തകഴി നയിച്ച തെണ്ടിവർഗ്ഗത്തിൻ്റെ വിമോചനസമരം

“ഏഴര പതിറ്റാണ്ടിനു ശേഷം തെണ്ടിവർഗ്ഗം വീണ്ടും വായിക്കുമ്പോൾ, ആ നോവലിൻ്റെ സമകാലീന പ്രസക്തി എന്താണെന്ന ചോദ്യം സ്വാഭാവികമാണ്. അതേസമയം ‘തെണ്ടിവർഗ്ഗം’ മുന്നോട്ടുവെച്ച ജീവിത പരിസരം ഇപ്പോഴും നിലനിൽക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. അതിൽ അകപ്പെട്ടുപോയ മനുഷ്യരുടെ സാമൂഹ്യാസ്തിത്വത്തിന് വലിയ മാറ്റങ്ങൾ ഒന്നുമില്ലതാനും.” ഇ.കെ. ദിനേശൻ എഴുതുന്നു.

ലയാള സാഹിത്യത്തിൽ തകഴി ശിവശങ്കരപ്പിള്ള ഇപ്പോഴും വായിക്കപ്പെടുന്നത് സർഗാത്മക സൗന്ദര്യത്തിന്റെ ഭാഗമായി മാത്രമല്ല. സാഹിത്യത്തിൽ എങ്ങനെ എഴുത്തുകാരൻ ജീവിച്ച കാലവും അതിലെ സാമൂഹിക രാഷ്ട്രീയ വ്യവഹാരങ്ങളും നിലനിൽക്കുന്നു എന്നതിൻ്റെ കൂടി മികച്ച തെളിവാണ് തകഴിയുടെ ഒട്ടുമുക്കാൽ കൃതികളും. തനിക്ക് ചുറ്റുമുള്ള മനുഷ്യരിലേക്കുള്ള ഇറങ്ങിപ്പോക്ക് എഴുത്തുകാരുടെ നടപ്പുശീലത്തെക്കാൾ രാഷ്ട്രീയ ഉത്തരവാദിത്വമായി പ്രയോഗിച്ചിട്ടുണ്ട് തകഴി. ഒരു വായനക്കാരൻ എന്ന നിലയിൽ തകഴിയുടെ ഏറ്റവും മികച്ച നോവൽ ഏതെന്ന് ചോദിച്ചാൽ അത് ‘തോട്ടിയുടെ മകനാ’ണെന്ന് പറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. എന്നാൽ അദ്ദേഹത്തിൻ്റെ 27ാം ( മരണം 1999 ഏപ്രിൽ - 10) ഓർമ്മദിനത്തിനോടനുബന്ധിച്ച് ഇവിടെ പരാമർശിക്കുന്ന നോവൽ ‘തെണ്ടിവർഗ്ഗ’മാണ്.

1947-ന് ശേഷമാണ് തകഴിയുടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും വായിക്കപ്പെട്ടതുമായ ‘തോട്ടിയുടെ മകൻ’, (1947) ‘രണ്ടിടങ്ങഴി’ ( 1948), ‘തെണ്ടിവർഗ്ഗം’ (1950), ‘ചെമ്മീൻ’ (1956) തുടങ്ങിയ നോവലുകൾ പ്രസിദ്ധീകൃതമായത്. ഏഴര പതിറ്റാണ്ടിനു ശേഷം തെണ്ടിവർഗ്ഗം വീണ്ടും വായിക്കുമ്പോൾ, ആ നോവലിൻ്റെ സമകാലീന പ്രസക്തി എന്താണെന്ന ചോദ്യം സ്വാഭാവികമാണ്. അതേസമയം ‘തെണ്ടിവർഗ്ഗം’ മുന്നോട്ടുവെച്ച ജീവിത പരിസരം ഇപ്പോഴും നിലനിൽക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. അതിൽ അകപ്പെട്ടുപോയ മനുഷ്യരുടെ സാമൂഹ്യാസ്തിത്വത്തിന് വലിയ മാറ്റങ്ങൾ ഒന്നുമില്ലതാനും. തെണ്ടിത്തിരിയുന്ന മനുഷ്യരുടെ പിറവിയും അതിൽ നിന്നുണ്ടാകുന്ന ‘വർഗ്ഗവും’ പരിഷ്കൃതമായ സാമൂഹിക ഇടങ്ങളിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ടെങ്കിൽ അതിൻ്റെ കാരണം, നാം ആഘോഷിക്കുന്ന പുരോഗമന ജനാധിപത്യചിന്തകളിൽ പുറന്തള്ളപ്പെട്ടുപോയ മനുഷ്യരോടുള്ള ഭരണകൂട സമീപനവും സാധാരണ മനുഷ്യരുടെ ഇടപെടലുകളും യഥാർത്ഥ രാഷ്ട്രീയ ലക്ഷ്യത്തിലെത്തിയില്ല എന്നതാണ്.

1950-കളിൽ കേരളത്തിലെ സാമൂഹികാവസ്ഥ സാമ്പത്തികമായും സാമൂഹ്യമായും അസമത്വത്തിന്റെ ഭാരം പേറുന്ന കാലമായിരുന്നു. എന്നാൽ അതിനു മുമ്പും അടിത്തട്ടു മനുഷ്യർക്കുമേലുള്ള മേലാളരുടെ ആധിപത്യങ്ങൾക്ക് ഭൂമിയുടെ അധികാരവുമായി നേരിട്ട് ബന്ധമുണ്ട്. സമ്പത്തും അധികാരവും കയ്യടക്കിവെച്ച ‘സവർണ്ണവർഗ്ഗം’ സ്വാതന്ത്ര്യത്തിനു മുമ്പും ഇന്ത്യയിലെ അടിത്തട്ട് മനുഷ്യരെ അടക്കി ഭരിച്ചിട്ടുണ്ട്. ഇത് കുട്ടനാടൻ കാർഷികമേഖലയുമായി ബന്ധിപ്പിച്ച് രണ്ടിടങ്ങഴിയിൽ തകഴി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ജോലി ചെയ്യാൻ വേണ്ടി മാത്രം വിധിക്കപ്പെടുകയും അവകാശാധികാരങ്ങൾക്ക് പുറത്തേക്ക് തള്ളപ്പെടുകയും ചെയ്ത പുലയരെയും പറയരെയും രണ്ടിടങ്ങഴിയിൽ നിറയെ കാണാം. കോരനും ചാത്തനും കാളിയും ഇങ്ങനെ തമ്പ്രാക്കന്മാരുടെ ചൂഷണത്തിന് വിധേയരായ മനുഷ്യരായിരുന്നു. ഇതിൻ്റെ മറ്റൊരു പരിച്ഛേദം ‘തോട്ടിയുടെ മകനി’ലും കാണാം. ഈ മൂന്ന് നോവലുകളിലും ചിത്രീകരിക്കുന്നത് ജാതി, ഭൂമി, ചൂഷണം, അധികാരമേൽക്കോയ്മ എന്നിവയോടുള്ള അടിസ്ഥാന വർഗ്ഗത്തിൻ്റെ തിരിച്ചറിവും അതിൽ നിന്നുള്ള പോരാട്ടവീര്യവുമാണ്.

ഏഴര പതിറ്റാണ്ടിനു ശേഷം തെണ്ടിവർഗ്ഗം വീണ്ടും വായിക്കുമ്പോൾ, ആ നോവലിൻ്റെ സമകാലീന പ്രസക്തി എന്താണെന്ന ചോദ്യം സ്വാഭാവികമാണ്. അതേസമയം ‘തെണ്ടിവർഗ്ഗം’ മുന്നോട്ടുവെച്ച ജീവിത പരിസരം ഇപ്പോഴും നിലനിൽക്കുന്നു എന്നത് യാഥാർത്ഥ്യമാണ്.
ഏഴര പതിറ്റാണ്ടിനു ശേഷം തെണ്ടിവർഗ്ഗം വീണ്ടും വായിക്കുമ്പോൾ, ആ നോവലിൻ്റെ സമകാലീന പ്രസക്തി എന്താണെന്ന ചോദ്യം സ്വാഭാവികമാണ്. അതേസമയം ‘തെണ്ടിവർഗ്ഗം’ മുന്നോട്ടുവെച്ച ജീവിത പരിസരം ഇപ്പോഴും നിലനിൽക്കുന്നു എന്നത് യാഥാർത്ഥ്യമാണ്.

തെണ്ടിവർഗ്ഗത്തിലെ പ്രധാന കഥാപാത്രങ്ങളായ കേശുവും ഗൗരിയും മുന്നോട്ടുവെക്കുന്ന പ്രധാന ചോദ്യം, എങ്ങനെ തെണ്ടിവർഗ്ഗം ഉണ്ടാകുന്നു എന്നതാണ്. അതിനവർ പഴി പറയുന്നത് തങ്ങളുടെ തലമുറയെയാണ്. അവരാണ് തെണ്ടിവർഗ്ഗത്തെ ജനിപ്പിക്കുന്നത്. അത് കേശുവിന്റെയും ഗൗരിയുടെയും തിരിച്ചറിവായി മാറുന്നത് സ്വന്തം ജീവിത വഴിയിലൂടെയാണ്. അത്തരമൊരു ജീവിത പരിസരം നോവലിൽ ആഴത്തിൽ രേഖപ്പെടുത്തപ്പെടുന്നുണ്ട്. രണ്ട് ചക്രത്തിനു വേണ്ടി കല്യാണിയുടെ മകൾ ഗൗരി ഏതോ ഒരു മനുഷ്യൻ്റെ ലൈംഗിക സുഖത്തിനു വേണ്ടി സ്വയം സമർപ്പിക്കുന്നു. മകളുടെ ഗർഭാവസ്ഥയിൽ അമ്മ സ്വയം ചോദിക്കുന്നുണ്ട്. സ്വന്തം ശരീരത്തെ സൂക്ഷിക്കേണ്ടതിനെക്കുറിച്ച് മകൾക്കൊന്നും പറഞ്ഞു കൊടുത്തില്ലല്ലോ. പട്ടിണിയാണ് അവളെ ഈ ഗതിയിൽ എത്തിച്ചത്. രണ്ടു ചക്രം അത് വിശപ്പിന്റെ വിലയാണ്. ആ വിലയിൽ തന്നിൽ മുളയ്ക്കുന്ന ജന്മത്തെക്കുറിച്ച് അവൾക്ക് അറിവില്ലായിരുന്നു. അതാകട്ടെ തെണ്ടിവർഗ്ഗത്തിൻ്റെ പരമ്പരയെ നിലനിർത്തുന്ന ജൈവസാന്നിധ്യമായി വളരുകയാണ്. ഈ രംഗം നോവലിൽ ചിത്രീകരിക്കുന്നത് എങ്ങനെ തെണ്ടിവർഗ്ഗം വളരുന്നു എന്നതിൻ്റെ തെളിവായിട്ടുകൂടിയാണ്. കല്യാണിയുടെ അച്ഛൻ, ഗൗരിയുടെ മുത്തച്ഛൻ മരണത്തോട് മല്ലിടുകയാണ്. മുത്തച്ഛൻ്റെ മരണ സമയത്താണ് ഗൗരിക്ക് കുട്ടി പിറക്കുന്നത്.

"അപ്പുറത്ത് കുറുകുറുപ്പ് ഒന്ന് ശമിച്ചു. അല്ല, ശ്വാസം മാറി വീഴുകയാണ്! ഒരുമാതിരി വ്യക്തമായി വൃദ്ധൻ വിളിക്കുന്നു:

"മക്കളെ!"

അയാൾ മകളേയും കൊച്ചുമകളെയും വിളിക്കുകയാണ്. ഒരുപക്ഷേ, മടങ്ങിവന്നിട്ടില്ലാത്ത കൊച്ചുമകനെയും.

"ഞാൻ ചാകുകാ അപ്പൂപ്പാ"

അത് വൃദ്ധൻ കേട്ടില്ല.

മൂന്നു ഇക്കിളിൻ്റെ ശബ്ദം കേൾക്കായി. ഒരു നിശബ്ദത! ഒരു കൊച്ചു കുഞ്ഞിൻ്റെ അത്യുഗ്രമായ കരച്ചിൽ!

മരണംകൊണ്ടുണ്ടായ വിടവ് നികത്തപ്പെട്ടു. കല്യാണിക്ക് ഒരു ഭാരം ഒഴിഞ്ഞപ്പോൾ മറ്റൊരു ഭാരമുണ്ടായി. അവൾ തറയിൽ കിടന്നു. ആ കുഞ്ഞു കുറച്ചു നേരം കരഞ്ഞു. ഇരുട്ടിൽ ഗൗരി തപ്പിനോക്കി. ആ കുഞ്ഞ് ആണോ പെണ്ണോ എന്നറിയാൻ. അതൊരു ആൺകുഞ്ഞാണ്.! (തെണ്ടിവർഗ്ഗം)

ഈ കുഞ്ഞിൻ്റെ പിറവിയോടെ കല്യാണിയും ഗൗരിയും കുഞ്ഞും മുന്നോട്ടു പോകുന്നത് അക്കാലത്തെ പട്ടിണിയുടെ ആഴത്തെ അടയാളപ്പെടുത്തിക്കൊണ്ടാണ്. വിശപ്പിനേക്കാൾ വലിയ അതിജീവനമില്ല എന്നത് കാണിച്ചു തരുന്നു. അതിനിടയിൽ കല്യാണിയുടെ മകനും ഗൗരിയുടെ സഹോദരനുമായ കേശു വഴിതെറ്റിപ്പോകുന്നു. മകനുവേണ്ടിയുള്ള അലച്ചിൽ കല്യാണിയെ മരണത്തിലേക്ക് എത്തിക്കുന്നു. മരിച്ചു കിടന്ന അമ്മയുടെ ശരീരത്തിൽ വന്ന് നിറഞ്ഞ ഈച്ചയെ സാക്ഷി നിർത്തി കുഞ്ഞിനെയും കൂട്ടി ഗൗരി തുടരുന്ന യാത്ര തെണ്ടിവർഗത്തിന്റെ സാമൂഹ്യചിത്രം പൂർണ്ണമാക്കുന്നു. സമൂഹത്തിലെ ഉന്നതരായ മനുഷ്യർ തെണ്ടികളായി ജീവിക്കാൻ വിധിക്കപ്പെട്ടവരോട് സ്വീകരിക്കുന്ന സമീപനത്തിന്റെ നേർചിത്രം നോവലിൽ സാക്ഷ്യപ്പെടുത്തുന്നത് ഗൗരിയാണ്. അത് അവരെ സംബന്ധിച്ച് ഏതെങ്കിലും രീതിയിലുള്ള സാമൂഹ്യ അംഗീകാരത്തിനോ കിടന്നുറങ്ങാനുള്ള കുടിലിനോ ആയിരുന്നില്ല. മറിച്ച്, തൻ്റെ മാറിൽ വിശന്ന് തളർന്നുറങ്ങുന്ന കുഞ്ഞിനു വേണ്ടിയുള്ള ഒരു തുള്ളി മുലപ്പാലിനായിരുന്നു. തൻ്റെ മുലയിൽ നിന്നു ചോര വരുന്നതുവരെ കുഞ്ഞ് കുടിക്കുകയാണ്. ഗൗരി തളരുകയാണ്. അത്തരം അവസ്ഥയിൽ കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് കുഞ്ഞിൻ്റെ തന്തയെക്കുറിച്ച് അവൾ ഓർക്കുന്നത്.

സാഹിത്യത്തിൽ എങ്ങനെ എഴുത്തുകാരൻ ജീവിച്ച കാലവും അതിലെ സാമൂഹിക രാഷ്ട്രീയ വ്യവഹാരങ്ങളും നിലനിൽക്കുന്നു എന്നതിൻ്റെ കൂടി മികച്ച തെളിവാണ് തകഴിയുടെ ഒട്ടുമുക്കാൽ കൃതികളും.
സാഹിത്യത്തിൽ എങ്ങനെ എഴുത്തുകാരൻ ജീവിച്ച കാലവും അതിലെ സാമൂഹിക രാഷ്ട്രീയ വ്യവഹാരങ്ങളും നിലനിൽക്കുന്നു എന്നതിൻ്റെ കൂടി മികച്ച തെളിവാണ് തകഴിയുടെ ഒട്ടുമുക്കാൽ കൃതികളും.

"ആ കുഞ്ഞ് ജനിച്ച ദിവസം അവൾ ഓർത്തു. എവിടെയാണ് ആ മനുഷ്യൻ? ആ വലിയ കെട്ടിടത്തിനു മുമ്പിൽ വീർത്ത വയറുമായി പല ദിവസം അവൾ പോയി നിന്നിട്ടുണ്ട്. പക്ഷേ ആ പുരുഷനെ മാത്രം കണ്ടിട്ടില്ല. അതുപോലെ മറ്റു പലരും അവിടെ വരികയും അവിടെ നിന്ന് പോവുകയും ചെയ്തിട്ടുണ്ട്. അതൊരു ഹോട്ടലാണ്. അയാളെ എവിടെ ചെന്നാൽ കണ്ടുപിടിക്കാം? നടന്ന നാട്ടിൽ എങ്ങും അയാളെ കണ്ടിട്ടില്ല. അയാൾ ഒരു വലിയവനാണ്... അയാൾ അവളെ ഉമ്മ വെച്ചു... വെളുപ്പാൻകാലത്ത് അവിടെ നിന്നും പോരാറായപ്പോൾ അവളെ അങ്ങോട്ട് കൂട്ടിക്കൊണ്ടു പോയവൻ, ആ സാരിയും ജമ്പറുമെല്ലാം അഴുപ്പിച്ചുവെച്ചു. അവൾ കീറത്തുണിയുമെടുത്ത് അവൻ കൊടുത്ത നാണയം വാങ്ങിപ്പോന്നു. ആ നാലണ ആയിരിക്കാം അവളുടെ കുഞ്ഞിന്റെ ഭ്രഷ്ട്"

തെണ്ടിവർഗ്ഗത്തിന്റെ ഒരേയൊരു ജീവിതലക്ഷ്യം വിശപ്പ് അകറ്റുക എന്നത് മാത്രമാണ്. ഇതിനപ്പുറം അവർക്കൊരു ലക്ഷ്യമില്ല. എന്നാൽ തകഴി അതിനെ തിരുത്തി കുറിക്കുന്നത് വ്യവസ്ഥിതിയോടുള്ള പോരാട്ടമായിട്ടാണ്. രണ്ടിടങ്ങഴിയിലും തോട്ടിയുടെ മകനിലും അത് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ചുടല മുത്തുവിന്റെ മകൻ മോഹനനെ വളർത്തി തോട്ടി എന്ന വർഗ്ഗത്തിൽ നിന്ന് മോചിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ട്. അത് പരാജയപ്പെടുകയാണ്. ഇവിടെ ഗൗരി പട്ടിണി കിടന്ന് മരിക്കുമ്പോൾ അനാഥമാകുന്ന മകനെ ഏറ്റെടുക്കാൻ അവൻ്റെ അമ്മാവനായ കേശു തന്നെ എത്തുന്നുണ്ട്. അത് തൻ്റെ സഹോദരിയുടെ മകനാണ് എന്ന തിരിച്ചറിവിലൂടെയല്ല. ആ ബന്ധം എന്നോ അറ്റുപോയിട്ടുണ്ട്. അമ്മ മരിച്ചതും സഹോദരി പ്രസവിച്ചതും കേശു മോഷണക്കുറ്റത്തിന് ജയിലിൽ കിടന്നതൊക്കെയും പരസ്പരം അറിയാത്ത കാര്യങ്ങളാണ്.

ഇതിനിടയിൽ തകഴി നോവലിൽ രൂപപ്പെടുത്തുന്ന രാഷ്ട്രീയം സമ്പന്ന വർഗ്ഗത്തോടുള്ള അടിത്തട്ട് മനുഷ്യരുടെ സമീപനത്തെയാണ്. അതൊരിക്കലും രാഷ്ട്രീയമായ ഏറ്റുമുട്ടലല്ല. മറിച്ച്, നിലനിൽക്കുന്ന സാമൂഹ്യാവസ്ഥയിൽ നിന്നുള്ള ചെറിയ ചെറിയ ഉയർത്തെഴുന്നേൽപ്പ് മാത്രമാണ്. അതിൽ എത്രമാത്രം ശരിയുണ്ട് എത്രമാത്രം തെറ്റുണ്ട് എന്നതല്ല. ചെറിയ ഒരു വിഭാഗത്തിൽ സമ്പത്ത് കേന്ദ്രീകരിക്കപ്പെടുന്നതാണ് തങ്ങളുടെ ദാരിദ്ര്യത്തെ വളർത്തുന്നതെന്ന തിരിച്ചറിവ് കേശു എന്ന യുവാവിലൂടെ തെണ്ടിവർഗ്ഗത്തിൻ്റെ തിരിച്ചറിവായി അവതരിപ്പിക്കുകയാണ്. അങ്ങനെയാണ് കേശു "നല്ല" കള്ളനായി മാറുന്നത്. ദീർഘകാലത്തെ ജയിൽ വാസത്തിനു ശേഷം പുറത്ത് വരുമ്പോൾ അയാൾക്ക് ഏറ്റെടുക്കേണ്ടി വരുന്നത് സ്വന്തം സഹോദരിയുടെ മകനെയാണ്. എന്നാൽ ആ കുഞ്ഞ് സഹോദരി യുടെതാണെന്ന് അയാൾക്ക് അറിയില്ല. എന്തുകൊണ്ട് പാർശ്വവൽകൃതരായ മനുഷ്യക്കിടയിൽ മനുഷ്യബന്ധങ്ങുടെ പാലങ്ങൾ മുറിഞ്ഞു പോകുന്നു എന്ന് കേശു തിരിച്ചറിയുന്നുണ്ട്. തൻ്റെ കുടുംബത്തെ കാണാതെയുള്ള അലച്ചിലിലാണ് മറ്റൊരു "തെണ്ടികുടുംബത്തിൽ " കേശു എത്തിപ്പെടുന്നത്. അവരുമായുള്ള സംസാരത്തിലാണ് തെണ്ടിവർഗ്ഗത്തിൻ്റെ സ്വത്വ വിശാലതയിലേക്ക് കേശു വളരുന്നത്.

"ക്രമേണ അവൻ്റെ മന:ക്കണ്ണുകൾക്കു മുമ്പിൽ തെണ്ടിവർഗ്ഗത്തിൻ്റെ വമ്പിച്ച രൂപം പ്രത്യക്ഷമായി. എന്തൊരു തിരക്കാണത്! നഗരങ്ങളാകെ നുരച്ചുനുരച്ചു നടക്കുന്നു! ചത്തടിഞ്ഞിട്ടും കുറയുന്നില്ല. ഓരോ വീട്ടിലും ചെല്ലുമ്പോൾ പറയുന്നത് ശരിയാണ്. എണ്ണം പെരുത്തുപോയി.

അവൻ ചോദിച്ചു

"അമ്മയ്ക്കു വല്ലോരും അങ്ങനെ ചത്തിട്ടുണ്ടോ?"

"ഒണ്ടായിരിക്കും"

"അമ്മ എന്നിട്ടവരെ അന്വേഷിച്ചോ"?

"എന്തിനാ? എന്നാല് ഇന്നും ഞാൻ പോകുന്നിടത്തെല്ലാം നോക്കുന്നുണ്ട്. "

"ആരാ അത്"

"ഈ കൊച്ചിന്റെ മൂത്ത പിള്ളേര്, ഒരാണും ഒരു പെണ്ണും"

ആ രാത്രിയിൽ, ജീവിതം പഠിച്ച ആ സ്ത്രീ അവനോട് വളരെയധികം കാര്യങ്ങൾ പറഞ്ഞു. എന്നല്ല, അന്ന് രാത്രിയിൽ അവൻ വളരെയധികം കാര്യങ്ങൾ പഠിച്ചു. നഗരത്തിൽ അവിടെയും ഇവിടെയുമായി സന്ധ്യക്ക് കൂടി കഞ്ഞിവെച്ചു കഴിഞ്ഞു കാണുന്ന ഒരു കുടുംബവും പൂർണമല്ല. അച്ഛൻ ഉണ്ടായിരിക്കുക അപൂർവമാണ്. പ്രസവിച്ച മക്കളെയെല്ലാം അമ്മയ്ക്ക് കിട്ടുകയില്ല. പ്രസവിച്ചപ്പോൾ അവൾ ഉപേക്ഷിച്ചെന്നുവരാം. വളർത്തിയാൽ തന്നെയും അവൻ പോയെന്ന് വരാം. ആങ്ങള പെങ്ങളെയും പെങ്ങൾ ആങ്ങളെയും തിരിച്ചറിഞ്ഞെന്നു വരുന്നതല്ല. അങ്ങനെ ആ ദയനീയമായ കഥ പോകുന്നു. എന്നാലോ? ഈ വർഗ്ഗത്തിൽ ജനിക്കുന്ന കുട്ടികൾക്ക് കണക്കുമില്ല.

അതെല്ലാം എത്രയും ശരിയാണെന്ന് അവന് ജീവിതത്തിൽ ആദ്യമായി ബോധ്യപ്പെട്ടു. അവൻ കണ്ടിട്ടുള്ളതാണ്.

ബസ്സ്റ്റാൻഡിലും ബോട്ട് ജെട്ടിയിലും എല്ലാം കിടന്നുറങ്ങുന്ന പിള്ളേർ, അവരങ്ങനെ പോന്നവരായിരിക്കാം.

ഉപേക്ഷിക്കപ്പെട്ടവരായിരിക്കാം!

അവനു ചിന്തിക്കാൻ കാര്യമുണ്ടായി. കൂടുതൽ ജിജ്ഞാസയുണ്ടായി, അവൻ ചോദിച്ചു:

"അപ്പഴേ അമ്മേ, ഈ തെണ്ടികൾ പെറ്റ് തെണ്ടികളുണ്ടായി അങ്ങനെ പോവുകയാണോ അമ്മേ? "

പെട്ടെന്ന് ഉത്തരം പറയാൻ കഴിയാത്ത ഒരു ചോദ്യമെന്നപോലെ അവർ അല്പം ഒന്ന് മിണ്ടാതിരുന്നു.

അവർ പറഞ്ഞു

"അതങ്ങനെയല്ല, കുഞ്ഞേ! ഞാൻ പറയാം. ഞാൻ അതും ഓർത്തിട്ടുണ്ട്. നോക്കിക്കണ്ടിട്ടുമുണ്ട്. ഇപ്പംതന്നെ ഈ കൊച്ചിരിക്കുന്നു. ഇത് ചെലപ്പം വളർന്നേക്കും. വളർന്നാല് അതിനു കൊച്ചുണ്ടായെന്നും വരും. അതെല്ലാം ജീവിക്കത്തില്ല. ചിലപ്പോൾ ഒന്നും ജീവിക്കത്തില്ല. അപ്പം വംശമങ്ങു തീർന്നാലോ? അങ്ങനാ ഈ തെണ്ടികളുടെ വംശമെല്ലാം തീരുന്നെ. മക്കടെ മക്കക്കപ്പുറം ഒന്നും പോകത്തില്ല; പോകാനൊക്കത്തില്ല."

ഈയൊരു നിരീക്ഷണം തെറ്റായിരുന്നു. തകഴിയുടെ നോവൽക്കാലത്തിനു ശേഷവും ലോകത്തെവിടെയും ഈ വർഗ്ഗത്തിന്റെ വളർച്ചയുണ്ടായി. ഇന്നും കേരളത്തിലെ ചില നഗരങ്ങളിൽ ഇങ്ങനെ ജീവിക്കുന്ന അപൂർവ്വം മനുഷ്യരെ കാണാം. എന്നാൽ കേരളം കഴിഞ്ഞാൽ ഇന്ത്യയിലെ മഹാ നഗരങ്ങളിലെ ചേരികളിൽ ഈ മനുഷ്യവർഗ്ഗത്തിന്റെ പെരുപ്പങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തതാണ്. സാമൂഹ്യ വളർച്ചയ്ക്കൊപ്പം രാഷ്ട്രീയ അധികാരം ക്രമപ്പെടുത്തിയ വികസന കോളങ്ങളിൽ പെടാതെ പോകുന്ന പാർശ്വവൽകൃതരായ മനുഷ്യരുടെ ജീവിതം പല രീതിയിലാണ് ഇന്നും മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെടുന്നത്. അത് തീവ്രവാദികളായോ ഗുണ്ടകളായോ ക്രിമിനലുകളായോ അവതരിപ്പിക്കപ്പെടുന്നു. തകഴിയുടെ ഈ നോവലിൽ അത്തരം ഒരു കഥാപാത്രസൃഷ്ടി ബോധപൂർവ്വം നിർമ്മിക്കപ്പെട്ടതാണ്. കേശു എന്ന കഥാപാത്രം വഴി തെണ്ടിവർഗ്ഗത്തിൻ്റെ രാഷ്ട്രീയ ബോധത്തെയും സാമൂഹ്യപദവിയെയും വിശകലനം ചെയ്യുമ്പോൾ എന്തുകൊണ്ട് ഇത്തരം ഒരു മനുഷ്യവർഗ്ഗം ലോകത്തെല്ലായിടത്തും രൂപപ്പെടുന്നു എന്നതിൻ്റെ ഉത്തരം കിട്ടും. അത് ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം മാത്രമല്ല. ഉള്ളവരിൽ കേന്ദ്രീകരിക്കപ്പെടുന്ന സമ്പത്തിന്റെ ഫലമായി ഉണ്ടായിത്തീരുന്നതാണ്. അത് കേശു തിരിച്ചറിയുന്നുണ്ട്. അങ്ങനെയാണ് അവൻ ഒരു കള്ളനായി തീരുന്നത്. അതേസമയം കട്ടെടുത്ത സമ്പത്ത് തിരിച്ചു നൽകിക്കൊണ്ട് കള്ളനെന്ന പൊതുയുക്തിയെ ഈ കഥാപാത്രം സ്വയം തിരുത്തുന്നുമുണ്ട്. ഫാക്ടറിയിൽ ജോലിക്കാരനായി ചേരുന്നതോടുകൂടി കേശു തെണ്ടിവർഗ്ഗത്തിന്റെ വിമോചന പ്രത്യയശാസ്ത്രത്തെ രൂപപ്പെടുത്തുന്നുണ്ട്.

എന്തുകൊണ്ട് തെണ്ടിവർഗ്ഗം ഉണ്ടായി എന്ന അന്വേഷണത്തിലാണ് കേശു താൻ കൂടി അംഗമായ ഒരു വർഗ്ഗത്തെക്കുറിച്ച് കൂടുതലായി ആലോചിക്കുന്നത്. ഈ ആലോചന അത്ര ദൂരയൊന്നും സഞ്ചരിക്കാതെ ഉത്തരത്തിൽ എത്തിനിൽക്കുന്നു. തനിക്ക് കൂടി അവകാശപ്പെട്ട സമ്പത്ത് സമ്പന്നർ അടക്കിവെച്ചിരിക്കുന്നു എന്ന സാമാന്യബോധം അതിന്റെ രാഷ്ട്രീയത്തെ കൂടി ഉൾക്കൊള്ളുന്നുണ്ട്.

തെണ്ടിവർഗ്ഗത്തിന്റെ ഒരേയൊരു ജീവിതലക്ഷ്യം വിശപ്പ് അകറ്റുക എന്നത് മാത്രമാണ്. ഇതിനപ്പുറം അവർക്കൊരു ലക്ഷ്യമില്ല. എന്നാൽ തകഴി അതിനെ തിരുത്തി കുറിക്കുന്നത് വ്യവസ്ഥിതിയോടുള്ള പോരാട്ടമായിട്ടാണ്. രണ്ടിടങ്ങഴിയിലും തോട്ടിയുടെ മകനിലും അത് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.
തെണ്ടിവർഗ്ഗത്തിന്റെ ഒരേയൊരു ജീവിതലക്ഷ്യം വിശപ്പ് അകറ്റുക എന്നത് മാത്രമാണ്. ഇതിനപ്പുറം അവർക്കൊരു ലക്ഷ്യമില്ല. എന്നാൽ തകഴി അതിനെ തിരുത്തി കുറിക്കുന്നത് വ്യവസ്ഥിതിയോടുള്ള പോരാട്ടമായിട്ടാണ്. രണ്ടിടങ്ങഴിയിലും തോട്ടിയുടെ മകനിലും അത് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

തെണ്ടിവർഗ്ഗം ഉണ്ടാകുന്നത് കൂലി കൊടുക്കാതെ ജോലിയെടുപ്പിക്കാൻ ആണെന്ന് തെണ്ടിജീവിക്കുന്ന മറ്റൊരു സ്ത്രീ അവനോട് പറയുന്നുണ്ട്. അതിനവർ നൽകുന്ന വിശദീകരണം ഇങ്ങനെയാണ്.

"ഇന്നു നെനക്ക് പതിനാല് ചക്രം കിട്ടി. ഒരു ദെവസം കഴിയാൻ നെനക്കു മതിയാകുമോ? ഇല്ല. നീ വേല ചെയ്യുന്നത് നെനക്ക് കഴിയാനെങ്കിലുമല്യോ? അപ്പം നെനക്ക് കഴിയാനൊള്ളതാ കിട്ടേണ്ടത്. അതു തരത്തില്ല. അപ്പം തെണ്ടി ഒണ്ടാകും. തെണ്ടി ഒണ്ടാകുമ്പം കൂലി കൊറച്ചു മതി. തെണ്ടികളങ്ങനാ ഒണ്ടാകുന്നെ."

തുടർന്ന് കേശുവിനെ നോവൽ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്.

"ആ ചെറുക്കൻ ഇന്ന് ഒരു വെറും ചെറുക്കനല്ല. ഒരു നിസ്സാഹായനായ തെണ്ടിയല്ല. കിട്ടുന്നതുകൊണ്ട് വല്ലവിധവും കഴിഞ്ഞുകൂടുന്ന ഒരു തൊഴിലാളിയുമല്ല. അവൻ ചിന്തിക്കാൻ പഠിച്ചു. അവനു ചിന്തിക്കാൻ കാര്യങ്ങൾ ഉണ്ട്..."

അവൻ്റെ ചിന്ത വളരുന്നത് പല രീതിയിലുള്ള അധികാര ബന്ധങ്ങളിലൂടെയാണ് തെണ്ടിവർഗ്ഗത്തിൻ്റെ പീഡിത ജീവിതം സൃഷ്ടിക്കപ്പെട്ടതെന്ന തിരിച്ചറിവിലേക്കാണ്. ഇത് പുതിയ ലോകത്തെക്കുറിച്ചുള്ള അവബോധം കൂടിയാണ്. ഈ അവബോധം എങ്ങനെ തെണ്ടിവർഗ്ഗത്തെ ഇല്ലാതാക്കാം എന്ന ചിന്തയെ കൂടി ഉത്പാദിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് നോവൽ അത്തരമൊരു ആഖ്യാന പരിസരത്തെ അവസാന ഭാഗത്ത് ചേർത്തുവെക്കുന്നത്.

“ആ ചിന്തിക്കാൻ പഠിച്ച തെണ്ടി മഹത്തായ സാമൂഹ്യ പ്രശ്നത്തിന്റെ ഏതെല്ലാമോ കോണുകളിൽ ചെന്നുമുട്ടി. അനിയതവും ആപൽക്കരവും ആയ ചിന്താഗതികൾ എങ്ങനെ ഉണ്ടാകുന്നു എന്നവൻ അറിഞ്ഞു. എന്തിനായി തെണ്ടികളെ ഉണ്ടാക്കുന്നു എന്നും അവനറിയാം. പക്ഷേ, തെണ്ടികളെ ഉണ്ടാകാതിരിക്കുവാൻ എന്തു വേണം?"

അതിന് തനിക്കു മുമ്പിലുള്ള സാമൂഹ്യ ജീവിതത്തിന്റെ വിവിധ ഇടങ്ങളിൽ ഇടപെടുക എന്ന തിരിച്ചറിവ് കേശുവിന്ന് ഉണ്ടാകുന്നു. വ്യാപാരശാലകളും വ്യവസായശാലകളും കൃഷി സ്ഥലങ്ങളും തനിക്കു കൂടിയിടമുള്ളതാണെന്ന ബോധം അയാൾക്കുണ്ടാകുന്നു. എന്നാൽ അവിടെ തെണ്ടിവർഗ്ഗത്തിൻ്റെ സാന്നിധ്യത്തെ ഉറപ്പിക്കാൻ കഴിയാത്ത വിധം സാമൂഹ്യ വ്യവസ്ഥയിൽ ഉണ്ടാകുന്ന അധികാരബോധത്തെ തകർക്കേണ്ടതുണ്ട്. അയാൾ തൊഴിലാളികൾക്കിടയിൽ വർഗ്ഗബോധം ഉണ്ടാക്കാനുള്ള ശ്രമം നടത്തുന്നു. അവരുടെ ആവശ്യങ്ങൾക്ക് സമ്പത്ത് വേണം. കേശു ആ സമ്പത്ത് കളവിലൂടെ നേടിയെടുക്കുകയും ചെയ്തു. സ്വത്തുകാരുടെ സ്വത്തപഹരിക്കുകയും അവരെ കൊല്ലുകയും അത് ജീവിതത്തിലെ കർത്തവ്യമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. അതേസമയം തൊഴിലാളികൾക്ക് വേണ്ടി കട്ടെടുത്ത മുതൽ അവർ തിരസ്കരിക്കുന്നുണ്ട്.

നോവലിൻ്റെ അവസാന ഭാഗത്ത് തെണ്ടിവർഗ്ഗത്തിന്റെ മോചനത്തിന് പുതിയൊരു വിമോചന സമരം ആവശ്യമാണെന്ന് അയാൾ തിരിച്ചറിയുന്നു.

തകഴിയുടെ നോവൽക്കാലത്തിനു ശേഷവും ലോകത്തെവിടെയും ഈ വർഗ്ഗത്തിന്റെ വളർച്ചയുണ്ടായി. ഇന്നും കേരളത്തിലെ ചില നഗരങ്ങളിൽ ഇങ്ങനെ ജീവിക്കുന്ന അപൂർവ്വം മനുഷ്യരെ കാണാം.
തകഴിയുടെ നോവൽക്കാലത്തിനു ശേഷവും ലോകത്തെവിടെയും ഈ വർഗ്ഗത്തിന്റെ വളർച്ചയുണ്ടായി. ഇന്നും കേരളത്തിലെ ചില നഗരങ്ങളിൽ ഇങ്ങനെ ജീവിക്കുന്ന അപൂർവ്വം മനുഷ്യരെ കാണാം.

"എന്താണ് ഈ വിമോചന സമരത്തിൽ തനിക്ക് നിർവഹിക്കാനുള്ള പങ്ക്? കേശുവിന് അതു വ്യക്തമാകുന്നില്ല. അവന് ചെയ്യാൻ കഴിയുന്നതെന്താണ്? ആ സമരത്തിന് ജീവാർപ്പണം ചെയ്യുകയോ അവൻ്റെ മരുമകനും പിന്നെ ആരുണ്ട്? അതുമല്ല. എന്തിനായി മരിക്കണം?

യൂണിയൻ്റെ നേതൃത്വത്തിലുള്ള ആ ഘോഷയാത്ര നീങ്ങുക്കുന്നതിന്റെ ആരവം അങ്ങകലെ കേൾക്കാം.

ചരിത്രം സൃഷ്ടിക്കുന്ന വിമോചനസമരത്തിൻ്റെ ആഹ്വാനമാണത് !

തെണ്ടികളുണ്ടാകാതിരിക്കാനുള്ള സംരംഭത്തിന്റെ മുന്നോട്ടുള്ള ചുവടുവയ്പ്പാണത്. "

തെണ്ടിവർഗ്ഗം എന്ന നോവലിലൂടെ തകഴി മുന്നോട്ടുവെയ്ക്കുന്ന സാമൂഹിക ജീവിതാവസ്ഥ പീഢിത വർഗ്ഗത്തിന്റെ വിമോചനം വർഗ്ഗസമരത്തിലൂടെ വീണ്ടെടുക്കാം എന്നുള്ളതാണ്. എന്നാൽ ബന്ധങ്ങളും ബന്ധനങ്ങളും പോരാട്ടവീര്യങ്ങളെ പലപ്പോഴും തടസ്സപ്പെടുത്തുന്നു. കേശുവിന്റെ മരുമകനെ ഉപേക്ഷിച്ച് പോരാട്ടത്തിൽ പങ്കാളിയാവാൻ അയാൾ തയ്യാറാണ്. പക്ഷേ മരുമകനെ ഉപേക്ഷിക്കാൻ കഴിയാത്ത വിധം അയാൾ തെണ്ടിവർഗ്ഗത്തിൻ്റെ പ്രതിനിധിയായി ഉറച്ചു പോവുകയാണ്. അയാൾ കുഞ്ഞിനെ ഉപേക്ഷിക്കാൻ പലവട്ടം ശ്രമിക്കുന്നുണ്ട്. നോവലിൻ്റെ അവസാന ഭാഗം അത് അവതരിപ്പിച്ചു കൊണ്ടാണ് തകഴി തൻ്റെ എഴുത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നത്.

"ദൂരെ തെറിച്ച് വീണ കുഞ്ഞ് വീണ്ടും അവൻ്റെ അടുത്തേക്ക് വന്നു. പിന്നല്ലാതെ അത് എവിടെ പോകുന്നു!

വിങ്ങിവിങ്ങി കരഞ്ഞുകൊണ്ട് കേശു കുഞ്ഞിനെ മാറോട് ചേർത്ത് ആശ്ലേഷിച്ചു.

ആ ഘോഷയാത്ര അടുത്തുവരുന്നു. ആ അണികളിൽ ചുവടു തെറ്റാതെ അവനു നടക്കാൻ വയ്യ. അവൻ വഴി വിട്ടു പോയേക്കും. തെണ്ടിയല്ലേ? യാചിച്ചു കഴിഞ്ഞവനല്ലേ?

എന്നാണ് തനിക്ക് സമരത്തിൻ്റെ മുന്നണിയിൽ രക്തപതാകയും പിടിച്ചു പോകാൻ കഴിയുന്നത്?

കുഞ്ഞ് കണ്ണുനീരിനിടയിൽക്കൂടി ചോദിച്ചു:

"അമ്മാവൻ എന്നെ ഇട്ടെച്ചു പോകുമോ?"

കേശു അതിനുത്തരം നൽകിയില്ല. തുടർന്ന് ചോദിക്കുവാൻ അതിന് ധൈര്യവുമില്ല. അത് പേടിക്കുന്നു.

"ഈ കുഞ്ഞിനെ ഏറ്റുവാങ്ങാൻ ആരുമില്ലേ? "

ഇതാണ് കേശു ചിന്തിക്കുന്നത്. സഹോദരിയുടെ രൂപം അവൻ്റെ മന:കണ്ണുകൾക്കു മുമ്പിൽ പ്രത്യക്ഷമായി.

"ആരുമില്ലേ"

അവൻ അറിയാതെ ഉച്ചത്തിൽ ചോദിച്ചു.

ആ ഘോഷയാത്ര അവൻ്റെ പടി കടന്നുപോയി.

"ഇനിയും ആ ഘോഷയാത്ര വരികയില്ലേ?"

ഈ ചോദ്യം ഉയർത്തിയാണ് തകഴി ‘തെണ്ടിവർഗ്ഗം’ എന്ന നോവൽ അവസാനിപ്പിച്ചത്. ഘോഷയാത്ര പിന്നെയും എത്രയോ കടന്നു പോയി. എന്നിട്ടും തെണ്ടിവർഗ്ഗം ഇപ്പോഴും വളരുന്നു.


Summary: Reading Thakazhi Sivasankara Pillai's novel Thendivargam after seven decades, E.K. Dineshan writes contemporary relevance of the book.


ഇ.കെ. ദിനേശൻ

രണ്ടു പതിറ്റാണ്ടായി പ്രവാസിയാണ്. ധ്യാനപ്രവാസം ,കോവിഡ് കാലവും പ്രവാസ ജീവിതവും, പ്രവാസത്തിന്റെ വർത്തമാനം ,ഗൾഫ് കൂടിയേറ്റത്തിന്റെ സാമൂഹ്യപാഠങ്ങൾ, ഒരു പ്രവാസിയുടെ ഏകാന്ത ദിനങ്ങൾ, നീല രാഷ്ട്രീയത്തിന്റെ ചുവപ്പു വായന, ഇന്ത്യ @ 75 ഗാന്ധി, അംബേദ്ക്കർ, ലോഹ്യ തുടങ്ങിയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

Comments