിയെ പറ്റി എഴുതിയ കഥയുണ്ടല്ലോ. ആ സമീപനം മനോഹരമാണ്. ആ കഥാപാത്രത്തെ ഒരു നോവലിന്റെ സാമ്രാജ്യത്തിലേക്ക് ഉയർത്തുക ആവശ്യമാണ്. ജീവിച്ച ആ കഥാപാത്രത്തെ പറ്റി വി.ടിയും മറ്റും പറഞ്ഞ പലതും എന്റെ ഓർമ്മയിൽ ഉണ്ട്. അതൊരു നോവലാക്കി എഴുതാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ക്ലിയോപാട്രയെയും ഹെലനെയും പോലത്തെ ഒരു വിശ്വവിഖ്യാത കഥാപാത്രം ആകേണ്ടിയിരുന്നതാണ് ആ കഥാപാത്രം. ചെറുകഥയിൽ വന്ന പുതുവീക്ഷണ കോണിലൂടെ നമ്മുടെ നാട്ടിൽ ആരും അവരെ കാണാൻ ശ്രമിച്ചിട്ടില്ല.

മോഹഭംഗങ്ങളുടെ, ജീവിതത്തിന്റെ പലതുറകളിലും ആയുള്ള മോഹഭംഗങ്ങളുടെ ഒരു യുഗമാണിതെന്ന് പലപ്പോഴും തോന്നി പോകാറുണ്ട്. എല്ലായിടത്തുനിന്നും പൊങ്ങുന്ന ശബ്ദങ്ങൾ ചിതറി വീഴുന്ന ജീവിത മൂല്യങ്ങളുടേതാണ്. ആ ശബ്ദങ്ങൾക്കിടയിൽ നിന്ന് വേർതിരിച്ചു കേൾക്കാവുന്ന പ്രത്യാശയുടെയോ പ്രസാദാത്മകത്വത്തിന്റെയോ ആയ നാദധാരയ്ക്കും ജീവൻ നൽകാൻ ആധുനികകാലത്ത് ഒരാൾക്കും ഒരു നാട്ടിലും കഴിയുന്നില്ല. അമ്മയുടെ ആശംസ ഞാൻ ആശ്വാസത്തോടെ വീണ്ടും അയവിറക്കുന്നു.. നിസ്സഹായതയുടെ നീർച്ചുഴിയിൽ എന്റെ ഹൃദയം ഉഴലാതിരിക്കട്ടെ. ഞാൻ പൊള്ള വാക്കുകൾ എഴുതുകയല്ല. എനിക്ക് കൂടുതൽ ആവേശവും വിവരിക്കാൻ വയ്യാത്തതായ ഒരു ആശ്വാസ ബോധവും നൽകി ആ നീണ്ട കത്ത്. ആഴ്ച തോറും നൂറുകണക്കിന് കത്തുകളിൽ പലതും പകുതി ഔദ്യോഗികമായി വായിച്ചു മറക്കുന്ന ഞാൻ വിലപിടിപ്പുള്ള വസ്തു പോലെ ആദ്യമായി ഒരു കത്ത് സൂക്ഷിച്ചു വെച്ചിരിക്കുന്നു. വീണ്ടും വായിച്ച് വാത്സല്യത്തിന്റെ ചൂടറിഞ്ഞ് എനിക്ക് ഉന്മേഷം കൊള്ളാമല്ലോ.. നിർത്തട്ടെ.

സ്നേഹാദരങ്ങളോടെ,

സ്വന്തം എം.ടി. വാസുദേവൻ നായർ

1978ൽ എംടി അയച്ച കത്ത്

ക്ഷേമം എന്ന് കരുതുന്നു ഒരു ആത്മകഥ എഴുതാൻ അപേക്ഷ. ഇവിടെ പലരും ആത്മകഥകൾ എഴുതിയിട്ടുണ്ട്. ആ നിലയ്ക്കല്ല. വെളിച്ചം കയറാത്ത ഒരു അന്തപുരത്തിനകത്തുനിന്ന് ഒരു എഴുത്തുകാരി പഴമയുടെ എതിർപ്പുകളെ എല്ലാം മാറ്റിക്കൊണ്ട് വെളിച്ചത്തിലേക്ക് വന്ന് സാംസ്കാരിക ലോകത്തിന് ഗണ്യമായ സംഭാവന നൽകിയ കഥ. ഒരുപക്ഷേ സാഹിത്യ ചരിത്രത്തിൽ തന്നെ അപൂർവ്വമാണ്. ഒഴിവുള്ളപ്പോൾ എല്ലാം ഈ വഴിക്ക് ചിന്തിക്കാനും എഴുതി വയ്ക്കാനും അപേക്ഷ. വിവർത്തനം ചെയ്താൽ മറ്റ് ഇന്ത്യൻ ഭാഷകളിലെ ആസ്വാദകർക്ക് ഇത് ഉപകാരമാകും. ഇംഗ്ലീഷിലേക്ക് ഞാൻ വിവർത്തനം ചെയ്യാം, മലയാളത്തിൽ പണി കഴിഞ്ഞ ശേഷം. ഞാൻ സാധാരണ ഇംഗ്ലീഷ് കൈകാര്യം ചെയ്യാറില്ലെങ്കിലും എനിക്ക് നന്നായി ഇംഗ്ലീഷിൽ എഴുതാൻ കഴിയും. ഞാൻ അതിന് പബ്ലിസിറ്റി കൊടുക്കാറില്ല എന്ന് മാത്രം. ഈ കൃതി വിവർത്തനം ചെയ്യാൻ എനിക്ക് സന്തോഷമായിരിക്കും അഭിമാനവും!

സ്നേഹാദരങ്ങളോടെ,

എം.ടി

തനൂജ ഭട്ടതിരിയും എം. ടിയും
തനൂജ ഭട്ടതിരിയും എം. ടിയും

ഈ കത്തുകളിലെയൊക്കെ വാക്കുകൾ… ഹൃദയത്തിൽ നിന്നും ഇറങ്ങിപ്പോകാത്ത വാക്കുകൾ!

എനിക്കിപ്പോൾ തോന്നുന്നത്,

ചിലർ മാത്രം മരിക്കുമ്പോൾ ഒരു നിമിഷം കൊണ്ട് ഒരു വസന്തം സംഭവിക്കും എന്നാണ്. ഭൂമി ഓരോ രോമകൂപത്തിൽ നിന്നും മൺ പ്രതലത്തിലേക്കു പല നിറങ്ങളും സുഗന്ധങ്ങളുമുള്ള പൂക്കളെ പ്രസവിക്കും… ഒരു പൂഗോളമാകും ഭൂമി. മാറ്റിപ്പറയാൻ ഇന്നേവരെക്കും മറ്റൊരാളുടെ പേരില്ലാത്ത എഴുത്തുകാരാ… മനുഷ്യ നിശ്വാസങ്ങളുടെ ആഴം കുറിക്കുന്ന ആ അക്ഷരങ്ങളാണല്ലോ ഓരോ പൂവും... മറയുമ്പോൾ കൊഴിയുമ്പോൾ വീണ്ടും വീണ്ടും സംഭവിക്കുന്ന വാക്മുളച്ചിൽ. ഒരു ശരീരമല്ല, ഈ ഭൂമിയിൽ നിന്നു പോകുമ്പോൾ കഥക്കുള്ളിലെ ആയിരം ആയിരം ശരീരങ്ങളും ഒപ്പം ചേരുകയും ഒന്നാകുകയും ചെയ്യും. പക്ഷെ എല്ലാമെല്ലാം വീണ്ടും വരും. നവതാരുണ്യം!

അങ്ങെവിടെപ്പോകാനാണ്? സാധാരണ മനുഷ്യരായ ഞങ്ങളെയൊക്കെവിട്ട്? നാട്ടുനടപ്പനുസരിച്ച് ഏകദേശം ഒരു പ്രായമായാൽ മനുഷ്യർ മരിച്ചുപോകും. എന്നാൽ, എല്ലാ പോളകളും പറിച്ചുമാറ്റുമ്പോളും ഉള്ളിന്റെ ഉള്ളിലെ അറയ്ക്കകത്തുള്ള അങ്ങ് സൃഷ്ട്ടിച്ച കഥകൾ ചോര ഇറ്റിച്ചുകൊണ്ടേയിരിക്കും. മരണമില്ലാത്ത കഥകൾ! എന്റെയും നിങ്ങളുടെയും ഏകാന്തവായനകളിൽ അവ വിഭ്രമം സൃഷ്ടിക്കും. ധന്യത, അതാണ് എം ടി നിങ്ങൾ…


Summary: Tanuja Bhattathiri writes on the basis of the letters written to Lalithambika Antharjanam by MT. Vasudevan Nair


തനൂജ ഭട്ടതിരി

കഥാകൃത്ത്, നോവലിസ്​റ്റ്​. താഴ്​വരയിൽ നിന്ന്​ ഒരു കാറ്റ്, സെലസ്റ്റിയൻ പ്ലെയ്ൻ (കഥകൾ), ഗ്രാൻഡ്​​ ഫിനാലേ (നോവൽ) തുടങ്ങിയവ പ്രധാന കൃതികൾ

Comments